Wednesday, December 26, 2012

ഇരകൾക്ക് തണലായി ഇരകളുടെ സംഘം

   

ഇരകൾക്ക് തണലായി ഇരകളുടെ സംഘം

      2010 ജനുവരിയിൽ ഹെയ്ത്തി എന്ന കരീബിയൻ രാജ്യത്തെ ആകെ തകർത്തുകളഞ്ഞ ഭൂകമ്പത്തിൽ   സകലതും  നഷ്ടപ്പെട്ട് തന്റെ രണ്ട് കുഞ്ഞുങ്ങളടക്കം അഭയാർഥിയാക്കപ്പെട്ട അൽവന എന്ന യുവതിയുടെ യഥാർഥ പേടിസ്വപ്നം ആരംഭിച്ചത് ഭൂകമ്പം നടന്ന് മൂന്നാം ദിവസം ആയിരുന്നു. ഒരു പെണ്ണെന്ന നിലയിൽ അവളെ പിടിച്ചു കുലുക്കിയ മറ്റൊരു ഭൂകമ്പം നടന്നത് അന്നായിരുന്നു. തെരുവോരത്ത് കുഞ്ഞുങ്ങളുമായി കിടന്നുറങ്ങിയ അവൾ കൂട്ടബലാത്സംഗത്തിനു വിധേയയാകുകയായിരുന്നു, ആ രാത്രി. തുടർന്നുള്ള ദിനങ്ങൾ അവൾ അനുഭവിച്ചത് കൊടിയ വിഷമതകളാണ്. നിരാലംബവും വിഹ്വലവുമായ അവളുടെ അവസ്ഥ കണ്ടറിഞ്ഞ ഒരു സുഹ്യത്താണ് ഗർഭിണിയായ അവളെ ‘കൊഫാവിവ്’ എന്ന സംഘടന നടത്തുന്ന ക്ലിനിക്കിൽ എത്തിച്ചത്.

എന്താണ് കൊഫാവിവ് ?


കമ്മീഷൻ ഓഫ് വിമൻ വിക്ടിംസ് ഫോർ വിക്ടിംസ് എന്നതിന്റെ ചുരുക്ക രൂപമാണ് ‘കൊഫാവിവ്’. ഇരകൾക്കായുള്ള ഇരകളുടെ ഒത്തുചേരലും സഹായഹസ്തം നീട്ടലുമാണ് ‘കൊഫാവിവ്’ എന്ന സംഘടനയുടെ ലക്ഷ്യം. ഏതൊരു ദുരന്തത്തേയും പോലെ  ഭൂകമ്പവും ഏറ്റവും കൂടുതൽ നിസ്സഹായരാക്കിയത് ആ നാട്ടിലെ സ്ത്രീകളെയായിരുന്നു. ആയിരക്കണക്കിനു സ്ത്രീകളാണ് അഭയാർഥിക്യാമ്പുകളിലും തെരുവീഥികളിലും വെച്ച് കൂട്ടബലാത്സംഗത്തിനു ഇരകളായത്. അവരെ സംരക്ഷിക്കുകയും അവരുടെ അവകാശങ്ങൾക്കായി പൊരുതുകയും ചെയ്യുക എന്നതായിരുന്നു കൊഫാവിവിന്റെ വിഷമകരമായ ദൌത്യം. 66 വനിതാ പ്രവർത്തകരും 25 പുരുഷ ഗാർഡുകളും അടങ്ങുന്ന സംഘടനയിലെ വനിതാ അംഗങ്ങൾ എല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമത്തിനു വിധേയരായവരാണ്.

യാതനയിൽ നിന്ന് പിറവി

അൽവനയെപ്പോലുള്ള ആയിരക്കണക്കിനു പെണ്ണുങ്ങളെ സംരക്ഷിക്കുന്ന ഈ സംഘടനയുടെ 2004 ലെ പിറവി തന്നെ അൽവന അനുഭവിച്ചതു പോലുള്ള ദുരന്തം സ്വന്തം
ജീവിതത്തിലും പേറുന്ന കുറച്ച് സ്ത്രീകളുടെ യാതനയിൽ നിന്നായിരുന്നു. സ്ഥാപകരിൽ പ്രധാനിയും സംഘടനയുടെ മുന്നണിപ്രവർത്തകയുമായ മല്യ വില്ലാർഡ്
അപ്പൊലോൺ ബലാത്സംഘത്തിനു ഇരയാക്കപ്പെട്ടത് രണ്ട് തവണയായിരുന്നു. ഇരകൾക്കേ ഇരകളുടെ യാതന ഉൾകൊള്ളാൻ കഴിയൂ എന്ന യാഥാർഥ്യം സ്വയം അറിഞ്ഞ് ഇരകൾ തന്നെ
തുടങ്ങിയ ആ പ്രസ്ഥാനം അൽവനയെപ്പോലെ ആയിരക്കണക്കിനു സ്ത്രീകളെയാണ് സംരക്ഷിച്ചു പോരുന്നത്. അവർക്ക് പാർപ്പിടവും വസ്ത്രവും ഭക്ഷണവും ഗർഭിണികൾക്ക് ശുശ്രൂഷയും നൽകുന്നു. അങ്ങിനെയാണ് അൽവന ആ ക്ലിനിക്കിൽവെച്ച് ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. അവൾ തന്റെ കുഞ്ഞിനെ വളർത്താൻ തന്നെ തീരുമാനിച്ചിരിക്കുന്നു, ആ അപമാനത്തിന്റെ രാത്രി തന്നിൽ നിന്ന് പൂർണമായും മാഞ്ഞു പോയിട്ടില്ലെങ്കിലും.

     വില്ലാർഡ് അപ്പൊലോണിന്റെ ജീവിതം തന്നെ ഹെയ്ത്തിയിലെ പെണ്ണുങ്ങളുടെ ദുരന്തത്തിന്റെ നേർചിത്രമാണ്. രണ്ട് തവണ ബലാത്കാരത്തിനിരയായ അവളുടെ ഭർത്താവ് കൊല്ലപ്പെട്ടത് അവളെ രക്ഷിയ്ക്കാൻ ശ്രമിക്കവെ ആയിരുന്നു. അവളുടെ മകൾ ഒരു അഭയാർഥി ക്യാമ്പിൽ വെച്ച് ബലാത്സംഗത്തിനിരയായി,തന്റെ പതിനാലാം വയസ്സിൽ.“ സ്വയം ഒരിരയായ എനിയ്ക്ക് അവളുടെ ദു:ഖം  എങ്ങിനെയൊക്കെ എന്നെ നോവിച്ചു എന്ന് എങ്ങിനെ പറയാൻ കഴിയും? ഞാൻ സ്വയം ചോദിക്കാൻ തുടങ്ങി, ഞാൻ ഏതു തരം തലമുറയിൽ നിന്നാണ് വരുന്നത് എന്ന്?” പരാതി നൽകാനായി മകളോടൊത്ത്
പോലീസ് സ്റ്റേഷനിലെത്തിയ അവളോടായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ  വാക്കുകൾ ഹെയ്ത്തിയൻ പുരുഷാധിപത്യ സമൂഹത്തിന്റെ പൊതു വികാരമാണ് എന്ന തിരിച്ചറിവുണ്ടായി അവൾക്ക് : “പെൺകുട്ടികൾക്ക് സദാചാരബോധം ഒട്ടുമില്ലാതായിരിക്കുന്നു.അവർ സെക്സ് ആവശ്യപ്പെട്ട് വാങ്ങുന്നതാണ് “. ഈ അനുഭവങ്ങളൊക്കെയാണ് വില്ലാർഡിനെ ഒരു പോരാളിയാക്കി മാറ്റിയത്.


ഇല്ലാതാകുന്നത് പെണ്ണിന്റെ മാനം

ഹെയ്ത്തിയുടെ മണ്ണിനെയും മനുഷ്യനെയും തകർത്തെറിഞ്ഞ ഭൂകമ്പത്തിന്റെ ബാക്കിപത്രമായിരുന്നു അഭയാർഥിക്യാമ്പുകളിൽ സ്ത്രീകൾ അനുഭവിച്ച അപമാനവും യാതനകളും .എത്ര പേർ ബലാത്സംഗത്തിനു ഇരകളായി എന്നതിനു കണക്കൊന്നും സർക്കാരിന്റെയോ സംഘടനകളുടെയോ കയ്യിലില്ല. “ ദുരന്തത്തിനു ശേഷമുള്ള സ്ഥിതിവിശേഷം അതീവ ഗുരുതരവും മാനുഷികതയ്ക്ക് നിരക്കാത്തതുമായിരുന്നു.അഭയാർഥി ക്യാമ്പുകളിൽ യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല സ്ത്രീകൾക്ക്.“ വില്ലാർഡ് അപ്പൊലോണിന്റെ വാക്കുകൾ. ദുരന്തം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സ്ത്രീകളുടെ സ്ഥിതി അപകടകരമായി തുടരുകയായിരുന്നു. കൂട്ടബലാത്സംഗങ്ങൾ പെരുകി. കൊടിയ ദാരിദ്യം,അരക്ഷിതാവസ്ഥ…. ഭൂകമ്പത്തിൽ തകർന്ന ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട കൊടും ക്രിമിനലുകൾ നാട്ടിൽ ഭയം പടർത്തി. “ ആറ് മാസക്കാലം ഞാനീ ഭയാനകതകൾ നേരിട്ട് കണ്ടു.ഒരു പെണ്ണും ഒഴിവാക്കപ്പെട്ടില്ല,
കുഞ്ഞുങ്ങളും അമ്മമാരും സഹോദരിമാരും ഒന്നും.” ഭൂകമ്പം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടു പോലും ഒരാളെപ്പോലും ബലാത്സംഗക്കുറ്റത്തിനു പിടികൂടാൻ ഗവണ്മെന്റിനായില്ല എന്നത് ഹെയ്ത്തിയിൽ നടമാടുന്ന അരാജകത്വത്തിന്റെ ശരിയായ ലക്ഷണമായി സംഘടന കാണുന്നു. ഭൂകമ്പത്തിനു ശേഷം രാജ്യത്തെ പിടികൂടിയ കോളറയ്ക്കൊപ്പം സ്ത്രീവേട്ടയുടെ വിത്തുകൾ കൂടി വിതയ്ക്കപ്പെടുകയായിരുന്നു.

ബലാത്സംഗത്തിന്റെ അടിത്തറ

ബലാത്സംഗവും സ്ത്രീകളെ അപമാനിക്കലും ഹെയ്ത്തിയുടെ സാമൂഹ്യ അന്തരീക്ഷത്തിൽ നല്ല വേരോട്ടമുള്ള ഒന്നാണെന്ന് കരുതുന്നു അവിടെ പ്രവർത്തിക്കുന്ന പല സാമൂഹ്യപ്രവർത്തകരും. ആദ്യമേ വലിയ സാമൂഹ്യ പ്രശ്നമായിരുന്ന അതിന് അണപൊട്ടിയൊഴുകാനുള്ള സാഹചര്യം സ്യഷ്ടിക്കുകയായിരുന്നു ഭൂകമ്പം. സാമൂഹ്യമായ അപമാനബോധവും തുടർപീഡനങ്ങളോടുള്ള ഭീതിയും ശരിയായ നിയമപരിരക്ഷയുടെ ഇല്ലായ്മയും മൂലം പലപ്പോഴും അവയൊന്നും നിയമത്തിന്റെ മുൻപിൽ എത്തിയിരുന്നില്ല.

അന്താരാഷ്ടശ്രദ്ധയിലേക്ക്


പ്രസ്ഥാനത്തിന്റെ ഹെയ്ത്തിയിലെ പ്രവർത്തനം വളരെ പെട്ടെന്ന് തന്നെ ലോകശ്രദ്ധ പിടിച്ചു പറ്റി.ഹെയ്ത്തിയൻ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന അന്താരാഷ്ട്ര വേദികളിലൊക്കെ കൊഫാവിവ്  തങ്ങളുടെ നിലപാട് അറിയിച്ചു. യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് കൌൺസിലിന്റെ മുൻപാകെ , അഭയാർഥിക്യാമ്പുകളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്താനും നയങ്ങൾ രൂപപ്പെടുത്തുന്നതിൽ വനിതാഗ്രൂപ്പുകളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടു കൊഫാവിവ്.

       2012 ലെ ലോകനായകരെ കണ്ടെത്താനായി സി.എൻ.എൻ ചാനൽ നടത്തിയ വോട്ടെടുപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു വില്ലാർഡ് അപ്പൊലോൺ എന്നത് അവർ നേടിയ അന്താരാഷ്ട്ര ശ്രദ്ധയുടെ സൂചകമായി കരുതപ്പെടുന്നു.“ഞാൻ ഒരിരയാണ് , എനിക്ക് നീതി ലഭിച്ചുമില്ല.എന്നാൽ മറ്റ് സ്ത്രീകൾക്ക് അത് നേടിക്കൊടുക്കാൻ എനിക്ക് കഴിയും എന്ന് ഞാൻ കരുതുന്നു” .സി.എൻ എന്നിനോടായി വില്ലാർഡിന്റെ വാക്കുകൾ.


           അതിന്റെ പിറവിക്കു ശേഷം നാലായിരത്തിലധികം സ്ത്രീകൾക്കാണ് സുരക്ഷിതത്വവും നിയമസഹായവും  കൊഫാവിവ് നൽകിയത്. തങ്ങളുടെ ദൌത്യത്തെക്കുറിച്ചുള്ള വില്ലാർഡ് അപ്പൊലോണിന്റെ വാക്കുകൾ ഈ പ്രസ്ഥാനത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് :   “ജനങ്ങളോട് മൂകതയിൽ നിന്ന് പുറത്ത് വരാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.നിങ്ങൾ ഇരയാക്കപ്പെട്ടു എന്ന് വിളിച്ചു പറയാൻ ഒരിക്കലും ഭയപ്പെടരുത്.“

മലയാളനാട് വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്

Monday, December 24, 2012

ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍ ഇന്റര്‍നെറ്റ് വഴി ഒരു ഭരണഘടന

ജാഫര്‍ എസ് പുല്‍പ്പള്ളി






         ഐസ്ലണ്ടിലെ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിനു ഒരു പുതിയ ഭരണഘടന ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതിലെന്താണിത്ര പ്രത്യേകത എന്ന് കരുതുന്നുവോ? ലോകത്താദ്യമായി ഇന്റര്‍നെറ്റ് വഴി സ്യഷ്ടിക്കപ്പെടുന്നതായിരിക്കും എന്നതാണാ ഭരണഘടനയുടെ വിശേഷം. കുറച്ച് അക്കാദമിക് 'നിയമജ്ഞര്‍' ഒരു കമ്മറ്റിയില്‍ കുത്തിയിരുന്ന് 'ജനങ്ങള്‍ക്കായി' എന്ന മട്ടില്‍ എഴുതുന്ന ഭരണക്രമം എന്ന ,ഭരണഘടനയുടെ പരമ്പരാഗത കാഴ്ച്ചപ്പാട് തിരുത്തുകയാണ് അന്നാട്ടുകാര്‍. ഈ പുതിയ ഭരണഘടന എഴുതുന്നത് പൊതുജനം തന്നെയാണ്. ഇന്റര്‍നെറ്റ് ആക്ടിവിസം എന്നത് ജനാധിപത്യത്തിന്റെ പുതിയ മാര്‍ഗങ്ങളിലൊന്നായി മാറുന്ന കാഴ്ച്ചയ്ക്ക് ലോകം സാക്ഷ്യം വഹിച്ച 'മുല്ലപ്പൂ വിപ്ലവ'ത്തിന് ശേഷം അതിന്റെ പ്രസക്തിയും ശക്തിയും ഒരിക്കല്‍ കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ഈ ഭരണഘടനാ നിര്‍മ്മാണം. ഭരണഘടന പോലെ ജനജീവിതത്തെ ,രാഷ്ട്രത്തിന്റെ ഭാവിയെ നന്നായി ബാധിക്കുന്ന ഒരു കാര്യത്തില്‍ അവശ്യം വേണ്ടുന്ന ജനകീയതയും സുതാര്യതയും ഉറപ്പു വരുത്തിയിരിക്കുന്നു ആ രാജ്യം.

പുതുവഴിയുടെ പ്രത്യേകതകള്‍
ഐസ്ലണ്ടിന്റെ നിലവിലെ ഭരണഘടന ആ രാജ്യം 1944 ല്‍ ഡെന്‍ മാര്‍ക്കില്‍ നിന്ന് സ്വാതന്ത്യം നേടിയ ഘട്ടത്തില്‍ എഴുതപ്പെട്ടതാണ്. ഡാനിഷ് ഭരണഘടനയെ അതേപടി പകര്‍ത്തിയ ഒന്നായിരുന്നു അത്. ഡാനിഷ് ഭരണഘടനയില്‍ 'രാജാവ്' എന്ന് വരുന്നിടത്ത് തങ്ങളുടേതില്‍ ' പ്രസിഡണ്ട്' എന്നാക്കി എന്നു മാത്രം. യൂറോപ്പിനെ ഒട്ടാകെ എന്ന പോലെ തങ്ങളെയും ബാധിച്ച കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിസന്ധിയില്‍ നിന്നും കര കേറിക്കൊണ്ടിരിക്കുന്ന ഐസ് ലണ്ട് കരുതുന്നു, തങ്ങളുടെ ഭരണഘടനയില്‍ കാതലായ പരിഷ്‌കാരങ്ങള്‍ ആവശ്യമെന്ന്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ കരട് തയ്യാറാക്കാനായി ഒരു 25 അംഗ സമിതിയ്ക്ക് പാര്‍ലമെന്റ് രൂപം നല്‍കുന്നത്. സാധാരണപൌരന്മാരായ 522 ആളുകളില്‍ നിന്നാണ് ഈ 25 പേരെ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ സംഘത്തില്‍ നിയമജ്ഞര്‍,രാഷ്ട്രമീമാംസാ പ്രൊഫസര്‍മാര്‍,പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അടങ്ങുന്നു. ഇവിടം വരെ കാര്യങ്ങള്‍ പഴയ മട്ടില്‍ തന്നെ. എന്നാല്‍ ഭരണഘടനാ ഡ്രാഫ്റ്റിംഗ് കൌണ്‍സില്‍ തങ്ങളുടെ കരടിലെ ഓരോ ആര്‍ട്ടിക്കുകളും ആഴ്ചതോറും തങ്ങളുടെ വെബ് സൈറ്റില്‍ ഇടുന്നതോടെ കാര്യങ്ങള്‍ ആകെ മാറുന്നു. പൊതുജനങ്ങള്‍ക്ക് ഈ വെബ്‌സൈറ്റില്‍ തന്നെ ഓരോ ആര്‍ട്ടിക്കിളിന്റെയും ചുവട്ടില്‍ തങ്ങളുടെ അഭിപ്രായങ്ങളും വിയോജിപ്പുകളും എഴുതാം, ഒരു തരത്തിലുള്ള സെന്‍സര്‍ഷിപ്പോ എഡിറ്റിംഗോ ഇല്ലാതെ. ഇനിയുമുണ്ട് അഭിപ്രായ പ്രകടനത്തിനുള്ള , ചര്‍ച്ചയ്ക്കുള്ള മാര്‍ഗങ്ങള്‍. അവിടെയാണ് ജനാധിപത്യത്തിന്റെ പുത്തന്‍ രാജവീഥികളായ ഫെയിസ് ബുക്കും ട്വിറ്ററും കടന്നു വരുന്നത്. ഡ്രാഫ്റ്റിംഗ് കൌണ്‍സിലിന്റെ ഫെയിസ് ബുക്ക് പേജിലും അവരുടെ ട്വിറ്റര്‍ അക്കൌണ്ടിലും ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഡ്രാഫ്റ്റിംഗ് കൌണ്‍സിലിന്റെ യോഗങ്ങള്‍ ഒന്നും തന്നെ രഹസ്യമല്ല, അവ തത്സമയം വെബ്‌സൈറ്റിലേക്കും ഫെയിസ്ബുക്ക് പേജിലേക്കും സ്ട്രീമിംഗ് വഴി പ്രക്ഷേപണം ചെയ്യപ്പെട്ടു.അവയുടെ യോഗമിനുട്‌സുകള്‍ പൊതുജനങ്ങള്‍ക്ക് വെബ് സൈറ്റില്‍ നിന്ന് വായിക്കാം. കൂടാതെ 25 കൌണ്‍സില്‍ അംഗങ്ങളുടെയും ഇന്റര്‍വ്യൂകള്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന യൂട്യൂബ് അക്കൌണ്ടിലും കൌണ്‍സിലിന്റെ പ്രവര്‍ത്തനത്തെ കാണിക്കുന്ന ഫോട്ടോകള്‍ ഉള്ള ഫ്‌ലിക്കര്‍ അക്കൌണ്ടിലും ജനങ്ങള്‍ക്ക് ഇടപെടാം. ഇപ്രകാരത്തില്‍ രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങള്‍ ഓരോന്നും തന്നെ ആ സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ജീവവായു ആയ തുറന്ന ചര്‍ച്ച എന്ന ഘട്ടത്തിലൂടെയും കടന്നു പോകുന്നു. ഭരണഘടനാ കൌണ്‍സിലിന്റെ പ്രധാനജോലി ഈ അഭിപ്രായങ്ങളെയും വിയോജിപ്പുകളെയും പുതിയ നിര്‍ദ്ദേശങ്ങളെയും ക്രോഡീകരിച്ച് ഒരു സമ്പൂര്‍ണ ജനകീയ ഭരണഘടനയുടെ കരട് പാര്‍ലമെന്റിന്റെ മുന്‍പാകെ സമര്‍പ്പിക്കുക എന്നതാണ്. അപ്പോഴേക്കും ആ കരടിന്റെ ആദ്യമുള്ള സ്വഭാവത്തെത്തന്നെ ജനങ്ങളുടെ ഇടപെടല്‍ മാറ്റിയിരിക്കും. ആ രാജ്യത്തിലെ ജനങ്ങളുടെ കണ്മുന്നിലാണ് ആ ഭരണഘടന രൂപം കൊണ്ടത്, അതിലെ വകുപ്പുകളെല്ലാം തന്നെ അവരുടെ നിശിതമായ ചര്‍ച്ചയ്ക്കും സംവാദത്തിനും വിധേയമായവ ആണ്. ലോകത്തേറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള രാജ്യങ്ങളിലൊന്നായ , ജനസംഖ്യയുടെ മൂന്നിലൊന്ന് ഫെയിസ് ബുക്കില്‍ അംഗങ്ങളായ ഐസ് ലണ്ടില്‍ ഈ ജനകീയ ഇടപെടല്‍ കൂടുതല്‍ ഫലപ്രദമായി മാറി. ചര്‍ച്ചകളുടെയും അഭിപ്രായങ്ങളുടെയും ആകത്തുകയായ അവസാന ഡ്രാഫ്റ്റിന്മേല്‍, രാജ്യത്തെ പൌരന്മാരില്‍ നിന്ന് റാന്‍ഡം ആയി തിരഞ്ഞെടുക്കപ്പെടുന്ന 950 പേര്‍ അടങ്ങുന്ന നാഷണല്‍ ഫോറം ചര്‍ച്ച നടത്തിയതാണ് അടുത്ത ഘട്ടം. ഈ ചര്‍ച്ചയ്ക്ക് ശേഷം 9 അധ്യായങ്ങളും 114 ആര്‍ട്ടിക്കുകളും അടങ്ങുന്ന അന്തിമ കരട് ഒരു ദേശീയ റഫറണ്ടത്തിനു വിധേയമാക്കി. ഈ റഫറണ്ടവും കടന്നാണ് ഭരണഘടനയ്ക്ക് പാര്‍ലമെന്റ് അന്തിമാംഗീകാരം നല്‍കുക. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 നു ആണ് റഫറണ്ടം നടന്നത്. അതിന്റെ ഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നു.
iceconstfacbuk
 
പുതിയ ഭരണഘടനയുടെ പുതിയ സൂചനകള്‍
റഫറണ്ടത്തില്‍ പങ്കെടുത്ത ജനങ്ങളില്‍ മൂന്നില്‍ രണ്ട് പേര്‍ കരട് ഭരണഘടനയെ അനുകൂലിക്കുന്നു. 2008 ല്‍ തുടങ്ങി തങ്ങളെ തകര്‍ത്തു കളഞ്ഞ സാമ്പത്തിക മാന്ദ്യം, മുതലാളിത്തം അതിന്റെ ഘടനയ്ക്കുള്ളില്‍ ഒളിച്ചു വെച്ചിരിക്കുന്ന ആന്തരിക വൈരുദ്ധ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന, ഇനിയും പഴയ ആ 'തുറന്ന' ഘടന ആശാസ്യമാവില്ല എന്ന തിരിച്ചറിവ് ഐസ് ലണ്ടിലെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നു എന്നാണ് റഫറണ്ടത്തിലെ ഫലങ്ങള്‍ കാണിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. റഫറണ്ടത്തിലെ ഒരു പ്രധാന ചോദ്യമായ ' ഇനിയും സ്വകാര്യവത്കരിക്കാത്ത രാജ്യത്തെ പ്രക്യതി വിഭവങ്ങള്‍ പൊതുമേഖലയില്‍ തന്നെ തുടരേണ്ടതുണ്ടോ' എന്നതിനു 85.2 ശതമാനം ജനങ്ങളുടെയും മറുപടി 'വേണം' എന്നതാണ്. പൊതുമേഖലയുടെ നിലനില്‍പ്പ് സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കും എന്ന ആശയത്തെ ഐസ് ലണ്ടിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന് ചുരുക്കം. കൂടാതെ പാര്‍ലമെന്റിന്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും , ഇനിയൊരു സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യം ഉണ്ടായാല്‍ അതിനെ ചെറുക്കത്തക്ക രീതിയിലുള്ള അധികാരവിഭജനം,പാര്‍ലമെന്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, ജഡ്ജിമാരുടെ നിയമനം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെല്ലാം പുതിയ ഭരണഘടന പുത്തന്‍ വഴികള്‍ തുറക്കും എന്ന് പ്രതീക്ഷിക്കുന്നു ആ രാജ്യത്തിലെ ജനങ്ങള്‍.

നമ്മുടെ അവസ്ഥ
വെറും മൂന്നര ലക്ഷം ജനസംഖ്യ മാത്രമുള്ള, വികസിതമായ ഒരു രാഷ്ട്രം അതിന്റെ ഭരണഘടന എഴുതാന്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ജനാധിപത്യ സാധ്യത ഇന്ത്യ പോലുള്ള മൂന്നാം ലോകരാഷ്ട്രങ്ങളില്‍ അതേ പടി പ്രസക്തമാണെന്ന് പറയാന്‍ വയ്യെങ്കിലും നമ്മുടെ സാഹചര്യങ്ങളിലെ അവയുടെ ശരിയായ സാധ്യത നാം തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. നാമിപ്പോഴും ഗോസിപ്പുകള്‍ പരത്തുന്നതിനും വര്‍ഗീയ,മത,രാഷ്ട്രീയ പ്രചാരണത്തിനും ആയിട്ടല്ലാതെ ഇവയെ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യം സ്വയം ചോദിക്കേണ്ടതുണ്ട്. പ്രസക്തമായ ഒരു ചര്‍ച്ചയും നടക്കാത്ത സംവാദരഹിതമായ ഭൂമികകളായി മാറുന്നുവോ നമ്മുടെ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ .