വിജു വി. നായര്‍
ഏതു സേവനത്തിനും ഒരു കൂലി വ്യവസ്ഥയുണ്ട്. അതിപ്പോ മെയ്ക്കാടുപണിയായാലും മന്ത്രിപ്പണിയായാലും. അതൊക്കെ നിശ്ചയിക്കാന്‍ ഓരോ സമൂഹത്തിനും അതതിന്‍േറതായ മാനദണ്ഡങ്ങളും നിരക്കുനിര്‍ണയ സംവിധാനങ്ങളുമുണ്ടാവും. എല്ലാത്തിനും മേലധ്യക്ഷരായി നിയമനിര്‍മാണ സഭ വരും. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഈ മേലധ്യക്ഷപ്പടയാണ് പാര്‍ലമെന്റ്. അവിടത്തെ സേവന-വേതന വ്യവസ്ഥ ആരാണ് തീരുമാനിക്കുക?
ജനപ്രതിനിധികളെ നിശ്ചയിക്കുന്നത് ജനങ്ങളാണെങ്കില്‍ ഈ വ്യവസ്ഥയും അവരാണല്ലോ നിശ്ചയിക്കേണ്ടത്. അവിടാണ് ക്യാച്ച്. നമ്മുടേതു മാതിരിയുള്ള ജനാധിപത്യത്തില്‍ ജനങ്ങള്‍ സ്വന്തം പ്രതിനിധികളെ തെരഞ്ഞെടുക്കുന്നുവെന്നു പറഞ്ഞതുതന്നെ ഭരണഘടനാപരമായ ഒരു പൊതുവാക്കാണ്. കാരണമറിയാന്‍ താത്ത്വികഡയലോഗ് വിട്ട് നടപ്പുയാഥാര്‍ഥ്യം നോക്കണം. ഓരോ നിയോജകമണ്ഡലത്തിലും ആര്‍ക്കും സ്ഥാനാര്‍ഥിയാവാം. പക്ഷേ, ജയിച്ചുകയറണമെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബല്‍ വേണം. പാര്‍ട്ടിക്കാര്‍ തങ്ങള്‍ക്കു തോന്നിയവരെ പൗരാവലിക്കു മുന്നില്‍വെക്കുന്നു. അങ്ങനെ നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍നിന്ന് ഇഷ്ടമുള്ള ഒരാളെ തെരഞ്ഞെടുക്കുകയോ ആരെയും ഇഷ്ടപ്പെട്ടില്ലെങ്കില്‍ വോട്ടിടാതെ വീട്ടിലിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യമേ പൗരനുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ ഇലക്ഷനല്ല, സെലക്ഷനാണ് ഇവിടെ നടക്കുന്നത്. ആ പ്രാഥമികബിന്ദുവില്‍ വെച്ചുതന്നെ കൊട്ടിഘോഷിക്കപ്പെടുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കാമ്പുപോയി. ഇങ്ങനെ സെലക്ട് ചെയ്യപ്പെട്ട് പാര്‍ലമെന്റിലെത്തുന്നവര്‍ക്ക് നാട്ടുകാരുടെ കാശെടുത്തു കൂലി കൊടുക്കേണ്ട കാര്യമുണ്ടോ? 'ജനസേവനം' എന്നാണല്ലോ രാഷ്ട്രീയക്കാര്‍ മേനി പറയുന്നത്. സേവിക്കുന്നതിന് കൂലി വാങ്ങുന്നത് വിരോധാഭാസമാണ്. അതല്ല, വൃത്തിയായി സേവിക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കുമ്പോള്‍ വരാവുന്ന വട്ടച്ചെലവിന്റെ കാര്യമാണു വിഷയമെങ്കില്‍ അത് നല്‍കേണ്ട ബാധ്യത വാസ്തവത്തില്‍, ഈ കഥാപാത്രങ്ങളെ നാമനിര്‍ദേശം ചെയ്ത് പാര്‍ട്ടിരാഷ്ട്രീയം വികസിപ്പിക്കാന്‍ ലൈസന്‍സൊപ്പിച്ചവര്‍ക്കാണ്. അവരല്ലേ, യഥാതഥമായി ചിന്തിച്ചാല്‍, അവരവരുടെ എം.പിമാരെ തീറ്റിപ്പോറ്റേണ്ടത്? പ്രത്യേകിച്ചും പാര്‍ലമെന്റില്‍ കൈ പൊക്കാനും പൊക്കാതിരിക്കാനും എം.പിമാര്‍ എടുക്കുന്ന തീരുമാനത്തിനു പിന്നിലെ യഥാര്‍ഥശക്തി വോട്ടര്‍മാരല്ല, പാര്‍ട്ടിവിപ്പാണെന്നിരിക്കെ?
ഇത്തരത്തില്‍ പച്ചയായി കാര്യങ്ങള്‍ അപഗ്രഥിക്കുന്നത് നമ്മുടെ പൊതുജനാധിപത്യത്തില്‍ ആര്‍ക്കും പഥ്യമല്ല. സംഗതി പൊള്ളയായതുകൊണ്ടുതന്നെ നമ്മളെല്ലാം തികഞ്ഞ ദീപസ്തംഭ ഡയലോഗുകാരായി ജീവിക്കുന്നു. അറിഞ്ഞുകൊണ്ട് അടകോടന്മാരായിക്കൊടുക്കുന്നവര്‍. ജനസേവകര്‍ക്കത് പറ്റില്ല. അവര്‍ക്കു പ്രവര്‍ത്തിക്കണ്ടേ? അതുകൊണ്ട് അവര്‍ നൂറിന് നൂറ്റിയൊന്ന് ശതമാനവും 'പ്രാക്ടിക്കലാ'യി നിലകൊള്ളുന്നു. ആയതിനാല്‍ സ്വന്തം സേവനത്തിനുള്ള കൂലിവ്യവസ്ഥ അവര്‍ തന്നെയങ്ങ് നിശ്ചയിക്കുന്നു. തരംപോലെ പരിഷ്‌കരിക്കുന്നു. ആരു ചോദിക്കാന്‍?
ഇന്നലെവരെ 16,000 രൂപയായിരുന്നു ഒരിന്ത്യന്‍ എം.പിയുടെ മാസശമ്പളം. ഓഫിസ് ചെലവിന് മറ്റൊരു 20,000 രൂപ പ്രതിമാസം. കിലോമീറ്ററിന് 13 രൂപ നിരക്കില്‍ വണ്ടിക്കൂലി ഒപ്പിട്ടു കൈപ്പറ്റാം. മണ്ഡലം അലവന്‍സ്, പാര്‍ലമെന്റ് കൂടുമ്പോഴുള്ള സിറ്റിങ് അലവന്‍സ്, മെഡിക്കല്‍ അലവന്‍സ് എന്നുവേണ്ട തീവണ്ടി,വിമാനസഞ്ചാരങ്ങള്‍ക്കൊക്കെ മുന്തിയ ക്ലാസില്‍ മുക്കാല്‍ പങ്കും ഫ്രീ. ഈ ഓസിനൊക്കെ പുറമെ ദല്‍ഹിയില്‍ കേമമായ ക്വാര്‍ട്ടേഴ്‌സ്. ഒറ്റത്തവണ എം.പിയായിവന്നാല്‍മതി ജീവിതകാലം മുഴുക്കെ 8,000 രൂപ പെന്‍ഷന്‍. ഇപ്പറഞ്ഞതിനൊക്കെ പുറമെയാണ് ജനപ്രതിനിധിയായിരിക്കുന്നതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പ്രഭുത്വസൗകര്യങ്ങള്‍. സഭയില്‍ ചോദ്യംചോദിക്കുന്നതിനുള്ള കൈമടക്കുതൊട്ട് അന്തര്‍ദേശീയ 'കമീഷന്‍'വരെയുള്ള സാമര്‍ഥ്യവരായ്കയെ ഈ പരസ്യപ്പലകയില്‍ ഉള്‍പ്പെടുത്താന്‍ വകുപ്പില്ല. അതുവിടാം.
സൂപ്പര്‍ പവറായി വരുന്ന ഒരു രാജ്യത്തെ എം.പിമാര്‍ക്ക് ഇപ്പറഞ്ഞ 'സേവന'വ്യവസ്ഥ തീരെ മോശമാണെന്നാണ് കുറേക്കാലമായി ബഹുമാനപ്പെട്ട മെംബര്‍മാരുടെ രാഷ്ട്രീയാതീതമായ ആവലാതി. മറ്റുള്ളവരുടെ കാര്യം നോക്കിനോക്കി സ്വന്തംകാര്യം നോക്കാന്‍ മറന്നുപോയ അവര്‍ക്കുവേണ്ടി ആവലാതി പറയാന്‍ രാജ്യത്ത് വേറെയാരുണ്ട്? അതുകൊണ്ട് പോംവഴിയും അവര്‍തന്നെ കണ്ടെത്തി. ഭരണഘടനപ്രകാരം ബ്യൂറോക്രസിക്കു മീതെയാണല്ലോ ലെജിസ്ലേറ്റീവ്. ഏറ്റവും വലിയ ഉദ്യോഗസ്ഥമൂപ്പന് കിട്ടുന്നതില്‍ ഒരുറുപ്പിക നിയമനിര്‍മാണസഭക്കാരനായ എം.പിക്ക് കൂടുതല്‍ കിട്ടണം. നിലവില്‍ 80,000 രൂപയാണ് ഇപ്പറഞ്ഞ ഉദ്യോഗസ്ഥമൂപ്പന്റെ മാസപ്പടി. ന്യായമായും എം.പിക്ക് 80,001 രൂപ കിട്ടണം. ഈ പോംവഴി കണ്ടെത്തിയത് കക്ഷിഭേദമെന്യേ എം.പിമാര്‍ തന്നെയുണ്ടാക്കിയ ഒരു എം.പി സമിതിയാണ്-ചരണ്‍ദാസ് മഹന്ത് കമ്മിറ്റി. അതുകൊണ്ടൊരു ദേശീയഗുണമുണ്ടായി. കോണ്‍ഗ്രസ് എം.പി രാജീവ് ശുക്ല പരിതപിക്കുന്നു: 'ഒരു സര്‍ക്കാര്‍ ക്ലര്‍ക്കിനേക്കാള്‍ ശമ്പളക്കുറവാണ് പാര്‍ലമെന്റംഗത്തിന്'. ബി.ജെ.പിക്കാരന്‍ എസ്.എസ്. അഹ്‌ലുവാലിയ അനുപല്ലവി പാടുന്നു: 'ഇങ്ങനെയാണ് രാഷ്ട്രീയവ്യത്യാസങ്ങള്‍ക്കപ്പുറം പോയി നമ്മുടെ പ്രതിനിധികള്‍ ദേശീയോദ്ഗ്രഥനം സാധ്യമാക്കുന്നത്'. ഇപ്പറഞ്ഞ രണ്ട് മഹാന്മാരും ചരണ്‍ദാസ് മഹന്ത് കമ്മിറ്റി അംഗങ്ങളാണെന്നത് പ്രത്യേകിച്ചു പറയുന്നില്ല. 80,001 രൂപ ഒരല്‍പം കടന്ന കൈയിട്ടുവാരലല്ലേ, ക്ഷമിക്കണം, കൈയല്ലേ എന്നു തിരക്കിയവരോടാണ് ടിയാന്മാര്‍ ഈ ദേശീയന്യായം പറഞ്ഞത്. എന്തായാലും, എം.പി സമിതിയുടെ ആവലാതിയും പോംവഴിയും ഫലിച്ചു. പാര്‍ലമെന്ററി കാര്യവകുപ്പ് ജനസേവയുടെ വേതനവ്യവസ്ഥ പരിഷ്‌കരിക്കുന്നു. 80,001 കിട്ടിയില്ലെങ്കിലും നിലവിലുള്ള വേതനങ്ങളെല്ലാം 300ശതമാനം കണ്ട് ഒറ്റയടിക്ക് കയറ്റി. ചില്ലറ ഭാവാഭിനയ പ്രകടനത്തിനുശേഷം മന്ത്രിസഭ അംഗീകരിച്ചു. കാര്യം നടപ്പാക്കിയെടുത്തു. മാസശമ്പളം അരലക്ഷം രൂപ. ഓഫിസ്‌പടി 40,000, വണ്ടിക്കൂലി കിലോമീറ്ററിന് 16 രൂപ, ഭവന-വാഹന വായ്പ (പലിശരഹിതം) ഒരു ലക്ഷമായിരുന്നത് നാലുലക്ഷമാക്കി. പെന്‍ഷന്‍ 8,000ത്തില്‍നിന്ന് കുത്തനെ 20,000ത്തിലേക്ക്. വിമാന-തീവണ്ടി സഞ്ചാരങ്ങള്‍, കെട്ട്യോള്‍മാരുടെ സൗജന്യങ്ങള്‍ തൊട്ടുള്ള പഴയ ചുറ്റുവട്ടമൊക്കെ കൂടുതല്‍ കേമമാക്കാനുള്ള വകവേറെ.
പതിവുപോലെ പ്രത്യയശാസ്ത്ര വൈദ്യന്മാരായ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി 'വ്യത്യസ്തനാം ബാര്‍ബര്‍' ഇവിടെയും കളിച്ചു. മഹന്ത് കമ്മിറ്റിയില്‍നിന്ന് സ്വയമൊഴിഞ്ഞു. നേരത്തേതൊട്ടേ അവര്‍ പറയുന്ന കാര്യമാണ്, ജനപ്രതിനിധികളുടെ വേതനകാര്യം തീരുമാനിക്കാന്‍ മറ്റൊരു സംവിധാനമുണ്ടാക്കണമെന്ന്. 2006ല്‍ അതു സമ്മതിച്ച മന്ത്രിസഭ പക്ഷേ, അതിന്മേല്‍ നടപടിയൊന്നുമെടുത്തില്ല. മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്ക് ഈ പോക്കില്‍ ജാള്യമുണ്ടെന്നു കരുതി കൂട്ടിക്കിട്ടിയ കാശ് കൈപ്പറ്റില്ലെന്നു വെക്കാന്‍ മാത്രം 'ചരിത്ര വിഡ്ഢിത്ത'മൊന്നും കാണിക്കുന്ന പ്രശ്‌നമില്ല. മഹന്ത് കമ്മിറ്റിയില്‍ കയറാതെ മസിലുപിടിച്ചു നിന്ന മാര്‍ക്‌സിയന്മാര്‍ അതേ കമ്മിറ്റിയുടെ ശിപാര്‍ശ മറ്റൊരു ഭാഷയില്‍ പറയുന്നതു കേട്ടുരസിക്കുക: 'ഫ്രാന്‍സിലും മറ്റും ബ്യൂറോക്രസിയേക്കാള്‍ ഒരു ഫ്രാങ്ക് കൂടുതലാണ് എം.പിമാര്‍ക്ക് കൊടുക്കുന്നത്'(സീതാറാം യെച്ചൂരി). 80,001രൂപ ശമ്പളം വേണമെന്ന് മാര്‍ക്‌സിയന്‍ പരിപ്രേക്ഷ്യത്തില്‍ എങ്ങനെ പറയണമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?
അതെന്തായാലും, മാസം അരലക്ഷം ഉറുപ്പിക കേവലശമ്പളം വാങ്ങുന്നയാളായിരിക്കുന്നു നമ്മുടെ പൊതുസേവന മഹാത്മാവായ പ്രതിനിധി. എന്നുവെച്ചാല്‍ വര്‍ഷം ശമ്പളമിനത്തില്‍ മാത്രം ആറുലക്ഷം. അഞ്ചുകൊല്ലത്തെ സേവവഴി ക്ലീന്‍ 30 ലക്ഷത്തിന്റെ അധിപതി. അതു കഴിഞ്ഞാലോ, തെരഞ്ഞെടുപ്പുപോയിട്ട് രാഷ്ട്രീയപ്പണിതന്നെ ഉപേക്ഷിച്ചാലും മാസം 20,000 രൂപ പെന്‍ഷന്‍ വീട്ടിലെത്തും. ആരു പറഞ്ഞു രാഷ്ട്രീയം തെമ്മാടിയുടെ അവസാന അഭയമാണെന്ന്? കോര്‍പറേറ്റ് പ്രഫഷനലുകളേ ഇതിലേ, ഇതിലേ...
അതുതന്നെയാണ് ഫാറൂഖ് അബ്ദുല്ല പറഞ്ഞ ന്യായീകരണത്തിലും നിഴലിക്കുന്നത് 'കൊള്ളാവുന്ന ആളുകള്‍ രാഷ്ട്രീയത്തിലേക്കു വരണമെങ്കില്‍ വേതന വ്യവസ്ഥ ഇതുപോലെ മെച്ചപ്പെടുത്തിയേ തീരൂ.' അതുകൊണ്ടാവണം കഴിഞ്ഞകൊല്ലം ടിയാന്റെ പുത്രന്‍ ജമ്മു-കശ്മീരില്‍ ഇപ്പോള്‍ പാര്‍ലമെന്റ് നടത്തിയ വര്‍ധനയെ കൊച്ചാക്കിക്കളയുന്ന വേതനപരിഷ്‌കരണം നടത്തിയത്. മൊത്തം 83,000 രൂപയാണ് കശ്മീരിലെ ജനപ്രതിനിധിയുടെ മാസവരുമാനം. അതുകൊണ്ടാവും കശ്മീര്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ 'കൊള്ളാവുന്ന'വരുടെ അയ്യരുകളി നടക്കുന്നത്!
അതെന്തായാലും ജനപ്രതിനിധികള്‍ ലക്ഷാധിപതികളാകുന്നതില്‍ രാഷ്ട്രത്തിന് അഭിമാനിക്കാം. കണ്ട പിച്ചക്കാരനും ദരിദ്രവാസിയുമൊന്നുമല്ല നമ്മെ പ്രതിനിധാനം ചെയ്യുന്നതെന്നു പറയാന്‍ കഴിയുന്നത് ചില്ലറകാര്യമാണോ? പുരയിലെ അടുപ്പു പുകഞ്ഞില്ലെങ്കിലും പാര്‍ലമെന്റില്‍ ഫൈവ്-കോഴ്‌സ് ഡിന്നര്‍ കുശാലായി നടക്കണം.
ഇന്ത്യന്‍ ജനതയില്‍ 55 ശതമാനം പേരും ദരിദ്രരാണെന്ന യു.എന്‍.ഡി.പിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് സായ്പിന്റെ കുശുമ്പായി വ്യാഖ്യാനിച്ചൊതുക്കാം. എന്നാല്‍, ജനങ്ങളില്‍ മൂന്നിലൊന്നും ദരിദ്രരാണെന്ന് രാജ്യസഭയില്‍ വകുപ്പുമന്ത്രിതന്നെ നടപ്പുസമ്മേളനത്തില്‍ പ്രഖ്യാപിച്ചത് അബദ്ധം പിണഞ്ഞതാണെന്നു കരുതാം. സര്‍ക്കാറിന് ദൈവമായ ലോകബാങ്ക് പറയുന്നത്, 46 കോടി ഇന്ത്യക്കാര്‍ ദരിദ്രവാസികളാണെന്നാണ്; ഭൂമിയിലെ പോഷകാഹാരമില്ലാത്ത കുട്ടികളില്‍ പകുതിയും ഇന്ത്യയിലാണെന്നും. ഇതെല്ലാം വികസനക്കുതിപ്പിനിടയിലെ ബാലാരിഷ്ടതകളാണെന്ന് അഥവാ പറഞ്ഞാലും മറ്റൊരു കല്ലുകടി കയറിവരുന്നുണ്ട്. പ്രധാനമന്ത്രി നിയോഗിച്ച നാഷനല്‍ കമീഷന്‍ ഫോര്‍ എന്റര്‍പ്രൈസസ് ഇന്‍ ദ അണ്‍ ഓര്‍ഗനൈസ്ഡ് സെക്ടറിന്റെ കണക്കു പുസ്തകം പറയുന്നു, നിത്യം 20 രൂപയില്‍ താഴെമാത്രംകൊണ്ട് ജീവിതമുന്തുന്നവരാണ് 77ശതമാനം ഇന്ത്യക്കാരെന്ന്. എന്നുവെച്ചാല്‍ മാസം 600രൂപക്കപ്പുറം (പൂജ്യമൊന്നും വിട്ടുപോയിട്ടില്ല) സ്വന്തം ജീവിതത്തിനു മുടക്കാന്‍ ശേഷിയില്ലാത്തവര്‍. ശിഷ്ടം 23 ശതമാനത്തിലാണ് നമ്മുടെ ജനപ്രതിനിധികള്‍ കയറിപ്പറ്റിയിരിക്കുന്നത്. ദരിദ്രവാസികളെ പ്രതിനിധാനം ചെയ്യാന്‍ ലക്ഷാധിപതികള്‍!
ഏതായാലും നമ്മുടെ രാഷ്ട്രീയക്കാര്‍ കക്ഷിഭേദമന്യേ പച്ചക്കു നേരുപറഞ്ഞിരിക്കുന്നു -ജനസേവനം സര്‍ക്കാരുദ്യോഗം പോലെയാണെന്ന്. അതിനുള്ള കോര്‍പറേറ്റ് കൂലി വ്യവസ്ഥയും അവര്‍തന്നെ നിശ്ചയിക്കുന്നു. പൊതുഖജാനയില്‍നിന്ന് നേരിട്ടെടുക്കുന്നു. കാര്യങ്ങള്‍ ഇത്രേടമെത്തിയ സ്ഥിതിക്ക് ഇനിയെങ്കിലും പ്രായോഗികബോധത്തോടെ പെരുമാറാന്‍ പൗരാവലി തയാറാവണ്ടേ? കൊടുത്ത കാശിനു മുതലില്ലെങ്കില്‍ ഇപ്പറഞ്ഞ ജനസേവകവര്‍ഗം പോലും സ്വന്തംപണിക്കാരെ പിരിച്ചുവിടും. ആ നാട്ടുനടപ്പ്‌വെച്ച് എം.പിമാരുടെ കൂലിനിരക്കു പെര്‍ഫോമന്‍സ് നാട്ടുകാരും ആവശ്യപ്പെടും. മോശം/തൃപ്തികരം/നല്ലത് എന്നിങ്ങനെ സ്വന്തം പ്രതിനിധികളുടെ പ്രവര്‍ത്തന നിലവാരം മൂല്യനിര്‍ണയം ചെയ്യാനുള്ള അവകാശം അതതു മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കു കിട്ടണ്ടേ? അഥവാ, കൊടുക്കുന്ന കാശിനു മുതലില്ലാത്ത ഉരുപ്പടിയെ മടക്കിവിളിക്കാനുള്ള അധികാരം. ബ്യൂറോക്രസിയേക്കാള്‍ ഒരു പണമിടത്തൂക്കം കൂടുതല്‍ തങ്ങള്‍ക്കാണെന്നു കണക്കു പറഞ്ഞ് ചക്കരക്കുടം കൈയിട്ടുവാരുന്ന ജനപ്രതിനിധികളോട് ഇതു പറയാനുള്ള ബോധം സ്വന്തം തൂക്കമെന്തെന്നു നിശ്ചയമുള്ള ജനതക്കേയുണ്ടാവൂ. അതില്ലാത്തിടത്തോളം വ്യാജ ജനാധിപത്യത്തിന് ജയ്‌വിളിച്ച് പൗരാവലി സ്വയം കളിപ്പിച്ചുക്കൊണ്ടിരിക്കും. പാര്‍ലമെന്ററി ചവിട്ടുനാടകം തുടര്‍ന്നുകൊണ്ടുമിരിക്കും.(മാധ്യമം)