Sunday, June 27, 2010

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
സച്ചിദാനന്ദൻ

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ

അവളെ കല്ലിനുള്ളിൽ നിന്ന്
ഉയിർത്തെഴുന്നേല്പിക്കുകയാണെന്നർത്ഥം.
അടിതൊട്ടു മുടി വരെ പ്രേമത്താലുഴിഞ്ഞ്
ശാപമേറ്റുറഞ്ഞ രക്തത്തിന്
സ്വപ്നത്തിന്റെ ചൂടു പകരുകയെന്നാണർത്ഥം.


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കരിയും മെഴുക്കും പുരണ്ട അവളുടെ പകലിനെ
സ്വർഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയാക്കി മാറ്റുകയെന്നാണ്.
രാത്രി ആ തളർന്ന ചിറകുകൾക്ക് ചേക്കേറാൻ
ചുമൽ കുനിച്ചു നിൽക്കുന്ന
തളിരു നിറഞ്ഞ മരമായി മാറുകയെന്നാണ്.


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കാറ്റും കോളും നിറഞ്ഞ കടലിൽ
മേഘങ്ങൾ കീഴിൽ പുതിയൊരു ഭൂഖണ്ഡം തേടി
കപ്പലിറക്കുകയെന്നാണർത്ഥം.
സ്വന്തം വീട്ടുമുറ്റത്തുണ്ടായ ഒരു നാലുമണി
ആരും കണ്ടിട്ടില്ലാത്ത ഒരു വൻകരയിൽ
കൊണ്ടു ചെന്നു നട്ടുപിടിപ്പിക്കുകയെന്നാണർത്ഥം.


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
തന്റെ മാംസപേശികളുടെ ദാർഡ്യം മുഴുവൻ
ഒരു സൌഗന്ധികത്തിന്റെ മ്യദുലതയ്ക്കായി കൈമാറുകയാണ്.
മണി മുടിയും പടച്ചട്ടയുമൂരിയെറിഞ്ഞ്
മറ്റൊരു മാനം കടന്ന് മറ്റൊരു ഗ്രഹത്തിലെ
കാറ്റിന്,മറ്റൊരു ജലത്തിന്,
തന്റെ മാംസത്തെ വിട്ടുകൊടുക്കുകയാണ്.


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളുടെ പ്രാചീനമായ വടുക്കളിൽ നിന്ന്
സൂര്യരശ്മി പോലെ കൂർത്ത ഒരു വാൾ കണ്ടെത്താൻ
അവളെ സഹായിക്കുകയാണ്.
എന്നിട്ട് ചോരവാർന്ന് തീരും വരെ ആ മൂർച്ചയിൽ 
സ്വന്തം ഹ്യദയം അമർത്തിക്കിടക്കുയാണ്.

ഞാൻ ഒരു സ്ത്രീയെ സ്നേഹിച്ചിട്ടില്ല.


                                സച്ചിദാനന്ദനെക്കുറിച്ച്



കവി, വിവര്‍ത്തകന്‍, വിമര്‍ശകന്‍, അധ്യാപകന്‍. ജനനം. 25.5.1946 പുല്ലൂറ്റ് -കൊടുങ്ങല്ലൂര്‍. മലയാളത്തിലെ നവീനകവിതയുടെ ണേതാക്കളില്‍ ഒരാളായി രംഗപ്രവേശം ചെയ്ത സച്ചിദാനന്ദന്റെ കവിത പല പരിണാമങ്ങള്‍ക്കും വിധേയമായി. മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താവുകൂടിയായിത്തീര്‍ന്നതിനു ശേഷം പീഡിതരുടെ പ്രതിഷേധവും മോചനയത്‌നവും നവീന കവിതാശൈലിയില്‍ ചിത്രീകരിച്ചു. മാര്‍ക്‌സിയന്‍ ലാവണ്യശാസ്ത്രത്തിന് തനതായ വ്യാഖ്യാനം നല്കിക്കൊണ്ട് ഒട്ടേറെ
ലേഖനങ്ങളും പ്രബന്ധങ്ങളും രചിച്ചു. മിക്കവാറും ഇന്ത്യന്‍ ഭാഷകളിലേക്കും ചില വിദേശഭാഷകളിലേക്കും കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. നിരവധി വിദേശീയ കവികളുടെ രചനകള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. കവിതയും ജനതയും എന്ന കൃതി കേരളസാഹിത്യ അക്കാദമി അവാര്‍ഡു നേടി (1984).ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ ഇംഗ്ലിഷ് പ്രൊഫസറായിരുന്നു.
സാഹിത്യഅക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ എഡിറ്ററായി
പ്രവര്‍ത്തിച്ചു. 1997 മുതല്‍ അക്കാദമി സെക്രട്ടറി. കൃതികള്‍: അഞ്ചുസൂര്യന്‍,
ആത്മഗീത, പീഡനകാലം, കവിത, എഴുത്തച്ഛനെഴുതുമ്പോള്‍, ഇവനെക്കൂടി,
മലയാളം, കവിബുദ്ധന്‍, അപൂര്‍ണം (കവിത), കവിതാപര്യടനങ്ങള്‍, കറുത്തകവിത, നെരൂദയുടെ കവിതകള്‍ (വിവര്‍ത്തനം), ശക്തന്‍ തമ്പുരാന്‍ (നാടകം), കവിതയും ജനതയും, സംഭാഷണങ്ങള്‍, മുഹൂര്‍ത്തങ്ങള്‍ (ലേഖനങ്ങള്‍). പല ലോകം പല കാലം (യാത്രകള്‍).

സച്ചിദാനന്ദൻ:വിക്കി പേജ്

5 comments:

  1. ഒരു പാട് അർത്ഥാന്തരങ്ങളുള്ള കവിത, മുമ്പ് എവിടെയോ വെച്ച് വായിച്ചിരുന്നു..ഒരിക്കൽ കൂടി വായിക്കാൻ അവസരം തന്നതിനു നന്ദി.

    ReplyDelete