Saturday, February 9, 2019

ജാതിമുദ്രകൾ ഇന്ത്യൻ സിനിമയിൽ

         നൂറ്റാണ്ടുകളായി   ഇന്ത്യൻ സമൂഹത്തിന്മേൽ ആഴത്തിലുള്ള സാന്നിദ്ധ്യവും അധികാരവുമുള്ള ഉള്ള  ജാതി എന്ന സാമൂഹ്യ, മത സ്ഥാപനത്തിന് മറ്റേതൊരു സാംസ്കാരികരൂപത്തിലുമെന്ന പോലെ സിനിമയിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ സ്വാധീനം,  ജാതി എന്ന മാരകശക്തിയുള്ള സമൂഹ്യയാഥാർഥ്യത്തെ ജനമനസ്സുകളിൽ ഊട്ടിയുറപ്പിക്കാൻ തന്നെയാണ് പലപ്പോഴും ഉപകരിച്ചിട്ടുള്ളത്. എങ്കിലും ജാതിയുടെ യാഥാർഥ്യം ആവിഷ്കരിച്ച സിനിമകളും അവയുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട് ഈ നൂറ് വർഷത്തിനിടെ ഇന്ത്യൻ സിനിമയിൽ. മുഖ്യധാരയിൽ നിന്ന് വിട്ടുനിൽക്കുന്ന ഈ  സിനിമകൾക്ക് അതുകൊണ്ടു തന്നെ  ജാതി യാഥാർഥ്യത്തെക്കുറിച്ചുള്ള അവബോധം പ്രേക്ഷകനിൽ സ്യഷ്ടിക്കാൻ വലിയ തോതിൽ സാധിച്ചിട്ടുമില്ല. മുഖ്യധാരാ കച്ചവടസിനിമകളിൽ ഇന്നും ജാതി ചോദ്യം ചെയ്യപ്പെടാത്ത ഒന്നാണ്. അല്ലെങ്കിൽ അത് ചോദ്യം ചെയ്യപ്പെടേണ്ട ഒന്നല്ല എന്ന് കരുതപ്പെടുന്നു. അത് ഇന്ത്യൻ സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനശിലയാണെന്ന സനാതന കാഴ്ച്ചപ്പാട് സിനിമയും പുലർത്തുന്നു എന്ന് സാരം.  ജാതിയുടെ സ്വാധീനം ഇന്ത്യൻ സിനിമയിൽ രണ്ട് തരത്തിലാണുള്ളത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: സിനിമാവ്യവസായം എന്ന സാമൂഹ്യസംവിധാനത്തിന്മേലും അത് ഉത്പാദിപ്പിക്കുന്ന സിനിമ എന്ന കലാരൂപത്തിനകത്തും. ഇവ രണ്ടും വ്യത്യസ്ത രൂപത്തിലാണ് അവയുടെ സാന്നിദ്ധ്യം പ്രകടമാക്കുന്നതെങ്കിലും അവയ്ക്ക് പരസ്പരബന്ധം ഉണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. ജാതിശ്രേണിയും അതിന്റെ അലംഘനീയതയും നന്നായി പരിപാലിക്കപ്പെടുന്ന ഇന്ത്യൻ സിനിമാവ്യവസായത്തിന്റെ ഉത്പന്നങ്ങൾ ജാതിമുദ്രകൾ പേറുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

ജാതിപ്രശ്നം ആദ്യകാലസിനിമകളിൽ

      
ഇന്ത്യൻ സിനിമ ഉരുവപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ ഇന്ത്യൻ സമൂഹം തികച്ചും സനാതനമായ ജാതിചര്യകളിൽ  മുങ്ങിക്കിടക്കുന്ന ഒന്നായിരുന്നു. സ്വാഭാവികമായും ആ വ്യവസ്ഥയെ ചോദ്യം ചെയ്യാനോ തിരുത്താനോ ഉള്ള ഒരു ശ്രമവും ആദ്യകാലസിനിമ എടുക്കുന്നില്ല. ജാതി തികച്ചും സാധാരണവും ഒഴിച്ചു നിർത്താൻ കഴിയാത്തതോ ആയ ഒന്നായി കണക്കാക്കപ്പെട്ടു. എന്നാൽ ജാതിയെക്കുറിച്ചുള്ള ആദ്യത്തെ വ്യത്യസ്ത ചിന്ത പേറുന്ന സിനിമ 1936 ലെ ‘അച്യുത് കന്യ’ യായിരുന്നു. ഹിമാംശു റായി നിർമ്മിച്ച ഈ സിനിമയുടെ സംവിധായകൻ ഫ്രാൻസ് ഓസ്റ്റൻ ആയിരുന്നു. അശോക് കുമാറും ദേവികാറാണിയും നായികാനായകന്മാരായി എത്തിയ സിനിമയുടെ പ്രമേയം റെയിൽവേ ഗാർഡിന്റെ മകളും  അയിത്തക്കാരിയുമായ കസ്തൂരിയും ബ്രാഹ്മണനായ കച്ചവടക്കാരന്റെ മകൻ മോഹനും തമ്മിലുള്ള പ്രണയം ആണ്. നിലവിലുള്ള ജാതി ശ്രേണിയ്ക്കെതിരെ ഉയരുന്ന ഈ പ്രണയത്തെ സമൂഹം പരാജയപ്പെടുത്തുന്നിടത്ത് സിനിമ അവസാനിക്കുന്നു. ജാതിക്കെതിരെയുള്ള ശക്തമായ സന്ദേശം പകർന്ന ‘അച്യുത്കന്യ’ ബോക്സാഫീസിലും വലിയ വിജയമായിരുന്നു. 1943 ലെ ‘പൻഘട്ട്’ ചർച്ച ചെയ്യുന്നത് ജാതി പ്രശ്നം തന്നെയാണ്. എല്ലാ ജാതിയിലും പെട്ട അയൽ വാസികൾക്ക് വെള്ളമെടുക്കുന്നതിനായി സ്വന്തം ചെലവിൽ കിണർ കുഴിക്കുന്ന ദുർഗാപ്രസാദ് ചതുർ വേദിയുടെ മരണശേഷം മകനായ ജമുനാപ്രസാദ് താഴ്ന്ന ജാതിയിൽ പെട്ടവർ കിണറിൽ നിന്ന് വെള്ളമെടുക്കുന്നത് തടയുന്നു.  
            
ബിമൽ റോയിയുടെ സംവിധാനത്തിൽ 1959 ൽ പുറത്തിറങ്ങിയ ‘സുജാത’യും ‘അച്യുത് കന്യ‘യ്ക്ക്  സമാനമായ കഥയാണ് പറഞ്ഞത്. 1960 ലെ കാൻ ഫിലിംഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘സുജാത’ ജാതിയുടെ കരാളതയെ ഫലപ്രദമായി ആവിഷ്കരിച്ച മികച്ച സിനിമയാണ്. ബ്രാഹ്മണ ദമ്പതിമാർ ദത്തെടുത്ത് വളർത്തുന്ന സുജാതയും അധീർ എന്ന ബ്രാഹ്മണയുവാവും തമ്മിലുള്ള പ്രണയം എല്ലാം പ്രതിബന്ധങ്ങളെയും തരണം ചെയ്ത് വിജയത്തിലെത്തുന്നതാണ് ‘സുജാത’യുടെ കഥ. ‘അച്യുത്കന്യ’ യിലെ നായികാനായകന്മാർ കുറേ കൂടി ധീരതയോടെ ജാതിസമൂഹത്തോട് പോരാടി പ്രണയത്തെ കാത്തുസൂക്ഷിക്കുന്നു. ജാതിവിരുദ്ധപ്രസ്ഥാനത്തിന്റെ പ്രവാചകനായ അംബേദ്കറിന്റെ ആശയങ്ങളുടെ സ്വാധീനം നന്നായി പ്രതിഫലിച്ച സിനിമയാണ് ‘സുജാത’. 1954 ൽ പുറത്തിറങ്ങിയ മലയാളസിനിമയായ ‘നീലക്കുയിൽ’ ചർച്ച ചെയ്യുന്നതും ഇതേ വിഷയം ആണ്. ഉന്നതജാതിയിൽ പെട്ട ഒരാളുമായുള്ള കീഴാളപ്പെൺകുട്ടിയുടെ പ്രണയം ചിത്രീകരിക്കുന്ന ‘നീലക്കുയിൽ’ ജാതി,അയിത്തം,ഫ്യൂഡലിസം  എന്നിവയ്ക്കെതിരെയുള്ള മലയാള സിനിമയിലെ ആദ്യ ആവിഷ്കാരമാണ്.നീലി എന്ന ദളിത് പെൺകുട്ടിക്കുണ്ടാകുന്ന കുഞ്ഞിനെ വളർത്തുന്ന ഉന്നതജാതിക്കാരനായ പോസ്റ്റ്മാൻ സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പ്രവർത്തി കൊണ്ട് ശബ്ദമുയർത്തുന്നു.
 
       
എഴുപതുകളിൽ പ്രാദേശിക ഭാഷാ സിനിമകളിലും ജാതി മുഖ്യപ്രമേയമായ സിനിമകൾ പിറവി കൊണ്ടു. ഗിരീഷ് കർണാട് സംവിധാനം ചെയ്ത കന്നഡ സിനിമ ‘സംസ്കാര’(1971) നൂറ്റാണ്ടുകൾ നീണ്ട ജാത്യാചാരങ്ങൾ സമൂഹത്തെ എങ്ങനെ നിശ്ചലമാക്കുന്നു എന്നത് ആവിഷ്കരിച്ചു. ജാതി രാഷ്ട്രീയത്തെ ചിത്രീകരിക്കുന്നു എന്ന കാരണം പറഞ്ഞ് സിനിമ നിരോധിക്കപ്പെട്ടെങ്കിലും പിന്നീട് അത് പ്രദർശനാനുമതി നേടുകയും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടുകയും ചെയ്തു.

       ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ‘ജൈത് രെ ജൈത്’(1977) എന്ന മറാത്തി സിനിമയിൽ ഉന്നതജാതിക്കാരിയായ നായിക ആദിവാസിയായ നായകനുമായാണ് പ്രണയത്തിലാകുന്നത്.

ഇല്ലാതാവുന്ന ജാതിപ്രമേയങ്ങൾ

    ദേശീയപ്രസ്ഥാനം, അതിന്റെ ഭാഗമായിരുന്ന അയിത്തോച്ചാടനം,മിശ്രഭോജനം തുടങ്ങിയ പുരോഗമന ആശയങ്ങളും അംബേദ്കറിനെ പോലെയുള്ള നേതാക്കളുടെ ആശയങ്ങളും പ്രവർത്തനങ്ങളും, അമ്പതുകളിലെ ഇന്ത്യൻ സിനിമയിൽ ജാതിക്കെതിരെയും അയിത്തത്തിനെതിരെയുമുള്ള പ്രമേയങ്ങൾ ആവിഷ്കരിക്കപ്പെടാൻ കാരണമായിരുന്നു. എന്നാൽ പിന്നീടുള്ള ഇന്ത്യൻ സിനിമ ജാതിപ്രശ്നത്തെ സ്പർശിയ്ക്കാൻ മടിച്ചു. ആർട്ട്,സമാന്തര സിനിമകളിൽ ജാതി മുഖ്യപ്രമേയമായവ ഉണ്ടായെങ്കിലും സാമാന്യജനതയുടെ മനസ്സിൽ അവയ്ക്കൊന്നും സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. ‘അച്യുത്കന്യ’ യെപ്പോലെയോ ‘സുജാത’യെപ്പോലെയോ മുഖ്യധാരാസിനിമകളിൽ ജാതിപ്രമേയങ്ങൾ കടന്നു വന്ന സന്ദർഭങ്ങൾ വിരളമാണ്. എങ്കിലും സത്യജിത് റായി,ശ്യാം ബെനഗൽ, ഗോവിന്ദ് നിഹലാനി,പ്രകാശ് ജാ തുടങ്ങിയവരുടെ സിനിമകൾ ജാതിയെ അപഗ്രഥിക്കാൻ ചിലപ്പോഴെങ്കിലും  ശ്രമിച്ചവയാണ്. ഇവരിൽ ശ്യാം ബെനഗൽ ആണ് ദളിത് പ്രശ്നങ്ങളിലേക്ക് കൂടുതലായി ശ്രദ്ധ തിരിച്ചത്. അദ്ദേഹത്തിന്റെ
‘നിഷാന്ത്’,‘അങ്കുർ’,‘മന്ഥൻ’ എന്നിവ ശ്രദ്ധേയമായ സിനിമകളാണ്.ഫ്യൂഡൽ ഭൂവുടമകൾ ദരിദ്രരായ ദളിതുകളെ ചൂഷണം ചെയ്യുന്നതിന്റെ നേർചിത്രങ്ങളാണ് ശ്യാംബെനഗൽ ആവിഷ്കരിച്ചത്. ഗ്രാമീണ ഇന്ത്യയിൽ നിലനിൽക്കുന്ന ജാതീയമായ വ്യത്തികേടുകളെ തുറന്നു കാട്ടുന്ന ‘അങ്കുർ’ ലക്ഷ്മി എന്ന ദളിത് യുവതിയുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. ശ്യാംബനഗലിന്റെ  സിനിമകൾ ജാതിയുടെ സാമൂഹ്യവും സാ‍മ്പത്തികവുമായ വശങ്ങളെയാണ് വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്.


എൺപതുകളിലെ ചില ശ്രമങ്ങൾ

     
സത്യജിത് റായിയുടെ ‘സത്ഗതി’(1981) ജാതി പ്രമേയമായി വരുന്ന ഹിന്ദി സിനിമയാണ്.മുൻഷി പ്രേംചന്ദിന്റെ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച ‘സദ്ഗതി’ ജാതിയെക്കുറിച്ചുള്ള ഒരു സറ്റയർ ആണ്.തന്റെ മകളുടെ വിവാഹസമയം കുറിച്ചു കിട്ടുന്നതിനായി ഗ്രാമപൂജാരിയായ ബ്രാഹ്മണനെ സമീപിക്കുന്ന ദുഖി എന്ന ചെരുപ്പുകുത്തി തനിക്ക് ലഭിക്കേണ്ട സേവനത്തിനു പകരമായി പൂജാരിയ്ക്ക് വേണ്ടി ജോലി ചെയ്യാൻ നിർബന്ധിതനാകുന്നു.കടുത്ത അസുഖം മൂലം അവശനായിരുന്ന ദുഖി പൂജാരിക്കു വേണ്ടിയുള്ള ജോലിക്കിടെ മരണപ്പെടുകയാണ്.ബ്രാഹ്മണർ വെള്ളമെടുക്കാൻ പോകുന്ന കിണറിലേക്കുള്ള വഴിയിൽ മരിച്ചു കിടക്കുന്ന ദുഖിയുടെ മ്യതദേഹം ഗ്രാമത്തിനൊരു പ്രശ്നമായി മാറുന്നു. ഒടുവിൽ ബ്രാഹ്മണർ ആരും കാണാതെ മ്യതശരീരത്തിന്റെ കാലിൽ കയറിട്ട് വലിച്ച് മാറ്റി അവൻ കിടന്ന സ്ഥലം ജലം തളിച്ച് ശുദ്ധമാക്കുന്നു. ജാതീയത,അയിത്തം,ദളിതരോടുള്ള സമീപനം എന്നിവയ്ക്കെതിരെയുള്ള ശക്തമായ ആവിഷ്കാരമാണ് സത്യജിത് റായി ‘സദ്ഗതി’യിലൂടെ നടത്തിയത്.

     
ജെ.പി.ദത്തയുടെ 1985 ലെ  ‘ ഗുലാമി’ എന്ന ചിത്രം കടുത്ത ജാതിവിവേചനത്തെ തുറന്നു കാട്ടുന്ന ഒന്നാണ്. രാജസ്ഥാനിലെ ഗ്രാമങ്ങളിൽ ഫ്യൂഡൽ ജന്മികൾ പിന്നാക്കജാതിയിൽ പെട്ട കർഷകരെ ചൂഷണം ചെയ്യുന്നതും അതിനെതിരെയുള്ള അവരുടെ പ്രതിഷേധവുമാണ് ‘ഗുലാമി’യിലെ മുഖ്യപ്രമേയം.ഉയർന്ന ജാതി ഹിന്ദുക്കളെപ്പോലെ വിവാഹാവസരങ്ങളിൽ താഴ്ന്ന ജാതിയിൽ പെട്ട വരനെ കുതിരപ്പുറത്ത് കയറ്റുന്നതിനെതിരെ ഉന്നതർ പ്രതിഷേധിക്കുന്നതും അതിനെ പിന്നാക്കജാതിക്കാർ ചെറുക്കുന്നതും സിനിമയിലെ ശ്രദ്ധേയമായ രംഗങ്ങളിൽ പെടുന്നു. ഒരു ശുദ്ധ തട്ടുപൊളിപ്പൻ മസാലച്ചിത്രമായിരുന്നു ‘ഗുലാമി’ എങ്കിലും അത് ആവിഷ്കരിച്ച പ്രശ്നങ്ങൾ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് രാജ്യത്ത് കത്തിനിൽക്കുന്ന ആ വേളയിൽ ഏറെ പ്രസക്തിയുള്ളവയായിരുന്നു. തമിഴ് സിനിമയിൽ ഭാരതിരാജ,ബാലചന്ദർ തുടങ്ങിയ സംവിധായകർ ദളിത്പ്രശ്നങ്ങൾ പ്രമേയമാക്കിയിട്ടുണ്ട് ഇക്കാലത്ത്. ഭാരതിരാജയുടെ ‘മുതൽ മരിയാദൈ’(1986) താഴ്ന്ന ജാതിയിലുള്ള യുവതിയുമായി പ്രണയത്തിലാകുന്ന ഉന്നതജാതിക്കാരനായ മുതിർന്ന വ്യക്തിയുടെ കഥയാണ്.അദ്ദേഹത്തിന്റെ തന്നെ ‘വേദം പുതിത്’ (1987) ജാതിപ്രശ്നത്തെക്കുറിച്ചുള്ള വിചിന്തനമാണ് നടത്തുന്നത്. ബാലചന്ദറിന്റെ ‘തണ്ണീർ തണ്ണീർ’ ആകട്ടെ രാഷ്ട്രീയക്കാർ ഗ്രാമീണദളിതരുടെ ജീവിതത്തിൽ ഇടപെടുന്നതിന്റെ നേർചിത്രം കുടിവെള്ളക്ഷാമത്തിന്റെ വിവരണത്തിലൂടെ വളരെ ശക്തമായിത്തന്നെ വരച്ചിടുന്നു.

             മുഖ്യധാരാ ഹിന്ദി സിനിമയിൽ രാകേഷ് റോഷന്റെ ‘ജാഗ് ഉഥാ ഇൻസാൻ’ ജാതി പ്രമേയമായി വരുന്ന സിനിമയാണെങ്കിലും  മുദ്രാവാക്യസമാനമായ ആഖ്യാനവും സംഭാഷണവും അതിനെ ജനങ്ങളിൽ നിന്നകറ്റി.

സവർണതയെ പൊലിപ്പിക്കുന്ന ആഖ്യാനങ്ങൾ

    
എൺപതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളിലും മലയാളസിനിമയിൽ ആധിപത്യം പുലർത്തിയ കച്ചവടസിനിമകളിൽ വലിയൊരു ശതമാനത്തിലും വരേണ്യവർഗത്തിൽ പെട്ട കഥാപാത്രങ്ങളുടെ ഉപഗ്രഹങ്ങളായി ചുറ്റുന്ന ഉപകഥാപാത്രങ്ങളെയും സ്ത്രീകളെയും കാണാം. തമ്പുരാക്കന്മാരും കെട്ടിലമ്മമാരും നമ്പൂതിരിയും ബ്രാഹ്മണ്യവും കഥകളിയും വള്ളുവനാടൻ ആഡ്യഭാഷയും നിറഞ്ഞു നിൽക്കുന്ന കഥാന്തരീക്ഷം. ‘ആര്യനും’ ‘ദേവാസുരവും’ ‘ഹിസ് ഹൈനസ് അബ്ദുള്ള’യും ‘പൈത്യക’വും കടന്ന് മലയാളസിനിമ ‘ആറാംതമ്പുരാനി‘ലും ‘രാവണപ്രഭു‘വിലും എത്തി നിന്നു അക്കാലത്ത്. ഒരു ദളിതൻ കഥാനായകനായ, താൻ  അതു തന്നെയെന്ന് പ്രഖ്യാപിക്കുന്ന ഒറ്റ സിനിമപോലും മലയാളത്തിൽ അന്നുണ്ടായില്ല.

വില്ലന്മാരെല്ലാം ‘താഴ്ന്ന‘ ജാതിയിൽ നിന്ന്

   
ഹിന്ദി  സിനിമയിലെ ഏറ്റവും പ്രശസ്തരായ വില്ലന്മാരുടെ പേര് ശ്രദ്ധിക്കുക : ലംഗ്ഡ ത്യാഗി (ഓംകാര),ബച്ചു യാദവ്(ശൂൽ),സാധു യാദവ്(ഗംഗാജൽ),ഗുജ്ജാർ സിംഗ്(മേല) . എല്ലാവരും ‘താഴ്ന്ന’ ജാതിയിൽ നിന്നുള്ളവർ.  ഇനി പ്രസിദ്ധരായ ചില നായകന്മാരുടെ പേരുകൾ കാണുക : രാജ് മൽഹോത്ര(ദിൽ വാലെ ദുൽഹനിയ),രാഹുൽ ഖന്ന(കുച്ഛ് കുച്ഛ് ഹോത്താ ഹേ),സുരീന്ദർ സഹാനി ( രബ് നെ ബനാ ദി ജോഡി),രാജ് മാത്തൂർ(ചൽത്തെ ചൽത്തെ),രാജ് ആര്യൻ മൽഹോത്ര( മൊഹബ്ബത്തേൻ),സുന്ദർ ശ്രീവാസ്തവ( ചമത്കാർ). എല്ലാ നായകരും ഉന്നതജാതിയിൽ നിന്നുള്ളവർ. നായക-പ്രതിനായകരുടെ ഈ ജാതിസ്വത്വം കേവലം പേരുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ജീവിതരീതി, ഭാഷ,ഭക്ഷണം,വസ്ത്രധാരണം എന്നിവയിലൊക്കെ മുഖ്യധാരാസിനിമയുടെ നടപ്പുരീതികളിൽ ജാതിമുദ്രകൾ കണ്ടെത്താം. മേൽ കാണിച്ച ഉദാഹരണങ്ങൾ ഹിന്ദി സിനിമയിൽ നിന്നുള്ളവയാണെങ്കിലും  പ്രാദേശികഭാഷാചിത്രങ്ങളും ഇവ പേറുന്നുണ്ട്. നായകനെക്കൂടാതെ സിനിമയിൽ അധീശത്വം പുലർത്തുന്ന പ്രധാനകഥാപാത്രങ്ങളും ഉയർന്ന ജാതിയിൽ നിന്നുള്ളവരായിരിക്കും. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ബഹുമാ‍നം നന്നായി ലഭിക്കുന്ന ഇവർ ഒരിക്കലും താഴേക്കിടയിൽ നിന്നുള്ളവരാകില്ല. അങ്ങനെ ശർമ്മയും വർമ്മയും താക്കൂറും ഭാർഗവയും റാത്തോഡും സിംഗും പാണ്ഡെയും തേവരും,അയ്യരും,നായരും,റെഡ്ഡിയും ,നമ്പൂതിരിയും   സിനിമയിൽ സ്നേഹബഹുമാ‍നങ്ങൾ നേടുന്നവരാകുന്നു. ഇവരോടുള്ള അഭിസംബോധന അടക്കമുള്ള പെരുമാറ്റങ്ങളിൽ മറ്റ് കഥാപാത്രങ്ങൾ -ഇവരിൽ കുറേപേർ കീഴാളരായിരിക്കും-തികഞ്ഞ വിധേയത്വം പുലർത്തുന്നു. തമ്പുരാക്കന്മാരും നമ്പൂതിരിമാരും നായർ പ്രമാണിമാരും നിറഞ്ഞു നിൽക്കുന്ന  മലയാളസിനിമ പ്രാദേശികഭാഷകളിലെ മികച്ച ഉദാഹരണമാണ്.
       ഇനി നായികമാരുടെ കാര്യം . നായിക ഉന്നതജാതിയിൽ പെട്ടവളാണെങ്കിൽ സൌന്ദര്യം,ഐശ്വര്യം,ഉയർന്ന വിദ്യാഭ്യാസം,ഉന്നതമൂല്യങ്ങൾ എന്നിവയുള്ളവളായിരിക്കും. അവളെ പ്രണയിക്കുന്ന താഴ്ന്ന ജാതിയിൽ പെട്ട നായകൻ,അവളെപ്പോലുള്ള ഒരു പെണ്ണിനെ ലഭിക്കാൻ വലിയ ഭ്‍ാഗ്യം ചെയ്യേണ്ടതുണ്ട് എന്നത് വളരെ ക്യത്യമായി പറയുന്നു. അവളുടെ ഗുണങ്ങളൊക്കെ അവളുടെ ജാതി നൽകിയവയാണ്,അവനോ അവന്റെ ജാതി നൽകിയവയെ തിരസ്കരിച്ച് അവളുടെ ജാതി മേന്മ അംഗീകരിച്ച് ഒടുവിൽ അവളെ നേടുന്നു. 

അടക്കിവാഴുന്ന ഉന്നതജാതിക്കാർ
   
സിനിമ എന്ന കലാരൂപത്തിനകത്തു മാത്രമല്ല അതിന്റെ സ്യഷ്ടാക്കളായ നിർമ്മാതാക്കൾ,തിരക്കഥാക്യത്തുക്കൾ,സംവിധായകർ,താരങ്ങൾ തുടങ്ങിയവരെല്ലാം ഉന്നതജാതിശ്രേണിയിൽ നിന്നുള്ളവരാണ് ഇന്നും ഇന്ത്യൻ സിനിമാരംഗത്ത്.ഇതു കൊണ്ട് കൂടിയാണ് ജാതിയെ വെല്ലുവിളിക്കുന്ന,അതിന്റെ സ്വാധീനത്തെ അപഗ്രഥിക്കുന്ന സിനിമകൾ ഇന്നും ഉണ്ടാകാത്തത് എന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ തള്ളിക്കളയേണ്ടവയല്ല. കെ.എൽ.സൈഗാൾ മുതൽ അർജുൻ കപൂർ വരെയും ത്യാഗരാജഭാഗവതർ മുതൽ വിജയ് വരെയും നാഗേശ്വരറാവു മുതൽ അല്ലു അർജ്ജുൻ വരെയും തിക്കുറിശ്ശി മുതൽ ഫഹദ് ഫാസിൽ വരെയും  നീളുന്ന വിവിധ ഭാഷാ സിനിമകളിലെ നായകനടന്മാരിൽ താഴ്ന്ന ജാതിക്കാർ വിരളമാണ്. ദേവികാ റാണി മുതൽ പരിണീതി ചോപ്ര വരെ നീളുന്ന നടികളുടെ കാര്യവും സമാനം തന്നെ. മലയാളത്തിലെ പ്രഥമസിനിമയായ വിഗതകുമാരനിൽ നായിക ആയഭിനയിച്ച റോസമ്മ എന്ന കീഴാളയുവതി നേരിട്ട വിഷമതകളും യാതനകളും ഓർമ്മിക്കേണ്ടതാണ്. ഈ ജാതി വിവേചനം ഇന്നും നിലനിൽക്കുന്നുണ്ടെന്ന് പ്രശസ്തരായ ഇന്ത്യൻ ചലച്ചിത്രപ്രവർത്തകർ തങ്ങൾക്കും ഉണ്ടായ അനുഭങ്ങളെ മുൻ നിർത്തി പറയുമ്പോൾ ഇന്നും  സിനിമയുടെ അണിയറയിലും വെള്ളിത്തിരയിലും ജാതി ഉണ്ട് എന്ന് കാണാം.

  ദളിത് പ്രമേയങ്ങൾ സമകാലിക സിനിമയിൽ

          
തൊണ്ണൂറുകളിൽ ദളിത്പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ ഇന്ത്യൻ സിനിമയിൽ വിരളമായി മാറി. 1994 ൽ പുറത്തിറങ്ങിയ ശേഖർ കപൂറിന്റെ ‘ബാണ്ഡിറ്റ് ക്യൂൻ’ ജാതിപ്രശ്നത്തെക്കുറിച്ചും ജാതി രാഷ്ട്രീയത്തെക്കുറിച്ചും ചില ചർച്ചാവിഷയങ്ങൾ മുന്നോട്ട് വെച്ച സിനിമയാണ്. അധ:ക്യതജാതിക്കാരിയായ ഫൂലൻ ദേവിയെ ലൈംഗികമായും സാമൂഹികമായും തകർത്ത് ഒടുവിൽ അവളെ ഒരു കൊള്ളക്കാരിയാക്കി മാറ്റുന്നത് അവൾ ജീവിക്കുന്ന ജാതിസമൂഹം തന്നെയാണ്.വടക്കെ ഇന്ത്യൻ ഗ്രാമങ്ങളിലെ ജാതിയുടെ വിനാശകരമായ ശക്തി ക്യത്യമായും കാണിച്ചു തരുന്ന ‘ബാണ്ഡിറ്റ് ക്യൂൻ’ അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ടു.

    ‘സ്വദേശ്’ എന്ന ബ്ലോക്ക് ബസ്റ്റർ ഹിന്ദി ചലച്ചിത്രത്തിൽ ‘നാസ’ യിലെ ഗവേഷകനായ ഇന്ത്യക്കാരൻ മോഹൻ ഭാർഗവിന്റെ ഗ്രാമത്തിലേക്കുള്ള വരവും ജാതീയതയുടെ പുത്തൻ രൂപങ്ങൾ ഗ്രാമത്തിൽ വെച്ച് നേരിട്ട് കണ്ടുള്ള  നടുക്കവും ചിത്രീകരിക്കുന്നുണ്ട്.

        2003 ലെ ‘ദം’ എന്ന ഹിന്ദി സിനിമ ആവിഷ്കരിക്കുന്നത് പോലീസ് ഓഫീസറാകാൻ ശ്രമിക്കുന്ന ഒരു ദളിത് യുവാവിന്റെ കഥയാണ്.  സമീപകാലത്ത് വിവാദം സ്യഷ്ടിച്ച ‘അരക്ഷൺ’(2011) എന്ന ഹിന്ദി സിനിമ ചർച്ച ചെയ്യുന്നത് സംവരണം എന്ന പ്രശ്നമാണ്. സംവരണം ഇല്ലാത്ത മേൽജാതിക്കാർ നേരിടുന്ന പ്രശ്നങ്ങൾ ആവിഷ്കരിക്കുന്ന സിനിമ ഇന്ത്യൻ ദളിത്,പിന്നാക്ക പ്രശ്നങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന ആരോപണം നേരിടുകയും വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാവുകയും ചെയ്തു.

     ഇക്കാലയളവിലെ പ്രാദേശിക സിനിമകളിലെ ദളിത് ആവിഷ്കാരങ്ങളിലേക്ക് നോക്കിയാലും അത് നമ്മെ ശൂന്യമായ ഒരവസ്ഥയാണ് കാണിച്ചു തരിക.തമിഴ്സിനിമയിൽ ഇക്കഴിഞ്ഞ ദശകത്തിൽ പുറത്തിറങ്ങിയ സുബ്രഹ്മണ്യപുരം പോലുള്ള ഗ്രാമീണ ഓഫ് ബീറ്റ് സിനിമകൾ ചർച്ച ചെയ്യുന്നത് അതേ പഴയ പ്രമേയം തന്നെയാണ് : ജീവിതം/കൊല്ലൽ, ഉയർന്നവർ/ദളിതർ,സന്തോഷം/കണ്ണുനീർ. അവ അവഗണിക്കുന്നതോ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന, ഈ രണ്ട് വ്യത്യസ്ത ആവിഷ്കാരങ്ങളിലെ സങ്കീർണ രാഷ്ട്രീയ വിവക്ഷകളെയാണ്. പരുത്തിവീരൻ,വെയിൽ,കാതൽ,വെണ്ണിലാ കബഡിക്കുഴു ദളിതർ ശരീരങ്ങൾ കൊല്ലപ്പെടുകയാണ്. ഇത് മുൻ കാലങ്ങളിൽ ഫ്യൂഡൽ ജന്മികളാൽ കൊല്ലപ്പെട്ട ദളിതരുടെ പുനരാവിഷ്കാരമാണെന്നും ആ പഴയ കൊലകളെ പുതിയ സൈക്കോളജിക്കൽ രീതി എന്ന മറയ്ക്കകത്ത് നിർത്തി വീണ്ടും ആവിഷ്കരിക്കുകയാണെന്നും എന്ന തരത്തിലുള്ള വിശകലനങ്ങൾ ഈ സിനിമകളെ സംബന്ധിച്ചുണ്ടായിട്ടുണ്ട്.

    
2011 ലെ മലയാളസിനിമ ‘മേൽ വിലാസം’ സൈന്യം പോലുള്ള ഇന്ത്യൻ അധികാര സ്ഥാപനങ്ങളിലെ  ദളിത്പീഡനത്തിന്റെ ശക്തമായ ആവിഷ്കാരമാണ്. ആഖ്യാനത്തിലും ചിത്രീകരണത്തിലും വ്യത്യസ്തത പുലർത്തിയ ‘മേൽ വിലാസം’ ഒരു ദളിത് സിനിമയെന്ന നിലയിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അടുത്തകാലത്ത് പൂർത്തിയായ മലയാളചിത്രമായ ‘പാപ്പിലിയോ ബുദ്ധ’ അതിന്റെ അക്രമാസക്തം എന്നാരോപിക്കപ്പെട്ട ദളിത്പക്ഷവായന കൊണ്ട് വിവാദമാക്കപ്പെട്ടു.ചിത്രത്തിനുള്ള പ്രദർശനാനുമതി നിഷേധിച്ച് ഭരണകൂടം അതിന്റെ തനിനിറം വെളിച്ചത്താക്കുകയും ചെയ്തു. ജയൻ ചെറിയാൻ എന്ന നവാഗതന്റെ ഈ സിനിമ ജനങ്ങളിലേക്കെത്തുകയോ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല ഇതു വരെ.


ഇനിയും തമസ്കരിക്കപ്പെടുന്ന ദളിത് പ്രമേയം
      ദളിത് പെൺകുട്ടികൾ ബലാത്സംഗത്തിനിരയാകുന്നതിൽ ഒരു കുറവുമില്ലാത്ത,അയിത്തം ഇപ്പോഴും നിലനിൽക്കുന്ന ഗ്രാമങ്ങളുള്ള, ജാതിവിവേചനത്തിനായി ചേരികളെ വേർതിരിക്കാൻ മതിലുകൾ ഉണ്ടാക്കുന്ന ഒരു രാജ്യത്തിൽ ദളിത് പ്രശ്നങ്ങളെക്കുറിച്ച് സിനിമകളുണ്ടായില്ല എന്നത് ഇന്ത്യൻ സിനിമയുടെ ജാഗ്രതക്കുറവിനെത്തന്നെയാണ് കാണിക്കുന്നത്. ഇന്ത്യൻ കച്ചവടസിനിമയാണെങ്കിൽ ജാതിയെ വളരെ വിദഗ്ധമായിത്തന്നെ അത് ഉത്പാദിപ്പിക്കുന്ന സിനിമകളിലുൾച്ചേർത്തിരിക്കുന്നു. ഇത്തരത്തിലുള്ള എല്ലാ വിവേചനങ്ങളെയും തുറന്നു കാട്ടാനായി, ചരിത്രത്തിന്റെ ഇരുളടഞ്ഞ പാതയോരങ്ങളിൽ അധ:ക്യതരായി തള്ളപ്പെട്ട ഒരു ജനതയുടെ ശബ്ദം ഇനിയെന്നാണ് അവർ ഏറെ ആസ്വദിക്കുന്ന, അവരെ ഏറ്റവും സ്വാധീനിക്കാൻ കഴിയുന്ന ഒരു കലാരൂപത്തിൽ ഫലപ്രദമായി ആവിഷ്കരിക്കപ്പെടുക എന്ന ചോദ്യത്തിനുള്ള ഉത്തരം ഇനിയും വിദൂരതയിലാണ്.

            2001 ൽ പുറത്തിറങ്ങിയ ‘ലഗാൻ’ എന്ന പീരിയേഡ് സിനിമയിൽ ഗ്രാമത്തിനു വെളിയിൽ താമസിക്കുന്ന കച്ഛട എന്ന അയിത്തക്കാരൻ കഥാപാത്രം ഉന്നതജാതിക്കാരനായ നായകനാൽ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തപ്പെടുകയാണ്. അപ്പോഴും അവന് മത്സരത്തിന്റെ ഗതിവിഗതികളിൽ യാതൊരു സ്ഥാനവും കൽ‌പ്പിക്കപ്പെടുന്നില്ല.ഇന്ത്യൻ സിനിമയിൽ ദളിതനുള്ള സ്ഥാനം ഈ സിനിമയിലെ കച്ഛട എന്ന കഥാപാത്രത്താൽ സൂചിതമാകുന്നുണ്ട്.