Sunday, February 10, 2019

സംഗീതം ഇന്ത്യൻ ജനകീയ സിനിമയെ രൂപപ്പെടുത്തിയ വിധം



            ഇന്ത്യൻ സിനിമയുടെ ഈ നൂറാം വാർഷിക വേളയിൽ  സംഗീതം എന്തൊക്കെ
സ്വാധീനങ്ങൾ ഇന്ത്യൻ സിനിമയിൽ ഉണ്ടാക്കി, അത് എങ്ങിനെ ഈ നൂറ് വർഷവും
ഇന്ത്യൻ സിനിമയെ ജനകീയമാക്കി നിർത്താൻ സഹായിച്ചു എന്നീ അന്വേഷണങ്ങൾ
ആണിവിടെ നടത്തുന്നത്.

       ഇന്ത്യൻ സിനിമ ശബ്ദിച്ചു തുടങ്ങിയത് മുതൽക്കു തന്നെ അതിൽ
സംഗീതത്തിന്റെ സാന്നിദ്ധ്യം  പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യ ശബ്ദചിത്രമായ
‘ആലം ആരയിൽ ഏഴ് ഗാനങ്ങളുണ്ടായിരുന്നു. 1931 ൽ തന്നെ പുറത്തിറങ്ങിയ
ജാംഷെഡ്ജി മദന്റെ ‘ഷിറീൻ ഫർഹാദ്’ എന്ന സിനിമയിൽ 42 പാട്ടുകൾ
ആണുണ്ടായിരുന്നത്.1934 ലാണ് സിനിമാഗാനങ്ങളുടെ ഗ്രാമഫോൺ റിക്കോർഡുകൾ
സ്യഷ്ടിക്കപ്പെട്ടതും റേഡിയോ വഴി പ്രക്ഷേപണം നടത്തുകയും ചെയ്തത്. അന്ന്
വരെ അത്രയൊന്നും ജനപ്രീതി നേടിയിട്ടില്ലായിരുന്ന സിനിമ എന്ന
നവമാധ്യമത്തിലേക്ക് ജനശ്രദ്ധ പതിയുന്നതിനും പ്രദർശനശാലകൾ നിറയുന്നതിനും
ആദ്യ ബോക്സാഫീസ് ഹിറ്റുകൾ പിറവി കൊള്ളുന്നതിനും പ്രധാന കാരണങ്ങളിലൊന്നായി
മാറി അങ്ങനെ സംഗീതം. ഇന്ത്യൻ സിനിമയുടെ വികാസപരിണാമങ്ങളുടെ വിവിധ
ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഏതൊരാൾക്കും ബോധ്യമാകും സംഗീതം എങ്ങനെ
ഇന്ത്യൻ സിനിമയെ ഒരു ജനപ്രിയകലാരൂപം ആയി പരുവപ്പെടുത്തി എന്ന്. ഇന്ത്യ
എന്ന ദേശരാഷ്ട്രത്തിന്റെ അതിരുകൾ ലംഘിച്ച്  ഉപഭൂഖണ്ഡവും കടന്ന് തെക്കൻ
ഏഷ്യയുടെ തന്നെ സാംസ്കാരിക ചിഹ്നങ്ങളിൽ ഒന്നായി മാറിയ അത് ഇന്ത്യൻ
സിനിമയ്ക്ക് നൽകിയത് പുതിയ അർത്ഥതലങ്ങളാണ്. ഏഷ്യൻ ഭൂഖണ്ഡത്തിന്റെ അതിരുകൾ
ഭേദിച്ച ഇന്ത്യൻ സിനിമാ സംഗീതത്തിനു ഇന്ന്  ആഫ്രിക്ക,മുൻ സോവിയറ്റ്
യൂണിയൻ രാജ്യങ്ങൾ,പാശ്ചാത്യലോകം എന്നിവിടങ്ങളിലും ജനപ്രീതിയുണ്ട് .
ഇന്ത്യയ്ക്ക് പുറത്ത്  അറിയപ്പെടുന്ന , ഇന്ത്യൻ ജനകീയ സംസ്കാരത്തിന്റെ
സവിശേഷതകളിൽ മുഖ്യമായതും  സിനിമാ സംഗീതം തന്നെയാണ്.  ഇന്ത്യയിലെ
രാഷ്ട്രീയക്കാരെ വെറുക്കുന്ന പാകിസ്ഥാനിലെ സാധാരണക്കാർ ഇന്ത്യക്കാർ
തന്നെയായ  മുഹമ്മദ് റഫിയെയും ലതയെയും ഇഷ്ടപ്പെടുന്നു.


  സംഗീതം കടന്നു വരുന്നു
       ശബ്ദം കടന്നു വന്ന 1931 നു രണ്ട് ദശകം മുൻപേ ഇന്ത്യൻ സിനിമ ഉരുവം
കൊണ്ടിരുന്നെങ്കിലും അതിന്റെ ജനപ്രീതി ഗണനീയം ആയിരുന്നില്ല.ശബ്ദത്തിന്റെ
വരവ് സംഗീതത്തിന്റെ ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള
തിരിച്ചറിവ് നൽകി ചലച്ചിത്രനിർമ്മാതാക്കൾക്ക്. മെലോഡ്രാമയ്ക്ക് നല്ല
സ്ഥാനമുണ്ടായിരുന്ന സിനിമാക്കഥകളിൽ വൈകാരിക മുഹൂർത്തങ്ങൾക്ക് കൂടുതൽ
‘ഇഫക്ട്’ പകരാനുള്ള സംഗീതത്തിന്റെ സാധ്യത അവർ മുതലെടുക്കുകയായിരുന്നു.
സന്തോഷത്തിനും സന്താപത്തിനും അതിവൈകാരികത പകരാൻ അത് ഒരേ പോലെ
ഉപയോഗിക്കപ്പെട്ടു.ന്യത്തവും സംഗീതവും മുഖ്യഘടകമായിരുന്ന നാടകത്തിൽ
നിന്ന് അവയൊക്കെ സിനിമയിലേക്കും ചേക്കേറി. പാട്ടുപാടുന്ന നായികാനായകന്മാർ
മുഖ്യഘടകം ആയ ഭാരതീയ പ്രണയവും വിരഹവും ആവിഷ്കരിക്കപ്പെട്ട  സിനിമ പാട്ട്
നിറഞ്ഞതായതിൽ തെല്ലും അത്ഭുതപ്പെടേണ്ടതില്ല.

   ഇന്ത്യൻ സിനിമയുടെ നിശ്ശബ്ദ സിനിമയുടെ കാലം മുതൽക്ക് തന്നെ  സിനിമാ
വ്യവസായത്തെ നിയന്ത്രിച്ചിരുന്ന പ്രൊഡക്ഷൻ സ്റ്റുഡിയോകൾ പുതിയ
സംഗീതത്തിന്റെ പുതിയ സാധ്യതകൾ തിരിച്ചറിഞ്ഞ് സംഗീതജ്ഞരേയും ഗായകരേയും
നിയമിക്കാനും തങ്ങളുടെ സിനിമകളിൽ ഗാനങ്ങൾ   ചേർക്കാനും തുടങ്ങി. അർദേശിർ
ഇറാനിയും ആർ.എസ് ചൌധരിയും ചേർന്നാരംഭിച്ച ‘ഇമ്പീരിയൽ
സ്റ്റുഡിയോ‘,കൽക്കട്ടയിലെ ‘ന്യൂ  തീയേറ്റർ‘, ശാന്താറാമും മാസ്റ്റർ
വിനായകും ജീവൻ പകർന്ന ‘പ്രഭാത് ഫിലിംസ്‘,ഹോമി വാഡിയയുടെ ‘വാഡിയ മൂവിടോൺ‘,
എന്നിവയൊക്കെ തങ്ങളുടെ സിനിമകളിൽ സംഗീതത്തെ നന്നായി ഉപയോഗിച്ചു. മദിരാശി
കേന്ദ്രമാക്കി തെക്കേ ഇന്ത്യയിലും രൂപപ്പെട്ടു വന്നിരുന്ന തെന്നിന്ത്യൻ
സിനിമയുടെയും രീതികൾ ഇതിനു സമാനമായിരുന്നു.

ആദ്യകാലപ്രവണതകൾ

        മുപ്പതുകൾ മുതൽക്കാരംഭിച്ച ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ ആദ്യകാല
പ്രവണതകളെ ഇങ്ങനെ ചുരുക്കിപ്പറയാം : ഇന്ത്യൻ സംഗീതത്തിന്റെ ക്ലാസിക്കലും
നാടോടിയും ആയ പ്രവണതകളെ സ്വാംശീകരിക്കുന്ന സംഗീതാവതരണരീതികൾ,നാടകരംഗത്തു
നിന്നോ ‘ഖരാന’കളിൽ നിന്നോ വന്ന ഗായകർ, ഇനിയും ‘സിനിമാറ്റിക്’
ആയിത്തീർന്നിട്ടില്ലാത്ത ആലാപന ശൈലികൾ. 1933 ൽ കൽക്കത്തയിലെ ന്യൂ
തീയേറ്റർ പിന്നണി സംഗീതം പരീക്ഷിച്ചിരുന്നു എങ്കിലും പിന്നെയും കുറച്ച്
വർഷങ്ങൾ വേണ്ടി വന്നു അതിന് പ്രചാരം ലഭിയ്ക്കാൻ. മിക്കപ്പോഴും ഗായകൻ
കൂടിയായ നായകൻ അഭിനയത്തോടൊപ്പം ഗാനാലാപനവും നടത്തി. സംഗീതസംവിധാനം എന്നത്
ആരംഭിച്ചിരുന്നില്ല. ഭാഗവതന്മാരും ഉസ്താദുമാരും നിറഞ്ഞു നിന്ന
സംഗീതവിഭാഗം.

സംഗീതസംവിധായകന്റെ വരവ്

      ബോംബെയിലെ സാഗർ മൂവിടോൺ എന്ന ചലച്ചിത്രസ്റ്റുഡിയോയിലേക്ക് കടന്ന്
വന്ന ആ ഇരുപതുകാരൻ ബംഗാളിപ്പയ്യന്റെ പേര് അനിൽ ബിശ്വാസ് എന്നായിരുന്നു.
മികച്ച തബല വാദകനായിരുന്ന അനിൽ ബിശ്വാസിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ
സ്റ്റുഡിയോ സംഗീതവിഭാഗത്തിന്റെ തലവൻ അശോക് ഘോഷ് ആണ് ഒരു ഗാനത്തിന്
സമ്പൂർണ ഓർക്കസ്ട്രയുടെ പിന്നണി ഒരുക്കുന്നതിനായുള്ള എല്ലാ സ്വാതന്ത്യവും
അനിൽ ബിശ്വാസിനു നൽകിയത്.  ഇന്ത്യൻ സിനിമാസംഗീതചരിത്രത്തിലെ
നാഴികക്കല്ലായി മാറി ഈ സംഭവം. നാടകവേദികളിൽ നിന്ന് കടന്നു വന്ന്
സിനിമയുടെ സംഗീത വിഭാഗത്തിൽ ഇരിപ്പുറപ്പിച്ച സംഗീത വിദ്വാന്മാരെ പടിക്കു
പുറത്താക്കിയ ഈ മാറ്റം  ഇന്ത്യൻ സിനിമാസംഗീതത്തിന്റെ വളർച്ചയുടെ തുടക്കം
കുറിക്കുകയായിരുന്നു. ഈ അർത്ഥത്തിൽ, ആദ്യത്തെ ഇന്ത്യൻ ചലച്ചിത്രസംഗീത
സംവിധായകൻ എന്ന പട്ടത്തിന് യോഗ്യൻ അനിൽ ബിശ്വാസ് ആണെന്ന് പല
സിനിമാചരിത്രകാരന്മാരും  കരുതുന്നു.

ആദ്യകാല ഹിറ്റുകൾ

    സിനിമയുടെ അവിഭാജ്യഘടകമായി തീർന്ന സംഗീതം  അതിന്റെ
വിജയപരാജയങ്ങൾക്കുള്ള മുഖ്യകാരണമായി മാറി മുപ്പതുകളുടെ മധ്യത്തോടെ.
ബോക്സോഫീസ് ഹിറ്റ് ആയ ‘അച്യുത്കന്യ’ യിലേതാണ് ഇന്ത്യയൊട്ടാകെ ഹിറ്റായി
മാറിയ ആദ്യഗാനങ്ങൾ. സാഗർ മൂവിടോണിന്റെ സിനിമകളിലെ ഗാനങ്ങളും ഹിറ്റായി
മാറി.  കെ.എൽ സൈഗാൾ ,പങ്കജ് മല്ലിക്, കെ.സി.ഡേ,ശാന്താ ആപ്തെ തുടങ്ങിയ
ഗായകസൂപ്പർസ്റ്റാറുകളുടെ ആവിർഭാവത്തിനും സാക്ഷ്യം വഹിച്ചു ആ കാലഘട്ടം.
മുപ്പതുകളുടെ അവസാനമായപ്പോഴേക്കും മറ്റ് ചില പേരുകൾ കൂടി ജനങ്ങളുടെ
മനസ്സിൽ പ്രതിഷ്ഠ നേടാൻ തുടങ്ങി :ഗോവിന്ദറാവു
ടെംബെ,ദേവികാറാണി,സുരേന്ദ്ര, അശോക് കുമാർ, നൂർജഹാൻ,ഗുലാം ഹൈദർ…………ഇന്ത്യൻ
സിനിമാസംഗീതത്തിന്റെ സുവർണകാലം അങ്ങനെ കൊടിയേറുകയായിരുന്നു. ഇന്ത്യൻ
സംസ്കാരത്തിന്റെ എല്ലാ മുദ്രകളും ചേക്കേറിയതു പോലെ ഇന്ത്യൻ സംഗീതത്തിന്റെ
എല്ലാ ചിഹ്നങ്ങളും  സിനിമാ സംഗീതത്തിലേക്കും കടന്നുവന്നു.
കർണാടക,ഹിന്ദുസ്ഥാനി സംഗീതധാരകളും നാടോടി സംഗീതത്തിന്റെ സമ്പുഷ്ടമായ
അംശങ്ങളും ചലച്ചിത്രസംഗീതത്തിനു മാറ്റുകൂട്ടി. ഇതൊക്കെ ഒരേ പോലെ
ബോളിവുഡ്,തെന്നിന്ത്യൻ , മറ്റ് പ്രാദേശിക ഭാഷാ സിനിമകളിലും അരങ്ങേറി.

സുവർണകാലത്തിലേക്ക്

       നാൽപ്പതുകൾ സിനിമാ നിർമ്മാണരംഗം  പല ഘടനാപരമായ മാറ്റങ്ങൾക്കും
സാക്ഷ്യം വഹിച്ച ഒന്നായിരുന്നു. മാറ്റങ്ങൾ സംഗീതവിഭാഗത്തിലും വന്നു. അതു
വരെ സംഗീതജ്ഞരും ഗായകരും സ്റ്റുഡിയോകളിലെ സ്ഥിരം ജോലിക്കാരായിരുന്ന പതിവ്
അവസാനിച്ചു. മുതിർന്നവരും യുവാക്കളും പ്രശ്സ്തരും പുതുമുഖങ്ങളും ഒരു പോലെ
സ്റ്റുഡിയോകളിലേക്ക് പ്രവേശിച്ചു. പുതിയ സംഗീതസംവിധായകരും ഗായകരും
കടന്നുവന്നു. ഈ ഘട്ടത്തിൽ ഒട്ടേറെ പുതിയ സ്റ്റുഡിയോകൾ
ആവിർഭവിച്ചു.അത്തരത്തിലൊരു പുത്തൻ സ്റ്റുഡിയോയുടെ ഉടമസ്ഥനായിരുന്ന അബ്ദുൾ
റഷീദ് കർദാർ, നൌഷാദ് അലി എന്ന യുവാവിനെ സംഗീതസംവിധായകൻ എന്ന നിലയിലേക്ക്
ഉയർത്തിക്കൊണ്ട് വന്നു. പ്രതിഭാശാലിയായ ഈ യുവാവ് ഇന്ത്യൻ സിനിമാസംഗീതത്തെ
വലിയ മാറ്റങ്ങൾക്ക് വിധേയമാക്കി.അതേ വരെയുള്ള സംഗീതത്തിൽ നിന്ന് തികച്ചും
വിഭിന്നമായ ശൈലി,പുതിയ ഗായകർ,ആലാപനരീതികൾ എല്ലാം
തുടങ്ങുകയായിരുന്നു.പിന്നീട് കടന്നുവന്നവർ ഇന്ത്യൻ മനസ്സിൽ നിന്ന്
പിന്നൊരിക്കലും ഒഴിഞ്ഞു പോകാതെയിരുന്നു : ഗായകരിൽ മുഹമ്മദ് റഫി,ലത,കിഷോർ
കുമാർ,സൌന്ദർരാജൻ,യേശുദാസ്……സംഗീത സംവിധായകരിൽ ശങ്കർ ജയ്കിഷൻ,മദൻ
മോഹൻ,ഒ.പി.നയ്യാർ,ദേവരാജൻ,എം.എസ്.വിശ്വനാഥൻ…….

ഇനിയും തീരാത്ത പാട്ടുകൾ

   നൂറ് വർഷത്തെ ഇന്ത്യൻ സിനിമ എന്തൊക്കെ മാറ്റങ്ങൾക്ക്
വിധേയമായിട്ടുണ്ടെങ്കിലും തുടക്കം മുതൽക്കിങ്ങോട്ട് തെല്ലും
മാറ്റമില്ലാതെ തുടരുന്ന ഘടങ്ങളിൽ പ്രധാനപ്പെട്ടത് സംഗീതത്തിന്റെ
സ്വാധീനമാണ്.’ആലം ആര’ മുതൽ തുടങ്ങിയ പാട്ടുകളുടെ സാന്നിദ്ധ്യം ഇന്നും
ഇന്ത്യൻ സിനിമയിലുണ്ട്.സിനിമയുടെ വരുമാനത്തിൽ ഇന്നും ഗണ്യമായ ഒരു പങ്ക്
നൽകുന്നത് സംഗീതം തന്നെയാണ്.ഒരു ടിപ്പിക്കൽ ഇന്ത്യൻ സിനിമ അതിന്റെ
രണ്ടരമണിക്കൂർ ദൈർഘ്യമുള്ള കഥാഗതിയിൽ ഇന്നും അഞ്ചോ ആറോ പാട്ടുകൾക്കുള്ള
സാധ്യത തിരയുന്നു.സംഗീതരീതികളിലും ആലാപനശൈലികളിലും കാലങ്ങളിലൂടെ വലിയ
മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അന്നും ഇന്നും ഇന്ത്യൻ കാണിയെ
സിനിമയിലേക്കടുപ്പിച്ചത് സംഗീതം തന്നെയാണ്. അത് കൊണ്ടു തന്നെയാണ്
പാട്ടിനോട് പാട്ടിനു പോകാൻ പറയാൻ ഇന്നും ഇന്ത്യൻ സിനിമാസ്വാദകന്
സാധിക്കാത്തതും.














1 comment:

  1. സംഗീതരീതികളിലും ആലാപനശൈലികളിലും കാലങ്ങളിലൂടെ വലിയ
    മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അന്നും ഇന്നും ഇന്ത്യൻ കാണിയെ
    സിനിമയിലേക്കടുപ്പിച്ചത് സംഗീതം തന്നെയാണ്. അത് കൊണ്ടു തന്നെയാണ്
    പാട്ടിനോട് പാട്ടിനു പോകാൻ പറയാൻ ഇന്നും ഇന്ത്യൻ സിനിമാസ്വാദകന്
    സാധിക്കാത്തതും.

    ReplyDelete