ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ ചൈനയെ അടുത്ത ദശകത്തില്‍
ഭരിക്കേണ്ട നേതാക്കളെ തിരഞ്ഞെടുക്കാനായി ആ രാജ്യത്തിന്റെ രാഷ്ട്രീയ
നേത്യത്വം ബീജിംഗില്‍ സുപ്രധാനമായ തങ്ങളുടെ പാര്‍ട്ടി കോണ്‍ഗ്രസ്സ് ഈ
മാസമാദ്യം ചേരവേ അവിടെ നിന്ന് 2000 കിലോമീറ്റര്‍ അകലെയുള്ള ഒരു ചൈനീസ്
പ്രദേശത്ത് , നടുക്കുന്ന ഒരു സംഭവം നടക്കുകയായിരുന്നു. സ്വയംഭരണ പ്രദേശം
എന്ന ഓമനപ്പേരിട്ട് ചൈന അതിന്റെ കൈക്കുള്ളില്‍ ഒതുക്കിയിരിക്കുന്ന
ടിബറ്റിലെ പടിഞ്ഞാറന്‍ സിചുവാന്‍ പ്രദേശത്തെ 3 യുവബുദ്ധ സന്യാസികളാണ് സ്വയം
അഗ്‌നിയില്‍ എരിഞ്ഞമര്‍ന്നത്. ചൈനീസ് കംമ്യൂണിസ്റ്റ് പാര്‍ട്ടി
കോണ്‍ഗ്രസ്സ് നടക്കുന്ന സമയം തങ്ങളുടെ പ്രതിഷേധത്തിനു അനുയോജ്യമാകും എന്ന
പ്രതീക്ഷയിലാണ് അവര്‍ അത് ചെയ്തത്. ടിബറ്റിനെ 2011 മുതല്‍ പിടിച്ചുലച്ച
പ്രതിഷേധ ആത്മഹത്യകളുടെ നിരയിലെ ഏറ്റവും ഒടുവിലത്തെ പോരാളികളായിരുന്നു
അന്ന് മരണം വരിച്ച യുവ സന്യാസിമാര്‍.
പ്രതിഷേധത്തിലേക്ക് ഒരു ജനത
60 ലക്ഷം വരുന്ന ടിബന്‍ ജനതയുടെ അടിച്ചമര്‍ത്തലിന്റെ കഥ ചരിത്രത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഏവര്‍ക്കും സുപരിചിതമാണ്. അമ്പതുകളില്‍ ചൈന ടിബറ്റിനെ തന്ത്രപ്രധാനമായ ഒന്നായിക്കണ്ട് കയ്യടക്കുന്നതിനു മുന്‍പ് അവര്‍ക്ക് സ്വയംഭരണം ഉണ്ടായിരുന്നു. ചൈനയുടെ പിടിച്ചടക്കലും ആത്മീയ,ഭരണ നേതാവ് ദലൈലാമയുടെ ഇന്ത്യയിലേക്കുള്ള പലായനവും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് വഴിമരുന്നിട്ടതും ചരിത്രവഴികളില്‍ പിന്നീട് നടന്ന സംഭവങ്ങളാണ്. ദലൈലാമയുടെ 1959 ലെ പലായനത്തിനു ശേഷം ചൈന ടിബറ്റിന്റെ മേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. ഒരു ലക്ഷത്തിലധികം ടിബറ്റ് ജനതയുടെ ജീവനെടുത്തു മാവോയുടെ സാംസ്‌കാരിക വിപ്ലവം. ആറായിരത്തിലധികം സന്യാസമഠങ്ങളും നശിപ്പിക്കപ്പെട്ടു. എണ്‍പതുകളുടെ അവസാനത്തിലാണ് രണ്ട് പ്രാചീന മഠങ്ങളിലെ സന്യാസിമാര്‍ കലാപത്തിനൊരുങ്ങി ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടത്. ചൈനയുടെ ഈ മതപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ അടിച്ചമര്‍ത്തലില്‍ നിന്നുള്ള മോചനം ആണ് പ്രതിഷേധിക്കുന്നവരുടെ ആത്യന്തികലക്ഷ്യം . സമീപകാലത്തൊന്നും സാധിതമാകാനിടയില്ലാത്ത ഈ ലക്ഷ്യത്തിനു വേണ്ടിയാണ് അവര്‍ സ്വയം ജീവന്‍ വെടിയാന്‍ തയ്യാറാകുന്നത്.
നീളുന്ന ആത്മാഹുതികള്‍
2011 ലാണ് ഈ പ്രതിഷേധരീതി ടിബറ്റില്‍ അരങ്ങേറിത്തുടങ്ങുന്നത്. സ്വയം ഹത്യയിലൂടെ എന്തെങ്കിലും ലോകത്തോട് പങ്കുവെക്കുക എന്നത് ആദികാലം മുതലേയുള്ള ഒരു ബൌദ്ധ രീതിയാണ്. ഇവിടെ ഇവര്‍ തങ്ങളുടെ മരണത്തിലൂടെ ലോകത്തോട് പറയുന്നത് സ്വാതന്ത്യം എന്നത് ഈ ലോകത്ത് തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണ് എന്ന സന്ദേശമാണ്.
കൂസലില്ലാതെ ഭരണകൂടം
പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുമ്പോഴാണ് ഈ പ്രതിഷേധം രൂക്ഷമായതെങ്കിലും ഇതേക്കുറിച്ച് ഒരു ചര്‍ച്ച പോലും അവിടെ നടന്നതായി അറിവില്ല. പാര്‍ട്ടിയുടെ ടിബറ്റ് ഘടകത്തിന്റെ ഉപനേതാവിന്റെ പ്രസ്താവന മാത്രം പുറത്തുവന്നു : 'ടിബറ്റ് മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഒന്നും പരിഗണിക്കാത്ത ദലൈലാമ ഗ്രൂപ്പ് ആണ് ആളുകളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. അവര്‍ രാഷ്ട്രീയ ഇരകളാണ്'. ഭരണകൂടത്തിന്റെ സമീപനത്തിന്റെ സ്വഭാവം ഈ പ്രസ്താവനയിലുണ്ട്. വിദേശത്തുള്ള ടിബറ്റന്‍ സ്വാതന്ത്യഗ്രൂപ്പുകള്‍ക്കും ഈ സമരങ്ങളില്‍ പങ്കുള്ളതായി ചൈനീസ് അധിക്യതര്‍ ആരോപിക്കുന്നുണ്ട്. ടിബറ്റന്‍ പ്രശ്‌നത്തിന്മേല്‍ നിരന്തരം ഇടപെടുന്ന കുറ്റത്തിന് അധിക്യതരാല്‍ നിരന്തരം പീഡനം ഏല്‍ക്കേണ്ടി വരുന്ന വനിതാ ബ്ലോഗറും ആക്ടിവിസ്റ്റുമായ സെറിംഗ് വോസര്‍ക്ക് കഴിഞ്ഞ ആഗസ്തില്‍ ബീജിംഗ് വിട്ട് പോകേണ്ടി വന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായുള്ള നടപടിയായിരുന്നു ഇത്. ' ടിബറ്റന്‍ ജനതയ്ക്കിടയില്‍ അസ്വസ്ഥത നാള്‍ക്കുനാള്‍ പെരുകി വരുകയാണ്. ആത്മഹത്യകള്‍ പെരുകുന്നതിന്റെ കാരണവും മറ്റൊന്നല്ല. ചൈനീസ് ഭരണകൂടം സുരക്ഷാര്‍ഥം എടുത്തിട്ടുള്ള നടപടികള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉതകൂ'. സെറിംഗ് വോസര്‍ ബി.ബി.സി ലേഖകനോട് പറഞ്ഞതാണിത്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശകാര്യങ്ങളുടെ ചുമതലയുള്ള നവി പിള്ളയുടെ പ്രസ്താവനയും ചൈനീസ് സര്‍ക്കാരിന്റെ ഇടപെടലിന്റെ സ്വഭാവത്തെ കാണിക്കുന്നതാണ് : 'സമാധാനപരമായി സമരം നടത്തുന്ന ആളുകളെ തടഞ്ഞുവെക്കലും അവരുടെ അപ്രത്യക്ഷമാകലും മേഖലയിലെ ക്രമാതീതമായ സൈനിക വിന്യാസവും അസ്വസ്ഥത ഉളവാക്കുന്നതാണ്.'
പുത്തന്‍ നേത്യത്വം മാറ്റുമോ ഈ നിലപാട്?
നിയുക്ത ഭരണത്തലവന്‍ സി ജിന്‍പിംഗിന്റെ പിതാവ് സി സോങ്‌സുന്‍ ടിബറ്റന്‍ പ്രശ്‌നത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവായിരുന്നു എന്ന വളരെ ചെറിയ സംഗതി മാത്രമേ ഉള്ളൂ ഈ പ്രശ്‌നത്തോട് പുതിയ നേത്യത്വം എങ്ങിനെ പ്രതികരിക്കും എന്നതില്‍ എന്തെങ്കിലും പ്രതീക്ഷ നല്‍കുന്നതായി. അടുത്തിടെ ബി.ബി.സിക്കനുവദിച്ച ഒരു അഭിമുഖത്തില്‍ ദലൈലാമ പറയുകയുണ്ടായി പിതാവുമായി തനിക്ക് നല്ല ബന്ധമായിരുന്നു എന്നും മകന്‍ നിലവിലെ രാഷ്ട്രീയ നയം മാറ്റുമോ എന്നത് കാത്തിരുന്നു കാണേണ്ട സംഗതിയാണെന്നും. ചൈനയുടെ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ ടിബറ്റന്‍ നയം വീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും ഇക്കാര്യത്തില്‍ ആ ജനതയ്ക്ക് പ്രതീക്ഷയ്ക്ക് ഒട്ടും വകയില്ലെന്ന വസ്തുത.
മോചനമാണാവശ്യം
'ഫ്രീ ടിബറ്റ്' എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ന്യിയ്ങ്കര്‍ ടാഷി എന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പ് ഇങ്ങനെ പറയുന്നു : 'ഞാന്‍ അഗ്‌നിയില്‍ സ്വയം സമര്‍പ്പിച്ചത് ചൈനീസ് സര്‍ക്കാരിനെതിരെയാണ്. ദലൈലാമയും പഞ്ചന്‍ലാമയും 60 ലക്ഷം ജനങ്ങളും സ്വാതന്ത്യം തേടുന്നു.ടിബറ്റിനു മോചനമാണാവശ്യം'. ചൈനീസ് വ്യാളിയുടെ കനത്ത കാല്‍ക്കീഴില്‍ പെട്ട് ഞെരിയുന്ന ടിബറ്റന്‍ ജനതയുടെ ശബ്ദമാണ് ഈ യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലൂടെ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.
'ഫ്രീ ടിബറ്റ്' എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ന്യിയ്ങ്കര്‍ ടാഷി എന്ന യുവാവിന്റെ ആത്മഹത്യക്കുറിപ്പ് ഇങ്ങനെ പറയുന്നു : 'ഞാന്‍ അഗ്‌നിയില്‍ സ്വയം സമര്‍പ്പിച്ചത് ചൈനീസ് സര്‍ക്കാരിനെതിരെയാണ്. ദലൈലാമയും പഞ്ചന്‍ലാമയും 60 ലക്ഷം ജനങ്ങളും സ്വാതന്ത്യം തേടുന്നു.ടിബറ്റിനു മോചനമാണാവശ്യം'. ചൈനീസ് വ്യാളിയുടെ കനത്ത കാല്‍ക്കീഴില്‍ പെട്ട് ഞെരിയുന്ന ടിബറ്റന്‍ ജനതയുടെ ശബ്ദമാണ് ഈ യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലൂടെ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.
ReplyDeleteഭരണകൂട ധര്ഷ്ട്യത്തിന്റെ ഉദാഹരണം. ടിബെറ്റ് സ്വതന്ത്രമായി വരും. ഒരു ജനതയെ എല്ലാ കാലത്തും അടിമകള്‍ ആക്കി വെക്കാന്‍ കഴിയില്ല. യു എന്‍ എന്തുകൊണ്ട് ഇതില്‍ ഒരു കടുത്ത നടപടി എടുക്കുന്നില്ല എന്നതാണ് ആശ്ചര്യം..
ReplyDeleteചൈനയെ പേടി.അതല്ലെ കാരണം?
Delete