Sunday, June 13, 2010
അർജന്റീനയുടെ ആദ്യ വിജയം
പ്രതീക്ഷിക്കാം, ഇവരെ
Posted on: 13 Jun 2010,
ജോഹനാസ്ബര്‍ഗ്:ലോകകപ്പിന്റെ താരമാകാനുള്ള പാതയിലാണെന്ന് തെളിയിച്ച പ്രകടനത്തോടെ മെസ്സി. ആക്രമണ ഫുട്‌ബോളിന്റെ സുന്ദര നിമിഷങ്ങളുമായി അര്‍ജന്റീന. വിജയം ഒരു ഗോളിലൊതുങ്ങിയെങ്കിലും ആശിച്ച തുടക്കമാണ് ഇതിഹാസതാരം ഡീഗോ മാറഡോണയുടെ ടീമിന് പത്തൊമ്പതാം ലോകകപ്പില്‍ കിട്ടിയത്.
വിജയത്തിനുള്ള ക്രെഡിറ്റ് പ്രതിരോധ നിരയിലെ വിശ്വസ്തന്‍ ഗബ്രിയേല്‍ ഹെയ്ന്‍സിക്കാണെങ്കിലും മത്സരത്തിലെ താരം സാക്ഷാല്‍ മെസ്സി തന്നെ.ഗോളെന്നുറച്ച ആറവസരങ്ങളാണ് മെസി സൃഷ്ടിച്ചത് .മെസ്സിയുടെ ദൗര്‍ഭാഗ്യവും ഒപ്പം നൈജീരിയന്‍ ഗോളി വിന്‍സന്റ് എന്‍യീമയുടെ മിന്നുന്ന സേവുകളുമാണ് താരത്തെ ഗോള്‍ നേടുന്നതില്‍ നിന്നു തടഞ്ഞത്. അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ ആറു ഗോളിനെങ്കിലും അര്‍ജന്റീന ജയിക്കേണ്ടതായിരുന്നു.
ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ ആക്രമണത്തിന്റെ മലവെള്ളപ്പാച്ചിലായിരുന്നു.ഫിനിഷിങിലെ ദൗര്‍ഭാഗ്യമാണ് അവരുടെ ഗോള്‍പ്പട്ടിക ഉയര്‍ത്താതിരുന്നത്.ഇരു പകുതികളിലായി മൂന്നവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ഗോണ്‍സാലാ ഹിഗ്വയിനായിരുന്നു അര്‍ജന്റീനാ നിരയിലെ വില്ലന്‍മാരില്‍ മുമ്പന്‍.
രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ പ്രതിരോധത്തെ വിറപ്പിക്കാന്‍ നൈജീരിയയ്ക്കായി.കാലു ഉച്ചെയും യാക്കൂബുവും പകരക്കാരന്‍ ഒബാഫെമി മാര്‍ട്ടിന്‍സും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് നൈജീരിയക്ക് തിരിച്ചടിയായി.മുന്നേറ്റ നിരയില്‍ മെസ്സിക്കു പങ്കാളികളായി ഹിഗ്വയിനെയും കാര്‍ലോസ് ടെവസിനെയുമാണ് മാറഡോണ ആദ്യ ഇലവനില്‍ ഇറക്കിയത്. കഴിഞ്ഞ സീസണില്‍ ഇവര്‍ മൂന്നു പേരും കൂടി അടിച്ചു കൂട്ടിയത് 105 ഗോളുകളാണ്.ആക്രമണത്തിലൂടെ നൈജീരിയയെ തുരത്താമെന്ന മാറഡോണയുടെ തീരുമാനം ശരിയാണെന്ന തുടക്കം മുതലെ മെസ്സിയും സംഘവും തെളിയിച്ചു.
നാലാം മിനിറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തേണ്ടതായിരുന്നു. നൈജീരിയന്‍ പ്രതിരോധനിരയ്ക്കിടയിലൂടെ നൃത്തച്ചുവടുമായി മുന്നേറി മെസ്സി നല്‍കിയ പാസ്സ് തട്ടി വലയിലാക്കേണ്ട ജോലിയേ ഹിഗ്വയിനുണ്ടായിരുന്നുള്ളു. റയല്‍ മാഡ്രിഡിനു വേണ്ടി മിന്നുന്ന ഗോളുകള്‍ കഴിഞ്ഞ സീസണില്‍ നേടിയ താരത്തിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. ലോകകപ്പെന്ന വമ്പന്‍ വേദിയുടെ സമ്മര്‍ദ്ദം ഹിഗ്വയ്‌നെ ബാധിച്ചെന്നു തെളിയിക്കുന്നതായിരുന്നു തുടര്‍ന്നുള്ള താരത്തിന്റെ പ്രകടനം.
ഹിഗ്വയിന്റെ പിഴവിന് രണ്ടു മിനിറ്റിനുള്ളില്‍ തന്നെ അര്‍ജന്റീന പ്രായശ്ചിത്തം ചെയ്തു. മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് ഗോളി എന്‍യീമ തട്ടിയകറ്റി. ഇതെത്തുടര്‍ന്ന ലഭിച്ച കോര്‍ണറാണ് ഗോളിനു വഴിതെളിച്ചത്.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടു മുന്‍ താരങ്ങളായിരുന്നു ഗോളിനു പിന്നില്‍ . സെബാസ്റ്റ്യന്‍ വെറോണ്‍ ,നൈജീരിയയുടെ പ്രതിരോധക്കോട്ടയെ ഒഴിവാക്കി ബോക്‌സിനുള്ളിലേക്ക് പന്ത് ഉയര്‍ത്തിയടിച്ചു. ഓടിയെത്തിയ ഹെയ്ന്‍സി മുഴുനീളന്‍ ഹെഡ്ഡറിലൂടെ പന്ത് പോസ്റ്റിന്റെ മൂലയിലെത്തിച്ചു.
ഗോളി എന്‍യീമയുടെ അസാധ്യമായ രക്ഷപ്പെടുത്തലുകളാണ് നൈജീരിയയുടെ തോല്‍വി മാന്യതയുള്ളതാക്കിയത്. നൈജീരിയന്‍ പ്രതിരോധക്കോട്ടയ്ക്കിടയിലൂടെ മെസ്സി തൊടുത്ത പൊള്ളുന്ന ഷോട്ട് എന്‍യീമ പറന്നിറങ്ങി തട്ടിക്കളഞ്ഞത് അവിശ്വസനീയതയോടെ നോക്കി നില്‍ക്കാനേ മാറഡോണയ്ക്കു പോലുമായുള്ളു.ഹിഗ്വയിനും എയ്ഞ്ചല്‍ ഡി മരിയയുമാണ് മാറഡോണയുടെ പ്രതീക്ഷയക്കൊത്തുയരാതെ പോയത്. മുന്നേറ്റ നിരയില്‍ യാതൊരു പദ്ധതികളുമില്ലാതെ കളിച്ചതിനാലാണ്.അര്‍ജന്റീനയുടെ ദുര്‍ബ്ബലമായ പ്രതിരോധത്തെ പരീക്ഷിക്കാന്‍ നൈജീരിയക്ക് കഴിയാതെ പോയത് .
Subscribe to:
Post Comments (Atom)
അര്‍ജന്റീന കപ്പ് കൊന്ടുപോകും
ReplyDelete