ലോക സിനിമ: സിനിമാ ചരിതം
നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. ക്യാമറ ഉപയൊഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയൊ, ചിത്രങ്ങള്‍ അനിമേഷന്‍ ചെയ്തൊ മറ്റ് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചൊ ചലച്ചിത്രങ്ങള്‍ സൃഷ്ടിക്കാം.
ചലച്ചിത്രങ്ങള്‍ അവ നിര്‍മ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു. ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ അവയ്ക്ക് ഒരു സാര്‍വ്വലോക വിനിമയശക്തി നല്‍കുന്നു. ചില ചലച്ചിത്രങ്ങള്‍ സംഭാഷണങ്ങള്‍ മറ്റ് ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തു അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തമായിട്ടുണ്ട്.
ചലച്ചിത്രങ്ങള്‍ നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ചാണു ഉണ്ടാക്കുന്നത്. നിശ്ചലചിത്രങ്ങള്‍ അതിവേഗത്തില്‍ തുടര്‍ച്ചയായി കാണിക്കുമ്പോള്‍ അവ ചലിക്കുന്നതായി തോന്നുന്നു. ഒരു ചിത്രം മാറ്റിയിട്ടും ഏതാനും നിമിഷാര്‍ദ്ധ നേരത്തേക്ക് അത് അവിടെ തന്നെ ഉള്ളതായി പ്രേക്ഷകനു തോന്നുകയും, അത് കാരണം ചിത്രങ്ങള്‍ തമ്മിലുള്ള ഇടവേള അറിയാതാവുകയും അങ്ങനെ ചിത്രങ്ങള്‍ ചലിക്കുന്നതായി തോന്നുകയും ചെയ്യുന്.
ചലിക്കുന്ന ചിത്രത്തില്‍ നിന്നാണു "ചലച്ചിത്രം" എന്ന പേരു രൂപപ്പെട്ടത്. സംസാര ഭാഷയില്‍ ചിത്രം, പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകളായ ഫിലിം, മൂവി എന്നിവയും ഉപയൊഗിക്കാറുണ്ട്. എന്നിരുന്നാലും "സിനിമ" എന്ന ഇംഗ്ലീഷ് വാക്കാണു ഏറ്റവും അധികമായി ഉപയൊഗിക്കുപ്പെടുന്നത്.
ചലച്ചിത്രങ്ങള്‍ക്ക് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ നിലവില്‍ ഉണ്ടായിരുന്ന നാടകങ്ങള്‍ക്കും നൃത്ത രൂപങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്ക് സമാനമായ കഥ, തിരക്കഥ, വസ്ത്രാലങ്കാരം, സംഗീതം, നിര്‍മ്മാണം, സംവിധാനം, അഭിനേതാക്കള്‍ , കാണികള്‍ തുടങ്ങിയവ നിലവില്‍ ഉണ്ടായിരുന്നു.
പിന്‍ഹോള്‍ ക്യാമറ എന്ന ആശയം അല്‍ഹസെന്‍ (Alhazen) തന്റെ ബുക്ക് ഓഫ് ഒപ്റ്റിക്സ് (Book of Optics, 1021) എന്ന ഗ്രന്ഥത്തിലൂടെ മുന്നൊട്ടു വെക്കുകയും, [1][2][3] പിന്നീട് ഏകദേശം 1600-ആം ആണ്ടോടു കൂടി ജിംബാറ്റിസ്റ്റ ഡെല്ല പോര്‍ട്ട (Giambattista della Porta) ഇതിനെ പ്രചാരത്തിലാക്കുകയും ചെയ്തു. ഒരു ചെറിയ സുഷിരത്തിലൂടെയോ ലെന്‍സിലൂടെയോ പുറത്ത് നിന്നുള്ള പ്രകാശത്തെ കടത്തിവിട്ട്, ഒരു പ്രതലത്തില്‍ ചലിക്കുന്ന വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണു പിന്‍ഹോള്‍ ക്യാമറ. പക്ഷെ ഇത് എങ്ങും റെക്കോര്‍ഡ് ചെയ്യപ്പെടുന്നില്ല.
1860-കളില്‍ സോട്രോപ് (zoetrope), മൂട്ടോസ്കോപ് (mutoscope), പ്രാക്സിനോസ്കോപ് (praxinoscope) എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചലിക്കുന്ന ദ്വിമാന ചിത്രങ്ങള്‍ നിര്‍മ്മിക്കന്ന രീതി പ്രചാരത്തിലായി. ഈ ഉപകരണങ്ങള്‍ സാധാരണ ഒപ്റ്റിക്കല്‍ ഉപകരണങ്ങള്‍ (ഉദാ: മാജിക് ലാന്റേര്‍ണ്‍) പരിഷ്കരിച്ചവ ആയിരുന്നു. ഇവ നിശ്ചല ചിത്രങ്ങളെ ഒരു പ്രത്യേക വേഗതയില്‍ മാറ്റി മാറ്റി പ്രദര്‍ശിപ്പിച്ച് ചലിക്കുന്നവയായി തോന്നല്‍ ഉളവാക്കുന്നതായിരുന്നു. സ്വാഭവികമായും, ഉദ്ദേശിക്കുന്ന ഫലം ലഭിക്കാന്‍ ചിത്രങ്ങള്‍ വളരെ കരുതലോടെ നിര്‍മ്മിക്കണമായിരുന്നു. ഇത് പിന്നീട് അനിമേഷന്‍ ചിത്ര നിര്‍മ്മാണത്തിന്റെ അടിസ്ഥാന തത്ത്വമായി മാറി.
നിശ്ചല ഛായഗ്രഹണത്തിനുള്ള സെല്ലുലോയിഡ് ഫിലിമിന്റെ കണ്ടുപിടിത്തത്തോട് കൂടി, ചലിക്കുന്ന വസ്തുക്കളുടെ ചിത്രം എടുക്കുന്നത് എളുപ്പമായി. 1878-ല്‍ അമേരിക്കന്‍ ഐക്യനാടുകളിലെ എഡ്വാര്‍ഡ് മയ്ബ്രിഡ്ജ് (Eadweard Muybridge) 24 ക്യാമറകള്‍ ഉപയോഗിച്ച് ഒരു കുതിരയോട്ടത്തിന്റെ തുടര്‍ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിജയിച്ചു. ഈ ചിത്രങ്ങള്‍ പിന്നീട് ചരിത്രത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മ്മാണ്‍ത്തിനു ഉപയോഗപ്പെടുത്തി. ഈ ചിത്രങ്ങള്‍ കടലാസില്‍ പകര്‍ത്തി, ഒരു പിടി ഉപയോഗിച്ച് കറക്കാവുന്ന ഡ്രമ്മിനോടു ചേര്‍ത്ത് വെച്ചാണ്‍ ഇതു സാദ്ധ്യമാക്കിയതു. ഡ്രമ്മിന്റെ വേഗത അനുസരിച്ചു 5 മുതല്‍ 10 ചിത്രങ്ങള്‍ വരെ ഒരു നിമിഷത്തില്‍ കാണിക്കുമായിരുന്നു. നാണയം ഇട്ട് പ്രവര്‍ത്തിപ്പിക്കുന്ന ഇത്തരം ഉപകരണങ്ങളും വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുകയുണ്ടായി.
1880-കളിലെ മൂവി ക്യാമറയുടെ കണ്ടുപിടിത്തത്തോടു കൂടി വിവിധ ദൃശ്യങ്ങള്‍ ഒരു ഒറ്റ റീലിലേക്കു തന്നെ ചിത്രീകരിക്കുന്നത് എളുപ്പമായി. ഇത് പ്രൊജക്ടറിന്റെ കണ്ടുപിടിത്തത്തിലേക്കും നയിച്ചു. പ്രോസസ്സ് ചെയ്ത ഫിലിമിനെ ലെന്‍സിന്റെയും ഒരു പ്രകാശ സ്രോതസ്സിന്റെയും സഹായത്തോടെ ഒരു വലിയ പ്രതലത്തില്‍ പ്രതിഫലിപ്പിക്കുകയാണ്‍ പ്രൊജക്ടറുകള്‍ ചെയ്യുന്നത്. ഇത് കാരണം ഒരുപാട് പേര്‍ക്ക് ഒരുമിച്ചിരുന്നു സിനിമ കാണാന്‍ സാധിച്ചു. ഇത്തരം റീലുകള്‍ ചലച്ചിത്രങ്ങള്‍ (മോഷന്‍ പിക്ചേര്‍സ്) എന്ന് അറിയപ്പെടാന്‍ തുടങ്ങി. അക്കാലത്തെ ചിത്രങ്ങളെല്ലാം തന്നെ ഒരു നിശ്ചല ക്യാമറ ഉപയോഗിച്ചു ചിത്രസംയോജനമോ അതുപോലെ മറ്റ് സിനിമ സങ്കേതങ്ങളോ ഉപയോഗിക്കാതെ നിര്‍മ്മിച്ചവ ആയിരുന്നു.
യു.എസിലെ എഡ്വിന്‍ എസ്. പോര്‍ട്ടര്‍ ദ ഗ്രേറ്റ് ട്രെയിന്‍ റോബറി (1903) സംവിധാനം ചെയ്തതോടെ ചലച്ചിത്രകലയുടെ മുന്നോട്ടുള്ള സഞ്ചാരം തുടങ്ങി.
നിശ്ശബ്ദചിത്രങ്ങളായിരുന്നു പ്രാരംഭദശയില്‍ നിര്‍മിക്കപ്പെട്ടത്. യു.എസ്. സംവിധായകനായ ഡി.ഡബ്ല്യു.ഗ്രിഫിത്ത് ദ ബര്‍ത്ത് ഒഫ് എ നേഷന്‍ (1915), ഇന്‍ടോളറന്‍സ് (1916) എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്രകലയില്‍ വിപ്ലവം വരുത്തി. ക്ലോസ്-അപ്, ഫ്‌ളാഷ്ബാക്ക്, ഫെയ്ഡ്-ഔട്ട്, ഫെയ്ഡ്-ഇന്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഗ്രിഫിത്ത് അവതരിപ്പിച്ചു. ആദ്യകാല യൂറോപ്യന്‍ സിനിമയെ നിയന്ത്രിച്ചിരുന്നത് ഫ്രഞ്ച് നിര്‍മാതാക്കളായിരുന്നു; പ്രത്യേകിച്ചും പാഥേ, ഗാമൊങ്ങ് എന്നീ നിര്‍മാണ സ്ഥാപനങ്ങള്‍. ഡാനിഷ്, ഇറ്റാലിയന്‍ സിനിമകളും ഇക്കാലത്ത് പുരോഗതിനേടി. എന്നാല്‍ ഒന്നാം ലോകമഹായുദ്ധം യൂറോപ്യന്‍ ചലച്ചിത്ര വ്യവസായത്തെ തകര്‍ക്കുകയും അമേരിക്കന്‍ ചലച്ചിത്രകാരന്മാര്‍ മേല്‍ക്കൈ നേടുകയും ചെയ്തു. ഗ്രിഫിത്ത്, സെസില്‍ ബി. ഡിമില്ലെ, ചാര്‍ളി ചാപ്ലിന്‍ എന്നിവരായിരുന്നു മുന്‍ നിരയില്‍. കാലിഫോര്‍ണിയ കേന്ദ്രമാക്കി അമേരിക്കന്‍ ചലച്ചിത്ര വ്യവസായവും ശക്തമായി. 1920-കളില്‍ അമേരിക്കക്കൊപ്പം സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ചലച്ചിത്ര വ്യവസായം വികസിതമായി. ജര്‍മന്‍ എക്‌സ്പ്രഷനിസവും സോവിയറ്റ് യൂണിയനില്‍ നിന്നുള്ള മൊണ്ടാഷും ചലച്ചിത്രകലയെ സ്വാധീനിച്ചു.കാള്‍ തിയഡോര്‍ ഡ്രെയര്‍, സെര്‍ജി ഐസന്‍സ്റ്റീന്‍, ആബെല്‍ ഗാന്‍സ്, ആല്‍ഫ്രെഡ് ഹിച്ച്‌കോക്ക്, ഫ്രിറ്റ്‌സ് ലാങ്, എഫ്.ഡബ്ല്യു. മൂര്‍ണോ, ജി.ഡബ്ല്യു. പാബ്സ്റ്റ്, പുഡോഫ്കിന്‍, സിഗാ വെര്‍ട്ടോവ്, ലൂയി ബുനുവേല്‍ തുടങ്ങിയ പ്രതിഭാശാലികളുടെ കാലഘട്ടമായിരുന്നു അത്.
1920-കളോടെ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സിനു സമീപമുള്ള ഹോളിവുഡിലെ സ്റ്റുഡിയോകളിലേക്ക് അമേരിക്കന്‍ ചലച്ചിത്ര വ്യവസായം കേന്ദ്രീകരിച്ചു. 1927-ല്‍ ശബ്ദം ചലച്ചിത്രത്തില്‍ പ്രയോഗിക്കപ്പെട്ടു. ഡോണ്‍ ജുവാന്‍ (1926) എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യമായി ശബ്ദം ഉള്‍ക്കൊള്ളിച്ചത് എങ്കിലും ജാസ് സിംഗര്‍ (1927) ആയിരുന്നു ആദ്യത്തെ ശബ്ദ ഫീച്ചര്‍ ഫിലിം. ശബ്ദത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മികച്ച ചിത്രങ്ങള്‍ സൃഷ്ടിച്ച ആദ്യകാല സംവിധായകരില്‍ ഷാന്‍ റെനോയര്‍, ഷാന്‍ വിഗോ (ഫ്രാന്‍സ്), ഹിച്ച്‌കോക്ക് (ബ്രിട്ടന്‍), ഫ്രിറ്റ്‌സ് ലാങ് (ജര്‍മ്മനി), കെന്‍ജി മിസോഗുച്ചി, യാസുജിറോ ഒസു (ജപ്പാന്‍), ജോണ്‍ ഫോര്‍ഡ്, ഹൊവാര്‍ഡ് ഹോക്ക്‌സ്, ഫ്രാങ്ക് കാപ്ര (യു.എസ്.എ.) തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ശബ്ദത്തിന്റെ വരവ് അനിമേഷന്റെ രംഗത്തും വികാസമുണ്ടാക്കി. മിക്കി മൗസ് ആദ്യമായി പ്രത്യക്ഷപ്പെട്ടു. വാള്‍ട്ട് ഡിസ്‌നിയുടെ സ്റ്റീംബോട്ട് വില്ലി എന്ന കാര്‍ട്ടൂണ്‍ ചിത്രവും (1928) ആദ്യത്തെ മുഴുനീള ആനിമേഷന്‍ ചിത്രമായ സ്‌നോവൈറ്റ് ആന്‍ഡ് സെവന്‍ ഡ്വാര്‍ഫ്‌സും (1937) പുറത്തു വന്നു. വര്‍ണചിത്രങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണം മുമ്പു തന്നെ ആരംഭിച്ചെങ്കിലും ആദ്യത്തെ കളര്‍ ഫീച്ചര്‍ ചിത്രം- ബെക്കി ഷാര്‍പ്-പുറത്തുവന്നത് 1935-ല്‍ ആയിരുന്നു. അമ്പതുകളുടെ മധ്യത്തോടെ വര്‍ണചിത്രങ്ങള്‍ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ പുറന്തള്ളി. റിയലിസത്തിന്റെയും വാണിജ്യത്തിന്റെയും അടിസ്ഥാനഘടകമായി അത് അംഗീകരിക്കപ്പെട്ടു. അമ്പതുകളില്‍ ടെലിവിഷന്റെ വെല്ലുവിളി നേരിട്ട ചലച്ചിത്രരംഗം ദൃശ്യപരമായ പുതിയ സാങ്കേതിക വിദ്യകള്‍ക്കു ശ്രമിച്ചു.1952-ല്‍ ത്രീഡി (3D)യും സിനിമാ സ്‌കോപ്പും രംഗത്തെത്തി. ട്വന്റിയത് സെഞ്ചുറി ഫോക്‌സിന്റെ ദ റോബ് (1952) ആയിരുന്നു ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം. രണ്ടാം ലോക മഹായുദ്ധാനന്തരം കലാമൂല്യത്തിന് പ്രാധാന്യം നല്കുന്നതും വ്യക്തിഗതവുമായ സിനിമകളുമായി ഒരു സംഘം സംവിധായകര്‍ ലോകത്തെങ്ങും ഉയര്‍ന്നുവന്നു. ഇറ്റലിയിലെ നിയോറിയലിസവും ഫ്രാന്‍സില്‍ ആരംഭിച്ച നവതരംഗവും (ന്യൂ വേവ്) ഈ പ്രവണതയുടെ ഭാഗമായിരുന്നു.
ഇങ്മര്‍ ബര്‍ഗ്‍മന്‍ (സ്വീഡന്‍), അകിര കുറൊസാവ (ജപ്പാന്‍), ലൂയി ബുനുവേല്‍, കാര്‍ലോസ് സോറ (സ്പെയിന്‍), ലൂച്ചിനോ വിസ്‌കോന്തി, ഫെഡറിക്കോ ഫെല്ലിനി, ഡിസീക്ക, പാസോലിനി, ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി, മൈക്കലാഞ്ചലോ അന്റോണിയോണി, റോസലിനി (ഇറ്റലി), ലൂയിമാലെ റോബര്‍ട്ട് ബ്രസണ്‍, ഷാന്‍ കോക്തു, ഴാങ് ഗൊദാര്‍ദ്, ഫ്രാങ്‌സ്വാ ത്രൂഫോ (ഫ്രാന്‍സ്), സത്യജിത് റേ, ഋത്വിക് ഘട്ടക് (ഇന്ത്യ), തോമസ് ഗ്വിറ്റിറസ് അലിയ (ക്യൂബ), ആന്ദ്രേ വയ്ദ (പോളണ്ട്) തുടങ്ങിയ സംവിധായകരാണ് ആര്‍ട്ട് സിനിമയുടെ കൊടിയുയര്‍ത്തിയത്. ഫ്രഞ്ച് നവതരംഗമാണ് ചലച്ചിത്ര ലോകത്തെ പിടിച്ചു കുലുക്കിയത്. ഗോദാര്‍ദിന്റെയും (ബ്രത്‌ലെസ്, 1959) ത്രൂഫോയുടെയും ചലച്ചിത്രങ്ങള്‍ നവതരംഗ ചലച്ചിത്ര സങ്കല്പം വ്യക്തമാക്കി. രൂപത്തിലും ആഖ്യാനത്തിലും വമ്പിച്ച മാറ്റങ്ങള്‍ വരുത്തിയ നവതരംഗത്തിന്റെ സ്വാധീനം ലോകമെങ്ങും പ്രകടമായി. 1960 കളിലും 70 കളിലും വിവിധ ദേശീയ സിനിമകളില്‍ പുതിയ ചലച്ചിത്രകാരന്മാര്‍ ഉയര്‍ന്നുവന്നു. ലിന്‍സേ ആന്‍ഡേഴ്‌സണ്‍, ടോണി റിച്ചാഡ്‌സണ്‍, ജോണ്‍ ഷ്‌ളെസിംഗര്‍ (ബ്രിട്ടന്‍), വേര ചിറ്റിലോവ, മിലോസ് ഫോര്‍മാന്‍ (ചെക്കൊസ്ലൊവാക്യ), ഫാസ്ബിന്ദര്‍, വിം വെന്‍ ഡേഴ്‌സ്, വെര്‍ണര്‍ ഹെര്‍സോഗ് (ജര്‍മനി), ഹോസെ ലൂയിബോറോ, കാര്‍ലോസ് സോറ (സ്‌പെയിന്‍), റോബര്‍ട്ട് അള്‍ട്ട്മാന്‍, ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള, ആര്‍തര്‍ വെന്‍, മാര്‍ട്ടിന്‍ സ്കോര്‍സസെ (യു.എസ്.എ.), സത്യജിത് റേ, മൃണാള്‍ സെന്‍, മണികൗള്‍, ശ്യാം ബെനഗല്‍, അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍ എബ്രഹാം (ഇന്ത്യ), ആന്ദ്രേ തര്‍കോവ്സ്കി (റഷ്യ), റൊമാന്‍ പൊളാന്‍സ്കി, ആന്ദ്രേ വയ്ദ, ക്രിസ്റ്റോഫ് സനൂസി (പോളണ്ട്), സൊള്‍ത്താന്‍ ഫാബ്രി, ഇസ്തവാന്‍ ഗാള്‍, മാര്‍ത്ത മെസോറസ്, മിലോസ് യാന്‍ക്‌സോ, ഇസ്തവാന്‍ സാബോ (ഹംഗറി), യില്‍മെസ് ഗുണെ (തുര്‍ക്കി) തുടങ്ങിയവര്‍ ഈ ഗണത്തില്‍പെടുന്നു.
എഴുപതുകളില്‍ത്തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹോളിവുഡ് മുഖ്യധാരാ സിനിമയില്‍ പുതിയ തരംഗം സൃഷ്ടിച്ചു. വീഡിയോ, കേബിള്‍-സാറ്റലൈറ്റ് ടെലിവിഷനുകള്‍ എന്നിവയുടെ ആവിര്‍ഭാവം വാണിജ്യ സിനിമയെ കൂടുതല്‍ ബലിഷ്ഠമാക്കി. സ്‌പെഷ്യല്‍ ഇഫക്ടുകള്‍ ചലച്ചിത്രത്തില്‍ ആധിപത്യം നേടി. 1980-90 കാലഘട്ടത്തിലാണ് ഈ പ്രവണത സുശക്തമായത്. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് (ജാസ് 1975, ഇ.ടി.-ദ എക്‌സ്ട്രാ ടെറസ്ട്രിയല്‍ 1982, ജുറാസിക് പാര്‍ക്ക് 1993), ജോര്‍ജ്ജ് ലൂക്കാസ് (സ്റ്റാര്‍ വാര്‍സ് 1977), ജെയിംസ് കാമറൂണ്‍ (ദ ടെര്‍മിനേറ്റര്‍, ദ അബിസ്, ടൈറ്റാനിക്) തുടങ്ങിയവരാണ് പുതിയ സാങ്കേതിക തരംഗത്തിന്റെ സ്രഷ്ടാക്കള്‍. എണ്‍പതുകള്‍ക്കുശേഷം ഏഷ്യന്‍ സിനിമയുടെ മുന്നേറ്റം (പ്രത്യേകിച്ചും ചൈന, ഇറാന്‍) ശ്രദ്ധേയമായി. ചെന്‍ കയ്ഗ് (ചൈന), വോങ് കാര്‍ വയ് (ഹോങ്കോങ്), ആങ് ലീ (തയ്‌വാന്‍), അബ്ബാസ് കിയാരൊസ്തമി, മക്മല്‍ബഫ് (ഇറാന്‍) തുടങ്ങിയവരാണ് സമകാലീന ഏഷ്യന്‍ സിനിമയിലെ ശ്രദ്ധേയരായ സംവിധായകര്‍. ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി (പോളണ്ട്), പെക്രോ അല്‍മൊഡാവര്‍, ഷാന്‍-ഷാക് ബെനിക്‌സ്, പാട്രിസ് ലെക്കോന്തെ, ഡെറക് ജാര്‍മാന്‍ തുടങ്ങിയ യൂറോപ്യന്‍ സംവിധായകരും, ജെയ്ന്‍ കാംപിയോണ്‍, ജോര്‍ജ് മില്ലര്‍, പോള്‍ കോക്‌സ് (ഓസ്ട്രേലിയ), മിഗ്വെല്‍ ലിറ്റിന്‍ (ചിലി), സ്‌പൈക്‌ലീ, ആന്റണി മിന്‍ഹെല്ല, ക്വന്റിന്‍ ടരാന്റിനോ (യുഎസ്എ) തുടങ്ങിയവരും സമകാലിക സിനിമയില്‍ മികച്ച സംഭാവന നല്കിയ സംവിധായകരാണ്.
കണ്ടു പിടിച്ച നാളുകളില്‍തന്നെ സിനിമ ഇന്ത്യയിലെത്തിയതാണെങ്കിലും ഒരു കലാരൂപമെന്ന നിലയില്‍ സിനിമയ്ക്ക് സ്ഥാനം ലഭിച്ചത് അടുത്തകാലത്താണ്. ക്രിസ്തുവിന്റെ ജീവചരിത്രം കണ്ട ദാദാ സാഹിബ് ഫാല്‍ക്കെ അത്തരത്തില്‍ ഒരു കൃഷ്ണചരിതമായാലെന്താ എന്നാലോചിക്കാന്‍ തുടങ്ങി. പക്ഷേ രാജാ ഹരിശ്ചന്ദ്രയാണ് നിര്‍മിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രമായിരുന്നു അത്. ശാന്താറാം, പി.സി. ബറുവ, ദേവകീബോസ് തുടങ്ങിയവര്‍ ഇന്ത്യന്‍ സിനിമയുടെ നിശ്ശബ്ദകാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചവരാണ്. അര്‍ദീഷിര്‍ ഇറാനിയുടെ ആലം ആറയാണ്(1931) ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ. ബോംബെയിലെ പ്രഭാതും രഞ്ജിത്തും കല്‍ക്കട്ടയിലെ ന്യൂ തിയേറ്റേഴ്‌സും വഴിയാണ് മിക്ക ചിത്രങ്ങളും പുറത്തുവന്നിരുന്നത്. സംവിധായകരും ഇവരുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. ശാന്താറാമും ബിമല്‍ റോയിയും ഗുരു ദത്തും ശ്രദ്ധാര്‍ഹങ്ങളായ ചില സാമൂഹ്യചിന്തകള്‍ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ചു. 1955-ല്‍ പുറത്തുവന്ന പഥേര്‍ പാഞ്ചാലി ഇന്ത്യന്‍ സിനിമാസങ്കല്പങ്ങളെ ഇളക്കിമറിച്ചു. സത്യജിത് റായ് എന്ന സംവിധായകനെ ഇന്ത്യയ്ക്ക് ഈ ചിത്രം സംഭാവനചെയ്തു. റായിക്കു ശേഷം ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവര്‍ ഇന്ത്യന്‍ സിനിമയ്ക്ക് മഹത്തായ സംഭാവനകള്‍ നല്കി. എന്നാല്‍ ഇന്ത്യന്‍ സിനിമയുടെ ഏറ്റവും പുതിയ ചലനങ്ങള്‍ ഉണ്ടായത് എഴുപതുകളിലാണ്. മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം ആണ് അതിന് തുടക്കമിട്ടതെന്ന് വേണമെങ്കില്‍ പറയാം. മണി കൗള്‍ (ഉസ്കി റോട്ടി, ദുവിധ), കുമാര്‍ സാഹ്‌നി (മായദര്‍പണ്‍), അടൂര്‍ ഗോപാലകൃഷ്ണന്‍ (സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, കഥാപുരുഷന്‍), ശ്യാം ബെനഗല്‍ (ആങ്കുര്‍), ഗിരീഷ് കര്‍ണാട് (കാട്), ബി.വി.കാരന്ത് (ചോമനദുഡി), ഗിരീഷ് കാസറവള്ളി(തബരനകഥെ), ഗൗതം ഘോഷ്, കേതന്‍മേത്ത, ഗോവിന്ദ് നിഹലാനി, അരവിന്ദന്‍ (പോക്കുവെയില്‍, തമ്പ്, എസ്തപ്പാന്‍)-ഈ പട്ടിക വലുതാണ്. 1928-ലാണ് മലയാളത്തിലെ ആദ്യസിനിമ, വിഗതകുമാരന്‍, പുറത്തിറങ്ങുന്നത്. പത്തു കൊല്ലം കഴിഞ്ഞപ്പോള്‍ ബാലന്‍ എന്ന ശബ്ദചിത്രവുമിറങ്ങി. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് മലയാളം. എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തില്‍ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയില്‍നിന്ന് സംവിധായകന്റെ കല എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെടുന്നതും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ ദശകത്തില്‍ സംവിധായകര്‍ ആഖ്യാനസമ്പ്രദായത്തില്‍ വിപ്ലവം വിതച്ചു. അമ്പതുകളില്‍ സത്യജിത്‌റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കില്‍ എഴുപതുകളില്‍ വിവിധ ദര്‍ശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത്. ശക്തമായ ഒരു ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തില്‍ തഴച്ചുവളര്‍ന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി. സത്യജിത്‌റായിക്കും മൃണാള്‍സെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങള്‍ കേരളത്തില്‍നിന്നാണുണ്ടാകുന്നത്.
No comments:
Post a Comment