ജാഫർ എസ് പുൽപ്പള്ളി
പുരുഷനെ അവന്റെ ലൈംഗിക ചരിത്രത്തിന്റെ തുടക്കം മുതല്‍ക്ക് തന്നെ
മോഹാവേശിതനാക്കി മാറ്റിയ പെണ്ണിന്റെ മാറിടങ്ങള്‍ക്ക് അവനെ
ആകര്‍ഷിക്കാനല്ലാതെ മറ്റെന്തെല്ലാം ചെയ്യാന്‍ കഴിയും ? അവന്‍ തന്റെ
സുഖത്തിനും സ്വാര്‍ഥത്തിനുമായി അടക്കി വെച്ചിരിക്കുന്ന പെണ്ണിന്റെ
ശരീരത്തിനു പുരുഷകേന്ദ്രീക്യതമായ ഒരു സമൂഹത്തില്‍ അവളുടെ പ്രതിഷേധത്തിന്
എന്ത് സഹായമാണ് നല്‍കാന്‍ കഴിയുക? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം
കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഉക്രേനിയന്‍ ഫെമിനിസ്റ്റ് സംഘടനയായ 'ഫെമെന്‍'.
ഇറാനില്‍ ഒരു വനിത അന്യായമായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുമ്പോഴോ റഷ്യയെ
തന്റെ കിരാതഭരണത്തിന്‍ കീഴില്‍ ചവിട്ടിയരയ്ക്കുന്ന വ്‌ലാഡിമീര്‍ പുട്ടിന്‍
തങ്ങളുടെ രാജ്യം സന്ദര്‍ശിക്കുമ്പോഴോ ഒക്കെ അവര്‍ തങ്ങളുടെ കുപ്പായങ്ങള്‍
അഴിച്ചു കളയുന്നു, പ്രതിഷേധത്തിന്റെ പുതിയ വാതിലുകള്‍ ലോകത്തിനു മുന്‍പില്‍
തുറന്നിടുന്നു.
എന്താണ് 'ഫെമെന്‍'?
ഉക്രൈനിലെ സ്ത്രീകള്‍ക്കിടയില്‍ ബൌദ്ധികവും ധാര്‍മ്മികവുമായ ഗുണങ്ങള്‍
വളര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ,കീവ് സര്‍വകലാശാലയിലെ
വിദ്യാര്‍ഥിനിയായ 24 കാരി ഫെമിനിസ്റ്റ് അന്ന ഹുറ്റ്‌സുല്‍ 2008 ല്‍
ആരംഭിച്ച സംഘടനയുടെ മുന്നണിപ്രവര്‍ത്തകര്‍ അധികവും 20 നും 30 നും ഇടയില്‍
പ്രായമുള്ള സ്ത്രീകളായിരുന്നു. സ്ത്രീകളെ ചൂഷണത്തില്‍ നിന്നും
അടിച്ചമര്‍ത്തലില്‍ നിന്നും സംരക്ഷിക്കുക എന്ന ഉന്നം ഉള്‍കൊണ്ട്
പ്രവര്‍ത്തിച്ചു തുടങ്ങി 'ഫെമെന്‍'. അവര്‍ തുടങ്ങിയത് സോവിയറ്റാനന്തര
ഉക്രൈനിലെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചൂഷണത്തിനും അക്രമത്തിനും ഇരകളായ
ഒരു കാലഘട്ടത്തില്‍ ആയിരുന്നു. ഒട്ടേറെ കൊച്ചുപെണ്‍കുട്ടികള്‍
വേശ്യാവ്യത്തിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ആ കാലത്തില്‍ ഉക്രേനിയന്‍
പെണ്‍കുട്ടികളെ ലോകവ്യാപകമായി കച്ചവടം ചെയ്യുന്ന സംഘങ്ങള്‍ 'വൈവാഹിക
ഏജന്‍സി'കളുടെ മറവില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഉക്രൈനിലെ ഭരണാധികാരികള്‍ക്കും പൊതുസമൂഹത്തിനു തന്നെയും സ്ത്രീകളുടെ
നേരെയുള്ള മനോഭാവം കാണിക്കുന്നു, ഒറ്റ വനിതാ മന്ത്രി പോലുമില്ലാത്ത
കാബിനറ്റിനെ കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം : '
രാജ്യത്ത് പരിഷ്‌കാരങ്ങള്‍ കൊണ്ട് വരിക എന്നത് പെണ്ണുങ്ങളുടെ പണിയല്ല'.
ലൈംഗികത്തൊഴിലാളികളുടെ എട്ടിലൊന്ന് കോളേജ് അല്ലെങ്കില്‍ സ്‌കൂള്‍
വിദ്യാര്‍ഥിനികള്‍ ആയിരിക്കുന്ന ഒരു സമൂഹത്തെ ഭരിക്കുന്ന ഒരാളാണ് ഇത്
പറയുന്നതെന്ന് മനസ്സിലാക്കുമ്പോഴെ സ്ത്രീ പ്രശ്‌നങ്ങള്‍ക്കു നേരെയുള്ള
സമൂഹത്തിന്റെ നിലപാട് ബോധ്യമാകൂ.
ആദ്യമൊക്കെ
പരമ്പരാഗതരീതിയിലുള്ള പ്രതിഷേധങ്ങള്‍ ആയിരുന്നു അവര്‍ നടത്തിയിരുന്നത്.
അത് ജനശ്രദ്ധ പിടിച്ചു പറ്റിയതുമില്ല.എന്നാല്‍ 2009 ആഗസ്തില്‍ കീവില്‍
വെച്ച് നടന്ന പ്രതിഷേധ പ്രകടനത്തില്‍ വെച്ച് ഒക്‌സാന ഷാച്‌കൊ എന്ന
യുവപ്രവര്‍ത്തക തന്റെ മേല്‍ക്കുപ്പായം വലിച്ചൂരി മാറിടങ്ങള്‍
തുറന്നിട്ടതോടെ ഉക്രൈനിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ പുതിയ
ഒരു അദ്ധ്യായവും തുറക്കപ്പെടുകയായിരുന്നു. ഗ്രൂപ്പിന്റെ മുന്‍ നിര
പ്രവര്‍ത്തകരില്‍ ഒരാളും ഔദ്യോഗിക വക്താവുമായ ഇന്ന ഷെവ്‌ചെങ്കോ
തങ്ങളെക്കുറിച്ച് പറയുന്നത് കേള്‍ക്കുക : 'തുടക്കത്തില്‍ റാഡിക്കലായി
പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ഞങ്ങളെ
ആരും ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആളും അര്‍ഥവും
ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ശ്രദ്ധിച്ചു,എല്ലായിടത്തുംടി.വി.ചാനലുകളിലും
മാഗസിനുകളിലും നഗ്‌നരായ പെണ്‍കുട്ടികള്‍ എന്തൊക്കെയോ വില്‍ക്കുന്നു എന്ന്.
നിങ്ങള്‍ നിങ്ങളുടെ ശരീരം ആ രീതിയില്‍ കാണിക്കാന്‍ പാടില്ല,പക്ഷെ
നിങ്ങള്‍ക്ക് അതിനെ പോരാട്ടത്തിനും പ്രതിഷേധത്തിനുമായി ഉപയോഗിക്കാം.' 40
ടോപ് ലെസ് ആക്ടിവിസ്റ്റുകള്‍, 300 പ്രാദേശിക അംഗങ്ങള്‍,30000 ലധികം വരുന്ന
ഓണ്‍ലൈന്‍ അനുകൂലികള്‍, അവര്‍ നല്‍കുന്ന തുച്ഛമായ ധനസഹായം . ഇത്രമാത്രമാണ്
ഫെമെന്റെ പ്രവര്‍ത്തന മൂലധനങ്ങള്‍.
പ്രതിഷേധിക്കുന്ന ശരീരങ്ങള്‍
ആധുനിക കാലഘട്ടത്തില്‍ നഗ്‌നശരീരത്തെ പ്രതിഷേധത്തിനുള്ള ആയുധമാക്കിയതിന്റെ
ചരിത്രം നീളുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാനഡയിലെ റഷ്യന്‍
വേരുകളുള്ള തീവ്ര ക്യസ്ത്യന്‍ വിഭാഗമായ 'ഡൌകോബോര്‍' തങ്ങളുടെ
വിശ്വാസരീതികള്‍ക്കെതിര്‍ നില്‍ക്കുന്ന അവിടത്തെ ഭരണകൂടത്തിനെതിരെ നടത്തിയ
നഗ്‌ന പ്രതിഷേധങ്ങളിലേക്കാണ്. അറുപതുകളില്‍ നഗ്‌നപ്രതിഷേധങ്ങള്‍
യൂറോപ്പിലെങ്ങും പരന്നു. മ്യഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന 'പെറ്റ'
എന്ന സംഘടന യൂറോപ്പിലെമ്പാടും തങ്ങളുടെ നഗ്‌ന പ്രതിഷേധങ്ങള്‍
നടത്തിവരുന്നുണ്ട് ഇപ്പോഴും.എന്നാല്‍ തങ്ങളുടെ
അടിമത്വത്തിന്റെ,നിസ്സഹായതയുടെ ഏറ്റവും വലിയ പ്രതീകമായ സ്വന്തം ശരീരം തന്നെ
പോരാട്ടത്തിനുള്ള ആയുധമാക്കുക എന്ന ആശയവും അതിന്റെ പ്രവര്‍ത്തന
രൂപങ്ങളുമാണ് ''ഫെമെന്‍'' എന്ന പ്രസ്ഥാനത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നത്.
എന്തിനൊക്കെ നേരെ മാറിടം തിരിച്ചു ഇവര്‍?
സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാറ്റിനെയും എതിര്‍ക്കുന്നു 'ഫെമെന്‍' .
വേശ്യാവ്യത്തി വ്യാപകമാക്കുന്ന സാമൂഹിക അവസ്ഥകള്‍ക്കെതിരെയുള്ള
പോരാട്ടമാണതില്‍ പ്രധാനം . വേശ്യാവ്യത്തി നിയമവിധേയമാക്കാനുള്ള
സര്‍ക്കാരിന്റെ നീക്കത്തെ ശക്തിയുക്തം എതിര്‍ക്കുന്നു അവര്‍.2012 ലെ യൂറോ
കപ്പിന്റെ വേളയില്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള നീക്കം നടത്തിയത്
ജനമധ്യത്തില്‍ തുറന്നു കാട്ടി 'ഫെമെന്‍' അനുയായികള്‍. 'സെക്‌സ് ടൂറിസം' ആണ്
ഇവരുടെ പ്രതിഷേധത്തിനു കാരണമായ മറ്റൊരു വിഷയം. യൂറോ കപ്പിന്റെ സംഘാടകരായ
'യുവേഫ'യോട് വേശ്യാവ്യത്തി ഉക്രൈനില്‍ നിയമവിരുദ്ധമാണെന്ന്
ബോധ്യപ്പെടുത്തുന്ന സാമൂഹ്യ പ്രചരണ പരിപാടി നടത്താന്‍ ആവശ്യപ്പെട്ടു അവര്‍.
ഇതു വഴി സെക്‌സ് ടൂറിസം ലക്ഷ്യം വെച്ച് വരുന്ന ആളുകളെ
നിരുത്സാഹപ്പെടുത്താം എന്ന് കരുതി 'ഫെമെന്‍'.
സ്ത്രീയെ എന്നും കാല്‍ക്കീഴില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന
മതങ്ങള്‍ക്കെതിരെയും ഉശിരന്‍ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട് 'ഫെമെന്‍'.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെ മുഖം തിരിക്കുകയാണ് ഇസ്ലാമിക ഭരണകൂടങ്ങള്‍
എന്നും അവയെ തങ്ങള്‍ എതിര്‍ക്കുന്നു എന്നും 2012 ലെ ഒളിമ്പിക്‌സ്
വേദിയില്‍ 'ടോപ് ലെസ്' പ്രതിഷേധം നടത്തി പ്രഖ്യാപിച്ചു അവര്‍. അന്താരാഷ്ട്ര
ഒളിമ്പിക്‌സ് കമ്മറ്റിയോട് ആ മുസ്ലിം രാഷ്ട്രങ്ങളുടെ സഹായം കൈപ്പറ്റരുത്
എന്ന് 'ഫെമെന്‍' ആവശ്യപ്പെട്ടു. ഒളിമ്പിക്‌സ് വേദിയിലെ മറ്റൊരു കൌതുക
പ്രതിഷേധം 'ശരീ അത്ത് വേണ്ട' എന്ന മുദ്രാവാക്യം ഏന്തുന്ന , മുസ്ലിം
പുരുഷന്മാരുടെ വേഷമിട്ട 'ഫെമെന്‍' അനുയായികള്‍ നടത്തിയതാണ്.
ഉക്രൈനില്‍ വെച്ച് നടത്തിയ 'ഫെമെന്‍' പ്രതിഷേധങ്ങളില്‍ ഏറ്റവും
ഒച്ചപ്പാടുണ്ടാക്കിയത് 2012 ജുലൈ 26 നു മോസ്‌കോയിലെ പാത്രിയാര്‍ക്കീസ് ആയ
കിരില്‍ ഒന്നാമന്റെ ഉക്രൈന്‍ സന്ദര്‍ശനവേളയില്‍ യാന സ്ഡാനോവ എന്ന
ആക്ടിവിസ്റ്റ് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം ആയിരുന്നു. പുറകു
വശത്ത് 'കിരിലിനെ കൊല്ലുക' എന്ന് പെയിന്റ് ചെയ്ത നഗ്‌നശരീരവുമായി
ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്റെ നേര്‍ക്ക് ചാടി വീണ യാന 'പുറത്തു
പോകൂ ' എന്നുച്ചത്തില്‍ ആക്രോശിക്കുകയും ചെയ്തു. ഈ പ്രവ്യത്തിക്ക്
യാനയ്ക്ക് കിട്ടിയത് 15 ദിവസത്തെ ജയില്‍ ശിക്ഷ.
റഷ്യയിലെ ഒരു പള്ളിയില്‍ തങ്ങളുടെ പ്രതിഷേധ സംഗീതപരിപാടി നടത്തിയ പ്രസിദ്ധ
ഗായികാസംഘമായ 'പുസ്സി റയട്ടി' നെ തടവ് ശിക്ഷയ്ക്ക് വിധിച്ച നടപടിയില്‍
പ്രതിഷേധിച്ച് 2012 ആഗ്‌സ്ത് 17 ന് ഇന്ന ചെവ്‌ഷെങ്കോ എന്ന ഉശിരന്‍ ഫെമെന്‍
അനുയായിയും സംഘവും നടത്തിയ വിചിത്രമായ പ്രതിഷേധവും ഉക്രൈനില്‍ മാത്രമല്ല
ലോകമെമ്പാടും ശ്രദ്ധ നേടിയ ഒന്നാണ്.അവര്‍ അന്ന് ചെയ്തത് എന്താണെന്നോ ?
യു.എസ്.എസ്.ആറിന്റെ ക്രിസ്തുമത വിരുദ്ധ നടപടിയില്‍ രക്തസാക്ഷികളായ ആളുകളുടെ
ശവകുടീരസ്ഥലത്തുള്ള വലിയ ഒരു കുരിശ് ഒരു ചങ്ങലവാളുപയോഗിച്ച് അറുത്തിടുകയും
അതിന്മേല്‍ ക്രിസ്തു കിടന്ന രീതിയില്‍ കിടക്കുകയും ചെയ്തു ഇന്ന. ഈ
സംഭവത്തിനു ശേഷം ഫെമെന്റെ കീവിലുള്ള ആസ്ഥാനത്തിനു ചുറ്റും ഉപരോധം
തീര്‍ത്തിരിക്കുകയാണ് പോലീസ് സേന എന്ന് ആരോപിക്കുന്നു സംഘടന.
കുരിശു തകര്‍ക്കല്‍ സംഭവം ഉക്രൈനില്‍ മതവിശ്വാസികളില്‍ നിന്ന് വലിയ
പ്രതിഷേധത്തിനു കാരണമായി. ഉക്രൈനിലെ പ്രധാനപ്പെട്ട ക്രിസ്ത്യന്‍ സംഘടനയായ
ഓര്‍ത്തഡോക്‌സ് ചോയ്‌സ് ഫെമെനെ വിശേഷിപ്പിച്ചത് ' മതധ്വേഷികളായ
ക്രിസ്ത്യന്‍ വിരുദ്ധര്‍ ' എന്നായിരുന്നു. 'ഫെമെന്‍' നിരോധിക്കപ്പെടണം എന്ന
ആവശ്യവും ഉന്നയിച്ചിട്ടുണ്ട് അവര്‍. ഫിമെന്റെ പ്രധാന പ്രവര്‍ത്തന രംഗം
ഉക്രൈന്‍ ആയിരുന്നെങ്കിലും അവര്‍ പലപ്പോഴും ആ രാജ്യത്തിനു പുറത്തും
തങ്ങളുടെ 'ടോപ്പ് ലെസ്' സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ശ്രദ്ധേയമായ
ഒന്ന് 2011 നവംബറില്‍ വത്തിക്കാനിലെ സെന്റ് പീറ്റേര്‍സ് സ്‌ക്വയറില്‍
മാര്‍പ്പാപ്പയുടെ ഞായറാഴ്ച പ്രസംഗത്തിനു ശേഷം അലക്‌സാണ്ട്ര ഷെവ്‌ചെങ്കോ
എന്ന ഫിമെന്‍ ആക്ടിവിസ്റ്റ് നടത്തിയ 'ടോപ് ലെസ്സ്'
പ്രതിഷേധമായിരുന്നു.അവള്‍ വീശിയ ബാനറിലെ വാചകങ്ങള്‍ ഇതായിരുന്നു : 'ഫ്രീഡം
ഫോര്‍ വിമെന്‍'. സംഭവം നടന്ന ഉടന്‍ തന്നെ ഷെവ്‌ചെങ്കോയും അനുയായികളും
ഇറ്റാലിയന്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്തു.
എന്തു കൊണ്ട് ഇത്തരം പ്രതിഷേധങ്ങള്‍?
തങ്ങള്‍ പരമ്പരാഗത രീതിയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഒന്നും
ജനശ്രദ്ധയിലെത്താന്‍ സാധിയ്ക്കാത്തതാണ് സംഘടനയെ വിചിത്രമായ സമരരീതികള്‍
കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചത്.'സമൂഹത്തിനെ ഞങ്ങളുടെ നിലപാടുകള്‍
സ്പഷ്ടമായി അറിയിക്കാന്‍ ഞങ്ങള്‍ക്ക് ഈ മാര്‍ഗം മാത്രമേ ഉള്ളൂ.'
അസോസിയേറ്റഡ് പ്രസ്സിന് അനുവദിച്ച അഭിമുഖത്തില്‍ ഗ്രൂപ്പിന്റെ സ്ഥാപക അന്ന
ഹുറ്റ്‌സുല്‍ പറയുന്നതിങ്ങനെ : 'മിഠായി മുതല്‍ കാര്‍ വരെ വില്‍പ്പന
നടത്താന്‍ ലൈംഗികത ഉപയോഗിക്കപ്പെടുന്നു ഇന്ന്. പിന്നെന്തു കൊണ്ട് അതിനെ
രാഷ്ട്രീയ പോരാട്ടത്തിനു ഉപയോഗിച്ചു കൂടാ?ചിലപ്പോഴെങ്കിലും നിങ്ങള്‍ക്ക്
ആശയപരമായ കാരണങ്ങള്‍ക്കായി നിങ്ങളുടെ മാറിടങ്ങള്‍ ഉപയോഗിക്കേണ്ടി വരും.'
ജനപിന്തുണ, എതിര്‍പ്പ്
എന്തായാലും
ഗ്രൂപ്പിന്റെ തന്ത്രപരമായ ഈ സമരരീതി ലോകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.
പ്രസിദ്ധ മാധ്യമങ്ങളായ സി.എന്‍.എന്‍, ബി.ബി.സി,റോയിട്ടേര്‍സ്,വാള്‍
സ്ട്രീറ്റ് ജേര്‍ണല്‍ എന്നിവയെല്ലാം ഫെമെന്‍ ജനശ്രദ്ധയില്‍ വരത്തക്ക
രീതിയില്‍ പ്രതിഷേധങ്ങളുടെ ദ്യശ്യങ്ങളും വാര്‍ത്തകളും നന്നായി കവര്‍
ചെയ്യുന്നുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ വളരെ ചെറിയ ഗ്രൂപ്പ് ആണെങ്കിലും
ഫെമെന്‍ ഉക്രേനിയന്‍ സമൂഹത്തില്‍ നന്നായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് ;
ഇപ്പോഴും പറയത്തക്ക ജനപിന്തുണസ്ത്രീകളുടേത് പോലും നേടാന്‍ അവര്‍ക്ക്
സാധിച്ചിട്ടില്ല എങ്കില്‍ തന്നെയും. ഫെമെന്റെ സമരരീതികളോട് വിയോജിപ്പ്
പലര്‍ക്കുമുണ്ടെങ്കിലും പരമ്പരാഗത ഫെമിനിസ്റ്റുകള്‍ക്ക് ഇക്കാലമത്രയും
പ്രവര്‍ത്തിച്ചിട്ടും സാധിക്കാത്തത്ര സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള
അവബോധം സമൂഹത്തില്‍ സ്യഷ്ടിക്കാന്‍ അവര്‍ക്കായി എന്ന വസ്തുത നിരീക്ഷകര്‍
നിഷേധിക്കുന്നില്ല. ഇന്നിപ്പോള്‍ ഉക്രേനിയന്‍ പെണ്‍കുട്ടികള്‍ക്ക് ഫെമെന്‍
എന്നാല്‍ സ്ത്രീപക്ഷ ചിന്തയുടെ ശക്തമായ പ്രതീകം ആയി മാറിക്കഴിഞ്ഞു. ഈ
സാഹചര്യം മുതലെടുത്ത് മുന്നോട്ട് പോകാനും ഉക്രൈനു പുറത്ത് മറ്റ് യൂറോപ്യന്‍
രാജ്യങ്ങളിലും സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് അവര്‍. എതിര്‍പ്പും
നന്നായി നേരിടേണ്ടി വരുന്നുണ്ട് ഫെമെന്. കടുത്ത മതവാദികളും മുഖ്യധാരാ
രാഷ്ട്രീയക്കാരും പരമ്പരാഗത ഫെമിനിസ്റ്റുകളും അവരെ എതിര്‍ക്കുന്ന
ചേരിയിലാണ്.
നഗ്‌നത പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഗ്രൂപ്പിന്റെ സമരരീതി ,സ്ത്രീ വെറുമൊരു
ലൈംഗിക ഉപകരണം മാത്രമാണെന്നും അവളുടെ വ്യക്തിത്വം അവളുടെ ശരീരം
മാത്രമാണെന്നുമുള്ള ആശയത്തെ കൂടുതല്‍ ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്
എന്നതാണ് പ്രധാനപ്പെട്ട വിമര്‍ശനം. ഇതിനുള്ള മറുപടി ഇന്ന ചെവ്‌ഷെങ്കോയുടെ
വാക്കുകളിലുണ്ട് : 'രണ്ടോ മൂന്നോ നാളുകള്‍ കീവില്‍ താമസിച്ച്
കൊച്ചുപെണ്‍കുട്ടികളെ ഉപയോഗിക്കാനായി നൂറുകണക്കിനു ആളുകളായിരുന്നു
ഉക്രൈനില്‍ വന്നു കൊണ്ടിരുന്നത്. ഞങ്ങള്‍ പ്രതിഷേധിക്കുന്നതിനു മുന്‍പ്
ഒരാളും വേശ്യാവ്യത്തിക്കും സെക്‌സ് ടൂറിസത്തിനുമെതിരെ
ശബ്ദമുയര്‍ത്തിയിരുന്നില്ല.എന്നാല്‍ ഇന്ന് അകത്തും പുറത്തുമുള്ള
മാധ്യമങ്ങള്‍ പറയുന്നു, ഉക്രൈന്‍ എന്നത് വേശ്യകളുടെ നാടല്ല എന്നും സെക്‌സ്
ടൂറിസത്തിനെതിരെയും ലൈംഗികത തൊഴിലാക്കുന്നതിനെതിരെയും നഗ്‌നമായി
പ്രതിഷേധിക്കുന്ന പെണ്‍കുട്ടികളുടെ നാടാണ് എന്ന്.'
നവംബർ 6,2012 ന് എൻ മലയാളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്