Tuesday, June 1, 2010
ബൈസിക്കിൾ തീവ്‌സ്(1948)
ദ ബൈസിക്കിൾ തീവ്‌സ് വിറ്റോറിയോ ഡി സിക്ക 1948-ൽ സംവിധാനം ചെയ്ത ഇറ്റാലിയൻ നവറിയലിസ്റ്റിക് ചലച്ചിത്രമാണ്.ആ പ്രസ്ഥാനത്തിന്റെ വിജയ വൈജയന്തിയായി കൊണ്ടാടപ്പെടുന്ന സിനിമ. തന്റെ ജോലി ആവശ്യത്തിനുപയോഗിക്കുന്ന കളവു പോയ ഒരു സൈക്കിളിനു വേണ്ടി റോമിന്റെ തെരുവോരങ്ങളിൽ തിരയുന്ന ഒരു ദരിദ്രമനുഷ്യന്റെ കഥയാണ് ഈ ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുന്നത്. ല്യൂഗി ബാർട്ടോലിനി ഇതേ പേരിൽ എഴുതിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചലച്ചിത്രം. ലാമ്പർട്ടോ മാഗ്ഗിയോറനി അച്ഛനായും എൻസോ സ്റ്റായിയോള മകനായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
നിരൂപകരുടെയും , സംവിധായകരുടെയും ശ്രദ്ധ വളരെയധികം ഈ ചിത്രം പിടിച്ചു പറ്റി. 1949-ൽ അക്കാദമി ഹോണററി പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു. 1952-ൽ സൈറ്റ് & സൗണ്ട്സ് എന്ന മാസിക ചലച്ചിത്ര നിർമ്മാതാക്കളുടെയും,നിരൂപകരുടെയും ഇടയിൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിലൂടെ എക്കാലത്തെയും മികച്ച ചിത്രമായി ഈ ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2002-ൽ ചലച്ചിത്ര പ്രവർത്തകരുടെ ഇടയിൽ നടത്തിയ മറ്റൊരു അഭിപ്രായ വോട്ടെടുപ്പിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ആറാമത്തേതായി ഈ ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.
വിശദാംശങ്ങളിൽ പോലും പ്രകടമാകുന്ന ജീവിതാവബോധം,ഉള്ളുരുക്കുന്ന നൊമ്പരങ്ങൾക്കിടയിലും സ്വയമരിയാതെ ചിരി വിടർത്തുന്ന നർമ ബോധം,വാക്കിലോ പ്രവൃത്തിയിലോ പ്രതികരണങ്ങളിലൊ കൃത്രിമത്വത്തിന്റെ ലാഞ്ചന പോലുമില്ലാത്ത യഥാർത്ഥ മനുഷ്യരുടെ ചിത്രീകരണം,അഭിനയമെന്നു പേർ ചൊല്ലി വിളിക്കാൻ മടി തോന്നും വിധം യഥാതഥമായ അഭിനയം ഇങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ള സിനിമയാണു ബൈസിക്കിൾ തീവ്‌സ് .ഇച്ചിത്രത്തിന്റെ ആകർഷണരഹസ്യങ്ങളിൽ ഏറ്റവും പ്രധാനം അതുൾകൊള്ളുന്ന പ്രമേയം തന്നെയാണു.സാധാരണക്കാരന്റെ പ്രത്യാശകളും നൊമ്പരങ്ങളും സമൂഹവും വിധിയും ഒരൊത്തുകളിയാലെന്ന പോലെ അവനെ പരാജയപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും നാമിവിടെ കാണുന്നു.
ദരിദ്രനായ അന്റോണിയോ റിക്കിയുടെ ജീവിതത്തിലെ ദൗർഭാഗ്യപൂരിതമായ ഒരദ്യായമാണു ഡി സീക്ക ഈ കൃതിയിലൂടെ അനാവരണം ചെയ്യുന്നതു.പണിയില്ലാതെ തെണ്ടി നടന്ന റിക്കിക്കു ഒടുവിലൊരു പണി കിട്ടി .അതു ചെയ്യാൻ സ്വന്തമായി ഒരു സൈക്കിൾ വേണം.വീട്ടിലുണ്ടായിരുന്ന പഴയ തുണികളും പുതപ്പുകളുമൊക്കെ പണയം വെച്ചിട്ടാണു അയാളുടെ ഭാര്യ പണയം വെക്കപ്പെട്ടിരുന്ന അയാളുടെ സൈക്കിൾ തിരിച്ചെടുക്കാനാവശ്യമായ പണം അയാളെ ഏൽപ്പിച്ചതു.പണിയാരംഭിച്ച ആദ്യ ദിവസം തന്നെ സൈക്കിൾ മോഷ്ടിക്കപ്പെട്ടു.സൈക്കിൾ തേടി നടന്നു നിരാശനായപ്പോൾ റിക്കിയും അതു തന്നെ ചെയ്തു.എന്നാൽ സമർഥനായ മോഷ്ടാവല്ലത്താതു കൊണ്ടു അയാൾ കയ്യോടെ പിടിക്കപ്പെട്ടു.
നാമമാത്രമായ ഇതിവൃത്തത്തിൽ നിന്നാണു ഡി സീക്കയും സിസറെ സാവട്ടിനിയും ചേർന്നു മനുഷ്യവികാരങ്ങളുടെ സമസ്തഭാവങ്ങളുമിണങ്ങിയ ഒരു കലാശിൽപം സൃഷ്ടിച്ചതു.
Subscribe to:
Post Comments (Atom)
No comments:
Post a Comment