Monday, August 16, 2010

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ


വൈലോപ്പീള്ളിയുടെ ‘മാമ്പഴ’ത്തിനു ശേഷം മലയാള കവിതക്കു ലഭിച്ച

അനർഘരത്നമാണ് റഫീക്ക് അഹമ്മദിന്റെ ഈ കവിത.പുതുകവികളിൽ

എന്തുകൊണ്ടും ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ‘തോരാമഴ’,മാത്യഭൂമി’

ആഴ്ചപതിപ്പിൽ(ലക്കം 49) പ്രസിദ്ധീകരിച്ചതാണ്.ലളിതസുന്ദരമായ

‘തോരാമഴ‘ നമ്മുടെ കവിതയുടെ പോയ സുവർണ്ണകാലത്തെകുറിച്ച്

ഗ്യഹാതുരതയോടെ ഓർക്കാൻ പ്രേരിപ്പിക്കുന്നു.മകൾ മരിച്ച ആ ഉമ്മയുടെ

ദു:ഖത്തെ എത്ര കുറഞ്ഞ വരികളിലാണ് കവി വരച്ചുവെക്കുന്നത് :


തോരാമഴ
റഫീക്ക് അഹമ്മദ്

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ തനിച്ചു പുറത്തുനിന്നു.
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീർന്നിരുന്നു
വാടകക്കായെടുത്തുള്ള കസേരകൾ
ഗ്യാസ് ലൈറ്റ്,പായകൾ കൊണ്ടുപോയി.
വേലിക്കൽ പണ്ടവൾ നട്ടൊരു ചമ്പക-
ചോടോളമപ്പോളിരുട്ടുവന്നു.
ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ
കണ്ണീർ വെളിച്ചം തുടച്ചു നിന്നു.
ഉമ്മറക്കൽ‌പ്പടിച്ചോട്ടിലവളഴി-
ച്ചിട്ട ചെരിപ്പൊന്നുരുമ്മി നോക്കി
പുള്ളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി.
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പിൽ
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി,മരക്കൊമ്പിലേറി.

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ പുറത്തു തനിച്ചു നിൽക്കേ
പെട്ടെന്നു വന്നു പെരുമഴ,ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു.
പള്ളിപ്പറമ്പിൽ പുതുതായി കുമിച്ചിട്ട
മണ്ണട്ടിമേലെ നിവർത്തി വെച്ചു.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ-
ട്ടിന്നോളമാ മഴ തോർന്നുമില്ല.

ഇനി ‘തോരാമഴ‘യുടെ ആലാപനം കേൾക്കൂ:





5 comments:

  1. ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ-
    ട്ടിന്നോളമാ മഴ തോർന്നുമില്ല.

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  3. നല്ല വരികള്‍ ജാഫെര്‍ ചേട്ടാ ..നന്നായിട്ടുണ്ട് .......

    ReplyDelete
  4. @SREEJIGAWEN : aara Jafar chettan?

    ReplyDelete
  5. മനസ്സിനെ വല്ലാതെ സ്പർഷിച്ചു

    ReplyDelete