Wednesday, October 23, 2013

ഇവിടെ ഇപ്പോഴും അടിമകളുണ്ട്


             മനുഷ്യൻ മനുഷ്യനെ അടിമയാക്കുന്ന ഹീനതയുടെ വേരുകൾക്ക് അവന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകൾ എന്ന് പുകഴ്പെറ്റ എല്ലാ സംസ്ക്യതികളുടേയും സ്യഷ്ടിയ്ക്കും നിലനിൽപ്പിനും പിറകിൽ അടിമജോലിയുടെ വിയർപ്പും രക്തവും പുരണ്ടിരുന്നു എന്നത് നിഷേധിക്കാനാകാത്ത സത്യവുമാണ്. എന്നാൽ സമത്വം , സാഹോദര്യം, ജനാധിപത്യം എന്നീ ആശയങ്ങളുടെ പിൻബലത്തോടെ കടന്നു വന്ന നവോത്ഥാനത്തിന്റെ സന്തതിയായ ആധുനിക യുഗത്തിനു പോലും പൂർണമായും ഇല്ലാതാക്കാൻ കഴിയാതെ ഇന്നും മനുഷ്യസമൂഹത്തിൽ അവശേഷിക്കുകയാണ് അടിമത്തം. ഇതിനെആധുനിക അടിമത്തംഎന്നാണ് സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത്.

ആധുനിക അടിമത്തംഎന്നാൽ
    
  
         ഏതാണ്ട് 150 വർഷങ്ങൾക്ക് മുമ്പ് തന്നെ ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും അടിമത്തം നിരോധിച്ചിരുന്നു.1888 ൽ ഇത് നിരോധിച്ച ബ്രസീൽ ആണ് അവസാന രാജ്യം.എന്നാൽ ഇന്നും പരമ്പരാഗതമായ രീതിയിൽ നിന്ന് മാറി അടിമത്തം നിലനിൽക്കുന്നുണ്ട് ഒട്ടേറെ രാജ്യങ്ങളിൽ.ലൈംഗികത്തൊഴിലിനു നിർബന്ധപൂർവം വലിച്ചിഴയ്ക്കപ്പെടുന്ന സ്ത്രീകൾ മുതൽ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിർബന്ധിത ജോലി വരെ ആധുനിക അടിമത്തം എന്ന സംജ്ഞയിൻ കീഴിൽ വരുന്നു.
     ആകെയുള്ള അടിമകളിൽ പകുതിയും ഏഷ്യൻ ഭൂഖണ്ഡത്തിലാണുള്ളത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ആഫ്രിക്ക,മിഡ്ഡിൽ ഈസ്റ്റ്,ഏഷ്യാ-പസഫിക് മേഖല,ലാറ്റിൻ അമേരിക്ക,കരീബിയൻ ദ്വീപുകൾ, മധ്യ-തെക്കു കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ ആധുനിക അടിമത്തം നിലനിൽക്കുന്നുണ്ട്.

        നേപ്പാളീസ് സർക്കാർ അവിടെ നിലനിന്നിരുന്നഹലിയഎന്ന അടിമത്തരീതി അവസാനിപ്പിക്കുകയും ഇരുപതിനായിരത്തോളം ആളുകളെ മോചിപ്പിക്കുകയും ചെയ്തത് 2008 ൽ മാത്രമാണ്.  1910 ൽ ഔദ്യോഗികമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചൈനയിൽ അടിമത്തം ചില മേഖലകളിൽ നിലനിൽക്കുന്നതായി പറയപ്പെടുന്നു.ഷാംഗ്സി,ഹെനാൻ മേഖലകളിലെ ഇഷ്ടികക്കളങ്ങളിൽ നിർബന്ധിതവേലയ്ക്ക് വിധേയരാക്കപ്പെട്ടിരുന്ന 550 ആളുകൾ മോചിപ്പിക്കപ്പെട്ടത് 2007 ൽ ആണ്.ഇവരിൽ 69 കുട്ടികളും ഉൾപ്പെട്ടിരുന്നു.
        
                  വടക്കൻ കൊറിയയിൽ ഭരണകൂടം ആറ് വലിയ ജയിലുകളിൽ 2 ലക്ഷത്തോളം രാഷ്ട്രീയത്തടവുകാരെയും ബന്ധുക്കളെയും ആജീവനാന്തത്തടവിനു വിധിച്ച്  പാർപ്പിക്കുന്നതായി ആരോപിക്കപെടുന്നു.ഇവരെ അടിമകളെപ്പോലെ കണക്കാക്കി കഠിനജോലിയെടുപ്പിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 2010ൽ ബ്രസീലിയൻ സർക്കാർ 5000 അടിമകളെയാണ് മോചിപ്പിച്ചത്. 22500 ലധികം ഹെയ്ത്തിയൻ കുട്ടികളാണ് ആ രാജ്യത്തിൽ നിർബന്ധിത വീട്ടുവേലയ്ക്ക് വിധേയരാക്കപ്പെടുന്നത്.
      
           നൈജീരിയയിൽ ജനസംഖ്യയുടെ എട്ട് ശതമാനം ആളുകളാണ് അടിമജോലികൾ ചെയ്യുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ,റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിൽ പിഗ്മികളെ അടിമകളാക്കുന്ന സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നു. ഇറാഖിലെ ചില മേഖലകളിൽ ട്രൈബൽ ഷേക്കുമാർ കറുത്ത അടിമകളെഅബ്ദ്എന്ന പേരിൽ ഇപ്പോഴും നിലനിർത്തുന്നു. ഐവറി കോസ്റ്റിൽ ഒരു ലക്ഷത്തിലധികം കുട്ടികളെ പണിയെടുപ്പിക്കുന്നുണ്ട് കൊക്കോ ക്യഷിയിടങ്ങളിൽ.

      ആധുനിക അടിമത്തം നന്നായി വേരോടിയ രാജ്യങ്ങളിലെ ഏറ്റവും നല്ല ഉദാഹരണം മൌറിറ്റാനിയ ആണ്. മൂന്ന് തവണ നിരോധിച്ചിട്ടും -ഒടുവിലത്തേത് 2007 - ഇന്നും നിലനിൽക്കുന്നു അടിമത്തം ആ രാജ്യത്തിൽ.ആകെ ജനസംഖ്യയുടെ 20 ശതമാനം വരും മൌറിറ്റാനിയയിലെ അടിമകൾ,അതായത് 6 ലക്ഷം പേർ.


വിവിധ രൂപങ്ങളിൽ,ഭാവങ്ങളിൽ


         നിർബന്ധിത  ജോലിയുടെ രൂപത്തിലുള്ള അടിമത്തത്തിൽ കടത്തിന്റെ രൂപത്തിലാണ്  ദരിദ്രന്റെ ജീവിതത്തിലേക്ക് അത് കടന്നു വരുന്നത്. ഒരുവൻ വരുത്തുന്ന കടം വീട്ടാൻ അവൻ കടം നൽകിയ ആൾക്ക് വേണ്ടി ജോലി ചെയ്യാൻ നിർബന്ധിതനാകുന്നു. മിക്കപ്പോഴും ഇത് തലമുറകൾ കടന്ന് പോകുന്നു. അടിമകളുടെ കുടുംബത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളും അടിമകളാക്കപ്പെടുന്നു മിക്കപ്പോഴും. മനുഷ്യക്കടത്തും അടിമത്തവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.ഒരു പ്രദേശത്തു നിന്നും മറ്റൊരിടത്തേക്ക് മനുഷ്യരെ കടത്തിക്കൊണ്ടു പോയി അടിമജോലികൾക്ക് നിയോഗിക്കുന്നു.കുട്ടികളെ വീട്ടുജോലി, ക്യഷിയിടങ്ങൾ,വ്യവസായങ്ങൾ എന്നിവിടങ്ങളിലെ നിർബന്ധിത ജോലി,സൈനികവ്യത്തി എന്നീ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. പെൺകുട്ടികളെ ബാല്യവിവാഹം, ബലം പ്രയോഗിച്ചുള്ള വിവാഹം ,ലൈംഗികത്തൊഴിൽ എന്നിവയ്ക്ക് വിധേയമാക്കുന്നു. ആധുനിക അടിമത്തത്തിന്റെ ഈ രൂപങ്ങളിലൂടെ നിരീക്ഷണം നടത്തുന്ന ഏതൊരാൾക്കും ബോധ്യമാകും മിക്ക രാജ്യങ്ങളിലും ഇത് നിലനിൽക്കുന്നുണ്ടെന്ന്.

എത്ര പേർ അടിമകളായുണ്ട് ?

       നിയമവിരുദ്ധമായി നിലനിൽക്കുന്ന ഒന്നായതിനാൽ ആധുനിക അടിമത്തത്തിന്റെ ശരിയായ കണക്കുകൾ ശേഖരിക്കുക ബുദ്ധിമുട്ടാണെന്ന് പറയുന്നു വിവിധ ഏജൻസികൾയു.എൻ പോഷകസംഘടനയായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ(.എൽ.) കണക്കുകൾ അനുസരിച്ച് ലോകമെമ്പാടും 21 ദശലക്ഷം ആളുകൾ അടിമത്തത്തിൽ ജീവിക്കുന്നു . ഈ ആളുകളിൽ 90 ശതമാനത്തെയും ചൂഷണം ചെയ്യുന്നത് വ്യക്തികളോ കമ്പനികളൊ ആണെങ്കിൽ 10 ശതമാനം ആളുകളെ അടിമത്തത്തിനു വിധേയമാക്കുന്നത് ഭരണകൂടങ്ങളോ സൈനിക ഗ്രൂപ്പുകളോ ആണ്. രാജ്യങ്ങൾ ഒരുക്കുന്ന ജയിലുകളിലും അടിമത്തം നിലനിൽക്കുന്നുണ്ട്. 22 ശതമാനം അടിമകൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കപ്പെടുന്നു. രാഷ്ട്രങ്ങളുടെ അതിർത്തി കടക്കുന്ന കുടിയേറ്റക്കാരിൽ 29 ശതമാനവും മനുഷ്യക്കടത്തിനു വിധേയരാക്കപ്പെടുകയും പിന്നീട് അടിമജോലിയ്ക്ക് നിയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇവരിലുള്ള പെണ്ണുങ്ങൾ മിക്കവരും ലൈംഗികത്തൊഴിലിനു നിർബന്ധിക്കപ്പെടുന്നു.

അടിമകളാക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും
        
        അടിമത്തം നിലനിൽക്കുന്ന സമൂഹങ്ങളിൽ ജനസംഖ്യയുടെ എല്ലാ വിഭാഗങ്ങളിലും അതിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും സ്ത്രീകളും കുട്ടികളുമാണ് അടിമത്തത്തിന്റെ വലയിൽ വീഴാൻ കൂടുതൽ സാധ്യതയുള്ളത്. അടിമകളിൽ 56 ശതമാനവും സ്ത്രീകളാണ്. ഇതിൽ പ്രായപൂർത്തിയാകാത്തവർ വലിയ ശതമാനം വരുന്നു. കുട്ടികൾ ആകെയുള്ള അടിമകളുടെ 25 ശതമാനം വരുന്നു. ചുരുക്കിപ്പറഞ്ഞാൽ ആകെയുള്ള അടിമകളിൽ 81 ശതമാനം വരും  സമൂഹത്തിലെ ഏറ്റവും ദുർബ്ബലരായ സ്ത്രീകളും കുട്ടികളും ചേർന്നുള്ള വിഭാഗം. ഈ വസ്തുത ആധുനിക അടിമത്തത്തിന്റെ ഏറ്റവും സങ്കടകരവും രൂക്ഷവുമായ അവസ്ഥയെ കാണിക്കുന്നു.

            അടിമത്തം ഏറ്റവും ഏളുപ്പത്തിൽ ബാധിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബ്ബലരോ ന്യൂനപക്ഷങ്ങളെയൊ സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നവരോ ആയ ആളുകളിലോ ആണെന്ന് പഠനങ്ങൾ പറയുന്നു. ഉദാഹരണമായി തെക്കൻ ഏഷ്യയിൽ നിർബന്ധിത, ബോണ്ടഡ് ജോലികൾക്ക് വിധേയരാക്കപ്പെടുന്നവരുടെ ജാതി എന്നത് നിർണായകമായ ഒന്നാണ്. താഴ്ന്ന ജാതികളിൽ പെട്ടവർ എളുപ്പത്തിൽ അടിമത്തത്തിൽ വീഴുന്നു എന്ന് സാരം.ജാതിയിൽ അധി:ഷ്ഠിതമായ അടിമത്തം തലമുറകളിലൂടെ കടന്ന് പോകുന്നു. പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും അടിമത്തത്തെ സഹായിക്കാനായി സ്യഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ ചിത്രം പൂർത്തിയാവുന്നു. ‘ആന്റി സ്ലേവറി ഇന്റർനാഷണൽഎന്ന സംഘടനയുടെ കണക്കു പ്രകാരം ഈ മേഖലയിലെ  80 മുതൽ 98 ശതമാനം വരെയുള്ള നിർബന്ധിത ജോലിക്കാരും ദളിതരോ ആദിവാസികളോ ആണ്.
         
ആരൊക്കെയാണ് ചൂഷകർ?


        .എൽ.ഒ യുടെ 2005 ലെ കണക്കു പ്രകാരം നിർബന്ധിത ജോലിയിൽ നിന്നുള്ള നിയമവിരുദ്ധ വരുമാനം 4400 കോടി ഡോളർ വരും. യു.എൻ സംഘടനയായഗ്ലോബൽ ഇനിഷ്യേറ്റിവ് ടു ഫൈറ്റ് ട്രാഫിക്കിംഗിന്റെ പഠനം പ്രകാരം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്രിമിനൽ വ്യവസായം മനുഷ്യക്കടത്ത് ആണ്. മനുഷ്യക്കടത്തിലൂടെ  കോടിക്കണക്കിനു ഡോളർ സമ്പാദിക്കപ്പെടുന്നു. നിർബന്ധിത ജോലി ചെയ്യുന്ന ആളുകൾക്ക് എല്ലാം കൂടി കൂലിയിനത്തിൽ  ഒരു വർഷം നഷ്ടമാകുന്നത് 2100 കോടി ഡോളറാണെന്ന് പറയുന്നു ഐ.എൽ.. ഈ ധനനഷ്ടത്തിനു പുറമേ അടിമത്തം വരുത്തി വെയ്ക്കുന്ന സാമൂഹ്യ ദുരിതങ്ങൾ ഭീമമാണ്. സാമ്പത്തിക വളർച്ച മുരടിപ്പിക്കുന്നതിലും ദാരിദ്യം വളർത്തുന്നതിലും ഇതിനുള്ള പങ്ക് ലോകവ്യാപകമായിത്തന്നെ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്.അവയെല്ലാം കാണിക്കുന്നത് ഭരണകൂടങ്ങളുടെ പങ്കോ അനാസ്ഥയോ മനുഷ്യക്കടത്തിനും അനധിക്യത കുടിയേറ്റത്തിനും നന്നായി സഹായം ചെയ്യുന്നുണ്ട് എന്നാണ്.

          തീപ്പെട്ടി,പടക്ക വ്യവസായങ്ങൾ പോലുള്ള മേഖലകളിലെ  ബാലവേല ഇല്ലാതാക്കാൻ സ്വാതന്ത്യം നേടി 60 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് സാധിക്കുന്നില്ല എന്നിടത്താണ് ആരാണ്ആധുനിക അടിമത്തംഎന്ന പേരിൽ അറിയപ്പെടുന്ന ഈ അനീതിയിൽ നിന്ന്  നേട്ടം കൊയ്യുന്നതെന്ന ചോദ്യം ഉയരുന്നത്. ലാറ്റിനമേരിക്കൻ,ആഫ്രിക്കൻ ഖനികളിൽ നിർബന്ധിതത്തൊഴിലെടുക്കുന്നവരും ചുവന്ന തെരുവുകളിൽ നിർബന്ധിത വേലയെടുക്കുന്ന പെൺകുഞ്ഞുങ്ങളും വീട്ടുവേലയ്ക്കും സൈനികവ്യത്തിക്കും നിർബന്ധിക്കപ്പെടുന്ന കുട്ടികളും ചോദിക്കുന്ന ചോദ്യം ഇതാണ് . മനുഷ്യനെ അടിമയാക്കുന്ന കലയിൽ എക്കാലത്തും വിരുത് തെളിയിച്ചിട്ടുള്ള  മുതലാളിത്തം തന്നെയാണ് ചൂഷകൻ എന്നതാണ് നാം നൽകുന്ന മറുപടി.



Monday, October 21, 2013

റിയോത് അലെമു ഇപ്പോഴും ജയിലിലാണ്


റിയോത് അലെമു ഇപ്പോഴും ജയിലിലാണ്

ജാഫർ എസ് പുൽപ്പള്ളി

           യുനസ്കോയുടെ 2013 ലെ വേൾഡ് പ്രസ്സ് ഫ്രീഡം പ്രൈസ് തനിയ്ക്ക് ലഭിച്ച വിവരം എത്യോപ്യൻ യുവവനിതാ പത്രപ്രവർത്തകയായ റിയോത് അലെമു അറിയുന്നത് അവളുടെ രാജ്യത്തിലെ കുപ്രസിദ്ധമായ കലിത്തി ജയിലിൽ വെച്ചാണ്.  2011 ജൂണിലാണ് അസാമാന്യമായ ധീരതയുടെയും സഹനത്തിന്റെയും  പത്രസ്വാതന്ത്യത്തിന്റെ പ്രതീകമായി യുനെസ്കോ വാഴ്ത്തിയ അലെമു ജയിലിലടയ്ക്കപ്പെട്ടത്. അധ്യാപികയും സ്വതന്ത്ര എത്യോപ്യൻ വാരികയായ 'ഫെത്തെ'യുടെ കോളമിസ്റ്റുമായ മുപ്പത്തൊന്നുകാരി അലെമു ചെയ്ത കുറ്റം എത്യോപ്യയിലെ ഭരണകൂടത്തെ വിമർശിച്ചു എന്നതാണ്.ലോകമെമ്പാടുമുള്ള പത്രപ്രവർത്തകരെ ഭരണകൂടങ്ങളുടെ കണ്ണിലെ കരടാക്കുന്ന അതേ കാരണം.

അലെമുവിന്റെ 'കുറ്റം'

        2011 ജൂൺ 21 ന് താൻ പഠിപ്പിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് ക്ലാസ് മുറിയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നതിന് നാല് ദിവസം മുമ്പാണ്  അറസ്റ്റിനു കാരണമായ ലേഖനം അലെമു എഴുതുന്നത്. കാരണം എന്തെന്ന് പോലും വെളിപ്പെടുത്താതെയായിരുന്നു അറസ്റ്റ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മെലെസ് സെനാവിയുടെ നേത്യത്വത്തിലുള്ള സർക്കാരിന്റെ, 'ഗ്രാന്റ് റിനൈസൻസ് ഡാം' എന്ന പേരിലുളള വമ്പൻ അണക്കെട്ടിനായുള്ള ധനസമാഹരണമാർഗ്ഗങ്ങളെ വിമർശിക്കുകയായിയിരുന്നു ജൂൺ 17 ലെ തന്റെ ലേഖനത്തിൽ അലെമു ചെയ്തത്. മെലെസ് സെനാവിയെ ലിബിയൻ ഏകാധിപതിയായിരുന്ന ഗദ്ദാഫിയുമായി താരതംയം ചെയ്യുകയും ചെയ്തു ആ ലേഖനത്തിൽ അലെമു. ജയിലിലടയ്ക്കപ്പെട്ട് 3 മാസങ്ങൾക്ക് ശേഷം അലെമുവിന്റെ പേരിലുള്ള കുറ്റം പ്രഖ്യാപിയ്ക്കപ്പെട്ടു: ഒരു ഭീകരസംഘടനയുമായുള്ള ബന്ധവും ഭീകരപ്രവർത്തനങ്ങളെ സഹായിക്കാനുള്ള ഗൂഡാലോചനയും. ഏതൊരു പൌരനെയും തടങ്കലിലാക്കാൻ ഭരണകൂടത്തെ സഹായിക്കുന്ന സെനാവിയുടെ ഭീകരവാദവിരുദ്ധ നിയമം അനുസരിച്ചായിരുന്നു കുറ്റപത്രം. അലെമുവും സുഹ്യത്തുക്കളും തമ്മിൽ നടത്തിയ ഇ മെയിൽ,ടെലിഫോൺ സംഭാഷണങ്ങളായിരുന്നു പ്രധാന 'തെളിവുകൾ'. അലെമുവിന്റെ ലേഖനങ്ങളും തെളിവായി ചൂണ്ടിക്കാണിച്ചു കങ്കാരു കോടതി മുമ്പാകെ സർക്കാർ.


എത്യോപ്യയിലെ പത്രസ്വാതന്ത്യം

         വിവിധ രാഷ്ട്രീയ,സാമൂഹിക പ്രശ്നങ്ങളിലെ തന്റെ കടുത്ത വിമർശനങ്ങൾ മൂലം അലെമു എപ്പോഴേ സർക്കാരിന്റെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞിരുന്നു . ഒട്ടേറെ പത്രപ്രവർത്തകരും ബ്ലോഗർമാരും  അടിച്ചമർത്തൽ നേരിടുന്ന എത്യോപ്യയിൽ സ്വതന്ത്ര പത്രപ്രവർത്തനം അസാധ്യം എന്ന് തന്നെ വിലയിരുത്തപ്പെടുന്നു. സ്വതന്ത്ര പത്രപ്രവർത്തനത്തിനുള്ള എല്ലാ വഴികളും അടയ്ക്കുന്ന , പത്രപ്രവർത്തകരെ അടിച്ചമർത്തുന്ന നയം മൂലം കുപ്രസിദ്ധമായ എത്യോപ്യയ്ക്ക് 2012 ൽ നടന്ന ഒരു സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിൽ ചാർത്തിക്കിട്ടിയ ബഹുമതി ഇതായിരുന്നു : 'പത്രസ്വാതന്ത്യം  ലോകത്തേറ്റവും അടിച്ചമർത്തപ്പെടുന്ന രാജ്യം'.

വിചാരണയില്ലാതെ മൂന്ന് മാസം

                ജയിലിലടയ്ക്കപ്പെട്ട് 3 മാസങ്ങൾക്കു ശേഷമായിരുന്നു വിചാരണ ആരംഭിച്ചത്. ഇക്കാലയളവിൽ അലെമുവിന് നിയമസഹായം തേടാനുള്ള ഒരു മാർഗ്ഗവും ജയിലിൽ നൽകിയിരുന്നില്ല. ചോദ്യം ചെയ്യൽ വേളകളിൽ വക്കീലിന്റെ സാന്നിദ്ധ്യം വേണം എന്ന ആവശ്യം നിരാകരിക്കപ്പെട്ടു. മർദ്ദനം,വൈദ്യസഹായം നിഷേധിക്കൽ തുടങ്ങിയ  ആരോപണങ്ങൾ കോടതി മുമ്പാകെ അലെമു ബോധിപ്പിച്ചെങ്കിലും അതെല്ലാം തള്ളിക്കളയപ്പെട്ടു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സർക്കാർ വക്താവ് നൽകിയ ഒരു ഇന്റർവ്യൂവിൽ അലെമു ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്ന് പ്രസ്താവിച്ചത് ഇക്കാര്യത്തിലുള്ള ഭരണകൂടത്തിന്റെ ഉള്ളിലിരുപ്പ് വെളിച്ചത്ത് കൊണ്ടുവന്നു എന്നാരോപിക്കപ്പെട്ടു.  എന്തായാലും സർക്കാരിന്റെ ഹിതം പോലെ കോടതി ഈ കേസിൽ വിധി പ്രസ്താവിച്ചു : 14 വർഷം തടവും 33000 ബിർ പിഴയും. അപ്പീൽ സ്വീകരിച്ച മേൽക്കോടതി ശിക്ഷ 5 വർഷമായി കുറച്ചു പിന്നീട്.

             അലെമുവിന്റെ ശിക്ഷാവിധിയെക്കുറിച്ച് 'ആംനെസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചതിങ്ങനെ : “അലെമുവിനെതിരെ യാതൊരു തെളിവുമില്ല ഈ കേസിൽ. അവർ കുറ്റാരോപിതരായതിനുള്ള കാരണം സർക്കാരിനെതിരെയുള്ള വിമർശനം മാത്രമാണ്.അലെമുവിനെ ഉടൻ തന്നെ വിട്ടയയ്ക്കണം”.

          വെറും ഒരു മാപ്പപേക്ഷ മാത്രം മതി മോചനത്തിന് എന്ന വാഗ്ദാനം സർക്കാർ  മുമ്പോട്ട് വെച്ചെങ്കിലും അലെമു അത് തള്ളിക്കളഞ്ഞിരിക്കുന്നു. മറ്റ് പത്രപ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാമെങ്കിൽ മാപ്പ് അനുവദിക്കാമെന്ന സർക്കാർ വാഗ്ദാനം ചോദ്യം ചെയ്യൽ വേളയിൽ തന്നെ തിരസ്കരിക്കുകയും അതിനുള്ള ശിക്ഷയായി രണ്ടാഴ്ചത്തെ ഏകാന്തത്തടവ് അനുഭവിക്കുകയും ചെയ്തിരുന്നു അലെമു.

       അലെമുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കകൾ ഉയർന്നിരിക്കുന്നു.മാറിടത്തിലെ ട്യൂമറിന് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കപ്പെട്ട അവരെ ആവശ്യമായ വിശ്രമം പോലും അനുവദിക്കാതെ ഉടൻ തന്നെ ജയിലിലേക്കയച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ധീരതയുടെ ആൾരൂപം
      ഇന്റർനാഷണൻ വിമെൻസ് മീഡിയാ ഫൌണ്ടേഷന്റെ 2012 ലെ 'കറേജ് ഇൻ ജേർണലിസം' എന്ന പേരിലുള്ള അവാർഡ് അലെമുവിനായിരുന്നു നൽകിയത്. അവളുടെ അസാന്നിദ്ധ്യത്തിൽ നടന്ന ബഹുമതിദാന ചടങ്ങിലേക്ക് ജയിലിൽ നിന്ന് ഒളിച്ചു കടത്തിയ അലെമുവിന്റെ ചെറുസന്ദേശം വായിക്കപ്പെട്ടു .“എത്യോപ്യയിലെ ഭരണകക്ഷിയ്ക്ക് പത്രപ്രവർത്തകർ പ്രചാരണത്തിനുള്ള യന്ത്രങ്ങൾ മാത്രമാണ്”. ഇങ്ങനെ ഭരണകൂടത്തിന്റെ ഓമനയാകാനും അതിന്റെ ഹിതമറിഞ്ഞ് പ്രവർത്തിക്കാനും ഒരുക്കമല്ല എന്നതാണ്  റിയോത് അലെമുവിനെപ്പോലുള്ള ധീരരുടെ മേലുള്ള കുറ്റം. ലോകമെമ്പാടും, ജനാധിപത്യം ഉള്ളിടത്തും ഏകാധിപത്യം വാഴുന്നിടത്തും ഇതു തന്നെയാണ് സ്ഥിതി എന്ന് സ്വതന്ത്ര ചിന്തയും വിമർശനവും ആയുധമാക്കിയവർ പരാതിപ്പെടുമ്പോൾ അത് തള്ളിക്കളയാനാവില്ല നമുക്ക്.


      

Friday, March 29, 2013

സമർ ഇസ്സാവി മരിക്കുമോ?


സമര്‍ താരിക് ഇസ്സാവി എന്ന പലസ്തീനിയന്‍ യുവ ആക്ടിവിസ്റ്റിന്റെ സമരം ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു ; സമരമാര്‍ഗത്തിന്റെ സവിശേഷത കൊണ്ടും അത് ചെയ്യുന്നയാളിന്റെ നിശ്ചയദാര്‍ഡ്യം കൊണ്ടും. അത് 210 ദിവസം കടന്ന നിരാഹാരസമരമാണ്. സമരത്തിന്റെ പശ്ചാത്തലരംഗം ജയിലാണ്. സമരമാകട്ടെ പലസ്തീനിയന്‍ ജനതയുടെ സ്വരാജ്യം എന്ന ആജീവനാന്തസ്വപ്നത്തിനെതിര്‍ നില്‍ക്കുന്ന ഇസ്രായേലിനോടും.
ചരിത്രത്തില്‍ ഇടം പിടിച്ച സമരം

     പലസ്തീനിയരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ സമര്‍ ഇസ്സാവി എന്ന ജറുസലേം വാസിയായ ആക്ടിവിസ്റ്റ് ഇസ്രായേലിന്റെ തടങ്കലിലാകുന്നത് 2002 ഏപ്രില്‍ പതിനഞ്ചിനായിരുന്നു. 'ഓപ്പറേഷന്‍ ഡിഫന്‍സിവ് ഷീല്‍ഡ്' എന്ന പേരിട്ട് വെസ്റ്റ് ബാങ്കിലെ പട്ടണങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ഇസ്രായേല്‍ നടത്തിയ സൈനിക നീക്കത്തിനിടെ രാമല്ലയില്‍ വെച്ചായിരുന്നു അറസ്റ്റ്. അനധിക്യതമായി ആയുധങ്ങള്‍ കൈവശം വെച്ചതും സായുധഗ്രൂപ്പുകള്‍ ആരംഭിച്ചതുമായിരുന്നു അറസ്റ്റിന്റെ കാരണങ്ങളായി ഇസ്രായേല്‍ പറഞ്ഞത്.
എന്നാല്‍ ഇസ്സാവിയുടെ തടവുശിക്ഷ 10 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം റദ്ദാക്കുകയും 2011 ഒക്ടോബറില്‍ അദ്ദേഹം സ്വതന്ത്രനാക്കപ്പെടുകയും ചെയ്തു. ഗിലാഡ് ഷാലിറ്റ് എന്ന ഇസ്രായേലി സൈനികനെ തടങ്കലില്‍ നിന്ന് വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്ത് മാധ്യസ്ഥം വഹിച്ച ഇസ്രായേല്‍ഹമാസ് അനുരഞ്ജന ചര്‍ച്ചയിലെ തീരുമാനം ആയ 1027 പലസ്തീനിയന്‍ തടവുകാരെ വിട്ടയയ്ക്കുക എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മോചനം.എന്നാല്‍ ആ കരാറിനെ വെറും പ്രഹസനം ആക്കിക്കൊണ്ട് 2012 ജുലൈ ഏഴിന് വീണ്ടും ഇസ്സാവി അറസ്റ്റു ചെയ്യപ്പെട്ടു. ഇത്തവണത്തെ അറസ്റ്റിന്റെ കാരണം : മുന്‍പത്തെ മോചനത്തിന്റെ പ്രധാനവ്യവസ്ഥയായ ജറുസലേം വിട്ടു പോകാന്‍ പാടില്ല എന്നത് ഇസ്സാവി ലംഘിച്ചു . ഇസ്രായേല്‍ രാഷ്ട്രത്തിന്റെ സുരക്ഷക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ 1948 മുതല്‍ പ്രയോഗിച്ചു വരുന്ന 'അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ ലോ' പ്രകാരമായിരുന്നു അറസ്റ്റ്.
അങ്ങനെ ഇസ്സാവി വീണ്ടും ജയിലഴികള്‍ക്കകത്തായി.എന്നാല്‍ ഇത്തവണ അദ്ദേഹം ഇസ്രായേലിനെതിരെ പുതിയ സമരമുഖം തുറക്കുകയായിരുന്നു 2012 ജുലൈ 29 മുതല്‍. അന്നാണദ്ദേഹം തന്റെ ഭക്ഷണം വെടിഞ്ഞു കൊണ്ടുള്ള സമരം ആരംഭിക്കുന്നത്.
മരണത്തിനും ജീവിതത്തിനുമിടയില്‍

ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ നിരാഹാര സമരങ്ങളിലൊന്നായി മാറിയിരിക്കുന്നു ഇസ്സാവിയുടേത്. എങ്ങിനെയാണ് ഇസ്സാവി ഇത്രയും ദിവസം പട്ടിണിസമരം പിന്നിട്ടത് എന്നതിനെക്കുറിച്ച് പുറം ലോകം അജ്ഞമാണ്. ഇക്കാര്യം സംബന്ധമായി യാതൊരു ഔദ്യോഗിക പ്രസ്താവനയും ഇസ്രായേലിന്റേതായില്ല. ഇസ്സാവിയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ വിശ്വാസമനുസരിച്ച് ജയിലധിക്യതര്‍ നിര്‍ബന്ധപൂര്‍വം ഇസ്സാവിയ്ക്ക് ട്യൂബിലൂടെ പോഷകങ്ങള്‍ നല്‍കുകയായിരുന്നു . ഇത്തരത്തില്‍ 200 ദിവസം പിന്നിട്ട സമരം എന്നാല്‍ നാടകീയമായ വഴിത്തിരിവില്‍ എത്തി , കുറച്ച് ദിവസം മുന്‍പ് ഇസ്സാവി കുഴലിലൂടെയുള്ള ഭക്ഷണവും നിരസിച്ചതിലൂടെ. ജലപാനം, ഔഷധം എന്നിവയൊക്കെ വെടിഞ്ഞു കഴിഞ്ഞു ഇസ്സാവി. ആശുപത്രിയില്‍, തന്നെ സന്ദര്‍ശിച്ചവരോട് ഇസ്സാവി പറഞ്ഞത് ഇതായിരുന്നു : 'എന്റെ ആരോഗ്യം പൊടുന്നനെ തകര്‍ച്ചയിലായിരിക്കുന്നു. ഞാന്‍ മരണത്തിനും ജീവനുമിടയില്‍ ചാഞ്ചാടുകയാണ്. '
വൈകുന്ന വിചാരണ

'അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ ലോ' അനുസരിച്ച് ഇസ്സാവിയെ ആറ് മാസം മുന്‍പ് അറസ്റ്റ് ചെയ്‌തെങ്കിലും നാളിതു വരെയും അദ്ദേഹത്തിനെതിരെ ഏതെങ്കിലും കുറ്റം ചുമത്തുകയോ വിചാരണ ആരംഭിക്കുകയോ ഉണ്ടായിട്ടില്ല എന്ന് ഇസ്സാവിയുടെ അനുയായികള്‍ പറയുന്നു. തികച്ചും അന്യായമാണ് ഇസ്സാവിയെ തടങ്കലില്‍ വെച്ചിരിക്കുന്നത് വഴി ഇസ്രായേല്‍ ചെയ്യുന്നത് എന്ന് സാരം. 2011 ല്‍ ഇസ്സാവിക്കൊപ്പം മോചിതരായ ഒട്ടേറെ ആളുകള്‍ പിന്നീട് പല കാരണങ്ങളും ആരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെടുകയായിരുന്നു എന്ന വസ്തുതയും തിരിച്ചറിയേണ്ടതുണ്ട് എന്ന് കരുതുന്നു ഇസ്സാവിയുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍. രാമല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന , തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ 'അഡാമീറി'ന്റെ കണക്കനുസരിച്ച് ഇസ്രായേലി ജയിലുകളില്‍ നിലവില്‍ 4743 പലസ്തീനികളാണ് തടങ്കലിലുള്ളത്.ഇതില്‍ 178 പേരും ഇസ്സാവിയെപ്പോലെ കുറ്റം ചുമത്തലോ വിചാരണയോ ഇല്ലാതെ ജയിലിലില്‍ കിടക്കുന്നു.
210 ദിനം പിന്നിട്ട ഈ സഹന സമരത്തിന്റെ ഏറ്റവും പുതിയ വാര്‍ത്തയായി ലോകം ശ്രവിച്ചത് ഇസ്സാവി ഏതു നിമിഷവും മരണപ്പെട്ടേക്കാം എന്ന കുടുംബാംഗങ്ങളുടെയും സുഹ്യത്തുക്കളുടെയും മുന്നറിയിപ്പാണ്. ഈ വെളിപ്പെടുത്തല്‍ ഇസ്സാവിയുടെ മോചനത്തിനായി പലസ്തീനിലെമ്പാടും പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പലസ്തീനിയന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഇസ്സാവിയുടെ മോചനത്തിനായി പ്രചരണപരിപാടി ആരംഭിച്ചു കഴിഞ്ഞു ഇക്കഴിഞ്ഞ ദിവസം. യു.എന്‍ സെക്രട്ടറി ജനറലിനു ഇതു സംബന്ധമായി കത്തു നല്‍കുകയും ചെയ്തിരിക്കുന്നു അദ്ദേഹം.
എന്നാല്‍ ഇസ്സാവിയുടെ അന്യായത്തടങ്കലും സമരവും പൊതുജനശ്രദ്ധയില്‍ എത്തിച്ചതിനുള്ള ശിക്ഷ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങിയിരിക്കുന്നു ഇസ്രായേല്‍ ഭരണകൂടം. ഇസാവിയുടെ സഹോദരിയെയും സഹോദരനെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു അവര്‍.കൂടാതെ മറ്റ് കുടുംബാംഗങ്ങള്‍ക്കുള്ള ഭീഷണിയായി ഇടയ്ക്കിടയ്ക്കുള്ള ഭവനപരിശോധനകളും.ഇസ്സാവിയുടെ മാതാപിതാക്കളുടെ വീടിനുള്ള ജലവിതരണം നിര്‍ത്തിവെക്കുന്നത് പോലുള്ള നടപടികള്‍ പുറമെയും .അദ്ദേഹത്തിന്റെ ഒരു സഹോദരനായ റാഫത്തിന്റെ വീട് പൂര്‍ണമായി തകര്‍ത്തുകളഞ്ഞു കഴിഞ്ഞ മാസം ഇസ്രായേലി സൈനികര്‍. ജയിലിനു പുറത്തുള്ള ഇസ്സാവിയുടെ ബന്ധുക്കളെയും ഇത്തരത്തില്‍ തടങ്കലിനു തുല്യമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു ഭരണകൂടം.
'അദ്ദേഹത്തിന്റെ തൂക്കം വെറും 47 കിലോ ആയിരിക്കുന്നു. വെറും എല്ലും തൊലിയുമായി മാറിയിരിക്കുന്നു ഇസ്സാവി ; സംസാരിക്കാന്‍ പോലുമാകാതെ തികച്ചും പരിക്ഷീണീതനായി.' ഇക്കഴിഞ്ഞ ഡിസംബറില്‍ കോടതിയിലെ ഹാജരാക്കലിനിടെ ഇസ്സാവിയെക്കണ്ട സഹോദരിയുടെ വാക്കുകള്‍ . ദീര്‍ഘകാലത്തെ പട്ടിണി മൂലം കാഴ്ച്ച ശക്തി കുറഞ്ഞ്, സ്വബോധം ഏറെക്കുറെ നഷ്ടപ്പെട്ട്,എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകാതെ,ശരീരമാസകലം കഠിനവേദനയോടെ സമരം ചെയ്യുകയാണീ മനുഷ്യന്‍ , തന്റെയും തന്റെ സഹജീവികളുടെയും അവകാശങ്ങള്‍ക്കും സ്വരാജ്യം എന്ന സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനും തന്റെ പങ്ക് നല്‍കിക്കൊണ്ട്.

Sunday, March 24, 2013

പരാതി കൊടുത്താൽ പണികിട്ടുന്ന നാട്‌ !

ജാഫർ എസ് പുൽ‌പ്പള്ളി

      മനുഷ്യാവകാശലംഘനങ്ങളുടെ ആഗോളതലസ്ഥാനമായ ചൈന അതിന്റെ ‘അനുസരണകെട്ട’ പൌരന്മാരെ നിശ്ശബ്ദരാക്കാനും ജനകീയ മുന്നേറ്റങ്ങളുടെ ലാഞ്ജന പോലും രാജ്യത്ത് മുളയ്ക്കാതിരിക്കാനുമായി അതിസമർഥമായി ഭരണകൂടോപാധികളെ ഉപയോഗിക്കുന്നു എന്നത് രഹസ്യമായ സംഗതിയല്ല. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളായ ആംനെസ്റ്റി ഇന്റർനാഷണൽ,ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയവയും ചൈനയ്ക്കകത്തും പുറത്തും പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും പലപ്പോഴും ഇത്തരത്തിലുള്ള നടപടികളെ തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്. സുരക്ഷാസേനകളുടെ സഹായത്തോടെ സ്ഥാപിക്കപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന ‘കറുത്ത ജയിലുകൾ’ എന്നറിയപ്പെടുന്ന അനധിക്യത തടങ്കൽ പാളയങ്ങൾ ഈ ഉപാധികളിൽ പ്രധാനപ്പെട്ട ഒന്നാണ്.

എന്താണ് ‘കറുത്ത ജയിൽ’?
      പ്രാചീനകാലം മുതൽക്കു തന്നെ ചൈനയിൽ പൌരന്മാർക്ക് സമൂഹത്തിലെ പ്രശ്നങ്ങൾക്കെതിരെ അധികാരികൾക്ക് പരാതി നൽകി പരിഹാരം നേടുന്നതിനുള്ള ‘ഷാങ്ഫാങ്’ എന്ന വ്യവസ്ഥയ്ക്ക് നിലനിൽ‌പ്പുണ്ടായിരുന്നു. പിന്നീട് നിന്നു പോയ ഈ വ്യവസ്ഥ കാതലായ വ്യത്യാസങ്ങളോടെ കംയൂണിസ്റ്റ് യുഗത്തിൽ തിരിച്ചു കൊണ്ടുവരപ്പെട്ടു.പ്രാദേശികതലത്തിൽ  ‘ലെറ്റേർസ് ആന്റ് കോൾസ് ‘   ബ്യൂറോകളും  ആ തലത്തിൽ പരിഹ്യതമാകാത്ത പ്രശ്നങ്ങൾക്കെതിരെ പരാതി നൽകാനായി ബീജിംഗിൽ ‘ലെറ്റേർസ് ആന്റ് കോൾസ് ‘ സെൻട്രൽ ഓഫീസും സ്ഥാപിക്കപ്പെട്ടു. തങ്ങളുടെ പരിഹരിക്കപ്പെടാത്ത പരാതികളുമായി തൽസ്ഥാനനഗരത്തിൽ  എത്തുന്ന പരാതിക്കാരാണ് പ്രധാനമായും ഈ കറുത്ത ജയിലുകളിലേക്ക് മാറ്റപ്പെടുന്നത്. പൌരന്മാരെ തടഞ്ഞു വെയ്ക്കുന്നതിനും വിചാരണയില്ലാതെ തടങ്കലിൽ വെക്കുന്നതിനുമായി  സ്ഥാപിക്കപ്പെട്ട അനധിക്യത ജയിലുകളാണ് ‘കറുത്ത ജയിലുകൾ’ എന്ന് ചുരുക്കം. എന്നാൽ ഈ കറുത്ത ജയിലുകൾക്ക് അവിടെ നിയമപരമോ ഔദ്യോഗികമായോ ആയ യാതൊരു നിലനിൽ‌പ്പുമില്ല എന്നതാണ് വസ്തുത. ഭരണകൂടം എല്ലായ്പ്പോഴും കറുത്ത ജയിലുകളെക്കുറിച്ചുള്ള ആരോപണങ്ങളെ നിഷേധിക്കുന്നു.അവ നിലനിൽക്കുന്നു എന്ന വസ്തുതയും തള്ളിക്കളയപ്പെടുന്നു.

പരാതിക്കാർക്ക് സ്വാഗതം !
         വ്യവസ്ഥയിലെ പ്രശ്നങ്ങൾക്കെതിരെ പരാതികളിലൂടെ പ്രതികരിക്കുന്ന ആളുകൾ ബീജിംഗിൽ മാത്രം ഒരു ലക്ഷത്തിൽ അധികം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ പ്രാദേശിക തലസ്ഥാനങ്ങളിലേതിലെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.1993 മുതൽക്കാണ് പരാതിക്കാരുടെ എണ്ണം വർദ്ധിച്ചു വന്നത്.പരാതികൾ കൈകാര്യം ചെയ്യുന്ന ‘ലെറ്റേർസ് ആന്റ് കോൾസ് ‘ ഓഫീസുകളിൽ 2003 മുതൽ 2007 വരെ മാത്രം ലഭിച്ച പരാതികളുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ചു തന്നെ 10 ദശലക്ഷത്തിലും അധികമാണ്. എന്നാൽ ഇത്രയധികം ജനങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഈ ഓഫീസുകളിൽ എത്തുന്നെങ്കിലും അവയുടെ നേർക്കുള്ള ഭരണകൂടത്തിന്റെ നിലപാട് ഈ വ്യവസ്ഥയുടെ യഥാർഥ ചിത്രത്തെ വെളിവാക്കുന്നു.കാതലായ പ്രശ്നങ്ങൾക്കൊന്നും പരിഹാരം ഇവിടെ നിന്ന് പൌരന്മാർക്ക് ലഭിക്കില്ല. ചൈന പോലൊരു സമഗ്രാധിപത്യ വ്യവസ്ഥയ്ക്കകത്ത് അത് പ്രതീക്ഷിക്കുക തെറ്റാണെങ്കിലും ആളുകൾ തങ്ങളുടെ പരാതികളുമായി ബീജിംഗിൽ എത്തിച്ചേരുന്നു.സത്യത്തിൽ നീതി തേടിയുള്ള ആ പ്രാചീന വഴക്കത്തെ അനുസ്മരിപ്പിക്കുന്ന ഈ യാത്രകൾ തുടക്കത്തിലേ തടയപ്പെടുന്നു. തങ്ങളുടെ അധികാരകേന്ദ്രങ്ങളിൽ നിന്ന് പരിഹ്യതമാകാത്ത പ്രശ്നങ്ങളുടെ അപ്പീലുകളുമായി  ബീജിംഗിലെത്തുന്ന പരാതിക്കാരെ അവിടെ എത്തും   മുമ്പേ തന്നെ ആ പ്രാദേശിക ഭരണകൂടങ്ങൾ വാടകഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി അവരെ സ്വന്തം സ്ഥലങ്ങളിൽ തന്നെ തിരികെ  വിടുന്നു. ഇത് പരാതിക്കാർ നേരിടുന്ന ആദ്യത്തെ വെല്ലുവിളി.  പക്ഷെ പരാതിക്കാരോടുള്ള പ്രാദേശികഭരണകൂടങ്ങളുടെ പ്രതികരണത്തിന്റെ അടുത്ത രൂപം കുറേ കടുത്തതാണ്.’ കറുത്ത ജയിലു‘കളുടെ ആവശ്യകതയും പ്രസക്തിയും ഇവിടെയാണ് കടന്നു വരുന്നത്. തങ്ങൾക്കെതിരെയുള്ള പരാതികളുമായി തലസ്ഥാനത്തെത്തുന്ന പരാതിക്കാരെ തടഞ്ഞു വെക്കുന്നതിനും തടങ്കലിൽ പാർപ്പിക്കുന്നതിനുമായി അവർ ‘കറുത്ത ജയിലുകൾ’ ഒരുക്കിവെയ്ക്കുന്നു.പ്രാദേശിക സർക്കാരുകൾക്കെന്ന പോലെ കേന്ദ്രഭരണകൂടത്തിനും ഈ പരാതിക്കാരെ ഇല്ലായ്മ ചെയ്യേണ്ടത് ആവശ്യമാണ്.പരാതിക്കാർ യഥേഷ്ടം തലസ്ഥാനത്ത് വിഹരിക്കുന്നത് ജനകീയപ്രക്ഷോഭങ്ങൾക്ക് കാരണമായേക്കുമോ എന്ന ഭയമാണ് അവരെ അലട്ടുന്നത്. പ്രാദേശിക രാഷ്ട്രീയക്കാർക്കാകട്ടെ തങ്ങളുടെ രാഷ്ട്രീയ ഭാവിയ്ക്ക് ഈ പരാതിക്കാർ തടസ്സമാകും എന്ന ആശങ്കയും ഉണ്ട്.

ഇത് ഒരു പുത്തൻ ബിസിനസാണ്













സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ,ഹോസ്റ്റലുകൾ,ആശുപത്രികൾ,മാനസികരോഗ കേന്ദ്രങ്ങൾ,പാർപ്പിടസമുച്ചയങ്ങൾ എന്നിവയെ ആണ് പ്രാദേശിക ഭരണകൂടങ്ങൾ ജയിലുകൾ ആക്കിമാറ്റുന്നത്. തടവുപുള്ളിയൊന്നിന് 150 യുവാൻ  വീതം പ്രതിഫലം  നടത്തിപ്പുകാർക്ക് നൽകിയാണ് ഈ ജയിലറകൾ പ്രാദേശികസർക്കാരുകൾ നിലനിർത്തുന്നത് എന്ന് ആരോപിക്കപ്പെടുന്നു.ഏതു വിധേനയും പരാതിക്കാരെ പിടികൂടി തിരിച്ചയയ്ക്കാനോ ജയിലുകളിലെത്തിക്കാനോ ചുമതലപ്പെടുത്തുന്ന ആളുകളുടെ പ്രതിഫലം ഇതിനു പുറമെയാണ്. ഉദ്യോഗസ്ഥന്മാർ, പോലീസ് അധികാരികൾ, ഏജന്റുമാർ എന്നിവർ തമ്മിലുള്ള  കോക്കസ് ആണ് ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. കറുത്ത ജയിലറകൾ പുതിയ ഒരു കച്ചവടത്തിന്റെ കൂടി രംഗഭൂമി ആകുന്നുണ്ട് എന്ന് സാരം. മൂവായിരത്തിലധികം ജോലിക്കാരുള്ളതും കോടിക്കണക്കിനു യുവാൻ വരുമാനം നേടുന്നതുമായ ഒരു കമ്പനിയുടെ വിവരങ്ങൾ 2010 ൽ ചൈനീസ് മാധ്യമങ്ങൾ പുറത്തു വിട്ടത് കോടികളുടെ ബിസിനസ്സാണ് ഈ അന്യായത്തടങ്കൽ മേഖലയിൽ നടക്കുന്നത് എന്ന കാര്യത്തെ കൂടുതൽ സ്പഷ്ടമാക്കുന്നു.


  കറുത്ത ജയിലിലെ മനുഷ്യാവകാ‍ശങ്ങൾ

         ‘ഹ്യൂമൻ റൈറ്റ്സ് വാച്ച്’ എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന 2009 ൽ പുറത്തിറക്കിയ ബ്യഹത്തായ റിപ്പോർട്ടിൽ ഈ കറുത്ത ജയിലുകളുടെ നിലനിൽ‌പ്പും അവിടെ നടമാടുന്ന  ശാരീരിക മാനസിക പീഡനങ്ങളുടെ നേർചിത്രമുണ്ട്.തടവുകാരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു എന്ന് റിപ്പോർട്ട് പറയുന്നു. ഒരു മുറിയ്ക്കുള്ളിൽ 30 വരെ എണ്ണം തടവുകാരെ തിക്കിനിറച്ചിരിക്കുന്ന ജയിലിൽ തടവുപുള്ളികളെ ക്രൂരമർദ്ദനം,പട്ടിണിയ്ക്കിടൽ എന്നിവയ്ക്ക് വിധേയമാക്കുന്നു .മതിയായ ഭക്ഷണം,മരുന്ന്,ഉറക്കം എന്നിവയൊക്കെ നിഷേധിക്കപ്പെടുന്നു തടവുപുള്ളികൾക്ക്.കുടുംബാഗങ്ങളെ കാണുന്നതോ നിയമസഹായം തേടുന്നതോ വിലക്കപ്പെട്ടിരിക്കുന്നു ഇവിടെ. മാസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ പീഡനങ്ങൾക്കൊടുവിൽ ഒരു നാൾ ഇവരെ വിട്ടയയ്ക്കുന്നു,ഇനിയൊരിക്കലും പരാതിയുമായി തലസ്ഥാനത്തേക്ക് വലിഞ്ഞുകയറരുത് എന്ന താക്കീതോടെ.സ്വതന്ത്രരാക്കപ്പെട്ട ഈ തടവുപുള്ളികൾ മനുഷ്യാവകാശഗ്രൂപ്പുകളുമായി നടത്തിയ സംഭാഷണങ്ങളിലാണ് ഇത്തരം ഞെട്ടിക്കുന്ന പീഡനങ്ങളുടെ കഥകൾ കുറച്ചെങ്കിലും പുറത്തുവന്നത്.

കറുത്ത ജയിലുകൾ ഉണ്ടെന്ന് ഭരണകൂടം

         ഐക്യരാഷ്ട്രസഭയുടെ  ഹ്യൂമൻ റൈറ്റ്സ് കൌൺസിലിന്റെ റിപ്പോർട്ടിലടക്കം പല അന്വേഷണങ്ങളിലും വെളിവാക്കപ്പെട്ട ഈ പീഡനകഥകളെല്ലാം നിഷേധിക്കുകയായിരുന്നു ചൈനീസ് സർക്കാർ ചെയ്തത്. എന്നാൽ  അനധിക്യത ജയിൽ നടത്തിപ്പിൽ ഏർപ്പെട്ടിരുന്ന  ‘അന്വാണ്ടിങ് സെക്യൂരിറ്റി സർവീസ് കമ്പനി‘യുടെ  ചെയർമാനും ജനറൽ മാനേജരും 2010 സെപ്തംബറിൽ ബീജിംഗ് നഗരപോലീസിന്റെ പിടിയിലായതോടെ ഇത് സംബന്ധമായ ആദ്യത്തെ കേസ് ചൈനയിലാദ്യമായി പരസ്യമാക്കപ്പെട്ടു.2004 ൽ സ്ഥാപിക്കപ്പെട്ട കമ്പനി , പ്രാദേശികഭരണകൂടങ്ങളുടെ ലയ്സൺ ഓഫീസുകൾ ബീജിംഗിൽ ആരംഭിച്ചാണ് കച്ചവടം തുടങ്ങുന്നത്. പ്രാദേസിക സർക്കാരുകൾ പണം നൽകി ഇവരുടെ ‘സേവനങ്ങൾ’ വാങ്ങുന്നു. കച്ചവടം പച്ചപിടിച്ചതോടെ കമ്പനി അതിന്റെ പ്രതിനിധികളെ വിദൂര ഗ്രാമങ്ങളിലേക്ക് വരെ അയച്ച് അവിടെനിന്നുള്ള പരാതിക്കാരെ ഒതുക്കാനുള്ള കച്ചവടക്കരാറുകൾ നേടുന്നു.  ഒരു വനിതാ പരാതിക്കാരിയെ തടങ്കലിൽ വെച്ച് ബലാത്സംഗം ചെയ്ത കുറ്റത്തിന് ഒരു ഗാർഡിന് 8 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടതും  ആ വർഷം തന്നെയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബീജിംഗിലെ ഒരു കോടതി തടങ്കൽ നടത്തിപ്പുകാരാ‍യ പത്ത് പേർക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചതാണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ സംഭവം. കറുത്ത ജയിലുകൾ ഉണ്ട് എന്ന കാര്യം പരോക്ഷമായെങ്കിലും സമ്മതിക്കുന്നു ഭരണകൂടം ഈ നടപടികളിലൂടെ.

       തന്റെ ഭൂമി അന്യായമായി പിടിച്ചെടുക്കപ്പെട്ടതിനെതിരെയോ തനിക്കേറ്റ പോലീസ് മർദ്ദനത്തിനെതിരെ  നീതി  തേടിയോ തലസ്ഥാനനഗരത്തിൽ എത്തിച്ചേരുന്ന ഓരോ മനുഷ്യനും നീതിയ്ക്ക് പകരം ചൈനയിൽ അവകാശമാക്കുക പീഡനവും അപമാനവുമാണ് എന്ന സത്യം നമ്മെക്കൊണ്ടെത്തിക്കുക ഏതൊരു സമഗ്രാധിപത്യ വ്യവസ്ഥയും ഇങ്ങനെയൊക്കെത്തന്നെയാണ് ‘ശല്യ’ ക്കാരെ ഇല്ലാതാക്കുക എന്ന തിരിച്ചറിവിലാണ്.നഗരകേന്ദ്രത്തിൽ പരസ്യമായി സ്ഥാപിച്ച ചെണ്ടയിൽ കൊട്ടി തന്റെ പരാതി അധികാരികൾക്കും ജനങ്ങൾക്കും മുൻപിൽ സധൈര്യം വെളിപ്പെടുത്താൻ സ്വാതന്ത്യമുണ്ടായിരുന്ന പഴയ ചൈനീസ് പാരമ്പര്യം മരിച്ച് മണ്ണടിഞ്ഞ് പോയിരിക്കുന്നു എന്നും   മഹത്തായ സംസ്കാരത്തിന്റെ ആസ്ഥാനമായിരുന്ന ചൈന ഇന്ന് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായിരിക്കുന്നു എന്ന തിരിച്ചറിവ് പൂർണമാക്കുന്നു ഈ ‘കറുത്ത ജയിലു‘കൾ.


Wednesday, March 20, 2013

ഇതാ അവിശ്വാസി ഇവനെ കൊല്ലുക!

      മതദ്വേഷം ഉണർത്തി വിട്ടു എന്ന കുറ്റത്തിന് ഇന്തോനേഷ്യയിലെ കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുന്നതിനു തൊട്ടുമുൻപ് പോലും അലെക്സാണ്ടർ ആൻ രോഷാകുലരായ ആൾക്കൂട്ടത്താൽ ആക്രമിക്കപ്പെട്ടു. താൻ താമസിക്കുന്ന മിനാംഗ് പ്രവിശ്യയിലെ അവിശ്വാസികളുടെ കൂട്ടായ്മയ്ക്കായി അയാൾ തന്നെ ആരംഭിച്ച ഫെയിസ്ബുക്ക് ഗ്രൂപ്പിൽ ‘ദൈവം ഇല്ല’ എന്നെഴുതിയതിനായിരുന്നു  ശിക്ഷ  നൽകപ്പെട്ടത് .

        മതവിശ്വാസത്തിന്റെ ഒപ്പം തന്നെ സന്ദേഹവും അവിശ്വാസവും ജന്മം കൊണ്ടിരുന്നതായി മാനവചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട് പലപ്പോഴും. വ്യവസ്ഥാപിത മതങ്ങൾ ഉടലെടുത്ത സമൂഹങ്ങളിൽ തന്നെ അവയുടെ നേർക്ക് സംശയത്തോടെ വീക്ഷിച്ച മനുഷ്യരും ഉണ്ടായിട്ടുണ്ട്. സ്വാഭാവികമായും അത്തരം അവിശ്വാസികളെ മതവിശ്വാസികൾ അന്യരായും വെറുക്കപ്പെടേണ്ടവരും ആയിട്ടായിരുന്നു കണ്ടത് . എന്നാൽ ആധുനിക ജനാധിപത്യ,പൌരാവകാശ,മതേതര യുഗത്തിന്റെ ഉദയത്തോടെ അവിശ്വാസവും സന്ദേഹവും വിലപ്പെട്ടതായി മാറി യൂറോപ്യൻ സംസ്ക്യതിയിൽ.അങ്ങിനെ മനുഷ്യചരിത്രത്തിൽ ആദ്യമായി അവിശ്വാസി ഗണിക്കപ്പെടേണ്ട ഒരാളായി,വെറുക്കേണ്ടതില്ലാത്ത മനുഷ്യനായി,അന്യജീവി അല്ലാതായി മാറി.യൂറോപ്യൻ ജനാധിപത്യവും മതേതരത്വവും സ്വാധീനം ചെലുത്തിയ സമൂഹങ്ങളിലെല്ലാം തന്നെ അവിശ്വാസവും വേരോടാൻ തുടങ്ങി.

        എങ്കിലും കാലത്തിന്റെ വളർച്ചക്കൊത്ത മനോഭാവമാറ്റം അവിശ്വാസികളോട് സമൂഹത്തിനു മൊത്തത്തിൽ രൂപപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനു തെല്ലു നിരാശ കലർന്ന മറുപടിയാണ് ലഭിക്കുക.  ആധുനിക കാഴ്ചപ്പാടനുസരിച്ചുള്ള അവിശ്വാസ ചിന്താരീതികൾ വികസിച്ചു വന്ന പതിനേഴാം നൂറ്റാണ്ട് മുതൽക്കുള്ള അഞ്ഞൂറിൽ പരം വർഷങ്ങളുടെ ചരിത്രത്തിനു ശേഷവും അവിശ്വാസിയും അവന്റെ ആശയങ്ങളും ഈ ആധുനികകാലത്തിൽ എങ്ങനെ വീക്ഷിക്കപ്പെടുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.


              ആധുനിക കാലത്തിന്റെ തുടക്കത്തിൽ പോലും ‘അവിശ്വാസി‘ എന്ന പദം അപമാനത്തിന്റെ അംശങ്ങൾ പേറിയിരുന്നു.മതാശയങ്ങളെ എതിർക്കുന്ന ആളുകളെക്കൂടാതെ ആത്മഹത്യ ചെയ്തവർ,അധാർമ്മികർ എന്ന് കരുതപ്പെട്ടവർ,ദുർമന്ത്രവാദികൾ എന്നാരോപിക്കപ്പെട്ടവർ എന്നിവരെല്ലാം ആ പദത്തിൻ കീഴിൽ വന്നിരുന്നു. തോമസ് അക്വിനാസിനെപ്പോലുള്ള മതചിന്തകർ  കരുതിയിരുന്നു , അവിശ്വാസം സമൂഹത്തിന്റെ ക്രമത്തെ തകർക്കുമെന്ന്. ഇംഗ്ലീഷ് ചിന്തകനായ  തോമസ് മൂറിന്റെ അഭിപ്രായത്തിൽ ഏതെങ്കിലും ഒരു മൂർത്തിയെ ആരാധിക്കാത്ത യാതൊരാൾക്കും മതസഹിഷ്ണത  അനുവദിക്കാൻ പാടില്ല.അവിശ്വാസികൾക്ക് പൂർണമായ തോതിലുള്ള പൌരാവകാശങ്ങൾ അനുവദിക്കാൻ പാടില്ല എന്ന് കരുതിയിരുന്നു ജോൺ ലോക്.

       മതദ്രോഹവിചാരണയുടെ കാ‍ലത്തെ യൂറോപ്പ് അവിശ്വാസിയ്ക്ക് കൊടിയ യാതനകളായിരുന്നു നൽകിയത്. അവർ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് ക്രൂരപീഡനത്തിനും മരണത്തിനും വിധേയരാക്കപ്പെട്ടു. ജീവനോടെ ചുട്ടുകൊല്ലപ്പെട്ട അവിശ്വാസിയായ പുരോഹിതൻ ഗിലിയോ സെസാർ വാനിനിയും  അതേ കുറ്റത്തിനു മരണശിക്ഷ നേടിയ പോളണ്ടുകാരൻ കസിമീർ ലിഷിൻസ്കിയും എറ്റീൻ ഡോലറ്റ് എന്ന ഫ്രഞ്ചുകാരനും  അവിശ്വാസത്തിന്റെ രക്തസാക്ഷികളായി പത്തൊമ്പതാം നൂറ്റാണ്ടിൽ  വാഴ്ത്തപ്പെട്ടു.

അവിശ്വാസികൾ ആധുനികയുഗത്തിൽ


   ജനാധിപത്യവും മതേതരത്വവും സമൂഹത്തിൽ പ്രധാന ആശയങ്ങളായി ഇടം പിടിച്ചിരുന്ന  പത്തൊമ്പതാം നൂറ്റാണ്ടിൽ പോലും യൂറോപ്പിൽ അവിശ്വാസികൾക്ക് വിവേചനം നേരിടേണ്ടി വന്നിരുന്നു.ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലാത്ത യാതൊരാൾക്കും കോടതിയിലും മറ്റും സാക്ഷ്യം പറയാൻ കഴിയില്ല എന്ന നിയമം 1870 ലാണ് ഇംഗ്ലണ്ടിൽ ഒഴിവാക്കപ്പെട്ടത്. ‘ദ നെസസിറ്റി ഓഫ് ഏതീയിസം’ എന്ന ലഘുലേഖ എഴുതിയതിന്റെ പേരിൽ  വിഖ്യാത കവിയായ പി.ബി.ഷെല്ലിയ്ക്ക് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നതും തന്റെ കുഞ്ഞുങ്ങളുടെ സംരക്ഷണാവകാശം നഷ്ടമായതും പത്തൊമ്പതാം നൂറ്റാണ്ടിലെ അവിശ്വാസി പീഡനത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചാൾസ് ബ്രാഡ്ലോ എന്നയാൾക്ക് അവിശ്വാസിയായതിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതെ വന്നത് 1886 ലായിരുന്നു.

             സെമിറ്റിക് മതങ്ങളിൽ മതദ്വേഷം,ദൈവനിന്ദ തുടങ്ങിയവ കൊടിയ പാതകങ്ങളായിരുന്നു എങ്കിൽ പൌരസ്ത്യ ഹിന്ദു,ബൌദ്ധ,പ്രക്യതി മത സമൂഹങ്ങളിൽ അവയ്ക്ക് സ്വീകാര്യത ലഭിച്ചിരുന്നു.  പിന്നീട് സെമിറ്റിക് മതങ്ങളുടെ കടന്നു വരവോടെയാണ് ഈ സമൂഹങ്ങളിലും അവിശ്വാസം മോശമായി ഗണിയ്ക്കപ്പെടാൻ ഇടയായത്.
       
ഇവിടം മതനിഷേധികളുടെ നരകം


    എവിടെയൊക്കെയാണ് വിശ്വാസികൾക്ക് വലിയ പ്രയാസം നേരിടേണ്ടി വരിക? മതാധിഷ്ഠിത രാഷ്ട്രങ്ങളിൽ എന്ന ഉത്തരം നമ്മുടെ നാവിലുണ്ട്. അവിടെ അവിശ്വാസി നേരിടേണ്ടി വരിക ഒറ്റപ്പെടുത്തൽ മുതൽ   വധശിക്ഷ വരെയുള്ള ശിക്ഷാനടപടികളാണ്. സൌദി അറേബ്യ,ഇറാൻ,മൌറിറ്റാനിയ,സുഡാൻ എന്നിവ അടക്കമുള്ള എട്ട് രാഷ്ട്രങ്ങളിൽ അവിശ്വാസത്തിനുള്ള ശിക്ഷ മരണമാണ്. ഇന്തോനേഷ്യയിൽ പൌരന്മാർക്ക് ആറ് മതങ്ങളിലേതെങ്കിലുമൊന്നിൽ വിശ്വസിക്കാം.തീർച്ചയായും അവയിൽ അവിശ്വാസമോ അജ്ഞേയവാദമോ പെടില്ല. ഈജിപ്തിന്റെ പുതിയ ഭരണഘടന ഇസ്ലാം,ക്രിസ്തുമതം,ജൂതമതം എന്നീ മൂന്ന് മതങ്ങളെയേ അംഗീകരിക്കുന്നുള്ളൂ. അപ്പോൾ അവിശ്വാസിയ്ക്ക് ആ രാഷ്ട്രത്തിൽ യാതൊരു പൌരാവകാശവുമുണ്ടായിരിക്കില്ല എന്ന് സാരം. മതാതിപ്രസരം കൂടുതലുള്ള രാജ്യങ്ങളിൽ ഇതിന് അപവാദമായുള്ളവയുമുണ്ട്. ഉദാഹരണത്തിനു തുർക്കിയും ലെബനോണും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ രാജ്യങ്ങളിൽ അവിശ്വാസം ഒരു കുറ്റക്യത്യമല്ല,പക്ഷെ  അവിശ്വാസിക്ക് നിയമപരമായ സുരക്ഷയോ അംഗീകാരമോ അവിടെ ലഭിക്കില്ല.

       ഇറാനിൽ അവിശ്വാസികൾക്ക് യാതൊരു നിയമപരമായ സ്ഥാനവുമില്ല.രാജ്യത്ത് അംഗീകാരമുള്ള 4 മതങ്ങളിൽ ഏതൊന്നിലെങ്കിലും വിശ്വസിക്കുന്നില്ലെങ്കിൽ ഒരാൾക്ക് സർവകലാശാല പ്രവേശനത്തിനോ അഭിഭാഷകനാകുന്നതിനോ സാധ്യമല്ല.ഇന്തോനേഷ്യയിൽ ജനന-മരണ രജിസ്ട്രേഷനും ഐഡന്റിറ്റി കാർഡുകളുടെ വിതരണത്തിലും അവിശ്വാസികളുടെ മേൽ വിവേചനമുണ്ട്. അൾജീരിയയിൽ ഇസ്ലാമിക പഠനം ഏതൊരു അൾജീരിയൻ കുട്ടിക്കും നിർബന്ധമാണ്. അവന്റെ മതമോ മതമില്ലായ്മയോ അക്കാര്യത്തിൽ ബാധകമല്ല.അവിശ്വാസിയായ പുരുഷന് മുസ്ലിം സ്ത്രീയെ വിവാഹം ചെയ്യാൻ പാടില്ല അൾജീരിയയിൽ.


           പ്യൂ ഗ്ലോബൽ റിസർച്ചിന്റെ 2010 ലെ ഒരു സർവേ അനുസരിച്ച് ഈജിപ്തിൽ 84 ശതമാനം,ജോർദ്ദാനിൽ 86 ശതമാനം, ഇൻഡോനേഷ്യയിൽ 30 ശതമാനം,പാകിസ്ഥാനിൽ 76 ശതമാ‍നം,നൈജീരിയയിൽ 51 ശതമാനം  എന്നിങ്ങനെയാണ്  അവിശ്വാസിയ്ക്ക് മരണശിക്ഷ നൽകണം എന്ന ഉത്തരം നൽകപ്പെട്ടത്.

ജനാധിപത്യസമൂഹങ്ങളിലോ?
           മതേതര-ജനാധിപത്യ ഭരണം നടക്കുന്ന സമൂഹങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് അവിശ്വാസത്തിനു നേർക്കുള്ള വിവേചനവും ഒറ്റപ്പെടുത്തലും ബാഹ്യമായെങ്കിലും കുറവാണ്.മതനിയമങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടതല്ലാത്ത ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രങ്ങളിൽ സ്വാഭാവികമായും മതനിഷേധം ഒരു തെറ്റല്ലാതാകുന്നു. എന്നാൽ ആ സമൂഹങ്ങളിൽ പോലും അവിശ്വാസികൾക്ക് പലപ്പോഴും എതിർപ്പും ഒറ്റപ്പെടുത്തലും നേരിടേണ്ടി വരാറുണ്ട്. ബ്രിട്ടീഷ് കൊളംബിയ സർവകലാശാല നടത്തിയ ഒരു പഠനം അനുസരിച്ച് വിശ്വാസികളായ ആളുകൾ മതനിഷേധികളെ ബലാത്സംഗക്കാരെ വിശ്വസിക്കുന്നത്ര പോലും വിശ്വസിക്കുന്നില്ല.കൂടാതെ അവിശ്വാസികൾക്ക് വിശ്വാസികളുടെയത്ര തൊഴിൽ സാധ്യത ഇല്ല എന്നും  പഠനം പറയുന്നു.

.
                ഇത്തരത്തിലുള്ള മനോഭാവം ഏറെയുണ്ട് എന്ന് അമേരിക്കൻ സമൂഹത്തിൽ എന്ന് കരുതുന്നു നിരീക്ഷകർ. അവിടെ നിയമപര, വ്യക്തിപര,സാമൂഹിക,തൊഴിൽപര വിവേചനങ്ങൾ അവിശ്വാസികൾക്കെതിരെ നിലനിൽക്കുന്നതായി ആരോപിക്കപ്പെടുന്നു. വംശീയ ന്യൂനപക്ഷങ്ങൾ,എൽ.ജി.ബി.ടി സമൂഹങ്ങൾ,സ്ത്രീകൾ എന്നിവരനുഭവിക്കുന്ന വിവേചനത്തിനു തുല്യമായത് തങ്ങളും അമേരിക്കയിൽ അനുഭവിക്കുന്നു എന്ന് പറയുന്നു അവിടത്തെ അവിശ്വാസികൾ. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെങ്കിലും മതനിഷേധികൾക്കെതിരായ   നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. അവിടത്തെ 7 സംസ്ഥാനങ്ങളിൽ ഇപ്പോഴും അവിശ്വാസികൾക്ക് പൊതുസ്ഥാനം വഹിക്കുന്നതിനോ കോടതിയിൽ സാക്ഷിയാകുന്നതിനോ നിയമതടസ്സമുണ്ട്.  അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോർജ്ജ് ബുഷ് (സീനിയർ) 1987 ലെ  തന്റെ തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ അവിശ്വാസികളുടെ രാജ്യസ്നേഹത്തെക്കുറിച്ച് ഒരു പത്രലേഖകനോട് പറഞ്ഞ വാചകങ്ങൾ മതനിഷേധികളോടുള്ള അമേരിക്കൻ സമൂഹത്തിന്റെ മനോഭാവം വെളിവാക്കുന്നു : “ഇല്ല, അവിശ്വാസികളെ പൌരന്മാരായി ഞാൻ ഗണിക്കുന്നില്ല.അവരെ രാജ്യസ്നേഹികളായും കരുതാൻ കഴിയില്ല.ഇത് ദൈവത്തിന്റെ കീഴിലുള്ള ഒരു രാഷ്ട്രമാണ്“. 






Friday, March 8, 2013

പനാമയിലെ ഗോത്രജനത : ജലസമാധിയ്ക്ക് ഇനിയെത്ര നാള്‍ ?



      പ്രസിദ്ധമായ ആ കനാലിന്റെ നാട്ടിലെ തദ്ദേശീയ ഗോത്രജനത ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ആഗോളമൂലധനത്തിന്റെ ആസുരമായ കൈകള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും അപൂര്‍വവുമായ പ്രക്യതിസമ്പത്ത് നിറഞ്ഞ മധ്യഅമേരിക്കയിലെ റിപ്പബ്ലിക് ഓഫ് പനാമ എന്ന രാജ്യത്തിലേക്ക് നീണ്ടുചെന്നതിന്റെ ഫലം ഇന്നേറ്റവും പേറുന്നത് അവിടത്തെ പ്രക്യതിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഗോത്രജനതയാണ്. സ്വന്തം അതിജീവനത്തിനായി അവര്‍ പ്രക്ഷോഭത്തിന്റെ പാതയിലുമാണ്.
സ്വന്തം മണ്ണ് അന്യമാക്കപ്പെടുമ്പോള്‍
പനാമയിലെ തദ്ദേശിയ ഗോത്രങ്ങളില്‍ ഏറ്റവും വലുതാണ് ന്‍ഗാബെ (ഗ്വായ്മി) ഗോത്രം. 'ആധുനിക' മനുഷ്യന്റെ കടന്നുകയറ്റത്തില്‍ പാര്‍ശ്വവത്ക്യതരാക്കപ്പെട്ട അവരുടെ ഉടമസ്ഥതയില്‍ ശേഷിച്ചത് ആര്‍ക്കും വേണ്ടാതായ ഭൂമി മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ആ ഭൂമി വിലയേറിയതായി മാറിയിരിക്കുന്നു, കാരണം അതിനടിയിലുള്ള അമൂല്യ ധാതുക്കളുടെ വന്‍ ശേഖരം തന്നെ. ഒരു ഏകാധിപതിയെപ്പോലെ പനാമയെ ഭരിക്കുന്ന പ്രസിഡണ്ട് റിക്കാര്‍ഡോ മാര്‍ട്ടിനെല്ലിയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല ആ ഗോത്രഭൂമി വന്‍കിട വിദേശ മൈനിംഗ് കമ്പനികള്‍ക്ക് പതിച്ചു നല്‍കാന്‍. ന്‍ഗാമെ ഗോത്രത്തിന്റെ ഹ്യദയഭൂമിയിലായിരുന്നു ഈ ഖനികളെല്ലാം ആരംഭിച്ചത്. സ്വാഭാവികമായും ഗോത്രവംശജര്‍ അവിടെനിന്നെല്ലാം പുറത്താക്കപ്പെട്ടു. സ്വന്തം പിത്യഭൂമിയില്‍ നിന്ന് ബഹിഷ്‌ക്യതരായ അവര്‍ എതിര്‍പ്പും ആരംഭിച്ചു.
പുതിയ പദ്ധതി : 'ബാരോ ബ്ലാന്‍കോ'
മൈനിംഗിനെതിരെയുള്ള പ്രതിഷേധം പുകയുന്ന വേളയില്‍ തന്നെയാണ് ഭരണകൂടം പുതിയ പദ്ധതിയുമായി വരുന്നത്. ഇത്തവണത്തേത് സര്‍വനാശക സ്വഭാവമുള്ളതായിരുന്നു. ന്‍ഗാബെ പ്രദേശത്തു കൂടിയൊഴുകുന്ന നദിയായ 'തബസര'യില്‍ ഒരു വലിയ അണ കെട്ടി ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കുക എന്നതായിരുന്നു അത്. മൈനിംഗ് വ്യവസായത്തിന്റെ കടന്നുകയറ്റത്താല്‍ പ്രതിസന്ധിയിലായിരുന്ന ഒരു ലക്ഷത്തോളം വരുന്ന ഗോത്രജനതയെ , അവരുടെ സംസ്‌കാരത്തെ പാടെ തുടച്ചു നീക്കാന്‍ പോകുന്ന ഒന്നായിരുന്നു 'ബാരോ ബ്ലാന്‍കോ' എന്ന വന്‍പദ്ധതി. 2011 ല്‍ പൂര്‍ത്തിയാക്കപ്പെട്ട മറ്റൊരു വലിയ ജലവൈദ്യുത പദ്ധതിയായ 'ചാന്‍ഗ്വിനോല'യില്‍ ജലം ഉയര്‍ന്നപ്പോള്‍ ആയിരക്കണക്കിനു ന്‍ഗോബെ ഗ്രാമങ്ങളാണ് മുങ്ങിപ്പോയത്. സര്‍വതും നഷ്ടപ്പെട്ട ഇവര്‍ക്ക് യാതൊന്നും നഷ്ടപരിഹാരമായി നല്‍കിയില്ല സര്‍ക്കാര്‍ എന്നാരോപിക്കപ്പെടുന്നു.
28.84 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അണക്കെട്ടിന്റെ ഉയരം 200 അടിയാണ്. 'ജെനിസ' എന്ന സ്വകാര്യ കമ്പനിയാണ് ഈ പദ്ധതിയുടെ നിര്‍മ്മാതാക്കള്‍ എങ്കിലും ആരാണ് 'ജെനിസ'യുടെ ഉടമ എന്ന കാര്യം വ്യക്തമല്ല. എന്തായാലും രാജ്യത്തെ ഉന്നതരാഷ്ട്രീയക്കാര്‍ക്ക് കമ്പനിയുമായുള്ള ഉറ്റബന്ധം എന്തായാലും രഹസ്യമല്ല.
'ബൊകാസ് ഡെല്‍ ടോറോ' എന്നറിയപ്പെടുന്ന ഈ ഗോത്രമേഖലയില്‍ ജലവൈദ്യുതപദ്ധതികളുടെ സാധ്യതകള്‍ എഴുപതുകളിലേ കണ്ടെത്തപ്പെട്ടിരുന്നെങ്കിലും രാജ്യത്തിന്റെ ഹൈഡ്രോഇലക്ട്രിക് റിസോഴ്‌സസ് ആന്റ് ഇലക്ട്രിഫിക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്വകാര്യവത്കരിക്കപ്പെട്ട 1998 നു ശേഷമായിരുന്നു ഈ മേഖലയില്‍ 70 പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടത്. രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും അനിവാര്യമെന്ന് ഭരണക്കാര്‍ കരുതുന്ന പുതിയ പദ്ധതിയുടെ നടത്തിപ്പിനെതിരെയുള്ള ഗോത്രമേഖലയുടെ എതിര്‍പ്പിനെ ഒതുക്കാന്‍ സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ തന്ത്രങ്ങളും പുറത്തെടുത്തു. ഗോത്രനേതാക്കളുമായുള്ള ചര്‍ച്ചകള്‍ , കോഴ നല്‍കി വശത്താക്കല്‍ , നിര്‍ബന്ധിത കുടിയിറക്കല്‍ ,പ്രാദേശിക രാഷ്ട്രീയത്തെ വരുതിയിലാക്കല്‍ എല്ലാം മുറയ്ക്ക് നടത്തപ്പെട്ടു. 'ബാരോ ബ്ലാന്‍കോ' കൂടാതെ മുപ്പതോളം ജലവൈദ്യുത പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത് വികസിക്കുന്ന പനാമയ്ക്ക് ആവശ്യമായത്ര വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇത്രയധികം പദ്ധതികള്‍ വേണമോ എന്ന ചോദ്യമുയര്‍ത്തി. ഇതിനുത്തരം തേടുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും വൈദ്യുതി മറ്റ് രാജ്യങ്ങള്‍ക്ക് വിറ്റ് പണം കൊയ്യുക തന്നെയാണ് മുതലിറക്കുന്നവരുടെ ലക്ഷ്യമെന്നും ഭരണകൂടം അതിനു നഗ്‌നമായ പിന്തുണ നല്‍കുകയുമാണെന്ന്. ഈ പദ്ധതികളുടെയെല്ലാം പിന്നില്‍ രാജ്യത്തെ വന്‍സമ്പന്നരാണ് എന്നതും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു.
കടുത്ത എതിര്‍പ്പിന്റെ പാതയിലേക്ക്
2011 മുതല്‍ക്കാണ് പ്രക്ഷോഭങ്ങള്‍ക്ക് വ്യക്തമായ രൂപഭാവങ്ങള്‍ കൈവന്നത്. ആ വര്‍ഷം ഫെബ്രുവരിയിലായിരുന്നു പനാമയിലെ പദ്ധതികളില്‍ വിദേശകമ്പനികള്‍ക്ക് നേരിട്ടുള്ള നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള നിയമഭേദഗതിക്ക് പ്രസിഡണ്ട് അംഗീകാരം നല്‍കിയത്. തദ്ദേശീയ ജനതയുടെ സ്വയംഭരണാവകാശം സംബന്ധിച്ച രാജ്യഭരണഘടനയിലെ വകുപ്പിനു വിരുദ്ധമായ ഈ നടപടി ഗോത്രമേഖലയില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. 'കൊമാര്‍ക' എന്നറിയപ്പെട്ട , ഗോത്രമേഖലയുടെ പ്രത്യേകപദവി, അവരുടെ സ്വയംഭരണാവകാശം എന്നിവയ്‌ക്കൊക്കെ അന്ത്യം കുറിയ്ക്കുന്നതായിരിക്കും ഈ നിയോലിബറല്‍ നിയമം എന്ന് വെളിപ്പെട്ടു. എല്ലാറ്റിനുമുപരി വമ്പിച്ച പാരിസ്ഥിതിക വിനാശമായിരിക്കും മേഖലയെ കാത്തിരിക്കുന്നത് എന്നും ആശങ്കകളുയര്‍ന്നു. പുതിയ 'ഹൈഡ്രോളജിക് കൊളോണിയലിസ'ത്തിനെതിരെ ജനരോഷം ഇളകി. തദ്ദേശീയ ജനതയുടെ അവകാശം സംബന്ധിച്ച ഐക്യരാഷ്ട്ര സഭാപ്രഖ്യാപനത്തിലെ വ്യവസ്ഥകള്‍ക്കും വിരുദ്ധമാണ് സര്‍ക്കാരിന്റെ നിലപാട് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ട് പോയി. 2012 ജനുവരിയില്‍ അണക്കെട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതോടെ പ്രതിഷേധം ശക്തി പ്രാപിച്ചു. ഗോത്രജനത മേഖലയിലൂടെ കടന്നു പോകുന്ന പാന്‍ അമേരിക്കന്‍ ഹൈവേ ഉപരോധിച്ചു, വാഹനഗതാഗതം തടസ്സപ്പെടുത്തി. ഇത് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പ്രതിഷേധത്തിലേക്ക് തിരിയാന്‍ കാരണമായി. 'ഈ ഭൂമി ഞങ്ങളുടെ അമ്മയാണ്. ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ കാരണം അവള്‍ ആണ്.ഞങ്ങള്‍ ആ അമ്മയെ സംരക്ഷിക്കും.' ഗോത്രമേഖലയുടെ തിരഞ്ഞെടുക്കപ്പെട്ട നേതാവും വനിതയുമായ സില്‍വിയ കരേരയുടെ വാക്കുകള്‍
ngobe 

സര്‍ക്കാര്‍ 'ചര്‍ച്ച'യ്ക്ക് സമ്മതിക്കുന്നു

പ്രസിഡണ്ടുമായി ഒരു കൂടിക്കാഴ്ച മാത്രം ആവശ്യപ്പെട്ട പ്രതിഷേധക്കാരുടെ നിലപാടിനെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. തികച്ചും സമാധാനപ്രിയരായ ഗോ
ത്രജനതയുടെ ആവശ്യത്തിനോടുള്ള ഈ നിലപാട് തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്ന റിക്കാര്‍ഡോ മാര്‍ട്ടിനെല്ലിയുടെ തനിനിറം കൂടുതല്‍ വെളിച്ചത്താക്കി. ഭരണഘടനപ്രകാരം ഒരു സൈന്യം ഉണ്ടാക്കാനുള്ള വകുപ്പ് ഇല്ലാതിരുന്ന രാജ്യത്തെ പോലീസിനെ കുറേശെയായി സൈനികവത്കരിക്കുകയായിരുന്നു പ്രസിഡണ്ട് ചെയ്ത് വന്നത്. പ്രതിഷേധ വേളയില്‍ ഗോത്രമേഖലയില്‍ പോലീസിന്റെ തേരോട്ടമായിരുന്നു നടന്നത് എന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ ആളുകളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായും സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയതായും ആരോപിക്കപ്പെട്ടു. ഫെബ്രുവരി അഞ്ചിന് പോലീസും ഹൈവേ തടഞ്ഞ ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തതോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. സില്‍വിയ കരേരയുമായി പ്രസിഡണ്ട് ചര്‍ച്ചയ്ക്ക് സമ്മതിച്ചു.
ഭാഗികവിജയം നേടിയ പ്രക്ഷോഭം

തലസ്ഥാനമായ പനാമ സിറ്റിയിലെ നാഷണല്‍ അസംബ്ലിയില്‍ വെച്ചായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. തങ്ങളുടെ നേതാവിന് പിന്തുണ നല്‍കിക്കൊണ്ട് ഒട്ടേറെ ജനങ്ങള്‍ നൂറുകണക്കിനു മൈല്‍ ദൂരം താണ്ടി അസംബ്ലി കെട്ടിടത്തിനു മുന്‍പില്‍ ഇരിപ്പുറപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു പോലീസ് ചെയ്തത് എന്ന് ദ്യക്‌സാക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. കുറെ ആളുകള്‍ക്ക് വെടിയേറ്റെങ്കിലും മരണം സംഭവിച്ചില്ല. ചര്‍ച്ചയില്‍ നിന്ന് പിന്തിരിയാന്‍ സര്‍ക്കാര്‍ മന:പൂര്‍വം നടത്തിയ നാടകമായിരുന്നു വെടിവെപ്പ് എന്നാരോപിക്കപ്പെട്ടു. എന്നാല്‍ ഈ കെണിയില്‍ നേതാവായ സില്‍വിയ കരേര വീണില്ല. അവര്‍ പ്രസിഡണ്ടുമായുള്ള ചര്‍ച്ച റദ്ദാക്കാന്‍ തയ്യാറായില്ല. ചര്‍ച്ചയ്‌ക്കൊടുവില്‍ സര്‍ക്കാരും പ്രക്ഷോഭകാരുമായി ഒരു കരാര്‍ ഒപ്പിടപ്പെട്ടു. അതിലെ പ്രധാന വ്യവസ്ഥ ഗോത്രജനതയുടെ സ്വയംഭരണാവകാശത്തിന്റെ കടയ്ക്ക് കത്തിവെക്കുന്ന പുതിയ നിയമം സംബന്ധമായി ചര്‍ച്ച തുടരും എന്നതായിരുന്നു. ജലവൈദ്യുതപദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയില്‍ നടന്ന തുടര്‍ചര്‍ച്ചകളില്‍ പുതിയ നിയമം പിന്‍വലിക്കാന്‍ പ്രസിഡണ്ട് തയ്യാറായത് ഗോത്രജനതയുടെ വലിയ വിജയമായി മാറി. ഗോത്രമേഖലയിലെ മൈനിംഗ് നിര്‍ത്തിവെക്കാനും തീരുമാനമായി.എങ്കിലും പ്രധാനപ്രശ്‌നമായ ജലവൈദ്യുതപദ്ധതിയുടെ നിര്‍മ്മാണം തുടര്‍ന്നും നടത്താന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇപ്പോള്‍ മുപ്പത് ശതമാനം പണി പൂര്‍ത്തിയായിരിക്കുന്ന 'ബാരോ ബ്ലാന്‍കോ' അണക്കെട്ട് നിറയുമ്പോള്‍ മുങ്ങിയൊഴുകിപ്പോവുക നൂറ്റാണ്ടുകളായി തങ്ങള്‍ ജീവിക്കുന്ന പ്രക്യതിയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ അവിടെ ജീവിച്ചിരുന്ന കുറേ മനുഷ്യരും അവരുടെ സംസ്‌കാരവും ജീവിതവുമാണ്. ലോകത്തില്‍ മറ്റൊരിടത്തും കാണപ്പെടാത്ത അപൂര്‍വജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുമാണ് ആ മേഖല.'തബസര റെയിന്‍ ഫ്രോഗ്' എന്ന തവളയിനം ഒരു ഉദാഹരണം മാത്രം. പക്ഷെ വെറും തവളയ്ക്കും ആദിവാസിക്കും വേണ്ടി 'വികസനം' ഒഴിവാക്കാന്‍ മാത്രം വിഡ്ഡികളല്ലല്ലോ പനാമയുടെ ഭരണകര്‍ത്താക്കള്‍ ?

Friday, February 22, 2013

ഇനിയും നീതി തേടുന്ന മൌ മൌ കലാപകാരികള്‍


കെനിയയിലെ കോളനി വാഴ്ച
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷുകാര്‍ കെനിയയില്‍ നിലയുറപ്പിച്ചതെങ്കിലും അത് അവരുടെ ഒരു സംരക്ഷിതപ്രദേശം മാത്രമായിരുന്നു 1920 വരെ. ആ വര്‍ഷമാണ് കെനിയയെ ബ്രിട്ടീഷ് കോളനിയായി പ്രഖ്യാപിച്ചത്. ലോകത്തില്‍ അന്നുള്ളതില്‍ വെച്ച് ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണും ക്യഷിയ്ക്ക് തികച്ചും യോജിച്ചതായ കാലാവസ്ഥയും ഉള്ള കെനിയ ബ്രിട്ടീഷുകാരനെ ആകര്‍ഷിച്ചതില്‍ അത്ഭുതമില്ല.
കറുത്തവന്റെ പ്രതിരോധം
തങ്ങളുടെ മണ്ണും ഫലഭൂയിഷ്ടതയും ചൂഷണം ചെയ്ത് വളര്‍ന്ന കോളനി വാഴ്ചക്കെതിരെയുള്ള കെനിയക്കാരന്റെ പോരാട്ടത്തിന് അടിമത്വത്തിന്റെ തുടക്കം മുതല്‍ക്കേ വേരോട്ടമുണ്ട്. 1880 മുതല്‍ 1900 വരെ നീണ്ടു നിന്ന ആദ്യകലാപം,1895 മുതല്‍ 1905 വരെയുള്ള നണ്ടി കലാപം, 1913 ല്‍ ആരംഭിച്ച് ഒരു വര്‍ഷം നീണ്ടു നിന്ന ഗിരിയാമ മുന്നേറ്റം, 1947 ലെ വനിതാ കലാപം, 1950 ലെ കല്ലോവ സമരം വരെ നീണ്ടു കിടക്കുന്ന ആ നിരയിലേക്കാണ് 1952 ല്‍ 'മൌ മൌ കലാപം ' ഉയര്‍ന്നു വരുന്നത്.
എന്താണ് മൌ മൌ?
കെനിയയില്‍ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ് കൊളോണിയല്‍ ശക്തിക്കെതിരെ 1952 ല്‍ ഉയര്‍ന്നു വന്ന, പരാജയപ്പെട്ട ഗറില്ലാ കലാപമാണ് 'മൌ മൌ'. വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഈ രക്തരൂക്ഷിത കലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ സര്‍ക്കാര്‍ കണക്കില്‍ 1819 ആണെങ്കിലും 'അപ്രത്യക്ഷ'രായവര്‍ അനേകായിരം ആണ്. തങ്ങളുടെ സാമ്രാജ്യത്തെ രക്ഷിക്കാനായി കലാപത്തെ രക്തത്തില്‍ മുക്കിക്കൊന്നു ബ്രിട്ടന്‍. കെനിയന്‍ മനുഷ്യാവകാശക്കമ്മീഷന്റെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം ആളുകളെ സര്‍ക്കാര്‍ തൂക്കിലേറ്റിയിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം ആളുകളെ തികച്ചും പരിതാപകരമായ നിലയില്‍ തടങ്കലില്‍ വെച്ചു പീഡിപ്പിച്ചു.1956 ഒക്ടോബര്‍ 21 ന് കലാപകാരികളുടെ നേതാവ് ദേദാന്‍ കിമാത്തി പിടികൂടപ്പെട്ടതോടെ കലാപം ഏതാണ്ട് ഒടുങ്ങി. 1963 ലെ കെനിയന്‍ സ്വാതന്ത്യലബ്ധിയ്ക്ക് വലിയ സഹായം ചെയ്തു ഈ കലാപം എന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. എന്നാല്‍ കെനിയയിലെ പ്രധാനഗോത്രമായ കിക്കുയു സമൂഹത്തില്‍ ആഴത്തില്‍ ഭിന്നത സ്യഷ്ടിച്ചതു വഴി വിപരീതമായ ഫലവും ഉണ്ടാക്കി, കലാപം പിന്നീട്, എന്നും വിലയിരുത്തപ്പെടുന്നു.
ഭരണകൂടത്തിന്റെ പ്രതികരണം
അതിരൂക്ഷമായാണ് ബ്രിട്ടീഷുകാര്‍ കലാപത്തെ നേരിട്ടത്. 1952 ഒക്ടോബര്‍ ഒമ്പതിന് കടുത്ത ബ്രിട്ടീഷ് അനുകൂലിയും സീനിയര്‍ ചീഫുമായ വറുഹിയു പകല്‍ വെളിച്ചത്തില്‍ മൌ മൌ കലാപകാരികളാല്‍ കൊല്ലപ്പെട്ടതോടെ ഭരണകൂടം ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പിന്നെ നടന്നത് ആഫ്രിക്കന്‍ ചരിത്രം അന്നേ വരെ കണ്ടിട്ടില്ലാത്ത ക്രൂരമായ അടിച്ചമര്‍ത്തലും കൂട്ടക്കൊലയുമാണ്. മൌ മൌ പോരാളികളെയും അനുകൂലികളെയും കൂട്ടത്തോടെ പിടികൂടുകയും ജയിലിലടയ്ക്കുകയും ചെയ്തു. ആഫ്രിക്ക ഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് ഗവണ്മെന്റുകളില്‍ ഏറ്റവും കൂടുതല്‍ വംശീയത പുലര്‍ത്തിയിരുന്ന കെനിയയിലെ ഭരണാധികാരികള്‍ കലാപകാരികളോട് തികച്ചും മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. കൂട്ടപ്പിഴ ചുമത്തല്‍, ഭൂമിയും സ്വത്തും പിടിച്ചെടുക്കല്‍,ഷണ്ഡീകരണം എന്നിവ ചെറിയ ശിക്ഷകള്‍ മാത്രമേ ആയിരുന്നുള്ളൂ. ആയിരക്കണക്കിനു കന്നുകാലികളെയാണ് പിഴയായി പിടിച്ചെടുത്തത്.
mauവര്‍ത്തമാനത്തിലേക്കും നീളുന്ന നീതി നിഷേധം
1963 ല്‍ സ്വാതന്ത്യം നേടിയ കെനിയ ഇന്ന് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. എങ്കിലും കോളനിവാഴ്ച തങ്ങളിലേല്‍പ്പിച്ച മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ല എന്ന് കെനിയക്കാരന്‍ വിശ്വസിക്കുന്നു. അതു കൊണ്ടാണല്ലോ 1999 ല്‍ 'മൌ മൌ ഒറിജിനല്‍ ഗ്രൂപ്പ് ' എന്ന് പേരിട്ട മുന്‍സ്വാതന്ത്യ പോരാളികളുടെ സംഘടന കലാപകാലത്ത് തങ്ങളെപ്പോലുള്ള ആയിരങ്ങള്‍ നേരിട്ട കൊടും ക്രൂരത നിറഞ്ഞ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഷണ്ഡീകരണത്തിനും കണക്കു ചോദിക്കാന്‍ ഇറങ്ങിത്തിരിച്ചത്. 2002 ല്‍ മൌ മൌ ട്രസ്റ്റ് എന്ന സംഘടന ബ്രിട്ടന്റെ അതിക്രമങ്ങള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് കോടതിയില്‍ തന്നെ നിയമനടപടികള്‍ ആരംഭിച്ചു. ഈ നീക്കത്തിന് കെനിയന്‍ മനുഷ്യാവകാശക്കമ്മീഷന്റെ പിന്തുണയും ഉണ്ടായിരുന്നു. അവരുടെ അഭിഭാഷകര്‍ ആറായിരത്തിലധികം മൊഴികള്‍ കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേസില്‍ കക്ഷി ചേര്‍ന്ന 42 പേരില്‍ അഞ്ച് പേരെ വാദികളായി ഉള്‍പ്പെടുത്തി ടെസ്റ്റ് കേസിന്റെ വിചാരണ ആരംഭിച്ചു. വ്യദ്ധരായ ഈ അഞ്ചു പേരില്‍ ഒരാള്‍ ഇതിനിടെ മരണപ്പെട്ടു. ബാക്കിയുള്ള നാല് പേരില്‍ രണ്ട് പേര്‍ ഷണ്ഡീകരിക്കപ്പെട്ടവരാണ്,ഒരാള്‍ കുപ്രസിദ്ധമായ ഹോല കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ്. ഇനിയൊരാള്‍ സ്ത്രീയാണ്. അവര്‍ നേരിട്ട പീഡനമോ തിളച്ച വെള്ളം നിറച്ച കുപ്പികള്‍ ജനനേന്ദ്രിയത്തിലൂടെ കടത്തിവിടുക പോലുള്ളവയും.
തങ്ങള്‍ കെനിയയില്‍ ചെയ്തു കൂട്ടിയ അക്രമങ്ങളിന്മേല്‍ ബ്രിട്ടന്‍ ഔദ്യോഗികമായി ക്ഷമ ചോദിക്കണം എന്ന കെനിയന്‍ ഗവണ്മെന്റിന്റെ 2005 ലെ ആവശ്യം ബ്രിട്ടന്‍ തള്ളിക്കളഞ്ഞിരുന്നു.
ആദ്യവിജയങ്ങള്‍
2002 ല്‍ ആരംഭിച്ച കേസില്‍ ആദ്യപ്രതീക്ഷ നല്‍കിയ സംഭവം 2011 ലെ വിധിയാണ്. ബ്രിട്ടീഷ് സര്‍ക്കാരിനാല്‍ പീഡിതരായ ഈ കെനിയക്കാര്‍ക്ക് തങ്ങള്‍ നേരിട്ട യാതനകള്‍ക്ക് നഷ്ടപരിഹാരം തേടേണ്ടത് കെനിയന്‍ സര്‍ക്കാരില്‍ നിന്നു തന്നെയാണെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബാധ്യതയും ഇല്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി തള്ളിക്കളഞ്ഞു . ഇത്തരത്തില്‍ കേസ് കൊടുക്കാന്‍ കെനിയക്കാര്‍ക്ക് അവകാശമില്ല എന്ന സര്‍ക്കാരിന്റെ വാദം പൊളിഞ്ഞത് കേസില്‍ വലിയ പ്രതീക്ഷ നല്‍കി. ടെസ്റ്റ് കേസ് വിജയിച്ചാല്‍ മുപ്പതിനായിത്തോളം പീഡിതര്‍ക്കും സമാനമായ കേസുകള്‍ കൊടുക്കാം,നഷ്ടപരിഹാരം നേടാം.


Wednesday, February 20, 2013

ഐ വൈവൈയെ ആർക്കാണ് പേടി?

        
         ഒരു സമഗ്രാധിപത്യ രാഷ്ട്രത്തിനും ‘ധിക്കാരി‘കളെ വെച്ചു പൊറുപ്പിക്കാനാവില്ല. ‘തൊഴിലാളിവർഗ‘ സർവാധിപത്യത്തിന്റെ  പറുദീസയായ ചൈനയാകട്ടെ വിമർശകരെയും റിബലുകളെയും സമകാലികചരിത്രത്തിൽ മറ്റൊരു ഭരണകൂടവും ചെയ്യാത്തത്ര മികവോടെയാണ് ഒതുക്കുന്നത്, ഒതുങ്ങാത്തവരെ തകർക്കുന്നത്. അക്കൂട്ടത്തിൽ സാഹിത്യകാരന്മാരുണ്ട്, ആക്ടിവിസ്റ്റുകളുണ്ട്, അഭിഭാഷകരുണ്ട്, മനുഷ്യാവകാശപ്രവർത്തകരുണ്ട്, ധിക്കാരിയായ കലാകാരൻ ഐ വൈവൈയുമുണ്ട്. ഐ വൈവൈയുടെ പ്രശസ്തി, സോഷ്യൽ മീഡിയയുടെ സമർഥമായ ഉപയോഗം, നിശ്ശബ്ദനാകാനുള്ള ഒരുക്കമില്ലായ്മ, അദ്ദേഹത്തിന്റെ അറുതിയില്ലാത്തതും ബഹുമാനമില്ലാത്തതും ശക്തവുമായ ഭരണകൂട വിമർശനം എന്നിവയോടുള്ള ചൈനയുടെ സമീപനം വിയോജിപ്പിനോടുള്ള ആ രാജ്യത്തിന്റെ മനോഭാവത്തിന്റെ ഉത്തമോദാഹരണമാണ്.

കലാകാരൻ, ഭ്രാന്തൻ, തന്റേടി

                      ശില്പി , ആർക്കിടെക്ട്, ഡിസൈനർ,ക്യൂറേറ്റർ,ഫോട്ടോഗ്രാഫർ എന്നീ നിലകളിലെല്ലാം ലോകപ്രശസ്തനായ കലാകാരനും കഴിഞ്ഞ രണ്ട് ദശകങ്ങളിലെ സമകാലീന ചൈനീസ് കലയുടെ പ്രതീകവുമായ  ഐ വൈവൈയെ എന്തു കൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ പരമാധികാര ശക്തികളിലൊന്നായ ചൈന പേടിക്കുന്നത് ? അതറിയണമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം , ആശയലോകം, കലാരീതി, ആക്ടിവിസ്റ്റിന്റെ ഭയരഹിതമാ‍യ ഇടപെടൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കണം.
                    1957 ൽ ജനിച്ച ഐ വൈവൈയുടെ പിതാവ് ഐ ക്വിങ് ചൈനയിലെ ഏറ്റവും പ്രശസ്തനായ  കവിയും , അമ്പതുകളിൽ ചൈനീസ് കംയൂണിസ്റ്റ് പാർട്ടിയിലെ വലതുപക്ഷ വിരുദ്ധ പ്രസ്ഥാനത്തിന്റെ പിടിയിലായി വലതനായി മുദ്രകുത്തപ്പെട്ട് ലേബർ ക്യാമ്പിൽ അടയ്ക്കപ്പെട്ട വ്യക്തിയുമാണ്.1958 ൽ ഐ വൈക്ക് ഒരു വയസ്സുള്ളപ്പോഴാണ് സംഭവം അച്ഛനൊപ്പം അമ്മയും അടയ്ക്കപ്പെട്ടു  ലേബർ ക്യാമ്പിൽ. ഊഹിക്കാമല്ലോ എങ്ങനെയാണ് ഐ വൈവൈ റിബലായത് എന്ന്?
                   പതിനാറ് വയസ്സുവരെ ബീജിംഗിനു പുറത്തു ജീവിച്ച ഐ വൈവൈ 1975 ൽ ആണ് അവിടേക്ക് തിരിച്ചെത്തുന്നത്.1978 ൽ ബീജിംഗ് ഫിലിം അക്കാദമിയിൽ സിനിമ പഠിയ്ക്കാനായി ചേർന്നു . കലാകാരനെന്ന നിലയിൽ അപ്പോഴേക്കും ശ്രദ്ധിക്കപ്പെട്ടിരുന്ന ഐ വൈവൈ ആദ്യകാല ചൈനീസ് അവാന്റ് ഗാർദ് കലാസംഘമായ ‘സ്റ്റാർസ്’ കൂട്ടുകാർക്കൊപ്പം ചേർന്ന് സ്ഥാപിക്കുകയും തന്റെ സ്യഷ്ടികൾ അതുമായി ചേർന്ന് നടത്തുകയും ചെയ്തു. 1981 ൽ അമേരിക്കയിലേക്ക് പോയ ഐ വൈവൈ 1993 വരെ തന്റെ കലാപ്രവർത്തനങ്ങൾ ന്യൂയോർക്ക് കേന്ദ്രമാക്കി നടത്തി.1993 ൽ ചൈനയിൽ തിരിച്ചെത്തിയ ഐ വൈവൈ  തുടർന്ന് ചൈനയിൽ തന്നെ കലാപ്രവർത്തനങ്ങളുമായി തുടർന്നു , വാസ്തുശില്പി,ക്യൂറേറ്റർ എന്നീ നിലകളിലെല്ലാം തന്റെ കലാപ്രവർത്തനത്തെ വ്യാപിപ്പിച്ചു. എന്നാൽ ചൈനയെക്കാളുപരി യൂറോപ്പ്,അമേരിക്ക എന്നിവിടങ്ങളിലായിരുന്നു ഐ വൈവൈ പ്രസിദ്ധൻ.അദ്ദേഹം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഒട്ടേറെ കലാപ്രദർശനം നടത്തിയിട്ടുണ്ട്.
                  ചൈനയിൽ അദ്ദേഹം കൂടുതലായി അറിയപ്പെട്ടത് വിചിത്രസ്വഭാവിയും അരവട്ടനുമായ ആൾ എന്ന നിലയിലാണ്. 2008 ലെ ഒളിമ്പിക്സിന്റെ വേദിയായ ബീജിംഗിലെ ‘കിളിക്കൂട് സ്റ്റേഡിയം’ എന്ന് അറിയപ്പെട്ട നാഷണൽ സ്റ്റേഡിയത്തിന്റെ ആർട്ടിസ്റ്റിക് കൺസൾട്ടന്റ് ആയി ഐ വൈവൈ നിയമിക്കപ്പെട്ടെങ്കിലും അധികം താമസിയാതെ ആ പ്രോജക്ടിൽ നിന്ന് പിന്മാറി. തുടർന്ന് അദ്ദേഹം സ്വീകരിച്ച ഒളിമ്പിക്സ് വിരുദ്ധ നിലപാട് ആണ് ഭരണകൂടത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ ആദ്യ  ഉരസലായി മാറുന്നത്. ‘ഒളിമ്പിക്സിന്റെ ചൈനീസ് ആതിഥേയത്വം കപടവും  ഹിപ്പോക്രിസിയുമാണ്’ എന്നാണ് ഐ വൈവൈവൈ തുറന്നടിച്ചത്. ഐ വൈവൈയുടെ ജീവിതത്തെക്കുറിച്ച് അലിസൻ ക്ലൈമാൻ സംവിധാ‍നം ചെയ്ത ഡോക്യുമെന്റെറിയുടെ തലക്കെട്ട് തന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ സൂചകമാണ് :  ‘ഐ വൈവൈ : നെവർ സോറി’. അദ്ദേഹം തന്റെ സെൽഫ് പോട്രൈറ്റിനു നൽകിയ പേരായ “ Grass mud horse covering the middle” എന്നത് ചൈനീസിൽ ഉച്ചരിക്കപ്പെടുക ഏതാണ്ട് ഇങ്ങനെയായിരിക്കും :  "Fuck your mother, the Communist party central committee".
               ഭരണകൂടത്തിൽ  നടമാടുന്ന മാരകമായ വിധത്തിലുള്ള അഴിമതിയെ അദ്ദേഹം ആവിഷ്കരിച്ചത് ‘ ചൈനീസ് ശവപ്പെട്ടി’ എന്ന ശില്പത്തിലൂടെയായിരുന്നു. ക്രമരഹിതമായ രൂപമുള്ള ശവപ്പെട്ടിയുടെ ശില്പം. ശവപ്പെട്ടിക്ക് ചൈനീസ് ഭാഷയിലെ പേര് ‘ഗ്വാൻസായ്’ എന്നാണ്. ‘ഗ്വാൻ’ എന്ന വാക്കിന്റെ മറ്റൊരർഥം ‘ഉയർന്ന ഉദ്യോഗസ്ഥൻ’ എന്നാണ്, ‘സായ്’ യുടേത് ‘പണം ‘ എന്നും. ചൈനയുടെ സമകാലികസ്ഥിതിയുടെ ശരിയായ ബിംബം തന്നെ ഈ  ശവപ്പെട്ടി.

സോഷ്യൽ മീഡിയയുടെ ഉപയോഗം
           ആശയപ്രകാശനത്തിലെ പുത്തൻ ജനാധിപത്യത്തെ മറ്റേതൊരു ആക്ടിവിസ്റ്റിനെയും പോലെ ഐ വൈവൈവൈയും സോഷ്യൽ മീഡിയയിലൂടെ തിരിച്ചറിഞ്ഞു. അദ്ദേഹം അതിനെ നന്നായി ഉപയോഗിച്ചു. അദ്ദേഹത്തിന്  ട്വിറ്ററിൽ ഒന്നര ലക്ഷത്തിലധികം ഫോളോവേർസ് ആയിരുന്നു ഉണ്ടായിരുന്നത്. അധിക്യതരാൽ നിരന്തരം സെൻസർ ചെയ്യപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ബ്ലോഗ് ഒരു ദിവസം 10000 പേരായിരുന്നു സന്ദർശിച്ചിരുന്നത്. ചൈന പോലൊരു സെൻസർഷിപ്പ് സാമ്രാജ്യത്തിൽ ഇന്റർനെറ്റിലൂടെയുള്ള ആശയവിനിമയവും നിരന്തരം തടസ്സപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിദഗ്ധമായിത്തന്നെ അതിനെയൊക്കെ പലപ്പോഴും മറികടന്നു. അറബ് ലോകത്തെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ച് ഐ വൈവൈ പറയുന്നത് കേൾക്കുക : “ഞാൻ ആദ്യമൊന്നും മുല്ലയെ കാര്യമായി കണ്ടിരുന്നില്ല, പക്ഷെ മുല്ലയെ കണ്ട് പേടിച്ച ആളുകൾ ആ വിവരം നൽകി : ഈ മുല്ല അപകടകാരിയാണെന്ന്. മുല്ല ആ ആളുകളെ എങ്ങനെ പേടിപ്പിക്കുന്നു! എന്തൊരു മുല്ല!“.

കലാകാരൻ വിമതനാകുന്നു


        2008 മെയ് മാസം  സിച്ചുവാൻ പ്രവിശ്യയിലുണ്ടായ ഭൂമികുലുക്കത്തിൽ ഒട്ടേറെ പേർക്ക് മരണം സംഭവിച്ചിരുന്നു. ഈ ദുരന്തത്തിൽ ആ മേഖലയിൽ ഒട്ടേറെ സ്കൂളുകൾ തകരുകയും ആയിരക്കണക്കിനു കുട്ടികൾ മരിക്കുകയും ചെയ്തു. മരിച്ച കുട്ടികളുടെ എണ്ണം സർക്കാർ പുറത്തു വിട്ടത് സംബന്ധമായും സ്കൂൾ കെട്ടിടനിർമ്മാണത്തിലുണ്ടായ അഴിമതി മൂലമാണ് സ്കൂളുകൾ ദ്യഡമായി പണിതീർക്കാൻ സാധിക്കാതിരുന്നതെന്നതെന്നും ആരോപണം ഉയർന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ 2008 ഡിസംബറിൽ ആരംഭിച്ച ‘സിറ്റിസൻസ് ഇന്വെസ്റ്റിഗേഷൻ‘ എന്ന ഓൺലൈൻ കാമ്പൈനിനെ ഐ വൈവൈ അനുകൂലിക്കുകയും തുടർന്ന് ഈ നടപടി അദ്ദേഹത്തെ സർക്കാരിന്റെ കണ്ണിലെ കരടാക്കി മാറ്റുകയും ചെയ്തു. 2009 ഏപ്രിലിൽ ദുരന്തത്തിൽ മരിച്ച 5385 കുട്ടികളുടെ പേരു വിവരം അന്വേഷണ സംഘം പുറത്തു വിട്ടു. ഐ വൈവൈ ഈ ലിസ്റ്റും അനേഷണം സംബന്ധിച്ച ഒട്ടേറെ രേഖകളും തന്റെ ബ്ലോഗിലിട്ടു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ ബ്ലോഗ് അധിക്യതർ അടച്ചു പൂട്ടുകയും ചെയ്തു. ഒട്ടും താമസിച്ചില്ല, തന്റെ ഓഫീസ് ഭിത്തിയിൽ കുട്ടികളുടെ ലിസ്റ്റ് പെയിന്റ് ചെയ്തു  ഐ വൈവൈയിലെ റിബൽ. 2009 ആഗസ്റ്റിൽ പ്രദർശനം കഴിഞ്ഞ് ചോംഗ്ഡുവിൽ നിന്ന് മടങ്ങവെ ഐ വൈവൈയെ പോലീസ് പിടികൂടി മർദ്ദനമേൽ‌പ്പിച്ചു.തലയ്ക്കേറ്റ മർദ്ദനം അദ്ദേഹത്തെ പെട്ടെന്ന് അവശനാക്കുകയും അദ്ദേഹത്തിന് ഒരു അടിയന്തിര ബ്രെയിൻ സർജറി നടത്തുകയും വേണ്ടി വന്നു. അതിനിടെ രാജ്യം വിട്ടു പോകുന്നത് തടയുന്നതിനായി അദ്ദേഹത്തിന്റെ രണ്ട് ഗൂഗിൾ അക്കൌണ്ടുകളും ഹാക്ക് ചെയ്യപ്പെടുകയും അവയിലെ വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്തു.

വിമതൻ കുറ്റവാളിയാക്കപ്പെടുന്നു
           ‘സംശയാസ്പദമായ കുറ്റക്യത്യങ്ങളിൽ’ ഏർപ്പെട്ടു എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ച അധിക്യതർ ഐ വൈവൈയുടെ ബാങ്ക് അക്കൌണ്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഒടുക്കം 2010 നവംബറിൽ അനിവാര്യമായത് സംഭവിച്ചു, അദ്ദേഹം വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട് രാജ്യം  വിട്ടുപോകരുത് എന്ന മുന്നറിയിപ്പോടെ തടങ്കൽ ഒഴിവാക്കുകയും ചെയ്തു. 2011 ജനുവരി 11 നു  അദ്ദേഹത്തിന്റെ സ്റ്റുഡിയോ ഒറ്റയടിയ്ക്ക് തകർത്തു കൊണ്ട് അദ്ദേഹത്തിന്റെ മേൽ  കനത്ത പ്രഹരം ഏൽ‌പ്പിച്ചു ഷാങ്ഹായ് നഗരാധിക്യതർ.

വീണ്ടും തടങ്കലിൽ
     2011 ഏപ്രിൽ മൂന്നിനാണ്  ഐ വൈവൈ രണ്ടാമതും അറസ്റ്റിലാകുന്നത്. ഹോങ്കോംഗിലേക്ക് കടക്കാൻ ശ്രമിക്കവെ ബീജിംഗ് വിമാനത്താവളത്തിൽ വെച്ചായിരുന്നു അത്.അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ കടന്ന് പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. സ്റ്റുഡിയോയിലെ ജോലിക്കാരും  അദ്ദേഹത്തിന്റെ ഭാര്യയും തടഞ്ഞു വെക്കപ്പെട്ടു. ഏപ്രിൽ ഏഴിന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ വരുന്നു : ഐ വൈവൈ സാമ്പത്തിക കുറ്റക്യത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന്. ഭരണകൂടത്തിന്റെ ലക്ഷ്യം അങ്ങനെ വെളിവാക്കപ്പെട്ടു. ഐ വൈവൈ കുറ്റവാളിയാക്കപ്പെട്ടു കഴിഞ്ഞു, ഇനി തകർക്കാനെളുപ്പം! 81 ദിവസം തടങ്കലിൽ കിടന്നു ഐ വൈവൈ. ജയിലിൽ നിന്ന് പുറത്ത് വരുമ്പോഴേക്കും അദ്ദേഹത്തിനെതിരെ നിയമനടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഐ വൈവൈയുടെ അറസ്റ്റ് ചൈനയിൽ പ്രതിഷേധത്തിനു കാരണമായി. ലോകവ്യാപകമായി മനുഷ്യാവകാശപ്രവർത്തകരുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിഷേധം ഉയർത്തിയെങ്കിലും ചൈന അതൊന്നും വകവെയ്ക്കാതെ സ്വന്തം പൌരനെ അപരനാക്കുന്നത് തുടർന്നു. ഭരണകൂടത്തിന്റെ ഔദ്യോഗിക ഇംഗ്ലീഷ് പത്രം ആയ ‘ഗ്ലോബൽ ടൈംസ്’ ഐ വൈവൈ പ്രശ്നത്തിൽ എഡിറ്റോറിയൽ എഴുതി : ‘നിയമം നിഷേധിയുടെ മുൻപിൽ മുട്ടുമടക്കില്ല’.

പ്രതിഷേധവും ‘ഐ വൈവൈ രീതി‘യിൽ
       ഐ വൈവൈയുടെ അറസ്റ്റിനെതിരെയുള്ള ചൈനയിലെ പ്രതിഷേധം ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടിയുടെ നിഴലിൽ ആയിരുന്നെങ്കിലും ചൈനീസ് അധീന പ്രദേശമായ ഹോങ്കോങ്ങിൽ അത് വ്യാപകമായിരുന്നു. ടാങ്കരിൻ എന്ന യുവകലാകാരിയുടെ പ്രതിഷേധം  അവയിൽ ശ്രദ്ധേയമായ ഒന്നായിരുന്നു. തെരുവു നടപ്പാതകളിലും കെട്ടിടച്ചുമരുകളിലും സ്റ്റെൻസിൽ ചെയ്ത ഐ വൈയുടെ ഗ്രാഫിറ്റി സ്പ്രേ പെയിന്റ് ചെയ്തു അവൾ. അതിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു : “ഹൂ ഈസ് അഫ്രൈഡ് ഓഫ് ഐ വൈവൈ?”. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങളുടെ കയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകളിലും ഈ ചിത്രം കാണാമായിരുന്നു.

            പക് മിങ് എന്ന കലാകാരന്റെ പ്രതിഷേധം തികച്ചും  പുതുമയുള്ളതായിരുന്നു.ഹോങ്കോങ് പോലീസ് ആസ്ഥാനത്തിന്റെ മുഖപ്പിലേക്ക് ഐ വൈവൈയുടെ ഒരു പടുകൂറ്റൻ ചിത്രം പ്രൊജക്ട് ചെയ്യുകയാണിദ്ദേഹം ചെയ്തത്. ഈ ചിത്രത്തിന്റെ ഫോട്ടോയെടുക്കുകയും അത് സോഷ്യൽ നെറ്റ്വർക്കുകളിൽ പ്രചരിക്കുകയും ചെയ്തു : പോലീസ് ആസ്ഥാനം നിറഞ്ഞ് നിൽക്കുന്ന ഐ വൈവൈ !

നിയമയുദ്ധത്തിന്റെ ആരംഭം
     നികുതിവെട്ടിപ്പ് ആയിരുന്നു ഐ വൈക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ‘ഫെയ്ക് കൾച്ചറൽ ഡവലപ്പ്മെന്റ് ‘ എന്ന അദ്ദേഹത്തിന്റെ കമ്പനിക്കെതിരെ  അധിക്യതർ ചുമത്തിയ 2.4 ദശലക്ഷം ഡോളറിന്റെ പിഴ അടയ്ക്കാൻ കൂട്ടാക്കാതിരുന്ന ഐ വൈവൈ കോടതിയിലൂടെ ഈ നടപടിയെ എതിർത്തു. വിധി കേൾക്കാൻ  വാദിയെ കോടതിയിൽ ഹാജരാകാൻ പോലും അനുവദിക്കാതിരുന്ന വിചാരണയ്ക്കൊടുവിൽ 2012 ജുലൈയിൽ കേസിലെ വിധി ഐ വൈക്ക് പ്രതികൂലമായി വന്നു. ട്വിറ്ററിലൂടെ അദ്ദേഹം വിധിക്കെതിരെ ഇങ്ങനെ പ്രതികരിച്ചു :  “ നീതിയും നിയമവും ഇവിടെ നിലനിൽക്കുന്നില്ലെന്ന് ഈ രാജ്യം ഒരിക്കൽ കൂടി ലോകത്തിനു മുമ്പാകെ തെളിയിച്ചു.” വിധിക്കെതിരെ അദ്ദേഹം നൽകിയ അപ്പീലും സപ്തംബറിൽ മേൽകോടതി തള്ളി. “കോടതിയ്ക്ക് ഇത്രയും യുക്തിരഹിതവും അപഹസിക്കുന്നതുമാകാൻ കഴിയും എന്ന് ഞാൻ സങ്കല്പിച്ചിരുന്നു പോലുമില്ല”, കോടതിക്കെതിരെ ഐ വൈയുടെ നിശിത വിമർശനം. വിധി പ്രതികൂലമാണെങ്കിലും ഐ വൈവൈ പിഴ അടയ്ക്കാൻ കൂട്ടാക്കിയിട്ടില്ല.
നിശ്ശബ്ദരാകാൻ ഒരുക്കമല്ലാത്ത മനുഷ്യർ
         ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനസമൂഹത്തെ , അവരുടെ രാഷ്ട്രീയത്തെ, സംസ്കാരത്തെ വരിഞ്ഞ് മുറുക്കി നിയന്ത്രിക്കുന്ന ചൈനയുടെ കണ്ണിലെ കരടായി ഇനിയുമുണ്ട് കലാകാരന്മാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളുമായി ഒട്ടേറെ കീഴടങ്ങാത്ത മനുഷ്യർ. ടിയാനന്മെൻ സ്ക്വയർ അടിച്ചമർത്തലിനെക്കുറിച്ചുള്ള “കൂട്ടക്കൊല’ എന്ന കവിതയെഴുതിയതിന് 1990 ൽ തടങ്കലിലായ കവി ലിയാവൊ യിവു മുതൽ 11 വർഷത്തെ തടങ്കൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന , 2010 ലെ സമാധാന നോബൽ സമ്മാനിതനായ സാഹിത്യകാരൻ ലിയു സിയാബോ വരെ നീളുന്നു അത്. അടുത്തിടെ അമേരിക്കൻ എംബസിയിൽ അഭയം തേടുകയും തുടർന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്ത ചെൻ ഗ്വാങ്ചെങ് എന്ന അന്ധനായ അഭിഭാഷക ആക്ടിവിസ്റ്റിന്റേത് ഇത്തരത്തിലുള്ള പുറത്തു കടക്കലുകളിൽ ഒന്നു മാത്രം.  കുടുംബാസൂത്രണത്തിന്റെ പേരിൽ ഭരണകൂടം ബലം പ്രയോഗിച്ച് ഗർഭച്ഛിദ്രം, ഷണ്ഡീകരണം എന്നിവ നടത്തിയ ആയിരക്കണക്കിനു സ്ത്രീകളുടെ കേസുമായി നിയമയുദ്ധത്തിറങ്ങി സർക്കാരിന്റെ രോഷം ഏറ്റുവാങ്ങിയ ആളാണിദ്ദേഹം . ഇനിയും തുടരുന്നു ആ പട്ടിക, മഹത്തായ സംസ്കാരത്തിന്റെ ആരൂഡങ്ങളിലൊന്നായ ആ രാജ്യം ജനാധിപത്യത്തിന്റെ പൊൻ വെളിച്ചത്തിലേക്ക് ഉണരും വരെ നീളും അത്.