Monday, October 21, 2013

റിയോത് അലെമു ഇപ്പോഴും ജയിലിലാണ്


റിയോത് അലെമു ഇപ്പോഴും ജയിലിലാണ്

ജാഫർ എസ് പുൽപ്പള്ളി

           യുനസ്കോയുടെ 2013 ലെ വേൾഡ് പ്രസ്സ് ഫ്രീഡം പ്രൈസ് തനിയ്ക്ക് ലഭിച്ച വിവരം എത്യോപ്യൻ യുവവനിതാ പത്രപ്രവർത്തകയായ റിയോത് അലെമു അറിയുന്നത് അവളുടെ രാജ്യത്തിലെ കുപ്രസിദ്ധമായ കലിത്തി ജയിലിൽ വെച്ചാണ്.  2011 ജൂണിലാണ് അസാമാന്യമായ ധീരതയുടെയും സഹനത്തിന്റെയും  പത്രസ്വാതന്ത്യത്തിന്റെ പ്രതീകമായി യുനെസ്കോ വാഴ്ത്തിയ അലെമു ജയിലിലടയ്ക്കപ്പെട്ടത്. അധ്യാപികയും സ്വതന്ത്ര എത്യോപ്യൻ വാരികയായ 'ഫെത്തെ'യുടെ കോളമിസ്റ്റുമായ മുപ്പത്തൊന്നുകാരി അലെമു ചെയ്ത കുറ്റം എത്യോപ്യയിലെ ഭരണകൂടത്തെ വിമർശിച്ചു എന്നതാണ്.ലോകമെമ്പാടുമുള്ള പത്രപ്രവർത്തകരെ ഭരണകൂടങ്ങളുടെ കണ്ണിലെ കരടാക്കുന്ന അതേ കാരണം.

അലെമുവിന്റെ 'കുറ്റം'

        2011 ജൂൺ 21 ന് താൻ പഠിപ്പിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് ക്ലാസ് മുറിയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നതിന് നാല് ദിവസം മുമ്പാണ്  അറസ്റ്റിനു കാരണമായ ലേഖനം അലെമു എഴുതുന്നത്. കാരണം എന്തെന്ന് പോലും വെളിപ്പെടുത്താതെയായിരുന്നു അറസ്റ്റ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മെലെസ് സെനാവിയുടെ നേത്യത്വത്തിലുള്ള സർക്കാരിന്റെ, 'ഗ്രാന്റ് റിനൈസൻസ് ഡാം' എന്ന പേരിലുളള വമ്പൻ അണക്കെട്ടിനായുള്ള ധനസമാഹരണമാർഗ്ഗങ്ങളെ വിമർശിക്കുകയായിയിരുന്നു ജൂൺ 17 ലെ തന്റെ ലേഖനത്തിൽ അലെമു ചെയ്തത്. മെലെസ് സെനാവിയെ ലിബിയൻ ഏകാധിപതിയായിരുന്ന ഗദ്ദാഫിയുമായി താരതംയം ചെയ്യുകയും ചെയ്തു ആ ലേഖനത്തിൽ അലെമു. ജയിലിലടയ്ക്കപ്പെട്ട് 3 മാസങ്ങൾക്ക് ശേഷം അലെമുവിന്റെ പേരിലുള്ള കുറ്റം പ്രഖ്യാപിയ്ക്കപ്പെട്ടു: ഒരു ഭീകരസംഘടനയുമായുള്ള ബന്ധവും ഭീകരപ്രവർത്തനങ്ങളെ സഹായിക്കാനുള്ള ഗൂഡാലോചനയും. ഏതൊരു പൌരനെയും തടങ്കലിലാക്കാൻ ഭരണകൂടത്തെ സഹായിക്കുന്ന സെനാവിയുടെ ഭീകരവാദവിരുദ്ധ നിയമം അനുസരിച്ചായിരുന്നു കുറ്റപത്രം. അലെമുവും സുഹ്യത്തുക്കളും തമ്മിൽ നടത്തിയ ഇ മെയിൽ,ടെലിഫോൺ സംഭാഷണങ്ങളായിരുന്നു പ്രധാന 'തെളിവുകൾ'. അലെമുവിന്റെ ലേഖനങ്ങളും തെളിവായി ചൂണ്ടിക്കാണിച്ചു കങ്കാരു കോടതി മുമ്പാകെ സർക്കാർ.


എത്യോപ്യയിലെ പത്രസ്വാതന്ത്യം

         വിവിധ രാഷ്ട്രീയ,സാമൂഹിക പ്രശ്നങ്ങളിലെ തന്റെ കടുത്ത വിമർശനങ്ങൾ മൂലം അലെമു എപ്പോഴേ സർക്കാരിന്റെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞിരുന്നു . ഒട്ടേറെ പത്രപ്രവർത്തകരും ബ്ലോഗർമാരും  അടിച്ചമർത്തൽ നേരിടുന്ന എത്യോപ്യയിൽ സ്വതന്ത്ര പത്രപ്രവർത്തനം അസാധ്യം എന്ന് തന്നെ വിലയിരുത്തപ്പെടുന്നു. സ്വതന്ത്ര പത്രപ്രവർത്തനത്തിനുള്ള എല്ലാ വഴികളും അടയ്ക്കുന്ന , പത്രപ്രവർത്തകരെ അടിച്ചമർത്തുന്ന നയം മൂലം കുപ്രസിദ്ധമായ എത്യോപ്യയ്ക്ക് 2012 ൽ നടന്ന ഒരു സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിൽ ചാർത്തിക്കിട്ടിയ ബഹുമതി ഇതായിരുന്നു : 'പത്രസ്വാതന്ത്യം  ലോകത്തേറ്റവും അടിച്ചമർത്തപ്പെടുന്ന രാജ്യം'.

വിചാരണയില്ലാതെ മൂന്ന് മാസം

                ജയിലിലടയ്ക്കപ്പെട്ട് 3 മാസങ്ങൾക്കു ശേഷമായിരുന്നു വിചാരണ ആരംഭിച്ചത്. ഇക്കാലയളവിൽ അലെമുവിന് നിയമസഹായം തേടാനുള്ള ഒരു മാർഗ്ഗവും ജയിലിൽ നൽകിയിരുന്നില്ല. ചോദ്യം ചെയ്യൽ വേളകളിൽ വക്കീലിന്റെ സാന്നിദ്ധ്യം വേണം എന്ന ആവശ്യം നിരാകരിക്കപ്പെട്ടു. മർദ്ദനം,വൈദ്യസഹായം നിഷേധിക്കൽ തുടങ്ങിയ  ആരോപണങ്ങൾ കോടതി മുമ്പാകെ അലെമു ബോധിപ്പിച്ചെങ്കിലും അതെല്ലാം തള്ളിക്കളയപ്പെട്ടു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സർക്കാർ വക്താവ് നൽകിയ ഒരു ഇന്റർവ്യൂവിൽ അലെമു ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്ന് പ്രസ്താവിച്ചത് ഇക്കാര്യത്തിലുള്ള ഭരണകൂടത്തിന്റെ ഉള്ളിലിരുപ്പ് വെളിച്ചത്ത് കൊണ്ടുവന്നു എന്നാരോപിക്കപ്പെട്ടു.  എന്തായാലും സർക്കാരിന്റെ ഹിതം പോലെ കോടതി ഈ കേസിൽ വിധി പ്രസ്താവിച്ചു : 14 വർഷം തടവും 33000 ബിർ പിഴയും. അപ്പീൽ സ്വീകരിച്ച മേൽക്കോടതി ശിക്ഷ 5 വർഷമായി കുറച്ചു പിന്നീട്.

             അലെമുവിന്റെ ശിക്ഷാവിധിയെക്കുറിച്ച് 'ആംനെസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചതിങ്ങനെ : “അലെമുവിനെതിരെ യാതൊരു തെളിവുമില്ല ഈ കേസിൽ. അവർ കുറ്റാരോപിതരായതിനുള്ള കാരണം സർക്കാരിനെതിരെയുള്ള വിമർശനം മാത്രമാണ്.അലെമുവിനെ ഉടൻ തന്നെ വിട്ടയയ്ക്കണം”.

          വെറും ഒരു മാപ്പപേക്ഷ മാത്രം മതി മോചനത്തിന് എന്ന വാഗ്ദാനം സർക്കാർ  മുമ്പോട്ട് വെച്ചെങ്കിലും അലെമു അത് തള്ളിക്കളഞ്ഞിരിക്കുന്നു. മറ്റ് പത്രപ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ നൽകാമെങ്കിൽ മാപ്പ് അനുവദിക്കാമെന്ന സർക്കാർ വാഗ്ദാനം ചോദ്യം ചെയ്യൽ വേളയിൽ തന്നെ തിരസ്കരിക്കുകയും അതിനുള്ള ശിക്ഷയായി രണ്ടാഴ്ചത്തെ ഏകാന്തത്തടവ് അനുഭവിക്കുകയും ചെയ്തിരുന്നു അലെമു.

       അലെമുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കകൾ ഉയർന്നിരിക്കുന്നു.മാറിടത്തിലെ ട്യൂമറിന് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കപ്പെട്ട അവരെ ആവശ്യമായ വിശ്രമം പോലും അനുവദിക്കാതെ ഉടൻ തന്നെ ജയിലിലേക്കയച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ധീരതയുടെ ആൾരൂപം
      ഇന്റർനാഷണൻ വിമെൻസ് മീഡിയാ ഫൌണ്ടേഷന്റെ 2012 ലെ 'കറേജ് ഇൻ ജേർണലിസം' എന്ന പേരിലുള്ള അവാർഡ് അലെമുവിനായിരുന്നു നൽകിയത്. അവളുടെ അസാന്നിദ്ധ്യത്തിൽ നടന്ന ബഹുമതിദാന ചടങ്ങിലേക്ക് ജയിലിൽ നിന്ന് ഒളിച്ചു കടത്തിയ അലെമുവിന്റെ ചെറുസന്ദേശം വായിക്കപ്പെട്ടു .“എത്യോപ്യയിലെ ഭരണകക്ഷിയ്ക്ക് പത്രപ്രവർത്തകർ പ്രചാരണത്തിനുള്ള യന്ത്രങ്ങൾ മാത്രമാണ്”. ഇങ്ങനെ ഭരണകൂടത്തിന്റെ ഓമനയാകാനും അതിന്റെ ഹിതമറിഞ്ഞ് പ്രവർത്തിക്കാനും ഒരുക്കമല്ല എന്നതാണ്  റിയോത് അലെമുവിനെപ്പോലുള്ള ധീരരുടെ മേലുള്ള കുറ്റം. ലോകമെമ്പാടും, ജനാധിപത്യം ഉള്ളിടത്തും ഏകാധിപത്യം വാഴുന്നിടത്തും ഇതു തന്നെയാണ് സ്ഥിതി എന്ന് സ്വതന്ത്ര ചിന്തയും വിമർശനവും ആയുധമാക്കിയവർ പരാതിപ്പെടുമ്പോൾ അത് തള്ളിക്കളയാനാവില്ല നമുക്ക്.