Tuesday, October 29, 2013

അൽബേനിയയിലെ ആൺകന്യകകൾ

 ജാഫർ എസ് പുൽ‌പ്പള്ളി
തന്റെ പിതാവ്  കൊല്ലപ്പെടുമ്പോൾ പാഷെ ക്വെകി എന്ന യുവതിയുടെ പ്രായം 20 വയസ്സായിരുന്നു.   എൻവർ ഹോജയുടെ കംയൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രവർത്തിച്ച് നാല്പത് വർഷത്തെ തടവ് ശിക്ഷയിലായിരുന്ന നാല്‌ സഹോദരന്മാരുടേയും ഭാര്യമാർ, അവരുടെ അഞ്ച് കുഞ്ഞുങ്ങൾ ,വ്യദ്ധയായ അമ്മ, ഇവരെയൊക്കെ സംരക്ഷിക്കേണ്ടത്  അവളുടെ ചുമതലയായാപ്പോള്‍ അവൾക്ക് മുൻപിൽ ഒറ്റ മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളു : ഒരു പുരുഷനായി മാറുക. എങ്ങനെയാണ്‌ പരമ്പരാഗതമായ ആ വടക്കൻ അല്‍ബേനിയന്‍ ഗ്രാമസമൂഹത്തിലെ യുവതിയ്ക്ക് ഒരു പുരുഷനായി മാറാൻ കഴിയുക എന്ന ചോദ്യത്തിനുള്ള ഉത്തരം നീണ്ടു ചെല്ലുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരത്തിലേക്കാണ്‌.

ശപഥകന്യകകൾ
  

       പാഷെ കെക്വിയുടെയും  സമാനമായ അവസ്ഥയിലൂടെ കടന്നു പോയ മുൻ തലമുറയിലെ യുവതികളുടെയും മുൻപിൽ ഏകവഴിയായി കടന്നു വന്ന ആചാരമാണ്‌ തികച്ചും പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളായ അവരെ പുരുഷന്മാരാക്കി മാറാൻ സഹായിച്ചത്. ഇത് പലപ്പോഴും  സ്വന്തം ഇഷ്ടപ്രകാരമോ കുടുംബത്തിന്റെ ഇംഗിതത്തിനു വഴങ്ങിയോ ആയിരിക്കും.  പുരുഷന്മാരായി മാറുന്നതോടെ ഈ യുവതികൾക്ക് തങ്ങളുടെ സമൂഹത്തിലെ ആണുങ്ങളുടെതായ സകല അവകാശങ്ങളും സിദ്ധിക്കുന്നു.അവർക്ക് പുരുഷവേഷം ധരിക്കാം, ആണുങ്ങള്‍ക്കൊപ്പം നടക്കാം,തോക്ക് കൊണ്ട് നടക്കാം,പുകവലിക്കാം,കുടിയ്ക്കാം, പാട്ടുപാടാം,പുരുഷന്മാർക്കൊപ്പം പള്ളിയിൽ പോയി നമസ്കരിയ്ക്കാം,സ്വത്ത് സമ്പാദിക്കാം,കുടുംബത്തിന്റെ ‘തലവനാ‘കാം,അങ്ങനെ തന്റെ ആലംബരഹിതമായ കുടുംബത്തെ സംരക്ഷിക്കാം. പുരുഷന്റേതിനു പകുതി മാത്രമായ അൽബേനിയന്‍ പെണ്ണിന്റെ ‘വില‘ അങ്ങനെ അവന്റേതിനു തുല്യമാകുന്നു.

        പക്ഷെ തന്റെ സ്ത്രീത്വത്തിനൊപ്പം അവൾ ത്യജിക്കേണ്ടത് അവളുടെ സെക്സും മാത്യത്വവും സ്ത്രീയെന്ന സ്വത്വബോധവുമാണ്‌.പക്ഷെ ആണാകുന്ന അവളെ പുരുഷന്മാർ തങ്ങളിലൊരാളായി കാണാൻ തുടങ്ങുന്നു. അവളുടെ സ്ത്രീ എന്ന അസ്തിത്വം കാലക്രമത്തിൽ അപ്രത്യക്ഷമാകുന്നു. അവളെ സർവരും പുരുഷനായി ഗണിക്കുന്നു.അങ്ങനെ സങ്കീർണ ശസ്ത്രക്രിയയൊന്നും കൂടാതെ തന്നെ അവൾ തന്റെ ലിംഗം മാറുന്നു.തികച്ചും കൌതുകകരവും സങ്കീർണവുമായ ഒരു മാറ്റത്തിനു അവൾ വിധേയയാകുന്നു.

           അല്‍ബേനിയൻ ഭാഷയിൽ ‘ബർനെഷ’ എന്നറിയപ്പെടുന്ന ഈ ആചാരത്തിൽ പുരുഷനായി മാറുന്നതിനുള്ള പ്രധാന ഉപാധി വളരെ ലളിതമായ ഒരു പ്രതിജ്ഞാ ചടങ്ങാണ്‌. ഗോത്രത്തലവന്മാരുടെ മുൻപിൽ വെച്ചെടുക്കുന്ന ഈ പ്രതിജ്ഞ തെറ്റിക്കുന്നതിനുള്ള ശിക്ഷ പലപ്പോഴും മരണമായിരിക്കും. മനുഷ്യസമൂഹത്തിൽ ഇത്തരത്തിൽ പുരുഷനായി മാറാൻ സ്ത്രീകളെ അനുവദിക്കുന്ന ആചാരം അല്‍ബേനിയയിലും മറ്റ് ചില ബാൾക്കൻ രാജ്യങ്ങളിലും ഒഴിച്ചാൽ വടക്കേ അമേരിക്കന്‍ ഗോത്ര സമൂഹത്തിൽ മാത്രമേ കാണാനുള്ളു എന്ന് പറയുന്നു സാമൂഹ്യശാസ്ത്രജ്ഞർ.

 ആചാരം വന്ന വഴി 
     വടക്കൻ അല്‍ബേനിയയിലെ ഗോത്ര സമൂഹങ്ങളിലെ കർക്കശമായ പുരുഷാധിപത്യ സമൂഹത്തിനു അടിത്തറ പാകിയ സാമൂഹ്യ നിയമങ്ങളിൽ പ്രധാനം ‘കാനൂൺ’ എന്നറിയപ്പെടുന്നവയാണ്‌.ഈ നിയമവ്യവസ്ഥ പിന്തുടരുന്നവരിൽ റോമന്‍ കത്തോലിക്കാ-അല്‍ബേനിയന്‍ ഓര്‍ത്തഡോക്സ്   ക്രിസ്ത്യാനികളും മുസ്ലിങ്ങളുമുണ്ട്. ‘കാനൂൺ’ അനുസരിച്ച് കുടുംബം
പുരുഷകേന്ദ്രീക്യതം ആയിരിക്കണം.സ്വത്തവകാശങ്ങൾ പുരുഷനിലൂടെ പുരുഷനിലേക്ക് മാത്രം തലമുറകളിലൂടെ കടന്നു പോകണം.സ്ത്രീകൾ സമൂഹത്തിന്റെ ,കുടുംബത്തിന്റെ സ്വത്ത് ആയിരിക്കണം. ‘കാനൂൺ’ അനുസരിച്ച് സ്ത്രീയ്ക്ക് പുരുഷന്റേതായ യാതൊരു അവകാശങ്ങൾക്കും അർഹതയുണ്ടാകില്ല. ഇത്തരം ഒരു സമൂഹത്തിലാണ്‌ പാഷെ കെക്വിയെ പോലെ കുടുംബത്തിന്റെ ആലംബമായി മാറാൻ നിർബന്ധിതരാകുന്ന യുവതികളുടെ മുൻപിൽ ‘ബർനെഷ‘ എന്ന ആചാരം വഴി പുരുഷൻ അനുഭവിക്കുന്ന സകല അവകാശങ്ങളും ലഭിയ്ക്കാൻ ഇടയാകുന്നത്. സമൂഹത്തിനു ബാധ്യതയായി മാറാതെ,  അതിജീവിയ്ക്കാൻ സമൂഹം തന്നെ കുടുംബങ്ങൾക്ക് കല്പിച്ചു നൽകുന്ന രക്ഷാമാർഗമായി മാറുന്നു ‘ബർനെഷ’.

         കുടുംബത്തിന്റെ രക്ഷകസ്ഥാനം സംബന്ധിച്ച പ്രശ്നത്തിനു പുറമെ മറ്റു ചില സന്ദർഭങ്ങളിലും സ്ത്രീകൾ ഇത്തരത്തിൽ ആജീവനാന്ത കന്യകകളായി ജീവിയ്ക്കാൻ പ്രേരിതരാകാറുണ്ടായിരുന്നു എന്ന് പറയുന്നു ഗവേഷകര്‍. ഒരുവൾക്ക് തന്റെ പിതാവിനെ പിരിയാൻ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോഴോ സഹോദരിയ്ക്കൊപ്പം ആജീവനാന്തകാലം ജീവിയ്ക്കാൻ ഇടയാകുമ്പോഴോ ചിലർ തങ്ങൾക്കിഷ്ടമല്ലാത്ത വിവാഹം ഒഴിവാക്കാനോ മറ്റ് ചിലർ പൊതുവെ വിവാഹവിരോധികള്‍ ആകുമ്പോഴോ ഒക്കെ ഈ ആചാരത്തിന്റെ സഹായം തേടാറുണ്ട് മുൻ കാലങ്ങളിൽ. മുതിർന്നവർ വാക്കു കൊടുത്തു പോയ വിവാഹബന്ധങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുമ്പൊള്‍ ഉണ്ടാകാനിടയുള്ള  രക്തരൂക്ഷിതമായ ഗോത്രവഴക്കില്‍ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാൻ പലപ്പോഴും  യുവതികളെ ‘ബർനെഷ’ സഹായിക്കും. പക്ഷെ ഇഷ്ടമില്ലാത്ത വിവാഹത്തിനു പകരമായി അവൾ ത്യജിക്കേണ്ടത് തന്റെ സ്ത്രീത്വത്തിന്റെ എല്ലാ അനുഗ്രഹങ്ങളേയുമായിരിക്കും.ആണ്‌  ഭരിക്കുന്ന സമൂഹത്തിൽ അവൾക്ക് തന്നിഷ്ടം പുലർത്തി നിലനിൽക്കാൻ കളറയേണ്ടത് തന്റെ സ്ത്രീത്വം തന്നെയാകുന്ന സാമൂഹ്യ അവസ്ഥയുടെ മികച്ച ഉദാഹരണമാണീ ആചാരമെന്ന് പറയാം.

മാഞ്ഞ് പോകുന്ന ‘ബർനെഷ‘
   
ആധുനികത അതിന്റെ സകലപ്രതാപത്തോടെയും കടന്നു വന്ന് കൊണ്ടിരിക്കുന്നു ഈ അല്‍ബേനിയന്‍ ഗ്രാമസമൂഹങ്ങളിൽ. അതിനൊപ്പം മറഞ്ഞു പോകുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളാണ്‌. ‘ബർനെഷ‘യും അങ്ങനെ ഇല്ലാതാകുന്ന ഒന്നായി മാറുന്നു. ഗോത്രസമൂഹങ്ങളിൽ പോലും സ്ത്രീകൾ കൂടുതൽ സ്വാതന്ത്യം നേടുന്നുണ്ട്. സ്ത്രീ –പുരുഷ സമത്വം അതിന്റെ പൂർണതയിൽ അല്ലെങ്കിലും അംഗീകരിക്കാൻ തയ്യാറായ പുതിയ സമൂഹത്തിൽ ‘ബർനെഷ’യുടെ ആവശ്യകത ഇല്ലാതായിരിക്കുന്നു. ഇന്ന് അല്‍ബേനിയയിൽ അമ്പതിൽ താഴെ ‘ശപഥകന്യകകൾ‘ മാത്രമേ ജീവിയ്ക്കുന്നുള്ളു. മിക്കവരുടെയും പ്രായം എഴുപതിനടുപ്പിച്ച്.  മറ്റ് ചില ബാൾക്കൻ രാജ്യങ്ങളിലും കുറച്ച് പേര്‍ ജീവിക്കുന്നുണ്ട് ‘പുരുഷകന്യക’കളായി. ഈ വ്യദ്ധകന്യകൾ അരങ്ങൊഴിയുമ്പോള്‍ കടന്നു പോകുക മനുഷ്യസമൂഹത്തിൽ നിലനിന്നിരുന്ന അത്യപൂർവമായ ഒരാചാ‍രമായിരിക്കും എന്ന് കരുതുന്നു നരവംശശാസ്ത്രജ്ഞർ.

കുടുംബക്കാരണവരായ ‘പാഷ’
         
പഴയ ആ പാഷെ കെക്വി എന്ന ഇരുപതുകാരി ഇന്ന് ആ കുടുംബത്തിന്റെ കാരണവരാണ്‌.അവർ ഒരു പുരുഷന്റെ സകലപ്രതാപത്തോടെയും അധികാരത്തോടെയും കുടുംബം ഭരിക്കുന്നു. കുട്ടികളെല്ലാം വലുതായി മാതാപിതാക്കളായി മാറിക്കഴിഞ്ഞു. ഇളംതലമുറയിലെ കുട്ടികൾ ‘പാഷ’ എന്ന തങ്ങളുടെ കാരണവരുടെ സമ്മതമില്ലാതെ സുപ്രധാനകാര്യങ്ങളൊന്നും ചെയ്യാറില്ല. “ ഞാൻ തികഞ്ഞ സ്വാതന്ത്യം അനുഭവിച്ചു പുരുഷനായതിനു ശേഷം.ഞാനൊരു പെണ്ണാണെന്നത് സകലരും മറന്നു. ഞാൻ എല്ലായ്പ്പോഴും ആണുങ്ങളുടെ ഒപ്പമായിരുന്നു.“ തന്റെ പരിണാമത്തിന്റെ ആദ്യനാളുകളെക്കുറിച്ച് ഓർക്കുന്നു പാഷെ കെക്വി. തന്റെ പുരുഷപ്രാപ്തി ഒരു സാധാരണ അല്‍ബേനിയന്‍ യുവതിയുടെതിൽ നിന്ന് ഏറെ സ്വതന്ത്രമായ ജീവിതം തനിക്ക് നൽകി എന്ന് വിശ്വസിക്കുന്നു പാഷെ. തനിക്കൊരിക്കലും നഷ്ട ബോധമില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു അവർ. “ അക്കാലത്ത് ആണാകുന്നതായിരുന്നു മെച്ചം. കാരണം പെണ്ണുങ്ങൾക്കും മ്യഗങ്ങൾക്കും അന്ന് ഒരേ വിലയായിരുന്നു“.