Monday, November 4, 2013

ജൈവക്യഷി : ഭൂട്ടാൻ എന്തു ചെയ്യുന്നു?

ജാഫർ എസ് പുൽ‌പ്പള്ളി
  

 ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭൂട്ടാൻ എന്ന ഹിമാലയൻ രാജ്യം പറയത്തക്ക

വിഷയങ്ങളിലൊന്നും മാത്യക പുലർത്തുന്നില്ല. എന്നാൽ   അവരെടുത്ത ഒരു
തീരുമാനം ഇന്ന് ലോകത്തിന്റെ മുഴുവനും ശ്രദ്ധ ആ കൊച്ചു രാജ്യത്തിനു
നേർക്ക് തിരിയാൻ കാരണമായിരിക്കുന്നു. നൂറ് ശതമാനം ജൈവക്യഷി ചെയ്യുന്ന
ലോകത്തിലെ ആദ്യരാഷ്ട്രമാകാൻ സാധിക്കുന്ന തരത്തിൽ ക്യഷിയിൽ നിന്ന്
കീടനാശിനികളും രാസവളങ്ങളും പൂർണമായും ഒഴിവാക്കുക എന്നതാണാ തീരുമാനം. ആ
രാജ്യത്തെ സംബന്ധിച്ച് ഇത് വളരെ പൊടുന്നനെയുണ്ടായ ഒരു കാര്യമൊന്നുമല്ല .
തങ്ങൾ പുലർത്തിവരുന്ന വികസനസങ്കല്പത്തിന് തികച്ചും അനുരൂപമായ ഒരു
കാര്യമാണിതെന്ന് അവർ പറയും. വരുന്ന പത്ത് വർഷം കൊണ്ട് തങ്ങളുടെ
പ്രധാനകാർഷിക വിഭവങ്ങളായ ഫലവർഗങ്ങൾ,ഗോതമ്പ്,ഉരുളക്കിഴങ്ങ് എന്നിവയുടെ
ക്യഷി പൂർണമായും രാസകീടനാശിനികളിൽ നിന്ന് മുക്തമാക്കുക എന്നതാണവരുടെ
ലക്ഷ്യം.ജി.ഡി.പി യില്ലാത്ത രാജ്യം


       
വൻശക്തികളായ ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടക്ക് കിടക്കുന്നതും വെറും
 12 ലക്ഷം മാത്രം ജനസംഖ്യയുള്ളതുമായ ഈ ബൌദ്ധരാഷ്ട്രം മുന്നോട്ട്
വെക്കുന്ന പല സങ്കല്പങ്ങളും അതിനേക്കാൾ  സങ്കീർണമായ പ്രശ്നങ്ങൾ
നിലനിൽക്കുന്ന മറ്റ് രാഷ്ട്രങ്ങളെ സംബന്ധിച്ച് ഒട്ടും
പ്രസക്തമല്ലാത്തതാണ് എന്ന കാര്യം തീർച്ചയാണ്. പക്ഷെ ‘വികസനം’ എന്ന ,
പലപ്പോഴും വളരെ ഇടുങ്ങിയ ഒരു വീക്ഷണകോണിൽ നിന്ന് മാത്രം ചർച്ച
ചെയ്യപ്പെടുന്ന വിഷയം സംബന്ധമായ അവരുടെ സങ്കല്പം തീർച്ചയായും  ചർച്ച
ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ വികസനസങ്കൽ‌പ്പം എല്ലായ്പോഴും അവരുടെ
പരിസ്ഥിതിയുമായും ജനങ്ങളുടെ മാനസികമായ ക്ഷേമവുമായും വളരെയേറെ
ഇണങ്ങുന്നതാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.അതു കൊണ്ടാണ് അവർ
‘ഗ്രോസ്സ് ഡൊമസ്റ്റിക് പ്രൊഡക്ഷ‘നു പകരം ‘ഗ്രോസ്സ് നാഷണൽ ഹാപ്പിനെസ്സി’നെ
മുന്നോട്ട് വെക്കുന്നത്. ഈ സങ്കല്പം ഐക്യരാഷ്ട്രസഭയിൽ ചർച്ച
ചെയ്യപ്പെടുകയും പല യൂറോപ്യൻ രാഷ്ട്രനേതാക്കളും അതിനെ പിന്തുണയ്ക്കുകയും
ചെയ്തിട്ടുണ്ട്. ആകെ വിസ്ത്യതിയുടെ 80 ശതമാനത്തിലധികം വനം ആയുള്ള
ഭൂട്ടാനിലെ 95 % ശതമാനം ആളുകൾക്കും ശുദ്ധജലം ലഭിക്കുന്നുണ്ട്.
എല്ലാവർക്കും ഉപയോഗിക്കാനുള്ള വൈദ്യുതി അവർ ഉത്പാദിപ്പിക്കുന്നു. അത്
ഭക്ഷ്യസ്വയം പര്യാപ്തത ഒട്ടൊക്കെ നേടിക്കഴിഞ്ഞു.കൂടാതെ കാർബണിന്റെ
പുറംതള്ളലിന്റെ തോത് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണത്.              1999 മുതൽക്കുള്ള ടെലിവിഷൻ നിരോധനവും  വൻതോതിലുള്ള
ടൂറിസത്തോടുള്ള ഇഷ്ടക്കുറവും തങ്ങളുടെ സംസ്കാരത്തിൽ അഴുക്കു
പുരളാതിരിക്കാനാണ് എന്ന അവരുടെ വാദത്തെ വേണമെങ്കിൽ നമുക്ക് തള്ളിക്കളയാം.
പക്ഷേ  ചൊവ്വാഴ്ചകളിൽ കാറുകളെ ബഹിഷ്കരിച്ചു കൊണ്ടുള്ള ‘കാൽനടദിനാചരണം’
അവർ മുന്നോട്ട് വെക്കുകയും ക്യത്യമായും നടപ്പിലാക്കുകയും ചെയ്യുമ്പോൾ
നമുക്ക് അംഗീകരിക്കാതിരിക്കാനാവില്ല അവർ ‘നാഷണൽ ഹാപ്പിനെസ്സിനു’ നൽകുന്ന
പരിഗണനയെ. “ഞങ്ങൾക്ക് പെട്രോളിയമോ ന്യൂക്ലിയർ ഊർജ്ജമോ ഇല്ല,പക്ഷേ
ഞങ്ങൾക്ക് 30000 മെഗാവാട്ട് വൈദ്യുതി നേടിത്തരാൻ സാധിക്കുന്നത്ര
നദികളുണ്ട്. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് 2000 മെഗാവാട്ട് വൈദ്യുതിയേ
ആവശ്യമുള്ളു. ഞങ്ങൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം
കാറുകളുടേതാണ്.അവയുടെ എണ്ണം അടിക്കടി കൂടിവരുന്നു.എല്ലാവർക്കും കാർ
വാങ്ങണം .ഇതിനർഥം ഞങ്ങൾ കൂടുതലായി ഇന്ധനം ഇറക്കുമതി ചെയ്യേണ്ടി വരും
എന്നതാണ്.“ ആ രാജ്യത്തിന്റെ ക്യഷിമന്ത്രിയുടെ വാക്കുകൾ.
പച്ചയുടെ സമ്പദ്ശാസ്ത്രം


     
“ നാം നമ്മുടെ ഭൂമിയുടെ മേൽ കയറ്റിവെക്കുന്ന വലിയ സമ്മർദ്ദങ്ങളുടെ
പശ്ചാത്തലത്തിലാണ് ഞങ്ങൾ ഞങ്ങളുടേതായ ‘ഗ്രീൻ ഇക്കണോമി’യ്ക്ക് വേണ്ടി
ശ്രമിക്കുന്നത്”. രണ്ട് വീക്ഷണങ്ങളാ‍ണ് അവരുടെ ഈ തീരുമാനത്തിനു
അടിസ്ഥാനമായിട്ടുള്ളത്. ആദ്യത്തേത് ഒരു പർവതപ്രദേശം എന്ന നിലയ്ക്ക്
രാസകീടനാശിനികളുടെ ഉപയോഗം  ജലസ്രോതസ്സുകളെയും മണ്ണിനേയും എളുപ്പത്തിൽ
വിഷമയമാ‍ക്കും എന്ന തികച്ചും ശാസ്ത്രീയമായ വസ്തുത. രണ്ടാമത്തേതാകട്ടെ
തികച്ചും ആത്മീയമായതാണ് : ഒന്നിനെയും കൊല്ലാതിരിക്കുക, പ്രക്യതിയോട്
പൂർണമായും ഇണങ്ങിയ ജീവിതം ശീലിയ്ക്കുക എന്ന ബൌദ്ധചിന്ത.ഇപ്പോഴേ ജൈവമായ ക്യഷി


     
 കരപ്രദേശത്തിന്റെ വെറും 3 ശതമാനം മാത്രം ക്യഷിയ്ക്കുപയോഗിക്കുന്ന
ഭൂട്ടാനിൽ ഇപ്പോൾ തന്നെ ഭൂരിപക്ഷം ക്യഷിക്കാരും സുലഭമായി ലഭിക്കുന്ന
പച്ചിലകളും കമ്പോസ്റ്റും തന്നെയാണ് വളമായി ഉപയോഗിക്കുന്നതെന്ന് ഔദ്യോഗിക
രേഖകൾ പറയുന്നു. ക്യഷിയിലെ രാസവസ്തുക്കളുടെ ഉപയോഗം അന്താരാഷ്ട്രതോതിലും
വളരെ താഴ്ന്ന അവസ്ഥ. എങ്കിലും  കൈകൊണ്ട് പിടിയ്ക്കാൻ വിഷമമായ ഒരു തരം
പ്രാണി വിളകളെ നശിപ്പിക്കുന്ന ചില  പ്രദേശങ്ങളിൽ ഇപ്പോഴും രാസകീടനാശിനികൾ
ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും ‘യൂറിയ’ നന്നായി മണ്ണിൽ ചേർക്കുന്ന
ക്യഷിക്കാരുണ്ട്.  ഗോതമ്പിന്റെ ഇലയെ ബാധിക്കുന്ന ഫംഗസ്സിനെ
നശിപ്പിക്കുന്ന രാസ കുമിൾനാശിനി ഉപയോഗിക്കുന്നവരും ഉണ്ട്. ഇതിനെ നേരിടാൻ
വളരെ സമഗ്രമായ നയം തന്നെയാണ് തങ്ങൾ രൂപീകരിച്ചിരിക്കുന്നതെന്ന് പറയുന്നു
ക്യഷിമന്ത്രാലയം.വെല്ലുവിളികൾ കുറവല്ല


     
 അധികം ക്യഷിക്കാരും ജൈവരീതികൾ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം
ഭൂട്ടാനിലെ സമ്പൂർണ ജൈവവത്കരണം അത്ര എളുപ്പമെന്ന് കരുതേണ്ട.
ഭക്ഷ്യോത്പാദനം കുറയാതെ നോക്കുക എന്ന വെല്ലുവിളി മുന്നിലുണ്ട്.
എന്നാൽ ജൈവരീതികളിലേക്കുള്ള മാറ്റം ഉത്പാദനത്തെ ബാധിക്കുന്ന അവസ്ഥ
യൂറോപ്യൻ രാജ്യങ്ങളിലാണ് കൂടുതലായുള്ളതെന്നും ജൈവരീതി അവലംബിച്ച
ഭൂട്ടാനിലെയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലെയും കർഷകർ നാടൻ ടെക്നിക്കുകൾ
ആവിഷ്കരിക്കുകയും അവ ഉപയോഗിച്ച് ഉത്പാദനക്കുറവിനെ മറികടക്കുകയും
ചെയ്തിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന അരി
മുഖ്യ ഇനമായുള്ള ഭൂട്ടാനിലെ ഭക്ഷണരീതിയിൽ ക്രമേണ മാറ്റം വരുന്നതും ആളുകൾ
കൂടുതലായി തദ്ദേശിയമായി ഉത്പാദിപ്പിക്കുന്ന ഗോതമ്പ് കഴിയ്ക്കാൻ
തുടങ്ങുന്നതും ഭക്ഷ്യസ്വയം പര്യാപ്തത തങ്ങൾക്ക് നേടിത്തരും എന്ന്
കരുതുന്നു അവർ. വിളയ്ക്ക് ആവശ്യമായ ജലാംശത്തിന്റെ അളവിനെ ക്യത്യമായി
ക്രമീകരിക്കുകയും അത് വഴി നല്ല വളർച്ച നൽകുന്നതുമായ ‘സസ്റ്റൈനബിൾ റൂട്ട്
ഇന്റൻസിഫിക്കേഷൻ’ പോലുള്ള രീതികൾ ഉപയോഗിക്കുന്നതു വഴി രാസവസ്തുക്കൾ
ഉപയോഗിക്കാതെ തന്നെ വിളവ് കൂട്ടാം എന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്തരം പുതിയ
രീതികൾ  ഉപയോഗിക്കാൻ കർഷകരെ  സന്നദ്ധരാക്കേണ്ടതുണ്ട്. കൂടാതെ
ജലസേചനസംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും പരമ്പരാഗത വിത്തിനങ്ങളുടെ
ഉപയോഗം വ്യാപകമാക്കുകയും ചെയ്യേണ്ടതുണ്ട്.
ജൈവക്യഷി നൽകുന്ന കൂടുതൽ വരുമാനം


       
 “ ജൈവക്യഷി എന്നത് ആഗോളമായിത്തന്നെ നല്ല വിപണി നൽകുന്ന ഒന്നാണ്.
ജൈവ ഉൽ‌പ്പന്നങ്ങൾക്ക് ലഭിക്കുന്ന മികച്ച വില ചെറിയ രാജ്യങ്ങളെ ഈ
രീതിയിലേക്ക് മാറാൽ പ്രേരണ നൽകുന്ന ഒന്നാണ്. ചെറിയ രാജ്യങ്ങൾക്ക്
അളവിന്റെ കാര്യത്തിൽ ആരുമായും മത്സരിക്കേണ്ടതില്ല. മറിച്ച് ഗുണമേന്മയുടെ
കാര്യത്തിൽ അവർ കൂടുതൽ ശ്രദ്ധാലുക്കളായാൽ നേട്ടം കൊയ്യുകയും ചെയ്യാം.”
ഭക്ഷ്യ കാർഷിക സംഘടനയുടെ (എഫ്.എ.ഒ) യുടെ ജൈവക്യഷി വിദഗ്ധയായ നദിയ
സിയലാബയുടെ വാക്കുകൾ. അങ്ങനെ  നമ്മുടെ കൊച്ചു ഭൂട്ടാൻ ജൈവരീതിയിലൂടെ
ക്യഷിചെയ്യുന്ന അപൂർവയിനം കൂണുകൾ ജപ്പാനിലേക്കും ജൈവപച്ചക്കറികൾ
തായ്ലാണ്ടിലേക്കും വിലയേറിയ ആപ്പിളുകൾ ഇന്ത്യയിലേക്കും  മികച്ച
ഗുണമേന്മയുള്ള മട്ട അരി അമേരിക്കയിലേക്കും കയറ്റിയയച്ച് നല്ല വിദേശനാണ്യം
നേടുന്നു. രാജ്യം സമ്പൂർണമായിത്തന്നെ ജൈവക്യഷിയിലേക്ക് മാറിക്കഴിഞ്ഞാ‍ൽ
ഭൂട്ടാന് ഈ ജൈവോത്പന്ന വിപണിയിൽ നിന്ന് കൂടുതൽ വരുമാനം നേടാൻ കഴിയും. ഈ
പ്രതീക്ഷയും ഇത്തരത്തിലൊരു നയത്തിനു പുറകിലുണ്ടെന്ന് കരുതുന്നു
നിരീക്ഷകർ. ഇതൊന്നുമില്ലെങ്കിൽ പോലും വരുംതലമുറയ്ക്ക് മലിനമാകാത്ത
വെള്ളവും മണ്ണും വായുവും നൽകി അരങ്ങൊഴിയാം എന്ന ബൌദ്ധചിന്ത തന്നെയാവും ഈ
കൊച്ചുരാജ്യം ലോകത്തിനു നൽകാൻ പോകുന്ന സന്ദേശം.