Tuesday, January 1, 2013

അറിയുമോ ചിലിയുടെ ഈ സുന്ദരി നേതാവിനെ ?

ജാഫർ എസ് പുൽപ്പള്ളി

   രാഷ്ട്രീയ- സാമൂഹിക നേതാവ് എന്ന് കേൾക്കുന്ന മാത്രയിൽ തന്നെ നമ്മുടെ മനസ്സിൽ ഓടിവരുന്ന ചിത്രം കാലമെത്താറായ ഒരു വയസ്സന്റെ ബിംബമാണ്. പുതിയതൊന്നും സമൂഹത്തിനു നൽകാൻ സാധിക്കില്ല എന്ന് നമുക്കുറപ്പുള്ള ഈ വയോജനനേതാക്കൾ അരങ്ങ് വാഴുന്ന വേദിയിൽ ഇതാ ഒരു പെൺകുട്ടി : വയസ്സ് 23, സ്വദേശം ചിലി, കോളേജ് വിദ്യാർഥിനി, ലക്ഷക്കണക്കിനു ചിലിയൻ വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും അകമഴിഞ്ഞ പിന്തുണ, സ്നേഹാദരവ് എന്നിവ നേടുന്ന, ‘കമാണ്ടർ കാമില‘ എന്ന് വിളിപ്പേരുള്ള , കരിസ്മ നിറഞ്ഞ നേതാവ്.

ആരാണ് കാമില വയഹോ?


      1988 ഏപ്രിൽ 28 നു ചിലിയിലെ സാന്റിയാഗോയിൽ ജനിച്ച കാമില വയഹോ ഡൌളിംഗ് എന്ന ചിലി സർവകലാശാലയിലെ ഭൂമിശാസ്ത്ര വിദ്യാർഥിനിയുടെ വിദ്യാർഥി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം അത്രയ്ക്കൊന്നും യാദ്യശ്ചികം ആയിരുന്നില്ല. ചിലിയൻ കംയൂണിസ്റ്റ് പാർട്ടി അംഗങ്ങളും ആഗസ്റ്റോ പിനോഷയുടെ ഏകാധിപത്യ ഭരണകൂടത്തിനെതിരെയുള്ള പ്രതിരോധത്തിൽ പങ്കാളികളുമായിരുന്ന മാതാപിതാക്കളുടെ മകൾക്ക് രാഷ്ട്രീയബോധം ഇല്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

‘കമാണ്ടർ കാമില‘യുടെ ജനനം

2006 ൽ ചിലി സർവകലാശാലയിൽ ബിരുദ വിദ്യാർഥിനിയായി പ്രവേശിക്കുന്നു, കാമില വയഹോ. തന്റെ തെളിഞ്ഞ രാഷ്ട്രീയബോധവും അനീതികൾക്കെതിരെയുള്ള മനോഘടനയും അവളെ പതുക്കെ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിലും ഒടുവിൽ ‘ചിലിയൻ കംയൂണിസ്റ്റ് യൂത്ത് ‘ എന്ന യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിലും എത്തിച്ചു. 2008 ൽ യൂണിവേഴ്സിറ്റി ഓഫ് ചിലി സ്റ്റുഡന്റ് ഫെഡറേഷന്റെ ( ഫെക്) കൌൺസിലർ ആയ കാമില തന്റെ ഊർജ്ജസ്വലതയും നേത്യത്വപാടവവും കൊണ്ട് 2010 നവംബറിൽ സംഘടനയുടെ പ്രസിഡണ്ട് സ്ഥാനത്തെത്തി. അതിന്റെ 105 വർഷത്തെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രസിഡണ്ട്.

ഉത്പന്നം ആക്കപ്പെട്ട വിദ്യാഭ്യാസം
പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ചിലിയുടെ പ്രിയപ്പെട്ട ഇടതുപക്ഷക്കാരൻ പ്രസിഡണ്ട് സാൽവദോർ അലൻഡെ ഇരുന്ന വിദ്യാർഥിനേതാവിന്റെ ആ വലിയ പദവിയിലേക്ക് ഈ സുന്ദരി പ്രവേശിക്കുമ്പോഴേക്കും ആ രാജ്യത്തെ വിദ്യാഭ്യാസ രംഗം സെക്കണ്ടറി തലം മുതൽ പ്രൊഫഷണൽ വിദ്യാഭ്യാസ തലം വരെ വലിയ പ്രതിസന്ധിയെ നേരിടുന്ന കാലമായിരുന്നു. സൌജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം എന്ന അലെൻഡെയുടെ നയത്തിൽ നിന്നുള്ള വ്യതിയാനം ആരംഭിച്ചത് പിനോഷെയുടെ ഏകാധിപത്യ യുഗത്തിൽ ആയിരുന്നു. പൊതുവിദ്യാഭ്യാസം എന്ന സങ്കല്പം തന്നെ എൺപതുകളോടെ അപ്രത്യക്ഷമായി. പിനോഷെ യുഗം ഒടുങ്ങി ചിലി ജനാധിപത്യത്തിലേക്ക് വീണ്ടും കടന്നെങ്കിലും പിനോഷെ അടിച്ചേൽ‌പ്പിച്ച വിദ്യാഭ്യാസനയം മാറ്റാൻ പിന്നീട് വന്നവർക്കൊന്നും സാധിച്ചില്ല.വെറും 40 ശതമാനം ആളുകൾക്ക് മാത്രം സൌജന്യ വിദ്യാഭ്യാസം സെക്കണ്ടറി തലം വരെ ലഭിക്കുന്ന ,ബാക്കിയുള്ളവർ പണം മുടക്കി വിദ്യാഭ്യാസം സ്വകാര്യസ്കൂളുകളിൽ നിന്ന് നേടേണ്ട സ്ഥിതിയായി ലാറ്റിനമേരിക്കയിലെ ഏറ്റവും വികസിച്ച രാജ്യമായ ചിലിയിൽ. പിന്നീട് നവലിബറൽ ‘വസന്തം‘ വന്നണഞ്ഞു. ഒരു തരത്തിലും സാധാരണക്കാരന്റെ കുട്ടികൾക്ക് പൊതു വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യം വന്നു.

പേരിനെങ്കിലും വിദ്യാഭ്യാസം മൌലിക അവകാശമായിരുന്ന സ്ഥിതി വിട്ട് പണമുള്ളവനുമാത്രം കിട്ടുന്ന ‘സാധനം’ ആയി പരിണമിച്ചു അത്.83 ശതമാനം വിദ്യാർഥികൾക്കും തങ്ങളുടെ ഉന്നതവിദ്യാഭ്യാസം ആദ്യവർഷം തന്നെ ഉപേക്ഷിക്കേണ്ടി വരുന്ന, അഞ്ച് വർഷത്തെ പഠനത്തിനായി പതിനഞ്ച് വർഷം കടം അടച്ചു തീർക്കേണ്ട സാഹചര്യം , വിദ്യാഭ്യാസവായ്പ എടുത്ത് മുടിഞ്ഞ കുടുംബങ്ങൾ. ചിലിയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡായ ‘ബാൻ കാർഡി‘ന്റെ സ്ഥാപകനും വൻ കോടീശ്വരനുമായ സെബാസ്റ്റൻ പിനേറ എന്ന പ്രസിഡണ്ട് പറഞ്ഞു : ‘വിദ്യാഭ്യാസം എന്നത് ഒരു ഉപഭോക്ത്യസാധനം മാത്രമാണ്‘.

എതിർപ്പിന്റെ കാമില വഴി

നല്ല ഇടതുപക്ഷ അടിത്തറയുള്ള ചിലിയൻ സമൂഹം , പ്രത്യേകിച്ച് വിദ്യാർത്ഥി രാഷ്ട്രീയം എതിർപ്പിന്റെ പാതയിൽ ആയിരുന്നു , യൂണിവേഴ്സിറ്റി ഓഫ് ചിലി സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡണ്ട് ആയി കാമില ചുമതലയേറ്റ ഈ പ്രതിസന്ധിയുടെ സാഹചര്യത്തിൽ. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രസിഡണ്ടിന്റെ നിർവചനത്തെ ശക്തമായി എതിർത്ത് കാമില രംഗത്തെത്തി. കഴിഞ്ഞ 30 വർഷമായി ഒരു മൌലിക അവകാശമായി നിലകൊള്ളുന്ന വിദ്യാഭ്യാസത്തെ കുറെ കച്ചവടക്കാർക്ക് തീറെഴുതിക്കൊടുക്കുന്നത് ശക്തമായി എതിർക്കപ്പെടുമെന്നും ചിലിയൻ യുവാക്കളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തല്ലിക്കെടുത്തുന്നതിന് ഭരണകൂടം വലിയ വില നൽകേണ്ടി വരും എന്നും അവൾ മുന്നറിയിപ്പ് നൽകി.‘’ഞങ്ങൾ സ്വതന്ത്രരാണ്.ഞങ്ങൾക്ക് കെട്ടുപാടുകളൊന്നുമില്ല. ഇപ്പോൾ ഞങ്ങൾ ഒറ്റയ്ക്കാണ് ,എന്നാൽ നാളെ ജനങ്ങൾ ഞങ്ങളുടെ കൂടെയെത്തും’‘.

ഭംഗിയുള്ള സമരം

 അങ്ങനെ 2011 ഏപ്രിൽ മാസം കാമിലയുടെ നേത്യത്വത്തിൽ വ്യാപക വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചു രാജ്യത്ത്. ഹൈസ്കൂൾ വിദ്യാർഥികൾ മുതൽ പ്രൊഫഷണൽ വിദ്യാർഥികൾ വരെ ആയിരങ്ങൾ അണിനിരന്ന മാർച്ചുകൾ ചിലിയുടെ തെരുവുകളെ മുഖരിതമാക്കി. വിദ്യാർഥി പ്രക്ഷോഭത്തെ കുറിച്ചുള്ള നമ്മുടെ വ്യവസ്ഥാപിത സങ്കല്പങ്ങളെ തിരുത്തി കാമില . അവളുടെ സംഘടനാ പാടവവും സാമൂഹ്യബോധവും സമരരീതികളെക്കുറിച്ചുള്ള തിരിച്ചറിവും ലോകശ്രദ്ധയെ ആകർഷിച്ചത് അവളുടെ സമരരീതിയുടെ പ്രത്യേകത മൂലമായിരുന്നു. അക്രമപാത ഒരിക്കലും സ്വീകരിക്കരുതെന്ന് കാമില നിഷ്കർഷിച്ചു. അങ്ങനെ ആ മാർച്ചുകൾ സംഗീതഭരിതം ആയി. പട്ടാളവാഹനങ്ങളുടെ മുന്നിലെ കുട്ടികളുടെ ന്യത്തച്ചുവടുകൾ നഗരപാതകളെ ഉണർത്തി. മൈക്കിൽ ജാക്സന്റെ ‘ത്രില്ലർ’ ഗാനത്തിന്റെ ആവിഷ്കാരം കുറേ യുവാക്കൾ നടത്തിയത് ശ്രദ്ധിക്കപ്പെട്ടു. ബാന്റ് മേളങ്ങൾ, നിറമാർന്ന പോസ്റ്ററുകൾ , രസകരമായ ഫ്ലോട്ടുകൾ എന്നിവ നിറഞ്ഞു തെരുവുകളിൽ. ‘’ കഴിഞ്ഞ കുറെ വർഷമായി ചിലിയൻ യുവത്വത്തെ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് ഒരു നിയോ ലിബറൽ മാത്യക.അത് ഊന്നൽ നൽകുന്നത് വ്യക്തിപര മികവിനും നേട്ടത്തിനും ഉപഭോഗസംസ്കാരത്തിനുമാണ്. അത് എപ്പോഴും ‘എന്റേത്,എന്റേത്’ എന്നു മാത്രമാണ് യുവത്വത്തെ പഠിപ്പിക്കുന്നത്. അപരന്റെ കാര്യത്തിലുള്ള അനുഭാവം എന്നത് അവിടെ അന്യമാണ്’‘. കാമിലയുടെ ഓരോ പ്രസംഗവും കൂടുതൽ കൂടുതൽ യുവാക്കളെ സമരത്തോടടുപ്പിച്ചു. അവർ വിദ്യാലയങ്ങൾ വിട്ടിറങ്ങി. കുറേ പേർ വിദ്യാലയങ്ങളിൽ ‘ഒക്യുപ്പൈ’ സമരങ്ങൾ നടത്തി അവിടെ താമസമാക്കി. സർക്കാർ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി ഒരു വർഷം ചെലവാക്കുന്ന തുകയാ‍യ 1.8 ബില്യൺ ഡോളറിന്റെ പരിഹാസ്യതയെ ജനശ്രദ്ധയിലെത്തിച്ചു ,പ്രസിഡണ്ടിന്റെ കൊട്ടാരത്തിനു ചുറ്റും കുട്ടികൾ നടത്തിയ 1800 റൌണ്ട് ഓട്ടം. ഇതൊക്കെ മൂലം സമരം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. അപ്പോഴൊന്നും അവർ പൊതുമുതൽ നശിപ്പിക്കുകയോ ജനദ്രോഹം അഴിച്ചു വിടുകയോ ചെയ്തില്ല എന്നതും സമരത്തെ ജനപ്രിയമാക്കി. യുവത്വത്തിന്റെ ആനന്ദലഹരി വഴിഞ്ഞൊഴുകി ചിലിയെമ്പാടും. സമരം ആരംഭിച്ച് ഒരു മാ‍സത്തിനകം 37 മാർച്ചുകൾ നടന്നു. ചിലതിലെ അംഗസംഖ്യ 2 ലക്ഷം കവിഞ്ഞു. കാർണിവൽ ലഹരിയിലെന്നപോലെ ഉണർന്ന തെരുവുകളെ വെറുതെ നോക്കിയിരിക്കുകയല്ല ഭരണകൂടം ചെയ്തത്. പിനോഷെ യുഗത്തെ ഓർമ്മിപ്പിക്കുന്ന വിധം കടുത്ത നിയന്ത്രണങ്ങളും അടിച്ചമർത്തലും മർദ്ദനവും പ്രയോഗിച്ചു അവർ. കുട്ടികളെ മാരകമായി അടിച്ചമർത്തി, പോലീസ്.

വിലയിടിഞ്ഞ ഭരണകൂടം


കാമിലയുടെ സമരം വളരെ വേഗം ജനശ്രദ്ധ ആകർഷിച്ചു. വിദ്യാഭ്യാസം എന്ന അടിസ്ഥാന അവകാശത്തെ ഹനിക്കുന്ന ഭരണക്കാർക്കെതിരെ തിരിയാൻ തുടങ്ങി സമൂഹത്തിലെ എല്ല്ലാ വിഭാഗം ജനങ്ങളും. 2010 ഒക്ടോബറിൽ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ വിജയകരമായി പുറത്തു കൊണ്ടുവന്ന് ലോകശ്രദ്ധയും ജനപ്രീതിയും നേടിയിരുന്ന പ്രസിഡണ്ടിന്റെ ജനപ്രീതി 63 ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഇടിഞ്ഞു , അഭിപ്രായ വോട്ടെടുപ്പുകളിൽ.79 ശതമാനം ജനങ്ങളും വിദ്യാർഥി പ്രക്ഷോഭത്തെ അനുകൂലിക്കുന്നു എന്ന കണക്കും പുറത്തു വന്നു.വമ്പൻ കമ്പനികൾക്ക് വേണ്ടി ഭരണം നടത്തുന്ന സർക്കാരിന്മേൽ ജനരോഷം വർദ്ധിച്ചു. കാമിലയുടെ ജനപിന്തുണ കൂടി വന്നു. ട്വിറ്ററിൽ അവളെ പിന്തുടരുന്നവരുടെ എണ്ണം 4 ലക്ഷം ആയി. സമരം ആരംഭിച്ച് കുറച്ച് മാസങ്ങൾക്കകം സർക്കാർ നയത്തിൽ ഒരു മാറ്റവും ഉണ്ടായില്ല : ‘’വിദ്യാഭ്യാസം, ആരോഗ്യരക്ഷ തുടങ്ങിയവ സൌജന്യം ആകണം എന്ന് നാമെല്ലാം ആഗ്രഹിക്കുന്നു. എന്നാൽ മറ്റൊരു നിർവാഹവുമില്ല , ജീവിതത്തിൽ ഒന്നും സൌജന്യമല്ല. ആരെങ്കിലും പണം നൽകേണ്ടിയിരിക്കുന്നു.‘’ പ്രസിഡണ്ടിന്റെ വാക്കുകൾ. കാമിലയുടെ മറുപടി ഇങ്ങനെയായിരുന്നു : “തീർച്ചയായും ചിലർ പണം നൽകേണ്ടി വരും. പക്ഷെ അത് വിദ്യാഭ്യാസച്ചെലവിനായി 80 മുതൽ 100 ശതമാനം വരെ വായ്പ എടുക്കുന്ന ജനങ്ങൾ തന്നെയാകണോ എന്നതിന് ഉത്തരം കിട്ടേണ്ടിയിരിക്കുന്നു. എന്തു കൊണ്ട് സർക്കാർ വലിയ കോർപ്പറേറ്റുകളുടെ മേൽ കൂടുതൽ നികുതി ചുമത്തുന്നില്ല? രാഷ്ട്രസമ്പത്തുകൾ ദേശസാത്കരിക്കുന്നില്ല? സൈനികച്ചെലവുകൾ കുറയ്ക്കുന്നില്ല? “ തങ്ങൾക്ക് നേരേ പോലീസ് ഉപയോഗിച്ച കണ്ണീർ വാതക ഷെല്ലുകളുടെ കവറുകൾ പ്രസിഡണ്ടിന്റെ കൊട്ടാരത്തിനു സമീപം കൂട്ടിയിട്ടതിനു സമീപം നിന്ന് കാമില പറയുന്നു :“ 50 കോടി പെസോയുടെ കണ്ണീർ വാതക ഷെല്ലുകളാണ് ഇവിടെ നാം കാണുന്നത്. ഇതൊക്കെ വിദ്യാഭ്യാസത്തിന് ഉപയോഗിച്ചിരുന്നെങ്കിലോ?”

ലിബറൽ നയങ്ങൾ വിടാതെ സർക്കാർ

2011 ഏപ്രിൽ 2011 മുതൽ 2012 ഏപ്രിൽ വരെ ഒരു വർഷത്തിലേറെ നീണ്ടു നിന്ന സമരകാലത്ത് സ്കൂൾ,കോളേജ് വിദ്യാഭ്യാസം സ്തംഭിച്ചു. അധ്യയനവർഷം മുഴുവൻ ഒരു തവണ ആവർത്തിക്കേണ്ട സ്ഥിതിയിലെത്തി. നിലവിലെ വിദ്യാഭ്യാസ മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു. പിൻഗാ‍മിയും അയാളുടെ പാത പിന്തുടർന്ന് പുറത്തായി. ചില വാഗ്ദാനങ്ങളൊഴികെ , പുറം മിനുക്കലുക്കളല്ലാതെ വിദ്യാഭ്യാസ വ്യവസ്ഥയെ മുഴുവൻ ഗുണപരമായി ബാധിക്കുന്ന നയം മാറ്റങ്ങളൊന്നും നിയോലിബൽ നയം പിന്തുടരുന്ന സർക്കാർ എടുത്തില്ലെങ്കിലും നിലവിലുള്ള വ്യവസ്ഥയ്ക്കെതിരെ വലിയ ജനവികാരം ഉണർത്തി വിടാൻ ആ സമരത്തിനായി. പൊതുവിദ്യാഭ്യാസം എന്ന നഷ്ടപ്പെട്ട അവകാശം തിരിച്ചു പിടിയ്ക്കാനുള്ള ആഗ്രഹം ജനങ്ങളിൽ കൂടുതൽ വേരൂന്നാനും വിദ്യാഭ്യാസരംഗത്തെ പരിഷ്കാരം എന്നത് ചിലിയുടെ നിയമനിർമ്മാണ അജണ്ടയുടെ ഏറ്റവും പ്രാധാന്യമുള്ള ഒരംശമായി മാറ്റാനും സമരം സഹായിച്ചു.

ലോകനിറുകയിലെത്തിയ കാമില

ചിലിയിലെ വിദ്യാർഥി പ്രക്ഷോഭം പ്രത്യക്ഷഫലങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും കാമിലയുടെ നേത്യത്വവും സമരരീതിയും ലോകശ്രദ്ധ പിടിച്ചെടുത്തു. അന്താരാഷ്ട്രമാധ്യമങ്ങൾ അവളുടെ സുന്ദരമുഖത്തെ ആഘോഷിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ചിലി കണ്ട ഏറ്റവും വലിയ കംയൂണിസ്റ്റ് വ്യക്തിത്വമായി കാമില പരിഗണിക്കപ്പെടുന്നു ആ രാജ്യത്ത്. പ്രശസ്തമാ‍ായ ‘ദ ഗാർഡിയൻ’ പത്രം 2011 ലെ ‘പേഴ്സൺ ഓഫ് ദ ഇയർ’ ആയി കാമിലയെ തിരഞ്ഞെടുത്തു. 2011 ലെ 100 പ്രമുഖ വ്യക്തികളുടെ കൂട്ടത്തിൽ ‘ടൈം’ വാരിക അവളെ ഉൾപ്പെടുത്തി. 2011 ലെ 150 നിർഭയരായ വനിതകളുടെ കൂട്ടത്തിൽ അവളെ കണ്ടെത്തി, ‘ന്യൂസ് വീക്ക്’. നിയോ ലിബറൽ വിരുദ്ധ സമരങ്ങൾക്ക് ആവേശം പകരുന്ന സർഗചാരുതയായി ഈ വെള്ളി മൂക്കുവളയക്കാരി വാഴ്ത്തപെട്ടു. പെണ്ണിന്റെ യഥാർഥശക്തി എന്തെന്ന് കാണിച്ചു കൊടുക്കുന്ന പ്രതീകമായി മാറിയിരിക്കുന്നു ഈ സുന്ദരി.