സൌഹ്യദം
ആർ .രാമചന്ദ്രൻ
സമയം 9.15
സ്ഥലം ബസ് സ്റ്റോപ്പ്
ഞങ്ങൾ
അവിടെ
ഒപ്പമെത്തുന്നു
ഞങ്ങൾ അന്യോന്യം നോക്കി
പുഞ്ചിരിക്കുന്നു.
അയാളാരാണ്?
അയാൾ എവിടെ നിന്നു വരുന്നു?
ഞാൻ ചോദിക്കാറില്ല
ചോദിച്ചിട്ടില്ല
എനിക്കതറിയില്ലെന്നയാൾക്കറിയാമല്ലോ!
അല്ലെങ്കിൽ
എനിക്കതറിയാമെന്നയാൾക്കറിയില്ലെന്ന്
എനിക്കറിയാമല്ലോ!
ഞാൻ ആരാണ്?
ഞാൻ എവിടെ നിന്നു വരുന്നു?
അയാൾ ചോദിക്കാറില്ല
ചോദിച്ചിട്ടില്ല
അയാൾക്കതറിയില്ലെന്നെനിക്കറിയാമല്ലോ!
അയാൾക്കതറിയാമെന്നെനിക്കറിയില്ലെന്ന്
അയാൾക്കറിയാമല്ലോ!
സമയം 9.20
ബസ്സു വരുന്നു
ഞങ്ങൾ അന്യോന്യം നോക്കി
പുഞ്ചിരിച്ച്
ബസ്സിൽ കയറുന്നു
ബസ്സ് നീങ്ങുന്നു
പിന്നെ നിൽക്കുന്നു
പിന്നെ നീങ്ങുന്നു
ഞങ്ങൾ ഒരേ സീറ്റിൽ
പുറത്തു നോക്കിക്കൊണ്ടിരിക്കുന്നു.
ഞാൻ സംസാരിക്കുന്നില്ല
സംസാരിക്കാറില്ല
അയാൾക്കെല്ലാമറിയാമെന്നെനിക്കറിയാമെന്ന്
അയാൾക്കറിയാമല്ലോ!
അല്ലെങ്കിൽ
അയാൾക്കൊന്നുമറിയില്ലെന്നെനിക്കറിയില്ലെന്ന്
അയാൾക്കറിയാമെന്നെനിക്കറിയാമല്ലോ!
അയാൾ സംസാരിക്കുന്നില്ല
സംസാരിക്കാറില്ല
എനിക്കൊന്നുമറിയില്ലെന്നയാൾക്കറിയില്ലെന്ന്
എനിക്കറിയാമെന്നയാൾക്കറിയാമല്ലോ!
സമയം 9.50
ബസ്സു നിൽക്കുന്നു
അന്യോന്യം നോക്കി
പുഞ്ചിരിച്ചുകൊണ്ട്
ഞങ്ങൾ
ഇറങ്ങുന്നു
അന്യോന്യം നോക്കി പുഞ്ചിരിച്ചുകൊണ്ട്
ഞങ്ങൾ പിരിയുന്നു
അയാൾ എങ്ങോട്ടു പോകുന്നു?
ഞാൻ ചോദിക്കാറില്ല
ചോദിച്ചിട്ടില്ല
എനിക്കതറിയില്ലെന്നയാൾക്കറിയാമല്ലോ!
അല്ലെങ്കിൽ
എനിക്കതറിയാമെന്നയാൾക്കറിയില്ലെന്ന്
എനിക്കറിയാമല്ലോ!
ഞാൻ എങ്ങോട്ടു പോകുന്നു?
അയാൾ ചോദിക്കാറില്ല
ചോദിച്ചിട്ടില്ല
അയാൾക്കതറിയില്ലെന്നെനിക്കറിയാമല്ലോ!
അയാൾക്കതറിയാമെന്നെനിക്കറിയില്ലെന്ന്
അയാൾക്കറിയാമല്ലോ!
സമയം 4.45
ഞങ്ങൾ 9.50 ലേക്കു മടങ്ങുന്നു
പിന്നെ
ഞങ്ങൾ 9.50 ലേക്കു മടങ്ങുന്നു
ബസ്സു നിൽക്കുന്നു
അന്യോന്യം നോക്കി,പ്പുഞ്ചിരിച്ചുകൊണ്ട്
ഞങ്ങൾ പിരിയുന്നു
ഞങ്ങൾ സുഹ്യത്തുക്കളാണ്
സൌഹ്യദമാണ് കാര്യം.