സ്വവർഗ വിവാഹം : മാറുന്ന മനോഭാവങ്ങൾ
പന്ത്രണ്ട് വർഷം
മുൻപ് യൂറോപ്യൻ രാജ്യമായ നെതർലണ്ട്സ്
സ്വവർഗവിവാഹം നിയമവിധേയമാക്കുമ്പോൾ അത് അവിശ്വസനീയമായ ഒരു സംഭവം ആയിട്ടാണ് ലോകം കണ്ടത്.
യാഥാസ്ഥിതികർക്കിടയിൽ നിന്ന് വലിയ എതിർപ്പിനും സ്വവർഗാനുരാഗികളുടെ അവകാശം
സംബന്ധിച്ച ചർച്ചകൾക്കും കാരണമാകുകയും ചെയ്തു അത്. എന്നാൽ ഒരു വ്യാഴവട്ടത്തിനു ശേഷം കാര്യങ്ങൾ
ആകെ മാറിമറിയുകയാണ്.
നെതർലണ്ട്സിനു പിറകെ അർജന്റീന,ബെൽജിയം,ഡെന്മാർക്ക്,നോർവേ,പോർട്ടുഗൽ,തെക്കൻ
ആഫ്രിക്ക,സ്പെയിൻ,സ്വീഡൻ ,ഐസ് ലണ്ട് ,കാനഡ എന്നീ പത്ത് രാജ്യങ്ങളാണ് സ്വവർഗ വിവാഹം
നിയമവിധേയമാക്കിയത്. മെക്സിക്കോയിൽ അത് തലസ്ഥാനത്ത് മാത്രമായി അനുവദിച്ചിട്ടുണ്ട്.ഇസ്രായേലിൽ
അതിനു പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലെങ്കിലും നിയമപരമായ അംഗീകാരം
കിട്ടിക്കഴിഞ്ഞു. ഫ്രാൻസിൽ ഭരിക്കുന്ന സോഷ്യലിസ്റ്റ് സർക്കാർ തങ്ങൾ തിരഞ്ഞെടുപ്പ്
വാഗ്ദാനമായി നൽകിയ സ്വവർഗ വിവാഹ നിയമപ്രാബല്യം രാജ്യത്ത് കൊണ്ടുവരാനുള്ള ബില്ലിനു
അംഗീകാരം നൽകിക്കഴിഞ്ഞു. ന്യൂസിലണ്ട് അടുത്ത വർഷം സമാനമായ നിയമത്തിനു രൂപം
കൊടുക്കും. ഇംഗ്ലണ്ടും സ്കോട്ട്ല്ണ്ടും ഇക്കാര്യത്തിൽ അനുകൂലതീരുമാനം ഉടൻ
എടുക്കാനിടയുണ്ട്. ചൈന ഇപ്പോഴും സ്വവർഗവിവാഹത്തെ അനുകൂലിക്കുന്നില്ലെങ്കിലും
സ്വവർഗാനുരാഗത്തോടുള്ള ഭരണകൂടത്തിന്റെ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. 2001
ലാണ് ചൈന സ്വവർഗാനുരാഗത്തെ മാനസികരോഗങ്ങളുടെ പട്ടികയിൽ നിന്ന് എടുത്തു കളഞ്ഞത്.
വേട്ടയാടപ്പെട്ട
സ്വവർഗാനുരാഗികൾ
സ്വവർഗാനുരാഗികൾക്കെതിരെയുള്ള
സമൂഹത്തിന്റെ മനോഭാവം മാറാൻ തുടങ്ങിയിട്ട് വളരെയൊന്നും കാലമായിട്ടില്ല,
വികസിതരാജ്യങ്ങളിൽ പോലും. 50 വർഷങ്ങൾക്ക് മുൻപ് കടുത്ത ശിക്ഷ ലഭിക്കാവുന്ന
കുറ്റക്യത്യമായിരുന്നു അത് ഒട്ടെല്ലാ രാജ്യങ്ങളിലും. ബ്രിട്ടൻ അത്
നിയമവിരുദ്ധമല്ലാതാക്കിയത് 1967 ൽ മാത്രമാണ്. സ്വവർഗാനുരാഗം കുറ്റക്യത്യമാകുന്ന
നിയമം അമേരിക്കയിലെ 14 സംസ്ഥാനങ്ങളിൽ ഒഴിവാക്കിയത് 2003 ൽ മാത്രമാണ്. മുസ്ലിം ലോകം അന്നും ഇന്നും അതിനെ വെറുക്കുകയും
തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. വധശിക്ഷ പോലും ലഭിക്കാവുന്ന കുറ്റമാണ് പല
ഇസ്ലാമികരാഷ്ട്രങ്ങളിലും സ്വവർഗാനുരാഗം. ആഫ്രിക്കയും ഏഷ്യയിലെ വികസ്വരരാഷ്ട്രങ്ങളും
ഇപ്പോഴും സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല,
അവിടങ്ങളിലെല്ലാം സ്വവർഗാനുരാഗികളുടെ പ്രതിഷേധ പ്രസ്ഥാനങ്ങൾ വളർന്നു വന്നിട്ടുള്ള
അവസ്ഥയിൽ പോലും. മിക്ക സമൂഹങ്ങളിലും യാഥാസ്ഥിതിക മതങ്ങളാണ് സ്വവർഗാനുരാഗത്തിന്
എതിരായുള്ള സമീപനം സ്വീകരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും ഇത്തരം വിവാഹത്തിനു
സ്വീകാര്യതയും നിയമപ്രാബല്യവും ലഭിക്കുന്നത് തങ്ങളുടെ ഇപ്പോഴെ ഇല്ലാതായ
അടിത്തറയ്ക്ക് കൂടുതൽ കോട്ടം തട്ടിക്കുമെന്ന് ക്രിസ്ത്യൻ സഭകൾ ഭയപ്പെടുന്നുണ്ട്.
അവരുടെയും അവർ പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെയും ഭാഗത്ത് നിന്നാണ് പ്രധാനമായും എതിർപ്പ് വരുന്നത്.
എന്നാൽ ബിഷപ്പ് ഡെസ്മണ്ട് ടുട്ടു നേത്യത്വം നൽകുന്ന ആംഗ്ലിക്കൻ സഭ , താൻ ഒരു
സ്വവർഗാനുരാഗി ആണെന്ന് പരസ്യമായി സമ്മതിച്ച ജീൻ റോബിൻസൻ എന്ന പുരോഹിതനെ ബിഷപ്പ്
ആക്കുന്ന ധീരമായ നിലപാട് സ്വീകരിക്കുന്നു. ഡെസ്മണ്ട് ടുട്ടുവിന്റെ വ്യക്തിപരമായ
നിലപാടും സ്വവർഗവിവാഹത്തിന് അനുകൂലമാണ്. എയിഡ്സ് രോഗികളിൽ വലിയൊരളവ്
സ്വവർഗാനുരാഗികൾ ആണെന്നതിനാൽ അവരുടെ വിവാഹജീവിതത്തിന് സമൂഹം നൽകുന്ന നിയമപിൻബലം
അവരെ മുഖ്യധാരയിൽ എത്തിക്കുകയും രോഗനിർണയവും ചികിത്സയും കൂടുതൽ എളുപ്പമാക്കുകയും ചെയ്യുമെന്ന്
അദ്ദേഹം കരുതുന്നു.
മാറുന്ന ചിന്താഗതികൾ
സ്വവർഗാനുരാഗത്തിനെതിരെയുള്ള സമൂഹത്തിന്റെ
ചിന്താഗതിയിലുള്ള മാറ്റം ത്വരിതഗതിയിലാണ് നടന്നു
കൊണ്ടിരിക്കുന്നത് . പാശ്ചാത്യരാജ്യങ്ങളിൽ സ്വവർഗാനുരാഗം സംബന്ധമായി നടത്തപ്പെട്ട
സർവേകളിലെല്ലാം അവർക്കനുകൂലമായ നിലപാടുകൾ വർദ്ധിച്ചു വരുന്നതായി കാണാം. അവർക്ക്
എല്ലാ കാര്യങ്ങളിലും സമത്വവും കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശവും നൽകണമെന്നാണ്
സമൂഹത്തിലെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. 10 വർഷങ്ങൾക്ക് മുൻപ് മൂന്നിൽ രണ്ട്
അമേരിക്കക്കാർ സ്വവർഗവിവാഹത്തെ എതിർത്തപ്പോൾ ഇന്ന് പകുതിയിലധികം പേരും അതിനെ
അനുകൂലിക്കുന്നു. ഇതിൽ കത്തോലിക്കരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി കാണാം.
മനോഭാവങ്ങൾ മാറുമ്പോൾ നിയമങ്ങളും മാറും. അമേരിക്കൻ ആന്ത്രപ്പോളജിക്കൽ അസോസിയേഷൻ
പറയുന്നത് സംസ്കാരമോ സാമൂഹ്യ നിയമങ്ങളോ ഒരിക്കലും സ്വവർഗാനുരാഗത്തെ
അനുകൂലിക്കാത്തതാണ് എന്ന ആശയം സാമൂഹ്യശാസ്ത്ര ഗവേഷണഫലങ്ങൾക്ക് നിരക്കാത്തതാണ് എന്നാണ്.
മാനവചരിത്രത്തിന് ഒരിക്കലും അന്യമല്ല സ്വവർഗാനുരാഗം എന്ന് ചുരുക്കം. 1989 ൽ ഡെന്മാർക്ക്
സ്വവർഗാനുരാഗികളുടെ ‘രജിസ്റ്റർ ചെയ്യപ്പെട്ട സഹജീവിതം’ അനുവദിച്ചപ്പോൾ അത് വലിയ
വിപ്ലവം ആയിരുന്നു അന്ന്. ഇന്ന് ഒട്ടെല്ലാ പാശ്ചാത്യരാജ്യങ്ങളും സ്വവർഗാനുരാഗികൾ
ഒന്നിച്ച് ജീവിക്കുന്നതിനെ അനുകൂലിക്കുന്നു. അവിടെയെല്ലാം സാധാരണ ദമ്പതികൾക്കുള്ള
എല്ലാ അവകാശങ്ങളും ഇത്തരം ഇണകൾക്കും നൽകുന്നുണ്ട് ഇന്ന്. കാലത്തിന്റെ മാറ്റം
തിരിച്ചറിഞ്ഞ് പല ക്രിസ്ത്യൻ സഭകളും സ്വവർഗവിവാഹം ഇപ്പോൾ
നടത്തിക്കൊടുക്കുന്നുണ്ട്. ക്വാക്കർമാർ,
എപ്പിസ്കോപാലിയൻ സഭ, മെട്രോപ്പൊളിറ്റൻ കംയൂണിറ്റി ചർച്ച്, യുണൈറ്റഡ് ചർച്ച് ഓഫ്
ക്രൈസ്റ്റ്, യുണൈറ്റഡ് ചർച്ച് ഓഫ് കാനഡ എന്നിവ അവയിൽ ചിലത് മാത്രം.
എന്ത് കൊണ്ട് ഈ
മാറ്റം?
തലമുറകളുടെ പരിണാമം തന്നെ പ്രധാന കാരണം.
തങ്ങളുടെ മുൻഗാമികളേക്കാൾ കൂടുതൽ സഹിഷ്ണുതയുള്ള സമൂഹത്തിൽ ജനിച്ച് വളരുന്ന പുതിയ
തലമുറ തീർച്ചയായും സ്വവർഗാനുരാഗികളോട് അനുഭാവം പ്രകടിപ്പിക്കുന്നു,
പാശ്ചാത്യരാജ്യങ്ങളിൽ. നിയമങ്ങൾ പലതും എടുത്തുമാറ്റപ്പെടുമ്പോൾ അതു വരെ രഹസ്യമായി
സ്വവർഗാനുരാഗം കൊണ്ടുനടന്നിരുന്നവർ അത് പരസ്യമാക്കാൻ തുടങ്ങുന്നു. തങ്ങളുടെ
അയല്പക്കത്തുള്ള ‘ഗേ ദമ്പതിമാർ’ തങ്ങളേക്കാൾ നല്ല കുടുംബജീവിതം നയിക്കുന്നതും
കുട്ടികളെ ദത്തെടുത്ത് ഭംഗിയായി വളർത്തുന്നതും കാണുന്നു ഇന്ന് പല യൂറോപ്യൻ
കുടുംബങ്ങളും. ഇതൊക്കെ കൊണ്ട് സ്വവർഗാനുരാഗികൾക്ക് ആ സമൂഹങ്ങളിൽ വലിയ
സ്ഥാനക്കയറ്റം കിട്ടിക്കഴിഞ്ഞു. സ്വവർഗാനുരാഗികളായ രാഷ്ട്രത്തലവന്മാർ പോലും
ഇന്നുണ്ട്. മറ്റൊരു പ്രധാനകാരണം മതത്തിന്റെ നിഷ്ഠൂരമായ പിടി സമൂഹഗാത്രത്തിൽ നിന്ന്
വിട്ടതാണ്. അമേരിക്കക്കാരന്റെ മതവിശ്വാസത്തെ സംബന്ധിച്ച് പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവേയിൽ പങ്കെടുത്ത
അഞ്ചിലൊരു അമേരിക്കാരൻ പറയുന്നത് തങ്ങൾക്കൊരു മതത്തിലും അംഗത്വം ഇല്ലെന്നാണ്. 20
വർഷം മുൻപ് ഇതിന്റെ പകുതിയായിരുന്നു മതനിരാസികളുടെ എണ്ണം. ഈ മതമില്ലാത്തവരുടെ
മൂന്നിലൊന്ന് സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നു. മറ്റൊരു പഠനത്തിൽ 42 ശതമാനം ബ്രിട്ടീഷുകാരും തങ്ങൾ
നിരീശ്വരന്മാരാണെന്ന് പറയുന്നു, അറുപതുകളിലേക്കാൾ മൂന്നിരട്ടി. ഫ്രാൻസിൽ 7 ശതമാനം
കത്തോലിക്കന്മാരേ ക്യത്യമായി പള്ളിയിൽ പോകുന്നവരായിട്ടുള്ളു. 35 വയസ്സിനു
താഴെയുള്ളവരിൽ 58 ശതമാനം ഒരിക്കലും പള്ളിയിൽ പോകാത്തവരാണ് അവിടെ. മതത്തിന്റെ
സ്വാധീനം ഒട്ടുമില്ല ആ സമൂഹങ്ങളിൽ എന്ന് സാരം. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും
മതവിശ്വാസികളുടെ എണ്ണം സ്വവർഗാനുരാഗികളുടേതിനേക്കാൾ കുറവാണ് എന്ന ദയനീയമായ
അവസ്ഥയും സംഘടിത മതം അനുഭവിക്കുന്നു. മതം പോയൊഴിയുമ്പോൾ കടന്നുവരുന്നത്
മനുഷ്യാവകാശങ്ങളാണെന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ സമീപകാലചരിത്രം നിരീക്ഷിക്കുന്ന
ഏതൊരാൾക്കും മനസ്സിലാകുന്ന യാഥാർഥ്യം.
എൽ.ജി.ബി.ടി
ആക്ടിവിസത്തിന്റെ മുന്നേറ്റം
എൽ.ജി.ബി.ടി എന്ന ചുരുക്കരൂപത്തിൽ അറിയപ്പെടുന്ന ആളുകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ അതിദ്രുതമുള്ള വളർച്ചയും സമൂഹത്തിന്റെ മനോഭാവം മാറ്റുന്നതിന് സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലെ സമരതന്ത്രങ്ങൾ മാറ്റി കൂടുതൽ സംഘടിതരായിക്കഴിഞ്ഞ അവർ നന്നായി പണം സ്വരൂപിക്കുകയും സമൂഹത്തെ മൊത്തത്തിൽ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു , പാശ്ചാത്യരാജ്യങ്ങളിൽ. ഇക്കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിൽ നാല് അമേരിക്കൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി അവർ സ്വരൂപിച്ചത് 33 ദശലക്ഷം ഡോളറാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനമാണ് അവർ കാഴ്ച വെച്ചത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ.
വിവാഹത്തിന്റെ
ലക്ഷ്യം എന്ത്?
എൽ.ജി.ബി.ടി എന്ന ചുരുക്കരൂപത്തിൽ അറിയപ്പെടുന്ന ആളുകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ അതിദ്രുതമുള്ള വളർച്ചയും സമൂഹത്തിന്റെ മനോഭാവം മാറ്റുന്നതിന് സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലെ സമരതന്ത്രങ്ങൾ മാറ്റി കൂടുതൽ സംഘടിതരായിക്കഴിഞ്ഞ അവർ നന്നായി പണം സ്വരൂപിക്കുകയും സമൂഹത്തെ മൊത്തത്തിൽ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു , പാശ്ചാത്യരാജ്യങ്ങളിൽ. ഇക്കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിൽ നാല് അമേരിക്കൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി അവർ സ്വരൂപിച്ചത് 33 ദശലക്ഷം ഡോളറാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനമാണ് അവർ കാഴ്ച വെച്ചത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ.
മിക്ക വികസിത രാജ്യങ്ങളിലും ഇപ്പോൾ
അനുവദിച്ചിട്ടുള്ള ‘ഒന്നിച്ചുള്ള ജീവിതം’ കൊണ്ട് ത്യപ്തരല്ല എൽ.ജി.ബി.ടി
ആക്റ്റിവിസ്റ്റുകൾ. സാധാരണ ദമ്പതിമാർ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും അവർക്ക്
വേണം. വിവാഹം കൊണ്ട് ലഭിക്കുന്ന സ്ഥിരതയും, സുരക്ഷിതത്വവും , മാന്യതയും അവരുടെ കുടുംബങ്ങൾക്കും വേണം. അമേരിക്കൻ ഗേ എഴുത്തുകാരൻ ജൊനാഥൻ റൌച്ച്
പറയുന്നത് പോലെ ‘വിവാഹത്തിന്റെ ലക്ഷ്യം എന്നത് ലൈംഗികതയോ കുട്ടികളെ സ്യഷ്ടിക്കലോ സ്വയം
പൂർത്തിയാകലോ പോലുമല്ല, മറിച്ച് അത് രണ്ട് വ്യക്തികൾ തമ്മിൽ സമൂഹത്തിന്റെ
അംഗീകാരത്തോടെ ജീവിതം കാലം മുഴുവൻ
തുടരുന്ന പരസ്പര പ്രതിജ്ഞാബദ്ധതയാണ്, നല്ലതിനായാലും ചീത്തയ്ക്കായാലും മരണം വരെ
ഒന്നിച്ച് ജീവിയ്ക്കാമെന്ന പ്രതിജ്ഞ‘. നമ്മുടെ സമൂഹത്തിലെ സ്വവർഗാനുരാഗികളും
തേടുന്നത് ഈ അവകാശമാണ്, വിവാഹിതരായി ഒന്നിച്ച് ജീവിക്കുന്നതിനുള്ള അവകാശം. കാലം
അതിന്റെ കുതിച്ചു പായലിൽ
തട്ടിയുടയ്ക്കുന്ന പഴഞ്ചൻ ധാരണകളും വിശ്വാസങ്ങളും രംഗത്ത് നിന്നും
നിഷ്ക്രമിക്കുന്നതോടെ വന്നണയും തങ്ങളുടെ കാലമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു അവർ.