Thursday, August 26, 2010

“ഞങ്ങൾ നിങ്ങൾക്ക് ഭൂമി വിറ്റാൽ“

         വായന : കഴിഞ്ഞാഴ്ച/ഞങ്ങൾ നിങ്ങൾക്ക് ഭൂമി വിറ്റാൽ/സിയാറ്റിൽ മൂപ്പന്റെ പ്രഭാഷണം/വിവ:സക്കറിയ/ഡി.സി ബുക്സ്          
സ്വാര്‍ഥലാഭത്തിനു വേണ്ടി വരാനിരിക്കുന്ന തലമുറകളുടെ കൂടി സമ്പത്തായ മണ്ണും വായുവും വെള്ളവുമെല്ലാം ചൂഷണം ചെയ്യുകയാണ് നമ്മള്‍. ഇതിന്റേതായ പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ ഇപ്പോഴെ നാം നേരിടുന്നുമുണ്ട്. ചുട്ടുപൊള്ളിയും തണുത്തുറഞ്ഞും ജീവന്‍ ഈ ഭൂമുഖത്തു നിന്നു തന്നെ ഇല്ലാതായേക്കാവുന്ന അവസ്‌ഥ. ഈ സ്‌ഥിതിയെ ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ദീര്‍ഘദര്‍ശനം ചെയ്‌ത അമേരിന്ത്യയിലെ ഗോത്രവര്‍ഗ നേതാവാണ് സിയാറ്റില്‍ മൂപ്പന്‍.
മൂപ്പന്റെ സുപ്രസിദ്‌ധമായ പ്രസംഗത്തിന്റെ(1859) അക്ഷരംപ്രതിയുള്ള ഒരു പകര്‍പ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.   ഡോ ഹെന്‍‌റി എ സ്‌മിത്തും ടെഡ് പെറിയും മൂ‍പ്പന്റെ പ്രസംഗത്തിനു നല്‍കിയ ഭാഷ്യമാണ് ഈ പുസ്‌തകത്തിലുള്ളത്. സക്കറിയയുടെ വിവര്‍ത്തനവും തോമസ് പാലക്കീലിന്റെ പഠനവും.       മനുഷ്യവംശത്തിന്റെ പുരോഗതി യന്ത്രനാഗരികത നിർണയിക്കുന്നതിനു മുൻപ് മണ്ണിനും വെള്ളത്തിനും വായുവിനും അധികാരം കൽ‌പ്പിക്കാത്ത,പ്രക്യതിബോധത്തിലധിഷ്ഠിതമായ ആവാസവ്യവസ്ഥയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതാണ് അമേരിക്കൻ ഗോത്രത്തലവനായ സിയാറ്റിൽ മൂപ്പന്റെ പ്രഭാഷണം.


‘വെളുത്ത മനുഷ്യന്റെ നഗരങ്ങളിൽ സ്വസ്ഥതയുടെ ഇടങ്ങളില്ല.വസന്തകാലത്ത് ഇലകൾ ചുരുളഴിയുന്നത് കേൾക്കാനോ ഷഡ്പദത്തിന്റെ ചിറകുകൾ ഉരസുന്ന മർമ്മരം ചെവിയോർക്കാനോ സാധ്യമല്ല.ഒരു പക്ഷെ ഞാനൊരു കാട്ടാളനായതു കൊണ്ടും ഒന്നും മനസ്സിലാകാത്തതു കൊണ്ടും തോന്നുന്നതാവാം.നഗരങ്ങളുടെ കലപില ശബ്ദങ്ങൾ ചെവികളെ നിന്ദിക്കുന്നതായി തോന്നുന്നു.കതിരുകാണാക്കിളിയുടെ ഏകാന്ത രോദനമോ രാത്രിയിൽ തവളകൾ കുളക്കരയിൽ നടത്തുന്ന സംവാദമോ ശ്രവിക്കാൻ സാധ്യമല്ലെങ്കിൽ പിന്നെ ജീവിതമെന്താണ്.’

 
 
സിയാറ്റിൽ മൂപ്പൻ                                                                                                              അമേരിക്കൻ ഐക്യനാടുകളിലെ ദുവാമിഷ് മുഖ്യനും സുക്കാമിഷ്,ദുവാമിഷ് എന്നീ ആദിമ നിവാസികളുടെ നേതാവുമായിരുന്നു സിയാറ്റിൽ മൂപ്പൻ (1780 - June 7, 1866)‍. തന്റെ സമൂഹത്തിലെ പ്രഗൽഭ വ്യക്തിത്വമായിരുന്ന സിയാറ്റിൽ മൂപ്പൻ ഇന്നത്തെ വാഷിംഗടണിലെ സിയാറ്റിലിൽ ആയിരുന്നു അധിവസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ്‌ സിയാറ്റിൽ എന്ന സ്ഥലപ്പേരുണ്ടായത്. അമേരിക്കൻ ആദിമനിവാസികളുടെ ഭൂ അവകാശത്തിനും പാരിസ്ഥിതിക ഉത്തരവാദിത്തത്തിനും വേണ്ടി വാദിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ പ്രസിദ്ധ പ്രഭാഷണങ്ങൾ. യഥാർഥത്തിൽ അദ്ദേഹം പറഞ്ഞെതെന്താണ്‌ എന്നതിനെ കുറിച്ചും വിവാദങ്ങളുണ്ട്.

2 comments:

  1. കതിരുകാണാക്കിളിയുടെ ഏകാന്ത രോദനമോ രാത്രിയിൽ തവളകൾ കുളക്കരയിൽ നടത്തുന്ന സംവാദമോ ശ്രവിക്കാൻ സാധ്യമല്ലെങ്കിൽ പിന്നെ ജീവിതമെന്താണ്?

    ReplyDelete