Wednesday, February 13, 2019

തകേഷി ഉചിയമാഡ : ടൊയോട്ടയുടെ പെരുന്തച്ചന്‍



  ലോകത്തിലെ ഏറ്റവും വലിയ കാര്‍ കമ്പനിയായ ടൊയോട്ടയുടെ പുതിയ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ആയി ഇക്കഴിഞ്ഞ മെയ് മാസം നിയമിതനായ തകേഷി ഉചിയമാഡ തനിക്ക് എന്നും പ്രചോദനം അരുളിയ ഒരു സംഭവത്തെക്കുറിച്ച് സഹപ്രവര്‍ത്തകരോട് പറയാറുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ദിനങ്ങളില്‍ ജപ്പാന്‍ ഒരു ജെറ്റ് ഫൈറ്റര്‍ വിമാനം നിര്‍മ്മിയ്ക്കാന്‍ ശ്രമിച്ചതിന്റെ ഗാഥയാണ്‌ അദ്ദേഹം ഇത്തരത്തില്‍ സ്മരിക്കാറുള്ളത്. അത് 1945 ന്റെ തുടക്കദിനങ്ങളായിരുന്നു. നാസി ജര്‍മ്മനിയുടെ ജെറ്റ് വിമാനമായ എം. 262 ആയിരുന്നു ജപ്പാന്റെ സ്വപ്നമാത്യക.എന്നാല്‍ ബെര്‍ലിനില്‍ നിന്ന് വിമാനത്തിന്റെ ബ്ലൂപ്രിന്റുമായി ടോക്കിയോവിലേക്ക് വരികയായിരുന്ന സബ്മറൈന്‍ ശത്രുക്കളുടെ പിടിയിലകപ്പെട്ടു.എന്നാല്‍ ബ്ലൂപ്രിന്റ് നഷ്ടം ജപ്പാന്റെ ജെറ്റ് സ്വപ്നങ്ങളെ തത്കാലത്തേക്ക് പോലും പരാജയപ്പെടുത്തിയില്ല. ജര്‍മ്മന്‍ ഒറിജിനലിന്റെ ഫോട്ടോകള്‍ മാത്രം വെച്ച് ജപ്പാനീസ് എഞ്ചിനീയറിംഗ് മിടുക്കന്മാര്‍ തങ്ങളുടെ ജെറ്റിന്റെ പണി ആരംഭിച്ചു. ദിവസങ്ങള്‍ക്കു ശേഷം പരിപൂര്‍ണമല്ലെങ്കിലും ഒരു ജെറ്റ് ഫൈറ്റര്‍ വിമാനം അവര്‍ സ്യഷ്ടിച്ചു. ജപ്പാന്റെ കീഴടങ്ങലിനു വെറും ഒരാഴ്ച മാത്രം മുന്‍പായിരുന്നു അത്. ഒറ്റ തവണത്തെ പറക്കലെ സ്വപ്നജെറ്റ് നടത്തിയുള്ളൂ എങ്കിലും ആത്മവിശ്വാസത്തിന്റെയും അര്‍പ്പണബോധത്തിന്റെയും നിദര്‍ശനം തന്നെയാണ്‌ ജെറ്റ് വിമാനക്കഥ. കഥയുടെ കാമ്പ് ആയ 'ശൂന്യതയില്‍ നിന്നുള്ള സ്യഷ്ടി' എന്നത് ഉചിയമാഡയുടെ 43 വര്‍ഷം നീണ്ട പ്രൊഫഷണല്‍ ജീവിതത്തിന്റെയും രത്നച്ചുരുക്കമാണ്‌.

തകേഷി ഉചിയമാഡയുടെ ജീവിതമന്ത്രം 'പിന്മാറാതെ മാറിച്ചിന്തിക്കുക ' എന്നതായിരുന്നു. തന്റെ പ്രഫഷണല്‍ ജീവിതത്തിന്റെ പ്രാരംഭബിന്ദു ആയ , ടൊയോട്ടയുടെ ഏറ്റവും ജനപ്രീതി നേടിയ മോഡലുകളിലൊന്നായ 'പ്രയസ്' എന്ന ഹൈബ്രിഡ് കാറിന്റെ നിര്‍മ്മാണവേള മുതല്‍ സാമ്പത്തിക മാന്ദ്യവും സുനാമിയും തകര്‍ത്തു കളഞ്ഞ കമ്പനിയെ പുനരുജ്ജീവനത്തിന്റെയും പരിഷ്കരണത്തിന്റെയും പാതയിലേക്ക് നയിക്കുന്നതു വരെ എല്ലാ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിജയമന്ത്രം ഇതായിരുന്നു.

പ്രതിഭാശാലിയായ തുടക്കക്കാരന്‍

  ടൊയോട്ട കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേര്‍സ് സ്ഥിതി ചെയ്യുന്ന ടൊയോട്ട സിറ്റിയില്‍ നിന്ന് വളരെ ദൂരെയൊന്നും അല്ലായിരുന്നു ഉചിയമാഡയുടെ ജന്മദേശമായ ഒകാസാക്കി. ഒരു മികച്ച കാര്‍ നിര്‍മ്മാതാവാകുക എന്ന ഉചിയമാഡയെ ബാല്യകാലത്തേ പിടികൂടിയ സ്വപ്നത്തിന്റെ പ്രധാന പ്രചോദനം ടൊയോട്ട ഇതിഹാസമായിരുന്ന പിതാവ് തന്നെയായിരുന്നു. ടൊയോട്ടയുടെ കിരീടത്തിലെ എക്കാലത്തെയും പൊന്‍തൂവല്‍ ആയ സെഡാന്റെ ശില്പി ആയിരുന്നു ഉചിയമാഡയുടെ പിതാവ്. ടൊയോട്ടയിലെ അദ്ദേഹത്തിന്റെ തുടക്കം എളിയ നിലയിലായിരുന്നു. കാറുകളുടെ ശബ്ദം, വൈബ്രേഷന്‍ ,കാര്‍ക്കശ്യം എന്നിവ പരിശോധിക്കുന്ന താരതമ്യേന പ്രാധാന്യം കുറഞ്ഞ വിഭാഗത്തിലാണ്‌ ആദ്യമായി നിയമിതനായത്. തന്നിലെ പ്രതിഭാപ്രസരം കൊണ്ട് കമ്പനിയില്‍ ശ്രദ്ധേയനായ ഉചിയമാഡ 1994 ല്‍ പുത്തന്‍ മോഡല്‍ ആയ പ്രയസിന്റെ നിര്‍മ്മാണച്ചുമതലയിലെത്തി.

പ്രയസ് എന്ന കളരി


അദ്ദേഹത്തിനു കിട്ടിയ നിര്‍ദ്ദേശങ്ങള്‍ പലതും അവ്യക്തമായിരുന്നു : 'ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കായൊരു കാര്‍ നിര്‍മ്മിക്കുക' പോലെയുള്ളവ. താന്‍ ഒരിക്കലും ഒരു ചീഫ് എഞ്ചിനീയര്‍ ആയിരുന്നില്ല എന്ന , മേധാവിയോടുള്ള ഉചിയമാഡയുടെ വാക്കുകള്‍ക്കുള്ള മറുപടി 'അതു കൊണ്ടു തന്നെയാണ്‌ താങ്കള്‍ തെരഞ്ഞടുക്കപ്പെട്ടത്' എന്നായിരുന്നു. ഒരു ഹൈബ്രിഡ് കാര്‍ എന്ന ലക്ഷ്യം തന്നെ അദ്ദേഹത്തിനു നല്‍കുകയുണ്ടായില്ല. എങ്കിലും നിലവില്‍ വിപണിയിലുണ്ടായിരുന്ന സമാന വലുപ്പമുള്ള കാറിനേക്കാള്‍ 50 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത കൂടുതലായുള്ള ഒന്നിന്റെ നിര്‍മ്മാണപദ്ധതി ഉചിയമാഡ വിവരിക്കവെ മേധാവിയുടെ നിര്‍ദ്ദേശം ഹൈബ്രിഡ് കാര്‍ എന്ന ലക്ഷ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു : 'താങ്കളുടേത് അത്ര മികച്ചതൊന്നുമല്ല , വിപണിയിലുള്ള ഏറ്റവും മികച്ചതിനേക്കാള്‍ ഇരട്ടി മികച്ചതാണ്‌ നമുക്ക് വേണ്ടത്.' തുടര്‍ന്ന് ടൊയോട്ട കണ്ടത് ഉചിയമാഡയുടെ തനതായ നിര്‍മ്മാണകലയായ , പിന്നീട് ലോകമെമ്പാടും പ്രശസ്തിയാര്‍ജ്ജിച്ച 'കൈസന്‍' ആണ്‌. അത് തുടര്‍ച്ചയായ കണ്ടുപിടുത്തത്തിന്റെയും മെച്ചപ്പെടുത്തലിന്റെയും കലയാണ്‌. ഉചിയമാഡ എന്ന പുനര്‍ചിന്തകന്‍ അവിടെ ജനിക്കുകയായിരുന്നു.'പുനര്‍ചിന്ത' എന്ന ഉപകരണം ഇല്ലായിരുന്നുവെങ്കില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അദ്ദേഹത്തിനു തികച്ചും പുതിയ ഹൈബ്രിഡ് കാര്‍ ആയ പ്രയസ് നിര്‍മ്മിക്കാനാകില്ലായിരുന്നു. ആയിരം ആളുകളെയാണ് ഉചിയമാഡ പ്രോജക്ടിനായി അണിനിരത്തിയത് എന്നതു തന്നെ അദ്ദേഹത്തിന്റെ സമഗ്രമായ നടപ്പാക്കല്‍ രീതിയുടെ ഉത്തമ ഉദാഹരണമാണ്‌.

പുത്തന്‍ രീതികളുടെ ഉദ്ഘാടകന്‍

പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ എന്‍ഞ്ചിനീയര്‍മാരെയും ഒരു വലിയ മുറിയില്‍ ഒന്നിച്ചിരുത്തി ആശയങ്ങളും ചിന്തകളും പരസ്പരം പറയുകയും‌ പങ്കുവെക്കലുകളില്‍ നിന്നു തന്നെ അന്തിമ ആശയം ഉരുത്തിരിയിക്കുകയും ചെയ്യുന്ന ' ഒബെയ ' എന്ന പുത്തന്‍ രീതിയും ഉചിയമാഡ 'പ്രയസ് ' പദ്ധതിയില്‍ ആവിഷ്കരിച്ചു . തുടര്‍ന്ന് രീതി തന്നെ തുടര്‍ന്നങ്ങോട്ട് പിന്തുടരാന്‍ മേധാവികളെ പ്രേരിപ്പിക്കുമാറ് അത് മികച്ച ഫലങ്ങള്‍ ഉളവാക്കി പ്രയസിന്റെ നിര്‍മ്മാണവേളയില്‍. ലോകത്തെമ്പാടുമുള്ള കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ ഉത്ഭവ,വികസന ഘട്ടങ്ങളിലെല്ലാം ഒബെയ രീതി പകര്‍ത്തി എന്നത് പിന്നീടുള്ള ചരിത്രം. പ്രയസ് അദ്ദേഹത്തിനും ടൊയോട്ട കമ്പനിക്കും നല്‍കിയത് വലിയ നേട്ടങ്ങളായിരുന്നു. പുറത്തിറങ്ങിയ ഉടന്‍ തന്നെ കാര്‍പ്രേമികളുടെ ഇഷ്ടനാമം ആയ പ്രയസ് അതിന്റെ നിര്‍മ്മാണത്തിനു പത്ത് വര്‍ഷത്തിനുള്ളില്‍ ഹൈബ്രിഡ് കാര്‍ എന്ന സങ്കല്പത്തിനു ഒരു പര്യായം ആയിത്തീരുകയും ചെയ്തു. ഉചിയമാഡ തുടങ്ങിവെച്ച ഒറിജിനല്‍ മോഡല്‍ ഇന്ന് മൂന്നാം തലമുറയിലെത്തി നില്‍ക്കുമ്പോള്‍ ടൊയോട്ടയ്ക്ക് ഏറ്റവും വരുമാനം നല്‍കുന്ന കാറുകളുടെ കൂട്ടത്തിലാണിന്ന് പ്രയസ്. ഉചിയമാഡയ്ക്ക് ഉചിതമായ ഒരു വിളിപ്പേരും കാര്‍ സമ്മാനിച്ചു : മിസ്റ്റര്‍ പ്രയസ്.

തിരിഞ്ഞു നോക്കാതെ മുന്നോട്ട്

പിന്നെ ലോകം കണ്ടത് ടൊയോട്ടയില്‍ 'ഉചിയമാഡയുടെത്' എന്നു പറയാവുന്ന യുഗമാണ്‌. പടിപടിയായി തന്റെ കരിയറില്‍ നേട്ടങ്ങള്‍ കൊയ്ത അദ്ദേഹം നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി എവിടെയും അദ്ദേഹം പ്രതീക്ഷകള്‍ക്കുമപ്പുറം കടന്നു ചെന്നു : 2008 ല്‍ ജപ്പാനിലെ ഒന്നാമനായ ടൊയോട്ടയെ ലോകത്തിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മ്മാതാവാക്കി മാറ്റി , ഉത്തുംഗതയിലെത്തിച്ചു. ടൊയോട്ടയുടെ ചരിത്രത്തിലെ ഏറ്റവും കടുത്ത പരീക്ഷണകാലമായ ആഗോളസാമ്പത്തികമാന്ദ്യവും സുനാമിയും വരുത്തിത്തീര്‍ത്ത പ്രതിസന്ധിയുടെ ഘട്ടത്തില്‍ കമ്പനിയെ കൈപിടിച്ചുയര്‍ത്തുക എന്ന ഉദ്യമം ആയിരുന്നു 2008 ല്‍ ആഗോള ഉത്പാദനത്തിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡണ്ട് എന്ന നിലയില്‍ അദ്ദേഹം ഏറ്റെടുത്തത്. പ്രതിസന്ധികള്‍ -സാമ്പത്തിക പ്രതിസന്ധിയില്‍ തുടങ്ങി വിനാശകാരിയായ സുനാമിയില്‍ എത്തി നിന്നു അവ-ഒന്നിനു പുറകെ ഒന്നായി കടന്നു വരുമ്പോഴും ടൊയോട്ടയെ തിരിച്ചെത്തിക്കാന്‍ കഴിയും എന്ന ശുഭപ്രതീക്ഷ ഒരിക്കലും ഉചിയമാഡ കൈവിട്ടിരുന്നില്ല. സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടു വന്നു നിര്‍മ്മാണരീതിയില്‍ അദ്ദേഹം . ഗുണനിലവാര പരിശോധന എന്ന ഏറ്റവും പ്രധാന മേഖലയിലേക്ക് 100 മികച്ച എഞ്ചിനീയര്‍മാരെ പ്രത്യേകമായി നിയോഗിച്ചു. പൂര്‍ണത കൈവരിക്കാനായി പുതിയ മോഡലുകളുടെ പൂര്‍ത്തിയാക്കലിനു നാല്‌ ആഴ്ച്ചത്തെ സമയം നീട്ടിനല്‍കി. എഞ്ചിനീയറിംഗ് ടീമിലേക്ക് കൂടുതല്‍ അമേരിക്കന്‍ ചീഫ് എഞ്ചിനീയര്‍മാരെ നിയമിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സമയത്തു തന്നെ കണ്ടെത്തി പരിഹരിക്കാനായി ദ്രുതകര്‍മ്മ സംഘങ്ങളെയും നിയോഗിച്ചു. ടൊയോട്ട സിറ്റിയിലെ പ്രധാന ഉത്പാദനകേന്ദ്രവും ലോകമെമ്പാടും ഉള്ള മറ്റ് കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധവും വിനിമയവും കൂടുതല്‍ ശക്തിയുള്ളതും ഫലപ്രദവുമാക്കി മാറ്റി.ഉചിയമാഡയുടെ കഠിനപ്രയത്നത്തിനു തികച്ചും അര്‍ഹിക്കുന്ന ഫലം തന്നെയാണ്‌ കിട്ടിയത്. പ്രതിസന്ധി ആരംഭിച്ച് രണ്ട് വര്‍ഷത്തിനു ശേഷം ടൊയോട്ട ഒരിക്കല്‍ നഷ്ടപ്പെട്ട ലോകജേതാവിന്റെ കിരീടം വീണ്ടുമണിഞ്ഞു. പിന്നെയും ടൊയോട്ട യുഗവും 'ടൊയോട്ട രീതി'യും മടങ്ങിവന്നു.

പുതിയ സ്ഥാനം നല്‍കുന്ന പ്രതീക്ഷകള്‍
ടൊയോട്ടയുടെ വൈസ് ചെയര്‍മാന്‍ എന്ന ഉത്തുംഗസ്ഥാനത്തെത്തി നില്‍ക്കുന്ന മാനേജ്മെന്റ് ഗുരു തന്റെ പുത്തന്‍ പദ്ധതികളുടെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിട്ടെക്ചര്‍ എന്ന പുതിയ ഗവേഷണ, ഉത്പാദന രീതിയാണ്‌ ഉചിയമാഡ ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നത്. പണ്ട് പ്രയസിന്റെ കളരിയില്‍ 'ഒബെയ' എന്ന പുത്തന്‍ രീതി പരീക്ഷിച്ച സമയത്തെ അതെ ഊര്‍ജ്ജം തന്നെ‌ ഇന്നും അദ്ദേഹം പ്രസരിപ്പിക്കുന്നു .

ഒത്തുതീര്‍പ്പില്ലാത്ത പ്രതിഭ
ജപ്പാനിലെയും , അതു വഴി മുഴുവന്‍ ലോകത്തെയും കാര്‍ നിര്‍മ്മാണരംഗത്തെ വിപ്ലവകരമായി മാറ്റിത്തീര്‍ത്ത പ്രതിഭാശാലിയില്‍ നിന്ന് ഒട്ടേറെ പഠിക്കാനുണ്ട് വളര്‍ച്ച കൊതിക്കുന്ന ഓരോ ആള്‍ക്കും. ഉപയോക്താക്കളുടെ മാറി വരുന്ന അഭിരുചികള്‍ തക്ക സമയത്ത് തന്നെ തിരിച്ചറിയാനും അതിനനുസരിച്ച് പുത്തന്‍ ഉത്പന്നങ്ങള്‍ ആവിഷ്കരിക്കാനുമുള്ള സഹജമായ ഉള്‍പ്രേരണയുണ്ടായിരുന്നു അദ്ദേഹത്തിന്‌. വിട്ടുവീഴ്ച്ചയോ ഒത്തുതീര്‍പ്പോ തന്റെ ജോലിയില്‍ അദ്ദേഹത്തിന് ഒരിക്കലും സ്വീകാര്യമായിരുന്നില്ല. പ്രതിസന്ധികളില്‍ അദ്ദേഹം കണ്ടെത്തുന്ന ലക്ഷണമൊത്ത പ്രതിവിധികള്‍ പലപ്പോഴും പ്രതീക്ഷകളെ അതിലംഘിക്കുന്നതായിരിക്കും. രണ്ടിലൊന്ന് തെരഞ്ഞെടുക്കുക എന്ന രീതിയിലുള്ള അന്തിമഘട്ടം ഒരിക്കലും അദ്ദേഹം സ്യഷ്ടിക്കില്ല. മനസ്സില്‍ കണ്ട ഉത്പന്നം തന്നെ ഉചിയമാഡ ഒടുവില്‍ നേടും . ഗുണങ്ങളൊക്കെത്തന്നെയാണ്‌ അദ്ദേഹത്തെ കാറിന്റെ പെരുന്തച്ചനാക്കിയതും. പ്രതിഭാശാലിയുടെ കരസ്പര്‍ശം ടൊയോട്ട എന്ന ബ്രാന്റിനൊപ്പം ഒരു 'ടൊയോട്ട രീതി ' തന്നെ മാനേജ്മെന്റ് രംഗത്ത് കൊണ്ടുവന്നു.















Sunday, February 10, 2019

സംഗീതം ഇന്ത്യൻ ജനകീയ സിനിമയെ രൂപപ്പെടുത്തിയ വിധം



            ഇന്ത്യൻ സിനിമയുടെ ഈ നൂറാം വാർഷിക വേളയിൽ  സംഗീതം എന്തൊക്കെ
സ്വാധീനങ്ങൾ ഇന്ത്യൻ സിനിമയിൽ ഉണ്ടാക്കി, അത് എങ്ങിനെ ഈ നൂറ് വർഷവും
ഇന്ത്യൻ സിനിമയെ ജനകീയമാക്കി നിർത്താൻ സഹായിച്ചു എന്നീ അന്വേഷണങ്ങൾ
ആണിവിടെ നടത്തുന്നത്.

       ഇന്ത്യൻ സിനിമ ശബ്ദിച്ചു തുടങ്ങിയത് മുതൽക്കു തന്നെ അതിൽ
സംഗീതത്തിന്റെ സാന്നിദ്ധ്യം  പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യ ശബ്ദചിത്രമായ
‘ആലം ആരയിൽ ഏഴ് ഗാനങ്ങളുണ്ടായിരുന്നു. 1931 ൽ തന്നെ പുറത്തിറങ്ങിയ
ജാംഷെഡ്ജി മദന്റെ ‘ഷിറീൻ ഫർഹാദ്’ എന്ന സിനിമയിൽ 42 പാട്ടുകൾ
ആണുണ്ടായിരുന്നത്.1934 ലാണ് സിനിമാഗാനങ്ങളുടെ ഗ്രാമഫോൺ റിക്കോർഡുകൾ
സ്യഷ്ടിക്കപ്പെട്ടതും റേഡിയോ വഴി പ്രക്ഷേപണം നടത്തുകയും ചെയ്തത്. അന്ന്
വരെ അത്രയൊന്നും ജനപ്രീതി നേടിയിട്ടില്ലായിരുന്ന സിനിമ എന്ന
നവമാധ്യമത്തിലേക്ക് ജനശ്രദ്ധ പതിയുന്നതിനും പ്രദർശനശാലകൾ നിറയുന്നതിനും
ആദ്യ ബോക്സാഫീസ് ഹിറ്റുകൾ പിറവി കൊള്ളുന്നതിനും പ്രധാന കാരണങ്ങളിലൊന്നായി
മാറി അങ്ങനെ സംഗീതം. ഇന്ത്യൻ സിനിമയുടെ വികാസപരിണാമങ്ങളുടെ വിവിധ
ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഏതൊരാൾക്കും ബോധ്യമാകും സംഗീതം എങ്ങനെ
ഇന്ത്യൻ സിനിമയെ ഒരു ജനപ്രിയകലാരൂപം ആയി പരുവപ്പെടുത്തി എന്ന്. ഇന്ത്യ
എന്ന ദേശരാഷ്ട്രത്തിന്റെ അതിരുകൾ ലംഘിച്ച്  ഉപഭൂഖണ്ഡവും കടന്ന് തെക്കൻ
ഏഷ്യയുടെ തന്നെ സാംസ്കാരിക ചിഹ്നങ്ങളിൽ ഒന്നായി മാറിയ അത് ഇന്ത്യൻ
സിനിമയ്ക്ക് നൽകിയത് പുതിയ അർത്ഥതലങ്ങളാണ്. ഏഷ്യൻ ഭൂഖണ്ഡത്തിന്റെ അതിരുകൾ
ഭേദിച്ച ഇന്ത്യൻ സിനിമാ സംഗീതത്തിനു ഇന്ന്  ആഫ്രിക്ക,മുൻ സോവിയറ്റ്
യൂണിയൻ രാജ്യങ്ങൾ,പാശ്ചാത്യലോകം എന്നിവിടങ്ങളിലും ജനപ്രീതിയുണ്ട് .
ഇന്ത്യയ്ക്ക് പുറത്ത്  അറിയപ്പെടുന്ന , ഇന്ത്യൻ ജനകീയ സംസ്കാരത്തിന്റെ
സവിശേഷതകളിൽ മുഖ്യമായതും  സിനിമാ സംഗീതം തന്നെയാണ്.  ഇന്ത്യയിലെ
രാഷ്ട്രീയക്കാരെ വെറുക്കുന്ന പാകിസ്ഥാനിലെ സാധാരണക്കാർ ഇന്ത്യക്കാർ
തന്നെയായ  മുഹമ്മദ് റഫിയെയും ലതയെയും ഇഷ്ടപ്പെടുന്നു.


  സംഗീതം കടന്നു വരുന്നു
       ശബ്ദം കടന്നു വന്ന 1931 നു രണ്ട് ദശകം മുൻപേ ഇന്ത്യൻ സിനിമ ഉരുവം
കൊണ്ടിരുന്നെങ്കിലും അതിന്റെ ജനപ്രീതി ഗണനീയം ആയിരുന്നില്ല.ശബ്ദത്തിന്റെ
വരവ് സംഗീതത്തിന്റെ ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള
തിരിച്ചറിവ് നൽകി ചലച്ചിത്രനിർമ്മാതാക്കൾക്ക്. മെലോഡ്രാമയ്ക്ക് നല്ല
സ്ഥാനമുണ്ടായിരുന്ന സിനിമാക്കഥകളിൽ വൈകാരിക മുഹൂർത്തങ്ങൾക്ക് കൂടുതൽ
‘ഇഫക്ട്’ പകരാനുള്ള സംഗീതത്തിന്റെ സാധ്യത അവർ മുതലെടുക്കുകയായിരുന്നു.
സന്തോഷത്തിനും സന്താപത്തിനും അതിവൈകാരികത പകരാൻ അത് ഒരേ പോലെ
ഉപയോഗിക്കപ്പെട്ടു.ന്യത്തവും സംഗീതവും മുഖ്യഘടകമായിരുന്ന നാടകത്തിൽ
നിന്ന് അവയൊക്കെ സിനിമയിലേക്കും ചേക്കേറി. പാട്ടുപാടുന്ന നായികാനായകന്മാർ
മുഖ്യഘടകം ആയ ഭാരതീയ പ്രണയവും വിരഹവും ആവിഷ്കരിക്കപ്പെട്ട  സിനിമ പാട്ട്
നിറഞ്ഞതായതിൽ തെല്ലും അത്ഭുതപ്പെടേണ്ടതില്ല.

   ഇന്ത്യൻ സിനിമയുടെ നിശ്ശബ്ദ സിനിമയുടെ കാലം മുതൽക്ക് തന്നെ  സിനിമാ
വ്യവസായത്തെ നിയന്ത്രിച്ചിരുന്ന പ്രൊഡക്ഷൻ സ്റ്റുഡിയോകൾ പുതിയ
സംഗീതത്തിന്റെ പുതിയ സാധ്യതകൾ തിരിച്ചറിഞ്ഞ് സംഗീതജ്ഞരേയും ഗായകരേയും
നിയമിക്കാനും തങ്ങളുടെ സിനിമകളിൽ ഗാനങ്ങൾ   ചേർക്കാനും തുടങ്ങി. അർദേശിർ
ഇറാനിയും ആർ.എസ് ചൌധരിയും ചേർന്നാരംഭിച്ച ‘ഇമ്പീരിയൽ
സ്റ്റുഡിയോ‘,കൽക്കട്ടയിലെ ‘ന്യൂ  തീയേറ്റർ‘, ശാന്താറാമും മാസ്റ്റർ
വിനായകും ജീവൻ പകർന്ന ‘പ്രഭാത് ഫിലിംസ്‘,ഹോമി വാഡിയയുടെ ‘വാഡിയ മൂവിടോൺ‘,
എന്നിവയൊക്കെ തങ്ങളുടെ സിനിമകളിൽ സംഗീതത്തെ നന്നായി ഉപയോഗിച്ചു. മദിരാശി
കേന്ദ്രമാക്കി തെക്കേ ഇന്ത്യയിലും രൂപപ്പെട്ടു വന്നിരുന്ന തെന്നിന്ത്യൻ
സിനിമയുടെയും രീതികൾ ഇതിനു സമാനമായിരുന്നു.

ആദ്യകാലപ്രവണതകൾ

        മുപ്പതുകൾ മുതൽക്കാരംഭിച്ച ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ ആദ്യകാല
പ്രവണതകളെ ഇങ്ങനെ ചുരുക്കിപ്പറയാം : ഇന്ത്യൻ സംഗീതത്തിന്റെ ക്ലാസിക്കലും
നാടോടിയും ആയ പ്രവണതകളെ സ്വാംശീകരിക്കുന്ന സംഗീതാവതരണരീതികൾ,നാടകരംഗത്തു
നിന്നോ ‘ഖരാന’കളിൽ നിന്നോ വന്ന ഗായകർ, ഇനിയും ‘സിനിമാറ്റിക്’
ആയിത്തീർന്നിട്ടില്ലാത്ത ആലാപന ശൈലികൾ. 1933 ൽ കൽക്കത്തയിലെ ന്യൂ
തീയേറ്റർ പിന്നണി സംഗീതം പരീക്ഷിച്ചിരുന്നു എങ്കിലും പിന്നെയും കുറച്ച്
വർഷങ്ങൾ വേണ്ടി വന്നു അതിന് പ്രചാരം ലഭിയ്ക്കാൻ. മിക്കപ്പോഴും ഗായകൻ
കൂടിയായ നായകൻ അഭിനയത്തോടൊപ്പം ഗാനാലാപനവും നടത്തി. സംഗീതസംവിധാനം എന്നത്
ആരംഭിച്ചിരുന്നില്ല. ഭാഗവതന്മാരും ഉസ്താദുമാരും നിറഞ്ഞു നിന്ന
സംഗീതവിഭാഗം.

സംഗീതസംവിധായകന്റെ വരവ്

      ബോംബെയിലെ സാഗർ മൂവിടോൺ എന്ന ചലച്ചിത്രസ്റ്റുഡിയോയിലേക്ക് കടന്ന്
വന്ന ആ ഇരുപതുകാരൻ ബംഗാളിപ്പയ്യന്റെ പേര് അനിൽ ബിശ്വാസ് എന്നായിരുന്നു.
മികച്ച തബല വാദകനായിരുന്ന അനിൽ ബിശ്വാസിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ
സ്റ്റുഡിയോ സംഗീതവിഭാഗത്തിന്റെ തലവൻ അശോക് ഘോഷ് ആണ് ഒരു ഗാനത്തിന്
സമ്പൂർണ ഓർക്കസ്ട്രയുടെ പിന്നണി ഒരുക്കുന്നതിനായുള്ള എല്ലാ സ്വാതന്ത്യവും
അനിൽ ബിശ്വാസിനു നൽകിയത്.  ഇന്ത്യൻ സിനിമാസംഗീതചരിത്രത്തിലെ
നാഴികക്കല്ലായി മാറി ഈ സംഭവം. നാടകവേദികളിൽ നിന്ന് കടന്നു വന്ന്
സിനിമയുടെ സംഗീത വിഭാഗത്തിൽ ഇരിപ്പുറപ്പിച്ച സംഗീത വിദ്വാന്മാരെ പടിക്കു
പുറത്താക്കിയ ഈ മാറ്റം  ഇന്ത്യൻ സിനിമാസംഗീതത്തിന്റെ വളർച്ചയുടെ തുടക്കം
കുറിക്കുകയായിരുന്നു. ഈ അർത്ഥത്തിൽ, ആദ്യത്തെ ഇന്ത്യൻ ചലച്ചിത്രസംഗീത
സംവിധായകൻ എന്ന പട്ടത്തിന് യോഗ്യൻ അനിൽ ബിശ്വാസ് ആണെന്ന് പല
സിനിമാചരിത്രകാരന്മാരും  കരുതുന്നു.

ആദ്യകാല ഹിറ്റുകൾ

    സിനിമയുടെ അവിഭാജ്യഘടകമായി തീർന്ന സംഗീതം  അതിന്റെ
വിജയപരാജയങ്ങൾക്കുള്ള മുഖ്യകാരണമായി മാറി മുപ്പതുകളുടെ മധ്യത്തോടെ.
ബോക്സോഫീസ് ഹിറ്റ് ആയ ‘അച്യുത്കന്യ’ യിലേതാണ് ഇന്ത്യയൊട്ടാകെ ഹിറ്റായി
മാറിയ ആദ്യഗാനങ്ങൾ. സാഗർ മൂവിടോണിന്റെ സിനിമകളിലെ ഗാനങ്ങളും ഹിറ്റായി
മാറി.  കെ.എൽ സൈഗാൾ ,പങ്കജ് മല്ലിക്, കെ.സി.ഡേ,ശാന്താ ആപ്തെ തുടങ്ങിയ
ഗായകസൂപ്പർസ്റ്റാറുകളുടെ ആവിർഭാവത്തിനും സാക്ഷ്യം വഹിച്ചു ആ കാലഘട്ടം.
മുപ്പതുകളുടെ അവസാനമായപ്പോഴേക്കും മറ്റ് ചില പേരുകൾ കൂടി ജനങ്ങളുടെ
മനസ്സിൽ പ്രതിഷ്ഠ നേടാൻ തുടങ്ങി :ഗോവിന്ദറാവു
ടെംബെ,ദേവികാറാണി,സുരേന്ദ്ര, അശോക് കുമാർ, നൂർജഹാൻ,ഗുലാം ഹൈദർ…………ഇന്ത്യൻ
സിനിമാസംഗീതത്തിന്റെ സുവർണകാലം അങ്ങനെ കൊടിയേറുകയായിരുന്നു. ഇന്ത്യൻ
സംസ്കാരത്തിന്റെ എല്ലാ മുദ്രകളും ചേക്കേറിയതു പോലെ ഇന്ത്യൻ സംഗീതത്തിന്റെ
എല്ലാ ചിഹ്നങ്ങളും  സിനിമാ സംഗീതത്തിലേക്കും കടന്നുവന്നു.
കർണാടക,ഹിന്ദുസ്ഥാനി സംഗീതധാരകളും നാടോടി സംഗീതത്തിന്റെ സമ്പുഷ്ടമായ
അംശങ്ങളും ചലച്ചിത്രസംഗീതത്തിനു മാറ്റുകൂട്ടി. ഇതൊക്കെ ഒരേ പോലെ
ബോളിവുഡ്,തെന്നിന്ത്യൻ , മറ്റ് പ്രാദേശിക ഭാഷാ സിനിമകളിലും അരങ്ങേറി.

സുവർണകാലത്തിലേക്ക്

       നാൽപ്പതുകൾ സിനിമാ നിർമ്മാണരംഗം  പല ഘടനാപരമായ മാറ്റങ്ങൾക്കും
സാക്ഷ്യം വഹിച്ച ഒന്നായിരുന്നു. മാറ്റങ്ങൾ സംഗീതവിഭാഗത്തിലും വന്നു. അതു
വരെ സംഗീതജ്ഞരും ഗായകരും സ്റ്റുഡിയോകളിലെ സ്ഥിരം ജോലിക്കാരായിരുന്ന പതിവ്
അവസാനിച്ചു. മുതിർന്നവരും യുവാക്കളും പ്രശ്സ്തരും പുതുമുഖങ്ങളും ഒരു പോലെ
സ്റ്റുഡിയോകളിലേക്ക് പ്രവേശിച്ചു. പുതിയ സംഗീതസംവിധായകരും ഗായകരും
കടന്നുവന്നു. ഈ ഘട്ടത്തിൽ ഒട്ടേറെ പുതിയ സ്റ്റുഡിയോകൾ
ആവിർഭവിച്ചു.അത്തരത്തിലൊരു പുത്തൻ സ്റ്റുഡിയോയുടെ ഉടമസ്ഥനായിരുന്ന അബ്ദുൾ
റഷീദ് കർദാർ, നൌഷാദ് അലി എന്ന യുവാവിനെ സംഗീതസംവിധായകൻ എന്ന നിലയിലേക്ക്
ഉയർത്തിക്കൊണ്ട് വന്നു. പ്രതിഭാശാലിയായ ഈ യുവാവ് ഇന്ത്യൻ സിനിമാസംഗീതത്തെ
വലിയ മാറ്റങ്ങൾക്ക് വിധേയമാക്കി.അതേ വരെയുള്ള സംഗീതത്തിൽ നിന്ന് തികച്ചും
വിഭിന്നമായ ശൈലി,പുതിയ ഗായകർ,ആലാപനരീതികൾ എല്ലാം
തുടങ്ങുകയായിരുന്നു.പിന്നീട് കടന്നുവന്നവർ ഇന്ത്യൻ മനസ്സിൽ നിന്ന്
പിന്നൊരിക്കലും ഒഴിഞ്ഞു പോകാതെയിരുന്നു : ഗായകരിൽ മുഹമ്മദ് റഫി,ലത,കിഷോർ
കുമാർ,സൌന്ദർരാജൻ,യേശുദാസ്……സംഗീത സംവിധായകരിൽ ശങ്കർ ജയ്കിഷൻ,മദൻ
മോഹൻ,ഒ.പി.നയ്യാർ,ദേവരാജൻ,എം.എസ്.വിശ്വനാഥൻ…….

ഇനിയും തീരാത്ത പാട്ടുകൾ

   നൂറ് വർഷത്തെ ഇന്ത്യൻ സിനിമ എന്തൊക്കെ മാറ്റങ്ങൾക്ക്
വിധേയമായിട്ടുണ്ടെങ്കിലും തുടക്കം മുതൽക്കിങ്ങോട്ട് തെല്ലും
മാറ്റമില്ലാതെ തുടരുന്ന ഘടങ്ങളിൽ പ്രധാനപ്പെട്ടത് സംഗീതത്തിന്റെ
സ്വാധീനമാണ്.’ആലം ആര’ മുതൽ തുടങ്ങിയ പാട്ടുകളുടെ സാന്നിദ്ധ്യം ഇന്നും
ഇന്ത്യൻ സിനിമയിലുണ്ട്.സിനിമയുടെ വരുമാനത്തിൽ ഇന്നും ഗണ്യമായ ഒരു പങ്ക്
നൽകുന്നത് സംഗീതം തന്നെയാണ്.ഒരു ടിപ്പിക്കൽ ഇന്ത്യൻ സിനിമ അതിന്റെ
രണ്ടരമണിക്കൂർ ദൈർഘ്യമുള്ള കഥാഗതിയിൽ ഇന്നും അഞ്ചോ ആറോ പാട്ടുകൾക്കുള്ള
സാധ്യത തിരയുന്നു.സംഗീതരീതികളിലും ആലാപനശൈലികളിലും കാലങ്ങളിലൂടെ വലിയ
മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അന്നും ഇന്നും ഇന്ത്യൻ കാണിയെ
സിനിമയിലേക്കടുപ്പിച്ചത് സംഗീതം തന്നെയാണ്. അത് കൊണ്ടു തന്നെയാണ്
പാട്ടിനോട് പാട്ടിനു പോകാൻ പറയാൻ ഇന്നും ഇന്ത്യൻ സിനിമാസ്വാദകന്
സാധിക്കാത്തതും.