Thursday, January 3, 2013

വീട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍


ജാഫര്‍ എസ് പുല്‍പ്പള്ളി
പുതിയ ജീവിതം തേടി ഭൂഗോളത്തിന്റെ മറ്റേ തലയ്ക്കലേക്ക് പണ്ട് യാത്രയായ ആ പിതാക്കളുടെ മക്കള്‍ കാലചക്രത്തിന്റെ തിരിച്ചിലില്‍ വിപരീതദിശയിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു ഇപ്പോള്‍. വലുപ്പം കൊണ്ട് ലോകത്തിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ വംശജരുടെ തിരിച്ചു വരവിന്റെ കാര്യമാണ് പറയുന്നത്. ഇന്ത്യയില്‍ നിന്ന് പാശ്ചാത്യരാഷ്ട്രങ്ങളിലേക്ക് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കുടിയേറിയവരുടെ പിന്മുറക്കാരാണ് പ്രധാനമായും ഇത്തരത്തില്‍ തങ്ങളുടെ ആദിമവേരുകളിലേക്ക് മടങ്ങുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസികള്‍
യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ കണക്ക് പ്രകാരം ചൈന കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ പ്രവാസികള്‍ ഇന്ത്യക്കാരാണ്. 2.5 കോടി വരും 140 രാജ്യങ്ങളിലായുള്ള ഇന്ത്യന്‍ പ്രവാസികളുടെ സംഖ്യ. ഇന്ത്യയുടെ 0.8 ശതമാനം കുടിയേറ്റ നിരക്ക് ലോകത്തേറ്റവും ഉയര്‍ന്നത് ആണ്.യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളില്‍ എണ്ണം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് ഗുജറാത്തി, പഞ്ചാബി വംശജരാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും കരീബിയന്‍ മേഖലയിലും ഇന്ത്യന്‍ പ്രവാസികള്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ആതിഥേയ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ ആ സമൂഹം ധാരാളം പ്രൊഫഷണലുകളെ ആ രാജ്യങ്ങളുടെ വികസനത്തില്‍ പങ്കാളികളാകാനായി നല്‍കിയിട്ടുണ്ട്.

അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റത്തിന്റെ ചരിത്രം നീളുന്നത് 100 വര്‍ഷത്തിനു മുന്‍പിലേക്കാണ്. 'ഹിന്ദുക്കള്‍' എന്ന് വിളിക്കപ്പെട്ടു ഇവര്‍ തദ്ദേശിയരാല്‍. ഇന്ത്യന്‍ സ്വാതന്ത്യത്തിനു ശേഷം അറുപതുകളിലും എഴുപതുകളിലും കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ദ്ധിച്ചു. അധികവും സിഖ്് വംശജരായിരുന്നു ഇവര്‍. ശീതയുദ്ധകാലത്ത് അമേരിക്കയില്‍ പ്രതിരോധവ്യോമയാന മേഖലയില്‍ എഞ്ചിനീയര്‍മാരുടെ വര്‍ദ്ധിച്ച ആവശ്യകത ശരിയ്ക്കും മുതലെടുത്തു അവര്‍. 'മസ്തിഷ്‌കച്ചോര്‍ച്ച' എന്ന് ഇന്ത്യക്കാരാല്‍ വിളിയ്ക്കപ്പെട്ടു ഈ കുടിയേറ്റം
. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇത് തുടര്‍ന്നു.അമേരിക്കയില്‍ മാത്രം 31.8 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ ഉണ്ട് എന്ന് 2010 ലെ അമേരിക്കന്‍ കംയൂണിറ്റി സര്‍വേ പറയുന്നു. അമേരിക്കയിലെ കുടിയേറ്റസമൂഹത്തിന്റെ ഭൂരിപക്ഷം വരും ഈ സംഖ്യ.'ഫോര്‍ച്യൂണ്‍' മാഗസിന്റെ 2000 ലെ കണക്ക് പ്രകാരം 'സിലിക്കന്‍ വാലി'യിലെ ഇന്ത്യന്‍ സംരംഭകരുടെ ആകെ വരുമാനം എന്നത് 250000 കോടി ഡോളര്‍ ആണ്.

'അമേരിക്കയുടെ മഷ്തിഷ്‌കച്ചോര്‍ച്ച ഇന്ത്യയുടെ മഷ്തിഷ്‌കനേട്ടം ആകും' എന്ന ഒരമേരിക്കന്‍ വ്യാപാരസംഘടനയുടെ പ്രസ്താവന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ ഇന്ത്യന്‍ വംശജരുടെ ഇടം വ്യക്തമാക്കുന്ന ഒന്നാണ്. ഒരു അമേരിക്കന്‍ സംസ്ഥാനത്തിലെ ഗവര്‍ണര്‍ സ്ഥാനം കയ്യാളുന്നത് വരെയെത്തി നില്‍ക്കുന്നു അവിടത്തെ ഇന്ത്യന്‍ വംശജരുടെ സാമൂഹ്യസ്വാധീനം.

കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഹോളണ്ട്, ആസ്‌ട്രേലിയ, ന്യൂസിലണ്ട്, റഷ്യ, ഇറ്റലി, ജര്‍മ്മനി തുടങ്ങി ഒട്ടേറെ യൂറോപ്യന്‍, അമേരിക്കന്‍ രാഷ്ട്രങ്ങളിലും ഇന്ത്യന്‍ പ്രവാസികള്‍ ഒട്ടേറെയുണ്ട്. ഇവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള തങ്ങളുടെ യാത്ര തുടങ്ങിയിരിക്കുന്നത്.

തിരികെ വിളിക്കുന്നത് പഴയ ഇന്ത്യയല്ല

 സാമ്പത്തികവും സാംസ്‌കാരികവുമായ കാരണങ്ങള്‍ ഉണ്ട് ഈ പുതിയ പ്രവണതയ്ക്ക്. തങ്ങള്‍ ഇപ്പോള്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന അമേരിക്കയേക്കാളും ബ്രിട്ടനേക്കാളും മികച്ചതാണ് ഇന്ത്യയുടെ വളര്‍ച്ച എന്ന കാഴ്ച്ചപ്പാടാണ് ഈ മടങ്ങിപ്പോക്കിന്റെ പിന്നില്‍ എന്ന് ഇതു സംബന്ധമായ നിരീക്ഷണങ്ങള്‍ കാണിക്കുന്നു . കൂടാതെ ഈ തീരുമാനം എടുക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം യൂറോപ്യന്‍ രാഷ്ട്രങ്ങളെ മൊത്തമായും പിടികൂടിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. പുതിയ അവസരങ്ങള്‍ക്കൊപ്പം തങ്ങളുടെ വേരുകളും സംസ്‌കാരവും അവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു.

പിതാക്കളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരായ മക്കള്‍

ഇന്ത്യയില്‍ ജനിച്ച , ഇന്ത്യയുടെ ഭാഷ സംസാരിക്കുന്ന, ഇന്ത്യന്‍ ഭക്ഷണം നന്നായി പാകം ചെയ്യാനും കഴിക്കാനും അറിയാവുന്ന, അവിടത്തെ സംസ്‌കാരവും ആചാരങ്ങളും ഉള്ളിലേറ്റുന്ന തങ്ങളുടെ മാതാപിതാക്കളേക്കാള്‍ 'ഇന്ത്യക്കാര്‍' ആണ് ഈ പുതിയ തലമുറ.ലണ്ടനിലോ ന്യൂയോര്‍ക്കിലോ ജനിച്ച, അവിടെത്തന്നെ വളരുന്ന, നന്നായി സാരി ചുറ്റാനോ ചപ്പാത്തി ഉണ്ടാക്കാനോ അറിയാത്ത അവരെ 'ഇന്ത്യക്കാര്‍' ആക്കിയത് നിയമം ആണ്. പ്രവാസികള്‍ക്കായി ഇന്ത്യാ ഗവണ്മെന്റ് 2005 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം ഇന്ത്യയില്‍ ജനിച്ചവരുടെയും മുന്‍ ഇന്ത്യന്‍ പൌരരുടെയോ മക്കള്‍ക്കോ പേരക്കുട്ടികള്‍ക്കോ ഒരു തരം 'ഇരട്ട പൌരത്വം' ലഭിക്കുന്നു.'ഓവര്‍സീസ് സിറ്റിസെന്‍ ഓഫ് ഇന്ത്യ' എന്ന ഈ പദ്ധതി പ്രകാരം ഒരാള്‍ക്ക് തന്റെ വിദേശപൌരത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരു ആജീവനാന്ത
ഇന്ത്യന്‍ വിസ കരസ്ഥമാക്കാം, അവിടെ എത്രകാലം വേണമെങ്കിലും ജോലി ചെയ്യാം,ഇന്ത്യക്കാരായി തന്നെ ജീവിക്കാം. അങ്ങനെ തങ്ങളുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ച ഇന്ത്യന്‍ പാസ്‌പോര്‍ട്ട്(ഒ.സി.ഐ കാര്‍ഡ്) ഈ മക്കള്‍ നേടുന്നു, വ്യത്യസ്തമായ തരത്തിലൊരു ഇന്ത്യന്‍ പൌരത്വവും.

ഒട്ടേറെ പേരുണ്ട് ഇന്ത്യക്കാരാകാന്‍

ഈ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ഏകദേശം 10 ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയിലേക്ക് യാത്രയായത് എന്ന് കണക്കുകള്‍ കാണിക്കുന്നു. കൂടാതെ അടുത്തകാലത്തായി ഇത് വര്‍ദ്ധിച്ചു വരികയുമാണ്. 2010 ല്‍ മാത്രം ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരുടെ എണ്ണം 30000 ആണ്. 2002 ലും 2003 ലുമായി 35000 ഐ.ടി പ്രൊഫഷണലുകളാണ് ഇന്ത്യയുടെ ഐ.ടി ഹബ്ബായ
ബാംഗ്ലൂരിലേക്ക് മാത്രമായി എത്തിയത്.

'ഇന്ത്യന്‍ സ്വപ്നം' തേടി
ഇന്ത്യന്‍ ഐ.ടി നഗരമായ ബാംഗളൂരിലേക്ക് അമേരിക്കയില്‍ നിന്ന് ചേക്കേറിയ രാജീവ് ഖത്രി ഇത്തരത്തിലുള്ള ഒരു ഇന്ത്യന്‍ പൗരനാണ്.
ബി.ബി.സി.ലേഖകനോട് തന്റെ നിലപാടിനെ കുറിച്ച് ഇങ്ങനെ പറയുന്നു രാജീവ്: 'നാല് വര്‍ഷം മുന്‍പ് ഞാന്‍ ഈ തീരുമാനം എടുത്തപ്പോള്‍ എന്റെ മാതാപിതാക്കള്‍ അതിലൊട്ടും ഗുണം കണ്ടില്ല. അവരെന്നെ പിന്തിരിപ്പിക്കാന്‍ ആവത് ശ്രമിച്ചു. ഈ നാല് വര്‍ഷത്തിനു ശേഷവും ഞാന്‍ തിരികെ ചെല്ലുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. എനിക്കാണെങ്കില്‍ അതിലൊട്ട് താത്പര്യവുമില്ല'.
രാജീവിന്റെ അച്ഛന്‍ 1972 ല്‍ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് കുടിയേറി അവിടെ നല്ല ഒരു ജീവിതം നേടിയ ആളാണ്. അദ്ദേഹത്തിന് തന്റെ മകന്‍ പുതിയ അവസരങ്ങള്‍ക്കായി ഭൂഗോളത്തിന്റെ മറ്റേ അറ്റത്തേക്ക് പായുന്നത് ഒട്ടും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. താന്‍ പണ്ട് ചെയ്തതിന്റെ വിപരീത ദിശയിലേക്കുള്ള ഈ പുതിയ യാത്രയെ ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കാവുന്നില്ല. പിതാവിനെ ഒരു കാലത്ത് ഏറെ മോഹിപ്പിച്ച ആ പുകഴ്‌പെറ്റ 'അമേരിക്കന്‍/ ബ്രിട്ടീഷ് സ്വപ്ന' ത്തെ ഉപേക്ഷിച്ചാണ് മകന്‍ പോകുന്നത്. അവരെ ഇപ്പോള്‍
പ്രചോദിപ്പിക്കുന്നത് 'ഇന്ത്യന്‍ 'ഇന്ത്യന്‍ സ്വപ്ന'മാണെന്നതാണ് യാഥാര്‍ഥ്യം. ഇനി ഒരിക്കലും അമേരിക്കയിലേക്കോ ബ്രിട്ടനിലേക്കോ മടങ്ങാന്‍ പലര്‍ക്കും താത്പര്യവുമില്ല.

ഇന്ത്യയുടെ അനുകൂല ഘടകങ്ങള്‍

തൊണ്ണൂറുകളില്‍ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാര നടപടികളാണ് ഇന്ത്യയെ ആകെ മാറ്റി മറിച്ചത്.ഇന്ത്യ അതിന്റെ സാമ്പത്തികരംഗത്തിന്റെ വാതിലുകള്‍ തുറന്നിട്ടതോടു കൂടി അനേക വര്‍ഷങ്ങളായി തുടര്‍ന്ന് വരികയായിരുന്ന പല കാര്യങ്ങള്‍ക്കും മാറ്റം വരികയായിരുന്നു. ലൈസന്‍സ്-ക്വാട്ടാ രാജിന്റെ അസ്തമയം, പൊതുമേഖലയ്ക്കുള്ള സംരക്ഷണത്തിന്റെ എടുത്തുകളയല്‍,സര്‍വീസ് രംഗത്തേക്കുള്ള സ്വകാര്യമുതല്‍ മുടക്കിന്റെ തുടക്കം തുടങ്ങിയ ഘടകങ്ങള്‍ അമേരിക്കയിലോ ബ്രിട്ടനിലോ ജീവിയ്ക്കുന്ന ഇന്ത്യന്‍ യുവാവിനെ പ്രചോദിതനാകാന്‍ പ്രേരിപ്പിക്കുന്നു. ഇവിടെ കാത്തിരിക്കുന്ന വലിയ അവസരങ്ങള്‍ അവനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. സ്വതന്ത്ര വിപണിയുടെ വളര്‍ച്ച ലോകത്തിലെ രണ്ടാമത്തെ വലിയ ജനസംഖ്യ ഉള്ള ഈ രാജ്യം വഹിക്കുന്ന ഉപഭോക്താക്കളുടെ ഭീമന്‍ സംഖ്യയെ കൂടുതല്‍ ആകര്‍ഷകമാക്കി.120 കോടി ജനങ്ങള്‍ ഉള്ള ഒരു രാജ്യത്തിലെ സേവനമേഖലയിലെ അവസരങ്ങള്‍ എണ്ണമറ്റതാണ്. ഭീമമായ ഇന്ത്യന്‍ വിപണിയിലെ നേരിയ ചലനം പോലും അമേരിക്കന്‍ ജനസംഖ്യയേക്കാള്‍ വലിയ ഉപഭോക്താക്കളെ ബാധിക്കുന്നു. ഇനിയും ഒടുങ്ങാത്ത ദാരിദ്യം,കാര്‍ന്നു തിന്നുന്ന അഴിമതി, അടിസ്ഥാന സൗകര്യത്തിന്റെ വലിയ പോരായ്മകള്‍, ബ്യൂറോക്രസിയുടെ ഇപ്പോഴും കുറഞ്ഞിട്ടില്ലാത്ത സ്വാധീനം എന്നിങ്ങനെ എണ്ണിപ്പറയാവുന്ന പോരായ്മകള്‍ ഒട്ടേറെ ഉണ്ടെങ്കിലും ഇന്ത്യയില്‍ അവസരങ്ങള്‍ക്ക് ഒട്ടും കുറവില്ല എന്നത് അവരെ ആകര്‍ഷിച്ച പ്രധാന ഘടകം ആണ്. ഇന്ത്യ ഇപ്പോള്‍ സംരംഭകത്വത്തിന്റെ പറുദീസയായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ വന്‍ നഗരങ്ങള്‍ എല്ലാം തന്നെ മറ്റേതൊരു ലോകനഗരത്തെയും പോലെ തന്നെ നിക്ഷേപസൗഹ്യദ അന്തരീക്ഷം കൈവരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് തെല്ലൊന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും 5 ശതമാനം എന്ന നിരക്ക് നിലനിര്‍ത്തി അത് പതുക്കെ വളരുക തന്നെയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ നിലവിലെ സ്ഥിതി ആശങ്കാജനകം ആണെന്നതും അവിടത്തെ സാമ്പത്തികസ്ഥിതി വളര്‍ച്ച മുരടിച്ച അവസ്ഥയിലാണെന്നതും ഇന്ത്യയിലേക്കുള്ള സംരംഭകരുടെ വരവിനെ ഉത്തേജിപ്പിക്കുന്നുണ്ട്.

തൊഴില്‍ അവസരങ്ങള്‍ക്കു പുറമെ മികച്ച സാമൂഹ്യജീവിതത്തിന്റെ സാന്നിദ്ധ്യം,വര്‍ദ്ധിച്ചു വരുന്ന അടിസ്ഥാനസൌകര്യങ്ങള്‍,വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ച,ആകര്‍ഷകമായ ഭവനസൗകര്യങ്ങള്‍, ശക്തമായ കുടുംബസാമൂഹിക ബന്ധങ്ങള്‍ എന്നിവയും തിരികെയെത്താന്‍ അവരെ പ്രേരിതരാക്കുന്നു.

വേരൂന്നാന്‍ എളുപ്പം

ഇന്ത്യന്‍ വംശജര്‍ എന്നും ഇന്ത്യക്കാര്‍ തന്നെയായാണ് തങ്ങളുടെ പ്രവാസജീവിതം നയിക്കുന്നത് എന്ന ഘടകം ഇപ്പോള്‍ സഹായകരമാകുന്നത് അവരുടെ മക്കള്‍ക്കാണ്. ഏതെങ്കിലും ഒരു യൂറോപ്യന്‍ നഗരത്തില്‍ ജനിച്ച് യുവത്വത്തിലേക്ക് കാലൂന്നിയതിനു ശേഷവും ഒരു തരം അന്യതാ ബോധം പേറുന്നുണ്ട് ആ സമൂഹത്തില്‍ ഇന്ത്യന്‍ വംശജരായ കുട്ടികള്‍. വീടുകളില്‍ നിന്നു തന്നെ ആര്‍ജ്ജിക്കുന്നു അവര്‍ ഇന്ത്യന്‍ സംസ്‌കാരവും രീതികളും.അതു കൊണ്ട് തന്നെ ഇന്ത്യയിലേക്കുള്ള മടക്കം അവര്‍ക്ക് വീട്ടിലേക്കുള്ള തിരിച്ചു പോക്ക് പോലെയൊന്നാകുന്നു. അവിടെ അവര്‍ക്ക് പുതിയ ഭാഷയോ ഭക്ഷണമോ നേരിടേണ്ടി വരുന്നില്ല. കൂടാതെ തങ്ങള്‍ വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്ന് ലഭിച്ച ശക്തി അവരെ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ കൂടുതല്‍ സഹായിക്കുന്നു. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന പാശ്ചാത്യരീതികള്‍ ഇവരെ ഇക്കാര്യത്തില്‍ നന്നായി സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഇവരെ എങ്ങനെ സ്വീകരിക്കും ?

പുതിയ ജീവിതം തേടി മാത്യരാജ്യത്തിലെത്തുന്ന ഇവരുടെ പ്രതീക്ഷകള്‍ക്കൊത്ത് നീങ്ങാന്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ ഒട്ടേറെ മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് ഈ രംഗത്തെ നിരീക്ഷകര്‍ കരുതുന്നു.പുതിയ പ്രവാസിനയങ്ങള്‍ ഇനിയും നമ്മള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ കൂടുതല്‍ മുതല്‍ മുടക്കും ആ രംഗത്ത് ലിബറലൈസേഷന്‍ നടപ്പിലാക്കലും ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളെ പഠനത്തിനായി ഇവിടേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കല്‍ ഈ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.ഈ രംഗത്തെ ചൈനയുടെ മാത്യക ഇന്ത്യയ്ക്കും സ്വീകരിക്കാവുന്നതാണെന്ന് വിദഗ്ധര്‍ കരുതുന്നു. യു.എന്‍ .ഡി.പി റിപ്പോര്‍ട്ട് പ്രകാരം 2000 ല്‍ മാത്രം 'മഷ്തിഷ്‌കച്ചോര്‍ച്ച' മൂലം ഇന്ത്യയുടെ നഷ്ടം 200 കോടി അമേരിക്കന്‍ ഡോളര്‍ ആണെന്നിരിക്കെ പ്രവാസികളെ ആകര്‍ഷിയ്ക്കാനുള്ള നയങ്ങള്‍ കൂടുതലായി വരേണ്ട കാലം ഇപ്പോഴെ അതിക്രമിച്ചിരിക്കുന്നു എന്നത് വ്യക്തമാണ്.
മാത്യഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്