Friday, December 21, 2012

ഏതിനാണു വില കൂടുതൽ,ഐ ഫോണിനോ അതോ കിഡ്നിക്കോ?

ആപ്പിള്‍ ഐഫോണിനോ കിഡ്‌നിയ്‌ക്കോ, ഏതിനാണ് വില കൂടുതല്‍? നിങ്ങളുടെ മറുപടി 'കിഡ്‌നി' എന്നായിരിക്കും അല്ലെ? എന്നാല്‍ ചൈനയിലെ യുവാക്കള്‍ തങ്ങളുടെ കിഡ്‌നിയേക്കാള്‍ വിലകല്‍പ്പിക്കുക ഐഫോണിനായിരിക്കും. അവയവവ്യാപാരത്തിന്റെ പുത്തന്‍ പറുദീസയായി മാറിയിരിക്കുന്ന ചൈനയിലെ യുവാക്കള്‍ ആപ്പിള്‍ കമ്പനിയുടെ ഐഫോണിനോ ഐ പാഡിനോ പകരമായി തങ്ങളുടെ കിഡ്‌നി നല്‍കുന്നതാണ് ഈ രംഗത്തെ പുത്തന്‍ പ്രവണത.'നൂറ് പൂക്കള്‍ വിരിയട്ടെ'എന്ന് പാടിയവരുടെ പിന്‍തലമുറയുടെ ഇന്നത്തെ മുദ്രാവാക്യം ' കിഡ്‌നി വില്‍ക്കൂ,ഐപാഡ് കരസ്ഥമാക്കൂ' എന്നതാണ്. ആപ്പിളിന്റെ ഉത്പ്പന്നങ്ങളോട് ഭ്രാന്തമായ ആവേശം പുലര്‍ത്തുന്നു ചൈനീസ് സമൂഹം, സാധനത്തിനാണെങ്കില്‍ പൊള്ളുന്ന വിലയും .

അവയവവ്യാപാരം ആഗോളതലത്തില്‍
  ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു വര്‍ഷം ലോകമൊട്ടാകെ ഏകദേശം 10,000 നിയമവിരുദ്ധ കിഡ്‌നിക്കച്ചവടങ്ങള്‍ നടക്കുന്നുണ്ട്. അതായത് ഒരു മണിക്കൂറില്‍ ഒന്നിലധികം എണ്ണം. ജീവിതശൈലീ രോഗങ്ങളുടെ , പ്രത്യേകിച്ച് പ്രമേഹത്തിന്റെ ആഗോളമായ വര്‍ദ്ധനവ് കിഡ്‌നിയുടെ ആവശ്യകത മുന്‍പത്തേക്കാള്‍ കൂടുതലാക്കിയ സാഹചര്യത്തില്‍ അവയവവ്യാപാരം എന്നത് ഒരു പൊടിപൊടിപ്പന്‍ കച്ചവടമായി മാറിയിരിക്കുന്നു,ലോകമെമ്പാടും. ലോകാരോഗ്യ സംഘടനയുടെ തന്നെ വിവരങ്ങള്‍ അനുസരിച്ച് നിയമവിധേയവും വിരുദ്ധവുമായവ അടക്കം 2010 ല്‍ ആകെ നടന്ന 1,06,879 എണ്ണം അവയവക്കൈമാറ്റം ആകെ ആഗോള ആവശ്യത്തിന്റെ വെറും 10 ശതമാനമേ ആകുന്നുള്ളൂ എന്നത് ഇത് വലിയൊരു മേഖല തന്നെയാണ് എന്ന കാര്യത്തിന് അടിവരയിടുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ആവശ്യക്കാര്‍ക്ക് തങ്ങളുടെ സ്വദേശത്തിലേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് കിഡ്‌നി ലഭിക്കുന്ന സ്ഥലങ്ങളായ ചൈന,ഇന്ത്യ,പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് പറക്കേണ്ടതേയുള്ളൂ. സംഗതി വളരെയെളുപ്പം.ഇടനിലക്കാര്‍ ഉണ്ട് അവിടെയും. വെറും 5000 ഡോളര്‍ മുടക്കി അവര്‍ വാങ്ങുന്ന കിഡ്‌നി ആവശ്യക്കാരന് നല്‍കുന്നതോ 2 ലക്ഷം ഡോളര്‍ വരെ വിലയ്ക്ക്!

ഇവിടെയും ഒന്നാമതാകുന്ന ചൈന
  മേല്‍ കാണിച്ച കച്ചവടരീതിയുടെ ഏറ്റവും വലിയ കേന്ദ്രം ആയിരിക്കുന്നു ചൈന. പ്രതിവര്‍ഷം 1.5 ദശലക്ഷം അവയവം മാറ്റിവെക്കല്‍ ആവശ്യമായ ചൈനയില്‍ നടക്കുന്നത് വെറും പതിനായിരം എണ്ണം മാത്രം. പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഏതൊരു കച്ചവടത്തെയും പോലെ ഇവിടെയും ദാരിദ്യത്തിനെ ചൂഷണം ചെയ്യല്‍ തന്നെയാണ് പ്രധാനഘടകം. ചൈനയിലേക്ക് അവയവമാറ്റത്തിനായി ആവശ്യക്കാര്‍ പ്രധാനമായും എത്തുന്നത് മിഡില്‍ ഈസ്റ്റ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ്. ധനേച്ഛയില്ലാത്ത അവയവദാനം ഒഴികെയുള്ളവ നിയമവിരുദ്ധമായ ചൈനയില്‍ പക്ഷെ വളരെ വ്യാപകമായി ഇത് നടക്കുന്നു എന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഡോക്ടര്‍മാരും ഇടനിലക്കാരും ആശുപത്രികളും ചേര്‍ന്ന ഈ അവയവക്കച്ചവട മാര്‍ക്കറ്റിലേക്ക് ഗ്രാമനഗരങ്ങളില്‍ നിന്ന് ദരിദ്രരും തൊഴില്‍രഹിതരുമായ യുവാക്കളെ കണ്ടെത്തി എത്തിക്കുന്നു , ഇടനിലക്കാര്‍. വിലയുള്ള ഫോണിനോടുള്ള ആഗ്രഹം ഉള്ളിലൊതുക്കിക്കഴിയുന്ന ദരിദ്രന്റെ മനസ്സില്‍ തന്റെ ഒരു കിഡ്‌നിക്ക് പകരം ലഭിക്കാവുന്ന ഐഫോണിന്റെ ചിത്രം കൊണ്ടു വരുന്നതോടെ സംഗതി പകുതി ക്ലിക്കാവുന്നു. പിന്നെല്ലാം വേഗത്തില്‍ . പത്ത് ദിവസത്തിനകം സര്‍ജറി കഴിഞ്ഞ് പുത്തന്‍ ഐഫോണുമായി തിരികെയെത്തുന്നു, നമ്മുടെ തൊഴില്‍ രഹിതന്‍. ആര്‍ഭാടജീവിതം വരുത്തിവെച്ച കടം വീട്ടുന്നതിനും കൂട്ടുകാരിയുടെ അബോര്‍ഷന്‍ നടത്തുന്നതിനുമെല്ലാം അവന്‍ കിഡ്‌നി വില്‍ക്കാന്‍ പ്രേരിതനാകുന്നു. 2 മാസം മുന്‍പ് ഹുനാന്‍ പ്രവിശ്യയില്‍ നടന്നതും നിയമത്തിന്റെ മുന്‍പില്‍ എത്തിയതുമായ ഒരു സംഭവം തെളിയിക്കുന്നത് ചൈനീസ് സമൂഹത്തില്‍ വേരൂന്നി നില്‍ക്കുന്ന ജീര്‍ണത തന്നെയാണ്. സ്വന്തം കിഡ്‌നി 3000 ഡോളറിന് വിറ്റ് ഐപാഡും ഐഫോണും വാങ്ങിയ പതിനേഴുകാരന് മ്യതപ്രായനായതിനാല്‍ വിചാരണയ്ക്കായി കോടതിയിലെത്താന്‍ പോലും സാധിച്ചില്ല. സര്‍ജറി നടത്തിയ ഡോക്ടര്‍ അടക്കം 5 പേരാണ് ഈ കേസില്‍ പിടിയിലായത്. ഒരു ഓണ്‍ലൈന്‍ ചാറ്റിലൂടെയാണ് പയ്യന്‍ തന്റെ കിഡ്‌നി വില്‍ക്കാന്‍ സന്നദ്ധനായതെന്ന് അധിക്യതര്‍ പറയുന്നു. ഇടനിലക്കാര്‍ക്ക് ഈ കച്ചവടത്തില്‍ ലഭിച്ച തുക 35000 ഡോളറാണ്.

സര്‍ക്കാര്‍ ഇടപെടല്‍ 
  2007 ലാണ് ചൈനയിലാദ്യമായി അവയവക്കൈമാറ്റത്തിന് ദേശീയതലത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നത്. തുടര്‍ന്ന് അവയവക്കച്ചവടം നടത്തുന്ന സംഘടനകള്‍ നിരോധിക്കപ്പെട്ടു. കഴിഞ്ഞ ജുലൈയില്‍ 18 പ്രവിശ്യകളില്‍ ഒരേ സമയം നടത്തിയ ഓപ്പറേഷനില്‍ രക്ഷിക്കാനായത് 127 വ്യക്തികളെയാണ് . 28 സംഘങ്ങളാണ് പിടിയിലായത്. 'തൊണ്ണൂറുകള്‍ക്ക് ശേഷം ജനിച്ച തലമുറ ചെറിയ വിഷമതകള്‍ വരുമ്പോള്‍ തന്നെ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നു. തങ്ങളുടെ ശരീരവും ഉപഭോഗ ത്യഷ്ണയും തമ്മിലുള്ള തെരഞ്ഞെടുപ്പില്‍ അവര്‍ രണ്ടാമത്തെത് എടുക്കുന്നു.ഇന്ന് സമൂഹത്തില്‍ ആഗ്രഹങ്ങള്‍ക്ക് ഒടുക്കമില്ല്‌ലാതെയാവുകയും ആവശ്യങ്ങള്‍ക്ക് പരിധിയില്ലാതാവുകയും ചെയ്തിരിക്കുന്നു. അന്യരുമായി അന്ധമായി നടത്തുന്ന മത്സരം സമൂഹത്തെ ക്രമേണ തകര്‍ച്ചയിലെത്തിക്കും ' . യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ ഗ്വാങ്മിങ് പറയുന്നു.

സര്‍ക്കാരിന്റെ പുത്തന്‍ പദ്ധതി 
 കൂടിവരുന്ന അവയവക്കച്ചവടത്തിന് വിരാമം ഉണ്ടാക്കാനായി ചൈനീസ് സര്‍ക്കാര്‍ 2017 ഓടെ നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച പുത്തന്‍ പദ്ധതി ലോകവ്യാപകമായി പ്രതിഷേധത്തിന് കാരണമാവുകയുണ്ടായി അടുത്തിടെ. വധശിക്ഷയ്ക്ക് വിധേയമാക്കുന്നവരില്‍ നിന്ന് അവയവങ്ങള്‍ എടുക്കുന്ന രീതി ഉള്‍ക്കൊള്ളുന്നു, ഈ പുത്തന്‍ പദ്ധതി. ലോകത്തേറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന ചൈനയില്‍ ഇത്തരത്തില്‍ ലഭിക്കുന്ന അവയവങ്ങള്‍ ഡിമാന്റ് നികത്തും എന്ന് കരുതുന്നു, സര്‍ക്കാര്‍. നിരോധിക്കപ്പെട്ട മതസംഘടനയായ ഫാലന്‍ ഗോങിന്റെ അനുയായികളായ തടവുകാരെ വധിക്കുന്നതിനു മുന്‍പ് അവയവങ്ങള്‍ എടുത്തുമാറ്റുന്നു എന്ന ആരോ പണം ഇപ്പോള്‍ തന്നെ ചൈനയുടെ മേലുണ്ട്. മാറേണ്ട മനോഭാവങ്ങള്‍ ധനേച്ഛയില്ലാത്ത അവയവദാനത്തിന് സമൂഹം കൂടുതലായി തയ്യാറാവുകയും മസ്തിഷ്‌കമരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവം എടുക്കല്‍ കൂടുതല്‍ സുഗമം ആക്കുകയും ചെയ്യുന്നതു വഴി മാത്രമേ ഈ അധാര്‍മ്മികക്കച്ചവടത്തെ ഇല്ലാതാക്കാന്‍ കഴിയൂ എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നു. ഉപഭോഗത്യഷ്ണയുടെ നീരാളിക്കയ്യിലകപ്പെടുന്ന പുതിയ തലമുറ സ്വന്തം ശരീരം പോലും വില്‍ക്കാന്‍ തയ്യാറാകുന്ന അവസ്ഥയിലെത്തുന്ന മുതലാളിത്ത സമൂഹത്തില്‍ നിന്ന് ഇതിലും വലുത് കാത്തിരിക്കണം നമ്മള്‍.

എൻ മലയാളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്

Tuesday, December 18, 2012

മാറിടങ്ങളും അറിയിക്കുന്നു പ്രതിഷേധം

ജാഫർ എസ് പുൽ‌പ്പള്ളി
 


പുരുഷനെ അവന്റെ ലൈംഗിക ചരിത്രത്തിന്റെ തുടക്കം മുതല്‍ക്ക് തന്നെ മോഹാവേശിതനാക്കി മാറ്റിയ പെണ്ണിന്റെ മാറിടങ്ങള്‍ക്ക് അവനെ ആകര്‍ഷിക്കാനല്ലാതെ മറ്റെന്തെല്ലാം ചെയ്യാന്‍ കഴിയും ? അവന്‍ തന്റെ സുഖത്തിനും സ്വാര്‍ഥത്തിനുമായി അടക്കി വെച്ചിരിക്കുന്ന പെണ്ണിന്റെ ശരീരത്തിനു പുരുഷകേന്ദ്രീക്യതമായ ഒരു സമൂഹത്തില്‍ അവളുടെ പ്രതിഷേധത്തിന് എന്ത് സഹായമാണ് നല്‍കാന്‍ കഴിയുക? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഉക്രേനിയന്‍ ഫെമിനിസ്റ്റ് സംഘടനയായ 'ഫെമെന്‍'. ഇറാനില്‍ ഒരു വനിത അന്യായമായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോഴോ റഷ്യയെ തന്റെ കിരാതഭരണത്തിന്‍ കീഴില്‍ ചവിട്ടിയരയ്ക്കുന്ന വ്‌ലാഡിമീര്‍ പുട്ടിന്‍ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കുമ്പോഴോ ഒക്കെ അവര്‍ തങ്ങളുടെ കുപ്പായങ്ങള്‍ അഴിച്ചു കളയുന്നു, പ്രതിഷേധത്തിന്റെ പുതിയ വാതിലുകള്‍ ലോകത്തിനു മുന്‍പില്‍ തുറന്നിടുന്നു.

എന്താണ് 'ഫെമെന്‍'?
ഉക്രൈനിലെ സ്ത്രീകള്‍ക്കിടയില്‍ ബൌദ്ധികവും ധാര്‍മ്മികവുമായ ഗുണങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ,കീവ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ 24 കാരി ഫെമിനിസ്റ്റ് അന്ന ഹുറ്റ്‌സുല്‍ 2008 ല്‍ ആരംഭിച്ച സംഘടനയുടെ മുന്നണിപ്രവര്‍ത്തകര്‍ അധികവും 20 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു. സ്ത്രീകളെ ചൂഷണത്തില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും സംരക്ഷിക്കുക എന്ന ഉന്നം ഉള്‍കൊണ്ട് പ്രവര്‍ത്തിച്ചു തുടങ്ങി 'ഫെമെന്‍'. അവര്‍ തുടങ്ങിയത് സോവിയറ്റാനന്തര ഉക്രൈനിലെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചൂഷണത്തിനും അക്രമത്തിനും ഇരകളായ ഒരു കാലഘട്ടത്തില്‍ ആയിരുന്നു. ഒട്ടേറെ കൊച്ചുപെണ്‍കുട്ടികള്‍ വേശ്യാവ്യത്തിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ആ കാലത്തില്‍ ഉക്രേനിയന്‍ പെണ്‍കുട്ടികളെ ലോകവ്യാപകമായി കച്ചവടം ചെയ്യുന്ന സംഘങ്ങള്‍ 'വൈവാഹിക ഏജന്‍സി'കളുടെ മറവില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

      ഉക്രൈനിലെ ഭരണാധികാരികള്‍ക്കും പൊതുസമൂഹത്തിനു തന്നെയും സ്ത്രീകളുടെ നേരെയുള്ള മനോഭാവം കാണിക്കുന്നു, ഒറ്റ വനിതാ മന്ത്രി പോലുമില്ലാത്ത കാബിനറ്റിനെ കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം : ' രാജ്യത്ത് പരിഷ്‌കാരങ്ങള്‍ കൊണ്ട് വരിക എന്നത് പെണ്ണുങ്ങളുടെ പണിയല്ല'. ലൈംഗികത്തൊഴിലാളികളുടെ എട്ടിലൊന്ന് കോളേജ് അല്ലെങ്കില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ആയിരിക്കുന്ന ഒരു സമൂഹത്തെ ഭരിക്കുന്ന ഒരാളാണ് ഇത് പറയുന്നതെന്ന് മനസ്സിലാക്കുമ്പോഴെ സ്ത്രീ പ്രശ്‌നങ്ങള്‍ക്കു നേരെയുള്ള സമൂഹത്തിന്റെ നിലപാട് ബോധ്യമാകൂ.



Ukrainian-activist-Inna-S-010.jpgആദ്യമൊക്കെ പരമ്പരാഗതരീതിയിലുള്ള പ്രതിഷേധങ്ങള്‍ ആയിരുന്നു അവര്‍ നടത്തിയിരുന്നത്. അത് ജനശ്രദ്ധ പിടിച്ചു പറ്റിയതുമില്ല.എന്നാല്‍ 2009 ആഗസ്തില്‍ കീവില്‍ വെച്ച് നടന്ന പ്രതിഷേധ പ്രകടനത്തില്‍ വെച്ച് ഒക്‌സാന ഷാച്‌കൊ എന്ന യുവപ്രവര്‍ത്തക തന്റെ മേല്‍ക്കുപ്പായം വലിച്ചൂരി മാറിടങ്ങള്‍ തുറന്നിട്ടതോടെ ഉക്രൈനിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ പുതിയ ഒരു അദ്ധ്യായവും തുറക്കപ്പെടുകയായിരുന്നു. ഗ്രൂപ്പിന്റെ മുന്‍ നിര പ്രവര്‍ത്തകരില്‍ ഒരാളും ഔദ്യോഗിക വക്താവുമായ ഇന്ന ഷെവ്‌ചെങ്കോ തങ്ങളെക്കുറിച്ച് പറയുന്നത് കേള്‍ക്കുക : 'തുടക്കത്തില്‍ റാഡിക്കലായി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ഞങ്ങളെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആളും അര്‍ഥവും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ശ്രദ്ധിച്ചു,എല്ലായിടത്തുംടി.വി.ചാനലുകളിലും മാഗസിനുകളിലും നഗ്‌നരായ പെണ്‍കുട്ടികള്‍ എന്തൊക്കെയോ വില്‍ക്കുന്നു എന്ന്. നിങ്ങള്‍ നിങ്ങളുടെ ശരീരം ആ രീതിയില്‍ കാണിക്കാന്‍ പാടില്ല,പക്ഷെ നിങ്ങള്‍ക്ക് അതിനെ പോരാട്ടത്തിനും പ്രതിഷേധത്തിനുമായി ഉപയോഗിക്കാം.' 40 ടോപ് ലെസ് ആക്ടിവിസ്റ്റുകള്‍, 300 പ്രാദേശിക അംഗങ്ങള്‍,30000 ലധികം വരുന്ന ഓണ്‍ലൈന്‍ അനുകൂലികള്‍, അവര്‍ നല്‍കുന്ന തുച്ഛമായ ധനസഹായം . ഇത്രമാത്രമാണ് ഫെമെന്റെ പ്രവര്‍ത്തന മൂലധനങ്ങള്‍.
 പ്രതിഷേധിക്കുന്ന ശരീരങ്ങള്‍
ആധുനിക കാലഘട്ടത്തില്‍ നഗ്‌നശരീരത്തെ പ്രതിഷേധത്തിനുള്ള ആയുധമാക്കിയതിന്റെ ചരിത്രം നീളുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാനഡയിലെ റഷ്യന്‍ വേരുകളുള്ള തീവ്ര ക്യസ്ത്യന്‍ വിഭാഗമായ 'ഡൌകോബോര്‍' തങ്ങളുടെ വിശ്വാസരീതികള്‍ക്കെതിര്‍ നില്‍ക്കുന്ന അവിടത്തെ ഭരണകൂടത്തിനെതിരെ നടത്തിയ നഗ്‌ന പ്രതിഷേധങ്ങളിലേക്കാണ്. അറുപതുകളില്‍ നഗ്‌നപ്രതിഷേധങ്ങള്‍ യൂറോപ്പിലെങ്ങും പരന്നു. മ്യഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന 'പെറ്റ' എന്ന സംഘടന യൂറോപ്പിലെമ്പാടും തങ്ങളുടെ നഗ്‌ന പ്രതിഷേധങ്ങള്‍ നടത്തിവരുന്നുണ്ട് ഇപ്പോഴും.എന്നാല്‍ തങ്ങളുടെ അടിമത്വത്തിന്റെ,നിസ്സഹായതയുടെ ഏറ്റവും വലിയ പ്രതീകമായ സ്വന്തം ശരീരം തന്നെ പോരാട്ടത്തിനുള്ള ആയുധമാക്കുക എന്ന ആശയവും അതിന്റെ പ്രവര്‍ത്തന രൂപങ്ങളുമാണ് ''ഫെമെന്‍'' എന്ന പ്രസ്ഥാനത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നത്.

എന്തിനൊക്കെ നേരെ മാറിടം തിരിച്ചു ഇവര്‍?
സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാറ്റിനെയും എതിര്‍ക്കുന്നു 'ഫെമെന്‍' . വേശ്യാവ്യത്തി വ്യാപകമാക്കുന്ന സാമൂഹിക അവസ്ഥകള്‍ക്കെതിരെയുള്ള പോരാട്ടമാണതില്‍ പ്രധാനം . വേശ്യാവ്യത്തി നിയമവിധേയമാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കുന്നു അവര്‍.2012 ലെ യൂറോ കപ്പിന്റെ വേളയില്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള നീക്കം നടത്തിയത് ജനമധ്യത്തില്‍ തുറന്നു കാട്ടി 'ഫെമെന്‍' അനുയായികള്‍. 'സെക്‌സ് ടൂറിസം' ആണ് ഇവരുടെ പ്രതിഷേധത്തിനു കാരണമായ മറ്റൊരു വിഷയം. യൂറോ കപ്പിന്റെ സംഘാടകരായ 'യുവേഫ'യോട് വേശ്യാവ്യത്തി ഉക്രൈനില്‍ നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെടുത്തുന്ന സാമൂഹ്യ പ്രചരണ പരിപാടി നടത്താന്‍ ആവശ്യപ്പെട്ടു അവര്‍. ഇതു വഴി സെക്‌സ് ടൂറിസം ലക്ഷ്യം വെച്ച് വരുന്ന ആളുകളെ നിരുത്സാഹപ്പെടുത്താം എന്ന് കരുതി 'ഫെമെന്‍'.

സ്ത്രീയെ എന്നും കാല്‍ക്കീഴില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന മതങ്ങള്‍ക്കെതിരെയും ഉശിരന്‍ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട് 'ഫെമെന്‍'. സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെ മുഖം തിരിക്കുകയാണ് ഇസ്ലാമിക ഭരണകൂടങ്ങള്‍ എന്നും അവയെ തങ്ങള്‍ എതിര്‍ക്കുന്നു എന്നും 2012 ലെ ഒളിമ്പിക്‌സ് വേദിയില്‍ 'ടോപ് ലെസ്' പ്രതിഷേധം നടത്തി പ്രഖ്യാപിച്ചു അവര്‍. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയോട് ആ മുസ്ലിം രാഷ്ട്രങ്ങളുടെ സഹായം കൈപ്പറ്റരുത് എന്ന് 'ഫെമെന്‍' ആവശ്യപ്പെട്ടു. ഒളിമ്പിക്‌സ് വേദിയിലെ മറ്റൊരു കൌതുക പ്രതിഷേധം 'ശരീ അത്ത് വേണ്ട' എന്ന മുദ്രാവാക്യം ഏന്തുന്ന , മുസ്ലിം പുരുഷന്മാരുടെ വേഷമിട്ട 'ഫെമെന്‍' അനുയായികള്‍ നടത്തിയതാണ്.

ഉക്രൈനില്‍ വെച്ച് നടത്തിയ 'ഫെമെന്‍' പ്രതിഷേധങ്ങളില്‍ ഏറ്റവും ഒച്ചപ്പാടുണ്ടാക്കിയത് 2012 ജുലൈ 26 നു മോസ്‌കോയിലെ പാത്രിയാര്‍ക്കീസ് ആയ കിരില്‍ ഒന്നാമന്റെ ഉക്രൈന്‍ സന്ദര്‍ശനവേളയില്‍ യാന സ്ഡാനോവ എന്ന ആക്ടിവിസ്റ്റ് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം ആയിരുന്നു. പുറകു വശത്ത് 'കിരിലിനെ കൊല്ലുക' എന്ന് പെയിന്റ് ചെയ്ത നഗ്‌നശരീരവുമായി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്റെ നേര്‍ക്ക് ചാടി വീണ യാന 'പുറത്തു പോകൂ ' എന്നുച്ചത്തില്‍ ആക്രോശിക്കുകയും ചെയ്തു. ഈ പ്രവ്യത്തിക്ക് യാനയ്ക്ക് കിട്ടിയത് 15 ദിവസത്തെ ജയില്‍ ശിക്ഷ.

റഷ്യയിലെ ഒരു പള്ളിയില്‍ തങ്ങളുടെ പ്രതിഷേധ സംഗീതപരിപാടി നടത്തിയ പ്രസിദ്ധ ഗായികാസംഘമായ 'പുസ്സി റയട്ടി' നെ തടവ് ശിക്ഷയ്ക്ക് വിധിച്ച നടപടിയില്‍ പ്രതിഷേധിച്ച് 2012 ആഗ്‌സ്ത് 17 ന് ഇന്ന ചെവ്‌ഷെങ്കോ എന്ന ഉശിരന്‍ ഫെമെന്‍ അനുയായിയും സംഘവും നടത്തിയ വിചിത്രമായ പ്രതിഷേധവും ഉക്രൈനില്‍ മാത്രമല്ല ലോകമെമ്പാടും ശ്രദ്ധ നേടിയ ഒന്നാണ്.അവര്‍ അന്ന് ചെയ്തത് എന്താണെന്നോ ? യു.എസ്.എസ്.ആറിന്റെ ക്രിസ്തുമത വിരുദ്ധ നടപടിയില്‍ രക്തസാക്ഷികളായ ആളുകളുടെ ശവകുടീരസ്ഥലത്തുള്ള വലിയ ഒരു കുരിശ് ഒരു ചങ്ങലവാളുപയോഗിച്ച് അറുത്തിടുകയും അതിന്മേല്‍ ക്രിസ്തു കിടന്ന രീതിയില്‍ കിടക്കുകയും ചെയ്തു ഇന്ന. ഈ സംഭവത്തിനു ശേഷം ഫെമെന്റെ കീവിലുള്ള ആസ്ഥാനത്തിനു ചുറ്റും ഉപരോധം തീര്‍ത്തിരിക്കുകയാണ് പോലീസ് സേന എന്ന് ആരോപിക്കുന്നു സംഘടന.

കുരിശു തകര്‍ക്കല്‍ സംഭവം ഉക്രൈനില്‍ മതവിശ്വാസികളില്‍ നിന്ന് വലിയ പ്രതിഷേധത്തിനു കാരണമായി. ഉക്രൈനിലെ പ്രധാനപ്പെട്ട ക്രിസ്ത്യന്‍ സംഘടനയായ ഓര്‍ത്തഡോക്‌സ് ചോയ്‌സ് ഫെമെനെ വിശേഷിപ്പിച്ചത് ' മതധ്വേഷികളായ ക്രിസ്ത്യന്‍ വിരുദ്ധര്‍ ' എന്നായിരുന്നു. 'ഫെമെന്‍' നിരോധിക്കപ്പെടണം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട് അവര്‍. ഫിമെന്റെ പ്രധാന പ്രവര്‍ത്തന രംഗം ഉക്രൈന്‍ ആയിരുന്നെങ്കിലും അവര്‍ പലപ്പോഴും ആ രാജ്യത്തിനു പുറത്തും തങ്ങളുടെ 'ടോപ്പ് ലെസ്' സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ശ്രദ്ധേയമായ ഒന്ന് 2011 നവംബറില്‍ വത്തിക്കാനിലെ സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍ മാര്‍പ്പാപ്പയുടെ ഞായറാഴ്ച പ്രസംഗത്തിനു ശേഷം അലക്‌സാണ്ട്ര ഷെവ്‌ചെങ്കോ എന്ന ഫിമെന്‍ ആക്ടിവിസ്റ്റ് നടത്തിയ 'ടോപ് ലെസ്സ്' പ്രതിഷേധമായിരുന്നു.അവള്‍ വീശിയ ബാനറിലെ വാചകങ്ങള്‍ ഇതായിരുന്നു : 'ഫ്രീഡം ഫോര്‍ വിമെന്‍'. സംഭവം നടന്ന ഉടന്‍ തന്നെ ഷെവ്‌ചെങ്കോയും അനുയായികളും ഇറ്റാലിയന്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തു.

എന്തു കൊണ്ട് ഇത്തരം പ്രതിഷേധങ്ങള്‍?
      തങ്ങള്‍ പരമ്പരാഗത രീതിയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഒന്നും ജനശ്രദ്ധയിലെത്താന്‍ സാധിയ്ക്കാത്തതാണ് സംഘടനയെ വിചിത്രമായ സമരരീതികള്‍ കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചത്.'സമൂഹത്തിനെ ഞങ്ങളുടെ നിലപാടുകള്‍ സ്പഷ്ടമായി അറിയിക്കാന്‍ ഞങ്ങള്‍ക്ക് ഈ മാര്‍ഗം മാത്രമേ ഉള്ളൂ.' അസോസിയേറ്റഡ് പ്രസ്സിന് അനുവദിച്ച അഭിമുഖത്തില്‍ ഗ്രൂപ്പിന്റെ സ്ഥാപക അന്ന ഹുറ്റ്‌സുല്‍ പറയുന്നതിങ്ങനെ : 'മിഠായി മുതല്‍ കാര്‍ വരെ വില്‍പ്പന നടത്താന്‍ ലൈംഗികത ഉപയോഗിക്കപ്പെടുന്നു ഇന്ന്. പിന്നെന്തു കൊണ്ട് അതിനെ രാഷ്ട്രീയ പോരാട്ടത്തിനു ഉപയോഗിച്ചു കൂടാ?ചിലപ്പോഴെങ്കിലും നിങ്ങള്‍ക്ക് ആശയപരമായ കാരണങ്ങള്‍ക്കായി നിങ്ങളുടെ മാറിടങ്ങള്‍ ഉപയോഗിക്കേണ്ടി വരും.'

ജനപിന്തുണ, എതിര്‍പ്പ്
Femen-activisits-at-a-pro-007.jpgഎന്തായാലും ഗ്രൂപ്പിന്റെ തന്ത്രപരമായ ഈ സമരരീതി ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. പ്രസിദ്ധ മാധ്യമങ്ങളായ സി.എന്‍.എന്‍, ബി.ബി.സി,റോയിട്ടേര്‍സ്,വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ എന്നിവയെല്ലാം ഫെമെന്‍ ജനശ്രദ്ധയില്‍ വരത്തക്ക രീതിയില്‍ പ്രതിഷേധങ്ങളുടെ ദ്യശ്യങ്ങളും വാര്‍ത്തകളും നന്നായി കവര്‍ ചെയ്യുന്നുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ വളരെ ചെറിയ ഗ്രൂപ്പ് ആണെങ്കിലും ഫെമെന്‍ ഉക്രേനിയന്‍ സമൂഹത്തില്‍ നന്നായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് ; ഇപ്പോഴും പറയത്തക്ക ജനപിന്തുണസ്ത്രീകളുടേത് പോലും നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എങ്കില്‍ തന്നെയും. ഫെമെന്റെ സമരരീതികളോട് വിയോജിപ്പ് പലര്‍ക്കുമുണ്ടെങ്കിലും പരമ്പരാഗത ഫെമിനിസ്റ്റുകള്‍ക്ക് ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടും സാധിക്കാത്തത്ര സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ സ്യഷ്ടിക്കാന്‍ അവര്‍ക്കായി എന്ന വസ്തുത നിരീക്ഷകര്‍ നിഷേധിക്കുന്നില്ല. ഇന്നിപ്പോള്‍ ഉക്രേനിയന്‍ പെണ്‍കുട്ടികള്‍ക്ക് ഫെമെന്‍ എന്നാല്‍ സ്ത്രീപക്ഷ ചിന്തയുടെ ശക്തമായ പ്രതീകം ആയി മാറിക്കഴിഞ്ഞു. ഈ സാഹചര്യം മുതലെടുത്ത് മുന്നോട്ട് പോകാനും ഉക്രൈനു പുറത്ത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് അവര്‍. എതിര്‍പ്പും നന്നായി നേരിടേണ്ടി വരുന്നുണ്ട് ഫെമെന്. കടുത്ത മതവാദികളും മുഖ്യധാരാ രാഷ്ട്രീയക്കാരും പരമ്പരാഗത ഫെമിനിസ്റ്റുകളും അവരെ എതിര്‍ക്കുന്ന ചേരിയിലാണ്.

          നഗ്‌നത പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഗ്രൂപ്പിന്റെ സമരരീതി ,സ്ത്രീ വെറുമൊരു ലൈംഗിക ഉപകരണം മാത്രമാണെന്നും അവളുടെ വ്യക്തിത്വം അവളുടെ ശരീരം മാത്രമാണെന്നുമുള്ള ആശയത്തെ കൂടുതല്‍ ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത് എന്നതാണ് പ്രധാനപ്പെട്ട വിമര്‍ശനം. ഇതിനുള്ള മറുപടി ഇന്ന ചെവ്‌ഷെങ്കോയുടെ വാക്കുകളിലുണ്ട് : 'രണ്ടോ മൂന്നോ നാളുകള്‍ കീവില്‍ താമസിച്ച് കൊച്ചുപെണ്‍കുട്ടികളെ ഉപയോഗിക്കാനായി നൂറുകണക്കിനു ആളുകളായിരുന്നു ഉക്രൈനില്‍ വന്നു കൊണ്ടിരുന്നത്. ഞങ്ങള്‍ പ്രതിഷേധിക്കുന്നതിനു മുന്‍പ് ഒരാളും വേശ്യാവ്യത്തിക്കും സെക്‌സ് ടൂറിസത്തിനുമെതിരെ ശബ്ദമുയര്‍ത്തിയിരുന്നില്ല.എന്നാല്‍ ഇന്ന് അകത്തും പുറത്തുമുള്ള മാധ്യമങ്ങള്‍ പറയുന്നു, ഉക്രൈന്‍ എന്നത് വേശ്യകളുടെ നാടല്ല എന്നും സെക്‌സ് ടൂറിസത്തിനെതിരെയും ലൈംഗികത തൊഴിലാക്കുന്നതിനെതിരെയും നഗ്‌നമായി പ്രതിഷേധിക്കുന്ന പെണ്‍കുട്ടികളുടെ നാടാണ് എന്ന്.'



നവംബർ 6,2012  ന് എൻ മലയാളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്
 

ആത്മാഹൂതികളില്‍ എരിയുന്ന ടിബറ്റ്

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ ചൈനയെ അടുത്ത ദശകത്തില്‍ ഭരിക്കേണ്ട നേതാക്കളെ തിരഞ്ഞെടുക്കാനായി ആ രാജ്യത്തിന്റെ രാഷ്ട്രീയ നേത്യത്വം ബീജിംഗില്‍ സുപ്രധാനമായ തങ്ങളുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് ഈ മാസമാദ്യം ചേരവേ അവിടെ നിന്ന് 2000 കിലോമീറ്റര്‍ അകലെയുള്ള ഒരു ചൈനീസ് പ്രദേശത്ത് , നടുക്കുന്ന ഒരു സംഭവം നടക്കുകയായിരുന്നു. സ്വയംഭരണ പ്രദേശം എന്ന ഓമനപ്പേരിട്ട് ചൈന അതിന്റെ കൈക്കുള്ളില്‍ ഒതുക്കിയിരിക്കുന്ന ടിബറ്റിലെ പടിഞ്ഞാറന്‍ സിചുവാന്‍ പ്രദേശത്തെ 3 യുവബുദ്ധ സന്യാസികളാണ് സ്വയം അഗ്‌നിയില്‍ എരിഞ്ഞമര്‍ന്നത്. ചൈനീസ് കംമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്ന സമയം തങ്ങളുടെ പ്രതിഷേധത്തിനു അനുയോജ്യമാകും എന്ന പ്രതീക്ഷയിലാണ് അവര്‍ അത് ചെയ്തത്. ടിബറ്റിനെ 2011 മുതല്‍ പിടിച്ചുലച്ച പ്രതിഷേധ ആത്മഹത്യകളുടെ നിരയിലെ ഏറ്റവും ഒടുവിലത്തെ പോരാളികളായിരുന്നു അന്ന് മരണം വരിച്ച യുവ സന്യാസിമാര്‍.
പ്രതിഷേധത്തിലേക്ക് ഒരു ജനത

60 ലക്ഷം വരുന്ന ടിബന്‍ ജനതയുടെ അടിച്ചമര്‍ത്തലിന്റെ കഥ ചരിത്രത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏവര്‍ക്കും സുപരിചിതമാണ്. അമ്പതുകളില്‍ ചൈന ടിബറ്റിനെ തന്ത്രപ്രധാനമായ ഒന്നായിക്കണ്ട് കയ്യടക്കുന്നതിനു മുന്‍പ് അവര്‍ക്ക് സ്വയംഭരണം ഉണ്ടായിരുന്നു. ചൈനയുടെ പിടിച്ചടക്കലും ആത്മീയ,ഭരണ നേതാവ് ദലൈലാമയുടെ ഇന്ത്യയിലേക്കുള്ള പലായനവും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് വഴിമരുന്നിട്ടതും ചരിത്രവഴികളില്‍ പിന്നീട് നടന്ന സംഭവങ്ങളാണ്. ദലൈലാമയുടെ 1959 ലെ പലായനത്തിനു ശേഷം ചൈന ടിബറ്റിന്റെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. ഒരു ലക്ഷത്തിലധികം ടിബറ്റ് ജനതയുടെ ജീവനെടുത്തു മാവോയുടെ സാംസ്‌കാരിക വിപ്ലവം. ആറായിരത്തിലധികം സന്യാസമഠങ്ങളും നശിപ്പിക്കപ്പെട്ടു. എണ്‍പതുകളുടെ അവസാനത്തിലാണ് രണ്ട് പ്രാചീന മഠങ്ങളിലെ സന്യാസിമാര്‍ കലാപത്തിനൊരുങ്ങി ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടത്. ചൈനയുടെ ഈ മതപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ അടിച്ചമര്‍ത്തലില്‍ നിന്നുള്ള മോചനം ആണ് പ്രതിഷേധിക്കുന്നവരുടെ ആത്യന്തികലക്ഷ്യം . സമീപകാലത്തൊന്നും സാധിതമാകാനിടയില്ലാത്ത ഈ ലക്ഷ്യത്തിനു വേണ്ടിയാണ് അവര്‍ സ്വയം ജീവന്‍ വെടിയാന്‍ തയ്യാറാകുന്നത്.


നീളുന്ന ആത്മാഹുതികള്‍

2011 ലാണ് ഈ പ്രതിഷേധരീതി ടിബറ്റില്‍ അരങ്ങേറിത്തുടങ്ങുന്നത്. സ്വയം ഹത്യയിലൂടെ എന്തെങ്കിലും ലോകത്തോട് പങ്കുവെക്കുക എന്നത് ആദികാലം മുതലേയുള്ള ഒരു ബൌദ്ധ രീതിയാണ്. ഇവിടെ ഇവര്‍ തങ്ങളുടെ മരണത്തിലൂടെ ലോകത്തോട് പറയുന്നത് സ്വാതന്ത്യം എന്നത് ഈ ലോകത്ത് തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന സന്ദേശമാണ്.

tibsuiside12008 ല്‍ ടിബറ്റിലെമ്പാടും വ്യാപകമായ പ്രതിഷേധം അലയടിച്ചെങ്കിലും ഭരണകൂടം അതിനെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയായിരുന്നു. എന്നാല്‍ 2011 ല്‍ ആരംഭിച്ചത് ഇന്നും തുടരുകയാണ് ടിബറ്റന്‍ തെരുവുകളില്‍. ബുദ്ധസന്യാസികളും പുരോഹിതന്മാരും തെരുവീഥികളില്‍ സ്വയം കത്തിയമരുകയാണ്. ഇവരെക്കൂടാതെ കഴിഞ്ഞ ആഗസ്തില്‍ ഒരു സ്ത്രീയും ഒക്ടോബറില്‍ ഒരു കര്‍ഷകനും ആത്മാഹൂതി നടത്തിയിരുന്നു. 2011 തുടരുന്ന ആത്മഹത്യാപരമ്പരയില്‍ 70 പേരാണ് ഇതു വരെ മരിച്ചത് എന്ന് കരുതപ്പെടുന്നു. ഇതില്‍ 21 എണ്ണവും ഇക്കഴിഞ്ഞ ഒക്ടോബറിലാണ് നടന്നിട്ടുള്ളത്. മുന്‍പ് താരതമ്യേന ശാന്തമായിരുന്ന പടിഞ്ഞാറന്‍ സിചുവാന്‍ മേഖലയിലാണ് പ്രധാനമായും ആത്മാഹൂതി സമരങ്ങള്‍ നടന്നത്. തങ്ങളുടെ നേതാവായ ദലൈലാമയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ട് കൊണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രകടനം കൊണ്ട് നിറയുകയാണ് മേഖലയിലെ പട്ടണങ്ങള്‍ മുഴുവനും തന്നെ.ടിബറ്റിലേക്കുള്ള വിദേശപത്രപ്രവര്‍ത്തകരുടെ പ്രവേശനം വളരെ നിയന്ത്രിതം ആയതിനാല്‍ തിബറ്റന്‍ സ്വാതന്ത്യത്തിനായി സ്ഥാപിക്കപ്പെട്ട വെബ്‌സൈറ്റുകള്‍ വഴിയാണ് ലോകം പ്രധാനമായും ഈ വാര്‍ത്തകള്‍ അല്പമെങ്കിലും അറിയുന്നത്. ചൈനീസ് ദേശീയ മാധ്യമങ്ങളിലും ടിബറ്റ് ഒരു വാര്‍ത്തയേ അല്ല.


കൂസലില്ലാതെ ഭരണകൂടം

പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുമ്പോഴാണ് ഈ പ്രതിഷേധം രൂക്ഷമായതെങ്കിലും ഇതേക്കുറിച്ച് ഒരു ചര്‍ച്ച പോലും അവിടെ നടന്നതായി അറിവില്ല. പാര്‍ട്ടിയുടെ ടിബറ്റ് ഘടകത്തിന്റെ ഉപനേതാവിന്റെ പ്രസ്താവന മാത്രം പുറത്തുവന്നു : 'ടിബറ്റ് മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഒന്നും പരിഗണിക്കാത്ത ദലൈലാമ ഗ്രൂപ്പ് ആണ് ആളുകളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. അവര്‍ രാഷ്ട്രീയ ഇരകളാണ്'. ഭരണകൂടത്തിന്റെ സമീപനത്തിന്റെ സ്വഭാവം ഈ പ്രസ്താവനയിലുണ്ട്. വിദേശത്തുള്ള ടിബറ്റന്‍ സ്വാതന്ത്യഗ്രൂപ്പുകള്‍ക്കും ഈ സമരങ്ങളില്‍ പങ്കുള്ളതായി ചൈനീസ് അധിക്യതര്‍ ആരോപിക്കുന്നുണ്ട്. ടിബറ്റന്‍ പ്രശ്‌നത്തിന്മേല്‍ നിരന്തരം ഇടപെടുന്ന കുറ്റത്തിന് അധിക്യതരാല്‍ നിരന്തരം പീഡനം ഏല്‍ക്കേണ്ടി വരുന്ന വനിതാ ബ്ലോഗറും ആക്ടിവിസ്റ്റുമായ സെറിംഗ് വോസര്‍ക്ക് കഴിഞ്ഞ ആഗസ്തില്‍ ബീജിംഗ് വിട്ട് പോകേണ്ടി വന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായുള്ള നടപടിയായിരുന്നു ഇത്. ' ടിബറ്റന്‍ ജനതയ്ക്കിടയില്‍ അസ്വസ്ഥത നാള്‍ക്കുനാള്‍ പെരുകി വരുകയാണ്. ആത്മഹത്യകള്‍ പെരുകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചൈനീസ് ഭരണകൂടം സുരക്ഷാര്‍ഥം എടുത്തിട്ടുള്ള നടപടികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉതകൂ'. സെറിംഗ് വോസര്‍ ബി.ബി.സി ലേഖകനോട് പറഞ്ഞതാണിത്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശകാര്യങ്ങളുടെ ചുമതലയുള്ള നവി പിള്ളയുടെ പ്രസ്താവനയും ചൈനീസ് സര്‍ക്കാരിന്റെ ഇടപെടലിന്റെ സ്വഭാവത്തെ കാണിക്കുന്നതാണ് : 'സമാധാനപരമായി സമരം നടത്തുന്ന ആളുകളെ തടഞ്ഞുവെക്കലും അവരുടെ അപ്രത്യക്ഷമാകലും മേഖലയിലെ ക്രമാതീതമായ സൈനിക വിന്യാസവും അസ്വസ്ഥത ഉളവാക്കുന്നതാണ്.'


പുത്തന്‍ നേത്യത്വം മാറ്റുമോ ഈ നിലപാട്?

നിയുക്ത ഭരണത്തലവന്‍ സി ജിന്‍പിംഗിന്റെ പിതാവ് സി സോങ്‌സുന്‍ ടിബറ്റന്‍ പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവായിരുന്നു എന്ന വളരെ ചെറിയ സംഗതി മാത്രമേ ഉള്ളൂ ഈ പ്രശ്‌നത്തോട് പുതിയ നേത്യത്വം എങ്ങിനെ പ്രതികരിക്കും എന്നതില്‍ എന്തെങ്കിലും പ്രതീക്ഷ നല്‍കുന്നതായി. അടുത്തിടെ ബി.ബി.സിക്കനുവദിച്ച ഒരു അഭിമുഖത്തില്‍ ദലൈലാമ പറയുകയുണ്ടായി പിതാവുമായി തനിക്ക് നല്ല ബന്ധമായിരുന്നു എന്നും മകന്‍ നിലവിലെ രാഷ്ട്രീയ നയം മാറ്റുമോ എന്നത് കാത്തിരുന്നു കാണേണ്ട സംഗതിയാണെന്നും. ചൈനയുടെ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ ടിബറ്റന്‍ നയം വീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും ഇക്കാര്യത്തില്‍ ആ ജനതയ്ക്ക് പ്രതീക്ഷയ്ക്ക് ഒട്ടും വകയില്ലെന്ന വസ്തുത.


മോചനമാണാവശ്യം

'ഫ്രീ ടിബറ്റ്' എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ന്യിയ്ങ്കര്‍ ടാഷി എന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പ് ഇങ്ങനെ പറയുന്നു : 'ഞാന്‍ അഗ്‌നിയില്‍ സ്വയം സമര്‍പ്പിച്ചത് ചൈനീസ് സര്‍ക്കാരിനെതിരെയാണ്. ദലൈലാമയും പഞ്ചന്‍ലാമയും 60 ലക്ഷം ജനങ്ങളും സ്വാതന്ത്യം തേടുന്നു.ടിബറ്റിനു മോചനമാണാവശ്യം'. ചൈനീസ് വ്യാളിയുടെ കനത്ത കാല്‍ക്കീഴില്‍ പെട്ട് ഞെരിയുന്ന ടിബറ്റന്‍ ജനതയുടെ ശബ്ദമാണ് ഈ യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലൂടെ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.


Friday, December 14, 2012

മാനസികാരോഗ്യം: ചികിത്സയ്ക്കും രോഗം

മാനസികാരോഗ്യം: ചികിത്സയ്ക്കും രോഗം

ജാഫര്‍ എസ് പുല്‍പ്പള്ളി 


 മനുഷ്യരാശിയെ ഏറ്റവും വലയ്ക്കുന്ന രോഗങ്ങളെന്താണ്? ക്യാന്‍സര്‍? ഹൃദ്രോഗങ്ങള്‍, എയ്ഡ്‌സ്? എന്നാല്‍ ഇതൊന്നുമല്ല വലിയ വില്ലന്‍. എം.എന്‍.എസ്. എന്നു ചുരുക്കി വിളിക്കുന്ന മാനസിക, നാഡീസംബന്ധിയായ, പദാര്‍ത്ഥോപയോഗ ക്രമക്കേടുകള്‍ (മെന്റല്‍, ന്യൂറോളജിക്കല്‍, സബ്‌സറ്റന്‍സ് യൂസ് ഡിസോഡേഴ്‌സ് -MNS) ആണ് മനുഷ്യരാശിക്ക് ഏറ്റവും ഭാരമുണ്ടാക്കുന്ന രോഗങ്ങള്‍. ക്യാന്‍സറിനെയും ഹൃദ്രോഗത്തെയും കടത്തിവെട്ടും ഇത്.

ആഗോള രോഗഭാര(ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് -ജി.ബി.ഡി.) ത്തിന്റെ 13 ശതമാനം പങ്കും സംഭാവന ചെയ്യുന്നു മനോരോഗങ്ങള്‍. ഇവയില്‍ സ്‌കിസോഫ്രേനിയ, വിഷാദരോഗം, അപസ്മാരം, സ്മ്യതിനാശം, ആല്‍കഹോളിസം തുടങ്ങിയവയാണ് പ്രധാനം. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിലും മുന്‍പന്‍ എം.എന്‍.എസ് തന്നെ. -ജി.ബി.ഡി. യുടെ പട്ടികയില്‍ വിഷാദരോഗം ഒറ്റയ്ക്ക് മൂന്നാം സ്ഥാനത്തുണ്ട്. അഞ്ച് ശതമാനം സംഭാവന നല്കുന്ന ആല്‍കഹോളിസവും പ്രധാന വില്ലന്‍ തന്നെ.

പ്രസിദ്ധ ശാസ്ത്രപ്രസിദ്ധീകരണമായ 'നേച്ചറി'ന്റെ പഠനപ്രകാരം ഓരോ ഏഴു മിനിട്ടിലും ഒരാള്‍ക്ക് സ്മ്യതിനാശം ആരംഭിക്കുന്നു. 2020 ഓടെ പ്രതിവര്‍ഷം 15 ലക്ഷം ആളുകള്‍ ആത്മഹത്യ ചെയ്യുകയോ 1.5 കോടിക്കും 3 കോടിക്കും ഇടയ്ക്ക് ആളുകള്‍ ആത്മഹത്യ ശ്രമം നടത്തുകയോ ചെയ്യും. പെരുകുന്ന ആത്മഹത്യയുടെ മുഖ്യകാരണമോ വിഷാദരോഗം, ആല്‍കഹോളിസം എന്നിവയും.
വികസിത രാഷ്ട്രങ്ങളില്‍ പോലും മാനസിക രോഗങ്ങളെ കുറിച്ചുള്ള സാമൂഹികമായ അപമാനബോധം ഇന്നും നിലനില്‍ക്കുന്നത് ഈ രംഗത്ത് നിലനില്‍ക്കുന്ന വലിയ പ്രശ്‌നത്തിന്റെ സൂചനയാണ്. മാനസികരോഗം ഒരിക്കലും മാറില്ല എന്ന സങ്കല്‍പം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നത് മനോരോഗ ചികിത്സയില്‍ വലിയ കുഴപ്പം സ്യഷ്ടിക്കുന്നു. തന്റെ രോഗം അപരനോട് പങ്കു വെക്കാന്‍ പോയിട്ട് താന്‍ രോഗിയാണെന്ന കാര്യം സ്വയം അംഗീകരിക്കാന്‍ പോലും അപമാനബോധം ഒരാളെ അനുവദിക്കില്ല. രോഗികള്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന ഭ്രഷ്ടും രോഗിയെ തന്നിലേക്കു തന്നെ ഒതുക്കുന്നു. പിന്നാക്ക രാജ്യങ്ങളില്‍ മാത്രമല്ല, മികച്ച അവബോധമുണ്ടെന്ന് കരുതപ്പെടുന്ന രാജ്യങ്ങളില്‍ പോലും അവസ്ഥ വ്യത്യസ്തമല്ല. മനോരോഗികളെ ആപല്‍ക്കാരികളും അക്രമികളും ആയി ചിത്രീകരിച്ച് അകറ്റി നിര്‍ത്തുന്ന മനോഭാവത്തിനു സിനിമ അടക്കമുള്ള ദ്യശ്യ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്.

മാറാത്ത മനോഭാവവും രോഗവും

ലോകജനസംഖ്യയില്‍ 30 ശതമാനം മനുഷ്യര്‍ക്ക് ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന മനോരോഗങ്ങള്‍ക്ക് ചികിത്സാ രംഗത്ത് വലിയ വിടവാണ് ഇന്നുള്ളത്. ഭൂരിപക്ഷം രോഗികള്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല. അമേരിക്കയില്‍ 31 ശതമാനം പേര്‍ രോഗ ബാധിതരാണ്; പക്ഷെ അതില്‍ 67 ശതമാനം പേര്‍ക്കും മതിയായ ചികിത്സ കിട്ടുന്നില്ല. യൂറോപ്പില്‍ ഇത് യഥാക്രമം 27 ശതമാനവും 74 ശതമാനവുമാണ്. ചൈനയില്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ ഉള്ള 11.1 ശതമാനം ആളുകള്‍ക്കേ എന്തെങ്കിലും ചികിത്സ കിട്ടുന്നുള്ളൂ. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 83 ശതമാനത്തിലും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ചികിത്സയില്ല, 25 ശതമാനം രാജ്യങ്ങളില്‍ അപസ്മാരത്തിനുള്ള മരുന്നില്ല. രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ക്കുള്ളിലും വിഭവങ്ങളുടെ അസന്തുലിതമായ പങ്കുവെക്കല്‍ പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഉദാഹരണത്തിന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഘടകത്തിന്റെ പക്കല്‍ അവരുടെ യൂറോപ്യന്‍ ഘടകത്തിലുള്ളതിന്റെ 200-ല്‍ ഒന്ന് സൈക്യാട്രിസ്റ്റുകള്‍ മാത്രമേ ഉള്ളു.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 'വിഷാദരോഗം' ഉള്ളവരില്‍ 25 ശതമാനത്തിനും താഴെ പേര്‍ക്ക് (ചില രാജ്യങ്ങളില്‍ ഇത് 10 ശതമാനത്തിനും താഴെയാണ്) മാത്രമേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ. ലോക ജനസംഖ്യയില്‍ 75 ശതമാനം പേര്‍ക്കും ശരിയായ മാനസികാരോഗ്യ പരിചരണം ലഭിക്കുന്നില്ല, സംഘടന തന്നെ പറയുന്നു.

ചുരുക്കി പറഞ്ഞാല്‍, മനോരോഗങ്ങള്‍ സ്യഷ്ടിക്കുന്ന സാമ്പത്തിക ഭാരവുമായി താരതമ്യം ചെയ്യുമ്പോള്‍ അവയുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും ലോകം മുടക്കുന്ന പണം തുച്ഛമാണ്.

പ്രധാനപ്രശ്‌നങ്ങള്‍
പ്രസിദ്ധ വൈദ്യശാസ്ത്ര മാഗസിന്‍ ലാന്‍സെറ്റ് 2007 ല്‍ നടത്തിയ പഠനത്തില്‍ മനോരോഗികള്‍ അവരുടെ രോഗാവസ്ഥയ്ക്ക് പുറമെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്ന് പറയുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഉള്ള അവഗണന ഈ നിലയില്‍ തുടര്‍ന്നാല്‍ മലേറിയ, ക്ഷയം, എയ്ഡ്‌സ് ഇവ മൂന്നും ചേര്‍ന്നാലുള്ളതിനേക്കാള്‍ പ്രശ്‌നങ്ങള്‍ എം എന്‍ എസ്. ഉണ്ടാക്കും, ലാന്‍സെറ്റ് ആശങ്ക പ്രകടിപ്പിച്ചു.

'ട്രീറ്റ്‌മെന്റ് ഗ്യാപ്പ്' എന്ന് വിദഗ്ധര്‍ പറയുന്ന സ്ഥിതിവിശേഷം ഏറ്റവും കൂടുതല്‍ ഉള്ളത് മാനസിക രോഗങ്ങള്‍ക്കാണ്. താഴ്ന്ന - ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ 76-85 ശതമാനം രോഗികള്‍ക്കും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 35-50 ശതമാനം രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നില്ല. രോഗികള്‍ പലപ്പോഴും തങ്ങള്‍ക്ക് അതുണ്ടെന്ന് സമ്മതിക്കുന്നില്ല. ഇത് ചികിത്സ നല്‌കേണ്ട പ്രാധാന്യമുള്ള ആദ്യഘട്ടത്തില്‍ തന്നെ അത് ലഭിക്കാതിരിക്കാന്‍ കാരണമാകുന്നു.

ചികിത്സയ്ക്കായുള്ള ഗവണ്മെന്റ് വിഹിതത്തിന്റെ ലോക ശരാശരി വെറും 4 ശതമാനമാണ്. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ മാനസിക രോഗചികിത്സയ്ക്കാവശ്യമായ പ്രൊഫഷണലുകളുടെ എണ്ണത്തിലുള്ള വന്‍ കുറവ് ചികിത്സയെ ഗുരുതരമായി ബാധിക്കുന്നു.ആഫ്രിക്കയിലെ 72 കോടി ജനങ്ങള്‍ക്ക് ആകെ 1800 സൈക്യാട്രിസ്റ്റുകളേ ഉള്ളൂ എന്ന വസ്തുത പ്രശ്‌നത്തിന്റെ രൂക്ഷത വെളിപ്പെടുത്തും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2011 ല്‍ 55000 സൈക്യാട്രിസ്റ്റുകള്‍, 628000 നഴ്‌സുമാര്‍, 493000 മനോരോഗ ശുശ്രൂഷകര്‍ എന്നിവരുടെ കുറവുണ്ട് 144 താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്.

മനോരോഗങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ തക്കതായ വിധത്തില്‍ തലച്ചോറിന്റെ ഘടനയും പ്രവര്‍ത്തനത്തെയും പറ്റി മനസ്സിലാക്കാന്‍ ഇനിയും ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല എന്നത് ഈ രംഗത്തെ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

പരിഹാരമാര്‍ഗങ്ങള്‍
ലോകാരോഗ്യ സംഘടനയുടെ 2001 ലെ വേള്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ് പ്രശ്‌നങ്ങള്‍ക്കുള്ള സമഗ്രമായ പരിഹാരമാര്‍ഗങ്ങള്‍ ആദ്യമായി നിര്‍ദ്ദേശിച്ചത്. രോഗാരംഭത്തിലേയുള്ള ചികിത്സ, ആവശ്യമായ മരുന്നുകളുടെ ലഭ്യത, സാമൂഹിക ശ്രദ്ധ നല്‍കല്‍, ജനങ്ങളെ ബോധവത്കരിക്കല്‍,സമൂഹത്തെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തല്‍, ദേശീയ നയങ്ങളുടെ ആവശ്യകത, നിയമങ്ങള്‍/പരിപാടികള്‍ എന്നിവ ആവിഷ്‌കരിക്കല്‍, മാനവശേഷി വികസിപ്പിക്കല്‍, മറ്റ് മേഖലകളുമായുള്ള ബന്ധപ്പെടുത്തല്‍, സാമൂഹ്യ മാനസികാരോഗ്യത്തെ മേല്‍നോട്ടം, കൂടുതല്‍ ഗവേഷണങ്ങള്‍ എന്നീ 10 നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്.

ആഗോളതലത്തിലുള്ള കൂട്ടായ്മ

മാനസികാരോഗ്യരംഗത്തെ ഈ വലിയ പ്രശ്‌നങ്ങളെ , അതിലെ സങ്കീര്‍ണതകളെ തിരിച്ചറിഞ്ഞ് പുതിയ ദിശാബോധം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, രോഗചികിത്സകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയായ ഗ്രാന്റ് ചലഞ്ചസ് ഇന്‍ ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ഈ കാര്യത്തിലേക്കുള്ള ഫലപ്രദമായ ചുവടുവെപ്പുകള്‍ തുടങ്ങി.

പത്ത് വര്‍ഷത്തേക്കുള്ള ഗവേഷണ മുന്‍ഗണനകള്‍ എന്തെന്ന് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ എം.എന്‍.എസ് ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ അവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. യു.എസ്സ്. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആണ് ഈ കൂട്ടായ്മയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ക്രോണിക് ഡിസീസസ് എന്ന അന്താരാഷ്ട്രസംഘടനയും സഹായം നല്‍കുന്നുണ്ട്.
ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വലിയ 25 വെല്ലുവിളികളാണ് ഈ കൂട്ടായ്മ മുന്നില്‍ കാണുന്നത്. മാനസിക രോഗങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍, വിഷമങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവയെ തിരിച്ചറിയുന്നതു മുതല്‍ ആരോഗ്യ വ്യവസ്ഥയുടെ സമ്പൂര്‍ണ പരിണാമം എന്നതു വരെ ആറ് ലക്ഷ്യങ്ങളിലൂടെയാണ് ഈ ബ്യഹത്ത് പദ്ധതി കടന്നു പോവുക. ലക്ഷ്യങ്ങളെല്ലാം നേടിയെടുക്കാന്‍ ആഗോളതലത്തിലുള്ള പരസ്പര സഹകരണവും വിവരങ്ങളുടെ പങ്കുവെക്കലും അനിവാര്യമാണെന്ന് ഇവര്‍ കരുതുന്നു.

മാത്യഭൂമി ഓൺലൈനിൽ 30 ജൂൺ 2012 നു പ്രസിദ്ധീകരിച്ചത്

Thursday, December 13, 2012

വാടകയ്ക്ക് ഒരു ഗർഭപാത്രം

വാടകയ്ക്ക് ഒരു ഗർഭപാത്രം


ജാഫർ എസ് പുൽ‌പ്പള്ളി




            സാഹസിക കടൽ യാത്രകളിലൂടെ  ഇന്ത്യയെ ‘കണ്ടെത്തിയ‘  യൂറോപ്യന് അന്നാവശ്യം ഇന്ത്യക്കാരൻ തന്റെ മണ്ണിൽ വിളയിച്ച കുരുമുളകും ഏലവും മഞ്ഞളും ആയിരുന്നു. ഇന്ന് ഈ ആഗോളീകരണ കാലഘട്ടത്തിൽ  ഇന്ത്യയുടെ ആധുനികോത്തര തലമുറ താലത്തിൽ വെച്ച് നീട്ടുന്നത് മറ്റൊന്നാണ് : അവന്റെ പെണ്ണിന്റെ ഉർവരമായ ഗർഭപാത്രം !

           വാടകയ്ക്ക് ഗർഭപാത്രം

           വന്ധ്യത എന്ന വളരെയെളുപ്പമൊന്നും പരിഹരിക്കാൻ കഴിയാത്ത ദു:ഖത്തിന് പാശ്ചാത്യർ കണ്ടെത്തിയ വഴിയായ, ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതടക്കമുള്ളവ അടങ്ങുന്ന  അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജിക്ക്  ‘ സറോഗസി’ എന്നതാണ് എളുപ്പപദം. സ്വന്തം രാജ്യത്ത് കടുത്ത നിയമക്കുരുക്കുകളും വലിയ പണച്ചെലവും വരുന്ന ഗർഭപാത്രം വാടകയ്ക്കെടുക്കലിന്റെ പറുദീസയായി പാശ്ചാത്യൻ ഇന്ന് കാണുന്നത് ഇന്ത്യയെയാണ്. ഇന്ത്യൻ നഗരങ്ങളിൽ അതിദ്രുതം വളർന്ന് വരുന്ന ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ‘ചുരുങ്ങിയ ചെലവിൽ’ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു നൽകുന്ന കേന്ദ്രങ്ങളായി മാറുന്നു. അങ്ങനെ  ബിസിനസ് ഔട്ട്സോഴ്സിംഗിന്റെ മറ്റൊരു പുത്തൻ രൂപം ആയി മാറുന്നു ഇന്ത്യയിൽ  ‘കമേഴ്സ്യൽ സറോഗസി’.

എന്താണ് സറോഗസി ?
മറ്റൊരു ദമ്പതിമാരുടെ ഭ്രൂണത്തെ ഗർഭപാത്രത്തിൽ വഹിക്കുകയും പ്രസവത്തിനു ശേഷം കുഞ്ഞിനെ ദമ്പതികൾക്ക് തന്നെ തിരികെ നൽകുന്നതുമാണ് ‘സറോഗസി’ എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. രണ്ട് തരത്തിലുണ്ട് ഇത്. ‘പരമ്പരാഗത സറോഗസി’ യിൽ അണ്ഡം വാടകയ്ക്കെടുക്കപ്പെടുന്ന സ്ത്രീയുടേത് തന്നെയായിരിക്കും.
 ബീജം, കുഞ്ഞ് ആവശ്യമുള്ളയാളുടേതും. ഈ രീതിയ്ക്ക് പ്രാചീന ബാബിലോണിയൻ സംസ്കാരത്തിൽ പ്രചാരമുണ്ടായിരുന്നു എന്നതിനു ചരിത്രപരമായ തെളിവുണ്ട്.  മറ്റൊരു രീതിയായ ‘ഗെസ്റ്റേഷണൽ സറോഗസി’യിൽ ബീജസങ്കലനം നടന്നതിനു ശേഷം ഭ്രൂണം തന്നെ വാടകഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു. രണ്ടാമത്തെ രീതിയാണ് ഇപ്പോൾ വ്യാപകം. ഇന്ത്യയിലും ഇതു തന്നെ സ്ഥിതി.
      
ഇന്ത്യയുടെ മേന്മകൾ

        ഈ മേഖലയിലെ ഇന്ത്യയുടെ പ്ലസ് പോയിന്റുകൾ ഒട്ടേറെയാണെന്ന് നിരീക്ഷകർ കരുതുന്നു. ഏറ്റവും പ്രധാനപ്പെട്ടത് കുറഞ്ഞ പണച്ചെലവ് തന്നെ. അമേരിക്കയിൽ 80000 ഡോളർ വേണ്ടി വരുന്ന ‘സറോഗസി ‘ പ്രക്രിയയ്ക്ക് ഇന്ത്യയിലെ ആകെ ചെലവ് വെറും 5000 ഡോളർ മാത്രം. കൂടാതെ ഇന്ത്യയിൽ ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഇല്ലായ്മ കാലതാമസവും ചുവപ്പുനാടയും ഒഴിവാക്കുന്നു. ‘സറോഗസി’ അനുവദിച്ചിട്ടുള്ള ചൈന പോലുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നിവയെയും അപേക്ഷിച്ച് ഇംഗ്ലീഷ് അറിയാവുന്ന ഡോക്ടർമാരുടെ സാന്നിദ്ധ്യവും ഇതിനായുള്ള ക്ലിനിക്കുകളിലെ ലോകോത്തര സൌകര്യങ്ങളും  ഇന്ത്യയുടെ അനുകൂല ഘടകമാണ്.

വളരുന്ന ഉർവരതാ ടൂറിസം

   മെഡിക്കൽ ടൂറിസത്തിന്റെ വളർച്ചയുടെ ഭാഗമായാണ് ഇന്ത്യയിൽ ഈ ഉർവരതാ ടൂറിസം വേര് പിടിച്ചു തുടങ്ങുന്നത്. സ്വന്തം രാജ്യത്തേക്കാൾ ചുരുങ്ങിയ ചെലവിലുള്ള ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികളുടെ എണ്ണം വർഷം തോറും കൂടിവരികയാണ്. ഉർവരതാ ടൂറിസത്തിന്റെ ചിത്രവും ശോഭനീയമാണ്. പ്രതിവർഷം 7 ശതമാനം വളർച്ചയാണ് ഇന്ത്യയിൽ ഇതിനുള്ളത്. 50 കോടി ഡോളറിന്റെ ബിസിനസാണ് ഈ മേഖലയിൽ നടക്കുന്നതെന്ന് അനൌദ്യോഗിക കണക്കുകൾ പറയുന്നു. ഈ വർഷം 2000 ‘സറോഗസി’ ജനനങ്ങൾ പ്രതീക്ഷിക്കുന്നതായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദർ പറയുന്നു. ‘സറോഗസി‘യുടെ ആഗോള തലസ്ഥാനമായി മാറും ഇന്ത്യ എന്ന് കരുതപ്പെടുന്നു. ഇന്ത്യൻ സമൂഹം ഈ രീതിയോട് ആദ്യമൊക്കെ പുറം തിരിഞ്ഞു നിന്നെങ്കിലും വന്ധ്യത ഏറ്റവും വലിയ ശാപമായി കണക്കാക്കുന്ന ഇന്ത്യക്കാരും ഇപ്പോൾ വാടകയ്ക്ക് ഗർഭപാത്രം തേടി വന്നു തുടങ്ങിയിരിക്കുന്നതും ഈ ബിസിനസിനെ പ്രതീക്ഷയിലേക്കുയർത്തുന്നു.

 നിയമങ്ങളുടെ അഭാവം

        ഏതെങ്കിലുമൊരു പ്രശ്നത്തിൽ ഒരു  നിയമം ഉണ്ടാകുന്നതിനു മുൻപേ അതിന്റെ അസാന്നിദ്ധ്യത്തിൽ അനേകർ അനർഹമായത് നേടാറുണ്ട് ഇന്ത്യയിൽ എന്നതിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ് ഈ വിഷയം. 2002 മുതൽക്ക് തന്നെ നടക്കുന്നുണ്ടെങ്കിലും  ‘സറോഗസി’ യെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും തന്നെ നിലവിൽ  ഇന്ത്യയിലില്ല. അത് നിയമവിരുദ്ധമോ വിധേയമോ അല്ല ഇവിടെ.  ഇരു കക്ഷികൾ തമ്മിലുള്ള ഒരു സ്വകാര്യ ഉടമ്പടി മാത്രമാണ് എല്ലാ പ്രക്രിയകളുടെയും അടിസ്ഥാനം. ഈ കരാറിന്റെ ലംഘനത്തിന്മേൽ നിയമനടപടി സ്വീകരിക്കാൻ പലപ്പോഴും സാധിക്കുകയുമില്ല. ഇതു പോലൊരു ആശയക്കുഴപ്പം നിറഞ്ഞ മേഖലയിലെ ഏക നിയമപരമായ അനുമതി എന്നത് 2008 ലെ ഒരു കേസിൽ ‘സറോഗസി’ അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയാണ്. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇത് സംബന്ധമായി കുറച്ച് മാർഗനിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ശക്തമായ ഒരു നിയമത്തിന്റെ അഭാവം അവയെ ദുർബലമാക്കുന്നുണ്ട്.  
  ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തൽ, കരാറുകളുടെ ലംഘനത്തെ പ്രതിരോധിക്കൽ, പ്രതിഫലത്തിന്റെ കാര്യത്തിലുള്ള ചൂഷണമില്ലാതാക്കൽ എന്നിവ ഈ രംഗത്ത്  അനിവാര്യമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഒരേ സമയം ഗർഭപാത്രത്തിൽ നിക്ഷേപിക്കാവുന്ന ഭ്രൂണങ്ങളുടെ എണ്ണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ട് . എന്നാൽ ഇന്ത്യയിൽ നാലെണ്ണം വരെ ഒരേ സമയം നിക്ഷേപിക്കുന്ന കേസുകൾ ഉണ്ടാകാറുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യാദ്യശ്ചികമായി ഒന്നിൽ കൂടുതൽ ഭ്രൂണങ്ങൾ വളർച്ച പ്രാപിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ ഒന്നിനെ നിലനിർത്തി മറ്റുള്ളവയെ അബോർട്ട് ചെയ്യുന്നതും സാധാരണമാണ്. കൂടാതെ ഭ്രൂണത്തിന്റെ ലിംഗനിർണയം നടത്തി അനഭിലഷണീയമായതിനെ വേണ്ടാതാക്കുന്നതും പതിവാണ്. ഇവയെല്ലാം ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നിരിക്കെ അത് തടയാൻ പോലും കഴിയുന്നില്ല നിയമസംവിധാനത്തിന്. കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഇതിനു വിധേയരാകുന്ന സ്ത്രീകൾ ഒട്ടേറെയാണ് എന്നത് ഈ മേഖലയിലെ നിയമസാന്നിദ്ധ്യം ഒഴിച്ചു കൂടാത്തതാക്കുന്നു. കൂടാതെ സ്വന്തം ഭർത്താവിന്റേതല്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ ഗർഭത്തിൽ വഹിക്കുന്ന സ്ത്രീയെ തികച്ചും ആചാരബദ്ധമായ ഇന്ത്യൻ ഗ്രാമസമൂഹം എങ്ങനെ കാണും എന്നതു പരിഗണിക്കേണ്ട ഒരു പ്രശ്നമാണെന്ന് ആക്ടിവിസ്റ്റുകൾ കരുതുന്നു. പല തവണ തിരുത്തലിനു വിധേയമാക്കി ഇന്ത്യയിലെ നിയമനിർമ്മാണ രീതിയ്ക്ക് മകുടോദാഹരണമായി മാറിയിരിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജീസ് (റെഗുലേഷൻ) നിയമം ഇനിയും പാ‍സ്സാക്കിയിട്ടില്ല ഇവിടെ.

പെരുകുന്ന ക്ലിനിക്കുകൾ

     അനുദിനം പെരുകി വരുന്ന ക്ലിനിക്കുകൾ വെബ്സൈറ്റിലൂടെ പരസ്യം നൽകി വിദേശ ‘കസ്റ്റമർ‘മാരെ ആകർഷിക്കുന്നു. മിക്ക വലിയ നഗരങ്ങളിലും ‘സറോഗസി’ ക്ലിനിക്കുകൾ ഉണ്ടെങ്കിലും ക്ഷീരവിപ്ലവത്തിലൂടെ പ്രസിദ്ധിയാർജിച്ച ഗുജറാത്തിലെ ‘ആനന്ദ്’ നഗരമാണ് എണ്ണത്തിലും ഗുണത്തിലും മികച്ച് നിൽക്കുന്ന ക്ലിനിക്കുകളുടെ കാര്യത്തിൽ മുൻനിരയിൽ. ലോകോത്തര നിലവാരമുള്ള ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ സൌകര്യങ്ങൾ ഒരുക്കി അവർ കാത്തിരിക്കുകയാണ് വന്ധ്യത പേറുന്ന വിദേശികളെ. ‘ആനന്ദി’ലെ ഏറ്റവും മികച്ച ക്ലിനിക്ക് ആയ ‘ആകാംക്ഷ’ യിൽ എല്ലായ്പ്പോഴും കുറഞ്ഞത് 15 ഗർഭിണികളെങ്കിലും ഉണ്ടാകും. അവർ തങ്ങളുടെ അഞ്ഞൂറാമത്തെ കുഞ്ഞിന്റെ ജനനം ആഘോഷിച്ചു കഴിഞ്ഞു.

ആരാണ് ദാതാക്കൾ ?

          ക്ലിനിക്കുകൾ പ്രവർത്തിക്കുന്ന നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലുള്ള ദരിദ്രകുടുംബങ്ങളിലെ സ്ത്രീകളാണ് തങ്ങളുടെ ഗർഭപാത്രം ഇങ്ങനെ വാടകയ്ക്ക് നൽകാൻ തയ്യാറായി വരുന്നത് എന്ന വസ്തുത , ദാരിദ്യം തന്നെയാണ് ഇന്ത്യയിൽ ‘കമേഴ്സ്യൽ സറോഗസി’യ്ക്ക് വളക്കൂറുള്ള മണ്ണുണ്ടാക്കുന്നത് എന്ന വസ്തുതയെ കാണിച്ചു തരുന്നു. വിവാഹിതരും രണ്ടോ മൂന്നോ കുട്ടികളുടെ മാതാക്കളുമായ ആരോഗ്യവതികളായ യുവതികളെയാണ് ക്ലിനിക്കുകൾ തെരഞ്ഞെടുക്കുക.  
പ്രതിഫലത്തിന് നിശ്ചിതനിരക്കുകൾ ഒന്നും പൊതുവായില്ല ക്ലിനിക്കുകളിൽ. നാല് ലക്ഷം മുതൽ എട്ട് വരെ രൂപയാണ് പ്രതിഫലമായി നൽകപ്പെടുന്നത്. സന്തുഷ്ടരാകുന്ന ദമ്പതികൾ നൽകാനിടയുള്ള 50000 രൂപ വരെ വരാവുന്ന ‘ടിപ്പ്’ ഇതിനു പുറമെയാണ്. ഒരു കുഞ്ഞിനുള്ള നിരക്കാണിത്. ഇരട്ടകളാണ് ഉണ്ടാകുന്നതെങ്കിൽ പ്രതിഫലത്തിൽ 20 ശതമാനം വർദ്ധനവ് നൽകും. ക്ലിനിക്കുകൾ സകലവുമടക്കം 1300000 രൂപ വരെ ദമ്പതികളിൽ നിന്ന് ഈടാക്കുന്നു. ഗർഭപാത്രം കടം നൽകുന്ന സ്ത്രീയ്ക്ക് കിട്ടുന്നത് അവരെ സംബന്ധിച്ച് വലുതെങ്കിലും ചൂഷണം ഇവിടെയും മണക്കുന്നു. ‘കമേഴ്സ്യൽ സറോഗസി‘ യെ എതിർക്കുന്ന വലിയൊരു വിഭാഗം ആക്ടിവിസ്റ്റുകളുടെയും പ്രധാന ഊന്നൽ ഇന്ത്യൻ ഗ്രാമങ്ങളിലെ  ദരിദ്രരായ യുവതികളാണ് ദാതാക്കളാകാൻ തയ്യാറായി വരുന്നത് എന്ന കാര്യത്തിലാണ്. ദാരിദ്യത്തിന്റെ ഈ ചൂഷണത്തിലൂടെ ഇടനിലക്കാർ നല്ല പണക്കൊയ്ത്ത് നടത്തുകയും ചെയ്യുന്നു എന്ന് അവർ നിരീക്ഷിക്കുന്നു. പ്രതിദിന വരുമാനം എന്നത് ഒരു ഡോളറിൽ താഴെ മാത്രമായ ഒരു ഇന്ത്യൻ ദരിദ്ര കുടുംബത്തെ സംബന്ധിച്ച് നാല് ലക്ഷം രൂപ എന്നത് വലിയ ഒരു സംഖ്യയാണെന്നിരിക്കെ  തങ്ങളുടെ ജീവൻ പോലും അപകടത്തിൽ പെടാവുന്ന ഒരു ‘കടം കൊടുപ്പിനു’ അവർ പ്രേരിതരാകുന്നു. ഒന്നിൽ കൂടുതൽ തവണ ഗർഭപാത്രം ഇങ്ങനെ കടം നൽകിയവരും ഉണ്ട്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഗർഭിണികളുടെ മരണനിരക്ക് 19 ശതമാനം ആണ്. സെന്റർ ഫോർ ഹെൽത്ത് എജ്യൂക്കേഷൻ, ട്രൈനിംഗ് ആന്റ് മറ്റേർണൽ ഡെത്ത്  എന്ന എൻ.ജി.ഒ  2011 ൽ നടത്തിയ സർവേ അനുസരിച്ച്   ഓരോ എട്ടു മിനിട്ടിലും ഒരു ഗർഭിണി ഇന്ത്യയിൽ മരണപ്പെടുന്നു .  വലിയ റിസ്കുള്ള ഒരു കൊടുക്കൽ വാങ്ങൽ തന്നെയാണ് ഈ പാവം സ്ത്രീകൾ ചെയ്യുന്നതെന്ന് സാരം. ഗർഭിണിയ്ക്ക് മികച്ച ഭക്ഷണവും മറ്റ് സൌകര്യങ്ങളും നൽകുന്നതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നു കൂടി ക്ലിനിക്കുകൾ നടത്തുന്നുണ്ട് : 9 മാസം താൻ പേറുന്ന കുഞ്ഞിനോട് യാതൊരു ആത്മബന്ധവും ‘അമ്മ‘യിൽ ഉണ്ടാകാതിരിക്കാനുള്ള കൌൺസലിംഗ് ആണത്. മറ്റാരുടെയോ കുഞ്ഞിനെയാണ് താൻ വഹിക്കുന്നതെന്നും അത് തന്റെ ആരുമല്ലെന്നും കരുതാൻ അവരെ ‘പ്രാപ്ത’രാക്കേണ്ടത് ഇവിടെ അനിവാര്യമാണല്ലോ?

പ്രമീള വഗേലയുടെ അനുഭവം

    അഹമ്മദാബാദിലെ പൾസ് വിമെൻസ് ഹോസ്പിറ്റൽ എന്ന ഫെർട്ടിലിറ്റി ക്ലിനിക്കിൽ വെച്ച് എട്ടുമാസമായി  ഒരു അന്യഭ്രൂണത്തെ ഗർഭത്തിൽ പേറുന്ന പ്രമീള വഗേല എന്ന മുപ്പതുകാരിയുടെ മരണം നിയമപരമായ      ചോദ്യങ്ങൾ ഉയർത്തുന്നു. പ്രമീള മരിച്ചെങ്കിലും കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാൻ കഴിഞ്ഞു. പ്രമീളയെപ്പോലെ ഗർഭപാത്രം നൽകുന്ന അനേകം സ്ത്രീകളും അവരുടെ ബന്ധുക്കളും ഒപ്പു വെക്കുന്ന കരാറിലെ പ്രധാനവ്യവസ്ഥ തന്നെ ഏതെങ്കിലും കാരണവശാൽ ഗർഭിണിയ്ക്ക് ഗുരുതരമായ അപായം സംഭവിക്കുന്ന സാഹചര്യം വന്നാൽ കുഞ്ഞിനായിരിക്കും മുൻഗണന നൽകേണ്ടത് എന്നാണ് . ഇത്തരമൊരു സംഭവം നടന്നാൽ അമേരിക്കയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ക്ലിനിക്ക് ഉടമകൾ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും എന്നും ഇന്ത്യയിൽ അതൊന്നും നടക്കാത്തത് ‘സറോഗസി’യെ നിയന്ത്രിക്കാൻ യാതൊരു നിയമങ്ങളും നിലവിലില്ലാത്തതു മൂലമാണെന്നും നിരീക്ഷകർ കരുതുന്നു.

ഉയരുന്ന ചോദ്യങ്ങൾ

         ഒട്ടേറെ നിയമ,ധാർമ്മിക ചോദ്യങ്ങൾ ഉയരുന്നുണ്ട് ഈ വാടകയ്ക്കെടുക്കൽ സംബന്ധമായി സമൂഹത്തിൽ. ഗർഭപാത്രത്തിന്റെ കച്ചവടവത്കരണം , സ്ത്രീ വെറുമൊരു ചരക്കെന്ന നിലയിൽ വ്യവഹരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ അവളുടെ സ്ഥാനം കൂടുതൽ മോശമാക്കുകയല്ലെ ചെയ്യുക  ? പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള എല്ലാ കച്ചവടത്തിലും അന്തർലീനമായ ചൂഷണം ‘കമേഴ്സ്യൽ സറോഗസി’ യും ഉൾക്കൊള്ളുന്നില്ലേ എന്നതാണ് മറ്റൊരു ചോദ്യം. തന്റെ ശരീരം വാടകയ്ക്ക് നൽകാൻ ഒരാൾക്ക് അനുവാദം നൽകാൻ സമൂഹത്തിനു അവകാശമുണ്ടോ എന്ന മറ്റൊരു ചോദ്യവും ഉയരുന്നു ഈ വിഷയത്തിൽ. അതിനുള്ള ‘മനുഷ്യാവകാശം’ ആ വ്യക്തിക്കു തന്നെയില്ല എന്ന് കരുതുന്നവരുമുണ്ട്. ഗർഭധാരണത്തെയും പ്രസവത്തെയും തൊഴിലുടമ-തൊഴിലാളി ബന്ധം പോലെയോ അടിമജോലിയ്ക്കായുള്ള കരാർ പോലെയോ ആക്കി മാറ്റുക എന്നത് എത്രത്തോളം ആശാസ്യമാണ് ? 

മറുവഴികൾ തിരയാത്ത സമൂഹം

       ‘തന്റെ സ്വന്തം ചോരയിൽ ഒരു കുഞ്ഞ്’ എന്ന ഒട്ടൊക്കെ സ്വാർഥമെന്ന് പറയാവുന്ന വികാരമാണ് മിക്ക ദമ്പതികളെയും ഈ മാർഗങ്ങളിലേക്ക് പലപ്പോഴും നയിക്കുന്നത്. ദത്തെടുപ്പ് സംബന്ധമായി ഇന്ത്യയിലെ നിലവിലുള്ള നിയമനൂലാമാലകൾ ദമ്പതികളെ അവരതിനാഗ്രഹിച്ചാലും പിന്തിരിപ്പിക്കുന്നു. രണ്ടര വർഷം വരെ കാത്തിരിക്കേണ്ടി വരുന്നു പലപ്പോഴും ഉദ്ദേശിച്ച കുഞ്ഞിനെ ദത്തു കിട്ടാൻ നിലവിലെ സ്ഥിതിയിൽ. ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടായാൽ ധാരാളം പേർ ദത്തെടുക്കൽ എന്ന മാർഗം അവലംബിക്കുമെന്നും അതു വഴി ആത്യന്തികമായി സമൂഹത്തിനു തന്നെയാവും നേട്ടം ഉണ്ടാവുകയെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കരുതുന്നു.


       
          
              
               

Wednesday, December 12, 2012

വിവാഹം ചൈനയിൽ നടക്കുന്നു : നഗ്നമായി



വിവാഹം ചൈനയിൽ നടക്കുന്നു : നഗ്നമായി

 ജാഫർ എസ് പുൽപ്പള്ളി

          ഷാങ്ഹായിയിലെ ഒരു   ഫാഷൻ മാഗസിനിൽ എഡിറ്ററായി ജോലി നോക്കുന്ന ഇരുപത്തെട്ടുകാരിയായ ചൈനീസ് യുവതി സാങ് യി ആഗ്രഹിക്കുക തന്റെ  കാമുകൻ  ഒരു മനോഹരമായ റെസ്റ്റോറന്റിൽ വെച്ച് തിളങ്ങുന്ന ഒരു വജ്രമോതിരം തനിക്കു നേരെ നീട്ടി ഇങ്ങനെ ചോദിക്കണം എന്നാണ് : താങ്കളെന്നെ വിവാഹം കഴിക്കുമോ ?

          അവൾ മന്ദഹസിക്കുകയും സന്തോഷക്കണ്ണീരോടെ കാമുകന്റെ മാറിലേക്ക് സ്വയം വീഴുകയും ചെയ്യും.
             എന്നാൽ യഥാർഥത്തിൽ നടന്നത് ഇതൊന്നുമല്ല. 2008 ന്റെ ഒടുവിലെ ഒരു സായാഹ്നത്തിൽ അവളുടെ കാമുകൻ ഇങ്ങനെ പറഞ്ഞു : എന്റെ അമ്മ പറയുന്നു ,നാം എത്രയും വേഗം വിവാഹസർട്ടിഫിക്കറ്റിനായി രജിസ്റ്റർ ചെയ്യണം എന്ന്. അവൾ സമ്മതിച്ചു. അങ്ങനെ അത് കഴിഞ്ഞു : അവരുടെ വിവാഹം. 2009 ലെ ആദ്യദിനങ്ങളിലൊന്നിൽ അവർ ഒരു ദിവസത്തെ അവധിയെടുത്ത് വിവാഹം രജിസ്റ്റർ ചെയ്യുന്ന ഓഫീസിൽ എത്തി രജിസ്ട്രേഷനുള്ള ചെലവായ 9 യുവാൻ തുല്യമായി പങ്കിട്ട് നൽകി ‘വിവാഹിത‘രായി. പിന്നീട് 100 യുവാൻ മുടക്കി അതും തുല്യപങ്ക്- ഒരു ചെറിയ ചായസത്കാരം അവർ ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റിൽ വെച്ച് , സുഹ്യത്തുക്കൾക്കായി. സാങ് യിയുടെ അമ്മ വിവാഹഫോട്ടോ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞു : ഞങ്ങൾക്ക് ഒട്ടും സമയമില്ലായിരുന്നു, മാത്രമല്ല പിറ്റേന്ന് ജോലിക്കും പോകണമായിരുന്നു.

‘നഗ്നവിവാഹം‘


          മേൽ പറഞ്ഞ രീതിയിലുള്ള വിവാഹങ്ങൾ ചൈനയിലെ വൻ നഗരങ്ങളിൽ വലിയ തരംഗമായി വന്നു കഴിഞ്ഞു. ഈ വിവാഹത്തെ അവർ ‘നഗ്നവിവാഹം’ എന്നാണ് പറയുന്നത്. ചൈനീസ് ഭാഷയിൽ ‘ലുവോ ഹുൻ ‘ എന്നറിയപ്പെടുന്ന ഇതിനെ എൺപതുകൾക്കു ശേഷം ജനിച്ച തലമുറയിലെ യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. ഈ തരംഗത്തിന്റെ മുദ്രാവാക്യവാചകങ്ങളിൽ അതിന്റെ ആശയം സ്പഷ്ടമാണ് . അതിങ്ങനെയാണ് :

        അപ്പാർട്ട്മെന്റ് വേണ്ട
        കാർ വേണ്ട
        വജ്രമോതിരം വേണ്ട
        ചടങ്ങ് വേണ്ട  ഹണിമൂൺ വേണ്ട .
        നാമിരുവരും നാലര യുവാൻ വീതം മുടക്കും
        അങ്ങനെ നമുക്ക് ഒരു വിവാഹസർട്ടിഫിക്കറ്റ് ലഭിക്കും
        പിന്നെ നാം പുത്തൻ ജീവിതത്തിലേക്ക് കടക്കും. 
ഇങ്ങനെ ചൈനീസ് സമൂഹത്തിലെ വ്യവസ്ഥാപിത വിവാഹസമ്പ്രദായങ്ങളുടെ മേൽവസ്ത്രം ഉരിഞ്ഞെറിയുന്നു, ഈ ‘നഗ്നവിവാഹ‘ങ്ങൾ.

എങ്ങനെ വന്നു ഈ കല്യാണം ?

              ഡെങ് സിയാവോ പിങ്ങിന്റെ പുത്തൻ ചൈന ഒട്ടേറെ വളർന്നെങ്കിലും പഴയ ആളുകൾക്ക് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായ പല വിശ്വാസങ്ങളും ചടങ്ങുകളും വെടിയാൻ കഴിയുന്നില്ല. ഈ പഴയ ആചാരങ്ങൾ , നടപ്പുമര്യാദകൾ എന്നിവ വിവാഹം എന്ന ചടങ്ങിലായിരുന്നു ഏറ്റവും പ്രതിഫലിച്ചത്. എത്രയൊക്കെ ആധുനികരായാലും അവർ തങ്ങളുടെ മക്കളുടെ വിവാഹങ്ങൾ തനത് ചൈനീസ് ചടങ്ങുകളോടെയും പാരമ്പര്യരീതികളോടെയും നടക്കണം എന്നാഗ്രഹിക്കുന്നു. അവിടെയാണ് പണം വില്ലനായി കടന്നു വരുന്നത്. വിവാഹം നടക്കണമെങ്കിൽ വരന് സ്വന്തമായി അപ്പാർട്ട്മെന്റോ കാറോ ഉണ്ടായിരിക്കണം , വിവാഹം എല്ലാവിധ ചടങ്ങുകളോടെയും നടത്തണം എന്ന രീതിയിലുള്ള നിഷ്ഠകൾ കഴിഞ്ഞ 30 വർഷം മുൻപുള്ളതിനേക്കാൾ 4000 മടങ്ങ് വിവാഹച്ചെലവ് ഉയർത്തി വൻ നഗരങ്ങളിൽ. വർദ്ധിച്ചു വന്ന ഭൂമി വില , മൊട്ടുസൂചി കുത്താൻ പോലും ഇടം ഇല്ലാത്ത ബീജിംഗ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ യുവാക്കൾ സ്വന്തമായി അപ്പാർട്ട്മെന്റ് സമ്പാദിക്കുക എന്നത് അസാദ്ധ്യകാര്യമായി തീർത്തു. കൂടാതെ തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയ പങ്കും ചെലവഴിക്കേണ്ടി വരും  പെണ്മക്കളുടെ വിവാഹം കെങ്കേമമായി നടത്താൻ പല കുടുംബങ്ങൾക്കും . സർവേകൾ സൂചിപ്പിക്കുന്നത് പ്രകാരം 74 ശതമാനം ചൈനീസ് നഗര യുവാക്കളും ‘നഗ്നവിവാഹ’ത്തെ പുൽകാൻ കാരണം വ്യക്തമാണല്ലോ ?

                  മറ്റൊരു പ്രധാനകാരണമായി കണക്കാക്കുന്നത് സ്ത്രീകളുടെ സ്ഥിതിയിൽ വന്ന വലിയ മാറ്റമാണ്. നന്നായി സമ്പാദിക്കുന്ന , തന്റെ മാതാപിതാക്കളെ ആശ്രയിക്കാത്ത യുവതികൾ നേടുന്ന സ്വാതന്ത്യം ഇത്തരം ലളിതവിവാഹങ്ങൾ യാഥാർഥ്യമാകുവാൻ കാരണമായി. തന്റെ വരൻ നൽകുന്നത് കൊണ്ട് ജീവിക്കുവാൻ അവൾക്ക് വൈമനസ്യവുമാണ്.

                സാമ്പ്രദായിക വിവാഹസങ്കല്പങ്ങൾ ഇന്നും വേരൂന്നി നിൽക്കുന്ന ചൈനീസ് സമൂഹത്തിൽ വളർന്നു വരുന്ന തുറന്ന മന:സ്ഥിതിയും ‘നഗ്നവിവാഹ’ത്തിനു നല്ല പിന്തുണ നൽകുന്നു.
             2008 ലാണ്  ഇത്തം വിവാഹങ്ങളെ സൂചിപ്പിക്കാൻ ‘ നഗ്നവിവാഹം ‘ എന്ന പദം ഇന്റനെറ്റിലൂടെ പ്രചാരത്തിലായത്. ‘നേക്കഡ് മാര്യേജ് ഏജ് ‘ എന്ന ,  ചൈനീസ് യുവാക്കൾക്കിടയിൽ  വളരെയേറെ ചർച്ച ചെയ്യപ്പെട്ട ടി.വി. സീരിയൽ ആണ് ഈ പദത്തിന്റെ ഉത്ഭവസ്ഥാനം . ‘നഗ്നവിവാഹം’ കഴിക്കുന്ന  ദമ്പതികളുടെ ജീവിതസമരം ആയിരുന്നു ആ സീരിയലിന്റെ ഉള്ളടക്കം.

വഴങ്ങുന്ന മുതിർന്ന തലമുറ

           ജോയ്സ് വാങ് എന്ന മുപ്പത്തിമൂന്നുകാരൻ ഇന്റർനെറ്റ് സംരംഭക യുവാവ് തനിക്ക് ഒരിക്കലും ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ, തന്റെ മകൻ എത്രയും വേഗം വിവാഹിതനാകണം എന്ന് ആഗ്രഹിക്കുന്ന അമ്മയോട് പറയുന്നതിങ്ങനെ : ഒന്നുകിൽ ഞാൻ ഒരു അപ്പാർട്ട്മെന്റ് 10 വർഷത്തിനുള്ളിൽ സ്വന്തമാക്കിയതിനു ശേഷം വിവാഹിതനാകാം , അല്ലെങ്കിൽ അതില്ലാതെ ഇപ്പോൾ തന്നെ വിവാഹിതനാകാം. അമ്മ രണ്ടാമത്തെത് അർദ്ധമനസ്സോടെ സമ്മതിച്ചതിന്റെ തൊട്ടടുത്ത ദിനം ജോയ്സ് വാങ് വിവാഹിതനായി.
        പക്ഷെ ചൈനയിലെ മുതിർന്ന തലമുറയ്ക്ക് ഇതൊന്നും അത്ര രുചിക്കുന്നില്ല. തങ്ങളുടെ ഏക സന്തതിയുടെ വിവാഹം എല്ലാ ചൈനീസ് ആചാരരീതികളോടും കൂടി നടത്തണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ ഈ ‘നഗ്നവിവാഹ‘ത്തെ അംഗീകരിക്കാനിടയില്ലല്ലോ .
പക്ഷെ തങ്ങളുടെ പെണ്മക്കൾ ‘മുടക്കാച്ചരക്കു’കളായോ ആൺകുട്ടികൾ ‘ ശൂന്യശാഖ’കളായോ മാറുമെന്ന് ഭയന്ന് മാതാപിതാക്കൾ ഒടുവിൽ ഈ പുത്തൻ വിവാഹത്തെ അനുകൂലിക്കുന്നു.

പ്രണയവും വിവാഹവും മാറ്റത്തിലേക്ക് , കൂടെ സമൂഹവും

    തങ്ങളുടെ യുവാക്കൾ പ്രണയത്തെയും വിവാഹത്തെയും മാറ്റിയെടുക്കുന്ന വിധം ആയിരക്കണക്കിനു വർഷത്തെ പാരമ്പര്യം ചുമലിൽ താങ്ങുന്ന ചൈനയിലെ പഴയ തലമുറ കാണുകയാണിന്ന്. അപ്പാർട്ട്മെന്റോ കാറോ സ്വന്തമാക്കാൻ കഴിവില്ലാത്തവർ പലരും വിവാഹമേ വേണ്ടെന്ന് വെക്കുന്നത് വിവാഹബാഹ്യബന്ധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.
നഗരങ്ങളിലെ വിവാഹരജിസ്ട്രേഷനിലെ കുറവ് ഈ വർഷം മാത്രം 17 ശതമാനം വരും എന്ന് അധിക്യതർ പറയുന്നു. ഷാങ്ഹായ് നഗരത്തിൽ ഒറ്റയ്ക്ക് കഴിയുന്ന യുവതികളുടെ എണ്ണം കഴിഞ്ഞ 15 വർഷം കൊണ്ട് മൂന്നിരട്ടിയായതായി സർവേകൾ പറയുന്നു. കൂടാതെ അവിടത്തെ ജനനനിരക്ക് അത് ഏറ്റവും കുറഞ്ഞ ലോകത്തിലെ പ്രദേശങ്ങളിലേതിന് ഒപ്പവുമായി എന്ന സ്ഥിതിയും സംജാതമായി.മറ്റ് രാജ്യങ്ങളിൽ നൂറോ ഇരുന്നൂറോ വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങൾ ചൈനയിൽ വെറും മുപ്പത് വർഷങ്ങൾ കൊണ്ടുണ്ടായി എന്ന് സാമൂഹ്യനിരീക്ഷകർ പറയുന്നു.

വെല്ലുവിളികളും ഉണ്ട്

         ‘നഗ്നവിവാഹം’ ഒട്ടേറെ മേന്മകൾ നൽകുന്നുണ്ടെങ്കിലും അത് ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും കാണാതിരുന്നു കൂടാ എന്ന് നിരീക്ഷകർ കരുതുന്നു. ദമ്പതികൾ ഇരുവരും സാമ്പത്തികമായി നല്ല നിലയിലല്ലാത്തതിനാൽ ജീവിതസമരം കടുത്തതായിരിക്കും . പലർക്കും മാതാപിതാക്കളുടെ പിന്തുണ പ്രതിസന്ധികൾ ലഭിക്കാതെയും പോകുന്നു. ‘ദരിദ്രദമ്പതികൾ എപ്പോഴും ദുരിതം നേടുന്നു’ എന്ന അർഥത്തിലുള്ള പഴഞ്ചൊല്ല് പോലും പ്രചാരത്തിലുണ്ട് ചൈനീസ് സമൂഹത്തിൽ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നടത്തുന്ന കഠിനപ്രയത്നം ദമ്പതിമാർക്കിടയിൽ ഉരസൽ ഉണ്ടാക്കുകയും ബന്ധം ശിഥിലമാകാൻ അത് കാരണമാകുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു. എന്നാൽ ബീജിംഗിലെ ഒരു ഗവേഷണവിദ്യാർഥിയായ വാങ് ഹൈമിൻ പറയുന്നത് മറിച്ചാണ് : “മുൻപേ തന്നെ  എല്ലാം സമ്പാദിച്ച് വിവാഹിതരായ സുഹ്യത്തുക്കളുടേതുമായി താരതംയം ചെയ്യുമ്പോൾ എന്റെ  വിവാഹം അല്പം മുഷിഞ്ഞതായി തോന്നാം. എന്നാൽ സാമ്പത്തികാടിത്തറ തെല്ലും ഇല്ലാതിരുന്നിട്ടും ഞങ്ങൾ എട്ട് വർഷമായി ഒന്നിച്ച് ജീവിക്കുന്നു. ഞാൻ കരുതുന്നു വിവാഹത്തിന്റെ അടിസ്ഥാനം പ്രണയം ആണെന്ന് , മറിച്ച് പണം അല്ലെന്നും.“

           ഇന്റനെറ്റിലെ ചർച്ചകളും ഇത്തരം വിവാഹങ്ങൾക്ക് വലിയ പിന്തുണ നൽകുന്നു.
 പ്രശസ്ത വെബ് പോർട്ടൽ ആയ ‘സിന’ യിലെ ഒരു പോസ്റ്റ് പറയുന്നു :
 “ തങ്ങൾ വിവാഹിതരാകുമ്പോൾ തന്നെ അവർ എല്ലാം നേടിയെങ്കിൽ പിന്നെന്ത് അവർക്ക് പ്രതീക്ഷിക്കാനുണ്ട് ? ജീവിതത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കഠിനമായി അധ്വാനിച്ച് ഒന്നിച്ച് നേടുന്നത് പോലെ സന്തോഷകരമായി മറ്റെന്തുണ്ട് വിവാഹത്തിൽ ? “

-2012 ജുലൈ 21 ന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്







Thursday, December 6, 2012

സ്മാര്‍ട്ട്‌ഫോണ്‍: പേറ്റന്റ് പോരാട്ടത്തിന്റെ പുത്തന്‍ മുഖം

സ്മാര്‍ട്ട്‌ഫോണ്‍: പേറ്റന്റ് പോരാട്ടത്തിന്റെ പുത്തന്‍ മുഖം


ജാഫര്‍ എസ്. പുല്‍പ്പള്ളി


കണ്ടുപിടിത്തങ്ങളുടെ പേരില്‍ പേറ്റന്റ് തര്‍ക്കങ്ങള്‍ വ്യവസായികലോകത്ത് പുതുമയല്ല. എന്നാല്‍, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് നടക്കുന്ന പേറ്റന്റ് യുദ്ധം പുത്തന്‍ മാനങ്ങള്‍ ഉള്ളതാണ്. വളഞ്ഞിരിക്കുന്ന മൂലയുടെയും ചതുരാകൃതിയുടേയുമൊക്കെ പേരില്‍, ജുഗുപ്‌സാവഹമായ തലത്തിലേക്ക് എത്തുന്ന അവകാശവാദങ്ങളാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഉയര്‍ത്തുന്നത്


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പേറ്റന്റ് യുദ്ധങ്ങള്‍ വ്യാവസായിക ലോകത്ത് ആരംഭിച്ചതെങ്കിലും, ബൗദ്ധികസ്വത്തവകാശം എന്ന ആശയം അടിസ്ഥാനമായുള്ള തര്‍ക്കങ്ങളുടെ വേരുകള്‍ ആരംഭിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ആധുനികരീതിയിലുള്ള പേറ്റന്റ് നിയമങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു. പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ കച്ചവടമുള്ള സ്മാര്‍ട്ട്‌ഫോണ്‍ രംഗം ഇന്ന് പുതിയ പോര്‍ക്കളമായി മാറ്റുമ്പോള്‍ പേറ്റന്റ് യുദ്ധങ്ങള്‍ക്ക് പുത്തന്‍ മാനം കൈവരികയാണ്.

കാല്‍ക്കുലസ് അഥവാ കലിതത്തിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ഐസക് ന്യൂട്ടണും, ഗോട്ട് െ്രെഫഡ് വില്‍ഹെം ലീബ്‌നീസും തമ്മിലുണ്ടായ തര്‍ക്കമാണ് ഇത്തരത്തിലുള്ള ആദ്യത്തെ പ്രശസ്തമായ സംഭവം. 1684 ലും 1686 ലും കാല്‍ക്കുലസുമായി ബന്ധപ്പെട്ട് രണ്ട് പ്രബന്ധങ്ങള്‍ പുറത്തിറക്കിയ ലീബ്‌നീസ്, താനാണ് കാല്‍ക്കുലസ് കണ്ടുപിടിച്ചതെന്ന ഐസക് ന്യൂട്ടന്റെ 1704 ലെ അവകാശവാദത്തെ ചോദ്യംചെയ്തു.

ന്യൂട്ടണും ലീബ്‌നീസും- കാല്‍ക്കുലസിന്റെ പേരില്‍ കലഹം

എന്നാല്‍, ന്യൂട്ടണ്‍ പറഞ്ഞത് 1665 ല്‍ തന്നെ താനത് കണ്ടുപിടിച്ചിരുന്നു എന്നാണ്. എന്തായാലും ആ തര്‍ക്കം പരിഹരിക്കപ്പെടുകയുണ്ടായില്ല, 1716 ല്‍ ലീബ്‌നിസ് അന്തരിക്കുമ്പോള്‍ പോലും. ചരിത്രകാരന്മാര്‍ കരുതുന്നത് രണ്ടു പ്രതിഭകളും സ്വന്തംനിലയ്ക്ക് കാല്‍ക്കുലസ് കണ്ടുപിടിക്കുകയായിരുന്നു എന്നാണ്.

പേറ്റന്റ് എന്നാല്‍

ഏതെങ്കിലുമൊരു കണ്ടുപിടുത്തത്തിന്റെ ഉടമക്ക് ഒരു നിശ്ചിതകാലത്തേക്ക് ആ ഉത്പന്നം നിര്‍മിക്കാനും ഉപയോഗിക്കാനും വില്‍ക്കാനും ഭരണകൂടം നല്‍കുന്ന കുത്തകാവകാശമാണ് പേറ്റന്റ്. പേറ്റന്റ് ചെയ്യപ്പെട്ട ഒരു കണ്ടുപിടുത്തമുപയോഗിച്ച് മറ്റൊരാള്‍ അതിന്റെ ഉടമയുടെ അനുവാദമില്ലാതെ ഉത്പന്നങ്ങള്‍ നിര്‍മിക്കന്നതും, അവ വില്‍ക്കുന്നതും, സ്വന്തമാക്കി വെക്കുന്നതും നിഷിദ്ധമാണ്. ഏതങ്കിലുമൊരു മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ യോജിച്ചതായിരിക്കണം പേറ്റന്റ് അവകാശത്തിന് അപേക്ഷിക്കുന്ന കണ്ടുപിടുത്തം.

തന്റെ കണ്ടുപിടുത്തം അന്യര്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉടമക്ക് അവകാശം നല്‍കുന്നതാണ് പേറ്റന്റ്. ഒരിക്കല്‍ നിര്‍മാണാവകാശം നല്‍കിയ കണ്ടുപിടുത്തമോ സങ്കേതമോ അതേ രൂപത്തില്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് സാരം. അതിനാല്‍ പുതിയ കണ്ടുപിടുത്തങ്ങളും ഉല്പാദനരീതികളും വികസിപ്പിക്കേണ്ടത് അനിവാര്യമാകുന്നു. അതിന് മുതല്‍ മുടക്ക് വേണ്ടിവരുന്നു. മെച്ചപ്പെട്ട കണ്ടുപിടിത്തം അതുവഴിയുണ്ടാകുന്നു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഉത്പന്നം ലഭിക്കാനും അങ്ങനെ അവസരമുണ്ടാകുന്നു.

ഇതാണ് പേറ്റന്റിന്റെ പ്രധാനപ്പെട്ട ഗുണം. എന്നിരിക്കലും, നിത്യോപയോഗ വസ്തുക്കള്‍ പോലും നിര്‍മ്മാണാവകാശം കാരണം കുത്തകവല്‍കരിക്കപ്പെടുന്നതാണ് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദോഷം. അവിരാമം തുടരുന്ന തര്‍ക്കങ്ങളും ഇതിന്റെ ഉപോത്പന്നമാണ്.

തര്‍ക്കങ്ങളുടെ ചരിത്രം

തയ്യല്‍ മെഷീന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ഏലിയാസ് ഹോ, ഐസക് മെരിറ്റ് സിംഗര്‍ എന്നിവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രസിദ്ധിയാര്‍ജിച്ച പേറ്റന്റ് തര്‍ക്കം. ഏലിയാസ് ഹോ ആണ് 1850 ല്‍ തയ്യല്‍ മെഷീന്‍ രൂപകല്‍പ്പന ചെയ്തത്. അതുപക്ഷേ, ഉപയോഗക്ഷമമോ വ്യവസായികമായി വില്‍ക്കാന്‍ കഴിയുന്നതോ ആയിരുന്നില്ല. എങ്കിലും, ഏലിയാസ് ഹോ അതിന് പേറ്റന്റ് നേടി.

1846 ല്‍ ഏലിയാസ് ഹോ വികസിപ്പിച്ച തയ്യല്‍മെഷീന്‍


അതേസമയം, ആ മെഷീനെ മാറ്റം വരുത്തി സ്വതന്ത്രമായി മറ്റൊരു തയ്യല്‍ മെഷീന്‍ ഉണ്ടാക്കുകയാണ് സിംഗര്‍ ചെയ്തത്. അദ്ദേഹമത് പേറ്റന്റ് ചെയ്തില്ല. അങ്ങനെയാണ് തര്‍ക്കമായി. ആധുനികകാലത്തെ പേറ്റന്റ് പോരാട്ടങ്ങളുമായി സാമ്യമുള്ള ഈ തര്‍ക്കം ഒടുവില്‍ ഐസക് സിംഗര്‍ 15000 ഡോളര്‍ ഏലിയാസ് ഹോയ്ക്ക് നല്‍കുക വഴി അവസാനിച്ചു.

റൈറ്റ് സഹോദരന്‍മാര്‍ - ഓര്‍വില്ലി റൈറ്റ്, വില്‍ബര്‍ റൈറ്റ്
മറ്റൊരു പ്രശസ്തമായ സംഭവം, വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാര്‍ തങ്ങളുടെ പേറ്റന്റ് സംരക്ഷിക്കാന്‍ നടത്തിയതാണ്. 1906 ല്‍ വിമാനം രൂപകല്‍പ്പന ചെയ്ത റൈറ്റ് സഹോദരന്മാര്‍ അതിന്റെ ഡിസൈന്‍ ഏരിയല്‍ എക്‌സ്‌പെരിമെന്റ് അസോസിയേഷന്‍ അംഗമായ തോമസ് സെല്‍ഫ്രിഡ്ജിനെ കാണിച്ചു. തുടര്‍ന്ന് ഏരിയല്‍ എക്‌സ്‌പെരിമെന്റ് അസോസിയേഷന്‍ കുറേ വിമാനമോഡലുകള്‍ നിര്‍മിച്ച് പരീക്ഷിച്ചു.

ഗ്ലെന്‍ കര്‍ട്ടിസ് എന്ന പൈലറ്റ് റൈറ്റ് സഹോദരന്മാരുടെ ഡിസൈന്‍ ആസ്പദമാക്കി സ്വന്തമായി വിമാനം നിര്‍മ്മിക്കുകയും അത് 25 മൈല്‍ ദൂരം പറത്തുകയും ചെയ്തതോടെയാണ് പേറ്റന്റ് യുദ്ധം ആരംഭിച്ചത്. 1913 ല്‍ കോടതി റൈറ്റ് സഹോദരന്മാരുടെ അവകാശം സ്ഥാപിച്ചു നല്‍കി. കര്‍ട്ടിസിനെ വിമാനം നിര്‍മിക്കുന്നതില്‍ നിന്ന് തടഞ്ഞു.

റൈറ്റ് സഹോദരന്‍മാരുടെ വിമാനം - 1904 ല്‍


അന്തിമവിധി പറയുമ്പോഴേക്കും ഇരു കക്ഷികളും കേസ് നടത്തി മുടിഞ്ഞിരുന്നു എന്നത് വേറെ കാര്യം!

ഇതിന് സമാനമാണ് ടെലിഫോണിന്റെ ഉപജ്ഞാതാവായ അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ തന്റെ എതിരാളികളുമായി 11 വര്‍ഷം നടത്തിയ നിയമയുദ്ധം. ഈ കാലയളവിനിടെ 600 കേസുകളാണ് നടത്തപ്പെട്ടത്.

അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ 1876 ല്‍, താന്‍ രൂപപ്പെടുത്തിയ ഫോണുമായി


മേല്‍ കാണിച്ച ആദ്യകാല യുദ്ധങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. പ്രായോഗിക ബുദ്ധിയുള്ളവര്‍ ഒരു ഉപകരണത്തെ കൂടുതല്‍ മെച്ചപ്പെടുത്തി വിപണനം നടത്തുന്നതിന് എതിരെയായിരുന്നു കണ്ടുപിടുത്തം നടത്തിയിരുന്നവര്‍ നടത്തിയ മിക്ക നിയമയുദ്ധവും. ഫലമോ ആ ഉപകരണം ജനങ്ങളുടെ ഉപയോഗത്തില്‍ എത്തുന്നത് വൈകുന്നു.

എണ്‍പതുകളില്‍ യു.എസ്സിലെയും ജപ്പാനിലെയും കോര്‍പ്പറേറ്റ് കമ്പനികള്‍ തമ്മില്‍ ഒട്ടേറെ പേറ്റന്റ് യുദ്ധങ്ങള്‍ അരങ്ങേറി. അവ ക്രമേണ 'പേറ്റന്റിനെതിരെ പേറ്റന്റ്' എന്ന രീതിയിലുള്ള കിടമത്സരത്തിന് വഴി തെളിച്ചു. ഒരു കമ്പനി ഒരുത്പന്നത്തിന് പേറ്റന്റ് നേടിയാല്‍, മറ്റു കമ്പനികള്‍ അതിലും മികച്ചതും നൂതനവുമായ ഉത്പന്നവുമായി വന്ന് പേറ്റന്റ് നേടുകയായി. ഇതുമൂലം പലപ്പോഴും പേറ്റന്റ് എന്ന സങ്കല്‍പ്പം തന്നെ കാലഹരണപ്പെട്ടതായി മാറി. എന്നാല്‍, തൊണ്ണൂറുകളില്‍ ഈ പോരാട്ടങ്ങള്‍ക്ക് ഒരു പരിധിവരെ പരിസമാപ്തിയായി.

ലോകം കമ്പ്യൂട്ടര്‍യുഗത്തിലേക്ക് പ്രവേശിച്ചതോടെ പേറ്റന്റ് യുദ്ധങ്ങള്‍ക്ക് ഡിജിറ്റല്‍ മാനം കൈവന്നു. പേറ്റന്റ് അല്ലെങ്കില്‍ പകര്‍പ്പവകാശം (കോപ്പിറൈറ്റ്) ഉള്ള പ്രോഗ്രാമുകള്‍ മോഷ്ടിച്ചുപയോഗിക്കുന്ന പൈറസിയും വ്യാപകമായി; അതിനെതിരെയുള്ള പോരാട്ടങ്ങളും.

അമേരിക്കയില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ കുത്തകാവകാശം സംരക്ഷിക്കാന്‍ നടത്തിയ നിയമപരവും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും ഇക്കാര്യത്തില്‍ മാതൃകയായി. തൊണ്ണൂറുകളിലാണ് സോഫ്ട്‌വേര്‍ രംഗത്ത് പേറ്റന്റ്‌യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 1997 ല്‍ ആന്റിവൈറസ് സോഫ്ട്‌വേര്‍ രംഗത്തെ പ്രമുഖരായ മകാഫിയും സിമാന്റെക്കും എല്ലാം ഇത്തരം പോരാട്ടങ്ങളില്‍ കക്ഷികളായി.

1999 ല്‍ 'വണ്‍ ക്ലിക്കിങ് ഓര്‍ഡറിങ് ടെക്‌നോളജി'ക്കു മേല്‍ ആമസോണും ബാണ്‍സ് &നോബിളും തമ്മില്‍ തര്‍ക്കമുണ്ടായി. അത് വലിയ നിയമയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു. ഡിജിറ്റല്‍ ക്യാമറയിലുപയോഗിക്കുന്ന സാങ്കേതികവിദ്യകളുടെ കുത്തകാവകാശം 2004 ല്‍ കോഡാക്കിനെയും സോണിയെയും നിയമ യുദ്ധത്തിലെത്തിച്ചു.

അമേരിക്കയിലും ജപ്പാനിലുമൊക്കെ നടന്നിരുന്ന പേറ്റന്റ് പോരാട്ടങ്ങള്‍ ഇപ്പോള്‍ ഒരു ആഗോളപ്രതിഭാസമായി മാറിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്താണ് പ്രധാനമായും പേറ്റന്റ് പോര് ഇപ്പോള്‍ അരങ്ങേറുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രമുഖരായ ആപ്പിള്‍, സാംസങ്, എച്ച്.ടി.സി., മോട്ടറോള, നോക്കിയ, മൈക്രോസോഫ്റ്റ് ഒക്കെ കക്ഷികളാണ്. പേറ്റന്റ് സമ്പ്രദായം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ സംഗതികളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയ്ക്ക് ഈ പോരാട്ടങ്ങള്‍ വഴിതുറന്നിരിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ യുദ്ധം

തങ്ങളുടെ ബൗദ്ധികസ്വത്തവകാശം സംരക്ഷിക്കാന്‍ തുടക്കത്തില്‍ പേറ്റന്റിനെ പ്രയോജനപ്പെടുത്തുകയാണ് കമ്പനികള്‍ ആദ്യം ചെയ്തിരുന്നത്. പിന്നീടത്, വിപണി വിഹിതം നിലനിര്‍ത്താനും, അല്ലെങ്കില്‍ വര്‍ധിപ്പിക്കാനും, മറ്റ് കമ്പനികളുടെ വളര്‍ച്ച തടയാനും പേറ്റന്റിനെ ഉപയോഗിക്കാന്‍ തുടങ്ങി. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇപ്പോള്‍ നടക്കുന്ന പേറ്റന്റ് യുദ്ധങ്ങള്‍ അത്തരത്തില്‍ പെട്ടതാണ്. തങ്ങള്‍ മാത്രം വളരുക; അപരന്‍ തളരുക എന്ന നിക്ഷിപ്ത താത്പര്യമാണ് ഈ പോരാട്ടങ്ങളുടെ അന്തസത്തയെന്ന് സാരം.

2009 മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പേറ്റന്റ് തര്‍ക്കങ്ങളുടെ പേരിലുള്ള കോടതി വ്യവഹാരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വന്‍തോതില്‍ വര്‍ധിച്ചു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണിറക്കുന്ന എച്ച്.ടി.സിക്കെതിരെ ആപ്പിളാണ് ആദ്യവെടി പൊട്ടിച്ചത്. നോക്കിയ ആപ്പിളിനെതിരെ തിരിഞ്ഞു, നോക്കിയയ്‌ക്കെതിരെ ആപ്പിളും. മൈക്രോസോഫ്റ്റ് മോട്ടറോളയ്‌ക്കെതിരെ നീങ്ങി.

സ്മാര്‍ട്ട്‌ഫോണുകളുടെ ഡിസൈന്‍ മുതല്‍ സ്‌ക്രോളിങ് രീതിയും സ്ലൈഡ് ടു ലോക്ക് ഫീച്ചറും പോലുള്ള നിസ്സാരമെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നാവുന്ന സംഗതികള്‍ വരെ പേറ്റന്റ് തര്‍ക്കങ്ങളില്‍ പെട്ടു.


2007 ല്‍ ഐഫോണ്‍ അവതരിപ്പിച്ച് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുത്തന്‍യുഗം ഉത്ഘാടനം ചെയ്ത ആപ്പിളിന്റെ നീക്കം ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെതിരെയാണ്. 'അത് മുഴുവന്‍ മോഷണമാണ്, അതിനെ നശിപ്പിക്കാന്‍ വേണമെങ്കില്‍ ആറ്റമികയുദ്ധത്തിന് പോലും ഞാന്‍ മടിക്കില്ല' എന്നാണ് ആപ്പിളിന്റെ അന്തരിച്ച മുന്‍മേധാവി സ്റ്റീവ് ജോബ്‌സ് ആന്‍ഡ്രോയിഡിനെക്കുറിച്ച് പറഞ്ഞത്.

ആന്‍ഡ്രോയിഡിനെതിരെ ആപ്പിള്‍ എന്തു നിലാപാടാകും സ്വീകരിക്കുകയെന്ന് സ്റ്റീവിന്റെ വാക്കുകള്‍ സൂചന നല്‍കുന്നു. ആന്‍ഡ്രോയിഡിനെതിരെ നേരിട്ട് നീങ്ങുകയല്ല ആപ്പിള്‍ ചെയ്തത്. ആ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഗൂഗിളിന്റെ സഹകരണത്തോടെ സ്മാര്‍ട്ട്‌ഫോണുകളിറക്കുന്ന സാംസങ്, എച്ച്.ടി.സി.തുടങ്ങിയ കമ്പനികളെ, പേറ്റന്റിന്റെ പേരില്‍ കോടതി കയറ്റുക എന്നതാണ് ആപ്പിള്‍ സ്വീകരിച്ച തന്ത്രം. അത് സമീപകാലത്തെ ഏറ്റവും വലിയ പേറ്റന്റ് പോരാട്ടത്തിന് വഴിതുറന്നു.

ആന്‍ഡ്രോയിഡ് ഫോണുകളിറക്കുന്ന കമ്പനികളില്‍ തന്നെ സാംസങ് ആയിരുന്നു ആപ്പിളിന്റെ മുഖ്യ പ്രതിയോഗി. കാരണം, വിപണിയില്‍ ഐഫോണിന് ഏറ്റവും വലിയ ഭീഷണിയായത് സാംസങിന്റെ ആന്‍ഡ്രോയിഡ് ഫോണുകളാണ്. സാംസങ് നടത്തി എന്ന് ആരോപിക്കപ്പെടുന്ന പേറ്റന്റ്, ട്രേഡ്മാര്‍ക്ക് ലംഘനങ്ങള്‍ക്കെതിരെ ആഗോളതലത്തിലുള്ള നിയമനടപടി 2011 ഏപ്രില്‍ 15 ന് ആപ്പിള്‍ തുടക്കമിട്ടു.

പേറ്റന്റും ട്രേഡ്മാര്‍ക്കും മാത്രമല്ല, ഐഫോണിന്റെ യൂസര്‍ ഇന്റര്‍ഫേസ്, സ്റ്റൈല്‍, ഡിസൈന്‍ തുടങ്ങി, ഐഫോണിന്റെ വളഞ്ഞിരിക്കുന്ന മൂലകള്‍ പോലും സാംസങ് കോപ്പിയടിച്ചതായി ആപ്പിള്‍ ആരോപിച്ചു. എച്ച്.ടി.സി., മോട്ടറോള എന്നീ കമ്പനികള്‍ക്കെതിരെയും ആപ്പിള്‍ ആരോപിച്ചിരുന്നത് ഇക്കാര്യങ്ങള്‍ തന്നെയാണ്.


ഇതിലെ ഏറ്റവും വലിയ തമാശ എന്താണെന്ന് ചോദിച്ചാല്‍, ഐഫോണിന്റെ പല പ്രധാന ഭാഗങ്ങളും നിര്‍മിച്ച് നല്‍കിയിരുന്നത് അപ്പോഴും സാംസങ് ആയിരുന്നു എന്നതാണ്. ഒരുവശത്ത് ഈ സഹകരണം തുടരുമ്പോഴാണ്, മറുവശത്ത് പേറ്റന്റിന്റെ പേരില്‍ പൊരിഞ്ഞ പോര് അരങ്ങേറിയത്.

സാംസങും അടങ്ങിയിരുന്നില്ല. അവര്‍ ആപ്പിളിനെതിരെ ദക്ഷിണ കൊറിയയിലും ജപ്പാനിലും ജര്‍മ്മനിയിലും ബ്രിട്ടനിലും പേറ്റന്റ് ലംഘനത്തിന് കേസ് കൊടുത്തു. വയര്‍ലെസ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, ഫോണ്‍ ക്യാമറ എന്നിവയുമായി ബന്ധപ്പെട്ട സാംസങിന്റെ പേറ്റന്റുകള്‍ ആപ്പിളിന്റെ ഐഫോണും ഐപാഡും മോഷ്ടിച്ചെന്നായിരുന്നു സാംസങിന്റെ ആരോപണം.

ഇതിനെപ്പറ്റി സാംസംഗിന്റെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെ പറഞ്ഞു: 'ഞങ്ങള്‍ മൊബൈല്‍ സാങ്കേതികവിദ്യയില്‍ തുടക്കം കുറിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആപ്പിള്‍ അവരുടെ ആദ്യ ഐഫോണ്‍ പുറത്തിറക്കിയത്. ഞങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യകളുടെ സഹായമില്ലാതെ അവര്‍ക്ക് ഒറ്റ ഐഫോണ്‍ പോലും വില്‍ക്കാന്‍ സാധിക്കുകയില്ല'.

2011 ആഗസ്റ്റ് 9 ന് ഒരു ജര്‍മന്‍ കോടതി സാംസങ് ഗാലക്‌സി ടാബിന്റെ വില്പന താത്കാലികമായി തടഞ്ഞു. അതിന്റെ വില്പന മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തടയപ്പെടും എന്ന അവസ്ഥയുണ്ടായി. എന്നാല്‍, ജര്‍മനിയിലൊഴികെ മറ്റൊരിടത്തും അത് സംഭവിച്ചില്ല. പിന്നീട് ജര്‍മനിയിലെ നിരോധവും നീക്കപ്പെട്ടു.

2011 ആഗസ്ത് ആകുമ്പോഴേക്കും ഒന്‍പത് രാജ്യങ്ങളിലായി 19 കേസുകളാണ് ആപ്പിളും സാംസങും തമ്മില്‍ നടന്നിരുന്നത്. 2012 ജൂലായ് ആകുമ്പോഴേക്കും കേസുകളുടെ എണ്ണം 50 ആയി. കോടിക്കണക്കിന് ഡോളറാണ് ഇരുപക്ഷവും നഷ്ടപരിഹാരമായി പരസ്പരം ആവശ്യപ്പെട്ടത്. അമേരിക്കയില്‍ നടന്ന കേസില്‍ ആപ്പിള്‍ ഒരു സുപ്രധാന വിധി അവര്‍ക്കനുകൂലമായി നേടിയെങ്കിലും ദക്ഷിണകൊറിയയിലും ജപ്പാനിലും ബ്രിട്ടനിലും സാംസങ് ആണ് കൂടുതല്‍ അനുകൂലവിധികള്‍ നേടിയത്.

ഐഫോണ്‍ കോപ്പിയടിച്ചതാണ് സാംസങിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ന ആപ്പിളിന്റെ വാദം, 2012 ആഗസ്തില്‍ സോള്‍ കോടതി തള്ളി. ആപ്പിളിന്റെയും സാംസങിന്റെയും ഉത്പ്പന്നങ്ങള്‍ തമ്മില്‍ ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം സ്യഷ്ടിക്കുന്ന തരത്തില്‍ സാമ്യമില്ല എന്ന് കോടതി നിരീക്ഷിച്ചു. ഇത് സാംസങിന് മാതൃരാജ്യത്ത് വലിയ വിജയം തന്നെയാണ് നേടിക്കൊടുത്തത്. ജപ്പാനിലും സമാനമായ വിധി അവര്‍ക്ക് നേടാനായി.

ആപ്പിളിന്റെ ജന്മനാടായ അമേരിക്കയില്‍ നടന്ന നിയമയുദ്ധം കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടി. 2012 ആഗസ്തിലെ വിധി ആപ്പിളിന് അനുകൂലമായിരുന്നു. സാംസങ് മന:പൂര്‍വം ആപ്പിളിന്റെ ഡിസൈനും യൂട്ടിലിറ്റി പേറ്റന്റുകളും ലംഘിച്ചതായി കോടതി കണ്ടെത്തി. സാംസങ് 105 കോടി ഡോളര്‍ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവിധ പേറ്റന്റുകളുടെ അടിസ്ഥാനത്തില്‍ ആപ്പിളിന്റെ സ്വന്തം ഫീച്ചറുകളായ 'ബൌണ്‍സ് ബാക്ക് ഇഫക്ട്', 'ഓണ്‍സ്‌ക്രീന്‍ നാവിഗേഷന്‍', 'ടാപ്പ് ടു സൂം' തുടങ്ങിയവയും ഡിസൈന്‍ പേറ്റന്റ് ലഭിച്ചിട്ടുള്ള 'ഹോം ബട്ടന്‍', ഓണ്‍സ്‌ക്രീന്‍ ഐക്കണുകള്‍ എന്നിവയും സാംസങ് നിയമവിരുദ്ധമായി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചെന്ന് കോടതി കണ്ടെത്തി. സാംസങിന്റെ അമേരിക്കയിലെ വില്‍പ്പന തടയണം എന്ന ആപ്പിളിന്റെ ആവശ്യം 2012 ഡിസംബര്‍ ആറിനു പരിഗണിക്കാനായി മാറ്റിവെക്കുകയും ചെയ്തു.

വരാന്‍ പോകുന്ന വിധി ഇരു കൂട്ടര്‍ക്കും നിര്‍ണായകമാണ്. ഐഫോണിന്റെ എല്ലാ സൗകര്യവുമുള്ള സ്മാര്‍ട്ട്‌ഫോണുകളാണ്, അതിലും വിലക്കുറവില്‍ സാംസങ് ഉപഭോക്താക്കളിലെത്തിക്കുന്നത്. ആ നിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ തുടരാനായാല്‍, സാംസങിനത് വലിയ വിജയമായിരിക്കും. സ്വന്തം രാജ്യത്തെ വിപണിവിഹിതത്തില്‍ ആപ്പിളിന് ചോര്‍ച്ചയുണ്ടാവുകയും ചെയ്യും.

ഈ വര്‍ഷത്തെ മൂന്നാംപാദത്തിലെ വില്‍പ്പനയുടെ കണക്കുകള്‍ നവംബര്‍ മാസത്തില്‍ പുറത്ത് വന്നപ്പോള്‍, സാംസങിന്റെ ഗ്യാലക്‌സി എസ് 3 ഫോണ്‍, ആപ്പിളിന്റെ ഐ ഫോണ്‍ 4 എസിനെ വില്‍പ്പനയില്‍ മറികടന്നിരിക്കുന്നു എന്നാണ് ലോകമറിഞ്ഞത്. അങ്ങനെ ഗ്യാലക്‌സി എസ് 3 ലോകത്തെ ഏറ്റവും വില്പനയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആയി. ആപ്പിള്‍ ഈ വര്‍ഷം ഇതുവരെ 162 ലക്ഷം ഐഫോണുകള്‍ വിറ്റപ്പോള്‍ സാംസങ് 18 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റു.

പേറ്റന്റ് പോരാട്ടത്തിലെ ഏറ്റവും പുതിയ സംഭവവികാസം സാംസങിന്റെ നെക്‌സസ് മോഡലിനും ഗാലക്‌സി 10.1 ടാബിനും അമേരിക്കയില്‍ വില്പനവിലക്ക് നീക്കം ചെയ്യപ്പെട്ടതാണ്.

പേറ്റന്റ് യുദ്ധം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

പേറ്റന്റ് എന്ന ബൗദ്ധികസ്വത്തവകാശമെന്ന സങ്കല്പം സമൂഹത്തിന്റെ മൊത്തത്തിലുള്ള താത്പര്യത്തിന് വിരുദ്ധമാകാറുണ്ട് പലപ്പോഴും. ചെറുകിട കണ്ടുപിടുത്തക്കാരുടെയും കച്ചവടക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട പേറ്റന്റ് സമ്പ്രദായം ഇന്ന് വലിയ കമ്പനികള്‍ക്ക് ചെറുകിടക്കാര്‍ വളര്‍ന്നു വരാതെ നോക്കാനുള്ള മാര്‍ഗമായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.

വലിയ കമ്പനികള്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സമാനമായ ഒരു ഉല്‍പ്പന്നം നിര്‍മിക്കുന്നതിനോ വില്‍പ്പന നടത്തുന്നതിനോ ഉള്ള അവകാശം ചെറുകിട കമ്പനികള്‍ക്കും പുതുമുഖങ്ങള്‍ക്കും നഷ്ടപ്പെടുന്നു. ഇത് ആത്യന്തികമായി ദോഷം വരുത്തുക ഉപഭോക്താവിന് തന്നെയാണ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ നിയമനടപടികള്‍ക്കു മാത്രം മൊബൈല്‍ കമ്പനികള്‍ 2000 കോടി ഡോളര്‍ ചെലവഴിച്ചു എന്നാണ് കണക്ക്. പണം വാരിയെറിഞ്ഞു കൊണ്ടുള്ള ഈ നിയമയുദ്ധങ്ങളുടെ വില ഒടുവില്‍ ഉപഭോക്താവിന്റെ പിടലിയില്‍ തന്നെ വരും.

നിലവിലെ പേറ്റന്റ് സംവിധാനത്തില്‍ കാര്യമായ മാറ്റം വരേണ്ടതുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. 'സ്‌ക്രോളിങ്, ബൗണ്‍സേര്‍സ്', ' വളഞ്ഞ അരികുകള്‍' തുടങ്ങി നിസാരമായ സംഗതികള്‍ക്ക് പേറ്റന്റ് വഴി കുത്തകാവകാശം നല്‍കുന്ന നിലവിലെ രീതി മാറിയാല്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. അമേരിക്കയെ അപേക്ഷിച്ച് യൂറോപ്യന്‍ നിയമങ്ങള്‍ ഇക്കാര്യത്തില്‍ കുറെക്കൂടി യുക്തുയുള്ളതാണെന്ന് കരുതുന്നവരുണ്ട്.

വ്യവസായ യുഗത്തിന്റെ ഉദയത്തിന് ശേഷം ഇതുപോലുള്ള ഒട്ടേറെ തര്‍ക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് അമേരിക്ക പോലുള്ള രാജ്യങ്ങള്‍. അവയ്‌ക്കൊന്നും ശാശ്വതപരിഹാരം കോടതി വഴിയോ നിയമനിര്‍മാണം വഴിയോ അല്ല ഉണ്ടായിട്ടുള്ളത്. മറിച്ച് പല പ്രശ്‌നങ്ങള്‍ക്കും വിപണി തന്നെയാണ് പരിഹാരം ഉണ്ടാക്കിയത്. സ്മാര്‍ട്ട്‌ഫോണ്‍ തര്‍ക്കങ്ങളിലും വിപണി തന്നെ മുന്‍കയ്യെടുത്ത് പരിഹാരം ഉണ്ടാക്കണമെന്ന് വിദഗ്ധര്‍ കരുതുന്നു.

അതിനായി നിര്‍ദേശിക്കപ്പെടുന്ന ഒരു മാര്‍ഗമാണ് 'പേറ്റന്റ് പൂള്‍' സംവിധാനം. രണ്ടോ അതില്‍ കൂടുതലോ കമ്പനികള്‍ ചേര്‍ന്നുള്ള ഒരു കരാറാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാനം. പരസ്പരം ക്രോസ്സ് ലൈസന്‍സ് അനുവദിച്ചു കൊണ്ട് പേറ്റന്റുകള്‍ ഉപയോഗിക്കുക. കോമണ്‍ പൂളിലുള്ള പേറ്റന്റുകള്‍ ലൈസന്‍സിലൂടെ ആര്‍ക്കും ഉപയോഗിക്കാം. ഇങ്ങനെ വരുമ്പോള്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാം.


നോര്‍ട്ടെല്‍ എന്ന കമ്പനിയുടെ പക്കലുള്ള 6000 പേറ്റന്റുകള്‍ ആപ്പിള്‍, റിം, മൈക്രോസോഫ്റ്റ്, ഇഎംസി, സോണി, എറിക്‌സണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്ന് വാങ്ങി ഉപയോഗിക്കുന്നതാണ് ഇതിന് നല്ല ഉദാഹരണം. ഇത്തരത്തില്‍ കമ്പനികള്‍ തമ്മില്‍ കരാറിലെത്തുന്നതിന് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറായ യു.എന്‍. കഴിഞ്ഞ മാസം ജനീവയില്‍ വെച്ച് പ്രമുഖ കമ്പനികളുടെ ഒരു യോഗം വിളിച്ചു ചേര്‍ക്കുകയും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ വ്യവസായത്തിന്റെ ബാല്യദശയില്‍ ഇത്തരം മത്സരങ്ങള്‍ അനിവാര്യമാണെന്നും, വിപണി പക്വത പ്രാപിക്കുമ്പോള്‍ ഇപ്പോഴത്തെ പല കളിക്കാരും മൈതാനം വിടുമെന്നും, അങ്ങനെ ക്രമേണ വിപണിയില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞു വരുമെന്നും വിദഗ്ധര്‍ കരുതുന്നു. നോര്‍ട്ടല്‍ കമ്പനിയുടെ പാപ്പരാകല്‍, മോട്ടറോളയുടെ മുരടിപ്പിനെ തുടര്‍ന്ന് അതിനെ ഗൂഗിള്‍ ഏറ്റെടുത്തത്, ബ്ലാക്‌ബെറി ഫോണുകളുടെ നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനിയുടെ സാമ്പത്തികത്തകര്‍ച്ച ഇവയെല്ലാം ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൂടാതെ ടെക്‌നോളജി പാകമെത്തുമ്പോള്‍ നവീനതയ്ക്കായുള്ള പരക്കംപാച്ചില്‍ നില്‍ക്കുകയും കമ്പനികള്‍ക്ക് പരസ്പരം തര്‍ക്കിക്കാന്‍ വിഷയം ഇല്ലാത്ത അവസ്ഥ വരുകയും ചെയ്യും എന്നും പ്രത്യാശിക്കുന്നവരുണ്ട്.

ഇനി ആപ്പിളിന്റെയോ സാംസങിന്റെയോ സ്മാര്‍ട്ട്‌ഫോണ്‍ തുറക്കാനായി വളരെ ലളിതമെന്ന് തോന്നിപ്പിക്കുന്ന 'സ്ലൈഡ് ടു അണ്‍ലോക്ക്' ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കുക, ഇതു പോലെയുള്ള ഫീച്ചറുകളുടെ അവകാശത്തിനായി കോടികള്‍ വാരിയെറിഞ്ഞുള്ള നിയമയുദ്ധങ്ങള്‍ നടക്കുന്നുണ്ടെന്ന്. ഈ ഫീച്ചറിന്റെ രണ്ടു പേറ്റന്റുകളാണ് ആപ്പിളിന്റെ കയ്യിലുള്ളത്.

സാംസങ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ക്കെതിരെ ആപ്പിള്‍ കൊടുത്ത കേസിലെ പ്രധാന 'തൊണ്ടി'യായി 'സ്ലൈഡ് ടു അണ്‍ലോക്കി'ന്റെ പേറ്റന്റ് ആപ്പിളിന് ലഭിക്കുന്നത് 2010 ലാണ്. അതിന് മുമ്പേ, 2008 ല്‍ തന്നെ നിയോനോഡ് എന്ന സ്വീഡിഷ് കമ്പനി ഇതേ ഫീച്ചറിനുള്ള പേറ്റന്റ് നേടിയിരുന്നുവെന്നും, അത് അവര്‍ തങ്ങളുടെ ഫോണ്‍ മോഡലില്‍ ഉപയോഗിച്ചിരുന്നു എന്നുമറിയുക. അപ്പോള്‍ ആരാണ് കള്ളന്‍? നിയോനോഡിനെ മോഷ്ടിച്ച ആപ്പിളോ, ആപ്പിളിനെ കട്ട സാംസങോ?