സമര്‍ താരിക് ഇസ്സാവി എന്ന പലസ്തീനിയന്‍ യുവ ആക്ടിവിസ്റ്റിന്റെ സമരം ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു ; സമരമാര്‍ഗത്തിന്റെ സവിശേഷത കൊണ്ടും അത് ചെയ്യുന്നയാളിന്റെ നിശ്ചയദാര്‍ഡ്യം കൊണ്ടും. അത് 210 ദിവസം കടന്ന നിരാഹാരസമരമാണ്. സമരത്തിന്റെ പശ്ചാത്തലരംഗം ജയിലാണ്. സമരമാകട്ടെ പലസ്തീനിയന്‍ ജനതയുടെ സ്വരാജ്യം എന്ന ആജീവനാന്തസ്വപ്നത്തിനെതിര്‍ നില്‍ക്കുന്ന ഇസ്രായേലിനോടും.
ചരിത്രത്തില്‍ ഇടം പിടിച്ച സമരം
പലസ്തീനിയരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന പോപ്പുലര്‍ ഫ്രന്റ് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ സമര്‍ ഇസ്സാവി എന്ന ജറുസലേം വാസിയായ ആക്ടിവിസ്റ്റ് ഇസ്രായേലിന്റെ തടങ്കലിലാകുന്നത് 2002 ഏപ്രില്‍ പതിനഞ്ചിനായിരുന്നു. 'ഓപ്പറേഷന്‍ ഡിഫന്‍സിവ് ഷീല്‍ഡ്' എന്ന പേരിട്ട് വെസ്റ്റ് ബാങ്കിലെ പട്ടണങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ഇസ്രായേല്‍ നടത്തിയ സൈനിക നീക്കത്തിനിടെ രാമല്ലയില്‍ വെച്ചായിരുന്നു അറസ്റ്റ്. അനധിക്യതമായി ആയുധങ്ങള്‍ കൈവശം വെച്ചതും സായുധഗ്രൂപ്പുകള്‍ ആരംഭിച്ചതുമായിരുന്നു അറസ്റ്റിന്റെ കാരണങ്ങളായി ഇസ്രായേല്‍ പറഞ്ഞത്.
എന്നാല്‍ ഇസ്സാവിയുടെ തടവുശിക്ഷ 10 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം റദ്ദാക്കുകയും 2011 ഒക്ടോബറില്‍ അദ്ദേഹം സ്വതന്ത്രനാക്കപ്പെടുകയും ചെയ്തു. ഗിലാഡ് ഷാലിറ്റ് എന്ന ഇസ്രായേലി സൈനികനെ തടങ്കലില്‍ നിന്ന് വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്ത് മാധ്യസ്ഥം വഹിച്ച ഇസ്രായേല്‍ഹമാസ് അനുരഞ്ജന ചര്‍ച്ചയിലെ തീരുമാനം ആയ 1027 പലസ്തീനിയന്‍ തടവുകാരെ വിട്ടയയ്ക്കുക എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു മോചനം.എന്നാല്‍ ആ കരാറിനെ വെറും പ്രഹസനം ആക്കിക്കൊണ്ട് 2012 ജുലൈ ഏഴിന് വീണ്ടും ഇസ്സാവി അറസ്റ്റു ചെയ്യപ്പെട്ടു. ഇത്തവണത്തെ അറസ്റ്റിന്റെ കാരണം : മുന്‍പത്തെ മോചനത്തിന്റെ പ്രധാനവ്യവസ്ഥയായ ജറുസലേം വിട്ടു പോകാന്‍ പാടില്ല എന്നത് ഇസ്സാവി ലംഘിച്ചു . ഇസ്രായേല്‍ രാഷ്ട്രത്തിന്റെ സുരക്ഷക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ 1948 മുതല്‍ പ്രയോഗിച്ചു വരുന്ന 'അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ ലോ' പ്രകാരമായിരുന്നു അറസ്റ്റ്.
അങ്ങനെ ഇസ്സാവി വീണ്ടും ജയിലഴികള്‍ക്കകത്തായി.എന്നാല്‍ ഇത്തവണ അദ്ദേഹം ഇസ്രായേലിനെതിരെ പുതിയ സമരമുഖം തുറക്കുകയായിരുന്നു 2012 ജുലൈ 29 മുതല്‍. അന്നാണദ്ദേഹം തന്റെ ഭക്ഷണം വെടിഞ്ഞു കൊണ്ടുള്ള സമരം ആരംഭിക്കുന്നത്.
മരണത്തിനും ജീവിതത്തിനുമിടയില്‍
ചരിത്രത്തില്‍ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ നിരാഹാര സമരങ്ങളിലൊന്നായി മാറിയിരിക്കുന്നു ഇസ്സാവിയുടേത്. എങ്ങിനെയാണ് ഇസ്സാവി ഇത്രയും ദിവസം പട്ടിണിസമരം പിന്നിട്ടത് എന്നതിനെക്കുറിച്ച് പുറം ലോകം അജ്ഞമാണ്. ഇക്കാര്യം സംബന്ധമായി യാതൊരു ഔദ്യോഗിക പ്രസ്താവനയും ഇസ്രായേലിന്റേതായില്ല. ഇസ്സാവിയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ വിശ്വാസമനുസരിച്ച് ജയിലധിക്യതര്‍ നിര്‍ബന്ധപൂര്‍വം ഇസ്സാവിയ്ക്ക് ട്യൂബിലൂടെ പോഷകങ്ങള്‍ നല്‍കുകയായിരുന്നു . ഇത്തരത്തില്‍ 200 ദിവസം പിന്നിട്ട സമരം എന്നാല്‍ നാടകീയമായ വഴിത്തിരിവില്‍ എത്തി , കുറച്ച് ദിവസം മുന്‍പ് ഇസ്സാവി കുഴലിലൂടെയുള്ള ഭക്ഷണവും നിരസിച്ചതിലൂടെ. ജലപാനം, ഔഷധം എന്നിവയൊക്കെ വെടിഞ്ഞു കഴിഞ്ഞു ഇസ്സാവി. ആശുപത്രിയില്‍, തന്നെ സന്ദര്‍ശിച്ചവരോട് ഇസ്സാവി പറഞ്ഞത് ഇതായിരുന്നു : 'എന്റെ ആരോഗ്യം പൊടുന്നനെ തകര്‍ച്ചയിലായിരിക്കുന്നു. ഞാന്‍ മരണത്തിനും ജീവനുമിടയില്‍ ചാഞ്ചാടുകയാണ്. '
വൈകുന്ന വിചാരണ
'അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ ലോ' അനുസരിച്ച് ഇസ്സാവിയെ ആറ് മാസം മുന്‍പ് അറസ്റ്റ് ചെയ്‌തെങ്കിലും നാളിതു വരെയും അദ്ദേഹത്തിനെതിരെ ഏതെങ്കിലും കുറ്റം ചുമത്തുകയോ വിചാരണ ആരംഭിക്കുകയോ ഉണ്ടായിട്ടില്ല എന്ന് ഇസ്സാവിയുടെ അനുയായികള്‍ പറയുന്നു. തികച്ചും അന്യായമാണ് ഇസ്സാവിയെ തടങ്കലില്‍ വെച്ചിരിക്കുന്നത് വഴി ഇസ്രായേല്‍ ചെയ്യുന്നത് എന്ന് സാരം. 2011 ല്‍ ഇസ്സാവിക്കൊപ്പം മോചിതരായ ഒട്ടേറെ ആളുകള്‍ പിന്നീട് പല കാരണങ്ങളും ആരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെടുകയായിരുന്നു എന്ന വസ്തുതയും തിരിച്ചറിയേണ്ടതുണ്ട് എന്ന് കരുതുന്നു ഇസ്സാവിയുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍. രാമല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന , തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ 'അഡാമീറി'ന്റെ കണക്കനുസരിച്ച് ഇസ്രായേലി ജയിലുകളില്‍ നിലവില്‍ 4743 പലസ്തീനികളാണ് തടങ്കലിലുള്ളത്.ഇതില്‍ 178 പേരും ഇസ്സാവിയെപ്പോലെ കുറ്റം ചുമത്തലോ വിചാരണയോ ഇല്ലാതെ ജയിലിലില്‍ കിടക്കുന്നു.
210 ദിനം പിന്നിട്ട ഈ സഹന സമരത്തിന്റെ ഏറ്റവും പുതിയ വാര്‍ത്തയായി ലോകം ശ്രവിച്ചത് ഇസ്സാവി ഏതു നിമിഷവും മരണപ്പെട്ടേക്കാം എന്ന കുടുംബാംഗങ്ങളുടെയും സുഹ്യത്തുക്കളുടെയും മുന്നറിയിപ്പാണ്. ഈ വെളിപ്പെടുത്തല്‍ ഇസ്സാവിയുടെ മോചനത്തിനായി പലസ്തീനിലെമ്പാടും പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പലസ്തീനിയന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഇസ്സാവിയുടെ മോചനത്തിനായി പ്രചരണപരിപാടി ആരംഭിച്ചു കഴിഞ്ഞു ഇക്കഴിഞ്ഞ ദിവസം. യു.എന്‍ സെക്രട്ടറി ജനറലിനു ഇതു സംബന്ധമായി കത്തു നല്‍കുകയും ചെയ്തിരിക്കുന്നു അദ്ദേഹം.
എന്നാല്‍ ഇസ്സാവിയുടെ അന്യായത്തടങ്കലും സമരവും പൊതുജനശ്രദ്ധയില്‍ എത്തിച്ചതിനുള്ള ശിക്ഷ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങിയിരിക്കുന്നു ഇസ്രായേല്‍ ഭരണകൂടം. ഇസാവിയുടെ സഹോദരിയെയും സഹോദരനെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു അവര്‍.കൂടാതെ മറ്റ് കുടുംബാംഗങ്ങള്‍ക്കുള്ള ഭീഷണിയായി ഇടയ്ക്കിടയ്ക്കുള്ള ഭവനപരിശോധനകളും.ഇസ്സാവിയുടെ മാതാപിതാക്കളുടെ വീടിനുള്ള ജലവിതരണം നിര്‍ത്തിവെക്കുന്നത് പോലുള്ള നടപടികള്‍ പുറമെയും .അദ്ദേഹത്തിന്റെ ഒരു സഹോദരനായ റാഫത്തിന്റെ വീട് പൂര്‍ണമായി തകര്‍ത്തുകളഞ്ഞു കഴിഞ്ഞ മാസം ഇസ്രായേലി സൈനികര്‍. ജയിലിനു പുറത്തുള്ള ഇസ്സാവിയുടെ ബന്ധുക്കളെയും ഇത്തരത്തില്‍ തടങ്കലിനു തുല്യമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു ഭരണകൂടം.
'അദ്ദേഹത്തിന്റെ തൂക്കം വെറും 47 കിലോ ആയിരിക്കുന്നു. വെറും എല്ലും തൊലിയുമായി മാറിയിരിക്കുന്നു ഇസ്സാവി ; സംസാരിക്കാന്‍ പോലുമാകാതെ തികച്ചും പരിക്ഷീണീതനായി.' ഇക്കഴിഞ്ഞ ഡിസംബറില്‍ കോടതിയിലെ ഹാജരാക്കലിനിടെ ഇസ്സാവിയെക്കണ്ട സഹോദരിയുടെ വാക്കുകള്‍ . ദീര്‍ഘകാലത്തെ പട്ടിണി മൂലം കാഴ്ച്ച ശക്തി കുറഞ്ഞ്, സ്വബോധം ഏറെക്കുറെ നഷ്ടപ്പെട്ട്,എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകാതെ,ശരീരമാസകലം കഠിനവേദനയോടെ സമരം ചെയ്യുകയാണീ മനുഷ്യന്‍ , തന്റെയും തന്റെ സഹജീവികളുടെയും അവകാശങ്ങള്‍ക്കും സ്വരാജ്യം എന്ന സ്വപ്നത്തിന്റെ പൂര്‍ത്തീകരണത്തിനും തന്റെ പങ്ക് നല്‍കിക്കൊണ്ട്.