Friday, January 11, 2013

സംസാരിക്കുന്ന ചിത്രങ്ങൾ

           കൂട്ടുകാരിൽ മിക്കവരും സ്ഥിരമായി പത്രം വായിക്കുന്ന സ്വഭാവം ഉള്ളവരായിരിക്കും അല്ലേ? പലപ്പോഴും വാർത്തകൾക്കൊപ്പം ഫോട്ടോകളും നൽകിയിരിക്കുന്നത് ശ്രദ്ധിച്ചിരിക്കും . വാർത്ത നമുക്ക് നൽകാൻ ശ്രമിക്കുന്ന വിവരത്തെ പൂർണമാക്കാനാണ് ഇത്തരത്തിൽ ചിത്രങ്ങൾ അവയ്ക്കൊപ്പം നൽകുന്നത്. പലപ്പോഴും ഈ ചിത്രങ്ങൾക്ക് ഒറ്റയ്ക്കുള്ള നിലനിൽ‌പ്പ് ഉണ്ടാകാറില്ല. എന്നാൽ ആയിരക്കണക്കിനു വാക്കുകൾക്ക് കഴിയാൻ സാധിക്കാത്തത്ര ഉൾക്കാഴ്ച നൽകുന്ന വാർത്താചിത്രങ്ങൾ ലോകചരിത്രത്തിലുണ്ട്. അവ മിക്കവയും ദുരന്തങ്ങളിലും യുദ്ധങ്ങളിലും അകപ്പെടുന്ന മനുഷ്യരുടെ കഥയാണ് നമുക്ക് പറഞ്ഞ് തരുന്നത്. ഇന്ന് നമുക്ക് അവയിൽ കുറച്ച് ചിത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം .

പാവം പെൺകുട്ടി!

വാർത്താചിത്രം എന്ന് കേൾക്കുമ്പോഴെ മനസ്സിൽ എപ്പോഴും ഓടിയെത്തുന്ന ഒന്നാണ് ഈ പാവം പെൺകുട്ടിയുടെ കരച്ചിലും യാതനയും. വിയറ്റ്നാം യുദ്ധരംഗത്തു നിന്നാണീ ദ്യശ്യം നിക് ഉട്ട് എന്ന ഫോട്ടോഗ്രാഫർക്ക് ലഭിക്കുന്നത്. കിം ഫുക് എന്ന 9 വയസ്സുകാരി 1972 ജൂൺ എട്ടാം തീയതിയിലെ നാപ്പാം ബോംബാക്രമണത്തിൽ ശരീരമാസകലം പൊള്ളലേറ്റ് അലറിക്കരഞ്ഞു കൊണ്ട് നഗ്നയായി തെരുവിലൂടെ ഓടുന്ന ദ്യശ്യം യുദ്ധത്തിന്റെ ഭീകരത ലോകത്തിന് ബോധ്യപ്പെടുത്തിയ ഒന്നാണ്.

ദാരിദ്യത്തിന്റെ മുഖചിത്രം!


1930 കളിൽ അമേരിക്കയെ പിടിച്ചുലച്ച ‘ഗ്രേറ്റ് ഡിപ്രഷൻ’ എന്നറിയപ്പെട്ട സാമ്പത്തിക മാന്ദ്യത്തിന്റെ നേർക്കാഴ്ച്ചയാണീ ചിത്രം നൽകുന്നത്. 1936 ൽ ഡൊറോത്തി ലാംഗ്സ് എടുത്ത ‘മൈഗ്രന്റ് മദർ’ എന്ന് പേരുള്ള ഈ ചിത്രത്തിൽ തെളിഞ്ഞു കാണുന്നത് ദാരിദ്യത്തിന്റെ നിസ്സഹായ അവസ്ഥയാണ്.

       
     തൊഴിലും വീടും നഷ്ടപ്പെട്ട് കാലിഫോർണിയയിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന ഫ്ലോറൻസ് ഓവൻസ് തോംസൺ എന്ന ഏഴു കുട്ടികളുടെ അമ്മയാണീ ചിത്രത്തിലിരുന്ന് നമ്മെ നോക്കി നെടുവീർപ്പിടുന്നത്.






കത്തുന്ന സംന്യാസി!
പ്രതിഷേധത്തിന്റെ ഭാവങ്ങൾ അനാവരണം ചെയ്യുന്ന പ്രസിദ്ധമായ വാർത്താചിത്രങ്ങളിലൊന്നാണ് വിയറ്റ്നാമിലെ തിച് ക്വാങ് ഡുക് എന്ന ബുദ്ധസംന്യാസിയുടേത്. 1963 ജൂൺ 11 നാണ് ഇദ്ദേഹം മതസ്വാതന്ത്ര്യം അനുവദിക്കപ്പെടാത്ത തെക്കൻ വിയറ്റ്നാമിലെ അവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് ജനത്തിരക്കേറിയ സൈഗോൺ നഗരത്തിലെ ഒരു തെരുവിൽ വെച്ച് സ്വയം തീകൊളുത്തിയത്. മാൽക്കം ബ്രൌൺ എന്ന ഫോട്ടോഗ്രാഫർ ആണ് ഈ വിഖ്യാതമായ ഫോട്ടോ എടുത്തത്.

കഴുകനും കുഞ്ഞും

വളരെയൊന്നും പഴക്കമില്ലാത്ത ഒരു സംഭവം ആണീ പ്രസിദ്ധമായ ചിത്രത്തിന് ആസ്പദമായത്. 1993 ൽ ആഫ്രിക്കൻ രാജ്യമായ സുഡാനിലെ കടുത്ത ക്ഷാമം ആണ് പശ്ചാത്തലം. ഒരു കിലോമീറ്റർ അകലെയുള്ള അഭയാർഥിക്യാമ്പിലേക്ക് വിശപ്പ് കൊണ്ട് നടക്കാൻ പോലും കഴിയാത്ത പെൺകുട്ടി ഇഴഞ്ഞ് നീങ്ങുന്നതും നോക്കിയിരിക്കുന്ന കഴുകൻ. അവൾ മരിച്ച് വീഴുന്നതും നോക്കി ഇരിക്കുകയാണാ കഴുകൻ. കെവിൻ കാർട്ടർ എന്ന ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ ആണ് ഈ ഫോട്ടോ ലോകത്തിനു നൽകിയത്. ഫോട്ടോ എടുത്ത ഉടൻ അവിടെ നിന്ന് പോയ കാർട്ടർക്ക് ആ കുഞ്ഞിന് പിന്നെന്ത് സംഭവിച്ചു എന്ന കാര്യം അറിയില്ല;നമുക്കും. മികച്ച വാർത്താചിത്രങ്ങൾക്ക് നൽകപ്പെടുന്ന പുലിറ്റ്സർ സമ്മാനം ഈ ചിത്രത്തിന്റെ പേരിൽ നേടിയ അദ്ദേഹം ചിത്രമെടുത്ത് മൂന്ന് മാസത്തിനകം ആത്മഹത്യ ചെയ്യുകയായിരുന്നു .

മരിക്കുന്നവന്റെ മുഖം
വിയറ്റ്നാം യുദ്ധരംഗത്തു നിന്നു തന്നെയാണ് ഈ ചിത്രവും എടുത്തിട്ടുള്ളത്. തെക്കൻ വിയറ്റ്നാമിലെ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തിയ ‘വിയറ്റ്കോങ് ‘ എന്ന ഗറില്ലാ സംഘടനയുടെ അംഗമായ ഗുയെൻ വാൻ ലെം എന്ന ആളെയാണ് സൈഗോണിലെ തെരുവീഥിയിൽ വെച്ച് 1968 ഫെബ്രുവരി ഒന്നിന് വെടിവെച്ച് കൊല്ലുന്നത്. എഡ്ഡി ആഡംസ് എന്ന ഫോട്ടോജേർണലിസ്റ്റ് ആണ് മരിക്കുന്ന മനുഷ്യന്റെ ദൈന്യത നിറഞ്ഞു നിൽക്കുന്ന ഈ ചിത്രത്തിന്റെ സ്രഷ്ടാവ്. അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനെതിരെ പ്രതിഷേധം രൂക്ഷമാകാൻ ഈ ചിത്രം ഒട്ടേറെ സഹായിച്ചിട്ടുണ്ട്.

വീഴുന്ന മനുഷ്യൻ!

നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ലോകത്ത് നടന്ന ഏറ്റവും നിർണ്ണായകവും പ്രധാനപ്പെട്ടതുമായ സംഭവം ആണല്ലോ 2001 സെപ്തംബർ 11 ലെ വേൾഡ് ട്രേഡ് സെന്ററിലെ തീവ്രവാദി ആക്രമണം. ആ സംഭവത്തിന്റെ ഒട്ടേറെ ഫോട്ടോകൾ നാം കണ്ടിട്ടുണ്ടെങ്കിലും അക്കൂട്ടത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് റിച്ചാർഡ് ഡ്രൂ എന്ന ഫോട്ടോഗ്രാഫറുടെ ഈ ചിത്രം. കത്തിയെരിയുന്ന കെട്ടിടത്തിന്റെ നൂറ്റിയാറാം നിലയിൽ നിന്നാണ് ഇനിയും തിരിച്ചറിയപ്പെടാത്ത ഈ മനുഷ്യൻ കുത്തനെ ചാടുന്നത്. പ്രസിദ്ധ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനു വേണ്ടി ഒരു ഫാഷൻ ഷോയുടെ ഫോട്ടോ എടുക്കാൻ ന്യൂയോർക്കിൽ എത്തിയതായിരുന്നു റിച്ചാർഡ് ഡ്രൂ. മഹത്തായ എല്ലാ ഫോട്ടോകളെയും പോലെ യാദ്യശ്ചികതയുടെ ആ നിമിഷത്തിൽ ഡ്രൂ രംഗം കാണുകയും ലോകത്തിനായി സമർപ്പിക്കുകയും ചെയ്തു.

സാന്ത്വനമേകുന്ന അമ്മ

2011 ലെ ഏറ്റവും മികച്ച വാർത്താചിത്രത്തിനുള്ള ‘വേൾഡ് പ്രസ്സ് ഫോട്ടോ’ അവാർഡ് നേടിയ ചിത്രം ആണിത്. സമകാലികമായ ഒരു സംഭവമാണ് ചിത്രത്തിൽ. ‘മുല്ലപ്പൂ വിപ്ലവം’ എന്ന് വിളിക്കപ്പെടുന്ന, 2011 ൽ അറബ് രാജ്യങ്ങളിൽ അരങ്ങേറിയ പ്രക്ഷോഭങ്ങളുടെ തുടക്കം യെമൻ എന്ന രാജ്യത്തായിരുന്നു. ആയിരങ്ങൾ അണിനിരന്ന മാർച്ചിനു നേരെയുള്ള പോലീസിന്റെ കണ്ണീർ വാതക പ്രയോഗം ഈ യുവാവിനെയും വീഴ്ത്തി. അവനെ സാന്ത്വനിപ്പിക്കുന്ന അമ്മയുടെ ചിത്രം എടുത്ത് സമ്മാനിതനായ ഫോട്ടോഗ്രാഫർ സാമുവേൽ അരാന്റ എന്ന സ്പെയിൻകാരനാണ്.

ദുരന്തത്തിന്റെ പിഞ്ചുമുഖം

1984 ൽ ഇന്ത്യയെ നടുക്കിയ ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടാകും അല്ലെ? ആ ദുരന്തത്തിന്റെ ഭീകരതയെക്കുറിച്ച് ആയിരക്കണക്കിനു പേജുകളുടെ വായന തരാത്ത നടുക്കം നമുക്ക് നൽകുന്നു ഈ വാർത്താചിത്രം. ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുക്കപ്പെട്ട കുഞ്ഞിന്റെ മ്യതശരീരത്തിന്റെ ചിത്രം ഒരിക്കൽ കണ്ടവരുടെയെല്ലാം മനസ്സിൽ ഒരു നൊമ്പരമായി നിൽക്കും. ഒരു ലക്ഷണമൊത്ത വാർത്താചിത്രം ലക്ഷ്യം വെയ്ക്കുന്നതും അത് തന്നെയാണ്. വിഖ്യാത ഇന്ത്യൻ വാർത്താ ഫോട്ടോഗ്രാഫറായ രഘുറായ് ആണ് ഭോപ്പാൽ ദുരന്തത്തിന്റെ പ്രതീകമായിത്തീർന്ന ഈ ചിത്രം എടുത്തത്.







ആർത്തനാദം


2004 ൽ ലോകത്തെ പിടിച്ചുകുലുക്കിയ ദുരന്തമായ സുനാമിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ആയിരക്കണക്കിനു മനുഷ്യരുടെ വേദനയുടെ നേർചിത്രമാണ് ഇന്ത്യക്കാരനായ പ്രസ്സ് ഫോട്ടോഗ്രാഫർ അർക്കോ ദത്തയുടെ ഈ ഫോട്ടോ നൽകുന്നത്. സുനാമിയിൽ എല്ലാം നശിച്ച തമിഴ്നാട്ടിലെ കൂടല്ലൂർ എന്ന കടലോരഗ്രാമത്തിലെ സ്ത്രീ തന്റെ ഉറ്റബന്ധുവിന്റെ ജഡത്തിനു സമീപം കിടന്ന് വിലപിക്കുന്ന ചിത്രം ആരുടെയും കരളലിയിക്കും. ഒട്ടേറെ ബഹുമതികൾ നേടിയിട്ടുള്ള ഈ ഫോട്ടോ ‘റോയിട്ടേഴ്സ്’ എന്ന വാർത്താ ഏജൻസിയ്ക്ക് വേണ്ടിയാണ് അർക്കോ ദത്ത ഒപ്പിയെടുത്തത്. ജഡത്തിന്റെ ഒരു കയ്യുടെ ചെറിയ ഭാഗം മാത്രമേ ചിത്രത്തിൽ വരുന്നുള്ളൂ എങ്കിലും ദുരന്തത്തിന്റെ വേദന മുഴുവൻ പ്രതിഫലിക്കുന്നുണ്ട് ചിത്രത്തിൽ.

കമ്പിവേലിക്കുള്ളിൽ അച്ഛനും മകനും

യുദ്ധത്തടവുകാരനായ ഈ മനുഷ്യൻ തന്റെ മകനെ മാറോട് ചേർത്തിരിക്കുന്ന പ്രസിദ്ധമായ ചിത്രം അമേരിക്കയുടെ ഇറാഖ് അധിനിവേശവുമായി ബന്ധപ്പെട്ടതാണ്. ചുറ്റും കനത്ത കമ്പിവേലികൾ കൊണ്ട് അതിരിട്ടിരിക്കുന്ന ഇറാഖിലെ അൽ നജഫ് യുദ്ധത്തടങ്കൽ പാളയത്തിലാണ് 2003 മാർച്ച് 31 ന് വികാരതീവ്രമായ ഈ രംഗം നടന്നത്. അസോസിയേറ്റഡ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായ ജീൻ മാർക് ബൌജു ആണ് ഫോട്ടോഗ്രാഫർ. ഈ ചിത്രം അദ്ദേഹത്തിന് 2003 ലെ വേൾഡ് പ്രസ്സ് ഫോട്ടോ അവാർഡ് നേടിക്കൊടുത്തു.

ഷാങ്ഹായിലെ കുഞ്ഞ്

ഈ പ്രസിദ്ധ ചിത്രവും ഒരു യുദ്ധരംഗത്തിൽ നിന്നുള്ളതാണ്. രണ്ടാം ചൈന-ജപ്പാൻ യുദ്ധം നടക്കവെ 1937 ൽ ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ഷാങ്ഹായ് കീഴടക്കിക്കൊണ്ട് മുന്നേറിയ ജപ്പാന്റെ ബോംബാക്രമണത്തിൽ തകർന്ന ഷാങ്ഹായ് റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് കരയുന്ന കുഞ്ഞിന്റെ ചിത്രം ഏത് യുദ്ധത്തിലും ആത്യന്തികമായി ബാധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയെ കാണിക്കുന്നു. 1937 ഒക്ടോബറിൽ എച്ച്.എസ്.വോങ് എന്ന ന്യൂസ്റീൽ ഫോട്ടോഗ്രാഫർ എടുത്ത ഈ ചിത്രം ജപ്പാനെ പ്രകോപിതമാക്കുകയും അവർ ഫോട്ടോഗ്രാഫറുടെ തലയ്ക്ക് 50000 ഡോളർ വിലയിടുകയും ചെയ്തു. ഈ ചിത്രത്തിൽ ഇല്ലാത്ത ഒന്ന് കുഞ്ഞിനരികിൽ കിടപ്പുണ്ടായിരുന്നു : അതിന്റെ അമ്മയുടെ ജഡം.

മാത്യഭൂമി ‘വിദ്യ’യിൽ പ്രസിദ്ധീകരിച്ചത്

Tuesday, January 8, 2013

യൂറോപ്പിലെ ജിപ്സികള്‍ : വേരുകള്‍ പിഴുതെറിയപ്പെടുമ്പോള്‍

  കത്രിക കാണാത്ത താടിയും മെല്ലിച്ച കൈകളുമുള്ള ആ തടിയന്‍ ജിപ്സിയുടെ, മാക്കൊണ്ടോയുടെ കുലപിതാവിനെ ഓരോ തവണയും അത്ഭുതത്തിന്‌ അടിമയാക്കുന്ന മെല്‍ക്വിയാഡിസ് എന്ന പ്രതിഭാശാലിയുടെ പിന്‍തലമുറ യൂറോപ്പില്‍ ഇന്നനുഭവിക്കുന്നത് വലിയ സാമൂഹ്യപ്രശ്നങ്ങളാണ്‌. തങ്ങളുടെ മാന്ത്രികവിദ്യകള്‍ക്കൊന്നും ഇല്ലാതാക്കാന്‍ കഴിയാത്തത്ര ദുരിതങ്ങളാണ്‌‌ വിവിധ കിഴക്കന്‍-മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നൊമാഡുകളായി ജീവിക്കുന്ന ഈ ജനവിഭാഗം ഇന്ന് പേറുന്നത്. യൂറോപ്പില്‍ ഏറിവരുന്ന വംശീയത,നവനാസിസം തുടങ്ങിയ ആശയങ്ങളുടെ ആദ്യ ഇരകള്‍ ആ സമൂഹത്തിലെ അന്യരായി മുദ്രകുത്തപ്പെടുന്ന അപരസ്വത്വങ്ങള്‍ ആയ മതവിഭാഗങ്ങള്‍, കറുത്തവര്‍, മുസ്ലിങ്ങള്‍,റോമകള്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന ജിപ്സികള്‍ എന്നിവരാണ്‌.

എവിടെ നിന്ന് വന്നു ഇവര്‍?
   ജിപ്സികളുടെ യൂറോപ്പിലേക്കുള്ള വരവിനെ സംബന്ധമായി ഒട്ടേറെ സിദ്ധാന്തങ്ങള്‍ ചരിത്രകാരന്മാര്‍ക്കുണ്ട്. പൊതുവെ അംഗീകരിക്കപ്പെടുന്നത് അവരുടെ ഇന്ത്യന്‍ സ്വത്വം ആണ്‌.പതിനൊന്നാം നൂറ്റാണ്ടില്‍ വടക്കെ ഇന്ത്യയിലെ രാജസ്ഥാനില്‍ നിന്ന് ഇറാനിയന്‍ പീഠഭൂമി കടന്ന് യൂറോപ്പില്‍ എത്തിയ ജനവിഭാഗമാണ്‌ ജിപ്സികള്‍ എന്നത് അവരുടെ ജനിതകവും,ഭാഷാപരവുമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തപ്പെട്ട ഒരു സിദ്ധാന്തമാണ്‌. യൂറോപ്യന്‍ സംസ്കാരത്തില്‍,പ്രത്യേകിച്ച് സാഹിത്യം,ചിത്രകല എന്നിവകളില്‍ ജിപ്സി സംസ്കാരവും അവരുടെ ജീവിതരീതിയും സാന്നിദ്ധ്യം അറിയിക്കുന്നു.അവരുടെ വംശമുദ്രകള്‍ പതിഞ്ഞു കിടക്കുന്ന സംഗീതം യൂറോപ്യന്‍ പോപ്പ് സംഗീതത്തെയും വലുതായി സ്വാധീനിച്ചിട്ടുണ്ട്. ജിപ്സികളുടെ പ്രധാന ആവാസകേന്ദ്രം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ റൊമേനിയ,ബള്‍ഗേറിയ,ഹംഗറി എന്നിവയാണെങ്കിലും സ്വരാഷ്ട്രങ്ങളിലെ അവഗണനയും ദാരിദ്യവും അവരെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാവുന്ന പടിഞ്ഞാറേയ്ക്ക്-ഫ്രാന്‍സ്,ജര്‍മ്മനി,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക്-സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നു.തങ്ങളുടെ പാരമ്പര്യങ്ങളില്‍ പതിഞ്ഞു കിടക്കുന്ന സഞ്ചാരത്തിന്റെ മുദ്രകളും അവരെ ഇങ്ങനെ അലയാന്‍ പ്രേരിപ്പിക്കുന്നു.അവര്‍ ചെന്നു കയറുന്ന രാജ്യങ്ങളാകട്ടെ അവരെ പുറംതള്ളാനും ശ്രമിക്കുന്നു.
  

ചരിത്രത്തിലേക്ക് നീണ്ടുപോകുന്ന ദുരിതങ്ങള്‍
യൂറോപ്യന്‍ ചരിത്രത്തിലെ പല ദശാസന്ധികളിലും ജിപ്സികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുണ്ട് .വംശഹത്യ എന്ന ആയുധം എടുത്തുപയോഗിക്കപ്പെട്ട യൂറോപ്യന്‍ ദുരന്തകാലങ്ങളില്‍ ജൂതരെപ്പോലെ തന്നെ അവര്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ വിധിക്കപ്പെട്ടു.ഹിറ്റ് ലറിന്റെ ഹോളോകോസ്റ്റ് 15 ലക്ഷം  ജിപ്സികളുടെ  ജീവനെടുത്തു എന്ന് കരുതപ്പെടുന്നു.പക്ഷെ അവരുടെ ദുരന്തം പലപ്പോഴും മുഖ്യധാരയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇന്നും യൂറോപ്പില്‍ ഏറ്റവും വെറുക്കപ്പെടുന്ന ജനവിഭാഗം ജിപ്സികള്‍ തന്നെയാണെന്ന് സാമൂഹ്യനിരീക്ഷകര്‍ കരുതുന്നു.കമ്യൂണിസ്റ്റ് കാലഘട്ടത്തില്‍ ജിപ്സികളെ വലിയ വേര്‍തിരിവിനു വിധേയമാക്കിയിരുന്നു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. 'റൊമാനി' ഭാഷ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് ബള്‍ഗേറിയ വിലക്കിയിരുന്നു.ചെക്കോസ്ലാവാക്യയില്‍ ജിപ്സിപ്പെണ്ണുങ്ങള്‍ നിബന്ധിത വന്ധ്യംകരണത്തിനു വിധേയമാക്കപ്പെട്ടു.

അന്യത്വത്തിന്റെ പ്രശ്നങ്ങള്‍
ജിപ്സിയുടെ ജീവിതമുദ്ര എന്നതു തന്നെ അലച്ചിലാണ്‌. ഒരിടത്തും ഉറച്ചു നില്‍ക്കാതെ രാഷ്ട്രാതിര്‍ത്തികള്‍ ലംഘിച്ച് ജീവിതയാത്ര തുടരുന്ന അവര്‍ക്ക് ആധുനിക ദേശരാഷ്ട്രസങ്കല്പം അന്യമാണ്‌.റോമകള്‍ക്ക് സ്വന്തരാജ്യം എന്നൊന്നില്ല, പോകുന്നിടമെല്ലാം അവരുടെ രാജ്യം. ഭാഷ,വസ്ത്രധാരണം,ഭക്ഷണം,വിശ്വാസം എന്നിവകളിലെല്ലാം പൊതുധാരകളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ജിപ്സികളെ പൊതുസമൂഹം അന്യരായിത്തന്നെയായിരുന്നു കണ്ടിരുന്നത്.ഒരു രാഷ്ട്രത്തിന്റെയും ജനതകളല്ലാത്ത അവര്‍ തങ്ങള്‍ ജീവിക്കുന്ന രാഷ്ട്രം അതിന്റെ പൗരന്മാര്‍ക്ക് നല്‍കിയ ഗുണങ്ങളൊന്നും ലഭിക്കാതെ സാമൂഹ്യ,വിദ്യാഭ്യാസ,ആരോഗ്യ രംഗങ്ങളില്‍  ഒരു പിന്നോക്കജനതയായി മാറി.ഇവരുടെ ക്ഷേമം എന്നത് പല ദേശരാഷ്ട്രങ്ങളുടെയും സാമൂഹ്യവികസന അജണ്ടയില്‍ തന്നെ കാര്യമായി ഇടം പിടിച്ചുമില്ല.യൂറോപ്യന്‍ യൂണിയനടക്കമുള്ളവ ജിപ്സികളുടെ പ്രശ്നപരിഹാരത്തിനായി പല നയങ്ങളും രൂപീകരിച്ചെങ്കിലും അവ നടപ്പിലാക്കുന്നതില്‍ പല രാഷ്ട്രങ്ങളും പിന്നിലാണ് എന്ന് വിമര്‍ശിക്കപ്പെടുന്നു.യുണൈറ്റഡ് നേഷന്‍സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി), യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ ഫണ്ടമെന്റല്‍ റൈറ്റ്സ് എന്നിവര്‍ സം യുക്തമായി 11 യൂറോപ്യന്‍ രാജ്യങ്ങളില്‍  നടത്തിയ ഒരു സര്‍വേ ഫലം കാണിക്കുന്നത് വെറും 15 ശതമാനം ജിപ്സി യുവാക്കള്‍ക്ക് മാത്രമെ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളൂ എന്നാണ്‌. 30 ശതമാനം പേര്‍ക്കേ തൊഴിലുള്ളൂ,45 ശതമാനം പേരും താമസിക്കുന്നത് യാതൊരു പ്രാഥമിക സൗകര്യങ്ങളുമില്ലാത്ത വീടുകളിലാണ്‌, ജിപ്സിക്കുട്ടികള്‍ സ്കൂളുകളില്‍ വലിയ വിവേചനം അനുഭവിക്കുന്നു.ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ പൊതുസമൂഹത്തെ അപേക്ഷിച്ച് 12 വയസ്സ് കുറവാണ്‌ ജിപ്സികള്‍ക്ക്.

പഴയവയുടെ തിരിച്ചു വരവ്
നവനാസിസവും വംശീയതയും വീണ്ടും യൂറോപ്പില്‍ വേരൂന്നുമ്പോള്‍ സ്വാഭാവികമായും ആക്രമിക്കപ്പെടുന്നത് അപരസ്വത്വങ്ങളായ ജിപ്സികള്‍,മുസ്ലിങ്ങള്‍ എന്നിവരാണ്‌ എന്ന് വിവിധ രാഷ്ട്രങ്ങളില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു.മാനവികതയ്ക്കും സമത്വത്തിനും പുതിയ മാനങ്ങള്‍ രചിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ മക്കള്‍ തന്നെയാണ്‌ ഇന്ന് ജിപ്സികളെ വേട്ടയാടുന്നതിനും പുറത്താക്കുന്നതിനും മുന്‍കൈ എടുക്കുന്നതെന്നത് ചരിത്രത്തിന്റെ മറ്റൊരു വൈപരീത്യം.നവനാസി,വംശീയ ആശയങ്ങളുടെ ഏറ്റവും വലിയ പ്രയോക്താക്കളായ ഒരു പാര്‍ട്ടി   നിക്കോളാസ് സര്‍ക്കോസിയുടെ നേത്യത്വത്തില്‍ വന്നത് ജിപ്സികളുടെ കഷ്ടകാലത്തിനു തുടക്കമായി ഫ്രാന്‍സില്‍. വിദേശികളായ ജിപ്സികളാണ്‌ ഫ്രാന്‍സിന്റെ ഏറ്റവും വലിയ പ്രശ്നം എന്നാണ്‌ സര്‍ക്കോസിയുടെ പക്ഷം.ജിപ്സികളുടെ ക്യാമ്പുകളെ നിയമവിരുദ്ധം എന്ന് മുദ്രയടിച്ച് അവരെ ഫ്രാന്‍സില്‍ നിന്ന് തുരത്തുക എന്നതാണ്‌ സര്‍ക്കോസിയുടെ അജണ്ട എന്ന് തിരിച്ചറിയപ്പെടുന്നു.ജനങ്ങള്‍ക്ക് ജിപ്സികളോടുള്ള അന്യതാബോധം മുതലെടുക്കുകയാണ്‌ യൂറോപ്പിലെ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്.സ്ലോവാക്യ,ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ 2008,2009 വര്‍ഷങ്ങളില്‍ അരങ്ങേറിയ ജിപ്സികള്‍ക്ക് നേരെയുള്ള പരമ്പര കൊലപാതകങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് സമൂഹത്തില്‍ വളര്‍ന്നു വരുന്ന ജിപ്സി വിരുദ്ധ ആശയങ്ങളെയാണ്‌.മനുഷ്യാവകാശസംഘടനകളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമര്‍ശനമധ്യേ 2010 ല്‍ ആണ്‌ ഫ്രാന്‍സില്‍ സര്‍ക്കോസി കിഴക്കന്‍ യൂറോപ്പില്‍ നിന്നു വന്ന് ഫ്രാന്‍സില്‍ താമസമാക്കിയിട്ടുള്ള റോമകളെ പുറംതള്ളാനുള്ള നടപടികള്‍ ആരംഭിച്ചത്.സില്‍വിയോ ബര്‍ലുസ്കോണിയുടെ ഇറ്റലിയിലും 2006 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ ജിപ്സികളെ സമാനമായ  നടപടികള്‍ക്ക് വിധേയരാക്കിയിരുന്നു. ഡെന്മാര്‍ക്ക്,സ്വീഡന്‍,ജര്‍മ്മനി,ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ജിപ്സികളെ പുറത്താക്കിയിട്ടുണ്ട് പല കാലങ്ങളിലായി.ഹംഗറിയില്‍  കുറേക്കൂടി തീവ്രമാണ് സംഗതികള്‍:ജിപ്സികള്‍ക്കെതിരെയുള്ള നടപടികള്‍ വഴി കുപ്രസിദ്ധമായ  'ജോബ്ബിക്' എന്ന തീവ്രവലതുപക്ഷ പാര്‍ട്ടി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 16.7 ശതമാനം നേടി പാര്‍ലമെന്റില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.ജിപ്സികള്‍ എല്ലാവരും ക്രിമിനലുകളാണെന്ന് പ്രചരിപ്പിക്കുന്ന അവര്‍ തങ്ങളുടെ കറുത്ത യൂണിഫോമുകള്‍ അണിഞ്ഞ് അവര്‍ ജിപ്സി അധിവാസകേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നു പലപ്പോഴും.

വേരില്ലാത്തവന്‌ എവിടെ വീട്?


ജിപ്സികളുടെ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥ മാറ്റുന്നതിനായി 2005 ല്‍ 'ഡിക്കേഡ് ഓഫ് റോമ ഇന്‍ക്ലൂഷന്‍' എന്ന പേരില്‍ ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി ഒരു പരിപാടി ആരംഭിച്ചെങ്കിലും അതിനൊന്നും റോമകളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കൊണ്ടു വരാന്‍ സാധിച്ചിട്ടില്ല.ജിപ്സികളോടുള്ള പൊതുസമൂഹത്തിന്റെ അന്യമനോഭാവം മാറുക,അവരോടുള്ള വെറുപ്പില്‍ അധിഷ്ഠിതമായ രാഷ്ട്രീയ അജണ്ടകളെ പ്രതിരോധിക്കുക എന്നിവ  മാത്രമേ ഈ നിതാന്തസഞ്ചാരികള്‍ക്ക് സ്വാസ്ഥ്യം നല്‍കൂ എന്ന വലിയ സത്യം യൂറോപ്പ് തിരിച്ചറിഞ്ഞാലേ ഈ പ്രശ്നത്തിന്‌ പരിഹാരമുണ്ടാകൂ എന്ന് കരുതുന്നു,നിരീക്ഷകര്‍.







മലയാളനാട് വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്

Sunday, January 6, 2013

2012 ലെ ലോകം : ആശങ്കകള്‍ മാത്രമോ ബാക്കി?


സംഭവബഹുലതകളുടെ സങ്കീര്‍ണതകള്‍ കൊണ്ട് ലോകത്തെ നിറച്ച 2012 ന്റെ കൊടിയിറങ്ങി ദിനങ്ങള്‍ മാത്രം ആയിരിക്കെ അതിന്റെ കതിരും പതിരും തിരയുകയാണ് നാം. സംഭവങ്ങളെ കാലാനുക്രമത്തില്‍ പ്രതിപാദിക്കുന്നതിനു പകരം 2012 നെ സ്വാധീനിച്ച, അതില്‍ ദുരിതങ്ങള്‍ നിറച്ച, സൌഖ്യങ്ങള്‍ക്ക് പാതയൊരുക്കിയ സംഭവങ്ങളെ , പ്രവണതകളെ കുറിച്ചൊക്കെ പറയുന്നു.

സന്തോഷപൂര്‍ണമായി ജീവിയ്ക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളുടെ കടയ്ക്ക് കത്തിവെച്ച കുറെ വ്യാകുലത നിറഞ്ഞ സംഭവങ്ങളും അതിനിടെ വെള്ളി വെളിച്ചം പോലെ മിന്നിക്കാണുന്ന ചില കുഞ്ഞു പ്രതീക്ഷകളും നിറഞ്ഞതാണ് 2012 എന്ന വര്‍ഷം . ഈ വര്‍ഷം ലോകത്ത് ശേഷിപ്പിക്കുന്നത് എന്താണ്? മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അത് എന്തു ഈടുവെപ്പുകളാണ് നല്‍കിയത്? നമ്മുടെ മന:സാക്ഷിയെ അതെങ്ങനെയെല്ലാം സപര്‍ശിച്ചു? നമ്മിലെ ക്രൂരതയെ അതെങ്ങനെ പുറത്തു കൊണ്ടുവന്നു ?

സിറിയ : ലോകത്തിന്റെ യുദ്ധഭൂമി

           പോരാട്ടങ്ങളും ചോരചൊരിച്ചിലും 2012 ല്‍ ഏറെ നടന്നത് സിറിയയില്‍ തന്നെയാണ്. ടുണീഷ്യയില്‍ ആരംഭിച്ച് അറബ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച മുല്ലപ്പൂ വിപ്ലവം ഇന്ന് സിറിയയില്‍ എത്തിനില്‍ക്കുന്നത് പുഷ്പസുഗന്ധത്തോടെയല്ല. ആഭ്യന്തര കലാപമായി വളര്‍ന്ന പ്രക്ഷോഭം ആ രാജ്യത്തെ എത്തിച്ചിരിക്കുന്ന അവസ്ഥ അതീവ ദയനീയം തന്നെയാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിനു മനുഷ്യരാണ് കൊല്ലപ്പെട്ടത്. മുപ്പതിനായിരം പേരെങ്കിലും ഈ വര്‍ഷം മാത്രം സിറിയയില്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.
ഈ വര്‍ഷത്തിലും ഒടുങ്ങാതെ വരും ദിനങ്ങളിലും ദുരന്തം സിറിയയുടെ മേലുണ്ടാകും എന്നത് ദു:ഖകരം തന്നെ. വര്‍ഷങ്ങളായി സിറിയയില്‍ ഭരണം തുടരുന്ന ബഷല്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെയാണ് പ്രതിപക്ഷം യുദ്ധം തുടങ്ങിയത്. വര്‍ഷാവസാനം ആകുമ്പോഴേക്കും രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും വിമതര്‍ കീഴടക്കിക്കഴിഞ്ഞു. നാഷണല്‍ കൊയാലിഷന്‍ ഓഫ് സിറിയന്‍ റെവെല്യൂഷണറി ആന്‍ഡ് ഒപ്പോസിഷന്‍ ഫോഴ്‌സസ് എന്ന പ്രതിപക്ഷത്തെ അമേരിക്ക അടക്കം പല രാഷ്ട്രങ്ങളും അംഗീകരിച്ചു കഴിഞ്ഞു.

മതാധിഷ്ഠിതമാകുന്ന ഫറവോയുടെ നാട്
morsi
             അറബ് വസന്തത്തിന്റെ സ്യഷ്ടിയായിരുന്നു ഈജിപ്തുകാരന്‍ നേടിയ സ്വാതന്ത്യത്തിന്റെ പുത്തന്‍ കാറ്റ്. വിപ്ലവം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്ത് തന്നെ, മുബാറക്ക് അവശേഷിപ്പിക്കുന്ന ശൂന്യതയിലേക്ക് മതമൌലികവാദ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ ഹുഡിന്റെ നേത്യത്വത്തില്‍ മതേതര വിരുദ്ധ ശക്തികള്‍ ഈജിപ്തിന്റെ അധികാരം കരസ്ഥമാക്കുമെന്ന ആശങ്ക ലോകത്തിനു മുഴുവന്‍ ഉണ്ടായിരുന്നു.അതിനെ ശരിവെക്കുന്ന രീതിയിലാണ് 2012 ലെ സംഭവങ്ങള്‍ പരിണമിച്ചത്. ഗാസയില്‍ രണ്ടാഴ്ച നീണ്ടു നിന്ന പ്രതിസന്ധിക്കൊടുവില്‍ വെടിനിര്‍ത്തലിനും മേഖലയിലെ സമാധാനത്തിനും നേത്യത്വം വഹിച്ചു എന്നതില്‍ അന്താരാഷ്ട്ര സമ്മതി നേടിയ തൊട്ടടുത്ത ദിനം തന്നെയാണ് വിപ്ലവാനന്തര ഈജിപ്ത് കണ്ട മറ്റൊരു വലിയ പ്രതിസന്ധിക്ക് തുടക്ക് കുറിച്ച് കൊണ്ട് മുഹമ്മദ് മുര്‍സി തന്റെ നിര്‍ണ്ണായകമായ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് പുറത്തിറക്കിയത്. പ്രസിഡണ്ട് എന്ന നിലയില്‍ തന്റെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള അധികാരം കോടതിക്ക് പോലും ഉണ്ടാകില്ല എന്നതായിരുന്നു ഉത്തരവിന്റെ രത്‌നച്ചുരുക്കം. മുര്‍സി മറ്റൊരു മുബാറക്കാകാന്‍ പോകുന്നു എന്ന ആശങ്ക പുതിയ പ്രക്ഷോഭത്തിലേക്കും ഇപ്പോഴും തുടരുന്ന പ്രതിസന്ധിയിലേക്കും രാജ്യത്തെ എത്തിച്ചു. പ്രതിപക്ഷം ബഹിഷ്‌കരിച്ച ഭരണഘടനാ നിര്‍മ്മാണസമിതി തിടുക്കത്തില്‍ യോഗം ചേര്‍ന്ന് പുതിയ ഭരണഘടന പാസ്സാക്കിയെടുത്ത് റഫറണ്ടത്തിനായി ജനങ്ങള്‍ക്ക് മുന്‍പാകെ വെച്ചു.വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്ന് ആരോപിക്കപ്പെട്ട റഫറണ്ടത്തിനൊടുവില്‍ ഇസ്ലാമിക നിയമത്തില്‍ അധിഷ്ടിതമായ ഭരണഘടന അംഗീകരിക്കപ്പെടാന്‍ പോകുന്നു എന്നതാണ് 2012 ന്റെ അവസാന ദിനങ്ങളില്‍ ഈജിപ്തില്‍ നിന്നുള്ള ഒട്ടും ശുഭകരമല്ലാത്ത വാര്‍ത്ത.

ഗാസ പ്രതിസന്ധി
gaza
            പൊതുവെ ശാന്തമായ നില തുടരുന്നു എന്ന് തോന്നിപ്പിച്ച മിഡില്‍ ഈസ്റ്റിന്റെ മനസ്സിനകത്ത് ഇപ്പോഴും തീയെരിയുന്നു എന്ന് കാണിച്ചു തന്നു 2012 നവംബറിലെ ഗാസ പ്രതിസന്ധി.ഗാസയില്‍ ഭരണം നടത്തുന്ന ഹമാസ് എന്ന സംഘടനയുടെ മിലിറ്ററി തലവനായ അഹമദ് അല്‍ ജബരിയെ ഇസ്രായേല്‍ കൊലചെയ്തതാണ് പ്രതിസന്ധിയുടെ കാരണം. നാല് വര്‍ഷം മുന്‍പ് ഇസ്രായേല്‍ നടത്തിയ ഗാസ അധിനിവേശത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് അവര്‍ ഗാസയ്‌ക്കെതിരെ നടത്തിയത്.ഈജിപ്ഷ്യന്‍ പ്രസിഡണ്ട് നടത്തിയ മാധ്യസ്ഥ ചര്‍ച്ചകള്‍ വിജയിക്കുമ്പോഴേക്കും ഹമാസും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 140 പാലസ്തീനികളും 6 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു.

പാലസ്തീന്‍ എന്ന 'രാഷ്ട്രം'

           ഇസ്രായേലിന്റെ അടിച്ചമര്‍ത്തലില്‍ പെട്ട് ഞെരിയുന്ന പാലസ്തീനിയന്‍ ജനതയ്ക്ക് 2012 ല്‍ ലഭിച്ച വലിയ ആശ്വാസം തന്നെയാണ് ഐക്യരാഷ്ട്ര സഭ ആ പ്രദേശത്തിനു 'അംഗമല്ലാത്ത രാഷ്ട്രം' എന്ന സ്ഥാനം നല്‍കിയത്. ഈ തീരുമാനം വലിയ ഭൂരിപക്ഷത്തോടെയാണ് യു.എന്‍ പാസാക്കിയതെങ്കിലും ഇതിനു ഇസ്രായേലിന്റെയും സുഹ്യത്തായ അമേരിക്കയുടെയും പിന്തുണ കിട്ടാത്തിടത്തോളം പാലസ്തീന്റെ രാഷ്ട്രപദവി എന്ന ലക്ഷ്യം നിറവേറും എന്ന് കരുതാന്‍ വയ്യ. രാഷ്ട്രപദവിക്കു തുല്യമല്ലെങ്കിലും ഈ പ്രഖ്യാപനം പാലസ്തീനിയന്‍ ജനത ഒരു ഉത്സവം പോലെയാണ് കൊണ്ടാടിയത്. പാലസ്തീനിയന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് പറഞ്ഞത് ഇത് പാലസ്തീന്‍ രാഷ്ട്രത്തിന്റെ ജനനസര്‍ട്ടിഫിക്കറ്റ് ആണെന്നായിരുന്നു. പ്രതികാരമായി ഇസ്രായേല്‍ ചെയ്തത് പാലസ്തീന് നികുതി വിഹിതമായി നല്‍കാനുള്ള 100 ദശലക്ഷം ഡോളര്‍ നല്‍കാതിരിക്കലാണ്.

മ്യാന്മാറിന്റെ ദുര്യോഗം
myanmar
       
            ദശകങ്ങളായി ജനാധിപത്യപോരാട്ടങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന മ്യാന്മാറിലെ പട്ടാളമേധാവിത്വം ജനനായിക ആങ് സാന്‍ സൂച്ചിയെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്ന് മുക്തയാക്കിയതും പരിമിത ജനാധിപത്യ മാര്‍ഗത്തിലേക്ക് രാഷ്ട്രം മാറാന്‍ തുടങ്ങിയതും ആ രാജ്യത്തെക്കുറിച്ച് ശുഭപ്രതീക്ഷ നല്‍കി എങ്കിലും പിന്നീടുണ്ടായ ദുരന്തം അവയ്ക്ക് തെല്ല് മങ്ങലേല്‍പ്പിച്ചു. ബംഗ്ലാദേശില്‍ നിന്നും കാലങ്ങള്‍ക്ക് മുന്‍പ് മ്യാന്മാറിലേക്ക് കുടിയേറിയ റോഹിംഗ്യകള്‍ എന്നറിയപ്പെടുന്ന മുസ്ലിങ്ങളും അവിടത്തെ തനത് സമൂഹമായ ബുദ്ധമതക്കാരുമായി വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന അകല്‍ച്ചയും ഉരസലും പടിഞ്ഞാറന്‍ രാക്കിന്‍ സംസ്ഥാനത്ത് ഒരു പൊട്ടിത്തെറിയില്‍ എത്തിയതോടെ മ്യാന്മാറില്‍ വംശഹത്യ തന്നെയാണ് നടന്നത് എന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ കരുതുന്നു.ആയിരക്കണക്കിനു ആളുകളാണ് കൊല്ലപ്പെട്ടത്,അഭയാര്‍ഥികളാക്കപ്പെട്ടത്. ഐക്യരാഷ്ട്ര സംഘടന റോഹിംഗ്യകളെ പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷമായി വിലയിരുത്തുമ്പോള്‍ മ്യാന്മാര്‍ ഭരണകൂടം പറയുന്നത് അവര്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധിക്യത കുടിയേറ്റക്കാരാണ് എന്നാണ്. 8 ലക്ഷത്തോളം വരുന്ന ഈ ജനവിഭാഗത്തോടുള്ള വിവേചനപൂര്‍വമുള്ള നയം മാറിയാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ എന്ന് കരുതുന്നു അന്താരാഷ്ട്ര സംഘടനകള്‍ .


മലാല,മലാല

കഴിഞ്ഞ വര്‍ഷം നമ്മെ ഏറെ ദു:ഖിപ്പിക്കുകയും ആഴത്തിലുള്ള ചിന്തയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത സംഭവം മലാല യൂസഫ്‌സായ് എന്ന കൊച്ചുപെണ്‍കുട്ടിയുടെ ദുരന്തം ആയിരുന്നു. ഒരു പക്ഷെ മതതീവ്രവാദത്തിനെതിരെ ലോകമന:സാക്ഷിയെ ഒരിക്കല്‍ കൂടി എതിരാക്കാന്‍ പ്രേരണ നല്‍കിയ ഏറ്റവും പ്രധാന സംഭവം ഇതായിരിക്കാം. ഐക്യരാഷ്ട്ര സഭ ആദ്യത്തെ 'പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിന' മായി നിശ്ചയിച്ചിരുന്ന 2012 ഒക്ടോബര്‍ 11 ന് രണ്ട് ദിവസം മുന്‍പാണ് പാകിസ്ഥാനിലെ കൊച്ചുപോരാളി വെടിയേറ്റു വീണത്. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന പെണ്ണ് പാകിസ്ഥാന്റെ രാഷ്ട്രീയ,സാമൂഹ്യ അവസ്ഥയില്‍ മരണയോഗ്യയാണ് എന്ന് മുന്‍കാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും മലാലയെപ്പോലൊരു കൊച്ചുപെണ്‍കുട്ടി അക്രമത്തിനിരയായത് ലോകമെമ്പാടും ഞെട്ടലുളവാക്കി. മലാല യൂസഫ്‌സായി 2009 ജനുവരി മുതല്‍ മാര്‍ച്ച് വരെ എഴുതിയ പാകിസ്ഥാനിലെ കറുത്ത കാലത്തിന്റെ അനുഭവങ്ങള്‍ 'ഗുല്‍ മകായ്' എന്ന തൂലികാനാമത്തില്‍ ഡയറിക്കുറിപ്പുകളുടെ രൂപത്തില്‍ ബി.ബി.സി. യുടെ ഉര്‍ദു സര്‍വീസ് പ്രസിദ്ധീകരിച്ചതാണ് അവളുടെ വിധിയെ മാറ്റിമറിച്ചത്. മലാലയ്ക്ക് മുന്ഗാമിയായി അവള്ക്ക് മുന്‌പേ താലിബാന്റെ തോക്കിനിരയായ ഇരുപത്തഞ്ചുകാരിയാണ് ഫരീദ അഫ്രീദി. ലിംഗനീതിയ്ക്കും സ്ത്രീകളുടെ അവകാശസംരക്ഷണത്തിനുമായി പഷ്തൂണ്മേഖലയില്തന്നെ പ്രവര്ത്തിച്ച ഫരീദയെ 2012 ജുലൈയില്‌കൊലപ്പെടുത്തുകയായിരുന്നു.

മുസ്ലിം രോഷത്തിന്റെ പുതിയ പരിണാമം

സ്വമതം കടുത്ത വികാരമായി കൊണ്ടു നടക്കുന്ന ലോകത്തിലെ മുസ്ലിങ്ങളെ ഒന്നാകെ രോഷത്തിലും പ്രതിഷേധത്തിലും അകപ്പെടുത്തിയ സംഭവത്തിന് 2012 സാക്ഷ്യം വഹിച്ചു. 'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' എന്ന വിചിത്രനാമത്തോടെ 'യൂട്യൂബി'ല്‍ 2012 ജുലൈ ഒന്നിനാണ് രക്തച്ചൊരിച്ചിലിനു പ്രേരണയായ സിനിമയുടെ 14 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു ഭാഗം പ്രത്യക്ഷപ്പെട്ടത്. വീഡിയോ അപ് ലോഡ് ചെയ്തത് 'സാം ബാസിലെ' എന്ന ആള്‍. ജുലൈയില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോ സെപ്തംബറില്‍ ആണ് അറബ് സബ് ടൈറ്റിലോട് കൂടി ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്യസ്ത്യാനിയായ ബ്ലോഗര്‍ മോറിസ് സദെക് വീണ്ടും അപ് ലോഡ് ചെയ്യുന്നത്. ഇയാള്‍ വീഡിയോ നന്നായി പ്രചരിപ്പിച്ചു. സെപ്തംബര്‍ എട്ടിന് വീഡിയോയുടെ രണ്ട് മിനിട്ടുള്ള ഭാഗങ്ങള്‍ ഈജിപ്തിലെ ഇസ്ലാമിക ടെലിവിഷന്‍ ചാനലായ 'അല്‍നാസ് ' ടി.വി പ്രക്ഷേപണം ചെയ്യുന്നതോടെ വടക്കെ ആഫ്രിക്കയിലെയും അറബ് മേഖലയിലെയും രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയ്ക്ക് തുടക്കമായി. ഈജിപ്തിലും ലിബിയയിലും പ്രതിഷേധപ്രകടനങ്ങളും അമേരിക്കന്‍ വിരുദ്ധ ആക്രമങ്ങളും തുടങ്ങി. പ്രവാചകനെ അധിഷേപിക്കുന്ന സിനിമ മുസ്ലിം മേഖലയില്‍ ക്രോധത്തിന്റെ വലിയ കൊടുങ്കാറ്റാണ് അഴിച്ചു വിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യമനിലേക്കും മറ്റ് മുസ്ലിം രാജ്യങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നു. ലിബിയയിലെ ബെന്‍ ഗാസിയിലെ യു.എസ് കോണ്‍സുലേറ്റിനു നേരെ മിലിറ്ററി ശൈലിയിലുണ്ടായ ആക്രമണത്തില്‍ യു.എസ് അംബാസഡര്‍ അടക്കം മൂന്ന് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് ഈ തീക്കാറ്റ് ലോകശ്രദ്ധയിലെത്തിയത്.

പട്ടിണി ഒടുങ്ങാത്ത ലോകം

        വികാസത്തിന്റെ ഇത്ര ഉന്നതിയില്‍ എത്തിയിട്ടും നമുക്ക് പട്ടിണി മാറ്റാന്‍ സാധിച്ചിട്ടില്ല എന്നത് തന്നെയാണ് 2012 ലെയും ദു:ഖകരമായ സംഗതി. ഈ അവസ്ഥയുടെ കൂടുതല്‍ ഗുരുതരമായ സ്ഥിതി ആണ് 2012ല്‍ ലോകം ദര്‍ശിച്ചത്. ദാരിദ്യ നിര്മ്മാര്ജ്ജനം എന്ന ആശയം ലോകത്തെമ്പാടും ചര്ച്ച ചെയ്യപ്പെടുകയും പട്ടിണി എന്നത് പരിഹരിക്കപ്പെടേണ്ട ഏറ്റവും വലിയ പ്രശ്‌നം ആയി മുന്നോട്ട് വെക്കപ്പെടുകയും ചെയ്ത കാലഘട്ടത്തില്‍ തന്നെയാണ് കോടിക്കകണക്കിനു ദരിദ്രരെ കൂടുതല് ദരിദ്രരാക്കിക്കൊണ്ട് ഭക്ഷ്യവില വര്ദ്ധനവ് കഴിഞ്ഞ വര്‍ഷത്തിലും അതിന്റെ വിശ്വരൂപം കാട്ടാന്‍ തുടങ്ങിയത്.ഭൂരിപക്ഷം ജനങ്ങളുടെയും ഭക്ഷണത്തിലെ പ്രധാനഘടകങ്ങളായ ഗോതമ്പ്,ചോളം,അരി,സോയാബീന്‌സ് എന്നിവയുടെ വില ക്രമാതീതമായി വര്ദ്ധിച്ചു. ഭക്ഷ്യമേഖലയില്‍ വലിയ പ്രതിസന്ധി സ്യഷ്ടിച്ചു കൊണ്ട് 2007 ല്‍ ആണ് ഭക്ഷ്യവില നാടകീയമായി ഉയരുന്നത്. അത് പല ദരിദ്രവികസ്വര രാജ്യങ്ങളിലും രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതകള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണവുമായി. 2008 പകുതിയോടെ വില കുറയുന്ന പ്രവണത കണ്ടെങ്കിലും 2009 ലും 2010 ലും വീണ്ടും കുതിച്ചുയര്ന്നു. 2011 ആയപ്പോഴേക്കും ഭക്ഷ്യവില എന്നത് എന്നത്തെക്കാളും മാരകമായ ഒരവസ്ഥയിലെത്തിച്ചേര്ന്നു. ഇത് ആഗോളവിപണിയില്‍ വലിയ അസ്ഥിരത സ്യഷ്ടിച്ചു, ഉത്പാദകര്ക്കും ഉപയോക്താക്കള്‍ക്കും കൂടുതല്‍ ദോഷം വരുത്തുകയും ചെയ്തു. 2006 നും 2008 നും ഇടയില്‍ അരിയുടെ ശരാശരി വിലവര്ദ്ധന 217 ശതമാനവും ഗോതമ്പിന്റേത് 136 ശതമാനവും ആയിരുന്നു. ഈ പ്രതിസന്ധിയുടെ ഏറ്റവും മോശമായ അവസ്ഥയില്ലും 2011 ലും ആയി ഇരുപതിലധികം രാജ്യങ്ങളില്‍ ഭക്ഷ്യകലാപങ്ങള്‍ ഉണ്ടായതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഇത് 2012 ലും തുടര്‍ന്നു. ഈ ഭക്ഷ്യകലാപങ്ങള്‍ കൂടുതല്‍ സങ്കീര്ണമായ മറ്റൊരു പ്രതിസന്ധിയിലേക്കുള്ള ചൂണ്ടുവിരല്‍ ആണ്: രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ. എഫ്.എ.ഒ യുടെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 22 രാജ്യങ്ങളില്‍ 35 ശതമാനത്തിനു മുകളില്‍ ആളുകളും പട്ടിണിക്കാരാണ്.

തുടരുന്ന സാമ്പത്തിക പ്രതിസന്ധി

2008 ല്‍ അമേരിക്കയില്‍ ആരംഭിച്ച പൊട്ടിത്തെറിയുടെ സ്ഫുലിംഗങ്ങള്‍ 2012 ലും തണുക്കാതെ കിടക്കുന്ന അവസ്ഥയാണ് ലോക സാമ്പത്തിക സ്ഥിതി നല്‍കുന്ന ചിത്രം അമേരിക്കയിലും മറ്റെല്ലാ യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളിലും പ്രതിസന്ധി നിലനിന്നു. അജയ്യമായ മുതലാളിത്തം തോല്ക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു,ലോകമെമ്പാടും . തൊഴിലില്ലായ്മ,ശമ്പളം വെട്ടിക്കുറയ്ക്കല്‍,പെന്‍ഷന്‍ റദ്ദാക്കല്‍ ,ഭവന രഹിതര്‍ .ഇവയൊക്കെ 2012 ലും ലോകത്തെ ആകമാനം ഉലച്ചു. മുതലാളിത്തം അതിന്റെ ചരിത്രത്തിലെ വലിയ പരീക്ഷണത്തില്‍ ,പ്രതിസന്ധിയില്‍ പെട്ടുലയുന്ന കാഴ്ച്ച . സ്‌പെയിനും ഗ്രീസും ഇറ്റലിയും ഫ്രാന്‍സുമെല്ലാം വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.

പാപ്പരായ ഗ്രീസ്

2012 ലും തുടര്‍ന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും ദയനീയചിത്രമാണ് യൂറോപ്യന്‍ സംസ്‌ക്യതിയുടെ ഈറ്റില്ലമായ ഗ്രീസ് കാഴ്ച വെച്ചത്. എണ്‍പതുകള്‍ മുതല്‍ ലോകമെമ്പാടും പ്രയോഗിക്കപ്പെടുകയും മുതലാളിത്തത്തിന്റെ വികാസത്തില്‍ നിര്‍ണായകമാവുകയും ചെയ്ത ലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഏറ്റവും പുതിയ ദുരന്തഭൂമി കൂടി ആയിരിക്കയാണിന്ന് ഗ്രീസ്. സമ്പദ് വ്യവസ്ഥയുടെ രണ്ട് പ്രധാനഘടകങ്ങളായ ഷിപ്പിംഗും ടൂറിസവും ഏതൊരു സാമ്പത്തികപ്രതിസന്ധിയിലും ആദ്യം ബാധിക്കപ്പെടുന്ന മേഖലകളായത് ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ ഗ്രീസിന്റെ നില പരുങ്ങലിലാക്കി.ഇതില്‍ നിന്ന് രക്ഷ നേടാനായി അവര്‍ തുടങ്ങി വെച്ച സാമ്പത്തിക 'പരിഷ്‌കാരങ്ങള്‍ ' ആ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ നരകതുല്യമാക്കി. പെന്ഷനായി ആയിരം യൂറോയിലധികം വാങ്ങുന്നവരില്‍ ശതമാനം കട്ട് ചെയ്യാനുള്ള സര്ക്കാര് തീരുമാനം പുറത്തുവന്നത് പ്രതിഷേധസമരം ശക്തമാക്കി. കഴിഞ്ഞ രണ്ടു വര്ഷത്തിനിടെ പെന്ഷന്‍ തുകയില്‍ ശതമാനം കുറവ് വരുത്തിയതിനു പുറമെയാണിത്.യൂറോപ്യന്‍ യൂണിയനും ഇന്റര്‌നാഷണല്‍ മോണിറ്ററി ഫണ്ടും(ഐഎംഎഫ്) ചേര്ന്ന് മുന്നോട്ടുവെച്ച സാമ്പത്തിക രക്ഷാപാക്കേജുകളിലെ വ്യവസ്ഥപ്രകാരം ഗ്രീസ് പൊതുമേഖലയിലെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനും ടാക്‌സുകള്‍ വര്ധിപ്പിക്കാനും നിര്ബന്ധിതരായി. പെന്‍ഷന്‍ സമ്പദ്രായം പിന്‍ വലിക്കുകയോ പൊളിച്ചെഴുതുകയോ വേണമെന്നായിരുന്നു മറ്റൊരു നിബന്ധന.ഇതൊക്കെ തന്നെ ഗ്രീസിന്റെ തെരുവുകളെ പ്രതിഷേധാഗ്‌നിയില്‍ മുക്കി.

ബാരക് ഒബാമ വീണ്ടും
obama
ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍ പ്രസിഡണ്ട് ബാരക് ഒബാമ തന്റെ രണ്ടാം ദൌത്യവും വിജയിപ്പിച്ചു. ലോകത്തിനു ഒബാമ നല്‍കിയ പ്രതീക്ഷകള്‍ ഒന്നും തന്നെ ഫലത്തിലെത്തിയില്ലെങ്കിലും അദ്ദേഹം സ്വന്തം നാട്ടില്‍ ഇപ്പോഴും ജനകീയന്‍ തന്നെ എന്ന് തെളിയിച്ചു വീണ്ടും. കടുത്ത സാമ്പത്തിക പ്രതിസന്ധി തകര്‍ത്തുകളഞ്ഞ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ജീവന്‍ നല്‍കുക എന്നതു തന്നെയായിരിക്കും അദ്ദേഹത്തിനു മുന്നിലുള്ള വലിയ വെല്ലുവിളി.അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ വിശകലനത്തില്‍ നിന്ന് ലഭിക്കുന്ന കണക്ക് അനുസരിച്ച് ചരിത്രത്തിലാദ്യമായി പാര്‍ലമെന്റിലെ ഡെമോക്രാറ്റ് അംഗങ്ങള്‍ക്കിടയിലുള്ള വെള്ളക്കാരുടെ ഭൂരിപക്ഷം ഇല്ലാതായിരിക്കുന്നു.അമേരിക്ക കറുത്തവന്റെയും തവിട്ടുനിറക്കാരന്റെയും കൂടി നാടായി മാറുന്നു എന്ന് ചുരുക്കം.

ഫ്രാന്‍സിലെ ഇടത് മുന്നേറ്റം

2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തീവ്ര വലത് പക്ഷ ആശയങ്ങളുടെ പ്രയോക്താവായ നിക്കോളാസ് സര്‍ക്കോസിയെ കയ്യൊഴിഞ്ഞ ഫ്രഞ്ച് ജനത 1988 നു ശേഷം ഇതാദ്യമായി ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടിക്കു മാന്‍ഡേറ്റ് നല്‍കിയിരിക്കുന്നു.പുതിയ പ്രസിഡണ്ടായ ഫ്രാങ്കോയിസ് ഹോളണ്ടിന്റെ ദൌത്യം ഏറെ ദുഷ്‌കരമാണ് സാമ്പത്തിക മാന്ദ്യം തളര്‍ത്തിയ ഫ്രാന്‍സിനെ സംബന്ധിച്ച്.

പുട്ടിന്‍ സ്ഥാനം നിലനിര്‍ത്തി

വ്‌ലാഡിമീര്‍ പുട്ടിന്‍ മൂന്നാം തവണയും റഷ്യന്‍ പ്രസിഡണ്ട് സ്ഥാനം നിലനിര്‍ത്തി 2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍. തികഞ്ഞ ഏകാധിപതിയെപ്പോലെ ഭരിക്കുന്ന ഈ മുന്‍ കെ.ജി.ബി മേധാവി റഷ്യക്കാരുടെ ചുമലില്‍ നിന്ന് ഒഴിയാന്‍ ഇനിയും കാലമെടുക്കും എന്ന് ചുരുക്കം.

ഹ്യൂഗോ ഷവേസ് അജയ്യനാണ്

നവലിബറല്‍ ആശയങ്ങള്‍ക്കെതിരെ പോരടിക്കുന്ന ചുരുക്കം ചില രാഷ്ട്രനേതാക്കളില്‍ ഒരാളായ വെനസ്വേലയുടെ ഹ്യൂഗോ ഷാവേസ് മൂന്നാം തവണയും ആ രാഷ്ട്രത്തിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഇടത്പക്ഷ ആശയക്കാര്‍ക്ക് ആവേശം നല്‍കി. 54 ശതമാനം വോട്ടാണ് ഷാവേസ് നേടിയത്.ഷാവേസ് തന്റെ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ച ബദല്‍ സാമ്പത്തിക നയങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണീ വിജയം എന്ന് വിലയിരുത്തപ്പെടുന്നു.

ചൈന: കുതിപ്പും കിതപ്പും
china
തകര്‍ന്നടിഞ്ഞ മുതലാളിത്ത ലോകം അമ്പരപ്പോടെ നോക്കിക്കണ്ട ഒരു പ്രതിഭാസത്തിന്റെ പൂര്‍ണ രൂപം ചൈന ദ്യശ്യമാക്കിയത് 2012 നും മുമ്പായിരുന്നു. കമ്യൂണിസത്തിന്റെ ചൈനീസ് മാത്യകയില്‍ നിന്ന് മുതലാളിത്തത്തിന്റെ ചൈനീസ് മാത്യകയിലേക്കുള്ള ആ രാജ്യത്തിന്റെ പരിണാമം ആണ്‌ സമകാലിക സാമ്പത്തികരാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഘട്ടത്തില്‍ തന്നെയാണ് എണ്‍പതുകളിലെ തങ്ങളുടെ നയങ്ങളില്‍ കാതലായ മാറ്റം വരുത്തി , നിറമേതായാലും എലിയെപ്പിടിക്കുന്ന ആ ചൈനീസ് പൂച്ച കടന്ന് വന്നത്. തൊണ്ണൂറുകളില്‍ എല്ലാ അര്‍ഥത്തിലും ആധുനികമുതലാളിത്തത്തിന്റെ ആടയാഭരണങ്ങള്‍ എടുത്തണിഞ്ഞ ചൈന 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' എന്ന വ്യവസ്ഥയ്ക്ക് തങ്ങളുടേതായ വ്യാഖ്യാനം ചമയ്ക്കുവാന്‍ ശ്രമിച്ചുവെങ്കിലും അവരും സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റില്‍ കടപുഴകുന്ന കാഴ്ചയാണ് 2012 കണ്ടത്. എങ്കിലും യൂറോപ്യന്‍ അമേരിക്കന്‍ തകര്‍ച്ച പോലൊന്ന് ചൈന അനുഭവിച്ചിട്ടില്ല. ചൈനീസ് രാഷ്ട്രീയരംഗം പതിവു പോലെ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നയം തന്നെ തുടര്‍ന്നു. അടുത്ത 10 വര്‍ഷത്തേക്ക് തങ്ങളെ ഭരിക്കേണ്ട നേതാക്കളെ തിരഞ്ഞെടുത്തു ഈ വര്‍ഷം ആ രാജ്യത്തെ പരമോന്നത പാര്‍ട്ടി . ഴി ജിങ്പിങ് പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് സമൂഹത്തെ ആഴത്തില്‍ ബാധിച്ച അഴിമതിയെ തുറന്നു കാട്ടിയ സംഭവമാണ് ബോ സിലായ് എന്ന പോളിറ്റ്ബ്യൂറോ അംഗം ഭാഗഭാക്കായ , ബ്രിട്ടീഷ് ബിസിനസ്സുകാരന്റെ കൊലപാതകം. കുറ്റക്യത്യത്തില്‍ ബോയുടെ ഭാര്യയുടെ പങ്ക് കണ്ടെത്തപ്പെടുകയും അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറെ ദശകങ്ങള്‍ക്കുള്ളില്‍ നടന്ന ഏറ്റവും കോളിളക്കം സ്യഷ്ടിച്ച അഴിമതിക്കഥ ഇതാണ്.

ചൈനയും ജപ്പാനും അടികൂടിയ കഥ

കിഴക്കന്‍ ചൈനാക്കടലിലെ വെറും കല്ലുമാത്രമുള്ള കുറച്ച് ദ്വീപുകളുടെ അവകാശത്തെച്ചൊല്ലി ചൈനയും ജപ്പാനും തമ്മില്‍ നടന്ന തര്‍ക്കം ഒരു യുദ്ധഭീഷണി ലോകത്ത് സ്യഷ്ടിച്ചെങ്കിലും ചൈനയില്‍ ജപ്പാന്‍ വിരുദ്ധ തരംഗമുണ്ടായതും ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവടത്തെയും ബാധിച്ചതുമൊഴിച്ചാല്‍ ഒന്നുമുണ്ടായില്ല.

തെക്കെ ആഫ്രിക്കന്‍ ഖനികളിലെ സംഘര്‍ഷം 

അപ്പാര്‍ത്തീഡിന്റെ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരുന്നു സൌത്ത് ആഫ്രിക്കയിലെ സമരം ചെയ്യുന്ന ഖനിത്തൊഴിലാളികള്‍ക്കെതിരെ പോലീസ് നിറയൊഴിച്ചതും 34 പേര്‍ കൊല്ലപ്പെട്ടതും. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം മൂലം ആ രാജ്യത്തിലെ ഖനിമേഖല കുറെ ആഴ്ചകളില്‍ സ്തംഭിച്ചു.

വടക്കന്‍ കൊറിയ : തെമ്മാടിയുടെ മുന്നേറ്റം
nk
തെമ്മാടി രാഷ്ട്രം എന്ന് അമേരിക്കയും സുഹ്യത്തുക്കളും മുദ്ര കുത്തി ഒറ്റപ്പെടുത്തിയ വടക്കന്‍ കൊറിയ എന്ന രാഷ്ട്രം ഇന്നും ഇരുമ്പു മറയ്ക്കകത്താണ്. അവിടെ നടക്കുന്നതെന്തെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ഡിസംബര്‍ 12 നു അവര്‍ പരീക്ഷിച്ച റോക്കറ്റ് വിക്ഷേപണം വന്‍ വിജയം ആയത് ലോകമറിഞ്ഞു. സ്വന്തമായി ഒരുപഗ്രഹം അയയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഉപഗ്രഹാനന്തര ബാലിസ്റ്റിക് മിസൈലിനോട് തൊട്ടടുത്ത് വരെ എത്തി തെമ്മാടികള്‍ എന്ന സംശയത്തെ സാധൂകരിക്കുന്നു എന്ന് അമേരിക്ക.




മനുഷ്യാവകാശം : പ്രതീക്ഷയുണ്ടോ?

മനുഷ്യാവകാശം എന്ന സങ്കല്പത്തെ ഒരിഞ്ച് മുന്നോട്ട് നീക്കാന്‍ പോലും സാധിച്ചില്ല ഈ വര്‍ഷത്തിന്. ചൈനയും ഇറാനും പാകിസ്ഥാനും സൌദി അറേബ്യയും ഈ സങ്കല്പത്തെ പരിഹസിക്കുന്ന തങ്ങളുടെ നയങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറായിട്ടില്ല. ഇന്നും ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ ചൈനയും ഇറാനും മുന്‍പില്‍ നില്‍ക്കുന്നു.

ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനസമൂഹത്തെ , അവരുടെ രാഷ്ട്രീയത്തെ, സംസ്‌കാരത്തെ വരിഞ്ഞ് മുറുക്കി നിയന്ത്രിക്കുന്ന ചൈനയുടെ കണ്ണിലെ കരടായി ഒട്ടേറെയുണ്ട് കലാകാരന്മാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളുമായി ഒട്ടേറെ കീഴടങ്ങാത്ത മനുഷ്യര്‍ . ടിയാനന്മെന്‍ സ്‌ക്വയര്‍ അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള 'കൂട്ടക്കൊല' എന്ന കവിതയെഴുതിയതിന് 1990 ല്‍ തടങ്കലിലായ കവി ലിയാവൊ യിവു മുതല്‍ 11 വര്‍ഷത്തെ തടങ്കല്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന , 2010 ലെ സമാധാന നോബല്‍ സമ്മാനിതനായ സാഹിത്യകാരന്‍ ലിയു സിയാബോ വരെ നീളുന്നു അത്. 2012 ല്‍ അമേരിക്കന്‍ എംബസിയില്‍ അഭയം തേടുകയും തുടര്‍ന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്ത ചെന്‍ ഗ്വാങ്‌ചെങ് എന്ന അന്ധനായ അഭിഭാഷക ആക്ടിവിസ്റ്റിന്റേത് ഇത്തരത്തിലുള്ള പുറത്തു കടക്കലുകളില്‍ ഒന്നു മാത്രം. കുടുംബാസൂത്രണത്തിന്റെ പേരില്‍ ഭരണകൂടം ബലം പ്രയോഗിച്ച് ഗര്‍ഭച്ഛിദ്രം, ഷണ്ഡീകരണം എന്നിവ നടത്തിയ ആയിരക്കണക്കിനു സ്ത്രീകളുടെ കേസുമായി നിയമയുദ്ധത്തിറങ്ങി സര്‍ക്കാരിന്റെ രോഷം ഏറ്റുവാങ്ങിയ ആളാണിദ്ദേഹം . ഇനിയും തുടരുന്നു ആ പട്ടിക, മഹത്തായ സംസ്‌കാരത്തിന്റെ ആരൂഡങ്ങളിലൊന്നായ ആ രാജ്യം ജനാധിപത്യത്തിന്റെ പൊന്‍ വെളിച്ചത്തിലേക്ക് ഉണരും വരെ നീളും അത്. റഷ്യയിലെ ഒരു പള്ളിയില്‍ തങ്ങളുടെ പ്രതിഷേധ സംഗീതപരിപാടി നടത്തിയ പ്രസിദ്ധ ഗായികാസംഘമായ 'പുസ്സി റയട്ടി' നെ തടവ് ശിക്ഷയ്ക്ക് വിധിച്ച നടപടി യൂറോപ്യന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ധ്വംസനം നടക്കുന്ന പുട്ടിന്റെ പുതിയ റഷ്യയുടെ സംഭാവനയാണ്.

           സ്വവര്‍ഗവിവാഹം, വധശിക്ഷ , മതനിന്ദ തുടങ്ങിയ പ്രശ്‌നങ്ങളില്‍ കാതലായ ആശയപരിണാമങ്ങളൊന്നും ലോകത്തില്‍ പൊതുവായി ഉരുത്തിരിഞ്ഞില്ല എങ്കിലും ഇന്ന് വികസിതരാജ്യങ്ങളിലെ ജനതയില്‍ വലിയൊരു പങ്കും സ്വവര്‍ഗവിവാഹത്തിനനുകൂലവും വധശിക്ഷക്കെതിരുമാണ്. ഏഷ്യന്‍ ,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം മനുഷ്യാവകാശങ്ങളുടെ നിലവിലെ സ്ഥിതി അത്രയ്‌ക്കൊന്നും പ്രതീക്ഷ നല്‍കുന്നില്ല എന്നതാണ് വസ്തുത. മതത്തിന്റെ നിഷ്ഠൂരമായ പിടി സമൂഹഗാത്രത്തില്‍ നിന്ന് വിട്ടാല്‍ മാത്രമേ ഈ കാര്യത്തില്‍ പുരോഗതി സാധ്യമാകൂ. എല്‍ .ജി.ബി.ടി എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന ലെസ്ബിയന്‍ ,ഗേ,ബൈസെക്ഷ്വല്‍ ,ട്രാന്‍സ്‌ജെണ്ടര്‍ ജീവിതം നയിക്കുന്ന ആളുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ അതിദ്രുതമുള്ള വളര്‍ച്ച 2012 ലും ഏഷ്യന്‍ ,ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടര്‍ന്നത് ശുഭോദര്‍ക്കമാണ്.
gay

മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന മറ്റൊരു സംഭവത്തിനും 2012 സാക്ഷ്യം വഹിച്ചു. മൂന്നാം ലോക രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ അധീശത്വത്തിന്റെ കറുത്ത പാടുകള്‍ തീര്‍ത്ത കൊളോണിയലിസം കെട്ടടങ്ങി അര നൂറ്റാണ്ടിനു ശേഷം അതിന്റെ ഏറ്റവും വലിയ ഇരയായിരുന്ന ആഫ്രിക്കയില്‍ നിന്ന് അന്നത്തെ പീഡിതര്‍ വെള്ളക്കാരന്റെ ലണ്ടനില്‍ അവന്റെ തടവിലാക്കലിനും അതിക്രമങ്ങള്‍ക്കുമെതിരെ നീതി തേടി നിയമയുദ്ധം ചെയ്ത് അതില്‍ വിജയം നേടിയ സംഭവം. കെനിയയിലെ 'മൌ മൌ' കലാപകാലത്തെ ബ്രിട്ടന്റെ ഇരകള്‍ക്കാണ് ലണ്ടനിലെ കോടതി വിധി പീഡനങ്ങള്‍ക്കുള്ള ഉത്തരം ആയത്. ലോകമെമ്പാടുമുള്ള പീഡിതര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിധി.

2012 പത്രപ്രവര്‍ത്തന ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു വര്‍ഷമായി മാറി എന്ന് വിലയിരുത്തപ്പെട്ടു.1992 മുതല്‍ക്ക് കൊല്ലപ്പെട്ട 950 പത്രപ്രവര്‍ത്തകരില്‍ 2012 ല്‍ മാത്രം വധിക്കപ്പെട്ടത് 26 രാജ്യങ്ങളിലായി 121 പേരാണ്. 1997 മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിയന്നയിലെ ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റൂട്ട് ആണ് ഈ കണക്ക് പുറത്ത് വിട്ടിട്ടുള്ളത്. ഈ വര്‍ഷം ഏറ്റവും കൂടൂതല്‍ പേര്‍ കൊല്ലപ്പെട്ടത് ഇപ്പോഴും ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ സിറിയയിലാണ് : 36 പേര്‍. ഈ കണക്കുകള്‍ വെച്ച് നമുക്കെത്താവുന്ന നിഗമനം ഓരോ 3 ദിവസങ്ങള്‍ കൂടുമ്പോഴും ഒരു പത്രപ്രവര്‍ത്തകന്‍ വെച്ച് കൊല്ലപ്പെട്ടു ഈ വര്‍ഷം എന്നതാണ്.

യൂറോപ്പിന്റെ റോമകള്‍ : വീടില്ലാത്ത ജനത

യൂറോപ്പിനെ അലട്ടുന്ന ജിപ്‌സി പ്രശ്‌നം 2012 ല്‍ പുതിയ പരിണാമത്തിലേക്ക് നീങ്ങി. നാടോടി വര്‍ഗമായ റോമകള്‍ അഥവാ ജിപ്‌സികള്‍ യൂറോപ്പില് ഇന്നനുഭവിക്കുന്നത് വലിയ സാമൂഹ്യപ്രശ്‌നങ്ങളാണ്. തങ്ങളുടെ മാന്ത്രികവിദ്യകള്‍ക്കൊന്നും ഇല്ലാതാക്കാന്‍ കഴിയാത്തത്ര ദുരിതങ്ങളാണ് വിവിധ കിഴക്കന് മധ്യ യൂറോപ്യന്‍ രാജ്യങ്ങളില് നൊമാഡുകളായി ജീവിക്കുന്ന ഈ ജനവിഭാഗം ഇന്ന് പേറുന്നത്. യൂറോപ്പില് ഏറിവരുന്ന വംശീയത,നവനാസിസം തുടങ്ങിയ ആശയങ്ങളുടെ ആദ്യ ഇരകള് ആ സമൂഹത്തിലെ അന്യരായി മുദ്രകുത്തപ്പെടുന്ന അപരസ്വത്വങ്ങള്‍ ആയ മതവിഭാഗങ്ങള്‍ , കറുത്തവര്‍ , മുസ്ലിങ്ങള്‍ ,റോമകള്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന ജിപ്‌സികള്‍ എന്നിവരാണ്. മനുഷ്യാവകാശസംഘടനകളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമര്ശന മധ്യേ 2010 ല് ആണ് ഫ്രാന്‍സില്‍ സര്‍ക്കോസി കിഴക്കന്‍ യൂറോപ്പില്‍ നിന്നു വന്ന് ഫ്രാന്‍സില്‍ താമസമാക്കിയിട്ടുള്ള റോമകളെ പുറംതള്ളാനുള്ള നടപടികള്‍ ആരംഭിച്ചത്.സില്‍വിയോ ബര്‍ലുസ്‌കോണിയുടെ ഇറ്റലിയിലും 2006 മുതല്വരെയുള്ള വര്‍ഷങ്ങളില്‍ ജിപ്‌സികളെ സമാനമായ നടപടികള്‍ക്ക് വിധേയരാക്കിയിരുന്നു. ഡെന്മാര്‍ക്ക്, സ്വീഡന്‍ ,ജര്മ്മനി, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ജിപ്‌സികളെ പുറത്താക്കിയിട്ടുണ്ട് പല കാലങ്ങളിലായി. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം കടുത്ത നടപടികളൊന്നും റോമകള്‍ക്കെതിരെ കൈക്കൊണ്ടില്ല എങ്കിലും ആ പാര്‍ശ്വവത്ക്യതസമൂഹത്തിന്റെ സ്ഥിതി ദയനീയമായി തന്നെ തുടരുന്നു.
ജിപ്‌സികള്‍ക്കെതിരെയുള്ള നടപടികള്‍ വഴി കുപ്രസിദ്ധമായ 'ജോബ്ബിക്' എന്ന തീവ്രവലതുപക്ഷ പാര്ട്ടി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഹംഗറിയില്‍ 16.7 ശതമാനം നേടി പാര്‍ലമെന്റില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.ജിപ്‌സികള്‍ എല്ലാവരും ക്രിമിനലുകളാണെന്ന് പ്രചരിപ്പിക്കുന്ന അവര്‍ തങ്ങളുടെ കറുത്ത യൂണിഫോമുകള്‍ അണിഞ്ഞ് അവര്‍ ജിപ്‌സി അധിവാസകേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നു പലപ്പോഴും.

കാലാവസ്ഥാ വ്യതിയാനം :തുടരുന്ന പ്രതിസന്ധി

കോടിക്കണക്കിന് പാവങ്ങളെ കൂടുതല്‍ നിസ്വരാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനവും അതിന്‍ ഫലമായുണ്ടാകുന്ന ദാരിദ്യവും കഴിഞ്ഞ വര്‍ഷം അതിന്റെ ഭീകരാവസ്ഥയില്‍ എത്തി.കാലാവസ്ഥയിലുള്ള കടുത്ത അസ്ഥിരത സ്യഷ്ടിക്കുന്ന ക്യഷി നാശവും, ഉത്പാദനക്കുറവും പട്ടിണിയ്ക്കും അതു വഴിയുള്ള മരണങ്ങള്‍ക്കും ഒരു പ്രധാനകാരണം ആയി മാറിയിട്ടുണ്ട് ഇന്ന്. ഐക്യരാഷ്ട്ര സഭയുടെ മുന്‍ തലവന്‍ കോഫി അന്നന്റെ നേത്യത്വത്തിലുള്ള 'ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ ഫോറ'ത്തിന്റെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം 3 ലക്ഷം മരണങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്. 2030 ഓടെ ഇത് 5 ലക്ഷം ആകും. കൂടാതെ 300 ദശലക്ഷം ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുണ്ട് ഇത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഉറച്ച നിലപാടുകള്‍ കൈക്കൊള്ളുന്നതിനായി അന്താരാഷ്ട്രതലത്തില്‍ ഇന്ന് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. ഈ പ്രശ്‌നത്തിലെ ഏറ്റവും വലിയ പ്രതീക്ഷയായ റിയോ ഉച്ചകോടി 2012 ല്‍ നടന്നങ്കിലും അതിന്റെ ഫലങ്ങള്‍ പ്രതീക്ഷകള്‍ ഒട്ടും നല്‍കുന്നതല്ല.

ഇന്റര്‍നെറ്റ് ആക്ടിവിസം: പുതിയ ജനാധിപത്യം

അറബ് ലോകത്തിലെ പ്രക്ഷോഭങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും കാരണമായ ഇന്റനെറ്റ് ആക്ടിവിസം 2012 ലും അതിന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ബ്ലോഗുകളും തന്നെയാണ് ഇന്ന് ജനകീയപ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രധാന ആയുധമായി മാറുന്നത്. ചൈനയിലും ഇറാനിലും മറ്റ് സമഗ്രാധിപത്യ ദേശങ്ങളിലും പ്രതികരിക്കുന്നവന്റെ ഏകപ്രതീക്ഷയും ഇന്റര്‍നെറ്റ് തന്നെയാണിന്ന്. സാമൂഹ്യമാറ്റത്തില്‍ സൈബര്‍ ലോകത്തിന്റെ പങ്ക് നന്നായി എടുത്തുകാട്ടിയ പ്രധാന സംഭവം ആയിരുന്നു ഐസ്ലണ്ട് എന്ന രാജ്യത്തിന്റെ പുതിയ ഭരണഘടന ഇന്റര്‍നെറ്റിലൂടെയുള്ള ചര്‍ച്ചകളുടെയും പ്രതികരണത്തിന്റെയും ആകത്തുകയായി ഉയിര്‍കൊണ്ടത്. ആവേശകരമായ ഈ സംഭവം , വരും നാളിന്റെ ജനതയുടെ ആയുധം ഇന്റര്‍നെറ്റ് തന്നെയാവും എന്നതിന്റെ സൂചകമാണ് എന്ന് വിലയിരുത്തപ്പെടുന്നു.

അസാഞ്ജിന്റെ അവസ്ഥ

അനീതിയ്‌ക്കെതിരെ സധൈര്യം പോരാടിയ വിക്കിലീക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനു ഇക്വഡോര്‍ അഭയം നല്‍കിയത് ആ രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് തെളിവായി. അദ്ദേഹം ആ രാജ്യത്തിന്റെ ലണ്ടന്‍ എംബസിയില്‍ അഭയം തേടി താമസിച്ചു വരികയാണ് ഇപ്പോഴും. അസാഞ്ജിനെ എംബസിയില്‍ നിന്ന് ഇക്വഡോറിലേക്ക് മാറ്റാനുള്ള ആ രാജ്യത്തിന്റെ ശ്രമത്തിനു ബ്രിട്ടന്‍ തടസ്സം നില്‍ക്കുന്നു ഇപ്പോഴും. അമേരിക്കയില്‍ വിചാരണ ചെയ്യപ്പെട്ടാന്‍ വധശിക്ഷ വരെ കിട്ടിയേക്കാവുന്ന അസാഞ്ജിന്റെ മോചനം മനുഷ്യാവകാശത്തെ മാനിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നു.

കച്ചവടത്തില്‍ ആണ്ട് പോയ ഒളിമ്പിക്‌സ്
lon
പണ്ട് ഒളിമ്പിക്‌സ് ശുദ്ധമായ അമേച്വറിസത്തിന്റെയും സന്തോഷദായകമായ സ്‌പോര്‍ട്ട്‌സിന്റെയും മേളനമായിരുന്നു. ആധുനിക മനുഷ്യന്റെ സംഘബോധത്തിന്റെയും ഉത്സുകതയുടെയും ചിഹ്നമായ ആ അഞ്ച് വളയങ്ങള്‍ക്ക് പുറമെ മറ്റൊരു അദ്യശ്യ വളയം കൂടി ആ പതാകയില്‍ കടന്നുകൂടിയിരിക്കുന്നു. പുതിയ കാലത്തിന്റെ മുഖമുദ്രയായ കച്ചവടം തന്നെയാണ് ആ ആറാമത്തെ വളയം. ഈ കച്ചവടവത്കരണത്തിന്റെ പൂര്‍ണരൂപമാണ് 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സ് ദര്‍ശിച്ചത്. ഒളിമ്പിക് ചിഹ്നങ്ങളെ ഒരു ബ്രാന്റ് എന്ന രീതിയില്‍ കാണുന്ന രീതിക്ക് ആദ്യം മുതലേ എതിര്‍പ്പുണ്ടായിരുന്നു. ഒളിമ്പിക്‌സ് നടത്തിപ്പുകാര്‍ നേരിട്ട പ്രധാന വിമര്‍ശനങ്ങള്‍ ഒക്കെത്തന്നെയും കേന്ദ്രീകരിച്ചിരിക്കുന്നത് സ്‌പ്പോന്‍സര്‍ഷിപ്പ് ഘടനയിലാണ് . രണ്ട് നിയമങ്ങളാണ് ഒളിമ്പിക്‌സിന്റെ നടത്തിപ്പിനായി യു.കെ പാസ്സാക്കിയത്. 2006 ലെ ലണ്ടന്‍ ഒളിമ്പിക് ഗെയിംസ് ആന്റ് പാരാലിമ്പിക്‌സ് ഗെയിംസ് ആക്ടും 1995 ലെ ഒളിമ്പിക് സിംബല്‍ സംരക്ഷണ നിയമവും. അവ പ്രത്യേകരീതിയിലുള്ള സംരക്ഷണം നല്‍കി , ഗെയിംസിനും അതിന്റെ സ്‌പോണ്‍സര്‍മാര്‍ക്കും. ഈ സംരക്ഷണം 'ഒളിമ്പിക്‌സ്' എന്ന വാക്ക് മുതല്‍ അതിന്റെ മുദ്രാവാക്യം , ചിഹ്നങ്ങള്‍ എന്നിവ വരെയുള്ളവയുടെ 'അനധിക്യത' ഉപയോഗത്തെ നിരോധിച്ചു. ഈ നിയമങ്ങളും അതിന്റെ കര്‍ക്കശമായ നടപ്പിലാക്കലും യു.കെ യിലെങ്കിലും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാക്കി. കച്ചവടക്കാരെ മാത്രമല്ല , ആ താത്പര്യം ഇല്ലാത്തവരെയും ബ്രാന്റ് പോലീസ് വിരട്ടി അവിടെ. ലണ്ടന്‍ ഒളിമ്പിക്‌സിനെ പിന്താങ്ങിക്കൊണ്ട് ബാനര്‍ ഉയര്‍ത്തിയ ഡെര്‍ബി സര്‍വകലാശാല അത് അഴിച്ചു മാറ്റാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. എന്തായാലും ഒളിമ്പിക്‌സ് വന്‍ വിജയം ആണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. വര്‍ണശബളവും സംഭവബഹുലവുമായ ഉദ്ഘാടന പരിപാടിയും മെഡലുകളാല്‍ അലംക്യതനായ മൈക്കല്‍ ഫെല്‍പ്‌സുമാണ് ഈ ഒളിമ്പിക്‌സിന്റെ ഈടുവെപ്പ് എന്ന് കരുതുന്നു, കായികപ്രേമികള്‍ .


മൊബൈല്‍ യുദ്ധഭൂമി
apple
2012 ല്‍ ലോകസാമ്പത്തിക രംഗം നേരിട്ട ഏറ്റവും പ്രധാന വിവാദം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ തമ്മില്‍ നടത്തിയ പേറ്റന്റ് യുദ്ധം തന്നെയായിരുന്നു.അവയില്‍ സാംസംഗും ആപ്പിളും തമ്മിലുള്ള പോരാട്ടം പൊടിപാറി. പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ കച്ചവടം നടക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി ഇന്ന് പേറ്റന്റ് അവകാശത്തിന്മേല്‍ കമ്പനികള്‍ നടത്തുന്ന യുദ്ധക്കളമായി പരിണമിച്ചിരിക്കുമ്പോള്‍ അവയ്ക്ക് പുത്തന്‍ മാനങ്ങള്‍ കൈവന്നിരിക്കയാണ്. ഇന്ന് പേറ്റന്റ് പോരാട്ടങ്ങള്‍ ഒരു ആഗോളപ്രതിഭാസമായി മാറിയിരിക്കുന്നു. പ്രധാനമായും ആപ്പിള്‍,സാംസംഗ്,മോട്ടറോള, നോക്കിയ തുടങ്ങിയ മൊബൈല്‍ കമ്പനികളാണ് ഇന്നത്തെ പോരാട്ടങ്ങളിലെ പ്രധാനകക്ഷികള്‍. അതില്‍ തന്നെ അടുത്ത കാലത്ത് ഏറെ ശ്രദ്ധേയമായ ആപ്പിള്‍സാംസംഗ് യുദ്ധം പേറ്റന്റ് സമ്പ്രദായം, ബൌദ്ധിക സ്വത്തവകാശം തുടങ്ങിയവയെ കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയുമാണ്.

ഫെയിസ്ബുക്കിനു വലിയ വിലയാണ്!

അങ്ങനെ കാത്തുകാത്തിരുന്ന ഐ.പി.ഒ വന്നെത്തി : ഫെയിസ്ബുക്ക്. മുഖവില : 38 ഡോളര്‍.മൂന്ന് മാസത്തിനു ശേഷത്തെ വില : 18 ഡോളര്‍. 24 മണിക്കൂറും അതില്‍ നിന്നും ഇറങ്ങാത്തവന്‍ പോലും ഫെയിസ്ബുക്കിന്റെ ഒരു ഷെയര്‍ പോലുമെടുത്തില്ല എന്ന് ചുരുക്കം. വിമര്‍ശകര്‍ പറയുന്നു തങ്ങള്‍ക്ക് ഫെയിസ്ബുക്ക് ഇട്ട വില കുറച്ച് കടന്നു പോയെന്ന്.എന്തായാലും ഫെയിസ്ബുക്ക് ഓഹരി വില്പനയിലൂടെ 1600 കോടി ഡോളര്‍ സമാഹരിച്ചു.

          സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ കണക്കനുസരിച്ച് 2012 ല്‍ ഗൂഗിളില്‍ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട 3 കീ വേഡുകള്‍ വിറ്റ്‌നീ ഹൂസ്റ്റന്‍ ,ഗാംഗ്‌നം സ്‌റ്റൈല്‍  ഹരിക്കേന്‍ സാന്‍ഡി എന്നിവയാണ്. 2012 ലെ ലോകത്തിന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു, ജീവിതവും ദുരന്തവും ഇടകലര്‍ന്ന സംഭവപരമ്പരകള്‍. ഈ വര്‍ഷം നമ്മെ കരയിച്ച സംഭവങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നെങ്കിലും ഏറെ ചിരിപ്പിച്ചത് മായന്‍ കലണ്ടറിനെ കൂട്ടുപിടിച്ച് 'ഡിസംബര്‍ 21 ന് ലോകാവസാനം' എന്ന് പ്രചരിപ്പിച്ച് നല്ല ബിസിനസ് കൊയ്ത വിരുതന്മാരുടെ കളിയാണ്. ലോകത്തിലെ നല്ലൊരു പങ്ക് ജനങ്ങളും ദിനംപ്രതി അവരുടെ ജീവിതത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അന്ത്യനാളിനു സമാനമായ യാതനകള്‍ക്ക് പകരം നില്‍ക്കാന്‍ യഥാര്‍ഥ ലോകാവസാനത്തിനു കഴിയില്ല എന്നത് കൊണ്ടാണ് നാം അതിനെ നോക്കി ചിരിച്ചത്.



എൻ മലയാളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്