Friday, February 22, 2013

ഇനിയും നീതി തേടുന്ന മൌ മൌ കലാപകാരികള്‍


കെനിയയിലെ കോളനി വാഴ്ച
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷുകാര്‍ കെനിയയില്‍ നിലയുറപ്പിച്ചതെങ്കിലും അത് അവരുടെ ഒരു സംരക്ഷിതപ്രദേശം മാത്രമായിരുന്നു 1920 വരെ. ആ വര്‍ഷമാണ് കെനിയയെ ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചത്. ലോകത്തില്‍ അന്നുള്ളതില്‍ വെച്ച് ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണും ക്യഷിയ്ക്ക് തികച്ചും യോജിച്ചതായ കാലാവസ്ഥയും ഉള്ള കെനിയ ബ്രിട്ടീഷുകാരനെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല.
കറുത്തവന്റെ പ്രതിരോധം
തങ്ങളുടെ മണ്ണും ഫലഭൂയിഷ്ടതയും ചൂഷണം ചെയ്ത് വളര്‍ന്ന കോളനി വാഴ്ചക്കെതിരെയുള്ള കെനിയക്കാരന്റെ പോരാട്ടത്തിന് അടിമത്വത്തിന്റെ തുടക്കം മുതല്‍ക്കേ വേരോട്ടമുണ്ട്. 1880 മുതല്‍ 1900 വരെ നീണ്ടു നിന്ന ആദ്യകലാപം,1895 മുതല്‍ 1905 വരെയുള്ള നണ്ടി കലാപം, 1913 ല്‍ ആരംഭിച്ച് ഒരു വര്‍ഷം നീണ്ടു നിന്ന ഗിരിയാമ മുന്നേറ്റം, 1947 ലെ വനിതാ കലാപം, 1950 ലെ കല്ലോവ സമരം വരെ നീണ്ടു കിടക്കുന്ന ആ നിരയിലേക്കാണ് 1952 ല്‍ 'മൌ മൌ കലാപം ' ഉയര്‍ന്നു വരുന്നത്.
എന്താണ് മൌ മൌ?
കെനിയയില്‍ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ് കൊളോണിയല്‍ ശക്തിക്കെതിരെ 1952 ല്‍ ഉയര്‍ന്നു വന്ന, പരാജയപ്പെട്ട ഗറില്ലാ കലാപമാണ് 'മൌ മൌ'. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഈ രക്തരൂക്ഷിത കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ സര്‍ക്കാര്‍ കണക്കില്‍ 1819 ആണെങ്കിലും 'അപ്രത്യക്ഷ'രായവര്‍ അനേകായിരം ആണ്. തങ്ങളുടെ സാമ്രാജ്യത്തെ രക്ഷിക്കാനായി കലാപത്തെ രക്തത്തില്‍ മുക്കിക്കൊന്നു ബ്രിട്ടന്‍. കെനിയന്‍ മനുഷ്യാവകാശക്കമ്മീഷന്റെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം ആളുകളെ സര്‍ക്കാര്‍ തൂക്കിലേറ്റിയിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം ആളുകളെ തികച്ചും പരിതാപകരമായ നിലയില്‍ തടങ്കലില്‍ വെച്ചു പീഡിപ്പിച്ചു.1956 ഒക്ടോബര്‍ 21 ന് കലാപകാരികളുടെ നേതാവ് ദേദാന്‍ കിമാത്തി പിടികൂടപ്പെട്ടതോടെ കലാപം ഏതാണ്ട് ഒടുങ്ങി. 1963 ലെ കെനിയന്‍ സ്വാതന്ത്യലബ്ധിയ്ക്ക് വലിയ സഹായം ചെയ്തു ഈ കലാപം എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. എന്നാല്‍ കെനിയയിലെ പ്രധാനഗോത്രമായ കിക്കുയു സമൂഹത്തില്‍ ആഴത്തില്‍ ഭിന്നത സ്യഷ്ടിച്ചതു വഴി വിപരീതമായ ഫലവും ഉണ്ടാക്കി, കലാപം പിന്നീട്, എന്നും വിലയിരുത്തപ്പെടുന്നു.
ഭരണകൂടത്തിന്റെ പ്രതികരണം
അതിരൂക്ഷമായാണ് ബ്രിട്ടീഷുകാര്‍ കലാപത്തെ നേരിട്ടത്. 1952 ഒക്ടോബര്‍ ഒമ്പതിന് കടുത്ത ബ്രിട്ടീഷ് അനുകൂലിയും സീനിയര്‍ ചീഫുമായ വറുഹിയു പകല്‍ വെളിച്ചത്തില്‍ മൌ മൌ കലാപകാരികളാല്‍ കൊല്ലപ്പെട്ടതോടെ ഭരണകൂടം ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പിന്നെ നടന്നത് ആഫ്രിക്കന്‍ ചരിത്രം അന്നേ വരെ കണ്ടിട്ടില്ലാത്ത ക്രൂരമായ അടിച്ചമര്‍ത്തലും കൂട്ടക്കൊലയുമാണ്. മൌ മൌ പോരാളികളെയും അനുകൂലികളെയും കൂട്ടത്തോടെ പിടികൂടുകയും ജയിലിലടയ്ക്കുകയും ചെയ്തു. ആഫ്രിക്ക ഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് ഗവണ്മെന്റുകളില്‍ ഏറ്റവും കൂടുതല്‍ വംശീയത പുലര്‍ത്തിയിരുന്ന കെനിയയിലെ ഭരണാധികാരികള്‍ കലാപകാരികളോട് തികച്ചും മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. കൂട്ടപ്പിഴ ചുമത്തല്‍, ഭൂമിയും സ്വത്തും പിടിച്ചെടുക്കല്‍,ഷണ്ഡീകരണം എന്നിവ ചെറിയ ശിക്ഷകള്‍ മാത്രമേ ആയിരുന്നുള്ളൂ. ആയിരക്കണക്കിനു കന്നുകാലികളെയാണ് പിഴയായി പിടിച്ചെടുത്തത്.
mauവര്‍ത്തമാനത്തിലേക്കും നീളുന്ന നീതി നിഷേധം
1963 ല്‍ സ്വാതന്ത്യം നേടിയ കെനിയ ഇന്ന് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. എങ്കിലും കോളനിവാഴ്ച തങ്ങളിലേല്‍പ്പിച്ച മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല എന്ന് കെനിയക്കാരന്‍ വിശ്വസിക്കുന്നു. അതു കൊണ്ടാണല്ലോ 1999 ല്‍ 'മൌ മൌ ഒറിജിനല്‍ ഗ്രൂപ്പ് ' എന്ന് പേരിട്ട മുന്‍സ്വാതന്ത്യ പോരാളികളുടെ സംഘടന കലാപകാലത്ത് തങ്ങളെപ്പോലുള്ള ആയിരങ്ങള്‍ നേരിട്ട കൊടും ക്രൂരത നിറഞ്ഞ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഷണ്ഡീകരണത്തിനും കണക്കു ചോദിക്കാന്‍ ഇറങ്ങിത്തിരിച്ചത്. 2002 ല്‍ മൌ മൌ ട്രസ്റ്റ് എന്ന സംഘടന ബ്രിട്ടന്റെ അതിക്രമങ്ങള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് കോടതിയില്‍ തന്നെ നിയമനടപടികള്‍ ആരംഭിച്ചു. ഈ നീക്കത്തിന് കെനിയന്‍ മനുഷ്യാവകാശക്കമ്മീഷന്റെ പിന്തുണയും ഉണ്ടായിരുന്നു. അവരുടെ അഭിഭാഷകര്‍ ആറായിരത്തിലധികം മൊഴികള്‍ കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസില്‍ കക്ഷി ചേര്‍ന്ന 42 പേരില്‍ അഞ്ച് പേരെ വാദികളായി ഉള്‍പ്പെടുത്തി ടെസ്റ്റ് കേസിന്റെ വിചാരണ ആരംഭിച്ചു. വ്യദ്ധരായ ഈ അഞ്ചു പേരില്‍ ഒരാള്‍ ഇതിനിടെ മരണപ്പെട്ടു. ബാക്കിയുള്ള നാല് പേരില്‍ രണ്ട് പേര്‍ ഷണ്ഡീകരിക്കപ്പെട്ടവരാണ്,ഒരാള്‍ കുപ്രസിദ്ധമായ ഹോല കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ്. ഇനിയൊരാള്‍ സ്ത്രീയാണ്. അവര്‍ നേരിട്ട പീഡനമോ തിളച്ച വെള്ളം നിറച്ച കുപ്പികള്‍ ജനനേന്ദ്രിയത്തിലൂടെ കടത്തിവിടുക പോലുള്ളവയും.
തങ്ങള്‍ കെനിയയില്‍ ചെയ്തു കൂട്ടിയ അക്രമങ്ങളിന്മേല്‍ ബ്രിട്ടന്‍ ഔദ്യോഗികമായി ക്ഷമ ചോദിക്കണം എന്ന കെനിയന്‍ ഗവണ്മെന്റിന്റെ 2005 ലെ ആവശ്യം ബ്രിട്ടന്‍ തള്ളിക്കളഞ്ഞിരുന്നു.
ആദ്യവിജയങ്ങള്‍
2002 ല്‍ ആരംഭിച്ച കേസില്‍ ആദ്യപ്രതീക്ഷ നല്‍കിയ സംഭവം 2011 ലെ വിധിയാണ്. ബ്രിട്ടീഷ് സര്‍ക്കാരിനാല്‍ പീഡിതരായ ഈ കെനിയക്കാര്‍ക്ക് തങ്ങള്‍ നേരിട്ട യാതനകള്‍ക്ക് നഷ്ടപരിഹാരം തേടേണ്ടത് കെനിയന്‍ സര്‍ക്കാരില്‍ നിന്നു തന്നെയാണെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബാധ്യതയും ഇല്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി തള്ളിക്കളഞ്ഞു . ഇത്തരത്തില്‍ കേസ് കൊടുക്കാന്‍ കെനിയക്കാര്‍ക്ക് അവകാശമില്ല എന്ന സര്‍ക്കാരിന്റെ വാദം പൊളിഞ്ഞത് കേസില്‍ വലിയ പ്രതീക്ഷ നല്‍കി. ടെസ്റ്റ് കേസ് വിജയിച്ചാല്‍ മുപ്പതിനായിത്തോളം പീഡിതര്‍ക്കും സമാനമായ കേസുകള്‍ കൊടുക്കാം,നഷ്ടപരിഹാരം നേടാം.


Wednesday, February 20, 2013

ഐ വൈവൈയെ ആർക്കാണ് പേടി?

        
         ഒരു സമഗ്രാധിപത്യ രാഷ്ട്രത്തിനും ‘ധിക്കാരി‘കളെ വെച്ചു പൊറുപ്പിക്കാനാവില്ല. ‘തൊഴിലാളിവർഗ‘ സർവാധിപത്യത്തിന്റെ  പറുദീസയായ ചൈനയാകട്ടെ വിമർശകരെയും റിബലുകളെയും സമകാലികചരിത്രത്തിൽ മറ്റൊരു ഭരണകൂടവും ചെയ്യാത്തത്ര മികവോടെയാണ് ഒതുക്കുന്നത്, ഒതുങ്ങാത്തവരെ തകർക്കുന്നത്. അക്കൂട്ടത്തിൽ സാഹിത്യകാരന്മാരുണ്ട്, ആക്ടിവിസ്റ്റുകളുണ്ട്, അഭിഭാഷകരുണ്ട്, മനുഷ്യാവകാശപ്രവർത്തകരുണ്ട്, ധിക്കാരിയായ കലാകാരൻ ഐ വൈവൈയുമുണ്ട്. ഐ വൈവൈയുടെ പ്രശസ്തി, സോഷ്യൽ മീഡിയയുടെ സമർഥമായ ഉപയോഗം, നിശ്ശബ്ദനാകാനുള്ള ഒരുക്കമില്ലായ്മ, അദ്ദേഹത്തിന്റെ അറുതിയില്ലാത്തതും ബഹുമാനമില്ലാത്തതും ശക്തവുമായ ഭരണകൂട വിമർശനം എന്നിവയോടുള്ള ചൈനയുടെ സമീപനം വിയോജിപ്പിനോടുള്ള ആ രാജ്യത്തിന്റെ മനോഭാവത്തിന്റെ ഉത്തമോദാഹരണമാണ്.

കലാകാരൻ, ഭ്രാന്തൻ, തന്റേടി

                      ശില്പി , ആർക്കിടെക്ട്, ഡിസൈനർ,ക്യൂറേറ്റർ,ഫോട്ടോഗ്രാഫർ എന്നീ നിലകളിലെല്ലാം ലോകപ്രശസ്തനായ കലാകാരനും കഴിഞ്ഞ രണ്ട് ദശകങ്ങളിലെ സമകാലീന ചൈനീസ് കലയുടെ പ്രതീകവുമായ  ഐ വൈവൈയെ എന്തു കൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ പരമാധികാര ശക്തികളിലൊന്നായ ചൈന പേടിക്കുന്നത് ? അതറിയണമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം , ആശയലോകം, കലാരീതി, ആക്ടിവിസ്റ്റിന്റെ ഭയരഹിതമാ‍യ ഇടപെടൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കണം.
                    1957 ൽ ജനിച്ച ഐ വൈവൈയുടെ പിതാവ് ഐ ക്വിങ് ചൈനയിലെ ഏറ്റവും പ്രശസ്തനായ  കവിയും , അമ്പതുകളിൽ ചൈനീസ് കംയൂണിസ്റ്റ് പാർട്ടിയിലെ വലതുപക്ഷ വിരുദ്ധ പ്രസ്ഥാനത്തിന്റെ പിടിയിലായി വലതനായി മുദ്രകുത്തപ്പെട്ട് ലേബർ ക്യാമ്പിൽ അടയ്ക്കപ്പെട്ട വ്യക്തിയുമാണ്.1958 ൽ ഐ വൈക്ക് ഒരു വയസ്സുള്ളപ്പോഴാണ് സംഭവം അച്ഛനൊപ്പം അമ്മയും അടയ്ക്കപ്പെട്ടു  ലേബർ ക്യാമ്പിൽ. ഊഹിക്കാമല്ലോ എങ്ങനെയാണ് ഐ വൈവൈ റിബലായത് എന്ന്?
                   പതിനാറ് വയസ്സുവരെ ബീജിംഗിനു പുറത്തു ജീവിച്ച ഐ വൈവൈ 1975 ൽ ആണ് അവിടേക്ക് തിരിച്ചെത്തുന്നത്.1978 ൽ ബീജിംഗ് ഫിലിം അക്കാദമിയിൽ സിനിമ പഠിയ്ക്കാനായി ചേർന്നു . കലാകാരനെന്ന നിലയിൽ അപ്പോഴേക്കും ശ്രദ്ധിക്കപ്പെട്ടിരുന്ന ഐ വൈവൈ ആദ്യകാല ചൈനീസ് അവാന്റ് ഗാർദ് കലാസംഘമായ ‘സ്റ്റാർസ്’ കൂട്ടുകാർക്കൊപ്പം ചേർന്ന് സ്ഥാപിക്കുകയും തന്റെ സ്യഷ്ടികൾ അതുമായി ചേർന്ന് നടത്തുകയും ചെയ്തു. 1981 ൽ അമേരിക്കയിലേക്ക് പോയ ഐ വൈവൈ 1993 വരെ തന്റെ കലാപ്രവർത്തനങ്ങൾ ന്യൂയോർക്ക് കേന്ദ്രമാക്കി നടത്തി.1993 ൽ ചൈനയിൽ തിരിച്ചെത്തിയ ഐ വൈവൈ  തുടർന്ന് ചൈനയിൽ തന്നെ കലാപ്രവർത്തനങ്ങളുമായി തുടർന്നു , വാസ്തുശില്പി,ക്യൂറേറ്റർ എന്നീ നിലകളിലെല്ലാം തന്റെ കലാപ്രവർത്തനത്തെ വ്യാപിപ്പിച്ചു. എന്നാൽ ചൈനയെക്കാളുപരി യൂറോപ്പ്,അമേരിക്ക എന്നിവിടങ്ങളിലായിരുന്നു ഐ വൈവൈ പ്രസിദ്ധൻ.അദ്ദേഹം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഒട്ടേറെ കലാപ്രദർശനം നടത്തിയിട്ടുണ്ട്.
                  ചൈനയിൽ അദ്ദേഹം കൂടുതലായി അറിയപ്പെട്ടത് വിചിത്രസ്വഭാവിയും അരവട്ടനുമായ ആൾ എന്ന നിലയിലാണ്. 2008 ലെ ഒളിമ്പിക്സിന്റെ വേദിയായ ബീജിംഗിലെ ‘കിളിക്കൂട് സ്റ്റേഡിയം’ എന്ന് അറിയപ്പെട്ട നാഷണൽ സ്റ്റേഡിയത്തിന്റെ ആർട്ടിസ്റ്റിക് കൺസൾട്ടന്റ് ആയി ഐ വൈവൈ നിയമിക്കപ്പെട്ടെങ്കിലും അധികം താമസിയാതെ ആ പ്രോജക്ടിൽ നിന്ന് പിന്മാറി. തുടർന്ന് അദ്ദേഹം സ്വീകരിച്ച ഒളിമ്പിക്സ് വിരുദ്ധ നിലപാട് ആണ് ഭരണകൂടത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ ആദ്യ  ഉരസലായി മാറുന്നത്. ‘ഒളിമ്പിക്സിന്റെ ചൈനീസ് ആതിഥേയത്വം കപടവും  ഹിപ്പോക്രിസിയുമാണ്’ എന്നാണ് ഐ വൈവൈവൈ തുറന്നടിച്ചത്. ഐ വൈവൈയുടെ ജീവിതത്തെക്കുറിച്ച് അലിസൻ ക്ലൈമാൻ സംവിധാ‍നം ചെയ്ത ഡോക്യുമെന്റെറിയുടെ തലക്കെട്ട് തന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ സൂചകമാണ് :  ‘ഐ വൈവൈ : നെവർ സോറി’. അദ്ദേഹം തന്റെ സെൽഫ് പോട്രൈറ്റിനു നൽകിയ പേരായ “ Grass mud horse covering the middle” എന്നത് ചൈനീസിൽ ഉച്ചരിക്കപ്പെടുക ഏതാണ്ട് ഇങ്ങനെയായിരിക്കും :  "Fuck your mother, the Communist party central committee".
               ഭരണകൂടത്തിൽ  നടമാടുന്ന മാരകമായ വിധത്തിലുള്ള അഴിമതിയെ അദ്ദേഹം ആവിഷ്കരിച്ചത് ‘ ചൈനീസ് ശവപ്പെട്ടി’ എന്ന ശില്പത്തിലൂടെയായിരുന്നു. ക്രമരഹിതമായ രൂപമുള്ള ശവപ്പെട്ടിയുടെ ശില്പം. ശവപ്പെട്ടിക്ക് ചൈനീസ് ഭാഷയിലെ പേര് ‘ഗ്വാൻസായ്’ എന്നാണ്. ‘ഗ്വാൻ’ എന്ന വാക്കിന്റെ മറ്റൊരർഥം ‘ഉയർന്ന ഉദ്യോഗസ്ഥൻ’ എന്നാണ്, ‘സായ്’ യുടേത് ‘പണം ‘ എന്നും. ചൈനയുടെ സമകാലികസ്ഥിതിയുടെ ശരിയായ ബിംബം തന്നെ ഈ  ശവപ്പെട്ടി.

സോഷ്യൽ മീഡിയയുടെ ഉപയോഗം
           ആശയപ്രകാശനത്തിലെ പുത്തൻ ജനാധിപത്യത്തെ മറ്റേതൊരു ആക്ടിവിസ്റ്റിനെയും പോലെ ഐ വൈവൈവൈയും സോഷ്യൽ മീഡിയയിലൂടെ തിരിച്ചറിഞ്ഞു. അദ്ദേഹം അതിനെ നന്നായി ഉപയോഗിച്ചു. അദ്ദേഹത്തിന്  ട്വിറ്ററിൽ ഒന്നര ലക്ഷത്തിലധികം ഫോളോവേർസ് ആയിരുന്നു ഉണ്ടായിരുന്നത്. അധിക്യതരാൽ നിരന്തരം സെൻസർ ചെയ്യപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ബ്ലോഗ് ഒരു ദിവസം 10000 പേരായിരുന്നു സന്ദർശിച്ചിരുന്നത്. ചൈന പോലൊരു സെൻസർഷിപ്പ് സാമ്രാജ്യത്തിൽ ഇന്റർനെറ്റിലൂടെയുള്ള ആശയവിനിമയവും നിരന്തരം തടസ്സപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിദഗ്ധമായിത്തന്നെ അതിനെയൊക്കെ പലപ്പോഴും മറികടന്നു. അറബ് ലോകത്തെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ച് ഐ വൈവൈ പറയുന്നത് കേൾക്കുക : “ഞാൻ ആദ്യമൊന്നും മുല്ലയെ കാര്യമായി കണ്ടിരുന്നില്ല, പക്ഷെ മുല്ലയെ കണ്ട് പേടിച്ച ആളുകൾ ആ വിവരം നൽകി : ഈ മുല്ല അപകടകാരിയാണെന്ന്. മുല്ല ആ ആളുകളെ എങ്ങനെ പേടിപ്പിക്കുന്നു! എന്തൊരു മുല്ല!“.

കലാകാരൻ വിമതനാകുന്നു


        2008 മെയ് മാസം  സിച്ചുവാൻ പ്രവിശ്യയിലുണ്ടായ ഭൂമികുലുക്കത്തിൽ ഒട്ടേറെ പേർക്ക് മരണം സംഭവിച്ചിരുന്നു. ഈ ദുരന്തത്തിൽ ആ മേഖലയിൽ ഒട്ടേറെ സ്കൂളുകൾ തകരുകയും ആയിരക്കണക്കിനു കുട്ടികൾ മരിക്കുകയും ചെയ്തു. മരിച്ച കുട്ടികളുടെ എണ്ണം സർക്കാർ പുറത്തു വിട്ടത് സംബന്ധമായും സ്കൂൾ കെട്ടിടനിർമ്മാണത്തിലുണ്ടായ അഴിമതി മൂലമാണ് സ്കൂളുകൾ ദ്യഡമായി പണിതീർക്കാൻ സാധിക്കാതിരുന്നതെന്നതെന്നും ആരോപണം ഉയർന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ 2008 ഡിസംബറിൽ ആരംഭിച്ച ‘സിറ്റിസൻസ് ഇന്വെസ്റ്റിഗേഷൻ‘ എന്ന ഓൺലൈൻ കാമ്പൈനിനെ ഐ വൈവൈ അനുകൂലിക്കുകയും തുടർന്ന് ഈ നടപടി അദ്ദേഹത്തെ സർക്കാരിന്റെ കണ്ണിലെ കരടാക്കി മാറ്റുകയും ചെയ്തു. 2009 ഏപ്രിലിൽ ദുരന്തത്തിൽ മരിച്ച 5385 കുട്ടികളുടെ പേരു വിവരം അന്വേഷണ സംഘം പുറത്തു വിട്ടു. ഐ വൈവൈ ഈ ലിസ്റ്റും അനേഷണം സംബന്ധിച്ച ഒട്ടേറെ രേഖകളും തന്റെ ബ്ലോഗിലിട്ടു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ ബ്ലോഗ് അധിക്യതർ അടച്ചു പൂട്ടുകയും ചെയ്തു. ഒട്ടും താമസിച്ചില്ല, തന്റെ ഓഫീസ് ഭിത്തിയിൽ കുട്ടികളുടെ ലിസ്റ്റ് പെയിന്റ് ചെയ്തു  ഐ വൈവൈയിലെ റിബൽ. 2009 ആഗസ്റ്റിൽ പ്രദർശനം കഴിഞ്ഞ് ചോംഗ്ഡുവിൽ നിന്ന് മടങ്ങവെ ഐ വൈവൈയെ പോലീസ് പിടികൂടി മർദ്ദനമേൽ‌പ്പിച്ചു.തലയ്ക്കേറ്റ മർദ്ദനം അദ്ദേഹത്തെ പെട്ടെന്ന് അവശനാക്കുകയും അദ്ദേഹത്തിന് ഒരു അടിയന്തിര ബ്രെയിൻ സർജറി നടത്തുകയും വേണ്ടി വന്നു. അതിനിടെ രാജ്യം വിട്ടു പോകുന്നത് തടയുന്നതിനായി അദ്ദേഹത്തിന്റെ രണ്ട് ഗൂഗിൾ അക്കൌണ്ടുകളും ഹാക്ക് ചെയ്യപ്പെടുകയും അവയിലെ വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്തു.

വിമതൻ കുറ്റവാളിയാക്കപ്പെടുന്നു
           ‘സംശയാസ്പദമായ കുറ്റക്യത്യങ്ങളിൽ’ ഏർപ്പെട്ടു എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ച അധിക്യതർ ഐ വൈവൈയുടെ ബാങ്ക് അക്കൌണ്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഒടുക്കം 2010 നവംബറിൽ അനിവാര്യമായത് സംഭവിച്ചു, അദ്ദേഹം വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട് രാജ്യം  വിട്ടുപോകരുത് എന്ന മുന്നറിയിപ്പോടെ തടങ്കൽ ഒഴിവാക്കുകയും ചെയ്തു. 2011 ജനുവരി 11 നു  അദ്ദേഹത്തിന്റെ സ്റ്റുഡിയോ ഒറ്റയടിയ്ക്ക് തകർത്തു കൊണ്ട് അദ്ദേഹത്തിന്റെ മേൽ  കനത്ത പ്രഹരം ഏൽ‌പ്പിച്ചു ഷാങ്ഹായ് നഗരാധിക്യതർ.

വീണ്ടും തടങ്കലിൽ
     2011 ഏപ്രിൽ മൂന്നിനാണ്  ഐ വൈവൈ രണ്ടാമതും അറസ്റ്റിലാകുന്നത്. ഹോങ്കോംഗിലേക്ക് കടക്കാൻ ശ്രമിക്കവെ ബീജിംഗ് വിമാനത്താവളത്തിൽ വെച്ചായിരുന്നു അത്.അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ കടന്ന് പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. സ്റ്റുഡിയോയിലെ ജോലിക്കാരും  അദ്ദേഹത്തിന്റെ ഭാര്യയും തടഞ്ഞു വെക്കപ്പെട്ടു. ഏപ്രിൽ ഏഴിന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ വരുന്നു : ഐ വൈവൈ സാമ്പത്തിക കുറ്റക്യത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന്. ഭരണകൂടത്തിന്റെ ലക്ഷ്യം അങ്ങനെ വെളിവാക്കപ്പെട്ടു. ഐ വൈവൈ കുറ്റവാളിയാക്കപ്പെട്ടു കഴിഞ്ഞു, ഇനി തകർക്കാനെളുപ്പം! 81 ദിവസം തടങ്കലിൽ കിടന്നു ഐ വൈവൈ. ജയിലിൽ നിന്ന് പുറത്ത് വരുമ്പോഴേക്കും അദ്ദേഹത്തിനെതിരെ നിയമനടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഐ വൈവൈയുടെ അറസ്റ്റ് ചൈനയിൽ പ്രതിഷേധത്തിനു കാരണമായി. ലോകവ്യാപകമായി മനുഷ്യാവകാശപ്രവർത്തകരുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിഷേധം ഉയർത്തിയെങ്കിലും ചൈന അതൊന്നും വകവെയ്ക്കാതെ സ്വന്തം പൌരനെ അപരനാക്കുന്നത് തുടർന്നു. ഭരണകൂടത്തിന്റെ ഔദ്യോഗിക ഇംഗ്ലീഷ് പത്രം ആയ ‘ഗ്ലോബൽ ടൈംസ്’ ഐ വൈവൈ പ്രശ്നത്തിൽ എഡിറ്റോറിയൽ എഴുതി : ‘നിയമം നിഷേധിയുടെ മുൻപിൽ മുട്ടുമടക്കില്ല’.

പ്രതിഷേധവും ‘ഐ വൈവൈ രീതി‘യിൽ
       ഐ വൈവൈയുടെ അറസ്റ്റിനെതിരെയുള്ള ചൈനയിലെ പ്രതിഷേധം ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടിയുടെ നിഴലിൽ ആയിരുന്നെങ്കിലും ചൈനീസ് അധീന പ്രദേശമായ ഹോങ്കോങ്ങിൽ അത് വ്യാപകമായിരുന്നു. ടാങ്കരിൻ എന്ന യുവകലാകാരിയുടെ പ്രതിഷേധം  അവയിൽ ശ്രദ്ധേയമായ ഒന്നായിരുന്നു. തെരുവു നടപ്പാതകളിലും കെട്ടിടച്ചുമരുകളിലും സ്റ്റെൻസിൽ ചെയ്ത ഐ വൈയുടെ ഗ്രാഫിറ്റി സ്പ്രേ പെയിന്റ് ചെയ്തു അവൾ. അതിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു : “ഹൂ ഈസ് അഫ്രൈഡ് ഓഫ് ഐ വൈവൈ?”. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങളുടെ കയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകളിലും ഈ ചിത്രം കാണാമായിരുന്നു.

            പക് മിങ് എന്ന കലാകാരന്റെ പ്രതിഷേധം തികച്ചും  പുതുമയുള്ളതായിരുന്നു.ഹോങ്കോങ് പോലീസ് ആസ്ഥാനത്തിന്റെ മുഖപ്പിലേക്ക് ഐ വൈവൈയുടെ ഒരു പടുകൂറ്റൻ ചിത്രം പ്രൊജക്ട് ചെയ്യുകയാണിദ്ദേഹം ചെയ്തത്. ഈ ചിത്രത്തിന്റെ ഫോട്ടോയെടുക്കുകയും അത് സോഷ്യൽ നെറ്റ്വർക്കുകളിൽ പ്രചരിക്കുകയും ചെയ്തു : പോലീസ് ആസ്ഥാനം നിറഞ്ഞ് നിൽക്കുന്ന ഐ വൈവൈ !

നിയമയുദ്ധത്തിന്റെ ആരംഭം
     നികുതിവെട്ടിപ്പ് ആയിരുന്നു ഐ വൈക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ‘ഫെയ്ക് കൾച്ചറൽ ഡവലപ്പ്മെന്റ് ‘ എന്ന അദ്ദേഹത്തിന്റെ കമ്പനിക്കെതിരെ  അധിക്യതർ ചുമത്തിയ 2.4 ദശലക്ഷം ഡോളറിന്റെ പിഴ അടയ്ക്കാൻ കൂട്ടാക്കാതിരുന്ന ഐ വൈവൈ കോടതിയിലൂടെ ഈ നടപടിയെ എതിർത്തു. വിധി കേൾക്കാൻ  വാദിയെ കോടതിയിൽ ഹാജരാകാൻ പോലും അനുവദിക്കാതിരുന്ന വിചാരണയ്ക്കൊടുവിൽ 2012 ജുലൈയിൽ കേസിലെ വിധി ഐ വൈക്ക് പ്രതികൂലമായി വന്നു. ട്വിറ്ററിലൂടെ അദ്ദേഹം വിധിക്കെതിരെ ഇങ്ങനെ പ്രതികരിച്ചു :  “ നീതിയും നിയമവും ഇവിടെ നിലനിൽക്കുന്നില്ലെന്ന് ഈ രാജ്യം ഒരിക്കൽ കൂടി ലോകത്തിനു മുമ്പാകെ തെളിയിച്ചു.” വിധിക്കെതിരെ അദ്ദേഹം നൽകിയ അപ്പീലും സപ്തംബറിൽ മേൽകോടതി തള്ളി. “കോടതിയ്ക്ക് ഇത്രയും യുക്തിരഹിതവും അപഹസിക്കുന്നതുമാകാൻ കഴിയും എന്ന് ഞാൻ സങ്കല്പിച്ചിരുന്നു പോലുമില്ല”, കോടതിക്കെതിരെ ഐ വൈയുടെ നിശിത വിമർശനം. വിധി പ്രതികൂലമാണെങ്കിലും ഐ വൈവൈ പിഴ അടയ്ക്കാൻ കൂട്ടാക്കിയിട്ടില്ല.
നിശ്ശബ്ദരാകാൻ ഒരുക്കമല്ലാത്ത മനുഷ്യർ
         ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനസമൂഹത്തെ , അവരുടെ രാഷ്ട്രീയത്തെ, സംസ്കാരത്തെ വരിഞ്ഞ് മുറുക്കി നിയന്ത്രിക്കുന്ന ചൈനയുടെ കണ്ണിലെ കരടായി ഇനിയുമുണ്ട് കലാകാരന്മാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളുമായി ഒട്ടേറെ കീഴടങ്ങാത്ത മനുഷ്യർ. ടിയാനന്മെൻ സ്ക്വയർ അടിച്ചമർത്തലിനെക്കുറിച്ചുള്ള “കൂട്ടക്കൊല’ എന്ന കവിതയെഴുതിയതിന് 1990 ൽ തടങ്കലിലായ കവി ലിയാവൊ യിവു മുതൽ 11 വർഷത്തെ തടങ്കൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന , 2010 ലെ സമാധാന നോബൽ സമ്മാനിതനായ സാഹിത്യകാരൻ ലിയു സിയാബോ വരെ നീളുന്നു അത്. അടുത്തിടെ അമേരിക്കൻ എംബസിയിൽ അഭയം തേടുകയും തുടർന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്ത ചെൻ ഗ്വാങ്ചെങ് എന്ന അന്ധനായ അഭിഭാഷക ആക്ടിവിസ്റ്റിന്റേത് ഇത്തരത്തിലുള്ള പുറത്തു കടക്കലുകളിൽ ഒന്നു മാത്രം.  കുടുംബാസൂത്രണത്തിന്റെ പേരിൽ ഭരണകൂടം ബലം പ്രയോഗിച്ച് ഗർഭച്ഛിദ്രം, ഷണ്ഡീകരണം എന്നിവ നടത്തിയ ആയിരക്കണക്കിനു സ്ത്രീകളുടെ കേസുമായി നിയമയുദ്ധത്തിറങ്ങി സർക്കാരിന്റെ രോഷം ഏറ്റുവാങ്ങിയ ആളാണിദ്ദേഹം . ഇനിയും തുടരുന്നു ആ പട്ടിക, മഹത്തായ സംസ്കാരത്തിന്റെ ആരൂഡങ്ങളിലൊന്നായ ആ രാജ്യം ജനാധിപത്യത്തിന്റെ പൊൻ വെളിച്ചത്തിലേക്ക് ഉണരും വരെ നീളും അത്.