Tuesday, June 15, 2010

ഫുട്‌ബോള്‍ ലഹരിയുടെ ചന്ദ്രോദയം

ഫുട്‌ബോള്‍ ലഹരിയുടെ ചന്ദ്രോദയം
Posted on: 06 Jun 2010

ശ്രീകാന്ത് കോട്ടക്കല്‍


ആരവങ്ങള്‍ ആഫ്രിക്കയിലാണെങ്കിലും പന്തുരുളുമ്പോള്‍ മലബാറിന്റെ നെഞ്ച് തുടിക്കുകയാണ്.
കളിക്കമ്പം ഇവിടെ ഒരു ജനതയുടെ കലയും സംസ്‌കാരവും, മതവും ഉന്നതമായ ഉന്മാദവുമായി ഉയരുന്നു. അതിന്റെ ആള്‍രൂപമായി ഇങ്ങനെയൊരാള്‍- 'ഓട്ടോ ചന്ദ്രന്‍'.
കേരളത്തിന്റെ ഗാലറികളില്‍ പെരിയ മീശയും പെരുമ്പറകളുമായി നിറഞ്ഞുനിന്ന കോഴിക്കോടന്‍
ഫുട്‌ബോള്‍ഭ്രാന്തിന്റെ പ്രതീകം അങ്ങനെ തലമുറകളിലൂടെ സുവര്‍ണജൂബിലിയിലെത്തുന്നു.


കളിഭ്രാന്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലമായിരുന്നു അത്... കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലെ പൊടിമണ്‍ കളത്തിലേക്ക് ദേശാതിരുകള്‍ക്കപ്പുറത്തുനിന്ന് കാല്‍പ്പന്തുകളിക്കാര്‍ വന്ന കാലം. അവരുടെ കാലുകളുടെ കരുത്തും അവയിലൊളിപ്പിച്ച ജാലവും കാണാന്‍ കോരപ്പുഴയും ചാലിയാറും കടന്ന് പുരുഷാരമെത്തി. കോലത്തുനാട്ടിലെയും കുറുമ്പ്രനാട്ടിലെയും ഏറനാട്ടിലെയും വള്ളുവനാട്ടിലെയും വഴികള്‍ കാവുത്സവങ്ങളുടെയും വേലപൂരങ്ങളുടെയും കാലം പോലെ നിറഞ്ഞൊഴുകി മാനാഞ്ചിറയിലെത്തി ഒരു പന്തിനു ചുറ്റും സംഗമിച്ചു.
ആ നാളുകളിലെ സായാഹ്നങ്ങളിലൊന്നില്‍, ഫിഷറീസ് സ്‌കൂളിലെ നാലുകുടിപ്പറമ്പില്‍ ചന്ദ്രന്‍ എന്ന നാലാം ക്ലാസുകാരന്‍ സ്ലേറ്റുകൊണ്ട് മുഖം മറച്ച് ക്ലാസ്സില്‍നിന്നു മുങ്ങി. ബട്ടണടര്‍ന്ന് ഇടയ്ക്കിടെ അഴിഞ്ഞുപോയിരുന്ന ട്രൗസര്‍ ഒരു കൈകൊണ്ട് കുത്തിപ്പിടിച്ച് അവന്‍ മുന്നില്‍ക്കണ്ട മണല്‍ വഴികളിലൂടെയും കോഴിക്കോടിന്റെ ഇടുങ്ങിയ ഇടവഴികളിലൂടെയും തീവണ്ടിപ്പാളങ്ങള്‍ കടന്നും ഓടി. ഓടിയോടി മാനാഞ്ചിറയിലെത്തി. അവിടെ മൈതാനത്തെച്ചുറ്റി ആകാശത്തോളം ഉയരത്തില്‍ മനുഷ്യമതില്‍. പരല്‍മീന്‍ കടലിലേക്ക് തെന്നിയൊഴുകും പോലെ ആ കുട്ടി ഒരു പഴുതിലൂടെ അകത്തുകടന്ന് തറയിലിരുന്നു.
കാറ്റെടുത്തെറിയുന്ന തിരച്ചാര്‍ത്തുകളെപ്പോലെയുലയുന്ന കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ നിന്ന് ചില പേരുകള്‍ അവനും കേട്ടു: ചെങ്കാസി, ഹുസൈന്‍ കില്ലര്‍, മേവാലാല്‍... മക്രാന്‍സ് പാകിസ്താന്‍, ഈസ്റ്റ്ബംഗാള്‍, കറാച്ചി കിക്കേഴ്‌സ്... വശങ്ങളില്‍ നിന്ന് വശങ്ങളിലേക്ക് വളഞ്ഞുപുളഞ്ഞ് പറന്നുപോകുന്ന പന്ത്, അതിനെ ഒരു മഞ്ഞുതരിയുടെ ലാഘവത്തോടെ നെഞ്ചിലേക്കൊതുക്കുന്ന കളിക്കാര്‍, എതിര്‍വലയിലേക്ക് ഒരുവെടിച്ചില്ലുപോലെ മൂളിപ്പോകുന്ന ഷോട്ട്, വലയ്ക്കു മുന്നില്‍ ഗോളിയുടെ മഴവില്‍ നടനം... ആ കുട്ടിയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. പതുക്കെപ്പതുക്കെ തുടങ്ങിയ കളി പൊരുതിപ്പൊരുതി അന്ത്യനിമിഷങ്ങളോടടുത്തു. പെട്ടെന്ന്, തുല്യതയുടെ തുമ്പത്തുവെച്ച് തഞ്ചാവൂര്‍ കിട്ടുവിന്റെ ഒരു ഹെഡ്ഡര്‍. മക്രാന്‍സിന്റെ വല വിറച്ചു. മീന്‍ വലയില്‍ പെരുമീന്‍ പെട്ടതുപോലെ. ഒറ്റനിമിഷം കൊണ്ട് മൈതാനത്തെപ്പൊതിഞ്ഞുനിന്ന പുരുഷാരം കുമിളയുടഞ്ഞ് ചുറ്റും പടര്‍ന്നു. ആകാശമാകെ ഇന്ത്യയ്ക്കും ഈസ്റ്റ്ബംഗാളിനും ജയ് വിളികള്‍. ആരവങ്ങളോടെ അവര്‍ തെരുവുകളിലേക്കൊഴുകി. അതിനിടയിലൂടെ തട്ടിയും തടഞ്ഞും ഇടയ്‌ക്കൊക്കെ വീണും വീണ്ടുംവീണ്ടും എഴുന്നേറ്റും അവന്‍ അന്തിമയങ്ങുമ്പോള്‍ വീട്ടിലെത്തി. അപ്പോഴേക്കും അവന്റെ കൈയിലെ സ്ലേറ്റ് ഉടഞ്ഞിരുന്നു.

അന്നുരാത്രി അവന്റെ സ്വപ്നങ്ങളില്‍ ബൂട്ടിട്ട കാലുകള്‍ നൃത്തം ചെയ്തു. പിറ്റേന്നുമുതല്‍ അവന്‍ സ്‌കൂളിലേക്ക് ഓടുന്നതിനേക്കാള്‍ പന്തിനു പിറകെ ഓടിത്തുടങ്ങി. മക്കാച്ചി മൈതാനിയില്‍ച്ചെന്ന് കളിപഠിച്ചു. കാല്‍ത്തുമ്പുകൊണ്ട് കണ്ണില്‍ മണ്ണുവാരിയിട്ട് ഗോളടിക്കുന്ന കടല്‍ത്തീര ഫുട്‌ബോളിലെ പൂഴിക്കടകനും കള്ളക്കോലുകളും പഠിച്ചു. പതുക്കെപ്പതുക്കെ കോഴിക്കോടിന്റെ മറ്റു മൈതാനങ്ങളിലേക്ക് അവന്റെ കളികള്‍ നീണ്ടു. കളി, ജീവിതം തന്നെയാക്കാന്‍ അവന്‍ കൊതിച്ചു. പക്ഷേ ചായക്കച്ചവടം നടത്തിയിരുന്ന ദരിദ്രപിതാവിന് മകന് വേണ്ട കളിക്കോപ്പുകളൊന്നും ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ പതിനെട്ടാം വയസ്സില്‍ അവന്‍ പതിയെപ്പതിയെ മൈതാനങ്ങളില്‍നിന്നു പിന്‍വലിഞ്ഞു. ഒരു ഓട്ടോറിക്ഷ വാങ്ങി രാപ്പകലോടി ഓട്ടോ ചന്ദ്രനായി. പക്ഷേ, ഉള്ളിലെവിടെയോ ഒരു കദനം ഉരുകിനിന്നു.

അപ്പോഴേക്കും കളി ഒരു മാറാവ്യാധിയായി ചന്ദ്രന്റെ കോശങ്ങളില്‍ പടര്‍ന്നിരുന്നു. അവിടെത്തുടങ്ങുന്നു കളങ്ങളില്‍നിന്നു കളങ്ങളിലേക്ക് കിക്കോഫുകള്‍ തേടിയുള്ള യാത്രകള്‍. കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ഡല്‍ഹി... പിന്നെ മലപ്പുറത്തെയും വടക്കേ മലബാറിലെയും സെവന്‍സിന്റെ ദേശവിളക്കുകള്‍. ആ അലച്ചിലിനൊപ്പം ചന്ദ്രന്റെ മുഖത്ത് മീശ പെരുത്തു. മീശയ്‌ക്കൊപ്പം ആശയും ആവേശവും കലശലായി. പന്തുരുളുന്നിടത്തെല്ലാം ഗാലറിയില്‍ അയാളൊരു അടയാളക്കൊടിമരമായി ആര്‍ത്തുവിളിച്ചു. അങ്ങനെ ഓട്ടോചന്ദ്രന്‍ എന്ന അപൂര്‍വനായ കാണി പിറന്നു.

ഒഴിവുസമയങ്ങളെ ഒഴുക്കിക്കളയാനുള്ള നേരംപോക്കല്ല ഓട്ടോചന്ദ്രന് ഫുട്‌ബോള്‍. അയാള്‍ക്കത് സ്വപ്നവും ജീവിതവുമാണ്. സൂര്യനു ചുറ്റുമല്ല, ഒരു ഫുട്‌ബോളിനു ചുറ്റുമാണ് ഭൂമി കറങ്ങുന്നത് എന്ന് വിശ്വസിക്കാനാണ് ചന്ദ്രനിഷ്ടം. മഴയും മഞ്ഞും വേനലും മാറിവരുന്നതല്ല ചന്ദ്രന്റെ ചുമരിലെ കലണ്ടര്‍. സന്തോഷ് ട്രോഫിയും ഡ്യുറാന്റ്കപ്പും നെഹ്രുകപ്പും നാഗ്ജിയും റോവേഴ്‌സ്‌കപ്പുമെല്ലാമാണ് ആ കലണ്ടറിനെ പകുക്കുന്ന ഋതുക്കള്‍.

നാഗ്ജിയും നെഹ്രു കപ്പുമാണ് ഓട്ടോ ചന്ദ്രനെ കാണികള്‍ക്കിടയിലെ കണിക്കൊന്നയാക്കിയത്. അക്കാലത്ത് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുവശത്തെ മുളഗാലറിയില്‍ കളി തുടങ്ങുംമുമ്പേ ചന്ദ്രനും സംഘവും എത്തിയിരിക്കും. അപ്പുച്ചെട്ടിയാരും മാധവനും ഹുസൈനും വിശ്വനുമെല്ലാമടങ്ങിയ ആ സംഘത്തിന്റെ കൈയില്‍ ചെണ്ടയും കുഴലും പലപല ശബ്ദത്തിലുള്ള വാദ്യങ്ങളുമുണ്ടായിരിക്കും. കളമുണര്‍ന്ന് കളിക്കാര്‍ കാറ്റുപിടിച്ച പട്ടംപോലെ വളഞ്ഞുംപുളഞ്ഞും ഓടിത്തുടങ്ങുമ്പോഴേക്കും പട്ടച്ചരട് ചന്ദ്രനും സംഘവും കൈക്കലാക്കിയിരിക്കും. ഉന്നം പിഴയ്ക്കാത്ത കമന്റുകളിലൂടെ, പെരുമ്പറകളിലൂടെ അവര്‍ കളിയെ കൊഴുപ്പിക്കുകയും കൊതിപ്പിക്കുന്ന അഴകുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യും. മൈനസ്​പാസുകാരെ കൂവിക്കൂവി അറബിക്കടല്‍ കടത്തും. ഗോളടിക്കുന്നവരെ ദൈവങ്ങളാക്കും. ലക്ഷം പേര്‍ ചുറ്റുമിരുന്ന് ആര്‍പ്പുവിളിച്ചാലും ചന്ദ്രന്‍ ചോദിക്കും: ''എന്നുടെ ഒച്ച കേട്ടുവോ വേറിട്ട്...?'' കോളുകൊണ്ട കടലുപോലുള്ള കാഴ്ചക്കാരും അതിശയിപ്പിക്കുന്ന കളിയും കപ്പടാമീശയുമായി ഓട്ടോചന്ദ്രന്റെ സാന്നിധ്യവുമായപ്പോള്‍ കോഴിക്കോടിന് കാല്‍പ്പന്തുകളി ഒരു കോക്‌ടെയിലുപോലെ അധികലഹരി പകര്‍ന്നു.

തൊണ്ണൂറ് മിനിറ്റില്‍ തീരുന്നതല്ല ചന്ദ്രന്റെ കളിക്കമ്പം. അത് ഫൈനല്‍ വിസിലും കഴിഞ്ഞ് കളത്തിന് പുറത്തുപോകുന്നു. നഗരത്തില്‍ ടൂര്‍ണമെന്റുകള്‍ എത്തിയാല്‍ ചന്ദ്രന്റെ 'കെ.എല്‍.ഡി. 5373' നമ്പര്‍ ഓട്ടോ കളിക്കാര്‍ക്കും കളിക്കമ്പക്കാര്‍ക്കും മാത്രമുള്ളതാണ്. ബി.എസ്.എഫിന്റെ ജോഗീന്ദ്രര്‍ സംഘയുടെയും ജെ.സി.ടി. ഫഗ്‌വാരയുടെ ഇന്ദര്‍സിങ്ങിന്റെയും മഖന്‍സിങ്ങിന്റെയും സുബ്രതോഭട്ടാചാര്‍ജിയുടെയുമെല്ലാം നഗരത്തിലെ ഇഷ്ടവാഹനം ചന്ദ്രന്റെ ഓട്ടോയായിരുന്നു. അതില്‍ക്കയറി അവര്‍ ബോംബെ ഹോട്ടലിലെ ബിരിയാണിയും പാരഗണിലെ മീന്‍കറിയും കഴിക്കാന്‍ പോകും. മോഹന്‍ബഗാന്‍ ക്യാപ്റ്റന്‍ സുബ്രതോഭട്ടാചാര്‍ജിക്ക് കളിക്കുമുമ്പുള്ള കാളീപൂജയ്ക്കുവേണ്ടി പൂക്കളും കര്‍പ്പൂരവും ചന്ദനത്തിരിയും വാങ്ങാന്‍ മാരിയമ്മന്‍ കോവിലിനടുത്തുള്ള പൂജാസ്റ്റോറുകളിലേക്ക് കുതിക്കുന്നതും ചന്ദ്രന്റെ ഓട്ടോതന്നെ. ബീച്ച്‌ഹോട്ടലില്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന കാളീപൂജയ്ക്ക് പ്രധാന സഹായി ചന്ദ്രനാണ്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ അവരെയും കൊണ്ട് തൊട്ടപ്പുറത്തുള്ള കുമാരന്‍ ഗുരിക്കളുടെ കളരിയിലേക്കോടുന്ന ആംബുലന്‍സാവും ചിലപ്പോള്‍ ചന്ദ്രന്റെ ഓട്ടോ.

ഒഴിവുസമയങ്ങളെ ഒഴുക്കിക്കളയാനുള്ള നേരംപോക്കല്ല ഓട്ടോചന്ദ്രന് ഫുട്‌ബോള്‍.
അയാള്‍ക്കത് സ്വപ്നവും ജീവിതവുമാണ്. സൂര്യനു ചുറ്റുമല്ല, ഒരു ഫുട്‌ബോളിനു
ചുറ്റുമാണ് ഭൂമി കറങ്ങുന്നത് എന്ന് വിശ്വസിക്കാനാണ് ചന്ദ്രനിഷ്ടംകളിഭ്രാന്തുമായി കളങ്ങളില്‍നിന്ന് കളങ്ങളിലേക്കലയുമ്പോള്‍ തന്റേതായി എന്തെങ്കിലും ഒരു സമ്മാനം മിക്ക ടൂര്‍ണമെന്റുകള്‍ക്കുമായി ചന്ദ്രന്‍ കാത്തുവെക്കുമായിരുന്നു. ആദ്യം ഗോളടിക്കുന്നയാള്‍ക്ക് ആയിരത്തൊന്നുരൂപ, ഏറ്റവും നല്ല കളിക്കാരന് രണ്ടായിരം... ''ഓട്ടോയോടിച്ച് നടക്കുന്ന കാലത്തും ഞാനീ സമ്മാനവിതരണം മുടക്കിയിട്ടില്ല, മുണ്ടുമുറുക്കിയുടുത്ത് ഞാനാ പണം കമ്മിറ്റിക്ക് എത്തിച്ചുകൊടുക്കും. പകലന്തിയോളം പണിയെടുത്ത് വീട്ടില്‍ അരിക്കാശ് എത്തിച്ചുകൊടുക്കുന്ന ആനന്ദം എനിക്കത് നല്‍കുന്നു.'' സംഘാടകരുമായും കളിക്കാരുമായും നല്ല ബന്ധമുണ്ടെങ്കിലും ചന്ദ്രന്‍ ഒരിക്കലും പാസിന്റെ ഔദാര്യത്തില്‍ കളി കണ്ടിട്ടില്ല. എല്ലാ കളികളിലും തനിക്കുള്ളതു മാത്രമല്ല കുറച്ചധികം ടിക്കറ്റും ചന്ദ്രന്‍ കൈയില്‍ കരുതും. ടിക്കറ്റു കിട്ടാതെ വലയുന്ന തന്നേപ്പോലുള്ള കമ്പക്കാര്‍ക്ക് പിന്നീടത് സൗജന്യമായി നല്‍കും. കളി, കമ്പം മാത്രമല്ല പലരുടെയും കഞ്ഞികുടി കൂടിയാണ് എന്ന് ചന്ദ്രനറിയാം. അതില്‍ പാസിന്റെ പാറ്റയിടരുത്.
സ്വന്തം തലക്കുറിയേക്കാളും റേഷന്‍കാര്‍ഡിനേക്കാളും പാസ്‌പോര്‍ട്ടിനെ ചന്ദ്രന്‍ സ്‌നേഹിക്കാന്‍ തുടങ്ങിയത് ലോകകപ്പ് കാരണമാണ്. ലോകകപ്പടുക്കുമ്പോള്‍ ഓരോ തവണയും ഈ കാണി പാസ്‌പോര്‍ട്ടെടുത്ത് പൊടിതട്ടിവെച്ചിരുന്നു. ''ഓട്ടോ ഓടിക്കുന്ന കാലത്തുതന്നെ ഞാന്‍ പാസ്‌പോര്‍ട്ടെടുത്തുവെച്ചിരുന്നു. കൈയിലെ കാശെടുത്ത് പോകാനുള്ള പാങ്ങില്ല. പലതവണ പലവിധത്തില്‍ ശ്രമിച്ചുനോക്കി. നടന്നില്ല. ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്ന ഗാലറിയിലിരുന്ന് ഒന്നാര്‍ത്തു വിളിച്ചിട്ടുവേണം എനിക്ക് മരിക്കാന്‍''.


മറുമരുന്നില്ലാത്ത കളിഭ്രാന്ത്


ഒരുമാതിരിപ്പെട്ട ഉന്മാദങ്ങള്‍ക്കെല്ലാം ചികിത്സ കണ്ടുപിടിച്ച കോഴിക്കോട്ടെ കുതിരവട്ടം ആസ്​പത്രിയ്ക്ക് മലബാറിന്റെ ഫുട്‌ബോള്‍ ഭ്രാന്തിനുമാത്രം ഇതുവരെ മറുമരുന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. അത് ജീനുകളില്‍നിന്ന് ജീനുകളിലേക്ക് തലമുറകളിലൂടെയുള്ള തുടര്‍ പ്രവാഹമാണ്. ഇടയില്‍ തടയണകളില്ലാതെ അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതിലെ തിളക്കമുള്ള കണ്ണികളിലൊന്നാണ് ഓട്ടോ ചന്ദ്രന്‍.
ഓരോ വേനലിലും കൊയ്‌തൊഴിയുന്നതോടെ മലപ്പുറത്തെയും കോഴിക്കോട്ടെയും വടക്കേ മലബാറിലേയും വയലുകള്‍ കുമ്മായവരകളണിഞ്ഞ് കളിയ്‌ക്കൊരുങ്ങുന്നു. പിന്നെ ഈ മണ്ണിലൂടെയുള്ള യാത്രകള്‍ ഫുട്‌ബോള്‍ മാത്രം കണ്ടുകൊണ്ടുള്ളതാണ്. ആരവങ്ങളും വിസിലടികളും സന്ധ്യകളെ മുഖരിതമാക്കുന്നു, ഫ്‌ളഡ്‌ലിറ്റുകള്‍ വെളിച്ചം വിതറുന്നു. ലോകകപ്പ് നാലുവര്‍ഷം കൂടുമ്പോള്‍ മാത്രം നടക്കുമ്പോള്‍ ഓരോ സീസണും ഇവര്‍ക്ക് ലോകകപ്പാണ്, ക്ലബ് ഫുട്‌ബോളിന്റെ വാശിയേറിയ കുടിപ്പകകള്‍ കുടിച്ചാണ് മമ്പാട്ടെയും അരിക്കോട്ടേയും കുട്ടികള്‍ ഇപ്പോഴും വളരുന്നത്. ആ വാശിയെ വളര്‍ത്തിവളര്‍ത്തി അവര്‍ ഇന്ത്യന്‍ ടീമിലേക്കുവരെ കയറിപ്പോകുന്നു.
''സെവന്‍സുകള്‍ തേടി ഞാന്‍ ഇപ്പോഴും അലയാറുണ്ട്. അതിന്റെ നാടന്‍ ചൂരും വാശിയും ഒന്നു വേറെത്തന്നെയാണ്. അപാരന്മാരായ ചില കളിക്കാരെ ഈ വയലുകളില്‍ നേര്‍ക്കുനേര്‍ കാണാന്‍ സാധിക്കും. പലപ്പോഴും അവരെ ആരും വേണ്ടവിധത്തില്‍ കണ്ടെടുക്കാറില്ല എന്നതാണ് സത്യം'' -ചന്ദ്രന്‍ പറയുന്നു.

വീണ്ടും ഒരു ലോകകപ്പ് വരുമ്പോള്‍ മലബാറിന്റെ വഴികള്‍ കട്ടൗട്ടുകളാലും കമന്റുകളും യുദ്ധവാക്യങ്ങളും നിറഞ്ഞ കൂറ്റന്‍ ഫ്‌ളക്‌സുകളാലും കൊടിതോരണങ്ങളാലും നിറഞ്ഞുകഴിഞ്ഞു. മുഖങ്ങള്‍ പലപല ചായങ്ങളണിഞ്ഞുതുടങ്ങി. പന്തയത്തിന്റെ പോരുകള്‍ തുടങ്ങി. കാരണം, കളി കടലിനപ്പുറത്താണെങ്കിലും കമ്പവും കണ്ണീരും ഈ മണ്ണിലാണ്, പിടയ്ക്കുന്നത് ഇവരുടെ ചങ്കാണ്- ഫിഫ ഇതൊന്നുമറിയുന്നില്ലെങ്കിലും.