Thursday, October 31, 2013

സിറിയ : ചരിത്രവും ഭൂമിശാസ്ത്രവും ഇവിടെ അവശേഷിക്കുന്നില്ല

ജാഫർ എസ് പുൽപ്പള്ളി



      2011 മാർച്ച് മാസം ആരംഭിച്ച സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഇതു വരെ ജീവൻ നഷ്ടപ്പെട്ടത് ഒരു ലക്ഷത്തോളം മനുഷ്യർക്കാണ്. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ നിരാലംബരാക്കപ്പെട്ടു ഈ രക്തരൂക്ഷിത

പോരാട്ടത്തിൽ. രണ്ടര വർഷമായി തുടരുന്ന യുദ്ധം സിറിയയെ കൊണ്ടെത്തിച്ചിരിക്കുന്നത് സർവനാശത്തിലാണ്. സിറിയയുടെ മണ്ണിനെ നിണമണിയിച്ച ഈ യുദ്ധം തകർത്തു കളഞ്ഞത്  ആ രാജ്യത്തിലെ പൌരന്മാരുടെ ജീവിതങ്ങളെ മാത്രമല്ല, മാനവചരിത്രത്തിലെ നാഴികക്കല്ലുകളായി ആധുനിക

യുഗത്താൽ വിലയിരുത്തപ്പെട്ട ചരിത്ര ശേഷിപ്പുകളെക്കൂടിയാണ്.

ആയിരത്താണ്ടുകളുടെ ചരിത്രം ഉണർന്നിരിക്കുന്ന ആ മഹാസ്മാരകങ്ങളാണ്

നാശത്തിന്റെ ഭീഷണി നേരിടുന്നത്. സിറിയൻ ജനതയുടെ യാതനകളെ

ചെറുതാക്കിക്കൊണ്ടല്ല ഈ ആശങ്ക അന്താരാഷ്ട്ര സമൂഹം ഉയർത്തിയിട്ടുള്ളത്.
മറിച്ച് സംസ്കാരത്തിന്റെ മരണം മനുഷ്യന്റെ യാതനകളോളം തന്നെ
പ്രാധാന്യമുള്ളതാണ് എന്ന തിരിച്ചറിവാണിതിനു പിന്നിൽ.

സംസ്കാരത്തിന്റെ കളിത്തൊട്ടിൽ

    സിറിയയുടെ ചരിത്രം നീളുന്നത് ക്രിസ്തുവിനും 2500 വർഷങ്ങൾക്ക് പിറകിലേക്കാണ്. അവിടെ രൂപം കൊണ്ട ആദ്യസംസ്കാരം ക്രി.മു 2100-ൽ അമോറൈറ്റ്
ഗോത്രക്കാരുടേതാണ്. പിന്നീട് അസീറിയന്മാരും ബാബിലോണിയക്കാരും
പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും സിറിയയെ സ്വന്തമാക്കി.അതിനുശേഷം അസീറിയക്കാരും ബാബിലോണിയക്കാരും പേർഷ്യക്കാരും ഗ്രീക്കുകാരും
റോമാക്കാരും മംഗോളുകളും സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. ഇവരൊക്കെ തങ്ങളുടെ
സംസ്കാരത്തിന്റെ പാദമുദ്രകളും സിറിയയിൽ പതിപ്പിച്ചു. പിന്നീട് കടന്നുവന്ന ക്രിസ്തുമതവും ഇസ്ലാമും സിറിയയുടെ സംസ്കാരത്തിലേക്ക് വലിയ ഈടുവെപ്പുകൾ തന്നെയാണ് നൽകിയത് . ഈ ഈടുവെപ്പുകളാണ് ഇന്ന് ആഭ്യന്തരയുദ്ധത്താൽ
കലുഷിതമായ സിറിയയിൽ സർവനാശത്തിന്റെ വക്കിലുള്ളത്.

ലോകപൈത്യകസ്ഥാനങ്ങൾ ഭീഷണിയിൽ
     ലോകപൈത്യക സ്ഥാനങ്ങളായി  ‘യുനസ്കോ’ പ്രഖ്യാപിച്ചിട്ടുള്ള 6 സ്മാരകങ്ങളാണ് ആഭ്യന്തരയുദ്ധത്തിൽ ഉലയുന്ന സിറിയയിൽ തകർച്ചയുടെ നിഴലിൽ ഉള്ളതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നു. ഇവയിൽ വടക്കൻ സിറിയയിലെ
പുരാവസ്തു ഗ്രാമങ്ങൾ, ബോസ്ര പട്ടണം,പാൽമിറയിലെ റോമൻ കേന്ദ്രം , പുരാതന ഡമാസ്കസ് നഗരം,പുരാതന ആലപ്പോ നഗരം എന്നിവ അത്യന്തം പ്രാധാന്യമുള്ള സ്മാരക പ്രദേശങ്ങളാണ്. ആയിരക്കണക്കിനു വർഷത്തെ സംസ്കാരവും ചരിത്രവും മുദ്രകുത്തപ്പെട്ടിട്ടുള്ള ഈ സ്മാരകങ്ങളുടെ നാശം വലിയ ദുരന്തമായിരിക്കും
എന്ന തിരിച്ചറിവിലാണിന്ന് ലോകം. ഇവ കൂടാതെ ഒട്ടേറെ പുരാതന കെട്ടിടങ്ങൾ, മറ്റ് പുരാവസ്തുക്കൾ എന്നിവയൊക്കെ മരണഭീഷണി നേരിടുന്നു.  ആലപ്പോ
പട്ടണത്തിലെ മധ്യകാലചന്ത,ആലപ്പോയിലെ തന്നെ വലിയ പള്ളി,സെർമിൻ പട്ടണത്തിലെ
പുരാതന പള്ളി, പുരാതനമായ ‘ഔർ ലേഡി ഓഫ് സൈദ്നായ’ മൊണാസ്ട്രി, ആലപ്പോ
പട്ടണത്തിലെ പുരാതനമായ സിറ്റാഡൽ, ടെൽ ഷേക്ക് ഹമദിലെ പ്രാചീന അസ്സീറിയൻ
ദേവാലയം,ഏറ്റവും  പ്രാചീന ഇസ്ലാമിക സ്മാരകങ്ങളിലൊന്നായ അൽ ഉമറി പള്ളി,
സെൻട്രൽ ആലപ്പോയിലെ അപൂർവമായ മധ്യകാല വാസകേന്ദ്രം,ക്രിസ്തുമതത്തിന്റെ
തുടക്കത്തോളം പഴക്കം(എ.ഡി 59) പറയപ്പെടുന്ന  ഉം അൽ- സെന്നാർ കത്തീഡ്രൽ
……ഇങ്ങനെ പോകുന്നു ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ. ഇവയിൽ പലതും ഭാഗികമായോ
പൂർണമായോ നാശത്തിൽ അമർന്നതായി ആശങ്കകൾ ഉണ്ടായിട്ടുണ്ട്. യുദ്ധകാലത്തെ
ഇത്തരം വിനാശങ്ങളുടെ കണക്കെടുപ്പ് പലപ്പോഴും സാധ്യമാകാറില്ല. ഓരോ ഇഞ്ച്
മണ്ണിലും ചരിത്രം തുടിച്ചു നിൽക്കുന്ന സിറിയ പോലുള്ള ഒരു രാജ്യത്തിൽ
യുദ്ധം വരുത്തി വെക്കുന്ന ഫലങ്ങൾ ഗുരുതരമായിരിക്കും എന്ന കാര്യം
ഉറപ്പാണ്.

ഷെല്ലിംഗും കൊള്ളയടിയും
    ഒരു വശത്ത്  ഭരണകൂട സേനയും മറുവശത്ത് വിമതസേനയും അണിനിരക്കുന്ന അതിരൂക്ഷ യുദ്ധരംഗത്ത് പ്രാചീന സ്മാരകങ്ങൾക്ക് നാശം വരുത്തിയത് പ്രധാനമായും ഷെല്ലിംഗ് ആണ്. ഇരു വശവും അപരന്റെ അധീനതയിലുള്ള പട്ടണങ്ങളിലെ
പ്രാചീന പള്ളികൾ, മറ്റ് സ്മാരകങ്ങൾ എന്നിവയ്ക്ക് നേരെ നടത്തുന്ന ഷെൽ വർഷത്തിൽ പിടിച്ചു നിൽക്കാനാകാതെ നിലപൊത്തി അവയൊക്കെ. മറ്റൊരു ഭീഷണി വ്യാപകമായ കൊള്ളയടിയാണ്. ഭരണകൂടത്തിന്റെ പിടി അയഞ്ഞിടത്തെല്ലാം തസ്കര
സംഘങ്ങൾ അഴിഞ്ഞാടി. ചരിത്ര നഗരങ്ങളിലെ സ്മാരകങ്ങൾ പലതും കൊള്ളയ്ക്ക് വിധേയമാക്കപ്പെട്ടു. ഇരുപത്തഞ്ചിൽ അധികം ചരിത്ര മ്യൂസിയങ്ങൾ ഉണ്ട്
സിറിയയിൽ. ഇവയിൽ പ്രധാനപ്പെട്ട ഒന്നായ ഹോംസ് മ്യൂസിയം പൂർണമായും
കൊള്ളയടിച്ച് അമൂല്യ ചരിത്രവസ്തുക്കൾ അപഹരിക്കപ്പെട്ടു. ദമാസ്കസ്
നഗരത്തിലെ മ്യൂസിയങ്ങൾ മാത്രമാണ് അല്പമെങ്കിലും
സംരക്ഷിക്കപ്പെട്ടത്.അത്യന്താധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അമൂല്യമായ
കൈയ്യെഴുത്തു പ്രതികൾ, ശില്പങ്ങൾ എന്നിവയൊക്കെ കൊള്ളയടിക്കാൻ
കൊള്ളസംഘങ്ങൾ തന്നെ ഉണ്ടായി. പ്രസിദ്ധമായ ‘ഹമാ’ മ്യൂസിയത്തിൽ
സൂക്ഷിച്ചിരുന്ന ബി.സി. എട്ടാം നൂറ്റാണ്ടിലെ സ്വർണ നിർമ്മിതമായ പുരാതന
അരമായിക് ശില്പം കവർന്നെടുക്കപ്പെട്ടു. ‘റഖാ’ മ്യൂസിയത്തിൽ നടന്ന
കവർച്ചയിൽ നഷ്ടപ്പെട്ടത്  ‘ഇഷ്ടാർ’ ദേവിയുടെ അമൂല്യ വിഗ്രഹവും മൂവായിരം
ബി.സി. വരെ പഴക്കമുള്ള മൺപാത്രങ്ങളുമാണ്.പ്രാചീന റോമൻ സംസ്കാര ഇടങ്ങളായ
പട്ടണങ്ങൾ അമൂല്യവസ്തുക്കൾക്കായി ബുൾഡോസറുകൾ ഉപയോഗിച്ചു ഇളക്കി മറിച്ച
സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മുസ്ലിം ലോകത്തിലെ ഏറ്റവും
മനോഹരമായ പള്ളിയെന്നറിയപ്പെടുന്ന ‘ആലപ്പോ ‘ നഗരത്തിലെ ഉമയ്യദ് പള്ളി
തീവെപ്പിൽ പൂർണമായും കത്തിയെരിഞ്ഞതായി ആശങ്കകളുണ്ട്.

           കൊള്ളയടി വഴി വരുന്ന പുരാതനവസ്തുക്കളുടെ വിൽപ്പന നന്നായി
പൊടിപൊടിക്കുന്നുണ്ട് സിറിയയിൽ. കൊള്ളമുതൽ വിറ്റു കിട്ടുന്ന പണം
ആയുധച്ചന്തകളിലേക്കാണ് എത്തിച്ചേരുന്നത്.

   
        ചരിത്രപരമായ പ്രാധാന്യം എന്നതു കൂടാതെ ഈ സ്മാരകങ്ങൾക്ക് സിറിയയുടെ സമ്പദ് വ്യവസ്ഥയിൽ വലിയ പങ്കുണ്ട്. രാജ്യത്തിന്റെ ദേശീയ വരുമാനത്തിലേക്ക് 12 ശതമാനം സംഭാവന ചെയ്യുന്നുണ്ട് ഈ പുരാതന സ്മാരകങ്ങളെ കേന്ദ്രമാക്കിയുള്ള വിനോദസഞ്ചാരം. യുദ്ധം അവസാനിക്കുന്ന സിറിയയെ കാത്തിരിക്കുക ഈ പുരാതന സ്മാരകങ്ങളുടെ തകർച്ച  സ്യഷ്ടിക്കുന്ന
വിനോദസഞ്ചാര മേഖലയിലെ  വലിയ ശൂന്യതയായിരിക്കും .

       സിറിയയെ മാനവചരിത്രത്തിന്റെ ഹ്യദയഭാഗമാക്കിയത് ഭൂമിശാസ്ത്രപരമായ
അതിന്റെ കിടപ്പാണ്. കിഴക്കിനെയും പടിഞ്ഞാറിനേയും ബന്ധിപ്പിച്ചിരുന്ന പ്രാചീനപാതയായ ‘സിൽക്ക് റൂട്ടി‘ന്റെ ഓരത്ത് കിടക്കുന്ന സിറിയ
സ്വാഭാവികമായും അതു വഴി കടന്നു പോയ വണിക് സംഘങ്ങളുടെ സംസ്കാരവിനിമയ
കേന്ദ്രമായി മാറി. ആ സാംസ്കാരിക വിനിമയത്തിന്റെ പൊൻനൂലാൽ തുന്നിയെടുത്ത
പൈത്യകസ്മാരകങ്ങളുടെ ഇല്ലായ്മ മറ്റേതൊക്കെയോ   ശൂന്യതകളിലേക്കായിരിക്കും
മാനവസമൂഹത്തെക്കൊണ്ടെത്തിക്കുക. ചരിത്രത്തെ ,സംസ്കാരത്തെ തിരിച്ചറിയാതെ
പോകുന്ന സമൂഹങ്ങൾ എല്ലായ്പ്പോഴും അധ:പതിക്കുക വിസ്മ്യതിയുടെ വൻ
കുഴികളിലായിരിക്കും എന്ന അനുഭവപാഠം നമുക്ക് മുൻപിലുണ്ട്. ഭൂമിയിൽ മനുഷ്യൻ
തുടർച്ചയായി വാസമുറപ്പിച്ച ഏറ്റവും പ്രാചീന നഗരമായ ‘ആലപ്പോ’
മണ്ണടിയുമ്പോൾ തകർന്നു വീഴുന്നത് അവന്റെ ആയിരത്താണ്ടുകൾ പഴക്കമുള്ള
സംസ്ക്യതി തന്നെയാണ്.