Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, August 18, 2010

‘ഇല്ലിനിപ്പേടിയെനിയ്ക്ക്‌:അന്ന അഹ് മത്തോവയുടെ കവിത

ഏകാന്തത
അന്ന അഹ് മത്തോവ (1889-1966)                                                         
ഇല്ലിനിപ്പേടി-
യെനിയ്ക്ക്‌, ഞാനത്രയ്ക്കു
കല്ലേറുകൊണ്ടുകഴിഞ്ഞു.

കല്ലുകള്‍ വീണു
കുഴിതൂര്‍ന്നിടത്തൊരു
തുംഗമാം ഗോപുരം നിന്നു.

നന്ദി, ഈ ഗോപുരം
നിര്‍മ്മിച്ചുതന്നോരേ
നന്മ നിങ്ങള്‍ക്കു വരട്ടെ! 

പൊങ്ങുന്ന സൂര്യനെ
കാണുന്നു ഞാനാദ്യം
ഇങ്ങിരുന്നത്രമേല്‍ തുംഗം.

അസ്തമിക്കുമ്പോള്‍
അവസാനരശ്മികള്‍
തത്തിക്കളിക്കുമിവിടെ.

എന്നറയ്ക്കുള്ള
ജനാലയിലെപ്പൊഴും
തെന്നല്‍ പറന്നുകളിക്കും.

എന്റെ കൈവെള്ളയില്‍
നിന്നും പിറാവുകള്‍
തിന്നുന്നു ധാന്യമണികള്‍.

ഞാനെഴുതിപ്പൂര്‍ത്തി-
യാക്കാത്ത താളുകള്‍
താനേയെഴുതി നിറയ്ക്കാന്‍,

തൂവല്‍വിരലുമായ്‌
എന്‍ കാവ്യദേവത
താഴേയ്ക്കിറങ്ങിവന്നെത്തും.            


     1914.

    മൊഴിമാറ്റം : പി പി രാമചന്ദ്രന്‍                                                                 


റഷ്യയിലെ ഏറ്റവും പ്രകീർത്തിക്കപ്പെട്ട ആധുനിക കവയിത്രിയായിരുന്നു,അന്ന അഹ് മത്തോവ. സ്റ്റാലിനിസ്റ്റ് ഭീകരതയെക്കുറിച്ച് എഴുതിയ അവരുടെ പല കവിതകളും സോവിയറ്റ് യൂണിയനിൽ നിരോധിക്കപ്പെട്ടു.ഒടുവിൽ അവരുടെ അവസാനകാലത്തു മാത്രമാണ് ഭരണകൂടം അവരെ അംഗീകരിച്ചത്.ഈ കവിതയിൽ, ചുറ്റും ചൂഴ്ന്നു നിൽക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള ചെറുത്തുനിൽ‌പ്പ് ദർശിക്കാം.


അന്ന അഹ് മത്തോവ :വിക്കി പേജ് 
അന്ന അഹ് മത്തോവയുടെ 80 കവിതകൾ

Tuesday, July 20, 2010

എന്തു നീയുദിക്കാത്തൂ കവിതേ നീയെന്നുള്ളിൽ പണ്ടെപ്പോൽ?

എങ്ങിനെ?

സുഗതകുമാരി
Sugatha.jpg

എന്തു നീയുദിക്കാത്തൂ
കവിതേ നീയെന്നുള്ളിൽ പണ്ടെപ്പോൽ?
നഭസ്സുപോൽ മനസും തപിക്കുന്നു.

എങ്ങിനെ?നിദാഘാന്ധ്യതാപത്താൽ മൂടിക്കെട്ടി
ഞങ്ങൾ തൻ പെയ്യാമേഘച്ചൂടിനാൽ കനം തൂങ്ങി
കമ്പനിപ്പുക പൂശി മുഷിഞ്ഞൊരിവിടെയോ
തിങ്കളിന്നിതളുകൾ വിരിവൂ?ചോദ്യം മൌഡ്യം!

എന്തു നീ വിരിയാത്തു കവിതേ ,വന്നെന്നുള്ളിൽ ,പണ്ടെപ്പോൽ?
സരസ്സുപോൽ മനസും വിതുമ്പുന്നു

എങ്ങിനെ? കരിംചണ്ടിപ്പായലും ചേറും
തൊണ്ടു ചീയലും കൂത്താടിയെ-
ക്കൊല്ലുമോയിലും ചേർന്നു
കൊഴുത്തു കണ്ണീരുപ്പു കലർത്തുമിവിടെയോ
ഉദിപ്പൂ വെള്ളാമ്പലിൻ പൂങ്കുല! ചോദ്യം മൌഡ്യം!
(1976)

Wednesday, July 7, 2010

ഭൂമിയാസകലം സ്വർഗ്ഗത്തിന്റെ നാറ്റമായിരുന്നു

ദൈവങ്ങൾ കിഴക്ക്                                                                                പാബ്ലോ നെരൂദ    
Pablo Neruda.jpg                                                                                                    അകലെ റംഗൂണിൽ വെച്ചാണ് എനിക്കു                                     ബോധ്യപ്പെട്ടത്,                                                               
 സർവേശ്വരനെപ്പൊലെ തന്നെ
ദൈവങ്ങളും സാധുവായ മനുഷ്യന്റെ
ശത്രുവാണെന്ന്.
വെള്ളത്തിമിംഗലങ്ങളെപ്പോലെ
വെണ്ണക്കല്ലിൽ നീട്ടിപ്പണിത ദൈവങ്ങൾ,
ധാന്യക്കതിരുകൾപോലെ
സ്വർണം പൂശിയ ദൈവങ്ങൾ,
ജന്മപാപത്തിൻ ചുറ്റിപ്പിണയുന്ന നാഗദൈവങ്ങൾ,
ക്രിസ്തു അവന്റെ ഭീകരമായ കുരിശിൽ
എന്നെ പോലെ.
ശുദ്ധശൂന്യമായ അനന്തതയുടെ വിരുന്നോർത്ത്
പുഞ്ചിരികൊള്ളുന്ന നഗ്നകോമളരായ
ബുദ്ധന്മാർ,
എല്ലാവരും സർവശക്തന്മാർ.
അവരുടെ സ്വർഗം നമ്മുടെ മുതുകിൽ
അടിച്ചേൽ‌പ്പിക്കാൻ കഴിവുള്ളവർ.
ഭക്തി വാങ്ങിയെടുക്കാനും രക്തം
തിളപ്പിച്ചെടുക്കാനും
പിസ്റ്റളും പീഡനവുമുള്ളവർ.
മനുഷ്യർ സ്വന്തം ഭീരുത്വം മറച്ചുവെക്കാനായി
ഉണ്ടാക്കി വെച്ച ഭീകരമൂർത്തികൾ.
ഇതെല്ലാം ഇതേപടി അവിടെയുണ്ടായിരുന്നു,
ഭൂമിയാസകലം സ്വർഗ്ഗത്തിന്റെ നാറ്റമായിരുന്നു,
സ്വർഗ്ഗത്തിന്റെയും
സ്വർഗ്ഗത്തിന്റെ വിൽ‌പ്പനച്ചരക്കുകളുടെയും.

Thursday, July 1, 2010

നീയെത്രെ ശാന്തനായ് കിടക്കുന്നു

പോത്ത്                                                                                                              എൻ.എൻ.കക്കാട്                                                                                             ചത്ത കാലത്തിൻ                                                                                          തളം കെട്ടിയ ചളിക്കുണ്ടിൽ                                                                                 ശവം നാറിപ്പുല്ലു തിന്നാവോളവും                                                                         കൊഴുത്ത മെയ്യാകവേ താഴ്ത്തി                                                                     നീയെത്രെ ശാന്തനായ് കിടക്കുന്നു.                                                                     വട്ടക്കൊമ്പുകളുടെ കീഴെ തുറിച്ച                                                                          മന്തൻ കണ്ണുകളാൽ നോക്കി                                                                            കണ്ടതും കാണാത്തതുമറിയാതെ                                                                       നീയെത്ര ത്യപ്തനായ് കിടക്കുന്നു                                                                          നിൻ ജീവനിലിഴുകിയ ഭാഗ്യമെന്തൊരു ഭാഗ്യം!

                          എൻ.എൻ.കക്കാട്:വിക്കി പേജ്                        

Sunday, June 27, 2010

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
സച്ചിദാനന്ദൻ

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ

അവളെ കല്ലിനുള്ളിൽ നിന്ന്
ഉയിർത്തെഴുന്നേല്പിക്കുകയാണെന്നർത്ഥം.
അടിതൊട്ടു മുടി വരെ പ്രേമത്താലുഴിഞ്ഞ്
ശാപമേറ്റുറഞ്ഞ രക്തത്തിന്
സ്വപ്നത്തിന്റെ ചൂടു പകരുകയെന്നാണർത്ഥം.


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കരിയും മെഴുക്കും പുരണ്ട അവളുടെ പകലിനെ
സ്വർഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയാക്കി മാറ്റുകയെന്നാണ്.
രാത്രി ആ തളർന്ന ചിറകുകൾക്ക് ചേക്കേറാൻ
ചുമൽ കുനിച്ചു നിൽക്കുന്ന
തളിരു നിറഞ്ഞ മരമായി മാറുകയെന്നാണ്.


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കാറ്റും കോളും നിറഞ്ഞ കടലിൽ
മേഘങ്ങൾ കീഴിൽ പുതിയൊരു ഭൂഖണ്ഡം തേടി
കപ്പലിറക്കുകയെന്നാണർത്ഥം.
സ്വന്തം വീട്ടുമുറ്റത്തുണ്ടായ ഒരു നാലുമണി
ആരും കണ്ടിട്ടില്ലാത്ത ഒരു വൻകരയിൽ
കൊണ്ടു ചെന്നു നട്ടുപിടിപ്പിക്കുകയെന്നാണർത്ഥം.


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
തന്റെ മാംസപേശികളുടെ ദാർഡ്യം മുഴുവൻ
ഒരു സൌഗന്ധികത്തിന്റെ മ്യദുലതയ്ക്കായി കൈമാറുകയാണ്.
മണി മുടിയും പടച്ചട്ടയുമൂരിയെറിഞ്ഞ്
മറ്റൊരു മാനം കടന്ന് മറ്റൊരു ഗ്രഹത്തിലെ
കാറ്റിന്,മറ്റൊരു ജലത്തിന്,
തന്റെ മാംസത്തെ വിട്ടുകൊടുക്കുകയാണ്.


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളുടെ പ്രാചീനമായ വടുക്കളിൽ നിന്ന്
സൂര്യരശ്മി പോലെ കൂർത്ത ഒരു വാൾ കണ്ടെത്താൻ
അവളെ സഹായിക്കുകയാണ്.
എന്നിട്ട് ചോരവാർന്ന് തീരും വരെ ആ മൂർച്ചയിൽ 
സ്വന്തം ഹ്യദയം അമർത്തിക്കിടക്കുയാണ്.

ഞാൻ ഒരു സ്ത്രീയെ സ്നേഹിച്ചിട്ടില്ല.


                                സച്ചിദാനന്ദനെക്കുറിച്ച്



കവി, വിവര്‍ത്തകന്‍, വിമര്‍ശകന്‍, അധ്യാപകന്‍. ജനനം. 25.5.1946 പുല്ലൂറ്റ് -കൊടുങ്ങല്ലൂര്‍. മലയാളത്തിലെ നവീനകവിതയുടെ ണേതാക്കളില്‍ ഒരാളായി രംഗപ്രവേശം ചെയ്ത സച്ചിദാനന്ദന്റെ കവിത പല പരിണാമങ്ങള്‍ക്കും വിധേയമായി. മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താവുകൂടിയായിത്തീര്‍ന്നതിനു ശേഷം പീഡിതരുടെ പ്രതിഷേധവും മോചനയത്‌നവും നവീന കവിതാശൈലിയില്‍ ചിത്രീകരിച്ചു. മാര്‍ക്‌സിയന്‍ ലാവണ്യശാസ്ത്രത്തിന് തനതായ വ്യാഖ്യാനം നല്കിക്കൊണ്ട് ഒട്ടേറെ
ലേഖനങ്ങളും പ്രബന്ധങ്ങളും രചിച്ചു. മിക്കവാറും ഇന്ത്യന്‍ ഭാഷകളിലേക്കും ചില വിദേശഭാഷകളിലേക്കും കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. നിരവധി വിദേശീയ കവികളുടെ രചനകള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. കവിതയും ജനതയും എന്ന കൃതി കേരളസാഹിത്യ അക്കാദമി അവാര്‍ഡു നേടി (1984).ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ ഇംഗ്ലിഷ് പ്രൊഫസറായിരുന്നു.
സാഹിത്യഅക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്ററായി
പ്രവര്‍ത്തിച്ചു. 1997 മുതല്‍ അക്കാദമി സെക്രട്ടറി. കൃതികള്‍: അഞ്ചുസൂര്യന്‍,
ആത്മഗീത, പീഡനകാലം, കവിത, എഴുത്തച്ഛനെഴുതുമ്പോള്‍, ഇവനെക്കൂടി,
മലയാളം, കവിബുദ്ധന്‍, അപൂര്‍ണം (കവിത), കവിതാപര്യടനങ്ങള്‍, കറുത്തകവിത, നെരൂദയുടെ കവിതകള്‍ (വിവര്‍ത്തനം), ശക്തന്‍ തമ്പുരാന്‍ (നാടകം), കവിതയും ജനതയും, സംഭാഷണങ്ങള്‍, മുഹൂര്‍ത്തങ്ങള്‍ (ലേഖനങ്ങള്‍). പല ലോകം പല കാലം (യാത്രകള്‍).

സച്ചിദാനന്ദൻ:വിക്കി പേജ്

വരൂ, ഈ തെരുവുകളിലെ രക്തം കാണൂ

ചില കാര്യങ്ങളുടെ വിശദീകരണം
പാബ്ലോ നെരൂദ

നിങ്ങൾ ചോദിക്കുന്നു:
എന്തു കൊണ്ടാണ് അവന്റെ കവിത
ഇലകളെയും കിനാവുകളെയും
ജന്മ നാട്ടിലെ കൂറ്റൻ അഗ്നിപർവ്വതങ്ങളെയും
കുറിച്ച് സംസാരിക്കാത്തത്?

വരൂ, ഈ തെരുവുകളിലെ രക്തം കാണൂ,
വരൂ,കാണൂ,
ഈ തെരുവുകളിലെ രക്തം,
വരൂ, രക്തം കാണൂ,
ഈ തെരുവുകളിലെ രക്തം.
Pablo Neruda.jpg
പാബ്ലൊ നെരൂദയെക്കുറിച്ച്

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം (1971) നേടിയ മഹാകവി.  പാബ്ലൊ നെരൂദ എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമാണ്. റിക്കാര്‍ഡോ എലിയേസര്‍ നെഫ്തല റെയെസ്‌വൈ ബസുവോര്‍തോ എന്നാണ് മുഴുവന്‍ പേര്. നെരൂദയുടെ പ്രഥമ കവിതാസമാഹാരമായ ലാ ഷാന്‍സിയോണ്‍ ദ ലാ ഫിയെസ്റ്റ (ഉത്സവഗാനങ്ങള്‍) 1921-ല്‍ പ്രസിദ്ധീകരിച്ചു. ക്രിപുസ്കലാറിയോ (സന്ധ്യാപ്രകാശം 1923), വെയിന്റ് പൊയെമാസ് ദ അമോര്‍ ഇ യൂണ ഷാന്‍സിയോണ്‍ ഡെസ്പറേഡ് (ഇരുപതു പ്രണയകവിതകളും ഒരു നിരാശാഗീതവും-1924), റെസിഡെന്‍സിയ എന്‍ ലാടിയെറ (ഭൂമിയിലെ നിവാസം-1933) എന്നിവയും ആദ്യകാലത്തെ സമാഹാരങ്ങളാണ്. കാമം, ഏകാന്തത, മരണം എന്നിവ വേട്ടയാടുന്ന സര്‍റിയലിസ്റ്റ് കവിതകളാണ് ഇവയില്‍ ഭൂരിഭാഗവും. എന്നാല്‍ സ്പാനിഷ് ആഭ്യന്തരയുദ്ധവും ചിലിയിലെ മനുഷ്യാവസ്ഥയും അദ്ദേഹത്തെ ക്രമേണ കമ്മ്യൂണിസത്തിലേക്കെത്തിച്ചു. 1944-ല്‍ ഖനിത്തൊഴിലാളികളുടെ അഭ്യര്‍ഥനയനുസരിച്ച് സെനറ്ററായി മത്സരിച്ചു ജയിച്ചു. പിന്നീട് അഞ്ചുവര്‍ഷക്കാലം നെരൂദയ്ക്ക് ചിലിയില്‍ നിന്ന് ഒളിച്ചോടി വിദേശത്തു കഴിയേിവന്നു. അക്കാലത്ത് പതിനഞ്ചു കാണ്ഡങ്ങളിലായി എഴുതിയ കാന്റൊ ജനറല്‍ (1950) `ലാറ്റിന്‍ അമേരിക്കയുടെ ഇതിഹാസം' എന്ന പ്രസിദ്ധിനേടി. ഇതോടെ നെരൂദ അവിശുദ്ധകവിതയുടെ വക്താവായി. ഒഡാസ് എലിമെന്റാലിസ് (പ്രാരംഭഗീതകങ്ങള്‍-1954), എസ്ട്രാവഗാറിയൊ (1958), സീയെന്‍ സോണൈറ്റ് ദ അമോര്‍ (നൂറുപ്രണയഗീതങ്ങള്‍-1959), പ്ലിനോസ് പോദ്‌റെസ് (1966) തുടങ്ങിയവയാണ് മറ്റു മുഖ്യസമാഹാരങ്ങള്‍. ലോകത്തിന്റെ പല ഭാഗത്തും നെരൂദ ചിലിയുടെ നയതന്ത്രപ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അല്ലന്‍ഡെ ഭരണകൂടത്തെ അട്ടിമറിച്ച പട്ടാളവിപ്ലവത്തില്‍ വധിക്കപ്പെട്ടു.

Saturday, June 19, 2010

എനിക്കതറിയില്ലെന്നയാൾക്കറിയാമല്ലോ!

സൌഹ്യദം

ആർ .രാമചന്ദ്രൻ

സമയം 9.15
സ്ഥലം ബസ് സ്റ്റോപ്പ്
ഞങ്ങൾ
അവിടെ
ഒപ്പമെത്തുന്നു
ഞങ്ങൾ അന്യോന്യം നോക്കി
പുഞ്ചിരിക്കുന്നു.

അയാളാരാണ്?
അയാൾ എവിടെ നിന്നു വരുന്നു?
ഞാൻ ചോദിക്കാറില്ല
ചോദിച്ചിട്ടില്ല
എനിക്കതറിയില്ലെന്നയാൾക്കറിയാമല്ലോ!
അല്ലെങ്കിൽ
എനിക്കതറിയാമെന്നയാൾക്കറിയില്ലെന്ന്
എനിക്കറിയാമല്ലോ!

ഞാൻ ആരാണ്?
ഞാൻ എവിടെ നിന്നു വരുന്നു?
അയാൾ ചോദിക്കാറില്ല
ചോദിച്ചിട്ടില്ല
അയാൾക്കതറിയില്ലെന്നെനിക്കറിയാമല്ലോ!
അയാൾക്കതറിയാമെന്നെനിക്കറിയില്ലെന്ന്
അയാൾക്കറിയാമല്ലോ!

സമയം 9.20
ബസ്സു വരുന്നു
ഞങ്ങൾ അന്യോന്യം നോക്കി
പുഞ്ചിരിച്ച്
ബസ്സിൽ കയറുന്നു
ബസ്സ് നീങ്ങുന്നു
പിന്നെ നിൽക്കുന്നു
പിന്നെ നീങ്ങുന്നു
ഞങ്ങൾ ഒരേ സീറ്റിൽ
പുറത്തു നോക്കിക്കൊണ്ടിരിക്കുന്നു.
ഞാൻ സംസാരിക്കുന്നില്ല
സംസാരിക്കാറില്ല
അയാൾക്കെല്ലാമറിയാമെന്നെനിക്കറിയാമെന്ന്
അയാൾക്കറിയാമല്ലോ!
അല്ലെങ്കിൽ
അയാൾക്കൊന്നുമറിയില്ലെന്നെനിക്കറിയില്ലെന്ന്
അയാൾക്കറിയാമെന്നെനിക്കറിയാമല്ലോ!
അയാൾ സംസാരിക്കുന്നില്ല
സംസാരിക്കാ‍റില്ല
എനിക്കൊന്നുമറിയില്ലെന്നയാൾക്കറിയില്ലെന്ന്
എനിക്കറിയാമെന്നയാൾക്കറിയാമല്ലോ!

സമയം 9.50
ബസ്സു നിൽക്കുന്നു
അന്യോന്യം നോക്കി
പുഞ്ചിരിച്ചുകൊണ്ട്
ഞങ്ങൾ
ഇറങ്ങുന്നു
അന്യോന്യം നോക്കി പുഞ്ചിരിച്ചുകൊണ്ട്
ഞങ്ങൾ പിരിയുന്നു

അയാൾ എങ്ങോട്ടു പോകുന്നു?
ഞാൻ ചോദിക്കാറില്ല
ചോദിച്ചിട്ടില്ല
എനിക്കതറിയില്ലെന്നയാൾക്കറിയാമല്ലോ!
അല്ലെങ്കിൽ
എനിക്കതറിയാമെന്നയാൾക്കറിയില്ലെന്ന്
എനിക്കറിയാമല്ലോ!
ഞാൻ എങ്ങോട്ടു പോകുന്നു?
അയാൾ ചോദിക്കാറില്ല
ചോദിച്ചിട്ടില്ല
അയാൾക്കതറിയില്ലെന്നെനിക്കറിയാമല്ലോ!
അയാൾക്കതറിയാമെന്നെനിക്കറിയില്ലെന്ന്
അയാൾക്കറിയാമല്ലോ!

സമയം 4.45
ഞങ്ങൾ 9.50 ലേക്കു മടങ്ങുന്നു
പിന്നെ
ഞങ്ങൾ 9.50 ലേക്കു മടങ്ങുന്നു
ബസ്സു നിൽക്കുന്നു
അന്യോന്യം നോക്കി,പ്പുഞ്ചിരിച്ചുകൊണ്ട്
ഞങ്ങൾ പിരിയുന്നു
ഞങ്ങൾ സുഹ്യത്തുക്കളാണ്
സൌഹ്യദമാണ് കാര്യം.






Friday, June 18, 2010

ആഫ്രിക്ക!ആഫ്രിക്ക!!

ആഫ്രിക്കക്ക് ഒരു അർച്ചനാഗീതം
രവീന്ദ്രനാഥ ടാഗോർ

പരിഷ്ക്യതരുടെ പ്രാക്യതമായ ദുരാഗ്രഹം അവരുടെ
നിർലജ്ജ്മായ
മ്യഗീയതയെ നഗ്നമാക്കി തുറന്നു കാണിച്ചു
നീ കരഞ്ഞു; നിന്റെ കരച്ചിൽ ഞെക്കി ഞെരിക്കപ്പെട്ടു.
കവർച്ചക്കാരുടെ ആണി തറച്ച ചെരുപ്പുകൾ
നിന്റെ അമർഷത്തിന്റെ ചരിത്രത്തിന്മേൽ
മായ്ക്കാനാകാത്ത പാടുകൽ പതിച്ചപ്പോൽ
കാട്ടിലുള്ള നിന്റെ കാൽ‌പ്പാടുകൾ കണ്ണീരിലും ചോരയിലും
കുതിർന്നു മലിനമായി.
ഇന്നു പശ്ചിമ ചക്രവാളത്തിൽ അസ്തമനാകാശം
പൊടി നിറഞ്ഞു കൊടുംകാറ്റുകൊണ്ട് ശ്വാസം മുട്ടുമ്പോൾ
തമോമയമായ ഗുഹയിൽ നിന്നു
പുറത്തേക്കിഴഞ്ഞു വരുന്ന മ്യഗം
ഭയാനകമായ അലർച്ചകൾകൊണ്ട്
പകലിന്റെ മരണം പ്രഖ്യാപിക്കുമ്പോൾ,
ഹേ! അന്ത്യകാല കവേ!വരൂ!
മാനഭംഗം ചെയ്യപ്പെട്ട ആ സ്ത്രീയുടെ വാതിക്കൽ നിന്നുകൊണ്ട്
അവളോട് മാപ്പുചോദിക്കൂ!
രോഗം പിടിപെട്ട ഒരു വൻകരയുടെ 
സ്വബോധമില്ലാത്ത പേപറച്ചിലിനിടയിൽ
അതായിരിക്കട്ടെ അവസാനത്തെ മഹത്തായ വാക്ക്

Sunday, June 13, 2010

വാക്കേ വാക്കേ കൂടെവിടെ? ഒളിതിങ്ങും തൂവലിന്‍ തുഞ്ചത്ത്.

വാക്കേ വാക്കേ കൂടെവിടെ?

ആരാരുടെയോ തന്ത
മരണപ്പെട്ടാൽ,അതു കേട്ടാൽ
നിരണത്തിലും നതോന്നതയിലും
നിറഞ്ഞു കവിഞ്ഞു കരയും
കരുവല്ല,കണ്ണീരല്ല
എല്ലും പല്ലുമുള്ള മലയാളവാക്ക്

ഇടവപ്പാതിമഴയിൽ
ഇടനാഴിനടയിൽ
ഇറുകിച്ചടഞ്ഞു വാഴും
ഇട്ടിവേശി നേത്യാരമ്മയ്ക്ക്
രണ്ട് മൂന്നക്കി മുറുക്കാൻ
വിണ്ട ചുണ്ട് ചുവപ്പിക്കാൻ
തമ്പുരാനും നമ്പൂതിരിയും
തന്തപ്പട്ടരുമൊന്നിച്ച്
ഇടിച്ചു വെച്ച പാക്കല്ല
ഇടിത്തീ വെടിക്കും വാക്ക്

ചുടുക്കാപ്പിക്കടയിൽ
ചുമ്മാതിരിക്കും ചുപ്പാമണിയന്
തുടരനെഴുതിത്താളിൽ വിളമ്പാൻ
മെദുവടയല്ലെടോ മലയാളവാക്ക്

വാനൊലിയാലയത്തിൽ
വഷളൻ വെടികൾ വെളിയിൽ വിട്ട്
അകലെയിരിക്കും മാളോരുടെ
ചെറുചെവിയിൽ ചൊറി വിതറാൻ
തരപ്പെടുത്തിയ താപ്പല്ല
തപ്പിലും മപ്പിലും വീർപ്പായ്
വിടർന്നു തുടം വായ്ച്ച മലയാളവാണി

മുഖമില്ലാത്ത നടികൾക്ക് 
മുലയും മൂടും കുലുക്കാൻ 
ഇളിച്ചിവായന്മാരീണം കൂട്ടി
ത്തുളിക്കും മെഴുക്കല്ല
പാണന്റ്റെ ഉടുക്കിലും
പാടത്തിൻ മുടുക്കിലും
പാടിയാടിയ പുന്നാര വാക്ക്

മനസ്സിലെയതിസാരത്താൽ
മന്ത്രിമാരുരതൂറ്റുമ്പോൾ
അതും പെറുക്കി,യധിപന്റെ
മുഞ്ഞിമൊഴിയും പിഴിഞ്ഞൊഴിച്ച്
പത്രത്തിലുടച്ചു ചേർക്കാൻ
പറ്റും പയറ്റു മണിയല്ല
പറ്യന്റെ ചെണ്ടയിലും
ഉറയുന്ന തൊണ്ടയിലും
ഉയരം കൊണ്ടുയിർ പെറ്റ്
ഊറ്റമൂട്ടിയ നമ്മുടെ വാക്ക്

വാക്കേ വാക്കേ കൂടെവിടെ?
വളരുന്ന നാവിന്റെ കൊമ്പത്ത്
വാക്കേ വാക്കേ കൂടെവിടെ?

Thursday, June 10, 2010

ഭർത്താവ് ഇരുമ്പഴികൾക്കകത്താണ്:ഒരു ഹോച്ചിമിൻ കവിത

                    ജയിലിലെ സമാഗമം   
           ഭർത്താവ് ഇരുമ്പഴികൾക്കകത്താണ്.                                                                                                                ഭാര്യ പുറത്ത് ,അകത്തേക്കു കൺനട്ടു നിൽക്കുന്നു
   അവരെത്രയടുത്താണ്;വെറും അംഗുലങ്ങളുടെ അകലം                                                                               എന്നിട്ടും അവരെത്ര അകലെയാണ്.                                                                                                     ആകാശവും ആഴക്കടലും പോലെ .                                                                                                           അവരുടെ ആശയറ്റ മിഴികൾ                                                                                                  വാക്കുകൾക്കുച്ചരിക്കാനാവാത്ത കഥകൾ പറയുന്നു.                                                                        ഓരോ വാക്കിനും മുൻപ് അവയിൽ കണ്ണുനീർ വിതുമ്പുന്നു.                                                                      ഈ സമാഗമം കണ്ട് മനസ്സിളകാത്തവർ ആരുണ്ട്?                                                              

Wednesday, June 9, 2010

ഞങ്ങടെ പാഷ പറയെടാ

ഭാഷ
പ്രൊഫ.അരുൺ കാംബ്ലോ

എന്റെ ഹ്യദയത്തിലെ സ്ഥിരവാസികളും,
വംശ പാരമ്പര്യത്തിന്റെ ഭാരം മുതുകിൽ പേറുന്നവരും,
ശ്മശാനഘട്ടങ്ങളിൽ എല്ലു ചവച്ചുകൊണ്ടിരിക്കുന്നവരുമായ
പൂർവികന്മാർ വിളിച്ചു പറയുന്നു:
‘എടാ!മുട്ടിനിടയിൽ തലയും കൊടുത്തിരിക്കുന്ന
കണ്ടോനൊണ്ടാക്കിയവനേ!
ഞങ്ങടെ പാഷ പറയെടാ’
വേദങ്ങളെല്ലാം കുത്തിമാന്തിയിട്ട്
ഉച്ചിക്കുടുമയിൽ വെണ്ണയും പുരട്ടിവന്ന
ബ്രാഹ്മണവാദ്ധ്യാർ,
പള്ളിക്കൂടത്തിൽ മുക്രയിടുന്നു
‘എന്റെ പരിശുദ്ധമായ ഭാഷ പറയുക
എവിടെയായാലും!‘
ഇനീ-നിങ്ങൾ പറയുക
ഞാൻ ഏതു ഭാഷയാണ് നാവിൽ നിർത്തേണ്ടത്?

Monday, June 7, 2010

Sunday, June 6, 2010

ഒരു ദലിത് കവിത

ഏകലവ്യൻ

ശശികാന്ത് ഹിഞ്ച് രേക്കർ(മറാത്തി)

നീ നിന്റെ തള്ളവിരൽ സൂക്ഷിക്കുമായിരുന്നെങ്കിൽ
ചരിത്രം മറ്റൊന്നാകുമായിരുന്നു.
പക്ഷെ നീ നിന്റെ തള്ളവിരൽ കൊടുത്തു.
ചരിത്രം അവരുടേതുമായി.

ഏകലവ്യാ!

ആ ദിവസത്തിനു ശേഷം
അവർ നിന്നെ തിരിഞ്ഞു നോക്കിയിട്ടേയില്ല
നിന്റെ തള്ളവിരൽ സൂക്ഷിക്കുമായിരുന്നെങ്കിൽ
കോപത്തോടെയെങ്കിലും
അവർ നിന്നെ നോക്കുമായിരുന്നു.

ഏകലവ്യാ!

എന്നോടു ക്ഷമിക്കുക!
അവരുടെ പഞ്ചാരവാക്കുകൾ
എന്നെ വിഡ്ഡിയാക്കുകയില്ല.
എന്റെ തള്ളവിരൽ മുറിക്കാൻ
ഞാൻ സമ്മതിക്കുകയില്ല.