Sunday, July 4, 2010

നരകത്തിൽ രണ്ട് ഹാഫ്ടൈമുകൾ




TWO HALF TIMES IN HELL(1962)

ഭാഷ : ഹങ്കേറിയൻ
സംവിധായകൻ:സൊൽതാൻ ഫാബ്രി


              ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായത് എന്ന് പ്രകീർത്തിക്കപ്പെടുന്ന ഒന്നാണ് ഈ സിനിമ. ഫുട്ബോൾ കളിയെ ഫാസിസത്തിനെതിരെയുള്ള ചെറുത്തുനിൽ‌പ്പിന്റെ പശ്ചാത്തലത്തിൽ ആഖ്യാനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നു.
        ജർമ്മൻ അധിനിവേശത്തിൻ കീഴിലെ ഹങ്കറിയിലാണ് കഥ നടക്കുന്നത്. 
സ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങൾ മാത്രം ശേഷിച്ചിട്ടുള്ള ഏതാനും തടവുകാരാണ് 
സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
              ബാരക്കിലെ,മുൻ ദേശീയ ഫുട്ബോൾ ടീമംഗമായിരുന്ന ഡിയോ 
എന്ന തടവുപുള്ളിയെ മേധാവി പ്രത്യേകമായി വിളിപ്പിക്കുന്നു.സൈനികാധിപനായ ഫർഹറിന്റെ ജന്മദിനാഘോഷത്തിന്റെ 
ഭാഗമായി ജർമ്മൻ പട്ടാളക്കാരുടെ ടീമും തടവുകാരുടെ ടീമും തമ്മിലുള്ള 
ഫുട്ബോൽ മത്സരം സംഘടിപ്പിക്കുകയാണെന്നും പ്രൊഫഷണൽ കളിക്കാരനായ ഡിയോ വേണം ടീം ഉണ്ടാക്കിയെടുക്കാനും നയിക്കാനുമെന്നും അയാളെ അറിയിക്കുന്നു.ഡിയോവിന് ഈ അവസരം തന്റെ സ്വാതന്ത്ര്യത്തിനുള്ള മാർഗ്ഗമായി തോന്നുന്നു.തുടർന്ന് കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് നല്ലഭക്ഷണവും ജോലിയിൽ നിന്നുള്ള വിടുതിയും നൽകപ്പെടുന്നു.ഒരു പന്ത് ലഭിക്കുമ്പോൾ ഡിയോ അനുഭവിക്കുന്ന ഹർഷോന്മാദം അളവറ്റതാണ്.പന്ത് ലഭിച്ച ഉടനെ എല്ലാം മറന്ന് അയാളത് തട്ടിക്കളിക്കുന്ന ദ്യശ്യം ഈ സിനിമയിലെ മറക്കാനാകാത്ത കാഴ്ചയാണ്.ഡിയോ ഉത്സാഹത്തോടെ കളിക്കാരെ സംഘടിപ്പിക്കുന്നു.എല്ലാ ദുരിതങ്ങൾക്കിടയിലും അയാളൊരു കളിക്കാരനായി മാറുന്നു.പട്ടിണികോലങ്ങളായ തടവുകാരിൽ നിന്നും ഒരു നല്ല ടീമിനെ 
രൂപപ്പെടുത്തുന്നു,അയാൾ.
   ഈ ടീമിന് ലഭിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് അവർ ജയിലിൽ നിന്ന് ഒളിച്ചോടുന്നു,തുടർന്ന് പിടിക്കപ്പെടുന്നു.പട്ടാളനിയമമനുസരിച്ച് അവർക്ക് ലഭിക്കേണ്ട വധശിക്ഷയിൽ നിന്നും ഫുട്ബോൾ മാച്ച് തീരുന്നതുവരെ ഒഴിവാക്കുന്നു.പക്ഷെ അത്തരത്തിലൊരു ജീവൻ തങ്ങൾക്ക് വേണ്ടെന്ന് ഒരേ സ്വരത്തിൽ അവർ പറയുന്നു. തുടർന്ന് കമാന്റർ കളി നടക്കുന്നതിനു വേണ്ടിയെങ്കിലും അവർക്ക് ശുഭപ്രതീക്ഷ നൽകുന്നു: കളി പൊരുതി ജയിക്കുക;നിങ്ങളുടെ ശിക്ഷയിൽ എന്തെങ്കിലും ഇളവ് പ്രതീക്ഷിക്കാം 
എന്നാണാ വാഗ്ദാനം.
      കളി ഇപ്പോൾ അക്ഷരാർഥത്തിൽ ഒരു ജീവന്മരണപ്പോരാട്ടമായി മാറുന്നു.മത്സരത്തിന്റെ ആവേശകരമായ ചിത്രീകരണം ഉദ്വേഗത്തോടെ മാത്രമേ കണ്ടിരിക്കാനാവൂ.തങ്ങളൂടെ കളി 
എപ്രകാരമാക്കിയാലാണ് തങ്ങൾക്ക് രക്ഷ കിട്ടുക എന്ന് നിർണയിക്കാനാകാതെ ഡിയോ കുഴങ്ങുന്നു.പൊരിഞ്ഞു കളിച്ച് ജർമ്മൻകാരെ തോൽ‌പ്പിച്ചാൽ ആ കുറ്റത്തിനു തന്നെ തങ്ങൾ കൊല്ലപ്പെടാം.അതല്ല, ജർമ്മൻകാർ ജയിച്ചോട്ടെ എന്നു കരുതി ഒത്തുകളിച്ചാലോ,തിന്ന ഭക്ഷണത്തിനും ലഭിച്ച ചെറിയ സ്വാതന്ത്ര്യത്തിനും പ്രത്യുപകാരമുണ്ടായില്ല എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെടാം.ഒത്തുകളിയിലെ ഫുട്ബോൾ വിരുദ്ധത ബോദ്ധ്യതപ്പെട്ട് കളിക്കാതിരുന്നാലോ അതും ശിക്ഷിക്കാവുന്ന കുറ്റം തന്നെ.ഇപ്രകാരം ഊരാക്കുടുക്കിലാകുന്ന അവർ ആദ്യ ഘട്ടത്തിലെ ആലസ്യം 
കളഞ്ഞ് ഉഷാറായി കളിക്കുകയും ജർമ്മൻകാർക്കുമേൽ മേൽകൈ നേടുകയുമാണ്.ഇത് ജർമ്മൻ മേധാവിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.ഫാസിസ്റ്റായ അയാൾ റിവോൾവർ എടുത്ത് തടവുകാരുടെ ടീമിലെ 11 കളിക്കാരെയും തുരുതുരാ വെടിവെച്ച് കൊല്ലുന്നു.
              ഫാസിസത്തിന്റെ നീതിശാസ്ത്രം പരപീഡനരതിയുടെതു 
തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഈ മഹത്തായ സിനിമ കളികണ്ടാനന്ദിക്കുന്ന എല്ലാവരുടെയും(പ്രേക്ഷകന്റെയും) മാനസികാവസ്ഥയുടെ യുക്തിയെ തന്നെയാണ് 
വിചാരണ ചെയ്യുന്നത്.

3 comments:

  1. കളി കാണുന്ന നമ്മിലും ഫാസിസം ഇടക്ക് പ്രത്യക്ഷപ്പെടാറില്ലേ?

    ReplyDelete
  2. എന്തായാലും ഈ സിനിമ കണ്ടീട്ട് തന്നെ ബാക്കി കാര്യം..
    നന്ദി, പുതിയ അറിവുകൾക്ക്

    ReplyDelete
  3. 5-6 വര്‍ഷങ്ങല്‍ക്ക് മുന്‍പ് കണ്ടിരുന്നു... അതിമനോഹരമായ ചിത്രമാണ്...ക്ലാസിക്ക്

    ReplyDelete