മാനസികാരോഗ്യം: ചികിത്സയ്ക്കും രോഗം
ജാഫര്‍ എസ് പുല്‍പ്പള്ളി
ആഗോള രോഗഭാര(ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് -ജി.ബി.ഡി.) ത്തിന്റെ 13 ശതമാനം പങ്കും സംഭാവന ചെയ്യുന്നു മനോരോഗങ്ങള്‍. ഇവയില്‍ സ്‌കിസോഫ്രേനിയ, വിഷാദരോഗം, അപസ്മാരം, സ്മ്യതിനാശം, ആല്‍കഹോളിസം തുടങ്ങിയവയാണ് പ്രധാനം. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിലും മുന്‍പന്‍ എം.എന്‍.എസ് തന്നെ. -ജി.ബി.ഡി. യുടെ പട്ടികയില്‍ വിഷാദരോഗം ഒറ്റയ്ക്ക് മൂന്നാം സ്ഥാനത്തുണ്ട്. അഞ്ച് ശതമാനം സംഭാവന നല്കുന്ന ആല്‍കഹോളിസവും പ്രധാന വില്ലന്‍ തന്നെ.
പ്രസിദ്ധ ശാസ്ത്രപ്രസിദ്ധീകരണമായ 'നേച്ചറി'ന്റെ പഠനപ്രകാരം ഓരോ ഏഴു മിനിട്ടിലും ഒരാള്‍ക്ക് സ്മ്യതിനാശം ആരംഭിക്കുന്നു. 2020 ഓടെ പ്രതിവര്‍ഷം 15 ലക്ഷം ആളുകള്‍ ആത്മഹത്യ ചെയ്യുകയോ 1.5 കോടിക്കും 3 കോടിക്കും ഇടയ്ക്ക് ആളുകള്‍ ആത്മഹത്യ ശ്രമം നടത്തുകയോ ചെയ്യും. പെരുകുന്ന ആത്മഹത്യയുടെ മുഖ്യകാരണമോ വിഷാദരോഗം, ആല്‍കഹോളിസം എന്നിവയും.
വികസിത രാഷ്ട്രങ്ങളില്‍ പോലും മാനസിക രോഗങ്ങളെ കുറിച്ചുള്ള സാമൂഹികമായ അപമാനബോധം ഇന്നും നിലനില്‍ക്കുന്നത് ഈ രംഗത്ത് നിലനില്‍ക്കുന്ന വലിയ പ്രശ്‌നത്തിന്റെ സൂചനയാണ്. മാനസികരോഗം ഒരിക്കലും മാറില്ല എന്ന സങ്കല്‍പം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നത് മനോരോഗ ചികിത്സയില്‍ വലിയ കുഴപ്പം സ്യഷ്ടിക്കുന്നു. തന്റെ രോഗം അപരനോട് പങ്കു വെക്കാന്‍ പോയിട്ട് താന്‍ രോഗിയാണെന്ന കാര്യം സ്വയം അംഗീകരിക്കാന്‍ പോലും അപമാനബോധം ഒരാളെ അനുവദിക്കില്ല. രോഗികള്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന ഭ്രഷ്ടും രോഗിയെ തന്നിലേക്കു തന്നെ ഒതുക്കുന്നു. പിന്നാക്ക രാജ്യങ്ങളില്‍ മാത്രമല്ല, മികച്ച അവബോധമുണ്ടെന്ന് കരുതപ്പെടുന്ന രാജ്യങ്ങളില്‍ പോലും അവസ്ഥ വ്യത്യസ്തമല്ല. മനോരോഗികളെ ആപല്‍ക്കാരികളും അക്രമികളും ആയി ചിത്രീകരിച്ച് അകറ്റി നിര്‍ത്തുന്ന മനോഭാവത്തിനു സിനിമ അടക്കമുള്ള ദ്യശ്യ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്.
മാറാത്ത മനോഭാവവും രോഗവും
ലോകജനസംഖ്യയില്‍ 30 ശതമാനം മനുഷ്യര്‍ക്ക് ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന മനോരോഗങ്ങള്‍ക്ക് ചികിത്സാ രംഗത്ത് വലിയ വിടവാണ് ഇന്നുള്ളത്. ഭൂരിപക്ഷം രോഗികള്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല. അമേരിക്കയില്‍ 31 ശതമാനം പേര്‍ രോഗ ബാധിതരാണ്; പക്ഷെ അതില്‍ 67 ശതമാനം പേര്‍ക്കും മതിയായ ചികിത്സ കിട്ടുന്നില്ല. യൂറോപ്പില്‍ ഇത് യഥാക്രമം 27 ശതമാനവും 74 ശതമാനവുമാണ്. ചൈനയില്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ ഉള്ള 11.1 ശതമാനം ആളുകള്‍ക്കേ എന്തെങ്കിലും ചികിത്സ കിട്ടുന്നുള്ളൂ. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 83 ശതമാനത്തിലും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ചികിത്സയില്ല, 25 ശതമാനം രാജ്യങ്ങളില്‍ അപസ്മാരത്തിനുള്ള മരുന്നില്ല. രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ക്കുള്ളിലും വിഭവങ്ങളുടെ അസന്തുലിതമായ പങ്കുവെക്കല്‍ പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഉദാഹരണത്തിന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഘടകത്തിന്റെ പക്കല്‍ അവരുടെ യൂറോപ്യന്‍ ഘടകത്തിലുള്ളതിന്റെ 200-ല്‍ ഒന്ന് സൈക്യാട്രിസ്റ്റുകള്‍ മാത്രമേ ഉള്ളു.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 'വിഷാദരോഗം' ഉള്ളവരില്‍ 25 ശതമാനത്തിനും താഴെ പേര്‍ക്ക് (ചില രാജ്യങ്ങളില്‍ ഇത് 10 ശതമാനത്തിനും താഴെയാണ്) മാത്രമേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ. ലോക ജനസംഖ്യയില്‍ 75 ശതമാനം പേര്‍ക്കും ശരിയായ മാനസികാരോഗ്യ പരിചരണം ലഭിക്കുന്നില്ല, സംഘടന തന്നെ പറയുന്നു.
ചുരുക്കി പറഞ്ഞാല്‍, മനോരോഗങ്ങള്‍ സ്യഷ്ടിക്കുന്ന സാമ്പത്തിക ഭാരവുമായി താരതമ്യം ചെയ്യുമ്പോള്‍ അവയുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും ലോകം മുടക്കുന്ന പണം തുച്ഛമാണ്.
പ്രധാനപ്രശ്‌നങ്ങള്‍
പ്രസിദ്ധ വൈദ്യശാസ്ത്ര മാഗസിന്‍ ലാന്‍സെറ്റ് 2007 ല്‍ നടത്തിയ പഠനത്തില്‍ മനോരോഗികള്‍ അവരുടെ രോഗാവസ്ഥയ്ക്ക് പുറമെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്ന് പറയുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഉള്ള അവഗണന ഈ നിലയില്‍ തുടര്‍ന്നാല്‍ മലേറിയ, ക്ഷയം, എയ്ഡ്‌സ് ഇവ മൂന്നും ചേര്‍ന്നാലുള്ളതിനേക്കാള്‍ പ്രശ്‌നങ്ങള്‍ എം എന്‍ എസ്. ഉണ്ടാക്കും, ലാന്‍സെറ്റ് ആശങ്ക പ്രകടിപ്പിച്ചു.
'ട്രീറ്റ്‌മെന്റ് ഗ്യാപ്പ്' എന്ന് വിദഗ്ധര്‍ പറയുന്ന സ്ഥിതിവിശേഷം ഏറ്റവും കൂടുതല്‍ ഉള്ളത് മാനസിക രോഗങ്ങള്‍ക്കാണ്. താഴ്ന്ന - ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ 76-85 ശതമാനം രോഗികള്‍ക്കും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 35-50 ശതമാനം രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നില്ല. രോഗികള്‍ പലപ്പോഴും തങ്ങള്‍ക്ക് അതുണ്ടെന്ന് സമ്മതിക്കുന്നില്ല. ഇത് ചികിത്സ നല്‌കേണ്ട പ്രാധാന്യമുള്ള ആദ്യഘട്ടത്തില്‍ തന്നെ അത് ലഭിക്കാതിരിക്കാന്‍ കാരണമാകുന്നു.
ചികിത്സയ്ക്കായുള്ള ഗവണ്മെന്റ് വിഹിതത്തിന്റെ ലോക ശരാശരി വെറും 4 ശതമാനമാണ്. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ മാനസിക രോഗചികിത്സയ്ക്കാവശ്യമായ പ്രൊഫഷണലുകളുടെ എണ്ണത്തിലുള്ള വന്‍ കുറവ് ചികിത്സയെ ഗുരുതരമായി ബാധിക്കുന്നു.ആഫ്രിക്കയിലെ 72 കോടി ജനങ്ങള്‍ക്ക് ആകെ 1800 സൈക്യാട്രിസ്റ്റുകളേ ഉള്ളൂ എന്ന വസ്തുത പ്രശ്‌നത്തിന്റെ രൂക്ഷത വെളിപ്പെടുത്തും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2011 ല്‍ 55000 സൈക്യാട്രിസ്റ്റുകള്‍, 628000 നഴ്‌സുമാര്‍, 493000 മനോരോഗ ശുശ്രൂഷകര്‍ എന്നിവരുടെ കുറവുണ്ട് 144 താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്.
മനോരോഗങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ തക്കതായ വിധത്തില്‍ തലച്ചോറിന്റെ ഘടനയും പ്രവര്‍ത്തനത്തെയും പറ്റി മനസ്സിലാക്കാന്‍ ഇനിയും ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല എന്നത് ഈ രംഗത്തെ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
പരിഹാരമാര്‍ഗങ്ങള്‍
ലോകാരോഗ്യ സംഘടനയുടെ 2001 ലെ വേള്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ് പ്രശ്‌നങ്ങള്‍ക്കുള്ള സമഗ്രമായ പരിഹാരമാര്‍ഗങ്ങള്‍ ആദ്യമായി നിര്‍ദ്ദേശിച്ചത്. രോഗാരംഭത്തിലേയുള്ള ചികിത്സ, ആവശ്യമായ മരുന്നുകളുടെ ലഭ്യത, സാമൂഹിക ശ്രദ്ധ നല്‍കല്‍, ജനങ്ങളെ ബോധവത്കരിക്കല്‍,സമൂഹത്തെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തല്‍, ദേശീയ നയങ്ങളുടെ ആവശ്യകത, നിയമങ്ങള്‍/പരിപാടികള്‍ എന്നിവ ആവിഷ്‌കരിക്കല്‍, മാനവശേഷി വികസിപ്പിക്കല്‍, മറ്റ് മേഖലകളുമായുള്ള ബന്ധപ്പെടുത്തല്‍, സാമൂഹ്യ മാനസികാരോഗ്യത്തെ മേല്‍നോട്ടം, കൂടുതല്‍ ഗവേഷണങ്ങള്‍ എന്നീ 10 നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്.
ആഗോളതലത്തിലുള്ള കൂട്ടായ്മ
മാനസികാരോഗ്യരംഗത്തെ ഈ വലിയ പ്രശ്‌നങ്ങളെ , അതിലെ സങ്കീര്‍ണതകളെ തിരിച്ചറിഞ്ഞ് പുതിയ ദിശാബോധം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, രോഗചികിത്സകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയായ ഗ്രാന്റ് ചലഞ്ചസ് ഇന്‍ ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ഈ കാര്യത്തിലേക്കുള്ള ഫലപ്രദമായ ചുവടുവെപ്പുകള്‍ തുടങ്ങി.
പത്ത് വര്‍ഷത്തേക്കുള്ള ഗവേഷണ മുന്‍ഗണനകള്‍ എന്തെന്ന് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ എം.എന്‍.എസ് ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ അവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. യു.എസ്സ്. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആണ് ഈ കൂട്ടായ്മയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ക്രോണിക് ഡിസീസസ് എന്ന അന്താരാഷ്ട്രസംഘടനയും സഹായം നല്‍കുന്നുണ്ട്.
ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വലിയ 25 വെല്ലുവിളികളാണ് ഈ കൂട്ടായ്മ മുന്നില്‍ കാണുന്നത്. മാനസിക രോഗങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍, വിഷമങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവയെ തിരിച്ചറിയുന്നതു മുതല്‍ ആരോഗ്യ വ്യവസ്ഥയുടെ സമ്പൂര്‍ണ പരിണാമം എന്നതു വരെ ആറ് ലക്ഷ്യങ്ങളിലൂടെയാണ് ഈ ബ്യഹത്ത് പദ്ധതി കടന്നു പോവുക. ലക്ഷ്യങ്ങളെല്ലാം നേടിയെടുക്കാന്‍ ആഗോളതലത്തിലുള്ള പരസ്പര സഹകരണവും വിവരങ്ങളുടെ പങ്കുവെക്കലും അനിവാര്യമാണെന്ന് ഇവര്‍ കരുതുന്നു.
മാത്യഭൂമി ഓൺലൈനിൽ 30 ജൂൺ 2012 നു പ്രസിദ്ധീകരിച്ചത്