Thursday, October 24, 2013

വനസംരക്ഷണവും രതികേളിയും തമ്മിലെന്ത്?


           വനങ്ങളുടെ ഇല്ലാതാകൽ മനുഷ്യകുലമടക്കമുള്ള ഭൂമിയിലെ സകലതിനും നാശമാണണയ്ക്കുക എന്നത് ഇന്ന് സർവരാലും അംഗീകരിക്കപ്പെട്ട വസ്തുതയാണ്.എന്നാൽ വനസംരക്ഷണത്തിനു വേണ്ടി ഏതറ്റവും വരെ പോകാൻ തയ്യാറാകേണ്ടിയിരിക്കുന്നു ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർ എന്ന നിലയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ. നോർവേയിൽ 2004 ൽ സ്ഥാപിതമായ  ‘ഫക്ക് ഫോർ ഫോറസ്റ്റ്’ (എഫ്.എഫ്.എഫ്) എന്ന സംഘടന വനസംരക്ഷണത്തിനായി അവലംബിക്കുന്ന മാർഗ്ഗങ്ഇത്തരം ആക്ടിവിസത്തിനുള്ള  പരിധികൾ ലംഘിച്ചിരിക്കുന്നു എന്ന വിമർശനം ഒരു വശത്തു നിന്നും ഉയരുമ്പോൾ അവരുടെ ആശയത്തിനു പിന്തുണയുമായി ഒട്ടേറെ ആളുകൾ രംഗത്തേക്ക് വരുന്നു എന്നതും ശ്രദ്ധേയമാണ്.
എന്താണ് ഫക്ക് ഫോർ ഫോറസ്റ്റ് ?
    
   നോർവേക്കാരായ രണ്ട് പേരാണ് ഫക്ക് ഫോർ ഫോറസ്റ്റ് എന്ന സംഘടന ആരംഭിച്ചത്. ലിയോണ ജൊഹാൻസൺ എന്ന പെണ്ണും ടോമി ഹോൽ എല്ലിംഗ്സൺ എന്ന ആണും. ലോകമെമ്പാടും കടുത്ത ഭീഷണികൾ നേരിടുന്ന മഴക്കാടുകൾ സംരക്ഷിക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. അതിനായി പണം സ്വരൂപിക്കേണ്ടതുണ്ട്.  സംഘടനയുടെ രണ്ട് സ്ഥാപകരും തമ്മിലുള്ള ലൈംഗിക വേഴ്ചയുടെ വീഡിയോ തങ്ങളുടെ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചായിരുന്നു ഈ പണം അവർ സ്വരൂപിക്കാൻ തീരുമാനിച്ചത് എന്നതാണ് ഇവരുടെ ആക്ടിവിസത്തെ വിവാദപൂർണമായ ചർച്ചകൾക്ക് വിധേയമാക്കിയത്. തങ്ങളുടെ സംഭോഗദ്യശ്യങ്ങൾ കാണുന്നതിനായി വെബ്സൈറ്റിൽ അംഗത്വമെടുക്കുന്നവരിൽ നിന്നുമാണ് ഇത്തരത്തിൽ പണം സ്വരൂപിച്ചത് അവർ. ഒരാൾക്ക് അംഗത്വത്തിനുള്ള ഫീസ് 20 ഡോളർ ആണ്.പ്രക്യതി സംരക്ഷണത്തിനായി ഏതറ്റം വരെ പോകാം എന്ന ചോദ്യത്തിനുള്ള മറുപടിയായി മാറി ഈ ആക്ടിവിസം.

 ആശയവും പ്രവർത്തനരീതിയും
   യാഥാസ്ഥിതികത്വത്തിൽ നിന്ന് വഴിമാറിയുള്ള ഏതൊരു കാര്യത്തിനും കൈയയച്ച് പണവും പിന്തുണയും നൽകാറുള്ള നോർവീജിയൻ സമൂഹംഫക്ക് ഫോർ ഫോറസ്റ്റിനെയും നന്നായി സഹായിച്ചു. ഇതോടൊപ്പം എതിർപ്പും കുറവല്ലായിരുന്നു. ഏതൊരു മഹത്തായ ലക്ഷ്യത്തിനായിരുന്നാലും ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് അധാർമ്മികതയാണ് എന്ന വിമർശനത്തിനുള്ള ടോമി എല്ലിംഗ്സന്റെ മറുപടി ഇങ്ങനെയാണ് : “എത്രയെത്ര  മോശപ്പെട്ട ഉത്പന്നങ്ങളും ആശയങ്ങളും വിൽക്കാൻ നാം ലൈംഗികതയെ ഉപയോഗിക്കുന്നു? പിന്നെന്തു കൊണ്ട് ഇത്രയും ന്യായമായ കാരണത്തിനായി അങ്ങനെ ചെയ്തു കൂടാ? ഇന്നു നമ്മുടെ ലോകത്തിലെ  ഏറ്റവും അക്രമകരവും ഭീഷണവുമായ ഒന്നായി മനുഷ്യശരീരം ഗണിക്കപ്പെടുന്നു. എന്നാൽ നഗ്നശരീരം ഒറ്റയ്ക്ക് ഒരിയ്ക്കലും ആധുനിക സമൂഹത്തിന്റെ  ധാർമ്മികതയ്ക്കും മൂല്യങ്ങൾക്കും ഭീഷണി സ്യഷ്ടിക്കുന്നില്ല.മറിച്ച് ആധുനികമനുഷ്യൻ തനിക്കു വേണ്ടി സ്യഷ്ടിച്ച മൂല്യങ്ങളാണ് ഈ ഗ്രഹത്തെ നശിപ്പിക്കുന്നത് എന്നതാണ് സത്യം”. തങ്ങളുടെ പ്രവർത്തനത്തെ എതിർക്കുന്നവരുടെ വാദം കേട്ടാൽ തോന്നുക ലോകത്തിൽ വനനശീകരണത്തേക്കാളും വലിയ കുറ്റക്യത്യം  പോർണോഗ്രാഫിയാണെന്നാണ്.
       എന്തായാലും ആദ്യവർഷത്തെ പ്രവർത്തനത്തിൽ തന്നെ ഒരു ലക്ഷം ഡോളറിലധികം സമാഹരിച്ചുഫക്ക് ഫോർ ഫോറസ്റ്റ്’.സർക്കാരും ഇവരെ സഹായിക്കാൻ തയ്യാറായി എന്നത് ഇവരുടെ ജനപ്രീതിയ്ക്ക് തെളിവായി.പക്ഷെ സംഘടനയുടെ ധനസമാഹരണരീതി മൂലം മഴക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായറെയിൻ ഫോറസ്റ്റ് ഫൌണ്ടേഷൻ ഫണ്ടിന്റെ നോർവീജിയൻ ഘടകവും ഡബ്ലിയു.ഡബ്ലിയു.എഫും ഈ ഫണ്ട് നിരസിച്ചത്ഫക്ക് ഫോർ ഫോറസ്റ്റിന് തിരിച്ചടിയായി. ഇത് മൂലം അവർ ഈ തുക കോസ്റ്റാറിക്കയിലെയും ബ്രസീലിലെയും മഴക്കാടുകളുടെ സംരക്ഷണത്തിനായി തദ്ദേശിയരായ ആദിവാസികൾക്ക് നേരിട്ട് നൽകിക്കൊണ്ട് തങ്ങളുടെ വനസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇടയാവുകയും ചെയ്തു. ഒട്ടേറെ പണം വനസംരക്ഷണത്തിനായി ലോകമെമ്പാടും ചെലവഴിക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ നല്ലൊരു പങ്കും ഇടനിലക്കാർ തട്ടിയെടുക്കുന്ന സാഹചര്യം നിലനിൽക്കുന്ന സ്ഥിതിയിൽ ചെറു ഇക്കോ പദ്ധതികൾക്ക് നേരിട്ട് പണം മുടക്കാനുള്ള സംഘടനയുടെ ശരിയായ ഒന്ന് തന്നെ എന്ന് വിലയിരുത്തപ്പെടുകയും ചെയ്തു.

  വിവാദമായതുറന്ന സെക്സ്
  
       പ്രധാനമായും വെബ്സൈറ്റ്  വഴിയുള്ള ആശയപ്രചാരണവും ധനസമാഹാരവുമായി മുന്നോട്ട് പോകവെ സംഘടനയുടെ പ്രവർത്തനം വിവാദത്തിലകപ്പെടാനും നോർവേയിൽ പ്രവർത്തനം നിർത്തി വെക്കാനും 2004 ൽ തന്നെ ഇടവന്നു. നോർവീജിയൻ ഗായകനായ ക്രിസ്റ്റഫർ ഷൌവിന്റെ സംഗീതപരിപാടിയ്ക്കിടെ സംഘടനയുടെ രണ്ട് അംഗങ്ങൾ തമ്മിൽ വേദിയിൽ വെച്ച് പരസ്യമായി നടത്തിയ ലൈംഗിക കേളിയാണ് അവരെ പ്രശ്നത്തിലകപ്പെടുത്തിയത്. സർക്കാർഫക്ക് ഫോർ ഫോറസ്റ്റിനെതിരെ തിരിയുന്നതിനും ഒടുവിൽ അവർക്ക് തങ്ങളുടെ ആസ്ഥാനം ജർമ്മനിയിലേക്ക് മാറ്റേണ്ടതായും വന്നു. തനിക്കെതിരെയുള്ള വിചാരണയ്ക്കിടെ കോടതി മുറിയിൽ വെച്ച് തുണിയുരിഞ്ഞ് പ്രതിഷേധം നടത്തി ടോമി എല്ലിംഗ്സൺ.

തുടരുന്ന പ്രവർത്തനം,നിലയ്ക്കാത്ത വിവാദം
     സ്വന്തം നാട്ടിൽ എതിർപ്പുകൾ നേരിടേണ്ടി വന്നുവെങ്കിലുംഫക്ക് ഫോർ ഫോറസ്റ്റ്ഇപ്പോഴും പ്രവർത്തിക്കുന്നു. ഇടനിലക്കാരുടെ സഹായമില്ലാതെ പെറുവിലെയും ബ്രസീലിലെയും തദ്ദേശജനത വഴിയുള്ള വനസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു,അവർ. എട്ട് കൊല്ലത്തെ പ്രവർത്തനം അവരെ തെക്കൻ-മധ്യ അമേരിക്കയിലെ തദ്ദേശിയ ജനതകൾക്കിടയിൽ വനസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ പ്രാപ്തരാക്കുകയും അവരുടെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സഹായിച്ചു .
       എതിർപ്പുകളും വിവാദങ്ങളും വിടാതെ പിന്തുടർന്നുഫക്ക് ഫോർ ഫോറസ്റ്റിനെ.2004 ലെ പരസ്യ ലൈംഗിക കേളി സംഘടനയുടെ നേതാക്കളെ നിയമനടപടിയിൽ പെടുത്തിയെങ്കിൽ 2009 ൽ ബെർലിൻ നഗരത്തിൽ വെച്ച് നടന്ന അനാർക്കിസ്റ്റ് കോൺഗ്രസ്സിന്റെ വേദിയിൽഫക്ക് ഫോർ ഫോറസ്റ്റിന്റെ അംഗങ്ങൾ പരസ്യമായി തുണിയുരിഞ്ഞത് പരിപാടി തന്നെ പാതിയിൽ നിർത്തുന്നതിനിടയാക്കി. 2011 ൽ ഓസ്ലോ നഗരത്തിലെ ഒരു കത്തീഡ്രലിലെ ആരാധനയ്ക്കിടെ നടത്തിയ നഗ്നപ്രതിഷേധവും അവരെ വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ സഹായിച്ചു.
     സംഘടനയുടെ തുടക്കത്തിൽ സ്ഥാപകരുടെ  രതി വീഡിയോകൾ മാത്രമേ ഉണ്ടായിരുന്നൂ എങ്കിൽ ഇന്ന് ആയിരക്കണക്കിനു സന്നദ്ധ സേവകരായ യുവാക്കളാണ്ഫക്ക് ഫോർ ഫോറസ്റ്റിനു വേണ്ടി സഹശയനത്തിനു തയ്യാറായി മുന്നോട്ട് വരുന്നത്. ഇപ്പോൾ തന്നെ 1300 ലധികം ഇറോട്ടിക്ക് ആക്ടിവിസ്റ്റുകളുടെ രതിവീഡിയോകൾഫക്ക് ഫോർ ഫോറസ്റ്റിന്റെ വെബ്സൈറ്റിലുണ്ട്. തങ്ങളെ നയിക്കുന്നത് വലിയൊരാശയം ആണെന്ന തിരിച്ചറിവാണിവരെ സംഘടനയ്ക്ക് വേണ്ടി രതിയിലേർപ്പെടാനും അത് പ്രദർശിപ്പിക്കാനും സന്നദ്ധരാക്കുന്നത് എന്ന് പറയുന്നു സംഘടന.

    

Wednesday, October 23, 2013

ഇവിടെ ഇപ്പോഴും അടിമകളുണ്ട്


             മനുഷ്യൻ മനുഷ്യനെ അടിമയാക്കുന്ന ഹീനതയുടെ വേരുകൾക്ക് അവന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലുകൾ എന്ന് പുകഴ്പെറ്റ എല്ലാ സംസ്ക്യതികളുടേയും സ്യഷ്ടിയ്ക്കും നിലനിൽപ്പിനും പിറകിൽ അടിമജോലിയുടെ വിയർപ്പും രക്തവും പുരണ്ടിരുന്നു എന്നത് നിഷേധിക്കാനാകാത്ത സത്യവുമാണ്. എന്നാൽ സമത്വം , സാഹോദര്യം, ജനാധിപത്യം എന്നീ ആശയങ്ങളുടെ പിൻബലത്തോടെ കടന്നു വന്ന നവോത്ഥാനത്തിന്റെ സന്തതിയായ ആധുനിക യുഗത്തിനു പോലും പൂർണമായും ഇല്ലാതാക്കാൻ കഴിയാതെ ഇന്നും മനുഷ്യസമൂഹത്തിൽ അവശേഷിക്കുകയാണ് അടിമത്തം. ഇതിനെആധുനിക അടിമത്തംഎന്നാണ് സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത്.

ആധുനിക അടിമത്തംഎന്നാൽ
    
  
         ഏതാണ്ട് 150 വർഷങ്ങൾക്ക് മുമ്പ് തന്നെ ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും അടിമത്തം നിരോധിച്ചിരുന്നു.1888 ൽ ഇത് നിരോധിച്ച ബ്രസീൽ ആണ് അവസാന രാജ്യം.എന്നാൽ ഇന്നും പരമ്പരാഗതമായ രീതിയിൽ നിന്ന് മാറി അടിമത്തം നിലനിൽക്കുന്നുണ്ട് ഒട്ടേറെ രാജ്യങ്ങളിൽ.ലൈംഗികത്തൊഴിലിനു നിർബന്ധപൂർവം വലിച്ചിഴയ്ക്കപ്പെടുന്ന സ്ത്രീകൾ മുതൽ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിർബന്ധിത ജോലി വരെ ആധുനിക അടിമത്തം എന്ന സംജ്ഞയിൻ കീഴിൽ വരുന്നു.
     ആകെയുള്ള അടിമകളിൽ പകുതിയും ഏഷ്യൻ ഭൂഖണ്ഡത്തിലാണുള്ളത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ആഫ്രിക്ക,മിഡ്ഡിൽ ഈസ്റ്റ്,ഏഷ്യാ-പസഫിക് മേഖല,ലാറ്റിൻ അമേരിക്ക,കരീബിയൻ ദ്വീപുകൾ, മധ്യ-തെക്കു കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ ആധുനിക അടിമത്തം നിലനിൽക്കുന്നുണ്ട്.

        നേപ്പാളീസ് സർക്കാർ അവിടെ നിലനിന്നിരുന്നഹലിയഎന്ന അടിമത്തരീതി അവസാനിപ്പിക്കുകയും ഇരുപതിനായിരത്തോളം ആളുകളെ മോചിപ്പിക്കുകയും ചെയ്തത് 2008 ൽ മാത്രമാണ്.  1910 ൽ ഔദ്യോഗികമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചൈനയിൽ അടിമത്തം ചില മേഖലകളിൽ നിലനിൽക്കുന്നതായി പറയപ്പെടുന്നു.ഷാംഗ്സി,ഹെനാൻ മേഖലകളിലെ ഇഷ്ടികക്കളങ്ങളിൽ നിർബന്ധിതവേലയ്ക്ക് വിധേയരാക്കപ്പെട്ടിരുന്ന 550 ആളുകൾ മോചിപ്പിക്കപ്പെട്ടത് 2007 ൽ ആണ്.ഇവരിൽ 69 കുട്ടികളും ഉൾപ്പെട്ടിരുന്നു.
        
                  വടക്കൻ കൊറിയയിൽ ഭരണകൂടം ആറ് വലിയ ജയിലുകളിൽ 2 ലക്ഷത്തോളം രാഷ്ട്രീയത്തടവുകാരെയും ബന്ധുക്കളെയും ആജീവനാന്തത്തടവിനു വിധിച്ച്  പാർപ്പിക്കുന്നതായി ആരോപിക്കപെടുന്നു.ഇവരെ അടിമകളെപ്പോലെ കണക്കാക്കി കഠിനജോലിയെടുപ്പിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 2010ൽ ബ്രസീലിയൻ സർക്കാർ 5000 അടിമകളെയാണ് മോചിപ്പിച്ചത്. 22500 ലധികം ഹെയ്ത്തിയൻ കുട്ടികളാണ് ആ രാജ്യത്തിൽ നിർബന്ധിത വീട്ടുവേലയ്ക്ക് വിധേയരാക്കപ്പെടുന്നത്.
      
           നൈജീരിയയിൽ ജനസംഖ്യയുടെ എട്ട് ശതമാനം ആളുകളാണ് അടിമജോലികൾ ചെയ്യുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ,റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിൽ പിഗ്മികളെ അടിമകളാക്കുന്ന സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നു. ഇറാഖിലെ ചില മേഖലകളിൽ ട്രൈബൽ ഷേക്കുമാർ കറുത്ത അടിമകളെഅബ്ദ്എന്ന പേരിൽ ഇപ്പോഴും നിലനിർത്തുന്നു. ഐവറി കോസ്റ്റിൽ ഒരു ലക്ഷത്തിലധികം കുട്ടികളെ പണിയെടുപ്പിക്കുന്നുണ്ട് കൊക്കോ ക്യഷിയിടങ്ങളിൽ.

      ആധുനിക അടിമത്തം നന്നായി വേരോടിയ രാജ്യങ്ങളിലെ ഏറ്റവും നല്ല ഉദാഹരണം മൌറിറ്റാനിയ ആണ്. മൂന്ന് തവണ നിരോധിച്ചിട്ടും -ഒടുവിലത്തേത് 2007 - ഇന്നും നിലനിൽക്കുന്നു അടിമത്തം ആ രാജ്യത്തിൽ.ആകെ ജനസംഖ്യയുടെ 20 ശതമാനം വരും മൌറിറ്റാനിയയിലെ അടിമകൾ,അതായത് 6 ലക്ഷം പേർ.


വിവിധ രൂപങ്ങളിൽ,ഭാവങ്ങളിൽ


         നിർബന്ധിത  ജോലിയുടെ രൂപത്തിലുള്ള അടിമത്തത്തിൽ കടത്തിന്റെ രൂപത്തിലാണ്  ദരിദ്രന്റെ ജീവിതത്തിലേക്ക് അത് കടന്നു വരുന്നത്. ഒരുവൻ വരുത്തുന്ന കടം വീട്ടാൻ അവൻ കടം നൽകിയ ആൾക്ക് വേണ്ടി ജോലി ചെയ്യാൻ നിർബന്ധിതനാകുന്നു. മിക്കപ്പോഴും ഇത് തലമുറകൾ കടന്ന് പോകുന്നു. അടിമകളുടെ കുടുംബത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളും അടിമകളാക്കപ്പെടുന്നു മിക്കപ്പോഴും. മനുഷ്യക്കടത്തും അടിമത്തവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.ഒരു പ്രദേശത്തു നിന്നും മറ്റൊരിടത്തേക്ക് മനുഷ്യരെ കടത്തിക്കൊണ്ടു പോയി അടിമജോലികൾക്ക് നിയോഗിക്കുന്നു.കുട്ടികളെ വീട്ടുജോലി, ക്യഷിയിടങ്ങൾ,വ്യവസായങ്ങൾ എന്നിവിടങ്ങളിലെ നിർബന്ധിത ജോലി,സൈനികവ്യത്തി എന്നീ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. പെൺകുട്ടികളെ ബാല്യവിവാഹം, ബലം പ്രയോഗിച്ചുള്ള വിവാഹം ,ലൈംഗികത്തൊഴിൽ എന്നിവയ്ക്ക് വിധേയമാക്കുന്നു. ആധുനിക അടിമത്തത്തിന്റെ ഈ രൂപങ്ങളിലൂടെ നിരീക്ഷണം നടത്തുന്ന ഏതൊരാൾക്കും ബോധ്യമാകും മിക്ക രാജ്യങ്ങളിലും ഇത് നിലനിൽക്കുന്നുണ്ടെന്ന്.

എത്ര പേർ അടിമകളായുണ്ട് ?

       നിയമവിരുദ്ധമായി നിലനിൽക്കുന്ന ഒന്നായതിനാൽ ആധുനിക അടിമത്തത്തിന്റെ ശരിയായ കണക്കുകൾ ശേഖരിക്കുക ബുദ്ധിമുട്ടാണെന്ന് പറയുന്നു വിവിധ ഏജൻസികൾയു.എൻ പോഷകസംഘടനയായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ(.എൽ.) കണക്കുകൾ അനുസരിച്ച് ലോകമെമ്പാടും 21 ദശലക്ഷം ആളുകൾ അടിമത്തത്തിൽ ജീവിക്കുന്നു . ഈ ആളുകളിൽ 90 ശതമാനത്തെയും ചൂഷണം ചെയ്യുന്നത് വ്യക്തികളോ കമ്പനികളൊ ആണെങ്കിൽ 10 ശതമാനം ആളുകളെ അടിമത്തത്തിനു വിധേയമാക്കുന്നത് ഭരണകൂടങ്ങളോ സൈനിക ഗ്രൂപ്പുകളോ ആണ്. രാജ്യങ്ങൾ ഒരുക്കുന്ന ജയിലുകളിലും അടിമത്തം നിലനിൽക്കുന്നുണ്ട്. 22 ശതമാനം അടിമകൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കപ്പെടുന്നു. രാഷ്ട്രങ്ങളുടെ അതിർത്തി കടക്കുന്ന കുടിയേറ്റക്കാരിൽ 29 ശതമാനവും മനുഷ്യക്കടത്തിനു വിധേയരാക്കപ്പെടുകയും പിന്നീട് അടിമജോലിയ്ക്ക് നിയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇവരിലുള്ള പെണ്ണുങ്ങൾ മിക്കവരും ലൈംഗികത്തൊഴിലിനു നിർബന്ധിക്കപ്പെടുന്നു.

അടിമകളാക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും
        
        അടിമത്തം നിലനിൽക്കുന്ന സമൂഹങ്ങളിൽ ജനസംഖ്യയുടെ എല്ലാ വിഭാഗങ്ങളിലും അതിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും സ്ത്രീകളും കുട്ടികളുമാണ് അടിമത്തത്തിന്റെ വലയിൽ വീഴാൻ കൂടുതൽ സാധ്യതയുള്ളത്. അടിമകളിൽ 56 ശതമാനവും സ്ത്രീകളാണ്. ഇതിൽ പ്രായപൂർത്തിയാകാത്തവർ വലിയ ശതമാനം വരുന്നു. കുട്ടികൾ ആകെയുള്ള അടിമകളുടെ 25 ശതമാനം വരുന്നു. ചുരുക്കിപ്പറഞ്ഞാൽ ആകെയുള്ള അടിമകളിൽ 81 ശതമാനം വരും  സമൂഹത്തിലെ ഏറ്റവും ദുർബ്ബലരായ സ്ത്രീകളും കുട്ടികളും ചേർന്നുള്ള വിഭാഗം. ഈ വസ്തുത ആധുനിക അടിമത്തത്തിന്റെ ഏറ്റവും സങ്കടകരവും രൂക്ഷവുമായ അവസ്ഥയെ കാണിക്കുന്നു.

            അടിമത്തം ഏറ്റവും ഏളുപ്പത്തിൽ ബാധിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബ്ബലരോ ന്യൂനപക്ഷങ്ങളെയൊ സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നവരോ ആയ ആളുകളിലോ ആണെന്ന് പഠനങ്ങൾ പറയുന്നു. ഉദാഹരണമായി തെക്കൻ ഏഷ്യയിൽ നിർബന്ധിത, ബോണ്ടഡ് ജോലികൾക്ക് വിധേയരാക്കപ്പെടുന്നവരുടെ ജാതി എന്നത് നിർണായകമായ ഒന്നാണ്. താഴ്ന്ന ജാതികളിൽ പെട്ടവർ എളുപ്പത്തിൽ അടിമത്തത്തിൽ വീഴുന്നു എന്ന് സാരം.ജാതിയിൽ അധി:ഷ്ഠിതമായ അടിമത്തം തലമുറകളിലൂടെ കടന്ന് പോകുന്നു. പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും അടിമത്തത്തെ സഹായിക്കാനായി സ്യഷ്ടിക്കപ്പെടുകയും ചെയ്യുമ്പോൾ ചിത്രം പൂർത്തിയാവുന്നു. ‘ആന്റി സ്ലേവറി ഇന്റർനാഷണൽഎന്ന സംഘടനയുടെ കണക്കു പ്രകാരം ഈ മേഖലയിലെ  80 മുതൽ 98 ശതമാനം വരെയുള്ള നിർബന്ധിത ജോലിക്കാരും ദളിതരോ ആദിവാസികളോ ആണ്.
         
ആരൊക്കെയാണ് ചൂഷകർ?


        .എൽ.ഒ യുടെ 2005 ലെ കണക്കു പ്രകാരം നിർബന്ധിത ജോലിയിൽ നിന്നുള്ള നിയമവിരുദ്ധ വരുമാനം 4400 കോടി ഡോളർ വരും. യു.എൻ സംഘടനയായഗ്ലോബൽ ഇനിഷ്യേറ്റിവ് ടു ഫൈറ്റ് ട്രാഫിക്കിംഗിന്റെ പഠനം പ്രകാരം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്രിമിനൽ വ്യവസായം മനുഷ്യക്കടത്ത് ആണ്. മനുഷ്യക്കടത്തിലൂടെ  കോടിക്കണക്കിനു ഡോളർ സമ്പാദിക്കപ്പെടുന്നു. നിർബന്ധിത ജോലി ചെയ്യുന്ന ആളുകൾക്ക് എല്ലാം കൂടി കൂലിയിനത്തിൽ  ഒരു വർഷം നഷ്ടമാകുന്നത് 2100 കോടി ഡോളറാണെന്ന് പറയുന്നു ഐ.എൽ.. ഈ ധനനഷ്ടത്തിനു പുറമേ അടിമത്തം വരുത്തി വെയ്ക്കുന്ന സാമൂഹ്യ ദുരിതങ്ങൾ ഭീമമാണ്. സാമ്പത്തിക വളർച്ച മുരടിപ്പിക്കുന്നതിലും ദാരിദ്യം വളർത്തുന്നതിലും ഇതിനുള്ള പങ്ക് ലോകവ്യാപകമായിത്തന്നെ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്.അവയെല്ലാം കാണിക്കുന്നത് ഭരണകൂടങ്ങളുടെ പങ്കോ അനാസ്ഥയോ മനുഷ്യക്കടത്തിനും അനധിക്യത കുടിയേറ്റത്തിനും നന്നായി സഹായം ചെയ്യുന്നുണ്ട് എന്നാണ്.

          തീപ്പെട്ടി,പടക്ക വ്യവസായങ്ങൾ പോലുള്ള മേഖലകളിലെ  ബാലവേല ഇല്ലാതാക്കാൻ സ്വാതന്ത്യം നേടി 60 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് സാധിക്കുന്നില്ല എന്നിടത്താണ് ആരാണ്ആധുനിക അടിമത്തംഎന്ന പേരിൽ അറിയപ്പെടുന്ന ഈ അനീതിയിൽ നിന്ന്  നേട്ടം കൊയ്യുന്നതെന്ന ചോദ്യം ഉയരുന്നത്. ലാറ്റിനമേരിക്കൻ,ആഫ്രിക്കൻ ഖനികളിൽ നിർബന്ധിതത്തൊഴിലെടുക്കുന്നവരും ചുവന്ന തെരുവുകളിൽ നിർബന്ധിത വേലയെടുക്കുന്ന പെൺകുഞ്ഞുങ്ങളും വീട്ടുവേലയ്ക്കും സൈനികവ്യത്തിക്കും നിർബന്ധിക്കപ്പെടുന്ന കുട്ടികളും ചോദിക്കുന്ന ചോദ്യം ഇതാണ് . മനുഷ്യനെ അടിമയാക്കുന്ന കലയിൽ എക്കാലത്തും വിരുത് തെളിയിച്ചിട്ടുള്ള  മുതലാളിത്തം തന്നെയാണ് ചൂഷകൻ എന്നതാണ് നാം നൽകുന്ന മറുപടി.



Monday, October 21, 2013

റിയോത് അലെമു ഇപ്പോഴും ജയിലിലാണ്


റിയോത് അലെമു ഇപ്പോഴും ജയിലിലാണ്

ജാഫർ എസ് പുൽപ്പള്ളി

           യുനസ്കോയുടെ 2013 ലെ വേൾഡ് പ്രസ്സ് ഫ്രീഡം പ്രൈസ് തനിയ്ക്ക് ലഭിച്ച വിവരം എത്യോപ്യൻ യുവവനിതാ പത്രപ്രവർത്തകയായ റിയോത് അലെമു അറിയുന്നത് അവളുടെ രാജ്യത്തിലെ കുപ്രസിദ്ധമായ കലിത്തി ജയിലിൽ വെച്ചാണ്.  2011 ജൂണിലാണ് അസാമാന്യമായ ധീരതയുടെയും സഹനത്തിന്റെയും  പത്രസ്വാതന്ത്യത്തിന്റെ പ്രതീകമായി യുനെസ്കോ വാഴ്ത്തിയ അലെമു ജയിലിലടയ്ക്കപ്പെട്ടത്. അധ്യാപികയും സ്വതന്ത്ര എത്യോപ്യൻ വാരികയായ 'ഫെത്തെ'യുടെ കോളമിസ്റ്റുമായ മുപ്പത്തൊന്നുകാരി അലെമു ചെയ്ത കുറ്റം എത്യോപ്യയിലെ ഭരണകൂടത്തെ വിമർശിച്ചു എന്നതാണ്.ലോകമെമ്പാടുമുള്ള പത്രപ്രവർത്തകരെ ഭരണകൂടങ്ങളുടെ കണ്ണിലെ കരടാക്കുന്ന അതേ കാരണം.

അലെമുവിന്റെ 'കുറ്റം'

        2011 ജൂൺ 21 ന് താൻ പഠിപ്പിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് ക്ലാസ് മുറിയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നതിന് നാല് ദിവസം മുമ്പാണ്  അറസ്റ്റിനു കാരണമായ ലേഖനം അലെമു എഴുതുന്നത്. കാരണം എന്തെന്ന് പോലും വെളിപ്പെടുത്താതെയായിരുന്നു അറസ്റ്റ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മെലെസ് സെനാവിയുടെ നേത്യത്വത്തിലുള്ള സർക്കാരിന്റെ, 'ഗ്രാന്റ് റിനൈസൻസ് ഡാം' എന്ന പേരിലുളള വമ്പൻ അണക്കെട്ടിനായുള്ള ധനസമാഹരണമാർഗ്ഗങ്ങളെ വിമർശിക്കുകയായിയിരുന്നു ജൂൺ 17 ലെ തന്റെ ലേഖനത്തിൽ അലെമു ചെയ്തത്. മെലെസ് സെനാവിയെ ലിബിയൻ ഏകാധിപതിയായിരുന്ന ഗദ്ദാഫിയുമായി താരതംയം ചെയ്യുകയും ചെയ്തു ആ ലേഖനത്തിൽ അലെമു. ജയിലിലടയ്ക്കപ്പെട്ട് 3 മാസങ്ങൾക്ക് ശേഷം അലെമുവിന്റെ പേരിലുള്ള കുറ്റം പ്രഖ്യാപിയ്ക്കപ്പെട്ടു: ഒരു ഭീകരസംഘടനയുമായുള്ള ബന്ധവും ഭീകരപ്രവർത്തനങ്ങളെ സഹായിക്കാനുള്ള ഗൂഡാലോചനയും. ഏതൊരു പൌരനെയും തടങ്കലിലാക്കാൻ ഭരണകൂടത്തെ സഹായിക്കുന്ന സെനാവിയുടെ ഭീകരവാദവിരുദ്ധ നിയമം അനുസരിച്ചായിരുന്നു കുറ്റപത്രം. അലെമുവും സുഹ്യത്തുക്കളും തമ്മിൽ നടത്തിയ ഇ മെയിൽ,ടെലിഫോൺ സംഭാഷണങ്ങളായിരുന്നു പ്രധാന 'തെളിവുകൾ'. അലെമുവിന്റെ ലേഖനങ്ങളും തെളിവായി ചൂണ്ടിക്കാണിച്ചു കങ്കാരു കോടതി മുമ്പാകെ സർക്കാർ.


എത്യോപ്യയിലെ പത്രസ്വാതന്ത്യം

         വിവിധ രാഷ്ട്രീയ,സാമൂഹിക പ്രശ്നങ്ങളിലെ തന്റെ കടുത്ത വിമർശനങ്ങൾ മൂലം അലെമു എപ്പോഴേ സർക്കാരിന്റെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞിരുന്നു . ഒട്ടേറെ പത്രപ്രവർത്തകരും ബ്ലോഗർമാരും  അടിച്ചമർത്തൽ നേരിടുന്ന എത്യോപ്യയിൽ സ്വതന്ത്ര പത്രപ്രവർത്തനം അസാധ്യം എന്ന് തന്നെ വിലയിരുത്തപ്പെടുന്നു. സ്വതന്ത്ര പത്രപ്രവർത്തനത്തിനുള്ള എല്ലാ വഴികളും അടയ്ക്കുന്ന , പത്രപ്രവർത്തകരെ അടിച്ചമർത്തുന്ന നയം മൂലം കുപ്രസിദ്ധമായ എത്യോപ്യയ്ക്ക് 2012 ൽ നടന്ന ഒരു സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിൽ ചാർത്തിക്കിട്ടിയ ബഹുമതി ഇതായിരുന്നു : 'പത്രസ്വാതന്ത്യം  ലോകത്തേറ്റവും അടിച്ചമർത്തപ്പെടുന്ന രാജ്യം'.

വിചാരണയില്ലാതെ മൂന്ന് മാസം

                ജയിലിലടയ്ക്കപ്പെട്ട് 3 മാസങ്ങൾക്കു ശേഷമായിരുന്നു വിചാരണ ആരംഭിച്ചത്. ഇക്കാലയളവിൽ അലെമുവിന് നിയമസഹായം തേടാനുള്ള ഒരു മാർഗ്ഗവും ജയിലിൽ നൽകിയിരുന്നില്ല. ചോദ്യം ചെയ്യൽ വേളകളിൽ വക്കീലിന്റെ സാന്നിദ്ധ്യം വേണം എന്ന ആവശ്യം നിരാകരിക്കപ്പെട്ടു. മർദ്ദനം,വൈദ്യസഹായം നിഷേധിക്കൽ തുടങ്ങിയ  ആരോപണങ്ങൾ കോടതി മുമ്പാകെ അലെമു ബോധിപ്പിച്ചെങ്കിലും അതെല്ലാം തള്ളിക്കളയപ്പെട്ടു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സർക്കാർ വക്താവ് നൽകിയ ഒരു ഇന്റർവ്യൂവിൽ അലെമു ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്ന് പ്രസ്താവിച്ചത് ഇക്കാര്യത്തിലുള്ള ഭരണകൂടത്തിന്റെ ഉള്ളിലിരുപ്പ് വെളിച്ചത്ത് കൊണ്ടുവന്നു എന്നാരോപിക്കപ്പെട്ടു.  എന്തായാലും സർക്കാരിന്റെ ഹിതം പോലെ കോടതി ഈ കേസിൽ വിധി പ്രസ്താവിച്ചു : 14 വർഷം തടവും 33000 ബിർ പിഴയും. അപ്പീൽ സ്വീകരിച്ച മേൽക്കോടതി ശിക്ഷ 5 വർഷമായി കുറച്ചു പിന്നീട്.

             അലെമുവിന്റെ ശിക്ഷാവിധിയെക്കുറിച്ച് 'ആംനെസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചതിങ്ങനെ : “അലെമുവിനെതിരെ യാതൊരു തെളിവുമില്ല ഈ കേസിൽ. അവർ കുറ്റാരോപിതരായതിനുള്ള കാരണം സർക്കാരിനെതിരെയുള്ള വിമർശനം മാത്രമാണ്.അലെമുവിനെ ഉടൻ തന്നെ വിട്ടയയ്ക്കണം”.

          വെറും ഒരു മാപ്പപേക്ഷ മാത്രം മതി മോചനത്തിന് എന്ന വാഗ്ദാനം സർക്കാർ  മുമ്പോട്ട് വെച്ചെങ്കിലും അലെമു അത് തള്ളിക്കളഞ്ഞിരിക്കുന്നു. മറ്റ് പത്രപ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാമെങ്കിൽ മാപ്പ് അനുവദിക്കാമെന്ന സർക്കാർ വാഗ്ദാനം ചോദ്യം ചെയ്യൽ വേളയിൽ തന്നെ തിരസ്കരിക്കുകയും അതിനുള്ള ശിക്ഷയായി രണ്ടാഴ്ചത്തെ ഏകാന്തത്തടവ് അനുഭവിക്കുകയും ചെയ്തിരുന്നു അലെമു.

       അലെമുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കകൾ ഉയർന്നിരിക്കുന്നു.മാറിടത്തിലെ ട്യൂമറിന് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കപ്പെട്ട അവരെ ആവശ്യമായ വിശ്രമം പോലും അനുവദിക്കാതെ ഉടൻ തന്നെ ജയിലിലേക്കയച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ധീരതയുടെ ആൾരൂപം
      ഇന്റർനാഷണൻ വിമെൻസ് മീഡിയാ ഫൌണ്ടേഷന്റെ 2012 ലെ 'കറേജ് ഇൻ ജേർണലിസം' എന്ന പേരിലുള്ള അവാർഡ് അലെമുവിനായിരുന്നു നൽകിയത്. അവളുടെ അസാന്നിദ്ധ്യത്തിൽ നടന്ന ബഹുമതിദാന ചടങ്ങിലേക്ക് ജയിലിൽ നിന്ന് ഒളിച്ചു കടത്തിയ അലെമുവിന്റെ ചെറുസന്ദേശം വായിക്കപ്പെട്ടു .“എത്യോപ്യയിലെ ഭരണകക്ഷിയ്ക്ക് പത്രപ്രവർത്തകർ പ്രചാരണത്തിനുള്ള യന്ത്രങ്ങൾ മാത്രമാണ്”. ഇങ്ങനെ ഭരണകൂടത്തിന്റെ ഓമനയാകാനും അതിന്റെ ഹിതമറിഞ്ഞ് പ്രവർത്തിക്കാനും ഒരുക്കമല്ല എന്നതാണ്  റിയോത് അലെമുവിനെപ്പോലുള്ള ധീരരുടെ മേലുള്ള കുറ്റം. ലോകമെമ്പാടും, ജനാധിപത്യം ഉള്ളിടത്തും ഏകാധിപത്യം വാഴുന്നിടത്തും ഇതു തന്നെയാണ് സ്ഥിതി എന്ന് സ്വതന്ത്ര ചിന്തയും വിമർശനവും ആയുധമാക്കിയവർ പരാതിപ്പെടുമ്പോൾ അത് തള്ളിക്കളയാനാവില്ല നമുക്ക്.