Friday, June 1, 2012

പാകിസ്ഥാനി ബിയര്‍ ഇന്ത്യന്‍ തൊണ്ടകളിലേക്ക്

         
 
                    ഒരു നാള്‍ അല്ലെങ്കില്‍ ഒരേ പാതിരാവില്‍ പിറന്നു വീണ രണ്ട് രാജ്യങ്ങളാണ്‌ ഇന്ത്യയും പാകിസ്ഥാനും.അവര്‍ക്കിടയിലുള്ള  വ്യത്യാസങ്ങള്‍ തേടാന്‍ ശ്രമിക്കുന്ന ഒരാള്‍ തികച്ചും നിരാശനാകും,കാരണം അവര്‍ തമ്മില്‍ സാജാത്യമേയുള്ളൂ.            വംശം,സംസ്കാരം,ഭാഷ,മതം,ഭക്ഷണം,കല,സാഹിത്യം തുടങ്ങിയവയിലൊക്കെ .  ലതാ മങ്കേഷ്കറെ ആരാധിക്കുന്ന പാകിസ്ഥാനിയുടെ ഗാനാസ്വാദനത്തിനു ലതയുടെ ഇന്ത്യന്‍ പൗരത്വം തടസ്സമാകുന്നില്ല. 'ചുപ്കേ ചുപ്കേ' കേള്‍ക്കുന്ന ഇന്ത്യക്കാരന്‍ ഓര്‍ക്കുന്നുണ്ടോ അത് പാടിയ ഗുലാം അലി പാകിസ്ഥാനിയാണെന്ന് ! അമിതാഭും ഷാരൂഖും പാകിസ്ഥാനി ചെറുപ്പക്കാരുടെയും ഹീറോകളാണ്‌.
        പക്ഷെ ഇന്ത്യാ-പാകിസ്ഥാന്‍ ബന്ധത്തിന്റെ നീണ്ട ആറ് പതിറ്റാണ്ടിനെ പ്രധാനമായും  രേഖപ്പെടുത്തുന്നത് ഇതൊന്നുമല്ല.ആയിരങ്ങളുടെ ചോര ചിന്തിയ  മൂന്ന് പ്രധാനയുദ്ധങ്ങളും ഒരു അപ്രഖ്യാപിത യുദ്ധവും(കാര്‍ഗില്‍) ആണ്. എണ്‍പതുകളിലെ സിയാച്ചിന്‍ സംഘര്‍ഷം,1989 ല്‍ ശക്തിപ്രാപിച്ച കാശ്മീരിലെ വിധ്വംസകപ്രവര്‍ത്തികള്‍,1998 ലെ ഇരു രാജ്യങ്ങളുടെയും ആണവ പരീക്ഷണം,1999 ലെ കാര്‍ഗില്‍ യുദ്ധം ,2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം,2007 ലെ സംജോദാ എക്സ്പ്രസ്സിലെ ബോംബാക്രമണം,ഒടുവില്‍ 2008 ലെ മുംബൈ ഭീകരാക്രമണം.ഇന്ത്യയെയും പാകിസ്ഥാനെയും പറ്റി ചിന്തിക്കുമ്പോള്‍ മാലോകരുടെ മനസ്സിലേക്ക് ഓടിയെത്തുക ഈ യുദ്ധങ്ങളും ഭാവിയില്‍ എന്നെങ്കിലും ഈ രണ്ട് ആണവശക്തികള്‍ തമ്മില്‍ നടന്നേക്കാവുന്ന യുദ്ധത്തെപ്പറ്റിയുള്ള ഭീതിയുമാണ്‌.

           എന്നാല്‍ 2004 മുതല്‍ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക്  കുറവ് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇരു രാജ്യങ്ങളും അതിര്‍ത്തി മേഖലയില്‍ സേനാ സാന്നിദ്ധ്യം കുറയ്ക്കാന്‍ കരാറിലെത്തി 2004 ല്‍. പരസ്പര വിശ്വാസം വളര്‍ത്തുന്നതിനായി ഇരുവരും ഒട്ടേറെ  കാര്യങ്ങള്‍ ചെയ്തു തുടങ്ങിയിരിക്കുന്നു.വിസ നിബന്ധനകളില്‍ അയവ് വരുത്തല്‍, ക്രിക്കറ്റ് നയതന്ത്രം,  അടുത്ത കാലത്ത് ആരംഭിച്ച ശ്രീനഗര്‍-മുസാഫറാബാദ് ബസ് സര്‍വീസ്,ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ്-റെയില്‍ മാര്‍ഗങ്ങളുടെ തുറക്കല്‍  എന്നിവ അവയില്‍ ചിലതു മാത്രം.അവ മാറി വരുന്ന ബന്ധത്തിന്റെ ചിഹ്നങ്ങളാണ്‌.


കച്ചവടത്തിലൂടെ സമാധാനം

          പക്ഷെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഇതിനെക്കാളെല്ലാം ഗുണകരമായത് വാണിജ്യത്തിന്റെ ബന്ധങ്ങളാണ്‌.മൊത്തം 140 കോടിയോളം ജനങ്ങള്‍ (ഇന്ത്യ =120 ,പാകിസ്ഥാന്‍ =18 കോടി) വസിക്കുന്ന ഉപഭൂഖണ്ഡത്തിലെ രണ്ട് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെന്നത് രണ്ട് ലക്ഷം കോടി ഡോളറാണത്രെ .പക്ഷെ ഈ രണ്ട് രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടന്ന കച്ചവടം കേവലം 260 കോടി ഡോളര്‍ മാത്രം.ഇന്ത്യയുടെ മറ്റൊരു പ്രതിയോഗിയും അയല്‍വാസിയുമായ ചൈനയുമായുള്ള കച്ചവടം ഏതാണ്ട് 10,000 കോടി ഡോളറാണ്‌ ! 2009 ല്‍ ഇന്ത്യയുടെ ആകെ വ്യാപാരത്തിന്റെ വെറും 1 % മാത്രമേ പാകിസ്ഥാനുമായി നടന്നിട്ടുള്ളൂ.
 ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ,ഏതാണ്ട് നിലച്ചിരുന്ന വ്യാപാരം അതിന്റെ ഉച്ചസ്ഥായിയില്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞത് ഈ മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കിക്കഴിഞ്ഞു.

എന്തൊക്കെ കച്ചവടങ്ങളാണ്‌ പരസ്പരം നടക്കുന്നത്,നടക്കാന്‍ പോകുന്നത്?

           നേരിട്ടുള്ള വ്യാപാരത്തിനു പകരം ദുബായ്,കൊളംബോ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കുറെ വര്‍ഷങ്ങളായി വ്യാപാരങ്ങള്‍ നടന്നു വന്നിരുന്നത്.ഏറെ കാലമായി ഉറക്കത്തിലായിരുന്ന ,അവിഭക്ത ഇന്ത്യയിലെ പ്രധാനപട്ടണങ്ങളിലൊന്നായിരുന്ന,    അമ്യത് സര്‍  പതുക്കെ ഉണരാന്‍ തുടങ്ങിയിരിക്കുന്നു .2005 ല്‍ വീണ്ടും തുറന്ന  പ്രധാന അതിര്‍ത്തി കവാടമായ 'വാഗ'  യിലും  ഉണര്‍വ് വന്നു കഴിഞ്ഞു.കടുത്ത വിസ നിയമങ്ങളും ചെക്ക് പോസ്റ്റുകളിലെ വലിയ കാലതാമസവും താരീഫ് ഘടനയും വ്യാപാരികളെ ഇരുഭാഗത്തു നിന്നും വന്ന് കച്ചവടം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്ന പഴയ അവസ്ഥ മാറിത്തുടങ്ങിയിരിക്കുന്നു.പാകിസ്ഥാന്‌ വ്യാപാരകാര്യങ്ങളിലെ 'ഏറ്റവും ഉറ്റ രാജ്യം' എന്ന പദവി ഇന്ത്യ 1996 ലെ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം നവംബറില്‍ മാത്രമാണ്‌ പാകിസ്ഥാന്‍ തിരികെ അതേ പദവി ഇന്ത്യക്ക് നല്‍കി ആശാവഹമായി പ്രതികരിച്ചത്.

          കഴിഞ്ഞ വര്‍ഷം വരെ വെറും 14 ഇനം സാധനങ്ങള്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടു വരാനേ  പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നുള്ളു.ആ സ്ഥാനത്ത് ഈ വര്‍ഷം  അവര്‍  2000 ല്‍ അധികം സാധനങ്ങള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. .അതിര്‍ത്തിയില്‍ ഇനിയും ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട് ഇരു രാജ്യങ്ങളും വ്യാപാരവികസനത്തിനായി എന്നത് വ്യക്തമാണ്‌ .എങ്കിലും ആ ദിശയിലേക്കുള്ള ചുവടുവെപ്പുകള്‍ ഇരു രാജ്യങ്ങളും കൈക്കൊണ്ട് വരികയുമാണ്‌.വ്യാപാരികള്‍ക്കുള്ള വിസ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് നാലായിരത്തിലധികം ലോറികള്‍ തക്കാളിയുമായി മഹാരാഷ്ട്രയില്‍ നിന്ന് അതിര്‍ത്തി കടന്നു കഴിഞ്ഞതായി അനൗദ്യോഗികക്കണക്കുകള്‍ സൂചിപ്പിക്കുന്നു.അത്ര തന്നെ അളവ് സോയാബീനും ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കടന്നുപോയിക്കഴിഞ്ഞു. ദിനം പ്രതി നൂറിലധികം ലോറികളെങ്കിലും പാകിസ്ഥാനില്‍ നിന്ന് സിമന്റും ജിപ്സവും മറ്റ് ധാതുക്കളും കയറ്റി തിരികെ വരുന്നുമുണ്ട്. പഞ്ചാബിലെ ഒരു ഓയില്‍ റിഫൈനറി പാകിസ്ഥാനിലേക്ക് പെട്രോള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ 13 ന്‌ പാകിസ്ഥാനില്‍ നിന്നുള്ള വിദേശനിക്ഷേപം  അനുവദിച്ചു കൊണ്ട് ഇന്ത്യ പ്രഖ്യാപനം നടത്തി .അതേ ദിവസം തന്നെ ഇരു രാജ്യങ്ങള്‍ക്കും തുല്യ നിയന്ത്രണം ഉള്ള ഒരു ചെക്ക് പോസ്റ്റ്  വാഗ-അട്ടാരി അതിര്‍ത്തിയില്‍ തുറക്കപ്പെട്ടു.


ഐ.ടി,വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അടുത്ത സഹകരണം രണ്ട് രാജ്യങ്ങളും സ്യഷ്ടിക്കും എന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നു, പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി . ഒട്ടേറെ പട്ടിണിക്കാര്‍ ജീവിക്കുന്ന , ഇന്ത്യയേക്കാള്‍ ദാരിദ്യം നടമാടുന്ന പാകിസ്ഥാന്‍ എന്ന രാജ്യത്തിനു ഇന്ത്യ പോലൊരു വലിയ അയല്‍ക്കാരന്റെ സഹായം അതിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന സത്യം അവിടത്തെ ഭരണാധികാരികള്‍ തിരിച്ചറിയുന്നത് നല്ല ലക്ഷണമാണ്‌,സമാധാനത്തിലേക്കുള്ള ശരിയായ ചുവടുവെപ്പ് അതാകാന്‍ സാധ്യതയുണ്ട്.ഇരു രാജ്യങ്ങളുടെയും ഭൂതകാലം നമ്മെ പഠിപ്പിക്കുന്നത് പരസ്പരശത്രുത വെടിയുന്നത് പാവപ്പെട്ട ജനങ്ങളുടെ കഷ്ടതകള്‍ കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗം തന്നെയെന്നതാണ്‌.ഇരുവരും  ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനായി പ്രതിവര്‍ഷം  മുടക്കുന്ന തുക ആരുടെ കയ്യില്‍ എത്തേണ്ടതാണ്‌ ,  അത് ആരുടെ കയ്യില്‍ എത്തുന്നു എന്ന് ചിന്തിക്കുമ്പോള്‍ വിശേഷിച്ചും.

     പാകിസ്ഥാനിലൂടെ അഫ്ഘാനിസ്ഥാന്‍ കടന്ന് മധ്യേഷ്യവരെ നീണ്ടു കിടക്കുന്ന വലിയ ഒരു മേഖലയിലേക്കുള്ള കരയിലൂടെയുള്ള കടന്നു കയറ്റം ഇന്ത്യയ്ക്ക് ഭാവിയില്‍ വലിയ ഗുണങ്ങള്‍ ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു.

        ഈ ദിശയിലെ ഏറ്റവും ഒടുവിലത്തെ സംഭവം ,ഒരു കൊലക്കേസുമായി ബന്ധപ്പെട്ട്  കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ വീട്ടുതടങ്കലില്‍ ആയിരുന്ന,രോഗിയും അവശനും ആയിരുന്ന പാകിസ്ഥാന്‍ പൗരന്‍  ഡോക്ടര്‍ ഖലീല്‍ ചിസ്തിയെ മനുഷ്യസ്നേഹികളുടെ നിരന്തര ഇടപെടലുകള്‍ക്കൊടുവില്‍ സ്വരാജ്യത്തിലേക്ക് പരോളില്‍ വിട്ടതാണ്‌.ഗാന്ധിജി പറഞ്ഞതു പോലെ അന്താരാഷ്ട്ര വ്യവഹാരങ്ങളില്‍ 'സ്നേഹത്തിന്റെ നിയമം' ഇങ്ങനെയാണ്‌ നടപ്പിലാക്കപ്പെടുക .


ആശകളും ആശങ്കകളും

       ഇന്ത്യയില്‍ ദേശരാഷ്ട്രത്തിന്റെ പുറത്തേക്കും കടന്ന് വ്യാപിക്കാന്‍ വെമ്പുന്ന മൂലധനശക്തികള്‍ക്ക് വലിയ ഒരു വിഹാരരംഗമാണ്‌  ഇത്തരത്തില്‍ വളര്‍ന്നു വരുന്ന ഇന്ത്യ-പാകിസ്ഥാന്‍ കച്ചവട ബന്ധം നല്‍കുക.ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വ്യവസായികള്‍ രാജ്യത്തിനു പുറത്തേക്കും തങ്ങളുടെ കൈകള്‍ നീട്ടിക്കഴിഞ്ഞു.വലിയ സ്വതന്ത്രകമ്പോളമൊന്നും വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത പാകിസ്ഥാന്‍ നല്‍കുന്ന  വലിയ  വിപണി എന്ന ആകര്‍ഷണം ,വന്‍ മൂലധനനിക്ഷേപ സാധ്യത,പ്രക്യതിസ്രോതസ്സുകളുടെ ചൂഷണത്തിനുള്ള സാധ്യത എന്നിവയൊക്കെ ഇന്ത്യന്‍ വ്യവസായികളെ പാക്കിസ്ഥാനിലേക്ക് ആകര്‍ഷിക്കുമ്പോള്‍ മറുവശത്ത് ഇന്ത്യയുടെ കടന്നുവരവ് പാകിസ്ഥാനിലെ ഒട്ടേറെ മേഖലകളില്‍ ആശങ്ക വളര്‍ത്തുന്നു എന്നതും കാണാതിരുന്നു കൂടാ.

     ലാഹോറിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാര്‍ക്കറ്റായ ബദാമിബാഗ് മണ്ഡിയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഏത്തപ്പഴത്തിന്റെയും മാങ്ങയുടെയും മൊത്തക്കച്ചവടം  നടത്തിവരുന്ന ചൗധരി അസ്ഹര്‍ പറയുന്നു : "ഇന്ത്യയുമായുള്ള കച്ചവടക്കരാര്‍ ഞങ്ങളെ ഗുരുതരമായി ബാധിക്കും . ഇന്ത്യ ക്യഷിക്കാര്‍ക്ക് സൗജന്യ വൈദ്യുതി അടക്കമുള്ള ഒട്ടേറെ സബ്സിഡികള്‍ നല്‍കുന്നു.ഞങ്ങളുടെ ക്യഷിക്കാര്‍ക്ക് ഇത് വലിയ നഷ്ടം ചെയ്യും,ഇന്ത്യ ഞങ്ങളില്‍ നിന്ന് വലിയ ലാഭം കൊയ്യുകയും ചെയ്യും.ഞങ്ങള്‍ക്ക് അവരുടെ സബ്സിഡിയോട് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല." ചുരുക്കിപ്പറഞ്ഞാല്‍ പാകിസ്ഥാനിലെ കച്ചവടക്കാര്‍ വില്‍ക്കുന്നതിനേക്കാള്‍ വിലകുറച്ച് ഇന്ത്യക്ക് അവിടെ സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയുമെന്ന്.ഇതേ ആശങ്ക തന്നെയല്ലെ ബഹുരാഷ്ട്ര കുത്തകകളുടെ ഇന്ത്യന്‍ റീട്ടെയില്‍ രംഗത്തേക്കുള്ള കടന്നുവരവിനെ ,അല്ലെങ്കില്‍ 'ആസിയാന്‍' കരാറിനെ എതിര്‍ക്കുമ്പോള്‍ നമ്മളും പറയുന്നത്?

   തങ്ങളുടെ പക്കല്‍ ഇല്ലാത്ത സാധനങ്ങള്‍ മാത്രം ഇറക്കുമതി ചെയ്യുന്നതേ പാകിസ്ഥാന്‌ ഇന്ത്യയുമായി വളര്‍ന്നു വരുന്ന വ്യാപാരബന്ധത്തില്‍ നിന്ന് നല്ല ഫലം കൊയ്യാന്‍ പാകിസ്ഥാനെ സഹായിക്കൂ എന്ന് ഭൂരിഭാഗം വ്യാപാരികളും വിശ്വസിക്കുന്നു.
ബലൂചിസ്ഥാനില്‍ നിന്ന് ഓറഞ്ച്,ആപ്പിള്‍,മുന്തിരി എന്നിവ ലാഹോറില്‍ കൊണ്ട് വന്നു വില്‍ക്കുന്ന  വ്യാപാരിയായ സലീം ഖാന്‍ പറയുന്നു : "പാകിസ്ഥാനില്‍ ധാരാളം ഓറഞ്ച് ഉള്ളപ്പോള്‍ ഇറാനില്‍ നിന്ന് അത് ഇറക്കുമതി ചെയ്തു ഞങ്ങളുടെ രാജ്യം.ഇത് പോലുള്ള ചെയ്തികള്‍ അന്യരാജ്യങ്ങളിലെ കയറ്റുമതിക്കാര്‍ക്ക് ഗുണവും ഈ നാട്ടിലെ പാവപ്പെട്ട കര്‍ഷകന്‌ നാശവും വരുത്തി വെക്കുന്നു."

    ഇന്ത്യയില്‍ നിന്ന് മികച്ച സാധനങ്ങള്‍ കടന്നു വരുന്നത് കച്ചവടത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുമെന്നും ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ വൈവിദ്ധ്യം നല്‍കുന്നത് അതിനെ വളര്‍ത്തുകയേ ഉള്ളൂ എന്ന് ഒരു വിഭാഗം വ്യാപാരികള്‍ കരുതുന്നു.
"നമുക്കിപ്പോള്‍ ഇല്ലാത്തവ മറ്റ് രാജ്യങ്ങളുടെ പക്കല്‍ നിന്ന് വാങ്ങിയില്ലെങ്കില്‍ നമുക്കെന്താണ്‌ ഇവിടെ ഉണ്ടാവുക?" ഇന്ത്യാ-പാക് കച്ചവടത്തിന്റെ കടന്നുവരവിനെ സ്വാഗതം ചെയ്യുന്ന ഒരു വ്യാപാരി ചോദിക്കുന്നു.പാകിസ്ഥാന്റെ ഏറ്റവും വലിയ ആവശ്യമായ വൈദ്യുതി, ഇന്ത്യ നല്‍കിയാല്‍ അത് വേണ്ടെന്ന് വെക്കുന്നത് അബദ്ധം ആവില്ലേ എന്ന് അയാള്‍ തുടര്‍ന്ന് ചോദിക്കുന്നു.ഫൈസാബാദ് പോലെയുള്ള മികച്ച പരുത്തി വസ്ത്രങ്ങളുടെ ഉത്പാദകമേഖലകള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം വലിയ ഗുണം ചെയ്യുമെന്ന് കരുതുന്നു ആ മേഖലയിലെ വ്യാപാരികള്‍.പക്ഷെ സമഗ്രമായി എടുത്താല്‍  ആത്യന്തികമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കച്ചവടത്തില്‍ ഇന്ത്യയ്ക്ക് തന്നെയാവും നേട്ടം എന്ന് ഭൂരിഭാഗവും കരുതുന്നു.

    വിശാലമായ ഒരു കരാറിന്റെ ഭാഗമായുള്ള ഏതൊരു  ഇറക്കുമതിയും ആത്യന്തികമായി ബാധിക്കുന്ന വിഭാഗങ്ങള്‍ ഇല്ലാത്ത ഒരു രാജ്യവുമുണ്ടാകില്ല ഈ ആഗോളീകരണ കാലത്തില്‍.കാര്‍ഷികമേഖല സമ്പദ്ഘടനയുടെ മുഖ്യപങ്ക് വഹിക്കുന്ന പാകിസ്ഥാനില്‍ സ്വാഭാവികമായും ഇത്തരം കരാറുകള്‍ ബാധിക്കുക സാധാരണക്കാരായ കര്‍ഷകരെത്തന്നെയായിരിക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നിലവില്‍ പാകിസ്ഥാന്‍ ചുമത്തുന്ന താരീഫ് 25 ശതമാനത്തില്‍ നിന്ന് കുറച്ചുകൊണ്ടു വരാന്‍ നിര്‍ബന്ധിതമാണ്‌ പാകിസ്ഥാന്‍.കാരണം സൗത്ത് ഏഷ്യന്‍ ഫ്രീ ട്രേഡ് എഗ്രീമെന്റില്‍ (SAFTA)ഒപ്പു വെക്കുക വഴി ഇന്ത്യയും പാകിസ്ഥാനും പരസ്പരം ചുമത്തുന്ന താരീഫ് പൂജ്യത്തിനും അഞ്ചിനും ഇടയില്‍ താഴ്ത്തിക്കൊണ്ട് വരാനുള്ള ബാധ്യത ഇരുവര്‍ക്കുമുണ്ട്. താരീഫ് 25 ശതമാനത്തില്‍ നിന്ന് പെട്ടെന്ന് താഴ്ത്തുന്ന അവസ്ഥയില്‍ പാകിസ്ഥാനിലെ ചെറുകിട ഉത്പാദകരുടെയും ക്യഷിക്കാരുടെയും നില ഗുരുതരമാകും എന്നത് തീര്‍ച്ചയാണ്‌.


അതിര്‍ത്തി കടന്നുവരുന്നത് തക്കാളിയും ഉള്ളിയും മാത്രമെല്ലെങ്കില്‍ ?

    ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി എന്നത് ലോകത്തെ തന്നെ ഏറ്റവും സെന്‍സിറ്റീവ് ആയ ഒരു മേഖല തന്നെയാണ്‌ എന്നിരിക്കെ അവിടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്നത് അപായകരമാകും ഇരു രാജ്യങ്ങള്‍ക്കും എന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ക്കും ഇവിടെ സാംഗത്യം ഉണ്ട്.സിമന്റിനും ജിപ്സത്തിനും ഉള്ളിക്കും പകരം ആ ആവരണത്തിനുള്ളില്‍ ഇന്ത്യയിലേക്ക് കടന്നു വരിക എന്തൊക്കെയാവില്ല എന്നു പറയാനാവില്ല.അതു പോലെ തിരികെയും പോകുന്നവ .പക്ഷെ കഴിഞ്ഞ അറുപത് വര്‍ഷത്തെ അനുഭവങ്ങള്‍ ഇരുവരെയും പഠിപ്പിച്ചത് വെല്ലുവിളികളെ നേരിട്ടു കൊണ്ട് മാത്രമേ  മുന്നേറാന്‍ കഴിയൂ എന്നതാണ്‌.

കച്ചവടം തുറന്നു തരുന്നത്

        പ്രാചീനകാലം മുതല്‍ക്കെ സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പരവ്യാപാരം തന്നെയാണ്‌  സംസ്കാരത്തിന്റെയും സമ്പത്തിന്റെയും വ്യാപനത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള  സഹകരണത്തിനും ഒരു പ്രധാനനിദാനം എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.യൂറോപ്യന്‍ കച്ചവടക്കാര്‍ ഇന്ത്യന്‍,അമേരിക്കന്‍,ആഫ്രിക്കന്‍ തീരങ്ങളില്‍ വന്നണഞ്ഞതും ആധിപത്യം സ്ഥാപിച്ചതും വ്യാപാരത്തിന്റെ മേലങ്കിയില്‍ തന്നെയായത് ചരിത്രത്തിലെ മറ്റൊരു സന്ധിയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും പോലെ നിതാന്തവൈരികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തിനു കച്ചവടം സഹായിച്ചാല്‍  അത് വെറും 'കച്ചകപടം' അല്ലെന്ന് പറയുന്നത് നമ്മുടെ പിന്‍തലമുറയായിരിക്കും. 

"ഹാവ് എ മുറീ വിത്ത് യുവര്‍ കറി"

         അവിഭക്ത ഇന്ത്യയിലെ ഏറ്റവും മികച്ച ബിയര്‍ ബ്രാണ്ട് ആയിരുന്ന 'മുറീ'പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നു.ബ്രിട്ടീഷ് രാജിന്റെ കാലത്ത് 1860 ല്‍ പട്ടാളക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഉണ്ടാക്കിത്തുടങ്ങിയ 'മുറീ'പിന്നീട് പൊതു വിപണിയിലും ലഭിച്ചു തുടങ്ങി. ഇന്ത്യാ വിഭജനത്തിനു ശേഷം പാകിസ്ഥാനില്‍ ഉള്‍പ്പെട്ട കമ്പനി, മുസ്ലിങ്ങള്‍ക്ക് മദ്യനിരോധനം നിലവിലുള്ള പാകിസ്ഥാനിലെ വെറും 3 % വരുന്ന ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് മാത്രമായി നല്‍കാനുള്ള ബിയര്‍ മാത്രം ഉത്പാദിപ്പിച്ച് പോന്നു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ദ്ധിച്ച വ്യാപാരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കും തങ്ങളുടെ വിപണി വിശാലമാക്കാന്‍ തുടങ്ങുകയാണീ പാകിസ്ഥാനി ബിയര്‍.പത്തൊമ്പതാം നൂറ്റാണ്ടില്‍ 'മുറീ' ബിയറിന്റെ മുദ്രാവാക്യം ഇതായിരുന്നു : "തിന്നുക,കുടിക്കുക,പിന്നെ 'മുറീ'യാവുക".അടുത്ത കാലത്ത് 'മുറീ' ബ്രിട്ടനില്‍ കാലെടുത്തു വെച്ചപ്പോള്‍ മുദ്രാവാക്യം പരിഷ്കരിച്ചു : "ഹാവ് എ മുറീ വിത്ത് യുവര്‍ കറി".   ഇന്ത്യാ വിഭജനം മുതല്‍ക്ക് ഇന്ത്യയിലെ ബിയര്‍പ്രേമികള്‍ക്ക് നഷ്ടമായിരുന്ന ആ പുരാതന ബിയര്‍ വലിയ താമസമില്ലാതെ ഇന്ത്യയിലും ലഭിക്കും.വിഭജനം മുറിപ്പെടുത്തിയത് ബിയര്‍ ഉണക്കുമോയെന്ന് കാത്തിരുന്ന് കാണാം.