Showing posts with label അന്താരാഷ്ട്രം. Show all posts
Showing posts with label അന്താരാഷ്ട്രം. Show all posts

Friday, March 8, 2013

പനാമയിലെ ഗോത്രജനത : ജലസമാധിയ്ക്ക് ഇനിയെത്ര നാള്‍ ?



      പ്രസിദ്ധമായ ആ കനാലിന്റെ നാട്ടിലെ തദ്ദേശീയ ഗോത്രജനത ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ആഗോളമൂലധനത്തിന്റെ ആസുരമായ കൈകള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവും അപൂര്‍വവുമായ പ്രക്യതിസമ്പത്ത് നിറഞ്ഞ മധ്യഅമേരിക്കയിലെ റിപ്പബ്ലിക് ഓഫ് പനാമ എന്ന രാജ്യത്തിലേക്ക് നീണ്ടുചെന്നതിന്റെ ഫലം ഇന്നേറ്റവും പേറുന്നത് അവിടത്തെ പ്രക്യതിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഗോത്രജനതയാണ്. സ്വന്തം അതിജീവനത്തിനായി അവര്‍ പ്രക്ഷോഭത്തിന്റെ പാതയിലുമാണ്.
സ്വന്തം മണ്ണ് അന്യമാക്കപ്പെടുമ്പോള്‍
പനാമയിലെ തദ്ദേശിയ ഗോത്രങ്ങളില്‍ ഏറ്റവും വലുതാണ് ന്‍ഗാബെ (ഗ്വായ്മി) ഗോത്രം. 'ആധുനിക' മനുഷ്യന്റെ കടന്നുകയറ്റത്തില്‍ പാര്‍ശ്വവത്ക്യതരാക്കപ്പെട്ട അവരുടെ ഉടമസ്ഥതയില്‍ ശേഷിച്ചത് ആര്‍ക്കും വേണ്ടാതായ ഭൂമി മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ആ ഭൂമി വിലയേറിയതായി മാറിയിരിക്കുന്നു, കാരണം അതിനടിയിലുള്ള അമൂല്യ ധാതുക്കളുടെ വന്‍ ശേഖരം തന്നെ. ഒരു ഏകാധിപതിയെപ്പോലെ പനാമയെ ഭരിക്കുന്ന പ്രസിഡണ്ട് റിക്കാര്‍ഡോ മാര്‍ട്ടിനെല്ലിയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല ആ ഗോത്രഭൂമി വന്‍കിട വിദേശ മൈനിംഗ് കമ്പനികള്‍ക്ക് പതിച്ചു നല്‍കാന്‍. ന്‍ഗാമെ ഗോത്രത്തിന്റെ ഹ്യദയഭൂമിയിലായിരുന്നു ഈ ഖനികളെല്ലാം ആരംഭിച്ചത്. സ്വാഭാവികമായും ഗോത്രവംശജര്‍ അവിടെനിന്നെല്ലാം പുറത്താക്കപ്പെട്ടു. സ്വന്തം പിത്യഭൂമിയില്‍ നിന്ന് ബഹിഷ്‌ക്യതരായ അവര്‍ എതിര്‍പ്പും ആരംഭിച്ചു.
പുതിയ പദ്ധതി : 'ബാരോ ബ്ലാന്‍കോ'
മൈനിംഗിനെതിരെയുള്ള പ്രതിഷേധം പുകയുന്ന വേളയില്‍ തന്നെയാണ് ഭരണകൂടം പുതിയ പദ്ധതിയുമായി വരുന്നത്. ഇത്തവണത്തേത് സര്‍വനാശക സ്വഭാവമുള്ളതായിരുന്നു. ന്‍ഗാബെ പ്രദേശത്തു കൂടിയൊഴുകുന്ന നദിയായ 'തബസര'യില്‍ ഒരു വലിയ അണ കെട്ടി ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കുക എന്നതായിരുന്നു അത്. മൈനിംഗ് വ്യവസായത്തിന്റെ കടന്നുകയറ്റത്താല്‍ പ്രതിസന്ധിയിലായിരുന്ന ഒരു ലക്ഷത്തോളം വരുന്ന ഗോത്രജനതയെ , അവരുടെ സംസ്‌കാരത്തെ പാടെ തുടച്ചു നീക്കാന്‍ പോകുന്ന ഒന്നായിരുന്നു 'ബാരോ ബ്ലാന്‍കോ' എന്ന വന്‍പദ്ധതി. 2011 ല്‍ പൂര്‍ത്തിയാക്കപ്പെട്ട മറ്റൊരു വലിയ ജലവൈദ്യുത പദ്ധതിയായ 'ചാന്‍ഗ്വിനോല'യില്‍ ജലം ഉയര്‍ന്നപ്പോള്‍ ആയിരക്കണക്കിനു ന്‍ഗോബെ ഗ്രാമങ്ങളാണ് മുങ്ങിപ്പോയത്. സര്‍വതും നഷ്ടപ്പെട്ട ഇവര്‍ക്ക് യാതൊന്നും നഷ്ടപരിഹാരമായി നല്‍കിയില്ല സര്‍ക്കാര്‍ എന്നാരോപിക്കപ്പെടുന്നു.
28.84 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അണക്കെട്ടിന്റെ ഉയരം 200 അടിയാണ്. 'ജെനിസ' എന്ന സ്വകാര്യ കമ്പനിയാണ് ഈ പദ്ധതിയുടെ നിര്‍മ്മാതാക്കള്‍ എങ്കിലും ആരാണ് 'ജെനിസ'യുടെ ഉടമ എന്ന കാര്യം വ്യക്തമല്ല. എന്തായാലും രാജ്യത്തെ ഉന്നതരാഷ്ട്രീയക്കാര്‍ക്ക് കമ്പനിയുമായുള്ള ഉറ്റബന്ധം എന്തായാലും രഹസ്യമല്ല.
'ബൊകാസ് ഡെല്‍ ടോറോ' എന്നറിയപ്പെടുന്ന ഈ ഗോത്രമേഖലയില്‍ ജലവൈദ്യുതപദ്ധതികളുടെ സാധ്യതകള്‍ എഴുപതുകളിലേ കണ്ടെത്തപ്പെട്ടിരുന്നെങ്കിലും രാജ്യത്തിന്റെ ഹൈഡ്രോഇലക്ട്രിക് റിസോഴ്‌സസ് ആന്റ് ഇലക്ട്രിഫിക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്വകാര്യവത്കരിക്കപ്പെട്ട 1998 നു ശേഷമായിരുന്നു ഈ മേഖലയില്‍ 70 പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടത്. രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും അനിവാര്യമെന്ന് ഭരണക്കാര്‍ കരുതുന്ന പുതിയ പദ്ധതിയുടെ നടത്തിപ്പിനെതിരെയുള്ള ഗോത്രമേഖലയുടെ എതിര്‍പ്പിനെ ഒതുക്കാന്‍ സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ തന്ത്രങ്ങളും പുറത്തെടുത്തു. ഗോത്രനേതാക്കളുമായുള്ള ചര്‍ച്ചകള്‍ , കോഴ നല്‍കി വശത്താക്കല്‍ , നിര്‍ബന്ധിത കുടിയിറക്കല്‍ ,പ്രാദേശിക രാഷ്ട്രീയത്തെ വരുതിയിലാക്കല്‍ എല്ലാം മുറയ്ക്ക് നടത്തപ്പെട്ടു. 'ബാരോ ബ്ലാന്‍കോ' കൂടാതെ മുപ്പതോളം ജലവൈദ്യുത പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത് വികസിക്കുന്ന പനാമയ്ക്ക് ആവശ്യമായത്ര വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇത്രയധികം പദ്ധതികള്‍ വേണമോ എന്ന ചോദ്യമുയര്‍ത്തി. ഇതിനുത്തരം തേടുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും വൈദ്യുതി മറ്റ് രാജ്യങ്ങള്‍ക്ക് വിറ്റ് പണം കൊയ്യുക തന്നെയാണ് മുതലിറക്കുന്നവരുടെ ലക്ഷ്യമെന്നും ഭരണകൂടം അതിനു നഗ്‌നമായ പിന്തുണ നല്‍കുകയുമാണെന്ന്. ഈ പദ്ധതികളുടെയെല്ലാം പിന്നില്‍ രാജ്യത്തെ വന്‍സമ്പന്നരാണ് എന്നതും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു.
കടുത്ത എതിര്‍പ്പിന്റെ പാതയിലേക്ക്
2011 മുതല്‍ക്കാണ് പ്രക്ഷോഭങ്ങള്‍ക്ക് വ്യക്തമായ രൂപഭാവങ്ങള്‍ കൈവന്നത്. ആ വര്‍ഷം ഫെബ്രുവരിയിലായിരുന്നു പനാമയിലെ പദ്ധതികളില്‍ വിദേശകമ്പനികള്‍ക്ക് നേരിട്ടുള്ള നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള നിയമഭേദഗതിക്ക് പ്രസിഡണ്ട് അംഗീകാരം നല്‍കിയത്. തദ്ദേശീയ ജനതയുടെ സ്വയംഭരണാവകാശം സംബന്ധിച്ച രാജ്യഭരണഘടനയിലെ വകുപ്പിനു വിരുദ്ധമായ ഈ നടപടി ഗോത്രമേഖലയില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. 'കൊമാര്‍ക' എന്നറിയപ്പെട്ട , ഗോത്രമേഖലയുടെ പ്രത്യേകപദവി, അവരുടെ സ്വയംഭരണാവകാശം എന്നിവയ്‌ക്കൊക്കെ അന്ത്യം കുറിയ്ക്കുന്നതായിരിക്കും ഈ നിയോലിബറല്‍ നിയമം എന്ന് വെളിപ്പെട്ടു. എല്ലാറ്റിനുമുപരി വമ്പിച്ച പാരിസ്ഥിതിക വിനാശമായിരിക്കും മേഖലയെ കാത്തിരിക്കുന്നത് എന്നും ആശങ്കകളുയര്‍ന്നു. പുതിയ 'ഹൈഡ്രോളജിക് കൊളോണിയലിസ'ത്തിനെതിരെ ജനരോഷം ഇളകി. തദ്ദേശീയ ജനതയുടെ അവകാശം സംബന്ധിച്ച ഐക്യരാഷ്ട്ര സഭാപ്രഖ്യാപനത്തിലെ വ്യവസ്ഥകള്‍ക്കും വിരുദ്ധമാണ് സര്‍ക്കാരിന്റെ നിലപാട് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ട് പോയി. 2012 ജനുവരിയില്‍ അണക്കെട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതോടെ പ്രതിഷേധം ശക്തി പ്രാപിച്ചു. ഗോത്രജനത മേഖലയിലൂടെ കടന്നു പോകുന്ന പാന്‍ അമേരിക്കന്‍ ഹൈവേ ഉപരോധിച്ചു, വാഹനഗതാഗതം തടസ്സപ്പെടുത്തി. ഇത് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പ്രതിഷേധത്തിലേക്ക് തിരിയാന്‍ കാരണമായി. 'ഈ ഭൂമി ഞങ്ങളുടെ അമ്മയാണ്. ഞങ്ങള്‍ ഇവിടെ ജീവിക്കാന്‍ കാരണം അവള്‍ ആണ്.ഞങ്ങള്‍ ആ അമ്മയെ സംരക്ഷിക്കും.' ഗോത്രമേഖലയുടെ തിരഞ്ഞെടുക്കപ്പെട്ട നേതാവും വനിതയുമായ സില്‍വിയ കരേരയുടെ വാക്കുകള്‍
ngobe 

സര്‍ക്കാര്‍ 'ചര്‍ച്ച'യ്ക്ക് സമ്മതിക്കുന്നു

പ്രസിഡണ്ടുമായി ഒരു കൂടിക്കാഴ്ച മാത്രം ആവശ്യപ്പെട്ട പ്രതിഷേധക്കാരുടെ നിലപാടിനെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. തികച്ചും സമാധാനപ്രിയരായ ഗോ
ത്രജനതയുടെ ആവശ്യത്തിനോടുള്ള ഈ നിലപാട് തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്ന റിക്കാര്‍ഡോ മാര്‍ട്ടിനെല്ലിയുടെ തനിനിറം കൂടുതല്‍ വെളിച്ചത്താക്കി. ഭരണഘടനപ്രകാരം ഒരു സൈന്യം ഉണ്ടാക്കാനുള്ള വകുപ്പ് ഇല്ലാതിരുന്ന രാജ്യത്തെ പോലീസിനെ കുറേശെയായി സൈനികവത്കരിക്കുകയായിരുന്നു പ്രസിഡണ്ട് ചെയ്ത് വന്നത്. പ്രതിഷേധ വേളയില്‍ ഗോത്രമേഖലയില്‍ പോലീസിന്റെ തേരോട്ടമായിരുന്നു നടന്നത് എന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ ആളുകളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായും സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയതായും ആരോപിക്കപ്പെട്ടു. ഫെബ്രുവരി അഞ്ചിന് പോലീസും ഹൈവേ തടഞ്ഞ ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തതോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. സില്‍വിയ കരേരയുമായി പ്രസിഡണ്ട് ചര്‍ച്ചയ്ക്ക് സമ്മതിച്ചു.
ഭാഗികവിജയം നേടിയ പ്രക്ഷോഭം

തലസ്ഥാനമായ പനാമ സിറ്റിയിലെ നാഷണല്‍ അസംബ്ലിയില്‍ വെച്ചായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. തങ്ങളുടെ നേതാവിന് പിന്തുണ നല്‍കിക്കൊണ്ട് ഒട്ടേറെ ജനങ്ങള്‍ നൂറുകണക്കിനു മൈല്‍ ദൂരം താണ്ടി അസംബ്ലി കെട്ടിടത്തിനു മുന്‍പില്‍ ഇരിപ്പുറപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനങ്ങള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു പോലീസ് ചെയ്തത് എന്ന് ദ്യക്‌സാക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. കുറെ ആളുകള്‍ക്ക് വെടിയേറ്റെങ്കിലും മരണം സംഭവിച്ചില്ല. ചര്‍ച്ചയില്‍ നിന്ന് പിന്തിരിയാന്‍ സര്‍ക്കാര്‍ മന:പൂര്‍വം നടത്തിയ നാടകമായിരുന്നു വെടിവെപ്പ് എന്നാരോപിക്കപ്പെട്ടു. എന്നാല്‍ ഈ കെണിയില്‍ നേതാവായ സില്‍വിയ കരേര വീണില്ല. അവര്‍ പ്രസിഡണ്ടുമായുള്ള ചര്‍ച്ച റദ്ദാക്കാന്‍ തയ്യാറായില്ല. ചര്‍ച്ചയ്‌ക്കൊടുവില്‍ സര്‍ക്കാരും പ്രക്ഷോഭകാരുമായി ഒരു കരാര്‍ ഒപ്പിടപ്പെട്ടു. അതിലെ പ്രധാന വ്യവസ്ഥ ഗോത്രജനതയുടെ സ്വയംഭരണാവകാശത്തിന്റെ കടയ്ക്ക് കത്തിവെക്കുന്ന പുതിയ നിയമം സംബന്ധമായി ചര്‍ച്ച തുടരും എന്നതായിരുന്നു. ജലവൈദ്യുതപദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയില്‍ നടന്ന തുടര്‍ചര്‍ച്ചകളില്‍ പുതിയ നിയമം പിന്‍വലിക്കാന്‍ പ്രസിഡണ്ട് തയ്യാറായത് ഗോത്രജനതയുടെ വലിയ വിജയമായി മാറി. ഗോത്രമേഖലയിലെ മൈനിംഗ് നിര്‍ത്തിവെക്കാനും തീരുമാനമായി.എങ്കിലും പ്രധാനപ്രശ്‌നമായ ജലവൈദ്യുതപദ്ധതിയുടെ നിര്‍മ്മാണം തുടര്‍ന്നും നടത്താന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം.
ഇപ്പോള്‍ മുപ്പത് ശതമാനം പണി പൂര്‍ത്തിയായിരിക്കുന്ന 'ബാരോ ബ്ലാന്‍കോ' അണക്കെട്ട് നിറയുമ്പോള്‍ മുങ്ങിയൊഴുകിപ്പോവുക നൂറ്റാണ്ടുകളായി തങ്ങള്‍ ജീവിക്കുന്ന പ്രക്യതിയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ അവിടെ ജീവിച്ചിരുന്ന കുറേ മനുഷ്യരും അവരുടെ സംസ്‌കാരവും ജീവിതവുമാണ്. ലോകത്തില്‍ മറ്റൊരിടത്തും കാണപ്പെടാത്ത അപൂര്‍വജീവജാലങ്ങളുടെ ആവാസവ്യവസ്ഥയുമാണ് ആ മേഖല.'തബസര റെയിന്‍ ഫ്രോഗ്' എന്ന തവളയിനം ഒരു ഉദാഹരണം മാത്രം. പക്ഷെ വെറും തവളയ്ക്കും ആദിവാസിക്കും വേണ്ടി 'വികസനം' ഒഴിവാക്കാന്‍ മാത്രം വിഡ്ഡികളല്ലല്ലോ പനാമയുടെ ഭരണകര്‍ത്താക്കള്‍ ?

Wednesday, February 20, 2013

ഐ വൈവൈയെ ആർക്കാണ് പേടി?

        
         ഒരു സമഗ്രാധിപത്യ രാഷ്ട്രത്തിനും ‘ധിക്കാരി‘കളെ വെച്ചു പൊറുപ്പിക്കാനാവില്ല. ‘തൊഴിലാളിവർഗ‘ സർവാധിപത്യത്തിന്റെ  പറുദീസയായ ചൈനയാകട്ടെ വിമർശകരെയും റിബലുകളെയും സമകാലികചരിത്രത്തിൽ മറ്റൊരു ഭരണകൂടവും ചെയ്യാത്തത്ര മികവോടെയാണ് ഒതുക്കുന്നത്, ഒതുങ്ങാത്തവരെ തകർക്കുന്നത്. അക്കൂട്ടത്തിൽ സാഹിത്യകാരന്മാരുണ്ട്, ആക്ടിവിസ്റ്റുകളുണ്ട്, അഭിഭാഷകരുണ്ട്, മനുഷ്യാവകാശപ്രവർത്തകരുണ്ട്, ധിക്കാരിയായ കലാകാരൻ ഐ വൈവൈയുമുണ്ട്. ഐ വൈവൈയുടെ പ്രശസ്തി, സോഷ്യൽ മീഡിയയുടെ സമർഥമായ ഉപയോഗം, നിശ്ശബ്ദനാകാനുള്ള ഒരുക്കമില്ലായ്മ, അദ്ദേഹത്തിന്റെ അറുതിയില്ലാത്തതും ബഹുമാനമില്ലാത്തതും ശക്തവുമായ ഭരണകൂട വിമർശനം എന്നിവയോടുള്ള ചൈനയുടെ സമീപനം വിയോജിപ്പിനോടുള്ള ആ രാജ്യത്തിന്റെ മനോഭാവത്തിന്റെ ഉത്തമോദാഹരണമാണ്.

കലാകാരൻ, ഭ്രാന്തൻ, തന്റേടി

                      ശില്പി , ആർക്കിടെക്ട്, ഡിസൈനർ,ക്യൂറേറ്റർ,ഫോട്ടോഗ്രാഫർ എന്നീ നിലകളിലെല്ലാം ലോകപ്രശസ്തനായ കലാകാരനും കഴിഞ്ഞ രണ്ട് ദശകങ്ങളിലെ സമകാലീന ചൈനീസ് കലയുടെ പ്രതീകവുമായ  ഐ വൈവൈയെ എന്തു കൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ പരമാധികാര ശക്തികളിലൊന്നായ ചൈന പേടിക്കുന്നത് ? അതറിയണമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം , ആശയലോകം, കലാരീതി, ആക്ടിവിസ്റ്റിന്റെ ഭയരഹിതമാ‍യ ഇടപെടൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കണം.
                    1957 ൽ ജനിച്ച ഐ വൈവൈയുടെ പിതാവ് ഐ ക്വിങ് ചൈനയിലെ ഏറ്റവും പ്രശസ്തനായ  കവിയും , അമ്പതുകളിൽ ചൈനീസ് കംയൂണിസ്റ്റ് പാർട്ടിയിലെ വലതുപക്ഷ വിരുദ്ധ പ്രസ്ഥാനത്തിന്റെ പിടിയിലായി വലതനായി മുദ്രകുത്തപ്പെട്ട് ലേബർ ക്യാമ്പിൽ അടയ്ക്കപ്പെട്ട വ്യക്തിയുമാണ്.1958 ൽ ഐ വൈക്ക് ഒരു വയസ്സുള്ളപ്പോഴാണ് സംഭവം അച്ഛനൊപ്പം അമ്മയും അടയ്ക്കപ്പെട്ടു  ലേബർ ക്യാമ്പിൽ. ഊഹിക്കാമല്ലോ എങ്ങനെയാണ് ഐ വൈവൈ റിബലായത് എന്ന്?
                   പതിനാറ് വയസ്സുവരെ ബീജിംഗിനു പുറത്തു ജീവിച്ച ഐ വൈവൈ 1975 ൽ ആണ് അവിടേക്ക് തിരിച്ചെത്തുന്നത്.1978 ൽ ബീജിംഗ് ഫിലിം അക്കാദമിയിൽ സിനിമ പഠിയ്ക്കാനായി ചേർന്നു . കലാകാരനെന്ന നിലയിൽ അപ്പോഴേക്കും ശ്രദ്ധിക്കപ്പെട്ടിരുന്ന ഐ വൈവൈ ആദ്യകാല ചൈനീസ് അവാന്റ് ഗാർദ് കലാസംഘമായ ‘സ്റ്റാർസ്’ കൂട്ടുകാർക്കൊപ്പം ചേർന്ന് സ്ഥാപിക്കുകയും തന്റെ സ്യഷ്ടികൾ അതുമായി ചേർന്ന് നടത്തുകയും ചെയ്തു. 1981 ൽ അമേരിക്കയിലേക്ക് പോയ ഐ വൈവൈ 1993 വരെ തന്റെ കലാപ്രവർത്തനങ്ങൾ ന്യൂയോർക്ക് കേന്ദ്രമാക്കി നടത്തി.1993 ൽ ചൈനയിൽ തിരിച്ചെത്തിയ ഐ വൈവൈ  തുടർന്ന് ചൈനയിൽ തന്നെ കലാപ്രവർത്തനങ്ങളുമായി തുടർന്നു , വാസ്തുശില്പി,ക്യൂറേറ്റർ എന്നീ നിലകളിലെല്ലാം തന്റെ കലാപ്രവർത്തനത്തെ വ്യാപിപ്പിച്ചു. എന്നാൽ ചൈനയെക്കാളുപരി യൂറോപ്പ്,അമേരിക്ക എന്നിവിടങ്ങളിലായിരുന്നു ഐ വൈവൈ പ്രസിദ്ധൻ.അദ്ദേഹം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഒട്ടേറെ കലാപ്രദർശനം നടത്തിയിട്ടുണ്ട്.
                  ചൈനയിൽ അദ്ദേഹം കൂടുതലായി അറിയപ്പെട്ടത് വിചിത്രസ്വഭാവിയും അരവട്ടനുമായ ആൾ എന്ന നിലയിലാണ്. 2008 ലെ ഒളിമ്പിക്സിന്റെ വേദിയായ ബീജിംഗിലെ ‘കിളിക്കൂട് സ്റ്റേഡിയം’ എന്ന് അറിയപ്പെട്ട നാഷണൽ സ്റ്റേഡിയത്തിന്റെ ആർട്ടിസ്റ്റിക് കൺസൾട്ടന്റ് ആയി ഐ വൈവൈ നിയമിക്കപ്പെട്ടെങ്കിലും അധികം താമസിയാതെ ആ പ്രോജക്ടിൽ നിന്ന് പിന്മാറി. തുടർന്ന് അദ്ദേഹം സ്വീകരിച്ച ഒളിമ്പിക്സ് വിരുദ്ധ നിലപാട് ആണ് ഭരണകൂടത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ ആദ്യ  ഉരസലായി മാറുന്നത്. ‘ഒളിമ്പിക്സിന്റെ ചൈനീസ് ആതിഥേയത്വം കപടവും  ഹിപ്പോക്രിസിയുമാണ്’ എന്നാണ് ഐ വൈവൈവൈ തുറന്നടിച്ചത്. ഐ വൈവൈയുടെ ജീവിതത്തെക്കുറിച്ച് അലിസൻ ക്ലൈമാൻ സംവിധാ‍നം ചെയ്ത ഡോക്യുമെന്റെറിയുടെ തലക്കെട്ട് തന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ സൂചകമാണ് :  ‘ഐ വൈവൈ : നെവർ സോറി’. അദ്ദേഹം തന്റെ സെൽഫ് പോട്രൈറ്റിനു നൽകിയ പേരായ “ Grass mud horse covering the middle” എന്നത് ചൈനീസിൽ ഉച്ചരിക്കപ്പെടുക ഏതാണ്ട് ഇങ്ങനെയായിരിക്കും :  "Fuck your mother, the Communist party central committee".
               ഭരണകൂടത്തിൽ  നടമാടുന്ന മാരകമായ വിധത്തിലുള്ള അഴിമതിയെ അദ്ദേഹം ആവിഷ്കരിച്ചത് ‘ ചൈനീസ് ശവപ്പെട്ടി’ എന്ന ശില്പത്തിലൂടെയായിരുന്നു. ക്രമരഹിതമായ രൂപമുള്ള ശവപ്പെട്ടിയുടെ ശില്പം. ശവപ്പെട്ടിക്ക് ചൈനീസ് ഭാഷയിലെ പേര് ‘ഗ്വാൻസായ്’ എന്നാണ്. ‘ഗ്വാൻ’ എന്ന വാക്കിന്റെ മറ്റൊരർഥം ‘ഉയർന്ന ഉദ്യോഗസ്ഥൻ’ എന്നാണ്, ‘സായ്’ യുടേത് ‘പണം ‘ എന്നും. ചൈനയുടെ സമകാലികസ്ഥിതിയുടെ ശരിയായ ബിംബം തന്നെ ഈ  ശവപ്പെട്ടി.

സോഷ്യൽ മീഡിയയുടെ ഉപയോഗം
           ആശയപ്രകാശനത്തിലെ പുത്തൻ ജനാധിപത്യത്തെ മറ്റേതൊരു ആക്ടിവിസ്റ്റിനെയും പോലെ ഐ വൈവൈവൈയും സോഷ്യൽ മീഡിയയിലൂടെ തിരിച്ചറിഞ്ഞു. അദ്ദേഹം അതിനെ നന്നായി ഉപയോഗിച്ചു. അദ്ദേഹത്തിന്  ട്വിറ്ററിൽ ഒന്നര ലക്ഷത്തിലധികം ഫോളോവേർസ് ആയിരുന്നു ഉണ്ടായിരുന്നത്. അധിക്യതരാൽ നിരന്തരം സെൻസർ ചെയ്യപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ബ്ലോഗ് ഒരു ദിവസം 10000 പേരായിരുന്നു സന്ദർശിച്ചിരുന്നത്. ചൈന പോലൊരു സെൻസർഷിപ്പ് സാമ്രാജ്യത്തിൽ ഇന്റർനെറ്റിലൂടെയുള്ള ആശയവിനിമയവും നിരന്തരം തടസ്സപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വിദഗ്ധമായിത്തന്നെ അതിനെയൊക്കെ പലപ്പോഴും മറികടന്നു. അറബ് ലോകത്തെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ച് ഐ വൈവൈ പറയുന്നത് കേൾക്കുക : “ഞാൻ ആദ്യമൊന്നും മുല്ലയെ കാര്യമായി കണ്ടിരുന്നില്ല, പക്ഷെ മുല്ലയെ കണ്ട് പേടിച്ച ആളുകൾ ആ വിവരം നൽകി : ഈ മുല്ല അപകടകാരിയാണെന്ന്. മുല്ല ആ ആളുകളെ എങ്ങനെ പേടിപ്പിക്കുന്നു! എന്തൊരു മുല്ല!“.

കലാകാരൻ വിമതനാകുന്നു


        2008 മെയ് മാസം  സിച്ചുവാൻ പ്രവിശ്യയിലുണ്ടായ ഭൂമികുലുക്കത്തിൽ ഒട്ടേറെ പേർക്ക് മരണം സംഭവിച്ചിരുന്നു. ഈ ദുരന്തത്തിൽ ആ മേഖലയിൽ ഒട്ടേറെ സ്കൂളുകൾ തകരുകയും ആയിരക്കണക്കിനു കുട്ടികൾ മരിക്കുകയും ചെയ്തു. മരിച്ച കുട്ടികളുടെ എണ്ണം സർക്കാർ പുറത്തു വിട്ടത് സംബന്ധമായും സ്കൂൾ കെട്ടിടനിർമ്മാണത്തിലുണ്ടായ അഴിമതി മൂലമാണ് സ്കൂളുകൾ ദ്യഡമായി പണിതീർക്കാൻ സാധിക്കാതിരുന്നതെന്നതെന്നും ആരോപണം ഉയർന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ 2008 ഡിസംബറിൽ ആരംഭിച്ച ‘സിറ്റിസൻസ് ഇന്വെസ്റ്റിഗേഷൻ‘ എന്ന ഓൺലൈൻ കാമ്പൈനിനെ ഐ വൈവൈ അനുകൂലിക്കുകയും തുടർന്ന് ഈ നടപടി അദ്ദേഹത്തെ സർക്കാരിന്റെ കണ്ണിലെ കരടാക്കി മാറ്റുകയും ചെയ്തു. 2009 ഏപ്രിലിൽ ദുരന്തത്തിൽ മരിച്ച 5385 കുട്ടികളുടെ പേരു വിവരം അന്വേഷണ സംഘം പുറത്തു വിട്ടു. ഐ വൈവൈ ഈ ലിസ്റ്റും അനേഷണം സംബന്ധിച്ച ഒട്ടേറെ രേഖകളും തന്റെ ബ്ലോഗിലിട്ടു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ ബ്ലോഗ് അധിക്യതർ അടച്ചു പൂട്ടുകയും ചെയ്തു. ഒട്ടും താമസിച്ചില്ല, തന്റെ ഓഫീസ് ഭിത്തിയിൽ കുട്ടികളുടെ ലിസ്റ്റ് പെയിന്റ് ചെയ്തു  ഐ വൈവൈയിലെ റിബൽ. 2009 ആഗസ്റ്റിൽ പ്രദർശനം കഴിഞ്ഞ് ചോംഗ്ഡുവിൽ നിന്ന് മടങ്ങവെ ഐ വൈവൈയെ പോലീസ് പിടികൂടി മർദ്ദനമേൽ‌പ്പിച്ചു.തലയ്ക്കേറ്റ മർദ്ദനം അദ്ദേഹത്തെ പെട്ടെന്ന് അവശനാക്കുകയും അദ്ദേഹത്തിന് ഒരു അടിയന്തിര ബ്രെയിൻ സർജറി നടത്തുകയും വേണ്ടി വന്നു. അതിനിടെ രാജ്യം വിട്ടു പോകുന്നത് തടയുന്നതിനായി അദ്ദേഹത്തിന്റെ രണ്ട് ഗൂഗിൾ അക്കൌണ്ടുകളും ഹാക്ക് ചെയ്യപ്പെടുകയും അവയിലെ വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്തു.

വിമതൻ കുറ്റവാളിയാക്കപ്പെടുന്നു
           ‘സംശയാസ്പദമായ കുറ്റക്യത്യങ്ങളിൽ’ ഏർപ്പെട്ടു എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ച അധിക്യതർ ഐ വൈവൈയുടെ ബാങ്ക് അക്കൌണ്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഒടുക്കം 2010 നവംബറിൽ അനിവാര്യമായത് സംഭവിച്ചു, അദ്ദേഹം വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട് രാജ്യം  വിട്ടുപോകരുത് എന്ന മുന്നറിയിപ്പോടെ തടങ്കൽ ഒഴിവാക്കുകയും ചെയ്തു. 2011 ജനുവരി 11 നു  അദ്ദേഹത്തിന്റെ സ്റ്റുഡിയോ ഒറ്റയടിയ്ക്ക് തകർത്തു കൊണ്ട് അദ്ദേഹത്തിന്റെ മേൽ  കനത്ത പ്രഹരം ഏൽ‌പ്പിച്ചു ഷാങ്ഹായ് നഗരാധിക്യതർ.

വീണ്ടും തടങ്കലിൽ
     2011 ഏപ്രിൽ മൂന്നിനാണ്  ഐ വൈവൈ രണ്ടാമതും അറസ്റ്റിലാകുന്നത്. ഹോങ്കോംഗിലേക്ക് കടക്കാൻ ശ്രമിക്കവെ ബീജിംഗ് വിമാനത്താവളത്തിൽ വെച്ചായിരുന്നു അത്.അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ കടന്ന് പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. സ്റ്റുഡിയോയിലെ ജോലിക്കാരും  അദ്ദേഹത്തിന്റെ ഭാര്യയും തടഞ്ഞു വെക്കപ്പെട്ടു. ഏപ്രിൽ ഏഴിന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ വരുന്നു : ഐ വൈവൈ സാമ്പത്തിക കുറ്റക്യത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന്. ഭരണകൂടത്തിന്റെ ലക്ഷ്യം അങ്ങനെ വെളിവാക്കപ്പെട്ടു. ഐ വൈവൈ കുറ്റവാളിയാക്കപ്പെട്ടു കഴിഞ്ഞു, ഇനി തകർക്കാനെളുപ്പം! 81 ദിവസം തടങ്കലിൽ കിടന്നു ഐ വൈവൈ. ജയിലിൽ നിന്ന് പുറത്ത് വരുമ്പോഴേക്കും അദ്ദേഹത്തിനെതിരെ നിയമനടപടികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഐ വൈവൈയുടെ അറസ്റ്റ് ചൈനയിൽ പ്രതിഷേധത്തിനു കാരണമായി. ലോകവ്യാപകമായി മനുഷ്യാവകാശപ്രവർത്തകരുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിഷേധം ഉയർത്തിയെങ്കിലും ചൈന അതൊന്നും വകവെയ്ക്കാതെ സ്വന്തം പൌരനെ അപരനാക്കുന്നത് തുടർന്നു. ഭരണകൂടത്തിന്റെ ഔദ്യോഗിക ഇംഗ്ലീഷ് പത്രം ആയ ‘ഗ്ലോബൽ ടൈംസ്’ ഐ വൈവൈ പ്രശ്നത്തിൽ എഡിറ്റോറിയൽ എഴുതി : ‘നിയമം നിഷേധിയുടെ മുൻപിൽ മുട്ടുമടക്കില്ല’.

പ്രതിഷേധവും ‘ഐ വൈവൈ രീതി‘യിൽ
       ഐ വൈവൈയുടെ അറസ്റ്റിനെതിരെയുള്ള ചൈനയിലെ പ്രതിഷേധം ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടിയുടെ നിഴലിൽ ആയിരുന്നെങ്കിലും ചൈനീസ് അധീന പ്രദേശമായ ഹോങ്കോങ്ങിൽ അത് വ്യാപകമായിരുന്നു. ടാങ്കരിൻ എന്ന യുവകലാകാരിയുടെ പ്രതിഷേധം  അവയിൽ ശ്രദ്ധേയമായ ഒന്നായിരുന്നു. തെരുവു നടപ്പാതകളിലും കെട്ടിടച്ചുമരുകളിലും സ്റ്റെൻസിൽ ചെയ്ത ഐ വൈയുടെ ഗ്രാഫിറ്റി സ്പ്രേ പെയിന്റ് ചെയ്തു അവൾ. അതിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു : “ഹൂ ഈസ് അഫ്രൈഡ് ഓഫ് ഐ വൈവൈ?”. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങളുടെ കയ്യിലുണ്ടായിരുന്ന പ്ലക്കാർഡുകളിലും ഈ ചിത്രം കാണാമായിരുന്നു.

            പക് മിങ് എന്ന കലാകാരന്റെ പ്രതിഷേധം തികച്ചും  പുതുമയുള്ളതായിരുന്നു.ഹോങ്കോങ് പോലീസ് ആസ്ഥാനത്തിന്റെ മുഖപ്പിലേക്ക് ഐ വൈവൈയുടെ ഒരു പടുകൂറ്റൻ ചിത്രം പ്രൊജക്ട് ചെയ്യുകയാണിദ്ദേഹം ചെയ്തത്. ഈ ചിത്രത്തിന്റെ ഫോട്ടോയെടുക്കുകയും അത് സോഷ്യൽ നെറ്റ്വർക്കുകളിൽ പ്രചരിക്കുകയും ചെയ്തു : പോലീസ് ആസ്ഥാനം നിറഞ്ഞ് നിൽക്കുന്ന ഐ വൈവൈ !

നിയമയുദ്ധത്തിന്റെ ആരംഭം
     നികുതിവെട്ടിപ്പ് ആയിരുന്നു ഐ വൈക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ‘ഫെയ്ക് കൾച്ചറൽ ഡവലപ്പ്മെന്റ് ‘ എന്ന അദ്ദേഹത്തിന്റെ കമ്പനിക്കെതിരെ  അധിക്യതർ ചുമത്തിയ 2.4 ദശലക്ഷം ഡോളറിന്റെ പിഴ അടയ്ക്കാൻ കൂട്ടാക്കാതിരുന്ന ഐ വൈവൈ കോടതിയിലൂടെ ഈ നടപടിയെ എതിർത്തു. വിധി കേൾക്കാൻ  വാദിയെ കോടതിയിൽ ഹാജരാകാൻ പോലും അനുവദിക്കാതിരുന്ന വിചാരണയ്ക്കൊടുവിൽ 2012 ജുലൈയിൽ കേസിലെ വിധി ഐ വൈക്ക് പ്രതികൂലമായി വന്നു. ട്വിറ്ററിലൂടെ അദ്ദേഹം വിധിക്കെതിരെ ഇങ്ങനെ പ്രതികരിച്ചു :  “ നീതിയും നിയമവും ഇവിടെ നിലനിൽക്കുന്നില്ലെന്ന് ഈ രാജ്യം ഒരിക്കൽ കൂടി ലോകത്തിനു മുമ്പാകെ തെളിയിച്ചു.” വിധിക്കെതിരെ അദ്ദേഹം നൽകിയ അപ്പീലും സപ്തംബറിൽ മേൽകോടതി തള്ളി. “കോടതിയ്ക്ക് ഇത്രയും യുക്തിരഹിതവും അപഹസിക്കുന്നതുമാകാൻ കഴിയും എന്ന് ഞാൻ സങ്കല്പിച്ചിരുന്നു പോലുമില്ല”, കോടതിക്കെതിരെ ഐ വൈയുടെ നിശിത വിമർശനം. വിധി പ്രതികൂലമാണെങ്കിലും ഐ വൈവൈ പിഴ അടയ്ക്കാൻ കൂട്ടാക്കിയിട്ടില്ല.
നിശ്ശബ്ദരാകാൻ ഒരുക്കമല്ലാത്ത മനുഷ്യർ
         ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനസമൂഹത്തെ , അവരുടെ രാഷ്ട്രീയത്തെ, സംസ്കാരത്തെ വരിഞ്ഞ് മുറുക്കി നിയന്ത്രിക്കുന്ന ചൈനയുടെ കണ്ണിലെ കരടായി ഇനിയുമുണ്ട് കലാകാരന്മാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളുമായി ഒട്ടേറെ കീഴടങ്ങാത്ത മനുഷ്യർ. ടിയാനന്മെൻ സ്ക്വയർ അടിച്ചമർത്തലിനെക്കുറിച്ചുള്ള “കൂട്ടക്കൊല’ എന്ന കവിതയെഴുതിയതിന് 1990 ൽ തടങ്കലിലായ കവി ലിയാവൊ യിവു മുതൽ 11 വർഷത്തെ തടങ്കൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന , 2010 ലെ സമാധാന നോബൽ സമ്മാനിതനായ സാഹിത്യകാരൻ ലിയു സിയാബോ വരെ നീളുന്നു അത്. അടുത്തിടെ അമേരിക്കൻ എംബസിയിൽ അഭയം തേടുകയും തുടർന്ന് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്ത ചെൻ ഗ്വാങ്ചെങ് എന്ന അന്ധനായ അഭിഭാഷക ആക്ടിവിസ്റ്റിന്റേത് ഇത്തരത്തിലുള്ള പുറത്തു കടക്കലുകളിൽ ഒന്നു മാത്രം.  കുടുംബാസൂത്രണത്തിന്റെ പേരിൽ ഭരണകൂടം ബലം പ്രയോഗിച്ച് ഗർഭച്ഛിദ്രം, ഷണ്ഡീകരണം എന്നിവ നടത്തിയ ആയിരക്കണക്കിനു സ്ത്രീകളുടെ കേസുമായി നിയമയുദ്ധത്തിറങ്ങി സർക്കാരിന്റെ രോഷം ഏറ്റുവാങ്ങിയ ആളാണിദ്ദേഹം . ഇനിയും തുടരുന്നു ആ പട്ടിക, മഹത്തായ സംസ്കാരത്തിന്റെ ആരൂഡങ്ങളിലൊന്നായ ആ രാജ്യം ജനാധിപത്യത്തിന്റെ പൊൻ വെളിച്ചത്തിലേക്ക് ഉണരും വരെ നീളും അത്.

Tuesday, February 5, 2013

എന്തിനാണ് ഖാതാസിലെ മുത്തശ്ശി കഞ്ചാവ് വളർത്തുന്നത്?

                                                                                    

ഖാതാസിലെ മുത്തശ്ശി കഞ്ചാവ് വളർത്തുന്നു
                                                                                                                                       
ഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പിലെ സ്വാസിലാണ്ട് എന്ന ദരിദ്രരാജ്യത്തിലെ ഖാതാസിലെ എന്ന മുത്തശ്ശിയ്ക്ക് മുൻപിൽ വിധി ഒരുക്കിയത് വലിയ ഒരു ബാധ്യതയായിരുന്നു, എയ്ഡ്സ് രോഗബാധിതരായി മരണപ്പെട്ട തന്റെ 3 പെണ്മക്കളുടെ 11 കുഞ്ഞുങ്ങളുടെ സംരക്ഷണം. 
          എച്ച്.ഐ.വി ബാധയുടെ കാര്യത്തിൽ ലോകത്തേറ്റവും കൂടിയ നിരക്കുള്ള സ്വാസിലാണ്ട് ആഫ്രിക്കയിൽ  രാജഭരണം  നടക്കുന്ന ഏകരാഷ്ട്രമാണ്. ആന്റി റെട്രോവൈറൽ മരുന്നുകളുടെ തീവ്രമായ ഉപയോഗം  എയ്ഡ്സ് മൂലമുള്ള മരണനിരക്കിൽ നല്ല കുറവുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇന്നും എച്ച്.ഐ.വി ബാധിതർ ഇല്ലാത്ത ഒറ്റ കുടുംബം പോലുമില്ല സ്വാസിലാണ്ടിൽ എന്നതാണ് വസ്തുത.
        തന്റെ അനാഥക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ യാതൊരു മാർഗവും തുറന്നു കിട്ടിയില്ല ഖാതാസിലെയ്ക്ക് , ‘സ്വാസി സ്വർണ‘ത്തെ കണ്ടെത്തുന്നത് വരെ.

പട്ടിണിയകറ്റാൻ ‘സ്വാസി ഗോൾഡ്‘
    ‘സ്വാസി ഗോൾഡ്‘ എന്ന പേരിൽ അറിയപ്പെടുന്നത് ആ രാജ്യത്തിന്റെ പ്രത്യേക കാ‍ലാവസ്ഥയിൽ വളരുന്നതും അയൽരാജ്യമായ ദക്ഷിണാഫ്രിക്കയുടെ മയക്കുമരുന്ന് വിപണിയിലെ വിലയേറിയ മുതലുമായ കഞ്ചാവ് ഇനം ആണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ദക്ഷിണാഫ്രിക്കയിലെ മയക്കുമരുന്നുപയോഗം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. ഈ ആവശ്യം നിറവേറ്റുന്നത് സ്വാസിലാണ്ടിലെ കഞ്ചാവ് ക്യഷിയിൽ നിന്നുമാണ്. 1.4 ദശലക്ഷം ആളുകൾ മാത്രം ജീവിക്കുന്ന കൊച്ചുരാഷ്ട്രമായ സ്വാസിലാണ്ടിൽ അതിനേക്കാൾ 180 മടങ്ങ് വലുപ്പമുള്ള,കഞ്ചാവിന്റെ മറ്റൊരു വലിയ ഉത്പാദകരായ ഇന്ത്യയിലേക്കാൾ കൂടുതൽ സ്ഥലം കഞ്ചാവ് ക്യഷിക്കുപയോഗിക്കുന്നു എന്നത് ആ സ്വാസി ഗോൾഡിന്റെ വ്യാപകമായ ക്യഷിയെ സൂചിപ്പിക്കുന്നു.

      തന്റെ കുഞ്ഞുങ്ങളെപ്പോറ്റാൻ നമ്മുടെ മുത്തശ്ശി തിരഞ്ഞെടുത്ത വഴി സ്വാസിലാണ്ടിലെ പിഗ്സ് പീക്ക് എന്ന പ്രദേശത്തുള്ള ഒട്ടേറെ കുടുംബങ്ങളുടെ ഉപജീവനമാർഗം തന്നെയായിരുന്നു, സ്വാസി ഗോൾഡ് എന്ന കഞ്ചാവിനം ക്യഷി ചെയ്യുക എന്നത്. അങ്ങനെ കൊടുകാടിനകത്തെ ഒരു വിദൂരമായ കുന്നിൻ പുറത്ത് ഖാതാസിലെ മുത്തശ്ശി സ്വാസി ഗോൾഡിന്റെ ആദ്യ വിളവിറക്കി.

       2007 ൽ ആണ് ഖാതാസിലെയുടെ മകൾ തന്റെ ഇരുപത്തിനാലാം വയസ്സിൽ എയ്ഡ്സ് രോഗത്താൽ മരണമടഞ്ഞത്.അവൾ ബാക്കിയാക്കിയിട്ടു പോയത് നാല് കുഞ്ഞുങ്ങളെയായിരുന്നു.രണ്ട് വർഷത്തിനു ശേഷം മറ്റൊരു മകൾ കൂടി യാത്രയായി. അവളുടെ കുഞ്ഞുങ്ങളുടെ എണ്ണം മൂന്ന്. 4 കുഞ്ഞുങ്ങളെ അമ്മയെ ഏൽ‌പ്പിച്ച് മൂന്നാമത്തെ മകളായ നോംസയുടെ മരണം പിന്നെയും രണ്ട് മാസം കഴിഞ്ഞായിരുന്നു. മുത്തശ്ശിയുടെ ഒറ്റമുറിക്കുടിലിൽ അങ്ങനെ 11 പേരും വളരാൻ തുടങ്ങി.പട്ടിണി മാത്രം കൂട്ട്.

വലിയ ചങ്ങലയിലെ ചെറുകണ്ണി
       അഫ്ഘാനിസ്ഥാനിലെ പോപ്പി കർഷകരെപ്പോലെയോ ലാറ്റിൻ അമേരിക്കയിലെ കൊക്ക കർഷകരെപ്പോലെയോ താനും മയക്കുമരുന്ന് ക്യഷി എന്ന വലിയ കച്ചവട ശ്യംഖലയിലെ കണ്ണിയാണ് എന്ന കാര്യം  ഖാതാസിലെയ്ക്കറിയില്ല. തന്റെ കുഞ്ഞുങ്ങളുടെ പട്ടിണിയകറ്റുന്നതിനും അവരെ സ്കൂളിലയയ്ക്കുന്നതിനും അവർ ആ ക്യഷി ചെയ്യുന്നു, അത്രമാത്രം. അഫ്ഘാനിസ്ഥാനിലെന്ന വണ്ണം ഇവിടെയും ദാരിദ്യമാണ് മുഖ്യപ്രതി. സ്വതവേയുള്ള ദാരിദ്യത്തിന്റെ തീയിലേക്ക് കൂടുതൽ ഇന്ധനം പകർന്ന എയ്ഡ്സ് ദുരന്തം കൂടിയായപ്പോൾ അവസ്ഥ കൂടുതൽ പരിതാപകരമാകുകയും ചെയ്തു.
           മറ്റ് വിളകൾ ക്യഷിചെയ്യാനുള്ള സാഹചര്യത്തിന്റെ കുറവ് തന്നെയാണ് പിഗ്സ് പീക്കിലെ ഗ്രാമീണരെ കഞ്ചാവ് ക്യഷിയിലേക്ക് നയിക്കുന്ന ഘടകം എന്ന് പറയുന്നു അവർ. വനപ്രദേശമായതിനാൽ അവർ നടുന്ന ചോളമോ കാബേജോ കുരങ്ങുകൾക്ക് ഭക്ഷണമായിത്തീരുന്നു. കൂടാതെ മഴയെ മാത്രം ആശ്രയിച്ച് ക്യഷിയിറക്കുന്ന  ആ നാട്ടിലെ മണ്ണിൽ നന്നായി വളരുന്ന വിളകളും കുറവാണ്.തൊഴിലില്ലായ്മ രൂക്ഷമായ ഗ്രാമപ്രദേശങ്ങൾ വിട്ട് യുവാക്കൾ രാജ്യത്തിലെ വലിയ നഗരങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു.ഗ്രാമങ്ങളിൽ ശേഷിക്കുന്നത് കുറെ അനാഥക്കുഞ്ഞുങ്ങളും അവരെ സംരക്ഷിക്കാൻ ബാക്കിയായ ഖാതാസിലെയെപ്പോലുള്ള സ്ത്രീകളും മാത്രം. എയ്ഡ്സ് രോഗബാധിതരായ മാതാപിതാക്കളുടെ മരണം അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വ്യദ്ധരായ മുത്തശ്ശിമാരെ നിർബന്ധിതരാക്കുന്ന സാഹചര്യം. തങ്ങളുടെ വാർദ്ധക്യത്തിൽ അവർക്ക് വീണ്ടും ആ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്.

ക്യഷി ദുഷ്കരം
       ഖാതാസിലെയെപ്പോലുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ ക്യഷി അത്ര എളുപ്പമുള്ള സംഗതിയല്ല. അനുയോജ്യമായ ക്യഷിയിടം കണ്ടെത്തൽ ദുഷ്കരം തന്നെയാണ്.ക്യഷിയിടം വിളയ്ക്കായി ഒരുക്കുക എന്നതും വ്യദ്ധരായ ഇവരെ സംബന്ധിച്ച് വിഷമകരം തന്നെ.നട്ട് നനച്ച് കാവൽ നിന്ന് വിളവെടുക്കാനാകുമ്പൊൾ പോലീസും  വന്നെത്തും. വിളവെടുപ്പിനു തൊട്ടുമുമ്പെത്തുന്ന പോലീസ് വിളമുഴുവൻ കത്തിച്ച് സ്ഥലം വിടും. ഖതാസിലയുടെ മാസങ്ങൾ നീണ്ട അധ്വാനം അങ്ങനെ വ്യഥാവിലാകുകയും ചെയ്യും.
     ഇനി പ്രശ്നങ്ങളൊന്നും കൂടാതെ വിള കൊയ്താലോ , ഇടനിലക്കാർ വന്നെത്തും. വിലപേശൽ ശേഷി ഒട്ടുമില്ലാത്ത ഗ്രാമീണർക്ക് അവർ പറയുന്ന വിലയ്ക്ക് സാധനം വിൽക്കേണ്ടിയും വരുന്നു.ഇടനിലക്കാരന് സാധനം വിൽക്കുന്നില്ല എന്ന് വെച്ചാൽ തന്നെ സാധനം കൂടുതൽ സമയം സൂക്ഷിക്കാൻ സാധിക്കില്ല എന്ന പ്രശ്നം വരുന്നു.

          കഞ്ചാവ് ക്യഷിയിൽ നിന്ന് ജീവിക്കാനുള്ള വക കിട്ടുന്നുണ്ടെങ്കിലും അത് അത്ര നല്ല കാര്യമൊന്നുമല്ലെന്ന് ഖാതാസിലെക്കറിയാം.കുഞ്ഞുങ്ങളുടെ അടുത്ത വർഷത്തെ സ്കൂൾ ഫീസ് മാത്രം 400 ഡോളർ വരും. അത് സമ്പാദിക്കാൻ മറ്റൊരു വഴിയും ഇല്ല താനും.അങ്ങനെ മുത്തശ്ശി അടുത്ത വിളയ്ക്കുള്ള സ്ഥലം കണ്ടെത്താൻ കാടുകയറാൻ തുടങ്ങുന്നു.

    “ നിങ്ങൾ എന്നെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ? പട്ടിണി മനുഷ്യനെ എന്തു ചെയ്യാനും പ്രേരിപ്പിക്കും എന്ന് അതനുഭവിക്കുന്നവർക്കറിയാം.” ഖാതാസിലെ മുത്തശ്ശിയുടെ വാക്കുകൾ.



Saturday, January 19, 2013

പാകിസ്ഥാനിലെ പെണ്‍ചരക്കുകള്‍

പാകിസ്ഥാനില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നിര്‍ണ്ണായക ശക്തിയുള്ള ബലൂചിസ്ഥാന്‍ സംസ്ഥാനത്തിലെ ദേരാ ബഗ്തി ജില്ലയില്‍ പരസ്പരം പോരടിച്ചു വന്നിരുന്ന 2 ഗോത്രങ്ങള്‍ തങ്ങളുടെ വൈരം അവസാനിപ്പിക്കാനായി 2012 സെപ്തംബറില്‍ സ്വീകരിച്ച പ്രാചീനകാലമാര്‍ഗം തങ്ങളുടെ ഏറ്റവും വലിയ 'സ്വത്ത്' എന്ന് അവര്‍ കരുതുന്ന ഒന്നിനെ പരാജിതഗോത്രം അപരനു നല്‍കുക എന്നതായിരുന്നു. ഈ സ്വത്ത് എന്തായിരുന്നു എന്ന ചോദ്യം ആണീ കഥയുടെ പൊരുള്‍ : അവരുടെ പെണ്‍കുട്ടികള്‍ ആണ് ആ സ്വത്ത്. ഒരു ഗോത്രം തങ്ങളുടെ 13 പെണ്‍കുട്ടികളെ ശത്രുഗോത്രത്തിനു നല്‍കുക എന്നതായിരുന്നു 'ജിര്‍ഗ' എന്നറിയപ്പെടുന്ന ഗോത്രപഞ്ചായത്തിന്റെ തീരുമാനം. 9 മുതല്‍ 13 വരെ പ്രായമുള്ളവരായിരുന്നു ഈ പെണ്‍കുട്ടികള്‍ എന്നത് കഥയുടെ ഇരുണ്ട വശത്തെ കാണിക്കുന്നു. പതിനാലുകാരി മലാലയ്ക്ക് പാകിസ്ഥാനിലെ ഗോത്രാധിഷ്ടിത,യാഥാസ്ഥിതിക സമൂഹം നല്‍കിയതിനെക്കുറിച്ച് ലോകം തുറന്ന ചര്‍ച്ചകളില്‍ മുഴുകിയ സമയത്ത് ആ രാജ്യത്തിലെ തന്നെ 13 പെണ്‍കുട്ടികള്‍ മറ്റൊരു വലിയ ദുരന്തത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. മലാല സംഭവത്തെക്കുറിച്ച് അന്തര്‍ദേശീയ തലത്തില്‍ നടന്ന ചര്‍ച്ചകള്‍ തീര്‍ച്ചയായും ചെന്നെത്തേണ്ടിയിരുന്ന , പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ എന്ന യാഥാര്‍ഥ്യത്തിലേക്ക് പലപ്പോഴും എത്തിനോക്കുക പോലും ചെയ്തില്ല എന്നതാണ് വസ്തുത.

പ്രാചീനമായ ആചാരം
ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനായി പെണ്‍കുട്ടികളെ സമ്മാനമായോ നഷ്ടപരിഹാരമായോ നല്‍കുന്ന ആചാരം പാകിസ്ഥാനിലെ ഗോത്രങ്ങള്‍ക്കിടയില്‍ പ്രാചീനകാലം മുതല്‍ക്കേ നടപ്പുള്ള
ഒന്നാണ്.'വനി'യെന്നറിയപ്പെടുന്ന ഇത് പുരുഷാധിപത്യ സമൂഹത്തിന്റെ സ്ത്രീയോടുള്ള മനോഭാവത്തിന്റെ ക്ലാസിക്കല്‍ രീതിയാണെന്ന് പറയാം.ഈ സംഭവത്തിലെ ഞെട്ടിക്കുന്ന മറ്റൊരു വശം ഈ തീരുമാനം എടുക്കപ്പെട്ടത് ബലൂചിസ്ഥാന്‍ സംസ്ഥാനത്തിലെ ഒരു നിയമസഭാ അംഗത്തിന്റെ അധ്യക്ഷതയില്‍ നടന്ന 'ജിര്‍ഗ' യോഗത്തിലായിരുന്നു എന്നതായിരുന്നു. സംഭവം പാകിസ്ഥാനിലെ സുപ്രീം കോടതിയില്‍ എത്തപ്പെടുകയും 'ആചാരപര'മായ നടപടികളിലേക്ക് കോടതി ഇറങ്ങുകയും ചെയ്‌തെങ്കിലും അതൊന്നും ആ രാജ്യത്തിലെ ഗോത്രാധിഷ്ഠിത മതസമൂഹത്തിന്റെ തൊലിപ്പുറമെ പോലും സ്പര്‍ശിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം .
ഈ ആചാരം പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ പല പേരുകളിലാണ് അറിയപ്പെടുന്നത് എങ്കിലും അടിസ്ഥാന സ്വഭാവം സമാനമാണ് : തര്‍ക്കങ്ങളിലെ തീര്‍പ്പില്‍ പെണ്‍കുട്ടികളുടെ 'പങ്ക്'. ഇത് ഖൈബര്‍ പഖ്ത്തൂണ്‍വാല സംസ്ഥാനത്ത് 'സ്വര' എന്നും പഞ്ചാബ്,ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ 'വനി' അല്ലെങ്കില്‍ 'ലജായ്' എന്നും സിന്ധില്‍ 'സങ് ചാത്തി' എന്നും അറിയപ്പെടുന്നു. ഈ പ്രദേശങ്ങളിലെല്ലാം ഈ ആചാരം നൂറ്റാണ്ടുകളായി തുടരുന്ന ഒന്നാണ്.
ഇത്തരത്തില്‍ ശത്രുഗ്യഹങ്ങളിലേക്ക് വധുക്കളായി കടന്നു ചെല്ലുന്ന പെണ്‍കുട്ടികള്‍ അവരുടെ ജീവിതകാലം മുഴുവന്‍ ശത്രുക്കളായിത്തന്നെ കണക്കാക്കപ്പെടുന്നു, ഭര്‍ത്താവിന്റെ കുടുംബക്കാരാല്‍. കാലങ്ങളായി രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നടമാടിയ വൈരത്തിന്റെ കണക്കുകള്‍ മുഴുവനും ഈ പാവം പെണ്‍കുട്ടികളുടെ മേല്‍ പ്രയോഗിക്കപ്പെടുന്നു. അവളുടെ ശിഷ്ടജീവിതം നരകതുല്യമാകും എന്ന് സാരം. ഇത് തന്നെയാണ് ഈ പ്രശ്‌നത്തിന്റെ ഏറ്റവും മാരകമായ അംശം. ' വനി എന്നത് കൊല തന്നെയാണ്. ശത്രുകുടുംബത്തിലെ ആണുങ്ങള്‍ക്ക് ഞങ്ങളെ വിവാഹം ചെയ്തു കൊടുക്കുന്നതും കൊല്ലുന്നതും തുല്യമാണ്'. അമ്മാവന്‍ നടത്തിയ കൊലപാതകത്തിനുള്ള ശിക്ഷയായി കൊലചെയ്യപ്പെട്ടവന്റെ കുടുംബത്തിലേക്ക് കൊടുക്കപ്പെട്ട മരുമകള്‍ അബ്ദ ഖാന്‍ പറയുന്നു. അവളുടെ അമ്മാവന്റെ മകളും 4 മരുമക്കളും അടക്കം 5 പെണ്‍കുട്ടികള്‍ ആണ് ശത്രുവിന്റെ കുടുംബത്തിലേക്ക് എത്തിക്കപ്പെട്ടത്. അബ്ദ ഖാന്‍ തനിക്ക് നീതി ലഭിക്കാനായി ഇപ്പോള്‍ നടത്തുന്ന നിയമയുദ്ധം പാകിസ്ഥാനില്‍ അവളെപ്പോലെ പീഡിപ്പിക്കപ്പെടുന്ന ആയിരക്കണക്കിനു പെണ്‍കുട്ടികളുടെ പ്രതീക്ഷകളെ ഉണര്‍ത്തിയിരിക്കുന്നു.
 ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തപ്പെട്ട പെണ്‍കുട്ടികളുടെയും വനിതാ പാര്‍ലമെന്റ് അംഗങ്ങളുടെയും കൂടിച്ചേരലിനു വേദിയൊരുക്കി പെഷവാറില്‍ വെച്ച് നടത്തപ്പെട്ട ഒരു എന്‍.ജി.ഒ യുടെ പരിപാടിയില്‍ റുക്‌സാന എന്ന പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. തന്റെ പതിനൊന്നാം വയസ്സില്‍ ഇരുപതുകാരനുമായി നിര്‍ബന്ധവിവാഹത്തിനു വിധേയയായ അവളെ ആദ്യരാത്രിയില്‍ ഭര്‍ത്യപിതാവിന്റെ മുറിയിലേക്ക് 'ആചാരപര'മായി കയറ്റിവിട്ടത് ഭര്‍ത്താവിന്റെ അമ്മ തന്നെയാണ്. ആ ഗോത്രത്തിലെ ആചാരം അതായിരുന്നത്രെ!
നിസ്സഹായമായ ഭരണകൂടം
പാകിസ്ഥാനിലെ ഭരണകൂടത്തിനു അവിടത്തെ ഗോത്രമേഖലയിലെ പിടി എന്നത് വളരെ ദുര്‍ബലമായ ഒന്നാണെന്നിരിക്കെ ഇത്തരം ആചാരങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും അതിനാവുന്നില്ല.കുട്ടികളുടെ അവകാശം സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികളില്‍ പലതിലും ഒപ്പു വെച്ചിട്ടുള്ള രാജ്യമാണ് പാകിസ്ഥാന്‍ എങ്കിലും അവിടെ ആകെ നടക്കുന്ന വിവാഹങ്ങളില്‍ 30 ശതമാനവും ശൈശവ വിവാഹം ആണ് എന്ന യാഥാര്‍ഥ്യമാണ് നിലനില്‍ക്കുന്നത്.
1929 ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമം ആണിപ്പോഴും ഇത്തരം കേസുകളില്‍ ഉപയോഗിക്കുന്നത്. അതനുസരിച്ചാകട്ടെ വെറും ഒരു മാസത്തെ തടവോ ആയിരം രൂപ പിഴയോ മാത്രമേ ശിക്ഷയായി നല്‍കാന്‍ കഴിയൂ. ഈ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാന്‍ പലപ്പോഴും സര്‍ക്കാരിന് കഴിയാറുമില്ല. ഈ നിയമത്തിലെ ഏറ്റവും പ്രതികൂലമായ സംഗതി, ശൈശവവിവാഹമാണ് നടന്നിട്ടുള്ളതെങ്കിലും അതിനെ റദ്ദാക്കാന്‍ അത് പ്രകാരം സാധിക്കില്ല എന്നതാണ് എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തന്നെ സ്ത്രീകളുടെ പ്രശ്‌നത്തില്‍ ഇടപെടാനാകും എന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍ ഒട്ടേറെ നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നിനും ഈ മേഖലയിലെ സമാന്തര ഭരണം കയ്യാളുന്ന ഗോത്രസര്‍ക്കാരുകളുടെ സ്വാധീനത്തെ കുറയ്ക്കാന്‍ സാധിച്ചിട്ടില്ല എന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ വിലയിരുത്തുന്നു.
' ഈ മേഖലയില്‍ പെണ്‍കുട്ടികള്‍ പലപ്പോഴും ചെറുപ്രായത്തില്‍ തന്നെ ബലാത്സംഗത്തിനു വിധേയരാകുന്നു.' സ്ത്രീകളെ ഇത്തരത്തില്‍ തര്‍ക്കങ്ങള്‍ തീര്‍ക്കാനായി ഉപയോഗിക്കുന്നതിനെതിരെ 2004 ല്‍ സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് നേടിയ മനുഷ്യാവകാശപ്രവര്‍ത്തകന്‍ സമര്‍ മിനല്ലയുടെ വാക്കുകള്‍ പെണ്‍കുട്ടികള്‍ അവിടെ നേരിടുന്ന അരക്ഷിതാവസ്ഥയുടെ സൂചനയാണ്. മിനല്ലയുടെ കേസ് വിചാരണയ്‌ക്കെടുത്ത വേളയില്‍ മാത്രം 70 പെണ്‍കുട്ടികളെ ഈ ആചാരത്തിനു വിധേയമാക്കുന്ന കേസുകളെങ്കിലും തടയുകയുണ്ടായി കോടതി.
            മതാചാരങ്ങളും ഗോത്രവഴക്കങ്ങളും തമ്മിലുള്ള അതിര്‍വരമ്പ് വളരെ നേര്‍ത്തതായ ഗോത്രമേഖലയില്‍ നിലനില്‍ക്കുന്ന ഈ ആചാരങ്ങള്‍ തികച്ചും അനിസ്ലാമികമാണെന്നും മതം സ്ത്രീകളെ ഒരിക്കലും ചരക്കുകളായി കാണുന്നില്ല എന്നുമൊക്കെ പാകിസ്ഥാനിലെ മതസംഘടനകളും നേതാക്കളും ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും ഈ പ്രശ്‌നത്തില്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന അവരും തികഞ്ഞ നിഷ്‌ക്രിയത്വം പാലിക്കാന്‍ ശ്രദ്ധിക്കുന്നു.



എൻ മലയാളം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്

Friday, January 18, 2013

കൊല്ലുക,പത്രപ്രവർത്തകനെ !!

       മാനവ സമൂഹം കണ്ടെത്തിയ ഏറ്റവും നല്ല വ്യവസ്ഥയായ ജനാധിപത്യത്തിന്റെ  പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായ , നിക്ഷ്പക്ഷവും സ്വതന്ത്രവുമായ പത്രപ്രവർത്തനം എന്ന സങ്കല്പത്തിന്റെ കടയ്ക്ക് കത്തിവെയ്ക്കുന്ന പലതും സംഭവിക്കുന്നുണ്ട് വർത്തമാ‍ന കാലത്ത്. പത്രസ്വാതന്ത്ര്യത്തെ, അതു വഴി അഭിപ്രായസ്വാതന്ത്ര്യത്തെ ഒട്ടാകെത്തന്നെയും ഹനിക്കുന്ന ഈ കാര്യങ്ങളിൽ ഏറ്റവും മാരകമായ ഒന്നാണ് പത്രപ്രവർത്തകരെ ഈ ലോകത്തു നിന്നു തന്നെ ഒഴിവാക്കുക എന്നത്.  കൊല്ലപ്പെടുന്ന പത്രപ്രവർത്തകർ ജനാധിപത്യത്തിന്റെ ഏറ്റവും മോശമായ അവസ്ഥയെ കാണിക്കുന്ന ഘടകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ഇന്ന് .  ഇരയാരാണ് എന്നത് പരിഗണിക്കാതെ തന്നെ കൊല  ഹീനമായ ഒരു കുറ്റക്യത്യമാണ് എന്നത് ലോകസമ്മതമായ ഒരു കാഴ്ചപ്പാട് ആണെങ്കിൽ സമൂഹത്തിലെ അംഗങ്ങൾക്ക് സത്യം എത്തിച്ച് കൊടുക്കുന്ന , ലോകത്തിന്റെ അനീതികളെ തുറന്നു കാണിക്കുന്ന ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യുക എന്നത് എത്രത്തോളം ഹീനമാണ് എന്നത് ഗൌരവതരമായ ചർച്ച ആവശ്യപ്പെടുന്ന ഒരു വിഷയം ആണ്.

20 വർഷം കൊണ്ട് 950 പേർ !
    പത്രപ്രവർത്തകരുടെ സുരക്ഷ ലക്ഷ്യമായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റിന്റെ കണക്ക് പ്രകാരം 1992 മുതൽ ഇതു വരെയായി ലോകമൊട്ടാകെ 950 പത്രപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ 54 ശതമാനം പ്രിന്റ് മീഡിയയിൽ നിന്നുള്ളവരും 28 ശതമാനം ടെലിവിഷൻ പ്രവർത്തകരും 20 ശതമാനം റേഡിയോയുമായി ബന്ധപ്പെട്ടവരുമാണ്. 5 ശതമാനം പത്രപ്രവർത്തകർ പുത്തൻ മാധ്യമമായ ഇന്റർനെറ്റുമായി ബന്ധപ്പെട്ടവരാണ്.  70 ശതമാനം പേരും ആസൂത്രിതമായ കൊലയ്ക്ക് ഇരയായവരാണ് എന്നത് പ്രശ്നത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ആരാണ് അവരെ ഇല്ലായ്മ ചെയ്യുന്നത്?
         പത്രപ്രവർത്തകരെ ഇല്ലാതാക്കേണ്ടത് ഏറ്റവും ആവശ്യമായി വരുന്നത് സ്വാഭാവികമായും ക്രിമിനൽ,രാഷ്ട്രീയ  ഗ്രൂപ്പുകൾക്കാണ് എന്നത് വ്യക്തമായ ഒരു വസ്തുതയാണ്. എന്നാൽ പത്രക്കാർക്കെതിരെ തിരിയുന്നവരിൽ  ക്രിമിനലുകളെക്കാൾ കൂടുതൽ ശതമാനം പേർ ഗവണ്മെന്റ് ഉദ്യോഗസ്ഥർ എന്ന ഗ്രൂപ്പിൽ വരുന്നവരാണ് എന്ന വസ്തുത പ്രാദേശിക പോലീസ് സേനയിലെ അംഗങ്ങളുടെ പങ്ക് വ്യക്തമാക്കുന്നു. രാഷ്ട്രീയം തന്നെയാണ് ഈ കുരുതികൾക്കുള്ള പ്രധാനകാരണം എന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് വിലയിരുത്തുന്നു. 20 ശതമാനം കൊലകൾ അഴിമതിയുമായി ബന്ധപ്പെട്ടതാണ്.

മരണം നൽകുന്ന ഇടങ്ങൾ
    ഏഷ്യൻ ,ആഫ്രിക്കൻ,ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ് പത്രപ്രവർത്തകന് കടുത്ത അനുഭവങ്ങൾ തീർക്കുന്ന പ്രധാന ഭൂമേഖലകൾ. 1992 മുതലുള്ള കാലയളവിൽ പത്രപ്രവർത്തകന്റെ രക്തം ഏറ്റവും കൂടുതൽ ചിന്തപ്പെട്ടത് ഇറാഖിന്റെ യുദ്ധഭൂമിയിലാണ് : 151 പേർക്ക് ജീവൻ നഷ്ടപ്പെട്ടു തങ്ങളുടെ ജോലിക്കിടെ. രണ്ടാം സ്ഥാനം മറ്റൊരു ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസ് ആണ്. യുദ്ധക്കളമൊന്നും തീർക്കപ്പെടാത്ത ആ രാജ്യത്തിൽ ആസൂത്രിത കൊലതന്നെയാണ് ഏറിനിൽക്കുന്നത് .
        ആറാം സ്ഥാനം അലങ്കരിക്കുന്ന പാകിസ്ഥാന് പത്രപ്രവർത്തകന് അവന്റെ ജോലി ചെയ്യാൻ ഏറ്റവും പ്രയാസകരമായ രാജ്യം എന്ന ‘ബഹുമതി’ യാണ് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ 10 വർഷം കൊണ്ട് മാത്രം 48 പേരാണ് ആഗോളതീവ്രവാദത്തിന്റെ ഈറ്റില്ലമായ അവിടെ കൊല്ലപ്പെട്ടത്. ഇതിൽ 35 പേർ ആസൂത്രിതമായ മരണക്കുടുക്കിൽ പെട്ടവരാണ്. ഇതിൽ ലോകശ്രദ്ധ ആകർഷിച്ച വാൾ സ്ട്രീറ്റ് ലേഖകൻ ഡാനിയൽ പേളിന്റെ കേസിൽ മാത്രമേ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളു പാകിസ്ഥാനിൽ.  ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റൂട്ടിന്റെ (ഐ.പി.ഐ) കണക്ക് പ്രകാരം   2012 ൽ മാത്രം അവിടെ 5 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.മാരകമായി പരുക്കേൽ‌പ്പിക്കപ്പെട്ടവർ ഒട്ടേറെയാണ്. 
       ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് പുകഴ്പെറ്റ ഇന്ത്യ ഈ പട്ടികയിൽ എട്ടാം സ്ഥാനത്താണ് . 2012 വരെ  ആകെ 17 പത്രപ്രവർത്തകരാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത്.1992 മെയ് 18 ന് കൊല്ലപ്പെട്ട ആകാശവാണി ലേഖകൻ എം.എൽ. മൻചന്ദ മുതൽ നീളുന്ന ഈ കണ്ണിയിലെ ഏറ്റവും ഒടുവിലത്തെ ഇര  2012 മാർച്ചിൽ കൊല്ലപ്പെട്ട രാജേഷ് മിശ്ര ആണ്. 

      വ്ലാഡിമീർ പുട്ടിന്റെ ‘ഏകാധിപത്യ’ത്തിൻ കീഴിൽ ഞെരിയുന്ന റഷ്യയാണ് ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ പെടുന്ന ഏക യൂറോപ്യൻ രാഷ്ട്രം. അവിടെ 20 വർഷത്തിനിടെ 53 പേരാണ് കൊലക്കത്തിക്കിരയായത്.  വ്ലാഡിമീർ പുട്ടിന്റെ ഭരണത്തെ ലോകത്തിനു മുമ്പായി തുറന്നു കാണിച്ച് അദ്ദേഹത്തിന്റെ കണ്ണിലെ കരടായി മാറിയ ഉശിരൻ പത്രപ്രവർത്തകയായ അന്ന പൊളിറ്റ്കോവ്സ്കായയുടെ 2006 ഒക്ടോബർ ഏഴിലെ കൊലപാതകത്തിൽ പുട്ടിന്റെ പങ്ക് സംശയാസ്പദമാണെന്ന് ആ രാജ്യത്തിലെ മനുഷ്യാവകാശപ്രവർത്തകർ കരുതുന്നു.

മാരകമായ 2012

      2012 പത്രപ്രവർത്തന ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു കാലഘട്ടമായി മാറിയിരിക്കുന്നു.1992 മുതൽക്കുള്ള 950 പേരിൽ  2012 ൽ മാത്രം വധിക്കപ്പെട്ടത് 26 രാജ്യങ്ങളിലായി 121 പേരാണ്. 1997 മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മെക്സിക്കോയിൽ ഇക്കഴിഞ്ഞ  നവംബർ 14 ന് കൊല്ലപ്പെട്ട അഡ്രിയാൻ സിൽവ മൊറേനോ എന്ന ജേർണലിസ്റ്റ്  വരെ ആണീ എണ്ണം. വിയന്നയിലെ ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റൂട്ട് ആണ് ഈ  കണക്ക് പുറത്ത് വിട്ടിട്ടുള്ളത്. ഈ വർഷം ഏറ്റവും കൂടൂതൽ പേർ കൊല്ലപ്പെട്ടത് ഇപ്പോഴും ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായ സിറിയയിലാണ് : 36 പേർ. ഈ കണക്കുകൾ വെച്ച് നമുക്കെത്താവുന്ന നിഗമനം ഓരോ 3 ദിവസങ്ങൾ കൂടുമ്പോഴും ഒരു പത്രപ്രവർത്തകൻ വെച്ച് കൊല്ലപ്പെട്ടു ഈ വർഷം എന്നതാണ്.

       അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ അഗ്രഗാമി എന്നറിയപ്പെടുന്ന വില്യം തോമസ് സ്റ്റെഡിന്റെ ഒരു വാചകം അനുസരിച്ച് “പത്രം എന്നത് ഒരേ സമയം ജനതയുടെ കണ്ണും കാതും നാവുമാണ്. അത് ജനാധിപത്യത്തിന്റെ കാണാവുന്ന ശബ്ദമാണ്”. ഓരോ തവണയും അയാൾ കൊല്ലപ്പെടുമ്പോഴും സമൂഹത്തിന്റെ കാഴ്ചയും ശബ്ദവും ആണ് അതോടൊപ്പം കൊള്ളയടിക്കപ്പെടുന്നത്.

എൻ മലയാളം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്

Friday, January 11, 2013

സംസാരിക്കുന്ന ചിത്രങ്ങൾ

           കൂട്ടുകാരിൽ മിക്കവരും സ്ഥിരമായി പത്രം വായിക്കുന്ന സ്വഭാവം ഉള്ളവരായിരിക്കും അല്ലേ? പലപ്പോഴും വാർത്തകൾക്കൊപ്പം ഫോട്ടോകളും നൽകിയിരിക്കുന്നത് ശ്രദ്ധിച്ചിരിക്കും . വാർത്ത നമുക്ക് നൽകാൻ ശ്രമിക്കുന്ന വിവരത്തെ പൂർണമാക്കാനാണ് ഇത്തരത്തിൽ ചിത്രങ്ങൾ അവയ്ക്കൊപ്പം നൽകുന്നത്. പലപ്പോഴും ഈ ചിത്രങ്ങൾക്ക് ഒറ്റയ്ക്കുള്ള നിലനിൽ‌പ്പ് ഉണ്ടാകാറില്ല. എന്നാൽ ആയിരക്കണക്കിനു വാക്കുകൾക്ക് കഴിയാൻ സാധിക്കാത്തത്ര ഉൾക്കാഴ്ച നൽകുന്ന വാർത്താചിത്രങ്ങൾ ലോകചരിത്രത്തിലുണ്ട്. അവ മിക്കവയും ദുരന്തങ്ങളിലും യുദ്ധങ്ങളിലും അകപ്പെടുന്ന മനുഷ്യരുടെ കഥയാണ് നമുക്ക് പറഞ്ഞ് തരുന്നത്. ഇന്ന് നമുക്ക് അവയിൽ കുറച്ച് ചിത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം .

പാവം പെൺകുട്ടി!

വാർത്താചിത്രം എന്ന് കേൾക്കുമ്പോഴെ മനസ്സിൽ എപ്പോഴും ഓടിയെത്തുന്ന ഒന്നാണ് ഈ പാവം പെൺകുട്ടിയുടെ കരച്ചിലും യാതനയും. വിയറ്റ്നാം യുദ്ധരംഗത്തു നിന്നാണീ ദ്യശ്യം നിക് ഉട്ട് എന്ന ഫോട്ടോഗ്രാഫർക്ക് ലഭിക്കുന്നത്. കിം ഫുക് എന്ന 9 വയസ്സുകാരി 1972 ജൂൺ എട്ടാം തീയതിയിലെ നാപ്പാം ബോംബാക്രമണത്തിൽ ശരീരമാസകലം പൊള്ളലേറ്റ് അലറിക്കരഞ്ഞു കൊണ്ട് നഗ്നയായി തെരുവിലൂടെ ഓടുന്ന ദ്യശ്യം യുദ്ധത്തിന്റെ ഭീകരത ലോകത്തിന് ബോധ്യപ്പെടുത്തിയ ഒന്നാണ്.

ദാരിദ്യത്തിന്റെ മുഖചിത്രം!


1930 കളിൽ അമേരിക്കയെ പിടിച്ചുലച്ച ‘ഗ്രേറ്റ് ഡിപ്രഷൻ’ എന്നറിയപ്പെട്ട സാമ്പത്തിക മാന്ദ്യത്തിന്റെ നേർക്കാഴ്ച്ചയാണീ ചിത്രം നൽകുന്നത്. 1936 ൽ ഡൊറോത്തി ലാംഗ്സ് എടുത്ത ‘മൈഗ്രന്റ് മദർ’ എന്ന് പേരുള്ള ഈ ചിത്രത്തിൽ തെളിഞ്ഞു കാണുന്നത് ദാരിദ്യത്തിന്റെ നിസ്സഹായ അവസ്ഥയാണ്.

       
     തൊഴിലും വീടും നഷ്ടപ്പെട്ട് കാലിഫോർണിയയിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന ഫ്ലോറൻസ് ഓവൻസ് തോംസൺ എന്ന ഏഴു കുട്ടികളുടെ അമ്മയാണീ ചിത്രത്തിലിരുന്ന് നമ്മെ നോക്കി നെടുവീർപ്പിടുന്നത്.






കത്തുന്ന സംന്യാസി!
പ്രതിഷേധത്തിന്റെ ഭാവങ്ങൾ അനാവരണം ചെയ്യുന്ന പ്രസിദ്ധമായ വാർത്താചിത്രങ്ങളിലൊന്നാണ് വിയറ്റ്നാമിലെ തിച് ക്വാങ് ഡുക് എന്ന ബുദ്ധസംന്യാസിയുടേത്. 1963 ജൂൺ 11 നാണ് ഇദ്ദേഹം മതസ്വാതന്ത്ര്യം അനുവദിക്കപ്പെടാത്ത തെക്കൻ വിയറ്റ്നാമിലെ അവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് ജനത്തിരക്കേറിയ സൈഗോൺ നഗരത്തിലെ ഒരു തെരുവിൽ വെച്ച് സ്വയം തീകൊളുത്തിയത്. മാൽക്കം ബ്രൌൺ എന്ന ഫോട്ടോഗ്രാഫർ ആണ് ഈ വിഖ്യാതമായ ഫോട്ടോ എടുത്തത്.

കഴുകനും കുഞ്ഞും

വളരെയൊന്നും പഴക്കമില്ലാത്ത ഒരു സംഭവം ആണീ പ്രസിദ്ധമായ ചിത്രത്തിന് ആസ്പദമായത്. 1993 ൽ ആഫ്രിക്കൻ രാജ്യമായ സുഡാനിലെ കടുത്ത ക്ഷാമം ആണ് പശ്ചാത്തലം. ഒരു കിലോമീറ്റർ അകലെയുള്ള അഭയാർഥിക്യാമ്പിലേക്ക് വിശപ്പ് കൊണ്ട് നടക്കാൻ പോലും കഴിയാത്ത പെൺകുട്ടി ഇഴഞ്ഞ് നീങ്ങുന്നതും നോക്കിയിരിക്കുന്ന കഴുകൻ. അവൾ മരിച്ച് വീഴുന്നതും നോക്കി ഇരിക്കുകയാണാ കഴുകൻ. കെവിൻ കാർട്ടർ എന്ന ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ ആണ് ഈ ഫോട്ടോ ലോകത്തിനു നൽകിയത്. ഫോട്ടോ എടുത്ത ഉടൻ അവിടെ നിന്ന് പോയ കാർട്ടർക്ക് ആ കുഞ്ഞിന് പിന്നെന്ത് സംഭവിച്ചു എന്ന കാര്യം അറിയില്ല;നമുക്കും. മികച്ച വാർത്താചിത്രങ്ങൾക്ക് നൽകപ്പെടുന്ന പുലിറ്റ്സർ സമ്മാനം ഈ ചിത്രത്തിന്റെ പേരിൽ നേടിയ അദ്ദേഹം ചിത്രമെടുത്ത് മൂന്ന് മാസത്തിനകം ആത്മഹത്യ ചെയ്യുകയായിരുന്നു .

മരിക്കുന്നവന്റെ മുഖം
വിയറ്റ്നാം യുദ്ധരംഗത്തു നിന്നു തന്നെയാണ് ഈ ചിത്രവും എടുത്തിട്ടുള്ളത്. തെക്കൻ വിയറ്റ്നാമിലെ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തിയ ‘വിയറ്റ്കോങ് ‘ എന്ന ഗറില്ലാ സംഘടനയുടെ അംഗമായ ഗുയെൻ വാൻ ലെം എന്ന ആളെയാണ് സൈഗോണിലെ തെരുവീഥിയിൽ വെച്ച് 1968 ഫെബ്രുവരി ഒന്നിന് വെടിവെച്ച് കൊല്ലുന്നത്. എഡ്ഡി ആഡംസ് എന്ന ഫോട്ടോജേർണലിസ്റ്റ് ആണ് മരിക്കുന്ന മനുഷ്യന്റെ ദൈന്യത നിറഞ്ഞു നിൽക്കുന്ന ഈ ചിത്രത്തിന്റെ സ്രഷ്ടാവ്. അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനെതിരെ പ്രതിഷേധം രൂക്ഷമാകാൻ ഈ ചിത്രം ഒട്ടേറെ സഹായിച്ചിട്ടുണ്ട്.

വീഴുന്ന മനുഷ്യൻ!

നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ലോകത്ത് നടന്ന ഏറ്റവും നിർണ്ണായകവും പ്രധാനപ്പെട്ടതുമായ സംഭവം ആണല്ലോ 2001 സെപ്തംബർ 11 ലെ വേൾഡ് ട്രേഡ് സെന്ററിലെ തീവ്രവാദി ആക്രമണം. ആ സംഭവത്തിന്റെ ഒട്ടേറെ ഫോട്ടോകൾ നാം കണ്ടിട്ടുണ്ടെങ്കിലും അക്കൂട്ടത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് റിച്ചാർഡ് ഡ്രൂ എന്ന ഫോട്ടോഗ്രാഫറുടെ ഈ ചിത്രം. കത്തിയെരിയുന്ന കെട്ടിടത്തിന്റെ നൂറ്റിയാറാം നിലയിൽ നിന്നാണ് ഇനിയും തിരിച്ചറിയപ്പെടാത്ത ഈ മനുഷ്യൻ കുത്തനെ ചാടുന്നത്. പ്രസിദ്ധ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനു വേണ്ടി ഒരു ഫാഷൻ ഷോയുടെ ഫോട്ടോ എടുക്കാൻ ന്യൂയോർക്കിൽ എത്തിയതായിരുന്നു റിച്ചാർഡ് ഡ്രൂ. മഹത്തായ എല്ലാ ഫോട്ടോകളെയും പോലെ യാദ്യശ്ചികതയുടെ ആ നിമിഷത്തിൽ ഡ്രൂ രംഗം കാണുകയും ലോകത്തിനായി സമർപ്പിക്കുകയും ചെയ്തു.

സാന്ത്വനമേകുന്ന അമ്മ

2011 ലെ ഏറ്റവും മികച്ച വാർത്താചിത്രത്തിനുള്ള ‘വേൾഡ് പ്രസ്സ് ഫോട്ടോ’ അവാർഡ് നേടിയ ചിത്രം ആണിത്. സമകാലികമായ ഒരു സംഭവമാണ് ചിത്രത്തിൽ. ‘മുല്ലപ്പൂ വിപ്ലവം’ എന്ന് വിളിക്കപ്പെടുന്ന, 2011 ൽ അറബ് രാജ്യങ്ങളിൽ അരങ്ങേറിയ പ്രക്ഷോഭങ്ങളുടെ തുടക്കം യെമൻ എന്ന രാജ്യത്തായിരുന്നു. ആയിരങ്ങൾ അണിനിരന്ന മാർച്ചിനു നേരെയുള്ള പോലീസിന്റെ കണ്ണീർ വാതക പ്രയോഗം ഈ യുവാവിനെയും വീഴ്ത്തി. അവനെ സാന്ത്വനിപ്പിക്കുന്ന അമ്മയുടെ ചിത്രം എടുത്ത് സമ്മാനിതനായ ഫോട്ടോഗ്രാഫർ സാമുവേൽ അരാന്റ എന്ന സ്പെയിൻകാരനാണ്.

ദുരന്തത്തിന്റെ പിഞ്ചുമുഖം

1984 ൽ ഇന്ത്യയെ നടുക്കിയ ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടാകും അല്ലെ? ആ ദുരന്തത്തിന്റെ ഭീകരതയെക്കുറിച്ച് ആയിരക്കണക്കിനു പേജുകളുടെ വായന തരാത്ത നടുക്കം നമുക്ക് നൽകുന്നു ഈ വാർത്താചിത്രം. ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുക്കപ്പെട്ട കുഞ്ഞിന്റെ മ്യതശരീരത്തിന്റെ ചിത്രം ഒരിക്കൽ കണ്ടവരുടെയെല്ലാം മനസ്സിൽ ഒരു നൊമ്പരമായി നിൽക്കും. ഒരു ലക്ഷണമൊത്ത വാർത്താചിത്രം ലക്ഷ്യം വെയ്ക്കുന്നതും അത് തന്നെയാണ്. വിഖ്യാത ഇന്ത്യൻ വാർത്താ ഫോട്ടോഗ്രാഫറായ രഘുറായ് ആണ് ഭോപ്പാൽ ദുരന്തത്തിന്റെ പ്രതീകമായിത്തീർന്ന ഈ ചിത്രം എടുത്തത്.







ആർത്തനാദം


2004 ൽ ലോകത്തെ പിടിച്ചുകുലുക്കിയ ദുരന്തമായ സുനാമിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ആയിരക്കണക്കിനു മനുഷ്യരുടെ വേദനയുടെ നേർചിത്രമാണ് ഇന്ത്യക്കാരനായ പ്രസ്സ് ഫോട്ടോഗ്രാഫർ അർക്കോ ദത്തയുടെ ഈ ഫോട്ടോ നൽകുന്നത്. സുനാമിയിൽ എല്ലാം നശിച്ച തമിഴ്നാട്ടിലെ കൂടല്ലൂർ എന്ന കടലോരഗ്രാമത്തിലെ സ്ത്രീ തന്റെ ഉറ്റബന്ധുവിന്റെ ജഡത്തിനു സമീപം കിടന്ന് വിലപിക്കുന്ന ചിത്രം ആരുടെയും കരളലിയിക്കും. ഒട്ടേറെ ബഹുമതികൾ നേടിയിട്ടുള്ള ഈ ഫോട്ടോ ‘റോയിട്ടേഴ്സ്’ എന്ന വാർത്താ ഏജൻസിയ്ക്ക് വേണ്ടിയാണ് അർക്കോ ദത്ത ഒപ്പിയെടുത്തത്. ജഡത്തിന്റെ ഒരു കയ്യുടെ ചെറിയ ഭാഗം മാത്രമേ ചിത്രത്തിൽ വരുന്നുള്ളൂ എങ്കിലും ദുരന്തത്തിന്റെ വേദന മുഴുവൻ പ്രതിഫലിക്കുന്നുണ്ട് ചിത്രത്തിൽ.

കമ്പിവേലിക്കുള്ളിൽ അച്ഛനും മകനും

യുദ്ധത്തടവുകാരനായ ഈ മനുഷ്യൻ തന്റെ മകനെ മാറോട് ചേർത്തിരിക്കുന്ന പ്രസിദ്ധമായ ചിത്രം അമേരിക്കയുടെ ഇറാഖ് അധിനിവേശവുമായി ബന്ധപ്പെട്ടതാണ്. ചുറ്റും കനത്ത കമ്പിവേലികൾ കൊണ്ട് അതിരിട്ടിരിക്കുന്ന ഇറാഖിലെ അൽ നജഫ് യുദ്ധത്തടങ്കൽ പാളയത്തിലാണ് 2003 മാർച്ച് 31 ന് വികാരതീവ്രമായ ഈ രംഗം നടന്നത്. അസോസിയേറ്റഡ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായ ജീൻ മാർക് ബൌജു ആണ് ഫോട്ടോഗ്രാഫർ. ഈ ചിത്രം അദ്ദേഹത്തിന് 2003 ലെ വേൾഡ് പ്രസ്സ് ഫോട്ടോ അവാർഡ് നേടിക്കൊടുത്തു.

ഷാങ്ഹായിലെ കുഞ്ഞ്

ഈ പ്രസിദ്ധ ചിത്രവും ഒരു യുദ്ധരംഗത്തിൽ നിന്നുള്ളതാണ്. രണ്ടാം ചൈന-ജപ്പാൻ യുദ്ധം നടക്കവെ 1937 ൽ ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ഷാങ്ഹായ് കീഴടക്കിക്കൊണ്ട് മുന്നേറിയ ജപ്പാന്റെ ബോംബാക്രമണത്തിൽ തകർന്ന ഷാങ്ഹായ് റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് കരയുന്ന കുഞ്ഞിന്റെ ചിത്രം ഏത് യുദ്ധത്തിലും ആത്യന്തികമായി ബാധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയെ കാണിക്കുന്നു. 1937 ഒക്ടോബറിൽ എച്ച്.എസ്.വോങ് എന്ന ന്യൂസ്റീൽ ഫോട്ടോഗ്രാഫർ എടുത്ത ഈ ചിത്രം ജപ്പാനെ പ്രകോപിതമാക്കുകയും അവർ ഫോട്ടോഗ്രാഫറുടെ തലയ്ക്ക് 50000 ഡോളർ വിലയിടുകയും ചെയ്തു. ഈ ചിത്രത്തിൽ ഇല്ലാത്ത ഒന്ന് കുഞ്ഞിനരികിൽ കിടപ്പുണ്ടായിരുന്നു : അതിന്റെ അമ്മയുടെ ജഡം.

മാത്യഭൂമി ‘വിദ്യ’യിൽ പ്രസിദ്ധീകരിച്ചത്

Tuesday, January 8, 2013

യൂറോപ്പിലെ ജിപ്സികള്‍ : വേരുകള്‍ പിഴുതെറിയപ്പെടുമ്പോള്‍

  കത്രിക കാണാത്ത താടിയും മെല്ലിച്ച കൈകളുമുള്ള ആ തടിയന്‍ ജിപ്സിയുടെ, മാക്കൊണ്ടോയുടെ കുലപിതാവിനെ ഓരോ തവണയും അത്ഭുതത്തിന്‌ അടിമയാക്കുന്ന മെല്‍ക്വിയാഡിസ് എന്ന പ്രതിഭാശാലിയുടെ പിന്‍തലമുറ യൂറോപ്പില്‍ ഇന്നനുഭവിക്കുന്നത് വലിയ സാമൂഹ്യപ്രശ്നങ്ങളാണ്‌. തങ്ങളുടെ മാന്ത്രികവിദ്യകള്‍ക്കൊന്നും ഇല്ലാതാക്കാന്‍ കഴിയാത്തത്ര ദുരിതങ്ങളാണ്‌‌ വിവിധ കിഴക്കന്‍-മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നൊമാഡുകളായി ജീവിക്കുന്ന ഈ ജനവിഭാഗം ഇന്ന് പേറുന്നത്. യൂറോപ്പില്‍ ഏറിവരുന്ന വംശീയത,നവനാസിസം തുടങ്ങിയ ആശയങ്ങളുടെ ആദ്യ ഇരകള്‍ ആ സമൂഹത്തിലെ അന്യരായി മുദ്രകുത്തപ്പെടുന്ന അപരസ്വത്വങ്ങള്‍ ആയ മതവിഭാഗങ്ങള്‍, കറുത്തവര്‍, മുസ്ലിങ്ങള്‍,റോമകള്‍ എന്ന് പൊതുവെ വിളിക്കപ്പെടുന്ന ജിപ്സികള്‍ എന്നിവരാണ്‌.

എവിടെ നിന്ന് വന്നു ഇവര്‍?
   ജിപ്സികളുടെ യൂറോപ്പിലേക്കുള്ള വരവിനെ സംബന്ധമായി ഒട്ടേറെ സിദ്ധാന്തങ്ങള്‍ ചരിത്രകാരന്മാര്‍ക്കുണ്ട്. പൊതുവെ അംഗീകരിക്കപ്പെടുന്നത് അവരുടെ ഇന്ത്യന്‍ സ്വത്വം ആണ്‌.പതിനൊന്നാം നൂറ്റാണ്ടില്‍ വടക്കെ ഇന്ത്യയിലെ രാജസ്ഥാനില്‍ നിന്ന് ഇറാനിയന്‍ പീഠഭൂമി കടന്ന് യൂറോപ്പില്‍ എത്തിയ ജനവിഭാഗമാണ്‌ ജിപ്സികള്‍ എന്നത് അവരുടെ ജനിതകവും,ഭാഷാപരവുമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തപ്പെട്ട ഒരു സിദ്ധാന്തമാണ്‌. യൂറോപ്യന്‍ സംസ്കാരത്തില്‍,പ്രത്യേകിച്ച് സാഹിത്യം,ചിത്രകല എന്നിവകളില്‍ ജിപ്സി സംസ്കാരവും അവരുടെ ജീവിതരീതിയും സാന്നിദ്ധ്യം അറിയിക്കുന്നു.അവരുടെ വംശമുദ്രകള്‍ പതിഞ്ഞു കിടക്കുന്ന സംഗീതം യൂറോപ്യന്‍ പോപ്പ് സംഗീതത്തെയും വലുതായി സ്വാധീനിച്ചിട്ടുണ്ട്. ജിപ്സികളുടെ പ്രധാന ആവാസകേന്ദ്രം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ റൊമേനിയ,ബള്‍ഗേറിയ,ഹംഗറി എന്നിവയാണെങ്കിലും സ്വരാഷ്ട്രങ്ങളിലെ അവഗണനയും ദാരിദ്യവും അവരെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാവുന്ന പടിഞ്ഞാറേയ്ക്ക്-ഫ്രാന്‍സ്,ജര്‍മ്മനി,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക്-സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നു.തങ്ങളുടെ പാരമ്പര്യങ്ങളില്‍ പതിഞ്ഞു കിടക്കുന്ന സഞ്ചാരത്തിന്റെ മുദ്രകളും അവരെ ഇങ്ങനെ അലയാന്‍ പ്രേരിപ്പിക്കുന്നു.അവര്‍ ചെന്നു കയറുന്ന രാജ്യങ്ങളാകട്ടെ അവരെ പുറംതള്ളാനും ശ്രമിക്കുന്നു.
  

ചരിത്രത്തിലേക്ക് നീണ്ടുപോകുന്ന ദുരിതങ്ങള്‍
യൂറോപ്യന്‍ ചരിത്രത്തിലെ പല ദശാസന്ധികളിലും ജിപ്സികള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുണ്ട് .വംശഹത്യ എന്ന ആയുധം എടുത്തുപയോഗിക്കപ്പെട്ട യൂറോപ്യന്‍ ദുരന്തകാലങ്ങളില്‍ ജൂതരെപ്പോലെ തന്നെ അവര്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ വിധിക്കപ്പെട്ടു.ഹിറ്റ് ലറിന്റെ ഹോളോകോസ്റ്റ് 15 ലക്ഷം  ജിപ്സികളുടെ  ജീവനെടുത്തു എന്ന് കരുതപ്പെടുന്നു.പക്ഷെ അവരുടെ ദുരന്തം പലപ്പോഴും മുഖ്യധാരയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇന്നും യൂറോപ്പില്‍ ഏറ്റവും വെറുക്കപ്പെടുന്ന ജനവിഭാഗം ജിപ്സികള്‍ തന്നെയാണെന്ന് സാമൂഹ്യനിരീക്ഷകര്‍ കരുതുന്നു.കമ്യൂണിസ്റ്റ് കാലഘട്ടത്തില്‍ ജിപ്സികളെ വലിയ വേര്‍തിരിവിനു വിധേയമാക്കിയിരുന്നു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. 'റൊമാനി' ഭാഷ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് ബള്‍ഗേറിയ വിലക്കിയിരുന്നു.ചെക്കോസ്ലാവാക്യയില്‍ ജിപ്സിപ്പെണ്ണുങ്ങള്‍ നിബന്ധിത വന്ധ്യംകരണത്തിനു വിധേയമാക്കപ്പെട്ടു.

അന്യത്വത്തിന്റെ പ്രശ്നങ്ങള്‍
ജിപ്സിയുടെ ജീവിതമുദ്ര എന്നതു തന്നെ അലച്ചിലാണ്‌. ഒരിടത്തും ഉറച്ചു നില്‍ക്കാതെ രാഷ്ട്രാതിര്‍ത്തികള്‍ ലംഘിച്ച് ജീവിതയാത്ര തുടരുന്ന അവര്‍ക്ക് ആധുനിക ദേശരാഷ്ട്രസങ്കല്പം അന്യമാണ്‌.റോമകള്‍ക്ക് സ്വന്തരാജ്യം എന്നൊന്നില്ല, പോകുന്നിടമെല്ലാം അവരുടെ രാജ്യം. ഭാഷ,വസ്ത്രധാരണം,ഭക്ഷണം,വിശ്വാസം എന്നിവകളിലെല്ലാം പൊതുധാരകളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ജിപ്സികളെ പൊതുസമൂഹം അന്യരായിത്തന്നെയായിരുന്നു കണ്ടിരുന്നത്.ഒരു രാഷ്ട്രത്തിന്റെയും ജനതകളല്ലാത്ത അവര്‍ തങ്ങള്‍ ജീവിക്കുന്ന രാഷ്ട്രം അതിന്റെ പൗരന്മാര്‍ക്ക് നല്‍കിയ ഗുണങ്ങളൊന്നും ലഭിക്കാതെ സാമൂഹ്യ,വിദ്യാഭ്യാസ,ആരോഗ്യ രംഗങ്ങളില്‍  ഒരു പിന്നോക്കജനതയായി മാറി.ഇവരുടെ ക്ഷേമം എന്നത് പല ദേശരാഷ്ട്രങ്ങളുടെയും സാമൂഹ്യവികസന അജണ്ടയില്‍ തന്നെ കാര്യമായി ഇടം പിടിച്ചുമില്ല.യൂറോപ്യന്‍ യൂണിയനടക്കമുള്ളവ ജിപ്സികളുടെ പ്രശ്നപരിഹാരത്തിനായി പല നയങ്ങളും രൂപീകരിച്ചെങ്കിലും അവ നടപ്പിലാക്കുന്നതില്‍ പല രാഷ്ട്രങ്ങളും പിന്നിലാണ് എന്ന് വിമര്‍ശിക്കപ്പെടുന്നു.യുണൈറ്റഡ് നേഷന്‍സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി), യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ ഫണ്ടമെന്റല്‍ റൈറ്റ്സ് എന്നിവര്‍ സം യുക്തമായി 11 യൂറോപ്യന്‍ രാജ്യങ്ങളില്‍  നടത്തിയ ഒരു സര്‍വേ ഫലം കാണിക്കുന്നത് വെറും 15 ശതമാനം ജിപ്സി യുവാക്കള്‍ക്ക് മാത്രമെ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളൂ എന്നാണ്‌. 30 ശതമാനം പേര്‍ക്കേ തൊഴിലുള്ളൂ,45 ശതമാനം പേരും താമസിക്കുന്നത് യാതൊരു പ്രാഥമിക സൗകര്യങ്ങളുമില്ലാത്ത വീടുകളിലാണ്‌, ജിപ്സിക്കുട്ടികള്‍ സ്കൂളുകളില്‍ വലിയ വിവേചനം അനുഭവിക്കുന്നു.ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ പൊതുസമൂഹത്തെ അപേക്ഷിച്ച് 12 വയസ്സ് കുറവാണ്‌ ജിപ്സികള്‍ക്ക്.

പഴയവയുടെ തിരിച്ചു വരവ്
നവനാസിസവും വംശീയതയും വീണ്ടും യൂറോപ്പില്‍ വേരൂന്നുമ്പോള്‍ സ്വാഭാവികമായും ആക്രമിക്കപ്പെടുന്നത് അപരസ്വത്വങ്ങളായ ജിപ്സികള്‍,മുസ്ലിങ്ങള്‍ എന്നിവരാണ്‌ എന്ന് വിവിധ രാഷ്ട്രങ്ങളില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു.മാനവികതയ്ക്കും സമത്വത്തിനും പുതിയ മാനങ്ങള്‍ രചിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ മക്കള്‍ തന്നെയാണ്‌ ഇന്ന് ജിപ്സികളെ വേട്ടയാടുന്നതിനും പുറത്താക്കുന്നതിനും മുന്‍കൈ എടുക്കുന്നതെന്നത് ചരിത്രത്തിന്റെ മറ്റൊരു വൈപരീത്യം.നവനാസി,വംശീയ ആശയങ്ങളുടെ ഏറ്റവും വലിയ പ്രയോക്താക്കളായ ഒരു പാര്‍ട്ടി   നിക്കോളാസ് സര്‍ക്കോസിയുടെ നേത്യത്വത്തില്‍ വന്നത് ജിപ്സികളുടെ കഷ്ടകാലത്തിനു തുടക്കമായി ഫ്രാന്‍സില്‍. വിദേശികളായ ജിപ്സികളാണ്‌ ഫ്രാന്‍സിന്റെ ഏറ്റവും വലിയ പ്രശ്നം എന്നാണ്‌ സര്‍ക്കോസിയുടെ പക്ഷം.ജിപ്സികളുടെ ക്യാമ്പുകളെ നിയമവിരുദ്ധം എന്ന് മുദ്രയടിച്ച് അവരെ ഫ്രാന്‍സില്‍ നിന്ന് തുരത്തുക എന്നതാണ്‌ സര്‍ക്കോസിയുടെ അജണ്ട എന്ന് തിരിച്ചറിയപ്പെടുന്നു.ജനങ്ങള്‍ക്ക് ജിപ്സികളോടുള്ള അന്യതാബോധം മുതലെടുക്കുകയാണ്‌ യൂറോപ്പിലെ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്.സ്ലോവാക്യ,ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ 2008,2009 വര്‍ഷങ്ങളില്‍ അരങ്ങേറിയ ജിപ്സികള്‍ക്ക് നേരെയുള്ള പരമ്പര കൊലപാതകങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് സമൂഹത്തില്‍ വളര്‍ന്നു വരുന്ന ജിപ്സി വിരുദ്ധ ആശയങ്ങളെയാണ്‌.മനുഷ്യാവകാശസംഘടനകളുടെയും മാധ്യമങ്ങളുടെയും കടുത്ത വിമര്‍ശനമധ്യേ 2010 ല്‍ ആണ്‌ ഫ്രാന്‍സില്‍ സര്‍ക്കോസി കിഴക്കന്‍ യൂറോപ്പില്‍ നിന്നു വന്ന് ഫ്രാന്‍സില്‍ താമസമാക്കിയിട്ടുള്ള റോമകളെ പുറംതള്ളാനുള്ള നടപടികള്‍ ആരംഭിച്ചത്.സില്‍വിയോ ബര്‍ലുസ്കോണിയുടെ ഇറ്റലിയിലും 2006 മുതല്‍ 2008 വരെയുള്ള വര്‍ഷങ്ങളില്‍ ജിപ്സികളെ സമാനമായ  നടപടികള്‍ക്ക് വിധേയരാക്കിയിരുന്നു. ഡെന്മാര്‍ക്ക്,സ്വീഡന്‍,ജര്‍മ്മനി,ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ജിപ്സികളെ പുറത്താക്കിയിട്ടുണ്ട് പല കാലങ്ങളിലായി.ഹംഗറിയില്‍  കുറേക്കൂടി തീവ്രമാണ് സംഗതികള്‍:ജിപ്സികള്‍ക്കെതിരെയുള്ള നടപടികള്‍ വഴി കുപ്രസിദ്ധമായ  'ജോബ്ബിക്' എന്ന തീവ്രവലതുപക്ഷ പാര്‍ട്ടി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 16.7 ശതമാനം നേടി പാര്‍ലമെന്റില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.ജിപ്സികള്‍ എല്ലാവരും ക്രിമിനലുകളാണെന്ന് പ്രചരിപ്പിക്കുന്ന അവര്‍ തങ്ങളുടെ കറുത്ത യൂണിഫോമുകള്‍ അണിഞ്ഞ് അവര്‍ ജിപ്സി അധിവാസകേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നു പലപ്പോഴും.

വേരില്ലാത്തവന്‌ എവിടെ വീട്?


ജിപ്സികളുടെ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥ മാറ്റുന്നതിനായി 2005 ല്‍ 'ഡിക്കേഡ് ഓഫ് റോമ ഇന്‍ക്ലൂഷന്‍' എന്ന പേരില്‍ ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി ഒരു പരിപാടി ആരംഭിച്ചെങ്കിലും അതിനൊന്നും റോമകളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കൊണ്ടു വരാന്‍ സാധിച്ചിട്ടില്ല.ജിപ്സികളോടുള്ള പൊതുസമൂഹത്തിന്റെ അന്യമനോഭാവം മാറുക,അവരോടുള്ള വെറുപ്പില്‍ അധിഷ്ഠിതമായ രാഷ്ട്രീയ അജണ്ടകളെ പ്രതിരോധിക്കുക എന്നിവ  മാത്രമേ ഈ നിതാന്തസഞ്ചാരികള്‍ക്ക് സ്വാസ്ഥ്യം നല്‍കൂ എന്ന വലിയ സത്യം യൂറോപ്പ് തിരിച്ചറിഞ്ഞാലേ ഈ പ്രശ്നത്തിന്‌ പരിഹാരമുണ്ടാകൂ എന്ന് കരുതുന്നു,നിരീക്ഷകര്‍.







മലയാളനാട് വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്