Wednesday, December 12, 2012

വിവാഹം ചൈനയിൽ നടക്കുന്നു : നഗ്നമായി



വിവാഹം ചൈനയിൽ നടക്കുന്നു : നഗ്നമായി

 ജാഫർ എസ് പുൽപ്പള്ളി

          ഷാങ്ഹായിയിലെ ഒരു   ഫാഷൻ മാഗസിനിൽ എഡിറ്ററായി ജോലി നോക്കുന്ന ഇരുപത്തെട്ടുകാരിയായ ചൈനീസ് യുവതി സാങ് യി ആഗ്രഹിക്കുക തന്റെ  കാമുകൻ  ഒരു മനോഹരമായ റെസ്റ്റോറന്റിൽ വെച്ച് തിളങ്ങുന്ന ഒരു വജ്രമോതിരം തനിക്കു നേരെ നീട്ടി ഇങ്ങനെ ചോദിക്കണം എന്നാണ് : താങ്കളെന്നെ വിവാഹം കഴിക്കുമോ ?

          അവൾ മന്ദഹസിക്കുകയും സന്തോഷക്കണ്ണീരോടെ കാമുകന്റെ മാറിലേക്ക് സ്വയം വീഴുകയും ചെയ്യും.
             എന്നാൽ യഥാർഥത്തിൽ നടന്നത് ഇതൊന്നുമല്ല. 2008 ന്റെ ഒടുവിലെ ഒരു സായാഹ്നത്തിൽ അവളുടെ കാമുകൻ ഇങ്ങനെ പറഞ്ഞു : എന്റെ അമ്മ പറയുന്നു ,നാം എത്രയും വേഗം വിവാഹസർട്ടിഫിക്കറ്റിനായി രജിസ്റ്റർ ചെയ്യണം എന്ന്. അവൾ സമ്മതിച്ചു. അങ്ങനെ അത് കഴിഞ്ഞു : അവരുടെ വിവാഹം. 2009 ലെ ആദ്യദിനങ്ങളിലൊന്നിൽ അവർ ഒരു ദിവസത്തെ അവധിയെടുത്ത് വിവാഹം രജിസ്റ്റർ ചെയ്യുന്ന ഓഫീസിൽ എത്തി രജിസ്ട്രേഷനുള്ള ചെലവായ 9 യുവാൻ തുല്യമായി പങ്കിട്ട് നൽകി ‘വിവാഹിത‘രായി. പിന്നീട് 100 യുവാൻ മുടക്കി അതും തുല്യപങ്ക്- ഒരു ചെറിയ ചായസത്കാരം അവർ ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റിൽ വെച്ച് , സുഹ്യത്തുക്കൾക്കായി. സാങ് യിയുടെ അമ്മ വിവാഹഫോട്ടോ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞു : ഞങ്ങൾക്ക് ഒട്ടും സമയമില്ലായിരുന്നു, മാത്രമല്ല പിറ്റേന്ന് ജോലിക്കും പോകണമായിരുന്നു.

‘നഗ്നവിവാഹം‘


          മേൽ പറഞ്ഞ രീതിയിലുള്ള വിവാഹങ്ങൾ ചൈനയിലെ വൻ നഗരങ്ങളിൽ വലിയ തരംഗമായി വന്നു കഴിഞ്ഞു. ഈ വിവാഹത്തെ അവർ ‘നഗ്നവിവാഹം’ എന്നാണ് പറയുന്നത്. ചൈനീസ് ഭാഷയിൽ ‘ലുവോ ഹുൻ ‘ എന്നറിയപ്പെടുന്ന ഇതിനെ എൺപതുകൾക്കു ശേഷം ജനിച്ച തലമുറയിലെ യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. ഈ തരംഗത്തിന്റെ മുദ്രാവാക്യവാചകങ്ങളിൽ അതിന്റെ ആശയം സ്പഷ്ടമാണ് . അതിങ്ങനെയാണ് :

        അപ്പാർട്ട്മെന്റ് വേണ്ട
        കാർ വേണ്ട
        വജ്രമോതിരം വേണ്ട
        ചടങ്ങ് വേണ്ട  ഹണിമൂൺ വേണ്ട .
        നാമിരുവരും നാലര യുവാൻ വീതം മുടക്കും
        അങ്ങനെ നമുക്ക് ഒരു വിവാഹസർട്ടിഫിക്കറ്റ് ലഭിക്കും
        പിന്നെ നാം പുത്തൻ ജീവിതത്തിലേക്ക് കടക്കും. 
ഇങ്ങനെ ചൈനീസ് സമൂഹത്തിലെ വ്യവസ്ഥാപിത വിവാഹസമ്പ്രദായങ്ങളുടെ മേൽവസ്ത്രം ഉരിഞ്ഞെറിയുന്നു, ഈ ‘നഗ്നവിവാഹ‘ങ്ങൾ.

എങ്ങനെ വന്നു ഈ കല്യാണം ?

              ഡെങ് സിയാവോ പിങ്ങിന്റെ പുത്തൻ ചൈന ഒട്ടേറെ വളർന്നെങ്കിലും പഴയ ആളുകൾക്ക് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായ പല വിശ്വാസങ്ങളും ചടങ്ങുകളും വെടിയാൻ കഴിയുന്നില്ല. ഈ പഴയ ആചാരങ്ങൾ , നടപ്പുമര്യാദകൾ എന്നിവ വിവാഹം എന്ന ചടങ്ങിലായിരുന്നു ഏറ്റവും പ്രതിഫലിച്ചത്. എത്രയൊക്കെ ആധുനികരായാലും അവർ തങ്ങളുടെ മക്കളുടെ വിവാഹങ്ങൾ തനത് ചൈനീസ് ചടങ്ങുകളോടെയും പാരമ്പര്യരീതികളോടെയും നടക്കണം എന്നാഗ്രഹിക്കുന്നു. അവിടെയാണ് പണം വില്ലനായി കടന്നു വരുന്നത്. വിവാഹം നടക്കണമെങ്കിൽ വരന് സ്വന്തമായി അപ്പാർട്ട്മെന്റോ കാറോ ഉണ്ടായിരിക്കണം , വിവാഹം എല്ലാവിധ ചടങ്ങുകളോടെയും നടത്തണം എന്ന രീതിയിലുള്ള നിഷ്ഠകൾ കഴിഞ്ഞ 30 വർഷം മുൻപുള്ളതിനേക്കാൾ 4000 മടങ്ങ് വിവാഹച്ചെലവ് ഉയർത്തി വൻ നഗരങ്ങളിൽ. വർദ്ധിച്ചു വന്ന ഭൂമി വില , മൊട്ടുസൂചി കുത്താൻ പോലും ഇടം ഇല്ലാത്ത ബീജിംഗ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ യുവാക്കൾ സ്വന്തമായി അപ്പാർട്ട്മെന്റ് സമ്പാദിക്കുക എന്നത് അസാദ്ധ്യകാര്യമായി തീർത്തു. കൂടാതെ തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയ പങ്കും ചെലവഴിക്കേണ്ടി വരും  പെണ്മക്കളുടെ വിവാഹം കെങ്കേമമായി നടത്താൻ പല കുടുംബങ്ങൾക്കും . സർവേകൾ സൂചിപ്പിക്കുന്നത് പ്രകാരം 74 ശതമാനം ചൈനീസ് നഗര യുവാക്കളും ‘നഗ്നവിവാഹ’ത്തെ പുൽകാൻ കാരണം വ്യക്തമാണല്ലോ ?

                  മറ്റൊരു പ്രധാനകാരണമായി കണക്കാക്കുന്നത് സ്ത്രീകളുടെ സ്ഥിതിയിൽ വന്ന വലിയ മാറ്റമാണ്. നന്നായി സമ്പാദിക്കുന്ന , തന്റെ മാതാപിതാക്കളെ ആശ്രയിക്കാത്ത യുവതികൾ നേടുന്ന സ്വാതന്ത്യം ഇത്തരം ലളിതവിവാഹങ്ങൾ യാഥാർഥ്യമാകുവാൻ കാരണമായി. തന്റെ വരൻ നൽകുന്നത് കൊണ്ട് ജീവിക്കുവാൻ അവൾക്ക് വൈമനസ്യവുമാണ്.

                സാമ്പ്രദായിക വിവാഹസങ്കല്പങ്ങൾ ഇന്നും വേരൂന്നി നിൽക്കുന്ന ചൈനീസ് സമൂഹത്തിൽ വളർന്നു വരുന്ന തുറന്ന മന:സ്ഥിതിയും ‘നഗ്നവിവാഹ’ത്തിനു നല്ല പിന്തുണ നൽകുന്നു.
             2008 ലാണ്  ഇത്തം വിവാഹങ്ങളെ സൂചിപ്പിക്കാൻ ‘ നഗ്നവിവാഹം ‘ എന്ന പദം ഇന്റനെറ്റിലൂടെ പ്രചാരത്തിലായത്. ‘നേക്കഡ് മാര്യേജ് ഏജ് ‘ എന്ന ,  ചൈനീസ് യുവാക്കൾക്കിടയിൽ  വളരെയേറെ ചർച്ച ചെയ്യപ്പെട്ട ടി.വി. സീരിയൽ ആണ് ഈ പദത്തിന്റെ ഉത്ഭവസ്ഥാനം . ‘നഗ്നവിവാഹം’ കഴിക്കുന്ന  ദമ്പതികളുടെ ജീവിതസമരം ആയിരുന്നു ആ സീരിയലിന്റെ ഉള്ളടക്കം.

വഴങ്ങുന്ന മുതിർന്ന തലമുറ

           ജോയ്സ് വാങ് എന്ന മുപ്പത്തിമൂന്നുകാരൻ ഇന്റർനെറ്റ് സംരംഭക യുവാവ് തനിക്ക് ഒരിക്കലും ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ, തന്റെ മകൻ എത്രയും വേഗം വിവാഹിതനാകണം എന്ന് ആഗ്രഹിക്കുന്ന അമ്മയോട് പറയുന്നതിങ്ങനെ : ഒന്നുകിൽ ഞാൻ ഒരു അപ്പാർട്ട്മെന്റ് 10 വർഷത്തിനുള്ളിൽ സ്വന്തമാക്കിയതിനു ശേഷം വിവാഹിതനാകാം , അല്ലെങ്കിൽ അതില്ലാതെ ഇപ്പോൾ തന്നെ വിവാഹിതനാകാം. അമ്മ രണ്ടാമത്തെത് അർദ്ധമനസ്സോടെ സമ്മതിച്ചതിന്റെ തൊട്ടടുത്ത ദിനം ജോയ്സ് വാങ് വിവാഹിതനായി.
        പക്ഷെ ചൈനയിലെ മുതിർന്ന തലമുറയ്ക്ക് ഇതൊന്നും അത്ര രുചിക്കുന്നില്ല. തങ്ങളുടെ ഏക സന്തതിയുടെ വിവാഹം എല്ലാ ചൈനീസ് ആചാരരീതികളോടും കൂടി നടത്തണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ ഈ ‘നഗ്നവിവാഹ‘ത്തെ അംഗീകരിക്കാനിടയില്ലല്ലോ .
പക്ഷെ തങ്ങളുടെ പെണ്മക്കൾ ‘മുടക്കാച്ചരക്കു’കളായോ ആൺകുട്ടികൾ ‘ ശൂന്യശാഖ’കളായോ മാറുമെന്ന് ഭയന്ന് മാതാപിതാക്കൾ ഒടുവിൽ ഈ പുത്തൻ വിവാഹത്തെ അനുകൂലിക്കുന്നു.

പ്രണയവും വിവാഹവും മാറ്റത്തിലേക്ക് , കൂടെ സമൂഹവും

    തങ്ങളുടെ യുവാക്കൾ പ്രണയത്തെയും വിവാഹത്തെയും മാറ്റിയെടുക്കുന്ന വിധം ആയിരക്കണക്കിനു വർഷത്തെ പാരമ്പര്യം ചുമലിൽ താങ്ങുന്ന ചൈനയിലെ പഴയ തലമുറ കാണുകയാണിന്ന്. അപ്പാർട്ട്മെന്റോ കാറോ സ്വന്തമാക്കാൻ കഴിവില്ലാത്തവർ പലരും വിവാഹമേ വേണ്ടെന്ന് വെക്കുന്നത് വിവാഹബാഹ്യബന്ധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.
നഗരങ്ങളിലെ വിവാഹരജിസ്ട്രേഷനിലെ കുറവ് ഈ വർഷം മാത്രം 17 ശതമാനം വരും എന്ന് അധിക്യതർ പറയുന്നു. ഷാങ്ഹായ് നഗരത്തിൽ ഒറ്റയ്ക്ക് കഴിയുന്ന യുവതികളുടെ എണ്ണം കഴിഞ്ഞ 15 വർഷം കൊണ്ട് മൂന്നിരട്ടിയായതായി സർവേകൾ പറയുന്നു. കൂടാതെ അവിടത്തെ ജനനനിരക്ക് അത് ഏറ്റവും കുറഞ്ഞ ലോകത്തിലെ പ്രദേശങ്ങളിലേതിന് ഒപ്പവുമായി എന്ന സ്ഥിതിയും സംജാതമായി.മറ്റ് രാജ്യങ്ങളിൽ നൂറോ ഇരുന്നൂറോ വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങൾ ചൈനയിൽ വെറും മുപ്പത് വർഷങ്ങൾ കൊണ്ടുണ്ടായി എന്ന് സാമൂഹ്യനിരീക്ഷകർ പറയുന്നു.

വെല്ലുവിളികളും ഉണ്ട്

         ‘നഗ്നവിവാഹം’ ഒട്ടേറെ മേന്മകൾ നൽകുന്നുണ്ടെങ്കിലും അത് ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും കാണാതിരുന്നു കൂടാ എന്ന് നിരീക്ഷകർ കരുതുന്നു. ദമ്പതികൾ ഇരുവരും സാമ്പത്തികമായി നല്ല നിലയിലല്ലാത്തതിനാൽ ജീവിതസമരം കടുത്തതായിരിക്കും . പലർക്കും മാതാപിതാക്കളുടെ പിന്തുണ പ്രതിസന്ധികൾ ലഭിക്കാതെയും പോകുന്നു. ‘ദരിദ്രദമ്പതികൾ എപ്പോഴും ദുരിതം നേടുന്നു’ എന്ന അർഥത്തിലുള്ള പഴഞ്ചൊല്ല് പോലും പ്രചാരത്തിലുണ്ട് ചൈനീസ് സമൂഹത്തിൽ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നടത്തുന്ന കഠിനപ്രയത്നം ദമ്പതിമാർക്കിടയിൽ ഉരസൽ ഉണ്ടാക്കുകയും ബന്ധം ശിഥിലമാകാൻ അത് കാരണമാകുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു. എന്നാൽ ബീജിംഗിലെ ഒരു ഗവേഷണവിദ്യാർഥിയായ വാങ് ഹൈമിൻ പറയുന്നത് മറിച്ചാണ് : “മുൻപേ തന്നെ  എല്ലാം സമ്പാദിച്ച് വിവാഹിതരായ സുഹ്യത്തുക്കളുടേതുമായി താരതംയം ചെയ്യുമ്പോൾ എന്റെ  വിവാഹം അല്പം മുഷിഞ്ഞതായി തോന്നാം. എന്നാൽ സാമ്പത്തികാടിത്തറ തെല്ലും ഇല്ലാതിരുന്നിട്ടും ഞങ്ങൾ എട്ട് വർഷമായി ഒന്നിച്ച് ജീവിക്കുന്നു. ഞാൻ കരുതുന്നു വിവാഹത്തിന്റെ അടിസ്ഥാനം പ്രണയം ആണെന്ന് , മറിച്ച് പണം അല്ലെന്നും.“

           ഇന്റനെറ്റിലെ ചർച്ചകളും ഇത്തരം വിവാഹങ്ങൾക്ക് വലിയ പിന്തുണ നൽകുന്നു.
 പ്രശസ്ത വെബ് പോർട്ടൽ ആയ ‘സിന’ യിലെ ഒരു പോസ്റ്റ് പറയുന്നു :
 “ തങ്ങൾ വിവാഹിതരാകുമ്പോൾ തന്നെ അവർ എല്ലാം നേടിയെങ്കിൽ പിന്നെന്ത് അവർക്ക് പ്രതീക്ഷിക്കാനുണ്ട് ? ജീവിതത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കഠിനമായി അധ്വാനിച്ച് ഒന്നിച്ച് നേടുന്നത് പോലെ സന്തോഷകരമായി മറ്റെന്തുണ്ട് വിവാഹത്തിൽ ? “

-2012 ജുലൈ 21 ന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്







2 comments:

  1. “ തങ്ങൾ വിവാഹിതരാകുമ്പോൾ തന്നെ അവർ എല്ലാം നേടിയെങ്കിൽ പിന്നെന്ത് അവർക്ക് പ്രതീക്ഷിക്കാനുണ്ട് ? ജീവിതത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കഠിനമായി അധ്വാനിച്ച് ഒന്നിച്ച് നേടുന്നത് പോലെ സന്തോഷകരമായി മറ്റെന്തുണ്ട് വിവാഹത്തിൽ ? “

    ReplyDelete
  2. “മുൻപേ തന്നെ എല്ലാം സമ്പാദിച്ച് വിവാഹിതരായ സുഹ്യത്തുക്കളുടേതുമായി താരതംയം ചെയ്യുമ്പോൾ എന്റെ വിവാഹം അല്പം മുഷിഞ്ഞതായി തോന്നാം. എന്നാൽ സാമ്പത്തികാടിത്തറ തെല്ലും ഇല്ലാതിരുന്നിട്ടും ഞങ്ങൾ എട്ട് വർഷമായി ഒന്നിച്ച് ജീവിക്കുന്നു. ഞാൻ കരുതുന്നു വിവാഹത്തിന്റെ അടിസ്ഥാനം പ്രണയം ആണെന്ന് , മറിച്ച് പണം അല്ലെന്നും.“

    ReplyDelete