ഏകാന്തത
അന്ന അഹ് മത്തോവ (1889-1966)
ഇല്ലിനിപ്പേടി-
യെനിയ്ക്ക്, ഞാനത്രയ്ക്കു
കല്ലേറുകൊണ്ടുകഴിഞ്ഞു.
കല്ലുകള്‍ വീണു
കുഴിതൂര്‍ന്നിടത്തൊരു
തുംഗമാം ഗോപുരം നിന്നു.
നന്ദി, ഈ ഗോപുരം
നിര്‍മ്മിച്ചുതന്നോരേ
നന്മ നിങ്ങള്‍ക്കു വരട്ടെ!
പൊങ്ങുന്ന സൂര്യനെ
കാണുന്നു ഞാനാദ്യം
ഇങ്ങിരുന്നത്രമേല്‍ തുംഗം.
അസ്തമിക്കുമ്പോള്‍
അവസാനരശ്മികള്‍
തത്തിക്കളിക്കുമിവിടെ.
എന്നറയ്ക്കുള്ള
ജനാലയിലെപ്പൊഴും
തെന്നല്‍ പറന്നുകളിക്കും.
എന്റെ കൈവെള്ളയില്‍
നിന്നും പിറാവുകള്‍
തിന്നുന്നു ധാന്യമണികള്‍.
ഞാനെഴുതിപ്പൂര്‍ത്തി-
യാക്കാത്ത താളുകള്‍
താനേയെഴുതി നിറയ്ക്കാന്‍,
തൂവല്‍വിരലുമായ്
എന്‍ കാവ്യദേവത
താഴേയ്ക്കിറങ്ങിവന്നെത്തും.
1914. മൊഴിമാറ്റം : പി പി രാമചന്ദ്രന്‍ റഷ്യയിലെ ഏറ്റവും പ്രകീർത്തിക്കപ്പെട്ട ആധുനിക കവയിത്രിയായിരുന്നു,അന്ന അഹ് മത്തോവ. സ്റ്റാലിനിസ്റ്റ് ഭീകരതയെക്കുറിച്ച് എഴുതിയ അവരുടെ പല കവിതകളും സോവിയറ്റ് യൂണിയനിൽ നിരോധിക്കപ്പെട്ടു.ഒടുവിൽ അവരുടെ അവസാനകാലത്തു മാത്രമാണ് ഭരണകൂടം അവരെ അംഗീകരിച്ചത്.ഈ കവിതയിൽ, ചുറ്റും ചൂഴ്ന്നു നിൽക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള ചെറുത്തുനിൽപ്പ് ദർശിക്കാം. അന്ന അഹ് മത്തോവ :വിക്കി പേജ് അന്ന അഹ് മത്തോവയുടെ 80 കവിതകൾ |
ഇല്ലിനിപ്പേടി-
ReplyDeleteയെനിയ്ക്ക്, ഞാനത്രയ്ക്കു
കല്ലേറുകൊണ്ടുകഴിഞ്ഞു.
ജാഫറിന്റെ ഉദ്യമം ശ്ലാഘനീയം.
ReplyDelete