Saturday, February 9, 2019

ജാതിമുദ്രകൾ ഇന്ത്യൻ സിനിമയിൽ

         നൂറ്റാണ്ടുകളായി   ഇന്ത്യൻ സമൂഹത്തിന്മേൽ ആഴത്തിലുള്ള സാന്നിദ്ധ്യവും അധികാരവുമുള്ള ഉള്ള  ജാതി എന്ന സാമൂഹ്യ, മത സ്ഥാപനത്തിന് മറ്റേതൊരു സാംസ്കാരികരൂപത്തിലുമെന്ന പോലെ സിനിമയിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ സ്വാധീനം,  ജാതി എന്ന മാരകശക്തിയുള്ള സമൂഹ്യയാഥാർഥ്യത്തെ ജനമനസ്സുകളിൽ ഊട്ടിയുറപ്പിക്കാൻ തന്നെയാണ് പലപ്പോഴും ഉപകരിച്ചിട്ടുള്ളത്. എങ്കിലും ജാതിയുടെ യാഥാർഥ്യം ആവിഷ്കരിച്ച സിനിമകളും അവയുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട് ഈ നൂറ് വർഷത്തിനിടെ ഇന്ത്യൻ സിനിമയിൽ. മുഖ്യധാരയിൽ നിന്ന് വിട്ടുനിൽക്കുന്ന ഈ  സിനിമകൾക്ക് അതുകൊണ്ടു തന്നെ  ജാതി യാഥാർഥ്യത്തെക്കുറിച്ചുള്ള അവബോധം പ്രേക്ഷകനിൽ സ്യഷ്ടിക്കാൻ വലിയ തോതിൽ സാധിച്ചിട്ടുമില്ല. മുഖ്യധാരാ കച്ചവടസിനിമകളിൽ ഇന്നും ജാതി ചോദ്യം ചെയ്യപ്പെടാത്ത ഒന്നാണ്. അല്ലെങ്കിൽ അത് ചോദ്യം ചെയ്യപ്പെടേണ്ട ഒന്നല്ല എന്ന് കരുതപ്പെടുന്നു. അത് ഇന്ത്യൻ സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനശിലയാണെന്ന സനാതന കാഴ്ച്ചപ്പാട് സിനിമയും പുലർത്തുന്നു എന്ന് സാരം.  ജാതിയുടെ സ്വാധീനം ഇന്ത്യൻ സിനിമയിൽ രണ്ട് തരത്തിലാണുള്ളത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: സിനിമാവ്യവസായം എന്ന സാമൂഹ്യസംവിധാനത്തിന്മേലും അത് ഉത്പാദിപ്പിക്കുന്ന സിനിമ എന്ന കലാരൂപത്തിനകത്തും. ഇവ രണ്ടും വ്യത്യസ്ത രൂപത്തിലാണ് അവയുടെ സാന്നിദ്ധ്യം പ്രകടമാക്കുന്നതെങ്കിലും അവയ്ക്ക് പരസ്പരബന്ധം ഉണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. ജാതിശ്രേണിയും അതിന്റെ അലംഘനീയതയും നന്നായി പരിപാലിക്കപ്പെടുന്ന ഇന്ത്യൻ സിനിമാവ്യവസായത്തിന്റെ ഉത്പന്നങ്ങൾ ജാതിമുദ്രകൾ പേറുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

ജാതിപ്രശ്നം ആദ്യകാലസിനിമകളിൽ

      
ഇന്ത്യൻ സിനിമ ഉരുവപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ ഇന്ത്യൻ സമൂഹം തികച്ചും സനാതനമായ ജാതിചര്യകളിൽ  മുങ്ങിക്കിടക്കുന്ന ഒന്നായിരുന്നു. സ്വാഭാവികമായും ആ വ്യവസ്ഥയെ ചോദ്യം ചെയ്യാനോ തിരുത്താനോ ഉള്ള ഒരു ശ്രമവും ആദ്യകാലസിനിമ എടുക്കുന്നില്ല. ജാതി തികച്ചും സാധാരണവും ഒഴിച്ചു നിർത്താൻ കഴിയാത്തതോ ആയ ഒന്നായി കണക്കാക്കപ്പെട്ടു. എന്നാൽ ജാതിയെക്കുറിച്ചുള്ള ആദ്യത്തെ വ്യത്യസ്ത ചിന്ത പേറുന്ന സിനിമ 1936 ലെ ‘അച്യുത് കന്യ’ യായിരുന്നു. ഹിമാംശു റായി നിർമ്മിച്ച ഈ സിനിമയുടെ സംവിധായകൻ ഫ്രാൻസ് ഓസ്റ്റൻ ആയിരുന്നു. അശോക് കുമാറും ദേവികാറാണിയും നായികാനായകന്മാരായി എത്തിയ സിനിമയുടെ പ്രമേയം റെയിൽവേ ഗാർഡിന്റെ മകളും  അയിത്തക്കാരിയുമായ കസ്തൂരിയും ബ്രാഹ്മണനായ കച്ചവടക്കാരന്റെ മകൻ മോഹനും തമ്മിലുള്ള പ്രണയം ആണ്. നിലവിലുള്ള ജാതി ശ്രേണിയ്ക്കെതിരെ ഉയരുന്ന ഈ പ്രണയത്തെ സമൂഹം പരാജയപ്പെടുത്തുന്നിടത്ത് സിനിമ അവസാനിക്കുന്നു. ജാതിക്കെതിരെയുള്ള ശക്തമായ സന്ദേശം പകർന്ന ‘അച്യുത്കന്യ’ ബോക്സാഫീസിലും വലിയ വിജയമായിരുന്നു. 1943 ലെ ‘പൻഘട്ട്’ ചർച്ച ചെയ്യുന്നത് ജാതി പ്രശ്നം തന്നെയാണ്. എല്ലാ ജാതിയിലും പെട്ട അയൽ വാസികൾക്ക് വെള്ളമെടുക്കുന്നതിനായി സ്വന്തം ചെലവിൽ കിണർ കുഴിക്കുന്ന ദുർഗാപ്രസാദ് ചതുർ വേദിയുടെ മരണശേഷം മകനായ ജമുനാപ്രസാദ് താഴ്ന്ന ജാതിയിൽ പെട്ടവർ കിണറിൽ നിന്ന് വെള്ളമെടുക്കുന്നത് തടയുന്നു.  
            
ബിമൽ റോയിയുടെ സംവിധാനത്തിൽ 1959 ൽ പുറത്തിറങ്ങിയ ‘സുജാത’യും ‘അച്യുത് കന്യ‘യ്ക്ക്  സമാനമായ കഥയാണ് പറഞ്ഞത്. 1960 ലെ കാൻ ഫിലിംഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘സുജാത’ ജാതിയുടെ കരാളതയെ ഫലപ്രദമായി ആവിഷ്കരിച്ച മികച്ച സിനിമയാണ്. ബ്രാഹ്മണ ദമ്പതിമാർ ദത്തെടുത്ത് വളർത്തുന്ന സുജാതയും അധീർ എന്ന ബ്രാഹ്മണയുവാവും തമ്മിലുള്ള പ്രണയം എല്ലാം പ്രതിബന്ധങ്ങളെയും തരണം ചെയ്ത് വിജയത്തിലെത്തുന്നതാണ് ‘സുജാത’യുടെ കഥ. ‘അച്യുത്കന്യ’ യിലെ നായികാനായകന്മാർ കുറേ കൂടി ധീരതയോടെ ജാതിസമൂഹത്തോട് പോരാടി പ്രണയത്തെ കാത്തുസൂക്ഷിക്കുന്നു. ജാതിവിരുദ്ധപ്രസ്ഥാനത്തിന്റെ പ്രവാചകനായ അംബേദ്കറിന്റെ ആശയങ്ങളുടെ സ്വാധീനം നന്നായി പ്രതിഫലിച്ച സിനിമയാണ് ‘സുജാത’. 1954 ൽ പുറത്തിറങ്ങിയ മലയാളസിനിമയായ ‘നീലക്കുയിൽ’ ചർച്ച ചെയ്യുന്നതും ഇതേ വിഷയം ആണ്. ഉന്നതജാതിയിൽ പെട്ട ഒരാളുമായുള്ള കീഴാളപ്പെൺകുട്ടിയുടെ പ്രണയം ചിത്രീകരിക്കുന്ന ‘നീലക്കുയിൽ’ ജാതി,അയിത്തം,ഫ്യൂഡലിസം  എന്നിവയ്ക്കെതിരെയുള്ള മലയാള സിനിമയിലെ ആദ്യ ആവിഷ്കാരമാണ്.നീലി എന്ന ദളിത് പെൺകുട്ടിക്കുണ്ടാകുന്ന കുഞ്ഞിനെ വളർത്തുന്ന ഉന്നതജാതിക്കാരനായ പോസ്റ്റ്മാൻ സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പ്രവർത്തി കൊണ്ട് ശബ്ദമുയർത്തുന്നു.
 
       
എഴുപതുകളിൽ പ്രാദേശിക ഭാഷാ സിനിമകളിലും ജാതി മുഖ്യപ്രമേയമായ സിനിമകൾ പിറവി കൊണ്ടു. ഗിരീഷ് കർണാട് സംവിധാനം ചെയ്ത കന്നഡ സിനിമ ‘സംസ്കാര’(1971) നൂറ്റാണ്ടുകൾ നീണ്ട ജാത്യാചാരങ്ങൾ സമൂഹത്തെ എങ്ങനെ നിശ്ചലമാക്കുന്നു എന്നത് ആവിഷ്കരിച്ചു. ജാതി രാഷ്ട്രീയത്തെ ചിത്രീകരിക്കുന്നു എന്ന കാരണം പറഞ്ഞ് സിനിമ നിരോധിക്കപ്പെട്ടെങ്കിലും പിന്നീട് അത് പ്രദർശനാനുമതി നേടുകയും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടുകയും ചെയ്തു.

       ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ‘ജൈത് രെ ജൈത്’(1977) എന്ന മറാത്തി സിനിമയിൽ ഉന്നതജാതിക്കാരിയായ നായിക ആദിവാസിയായ നായകനുമായാണ് പ്രണയത്തിലാകുന്നത്.

ഇല്ലാതാവുന്ന ജാതിപ്രമേയങ്ങൾ

    ദേശീയപ്രസ്ഥാനം, അതിന്റെ ഭാഗമായിരുന്ന അയിത്തോച്ചാടനം,മിശ്രഭോജനം തുടങ്ങിയ പുരോഗമന ആശയങ്ങളും അംബേദ്കറിനെ പോലെയുള്ള നേതാക്കളുടെ ആശയങ്ങളും പ്രവർത്തനങ്ങളും, അമ്പതുകളിലെ ഇന്ത്യൻ സിനിമയിൽ ജാതിക്കെതിരെയും അയിത്തത്തിനെതിരെയുമുള്ള പ്രമേയങ്ങൾ ആവിഷ്കരിക്കപ്പെടാൻ കാരണമായിരുന്നു. എന്നാൽ പിന്നീടുള്ള ഇന്ത്യൻ സിനിമ ജാതിപ്രശ്നത്തെ സ്പർശിയ്ക്കാൻ മടിച്ചു. ആർട്ട്,സമാന്തര സിനിമകളിൽ ജാതി മുഖ്യപ്രമേയമായവ ഉണ്ടായെങ്കിലും സാമാന്യജനതയുടെ മനസ്സിൽ അവയ്ക്കൊന്നും സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. ‘അച്യുത്കന്യ’ യെപ്പോലെയോ ‘സുജാത’യെപ്പോലെയോ മുഖ്യധാരാസിനിമകളിൽ ജാതിപ്രമേയങ്ങൾ കടന്നു വന്ന സന്ദർഭങ്ങൾ വിരളമാണ്. എങ്കിലും സത്യജിത് റായി,ശ്യാം ബെനഗൽ, ഗോവിന്ദ് നിഹലാനി,പ്രകാശ് ജാ തുടങ്ങിയവരുടെ സിനിമകൾ ജാതിയെ അപഗ്രഥിക്കാൻ ചിലപ്പോഴെങ്കിലും  ശ്രമിച്ചവയാണ്. ഇവരിൽ ശ്യാം ബെനഗൽ ആണ് ദളിത് പ്രശ്നങ്ങളിലേക്ക് കൂടുതലായി ശ്രദ്ധ തിരിച്ചത്. അദ്ദേഹത്തിന്റെ
‘നിഷാന്ത്’,‘അങ്കുർ’,‘മന്ഥൻ’ എന്നിവ ശ്രദ്ധേയമായ സിനിമകളാണ്.ഫ്യൂഡൽ ഭൂവുടമകൾ ദരിദ്രരായ ദളിതുകളെ ചൂഷണം ചെയ്യുന്നതിന്റെ നേർചിത്രങ്ങളാണ് ശ്യാംബെനഗൽ ആവിഷ്കരിച്ചത്. ഗ്രാമീണ ഇന്ത്യയിൽ നിലനിൽക്കുന്ന ജാതീയമായ വ്യത്തികേടുകളെ തുറന്നു കാട്ടുന്ന ‘അങ്കുർ’ ലക്ഷ്മി എന്ന ദളിത് യുവതിയുടെ ജീവിതമാണ് പ്രമേയമാക്കുന്നത്. ശ്യാംബനഗലിന്റെ  സിനിമകൾ ജാതിയുടെ സാമൂഹ്യവും സാ‍മ്പത്തികവുമായ വശങ്ങളെയാണ് വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്.


എൺപതുകളിലെ ചില ശ്രമങ്ങൾ

     
സത്യജിത് റായിയുടെ ‘സത്ഗതി’(1981) ജാതി പ്രമേയമായി വരുന്ന ഹിന്ദി സിനിമയാണ്.മുൻഷി പ്രേംചന്ദിന്റെ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച ‘സദ്ഗതി’ ജാതിയെക്കുറിച്ചുള്ള ഒരു സറ്റയർ ആണ്.തന്റെ മകളുടെ വിവാഹസമയം കുറിച്ചു കിട്ടുന്നതിനായി ഗ്രാമപൂജാരിയായ ബ്രാഹ്മണനെ സമീപിക്കുന്ന ദുഖി എന്ന ചെരുപ്പുകുത്തി തനിക്ക് ലഭിക്കേണ്ട സേവനത്തിനു പകരമായി പൂജാരിയ്ക്ക് വേണ്ടി ജോലി ചെയ്യാൻ നിർബന്ധിതനാകുന്നു.കടുത്ത അസുഖം മൂലം അവശനായിരുന്ന ദുഖി പൂജാരിക്കു വേണ്ടിയുള്ള ജോലിക്കിടെ മരണപ്പെടുകയാണ്.ബ്രാഹ്മണർ വെള്ളമെടുക്കാൻ പോകുന്ന കിണറിലേക്കുള്ള വഴിയിൽ മരിച്ചു കിടക്കുന്ന ദുഖിയുടെ മ്യതദേഹം ഗ്രാമത്തിനൊരു പ്രശ്നമായി മാറുന്നു. ഒടുവിൽ ബ്രാഹ്മണർ ആരും കാണാതെ മ്യതശരീരത്തിന്റെ കാലിൽ കയറിട്ട് വലിച്ച് മാറ്റി അവൻ കിടന്ന സ്ഥലം ജലം തളിച്ച് ശുദ്ധമാക്കുന്നു. ജാതീയത,അയിത്തം,ദളിതരോടുള്ള സമീപനം എന്നിവയ്ക്കെതിരെയുള്ള ശക്തമായ ആവിഷ്കാരമാണ് സത്യജിത് റായി ‘സദ്ഗതി’യിലൂടെ നടത്തിയത്.

     
ജെ.പി.ദത്തയുടെ 1985 ലെ  ‘ ഗുലാമി’ എന്ന ചിത്രം കടുത്ത ജാതിവിവേചനത്തെ തുറന്നു കാട്ടുന്ന ഒന്നാണ്. രാജസ്ഥാനിലെ ഗ്രാമങ്ങളിൽ ഫ്യൂഡൽ ജന്മികൾ പിന്നാക്കജാതിയിൽ പെട്ട കർഷകരെ ചൂഷണം ചെയ്യുന്നതും അതിനെതിരെയുള്ള അവരുടെ പ്രതിഷേധവുമാണ് ‘ഗുലാമി’യിലെ മുഖ്യപ്രമേയം.ഉയർന്ന ജാതി ഹിന്ദുക്കളെപ്പോലെ വിവാഹാവസരങ്ങളിൽ താഴ്ന്ന ജാതിയിൽ പെട്ട വരനെ കുതിരപ്പുറത്ത് കയറ്റുന്നതിനെതിരെ ഉന്നതർ പ്രതിഷേധിക്കുന്നതും അതിനെ പിന്നാക്കജാതിക്കാർ ചെറുക്കുന്നതും സിനിമയിലെ ശ്രദ്ധേയമായ രംഗങ്ങളിൽ പെടുന്നു. ഒരു ശുദ്ധ തട്ടുപൊളിപ്പൻ മസാലച്ചിത്രമായിരുന്നു ‘ഗുലാമി’ എങ്കിലും അത് ആവിഷ്കരിച്ച പ്രശ്നങ്ങൾ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് രാജ്യത്ത് കത്തിനിൽക്കുന്ന ആ വേളയിൽ ഏറെ പ്രസക്തിയുള്ളവയായിരുന്നു. തമിഴ് സിനിമയിൽ ഭാരതിരാജ,ബാലചന്ദർ തുടങ്ങിയ സംവിധായകർ ദളിത്പ്രശ്നങ്ങൾ പ്രമേയമാക്കിയിട്ടുണ്ട് ഇക്കാലത്ത്. ഭാരതിരാജയുടെ ‘മുതൽ മരിയാദൈ’(1986) താഴ്ന്ന ജാതിയിലുള്ള യുവതിയുമായി പ്രണയത്തിലാകുന്ന ഉന്നതജാതിക്കാരനായ മുതിർന്ന വ്യക്തിയുടെ കഥയാണ്.അദ്ദേഹത്തിന്റെ തന്നെ ‘വേദം പുതിത്’ (1987) ജാതിപ്രശ്നത്തെക്കുറിച്ചുള്ള വിചിന്തനമാണ് നടത്തുന്നത്. ബാലചന്ദറിന്റെ ‘തണ്ണീർ തണ്ണീർ’ ആകട്ടെ രാഷ്ട്രീയക്കാർ ഗ്രാമീണദളിതരുടെ ജീവിതത്തിൽ ഇടപെടുന്നതിന്റെ നേർചിത്രം കുടിവെള്ളക്ഷാമത്തിന്റെ വിവരണത്തിലൂടെ വളരെ ശക്തമായിത്തന്നെ വരച്ചിടുന്നു.

             മുഖ്യധാരാ ഹിന്ദി സിനിമയിൽ രാകേഷ് റോഷന്റെ ‘ജാഗ് ഉഥാ ഇൻസാൻ’ ജാതി പ്രമേയമായി വരുന്ന സിനിമയാണെങ്കിലും  മുദ്രാവാക്യസമാനമായ ആഖ്യാനവും സംഭാഷണവും അതിനെ ജനങ്ങളിൽ നിന്നകറ്റി.

സവർണതയെ പൊലിപ്പിക്കുന്ന ആഖ്യാനങ്ങൾ

    
എൺപതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളിലും മലയാളസിനിമയിൽ ആധിപത്യം പുലർത്തിയ കച്ചവടസിനിമകളിൽ വലിയൊരു ശതമാനത്തിലും വരേണ്യവർഗത്തിൽ പെട്ട കഥാപാത്രങ്ങളുടെ ഉപഗ്രഹങ്ങളായി ചുറ്റുന്ന ഉപകഥാപാത്രങ്ങളെയും സ്ത്രീകളെയും കാണാം. തമ്പുരാക്കന്മാരും കെട്ടിലമ്മമാരും നമ്പൂതിരിയും ബ്രാഹ്മണ്യവും കഥകളിയും വള്ളുവനാടൻ ആഡ്യഭാഷയും നിറഞ്ഞു നിൽക്കുന്ന കഥാന്തരീക്ഷം. ‘ആര്യനും’ ‘ദേവാസുരവും’ ‘ഹിസ് ഹൈനസ് അബ്ദുള്ള’യും ‘പൈത്യക’വും കടന്ന് മലയാളസിനിമ ‘ആറാംതമ്പുരാനി‘ലും ‘രാവണപ്രഭു‘വിലും എത്തി നിന്നു അക്കാലത്ത്. ഒരു ദളിതൻ കഥാനായകനായ, താൻ  അതു തന്നെയെന്ന് പ്രഖ്യാപിക്കുന്ന ഒറ്റ സിനിമപോലും മലയാളത്തിൽ അന്നുണ്ടായില്ല.

വില്ലന്മാരെല്ലാം ‘താഴ്ന്ന‘ ജാതിയിൽ നിന്ന്

   
ഹിന്ദി  സിനിമയിലെ ഏറ്റവും പ്രശസ്തരായ വില്ലന്മാരുടെ പേര് ശ്രദ്ധിക്കുക : ലംഗ്ഡ ത്യാഗി (ഓംകാര),ബച്ചു യാദവ്(ശൂൽ),സാധു യാദവ്(ഗംഗാജൽ),ഗുജ്ജാർ സിംഗ്(മേല) . എല്ലാവരും ‘താഴ്ന്ന’ ജാതിയിൽ നിന്നുള്ളവർ.  ഇനി പ്രസിദ്ധരായ ചില നായകന്മാരുടെ പേരുകൾ കാണുക : രാജ് മൽഹോത്ര(ദിൽ വാലെ ദുൽഹനിയ),രാഹുൽ ഖന്ന(കുച്ഛ് കുച്ഛ് ഹോത്താ ഹേ),സുരീന്ദർ സഹാനി ( രബ് നെ ബനാ ദി ജോഡി),രാജ് മാത്തൂർ(ചൽത്തെ ചൽത്തെ),രാജ് ആര്യൻ മൽഹോത്ര( മൊഹബ്ബത്തേൻ),സുന്ദർ ശ്രീവാസ്തവ( ചമത്കാർ). എല്ലാ നായകരും ഉന്നതജാതിയിൽ നിന്നുള്ളവർ. നായക-പ്രതിനായകരുടെ ഈ ജാതിസ്വത്വം കേവലം പേരുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ജീവിതരീതി, ഭാഷ,ഭക്ഷണം,വസ്ത്രധാരണം എന്നിവയിലൊക്കെ മുഖ്യധാരാസിനിമയുടെ നടപ്പുരീതികളിൽ ജാതിമുദ്രകൾ കണ്ടെത്താം. മേൽ കാണിച്ച ഉദാഹരണങ്ങൾ ഹിന്ദി സിനിമയിൽ നിന്നുള്ളവയാണെങ്കിലും  പ്രാദേശികഭാഷാചിത്രങ്ങളും ഇവ പേറുന്നുണ്ട്. നായകനെക്കൂടാതെ സിനിമയിൽ അധീശത്വം പുലർത്തുന്ന പ്രധാനകഥാപാത്രങ്ങളും ഉയർന്ന ജാതിയിൽ നിന്നുള്ളവരായിരിക്കും. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ബഹുമാ‍നം നന്നായി ലഭിക്കുന്ന ഇവർ ഒരിക്കലും താഴേക്കിടയിൽ നിന്നുള്ളവരാകില്ല. അങ്ങനെ ശർമ്മയും വർമ്മയും താക്കൂറും ഭാർഗവയും റാത്തോഡും സിംഗും പാണ്ഡെയും തേവരും,അയ്യരും,നായരും,റെഡ്ഡിയും ,നമ്പൂതിരിയും   സിനിമയിൽ സ്നേഹബഹുമാ‍നങ്ങൾ നേടുന്നവരാകുന്നു. ഇവരോടുള്ള അഭിസംബോധന അടക്കമുള്ള പെരുമാറ്റങ്ങളിൽ മറ്റ് കഥാപാത്രങ്ങൾ -ഇവരിൽ കുറേപേർ കീഴാളരായിരിക്കും-തികഞ്ഞ വിധേയത്വം പുലർത്തുന്നു. തമ്പുരാക്കന്മാരും നമ്പൂതിരിമാരും നായർ പ്രമാണിമാരും നിറഞ്ഞു നിൽക്കുന്ന  മലയാളസിനിമ പ്രാദേശികഭാഷകളിലെ മികച്ച ഉദാഹരണമാണ്.
       ഇനി നായികമാരുടെ കാര്യം . നായിക ഉന്നതജാതിയിൽ പെട്ടവളാണെങ്കിൽ സൌന്ദര്യം,ഐശ്വര്യം,ഉയർന്ന വിദ്യാഭ്യാസം,ഉന്നതമൂല്യങ്ങൾ എന്നിവയുള്ളവളായിരിക്കും. അവളെ പ്രണയിക്കുന്ന താഴ്ന്ന ജാതിയിൽ പെട്ട നായകൻ,അവളെപ്പോലുള്ള ഒരു പെണ്ണിനെ ലഭിക്കാൻ വലിയ ഭ്‍ാഗ്യം ചെയ്യേണ്ടതുണ്ട് എന്നത് വളരെ ക്യത്യമായി പറയുന്നു. അവളുടെ ഗുണങ്ങളൊക്കെ അവളുടെ ജാതി നൽകിയവയാണ്,അവനോ അവന്റെ ജാതി നൽകിയവയെ തിരസ്കരിച്ച് അവളുടെ ജാതി മേന്മ അംഗീകരിച്ച് ഒടുവിൽ അവളെ നേടുന്നു. 

അടക്കിവാഴുന്ന ഉന്നതജാതിക്കാർ
   
സിനിമ എന്ന കലാരൂപത്തിനകത്തു മാത്രമല്ല അതിന്റെ സ്യഷ്ടാക്കളായ നിർമ്മാതാക്കൾ,തിരക്കഥാക്യത്തുക്കൾ,സംവിധായകർ,താരങ്ങൾ തുടങ്ങിയവരെല്ലാം ഉന്നതജാതിശ്രേണിയിൽ നിന്നുള്ളവരാണ് ഇന്നും ഇന്ത്യൻ സിനിമാരംഗത്ത്.ഇതു കൊണ്ട് കൂടിയാണ് ജാതിയെ വെല്ലുവിളിക്കുന്ന,അതിന്റെ സ്വാധീനത്തെ അപഗ്രഥിക്കുന്ന സിനിമകൾ ഇന്നും ഉണ്ടാകാത്തത് എന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ തള്ളിക്കളയേണ്ടവയല്ല. കെ.എൽ.സൈഗാൾ മുതൽ അർജുൻ കപൂർ വരെയും ത്യാഗരാജഭാഗവതർ മുതൽ വിജയ് വരെയും നാഗേശ്വരറാവു മുതൽ അല്ലു അർജ്ജുൻ വരെയും തിക്കുറിശ്ശി മുതൽ ഫഹദ് ഫാസിൽ വരെയും  നീളുന്ന വിവിധ ഭാഷാ സിനിമകളിലെ നായകനടന്മാരിൽ താഴ്ന്ന ജാതിക്കാർ വിരളമാണ്. ദേവികാ റാണി മുതൽ പരിണീതി ചോപ്ര വരെ നീളുന്ന നടികളുടെ കാര്യവും സമാനം തന്നെ. മലയാളത്തിലെ പ്രഥമസിനിമയായ വിഗതകുമാരനിൽ നായിക ആയഭിനയിച്ച റോസമ്മ എന്ന കീഴാളയുവതി നേരിട്ട വിഷമതകളും യാതനകളും ഓർമ്മിക്കേണ്ടതാണ്. ഈ ജാതി വിവേചനം ഇന്നും നിലനിൽക്കുന്നുണ്ടെന്ന് പ്രശസ്തരായ ഇന്ത്യൻ ചലച്ചിത്രപ്രവർത്തകർ തങ്ങൾക്കും ഉണ്ടായ അനുഭങ്ങളെ മുൻ നിർത്തി പറയുമ്പോൾ ഇന്നും  സിനിമയുടെ അണിയറയിലും വെള്ളിത്തിരയിലും ജാതി ഉണ്ട് എന്ന് കാണാം.

  ദളിത് പ്രമേയങ്ങൾ സമകാലിക സിനിമയിൽ

          
തൊണ്ണൂറുകളിൽ ദളിത്പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ ഇന്ത്യൻ സിനിമയിൽ വിരളമായി മാറി. 1994 ൽ പുറത്തിറങ്ങിയ ശേഖർ കപൂറിന്റെ ‘ബാണ്ഡിറ്റ് ക്യൂൻ’ ജാതിപ്രശ്നത്തെക്കുറിച്ചും ജാതി രാഷ്ട്രീയത്തെക്കുറിച്ചും ചില ചർച്ചാവിഷയങ്ങൾ മുന്നോട്ട് വെച്ച സിനിമയാണ്. അധ:ക്യതജാതിക്കാരിയായ ഫൂലൻ ദേവിയെ ലൈംഗികമായും സാമൂഹികമായും തകർത്ത് ഒടുവിൽ അവളെ ഒരു കൊള്ളക്കാരിയാക്കി മാറ്റുന്നത് അവൾ ജീവിക്കുന്ന ജാതിസമൂഹം തന്നെയാണ്.വടക്കെ ഇന്ത്യൻ ഗ്രാമങ്ങളിലെ ജാതിയുടെ വിനാശകരമായ ശക്തി ക്യത്യമായും കാണിച്ചു തരുന്ന ‘ബാണ്ഡിറ്റ് ക്യൂൻ’ അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ടു.

    ‘സ്വദേശ്’ എന്ന ബ്ലോക്ക് ബസ്റ്റർ ഹിന്ദി ചലച്ചിത്രത്തിൽ ‘നാസ’ യിലെ ഗവേഷകനായ ഇന്ത്യക്കാരൻ മോഹൻ ഭാർഗവിന്റെ ഗ്രാമത്തിലേക്കുള്ള വരവും ജാതീയതയുടെ പുത്തൻ രൂപങ്ങൾ ഗ്രാമത്തിൽ വെച്ച് നേരിട്ട് കണ്ടുള്ള  നടുക്കവും ചിത്രീകരിക്കുന്നുണ്ട്.

        2003 ലെ ‘ദം’ എന്ന ഹിന്ദി സിനിമ ആവിഷ്കരിക്കുന്നത് പോലീസ് ഓഫീസറാകാൻ ശ്രമിക്കുന്ന ഒരു ദളിത് യുവാവിന്റെ കഥയാണ്.  സമീപകാലത്ത് വിവാദം സ്യഷ്ടിച്ച ‘അരക്ഷൺ’(2011) എന്ന ഹിന്ദി സിനിമ ചർച്ച ചെയ്യുന്നത് സംവരണം എന്ന പ്രശ്നമാണ്. സംവരണം ഇല്ലാത്ത മേൽജാതിക്കാർ നേരിടുന്ന പ്രശ്നങ്ങൾ ആവിഷ്കരിക്കുന്ന സിനിമ ഇന്ത്യൻ ദളിത്,പിന്നാക്ക പ്രശ്നങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന ആരോപണം നേരിടുകയും വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാവുകയും ചെയ്തു.

     ഇക്കാലയളവിലെ പ്രാദേശിക സിനിമകളിലെ ദളിത് ആവിഷ്കാരങ്ങളിലേക്ക് നോക്കിയാലും അത് നമ്മെ ശൂന്യമായ ഒരവസ്ഥയാണ് കാണിച്ചു തരിക.തമിഴ്സിനിമയിൽ ഇക്കഴിഞ്ഞ ദശകത്തിൽ പുറത്തിറങ്ങിയ സുബ്രഹ്മണ്യപുരം പോലുള്ള ഗ്രാമീണ ഓഫ് ബീറ്റ് സിനിമകൾ ചർച്ച ചെയ്യുന്നത് അതേ പഴയ പ്രമേയം തന്നെയാണ് : ജീവിതം/കൊല്ലൽ, ഉയർന്നവർ/ദളിതർ,സന്തോഷം/കണ്ണുനീർ. അവ അവഗണിക്കുന്നതോ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന, ഈ രണ്ട് വ്യത്യസ്ത ആവിഷ്കാരങ്ങളിലെ സങ്കീർണ രാഷ്ട്രീയ വിവക്ഷകളെയാണ്. പരുത്തിവീരൻ,വെയിൽ,കാതൽ,വെണ്ണിലാ കബഡിക്കുഴു ദളിതർ ശരീരങ്ങൾ കൊല്ലപ്പെടുകയാണ്. ഇത് മുൻ കാലങ്ങളിൽ ഫ്യൂഡൽ ജന്മികളാൽ കൊല്ലപ്പെട്ട ദളിതരുടെ പുനരാവിഷ്കാരമാണെന്നും ആ പഴയ കൊലകളെ പുതിയ സൈക്കോളജിക്കൽ രീതി എന്ന മറയ്ക്കകത്ത് നിർത്തി വീണ്ടും ആവിഷ്കരിക്കുകയാണെന്നും എന്ന തരത്തിലുള്ള വിശകലനങ്ങൾ ഈ സിനിമകളെ സംബന്ധിച്ചുണ്ടായിട്ടുണ്ട്.

    
2011 ലെ മലയാളസിനിമ ‘മേൽ വിലാസം’ സൈന്യം പോലുള്ള ഇന്ത്യൻ അധികാര സ്ഥാപനങ്ങളിലെ  ദളിത്പീഡനത്തിന്റെ ശക്തമായ ആവിഷ്കാരമാണ്. ആഖ്യാനത്തിലും ചിത്രീകരണത്തിലും വ്യത്യസ്തത പുലർത്തിയ ‘മേൽ വിലാസം’ ഒരു ദളിത് സിനിമയെന്ന നിലയിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അടുത്തകാലത്ത് പൂർത്തിയായ മലയാളചിത്രമായ ‘പാപ്പിലിയോ ബുദ്ധ’ അതിന്റെ അക്രമാസക്തം എന്നാരോപിക്കപ്പെട്ട ദളിത്പക്ഷവായന കൊണ്ട് വിവാദമാക്കപ്പെട്ടു.ചിത്രത്തിനുള്ള പ്രദർശനാനുമതി നിഷേധിച്ച് ഭരണകൂടം അതിന്റെ തനിനിറം വെളിച്ചത്താക്കുകയും ചെയ്തു. ജയൻ ചെറിയാൻ എന്ന നവാഗതന്റെ ഈ സിനിമ ജനങ്ങളിലേക്കെത്തുകയോ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല ഇതു വരെ.


ഇനിയും തമസ്കരിക്കപ്പെടുന്ന ദളിത് പ്രമേയം
      ദളിത് പെൺകുട്ടികൾ ബലാത്സംഗത്തിനിരയാകുന്നതിൽ ഒരു കുറവുമില്ലാത്ത,അയിത്തം ഇപ്പോഴും നിലനിൽക്കുന്ന ഗ്രാമങ്ങളുള്ള, ജാതിവിവേചനത്തിനായി ചേരികളെ വേർതിരിക്കാൻ മതിലുകൾ ഉണ്ടാക്കുന്ന ഒരു രാജ്യത്തിൽ ദളിത് പ്രശ്നങ്ങളെക്കുറിച്ച് സിനിമകളുണ്ടായില്ല എന്നത് ഇന്ത്യൻ സിനിമയുടെ ജാഗ്രതക്കുറവിനെത്തന്നെയാണ് കാണിക്കുന്നത്. ഇന്ത്യൻ കച്ചവടസിനിമയാണെങ്കിൽ ജാതിയെ വളരെ വിദഗ്ധമായിത്തന്നെ അത് ഉത്പാദിപ്പിക്കുന്ന സിനിമകളിലുൾച്ചേർത്തിരിക്കുന്നു. ഇത്തരത്തിലുള്ള എല്ലാ വിവേചനങ്ങളെയും തുറന്നു കാട്ടാനായി, ചരിത്രത്തിന്റെ ഇരുളടഞ്ഞ പാതയോരങ്ങളിൽ അധ:ക്യതരായി തള്ളപ്പെട്ട ഒരു ജനതയുടെ ശബ്ദം ഇനിയെന്നാണ് അവർ ഏറെ ആസ്വദിക്കുന്ന, അവരെ ഏറ്റവും സ്വാധീനിക്കാൻ കഴിയുന്ന ഒരു കലാരൂപത്തിൽ ഫലപ്രദമായി ആവിഷ്കരിക്കപ്പെടുക എന്ന ചോദ്യത്തിനുള്ള ഉത്തരം ഇനിയും വിദൂരതയിലാണ്.

            2001 ൽ പുറത്തിറങ്ങിയ ‘ലഗാൻ’ എന്ന പീരിയേഡ് സിനിമയിൽ ഗ്രാമത്തിനു വെളിയിൽ താമസിക്കുന്ന കച്ഛട എന്ന അയിത്തക്കാരൻ കഥാപാത്രം ഉന്നതജാതിക്കാരനായ നായകനാൽ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തപ്പെടുകയാണ്. അപ്പോഴും അവന് മത്സരത്തിന്റെ ഗതിവിഗതികളിൽ യാതൊരു സ്ഥാനവും കൽ‌പ്പിക്കപ്പെടുന്നില്ല.ഇന്ത്യൻ സിനിമയിൽ ദളിതനുള്ള സ്ഥാനം ഈ സിനിമയിലെ കച്ഛട എന്ന കഥാപാത്രത്താൽ സൂചിതമാകുന്നുണ്ട്.




     












കടമെടുത്ത് മുടിഞ്ഞ ഗ്രീസ്


           2007 ൽ അമേരിക്കയിൽ ആരംഭിച്ച് ഇന്ന് ലോകസമ്പദ് വ്യവസ്ഥയെ
വിഴുങ്ങിയിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും ദയനീയചിത്രമാണ്
യൂറോപ്യൻ സംസ്ക്യതിയുടെ ഈറ്റില്ലമായ ഗ്രീസ് കാഴ്ച വെക്കുന്നത്. എൺപതുകൾ
മുതൽ ലോകമെമ്പാടും പ്രയോഗിക്കപ്പെടുകയും മുതലാളിത്തത്തിന്റെ വികാസത്തിൽ
നിർണായകമാവുകയും ചെയ്ത ലിബറൽ സാമ്പത്തിക നയങ്ങളുടെ ഏറ്റവും പുതിയ
ദുരന്തഭൂമി കൂടി ആയിരിക്കയാണിന്ന് ഗ്രീസ്.

പ്രതിസന്ധിയുടെ തുടക്കം

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുടെ കൂട്ടത്തിൽ ദ്രുതഗതിയിൽ വളരുന്ന സമ്പദ്
ഘടനയായിരുന്നു ഗ്രീസിന്റേതെങ്കിലും വരവിൽ കവിഞ്ഞുള്ള ചെലവിന്റെ
കാര്യത്തിൽ അവർ മറ്റ് രാജ്യങ്ങളെക്കാൾ മുൻപിലായിരുന്നു. പൊതുകടത്തിന്റെ
കാര്യത്തിലും അവർ മുൻനിരയിലായിരുന്നു. അവരുടെ സമ്പദ് വ്യവസ്ഥയുടെ രണ്ട്
പ്രധാനഘടകങ്ങളായ ഷിപ്പിംഗും ടൂറിസവും ഏതൊരു സാമ്പത്തികപ്രതിസന്ധിയിലും
ആദ്യം ബാധിക്കപ്പെടുന്ന മേഖലകളായത് 2007 ൽ ആരംഭിച്ച ആഗോളസാമ്പത്തിക
പ്രതിസന്ധിയിൽ ഗ്രീസിന്റെ നില പരുങ്ങലിലാക്കി. സമ്പദ് വ്യവസ്ഥയെ
രക്ഷിക്കാനായി സർക്കാർ വലിയ തോതിൽ പണമിറക്കാൻ തുടങ്ങി, പക്ഷെ അത്
ഐ.എം.എഫ് തുടങ്ങിയവരിൽ നിന്ന് കടം വാങ്ങിയാണെന്ന് മാത്രം. ബജറ്റിനേക്കാൾ
എത്രയോ മടങ്ങ് ചെലവ് അധികരിച്ച 2004 ലെ ഒളിമ്പിക്സ് നടത്തിപ്പ് പോലുള്ള
സാമ്പത്തിക പ്രവർത്തനങ്ങൾ മൂലം ക്ഷയിപ്പിച്ചു തുടങ്ങിയിരുന്ന
സമ്പദ്ഘടനയുടെ, കടമെടുത്തുള്ള നിലനിൽപ്പിന് സ്വാഭാവികമായും അധികം
ദൂരമൊന്നും പോകാൻ കഴിയുമായിരുന്നില്ല. അങ്ങനെ 2009 ന്റെ അവസാനത്തോടെ
രാജ്യം അതിന്റെ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള
സാമ്പത്തിക പ്രതിസന്ധിയിൽ അമർന്നു; ജനങ്ങളെ കൂടുതൽ
ദുരിതത്തിലാഴ്ത്തിക്കൊണ്ട്.

പൂർണ്ണമാകുന്ന തകർച്ച

ധനക്കമ്മി എന്നത് 2009 ന്റെ തുടക്കത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ
(ജി.ഡി.പി) 3.7 ശതമാനം ആയിരുന്നത് 2009 സെപ്തംബറിൽ 12.7 ശതമാനം ആയി മാറി.
മാറിമാറി വന്ന സർക്കാരുകളെല്ലാം തന്നെ രാജ്യത്തിന്റെ സമ്പദ്സ്ഥിതിയുടെ
ശരിയായ ചിത്രം മറച്ചു വെക്കുകയാണുണ്ടായത് എന്ന കാര്യം  2010 ന്റെ
തുടക്കത്തിൽ വെളിവായത് അന്താരാഷ്ട്ര ഏജൻസികളുടെ മുൻപിൽ രാജ്യത്തിന്റെ
വിലകെടുത്തുകയും ചെയ്തു. കടം നൽകിയിരിക്കുന്ന പുറം ഏജൻസികളുടെ
നിയന്ത്രണമില്ലാതെ വരവിൽ കവിഞ്ഞ് ചെലവ് ചെയ്യാൻ ഈ മറച്ച് വെക്കൽ അവരെ
സഹായിച്ചു. 2010 ൽ ധനക്കമ്മി വീണ്ടും വർദ്ധിച്ച് 13.6 ൽ എത്തി. ഇത്
ലോകരാജ്യങ്ങൾക്കിടയിലെ ഏറ്റവും വലിയ ധനക്കമ്മിയായിരുന്നു. ഇതിനിടയിൽ ആകെ
പൊതുകടം എന്നത് പെരുകി ജി.ഡി.പി യുടെ 120 ശതമാനം എന്ന അത്യന്തം ഗുരുതരമായ
സ്ഥിതിയിലെത്തി.ഗ്രീസ് അങ്ങനെ ലോകത്തേറ്റവും കടം കേറിയ രാജ്യമായി മാറി.

ജനജീവിതത്തിൽ പിടിമുറുകുന്നു

ഗ്രീസിനെ ഈ കടുത്ത പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ യൂറോപ്യൻ യൂണിയനും
ഐ.എം എഫും അവരുടെ കടത്തിൽ നിന്ന് 4500 കോടി യൂറോ
എഴുതിത്തള്ളുന്നതടക്കമുള്ള നടപടികൾക്ക് തയ്യാറായി. ഇതടക്കം 11000 കോടി
യൂറോയുടെ സഹായം ആണ് ഗ്രീസ് കൈപ്പറ്റിയത്.  സ്വാഭാവികമായും ഈ സഹായം
ഉപാധിരഹിതം ആയിരുന്നില്ല. പതിവ് പോലെ ഐ.എം.എഫ് അവരുടെ നിബന്ധനകൾ ചെലവ്
ചുരുക്കൽ,ക്ഷേമപ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കൽ, സേവനമേഖലയിൽ നിന്നുള്ള
സർക്കാരിന്റെ പൂർണമായ പിൻവാങ്ങൽ എന്നിവയിലായിരുന്നു . ഈ ഘടനാപരമായ
നിയന്ത്രണങ്ങൾ യൂറോപ്യൻ കമ്മീഷൻ,യൂറോപ്യൻ സെൻട്രൽ ബാങ്ക്, ഐ.എം.എഫ്
എന്നിവരുടെ മേൽനോട്ടത്തിലാണ് നടപ്പിൽ വരുത്തിയത്. ചെലവ് ചുരുക്കലിന്റെ
കൈകൾ ആദ്യമായി നീണ്ടു ചെന്നത് ശമ്പളത്തിലും പെൻഷനിലും
ആയിരുന്നു.സാധാരണക്കാരന്റെ കഞ്ഞിയിൽ തന്നെ മണ്ണിടുന്ന നടപടിയായി ഇത്
കലാശിച്ചു. നികുതികളുടെ വലിയ വർദ്ധനവും കൂടിയായപ്പോൾ സ്ഥിതി കൂടുതൽ
ദയനീയമായി.

തെരുവിലിറങ്ങുന്ന പൊതുജനം

കടുത്ത നടപടികളിലേക്ക് കാലെടുത്തു വെച്ച സർക്കാരിന്
അഭിമുഖീകരിക്കാനുണ്ടായിരുന്നത് വലിയ പ്രതിഷേധങ്ങളെയായിരുന്നു. ജീവിതം
വഴിമുട്ടിയ ജനങ്ങൾ തെരുവിലേക്കിറങ്ങി.
ഗ്രീസിന്റെ തെരുവുകൾ പ്രതിഷേധപ്രകടനങ്ങൾ,കലാപങ്ങൾ എന്നിവ കൊണ്ട് നിറഞ്ഞു.
സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന
നടപടികളെല്ലാം സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. സമ്പന്നര്‍ക്ക്
യാതൊരു നഷ്ടവും വരാത്ത രീതിയിലാണ് നടപടികൾ എന്നാണ് ജനതയുടെ തിരിച്ചറിവ്.
പെന്‍ഷന്‍ സമ്പദ്രായം പിന്‍വലിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യണമെന്ന
നിർദ്ദേശം ജനരോഷം ആളിക്കത്തിച്ചു.





എന്നിട്ടും തീരാത്ത പ്രതിസന്ധി

കടം കൊടുത്തവർ പറഞ്ഞ എല്ലാ നിബന്ധനകൾ പാലിച്ചിട്ടും ധനക്കമ്മി എന്നത്
കുറയ്ക്കാൻ സാധിച്ചില്ല സർക്കാരിന്. കൂടുതൽ മൂർച്ഛിച്ച ആഗോളസാമ്പത്തിക
മാന്ദ്യം പൊതുകടം എന്ന വലിയ പ്രതിസന്ധിയിൽ നിന്ന് അവരെ
കരകയറ്റിയില്ല.2011 ൽ മാത്രം 111000 കമ്പനികളാണ് തകർന്നടിഞ്ഞത്.
തൊഴിലില്ലായ്മ 48.1 ശതമാനത്തിലെത്തി.തികഞ്ഞ ദാരിദ്യത്തിൽ കഴിഞ്ഞിരുന്ന
ജനങ്ങൾ 2009 ൽ 27.6 ശതമാനം ആയിരുന്നെങ്കിൽ 2010 ൽ അത് 27.2 ആയി
ഉയർന്നു.പ്രതിസന്ധി രൂക്ഷമായ 2011 ലാകട്ടെ ജനസംഖ്യയുടെ 33 ശതമാനവും
കടുത്ത ദാരിദ്യത്തിൽ പെട്ടിരിക്കുന്നു.  2011 ഒക്ടോബറിൽ വീണ്ടും അവർക്ക്
13000 കോടി യൂറോയുടെ കൂടി കടം എഴുതിത്തള്ളാൻ തീരുമാനിച്ചു ഐ.എം.എഫ്
അടക്കമുള്ള ഏജൻസികൾ, ചെലവു ചുരുക്കൽ അടക്കമുള്ള നടപടികൾ കൂടുതൽ
കടുത്തതാക്കണമെന്ന ഉപാധിയിന്മേൽ. എന്നാൽ ഈ തുക സ്വീകരിക്കുന്നതിനായി
റഫറണ്ടം നടത്തണം എന്ന പ്രധാനമന്ത്രിയുടെ നിലപാട് ഐ.എം എഫിന്റെ കടുത്ത
സമ്മർദ്ദഫലമായി ഒഴിവാക്കപ്പെടുകയും അദ്ദേഹം തത്സ്ഥാനം രാജിവെക്കുകയും
ചെയ്തു.തുടർന്ന് അധികാരത്തിലേറിയ സഖ്യകക്ഷി സർക്കാരിന്റെ തലവൻ
ടെക്നോക്രാറ്റായ ലൂകാസ് പാപാഡിമോസിന്റെ ദൌത്യം എന്നത് ഐ.എം.എഫ്
പ്രഖ്യാപിച്ച രണ്ടാം എഴുതിത്തള്ളൽ നേടിയെടുക്കുക എന്നതാണ്. ഈ ഉദ്യമത്തിൽ
ഞെരിഞ്ഞമരുന്നത് ഇപ്പോഴെ തകർന്നടിഞ്ഞിരിക്കുന്ന ജനത തന്നെയാണ്.

Monday, February 4, 2019

കുഞ്ഞുവ്യസനങ്ങളുടെ ‘റോമ’

  ഓട് പാകിയ ഒരു തറയുടെ സമീപ ദൃശ്യത്തില്‍  നിന്നാണ് ,
മെക്സിക്കന്‍സംവിധായകന്‍  ആയ അല്‍ഫോന്‍സോ ക്വൊറോണിന്റെ  2018 ലെ ശ്രദ്ധേയ
സിനിമയായ ‘റോമ’ ആരംഭിക്കുന്നത് . തറ ആരോ കഴുകുകയാണ് , സോപ്പ് കലര്‍ന്ന
വെള്ളം ഒഴുകി വരുന്നു . വെള്ളത്തില്‍  തെളിയുന്ന ആകാശത്തിന്റെ ഒരു തുണ്ട്
, അതിലൂടെ നീങ്ങുന്ന ഒരു വിമാനം. ക്വൊറോണ്‍  പറയാന്‍  ശ്രമിക്കുന്നത്
എന്താണ് എന്നതിന്റെ സൂചന ഈ ആദ്യ ദൃശ്യത്തില്‍  തന്നെ ഉണ്ട്.

               വലിയ ഒരു സാമൂഹ്യ, രാഷ്ട്രീയ  പശ്ചാത്തലത്തില്‍ കുഞ്ഞു
മനുഷ്യരുടെ ജീവിതമാണ് റോമയിലൂടെ സംവിധായകന്‍ ആവിഷ്കരിക്കാന്‍
ശ്രമിക്കുന്നത് . 2018 ലെ വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍
നേടിയ റോമ  ക്വൊറോണിന്റെ ആത്മാംശം കലര്‍ന്ന സിനിമയാണ് , അദ്ദേഹത്തിന്റെ
ഏറ്റവും പേഴ്‌സണല്‍  ആയതും.

               തന്റെ മുന്‍  സിനിമകളായ  ‘ആന്‍ഡ് യുവര്‍ മദര്‍  ടൂ ‘ ,
‘ഗ്രാവിറ്റി’ , ‘ചില്‍ഡ്രന്‍ ഓഫ് മെന്‍ ‘ എന്നിവയില്‍  നിന്ന്
തീര്‍ത്തും വ്യത്യസ്തവും സൂക്ഷ്മവുമായ ഒരു ആഖ്യാനഭാഷയാണ് അദ്ദേഹം
റോമയില്‍  പിന്തുടര്‍ന്നിരിക്കുന്നത്. നീണ്ട പാനിംഗ് ഷോട്ടുകളിലൂടെ ആണ്
ക്വൊറോണ്‍  സിനിമയിലെ ഏതാണ്ടെല്ലാ മികച്ച ഭാഗങ്ങളും വിവരിക്കുന്നത്.
ചിത്രം ബ്ലാക്ക് & വൈറ്റില്‍  ആണ് ചിത്രീകരിച്ചിരിക്കുന്നത് . പശ്ചാത്തല
സംഗീതം ഉപയോഗിച്ചിട്ടില്ലേ ഇല്ല. സംഭാഷണങ്ങള്‍ ഏറ്റവും ആവശ്യത്തിന്
മാത്രം.



              എഴുപതുകളുടെ ആദ്യ വര്‍ഷങ്ങളിലെ മെക്സിക്കോ ആണ് സിനിമയുടെ
പശ്ചാത്തലം . പൊതുതിരഞ്ഞെടുപ്പിലൂടെ  ഏകാധിപതിയായ ഒരു പ്രസിഡന്റ്
തിരഞ്ഞെടുക്കപ്പെടുന്ന , ‘കോര്‍പ്പസ് ക്രിസ്റ്റി’ കൂട്ടക്കൊല
എന്നറിയപ്പെട്ട , പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ പട്ടാളം
കൊന്നൊടുക്കിയ  , കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍  പിടിച്ചെടുക്കുന്ന
അസ്വസ്ഥത നിറഞ്ഞ കാലം . എന്നാല്‍  ഈ വലിയ സംഭവങ്ങള്‍  എല്ലാം  തന്നെ
സിനിമയുടെ ഒരരികിലൂടെ മെല്ലെ കടന്നു പോകുന്നതേ ഉള്ളു.  സിനിമ ശ്രദ്ധ
കൊടുക്കുന്നത് മെക്സിക്കോ നഗരത്തിലെ 'കൊളോണിയ റോമ' എന്ന ജനവാസ
കേന്ദ്രത്തിലെ ഒരു ഉയര്‍ന്ന -ഇടത്തരം വീട്ടിലേക്കാണ്.

             അല്‍ഫോന്‍സോ എന്ന  ഡോക്‌ടരുടെ ആ വീട്ടില്‍  അയാളുടെ ഭാര്യ
സോഫിയ , നാല് മക്കള്‍  , സോഫിയയുടെ അമ്മ , മറ്റൊരു വേലക്കാരി എന്നിവര്‍
ആണ് താമസിക്കുന്നത് . തദ്ദേശീയ ഗോത്രവര്‍ഗക്കാരിയായ ക്ലിയോ ആ വീട്ടിലെ
വേലക്കാരിയാണ് .  തുടക്കത്തിലെ  മൂന്ന് പാനിംഗ് ഷോട്ടുകളിലൂടെ ക്ലിയോയുടെ
ദൈനംദിന ജീവിതം വരച്ചു വെക്കുന്നു സിനിമ . കാണിയ്ക്ക് പിന്തുടരാനുള്ളത്
ക്ലിയോയെ ആണ് എന്ന് ആ ആദ്യ ഷോട്ടുകള്‍  പറയുന്നുണ്ട് .   ചുറുചുറുക്കുള്ള
 യുവതിയായ ക്ലിയോ ജോലികള്‍  എല്ലാം കൃത്യമായും വൃത്തിയായും ചെയ്യുന്നു.

          ക്ലിയോയ്ക്ക് ഒരു പ്രണയമുണ്ട് , സഹജോലിക്കാരിയായ അഡേലയുടെ
കാമുകന്റെ കസിനും  ആയോധനകലയുടെ ആരാധകനുമായ  ഫെര്‍മിന്‍  ആണ് അയാള്‍. ഒരു
ദിവസം , ഒഴിവുസമയത്തില്‍  അഡേലയുടെ കൂടെ സിനിമയ്ക്ക് പോകുന്ന ക്ലിയോയെ
കൂട്ടി ഫെര്‍മിന്‍  ഒരു ഹോട്ടലില്‍  മുറിയെടുക്കുന്നു. ഫെര്‍മിനുമായി
ക്ലിയോ സെക്സില്‍  ഏര്‍പ്പെടുന്നു .



               പിന്നൊരു നാളില്‍   ഒരു തീയേറ്ററില്‍  വെച്ച് സിനിമ
കാണുന്ന  സമയത്താണ്  ക്ലിയോ ഫെര്‍മിനോട്  പറയുന്നത് താന്‍  ഗര്‍ഭിണിയാണ്
എന്ന് . അത് വരെ ചുംബനത്തില്‍  ലയിച്ചിരുന്ന ഫെര്‍മിന്‍  പെട്ടെന്ന്
ഞെട്ടുന്നു , തെല്ല് നേരം കഴിഞ്ഞ് ടോയ്‌ലറ്റില്‍  പോയി വരാം എന്ന് പറഞ്ഞ്
പുറത്തേക്ക് പോകുന്നു. സിനിമ തീര്‍ന്നിട്ടും ഫെര്‍മിന്‍  തിരികെ
വരുന്നില്ല . അയാള്‍  തന്നെ വഞ്ചിച്ചു എന്ന് ക്ലിയോയ്ക്ക് ബോധ്യമാകുന്നു.
ക്ലിയോയുടെ പ്രണയ ഭംഗം , ഫെര്‍മിന്റെ വഞ്ചന  ഇതൊക്കെ  നിശ്ശബ്ദമായും
സൂക്ഷ്മമായും വരച്ചിടുന്ന രംഗമാണ് ഇത്. സിനിമയുടെ മൊത്തം  ആഖ്യാനരീതിയുടെ
മികച്ച ഉദാഹരണവുമാണിത്.

         ക്ലിയോയുടെ യജമാനത്തിയായ സോഫിയയുടെ ദാമ്പത്യ ജീവിതവും
പ്രശ്നത്തില്‍  ആണ് . അല്‍ഫോന്‍സോ   വീട്ടിലേക്ക് വരുന്ന ആദ്യത്തെ
സീനില്‍  തന്നെ അയാള്‍ക്ക് കുടുംബവുമായി ഒത്തുപോകാന്‍  സാധിക്കുന്നില്ല
എന്നത് , തന്റെ വലിയ കാര്‍  വശങ്ങളിലെ ചുമരുകളില്‍  തട്ടാതെ വീടിന്റെ
വരാന്തയില്‍  ഒതുക്കി നിര്‍ത്താന്‍  പാടുപെടുന്ന  ഷോട്ടിലൂടെ  സിനിമ
കാണിച്ചു തരുന്നുണ്ട്. അല്‍ഫോന്‍സോ മറ്റൊരു പെണ്ണുമായി പ്രണയത്തില്‍  ആണ്
.  ഒരു മീറ്റിംഗില്‍  സംബന്ധിക്കാനായി ക്യുബെക്കിലേക്ക്  എന്ന വ്യാജേന
അയാള്‍  കാമുകിയുടെ കൂടെ കഴിയാനാണ്  പോകുന്നത്  .  ഇത് കുട്ടികള്‍
അറിയാതെ ഇരിക്കാന്‍  ഇരുവരും ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍
വീടിന്റെ മുക്കിലും മൂലയിലും പ്രവേശനമുള്ള ക്ലിയോയുടെ കാതില്‍  സംഭാഷണ
ശകലങ്ങളുടെ രൂപത്തില്‍  സോഫിയയുടെ പ്രശ്നങ്ങള്‍  എത്തുന്നുണ്ട്.

          അഡേലയുടെ കാമുകന്റെ സഹായത്തോടെ , ഫെര്‍മിന്‍ താമസിക്കുന്ന
ചേരിപ്രദേശം പോലുളള ഒരു സ്ഥലത്തേക്ക് പോകുന്നുണ്ട് ക്ലിയോ. അവളോട്
ക്രൂരമായി സംസാരിക്കുന്ന ഫെര്‍മിന്‍ കുഞ്ഞ് തന്റേത് അല്ല എന്ന് പറഞ്ഞ്
അവളില്‍ നിന്ന് പെട്ടെന്ന് മാറിപ്പോകുന്നു.

                 ക്ലിയോയ്ക്ക് യജമാനത്തിയോട് തന്റെ പ്രശ്നം
പറയാതിരിക്കാന്‍  ആകുന്നില്ല.  തന്നെ ജോലിയില്‍  നിന്ന് പുറത്താക്കും
എന്ന് ഭയപ്പെട്ടിരുന്ന ക്ലിയോയോട് സോഫിയ സൗമനസ്യത്തോടെ പെരുമാറുന്നു .
അവളെ ആശുപത്രിയില്‍  കൊണ്ട് പോയി ഡോക്‌ടറെ കാണിക്കുന്നു. ആശുപത്രിയിലെ
നവജാതശിശുക്കളുടെ വാര്‍ഡിലെ ചില്ലു ചുമരിലൂടെ കുഞ്ഞുങ്ങളെ കാണാന്‍
അമ്മനോട്ടത്തോടെ ക്ലിയോ നില്‍ക്കുമ്പോള്‍  പെട്ടെന്ന് ഒരു ഭൂമികുലുക്കം
ഉണ്ടാകുന്നുണ്ട്. വാര്‍ഡിലെ ട്യൂബ് ലൈറ്റുകള്‍  ഇളകി ആടുന്നതിന്റെ
കാഴ്ച്ച .കുഞ്ഞുങ്ങളെ എടുത്ത് നഴ്‌സുമാര്‍  ഓടുന്നു. ഒരു കുഞ്ഞിനെ
ഇട്ടിരിക്കുന്ന ഇങ്കുബേറ്ററിന്റെ മുകളില്‍  മേല്‍ക്കൂരയില്‍  നിന്ന്
അടര്‍ന്ന് വീണ കോണ്‍ക്രീറ്റിന്റെ ഭാഗങ്ങള്‍  പതിച്ചു കിടക്കുന്ന ദൃശ്യം
ക്ലിയോ കാണുകയാണ്. എന്താണെന്ന് അറിയാത്ത ഒരാശങ്ക അവളുടെ മുഖത്ത്
നിറയുന്നു. ഇവിടെയും സംവിധായകന്റെ കയ്യടക്കവും സൂക്ഷ്മമായ ആഖ്യാന രീതിയും
സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ക്ലിയോ ആയി
അഭിനയിച്ചിരിക്കുന്ന യാലിറ്റ്സ അപരാഷ്യോയുടെ ആദ്യ സിനിമയാണ് റോമ എന്നത്
അവരുടെ അഭിനയത്തെ പൊന്‍ തിളക്കം ഉളളതാക്കുന്നുണ്ട്.

          ക്ലിയോയുടെ പ്രസവ തീയതി അടുത്ത ഒരു നാളില്‍ സോഫിയയുടെ അമ്മ ,
ക്ലിയോയേയും കൂട്ടി നഗരത്തിലെ ഒരു ഫര്‍ണിച്ചര്‍  കടയില്‍   തൊട്ടില്‍
വാങ്ങാനായി ചെല്ലുന്നു. മാര്‍ഗമധ്യേ പ്രതിഷേധ പ്രകടനം നടത്തുന്ന
വിദ്യാര്‍ഥികളെ അവര്‍  കാണുന്നുണ്ട് . തെരുവിലെങ്ങും നിരന്നു
നില്‍ക്കുന്ന പട്ടാളക്കാരുടെ ഇടയിലൂടെ അവര്‍  നടന്നു പോകുന്ന പാനിംഗ്
ഷോട്ട് ഉടന്‍  വരാനിരിക്കുന്ന എന്തോ ഒന്നിന്റെ സൂചന ഉണര്‍ത്തുന്നു.
മുകള്‍നിലയിലെ  ആ കടയില്‍  തൊട്ടില്‍  നോക്കി നില്‍ക്കവേ ആണ് പെട്ടെന്ന്
താഴെ  തെരുവിലെ വിദ്യാര്‍ഥി പ്രക്ഷോഭവും വെടിവെപ്പും കാണുന്നത്.
ആയുധധാരികളായ കുറേ ആളുകള്‍   പ്രക്ഷോഭകരെ ആക്രമിക്കുകയാണ്. കടയില്‍  ,
ചകിതരായി നില്‍ക്കുന്ന ആളുകളുടെ ഇടയിലേക്ക് പെട്ടെന്ന് ഒരു യുവാവും
യുവതിയും ഓടി വരുന്നു , പിറകെ കുറേ തോക്കുധാരികളും. ഒളിച്ചിരിക്കാന്‍
ശ്രമിക്കുന്ന യുവാവ് വെടിയേറ്റ് വീഴുന്നു. ഭയന്ന് ഒച്ച പോലും പുറത്ത്
വരാതെ നില്‍ക്കുന്ന ക്ലിയോയുടെ നിറവയറിന്‍നേരെ ചൂണ്ടുന്ന തോക്കിന്റെ
ഉടമസ്ഥനിലേക്ക് ക്യാമറ തിരിയുമ്പോളാണ് നാം തിരിച്ചറിയുന്നത് അത്
ഫെര്‍മിനാണെന്ന്. തോക്ക് പിന്‍വലിച്ച് അയാള്‍  തിരിഞ്ഞോടിപ്പോകുന്നു.
ആശുപത്രിയില്‍വെച്ച് ക്ലിയോയെ പിടികൂടുന്ന ആശങ്ക ഇവിടെയും അവളെ
പൊതിയുന്നു. ആ സീന്‍ തീരുന്നത് ക്ലിയോയുടെ കാലുകള്‍ക്കിടയിലൂടെ
ഒലിച്ചിറങ്ങുന്ന ആംനിയോട്ടീക് ദ്രവത്തിന്റെ കാഴ്ച്ചയിലേക്കാണ്. സിനിമയിലെ
ഏറ്റവും ഉദ്വേഗം നിറഞ്ഞ സീനുകളില്‍  ഒന്നായ ഇതും ആവിഷ്കരിച്ചിരിക്കുന്നത്
നീണ്ട പാനിംഗ് ഷോട്ടുകളീല്‍ കൂടിയാണ്.

                   സംഘര്‍ഷം നിറഞ്ഞ തെരുവില്‍  നിന്നും ആശുപത്രിയില്‍
എത്തിക്കപ്പെടുന്നു ക്ലിയോ. പ്രസവമുറിയിലെ പിരിമുറുക്കവും ആശങ്കയും
നിറഞ്ഞു നില്‍ക്കുന്ന രംഗങ്ങള്‍. സ്വാഭാവിക പ്രസവം നടക്കാത്തതിനാല്‍
ഓപ്പറെഷന്‍  തീയേറ്ററിലേക്ക് മാറ്റുന്നു അവളെ. നീണ്ട വേദനയ്ക്കൊടുവില്‍
കുഞ്ഞിനെ പുറത്തെടുക്കുന്നു. അതൊരു പെണ്‍കുഞ്ഞായിരുന്നു, എന്നാല്‍ അവള്‍
മരിച്ചു കഴിഞ്ഞിരുന്നു. ഒരു ഡോക്ടര്‍  കുഞ്ഞിനെ ക്ലിയോയുടെ ഒരു
വശത്തായുള്ള മേശപ്പുറത്ത് വെച്ച് തുടച്ചെടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ്
ക്ലിയോയുടെ നെഞ്ചില്‍കൊണ്ട് വെച്ച് പറയുന്നു : ‘ക്ലിയോ ഇതാണ് നിന്റെ
കുഞ്ഞ്, അവളോട് വിട പറയൂ’ അത് വരെ വേദനയിലും ഏങ്ങലടിയിലും ആയിരുന്ന
ക്ലിയോ പെട്ടെന്ന് ഒരു കരച്ചിലിലേക്ക് വീഴുന്നു. അവള്‍ കുഞ്ഞിനെ
കയ്യില്‍വാങ്ങി നെഞ്ചോട് ചേര്‍ത്ത് വെക്കുന്നു. ഒന്നും പറയാന്‍കഴിയാതെ
കരച്ചിലിലൂടെ മാത്രം കുഞ്ഞിനോട് വിട പറയുന്നു ക്ലിയോ. ‘റോമ’ യിലെ ഏറ്റവും
വികാരോജ്വലവും ഒരു പക്ഷെ സമകാലിക സിനിമയിലെ തന്നെ ഏറ്റവും മനോഹരവും
സമര്‍ഥവുമായ ഷോട്ട് ആണ് ഇത്.


                  ഇത്രയ്ക്ക് ആത്മസംഘര്‍ഷം നിറഞ്ഞ രംഗങ്ങളിലും ക്യാമറ
അത്രയ്ക്കൊന്നും വേവലാതി കാട്ടാതെ ശാന്തമായി എല്ലാം പകര്‍ത്തുന്നു.
മറ്റേതൊരു സിനിമയിലും   എത്രയോ എണ്ണം കട്ടുകള്‍  , ക്യാമറയുടെ
ധ്രുതചലനങ്ങള്‍  , തീവ്രതയാര്‍ന്ന പശ്ചാത്തല സംഗീതം എന്നിവ കൊണ്ട്
സംഘര്‍ഷം ആവിഷ്കരിക്കുമായിരുന്ന ഈ ഷോട്ടുകള്‍   അതൊന്നും ഇല്ലാതെ തന്നെ
ഏറ്റവും ദുഖാര്‍ദ്രവും സംഘര്‍ഷ ഭരിതവും ആക്കാന്‍ സംവിധായകന് കഴിയുന്നത്
ആവിഷ്കാരത്തില്‍പുലര്‍ത്തുന്ന സൂക്ഷ്മതയും കയ്യടക്കവുമാണ്. ‘ഓരോ കട്ടും
നുണയാണ് ‘  എന്ന ഗൊദാര്‍ദിയന്‍ സങ്കല്പം സിനിമയുടെ എഡിറ്റിംഗിനെ നന്നായി
സ്വാധീനിച്ചിട്ടുണ്ട്. കട്ടുകള്‍  ഏറ്റവും കുറച്ച് , നീണ്ട പാനിംഗ്
ഷോട്ടുകളിലൂടെ ‘റോമ’ ആവിഷ്കരിക്കുന്നത് , കുറച്ച് കുഞ്ഞു മനുഷ്യരുടെ
ജീവിതവും ദു:ഖവും ദുരന്തങ്ങളും ആണ്. സമകാലിക ലോകസിനിമയിലെ ഏറ്റവും തനതും
അനന്യവുമായ ആവിഷ്കാര ശൈലി തന്നെയാണ് ‘റോമ’ യിലൂടെ ക്വൊറോണ്‍ കാഴ്ച
വെയ്ക്കുന്നത്. ‘കാണേണ്ട’ സിനിമ ആണ് ‘റോമ’ . സിനിമ എന്ന കലാരൂപത്തിലേക്ക്
കാലം കെട്ടി വെച്ച ഒട്ടേറെ അനാവശ്യ അലങ്കാരങ്ങളെ നിര്‍ദ്ദയം
പറിച്ചെറിഞ്ഞ് കളയുന്നുണ്ട് ഈ സിനിമ.

                      ‘റോമ’ ദു:ഖത്തില്‍ ഒടുങ്ങുന്ന ഒരു സിനിമയല്ല.
എല്ലാ ദുരിതങ്ങള്‍ക്കിടയിലും ജീവിതത്തെ തിരിച്ചു പിടിയ്ക്കുന്നവരാണ്
അതിലെ മനുഷ്യര്‍. സോഫിയ തന്റെ  വലിയ , പഴയ കാറ് വിറ്റ് പുതിയ ,
ഒതുക്കമുളള ഒന്ന് വാങ്ങുന്നു, തൊഴിലെടുത്ത് ജീവിക്കുന്നതിനെ പറ്റി
ചിന്തിക്കുന്നു. ക്ലിയോയെയും കുട്ടികളെയും കൂട്ടി ഒരു കടലോര വിനോദ
കേന്ദ്രത്തിലേക്ക് പോകുന്ന സോഫിയ ജീവിതത്തില്‍നിന്ന് പൊയ്പ്പോയ
സൌഖ്യങ്ങളെ തിരികെ കൊണ്ട് വരാന്‍ ശ്രമിക്കുന്നു. മ്ലാനത നിറഞ്ഞ മുഖവുമായി
അവരോടൊപ്പം പോകുന്ന ക്ലിയോ , കടലില്‍ മുങ്ങിപ്പോകുന്ന കുട്ടികളെ സ്വന്തം
ജീവനെ പറ്റി ചിന്തിക്കാതെ രക്ഷിക്കുമ്പോള്‍   ആ കുടുംബത്തിലെ ഏറ്റവും
പ്രധാനപ്പെട്ട ഒരാള്‍  ആയി മാറുന്നു . ആര്‍ത്തലയ്ക്കുന്ന കടലില്‍,
നീന്തല്‍ അറിയാത്ത ക്ലിയോ കുട്ടികളെ രക്ഷിക്കുന്ന രംഗം
ചിത്രീകരിച്ചിരിക്കുന്നത് ഏറെ മനോഹരമായാണ് . ആ ഷോട്ടിന്റെ ഒടുക്കത്തില്‍,
കുഞ്ഞുങ്ങളെയും ക്ലിയോയെയും ചേര്‍ത്തണച്ച്  ഇരിക്കുന്ന സോഫിയയോട് ക്ലിയോ
ഏങ്ങലടിച്ച് പറയുന്നു : ‘എനിക്കവളെ വേണ്ടായിരുന്നു, അവള്‍ ജനിക്കണ്ട
എന്നാണ് ഞാന്‍ ആഗ്രഹിച്ചത്’'.

                     യാത്ര കഴിഞ്ഞ് മടങ്ങി വരുന്ന അവരെ
എതിരേല്‍ക്കുന്നത് പുതിയൊരു വീടാണ് . അവര്‍   പോയ സമയത്ത് അല്‍ഫോന്‍സൊ
വന്ന് തന്റെ സാധനങ്ങള്‍  ഒക്കെ കൊണ്ട് പോയ വീടിനെ അമ്മയും അഡേലയും
ചേര്‍ന്ന് മാറ്റി മറിക്കുന്നു. കുട്ടികളുടെ മുറികള്‍  എല്ലാം പരസ്പരം
മാറ്റുന്നു. പുതിയ മാറ്റത്തില്‍ കുട്ടികള്‍  കൌതുകം നിറഞ്ഞവര്‍ ആകുന്നു.
അലക്കാനുളള  കുറേ തുണികളുമായി പടി കയറി പോകുന്ന ക്ലിയോ അഡേലയോട് പറയുന്നു
, ‘എനിക്ക് കുറേ കാര്യങ്ങള്‍  പറയാന്‍ ഉണ്ട്’....



                     പടികള്‍  കയറി മുകളിലേക്ക് എത്തുന്ന ക്ലിയോയെ
പിന്തുടരുന്ന ക്യാമറ , മുകളിലെ ആകാശത്തുണ്ടിലൂടെ പറന്ന് നീങ്ങുന്ന ഒരു
കുഞ്ഞു വിമാനത്തെ കാണിച്ചു തന്ന് കൊണ്ട് നില്‍ക്കുന്നു. സിനിമയുടെ
തുടക്കത്തില്‍ സോപ്പുവെളളത്തില്‍ പ്രതിഫലിക്കു
അതേ വിമാനം.
സ്ഥൂലത്തില്‍ സൂക്ഷ്മത്തെ ആവിഷ്കരിക്കുന്ന , വലിയ സമൂഹത്തിന്റെ
പശ്ചാത്തലത്തില്‍  കുഞ്ഞു മനുഷ്യരുടെ കഥ പറയുന്ന ‘റോമ’ അവസാനിക്കുന്നത്
വ്യസനങ്ങളില്‍ ആണ്ടു പോകാതെ ജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന
സ്നേഹത്തിന്റെ മാന്ത്രികതയെ കുറിച്ചുള്ള  വിശ്വാസത്തിലേക്ക് കാണിയെ
നയിച്ചു കൊണ്ടാണ് . അതിനാല്‍ തന്നെ  സമകാലിക ലോകസിനിമയിലെ ഒരപൂര്‍വ
സൃഷ്ടിയുമാണ് ഈ സിനിമ.