Wednesday, March 20, 2013

ഇതാ അവിശ്വാസി ഇവനെ കൊല്ലുക!

      മതദ്വേഷം ഉണർത്തി വിട്ടു എന്ന കുറ്റത്തിന് ഇന്തോനേഷ്യയിലെ കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുന്നതിനു തൊട്ടുമുൻപ് പോലും അലെക്സാണ്ടർ ആൻ രോഷാകുലരായ ആൾക്കൂട്ടത്താൽ ആക്രമിക്കപ്പെട്ടു. താൻ താമസിക്കുന്ന മിനാംഗ് പ്രവിശ്യയിലെ അവിശ്വാസികളുടെ കൂട്ടായ്മയ്ക്കായി അയാൾ തന്നെ ആരംഭിച്ച ഫെയിസ്ബുക്ക് ഗ്രൂപ്പിൽ ‘ദൈവം ഇല്ല’ എന്നെഴുതിയതിനായിരുന്നു  ശിക്ഷ  നൽകപ്പെട്ടത് .

        മതവിശ്വാസത്തിന്റെ ഒപ്പം തന്നെ സന്ദേഹവും അവിശ്വാസവും ജന്മം കൊണ്ടിരുന്നതായി മാനവചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട് പലപ്പോഴും. വ്യവസ്ഥാപിത മതങ്ങൾ ഉടലെടുത്ത സമൂഹങ്ങളിൽ തന്നെ അവയുടെ നേർക്ക് സംശയത്തോടെ വീക്ഷിച്ച മനുഷ്യരും ഉണ്ടായിട്ടുണ്ട്. സ്വാഭാവികമായും അത്തരം അവിശ്വാസികളെ മതവിശ്വാസികൾ അന്യരായും വെറുക്കപ്പെടേണ്ടവരും ആയിട്ടായിരുന്നു കണ്ടത് . എന്നാൽ ആധുനിക ജനാധിപത്യ,പൌരാവകാശ,മതേതര യുഗത്തിന്റെ ഉദയത്തോടെ അവിശ്വാസവും സന്ദേഹവും വിലപ്പെട്ടതായി മാറി യൂറോപ്യൻ സംസ്ക്യതിയിൽ.അങ്ങിനെ മനുഷ്യചരിത്രത്തിൽ ആദ്യമായി അവിശ്വാസി ഗണിക്കപ്പെടേണ്ട ഒരാളായി,വെറുക്കേണ്ടതില്ലാത്ത മനുഷ്യനായി,അന്യജീവി അല്ലാതായി മാറി.യൂറോപ്യൻ ജനാധിപത്യവും മതേതരത്വവും സ്വാധീനം ചെലുത്തിയ സമൂഹങ്ങളിലെല്ലാം തന്നെ അവിശ്വാസവും വേരോടാൻ തുടങ്ങി.

        എങ്കിലും കാലത്തിന്റെ വളർച്ചക്കൊത്ത മനോഭാവമാറ്റം അവിശ്വാസികളോട് സമൂഹത്തിനു മൊത്തത്തിൽ രൂപപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനു തെല്ലു നിരാശ കലർന്ന മറുപടിയാണ് ലഭിക്കുക.  ആധുനിക കാഴ്ചപ്പാടനുസരിച്ചുള്ള അവിശ്വാസ ചിന്താരീതികൾ വികസിച്ചു വന്ന പതിനേഴാം നൂറ്റാണ്ട് മുതൽക്കുള്ള അഞ്ഞൂറിൽ പരം വർഷങ്ങളുടെ ചരിത്രത്തിനു ശേഷവും അവിശ്വാസിയും അവന്റെ ആശയങ്ങളും ഈ ആധുനികകാലത്തിൽ എങ്ങനെ വീക്ഷിക്കപ്പെടുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.


              ആധുനിക കാലത്തിന്റെ തുടക്കത്തിൽ പോലും ‘അവിശ്വാസി‘ എന്ന പദം അപമാനത്തിന്റെ അംശങ്ങൾ പേറിയിരുന്നു.മതാശയങ്ങളെ എതിർക്കുന്ന ആളുകളെക്കൂടാതെ ആത്മഹത്യ ചെയ്തവർ,അധാർമ്മികർ എന്ന് കരുതപ്പെട്ടവർ,ദുർമന്ത്രവാദികൾ എന്നാരോപിക്കപ്പെട്ടവർ എന്നിവരെല്ലാം ആ പദത്തിൻ കീഴിൽ വന്നിരുന്നു. തോമസ് അക്വിനാസിനെപ്പോലുള്ള മതചിന്തകർ  കരുതിയിരുന്നു , അവിശ്വാസം സമൂഹത്തിന്റെ ക്രമത്തെ തകർക്കുമെന്ന്. ഇംഗ്ലീഷ് ചിന്തകനായ  തോമസ് മൂറിന്റെ അഭിപ്രായത്തിൽ ഏതെങ്കിലും ഒരു മൂർത്തിയെ ആരാധിക്കാത്ത യാതൊരാൾക്കും മതസഹിഷ്ണത  അനുവദിക്കാൻ പാടില്ല.അവിശ്വാസികൾക്ക് പൂർണമായ തോതിലുള്ള പൌരാവകാശങ്ങൾ അനുവദിക്കാൻ പാടില്ല എന്ന് കരുതിയിരുന്നു ജോൺ ലോക്.

       മതദ്രോഹവിചാരണയുടെ കാ‍ലത്തെ യൂറോപ്പ് അവിശ്വാസിയ്ക്ക് കൊടിയ യാതനകളായിരുന്നു നൽകിയത്. അവർ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് ക്രൂരപീഡനത്തിനും മരണത്തിനും വിധേയരാക്കപ്പെട്ടു. ജീവനോടെ ചുട്ടുകൊല്ലപ്പെട്ട അവിശ്വാസിയായ പുരോഹിതൻ ഗിലിയോ സെസാർ വാനിനിയും  അതേ കുറ്റത്തിനു മരണശിക്ഷ നേടിയ പോളണ്ടുകാരൻ കസിമീർ ലിഷിൻസ്കിയും എറ്റീൻ ഡോലറ്റ് എന്ന ഫ്രഞ്ചുകാരനും  അവിശ്വാസത്തിന്റെ രക്തസാക്ഷികളായി പത്തൊമ്പതാം നൂറ്റാണ്ടിൽ  വാഴ്ത്തപ്പെട്ടു.

അവിശ്വാസികൾ ആധുനികയുഗത്തിൽ


   ജനാധിപത്യവും മതേതരത്വവും സമൂഹത്തിൽ പ്രധാന ആശയങ്ങളായി ഇടം പിടിച്ചിരുന്ന  പത്തൊമ്പതാം നൂറ്റാണ്ടിൽ പോലും യൂറോപ്പിൽ അവിശ്വാസികൾക്ക് വിവേചനം നേരിടേണ്ടി വന്നിരുന്നു.ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലാത്ത യാതൊരാൾക്കും കോടതിയിലും മറ്റും സാക്ഷ്യം പറയാൻ കഴിയില്ല എന്ന നിയമം 1870 ലാണ് ഇംഗ്ലണ്ടിൽ ഒഴിവാക്കപ്പെട്ടത്. ‘ദ നെസസിറ്റി ഓഫ് ഏതീയിസം’ എന്ന ലഘുലേഖ എഴുതിയതിന്റെ പേരിൽ  വിഖ്യാത കവിയായ പി.ബി.ഷെല്ലിയ്ക്ക് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നതും തന്റെ കുഞ്ഞുങ്ങളുടെ സംരക്ഷണാവകാശം നഷ്ടമായതും പത്തൊമ്പതാം നൂറ്റാണ്ടിലെ അവിശ്വാസി പീഡനത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചാൾസ് ബ്രാഡ്ലോ എന്നയാൾക്ക് അവിശ്വാസിയായതിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതെ വന്നത് 1886 ലായിരുന്നു.

             സെമിറ്റിക് മതങ്ങളിൽ മതദ്വേഷം,ദൈവനിന്ദ തുടങ്ങിയവ കൊടിയ പാതകങ്ങളായിരുന്നു എങ്കിൽ പൌരസ്ത്യ ഹിന്ദു,ബൌദ്ധ,പ്രക്യതി മത സമൂഹങ്ങളിൽ അവയ്ക്ക് സ്വീകാര്യത ലഭിച്ചിരുന്നു.  പിന്നീട് സെമിറ്റിക് മതങ്ങളുടെ കടന്നു വരവോടെയാണ് ഈ സമൂഹങ്ങളിലും അവിശ്വാസം മോശമായി ഗണിയ്ക്കപ്പെടാൻ ഇടയായത്.
       
ഇവിടം മതനിഷേധികളുടെ നരകം


    എവിടെയൊക്കെയാണ് വിശ്വാസികൾക്ക് വലിയ പ്രയാസം നേരിടേണ്ടി വരിക? മതാധിഷ്ഠിത രാഷ്ട്രങ്ങളിൽ എന്ന ഉത്തരം നമ്മുടെ നാവിലുണ്ട്. അവിടെ അവിശ്വാസി നേരിടേണ്ടി വരിക ഒറ്റപ്പെടുത്തൽ മുതൽ   വധശിക്ഷ വരെയുള്ള ശിക്ഷാനടപടികളാണ്. സൌദി അറേബ്യ,ഇറാൻ,മൌറിറ്റാനിയ,സുഡാൻ എന്നിവ അടക്കമുള്ള എട്ട് രാഷ്ട്രങ്ങളിൽ അവിശ്വാസത്തിനുള്ള ശിക്ഷ മരണമാണ്. ഇന്തോനേഷ്യയിൽ പൌരന്മാർക്ക് ആറ് മതങ്ങളിലേതെങ്കിലുമൊന്നിൽ വിശ്വസിക്കാം.തീർച്ചയായും അവയിൽ അവിശ്വാസമോ അജ്ഞേയവാദമോ പെടില്ല. ഈജിപ്തിന്റെ പുതിയ ഭരണഘടന ഇസ്ലാം,ക്രിസ്തുമതം,ജൂതമതം എന്നീ മൂന്ന് മതങ്ങളെയേ അംഗീകരിക്കുന്നുള്ളൂ. അപ്പോൾ അവിശ്വാസിയ്ക്ക് ആ രാഷ്ട്രത്തിൽ യാതൊരു പൌരാവകാശവുമുണ്ടായിരിക്കില്ല എന്ന് സാരം. മതാതിപ്രസരം കൂടുതലുള്ള രാജ്യങ്ങളിൽ ഇതിന് അപവാദമായുള്ളവയുമുണ്ട്. ഉദാഹരണത്തിനു തുർക്കിയും ലെബനോണും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ രാജ്യങ്ങളിൽ അവിശ്വാസം ഒരു കുറ്റക്യത്യമല്ല,പക്ഷെ  അവിശ്വാസിക്ക് നിയമപരമായ സുരക്ഷയോ അംഗീകാരമോ അവിടെ ലഭിക്കില്ല.

       ഇറാനിൽ അവിശ്വാസികൾക്ക് യാതൊരു നിയമപരമായ സ്ഥാനവുമില്ല.രാജ്യത്ത് അംഗീകാരമുള്ള 4 മതങ്ങളിൽ ഏതൊന്നിലെങ്കിലും വിശ്വസിക്കുന്നില്ലെങ്കിൽ ഒരാൾക്ക് സർവകലാശാല പ്രവേശനത്തിനോ അഭിഭാഷകനാകുന്നതിനോ സാധ്യമല്ല.ഇന്തോനേഷ്യയിൽ ജനന-മരണ രജിസ്ട്രേഷനും ഐഡന്റിറ്റി കാർഡുകളുടെ വിതരണത്തിലും അവിശ്വാസികളുടെ മേൽ വിവേചനമുണ്ട്. അൾജീരിയയിൽ ഇസ്ലാമിക പഠനം ഏതൊരു അൾജീരിയൻ കുട്ടിക്കും നിർബന്ധമാണ്. അവന്റെ മതമോ മതമില്ലായ്മയോ അക്കാര്യത്തിൽ ബാധകമല്ല.അവിശ്വാസിയായ പുരുഷന് മുസ്ലിം സ്ത്രീയെ വിവാഹം ചെയ്യാൻ പാടില്ല അൾജീരിയയിൽ.


           പ്യൂ ഗ്ലോബൽ റിസർച്ചിന്റെ 2010 ലെ ഒരു സർവേ അനുസരിച്ച് ഈജിപ്തിൽ 84 ശതമാനം,ജോർദ്ദാനിൽ 86 ശതമാനം, ഇൻഡോനേഷ്യയിൽ 30 ശതമാനം,പാകിസ്ഥാനിൽ 76 ശതമാ‍നം,നൈജീരിയയിൽ 51 ശതമാനം  എന്നിങ്ങനെയാണ്  അവിശ്വാസിയ്ക്ക് മരണശിക്ഷ നൽകണം എന്ന ഉത്തരം നൽകപ്പെട്ടത്.

ജനാധിപത്യസമൂഹങ്ങളിലോ?
           മതേതര-ജനാധിപത്യ ഭരണം നടക്കുന്ന സമൂഹങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് അവിശ്വാസത്തിനു നേർക്കുള്ള വിവേചനവും ഒറ്റപ്പെടുത്തലും ബാഹ്യമായെങ്കിലും കുറവാണ്.മതനിയമങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടതല്ലാത്ത ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രങ്ങളിൽ സ്വാഭാവികമായും മതനിഷേധം ഒരു തെറ്റല്ലാതാകുന്നു. എന്നാൽ ആ സമൂഹങ്ങളിൽ പോലും അവിശ്വാസികൾക്ക് പലപ്പോഴും എതിർപ്പും ഒറ്റപ്പെടുത്തലും നേരിടേണ്ടി വരാറുണ്ട്. ബ്രിട്ടീഷ് കൊളംബിയ സർവകലാശാല നടത്തിയ ഒരു പഠനം അനുസരിച്ച് വിശ്വാസികളായ ആളുകൾ മതനിഷേധികളെ ബലാത്സംഗക്കാരെ വിശ്വസിക്കുന്നത്ര പോലും വിശ്വസിക്കുന്നില്ല.കൂടാതെ അവിശ്വാസികൾക്ക് വിശ്വാസികളുടെയത്ര തൊഴിൽ സാധ്യത ഇല്ല എന്നും  പഠനം പറയുന്നു.

.
                ഇത്തരത്തിലുള്ള മനോഭാവം ഏറെയുണ്ട് എന്ന് അമേരിക്കൻ സമൂഹത്തിൽ എന്ന് കരുതുന്നു നിരീക്ഷകർ. അവിടെ നിയമപര, വ്യക്തിപര,സാമൂഹിക,തൊഴിൽപര വിവേചനങ്ങൾ അവിശ്വാസികൾക്കെതിരെ നിലനിൽക്കുന്നതായി ആരോപിക്കപ്പെടുന്നു. വംശീയ ന്യൂനപക്ഷങ്ങൾ,എൽ.ജി.ബി.ടി സമൂഹങ്ങൾ,സ്ത്രീകൾ എന്നിവരനുഭവിക്കുന്ന വിവേചനത്തിനു തുല്യമായത് തങ്ങളും അമേരിക്കയിൽ അനുഭവിക്കുന്നു എന്ന് പറയുന്നു അവിടത്തെ അവിശ്വാസികൾ. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെങ്കിലും മതനിഷേധികൾക്കെതിരായ   നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. അവിടത്തെ 7 സംസ്ഥാനങ്ങളിൽ ഇപ്പോഴും അവിശ്വാസികൾക്ക് പൊതുസ്ഥാനം വഹിക്കുന്നതിനോ കോടതിയിൽ സാക്ഷിയാകുന്നതിനോ നിയമതടസ്സമുണ്ട്.  അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോർജ്ജ് ബുഷ് (സീനിയർ) 1987 ലെ  തന്റെ തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ അവിശ്വാസികളുടെ രാജ്യസ്നേഹത്തെക്കുറിച്ച് ഒരു പത്രലേഖകനോട് പറഞ്ഞ വാചകങ്ങൾ മതനിഷേധികളോടുള്ള അമേരിക്കൻ സമൂഹത്തിന്റെ മനോഭാവം വെളിവാക്കുന്നു : “ഇല്ല, അവിശ്വാസികളെ പൌരന്മാരായി ഞാൻ ഗണിക്കുന്നില്ല.അവരെ രാജ്യസ്നേഹികളായും കരുതാൻ കഴിയില്ല.ഇത് ദൈവത്തിന്റെ കീഴിലുള്ള ഒരു രാഷ്ട്രമാണ്“.