Thursday, December 6, 2012

സ്മാര്‍ട്ട്‌ഫോണ്‍: പേറ്റന്റ് പോരാട്ടത്തിന്റെ പുത്തന്‍ മുഖം

സ്മാര്‍ട്ട്‌ഫോണ്‍: പേറ്റന്റ് പോരാട്ടത്തിന്റെ പുത്തന്‍ മുഖം


ജാഫര്‍ എസ്. പുല്‍പ്പള്ളി


കണ്ടുപിടിത്തങ്ങളുടെ പേരില്‍ പേറ്റന്റ് തര്‍ക്കങ്ങള്‍ വ്യവസായികലോകത്ത് പുതുമയല്ല. എന്നാല്‍, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് നടക്കുന്ന പേറ്റന്റ് യുദ്ധം പുത്തന്‍ മാനങ്ങള്‍ ഉള്ളതാണ്. വളഞ്ഞിരിക്കുന്ന മൂലയുടെയും ചതുരാകൃതിയുടേയുമൊക്കെ പേരില്‍, ജുഗുപ്‌സാവഹമായ തലത്തിലേക്ക് എത്തുന്ന അവകാശവാദങ്ങളാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഉയര്‍ത്തുന്നത്


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പേറ്റന്റ് യുദ്ധങ്ങള്‍ വ്യാവസായിക ലോകത്ത് ആരംഭിച്ചതെങ്കിലും, ബൗദ്ധികസ്വത്തവകാശം എന്ന ആശയം അടിസ്ഥാനമായുള്ള തര്‍ക്കങ്ങളുടെ വേരുകള്‍ ആരംഭിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ആധുനികരീതിയിലുള്ള പേറ്റന്റ് നിയമങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു. പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ കച്ചവടമുള്ള സ്മാര്‍ട്ട്‌ഫോണ്‍ രംഗം ഇന്ന് പുതിയ പോര്‍ക്കളമായി മാറ്റുമ്പോള്‍ പേറ്റന്റ് യുദ്ധങ്ങള്‍ക്ക് പുത്തന്‍ മാനം കൈവരികയാണ്.

കാല്‍ക്കുലസ് അഥവാ കലിതത്തിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ഐസക് ന്യൂട്ടണും, ഗോട്ട് െ്രെഫഡ് വില്‍ഹെം ലീബ്‌നീസും തമ്മിലുണ്ടായ തര്‍ക്കമാണ് ഇത്തരത്തിലുള്ള ആദ്യത്തെ പ്രശസ്തമായ സംഭവം. 1684 ലും 1686 ലും കാല്‍ക്കുലസുമായി ബന്ധപ്പെട്ട് രണ്ട് പ്രബന്ധങ്ങള്‍ പുറത്തിറക്കിയ ലീബ്‌നീസ്, താനാണ് കാല്‍ക്കുലസ് കണ്ടുപിടിച്ചതെന്ന ഐസക് ന്യൂട്ടന്റെ 1704 ലെ അവകാശവാദത്തെ ചോദ്യംചെയ്തു.

ന്യൂട്ടണും ലീബ്‌നീസും- കാല്‍ക്കുലസിന്റെ പേരില്‍ കലഹം

എന്നാല്‍, ന്യൂട്ടണ്‍ പറഞ്ഞത് 1665 ല്‍ തന്നെ താനത് കണ്ടുപിടിച്ചിരുന്നു എന്നാണ്. എന്തായാലും ആ തര്‍ക്കം പരിഹരിക്കപ്പെടുകയുണ്ടായില്ല, 1716 ല്‍ ലീബ്‌നിസ് അന്തരിക്കുമ്പോള്‍ പോലും. ചരിത്രകാരന്മാര്‍ കരുതുന്നത് രണ്ടു പ്രതിഭകളും സ്വന്തംനിലയ്ക്ക് കാല്‍ക്കുലസ് കണ്ടുപിടിക്കുകയായിരുന്നു എന്നാണ്.

പേറ്റന്റ് എന്നാല്‍

ഏതെങ്കിലുമൊരു കണ്ടുപിടുത്തത്തിന്റെ ഉടമക്ക് ഒരു നിശ്ചിതകാലത്തേക്ക് ആ ഉത്പന്നം നിര്‍മിക്കാനും ഉപയോഗിക്കാനും വില്‍ക്കാനും ഭരണകൂടം നല്‍കുന്ന കുത്തകാവകാശമാണ് പേറ്റന്റ്. പേറ്റന്റ് ചെയ്യപ്പെട്ട ഒരു കണ്ടുപിടുത്തമുപയോഗിച്ച് മറ്റൊരാള്‍ അതിന്റെ ഉടമയുടെ അനുവാദമില്ലാതെ ഉത്പന്നങ്ങള്‍ നിര്‍മിക്കന്നതും, അവ വില്‍ക്കുന്നതും, സ്വന്തമാക്കി വെക്കുന്നതും നിഷിദ്ധമാണ്. ഏതങ്കിലുമൊരു മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ യോജിച്ചതായിരിക്കണം പേറ്റന്റ് അവകാശത്തിന് അപേക്ഷിക്കുന്ന കണ്ടുപിടുത്തം.

തന്റെ കണ്ടുപിടുത്തം അന്യര്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉടമക്ക് അവകാശം നല്‍കുന്നതാണ് പേറ്റന്റ്. ഒരിക്കല്‍ നിര്‍മാണാവകാശം നല്‍കിയ കണ്ടുപിടുത്തമോ സങ്കേതമോ അതേ രൂപത്തില്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് സാരം. അതിനാല്‍ പുതിയ കണ്ടുപിടുത്തങ്ങളും ഉല്പാദനരീതികളും വികസിപ്പിക്കേണ്ടത് അനിവാര്യമാകുന്നു. അതിന് മുതല്‍ മുടക്ക് വേണ്ടിവരുന്നു. മെച്ചപ്പെട്ട കണ്ടുപിടിത്തം അതുവഴിയുണ്ടാകുന്നു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഉത്പന്നം ലഭിക്കാനും അങ്ങനെ അവസരമുണ്ടാകുന്നു.

ഇതാണ് പേറ്റന്റിന്റെ പ്രധാനപ്പെട്ട ഗുണം. എന്നിരിക്കലും, നിത്യോപയോഗ വസ്തുക്കള്‍ പോലും നിര്‍മ്മാണാവകാശം കാരണം കുത്തകവല്‍കരിക്കപ്പെടുന്നതാണ് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദോഷം. അവിരാമം തുടരുന്ന തര്‍ക്കങ്ങളും ഇതിന്റെ ഉപോത്പന്നമാണ്.

തര്‍ക്കങ്ങളുടെ ചരിത്രം

തയ്യല്‍ മെഷീന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ഏലിയാസ് ഹോ, ഐസക് മെരിറ്റ് സിംഗര്‍ എന്നിവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രസിദ്ധിയാര്‍ജിച്ച പേറ്റന്റ് തര്‍ക്കം. ഏലിയാസ് ഹോ ആണ് 1850 ല്‍ തയ്യല്‍ മെഷീന്‍ രൂപകല്‍പ്പന ചെയ്തത്. അതുപക്ഷേ, ഉപയോഗക്ഷമമോ വ്യവസായികമായി വില്‍ക്കാന്‍ കഴിയുന്നതോ ആയിരുന്നില്ല. എങ്കിലും, ഏലിയാസ് ഹോ അതിന് പേറ്റന്റ് നേടി.

1846 ല്‍ ഏലിയാസ് ഹോ വികസിപ്പിച്ച തയ്യല്‍മെഷീന്‍


അതേസമയം, ആ മെഷീനെ മാറ്റം വരുത്തി സ്വതന്ത്രമായി മറ്റൊരു തയ്യല്‍ മെഷീന്‍ ഉണ്ടാക്കുകയാണ് സിംഗര്‍ ചെയ്തത്. അദ്ദേഹമത് പേറ്റന്റ് ചെയ്തില്ല. അങ്ങനെയാണ് തര്‍ക്കമായി. ആധുനികകാലത്തെ പേറ്റന്റ് പോരാട്ടങ്ങളുമായി സാമ്യമുള്ള ഈ തര്‍ക്കം ഒടുവില്‍ ഐസക് സിംഗര്‍ 15000 ഡോളര്‍ ഏലിയാസ് ഹോയ്ക്ക് നല്‍കുക വഴി അവസാനിച്ചു.

റൈറ്റ് സഹോദരന്‍മാര്‍ - ഓര്‍വില്ലി റൈറ്റ്, വില്‍ബര്‍ റൈറ്റ്
മറ്റൊരു പ്രശസ്തമായ സംഭവം, വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാര്‍ തങ്ങളുടെ പേറ്റന്റ് സംരക്ഷിക്കാന്‍ നടത്തിയതാണ്. 1906 ല്‍ വിമാനം രൂപകല്‍പ്പന ചെയ്ത റൈറ്റ് സഹോദരന്മാര്‍ അതിന്റെ ഡിസൈന്‍ ഏരിയല്‍ എക്‌സ്‌പെരിമെന്റ് അസോസിയേഷന്‍ അംഗമായ തോമസ് സെല്‍ഫ്രിഡ്ജിനെ കാണിച്ചു. തുടര്‍ന്ന് ഏരിയല്‍ എക്‌സ്‌പെരിമെന്റ് അസോസിയേഷന്‍ കുറേ വിമാനമോഡലുകള്‍ നിര്‍മിച്ച് പരീക്ഷിച്ചു.

ഗ്ലെന്‍ കര്‍ട്ടിസ് എന്ന പൈലറ്റ് റൈറ്റ് സഹോദരന്മാരുടെ ഡിസൈന്‍ ആസ്പദമാക്കി സ്വന്തമായി വിമാനം നിര്‍മ്മിക്കുകയും അത് 25 മൈല്‍ ദൂരം പറത്തുകയും ചെയ്തതോടെയാണ് പേറ്റന്റ് യുദ്ധം ആരംഭിച്ചത്. 1913 ല്‍ കോടതി റൈറ്റ് സഹോദരന്മാരുടെ അവകാശം സ്ഥാപിച്ചു നല്‍കി. കര്‍ട്ടിസിനെ വിമാനം നിര്‍മിക്കുന്നതില്‍ നിന്ന് തടഞ്ഞു.

റൈറ്റ് സഹോദരന്‍മാരുടെ വിമാനം - 1904 ല്‍


അന്തിമവിധി പറയുമ്പോഴേക്കും ഇരു കക്ഷികളും കേസ് നടത്തി മുടിഞ്ഞിരുന്നു എന്നത് വേറെ കാര്യം!

ഇതിന് സമാനമാണ് ടെലിഫോണിന്റെ ഉപജ്ഞാതാവായ അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ തന്റെ എതിരാളികളുമായി 11 വര്‍ഷം നടത്തിയ നിയമയുദ്ധം. ഈ കാലയളവിനിടെ 600 കേസുകളാണ് നടത്തപ്പെട്ടത്.

അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ 1876 ല്‍, താന്‍ രൂപപ്പെടുത്തിയ ഫോണുമായി


മേല്‍ കാണിച്ച ആദ്യകാല യുദ്ധങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. പ്രായോഗിക ബുദ്ധിയുള്ളവര്‍ ഒരു ഉപകരണത്തെ കൂടുതല്‍ മെച്ചപ്പെടുത്തി വിപണനം നടത്തുന്നതിന് എതിരെയായിരുന്നു കണ്ടുപിടുത്തം നടത്തിയിരുന്നവര്‍ നടത്തിയ മിക്ക നിയമയുദ്ധവും. ഫലമോ ആ ഉപകരണം ജനങ്ങളുടെ ഉപയോഗത്തില്‍ എത്തുന്നത് വൈകുന്നു.

എണ്‍പതുകളില്‍ യു.എസ്സിലെയും ജപ്പാനിലെയും കോര്‍പ്പറേറ്റ് കമ്പനികള്‍ തമ്മില്‍ ഒട്ടേറെ പേറ്റന്റ് യുദ്ധങ്ങള്‍ അരങ്ങേറി. അവ ക്രമേണ 'പേറ്റന്റിനെതിരെ പേറ്റന്റ്' എന്ന രീതിയിലുള്ള കിടമത്സരത്തിന് വഴി തെളിച്ചു. ഒരു കമ്പനി ഒരുത്പന്നത്തിന് പേറ്റന്റ് നേടിയാല്‍, മറ്റു കമ്പനികള്‍ അതിലും മികച്ചതും നൂതനവുമായ ഉത്പന്നവുമായി വന്ന് പേറ്റന്റ് നേടുകയായി. ഇതുമൂലം പലപ്പോഴും പേറ്റന്റ് എന്ന സങ്കല്‍പ്പം തന്നെ കാലഹരണപ്പെട്ടതായി മാറി. എന്നാല്‍, തൊണ്ണൂറുകളില്‍ ഈ പോരാട്ടങ്ങള്‍ക്ക് ഒരു പരിധിവരെ പരിസമാപ്തിയായി.

ലോകം കമ്പ്യൂട്ടര്‍യുഗത്തിലേക്ക് പ്രവേശിച്ചതോടെ പേറ്റന്റ് യുദ്ധങ്ങള്‍ക്ക് ഡിജിറ്റല്‍ മാനം കൈവന്നു. പേറ്റന്റ് അല്ലെങ്കില്‍ പകര്‍പ്പവകാശം (കോപ്പിറൈറ്റ്) ഉള്ള പ്രോഗ്രാമുകള്‍ മോഷ്ടിച്ചുപയോഗിക്കുന്ന പൈറസിയും വ്യാപകമായി; അതിനെതിരെയുള്ള പോരാട്ടങ്ങളും.

അമേരിക്കയില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ കുത്തകാവകാശം സംരക്ഷിക്കാന്‍ നടത്തിയ നിയമപരവും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും ഇക്കാര്യത്തില്‍ മാതൃകയായി. തൊണ്ണൂറുകളിലാണ് സോഫ്ട്‌വേര്‍ രംഗത്ത് പേറ്റന്റ്‌യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 1997 ല്‍ ആന്റിവൈറസ് സോഫ്ട്‌വേര്‍ രംഗത്തെ പ്രമുഖരായ മകാഫിയും സിമാന്റെക്കും എല്ലാം ഇത്തരം പോരാട്ടങ്ങളില്‍ കക്ഷികളായി.

1999 ല്‍ 'വണ്‍ ക്ലിക്കിങ് ഓര്‍ഡറിങ് ടെക്‌നോളജി'ക്കു മേല്‍ ആമസോണും ബാണ്‍സ് &നോബിളും തമ്മില്‍ തര്‍ക്കമുണ്ടായി. അത് വലിയ നിയമയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു. ഡിജിറ്റല്‍ ക്യാമറയിലുപയോഗിക്കുന്ന സാങ്കേതികവിദ്യകളുടെ കുത്തകാവകാശം 2004 ല്‍ കോഡാക്കിനെയും സോണിയെയും നിയമ യുദ്ധത്തിലെത്തിച്ചു.

അമേരിക്കയിലും ജപ്പാനിലുമൊക്കെ നടന്നിരുന്ന പേറ്റന്റ് പോരാട്ടങ്ങള്‍ ഇപ്പോള്‍ ഒരു ആഗോളപ്രതിഭാസമായി മാറിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്താണ് പ്രധാനമായും പേറ്റന്റ് പോര് ഇപ്പോള്‍ അരങ്ങേറുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രമുഖരായ ആപ്പിള്‍, സാംസങ്, എച്ച്.ടി.സി., മോട്ടറോള, നോക്കിയ, മൈക്രോസോഫ്റ്റ് ഒക്കെ കക്ഷികളാണ്. പേറ്റന്റ് സമ്പ്രദായം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ സംഗതികളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയ്ക്ക് ഈ പോരാട്ടങ്ങള്‍ വഴിതുറന്നിരിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ യുദ്ധം

തങ്ങളുടെ ബൗദ്ധികസ്വത്തവകാശം സംരക്ഷിക്കാന്‍ തുടക്കത്തില്‍ പേറ്റന്റിനെ പ്രയോജനപ്പെടുത്തുകയാണ് കമ്പനികള്‍ ആദ്യം ചെയ്തിരുന്നത്. പിന്നീടത്, വിപണി വിഹിതം നിലനിര്‍ത്താനും, അല്ലെങ്കില്‍ വര്‍ധിപ്പിക്കാനും, മറ്റ് കമ്പനികളുടെ വളര്‍ച്ച തടയാനും പേറ്റന്റിനെ ഉപയോഗിക്കാന്‍ തുടങ്ങി. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇപ്പോള്‍ നടക്കുന്ന പേറ്റന്റ് യുദ്ധങ്ങള്‍ അത്തരത്തില്‍ പെട്ടതാണ്. തങ്ങള്‍ മാത്രം വളരുക; അപരന്‍ തളരുക എന്ന നിക്ഷിപ്ത താത്പര്യമാണ് ഈ പോരാട്ടങ്ങളുടെ അന്തസത്തയെന്ന് സാരം.

2009 മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പേറ്റന്റ് തര്‍ക്കങ്ങളുടെ പേരിലുള്ള കോടതി വ്യവഹാരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വന്‍തോതില്‍ വര്‍ധിച്ചു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണിറക്കുന്ന എച്ച്.ടി.സിക്കെതിരെ ആപ്പിളാണ് ആദ്യവെടി പൊട്ടിച്ചത്. നോക്കിയ ആപ്പിളിനെതിരെ തിരിഞ്ഞു, നോക്കിയയ്‌ക്കെതിരെ ആപ്പിളും. മൈക്രോസോഫ്റ്റ് മോട്ടറോളയ്‌ക്കെതിരെ നീങ്ങി.

സ്മാര്‍ട്ട്‌ഫോണുകളുടെ ഡിസൈന്‍ മുതല്‍ സ്‌ക്രോളിങ് രീതിയും സ്ലൈഡ് ടു ലോക്ക് ഫീച്ചറും പോലുള്ള നിസ്സാരമെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നാവുന്ന സംഗതികള്‍ വരെ പേറ്റന്റ് തര്‍ക്കങ്ങളില്‍ പെട്ടു.


2007 ല്‍ ഐഫോണ്‍ അവതരിപ്പിച്ച് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുത്തന്‍യുഗം ഉത്ഘാടനം ചെയ്ത ആപ്പിളിന്റെ നീക്കം ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെതിരെയാണ്. 'അത് മുഴുവന്‍ മോഷണമാണ്, അതിനെ നശിപ്പിക്കാന്‍ വേണമെങ്കില്‍ ആറ്റമികയുദ്ധത്തിന് പോലും ഞാന്‍ മടിക്കില്ല' എന്നാണ് ആപ്പിളിന്റെ അന്തരിച്ച മുന്‍മേധാവി സ്റ്റീവ് ജോബ്‌സ് ആന്‍ഡ്രോയിഡിനെക്കുറിച്ച് പറഞ്ഞത്.

ആന്‍ഡ്രോയിഡിനെതിരെ ആപ്പിള്‍ എന്തു നിലാപാടാകും സ്വീകരിക്കുകയെന്ന് സ്റ്റീവിന്റെ വാക്കുകള്‍ സൂചന നല്‍കുന്നു. ആന്‍ഡ്രോയിഡിനെതിരെ നേരിട്ട് നീങ്ങുകയല്ല ആപ്പിള്‍ ചെയ്തത്. ആ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഗൂഗിളിന്റെ സഹകരണത്തോടെ സ്മാര്‍ട്ട്‌ഫോണുകളിറക്കുന്ന സാംസങ്, എച്ച്.ടി.സി.തുടങ്ങിയ കമ്പനികളെ, പേറ്റന്റിന്റെ പേരില്‍ കോടതി കയറ്റുക എന്നതാണ് ആപ്പിള്‍ സ്വീകരിച്ച തന്ത്രം. അത് സമീപകാലത്തെ ഏറ്റവും വലിയ പേറ്റന്റ് പോരാട്ടത്തിന് വഴിതുറന്നു.

ആന്‍ഡ്രോയിഡ് ഫോണുകളിറക്കുന്ന കമ്പനികളില്‍ തന്നെ സാംസങ് ആയിരുന്നു ആപ്പിളിന്റെ മുഖ്യ പ്രതിയോഗി. കാരണം, വിപണിയില്‍ ഐഫോണിന് ഏറ്റവും വലിയ ഭീഷണിയായത് സാംസങിന്റെ ആന്‍ഡ്രോയിഡ് ഫോണുകളാണ്. സാംസങ് നടത്തി എന്ന് ആരോപിക്കപ്പെടുന്ന പേറ്റന്റ്, ട്രേഡ്മാര്‍ക്ക് ലംഘനങ്ങള്‍ക്കെതിരെ ആഗോളതലത്തിലുള്ള നിയമനടപടി 2011 ഏപ്രില്‍ 15 ന് ആപ്പിള്‍ തുടക്കമിട്ടു.

പേറ്റന്റും ട്രേഡ്മാര്‍ക്കും മാത്രമല്ല, ഐഫോണിന്റെ യൂസര്‍ ഇന്റര്‍ഫേസ്, സ്റ്റൈല്‍, ഡിസൈന്‍ തുടങ്ങി, ഐഫോണിന്റെ വളഞ്ഞിരിക്കുന്ന മൂലകള്‍ പോലും സാംസങ് കോപ്പിയടിച്ചതായി ആപ്പിള്‍ ആരോപിച്ചു. എച്ച്.ടി.സി., മോട്ടറോള എന്നീ കമ്പനികള്‍ക്കെതിരെയും ആപ്പിള്‍ ആരോപിച്ചിരുന്നത് ഇക്കാര്യങ്ങള്‍ തന്നെയാണ്.


ഇതിലെ ഏറ്റവും വലിയ തമാശ എന്താണെന്ന് ചോദിച്ചാല്‍, ഐഫോണിന്റെ പല പ്രധാന ഭാഗങ്ങളും നിര്‍മിച്ച് നല്‍കിയിരുന്നത് അപ്പോഴും സാംസങ് ആയിരുന്നു എന്നതാണ്. ഒരുവശത്ത് ഈ സഹകരണം തുടരുമ്പോഴാണ്, മറുവശത്ത് പേറ്റന്റിന്റെ പേരില്‍ പൊരിഞ്ഞ പോര് അരങ്ങേറിയത്.

സാംസങും അടങ്ങിയിരുന്നില്ല. അവര്‍ ആപ്പിളിനെതിരെ ദക്ഷിണ കൊറിയയിലും ജപ്പാനിലും ജര്‍മ്മനിയിലും ബ്രിട്ടനിലും പേറ്റന്റ് ലംഘനത്തിന് കേസ് കൊടുത്തു. വയര്‍ലെസ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, ഫോണ്‍ ക്യാമറ എന്നിവയുമായി ബന്ധപ്പെട്ട സാംസങിന്റെ പേറ്റന്റുകള്‍ ആപ്പിളിന്റെ ഐഫോണും ഐപാഡും മോഷ്ടിച്ചെന്നായിരുന്നു സാംസങിന്റെ ആരോപണം.

ഇതിനെപ്പറ്റി സാംസംഗിന്റെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെ പറഞ്ഞു: 'ഞങ്ങള്‍ മൊബൈല്‍ സാങ്കേതികവിദ്യയില്‍ തുടക്കം കുറിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആപ്പിള്‍ അവരുടെ ആദ്യ ഐഫോണ്‍ പുറത്തിറക്കിയത്. ഞങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യകളുടെ സഹായമില്ലാതെ അവര്‍ക്ക് ഒറ്റ ഐഫോണ്‍ പോലും വില്‍ക്കാന്‍ സാധിക്കുകയില്ല'.

2011 ആഗസ്റ്റ് 9 ന് ഒരു ജര്‍മന്‍ കോടതി സാംസങ് ഗാലക്‌സി ടാബിന്റെ വില്പന താത്കാലികമായി തടഞ്ഞു. അതിന്റെ വില്പന മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തടയപ്പെടും എന്ന അവസ്ഥയുണ്ടായി. എന്നാല്‍, ജര്‍മനിയിലൊഴികെ മറ്റൊരിടത്തും അത് സംഭവിച്ചില്ല. പിന്നീട് ജര്‍മനിയിലെ നിരോധവും നീക്കപ്പെട്ടു.

2011 ആഗസ്ത് ആകുമ്പോഴേക്കും ഒന്‍പത് രാജ്യങ്ങളിലായി 19 കേസുകളാണ് ആപ്പിളും സാംസങും തമ്മില്‍ നടന്നിരുന്നത്. 2012 ജൂലായ് ആകുമ്പോഴേക്കും കേസുകളുടെ എണ്ണം 50 ആയി. കോടിക്കണക്കിന് ഡോളറാണ് ഇരുപക്ഷവും നഷ്ടപരിഹാരമായി പരസ്പരം ആവശ്യപ്പെട്ടത്. അമേരിക്കയില്‍ നടന്ന കേസില്‍ ആപ്പിള്‍ ഒരു സുപ്രധാന വിധി അവര്‍ക്കനുകൂലമായി നേടിയെങ്കിലും ദക്ഷിണകൊറിയയിലും ജപ്പാനിലും ബ്രിട്ടനിലും സാംസങ് ആണ് കൂടുതല്‍ അനുകൂലവിധികള്‍ നേടിയത്.

ഐഫോണ്‍ കോപ്പിയടിച്ചതാണ് സാംസങിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ന ആപ്പിളിന്റെ വാദം, 2012 ആഗസ്തില്‍ സോള്‍ കോടതി തള്ളി. ആപ്പിളിന്റെയും സാംസങിന്റെയും ഉത്പ്പന്നങ്ങള്‍ തമ്മില്‍ ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം സ്യഷ്ടിക്കുന്ന തരത്തില്‍ സാമ്യമില്ല എന്ന് കോടതി നിരീക്ഷിച്ചു. ഇത് സാംസങിന് മാതൃരാജ്യത്ത് വലിയ വിജയം തന്നെയാണ് നേടിക്കൊടുത്തത്. ജപ്പാനിലും സമാനമായ വിധി അവര്‍ക്ക് നേടാനായി.

ആപ്പിളിന്റെ ജന്മനാടായ അമേരിക്കയില്‍ നടന്ന നിയമയുദ്ധം കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടി. 2012 ആഗസ്തിലെ വിധി ആപ്പിളിന് അനുകൂലമായിരുന്നു. സാംസങ് മന:പൂര്‍വം ആപ്പിളിന്റെ ഡിസൈനും യൂട്ടിലിറ്റി പേറ്റന്റുകളും ലംഘിച്ചതായി കോടതി കണ്ടെത്തി. സാംസങ് 105 കോടി ഡോളര്‍ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവിധ പേറ്റന്റുകളുടെ അടിസ്ഥാനത്തില്‍ ആപ്പിളിന്റെ സ്വന്തം ഫീച്ചറുകളായ 'ബൌണ്‍സ് ബാക്ക് ഇഫക്ട്', 'ഓണ്‍സ്‌ക്രീന്‍ നാവിഗേഷന്‍', 'ടാപ്പ് ടു സൂം' തുടങ്ങിയവയും ഡിസൈന്‍ പേറ്റന്റ് ലഭിച്ചിട്ടുള്ള 'ഹോം ബട്ടന്‍', ഓണ്‍സ്‌ക്രീന്‍ ഐക്കണുകള്‍ എന്നിവയും സാംസങ് നിയമവിരുദ്ധമായി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചെന്ന് കോടതി കണ്ടെത്തി. സാംസങിന്റെ അമേരിക്കയിലെ വില്‍പ്പന തടയണം എന്ന ആപ്പിളിന്റെ ആവശ്യം 2012 ഡിസംബര്‍ ആറിനു പരിഗണിക്കാനായി മാറ്റിവെക്കുകയും ചെയ്തു.

വരാന്‍ പോകുന്ന വിധി ഇരു കൂട്ടര്‍ക്കും നിര്‍ണായകമാണ്. ഐഫോണിന്റെ എല്ലാ സൗകര്യവുമുള്ള സ്മാര്‍ട്ട്‌ഫോണുകളാണ്, അതിലും വിലക്കുറവില്‍ സാംസങ് ഉപഭോക്താക്കളിലെത്തിക്കുന്നത്. ആ നിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ തുടരാനായാല്‍, സാംസങിനത് വലിയ വിജയമായിരിക്കും. സ്വന്തം രാജ്യത്തെ വിപണിവിഹിതത്തില്‍ ആപ്പിളിന് ചോര്‍ച്ചയുണ്ടാവുകയും ചെയ്യും.

ഈ വര്‍ഷത്തെ മൂന്നാംപാദത്തിലെ വില്‍പ്പനയുടെ കണക്കുകള്‍ നവംബര്‍ മാസത്തില്‍ പുറത്ത് വന്നപ്പോള്‍, സാംസങിന്റെ ഗ്യാലക്‌സി എസ് 3 ഫോണ്‍, ആപ്പിളിന്റെ ഐ ഫോണ്‍ 4 എസിനെ വില്‍പ്പനയില്‍ മറികടന്നിരിക്കുന്നു എന്നാണ് ലോകമറിഞ്ഞത്. അങ്ങനെ ഗ്യാലക്‌സി എസ് 3 ലോകത്തെ ഏറ്റവും വില്പനയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആയി. ആപ്പിള്‍ ഈ വര്‍ഷം ഇതുവരെ 162 ലക്ഷം ഐഫോണുകള്‍ വിറ്റപ്പോള്‍ സാംസങ് 18 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റു.

പേറ്റന്റ് പോരാട്ടത്തിലെ ഏറ്റവും പുതിയ സംഭവവികാസം സാംസങിന്റെ നെക്‌സസ് മോഡലിനും ഗാലക്‌സി 10.1 ടാബിനും അമേരിക്കയില്‍ വില്പനവിലക്ക് നീക്കം ചെയ്യപ്പെട്ടതാണ്.

പേറ്റന്റ് യുദ്ധം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

പേറ്റന്റ് എന്ന ബൗദ്ധികസ്വത്തവകാശമെന്ന സങ്കല്പം സമൂഹത്തിന്റെ മൊത്തത്തിലുള്ള താത്പര്യത്തിന് വിരുദ്ധമാകാറുണ്ട് പലപ്പോഴും. ചെറുകിട കണ്ടുപിടുത്തക്കാരുടെയും കച്ചവടക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട പേറ്റന്റ് സമ്പ്രദായം ഇന്ന് വലിയ കമ്പനികള്‍ക്ക് ചെറുകിടക്കാര്‍ വളര്‍ന്നു വരാതെ നോക്കാനുള്ള മാര്‍ഗമായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.

വലിയ കമ്പനികള്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സമാനമായ ഒരു ഉല്‍പ്പന്നം നിര്‍മിക്കുന്നതിനോ വില്‍പ്പന നടത്തുന്നതിനോ ഉള്ള അവകാശം ചെറുകിട കമ്പനികള്‍ക്കും പുതുമുഖങ്ങള്‍ക്കും നഷ്ടപ്പെടുന്നു. ഇത് ആത്യന്തികമായി ദോഷം വരുത്തുക ഉപഭോക്താവിന് തന്നെയാണ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ നിയമനടപടികള്‍ക്കു മാത്രം മൊബൈല്‍ കമ്പനികള്‍ 2000 കോടി ഡോളര്‍ ചെലവഴിച്ചു എന്നാണ് കണക്ക്. പണം വാരിയെറിഞ്ഞു കൊണ്ടുള്ള ഈ നിയമയുദ്ധങ്ങളുടെ വില ഒടുവില്‍ ഉപഭോക്താവിന്റെ പിടലിയില്‍ തന്നെ വരും.

നിലവിലെ പേറ്റന്റ് സംവിധാനത്തില്‍ കാര്യമായ മാറ്റം വരേണ്ടതുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. 'സ്‌ക്രോളിങ്, ബൗണ്‍സേര്‍സ്', ' വളഞ്ഞ അരികുകള്‍' തുടങ്ങി നിസാരമായ സംഗതികള്‍ക്ക് പേറ്റന്റ് വഴി കുത്തകാവകാശം നല്‍കുന്ന നിലവിലെ രീതി മാറിയാല്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. അമേരിക്കയെ അപേക്ഷിച്ച് യൂറോപ്യന്‍ നിയമങ്ങള്‍ ഇക്കാര്യത്തില്‍ കുറെക്കൂടി യുക്തുയുള്ളതാണെന്ന് കരുതുന്നവരുണ്ട്.

വ്യവസായ യുഗത്തിന്റെ ഉദയത്തിന് ശേഷം ഇതുപോലുള്ള ഒട്ടേറെ തര്‍ക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് അമേരിക്ക പോലുള്ള രാജ്യങ്ങള്‍. അവയ്‌ക്കൊന്നും ശാശ്വതപരിഹാരം കോടതി വഴിയോ നിയമനിര്‍മാണം വഴിയോ അല്ല ഉണ്ടായിട്ടുള്ളത്. മറിച്ച് പല പ്രശ്‌നങ്ങള്‍ക്കും വിപണി തന്നെയാണ് പരിഹാരം ഉണ്ടാക്കിയത്. സ്മാര്‍ട്ട്‌ഫോണ്‍ തര്‍ക്കങ്ങളിലും വിപണി തന്നെ മുന്‍കയ്യെടുത്ത് പരിഹാരം ഉണ്ടാക്കണമെന്ന് വിദഗ്ധര്‍ കരുതുന്നു.

അതിനായി നിര്‍ദേശിക്കപ്പെടുന്ന ഒരു മാര്‍ഗമാണ് 'പേറ്റന്റ് പൂള്‍' സംവിധാനം. രണ്ടോ അതില്‍ കൂടുതലോ കമ്പനികള്‍ ചേര്‍ന്നുള്ള ഒരു കരാറാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാനം. പരസ്പരം ക്രോസ്സ് ലൈസന്‍സ് അനുവദിച്ചു കൊണ്ട് പേറ്റന്റുകള്‍ ഉപയോഗിക്കുക. കോമണ്‍ പൂളിലുള്ള പേറ്റന്റുകള്‍ ലൈസന്‍സിലൂടെ ആര്‍ക്കും ഉപയോഗിക്കാം. ഇങ്ങനെ വരുമ്പോള്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാം.


നോര്‍ട്ടെല്‍ എന്ന കമ്പനിയുടെ പക്കലുള്ള 6000 പേറ്റന്റുകള്‍ ആപ്പിള്‍, റിം, മൈക്രോസോഫ്റ്റ്, ഇഎംസി, സോണി, എറിക്‌സണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്ന് വാങ്ങി ഉപയോഗിക്കുന്നതാണ് ഇതിന് നല്ല ഉദാഹരണം. ഇത്തരത്തില്‍ കമ്പനികള്‍ തമ്മില്‍ കരാറിലെത്തുന്നതിന് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറായ യു.എന്‍. കഴിഞ്ഞ മാസം ജനീവയില്‍ വെച്ച് പ്രമുഖ കമ്പനികളുടെ ഒരു യോഗം വിളിച്ചു ചേര്‍ക്കുകയും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ വ്യവസായത്തിന്റെ ബാല്യദശയില്‍ ഇത്തരം മത്സരങ്ങള്‍ അനിവാര്യമാണെന്നും, വിപണി പക്വത പ്രാപിക്കുമ്പോള്‍ ഇപ്പോഴത്തെ പല കളിക്കാരും മൈതാനം വിടുമെന്നും, അങ്ങനെ ക്രമേണ വിപണിയില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞു വരുമെന്നും വിദഗ്ധര്‍ കരുതുന്നു. നോര്‍ട്ടല്‍ കമ്പനിയുടെ പാപ്പരാകല്‍, മോട്ടറോളയുടെ മുരടിപ്പിനെ തുടര്‍ന്ന് അതിനെ ഗൂഗിള്‍ ഏറ്റെടുത്തത്, ബ്ലാക്‌ബെറി ഫോണുകളുടെ നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനിയുടെ സാമ്പത്തികത്തകര്‍ച്ച ഇവയെല്ലാം ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൂടാതെ ടെക്‌നോളജി പാകമെത്തുമ്പോള്‍ നവീനതയ്ക്കായുള്ള പരക്കംപാച്ചില്‍ നില്‍ക്കുകയും കമ്പനികള്‍ക്ക് പരസ്പരം തര്‍ക്കിക്കാന്‍ വിഷയം ഇല്ലാത്ത അവസ്ഥ വരുകയും ചെയ്യും എന്നും പ്രത്യാശിക്കുന്നവരുണ്ട്.

ഇനി ആപ്പിളിന്റെയോ സാംസങിന്റെയോ സ്മാര്‍ട്ട്‌ഫോണ്‍ തുറക്കാനായി വളരെ ലളിതമെന്ന് തോന്നിപ്പിക്കുന്ന 'സ്ലൈഡ് ടു അണ്‍ലോക്ക്' ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കുക, ഇതു പോലെയുള്ള ഫീച്ചറുകളുടെ അവകാശത്തിനായി കോടികള്‍ വാരിയെറിഞ്ഞുള്ള നിയമയുദ്ധങ്ങള്‍ നടക്കുന്നുണ്ടെന്ന്. ഈ ഫീച്ചറിന്റെ രണ്ടു പേറ്റന്റുകളാണ് ആപ്പിളിന്റെ കയ്യിലുള്ളത്.

സാംസങ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ക്കെതിരെ ആപ്പിള്‍ കൊടുത്ത കേസിലെ പ്രധാന 'തൊണ്ടി'യായി 'സ്ലൈഡ് ടു അണ്‍ലോക്കി'ന്റെ പേറ്റന്റ് ആപ്പിളിന് ലഭിക്കുന്നത് 2010 ലാണ്. അതിന് മുമ്പേ, 2008 ല്‍ തന്നെ നിയോനോഡ് എന്ന സ്വീഡിഷ് കമ്പനി ഇതേ ഫീച്ചറിനുള്ള പേറ്റന്റ് നേടിയിരുന്നുവെന്നും, അത് അവര്‍ തങ്ങളുടെ ഫോണ്‍ മോഡലില്‍ ഉപയോഗിച്ചിരുന്നു എന്നുമറിയുക. അപ്പോള്‍ ആരാണ് കള്ളന്‍? നിയോനോഡിനെ മോഷ്ടിച്ച ആപ്പിളോ, ആപ്പിളിനെ കട്ട സാംസങോ?