Friday, February 8, 2013

ഹരിശ്ചന്ദ്ര മുതൽ യന്തിരൻ വരെ : നായകത്വത്തിന്റെ നാനാർത്ഥങ്ങൾ

നൂറ് വർഷത്തെ ന്ത്യൻ സിനിമ : അടയാളങ്ങളിലൂടെ                               ഇന്ത്യൻ സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ച മാധ്യമങ്ങളിൽ ഒന്നാമത്തേതായ ഇന്ത്യൻ സിനിമ ഈ വർഷം100 വർഷം തികയ്ക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ സർക്കാർ തലത്തിലും വിവിധ സിനിമാ സംഘടനകളുടെ ആഭിമുഖ്യത്തിലും നടന്നു വരികയാണ്. ഈ വേളയിൽ ഇന്ത്യൻ സിനിമയുടെ 100 വർഷ ചരിതത്തിൽ നിന്ന് , തനതായ വ്യക്തിത്വം പുലർത്തുന്ന ദേശീയ സിനിമ എന്ന നിലയിൽ ഇന്ത്യൻ സിനിമയെ രൂപപ്പെടുത്തിയ പ്രധാനഘടകങ്ങളെ കുറിച്ചുള്ള ചിന്തകളാണ് ഈ ലേഖനപരമ്പരയുടെ ഉള്ളടക്കം. ഇന്ത്യൻ കാണിയെ ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും സിനിമ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നതിന്റെ രേഖാചിത്രങ്ങൾ ഇവിടെ കാണാം. ചലച്ചിത്ര നിരൂപണങ്ങൾ എന്നതിനേക്കാൾ സാംസ്കാരിക രൂപം എന്ന നിലയ്ക്ക് സിനിമ സമൂഹചിന്തയിൽ ചാർത്തിയ അടയാളങ്ങളെ വിശകലനം ചെയ്യാൻ ആണ് ശ്രമിക്കുന്നത്.  ഇന്ത്യൻ സിനിമയിലെ നായകസങ്കല്പം, സ്ത്രീ സങ്കല്പം, സംഗീതം ഇന്ത്യക്കാരന്റെ സിനിമയെ മാറ്റിമറിച്ച രീതി, ധർമ്മാധർമ്മങ്ങളെ കുറിച്ചുള്ള വ്യാകുലതകൾ, ലൈംഗികത,സദാചാരം, നീതി/അനീതി സംഘട്ടനം, സമരസങ്കല്പം, ദാരിദ്യം , മണ്ണിനു വേണ്ടിയുള്ള ദാഹം, ജാതിയുടെ കരാളത, വർഗ്ഗീയത എന്നിങ്ങനെ കടന്നു പോകുന്ന വിഷയങ്ങൾ ഒട്ടേറെയുണ്ട്.     

ഇന്ത്യൻ സിനിമയിലെ  നായകത്വം:  വികാസവും പരിണാമവും

      ഇന്ത്യൻ സിനിമ കാണികളുടെ മേൽ ഉണ്ടാക്കിയ സ്വാധീനങ്ങളിൽ നായകസങ്കല്പത്തേക്കാൾ സങ്കീർണമായവ അധികമുണ്ടാകില്ല. ഇന്ത്യൻ കാണി തനിക്ക് സാധിയ്ക്കാത്തത് ഒരു സ്വപ്നത്തിലെന്നോണം തന്റെ നായകൻ സാധിക്കുന്നത് സിനിമയിൽ കണ്ട് സായൂജ്യമടയുന്നു. അനീതിക്കെതിരെ പടവാളോങ്ങുന്ന ധീരനായകൻ,പല പെണ്ണുങ്ങളെ പ്രണയിക്കുന്ന ഭൈമീ കാമുകൻ ,ദുഷ്ടശിക്ഷകനും ശിഷ്ടപരിപാലകനുമായ ധർമ്മമൂർത്തി എന്നിങ്ങനെ അവന്റെ നായകന്മാരെല്ലാം അവന് തികച്ചും അപ്രാപ്യരായ അതിമാനുഷരാണ് പലപ്പോഴും. സിനിമയുടെ കഥാഗതി മുഴുവനും തന്നെ ‘നായകൻ’ എന്ന പുരുഷനെ അച്ചുതണ്ടാക്കിയാണ് കറങ്ങുന്നത്. അവൻ വ്യക്തിത്വം നിറഞ്ഞവനും ധീരനും അഭിജാതനും ആയിരിക്കും . സിനിമയിലെ നായിക, വില്ലൻ എന്നിവർ അടക്കമുള്ള  മറ്റു കഥാപാത്രങ്ങൾക്ക് നായകന്റെ പ്രകാശത്തെ പൊലിപ്പിക്കുന്ന റോൾ മാത്രം.

        ഇന്ത്യൻ സിനിമയിലെ നായകസങ്കല്പത്തിന് ഇന്നെത്തി നിൽക്കുന്ന പരിണാമം അനേകം ഘട്ടങ്ങളിലൂടെ കടന്നാണ് ഉണ്ടായിരിക്കുന്നത്. ‘രാജാ ഹരിശ്ചന്ദ്ര’യിലെയും ‘ആലം ആര‘യിലെയും നായകനിൽ നിന്ന് ‘ദബാംഗി‘ലും ‘യന്തിരനി’ലും എത്തിനിൽക്കുന്ന നായകസങ്കല്പത്തിന്റെ ഉത്ഭവവും വളർച്ചയും ആണ് ഇവിടെ ചർച്ച ചെയ്യാൻ ശ്രമിക്കുന്നത്. നായകന്റെ  വളർച്ചയുടെ ആദ്യപ്രവണതകൾ ഉണ്ടാകുന്നതും വികസിക്കുന്നതും പലപ്പോഴും ഹിന്ദി സിനിമയിൽ ആയതിനാൽ ഈ വിശകലനത്തിൽ ഹിന്ദി സിനിമയ്ക്ക് പ്രാധാന്യം കൈവരുന്നത് സ്വാഭാവികമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ബോളിവുഡ് നായകത്വത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ എല്ലാ മാനങ്ങളും ഉൾക്കൊള്ളുന്നു.
           
         ഇന്ത്യൻ സിനിമയിലെ നായകത്വത്തിന്റെ രൂപപരിണാമങ്ങൾ അവർ നിറഞ്ഞാടുന്ന  സിനിമകളുടെ പൊതുആശയഘടനയുടെ മുഖമുദ്ര തന്നെയാണ് പ്രദർശിപ്പിക്കുന്നത് എല്ലായ്പ്പോഴും. ഈ ആശയഘടനയാകട്ടെ , ഇന്ത്യൻ സാ‍മൂഹ്യയാഥാർഥ്യങ്ങളുടെ സ്യഷ്ടിയുമാണ്. ചുരുക്കിപ്പറഞ്ഞാൽ സമൂഹത്തിന്റെ പൊതു അവസ്ഥ, അവയോട് സിനിമയുടെ പ്രതികരണം ഇവയൊക്കെ നായകൻ മുഖാന്തിരം ആവിഷ്കരിക്കപ്പെടുന്നു.‘ആവാര’യിലെ തെരുവു തെണ്ടിയായ നായകൻ അമ്പതുകളിലെ ഇന്ത്യൻ നഗരത്തിന്റെ പ്രതിനിധിയാണ്. ആ നഗരത്തിന്റെ യാഥാർഥ്യങ്ങളുമായാണ് അയാൾ എപ്പോഴും പ്രതികരിക്കുന്നത്. അറുപതുകളിലെ റൊമാന്റിക് ജീവിയായ നായകൻ ആ കാലഘട്ടത്തിന്റെ മാത്രം സ്യഷ്ടിയാണ്. പുത്തൻ മുതലാളിത്തം നേടിക്കൊടുത്ത സമ്പത്ത് നന്നായി ചെലവഴിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു അയാൾ . എഴുപതുകളിലെ ധിക്കാരിയായ നായകൻ നിരാശ നിറഞ്ഞ ഒരു സാമൂഹ്യാന്തരീക്ഷത്തിന്റെ സ്യഷ്ടിയാണ്.

നായകത്വത്തിന്റെ ആദിരൂപങ്ങൾ
         ഇന്ത്യൻ സിനിമ അതിന്റെ യാത്ര തുടങ്ങുന്നത് ഇന്ത്യൻ ദേശീയ പ്രസ്ഥാനം ശരിയായ ദിശാബോധത്തിലേക്ക് മാറിത്തുടങ്ങിയ കാലഘട്ടത്തിലാണ്. ഉന്നതവർഗത്തിന്റെ ഇടയിൽ നിന്ന് സാധാരണക്കാരുടെ മനസ്സിലേക്ക് ദേശീയ പ്രസ്ഥാനം വേരൂന്നാൻ തുടങ്ങിയ നിർണ്ണായക ഘട്ടം. ആദ്യ ഇന്ത്യൻ സിനിമ തന്നെ നായകത്വത്തിന്റെ മൂശയായിരുന്നു. ഇതിഹാസകാലം മുതൽക്കേ ജനതയുടെ മന:സാക്ഷിയുടെ ഭാഗമായിരുന്ന ആശയങ്ങളായ നീതി,സമത്വം,ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്ന നായകന്മാരായിരുന്നു ആ കാലത്തിന്റെ സ്യഷ്ടികൾ.‘രാജാ ഹരിശ്ചന്ദ്ര‘യിലെ  നായകൻ തന്റെ വാക്ക് പാലിക്കുന്നതിനായി സകലതു ത്യജിച്ച് ‘ചണ്ഡാള’ സമാനനാകുകയും അവിടെനിന്നു മഹത്വത്തിലേക്കു  മടങ്ങി വരികയുമാണ്. തന്റെ ജീവിതത്തിലൂടെ നായകൻ കാണിച്ചു തരുന്നത് അനുകമ്പയും മനുഷ്യർ തമ്മിലുള്ള ഏകതയുമാണ്. ജാതിയുടെ കരാളതയിൽ എന്നേ അമർന്നിരുന്ന ഒരു ജനതയ്ക്ക് ലഭിക്കേണ്ട മികച്ച ആദ്യ സിനിമ തന്നെയായിരുന്നു ‘രാജാ ഹരിശ്ചന്ദ്ര’ എന്ന് കരുതുന്ന സിനിമാ നിരൂപകർ ഏറെയാണ്. എന്താ‍യാലും ഈ ആദ്യ നായകൻ രാമനും ധർമ്മപുത്രരും നിറഞ്ഞു നിന്നിരുന്ന ഇന്ത്യൻ മനസ്സിലേക്ക് നന്നായി കടന്നു ചെന്നു .

          ശബ്ദത്തിന്റെ കടന്നുവരവ് കാണിക്ക് സ്വന്തം ഭാഷയിൽ തന്നെ സിനിമാസ്വാദനത്തിനു വഴി തെളിച്ചു.         ഹീറോയിസം,ധീരത,പ്രണയം,റൊമാൻസ്,സാഹസികത,ആത്മീയത നാടോടിക്കഥകളിലും പുരാണങ്ങളിലും നിന്ന് അവൻ അറിഞ്ഞവയെല്ലാം അവന്റെ കണ്മുന്നിൽ ജീവനുള്ള ചിത്രങ്ങളായി ഇളകിയാടി. മുപ്പതുകളിൽ ഹിന്ദിയിലും പ്രാദേശികഭാഷകളിലും നിറഞ്ഞു നിന്നത് ആ കോസ്റ്റ്യൂം ഡ്രാമകളിലെ പാട്ട് പാടുന്ന ,ന്യത്തം ചെയ്യുന്ന, പ്രണയിക്കുന്ന , മാതാവിനെ സ്നേഹിക്കുന്ന , ചീത്ത രാജാവിനെ തോൽ‌പ്പിക്കുന്ന നായകനായിരുന്നു. 1931 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘ലാൽ-യെമൻ‘ ആയാലും അതേ വർഷത്തിലെ തമിഴ് ചിത്രം ‘കാളിദാസ’ ആയാലും 1932 ലെ മറാത്തി ചിത്രം ‘അയോദ്യേച രാജ’ ആയാലും ഈ ഫോർമുല പിന്തുടർന്നു.അങ്ങനെ ഒരു പാൻ -ഇന്ത്യൻ നായകൻ രൂപം കൊള്ളുകയായിരുന്നു പതിയെ.

        1935 ലെ ‘ദേവ്ദാസ്’ പി.സി.ബറുവ സംവിധാനം ചെയ്ത ബംഗാളി സിനിമയായിരുന്നു. ഇതേ പേരിലുള്ള ബംഗാളി നോവലിന്റെ ആവിഷ്കാരമായ സിനിമ ഇന്ത്യൻ സിനിമ അന്നേ വരെ കാണാത്ത ദുരന്തനായകനെ അവതരിപ്പിച്ചു.നഷ്ടപ്രണയത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന നായകന്റെ തകർച്ച സ്ക്രീനിൽ അവതരിപ്പിച്ചത് ബംഗാളിയിൽ സംവിധായകൻ തന്നെയായിരുന്നെങ്കിൽ ഹിന്ദി പതിപ്പിൽ ദേവ്ദാസ് ആയി വേഷമിട്ടത് സാക്ഷാൽ സൈഗാൾ ആയിരുന്നു. സൈഗാളിന്റെ ‘ദേവ്ദാസ്‘ ആ കഥാപാത്രത്തെയും അതവതരിപ്പിച്ച സൈഗാളിനെയും ഒരു പ്രതീകമാക്കി മാറ്റി.

       1948 ലെ  ‘ഷഹീദ്’ അക്രമമാർഗത്തിലൂടെ സ്വാതന്ത്യം നേടാൻ ശ്രമിക്കുന്ന നായകന്റെ കഥയാണ്. സ്വാതന്ത്യാനന്തര ഇന്ത്യൻ സിനിമയിൽ ദേശാഭിമാനം എന്ന വികാരത്തെ വിക്യതമായി ചിത്രീകരിച്ച ഒട്ടേറെ സിനിമകളുടെ അഗ്രഗാമിയായി ‘ഷഹീദ്’ മാറി.
             
               നാല്പതുകളിലെ ഇന്ത്യൻ സിനിമ താരപദവിയിലേക്ക് നായകൻ ഉയർത്തപ്പെടുന്ന പ്രതിഭാസത്തിന്റെ ആദ്യപ്രവണതകൾ പ്രദർശിപ്പിച്ചു. കരിസ്മ നിറഞ്ഞ നായകനെ അവതരിപ്പിച്ച് കാണികളുടെ മനം കവർന്ന അശോക് കുമാർ, പാടുന്ന നായകന്റെ പ്രതിരൂപമായി മാറിയ സുരേന്ദ്ര, സ്വാഭാവിക നടനത്തിന്റെ പ്രതിനിധിയായ മോട്ടിലാൽ എന്നിവരാണ് താരപദവി നേടിയ ആദ്യ നടന്മാർ. ഇവർക്കു മുൻപേ പ്യഥ്വിരാജ് കപൂറും കെ.എൽ സൈഗാളും ജനസമ്മതി ആർജ്ജിച്ചിരുന്നു. എങ്കിലും  പ്യഥ്വിരാജ് കപൂർ നാടകത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതിനാലും സൈഗാൾ ഗായകൻ എന്ന നിലയിൽ കൂടുതൽ ശ്രദ്ധേയനായതിനാലും  അവർക്ക് നടന്മാർ എന്ന നിലയിലുള്ള താരപദവി ലഭിച്ചിരുന്നില്ല. കെ.എൽ .സൈഗാൾ തന്റെ ഗാനങ്ങൾ കൊണ്ട് അനശ്വരമാക്കിയ ‘താൻസൻ’,‘ഭക്ത് സൂർദാസ്’,ഷാജഹാൻ എന്നീ സംഗീതപ്രധാന ചരിത്രസിനിമകൾ നാല്പതുകളുടെ പകുതിയിൽ പുറത്തിറങ്ങി. സൈഗാളിന്റെ നായകൻ ഒരു പ്രത്യേകസ്യഷ്ടിയായിരുന്നു.അനുകർത്താക്കളൊക്കെ തോറ്റുമടങ്ങിയ മാത്യക.

അമ്പതുകൾ : പുതിയ  നായകൻ രൂപം കൊള്ളുന്നു
              ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്നെ  ഇന്ത്യൻ സിനിമ രൂപമെടുത്തിരുന്നെങ്കിലും അമ്പതുകളോടെയാണ് അത് ഒരു ദേശീയ സിനിമയെന്ന നിലയിലുള്ള  സ്വത്വം പൂർണമായി പ്രദർശിപ്പിച്ചത്. നായകസങ്കല്പത്തിനും വ്യക്തമായ രൂപം കൈവന്നു തുടങ്ങി ആ കാലഘട്ടത്തിൽ.’ആവാര’യിലെ രാജുവും ‘ബാസി’യിലെ മദനും ചെറുകിട ക്രിമിനലുകളായിരുന്നു,പക്ഷെ മാന്യതയും വിനയവും ഉള്ളവർ. അവർ ഒരിക്കലും മധ്യവർഗത്തെ പ്രതിനിധീകരിച്ചിരുന്നില്ല,പകരം സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് വന്നവരായിരുന്നു.നാല്പതുകളിലെ രാജാപ്പാർട്ട് നായകന്മാരെ അപേക്ഷിച്ച് അവർക്ക് ‘മനുഷ്യത്വം’ കൂടുതലായിരുന്നു.‘ആവാര’യിലെ രാജു ‘ശ്രീ 420‘ ൽ എത്തുമ്പോൾ   ഉന്നതവർഗത്തിലേക്ക് പ്രവേശിക്കുന്നുണ്ട്.

      സ്വാതന്ത്യാനന്തര ഇന്ത്യൻ സിനിമ ഭാവുകത്വപരമായ പരിണാമത്തിനു വിധേയമായി. നെഹ്രുവിയൻ സോഷ്യലിസം മുഖ്യാ‍ദർശമാക്കിയിരുന്ന അമ്പതുകളിലെ സിനിമകൾ ഉന്നതവർഗത്തിലെ അഴിമതിയും അഴുകിത്തുടങ്ങലും എടുത്തുകാട്ടി ,പലപ്പോഴും.     പഴയ ഫോർമുലയിൽ തന്നെയായിരുന്നു മിക്ക സിനിമകളുമെങ്കിലും ചിലതൊക്കെ സമൂഹത്തിലെ അടിസ്ഥാനപ്രശ്നങ്ങൾക്ക് നേർക്ക് കണ്ണയച്ചു. ദേശീയോദ്ഗ്രഥനം അന്നത്തെ സിനിമകളിലെ ഒരു മുഖ്യതീം ആയി മാറി.പുതുതായി കൈവന്ന സ്വാതന്ത്യം നൽകിയ പ്രതീക്ഷകൾ സിനിമകളിലും പ്രതിഫലിച്ചു. ഈ ഘട്ടത്തിൽ  നായകസ്വരൂപത്തിനും മാറ്റം സംഭവിച്ചു.1951 ലെ തമിഴ് ചിത്രം ‘മർമ്മയോഗി’യിലെ നായകൻ സാമൂഹ്യ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന വ്യക്തിയാണെങ്കിൽ ഇറ്റാലിയൻ നിയോറിയലിസത്തിന്റെ സ്വാധീനം നന്നായി പ്രതിഫലിക്കുന്ന ബിമൽ റോയിയുടെ ‘ദോ ബീഗാ സമീൻ’(ഹിന്ദി,1953) ലെ നായകന്റെ ദുരിതം ഫ്യൂഡലിസത്തിന്റെ കരാളതയ്ക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ശാന്താറാമിന്റെ ക്ലാസിക് സ്യഷ്ടിയായ ‘ദോ ആംഖേം ബാരാ ഹാത്തി’ലെ ജയിലറായ നായകൻ നെഹ്രുവിയൻ ഇന്ത്യയുടെ പ്രതീക്ഷകളുടെ പ്രതീകമാണ്. സത്യജിത് റേയുടെ ക്ലാസിക് ‘പഥേർ പാഞ്ചലി’ (1955) യാകട്ടെ അറുപതുകളിൽ വളർന്നു വരേണ്ട നഗരജീവിയായ നായകന്റെ ആദ്യചിഹ്നങ്ങൾ പേറി.

          പുരാണേതിഹാസങ്ങൾ, നാടകങ്ങൾ എന്നിവ വഴി പ്രേക്ഷകന്റെ മനസ്സിൽ മുൻപേ ഇടം പിടിച്ചിരുന്ന  ‘ദുരന്തനായകൻ‘ എന്ന സങ്കല്പം  ഇന്ത്യൻ സിനിമയെ ആവേശിച്ചത് അമ്പതുകളിലായിരുന്നു. ദിലീപ്കുമാർ എന്ന നടൻ സൂപ്പർസ്റ്റാർ പദവിയിൽ എത്തിയതും ദുരന്തനായകനെ അവതരിപ്പിച്ചായിരുന്നു. 1947 ലെ ‘ജുഗ്നു’ വിൽ തുടങ്ങിയ ദിലീപ്കുമാറിന്റെ ദുരന്തനായകൻ 1950 ലെ ‘ജോഗൻ’, ‘51 ലെ ‘ദീദാർ’,’55 ലെ ദുരന്ത ഇതിഹാസം ‘ദേവ്ദാസ്’ എന്നിവയിൽ കൂടി പൂർണത തേടി.

            അമ്പതുകളിൽ തമിഴിൽ എം.ജി.രാമചന്ദ്രനും തെലുങ്കിൽ എൻ.ടി.രാമറാവുവും മലയാളത്തിൽ പ്രേംനസീറും നായകഭാവുകത്വത്തിന്റെ പ്രാദേശിക ഭേദങ്ങളായി കടന്നു വന്നു. ഹിന്ദിയിലാകട്ടെ ദേവാനന്ദും ദിലീപ്കുമാറും രാജ്കപൂറും ഇന്ത്യൻ നായകസങ്കൽ‌പ്പത്തിന്റെ പ്രതീകങ്ങളായി വിലസി.

          ഗുരുദത്തിന്റെ ക്ലാസിക്ക് സ്യഷ്ടി ആയ 1957 ലെ ‘പ്യാസ’ കവിയായ നായകന്റെ പ്രണയത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള ദാ‍ഹത്തിന്റെ കഥയാണ് പറയുന്നത്. അക്കാലത്തെ ഇന്ത്യൻ സിനിമകളുടെ പൊതുധാരയിൽ നിന്ന് മാറി നിൽക്കുന്ന ‘പ്യാസ’ നായകസങ്കല്പത്തിലും കാലങ്ങൾക്ക് മുമ്പേ സഞ്ചരിച്ചു. ഇന്ത്യയിലെ കച്ചവടസിനിമയ്ക്ക് എത്താവുന്ന കലാപരമായ ഉന്നതിക്ക് ഉത്തമ ഉദാഹരണം കൂടിയായ ‘പ്യാസ’യിൽ നായകനെ അവതരിപ്പിക്കുന്നത് സംവിധായകൻ തന്നെയാണ്.

ഹർഷോന്മാദത്തിന്റെ അറുപതുകൾ
        അമ്പതുകളേക്കാൾ രാജ്യത്ത് ദാരിദ്യം ഒട്ടും കുറഞ്ഞില്ലെങ്കിലും ഇന്ത്യക്കാരന്റെ ബ്ലാക് ആന്റ് വൈറ്റ് സ്വപ്നങ്ങൾക്ക് രൂപാന്തരം സംഭവിച്ചു. അവയിലേക്ക് നിറങ്ങൾ കടന്നു വന്നു. സിനിമയുടെ പൊതുഭാവുകത്വത്തിൽ വിനോദത്തിന്റേതായ ഒരലയടിച്ചു. ഹിന്ദി സിനിമയിൽ ഷമ്മി കപൂർ,ദേവാനന്ദ്,ജോയ് മുഖർജി,രാജേന്ദ്രകുമാർ തങ്ങളുടെ കാമുകിമാരൊത്ത് മഞ്ഞുമൂടിയ കാശ്മീരിലോ പാരീസിന്റെ തെരുവുകളിലോ റഫിയുടെയും കിഷോറിന്റെയും ശബ്ദത്തിൽ പാട്ടുപാടി ആനന്ദന്യത്തം ആരംഭിച്ചു. റൊമാൻസ് അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു,ദാരിദ്യമാകട്ടെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് ഒതുങ്ങി.  ദരിദ്രനാരായണന്മാരും തെണ്ടികളുമായ രാജുവും മദനും സിനിമയിൽ നിന്ന് അപ്രത്യക്ഷരായി. പുതിയ നായകന്മാർ ‘ജംഗ്ലി’യിലെ ഷമ്മി കപൂറിനെപ്പോലെ ബിസിനസ് കുടുംബങ്ങളിലെ പുത്രന്മാരോ ‘സൂരജി’ലെ രാജേന്ദ്ര കുമാറിനെപ്പോലെ  രാജകുടുംബാംഗമോ ‘സംഗ’ത്തിലെ രാജ്കപൂറിനെപ്പോലെ ഉയർന്ന പട്ടാള ഉദ്യോഗസ്ഥനോ ആയിരുന്നു. സാമൂഹ്യ യാഥാർഥ്യങ്ങളുമായി ഒരിക്കലും ശണ്ഠ കൂടാൻ തയ്യാറാകാത്തവൻ. അവൻ ദേവാനന്ദിന്റെ രൂപത്തിൽ വിക്യതിയായ കാമുകൻ പയ്യനായി കാമിനിയുടെ പിന്നാലെ കൂടി.

             ഇന്ത്യൻ കച്ചവട സിനിമയെന്നാൽ ബോളിവുഡ് സിനിമ ആയിരുന്ന ആ കാലഘട്ടത്തിൽ നായകന്റെ രൂപഭാവങ്ങൾക്കുണ്ടായ ഈ മാറ്റങ്ങൾ പ്രാദേശിക ഭാഷകളിലെ സിനിമകളിലും സംഭവിച്ചു. അമ്പതുകളിലെ അലഞ്ഞു തിരിയുന്നവനും ദരിദ്രനുമായ നായകന് കുടുംബം എന്നത് നിർണ്ണായകമായ ഒന്നായിരുന്നില്ല,എന്നാൽ അറുപതുകളിൽ കുടുംബത്തിന്റെ സ്ഥാനം പുതിയ രീതിയിൽ സമൂഹത്തിൽ ഉറപ്പിക്കപ്പെട്ടു. ‘ആവാര’യിലെ രാജു ഇപ്പോൾ മദ്യപിക്കാത്ത, പുകവലിക്കാത്ത, എപ്പോഴും ശരിമാത്രം ചെയ്യുന്ന, മാതാപിതാക്കളെ ബഹുമാനിക്കുന്ന മര്യാദാപുരുഷോത്തമനും പൂർണവ്യക്തിയുമായ ‘കുടുംബത്തിൽ പിറന്നവൻ’ ആണ്.പുതിയ നായകൻ കഥയുടെ നിർണ്ണായകഘട്ടത്തിൽ മാതാപിതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തിന്മേൽ വീട് വിട്ടു പോവുകയും കഥാന്ത്യത്തിൽ തിരിച്ചെത്തുകയും ചെയ്യുന്നു. സത്യജിത് റേയുടെ 1966 ലെ ചിത്രമായ ‘നായക്’ പ്രസിദ്ധനായ സിനിമാതാരത്തിന്റെ സ്വത്വപ്രതിസന്ധിയാണ് ആവിഷ്കരിക്കുന്നത്.

രോഷാകുലനായ ചെറുപ്പക്കാരന്റെ എഴുപതുകൾ

      അമ്പതുകളിലെ വിനീതനും അറുപതുകളിലെ റൊമാന്റിക്കും എഴുപതുകളിലെത്തുമ്പോൾ മറ്റൊരു രൂപഭാവം എടുത്തണിയുകയാണ്. നെഹ്രുവിയൻ സോഷ്യലിസം എന്ന ഉട്ടോപ്യ വലിച്ചെറിയപ്പെട്ട  എഴുപതുകളിൽ  സമൂഹഗാത്രത്തെ ബാധിച്ച ഏറ്റവും വലിയ വികാരം ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ ശരിയല്ലാത്ത പോക്കിൽ നിന്നുണ്ടായ നിരാശയായിരുന്നു.അഴിമതി എന്ന അർബുദം രാഷ്ടീയ,ഉദ്യോഗസ്ഥ മണ്ഡലങ്ങളെ ഗ്രസിയ്ക്കാൻ തുടങ്ങുന്നു,ദരിദ്രൻ കൂടുതൽ ദരിദ്രനാകുന്നു. ഇതൊക്കെ സമൂഹത്തിന്റെ ചിന്തയിൽ അശുഭാപ്തി വിശ്വാസം കൂടുതലായി വളർത്തി. ഈ സാമൂഹ്യസാഹചര്യം തന്നെയാണ് ‘ദീവാറി’ലെയും ‘ഷോലെ’യിലെയും രോഷാകുലരായ  നായകരെ സ്യഷ്ടിക്കുന്നത്. ദേശീയ മനസ്സിനെ ബാധിച്ചിരുന്ന അവിശ്വാസവും നിഷേധവും ‘ദീവാറി’ലെ നായകനിൽ പ്രതിഫലിച്ചു.

      ‘ദീവാറി’ലെ നായകനെ അവതരിപ്പിച്ച അമിതാഭ് ബച്ചനിലൂടെ ഒരു പുത്തൻ താരോദയവും കണ്ടു ഇന്ത്യൻ സിനിമ. ബച്ചന്റെ  സംസാരരീതി,ശരീരഭാഷ എന്നിവയെല്ലാം നിഷേധിയും തന്റേടിയുമായ പുതിയ നായകന്റെ സങ്കല്പവുമായി ക്യത്യമായി ഒത്തുപോകുന്നതായിരുന്നു. ഇന്ത്യൻ സിനിമയിലെ നായകസങ്കല്പത്തെ ആകെ ഉടച്ചു വാർത്ത ഈ പുതിയ നായകനെ പ്രാദേശികസിനിമയും നന്നായി ആഘോഷിച്ചു. ബച്ചനേക്കാൾ എത്രയോ സീനിയർ ആയ പ്രാദേശിക ഭാഷാ സിനിമകളിലെ നായകതാരങ്ങൾ പോലും പുതിയ നായകന്റെ രൂപഭാവങ്ങൾ എടുത്തണിയാൻ തുടങ്ങി.

     ‘ദീവാറി‘ലെ നായകൻ കള്ളക്കടത്തുകാരനാണ്.അറുപതുകളിലോ അമ്പതുകളിലോ നായകന്റെ തൊഴിൽ ആയി സങ്കൽ‌പ്പിക്കാൻ പോലുമാകാത്ത കാര്യം. തന്റെ നീതിമാനായ പിതാവിനെ നശിപ്പിക്കുന്ന സാമൂഹ്യസാഹചര്യത്തോട് നായകൻ രൂക്ഷമായി  പ്രതികരിക്കുമ്പോൾ അവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ഈ പുതിയ നായകസങ്കല്പത്തെ നെഞ്ചേറ്റുകയും ചെയ്യുന്നു ഇന്ത്യൻ പ്രേക്ഷകൻ. വെസ്റ്റേൺ സിനിമകളുടെയും ‘സെവൻ സമുറായി‘യുടെയും സ്വാധീനം നന്നായുള്ള ‘ഷോലെ’യിലെ നായകൻ വെല്ലുവിളിയ്ക്കാൻ ശ്രമിക്കുന്നത് അനീതി നിറഞ്ഞ സാമൂഹിക അവസ്ഥയെയാണ്.‘ദീവാറും’ ‘ഷോലെ’യും പുറത്തിറങ്ങിയ 1975 ൽ തന്നെയാണ് ഇന്ത്യയിൽ ജനാധിപത്യത്തിനേറ്റ ആദ്യ ആഘാതമായ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.പുതിയ നായകൻ നിയമവ്യവസ്ഥയുമായുള്ള ഏറ്റുമുട്ടലിന് സദാ സന്നദ്ധനാണ്, അതിനെ ലംഘിക്കാനും അയാൾക്ക് മടിയില്ല. അപ്പോഴും അയാൾക്ക് റൊമാന്റിക്കായ ഒരു മനസ്സുണ്ട്.രോഷാകുലനെങ്കിലും അയാൾ നന്നായി പാടുന്നു,പ്രണയിക്കുന്നു.‘ഷോലെ’യിലെ മൌനിയായ നായകൻ താക്കൂറിന്റെ വിധവയായ മരുമകളുമായി പ്രണയത്തിലാകുന്നു. ‘കറി വെസ്റ്റ്’ സിനിമ എന്ന് വിളിക്കപ്പെട്ട പുതിയ ഒരു ജനുസ്സിനു ഇന്ത്യൻ സിനിമയിൽ ഇടം നേടിക്കൊടുത്തു ‘ഷോലെ’.


      പിന്നീടങ്ങോട്ട് രോഷത്തിന്റെ, പ്രതികാരത്തിന്റെ നാളുകളായിരുന്നു നായകൻ സമ്മാനിച്ചത്.മൻ മോഹൻ ദേശായി-ബച്ചൻ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ബച്ചന്റെ രോഷാകുലത നിറഞ്ഞ ഇമേജിനെ പൊലിപ്പിച്ചു നിർത്തി.
   
        ‍ക്രോധത്തിൽ മുങ്ങിപ്പോയ നായകന്റെ എഴുപതുകളെ പ്രണയാതുരതയുടെ അറുപതുകളിലേക്ക് തിരിച്ചു വിടാനുള്ള ശ്രമം 1969 ലെ ‘ആരാധന’യിൽ ആണ് ആദ്യമായി നടന്നത്. ‘ആരാധന’ രാജേഷ് ഖന്ന എന്ന റൊമാന്റിക് നായകന്റെ ഉദയം കുറിക്കുകയും ചെയ്തു. 1969 ലെ തന്നെ ‘ഖാമോഷി’, 1970 ലെ ‘ദോ രാസ്തെ’, ‘സഫർ’ എന്നിവ റൊമാന്റിക് നായകൻ ഇന്ത്യൻ സിനിമയിൽ മരിച്ചിട്ടില്ല എന്ന് തെളിയിച്ചു.1970 ലെ ‘ആനന്ദ്’ മരണത്തിലേക്ക് നടന്നടുക്കുന്ന നായകന്റെ ജീവിതത്യഷ്ണയുടെ ആവിഷ്കാരം ആയിരുന്നു.  1973 ൽ ആണ് ഇന്ത്യൻ സിനിമയിലെ ഷോമാനായ രാജ്കപൂർ തന്റെ മകനെ നായകനാക്കി ‘ബോബി’ പുറത്തിറക്കിയത്. ടീനേജ് നായികാനായകന്മാരുടെ
 പുത്തൻ പ്രണയകഥയായ ‘ബോബി’ നായകന്റെ പുതിയ ഒരു വാർപ്പുമാത്യക കൂടി സമ്മാനിച്ചു.

നായകനിലും കുടികൊള്ളുന്ന  പ്രതിനായകത്വം
      സാമ്പ്രദായിക നായകന്റെ എതിർ സ്വത്വം ആയ പ്രതിനായകന്റെ സാന്നിദ്ധ്യം ഇന്ത്യൻ സിനിമയിൽ നാൽ‌പ്പതുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. 1943 ലെ ‘കിസ്മത്’ എന്ന സിനിമയിൽ അശോക് കുമാർ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഇന്ത്യൻ സിനിമയിലെ ആദ്യ വില്ലൻ എന്ന് പറയാം.  എൺപതുകളുടെ ഒടുക്കം വരെ പ്രതിനായകൻ നായകന്റെ അപരദ്വന്ദ്വവും ഒടുക്കം നായകനാൽ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒന്നായി നിലകൊണ്ടു. നീണ്ട നാല്പത് വർഷത്തെ പ്രതിനായകത്വം പുതിയൊരു രൂപം പ്രാപിച്ചു നായകൻ അത് മാത്രമല്ലാതായി മാറി. അവനിൽ പ്രതിനായകനും കുടികൊള്ളാൻ തുടങ്ങി. ഈ പ്രതിനായകത്വം നന്നായി ഉപയോഗിച്ചാണ് ഹിന്ദി സിനിമയിൽ അമിതാഭ് ബച്ചൻ വെന്നിക്കൊടി പാറിച്ചത്. മലയാളസിനിമയിൽ ജയനും മോഹൻലാലും താരങ്ങളായത് ഇതേ അംശം കൊണ്ട് തന്നെ.‘ബാസീഗറി’ൽ ഷാരൂഖ് ഖാനും ‘ധൂം 2’ൽ ഹ്യത്വിക് റോഷനും ‘യുവ’യിൽ അഭിഷേക് ബച്ചനും നായക-പ്രതിനായകദ്വന്ദ്വങ്ങളെ ഒരേ സമയം വഹിക്കുന്നു.
         
      എഴുപതുകളുടെ ഒടുക്കത്തിൽ കടന്നു വന്ന ‘രോഷാകുലനായ ചെറുപ്പക്കാര‘ന്റെ പ്രതാപകാലം എൺപതുകൾ ആയിരുന്നു. പ്രതികാരദാഹിയായ നായകന്റെ അരങ്ങേറ്റം എൺപതുകളിലെ ഇന്ത്യൻ സിനിമയെ വയലൻസിൽ മുക്കി. ഹിന്ദിയിൽ അമിതാഭ് ചെയ്യുന്നത് തമിഴിൽ രജനികാന്തും കമലും മലയാളത്തിൽ ജയനും സുകുമാരനും ആവർത്തിച്ചു. ഇന്ത്യൻ ‘മസാല’ സിനിമ എന്ന പുതിയ ജനുസ്സിന്റെ സ്യഷ്ടിക്ക് കൂടി ജന്മം നൽകി വയലൻസും സെക്സും. 1982 ലെ ‘ശക്തി’ ഈ മസാലജനുസ്സിന്റെ മികച്ച ഉദാഹരണം ആയിരുന്നു. ‘ശക്തി‘യിലെ നായകൻ സദ്ഗുണ സമ്പന്നനേ അല്ല. നീതിമാനായ പോലീസ് ഓഫീസർ പിതാവിന്റെ ക്രിമിനൽ ആയ മകൻ ആണിവിടെ നായകൻ. പിതാവിന്റെ എതിർഗുണങ്ങൾ എല്ലാമുള്ള മകൻ ഒടുവിൽ പിതാവിന്റെ രക്ഷയ്ക്കെത്തുന്നു. ‘ശക്തി’യുടെ പ്രമേയം ഒട്ടെല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും പിന്നീട് കടന്നു വരുന്ന ഒന്നാണ്.ഇന്ത്യൻ സിനിമയിൽ വയലൻസിന്റെ വിത്തുവിതച്ച ‘ഷോലെ’യുടെ അവസാനത്തിൽ വില്ലനെ വധിക്കുന്ന രംഗം വെട്ടിമാറ്റിയ സെൻസർ ബോർഡ് നിർദ്ദേശിച്ചതു പ്രകാരം കഥാന്ത്യത്തിൽ രംഗത്തെത്തുന്ന പോലീസ് വില്ലനെ മരണത്തിൽ നിന്ന് രക്ഷിക്കുന്ന രംഗം  ആണ് സിനിമയിൽ ഉൾപ്പെടുത്തിയത്. എന്നാൽ എൺപതുകളിലെ ഇന്ത്യൻ സിനിമയിൽ വയലൻസ് എല്ലാ അതിരുകളും കടക്കുകയായിരുന്നു.
    
നായകൻ പടിയിറങ്ങിയിട്ടില്ല!

    തൊണ്ണുറുകൾ മുതൽക്കിങ്ങോട്ടുള്ള ഇന്ത്യൻ സിനിമ നാം മുൻപ് വിശകലനം ചെയ്ത രീതിയിലുള്ള നായകഘടനകളെല്ലാം ഉൾക്കൊള്ളുന്നുണ്ട്. സർവശക്തനും സൽഗുണസമ്പന്നനും ആയ നായകന്റെ  സ്വാധീനം ഇന്നും ഇന്ത്യൻ സിനിമയിൽ ശക്തമായിത്തന്നെ നിലനിൽക്കുന്നു. അതു പോലെ തന്നെ അറുപതുകൾ സമ്മാനിച്ച റൊമാന്റിക് ഹീറോയും മരിച്ചിട്ടില്ല.  എൺപതുകളുടെ അവസാനത്തിൽ ഹിന്ദി സിനിമയിൽ പുനരാംഭിച്ച് പ്രാദേശികസിനിമകളെയും സ്വാധീനിച്ച റൊമാന്റിക്/പ്രണയ തരംഗം ഇന്നും കെട്ടടങ്ങിയിട്ടില്ല,പ്രണയസങ്കല്പങ്ങൾക്ക് വലിയ തോതിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും. ചുരുക്കത്തിൽ ഇന്ത്യൻ സിനിമയിൽ ഒരിക്കലും ഉടഞ്ഞുപോകാത്ത നായകർ രണ്ട് തരക്കാരാണ്: സർവശക്തരും റൊമാന്റിക്കുകളും.

      മേൽ പറഞ്ഞ രണ്ട് തരക്കാരുമല്ലാതെ പരമ്പരാഗത നായകത്വത്തെ തകർക്കുന്ന പുതിയ നായകന്മാരും ഇന്ന് സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. അവർ നന്മയുടെ പ്രതിരൂപങ്ങളൊന്നുമല്ല,പലപ്പോഴും അവർ കപടത എടുത്തണിയുന്ന ‘നായകരാ‘ണ്.പണത്തിനു വേണ്ടി എന്തു ചെയ്യാനും മടിയ്ക്കാത്തവരാണ് ഇവരിൽ ചിലർ. ഇവർക്ക് മുൻപിൽ ‘പ്യാസ’യിലെ വിജയ് വെറും വിഡ്ഡിയായി മാറുന്നു. ‘ഗോൽമാൽ’,‘ഹൌസ്ഫുൾ’,എന്നിവയിലെ നായകന്മാർ, മലയാളത്തിലെ ആസ്ഥാന ബഫൂൺ താരമായ ദിലീപിന്റെ നായകന്മാർ, പ്രിയദർശന്റെ കോമാളി നായകന്മാർ എന്നിവരെപ്പോലെയുള്ള മറ്റൊരു കൂട്ടർ ശുദ്ധ ബഫൂണുകളാണ്, എഴുപതുകളിൽ നായകത്വത്തിന്റെ മുദ്രയായി ഒരിക്കലും സങ്കൽ‌പ്പിക്കാനേ കഴിയാത്ത കാര്യം.
      
          ഇങ്ങനെയൊക്കെ ആണെങ്കിലും പരമ്പരാഗത നായകൻ ഇന്നും പടിയിറങ്ങിയിട്ടില്ല, സാധാരണ പ്രേക്ഷകന്റെ മനസ്സിൽ നിന്ന്. തമിഴ്,തെലുങ്ക് ചിത്രങ്ങളിൽ സർവശക്തനും തെറ്റുപറ്റാത്തവനുമായ നായകൻ ഇന്നും അരങ്ങ് വാഴുന്നു.സമകാലിക മലയാളസിനിമയിലും പരമ്പരാഗത നായകസങ്കൽ‌പ്പങ്ങൾക്ക് വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ല.
         തൊണ്ണൂറുകളിൽ ആരംഭിച്ച ഉദാരവത്കരണവും ഹിന്ദുത്വ ദേശീയതയുടെ വളർച്ചയും നായകത്വത്തെയും സ്വാധീനിക്കുകയുണ്ടായി.വളർന്നു വരുന്ന മധ്യവർഗ കുടുംബങ്ങളുടെ യാഥാസ്ഥിതിക സ്വഭാവത്തെ തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയായിരുന്നു ചോപ്ര-ജോഹർ ദ്വയം.അവരുടെ നായകന്മാർ ആഗോളവത്കരണകാല നായകരുടെ മികച്ച മാത്യക പ്രദർശിപ്പിക്കുന്നു.അവർ ‘തിളങ്ങുന്ന‘ ഇന്ത്യയുടെ നായകരാണ്.ദാരിദ്യം ഒരു വിഷയമേ അല്ല അവരുടെ ജീവിതത്തിൽ.ഈ പുതിയ നായകൻ ലോകത്തിലെ ഏതു കോണിലും ജീവിയ്ക്കാൻ കഴിവുള്ളവനാണ്. വിലകൂടിയ മദ്യങ്ങൾ,കാറുകൾ,പെണ്ണുങ്ങൾ എല്ലാം അവനും കരഗതം.

       ‘രാജാ ഹരിശ്ചന്ദ്ര’യിലെ നായകൻ നൂറ് വർഷത്തെ പരിണാമങ്ങൾക്ക് വിധേയനായി  ‘യന്തിരനാ’യി തിരശ്ശീലയിലെത്തുമ്പോൾ ആ നായക സങ്കല്പത്തിന്റെ കാലത്തിലൂടെയുള്ള  യാത്ര സംഭവബഹുലത നിറഞ്ഞതാണ്, ആഴത്തിലുള്ള പഠനം ആവശ്യപ്പെടുന്ന ഒന്ന്. നൂറ്റാണ്ടിന്റെ ആഘോഷങ്ങൾ അത്തരത്തിലുള്ള ഗൌരവമേറിയ പഠനങ്ങൾക്ക് വഴിതുറക്കും എന്ന് പ്രത്യാശിക്കാം.

Tuesday, February 5, 2013

എന്തിനാണ് ഖാതാസിലെ മുത്തശ്ശി കഞ്ചാവ് വളർത്തുന്നത്?

                                                                                    

ഖാതാസിലെ മുത്തശ്ശി കഞ്ചാവ് വളർത്തുന്നു
                                                                                                                                       
ഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പിലെ സ്വാസിലാണ്ട് എന്ന ദരിദ്രരാജ്യത്തിലെ ഖാതാസിലെ എന്ന മുത്തശ്ശിയ്ക്ക് മുൻപിൽ വിധി ഒരുക്കിയത് വലിയ ഒരു ബാധ്യതയായിരുന്നു, എയ്ഡ്സ് രോഗബാധിതരായി മരണപ്പെട്ട തന്റെ 3 പെണ്മക്കളുടെ 11 കുഞ്ഞുങ്ങളുടെ സംരക്ഷണം. 
          എച്ച്.ഐ.വി ബാധയുടെ കാര്യത്തിൽ ലോകത്തേറ്റവും കൂടിയ നിരക്കുള്ള സ്വാസിലാണ്ട് ആഫ്രിക്കയിൽ  രാജഭരണം  നടക്കുന്ന ഏകരാഷ്ട്രമാണ്. ആന്റി റെട്രോവൈറൽ മരുന്നുകളുടെ തീവ്രമായ ഉപയോഗം  എയ്ഡ്സ് മൂലമുള്ള മരണനിരക്കിൽ നല്ല കുറവുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇന്നും എച്ച്.ഐ.വി ബാധിതർ ഇല്ലാത്ത ഒറ്റ കുടുംബം പോലുമില്ല സ്വാസിലാണ്ടിൽ എന്നതാണ് വസ്തുത.
        തന്റെ അനാഥക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ യാതൊരു മാർഗവും തുറന്നു കിട്ടിയില്ല ഖാതാസിലെയ്ക്ക് , ‘സ്വാസി സ്വർണ‘ത്തെ കണ്ടെത്തുന്നത് വരെ.

പട്ടിണിയകറ്റാൻ ‘സ്വാസി ഗോൾഡ്‘
    ‘സ്വാസി ഗോൾഡ്‘ എന്ന പേരിൽ അറിയപ്പെടുന്നത് ആ രാജ്യത്തിന്റെ പ്രത്യേക കാ‍ലാവസ്ഥയിൽ വളരുന്നതും അയൽരാജ്യമായ ദക്ഷിണാഫ്രിക്കയുടെ മയക്കുമരുന്ന് വിപണിയിലെ വിലയേറിയ മുതലുമായ കഞ്ചാവ് ഇനം ആണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ദക്ഷിണാഫ്രിക്കയിലെ മയക്കുമരുന്നുപയോഗം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. ഈ ആവശ്യം നിറവേറ്റുന്നത് സ്വാസിലാണ്ടിലെ കഞ്ചാവ് ക്യഷിയിൽ നിന്നുമാണ്. 1.4 ദശലക്ഷം ആളുകൾ മാത്രം ജീവിക്കുന്ന കൊച്ചുരാഷ്ട്രമായ സ്വാസിലാണ്ടിൽ അതിനേക്കാൾ 180 മടങ്ങ് വലുപ്പമുള്ള,കഞ്ചാവിന്റെ മറ്റൊരു വലിയ ഉത്പാദകരായ ഇന്ത്യയിലേക്കാൾ കൂടുതൽ സ്ഥലം കഞ്ചാവ് ക്യഷിക്കുപയോഗിക്കുന്നു എന്നത് ആ സ്വാസി ഗോൾഡിന്റെ വ്യാപകമായ ക്യഷിയെ സൂചിപ്പിക്കുന്നു.

      തന്റെ കുഞ്ഞുങ്ങളെപ്പോറ്റാൻ നമ്മുടെ മുത്തശ്ശി തിരഞ്ഞെടുത്ത വഴി സ്വാസിലാണ്ടിലെ പിഗ്സ് പീക്ക് എന്ന പ്രദേശത്തുള്ള ഒട്ടേറെ കുടുംബങ്ങളുടെ ഉപജീവനമാർഗം തന്നെയായിരുന്നു, സ്വാസി ഗോൾഡ് എന്ന കഞ്ചാവിനം ക്യഷി ചെയ്യുക എന്നത്. അങ്ങനെ കൊടുകാടിനകത്തെ ഒരു വിദൂരമായ കുന്നിൻ പുറത്ത് ഖാതാസിലെ മുത്തശ്ശി സ്വാസി ഗോൾഡിന്റെ ആദ്യ വിളവിറക്കി.

       2007 ൽ ആണ് ഖാതാസിലെയുടെ മകൾ തന്റെ ഇരുപത്തിനാലാം വയസ്സിൽ എയ്ഡ്സ് രോഗത്താൽ മരണമടഞ്ഞത്.അവൾ ബാക്കിയാക്കിയിട്ടു പോയത് നാല് കുഞ്ഞുങ്ങളെയായിരുന്നു.രണ്ട് വർഷത്തിനു ശേഷം മറ്റൊരു മകൾ കൂടി യാത്രയായി. അവളുടെ കുഞ്ഞുങ്ങളുടെ എണ്ണം മൂന്ന്. 4 കുഞ്ഞുങ്ങളെ അമ്മയെ ഏൽ‌പ്പിച്ച് മൂന്നാമത്തെ മകളായ നോംസയുടെ മരണം പിന്നെയും രണ്ട് മാസം കഴിഞ്ഞായിരുന്നു. മുത്തശ്ശിയുടെ ഒറ്റമുറിക്കുടിലിൽ അങ്ങനെ 11 പേരും വളരാൻ തുടങ്ങി.പട്ടിണി മാത്രം കൂട്ട്.

വലിയ ചങ്ങലയിലെ ചെറുകണ്ണി
       അഫ്ഘാനിസ്ഥാനിലെ പോപ്പി കർഷകരെപ്പോലെയോ ലാറ്റിൻ അമേരിക്കയിലെ കൊക്ക കർഷകരെപ്പോലെയോ താനും മയക്കുമരുന്ന് ക്യഷി എന്ന വലിയ കച്ചവട ശ്യംഖലയിലെ കണ്ണിയാണ് എന്ന കാര്യം  ഖാതാസിലെയ്ക്കറിയില്ല. തന്റെ കുഞ്ഞുങ്ങളുടെ പട്ടിണിയകറ്റുന്നതിനും അവരെ സ്കൂളിലയയ്ക്കുന്നതിനും അവർ ആ ക്യഷി ചെയ്യുന്നു, അത്രമാത്രം. അഫ്ഘാനിസ്ഥാനിലെന്ന വണ്ണം ഇവിടെയും ദാരിദ്യമാണ് മുഖ്യപ്രതി. സ്വതവേയുള്ള ദാരിദ്യത്തിന്റെ തീയിലേക്ക് കൂടുതൽ ഇന്ധനം പകർന്ന എയ്ഡ്സ് ദുരന്തം കൂടിയായപ്പോൾ അവസ്ഥ കൂടുതൽ പരിതാപകരമാകുകയും ചെയ്തു.
           മറ്റ് വിളകൾ ക്യഷിചെയ്യാനുള്ള സാഹചര്യത്തിന്റെ കുറവ് തന്നെയാണ് പിഗ്സ് പീക്കിലെ ഗ്രാമീണരെ കഞ്ചാവ് ക്യഷിയിലേക്ക് നയിക്കുന്ന ഘടകം എന്ന് പറയുന്നു അവർ. വനപ്രദേശമായതിനാൽ അവർ നടുന്ന ചോളമോ കാബേജോ കുരങ്ങുകൾക്ക് ഭക്ഷണമായിത്തീരുന്നു. കൂടാതെ മഴയെ മാത്രം ആശ്രയിച്ച് ക്യഷിയിറക്കുന്ന  ആ നാട്ടിലെ മണ്ണിൽ നന്നായി വളരുന്ന വിളകളും കുറവാണ്.തൊഴിലില്ലായ്മ രൂക്ഷമായ ഗ്രാമപ്രദേശങ്ങൾ വിട്ട് യുവാക്കൾ രാജ്യത്തിലെ വലിയ നഗരങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു.ഗ്രാമങ്ങളിൽ ശേഷിക്കുന്നത് കുറെ അനാഥക്കുഞ്ഞുങ്ങളും അവരെ സംരക്ഷിക്കാൻ ബാക്കിയായ ഖാതാസിലെയെപ്പോലുള്ള സ്ത്രീകളും മാത്രം. എയ്ഡ്സ് രോഗബാധിതരായ മാതാപിതാക്കളുടെ മരണം അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വ്യദ്ധരായ മുത്തശ്ശിമാരെ നിർബന്ധിതരാക്കുന്ന സാഹചര്യം. തങ്ങളുടെ വാർദ്ധക്യത്തിൽ അവർക്ക് വീണ്ടും ആ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്.

ക്യഷി ദുഷ്കരം
       ഖാതാസിലെയെപ്പോലുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ ക്യഷി അത്ര എളുപ്പമുള്ള സംഗതിയല്ല. അനുയോജ്യമായ ക്യഷിയിടം കണ്ടെത്തൽ ദുഷ്കരം തന്നെയാണ്.ക്യഷിയിടം വിളയ്ക്കായി ഒരുക്കുക എന്നതും വ്യദ്ധരായ ഇവരെ സംബന്ധിച്ച് വിഷമകരം തന്നെ.നട്ട് നനച്ച് കാവൽ നിന്ന് വിളവെടുക്കാനാകുമ്പൊൾ പോലീസും  വന്നെത്തും. വിളവെടുപ്പിനു തൊട്ടുമുമ്പെത്തുന്ന പോലീസ് വിളമുഴുവൻ കത്തിച്ച് സ്ഥലം വിടും. ഖതാസിലയുടെ മാസങ്ങൾ നീണ്ട അധ്വാനം അങ്ങനെ വ്യഥാവിലാകുകയും ചെയ്യും.
     ഇനി പ്രശ്നങ്ങളൊന്നും കൂടാതെ വിള കൊയ്താലോ , ഇടനിലക്കാർ വന്നെത്തും. വിലപേശൽ ശേഷി ഒട്ടുമില്ലാത്ത ഗ്രാമീണർക്ക് അവർ പറയുന്ന വിലയ്ക്ക് സാധനം വിൽക്കേണ്ടിയും വരുന്നു.ഇടനിലക്കാരന് സാധനം വിൽക്കുന്നില്ല എന്ന് വെച്ചാൽ തന്നെ സാധനം കൂടുതൽ സമയം സൂക്ഷിക്കാൻ സാധിക്കില്ല എന്ന പ്രശ്നം വരുന്നു.

          കഞ്ചാവ് ക്യഷിയിൽ നിന്ന് ജീവിക്കാനുള്ള വക കിട്ടുന്നുണ്ടെങ്കിലും അത് അത്ര നല്ല കാര്യമൊന്നുമല്ലെന്ന് ഖാതാസിലെക്കറിയാം.കുഞ്ഞുങ്ങളുടെ അടുത്ത വർഷത്തെ സ്കൂൾ ഫീസ് മാത്രം 400 ഡോളർ വരും. അത് സമ്പാദിക്കാൻ മറ്റൊരു വഴിയും ഇല്ല താനും.അങ്ങനെ മുത്തശ്ശി അടുത്ത വിളയ്ക്കുള്ള സ്ഥലം കണ്ടെത്താൻ കാടുകയറാൻ തുടങ്ങുന്നു.

    “ നിങ്ങൾ എന്നെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ? പട്ടിണി മനുഷ്യനെ എന്തു ചെയ്യാനും പ്രേരിപ്പിക്കും എന്ന് അതനുഭവിക്കുന്നവർക്കറിയാം.” ഖാതാസിലെ മുത്തശ്ശിയുടെ വാക്കുകൾ.