സാവുള്‍ ഹോളോകോസ്റ്റിനോട് പറഞ്ഞത്....
ജാഫര്‍ എസ് പുല്‍പ്പള്ളി
1944 ഒക്ടോബറിലെ ആ ദിവസം , ഓഷ്വിറ്റ്സ് കോണ്സെൻട്രേഷൻ ക്യാംപിലെ ഗ്യാസ് ചേമ്പറിൽ നിന്നുള്ള ശവശരീരങ്ങൾ നീക്കം ചെയ്യുന്ന പ്രത്യേക യൂണിറ്റായ സോണ്ടര്‍കൊമാണ്ടോ അംഗമായ സാവുള്‍ ഓസ്‌ലാൻഡർക്ക് മറക്കാൻ കഴിയാത്തത് ആയിരുന്നു.
അയാളും ഒരു ജൂതന്‍ ആയിരുന്നു, തടവുകാരനും.സാവുള്‍ നിര്‍വികാരനായി ചെയ്തു കൊണ്ടിരിക്കുന്ന ജോലി ഏതൊരാളുടെയും ഹൃദയം മുറിപ്പെടുത്തുന്നത് തന്നെയാണ്:ആളുകളെ ഗ്യാസ് ചേംബറിലേക്ക് നയിക്കുക,അവിടെ നിന്ന് ശവശരീരങ്ങള്‍ വലിച്ച് നീക്കുക , അവയുടെ വസ്ത്രങ്ങളിലെ വസ്തുക്കള്‍ എടുക്കുക , കത്തിച്ചതിന് ശേഷം ചാരം നീക്കം ചെയ്യുക , ചേംബറുകള്‍ ഉരച്ചു കഴുകുക എന്നിവ. 2015 ല്‍ പുറത്തിറങ്ങിയ 'സൺ ഓഫ് സാവുള്‍'എന്ന ഹങ്കേറിയന്‍ സിനിമ കാണിച്ചു തരുന്നത് മനുഷ്യമനസ്സിനെ ദു:ഖത്താല്‍ തകര്‍ത്തുകളയുന്ന ഇത്തരം ദൃശ്യങ്ങൾ ആണ്. ആ കഠോര ജോലിയോട് സാവൂള്‍ ഏതാണ്ട് സമരസപ്പെട്ടു കഴിഞ്ഞു എന്ന് തോന്നും , അയാളുടെ പ്രവ്യത്തിയിലെ യാന്ത്രികത , മുഖത്തെ ശൂന്യത കണ്ടാല്‍. സോണ്ടര്‍കൊമാണ്ടോകളും കൊല്ലപ്പേടേണ്ടവരാണ്, ഇന്നല്ലെങ്കില്‍ നാളെ. മരണം മുന്നില്‍ ഏത് നിമിഷവും എത്തിയേക്കാവുന്നൊരാളായ സാവുളിന്റെ ജീവിതത്തിലെ ഒന്നര ദിവസത്തെ ആണ് സിനിമ ആവിഷ്കരിക്കുന്നത്. വലിയ ഭീകരതയെ കുറിച്ച്ചുള്ള ചെറിയ കഥയാണ് ഈ സിനിമ.
ഫാസിസ്റ്റ് ജര്‍മ്മനിയുടെ ആജ്ഞ ശിരസ്സാ വഹിച്ച് ഏതാണ്ട് നാല് ലക്ഷത്തിലധികം ജൂതരെ ആണ് ഹംഗറി കോണ്‍സട്രേഷന്‍ ക്യാമ്പുകളിലേക്ക് അയച്ചത്. ജോലി എടുക്കാന്‍ വയ്യാത്തവര്‍,സ്ത്രീകള്‍ , രോഗികള്‍ എന്നിവരായ ഈ മുഴുവന്‍ ആളുകളെയും രണ്ട് മാസത്തിനകം ഉന്മൂലനം ചെയ്തു. ഇതില്‍ ഒരു ലക്ഷത്തോളം കുട്ടികളും പെടുന്നു.
സിനിമയിലെ ആദ്യ സീനില്‍ തന്നെ സാവുള്‍ നമ്മുടെ മുന്നിലേക്ക് എത്തുന്നുണ്ട്. അതൊരു നീണ്ട , സൂക്ഷ്മതയുള്ള ഷോട്ടാണ്. പുറത്തുള്ള പച്ചപ്പിന്റെ ഭാഗത്ത് നിന്നും ക്യാമറയ്ക്ക് നേരേയ്ക്ക് നടന്നടുക്കുന്ന സാവുള്‍ സിനിമയുടെ അവസാന ഷോട്ട് വരെയും ഫ്രെയിമിന്റെ നടുക്ക് തന്നെയാണ്.അയാളുടെ ചുറ്റിനുമുള്ള ആളുകള്‍,ശവശരീരങ്ങള്‍ ഒക്കെ ഫോക്കസിന് വെളിയില്‍ ആണ് , സാവുള്‍ എല്ലായ്പ്പോഴും ഫോക്കസില്‍ തന്നെയും. അയാളുടെ കാഴ്ച മാത്രമാണ് നാം കാണുന്നത്, അയാള്‍ കേള്‍ക്കുന്നത് മാത്രം കേള്‍ക്കുകയും ചെയ്യുന്നു. നീണ്ട ഷോട്ടുകളിലൂടെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. ക്ലോസപ്പുകള്‍ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ലോംഗ് ഷോട്ടുകള്‍ അപൂര്‍വം എന്ന് തന്നെ പറയാം. മിക്ക സീനുകളിലും പശ്ചാത്തലത്തെ ഏതാണ്ട് മറച്ചു കൊണ്ട് സാവുള്‍ നിലകൊള്ളുന്നു. സൂക്ഷ്മവും അനന്യവുമായ ഈ ആവിഷ്കാരരീതി കാണിക്ക് നല്‍കുന്നത് കോണ്സെൻട്രേഷൻ ക്യാമ്പ് മുഖ്യപ്രമേയമായ മറ്റ് സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സിനിമാ അനുഭവം ആണ്.ക്യാമ്പിലെ ഭീകര ദ്യശ്യങ്ങള്‍ എല്ലാം തന്നെ ഫോക്കസിന് വെളിയില്‍ ആയി മങ്ങിയിട്ടാണ് കാണിക്കുന്നത് എങ്കിലും അവയുടെ ഭീകരതയ്ക്ക് യാതൊരു കുറവും വരുന്നില്ല. എത്ര പറഞ്ഞ് പഴകിയ പ്രമേയം ആണെങ്കിലും ആവിഷ്കാരത്തിലെ നൂതനത കൊണ്ട് അതിനെ സുന്ദരമായി മറികടക്കാം എന്നതിനുള്ള മികച്ച ഉദാഹരണമാണ് ഈ സിനിമ.
ഒരേ സമയം ശക്തവും സൂക്ഷ്മവും ലളിതവുമാണ് ലാസ്ലോ നെമെസിന്റെ ആദ്യ സിനിമ. സാവുള്‍ ആയി അഭിനയിച്ചിരിക്കുന്ന ഗെസ റോറിഗിന്റെ അസാമാന്യമായ പ്രകടനവും സിനിമയെ ഒട്ടേറെ സഹായിക്കുന്നുണ്ട്. സംഭാഷണവും മുഖത്തെ വൈകാരികതയും ഇല്ലാതെ ശരീരഭാഷ കൊണ്ട് മാത്രം അത്രയും വൈകാരികമായൊരു പരിസരത്തെ കാണിയ്ക്ക് അനുഭവിപ്പിക്കാന്‍ ആ നടന് സാധിച്ചിരിക്കുന്നത് സിനിമയുടെ ഒരു പ്രധാന വിജയം ആണ്.
ഫാസിസത്തിന് ഇരയാകുന്ന മനുഷ്യനെ നിരപരാധിയ്ക്കും കുറ്റവാളിയ്ക്കും ഇടയില്‍ നിര്‍ത്തി ഒരു ഉപകരണത്തെ പോലെ ഉപയോഗിക്കുക എന്നത് ആ ആശയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇരകളായ , കൊല്ലപ്പെടേണ്ട ആളുകളെ ഉപയോഗിച്ചു തന്നെയാണ് കോണ്സെൻട്രേഷൻ ക്യാംപുകളിലെ ഹിംസ മുഴുവനും ചെയ്യിക്കുന്നത്. ഇത്തരത്തില്‍ ഫാസിസം എങ്ങിനെ മനുഷ്യനെ അപമാനവീകരിക്കുന്നു എന്നത് സൂക്ഷ്മമായി കാണിച്ചു തരുന്ന സൺ ഓഫ് സാവൂള്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ ,ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ , കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്സ് എന്നിവ അടക്കം ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്.
നിര്‍വികാരനും നിര്‍ഭയനുമായി സാവുള്‍ ശവശരീരങ്ങളെ വലിച്ച് മാറ്റുന്നു , ഗ്യാസ് ചേംബറിനകത്ത് നിന്നും വരുന്ന അലറിക്കരച്ചിലും അതിന്റെ ഉരുക്കുവാതിലിന്മേലുള്ള മുട്ടലുകളും വേറേതൊ ലോകത്തില്‍ നിന്നാണെന്ന മട്ടില്‍ ഇളക്കമില്ലാതെ സാവുള്‍ കേള്‍ക്കുന്നു. ആളുകളെ ഗ്യാസ് ചേംബറിലേക്ക് കയറ്റുന്നതിന് മുമ്പായി അവരുടെ വസ്ത്രങ്ങള്‍ അഴിച്ച് വാങ്ങി കുളിപ്പിച്ച് അവര്‍ക്ക് ഭക്ഷണവും തൊഴിലും നല്‍കും എന്ന് ഒരാള്‍ വിളിച്ചു പറയുന്നത് എത്രയോ തവണയായി കേള്‍ക്കുന്നു, സാവുള്‍ . എന്നാല്‍ അവര്‍ക്ക് കിട്ടുക മരണമാണ് എന്നതും സാവുളിന് പരിചിതമായ അനുഭവം ആണ്.
ഭീകരത നിറഞ്ഞു നില്‍ക്കുന്ന സിനിമയുടെ കഥാന്തരീക്ഷത്തിന്റെ ആവിഷ്കാരത്തിന് സൌണ്ട് ട്രാക്ക് നല്‍കുന്ന പിന്തുണയെ കുറിച്ച് പറയാതെ വയ്യ. ബോധപൂര്‍വം മറച്ചു വെച്ചിരിക്കുന്ന ദ്യശ്യങ്ങള്‍ക്ക് പകരമായി ഒച്ചയിടലുകള്‍, അലര്‍ച്ചകള്‍, കരച്ചിലുകള്‍,ആജ്ഞകള്‍, ഞരങ്ങലുകള്‍ ഒക്കെ കൂടിക്കലര്‍ന്ന സിനിമയുടെ സൌണ്ട് ട്രാക്ക് പകര്‍ന്നു നല്‍കുന്നത് ഭീകരതയുടെ , ദൈന്യതയുടെ തീവ്രതയാര്‍ന്ന അനുഭവം തന്നെയാണ്. അടച്ചിട്ട ഗ്യാസ് ചേംബറിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന സാവുളിന്റെ തണുത്തുറഞ്ഞ മുഖത്തിന്റെ ദ്യശ്യത്തിലേക്ക് വന്നലയ്ക്കുന്നത് ചേംബറിനുള്ളില്‍ നിന്നും വരുന്ന ആര്‍ത്തനാദങ്ങള്‍ ആണ്. നേര്‍ത്ത സ്ഥായിയില്‍ തുടങ്ങുന്ന അത് കാണിയെ ആഴത്തില്‍ ഉലയ്ക്കുന്നു ഒടുക്കത്തില്‍. കാണിയെ ഭീകരതയില്‍ നിന്ന്, ക്രോധത്തില്‍ നിന്ന് കുറ്റബോധത്തിലേക്കും സങ്കടത്തിലേക്കും നയിക്കുന്നു സിനിമ.
അങ്ങിനെ അന്ന് കുറേ ആളുകളെ മരണത്തിലേക്ക് പറഞ്ഞു വിട്ടിട്ട് ചേംബര്‍ വ്യത്തിയാക്കുന്ന സമയത്താണ് ഗ്യാസ് ചേംബറില്‍ നിന്ന് തിരികെ കൊണ്ട് വന്ന ശരീരങ്ങളുടെ കൂട്ടത്തില്‍ നിന്ന് സാവൂള്‍ അവനെ കാണുന്നത്.അവനൊരു ആണ്‍കുട്ടിയായിരുന്നു, അവന്‍ മരിച്ചിരുന്നില്ല. അബോധാവസ്ഥയില്‍ ആയിരുന്ന അവനെ ഒരു ഡോക്ടര്‍ ശ്വാസം മുട്ടിച്ച് കൊല്ലുന്നതും ഓട്ടോപ്സിക്കായി കൊണ്ട് പോകാന്‍ വിളിക്കുന്നതും സാവുള്‍ കേള്‍ക്കുന്നു.പെട്ടെന്ന് ഏതോ ആന്തരിക ചോദനയാല്‍ മുന്നോട്ട് ചെല്ലുന്ന സാവുള്‍ അവനെ ജയില്‍ ഡോക്ടരുടെ അടുത്തേക്ക് ചുമന്ന് കൊണ്ടു പോകുന്നു.സാവുളിന്റെ ഭാവം എന്താണെന്ന് അപ്പോഴും കാണിയ്ക്ക് മനസ്സിലാകുന്നില്ല . അയാളുടെ വികാരരഹിതമായ മുഖത്ത് ഒന്നിന്റെയും ലാഞ്ജന കാണുന്നില്ല.
ജയില്‍ ഡോക്ടരായ മിക്ലോസും ഒരു ജൂതത്തടവുകാരന്‍ ആണ്. സാവുള്‍ തന്റെ ഇംഗിതം ഡോക്ടറോട് പറയുന്നു : ദയവായി അവനെ ഓട്ടോപ്സി ചെയ്യരുത് , തനിക്ക് വിട്ടു തരണം , അവനെ താന്‍ ഒരു ജൂത രീതിയില്‍ സംസ്കരിച്ചോളാം എന്ന്. ഡോക്ടര്‍ സാവുളിന്റെ അപേക്ഷ നിരസിക്കുന്നു, എന്നാല്‍ ഓട്ടോപ്സിയ്ക്കും സംസ്കാരത്തിനും കുട്ടിയുടെ അടുത്ത് കുറച്ച് സമയം നില്‍ക്കാന്‍ ഉള്ള അനുവാദം കൊടുക്കുന്നു. എന്നാല്‍ സാവുളിന് അത് പോരായിരുന്നു. അയാള്‍ക്ക് ആ മരവിപ്പിക്കുന്ന നരകത്തിന്റെ മരണക്കുടുക്കില്‍ നിന്ന് കുറച്ച് നേരത്തേക്ക് എങ്കിലും മോചനം വേണം, ചുരുങ്ങിയത് മോചനത്തിന്റെ തോന്നല്‍ എങ്കിലും വേണം. ആ പ്രവ്യത്തിയിലൂടെ ,മനുഷ്യത്തം ഇല്ലാതായിപ്പോയ തന്റെ ജീവിതത്തിലേക്ക് അതിന്റെ ഒരു നിമിഷം വീണു കിട്ടാനാണ് സാവുള്‍ ശ്രമിക്കുന്നത്. ഒട്ടും മെലോഡ്രാമ കലര്‍ത്താതെയാണ് സാവുളിന്റെ ഈ ശ്രമത്തെ സിനിമ കാണിച്ചു തരുന്നത്.
ഗ്യാസ് ചേംബര്‍ വ്യത്തിയാക്കുന്നതിനിടെ തന്റെ യൂണിറ്റിലെ റബ്ബിയോട് ഒരാളെ സംസ്കരിക്കാന്‍ സഹായിക്കുമോ എന്ന് സാവുള്‍ ചോദിക്കുന്നു.റബ്ബി അത് തിരസ്കരിക്കുന്നു.
ജയിലില്‍ ഒരു കലാപത്തിന് പദ്ധതി തയ്യാറാക്കുന്ന ചിലര്‍ക്ക് ചെയ്യുന്ന സഹായം മൂലം സാവുളിന് മറ്റൊരു യൂണിറ്റിലെ റബ്ബിയെ കണ്ടെത്താന്‍ കഴിയുന്നു . മ്യതദേഹങ്ങള്‍ കത്തിച്ച ചാരം തള്ളുന്ന നദീതീരത്ത് വെച്ച് കണ്ടുമുട്ടുന്ന അയാളും സാവുളിന്റെ ആവശ്യം നടത്തിക്കൊടുക്കുന്നില്ല.തന്റെ യൂണിറ്റില്‍ തിരികെ എത്തുന്ന സാവുള്‍ ഓട്ടോപ്സി മുറിയില്‍ നിന്ന് ഡോക്ടര്‍ ഒളിപ്പിച്ച് മാറ്റി വെച്ചിരുന്ന കുട്ടിയെ ഒരു ചാക്കില്‍ കെട്ടി തന്റെ ബാരക്കില്‍ എത്തിക്കുന്നു. തന്റെ സഹതടവുകാരുടെയോ തന്റെ തന്നെയോ ക്യാമ്പില്‍ നിന്നുള്ള മോചനം അല്ല സാവുള്‍ ആ സമയത്ത് ആഗ്രഹിക്കുന്നത്. അയാളുടെ ഉദ്ദേശ്യം ഒരു റബ്ബിയുടെ അടുത്ത് അവനെ കൊണ്ട് പോയി ജൂത രീതിയില്‍ സംസ്കരിക്കുക എന്നതാണ്.സാവുളിനെ നയിക്കുന്ന വികാരം മതബോധം അല്ല , മറിച്ച് മരണമെത്തും മുമ്പ് , തന്നെ സംത്യപ്തനാക്കുന്ന എന്തെങ്കിലും ചെയ്യണം എന്ന നിശ്ചയം ആണ്.
ഇതിനിടെ തടവുകാരുടെ ഗൂഡാലോചനയും രഹസ്യ പ്രവ്യത്തികളും പുരോഗമിക്കുന്നുണ്ട്..ഇതിലെല്ലാം സാവുളും പങ്കാളി ആകുന്നുമുണ്ട്..അന്ന് വൈകീട്ട് പുതിയൊരു സംഘം തടവുകാര്‍ എത്തുന്നു . അവര്‍ക്കിടയില്‍ ഒരു റബ്ബിയ്ക്കായി സാവുള്‍ പരതി നടക്കുകയാണ്. പശ്ചാത്തലത്തില്‍ വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ട്.. അതു പക്ഷെ കലാപത്തിന്റേത് അല്ല , വലിയ തീക്കുണ്ഡത്തിന് സമീപം ആളുകളെ നിര്‍ത്തി വെടിവെച്ചിട്ടിട്ട് തീയിലേക്ക് ഇടുന്നതിന്റെത് ആണ്. അവിടേക്ക് നീങ്ങുന്ന സാവൂളിന്റെ അടുത്തേക്ക് ഒരുവന്‍ വന്ന് പറയുകയാണ് താനൊരു റബ്ബി ആണെന്ന്.മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പറയുന്നത് ആണെന്ന് വ്യക്തം. പക്ഷെ റബ്ബിയെ കണ്ടെത്താന്‍ തീവ്രമായി അലയുന്ന സാവുള്‍ അത് മനസ്സിലാക്കുന്നില്ല. അയാളെ തന്റെ ബാരക്കില്‍ എത്തിക്കുന്ന സാവുള്‍ , കുട്ടിയുടെ ശരീരം തുടച്ച് വ്യത്തിയാക്കുന്നു. കലാപകാരികളുടെ നേതാവായ അബ്രഹാം സാവുളിനോട് ചോദിക്കുന്നുണ്ട് കുട്ടി അയാളുടെ ആരാണ് എന്ന്. സാവുളിന്റെ മറുപടി അതെന്റെ മകനാണ് എന്നായിരുന്നു. കുട്ടി അയാളുടെ മകന്‍ അല്ലെന്ന് അബ്രഹാമിനും കാണിക്കും അറിയാം.
ക്യാമ്പില്‍ കലാപം ഉണ്ടാകുന്നു. ക്യാമ്പിന്റെ പുറത്ത് കുഴി കുത്തി അവിടെ കുട്ടിയെ അടക്കാനുള്ള സാവുളിന്റെ ശ്രമം പരാജയപ്പെടുന്നു. അയാള്‍ ചാക്കുകെട്ടും പേറി റബ്ബിയെയും കൂട്ടി ക്യാമ്പില്‍ നിന്ന് ഓടിപ്പോകുന്നു. കാട്ടില്‍ ഒരിടത്ത് കുഴികുത്താന്‍ ശ്രമിക്കുന്നു. കുഴി കുത്തുന്നതിനിടെ റബ്ബിയോട് ഖദ്ദിഷ് എന്ന പ്രാര്‍ഥന ചൊല്ലാന്‍ ആവശ്യപ്പെടുന്നെങ്കിലും റബ്ബിയ്ക്ക് അതിന് സാധിക്കുന്നില്ല , അയാള്‍ ഒരു റബ്ബിയല്ലല്ലൊ. സാവുളിന്റെ ആ ശ്രമവും പരാജയപ്പെടുകയാണ്. ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട് ഓടിവരുന്ന തടവുകാരുടെ പിറകെ സൈനികരുടെ നായകളുടെ കുര കേള്‍ക്കുന്നുണ്ട് . ഈ സമയത്തെ സാവുളിന്റെ മുഖത്ത് മിന്നിമറയുന്നത് ദ്യഡനിശ്ചയവും പരാജയഭീതിയും ദൈന്യതയും കലര്‍ന്ന ഭാവങ്ങള്‍ ആണ്.
സാവുള്‍ കുട്ടിയുടെ മ്യതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുന്നത് ചിന്തിക്കുന്നത് പോലുമില്ല.ചാക്കുകെട്ടും ചുമലിലേന്തി പിന്നെയും ഓടുന്ന സാവുള്‍ ഒരു നദിക്കരയില്‍ ആണ് എത്തുന്നത്.ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹാന്‍ഡി ക്യാം ഷോട്ടുകള്‍ക്ക് ഉദ്വേഗം കൂട്ടുന്നതില്‍ നല്ല പങ്ക് ഉണ്ട്.നദിയിലേക്ക് ചാടുന്ന സാവുള്‍ ചാക്കുമായി നീന്താന്‍ തീവ്രമായി ശ്രമിക്കുന്നെങ്കിലും കുത്തൊഴുക്കില്‍ ചാക്ക് അയാളില്‍ നിന്ന് പുഴയിലേക്ക് വീണ് ഒഴുകിപ്പോകുന്നു...ജൂത രീതിയില്‍ അവനെ അടക്കാന്‍ സാധിച്ചില്ലെങ്കിലും അവനെ കത്തിക്കരിഞ്ഞ് ചാരമാകാതെ നോക്കാനെങ്കിലും സാവുളിന് പറ്റുന്നു.
പുഴ നീന്തിക്കടക്കുന്ന സാവുള്‍ അടക്കമുള്ള തടവുകാര്‍ കാട്ടിനകത്തെ ഒരു ഷെഡ്ഡില്‍ ഒളിയ്ക്കുന്നു. പോളിഷ് സേന തങ്ങളെ രക്ഷിക്കും എന്ന പ്രത്യാശ അവര്‍ക്കുണ്ട്. അതിന് അവരെ സേന കണ്ടെത്തണം. അതിനുള്ള സാധ്യതയും കുറവാണ്. ഏത് നിമിഷവും ജര്‍മ്മന്‍ സൈനികര്‍ വന്നേക്കാം, മരണവും...അപ്പോഴാണ് ഷെഡ്ഡിന്റെ പാതി തുറന്ന വാതിലിലൂടെ അകത്തേക്ക് ആകാംക്ഷയൊടെ ഉറ്റു നോക്കുന്ന ഒരു ബാലനെ സാവുള്‍ കാണുന്നത് . സാവുളിന്റെ മുഖത്ത് പതുക്കെ ഒരു ചിരി വിരിയുന്നു. സിനിമയിലെ ആദ്യത്തെയും അവസാനത്തെയും ചിരി ഇതാണ്.ജര്‍മ്മന്‍ പട്ടാളക്കാര്‍ ഷെഡ്ഡിലേക്ക് ഓടിയടുക്കവേ കുട്ടി അവിടെ നിന്ന് ഓടിയകലുന്നു,പ്രതിധ്വനിക്കുന്ന വെടിയൊച്ചകള്‍ പശ്ചാത്തലത്തില്‍ ബാക്കിയാക്കിക്കൊണ്ട്...
തന്റെ സിനിമയെ കുറിച്ച് സംവിധായകനായ ലാസ്ലോ നെമെസ് പറഞ്ഞത് ഈ സിനിമ ഒരിക്കലും സുന്ദരം ആയിരിക്കരുത് എന്ന നിശ്ചയം തനിക്കുണ്ടായിരുന്നു എന്നാണ്. ജീവിതത്തിന്റെ ഭയങ്കര ദൈന്യങ്ങളെ ആവിഷ്കരിക്കുന്ന കലാസ്യഷ്ടികള്‍ സുന്ദരമായിരിക്കണമെന്നില്ലാത് തത് പോലെ സൺ ഓഫ് സാവൂളിന്റെയും സൌന്ദര്യം കിടക്കുന്നത് ക്രൂരതയും ഹിംസയും നിറഞ്ഞു നില്‍ക്കുന്ന കാലത്തിന്റെ ആസുരതകള്‍ക്ക് നേരെ അത് മുന്നോട്ട് വെക്കുന്ന മനുഷ്യത്തത്തിലുള്ള വിശ്വാസത്തില്‍ ആണ്.