Friday, January 18, 2013

കൊല്ലുക,പത്രപ്രവർത്തകനെ !!

       മാനവ സമൂഹം കണ്ടെത്തിയ ഏറ്റവും നല്ല വ്യവസ്ഥയായ ജനാധിപത്യത്തിന്റെ  പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ , നിക്ഷ്പക്ഷവും സ്വതന്ത്രവുമായ പത്രപ്രവർത്തനം എന്ന സങ്കല്പത്തിന്റെ കടയ്ക്ക് കത്തിവെയ്ക്കുന്ന പലതും സംഭവിക്കുന്നുണ്ട് വർത്തമാ‍ന കാലത്ത്. പത്രസ്വാതന്ത്ര്യത്തെ, അതു വഴി അഭിപ്രായസ്വാതന്ത്ര്യത്തെ ഒട്ടാകെത്തന്നെയും ഹനിക്കുന്ന ഈ കാര്യങ്ങളിൽ ഏറ്റവും മാരകമായ ഒന്നാണ് പത്രപ്രവർത്തകരെ ഈ ലോകത്തു നിന്നു തന്നെ ഒഴിവാക്കുക എന്നത്.  കൊല്ലപ്പെടുന്ന പത്രപ്രവർത്തകർ ജനാധിപത്യത്തിന്റെ ഏറ്റവും മോശമായ അവസ്ഥയെ കാണിക്കുന്ന ഘടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ഇന്ന് .  ഇരയാരാണ് എന്നത് പരിഗണിക്കാതെ തന്നെ കൊല  ഹീനമായ ഒരു കുറ്റക്യത്യമാണ് എന്നത് ലോകസമ്മതമായ ഒരു കാഴ്ചപ്പാട് ആണെങ്കിൽ സമൂഹത്തിലെ അംഗങ്ങൾക്ക് സത്യം എത്തിച്ച് കൊടുക്കുന്ന , ലോകത്തിന്റെ അനീതികളെ തുറന്നു കാണിക്കുന്ന ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യുക എന്നത് എത്രത്തോളം ഹീനമാണ് എന്നത് ഗൌരവതരമായ ചർച്ച ആവശ്യപ്പെടുന്ന ഒരു വിഷയം ആണ്.

20 വർഷം കൊണ്ട് 950 പേർ !
    പത്രപ്രവർത്തകരുടെ സുരക്ഷ ലക്ഷ്യമായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റിന്റെ കണക്ക് പ്രകാരം 1992 മുതൽ ഇതു വരെയായി ലോകമൊട്ടാകെ 950 പത്രപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ 54 ശതമാനം പ്രിന്റ് മീഡിയയിൽ നിന്നുള്ളവരും 28 ശതമാനം ടെലിവിഷൻ പ്രവർത്തകരും 20 ശതമാനം റേഡിയോയുമായി ബന്ധപ്പെട്ടവരുമാണ്. 5 ശതമാനം പത്രപ്രവർത്തകർ പുത്തൻ മാധ്യമമായ ഇന്റർനെറ്റുമായി ബന്ധപ്പെട്ടവരാണ്.  70 ശതമാനം പേരും ആസൂത്രിതമായ കൊലയ്ക്ക് ഇരയായവരാണ് എന്നത് പ്രശ്നത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ആരാണ് അവരെ ഇല്ലായ്മ ചെയ്യുന്നത്?
         പത്രപ്രവർത്തകരെ ഇല്ലാതാക്കേണ്ടത് ഏറ്റവും ആവശ്യമായി വരുന്നത് സ്വാഭാവികമായും ക്രിമിനൽ,രാഷ്ട്രീയ  ഗ്രൂപ്പുകൾക്കാണ് എന്നത് വ്യക്തമായ ഒരു വസ്തുതയാണ്. എന്നാൽ പത്രക്കാർക്കെതിരെ തിരിയുന്നവരിൽ  ക്രിമിനലുകളെക്കാൾ കൂടുതൽ ശതമാനം പേർ ഗവണ്മെന്റ് ഉദ്യോഗസ്ഥർ എന്ന ഗ്രൂപ്പിൽ വരുന്നവരാണ് എന്ന വസ്തുത പ്രാദേശിക പോലീസ് സേനയിലെ അംഗങ്ങളുടെ പങ്ക് വ്യക്തമാക്കുന്നു. രാഷ്ട്രീയം തന്നെയാണ് ഈ കുരുതികൾക്കുള്ള പ്രധാനകാരണം എന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് വിലയിരുത്തുന്നു. 20 ശതമാനം കൊലകൾ അഴിമതിയുമായി ബന്ധപ്പെട്ടതാണ്.

മരണം നൽകുന്ന ഇടങ്ങൾ
    ഏഷ്യൻ ,ആഫ്രിക്കൻ,ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ് പത്രപ്രവർത്തകന് കടുത്ത അനുഭവങ്ങൾ തീർക്കുന്ന പ്രധാന ഭൂമേഖലകൾ. 1992 മുതലുള്ള കാലയളവിൽ പത്രപ്രവർത്തകന്റെ രക്തം ഏറ്റവും കൂടുതൽ ചിന്തപ്പെട്ടത് ഇറാഖിന്റെ യുദ്ധഭൂമിയിലാണ് : 151 പേർക്ക് ജീവൻ നഷ്ടപ്പെട്ടു തങ്ങളുടെ ജോലിക്കിടെ. രണ്ടാം സ്ഥാനം മറ്റൊരു ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസ് ആണ്. യുദ്ധക്കളമൊന്നും തീർക്കപ്പെടാത്ത ആ രാജ്യത്തിൽ ആസൂത്രിത കൊലതന്നെയാണ് ഏറിനിൽക്കുന്നത് .
        ആറാം സ്ഥാനം അലങ്കരിക്കുന്ന പാകിസ്ഥാന് പത്രപ്രവർത്തകന് അവന്റെ ജോലി ചെയ്യാൻ ഏറ്റവും പ്രയാസകരമായ രാജ്യം എന്ന ‘ബഹുമതി’ യാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ 10 വർഷം കൊണ്ട് മാത്രം 48 പേരാണ് ആഗോളതീവ്രവാദത്തിന്റെ ഈറ്റില്ലമായ അവിടെ കൊല്ലപ്പെട്ടത്. ഇതിൽ 35 പേർ ആസൂത്രിതമായ മരണക്കുടുക്കിൽ പെട്ടവരാണ്. ഇതിൽ ലോകശ്രദ്ധ ആകർഷിച്ച വാൾ സ്ട്രീറ്റ് ലേഖകൻ ഡാനിയൽ പേളിന്റെ കേസിൽ മാത്രമേ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളു പാകിസ്ഥാനിൽ.  ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റൂട്ടിന്റെ (ഐ.പി.ഐ) കണക്ക് പ്രകാരം   2012 ൽ മാത്രം അവിടെ 5 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.മാരകമായി പരുക്കേൽ‌പ്പിക്കപ്പെട്ടവർ ഒട്ടേറെയാണ്. 
       ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് പുകഴ്പെറ്റ ഇന്ത്യ ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ് . 2012 വരെ  ആകെ 17 പത്രപ്രവർത്തകരാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത്.1992 മെയ് 18 ന് കൊല്ലപ്പെട്ട ആകാശവാണി ലേഖകൻ എം.എൽ. മൻചന്ദ മുതൽ നീളുന്ന ഈ കണ്ണിയിലെ ഏറ്റവും ഒടുവിലത്തെ ഇര  2012 മാർച്ചിൽ കൊല്ലപ്പെട്ട രാജേഷ് മിശ്ര ആണ്. 

      വ്ലാഡിമീർ പുട്ടിന്റെ ‘ഏകാധിപത്യ’ത്തിൻ കീഴിൽ ഞെരിയുന്ന റഷ്യയാണ് ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ പെടുന്ന ഏക യൂറോപ്യൻ രാഷ്ട്രം. അവിടെ 20 വർഷത്തിനിടെ 53 പേരാണ് കൊലക്കത്തിക്കിരയായത്.  വ്ലാഡിമീർ പുട്ടിന്റെ ഭരണത്തെ ലോകത്തിനു മുമ്പായി തുറന്നു കാണിച്ച് അദ്ദേഹത്തിന്റെ കണ്ണിലെ കരടായി മാറിയ ഉശിരൻ പത്രപ്രവർത്തകയായ അന്ന പൊളിറ്റ്കോവ്സ്കായയുടെ 2006 ഒക്ടോബർ ഏഴിലെ കൊലപാതകത്തിൽ പുട്ടിന്റെ പങ്ക് സംശയാസ്പദമാണെന്ന് ആ രാജ്യത്തിലെ മനുഷ്യാവകാശപ്രവർത്തകർ കരുതുന്നു.

മാരകമായ 2012

      2012 പത്രപ്രവർത്തന ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു കാലഘട്ടമായി മാറിയിരിക്കുന്നു.1992 മുതൽക്കുള്ള 950 പേരിൽ  2012 ൽ മാത്രം വധിക്കപ്പെട്ടത് 26 രാജ്യങ്ങളിലായി 121 പേരാണ്. 1997 മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മെക്സിക്കോയിൽ ഇക്കഴിഞ്ഞ  നവംബർ 14 ന് കൊല്ലപ്പെട്ട അഡ്രിയാൻ സിൽവ മൊറേനോ എന്ന ജേർണലിസ്റ്റ്  വരെ ആണീ എണ്ണം. വിയന്നയിലെ ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റൂട്ട് ആണ് ഈ  കണക്ക് പുറത്ത് വിട്ടിട്ടുള്ളത്. ഈ വർഷം ഏറ്റവും കൂടൂതൽ പേർ കൊല്ലപ്പെട്ടത് ഇപ്പോഴും ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ സിറിയയിലാണ് : 36 പേർ. ഈ കണക്കുകൾ വെച്ച് നമുക്കെത്താവുന്ന നിഗമനം ഓരോ 3 ദിവസങ്ങൾ കൂടുമ്പോഴും ഒരു പത്രപ്രവർത്തകൻ വെച്ച് കൊല്ലപ്പെട്ടു ഈ വർഷം എന്നതാണ്.

       അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ അഗ്രഗാമി എന്നറിയപ്പെടുന്ന വില്യം തോമസ് സ്റ്റെഡിന്റെ ഒരു വാചകം അനുസരിച്ച് “പത്രം എന്നത് ഒരേ സമയം ജനതയുടെ കണ്ണും കാതും നാവുമാണ്. അത് ജനാധിപത്യത്തിന്റെ കാണാവുന്ന ശബ്ദമാണ്”. ഓരോ തവണയും അയാൾ കൊല്ലപ്പെടുമ്പോഴും സമൂഹത്തിന്റെ കാഴ്ചയും ശബ്ദവും ആണ് അതോടൊപ്പം കൊള്ളയടിക്കപ്പെടുന്നത്.

എൻ മലയാളം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്

3 comments:

  1. “പത്രം എന്നത് ഒരേ സമയം ജനതയുടെ കണ്ണും കാതും നാവുമാണ്. അത് ജനാധിപത്യത്തിന്റെ കാണാവുന്ന ശബ്ദമാണ്”. ഓരോ തവണയും അയാൾ കൊല്ലപ്പെടുമ്പോഴും സമൂഹത്തിന്റെ കാഴ്ചയും ശബ്ദവും ആണ് അതോടൊപ്പം കൊള്ളയടിക്കപ്പെടുന്നത്.

    ReplyDelete
  2. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ അഗ്രഗാമി എന്നറിയപ്പെടുന്ന വില്യം തോമസ് സ്റ്റെഡിന്റെ ഒരു വാചകം അനുസരിച്ച് “പത്രം എന്നത് ഒരേ സമയം ജനതയുടെ കണ്ണും കാതും നാവുമാണ്. അത് ജനാധിപത്യത്തിന്റെ കാണാവുന്ന ശബ്ദമാണ്”. ഓരോ തവണയും അയാൾ കൊല്ലപ്പെടുമ്പോഴും സമൂഹത്തിന്റെ കാഴ്ചയും ശബ്ദവും ആണ് അതോടൊപ്പം കൊള്ളയടിക്കപ്പെടുന്നത്.

    ReplyDelete
  3. Thanks for sharing...You are absolutely right!!! A post worth reading

    ReplyDelete