Saturday, August 21, 2010

ഓണം മലയാളിയുടെ സ്വന്തമോ?


ഓണം ഇന്ന് മലയാളികളുടെ ദേശീയോത്സവമാണ്. എന്നാല്‍ ഓണം മലയാളികളുടെ സ്വന്തമാണോ? 

അല്ല എന്നാണ് ചരിത്രപരമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഐതീഹ്യങ്ങളുടെയും പുരാണങ്ങളുടെയും ചുവടുപിടിച്ചു പോയാലും ഏതാണ്ട് ഇതേ നിഗമനത്തില്‍ എത്താം. 

ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എന്‍.വി. കൃഷ്ണവാരിയര്‍ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. 

അസിറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 2000 വര്‍ഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചത്. 

അസിറിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിയയവരാണ് അസുരന്മാര്‍. അസറിയ, അസുര എന്നീ വാക്കുകളുടെ സാമ്യം നോക്കുക. സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്.
അസുരന്മാരായ അസറിയക്കാരാണ് ദ്രാവിഡന്മാരായി മാറിയത്. ചരിത്രത്തിലെ ആര്യ- ദ്രാവിഡ സംഘര്‍ഷം ആണ് പുരാണത്തിലേയും ഐതിഹ്യ ങ്ങളിലേയും ദേവാസുര യുദ്ധമായി ചിത്രീകരിച്ചത് എന്നു വേണം അനുമാനിക്കാന്‍.. 

ഈ നിഗമനം വച്ച് നോക്കുമ്പോള്‍ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം. ഓണക്കഥയിലും അങ്ങനെതന്നെ. 

ആര്യന്മാര്‍ ദ്രാവിഡരെ ആക്രമിച്ച് കീഴ്പ്പെടുത്തിയതാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട കഥയായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് .

അസിറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ മധ്യ ഇന്ത്യ യും- ഭൂമിയും , പിന്നീട് ഉത്തരേന്ത്യയും - സ്വര്‍ഗവും- , തെക്കേ ഇന്ത്യയും -പാതാളവും - ആക്രമിച്ച് കീഴടക്കി ഭരിച്ചു. ഇന്ത്യ അവരുടെ നാടായി മാറി 

ആദിമദ്രാവിഡര്‍ വന്നുകയറിയ ആര്യന്‍മാര്‍ക്കെതിരെ യുദ്ധം ചെയ്തത് സ്വാഭാവികം. പക്ഷെ ക്രമേണ ആര്യന്മാര്‍ ശക്തന്മാരായി. ദ്രാവിഡ രാജാവിനെ തോല്‍പ്പിച്ച് തെക്കോട്ട് ഓടിച്ചു വിട്ടു. 

മൂന്നടി കൊണ്ട് സ്വര്‍ഗവും ഭൂമിയും പാതാളവും വാമനന്‍ സ്വന്തമാക്കിയത് ആര്യന്മാരുടെ അധിനിവേശത്തെ സൂചിപ്പിക്കു ന്നു. ദ്രാവിഡ രാജാവ് (അസുര രാജാവ്) അഭയം പ്രാപിച്ച പാതാളം കേരളമാണെന്ന് ചിലര്‍ കരുതുന്നു. 

വാമനന്‍ വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമാണ്. ഇന്നു കാണുന്ന കേരളം എന്നൊരു പ്രദേശം അന്നു ഉണ്ടായിരുന്നിരിക്കില്ല.കാരണം , ആറാമത്തെ അവതാരമായ പരശുരാമനാണല്ലോ കേരളം മഴുവെറിഞ്ഞ് കടലില്‍ നിന്ന് വീണ്ടെടുത്തത്.

വാമനനായ ആര്യ നായകന്‍ , ദ്രാവിഡ രാജ-ാവായ ബലിയെ തോല്‍പിച്ച്, ഇന്ന് കേരളം ഉള്ളയിടത്ത് അന്നുണ്ടായിരുന്ന പാതാളക്കടലിലേക്ക് താഴ്ത്തിയിരിക്കണം.മഹാബലി കേരളം ഭരിച്ചു എന്നാണല്ലോ ഐതിഹ്യ കഥ . കേരളമായിരുന്നു പാതാളമെങ്കില്‍ മാവേലി ഭരിച്ച നാടേതായിരുന്നു?മാവേലി ഇന്ത്യ- പ്രത്യേകിച്ച് മധ്യ - തെക്കന്‍ ഇന്ത്യ - ഭരിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍.

വാമനന്‍ വേഷ പ്രച്ഛന്നനായി വരുമ്പോള്‍ മഹാബലി ഇന്നത്തെ ഗുജ-റാത്തിലും മധ്യപ്രദേശിലും മറ്റും ഉള്‍പ്പെടുന്ന നര്‍മ്മദാ നദീതീരത്ത് യജ്ഞം നടത്തുകയായിരുന്നു എന്ന് ഓര്‍ക്കുക.

തമിഴ്നാട്ടില്‍ മഹാബലിപുരം എന്ന പേരില്‍ ഒരു നാടുണ്ട്. ഇതെല്ലാം ആ പ്രദേശങ്ങളില്‍ മഹാബലിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിന്‍റെ സൂചനകളാണ്. 

പണ്ടു കാലത്ത് തെക്കേ ഇന്ത്യ മുഴുവനും ഓണം ആഘോഷിച്ചിരുന്നു. പൂക്കളവും പൊങ്കാലയും മറ്റും ആദിമദ്രാവിഡ സംസ്കാരത്തിന്‍റെ ഭാഗമാണ്. 

ഓണം ക്ഷേത്രോത്സവം?

തമിഴ്നാട്ടില്‍ മധുരയില്‍ വാമനന്‍റെ ഓര്‍മ്മയ്ക്കായി ഏഴ് ദിവസത്തെ ആഘോഷം നടത്തിയിരുന്നു. അതിന് ഇന്നത്തെ ഓണാചാരങ്ങളുമായി വളരെ സാമ്യമുണ്ടായിരുന്നു. ശ്രാവണ പൗര്‍ണമി നാളിലായിരുന്നു ആഘോഷമെന്ന് മാത്രം. 

ഓണത്തല്ലിന്‍റെ പേരില്‍ ചേരിപ്പോര്‍ എന്നൊരു ആചാരവും മധുരയില്‍ ഉണ്ടായിരുന്നുവെന്ന് മാകുടി മരുതനാര്‍ എഴുതിയ മധുരൈ കാഞ്ചി എന്ന കാവ്യത്തില്‍ പരാമര്‍ശിക്കുന്നു.

ഓണം തമിഴ്നാട്ടിലും കേരളത്തിലും ക്ഷേത്രാചാരമായിരുന്നു. തൃക്കാക്കരയില്‍ മുമ്പ് 28 ദിവസത്തെ ഉത്സവമായിരുന്നു. കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ആഘോഷമുണ്ടായിരുന്നു. 

ഇത് പിന്നീട് ഇല്ലാതെയായി. കേരളത്തിലിത് പത്തു ദിവസത്തെ ഉത്സവമായി ചുരുങ്ങി. എങ്കിലും കര്‍ക്കിടകത്തിലെ ഓണം കുട്ടികളുടെ ഓണമായി പിള്ളേരോണമായി ആഘോഷിക്കാറുണ്ട്.

തിരുപ്പതി വാമനക്ഷേത്രം?

കേരളത്തിലെ തൃക്കാക്കര ക്ഷേത്രമെന്നപോലെ , ആന്ധ്രയിലെ തിരുപ്പതിയും വാമന ക്ഷേത്രമാണെന്നൊരു പക്ഷമുണ്ട്. തിരുപ്പതി, തൃക്കാല്‍ക്കര എന്നീ വാക്കുകളില്‍ പരാമര്‍ശിക്കുന്ന കാല്‍ വാമനന്‍റെ കാല്‍ ആവാനേതരമുള്ളൂ. 

ഓണത്തിന്‍റെ വേരുകള്‍ പ്രാചീന അസിറിയയില്‍ ആയിരുന്നാലും , ഓണം തെക്കേ ഇന്ത്യയുടെ പൊതുവായ ആഘോഷമായിരുന്നാലും ശരി ഇന്ന് ഓണം കേരളീയരുടെ സ്വന്തമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. 

ക്ഷേത്രങ്ങളില്‍ നിന്ന് വീട്ടുമുറ്റങ്ങളില്‍ ഓണത്തെ കൊണ്ടു വന്ന മലയാളികള്‍ ഇന്നതിനെ തെരുവിലേക്കിറക്കി വിടുകയാണ്. 

ഇനി ഒരു ഓണപ്പാട്ട് ആയാലോ? അടിസ്ഥാനവർഗ്ഗത്തിന്റെ ഓണപ്പാട്ട്:                                                                    തിര്യോണം

കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2)
പപ്പടം വേണം പായസം വേണം
തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ
തിര്യോണം തിര്യോണം
മാവേലിത്തമ്പ്രാന്റെ തിര്യോണം (2)
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ (2)
ഊഞ്ഞാലേ ഊഞ്ഞാലേ
തിര്യോണത്തിനങ്ങൂഞ്ഞാലേ (2)
പപ്പടം വേണം പായസം വേണം
തിര്യോണത്തിനു കുഞ്ഞാഞ്ഞ്യേ (2)
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
കൊടകരയാറ്റില്‌ കരിതുള്ളി (2)
കൂരിക്കറി, കൂരിക്കറി
തിര്യോണത്തിനു കൂരിക്കറി
കുഞ്ഞാഞ്ഞ്യേ കുഞ്ഞാഞ്ഞ്യേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞ്യേ
ഇനി ഒരു ഓണപ്പാട്ട് കേൾക്കൂ:
ഉത്രാടപ്പൂനിലാവേ വാ....1983 ൽ പുറത്തിറങ്ങിയ ‘ഉത്സവഗാനങ്ങൾ’ എന്ന ‘തരംഗിണി’ ഓണപ്പാട്ട് ആൽബത്തിലെ ഗ്യഹാതുരത ഉണർത്തുന്ന ഗാനം.രചന :ശ്രീകുമാരൻ തമ്പി,സംഗീതം :രവീന്ദ്രൻ                                                                                                                                                   ഡൌൺലോഡ് ചെയ്യൂ... കൂടുതൽ ഓണപ്പാട്ടുകൾ

Wednesday, August 18, 2010

‘ഇല്ലിനിപ്പേടിയെനിയ്ക്ക്‌:അന്ന അഹ് മത്തോവയുടെ കവിത

ഏകാന്തത
അന്ന അഹ് മത്തോവ (1889-1966)                                                         
ഇല്ലിനിപ്പേടി-
യെനിയ്ക്ക്‌, ഞാനത്രയ്ക്കു
കല്ലേറുകൊണ്ടുകഴിഞ്ഞു.

കല്ലുകള്‍ വീണു
കുഴിതൂര്‍ന്നിടത്തൊരു
തുംഗമാം ഗോപുരം നിന്നു.

നന്ദി, ഈ ഗോപുരം
നിര്‍മ്മിച്ചുതന്നോരേ
നന്മ നിങ്ങള്‍ക്കു വരട്ടെ! 

പൊങ്ങുന്ന സൂര്യനെ
കാണുന്നു ഞാനാദ്യം
ഇങ്ങിരുന്നത്രമേല്‍ തുംഗം.

അസ്തമിക്കുമ്പോള്‍
അവസാനരശ്മികള്‍
തത്തിക്കളിക്കുമിവിടെ.

എന്നറയ്ക്കുള്ള
ജനാലയിലെപ്പൊഴും
തെന്നല്‍ പറന്നുകളിക്കും.

എന്റെ കൈവെള്ളയില്‍
നിന്നും പിറാവുകള്‍
തിന്നുന്നു ധാന്യമണികള്‍.

ഞാനെഴുതിപ്പൂര്‍ത്തി-
യാക്കാത്ത താളുകള്‍
താനേയെഴുതി നിറയ്ക്കാന്‍,

തൂവല്‍വിരലുമായ്‌
എന്‍ കാവ്യദേവത
താഴേയ്ക്കിറങ്ങിവന്നെത്തും.            


     1914.

    മൊഴിമാറ്റം : പി പി രാമചന്ദ്രന്‍                                                                 


റഷ്യയിലെ ഏറ്റവും പ്രകീർത്തിക്കപ്പെട്ട ആധുനിക കവയിത്രിയായിരുന്നു,അന്ന അഹ് മത്തോവ. സ്റ്റാലിനിസ്റ്റ് ഭീകരതയെക്കുറിച്ച് എഴുതിയ അവരുടെ പല കവിതകളും സോവിയറ്റ് യൂണിയനിൽ നിരോധിക്കപ്പെട്ടു.ഒടുവിൽ അവരുടെ അവസാനകാലത്തു മാത്രമാണ് ഭരണകൂടം അവരെ അംഗീകരിച്ചത്.ഈ കവിതയിൽ, ചുറ്റും ചൂഴ്ന്നു നിൽക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള ചെറുത്തുനിൽ‌പ്പ് ദർശിക്കാം.


അന്ന അഹ് മത്തോവ :വിക്കി പേജ് 
അന്ന അഹ് മത്തോവയുടെ 80 കവിതകൾ

Tuesday, August 17, 2010

‘ആജാരേ.... പര്ദേശി’

ഇന്ത്യൻ ജനപ്രിയ സംഗീതത്തിന്റെ മാതാവാണ് ഹിന്ദി ചലച്ചിത്രഗാനങ്ങൾ.എല്ലാ പ്രമുഖ ഇന്ത്യൻ ഭാഷകളിലെയും സിനിമാ സംഗീതം തനതായ രൂപം കൈവരിക്കുന്നത് ഹിന്ദി ചലച്ചിത്രഗാനങ്ങളിൽ നിന്ന് ഊർജ്ജം സംഭരിച്ചാണ്.ആ‍ദ്യകാല ഗാനങ്ങൾ അധികവും ഹിന്ദി ഗാനങ്ങളുടെ തനിപ്പകർപ്പുകളായിരുന്നു.ഒരു കാലത്ത് ഈ ഭാഷകളിലെ ഗാനങ്ങളെക്കാൽ ജനപ്രീതി ഹിന്ദി ഗാനങ്ങൾക്കായിരുന്നു.മുഹമ്മദ് റാഫി,കിഷോർ കുമാർ,മുകേഷ്,ലത എന്നിവരുടെ ഗാനങ്ങൾ കേട്ടാണ് ഒരു തലമുറ വളർന്നത്.ആ സുവർണ്ണകാലത്തെ ഓർമ്മയിൽ കൊണ്ട് വരുന്ന കുറെ സിനിമാ ഗാനങ്ങൾ അവയുടെ വിവരങ്ങളടക്കം ഇവിടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്.ആദ്യ സിനിമ ‘മധുമതി(1958)’യാണ് .
  

Directed byBimal Roy
Written byRitwik Ghatak (Screenplay)
Rajinder Singh Bedi (Dialogue)                                      
StarringDilip Kumar
Vyjayanthimala
Johnny Walker
Pran
Editing byHrishikesh Mukherjee
Release date(s)1958
Running time179 mins
music                                           Salil Choudhury                                            
lyrics                                  Shailendra.
      
          






                                                                                                                                                                                 ഒരു കാലത്തെ യുവാക്കളെ ഇളക്കിമറിച്ച പ്രണയകഥയാണ്,‘മധുമതി’.ഇതിലെ മനോഹര ഗാനങ്ങൾ ഇന്നും നിത്യഹരിതങ്ങളാണ്.സലിൽ ചൌധരിക്ക് സംഗീതസംവിധായകനെന്ന നിലയിൽ ഒരു സ്ഥാനം നൽകിയത് ‘മധുമതി‘യാണ്.1958 ലെ മികച്ച സിനിമക്കുള്ള ഫിലിം ഫെയർ അവാർഡ് ഈ ചിത്രം നേടി .                                                                                                                                                      നേടിയ മറ്റ് അവാർഡുകൾ
      ഗാനങ്ങളുടെ ലിസ്റ്റ്
                                                                                                                    






  1. Aaja re pardesi (04:26): Lata Mangeshkar
  2. Chadh gayo papi bichhua (05:23): Lata Mangeshkar & Manna Dey
  3. Dil tadap tadap ke (03:27): Mukesh & Lata Mangeshkar
  4. Ghadi ghadi mora dil dhadke (03:11): Lata Mangeshkar
  5. Hai bichhua hai re hai: Lata Mangeshkar
  6. Ham haal-e-dil sunaenge (03:26): Mubarak Begum
  7. Jungle mein mor naacha: Mohammad Rafi
  8. Kancha le kanchi lai lajo: Asha BhonsleSabita Chowdhury & Ghulam Mohammad
  9. Suhana safar aur yeh mausam (03:44): Mukesh
  10. Tan jale man jalta rahe: Dwijen Mukherjee
  11. Toote huye khwabon ne (03:42): Mohammad Rafi  
  12. Zulmi sang aankh ladi: Lata Mangeshkar                                                                                                                                                                                                                                                                     ഏറ്റവും ഹിറ്റ് ആയ 3 ഗാനങ്ങൾ കേൾക്കൂ:                                                                                                                   1.ആജാരെ പർദേശി-പാടിയത്:ലത മങ്കേഷ്കർ                                                                                                                     

                                                                                                                             2.സുഹാനാ സഫർ-പാടിയത് :മുകേഷ്                                                                                                                

Monday, August 16, 2010

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ


വൈലോപ്പീള്ളിയുടെ ‘മാമ്പഴ’ത്തിനു ശേഷം മലയാള കവിതക്കു ലഭിച്ച

അനർഘരത്നമാണ് റഫീക്ക് അഹമ്മദിന്റെ ഈ കവിത.പുതുകവികളിൽ

എന്തുകൊണ്ടും ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ‘തോരാമഴ’,മാത്യഭൂമി’

ആഴ്ചപതിപ്പിൽ(ലക്കം 49) പ്രസിദ്ധീകരിച്ചതാണ്.ലളിതസുന്ദരമായ

‘തോരാമഴ‘ നമ്മുടെ കവിതയുടെ പോയ സുവർണ്ണകാലത്തെകുറിച്ച്

ഗ്യഹാതുരതയോടെ ഓർക്കാൻ പ്രേരിപ്പിക്കുന്നു.മകൾ മരിച്ച ആ ഉമ്മയുടെ

ദു:ഖത്തെ എത്ര കുറഞ്ഞ വരികളിലാണ് കവി വരച്ചുവെക്കുന്നത് :


തോരാമഴ
റഫീക്ക് അഹമ്മദ്

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ തനിച്ചു പുറത്തുനിന്നു.
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീർന്നിരുന്നു
വാടകക്കായെടുത്തുള്ള കസേരകൾ
ഗ്യാസ് ലൈറ്റ്,പായകൾ കൊണ്ടുപോയി.
വേലിക്കൽ പണ്ടവൾ നട്ടൊരു ചമ്പക-
ചോടോളമപ്പോളിരുട്ടുവന്നു.
ചിമ്മിനിക്കൊച്ചുവിളക്കിന്റെ നേരിയ
കണ്ണീർ വെളിച്ചം തുടച്ചു നിന്നു.
ഉമ്മറക്കൽ‌പ്പടിച്ചോട്ടിലവളഴി-
ച്ചിട്ട ചെരിപ്പൊന്നുരുമ്മി നോക്കി
പുള്ളിക്കുറിഞ്ഞി നിസ്സംഗയായ് പിന്നിലെ
കല്ലുവെട്ടാംകുഴിക്കുള്ളിലേറി.
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിഞ്ഞിയ കുഞ്ഞുടുപ്പിൽ
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി,മരക്കൊമ്പിലേറി.

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ പുറത്തു തനിച്ചു നിൽക്കേ
പെട്ടെന്നു വന്നു പെരുമഴ,ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു.
പള്ളിപ്പറമ്പിൽ പുതുതായി കുമിച്ചിട്ട
മണ്ണട്ടിമേലെ നിവർത്തി വെച്ചു.
ഉമ്മുക്കുലുസു മരിച്ചന്നു രാത്രിതൊ-
ട്ടിന്നോളമാ മഴ തോർന്നുമില്ല.

ഇനി ‘തോരാമഴ‘യുടെ ആലാപനം കേൾക്കൂ: