Friday, December 14, 2012

മാനസികാരോഗ്യം: ചികിത്സയ്ക്കും രോഗം

മാനസികാരോഗ്യം: ചികിത്സയ്ക്കും രോഗം

ജാഫര്‍ എസ് പുല്‍പ്പള്ളി 


 മനുഷ്യരാശിയെ ഏറ്റവും വലയ്ക്കുന്ന രോഗങ്ങളെന്താണ്? ക്യാന്‍സര്‍? ഹൃദ്രോഗങ്ങള്‍, എയ്ഡ്‌സ്? എന്നാല്‍ ഇതൊന്നുമല്ല വലിയ വില്ലന്‍. എം.എന്‍.എസ്. എന്നു ചുരുക്കി വിളിക്കുന്ന മാനസിക, നാഡീസംബന്ധിയായ, പദാര്‍ത്ഥോപയോഗ ക്രമക്കേടുകള്‍ (മെന്റല്‍, ന്യൂറോളജിക്കല്‍, സബ്‌സറ്റന്‍സ് യൂസ് ഡിസോഡേഴ്‌സ് -MNS) ആണ് മനുഷ്യരാശിക്ക് ഏറ്റവും ഭാരമുണ്ടാക്കുന്ന രോഗങ്ങള്‍. ക്യാന്‍സറിനെയും ഹൃദ്രോഗത്തെയും കടത്തിവെട്ടും ഇത്.

ആഗോള രോഗഭാര(ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് -ജി.ബി.ഡി.) ത്തിന്റെ 13 ശതമാനം പങ്കും സംഭാവന ചെയ്യുന്നു മനോരോഗങ്ങള്‍. ഇവയില്‍ സ്‌കിസോഫ്രേനിയ, വിഷാദരോഗം, അപസ്മാരം, സ്മ്യതിനാശം, ആല്‍കഹോളിസം തുടങ്ങിയവയാണ് പ്രധാനം. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിലും മുന്‍പന്‍ എം.എന്‍.എസ് തന്നെ. -ജി.ബി.ഡി. യുടെ പട്ടികയില്‍ വിഷാദരോഗം ഒറ്റയ്ക്ക് മൂന്നാം സ്ഥാനത്തുണ്ട്. അഞ്ച് ശതമാനം സംഭാവന നല്കുന്ന ആല്‍കഹോളിസവും പ്രധാന വില്ലന്‍ തന്നെ.

പ്രസിദ്ധ ശാസ്ത്രപ്രസിദ്ധീകരണമായ 'നേച്ചറി'ന്റെ പഠനപ്രകാരം ഓരോ ഏഴു മിനിട്ടിലും ഒരാള്‍ക്ക് സ്മ്യതിനാശം ആരംഭിക്കുന്നു. 2020 ഓടെ പ്രതിവര്‍ഷം 15 ലക്ഷം ആളുകള്‍ ആത്മഹത്യ ചെയ്യുകയോ 1.5 കോടിക്കും 3 കോടിക്കും ഇടയ്ക്ക് ആളുകള്‍ ആത്മഹത്യ ശ്രമം നടത്തുകയോ ചെയ്യും. പെരുകുന്ന ആത്മഹത്യയുടെ മുഖ്യകാരണമോ വിഷാദരോഗം, ആല്‍കഹോളിസം എന്നിവയും.
വികസിത രാഷ്ട്രങ്ങളില്‍ പോലും മാനസിക രോഗങ്ങളെ കുറിച്ചുള്ള സാമൂഹികമായ അപമാനബോധം ഇന്നും നിലനില്‍ക്കുന്നത് ഈ രംഗത്ത് നിലനില്‍ക്കുന്ന വലിയ പ്രശ്‌നത്തിന്റെ സൂചനയാണ്. മാനസികരോഗം ഒരിക്കലും മാറില്ല എന്ന സങ്കല്‍പം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നത് മനോരോഗ ചികിത്സയില്‍ വലിയ കുഴപ്പം സ്യഷ്ടിക്കുന്നു. തന്റെ രോഗം അപരനോട് പങ്കു വെക്കാന്‍ പോയിട്ട് താന്‍ രോഗിയാണെന്ന കാര്യം സ്വയം അംഗീകരിക്കാന്‍ പോലും അപമാനബോധം ഒരാളെ അനുവദിക്കില്ല. രോഗികള്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന ഭ്രഷ്ടും രോഗിയെ തന്നിലേക്കു തന്നെ ഒതുക്കുന്നു. പിന്നാക്ക രാജ്യങ്ങളില്‍ മാത്രമല്ല, മികച്ച അവബോധമുണ്ടെന്ന് കരുതപ്പെടുന്ന രാജ്യങ്ങളില്‍ പോലും അവസ്ഥ വ്യത്യസ്തമല്ല. മനോരോഗികളെ ആപല്‍ക്കാരികളും അക്രമികളും ആയി ചിത്രീകരിച്ച് അകറ്റി നിര്‍ത്തുന്ന മനോഭാവത്തിനു സിനിമ അടക്കമുള്ള ദ്യശ്യ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്.

മാറാത്ത മനോഭാവവും രോഗവും

ലോകജനസംഖ്യയില്‍ 30 ശതമാനം മനുഷ്യര്‍ക്ക് ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന മനോരോഗങ്ങള്‍ക്ക് ചികിത്സാ രംഗത്ത് വലിയ വിടവാണ് ഇന്നുള്ളത്. ഭൂരിപക്ഷം രോഗികള്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല. അമേരിക്കയില്‍ 31 ശതമാനം പേര്‍ രോഗ ബാധിതരാണ്; പക്ഷെ അതില്‍ 67 ശതമാനം പേര്‍ക്കും മതിയായ ചികിത്സ കിട്ടുന്നില്ല. യൂറോപ്പില്‍ ഇത് യഥാക്രമം 27 ശതമാനവും 74 ശതമാനവുമാണ്. ചൈനയില്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ ഉള്ള 11.1 ശതമാനം ആളുകള്‍ക്കേ എന്തെങ്കിലും ചികിത്സ കിട്ടുന്നുള്ളൂ. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 83 ശതമാനത്തിലും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ചികിത്സയില്ല, 25 ശതമാനം രാജ്യങ്ങളില്‍ അപസ്മാരത്തിനുള്ള മരുന്നില്ല. രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ക്കുള്ളിലും വിഭവങ്ങളുടെ അസന്തുലിതമായ പങ്കുവെക്കല്‍ പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഉദാഹരണത്തിന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഘടകത്തിന്റെ പക്കല്‍ അവരുടെ യൂറോപ്യന്‍ ഘടകത്തിലുള്ളതിന്റെ 200-ല്‍ ഒന്ന് സൈക്യാട്രിസ്റ്റുകള്‍ മാത്രമേ ഉള്ളു.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 'വിഷാദരോഗം' ഉള്ളവരില്‍ 25 ശതമാനത്തിനും താഴെ പേര്‍ക്ക് (ചില രാജ്യങ്ങളില്‍ ഇത് 10 ശതമാനത്തിനും താഴെയാണ്) മാത്രമേ ശരിയായ ചികിത്സ ലഭിക്കുന്നുള്ളൂ. ലോക ജനസംഖ്യയില്‍ 75 ശതമാനം പേര്‍ക്കും ശരിയായ മാനസികാരോഗ്യ പരിചരണം ലഭിക്കുന്നില്ല, സംഘടന തന്നെ പറയുന്നു.

ചുരുക്കി പറഞ്ഞാല്‍, മനോരോഗങ്ങള്‍ സ്യഷ്ടിക്കുന്ന സാമ്പത്തിക ഭാരവുമായി താരതമ്യം ചെയ്യുമ്പോള്‍ അവയുടെ പ്രതിരോധത്തിനും ചികിത്സയ്ക്കും ലോകം മുടക്കുന്ന പണം തുച്ഛമാണ്.

പ്രധാനപ്രശ്‌നങ്ങള്‍
പ്രസിദ്ധ വൈദ്യശാസ്ത്ര മാഗസിന്‍ ലാന്‍സെറ്റ് 2007 ല്‍ നടത്തിയ പഠനത്തില്‍ മനോരോഗികള്‍ അവരുടെ രോഗാവസ്ഥയ്ക്ക് പുറമെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്ന് പറയുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഉള്ള അവഗണന ഈ നിലയില്‍ തുടര്‍ന്നാല്‍ മലേറിയ, ക്ഷയം, എയ്ഡ്‌സ് ഇവ മൂന്നും ചേര്‍ന്നാലുള്ളതിനേക്കാള്‍ പ്രശ്‌നങ്ങള്‍ എം എന്‍ എസ്. ഉണ്ടാക്കും, ലാന്‍സെറ്റ് ആശങ്ക പ്രകടിപ്പിച്ചു.

'ട്രീറ്റ്‌മെന്റ് ഗ്യാപ്പ്' എന്ന് വിദഗ്ധര്‍ പറയുന്ന സ്ഥിതിവിശേഷം ഏറ്റവും കൂടുതല്‍ ഉള്ളത് മാനസിക രോഗങ്ങള്‍ക്കാണ്. താഴ്ന്ന - ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ 76-85 ശതമാനം രോഗികള്‍ക്കും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 35-50 ശതമാനം രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നില്ല. രോഗികള്‍ പലപ്പോഴും തങ്ങള്‍ക്ക് അതുണ്ടെന്ന് സമ്മതിക്കുന്നില്ല. ഇത് ചികിത്സ നല്‌കേണ്ട പ്രാധാന്യമുള്ള ആദ്യഘട്ടത്തില്‍ തന്നെ അത് ലഭിക്കാതിരിക്കാന്‍ കാരണമാകുന്നു.

ചികിത്സയ്ക്കായുള്ള ഗവണ്മെന്റ് വിഹിതത്തിന്റെ ലോക ശരാശരി വെറും 4 ശതമാനമാണ്. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ മാനസിക രോഗചികിത്സയ്ക്കാവശ്യമായ പ്രൊഫഷണലുകളുടെ എണ്ണത്തിലുള്ള വന്‍ കുറവ് ചികിത്സയെ ഗുരുതരമായി ബാധിക്കുന്നു.ആഫ്രിക്കയിലെ 72 കോടി ജനങ്ങള്‍ക്ക് ആകെ 1800 സൈക്യാട്രിസ്റ്റുകളേ ഉള്ളൂ എന്ന വസ്തുത പ്രശ്‌നത്തിന്റെ രൂക്ഷത വെളിപ്പെടുത്തും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2011 ല്‍ 55000 സൈക്യാട്രിസ്റ്റുകള്‍, 628000 നഴ്‌സുമാര്‍, 493000 മനോരോഗ ശുശ്രൂഷകര്‍ എന്നിവരുടെ കുറവുണ്ട് 144 താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്.

മനോരോഗങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കാന്‍ തക്കതായ വിധത്തില്‍ തലച്ചോറിന്റെ ഘടനയും പ്രവര്‍ത്തനത്തെയും പറ്റി മനസ്സിലാക്കാന്‍ ഇനിയും ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല എന്നത് ഈ രംഗത്തെ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

പരിഹാരമാര്‍ഗങ്ങള്‍
ലോകാരോഗ്യ സംഘടനയുടെ 2001 ലെ വേള്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ് പ്രശ്‌നങ്ങള്‍ക്കുള്ള സമഗ്രമായ പരിഹാരമാര്‍ഗങ്ങള്‍ ആദ്യമായി നിര്‍ദ്ദേശിച്ചത്. രോഗാരംഭത്തിലേയുള്ള ചികിത്സ, ആവശ്യമായ മരുന്നുകളുടെ ലഭ്യത, സാമൂഹിക ശ്രദ്ധ നല്‍കല്‍, ജനങ്ങളെ ബോധവത്കരിക്കല്‍,സമൂഹത്തെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തല്‍, ദേശീയ നയങ്ങളുടെ ആവശ്യകത, നിയമങ്ങള്‍/പരിപാടികള്‍ എന്നിവ ആവിഷ്‌കരിക്കല്‍, മാനവശേഷി വികസിപ്പിക്കല്‍, മറ്റ് മേഖലകളുമായുള്ള ബന്ധപ്പെടുത്തല്‍, സാമൂഹ്യ മാനസികാരോഗ്യത്തെ മേല്‍നോട്ടം, കൂടുതല്‍ ഗവേഷണങ്ങള്‍ എന്നീ 10 നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്.

ആഗോളതലത്തിലുള്ള കൂട്ടായ്മ

മാനസികാരോഗ്യരംഗത്തെ ഈ വലിയ പ്രശ്‌നങ്ങളെ , അതിലെ സങ്കീര്‍ണതകളെ തിരിച്ചറിഞ്ഞ് പുതിയ ദിശാബോധം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, രോഗചികിത്സകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയായ ഗ്രാന്റ് ചലഞ്ചസ് ഇന്‍ ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ഈ കാര്യത്തിലേക്കുള്ള ഫലപ്രദമായ ചുവടുവെപ്പുകള്‍ തുടങ്ങി.

പത്ത് വര്‍ഷത്തേക്കുള്ള ഗവേഷണ മുന്‍ഗണനകള്‍ എന്തെന്ന് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ എം.എന്‍.എസ് ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ അവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. യു.എസ്സ്. നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആണ് ഈ കൂട്ടായ്മയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ക്രോണിക് ഡിസീസസ് എന്ന അന്താരാഷ്ട്രസംഘടനയും സഹായം നല്‍കുന്നുണ്ട്.
ഗ്ലോബല്‍ മെന്റല്‍ ഹെല്‍ത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ വലിയ 25 വെല്ലുവിളികളാണ് ഈ കൂട്ടായ്മ മുന്നില്‍ കാണുന്നത്. മാനസിക രോഗങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍, വിഷമങ്ങള്‍, പ്രതിരോധമാര്‍ഗങ്ങള്‍ എന്നിവയെ തിരിച്ചറിയുന്നതു മുതല്‍ ആരോഗ്യ വ്യവസ്ഥയുടെ സമ്പൂര്‍ണ പരിണാമം എന്നതു വരെ ആറ് ലക്ഷ്യങ്ങളിലൂടെയാണ് ഈ ബ്യഹത്ത് പദ്ധതി കടന്നു പോവുക. ലക്ഷ്യങ്ങളെല്ലാം നേടിയെടുക്കാന്‍ ആഗോളതലത്തിലുള്ള പരസ്പര സഹകരണവും വിവരങ്ങളുടെ പങ്കുവെക്കലും അനിവാര്യമാണെന്ന് ഇവര്‍ കരുതുന്നു.

മാത്യഭൂമി ഓൺലൈനിൽ 30 ജൂൺ 2012 നു പ്രസിദ്ധീകരിച്ചത്

Thursday, December 13, 2012

വാടകയ്ക്ക് ഒരു ഗർഭപാത്രം

വാടകയ്ക്ക് ഒരു ഗർഭപാത്രം


ജാഫർ എസ് പുൽ‌പ്പള്ളി




            സാഹസിക കടൽ യാത്രകളിലൂടെ  ഇന്ത്യയെ ‘കണ്ടെത്തിയ‘  യൂറോപ്യന് അന്നാവശ്യം ഇന്ത്യക്കാരൻ തന്റെ മണ്ണിൽ വിളയിച്ച കുരുമുളകും ഏലവും മഞ്ഞളും ആയിരുന്നു. ഇന്ന് ഈ ആഗോളീകരണ കാലഘട്ടത്തിൽ  ഇന്ത്യയുടെ ആധുനികോത്തര തലമുറ താലത്തിൽ വെച്ച് നീട്ടുന്നത് മറ്റൊന്നാണ് : അവന്റെ പെണ്ണിന്റെ ഉർവരമായ ഗർഭപാത്രം !

           വാടകയ്ക്ക് ഗർഭപാത്രം

           വന്ധ്യത എന്ന വളരെയെളുപ്പമൊന്നും പരിഹരിക്കാൻ കഴിയാത്ത ദു:ഖത്തിന് പാശ്ചാത്യർ കണ്ടെത്തിയ വഴിയായ, ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതടക്കമുള്ളവ അടങ്ങുന്ന  അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജിക്ക്  ‘ സറോഗസി’ എന്നതാണ് എളുപ്പപദം. സ്വന്തം രാജ്യത്ത് കടുത്ത നിയമക്കുരുക്കുകളും വലിയ പണച്ചെലവും വരുന്ന ഗർഭപാത്രം വാടകയ്ക്കെടുക്കലിന്റെ പറുദീസയായി പാശ്ചാത്യൻ ഇന്ന് കാണുന്നത് ഇന്ത്യയെയാണ്. ഇന്ത്യൻ നഗരങ്ങളിൽ അതിദ്രുതം വളർന്ന് വരുന്ന ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ‘ചുരുങ്ങിയ ചെലവിൽ’ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു നൽകുന്ന കേന്ദ്രങ്ങളായി മാറുന്നു. അങ്ങനെ  ബിസിനസ് ഔട്ട്സോഴ്സിംഗിന്റെ മറ്റൊരു പുത്തൻ രൂപം ആയി മാറുന്നു ഇന്ത്യയിൽ  ‘കമേഴ്സ്യൽ സറോഗസി’.

എന്താണ് സറോഗസി ?
മറ്റൊരു ദമ്പതിമാരുടെ ഭ്രൂണത്തെ ഗർഭപാത്രത്തിൽ വഹിക്കുകയും പ്രസവത്തിനു ശേഷം കുഞ്ഞിനെ ദമ്പതികൾക്ക് തന്നെ തിരികെ നൽകുന്നതുമാണ് ‘സറോഗസി’ എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. രണ്ട് തരത്തിലുണ്ട് ഇത്. ‘പരമ്പരാഗത സറോഗസി’ യിൽ അണ്ഡം വാടകയ്ക്കെടുക്കപ്പെടുന്ന സ്ത്രീയുടേത് തന്നെയായിരിക്കും.
 ബീജം, കുഞ്ഞ് ആവശ്യമുള്ളയാളുടേതും. ഈ രീതിയ്ക്ക് പ്രാചീന ബാബിലോണിയൻ സംസ്കാരത്തിൽ പ്രചാരമുണ്ടായിരുന്നു എന്നതിനു ചരിത്രപരമായ തെളിവുണ്ട്.  മറ്റൊരു രീതിയായ ‘ഗെസ്റ്റേഷണൽ സറോഗസി’യിൽ ബീജസങ്കലനം നടന്നതിനു ശേഷം ഭ്രൂണം തന്നെ വാടകഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു. രണ്ടാമത്തെ രീതിയാണ് ഇപ്പോൾ വ്യാപകം. ഇന്ത്യയിലും ഇതു തന്നെ സ്ഥിതി.
      
ഇന്ത്യയുടെ മേന്മകൾ

        ഈ മേഖലയിലെ ഇന്ത്യയുടെ പ്ലസ് പോയിന്റുകൾ ഒട്ടേറെയാണെന്ന് നിരീക്ഷകർ കരുതുന്നു. ഏറ്റവും പ്രധാനപ്പെട്ടത് കുറഞ്ഞ പണച്ചെലവ് തന്നെ. അമേരിക്കയിൽ 80000 ഡോളർ വേണ്ടി വരുന്ന ‘സറോഗസി ‘ പ്രക്രിയയ്ക്ക് ഇന്ത്യയിലെ ആകെ ചെലവ് വെറും 5000 ഡോളർ മാത്രം. കൂടാതെ ഇന്ത്യയിൽ ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഇല്ലായ്മ കാലതാമസവും ചുവപ്പുനാടയും ഒഴിവാക്കുന്നു. ‘സറോഗസി’ അനുവദിച്ചിട്ടുള്ള ചൈന പോലുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നിവയെയും അപേക്ഷിച്ച് ഇംഗ്ലീഷ് അറിയാവുന്ന ഡോക്ടർമാരുടെ സാന്നിദ്ധ്യവും ഇതിനായുള്ള ക്ലിനിക്കുകളിലെ ലോകോത്തര സൌകര്യങ്ങളും  ഇന്ത്യയുടെ അനുകൂല ഘടകമാണ്.

വളരുന്ന ഉർവരതാ ടൂറിസം

   മെഡിക്കൽ ടൂറിസത്തിന്റെ വളർച്ചയുടെ ഭാഗമായാണ് ഇന്ത്യയിൽ ഈ ഉർവരതാ ടൂറിസം വേര് പിടിച്ചു തുടങ്ങുന്നത്. സ്വന്തം രാജ്യത്തേക്കാൾ ചുരുങ്ങിയ ചെലവിലുള്ള ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികളുടെ എണ്ണം വർഷം തോറും കൂടിവരികയാണ്. ഉർവരതാ ടൂറിസത്തിന്റെ ചിത്രവും ശോഭനീയമാണ്. പ്രതിവർഷം 7 ശതമാനം വളർച്ചയാണ് ഇന്ത്യയിൽ ഇതിനുള്ളത്. 50 കോടി ഡോളറിന്റെ ബിസിനസാണ് ഈ മേഖലയിൽ നടക്കുന്നതെന്ന് അനൌദ്യോഗിക കണക്കുകൾ പറയുന്നു. ഈ വർഷം 2000 ‘സറോഗസി’ ജനനങ്ങൾ പ്രതീക്ഷിക്കുന്നതായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദർ പറയുന്നു. ‘സറോഗസി‘യുടെ ആഗോള തലസ്ഥാനമായി മാറും ഇന്ത്യ എന്ന് കരുതപ്പെടുന്നു. ഇന്ത്യൻ സമൂഹം ഈ രീതിയോട് ആദ്യമൊക്കെ പുറം തിരിഞ്ഞു നിന്നെങ്കിലും വന്ധ്യത ഏറ്റവും വലിയ ശാപമായി കണക്കാക്കുന്ന ഇന്ത്യക്കാരും ഇപ്പോൾ വാടകയ്ക്ക് ഗർഭപാത്രം തേടി വന്നു തുടങ്ങിയിരിക്കുന്നതും ഈ ബിസിനസിനെ പ്രതീക്ഷയിലേക്കുയർത്തുന്നു.

 നിയമങ്ങളുടെ അഭാവം

        ഏതെങ്കിലുമൊരു പ്രശ്നത്തിൽ ഒരു  നിയമം ഉണ്ടാകുന്നതിനു മുൻപേ അതിന്റെ അസാന്നിദ്ധ്യത്തിൽ അനേകർ അനർഹമായത് നേടാറുണ്ട് ഇന്ത്യയിൽ എന്നതിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ് ഈ വിഷയം. 2002 മുതൽക്ക് തന്നെ നടക്കുന്നുണ്ടെങ്കിലും  ‘സറോഗസി’ യെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും തന്നെ നിലവിൽ  ഇന്ത്യയിലില്ല. അത് നിയമവിരുദ്ധമോ വിധേയമോ അല്ല ഇവിടെ.  ഇരു കക്ഷികൾ തമ്മിലുള്ള ഒരു സ്വകാര്യ ഉടമ്പടി മാത്രമാണ് എല്ലാ പ്രക്രിയകളുടെയും അടിസ്ഥാനം. ഈ കരാറിന്റെ ലംഘനത്തിന്മേൽ നിയമനടപടി സ്വീകരിക്കാൻ പലപ്പോഴും സാധിക്കുകയുമില്ല. ഇതു പോലൊരു ആശയക്കുഴപ്പം നിറഞ്ഞ മേഖലയിലെ ഏക നിയമപരമായ അനുമതി എന്നത് 2008 ലെ ഒരു കേസിൽ ‘സറോഗസി’ അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയാണ്. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇത് സംബന്ധമായി കുറച്ച് മാർഗനിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ശക്തമായ ഒരു നിയമത്തിന്റെ അഭാവം അവയെ ദുർബലമാക്കുന്നുണ്ട്.  
  ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തൽ, കരാറുകളുടെ ലംഘനത്തെ പ്രതിരോധിക്കൽ, പ്രതിഫലത്തിന്റെ കാര്യത്തിലുള്ള ചൂഷണമില്ലാതാക്കൽ എന്നിവ ഈ രംഗത്ത്  അനിവാര്യമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഒരേ സമയം ഗർഭപാത്രത്തിൽ നിക്ഷേപിക്കാവുന്ന ഭ്രൂണങ്ങളുടെ എണ്ണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ട് . എന്നാൽ ഇന്ത്യയിൽ നാലെണ്ണം വരെ ഒരേ സമയം നിക്ഷേപിക്കുന്ന കേസുകൾ ഉണ്ടാകാറുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യാദ്യശ്ചികമായി ഒന്നിൽ കൂടുതൽ ഭ്രൂണങ്ങൾ വളർച്ച പ്രാപിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ ഒന്നിനെ നിലനിർത്തി മറ്റുള്ളവയെ അബോർട്ട് ചെയ്യുന്നതും സാധാരണമാണ്. കൂടാതെ ഭ്രൂണത്തിന്റെ ലിംഗനിർണയം നടത്തി അനഭിലഷണീയമായതിനെ വേണ്ടാതാക്കുന്നതും പതിവാണ്. ഇവയെല്ലാം ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നിരിക്കെ അത് തടയാൻ പോലും കഴിയുന്നില്ല നിയമസംവിധാനത്തിന്. കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഇതിനു വിധേയരാകുന്ന സ്ത്രീകൾ ഒട്ടേറെയാണ് എന്നത് ഈ മേഖലയിലെ നിയമസാന്നിദ്ധ്യം ഒഴിച്ചു കൂടാത്തതാക്കുന്നു. കൂടാതെ സ്വന്തം ഭർത്താവിന്റേതല്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ ഗർഭത്തിൽ വഹിക്കുന്ന സ്ത്രീയെ തികച്ചും ആചാരബദ്ധമായ ഇന്ത്യൻ ഗ്രാമസമൂഹം എങ്ങനെ കാണും എന്നതു പരിഗണിക്കേണ്ട ഒരു പ്രശ്നമാണെന്ന് ആക്ടിവിസ്റ്റുകൾ കരുതുന്നു. പല തവണ തിരുത്തലിനു വിധേയമാക്കി ഇന്ത്യയിലെ നിയമനിർമ്മാണ രീതിയ്ക്ക് മകുടോദാഹരണമായി മാറിയിരിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജീസ് (റെഗുലേഷൻ) നിയമം ഇനിയും പാ‍സ്സാക്കിയിട്ടില്ല ഇവിടെ.

പെരുകുന്ന ക്ലിനിക്കുകൾ

     അനുദിനം പെരുകി വരുന്ന ക്ലിനിക്കുകൾ വെബ്സൈറ്റിലൂടെ പരസ്യം നൽകി വിദേശ ‘കസ്റ്റമർ‘മാരെ ആകർഷിക്കുന്നു. മിക്ക വലിയ നഗരങ്ങളിലും ‘സറോഗസി’ ക്ലിനിക്കുകൾ ഉണ്ടെങ്കിലും ക്ഷീരവിപ്ലവത്തിലൂടെ പ്രസിദ്ധിയാർജിച്ച ഗുജറാത്തിലെ ‘ആനന്ദ്’ നഗരമാണ് എണ്ണത്തിലും ഗുണത്തിലും മികച്ച് നിൽക്കുന്ന ക്ലിനിക്കുകളുടെ കാര്യത്തിൽ മുൻനിരയിൽ. ലോകോത്തര നിലവാരമുള്ള ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ സൌകര്യങ്ങൾ ഒരുക്കി അവർ കാത്തിരിക്കുകയാണ് വന്ധ്യത പേറുന്ന വിദേശികളെ. ‘ആനന്ദി’ലെ ഏറ്റവും മികച്ച ക്ലിനിക്ക് ആയ ‘ആകാംക്ഷ’ യിൽ എല്ലായ്പ്പോഴും കുറഞ്ഞത് 15 ഗർഭിണികളെങ്കിലും ഉണ്ടാകും. അവർ തങ്ങളുടെ അഞ്ഞൂറാമത്തെ കുഞ്ഞിന്റെ ജനനം ആഘോഷിച്ചു കഴിഞ്ഞു.

ആരാണ് ദാതാക്കൾ ?

          ക്ലിനിക്കുകൾ പ്രവർത്തിക്കുന്ന നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലുള്ള ദരിദ്രകുടുംബങ്ങളിലെ സ്ത്രീകളാണ് തങ്ങളുടെ ഗർഭപാത്രം ഇങ്ങനെ വാടകയ്ക്ക് നൽകാൻ തയ്യാറായി വരുന്നത് എന്ന വസ്തുത , ദാരിദ്യം തന്നെയാണ് ഇന്ത്യയിൽ ‘കമേഴ്സ്യൽ സറോഗസി’യ്ക്ക് വളക്കൂറുള്ള മണ്ണുണ്ടാക്കുന്നത് എന്ന വസ്തുതയെ കാണിച്ചു തരുന്നു. വിവാഹിതരും രണ്ടോ മൂന്നോ കുട്ടികളുടെ മാതാക്കളുമായ ആരോഗ്യവതികളായ യുവതികളെയാണ് ക്ലിനിക്കുകൾ തെരഞ്ഞെടുക്കുക.  
പ്രതിഫലത്തിന് നിശ്ചിതനിരക്കുകൾ ഒന്നും പൊതുവായില്ല ക്ലിനിക്കുകളിൽ. നാല് ലക്ഷം മുതൽ എട്ട് വരെ രൂപയാണ് പ്രതിഫലമായി നൽകപ്പെടുന്നത്. സന്തുഷ്ടരാകുന്ന ദമ്പതികൾ നൽകാനിടയുള്ള 50000 രൂപ വരെ വരാവുന്ന ‘ടിപ്പ്’ ഇതിനു പുറമെയാണ്. ഒരു കുഞ്ഞിനുള്ള നിരക്കാണിത്. ഇരട്ടകളാണ് ഉണ്ടാകുന്നതെങ്കിൽ പ്രതിഫലത്തിൽ 20 ശതമാനം വർദ്ധനവ് നൽകും. ക്ലിനിക്കുകൾ സകലവുമടക്കം 1300000 രൂപ വരെ ദമ്പതികളിൽ നിന്ന് ഈടാക്കുന്നു. ഗർഭപാത്രം കടം നൽകുന്ന സ്ത്രീയ്ക്ക് കിട്ടുന്നത് അവരെ സംബന്ധിച്ച് വലുതെങ്കിലും ചൂഷണം ഇവിടെയും മണക്കുന്നു. ‘കമേഴ്സ്യൽ സറോഗസി‘ യെ എതിർക്കുന്ന വലിയൊരു വിഭാഗം ആക്ടിവിസ്റ്റുകളുടെയും പ്രധാന ഊന്നൽ ഇന്ത്യൻ ഗ്രാമങ്ങളിലെ  ദരിദ്രരായ യുവതികളാണ് ദാതാക്കളാകാൻ തയ്യാറായി വരുന്നത് എന്ന കാര്യത്തിലാണ്. ദാരിദ്യത്തിന്റെ ഈ ചൂഷണത്തിലൂടെ ഇടനിലക്കാർ നല്ല പണക്കൊയ്ത്ത് നടത്തുകയും ചെയ്യുന്നു എന്ന് അവർ നിരീക്ഷിക്കുന്നു. പ്രതിദിന വരുമാനം എന്നത് ഒരു ഡോളറിൽ താഴെ മാത്രമായ ഒരു ഇന്ത്യൻ ദരിദ്ര കുടുംബത്തെ സംബന്ധിച്ച് നാല് ലക്ഷം രൂപ എന്നത് വലിയ ഒരു സംഖ്യയാണെന്നിരിക്കെ  തങ്ങളുടെ ജീവൻ പോലും അപകടത്തിൽ പെടാവുന്ന ഒരു ‘കടം കൊടുപ്പിനു’ അവർ പ്രേരിതരാകുന്നു. ഒന്നിൽ കൂടുതൽ തവണ ഗർഭപാത്രം ഇങ്ങനെ കടം നൽകിയവരും ഉണ്ട്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഗർഭിണികളുടെ മരണനിരക്ക് 19 ശതമാനം ആണ്. സെന്റർ ഫോർ ഹെൽത്ത് എജ്യൂക്കേഷൻ, ട്രൈനിംഗ് ആന്റ് മറ്റേർണൽ ഡെത്ത്  എന്ന എൻ.ജി.ഒ  2011 ൽ നടത്തിയ സർവേ അനുസരിച്ച്   ഓരോ എട്ടു മിനിട്ടിലും ഒരു ഗർഭിണി ഇന്ത്യയിൽ മരണപ്പെടുന്നു .  വലിയ റിസ്കുള്ള ഒരു കൊടുക്കൽ വാങ്ങൽ തന്നെയാണ് ഈ പാവം സ്ത്രീകൾ ചെയ്യുന്നതെന്ന് സാരം. ഗർഭിണിയ്ക്ക് മികച്ച ഭക്ഷണവും മറ്റ് സൌകര്യങ്ങളും നൽകുന്നതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നു കൂടി ക്ലിനിക്കുകൾ നടത്തുന്നുണ്ട് : 9 മാസം താൻ പേറുന്ന കുഞ്ഞിനോട് യാതൊരു ആത്മബന്ധവും ‘അമ്മ‘യിൽ ഉണ്ടാകാതിരിക്കാനുള്ള കൌൺസലിംഗ് ആണത്. മറ്റാരുടെയോ കുഞ്ഞിനെയാണ് താൻ വഹിക്കുന്നതെന്നും അത് തന്റെ ആരുമല്ലെന്നും കരുതാൻ അവരെ ‘പ്രാപ്ത’രാക്കേണ്ടത് ഇവിടെ അനിവാര്യമാണല്ലോ?

പ്രമീള വഗേലയുടെ അനുഭവം

    അഹമ്മദാബാദിലെ പൾസ് വിമെൻസ് ഹോസ്പിറ്റൽ എന്ന ഫെർട്ടിലിറ്റി ക്ലിനിക്കിൽ വെച്ച് എട്ടുമാസമായി  ഒരു അന്യഭ്രൂണത്തെ ഗർഭത്തിൽ പേറുന്ന പ്രമീള വഗേല എന്ന മുപ്പതുകാരിയുടെ മരണം നിയമപരമായ      ചോദ്യങ്ങൾ ഉയർത്തുന്നു. പ്രമീള മരിച്ചെങ്കിലും കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാൻ കഴിഞ്ഞു. പ്രമീളയെപ്പോലെ ഗർഭപാത്രം നൽകുന്ന അനേകം സ്ത്രീകളും അവരുടെ ബന്ധുക്കളും ഒപ്പു വെക്കുന്ന കരാറിലെ പ്രധാനവ്യവസ്ഥ തന്നെ ഏതെങ്കിലും കാരണവശാൽ ഗർഭിണിയ്ക്ക് ഗുരുതരമായ അപായം സംഭവിക്കുന്ന സാഹചര്യം വന്നാൽ കുഞ്ഞിനായിരിക്കും മുൻഗണന നൽകേണ്ടത് എന്നാണ് . ഇത്തരമൊരു സംഭവം നടന്നാൽ അമേരിക്കയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ക്ലിനിക്ക് ഉടമകൾ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും എന്നും ഇന്ത്യയിൽ അതൊന്നും നടക്കാത്തത് ‘സറോഗസി’യെ നിയന്ത്രിക്കാൻ യാതൊരു നിയമങ്ങളും നിലവിലില്ലാത്തതു മൂലമാണെന്നും നിരീക്ഷകർ കരുതുന്നു.

ഉയരുന്ന ചോദ്യങ്ങൾ

         ഒട്ടേറെ നിയമ,ധാർമ്മിക ചോദ്യങ്ങൾ ഉയരുന്നുണ്ട് ഈ വാടകയ്ക്കെടുക്കൽ സംബന്ധമായി സമൂഹത്തിൽ. ഗർഭപാത്രത്തിന്റെ കച്ചവടവത്കരണം , സ്ത്രീ വെറുമൊരു ചരക്കെന്ന നിലയിൽ വ്യവഹരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ അവളുടെ സ്ഥാനം കൂടുതൽ മോശമാക്കുകയല്ലെ ചെയ്യുക  ? പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള എല്ലാ കച്ചവടത്തിലും അന്തർലീനമായ ചൂഷണം ‘കമേഴ്സ്യൽ സറോഗസി’ യും ഉൾക്കൊള്ളുന്നില്ലേ എന്നതാണ് മറ്റൊരു ചോദ്യം. തന്റെ ശരീരം വാടകയ്ക്ക് നൽകാൻ ഒരാൾക്ക് അനുവാദം നൽകാൻ സമൂഹത്തിനു അവകാശമുണ്ടോ എന്ന മറ്റൊരു ചോദ്യവും ഉയരുന്നു ഈ വിഷയത്തിൽ. അതിനുള്ള ‘മനുഷ്യാവകാശം’ ആ വ്യക്തിക്കു തന്നെയില്ല എന്ന് കരുതുന്നവരുമുണ്ട്. ഗർഭധാരണത്തെയും പ്രസവത്തെയും തൊഴിലുടമ-തൊഴിലാളി ബന്ധം പോലെയോ അടിമജോലിയ്ക്കായുള്ള കരാർ പോലെയോ ആക്കി മാറ്റുക എന്നത് എത്രത്തോളം ആശാസ്യമാണ് ? 

മറുവഴികൾ തിരയാത്ത സമൂഹം

       ‘തന്റെ സ്വന്തം ചോരയിൽ ഒരു കുഞ്ഞ്’ എന്ന ഒട്ടൊക്കെ സ്വാർഥമെന്ന് പറയാവുന്ന വികാരമാണ് മിക്ക ദമ്പതികളെയും ഈ മാർഗങ്ങളിലേക്ക് പലപ്പോഴും നയിക്കുന്നത്. ദത്തെടുപ്പ് സംബന്ധമായി ഇന്ത്യയിലെ നിലവിലുള്ള നിയമനൂലാമാലകൾ ദമ്പതികളെ അവരതിനാഗ്രഹിച്ചാലും പിന്തിരിപ്പിക്കുന്നു. രണ്ടര വർഷം വരെ കാത്തിരിക്കേണ്ടി വരുന്നു പലപ്പോഴും ഉദ്ദേശിച്ച കുഞ്ഞിനെ ദത്തു കിട്ടാൻ നിലവിലെ സ്ഥിതിയിൽ. ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടായാൽ ധാരാളം പേർ ദത്തെടുക്കൽ എന്ന മാർഗം അവലംബിക്കുമെന്നും അതു വഴി ആത്യന്തികമായി സമൂഹത്തിനു തന്നെയാവും നേട്ടം ഉണ്ടാവുകയെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കരുതുന്നു.


       
          
              
               

Wednesday, December 12, 2012

വിവാഹം ചൈനയിൽ നടക്കുന്നു : നഗ്നമായി



വിവാഹം ചൈനയിൽ നടക്കുന്നു : നഗ്നമായി

 ജാഫർ എസ് പുൽപ്പള്ളി

          ഷാങ്ഹായിയിലെ ഒരു   ഫാഷൻ മാഗസിനിൽ എഡിറ്ററായി ജോലി നോക്കുന്ന ഇരുപത്തെട്ടുകാരിയായ ചൈനീസ് യുവതി സാങ് യി ആഗ്രഹിക്കുക തന്റെ  കാമുകൻ  ഒരു മനോഹരമായ റെസ്റ്റോറന്റിൽ വെച്ച് തിളങ്ങുന്ന ഒരു വജ്രമോതിരം തനിക്കു നേരെ നീട്ടി ഇങ്ങനെ ചോദിക്കണം എന്നാണ് : താങ്കളെന്നെ വിവാഹം കഴിക്കുമോ ?

          അവൾ മന്ദഹസിക്കുകയും സന്തോഷക്കണ്ണീരോടെ കാമുകന്റെ മാറിലേക്ക് സ്വയം വീഴുകയും ചെയ്യും.
             എന്നാൽ യഥാർഥത്തിൽ നടന്നത് ഇതൊന്നുമല്ല. 2008 ന്റെ ഒടുവിലെ ഒരു സായാഹ്നത്തിൽ അവളുടെ കാമുകൻ ഇങ്ങനെ പറഞ്ഞു : എന്റെ അമ്മ പറയുന്നു ,നാം എത്രയും വേഗം വിവാഹസർട്ടിഫിക്കറ്റിനായി രജിസ്റ്റർ ചെയ്യണം എന്ന്. അവൾ സമ്മതിച്ചു. അങ്ങനെ അത് കഴിഞ്ഞു : അവരുടെ വിവാഹം. 2009 ലെ ആദ്യദിനങ്ങളിലൊന്നിൽ അവർ ഒരു ദിവസത്തെ അവധിയെടുത്ത് വിവാഹം രജിസ്റ്റർ ചെയ്യുന്ന ഓഫീസിൽ എത്തി രജിസ്ട്രേഷനുള്ള ചെലവായ 9 യുവാൻ തുല്യമായി പങ്കിട്ട് നൽകി ‘വിവാഹിത‘രായി. പിന്നീട് 100 യുവാൻ മുടക്കി അതും തുല്യപങ്ക്- ഒരു ചെറിയ ചായസത്കാരം അവർ ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റിൽ വെച്ച് , സുഹ്യത്തുക്കൾക്കായി. സാങ് യിയുടെ അമ്മ വിവാഹഫോട്ടോ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവൾ പറഞ്ഞു : ഞങ്ങൾക്ക് ഒട്ടും സമയമില്ലായിരുന്നു, മാത്രമല്ല പിറ്റേന്ന് ജോലിക്കും പോകണമായിരുന്നു.

‘നഗ്നവിവാഹം‘


          മേൽ പറഞ്ഞ രീതിയിലുള്ള വിവാഹങ്ങൾ ചൈനയിലെ വൻ നഗരങ്ങളിൽ വലിയ തരംഗമായി വന്നു കഴിഞ്ഞു. ഈ വിവാഹത്തെ അവർ ‘നഗ്നവിവാഹം’ എന്നാണ് പറയുന്നത്. ചൈനീസ് ഭാഷയിൽ ‘ലുവോ ഹുൻ ‘ എന്നറിയപ്പെടുന്ന ഇതിനെ എൺപതുകൾക്കു ശേഷം ജനിച്ച തലമുറയിലെ യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. ഈ തരംഗത്തിന്റെ മുദ്രാവാക്യവാചകങ്ങളിൽ അതിന്റെ ആശയം സ്പഷ്ടമാണ് . അതിങ്ങനെയാണ് :

        അപ്പാർട്ട്മെന്റ് വേണ്ട
        കാർ വേണ്ട
        വജ്രമോതിരം വേണ്ട
        ചടങ്ങ് വേണ്ട  ഹണിമൂൺ വേണ്ട .
        നാമിരുവരും നാലര യുവാൻ വീതം മുടക്കും
        അങ്ങനെ നമുക്ക് ഒരു വിവാഹസർട്ടിഫിക്കറ്റ് ലഭിക്കും
        പിന്നെ നാം പുത്തൻ ജീവിതത്തിലേക്ക് കടക്കും. 
ഇങ്ങനെ ചൈനീസ് സമൂഹത്തിലെ വ്യവസ്ഥാപിത വിവാഹസമ്പ്രദായങ്ങളുടെ മേൽവസ്ത്രം ഉരിഞ്ഞെറിയുന്നു, ഈ ‘നഗ്നവിവാഹ‘ങ്ങൾ.

എങ്ങനെ വന്നു ഈ കല്യാണം ?

              ഡെങ് സിയാവോ പിങ്ങിന്റെ പുത്തൻ ചൈന ഒട്ടേറെ വളർന്നെങ്കിലും പഴയ ആളുകൾക്ക് തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായ പല വിശ്വാസങ്ങളും ചടങ്ങുകളും വെടിയാൻ കഴിയുന്നില്ല. ഈ പഴയ ആചാരങ്ങൾ , നടപ്പുമര്യാദകൾ എന്നിവ വിവാഹം എന്ന ചടങ്ങിലായിരുന്നു ഏറ്റവും പ്രതിഫലിച്ചത്. എത്രയൊക്കെ ആധുനികരായാലും അവർ തങ്ങളുടെ മക്കളുടെ വിവാഹങ്ങൾ തനത് ചൈനീസ് ചടങ്ങുകളോടെയും പാരമ്പര്യരീതികളോടെയും നടക്കണം എന്നാഗ്രഹിക്കുന്നു. അവിടെയാണ് പണം വില്ലനായി കടന്നു വരുന്നത്. വിവാഹം നടക്കണമെങ്കിൽ വരന് സ്വന്തമായി അപ്പാർട്ട്മെന്റോ കാറോ ഉണ്ടായിരിക്കണം , വിവാഹം എല്ലാവിധ ചടങ്ങുകളോടെയും നടത്തണം എന്ന രീതിയിലുള്ള നിഷ്ഠകൾ കഴിഞ്ഞ 30 വർഷം മുൻപുള്ളതിനേക്കാൾ 4000 മടങ്ങ് വിവാഹച്ചെലവ് ഉയർത്തി വൻ നഗരങ്ങളിൽ. വർദ്ധിച്ചു വന്ന ഭൂമി വില , മൊട്ടുസൂചി കുത്താൻ പോലും ഇടം ഇല്ലാത്ത ബീജിംഗ്, ഷാങ്ഹായ് പോലുള്ള നഗരങ്ങളിൽ യുവാക്കൾ സ്വന്തമായി അപ്പാർട്ട്മെന്റ് സമ്പാദിക്കുക എന്നത് അസാദ്ധ്യകാര്യമായി തീർത്തു. കൂടാതെ തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയ പങ്കും ചെലവഴിക്കേണ്ടി വരും  പെണ്മക്കളുടെ വിവാഹം കെങ്കേമമായി നടത്താൻ പല കുടുംബങ്ങൾക്കും . സർവേകൾ സൂചിപ്പിക്കുന്നത് പ്രകാരം 74 ശതമാനം ചൈനീസ് നഗര യുവാക്കളും ‘നഗ്നവിവാഹ’ത്തെ പുൽകാൻ കാരണം വ്യക്തമാണല്ലോ ?

                  മറ്റൊരു പ്രധാനകാരണമായി കണക്കാക്കുന്നത് സ്ത്രീകളുടെ സ്ഥിതിയിൽ വന്ന വലിയ മാറ്റമാണ്. നന്നായി സമ്പാദിക്കുന്ന , തന്റെ മാതാപിതാക്കളെ ആശ്രയിക്കാത്ത യുവതികൾ നേടുന്ന സ്വാതന്ത്യം ഇത്തരം ലളിതവിവാഹങ്ങൾ യാഥാർഥ്യമാകുവാൻ കാരണമായി. തന്റെ വരൻ നൽകുന്നത് കൊണ്ട് ജീവിക്കുവാൻ അവൾക്ക് വൈമനസ്യവുമാണ്.

                സാമ്പ്രദായിക വിവാഹസങ്കല്പങ്ങൾ ഇന്നും വേരൂന്നി നിൽക്കുന്ന ചൈനീസ് സമൂഹത്തിൽ വളർന്നു വരുന്ന തുറന്ന മന:സ്ഥിതിയും ‘നഗ്നവിവാഹ’ത്തിനു നല്ല പിന്തുണ നൽകുന്നു.
             2008 ലാണ്  ഇത്തം വിവാഹങ്ങളെ സൂചിപ്പിക്കാൻ ‘ നഗ്നവിവാഹം ‘ എന്ന പദം ഇന്റനെറ്റിലൂടെ പ്രചാരത്തിലായത്. ‘നേക്കഡ് മാര്യേജ് ഏജ് ‘ എന്ന ,  ചൈനീസ് യുവാക്കൾക്കിടയിൽ  വളരെയേറെ ചർച്ച ചെയ്യപ്പെട്ട ടി.വി. സീരിയൽ ആണ് ഈ പദത്തിന്റെ ഉത്ഭവസ്ഥാനം . ‘നഗ്നവിവാഹം’ കഴിക്കുന്ന  ദമ്പതികളുടെ ജീവിതസമരം ആയിരുന്നു ആ സീരിയലിന്റെ ഉള്ളടക്കം.

വഴങ്ങുന്ന മുതിർന്ന തലമുറ

           ജോയ്സ് വാങ് എന്ന മുപ്പത്തിമൂന്നുകാരൻ ഇന്റർനെറ്റ് സംരംഭക യുവാവ് തനിക്ക് ഒരിക്കലും ഒരു അപ്പാർട്ട്മെന്റ് സ്വന്തമാക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ, തന്റെ മകൻ എത്രയും വേഗം വിവാഹിതനാകണം എന്ന് ആഗ്രഹിക്കുന്ന അമ്മയോട് പറയുന്നതിങ്ങനെ : ഒന്നുകിൽ ഞാൻ ഒരു അപ്പാർട്ട്മെന്റ് 10 വർഷത്തിനുള്ളിൽ സ്വന്തമാക്കിയതിനു ശേഷം വിവാഹിതനാകാം , അല്ലെങ്കിൽ അതില്ലാതെ ഇപ്പോൾ തന്നെ വിവാഹിതനാകാം. അമ്മ രണ്ടാമത്തെത് അർദ്ധമനസ്സോടെ സമ്മതിച്ചതിന്റെ തൊട്ടടുത്ത ദിനം ജോയ്സ് വാങ് വിവാഹിതനായി.
        പക്ഷെ ചൈനയിലെ മുതിർന്ന തലമുറയ്ക്ക് ഇതൊന്നും അത്ര രുചിക്കുന്നില്ല. തങ്ങളുടെ ഏക സന്തതിയുടെ വിവാഹം എല്ലാ ചൈനീസ് ആചാരരീതികളോടും കൂടി നടത്തണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ ഈ ‘നഗ്നവിവാഹ‘ത്തെ അംഗീകരിക്കാനിടയില്ലല്ലോ .
പക്ഷെ തങ്ങളുടെ പെണ്മക്കൾ ‘മുടക്കാച്ചരക്കു’കളായോ ആൺകുട്ടികൾ ‘ ശൂന്യശാഖ’കളായോ മാറുമെന്ന് ഭയന്ന് മാതാപിതാക്കൾ ഒടുവിൽ ഈ പുത്തൻ വിവാഹത്തെ അനുകൂലിക്കുന്നു.

പ്രണയവും വിവാഹവും മാറ്റത്തിലേക്ക് , കൂടെ സമൂഹവും

    തങ്ങളുടെ യുവാക്കൾ പ്രണയത്തെയും വിവാഹത്തെയും മാറ്റിയെടുക്കുന്ന വിധം ആയിരക്കണക്കിനു വർഷത്തെ പാരമ്പര്യം ചുമലിൽ താങ്ങുന്ന ചൈനയിലെ പഴയ തലമുറ കാണുകയാണിന്ന്. അപ്പാർട്ട്മെന്റോ കാറോ സ്വന്തമാക്കാൻ കഴിവില്ലാത്തവർ പലരും വിവാഹമേ വേണ്ടെന്ന് വെക്കുന്നത് വിവാഹബാഹ്യബന്ധങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.
നഗരങ്ങളിലെ വിവാഹരജിസ്ട്രേഷനിലെ കുറവ് ഈ വർഷം മാത്രം 17 ശതമാനം വരും എന്ന് അധിക്യതർ പറയുന്നു. ഷാങ്ഹായ് നഗരത്തിൽ ഒറ്റയ്ക്ക് കഴിയുന്ന യുവതികളുടെ എണ്ണം കഴിഞ്ഞ 15 വർഷം കൊണ്ട് മൂന്നിരട്ടിയായതായി സർവേകൾ പറയുന്നു. കൂടാതെ അവിടത്തെ ജനനനിരക്ക് അത് ഏറ്റവും കുറഞ്ഞ ലോകത്തിലെ പ്രദേശങ്ങളിലേതിന് ഒപ്പവുമായി എന്ന സ്ഥിതിയും സംജാതമായി.മറ്റ് രാജ്യങ്ങളിൽ നൂറോ ഇരുന്നൂറോ വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങൾ ചൈനയിൽ വെറും മുപ്പത് വർഷങ്ങൾ കൊണ്ടുണ്ടായി എന്ന് സാമൂഹ്യനിരീക്ഷകർ പറയുന്നു.

വെല്ലുവിളികളും ഉണ്ട്

         ‘നഗ്നവിവാഹം’ ഒട്ടേറെ മേന്മകൾ നൽകുന്നുണ്ടെങ്കിലും അത് ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും കാണാതിരുന്നു കൂടാ എന്ന് നിരീക്ഷകർ കരുതുന്നു. ദമ്പതികൾ ഇരുവരും സാമ്പത്തികമായി നല്ല നിലയിലല്ലാത്തതിനാൽ ജീവിതസമരം കടുത്തതായിരിക്കും . പലർക്കും മാതാപിതാക്കളുടെ പിന്തുണ പ്രതിസന്ധികൾ ലഭിക്കാതെയും പോകുന്നു. ‘ദരിദ്രദമ്പതികൾ എപ്പോഴും ദുരിതം നേടുന്നു’ എന്ന അർഥത്തിലുള്ള പഴഞ്ചൊല്ല് പോലും പ്രചാരത്തിലുണ്ട് ചൈനീസ് സമൂഹത്തിൽ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നടത്തുന്ന കഠിനപ്രയത്നം ദമ്പതിമാർക്കിടയിൽ ഉരസൽ ഉണ്ടാക്കുകയും ബന്ധം ശിഥിലമാകാൻ അത് കാരണമാകുന്നു എന്നും നിരീക്ഷിക്കപ്പെടുന്നു. എന്നാൽ ബീജിംഗിലെ ഒരു ഗവേഷണവിദ്യാർഥിയായ വാങ് ഹൈമിൻ പറയുന്നത് മറിച്ചാണ് : “മുൻപേ തന്നെ  എല്ലാം സമ്പാദിച്ച് വിവാഹിതരായ സുഹ്യത്തുക്കളുടേതുമായി താരതംയം ചെയ്യുമ്പോൾ എന്റെ  വിവാഹം അല്പം മുഷിഞ്ഞതായി തോന്നാം. എന്നാൽ സാമ്പത്തികാടിത്തറ തെല്ലും ഇല്ലാതിരുന്നിട്ടും ഞങ്ങൾ എട്ട് വർഷമായി ഒന്നിച്ച് ജീവിക്കുന്നു. ഞാൻ കരുതുന്നു വിവാഹത്തിന്റെ അടിസ്ഥാനം പ്രണയം ആണെന്ന് , മറിച്ച് പണം അല്ലെന്നും.“

           ഇന്റനെറ്റിലെ ചർച്ചകളും ഇത്തരം വിവാഹങ്ങൾക്ക് വലിയ പിന്തുണ നൽകുന്നു.
 പ്രശസ്ത വെബ് പോർട്ടൽ ആയ ‘സിന’ യിലെ ഒരു പോസ്റ്റ് പറയുന്നു :
 “ തങ്ങൾ വിവാഹിതരാകുമ്പോൾ തന്നെ അവർ എല്ലാം നേടിയെങ്കിൽ പിന്നെന്ത് അവർക്ക് പ്രതീക്ഷിക്കാനുണ്ട് ? ജീവിതത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കഠിനമായി അധ്വാനിച്ച് ഒന്നിച്ച് നേടുന്നത് പോലെ സന്തോഷകരമായി മറ്റെന്തുണ്ട് വിവാഹത്തിൽ ? “

-2012 ജുലൈ 21 ന് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്







Thursday, December 6, 2012

സ്മാര്‍ട്ട്‌ഫോണ്‍: പേറ്റന്റ് പോരാട്ടത്തിന്റെ പുത്തന്‍ മുഖം

സ്മാര്‍ട്ട്‌ഫോണ്‍: പേറ്റന്റ് പോരാട്ടത്തിന്റെ പുത്തന്‍ മുഖം


ജാഫര്‍ എസ്. പുല്‍പ്പള്ളി


കണ്ടുപിടിത്തങ്ങളുടെ പേരില്‍ പേറ്റന്റ് തര്‍ക്കങ്ങള്‍ വ്യവസായികലോകത്ത് പുതുമയല്ല. എന്നാല്‍, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് നടക്കുന്ന പേറ്റന്റ് യുദ്ധം പുത്തന്‍ മാനങ്ങള്‍ ഉള്ളതാണ്. വളഞ്ഞിരിക്കുന്ന മൂലയുടെയും ചതുരാകൃതിയുടേയുമൊക്കെ പേരില്‍, ജുഗുപ്‌സാവഹമായ തലത്തിലേക്ക് എത്തുന്ന അവകാശവാദങ്ങളാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഉയര്‍ത്തുന്നത്


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പേറ്റന്റ് യുദ്ധങ്ങള്‍ വ്യാവസായിക ലോകത്ത് ആരംഭിച്ചതെങ്കിലും, ബൗദ്ധികസ്വത്തവകാശം എന്ന ആശയം അടിസ്ഥാനമായുള്ള തര്‍ക്കങ്ങളുടെ വേരുകള്‍ ആരംഭിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ആധുനികരീതിയിലുള്ള പേറ്റന്റ് നിയമങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു. പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ കച്ചവടമുള്ള സ്മാര്‍ട്ട്‌ഫോണ്‍ രംഗം ഇന്ന് പുതിയ പോര്‍ക്കളമായി മാറ്റുമ്പോള്‍ പേറ്റന്റ് യുദ്ധങ്ങള്‍ക്ക് പുത്തന്‍ മാനം കൈവരികയാണ്.

കാല്‍ക്കുലസ് അഥവാ കലിതത്തിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ഐസക് ന്യൂട്ടണും, ഗോട്ട് െ്രെഫഡ് വില്‍ഹെം ലീബ്‌നീസും തമ്മിലുണ്ടായ തര്‍ക്കമാണ് ഇത്തരത്തിലുള്ള ആദ്യത്തെ പ്രശസ്തമായ സംഭവം. 1684 ലും 1686 ലും കാല്‍ക്കുലസുമായി ബന്ധപ്പെട്ട് രണ്ട് പ്രബന്ധങ്ങള്‍ പുറത്തിറക്കിയ ലീബ്‌നീസ്, താനാണ് കാല്‍ക്കുലസ് കണ്ടുപിടിച്ചതെന്ന ഐസക് ന്യൂട്ടന്റെ 1704 ലെ അവകാശവാദത്തെ ചോദ്യംചെയ്തു.

ന്യൂട്ടണും ലീബ്‌നീസും- കാല്‍ക്കുലസിന്റെ പേരില്‍ കലഹം

എന്നാല്‍, ന്യൂട്ടണ്‍ പറഞ്ഞത് 1665 ല്‍ തന്നെ താനത് കണ്ടുപിടിച്ചിരുന്നു എന്നാണ്. എന്തായാലും ആ തര്‍ക്കം പരിഹരിക്കപ്പെടുകയുണ്ടായില്ല, 1716 ല്‍ ലീബ്‌നിസ് അന്തരിക്കുമ്പോള്‍ പോലും. ചരിത്രകാരന്മാര്‍ കരുതുന്നത് രണ്ടു പ്രതിഭകളും സ്വന്തംനിലയ്ക്ക് കാല്‍ക്കുലസ് കണ്ടുപിടിക്കുകയായിരുന്നു എന്നാണ്.

പേറ്റന്റ് എന്നാല്‍

ഏതെങ്കിലുമൊരു കണ്ടുപിടുത്തത്തിന്റെ ഉടമക്ക് ഒരു നിശ്ചിതകാലത്തേക്ക് ആ ഉത്പന്നം നിര്‍മിക്കാനും ഉപയോഗിക്കാനും വില്‍ക്കാനും ഭരണകൂടം നല്‍കുന്ന കുത്തകാവകാശമാണ് പേറ്റന്റ്. പേറ്റന്റ് ചെയ്യപ്പെട്ട ഒരു കണ്ടുപിടുത്തമുപയോഗിച്ച് മറ്റൊരാള്‍ അതിന്റെ ഉടമയുടെ അനുവാദമില്ലാതെ ഉത്പന്നങ്ങള്‍ നിര്‍മിക്കന്നതും, അവ വില്‍ക്കുന്നതും, സ്വന്തമാക്കി വെക്കുന്നതും നിഷിദ്ധമാണ്. ഏതങ്കിലുമൊരു മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ യോജിച്ചതായിരിക്കണം പേറ്റന്റ് അവകാശത്തിന് അപേക്ഷിക്കുന്ന കണ്ടുപിടുത്തം.

തന്റെ കണ്ടുപിടുത്തം അന്യര്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉടമക്ക് അവകാശം നല്‍കുന്നതാണ് പേറ്റന്റ്. ഒരിക്കല്‍ നിര്‍മാണാവകാശം നല്‍കിയ കണ്ടുപിടുത്തമോ സങ്കേതമോ അതേ രൂപത്തില്‍ മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് സാരം. അതിനാല്‍ പുതിയ കണ്ടുപിടുത്തങ്ങളും ഉല്പാദനരീതികളും വികസിപ്പിക്കേണ്ടത് അനിവാര്യമാകുന്നു. അതിന് മുതല്‍ മുടക്ക് വേണ്ടിവരുന്നു. മെച്ചപ്പെട്ട കണ്ടുപിടിത്തം അതുവഴിയുണ്ടാകുന്നു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഉത്പന്നം ലഭിക്കാനും അങ്ങനെ അവസരമുണ്ടാകുന്നു.

ഇതാണ് പേറ്റന്റിന്റെ പ്രധാനപ്പെട്ട ഗുണം. എന്നിരിക്കലും, നിത്യോപയോഗ വസ്തുക്കള്‍ പോലും നിര്‍മ്മാണാവകാശം കാരണം കുത്തകവല്‍കരിക്കപ്പെടുന്നതാണ് ഈ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദോഷം. അവിരാമം തുടരുന്ന തര്‍ക്കങ്ങളും ഇതിന്റെ ഉപോത്പന്നമാണ്.

തര്‍ക്കങ്ങളുടെ ചരിത്രം

തയ്യല്‍ മെഷീന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ഏലിയാസ് ഹോ, ഐസക് മെരിറ്റ് സിംഗര്‍ എന്നിവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രസിദ്ധിയാര്‍ജിച്ച പേറ്റന്റ് തര്‍ക്കം. ഏലിയാസ് ഹോ ആണ് 1850 ല്‍ തയ്യല്‍ മെഷീന്‍ രൂപകല്‍പ്പന ചെയ്തത്. അതുപക്ഷേ, ഉപയോഗക്ഷമമോ വ്യവസായികമായി വില്‍ക്കാന്‍ കഴിയുന്നതോ ആയിരുന്നില്ല. എങ്കിലും, ഏലിയാസ് ഹോ അതിന് പേറ്റന്റ് നേടി.

1846 ല്‍ ഏലിയാസ് ഹോ വികസിപ്പിച്ച തയ്യല്‍മെഷീന്‍


അതേസമയം, ആ മെഷീനെ മാറ്റം വരുത്തി സ്വതന്ത്രമായി മറ്റൊരു തയ്യല്‍ മെഷീന്‍ ഉണ്ടാക്കുകയാണ് സിംഗര്‍ ചെയ്തത്. അദ്ദേഹമത് പേറ്റന്റ് ചെയ്തില്ല. അങ്ങനെയാണ് തര്‍ക്കമായി. ആധുനികകാലത്തെ പേറ്റന്റ് പോരാട്ടങ്ങളുമായി സാമ്യമുള്ള ഈ തര്‍ക്കം ഒടുവില്‍ ഐസക് സിംഗര്‍ 15000 ഡോളര്‍ ഏലിയാസ് ഹോയ്ക്ക് നല്‍കുക വഴി അവസാനിച്ചു.

റൈറ്റ് സഹോദരന്‍മാര്‍ - ഓര്‍വില്ലി റൈറ്റ്, വില്‍ബര്‍ റൈറ്റ്
മറ്റൊരു പ്രശസ്തമായ സംഭവം, വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാര്‍ തങ്ങളുടെ പേറ്റന്റ് സംരക്ഷിക്കാന്‍ നടത്തിയതാണ്. 1906 ല്‍ വിമാനം രൂപകല്‍പ്പന ചെയ്ത റൈറ്റ് സഹോദരന്മാര്‍ അതിന്റെ ഡിസൈന്‍ ഏരിയല്‍ എക്‌സ്‌പെരിമെന്റ് അസോസിയേഷന്‍ അംഗമായ തോമസ് സെല്‍ഫ്രിഡ്ജിനെ കാണിച്ചു. തുടര്‍ന്ന് ഏരിയല്‍ എക്‌സ്‌പെരിമെന്റ് അസോസിയേഷന്‍ കുറേ വിമാനമോഡലുകള്‍ നിര്‍മിച്ച് പരീക്ഷിച്ചു.

ഗ്ലെന്‍ കര്‍ട്ടിസ് എന്ന പൈലറ്റ് റൈറ്റ് സഹോദരന്മാരുടെ ഡിസൈന്‍ ആസ്പദമാക്കി സ്വന്തമായി വിമാനം നിര്‍മ്മിക്കുകയും അത് 25 മൈല്‍ ദൂരം പറത്തുകയും ചെയ്തതോടെയാണ് പേറ്റന്റ് യുദ്ധം ആരംഭിച്ചത്. 1913 ല്‍ കോടതി റൈറ്റ് സഹോദരന്മാരുടെ അവകാശം സ്ഥാപിച്ചു നല്‍കി. കര്‍ട്ടിസിനെ വിമാനം നിര്‍മിക്കുന്നതില്‍ നിന്ന് തടഞ്ഞു.

റൈറ്റ് സഹോദരന്‍മാരുടെ വിമാനം - 1904 ല്‍


അന്തിമവിധി പറയുമ്പോഴേക്കും ഇരു കക്ഷികളും കേസ് നടത്തി മുടിഞ്ഞിരുന്നു എന്നത് വേറെ കാര്യം!

ഇതിന് സമാനമാണ് ടെലിഫോണിന്റെ ഉപജ്ഞാതാവായ അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ തന്റെ എതിരാളികളുമായി 11 വര്‍ഷം നടത്തിയ നിയമയുദ്ധം. ഈ കാലയളവിനിടെ 600 കേസുകളാണ് നടത്തപ്പെട്ടത്.

അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ 1876 ല്‍, താന്‍ രൂപപ്പെടുത്തിയ ഫോണുമായി


മേല്‍ കാണിച്ച ആദ്യകാല യുദ്ധങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. പ്രായോഗിക ബുദ്ധിയുള്ളവര്‍ ഒരു ഉപകരണത്തെ കൂടുതല്‍ മെച്ചപ്പെടുത്തി വിപണനം നടത്തുന്നതിന് എതിരെയായിരുന്നു കണ്ടുപിടുത്തം നടത്തിയിരുന്നവര്‍ നടത്തിയ മിക്ക നിയമയുദ്ധവും. ഫലമോ ആ ഉപകരണം ജനങ്ങളുടെ ഉപയോഗത്തില്‍ എത്തുന്നത് വൈകുന്നു.

എണ്‍പതുകളില്‍ യു.എസ്സിലെയും ജപ്പാനിലെയും കോര്‍പ്പറേറ്റ് കമ്പനികള്‍ തമ്മില്‍ ഒട്ടേറെ പേറ്റന്റ് യുദ്ധങ്ങള്‍ അരങ്ങേറി. അവ ക്രമേണ 'പേറ്റന്റിനെതിരെ പേറ്റന്റ്' എന്ന രീതിയിലുള്ള കിടമത്സരത്തിന് വഴി തെളിച്ചു. ഒരു കമ്പനി ഒരുത്പന്നത്തിന് പേറ്റന്റ് നേടിയാല്‍, മറ്റു കമ്പനികള്‍ അതിലും മികച്ചതും നൂതനവുമായ ഉത്പന്നവുമായി വന്ന് പേറ്റന്റ് നേടുകയായി. ഇതുമൂലം പലപ്പോഴും പേറ്റന്റ് എന്ന സങ്കല്‍പ്പം തന്നെ കാലഹരണപ്പെട്ടതായി മാറി. എന്നാല്‍, തൊണ്ണൂറുകളില്‍ ഈ പോരാട്ടങ്ങള്‍ക്ക് ഒരു പരിധിവരെ പരിസമാപ്തിയായി.

ലോകം കമ്പ്യൂട്ടര്‍യുഗത്തിലേക്ക് പ്രവേശിച്ചതോടെ പേറ്റന്റ് യുദ്ധങ്ങള്‍ക്ക് ഡിജിറ്റല്‍ മാനം കൈവന്നു. പേറ്റന്റ് അല്ലെങ്കില്‍ പകര്‍പ്പവകാശം (കോപ്പിറൈറ്റ്) ഉള്ള പ്രോഗ്രാമുകള്‍ മോഷ്ടിച്ചുപയോഗിക്കുന്ന പൈറസിയും വ്യാപകമായി; അതിനെതിരെയുള്ള പോരാട്ടങ്ങളും.

അമേരിക്കയില്‍ മൈക്രോസോഫ്റ്റ് തങ്ങളുടെ കുത്തകാവകാശം സംരക്ഷിക്കാന്‍ നടത്തിയ നിയമപരവും അല്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും ഇക്കാര്യത്തില്‍ മാതൃകയായി. തൊണ്ണൂറുകളിലാണ് സോഫ്ട്‌വേര്‍ രംഗത്ത് പേറ്റന്റ്‌യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 1997 ല്‍ ആന്റിവൈറസ് സോഫ്ട്‌വേര്‍ രംഗത്തെ പ്രമുഖരായ മകാഫിയും സിമാന്റെക്കും എല്ലാം ഇത്തരം പോരാട്ടങ്ങളില്‍ കക്ഷികളായി.

1999 ല്‍ 'വണ്‍ ക്ലിക്കിങ് ഓര്‍ഡറിങ് ടെക്‌നോളജി'ക്കു മേല്‍ ആമസോണും ബാണ്‍സ് &നോബിളും തമ്മില്‍ തര്‍ക്കമുണ്ടായി. അത് വലിയ നിയമയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു. ഡിജിറ്റല്‍ ക്യാമറയിലുപയോഗിക്കുന്ന സാങ്കേതികവിദ്യകളുടെ കുത്തകാവകാശം 2004 ല്‍ കോഡാക്കിനെയും സോണിയെയും നിയമ യുദ്ധത്തിലെത്തിച്ചു.

അമേരിക്കയിലും ജപ്പാനിലുമൊക്കെ നടന്നിരുന്ന പേറ്റന്റ് പോരാട്ടങ്ങള്‍ ഇപ്പോള്‍ ഒരു ആഗോളപ്രതിഭാസമായി മാറിയിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്താണ് പ്രധാനമായും പേറ്റന്റ് പോര് ഇപ്പോള്‍ അരങ്ങേറുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രമുഖരായ ആപ്പിള്‍, സാംസങ്, എച്ച്.ടി.സി., മോട്ടറോള, നോക്കിയ, മൈക്രോസോഫ്റ്റ് ഒക്കെ കക്ഷികളാണ്. പേറ്റന്റ് സമ്പ്രദായം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ സംഗതികളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചയ്ക്ക് ഈ പോരാട്ടങ്ങള്‍ വഴിതുറന്നിരിക്കുകയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ യുദ്ധം

തങ്ങളുടെ ബൗദ്ധികസ്വത്തവകാശം സംരക്ഷിക്കാന്‍ തുടക്കത്തില്‍ പേറ്റന്റിനെ പ്രയോജനപ്പെടുത്തുകയാണ് കമ്പനികള്‍ ആദ്യം ചെയ്തിരുന്നത്. പിന്നീടത്, വിപണി വിഹിതം നിലനിര്‍ത്താനും, അല്ലെങ്കില്‍ വര്‍ധിപ്പിക്കാനും, മറ്റ് കമ്പനികളുടെ വളര്‍ച്ച തടയാനും പേറ്റന്റിനെ ഉപയോഗിക്കാന്‍ തുടങ്ങി. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇപ്പോള്‍ നടക്കുന്ന പേറ്റന്റ് യുദ്ധങ്ങള്‍ അത്തരത്തില്‍ പെട്ടതാണ്. തങ്ങള്‍ മാത്രം വളരുക; അപരന്‍ തളരുക എന്ന നിക്ഷിപ്ത താത്പര്യമാണ് ഈ പോരാട്ടങ്ങളുടെ അന്തസത്തയെന്ന് സാരം.

2009 മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പേറ്റന്റ് തര്‍ക്കങ്ങളുടെ പേരിലുള്ള കോടതി വ്യവഹാരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വന്‍തോതില്‍ വര്‍ധിച്ചു. ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണിറക്കുന്ന എച്ച്.ടി.സിക്കെതിരെ ആപ്പിളാണ് ആദ്യവെടി പൊട്ടിച്ചത്. നോക്കിയ ആപ്പിളിനെതിരെ തിരിഞ്ഞു, നോക്കിയയ്‌ക്കെതിരെ ആപ്പിളും. മൈക്രോസോഫ്റ്റ് മോട്ടറോളയ്‌ക്കെതിരെ നീങ്ങി.

സ്മാര്‍ട്ട്‌ഫോണുകളുടെ ഡിസൈന്‍ മുതല്‍ സ്‌ക്രോളിങ് രീതിയും സ്ലൈഡ് ടു ലോക്ക് ഫീച്ചറും പോലുള്ള നിസ്സാരമെന്ന് ഉപഭോക്താക്കള്‍ക്ക് തോന്നാവുന്ന സംഗതികള്‍ വരെ പേറ്റന്റ് തര്‍ക്കങ്ങളില്‍ പെട്ടു.


2007 ല്‍ ഐഫോണ്‍ അവതരിപ്പിച്ച് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുത്തന്‍യുഗം ഉത്ഘാടനം ചെയ്ത ആപ്പിളിന്റെ നീക്കം ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെതിരെയാണ്. 'അത് മുഴുവന്‍ മോഷണമാണ്, അതിനെ നശിപ്പിക്കാന്‍ വേണമെങ്കില്‍ ആറ്റമികയുദ്ധത്തിന് പോലും ഞാന്‍ മടിക്കില്ല' എന്നാണ് ആപ്പിളിന്റെ അന്തരിച്ച മുന്‍മേധാവി സ്റ്റീവ് ജോബ്‌സ് ആന്‍ഡ്രോയിഡിനെക്കുറിച്ച് പറഞ്ഞത്.

ആന്‍ഡ്രോയിഡിനെതിരെ ആപ്പിള്‍ എന്തു നിലാപാടാകും സ്വീകരിക്കുകയെന്ന് സ്റ്റീവിന്റെ വാക്കുകള്‍ സൂചന നല്‍കുന്നു. ആന്‍ഡ്രോയിഡിനെതിരെ നേരിട്ട് നീങ്ങുകയല്ല ആപ്പിള്‍ ചെയ്തത്. ആ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഗൂഗിളിന്റെ സഹകരണത്തോടെ സ്മാര്‍ട്ട്‌ഫോണുകളിറക്കുന്ന സാംസങ്, എച്ച്.ടി.സി.തുടങ്ങിയ കമ്പനികളെ, പേറ്റന്റിന്റെ പേരില്‍ കോടതി കയറ്റുക എന്നതാണ് ആപ്പിള്‍ സ്വീകരിച്ച തന്ത്രം. അത് സമീപകാലത്തെ ഏറ്റവും വലിയ പേറ്റന്റ് പോരാട്ടത്തിന് വഴിതുറന്നു.

ആന്‍ഡ്രോയിഡ് ഫോണുകളിറക്കുന്ന കമ്പനികളില്‍ തന്നെ സാംസങ് ആയിരുന്നു ആപ്പിളിന്റെ മുഖ്യ പ്രതിയോഗി. കാരണം, വിപണിയില്‍ ഐഫോണിന് ഏറ്റവും വലിയ ഭീഷണിയായത് സാംസങിന്റെ ആന്‍ഡ്രോയിഡ് ഫോണുകളാണ്. സാംസങ് നടത്തി എന്ന് ആരോപിക്കപ്പെടുന്ന പേറ്റന്റ്, ട്രേഡ്മാര്‍ക്ക് ലംഘനങ്ങള്‍ക്കെതിരെ ആഗോളതലത്തിലുള്ള നിയമനടപടി 2011 ഏപ്രില്‍ 15 ന് ആപ്പിള്‍ തുടക്കമിട്ടു.

പേറ്റന്റും ട്രേഡ്മാര്‍ക്കും മാത്രമല്ല, ഐഫോണിന്റെ യൂസര്‍ ഇന്റര്‍ഫേസ്, സ്റ്റൈല്‍, ഡിസൈന്‍ തുടങ്ങി, ഐഫോണിന്റെ വളഞ്ഞിരിക്കുന്ന മൂലകള്‍ പോലും സാംസങ് കോപ്പിയടിച്ചതായി ആപ്പിള്‍ ആരോപിച്ചു. എച്ച്.ടി.സി., മോട്ടറോള എന്നീ കമ്പനികള്‍ക്കെതിരെയും ആപ്പിള്‍ ആരോപിച്ചിരുന്നത് ഇക്കാര്യങ്ങള്‍ തന്നെയാണ്.


ഇതിലെ ഏറ്റവും വലിയ തമാശ എന്താണെന്ന് ചോദിച്ചാല്‍, ഐഫോണിന്റെ പല പ്രധാന ഭാഗങ്ങളും നിര്‍മിച്ച് നല്‍കിയിരുന്നത് അപ്പോഴും സാംസങ് ആയിരുന്നു എന്നതാണ്. ഒരുവശത്ത് ഈ സഹകരണം തുടരുമ്പോഴാണ്, മറുവശത്ത് പേറ്റന്റിന്റെ പേരില്‍ പൊരിഞ്ഞ പോര് അരങ്ങേറിയത്.

സാംസങും അടങ്ങിയിരുന്നില്ല. അവര്‍ ആപ്പിളിനെതിരെ ദക്ഷിണ കൊറിയയിലും ജപ്പാനിലും ജര്‍മ്മനിയിലും ബ്രിട്ടനിലും പേറ്റന്റ് ലംഘനത്തിന് കേസ് കൊടുത്തു. വയര്‍ലെസ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, ഫോണ്‍ ക്യാമറ എന്നിവയുമായി ബന്ധപ്പെട്ട സാംസങിന്റെ പേറ്റന്റുകള്‍ ആപ്പിളിന്റെ ഐഫോണും ഐപാഡും മോഷ്ടിച്ചെന്നായിരുന്നു സാംസങിന്റെ ആരോപണം.

ഇതിനെപ്പറ്റി സാംസംഗിന്റെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെ പറഞ്ഞു: 'ഞങ്ങള്‍ മൊബൈല്‍ സാങ്കേതികവിദ്യയില്‍ തുടക്കം കുറിച്ച് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആപ്പിള്‍ അവരുടെ ആദ്യ ഐഫോണ്‍ പുറത്തിറക്കിയത്. ഞങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യകളുടെ സഹായമില്ലാതെ അവര്‍ക്ക് ഒറ്റ ഐഫോണ്‍ പോലും വില്‍ക്കാന്‍ സാധിക്കുകയില്ല'.

2011 ആഗസ്റ്റ് 9 ന് ഒരു ജര്‍മന്‍ കോടതി സാംസങ് ഗാലക്‌സി ടാബിന്റെ വില്പന താത്കാലികമായി തടഞ്ഞു. അതിന്റെ വില്പന മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തടയപ്പെടും എന്ന അവസ്ഥയുണ്ടായി. എന്നാല്‍, ജര്‍മനിയിലൊഴികെ മറ്റൊരിടത്തും അത് സംഭവിച്ചില്ല. പിന്നീട് ജര്‍മനിയിലെ നിരോധവും നീക്കപ്പെട്ടു.

2011 ആഗസ്ത് ആകുമ്പോഴേക്കും ഒന്‍പത് രാജ്യങ്ങളിലായി 19 കേസുകളാണ് ആപ്പിളും സാംസങും തമ്മില്‍ നടന്നിരുന്നത്. 2012 ജൂലായ് ആകുമ്പോഴേക്കും കേസുകളുടെ എണ്ണം 50 ആയി. കോടിക്കണക്കിന് ഡോളറാണ് ഇരുപക്ഷവും നഷ്ടപരിഹാരമായി പരസ്പരം ആവശ്യപ്പെട്ടത്. അമേരിക്കയില്‍ നടന്ന കേസില്‍ ആപ്പിള്‍ ഒരു സുപ്രധാന വിധി അവര്‍ക്കനുകൂലമായി നേടിയെങ്കിലും ദക്ഷിണകൊറിയയിലും ജപ്പാനിലും ബ്രിട്ടനിലും സാംസങ് ആണ് കൂടുതല്‍ അനുകൂലവിധികള്‍ നേടിയത്.

ഐഫോണ്‍ കോപ്പിയടിച്ചതാണ് സാംസങിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ന ആപ്പിളിന്റെ വാദം, 2012 ആഗസ്തില്‍ സോള്‍ കോടതി തള്ളി. ആപ്പിളിന്റെയും സാംസങിന്റെയും ഉത്പ്പന്നങ്ങള്‍ തമ്മില്‍ ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം സ്യഷ്ടിക്കുന്ന തരത്തില്‍ സാമ്യമില്ല എന്ന് കോടതി നിരീക്ഷിച്ചു. ഇത് സാംസങിന് മാതൃരാജ്യത്ത് വലിയ വിജയം തന്നെയാണ് നേടിക്കൊടുത്തത്. ജപ്പാനിലും സമാനമായ വിധി അവര്‍ക്ക് നേടാനായി.

ആപ്പിളിന്റെ ജന്മനാടായ അമേരിക്കയില്‍ നടന്ന നിയമയുദ്ധം കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടി. 2012 ആഗസ്തിലെ വിധി ആപ്പിളിന് അനുകൂലമായിരുന്നു. സാംസങ് മന:പൂര്‍വം ആപ്പിളിന്റെ ഡിസൈനും യൂട്ടിലിറ്റി പേറ്റന്റുകളും ലംഘിച്ചതായി കോടതി കണ്ടെത്തി. സാംസങ് 105 കോടി ഡോളര്‍ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിവിധ പേറ്റന്റുകളുടെ അടിസ്ഥാനത്തില്‍ ആപ്പിളിന്റെ സ്വന്തം ഫീച്ചറുകളായ 'ബൌണ്‍സ് ബാക്ക് ഇഫക്ട്', 'ഓണ്‍സ്‌ക്രീന്‍ നാവിഗേഷന്‍', 'ടാപ്പ് ടു സൂം' തുടങ്ങിയവയും ഡിസൈന്‍ പേറ്റന്റ് ലഭിച്ചിട്ടുള്ള 'ഹോം ബട്ടന്‍', ഓണ്‍സ്‌ക്രീന്‍ ഐക്കണുകള്‍ എന്നിവയും സാംസങ് നിയമവിരുദ്ധമായി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചെന്ന് കോടതി കണ്ടെത്തി. സാംസങിന്റെ അമേരിക്കയിലെ വില്‍പ്പന തടയണം എന്ന ആപ്പിളിന്റെ ആവശ്യം 2012 ഡിസംബര്‍ ആറിനു പരിഗണിക്കാനായി മാറ്റിവെക്കുകയും ചെയ്തു.

വരാന്‍ പോകുന്ന വിധി ഇരു കൂട്ടര്‍ക്കും നിര്‍ണായകമാണ്. ഐഫോണിന്റെ എല്ലാ സൗകര്യവുമുള്ള സ്മാര്‍ട്ട്‌ഫോണുകളാണ്, അതിലും വിലക്കുറവില്‍ സാംസങ് ഉപഭോക്താക്കളിലെത്തിക്കുന്നത്. ആ നിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ തുടരാനായാല്‍, സാംസങിനത് വലിയ വിജയമായിരിക്കും. സ്വന്തം രാജ്യത്തെ വിപണിവിഹിതത്തില്‍ ആപ്പിളിന് ചോര്‍ച്ചയുണ്ടാവുകയും ചെയ്യും.

ഈ വര്‍ഷത്തെ മൂന്നാംപാദത്തിലെ വില്‍പ്പനയുടെ കണക്കുകള്‍ നവംബര്‍ മാസത്തില്‍ പുറത്ത് വന്നപ്പോള്‍, സാംസങിന്റെ ഗ്യാലക്‌സി എസ് 3 ഫോണ്‍, ആപ്പിളിന്റെ ഐ ഫോണ്‍ 4 എസിനെ വില്‍പ്പനയില്‍ മറികടന്നിരിക്കുന്നു എന്നാണ് ലോകമറിഞ്ഞത്. അങ്ങനെ ഗ്യാലക്‌സി എസ് 3 ലോകത്തെ ഏറ്റവും വില്പനയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആയി. ആപ്പിള്‍ ഈ വര്‍ഷം ഇതുവരെ 162 ലക്ഷം ഐഫോണുകള്‍ വിറ്റപ്പോള്‍ സാംസങ് 18 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റു.

പേറ്റന്റ് പോരാട്ടത്തിലെ ഏറ്റവും പുതിയ സംഭവവികാസം സാംസങിന്റെ നെക്‌സസ് മോഡലിനും ഗാലക്‌സി 10.1 ടാബിനും അമേരിക്കയില്‍ വില്പനവിലക്ക് നീക്കം ചെയ്യപ്പെട്ടതാണ്.

പേറ്റന്റ് യുദ്ധം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

പേറ്റന്റ് എന്ന ബൗദ്ധികസ്വത്തവകാശമെന്ന സങ്കല്പം സമൂഹത്തിന്റെ മൊത്തത്തിലുള്ള താത്പര്യത്തിന് വിരുദ്ധമാകാറുണ്ട് പലപ്പോഴും. ചെറുകിട കണ്ടുപിടുത്തക്കാരുടെയും കച്ചവടക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട പേറ്റന്റ് സമ്പ്രദായം ഇന്ന് വലിയ കമ്പനികള്‍ക്ക് ചെറുകിടക്കാര്‍ വളര്‍ന്നു വരാതെ നോക്കാനുള്ള മാര്‍ഗമായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.

വലിയ കമ്പനികള്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സമാനമായ ഒരു ഉല്‍പ്പന്നം നിര്‍മിക്കുന്നതിനോ വില്‍പ്പന നടത്തുന്നതിനോ ഉള്ള അവകാശം ചെറുകിട കമ്പനികള്‍ക്കും പുതുമുഖങ്ങള്‍ക്കും നഷ്ടപ്പെടുന്നു. ഇത് ആത്യന്തികമായി ദോഷം വരുത്തുക ഉപഭോക്താവിന് തന്നെയാണ്.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ നിയമനടപടികള്‍ക്കു മാത്രം മൊബൈല്‍ കമ്പനികള്‍ 2000 കോടി ഡോളര്‍ ചെലവഴിച്ചു എന്നാണ് കണക്ക്. പണം വാരിയെറിഞ്ഞു കൊണ്ടുള്ള ഈ നിയമയുദ്ധങ്ങളുടെ വില ഒടുവില്‍ ഉപഭോക്താവിന്റെ പിടലിയില്‍ തന്നെ വരും.

നിലവിലെ പേറ്റന്റ് സംവിധാനത്തില്‍ കാര്യമായ മാറ്റം വരേണ്ടതുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. 'സ്‌ക്രോളിങ്, ബൗണ്‍സേര്‍സ്', ' വളഞ്ഞ അരികുകള്‍' തുടങ്ങി നിസാരമായ സംഗതികള്‍ക്ക് പേറ്റന്റ് വഴി കുത്തകാവകാശം നല്‍കുന്ന നിലവിലെ രീതി മാറിയാല്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. അമേരിക്കയെ അപേക്ഷിച്ച് യൂറോപ്യന്‍ നിയമങ്ങള്‍ ഇക്കാര്യത്തില്‍ കുറെക്കൂടി യുക്തുയുള്ളതാണെന്ന് കരുതുന്നവരുണ്ട്.

വ്യവസായ യുഗത്തിന്റെ ഉദയത്തിന് ശേഷം ഇതുപോലുള്ള ഒട്ടേറെ തര്‍ക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് അമേരിക്ക പോലുള്ള രാജ്യങ്ങള്‍. അവയ്‌ക്കൊന്നും ശാശ്വതപരിഹാരം കോടതി വഴിയോ നിയമനിര്‍മാണം വഴിയോ അല്ല ഉണ്ടായിട്ടുള്ളത്. മറിച്ച് പല പ്രശ്‌നങ്ങള്‍ക്കും വിപണി തന്നെയാണ് പരിഹാരം ഉണ്ടാക്കിയത്. സ്മാര്‍ട്ട്‌ഫോണ്‍ തര്‍ക്കങ്ങളിലും വിപണി തന്നെ മുന്‍കയ്യെടുത്ത് പരിഹാരം ഉണ്ടാക്കണമെന്ന് വിദഗ്ധര്‍ കരുതുന്നു.

അതിനായി നിര്‍ദേശിക്കപ്പെടുന്ന ഒരു മാര്‍ഗമാണ് 'പേറ്റന്റ് പൂള്‍' സംവിധാനം. രണ്ടോ അതില്‍ കൂടുതലോ കമ്പനികള്‍ ചേര്‍ന്നുള്ള ഒരു കരാറാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാനം. പരസ്പരം ക്രോസ്സ് ലൈസന്‍സ് അനുവദിച്ചു കൊണ്ട് പേറ്റന്റുകള്‍ ഉപയോഗിക്കുക. കോമണ്‍ പൂളിലുള്ള പേറ്റന്റുകള്‍ ലൈസന്‍സിലൂടെ ആര്‍ക്കും ഉപയോഗിക്കാം. ഇങ്ങനെ വരുമ്പോള്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാം.


നോര്‍ട്ടെല്‍ എന്ന കമ്പനിയുടെ പക്കലുള്ള 6000 പേറ്റന്റുകള്‍ ആപ്പിള്‍, റിം, മൈക്രോസോഫ്റ്റ്, ഇഎംസി, സോണി, എറിക്‌സണ്‍ എന്നീ കമ്പനികള്‍ ചേര്‍ന്ന് വാങ്ങി ഉപയോഗിക്കുന്നതാണ് ഇതിന് നല്ല ഉദാഹരണം. ഇത്തരത്തില്‍ കമ്പനികള്‍ തമ്മില്‍ കരാറിലെത്തുന്നതിന് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറായ യു.എന്‍. കഴിഞ്ഞ മാസം ജനീവയില്‍ വെച്ച് പ്രമുഖ കമ്പനികളുടെ ഒരു യോഗം വിളിച്ചു ചേര്‍ക്കുകയും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണ്‍ വ്യവസായത്തിന്റെ ബാല്യദശയില്‍ ഇത്തരം മത്സരങ്ങള്‍ അനിവാര്യമാണെന്നും, വിപണി പക്വത പ്രാപിക്കുമ്പോള്‍ ഇപ്പോഴത്തെ പല കളിക്കാരും മൈതാനം വിടുമെന്നും, അങ്ങനെ ക്രമേണ വിപണിയില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞു വരുമെന്നും വിദഗ്ധര്‍ കരുതുന്നു. നോര്‍ട്ടല്‍ കമ്പനിയുടെ പാപ്പരാകല്‍, മോട്ടറോളയുടെ മുരടിപ്പിനെ തുടര്‍ന്ന് അതിനെ ഗൂഗിള്‍ ഏറ്റെടുത്തത്, ബ്ലാക്‌ബെറി ഫോണുകളുടെ നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനിയുടെ സാമ്പത്തികത്തകര്‍ച്ച ഇവയെല്ലാം ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൂടാതെ ടെക്‌നോളജി പാകമെത്തുമ്പോള്‍ നവീനതയ്ക്കായുള്ള പരക്കംപാച്ചില്‍ നില്‍ക്കുകയും കമ്പനികള്‍ക്ക് പരസ്പരം തര്‍ക്കിക്കാന്‍ വിഷയം ഇല്ലാത്ത അവസ്ഥ വരുകയും ചെയ്യും എന്നും പ്രത്യാശിക്കുന്നവരുണ്ട്.

ഇനി ആപ്പിളിന്റെയോ സാംസങിന്റെയോ സ്മാര്‍ട്ട്‌ഫോണ്‍ തുറക്കാനായി വളരെ ലളിതമെന്ന് തോന്നിപ്പിക്കുന്ന 'സ്ലൈഡ് ടു അണ്‍ലോക്ക്' ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കുക, ഇതു പോലെയുള്ള ഫീച്ചറുകളുടെ അവകാശത്തിനായി കോടികള്‍ വാരിയെറിഞ്ഞുള്ള നിയമയുദ്ധങ്ങള്‍ നടക്കുന്നുണ്ടെന്ന്. ഈ ഫീച്ചറിന്റെ രണ്ടു പേറ്റന്റുകളാണ് ആപ്പിളിന്റെ കയ്യിലുള്ളത്.

സാംസങ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ക്കെതിരെ ആപ്പിള്‍ കൊടുത്ത കേസിലെ പ്രധാന 'തൊണ്ടി'യായി 'സ്ലൈഡ് ടു അണ്‍ലോക്കി'ന്റെ പേറ്റന്റ് ആപ്പിളിന് ലഭിക്കുന്നത് 2010 ലാണ്. അതിന് മുമ്പേ, 2008 ല്‍ തന്നെ നിയോനോഡ് എന്ന സ്വീഡിഷ് കമ്പനി ഇതേ ഫീച്ചറിനുള്ള പേറ്റന്റ് നേടിയിരുന്നുവെന്നും, അത് അവര്‍ തങ്ങളുടെ ഫോണ്‍ മോഡലില്‍ ഉപയോഗിച്ചിരുന്നു എന്നുമറിയുക. അപ്പോള്‍ ആരാണ് കള്ളന്‍? നിയോനോഡിനെ മോഷ്ടിച്ച ആപ്പിളോ, ആപ്പിളിനെ കട്ട സാംസങോ? 
 

Monday, June 11, 2012

വളരുന്ന വിപണി തേടി ജപ്പാനീസ് കാര്‍ഭീമന്മാര്‍

വളരുന്ന വിപണി തേടി ജപ്പാനീസ് കാര്‍ഭീമന്മാര്‍

ജാഫര്‍ എസ് പുല്‍പ്പള്ളി
2011 മാര്‍ച്ചില്‍ സംഹാരതാണ്ഠവമാടിയ സുനാമിയില്‍ നശിച്ചത് ലോകത്തെ ഏറ്റവും വലിയ വ്യവസായിക രാഷ്ട്രങ്ങളിലൊന്നായിരുന്ന ജപ്പാന്റെ വ്യവസായങ്ങളുടെ സിംഹഭാഗങ്ങളായിരുന്നു.ഇലക്ട്രോണിക്,മോട്ടോര്‍ വാഹന വ്യവസായങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നിശ്ചലമായ അവസ്ഥ.ലോക കാര്‍വ്യവസായത്തിന്റെ കേന്ദ്രസ്ഥാനമായിരുന്ന ആ ദ്വീപുരാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിരുന്ന കാര്‍ വ്യവസായവും സുനാമിപ്രളയത്തില്‍ വലിയ പ്രതിസന്ധി നേരിട്ടു.2008 ല്‍ ആരഭിച്ച ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുലഞ്ഞിരുന്ന ജപ്പാനിലെ കാര്‍വ്യവസായരംഗം മറ്റൊരഗ്നിപരീക്ഷണം കൂടി നേരിടുകയായിരുന്നു.
തകര്‍ച്ചയുടെ രൂക്ഷത
തകര്‍ച്ചയില്‍ നിന്ന് തിരികെ വരാന്‍ തെല്ലൊന്നുമല്ല പ്രധാന കാര്‍ നിര്‍മ്മാതാക്കളായ 'ടൊയോട്ട'യും 'ഹോണ്ട'യും 'നിസ്സാനും' പ്രയാസപ്പെട്ടത്.ദുരന്തം അവരുടെ ഫാക്ടറികളെ അപ്പാടെ തകര്‍ത്തില്ലെങ്കിലും സ്പെയര്‍ പാര്‍ട്ടുകളും അസംസ്ക്യത വസ്തുക്കളും സപ്ലൈ ചെയ്തിരുന്ന വടക്കു-കിഴക്കന്‍ മേഖലയില്‍ നിന്ന് അവയുടെ വരവ് നിലച്ചത് ഉത്പാദനത്തെ സാരമായി ബാധിച്ചു.'ടൊയോട്ട' അതിന്റെ കാര്‍ നിര്‍മ്മാണത്തിനാവശ്യമായ 30 % വസ്തുക്കളുടെയും ക്ഷാമം ആണ്‌ അനുഭവിച്ചത്.സുനാമി കഴിഞ്ഞയുടന്‍ അവര്‍ക്ക് 500 ഘടകഭാഗങ്ങളുടെ വന്‍ ഷോര്‍ട്ടേജ് ആണ്‌ വന്നു പെട്ടത്.ഒറ്റ ഒരു കമ്പോണന്റിന്റെ കുറവ് കൊണ്ടുമാത്രം നിര്‍മ്മാണം നിലയ്ക്കാവുന്ന അസംബ്ലി ലൈന്‍ രീതിയില്‍ ഇതെത്ര കനത്ത ഉത്പാദനനഷ്ടമാണ്‌ ഉണ്ടാക്കുക എന്നൂഹിക്കാമല്ലോ? ഫാക്ടറികളുടെ പുനര്‍നിര്‍മ്മാണം വളരെ പതുക്കെയാണ്‌ പുരോഗമിച്ചത്.ജപ്പാന്‌ പുറത്തുള്ള ഫാക്ടറികളും ഘടകഭാഗങ്ങളുടെ ലഭ്യതയില്ലായ്മ മൂലം ഉത്പാദനം നിര്‍ത്തി അടച്ചു പൂട്ടേണ്ടി വന്നു. ദുരന്തം നടന്ന് രണ്ട് മാസത്തിനു ശേഷം മെയ് 2011 ല്‍ ആകെ ഉത്പാദനശേഷിയുടെ പകുതി മാത്രമെ ആര്‍ജ്ജിക്കാന്‍ അവര്‍ക്ക് സാധിച്ചുള്ളൂ.ഈ പ്രതിസന്ധിയില്‍ 'ടൊയോട്ട'യ്ക്ക് മാത്രം നഷ്ടമായത് 1.2 ബില്ല്യണ്‍ ഡോളറാണ്‌.
പ്രതിയോഗികളുടെ മുന്നേറ്റം
ആഗോള കാര്‍ വ്യവസായരംഗത്തെ ജപ്പാനീസ് കമ്പനികളുടെ എക്കാലത്തെയും പ്രതിയോഗികള്‍ ആയിരുന്ന അമേരിക്കയിലെ 'ജനറല്‍ മോട്ടോര്‍സ്' ലോകത്തിലെ ഏറ്റവും വലിയ കാര്‍ ഉത്പാദകര്‍ എന്ന ടൊയോട്ടയുടെ സ്ഥാനം ഈ പ്രതിസന്ധിയില്‍ പിടിച്ചെടുത്തു.'ടൊയോട്ട' നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.സൗത്ത് കൊറിയയുടെ 'ഹ്യൂണ്ടായി'യും 'കിയ'യും അമേരിക്കന്‍ വിപണിയിലെ വില്പന യഥാക്രമം 40,57 ശതമാനം വെച്ച് വര്‍ദ്ധിപ്പിച്ചു.ജപ്പാന്റെ തകര്‍ച്ചക്കാലത്ത് അമേരിക്കയിലെ മൂന്ന് പ്രധാന കാര്‍ കമ്പനികളെല്ലാം കൂടി ആകെ വിപണിവിഹിതത്തിന്റെ 3.2 % വര്‍ദ്ധനവ് നേടി 2011 ഏപ്രിലില്‍. ജപ്പാനീസ് കമ്പനികളുടെ വിപണിവിഹിത നഷ്ടം 4.5 ശതമാനം ആയിരുന്നു.ആഭ്യന്തര- യൂറോപ്യന്‍ വിപണികളില്‍ പിടിച്ചു നില്‍ക്കാനായി ജപ്പാനീസ് കമ്പനികള്‍ നന്നായി വിയര്‍പ്പൊഴുക്കി.ജപ്പാനീസ് കാറുകളുടെ ഷോര്‍ട്ടേജ് മുതലെടുത്ത് സ്റ്റോക്ക് ഉളള കാറുകളുടെ വില മൂവായിരം ഡോളര്‍ വരെ ഉയര്‍ത്തി അമേരിക്കന്‍ ഡീലര്‍മാര്‍.മുന്‍പേ നിശ്ചയിച്ചിരുന്ന പുതിയ മോഡലുകളായ 'ഐ.ക്യു മൈക്രോ കാര്‍' ,'പ്രിയസ് V' എന്നിവയുടെ പുറത്തിറക്കല്‍ 'ടൊയോട്ട' നിര്‍ത്തി വെച്ചു.അതു പോലെ ഹോണ്ട 'സിവിക്','സി.ആര്‍‌-V'എന്നിവയുടെയും.ജപ്പാനീസ് കമ്പനികളില്‍ നിന്ന് ഘടകഭാഗങ്ങള്‍ വാങ്ങിയിരുന്ന അമേരിക്കന്‍-യൂറോപ്യന്‍ കമ്പനികളും ഈ പ്രതിസന്ധിയില്‍ പെട്ടെങ്കിലും അവര്‍ ക്രമേണ നില വീണ്ടെടുത്ത് ഉത്പാദനം പുനരാംഭിച്ചു.
തകരാത്ത ജപ്പാനീസ് പാരമ്പര്യം
ഹിരോഷിമയിലും നാഗസാക്കിയിലും തകര്‍ച്ചയില്‍ നിന്ന് ഉയിര്‍കൊണ്ട മാതിരി ജപ്പാനീസ് കാര്‍ വ്യവസായവും തിരികെ വരാന്‍ കഠിനശ്രമം ആണ്‌ നടത്തിയത്. അവര്‍ ഒന്നടങ്കം ഐക്യത്തോടെ പ്രയത്നിച്ചു. ജപ്പാനീസ് കാറുകള്‍ക്കാവശ്യമായ പ്രധാന ഘടകങ്ങളായ മൈക്രോകണ്‍ട്രോളറുകള്‍ വിതരണം ചെയ്തിരുന്ന 'റെനാസാസ്' എന്ന കമ്പനിയുടെ എട്ട് ഫാക്ടറികള്‍ തകര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ 2500 ജോലിക്കാരുടെ സേവനം നല്‍കിയാണ്‌ ഫാക്ടറികള്‍ പുനരാരംഭിക്കാന്‍ സഹായിച്ചത് .സുനാമിയുടെയും ഭൂകമ്പത്തിന്റെയും ഭാഗമായുണ്ടായ ആയിരത്തിലധികം തുടര്‍ചലനങ്ങള്‍ തിരിച്ചു വരലിനെ മന്ദഗതിയിലാക്കിയെങ്കിലും അവര്‍ പതിയെ മുന്നേറാന്‍ തുടങ്ങി. ദുരന്തത്തിനു മുന്‍പേ തന്നെ ജപ്പാനീസ് കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കളുടെ 'ഏറ്റവും അടുത്ത് വെച്ച് ഉത്പാദനം നടത്തുക' എന്ന നയത്തിന്റെ ഭാഗമായി ഉത്പാദനം ജപ്പാനില്‍ നിന്ന് ക്രമേണ മാറ്റി വരികയായിരുന്നു.സുനാമിയുടെ വരവ് ഇതിനെ ത്വരിതഗതിയിലാക്കി. മറ്റൊരു ജപ്പാനീസ് ഭീമനായ 'നിസ്സാനും' തിരിച്ചു വരവിന്റെ പാതയില്‍ ആണ്‌.അവര്‍ക്ക് 'ടൊയോട്ട'യെ അപേക്ഷിച്ച് നഷ്ടം കുറവായിരുന്നു സംഭവിച്ചത്.2011 മെയ് ആയപ്പോഴേക്കും 'നിസ്സാന്‌' അവരുടെ ഏറ്റവും വലിയ ഫാക്ടറിയായ ഇവാക്കിയിലേത് പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞത് തിരിച്ചു വരവിനു ആക്കം കൂട്ടി.സത്യത്തില്‍ ജപ്പാനീസ് കമ്പനികളുടെ ഉത്പാദനത്തിലെ ആഗോളവത്കരണമാണ്‌ അവരെ തിരിച്ചു വരാന്‍ വലിയ തോതില്‍ സഹായിച്ചതെന്ന് സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു.2 മില്യണ്‍ കാറുകളുടെ ഉത്പാദനനഷ്ടം പ്രതീക്ഷിച്ച 'ടൊയോട്ട'യ്ക്ക് അനുഭവിക്കേണ്ടി വന്നത് അതിലും കുറവായിരുന്നു : 370000 എണ്ണം.ദുരന്തം സംഭവിച്ച മാസത്തിലെ വിഹിതം 220000 ആയിരുന്നു.2011 സെപ്തംബറോടെ 'ടൊയോട്ട' അവരുടെ 'കാംറി സെഡാന്‍' , 'പ്രിയസ് ഹൈബ്രിഡ്' മോഡലുകളുടെ ഉത്പാദനം സാധാരണനിലയിലെത്തിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുലയുന്ന ജപ്പാന്‌ 'കൂനിന്മേല്‍ കുരു' പോലെ വന്ന ഭൂകമ്പത്തില്‍ നിന്ന് കരകേറാന്‍ വന്‍ സാമ്പത്തിക മുതല്‍ മുടക്ക് വേണ്ടി വരുന്ന-ഫുക്കുഷിമ,ദായ്ച്ചി ആണവനിലയങ്ങളിലെ പ്രതിസന്ധി തീര്‍ക്കാന്‍ തന്നെ ബില്ല്യണ്‍ കണക്കിനു ഡോളര്‍ വേണ്ടി വരും- സാഹചര്യത്തില്‍ തിരിച്ചു വരുന്ന കാര്‍ വ്യവസായം മാത്രമാണ്‌ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന ജപ്പാനീസ് സമ്പദ് വ്യവസ്ഥയിലെ ഏക തിരിനാളം എന്ന് വിദഗ്ധര്‍ കരുതുന്നു.
പ്രതിസന്ധി നല്‍കിയ പാഠങ്ങള്‍
ഭൂകമ്പം കാര്‍നിര്‍മ്മാതാക്കള്‍ക്ക് വലിയ പാഠങ്ങള്‍ നല്‍കി.ഭാവിയിലും വന്നേക്കാവുന്ന ദുരന്തങ്ങളില്‍ പരമാവധി രണ്ടാഴ്ച കൊണ്ട് കരകയറാവുന്ന തരത്തില്‍ തങ്ങളുടെ ഫാക്ടറികളില്‍ ഘടനാപരമായ പരിഷ്കാരങ്ങള്‍ വരുത്തിയതായി 'ടൊയോട്ട' അവകാശപ്പെടുന്നു. കൂടാതെ തങ്ങള്‍ക്ക് ഘടകഭാഗങ്ങളും അസംസ്ക്യത വസ്തുക്കളും വിതരണം ചെയ്യുന്ന കമ്പനികളോടും ഇതേ തരത്തിലുള്ള പരിഷ്കാരങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു.തങ്ങളുടെ കാറുകളില്‍ ആകെ ഉപയോഗിക്കുന്ന 4000 മുതല്‍ 5000 വരെയുള്ള ഘടകഭാഗങ്ങളുടെ പകുതി എണ്ണം വരുന്ന നാല്‌ വര്‍ഷം കൊണ്ട് സ്വയം നിര്‍മ്മിക്കാനുള്ള പദ്ധതിയും 'ടൊയോട്ട'യ്ക്കുണ്ട്.

ടൊയോട്ടയും ഹോണ്ടയും തിരിച്ചു വരവിലേക്ക്
ലോക കാര്‍ വ്യവസായരംഗത്തെ തങ്ങളുടെ നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുത്തു വരികയാണ്‌ 'ടൊയോട്ട'യും 'ഹോണ്ട'യും.മെയ് 2012 ഓടെ തങ്ങളെക്കാള്‍ മുന്നിലുള്ള അമേരിക്കന്‍ കമ്പനികളായ 'ജനറല്‍ മോട്ടോര്‍സി'ന്റെയും 'ഫോര്‍ഡി'ന്റെയും തൊട്ടടുത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞതായി മാര്‍ക്കറ്റിംഗ് പഠനങ്ങള്‍ പറയുന്നു. ഭൂകമ്പത്തിനു ഒരു വര്‍ഷത്തിനു ശേഷം മെയ് 2012 ല്‍ 'ടൊയോട്ട'യ്ക്ക് അമേരിക്കന്‍ വിപണിയിലെ വില്പന 87 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.അമേരിക്കന്‍ വിപണിയിലെ ബ്രാന്റ് മത്സരത്തില്‍ 'ഷെവര്‍ലെ'യെ പിന്നിലാക്കാനും 'ഫോര്‍ഡി'ന്റെ തൊട്ടു പിന്നില്‍ എത്താനും മെയ് മാസത്തില്‍ അവര്‍ക്ക് കഴിഞ്ഞത് ഗംഭീരതിരിച്ചു വരവിന്റെ സൂചനയാണ്‌.ഇപ്പോള്‍ എല്ലാ ജപ്പാനീസ് കമ്പനികള്‍ക്കും ആവശ്യത്തിനു സ്റ്റോക്ക് ഉണ്ട്,ആ അര്‍ഥത്തില്‍ പ്രതിസന്ധിയെ തരണം ചെയ്തു എന്നു സാരം.'ഹോണ്ട'യും അവരുടെ വില്പന 48 % വര്‍ദ്ധിപ്പിച്ചു ,അമേരിക്കന്‍ വിപണിയില്‍. 2008 ലെ 'ലേമാന്‍ ബ്രദേര്‍സി'ന്റെ തകര്‍ച്ച മുതല്‍ ആരംഭിച്ച സാമ്പത്തികപ്രതിസന്ധിക്കു ശേഷം 'ഹോണ്ട'യുടെ എറ്റവും മികച്ച പ്രകടനം വന്നു കഴിഞ്ഞതായി കമ്പനി വിലയിരുത്തുന്നു.അവരുടെ പുതിയ മോഡലായ 'സിവിക്' വലിയ ജനപ്രീതി നേടിയതും കമ്പനിയെ ഉത്സാഹത്തിലാക്കിയിട്ടുണ്ട്.
വളരുന്ന വിപണികളിലേക്ക്
ആഗോള കാര്‍ വ്യവസായരംഗത്തെ പുതിയ വാര്‍ത്ത ഇതൊന്നുമല്ല.'വളരുന്ന വിപണികള്‍' എന്ന് പേരിട്ടു വിളിക്കപ്പെടുന്ന ചൈന ,ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ 'ജനറല്‍ മോട്ടോര്‍സി'ന്റെയും 'വോക്സ് വാഗന്റെ'യും 'ഹ്യൂണ്ടായി'യുടെയും ആധിപത്യം തകര്‍ക്കാനായി ആ രാജ്യങ്ങളിലേക്ക് തങ്ങളുടെ കാറുകളുമായി കടന്നു കയറാനുള്ള 'ടൊയോട്ട'യുടെ പ്രഖ്യാപനം ആണ്‌ ചലനങ്ങള്‍ സ്യഷ്ടിച്ചത്. യൂറോപ്പിലെയും അമേരിക്കയിലെയും തങ്ങളുടെ സ്ഥിരം വിപണികള്‍ക്ക് വളര്‍ച്ച മുറ്റിയ സാഹചര്യത്തില്‍ പുത്തന്‍ വിപണികള്‍ തേടുക എന്ന തന്ത്രം ആണ്‌ ഇവര്‍ പുറത്തെടുക്കാന്‍ പോകുന്നത്. 2015 ഓടെ എട്ട് ചെറുകാറുകള്‍ 'വളരുന്ന വിപണി'കളിലേക്കായി പുറത്തിറക്കാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു.ഈ രാജ്യങ്ങളിലെ തങ്ങളുടെ വില്പന ആകെയുള്ളതിന്റെ പകുതി കൂടി വര്‍ദ്ധിപ്പിക്കും എന്ന് 'ടൊയോട്ട' പറയുന്നു.2000 ല്‍ ഇത് 18.6 % ആയിരുന്നു.ഇന്ത്യന്‍ വിപണിയില്‍ 2010 ഡിസംബറില്‍ 'ടൊയോട്ട' പുറത്തിറക്കിയ 'എറ്റിയോസ്' എന്ന മോഡല്‍, വരാനിരിക്കുന്ന ചെറുകാര്‍ സീരീസിന്റെ തുടക്കമായി കണക്കാക്കാം.

ഇന്ത്യയിലും ചൈനയിലും നടന്നുവരുന്ന ചെറുകാറുകളുടെ പൊരിഞ്ഞ യുദ്ധത്തില്‍ പങ്കാളിയാകാന്‍ ലോകത്തിലെ കാര്‍നിര്‍മ്മാണ 'ഗോലിയാത്ത്'ആയ 'ടൊയോട്ട' എത്തിച്ചേരുന്നത് കാര്യങ്ങളുടെ ഗതി മാറ്റും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.തങ്ങളുടെ കാറുകള്‍ക്കാവശ്യമായ ഘടകഭാഗങ്ങളെല്ലാം തന്നെ ആഭ്യന്തര വിപണിയില്‍ നിന്ന് തന്നെ സംഭരിക്കാനാണ്‌ അവരുടെ ലക്ഷ്യം.2013 ഓടെ വളരുന്ന വിപണികളില്‍ പ്രതിവര്‍ഷം 3.1 മില്യണ്‍ കാറുകള്‍ പുറത്തിറക്കാനാണ്‌ കമ്പനി ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ വിപണിയിലെ ചെറുകാറുകളുടെ നേര്‍പ്രതിനിധാനം ആയ 'മാരുതി ആള്‍ട്ടോ'യേക്കാള്‍ ഇരട്ടി വിലയിട്ടാണ് (9000 ഡോളര്‍) 'ടൊയോട്ട' അവരുടെ ചെറുകാര്‍ മോഡല്‍ ആയ 'എറ്റിയോസ്' ഇന്ത്യയില്‍ പുറത്തിറക്കിയത്.അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 'മാരുതി സ്വിഫ്റ്റും','ഹ്യൂണ്ടായി ഐ ടെന്നും''ഷെവര്‍ലെ സ്പാര്‍ക്കും' നിറഞ്ഞു നില്‍ക്കുന്ന വിപണിയില്‍ 'ടൊയോട്ട'യുടെ വരാനിരിക്കുന്ന ചെറു കാറുകള്‍ എന്ത് മാറ്റമാണ്‌ വരുത്തുക എന്നത് കാത്തിരുന്നു കാണേണ്ട സംഗതിയാണ്‌.

Sunday, June 3, 2012

അവനോ അതോ അവളോ ? ഒരു അല്‍മദോവര്‍ ചോദ്യം


          മനുഷ്യാസ്ഥിത്വത്തിന്റെ മുഖ്യഘടകമായ ലൈംഗികവ്യക്തിത്വത്തെ
അവന്റെ/അവളുടെ ശാരീരിക ലിംഗാവസ്ഥയില്‍ വരുന്ന മാറ്റം  ബാധിക്കുന്നുണ്ടോ?
ലിംഗമാറ്റത്തിനു വിധേയമാകുന്ന ഒരു വ്യക്തിയുടെ ലൈംഗികവ്യക്തിത്വവും
പൂര്‍ണപരിണാമത്തിനു വിധേയമാകുന്നുണ്ടോ? ആണായി 'മാറുന്ന' പെണ്ണും പെണ്ണായി
'മാറുന്ന' ആണും അങ്ങനെ പൂര്‍ണമായി തന്റെ ലൈംഗിക അസ്ഥിത്വം മാറ്റുന്നുണ്ടോ?
വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരന്‍ പെഡ്രോ അല്‍മദോവര്‍ തന്റെ പുതിയ രചനയായ 'ദ
സ്കിന്‍ ഐ ലിവ് ഇന്‍' എന്ന സിനിമയിലൂടെ തേടുന്നത് ഈ ചോദ്യങ്ങള്‍ക്കുള്ള
ഉത്തരമാണ്‌.

         അല്‍മദോവറിന്റെ സിനിമകളുടെ മുഖ്യപ്രമേയങ്ങളായ ലൈംഗികവ്യക്തിത്വം ,
സ്വവര്‍ഗരതി എന്നിവ 'ദ സ്കിന്‍ ഐ ലിവ് ഇന്‍'ന്റെയും പ്രധാന
പ്രതിപാദ്യങ്ങളാണ്‌.തിയറി ജോങ്ക്വെറ്റിന്റെ 'മൈഗേല്‍' എന്ന നോവലിനെ
ആധാരമാക്കിയാണ് സമകാലികലോകസിനിമയിലെ പ്രതിഭാശാലിയായ ചലച്ചിത്രകാരനായ പെഡ്രോ അല്‍മദോവര്‍ തന്റെ സിനിമ രൂപപ്പെടുത്തുന്നത്.തന്റെ മുന്‍ കാല ശൈലിയില്‍
നിന്നും വ്യത്യസ്ഥമായി ഒരു ഹൊറര്‍/ത്രില്ലര്‍ സിനിമയുടെ ഘടനയാണ്‌ സം വിധായകന്‍
വിചിത്രമായ കഥാഗതിയുള്ള ഈ സിനിമയില്‍ പരീക്ഷിക്കുന്നത്.  അല്‍മദോവറിന്റെ മുന്‍
കാല ചിത്രങ്ങളായ 'വോള്‍വര്‍' , 'ഓള്‍ എബൗട്ട് മൈ മദര്‍' തുടങ്ങിയ സിനിമകളുമായി
താരതമ്യം ചെയ്ത് ഈ സിനിമയെ സമീപിച്ച നിരൂപകര്‍ തെല്ല് നിരാശ
പ്രകടിപ്പിക്കുന്നുണ്ട് . പക്ഷെ പുത്തന്‍ വിഷയങ്ങളെ ആവിഷ്കരിക്കുമ്പോഴും
അല്‍മദോവര്‍ തന്റെ  അടിസ്ഥാനപ്രമേയങ്ങളായ ഏകാന്തത,മരണം,ചതി,വ്യാകുലത
എന്നിവയെ  കൈവെടിയുന്നില്ല എന്നതും ശ്രദ്ധേയമാണ്‌.

        'ദ സ്കിന്‍ ഐ ലിവ് ഇന്‍'ലെ പ്രധാനകഥാപാത്രങ്ങളെല്ലാം രഹസ്യങ്ങള്‍
പേറുന്നവരാണ്‌.സിനിമ തുടങ്ങുമ്പോള്‍ പ്രേക്ഷകന്‍ കാണുന്നത് ശരീരത്തോട്
പറ്റിച്ചേര്‍ന്നു കിടക്കുന്ന തരം വസ്ത്രം ധരിച്ചുകൊണ്ട് 'യോഗ ' ചെയ്യുന്ന ഒരു
യുവതിയുടെ ക്ലോസപ്പ് ദ്യശ്യങ്ങളാണ്‌.അവള്‍ ഒരു പരീക്ഷണവസ്തുവാണെന്ന് നാം ഉടന്‍
തന്നെ തിരിച്ചറിയുന്നു.വിഖ്യാതനായ പ്ലാസ്റ്റിക് സര്‍ജനായ ഡോ.റോബര്‍ട്ട്
ലെഡ്ഗാഡ് ആണ്‌ പരീക്ഷകന്‍.അദ്ദേഹം ഒരു പുതിയ തരം ചര്‍മ്മത്തിന്റെ
കണ്ടുപിടുത്തത്തില്‍ മുഴുകിയിരിക്കുകയാണ്‌:തീപ്പൊള്ളല്‍ ഏല്‍ക്കാത്ത,വേദന
അനുഭവിക്കാത്ത ഒരു പുത്തന്‍ ചര്‍മ്മം.

       'വേര' എന്ന ആ സുന്ദരിയായ യുവതിയെ എന്തു  രഹസ്യം ആണ്‌ വലയം
ചെയ്തിരിക്കുന്നത്? അവള്‍ ആരാണ്‌ ? എന്തിനവള്‍ ലെഡ്ഗാഡിനെ അനുസരിക്കുന്നു?
എന്താണ്‌ ലെഡ്ഗാഡിന്റെ യഥാര്‍ഥ ഉദ്ദേശ്യം ?

      സിനിമയിലെ  മനോഹര ദ്യശ്യങ്ങളുടെ ഉപരിതലത്തിനടിയില്‍ കിടക്കുന്ന
രഹസ്യത്തെ,സൗന്ദര്യത്തിന്റെ സ്നിഗ്ദ ചര്‍മ്മം മറയ്ക്കുന്ന
വൈക്യതത്തെ,ഭീകരതയെ,രക്തവര്‍ണത്തെ സം വിധായകന്‍ വെളിപ്പെടുത്തുന്നത്
സാമ്പ്രദായിക ത്രില്ലറിന്റെ ശൈലി പിന്തുടര്‍ന്നല്ല.ലെഡ്ഗാഡിന്റെയും വേരയുടെയും
ഓര്‍മ്മകളെ ഫ്ലാഷ്ബാക്ക് രൂപത്തില്‍ വിന്യസിച്ചാണ്‌ കഥയെ പൊതിഞ്ഞിരിക്കുന്ന
രഹസ്യം വെളിവാക്കുന്നത്.കാലത്തിലൂടെ മുന്‍പോട്ടും പുറകോട്ടും സഞ്ചരിക്കുന്നു
ഫ്ലാഷ്ബാക്കുകള്‍.‌ ഇവിടെ ഇവിടെ സമ്പൂര്‍ണ നായകനോ വില്ലനോ ഇല്ല.ഡോ.ലെഡ്ഗാഡില്‍
തന്നെ നായകനും വില്ലനും സമ്മേളിച്ചിരിക്കുന്നു.

     ലെഡ്ഗാഡ് ശ്രമിക്കുന്നത് മാരകമായി തീപ്പൊള്ളലേറ്റ് ജീവച്ഛവം ആകുകയും
ഒരിക്കല്‍ തന്റെ തന്നെ പ്രതിരൂപം കണ്ട് ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന തന്റെ
ഭാര്യയെ പുന:സ്യഷ്ടിക്കുക എന്നതാണ്‌.അതിനായി തന്റെ പ്ലാസ്റ്റിക്
സര്‍ജറിയിലുള്ള വൈദഗ്ദ്യം ഉപയോഗിക്കുന്നു ,അയാള്‍.ലെഡ്ഗാഡ് മറ്റെല്ലാം
മാറ്റിവെച്ച് ഗവേഷണത്തില്‍ മുഴുകുന്നു.നഗരപ്രാന്തത്തിലുള്ള,മരങ്ങള്‍ മറവു
നല്‍കുന്ന, ഒരു പഴയ മാളികയില്‍ അയാള്‍ തന്റെ പരീക്ഷണശാല ഒരുക്കുന്നു. ഇനി
അയാള്‍ക്ക് ഒരു പരീക്ഷണ'മ്യഗം' വേണം,പക്ഷെ അത് ഒരു മനുഷ്യനും ആകണം .

     പക്ഷെ വ്യക്തിജീവിതത്തിലുണ്ടാകുന്ന മറ്റൊരു ദുരന്തം കഥാഗതിയെ
മാറ്റിമറിയ്ക്കുന്നു.ഒരു വിവാഹപ്പാര്‍ട്ടിയില്‍ വെച്ച് തന്റെ മകള്‍ ബലാത്സംഗം
ചെയ്യപ്പെട്ടതായി മനസ്സിലാക്കുന്ന ലെഡ്ഗാഡ് അതിനു കാരണക്കാരന്‍ ആയ വിസന്റ
എന്ന,ഒരു തുണിക്കടക്കാരി സ്ത്രീയുടെ മകനായ യുവാവിനെ പിടികൂടുകയാണ്‌.അവനെ തന്റെ
മാളികയില്‍ തടവുകാരനാക്കി പാര്‍പ്പിക്കുന്നു,  ഡോക്ടര്‍.പിന്നീട് അയാള്‍
മകളുടെ ദുരന്തത്തിനു പകരം വീട്ടുന്നത് വിചിത്രമായ രീതിയില്‍ ആണ്‌ .അതാണ്‌
സിനിമയിലെ ഏറ്റവും വലിയ രഹസ്യം.പകയും രതിയും ഇടകലരുന്ന മനോഘടനയുള്ള അയാള്‍,
മകളോടുള്ള അടക്കാനാകാത്ത സ്നേഹവും ഭാര്യയോടുള്ള  അഭിനിവേശവും മൂലം വിസന്റയെ
ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നു,തന്റെ ആ കൂറ്റന്‍ രഹസ്യാത്മക
മാളികയില്‍ വെച്ച്.ഹോര്‍മോണുകളും മറ്റ് മരുന്നുകളും നല്‍കി അവനെ ആറ് വര്‍ഷം
കൊണ്ട്  'അവള്‍' ആക്കി മാറ്റുകയാണ്‌ ലെഡ്ഗാഡ്. 'വേര' എന്ന് പേര്‌ നല്‍കി
അയാള്‍ അവളെ ഒരു സുന്ദരിയാക്കി മാറ്റുന്നു.ഈ 'വേര'യെ ആണ് നാം ചിത്രത്തിന്റെ
തുടക്കത്തില്‍ കാണുന്നത്.

  ലെഡ്ഗാഡ് 'വേര'യില്‍ തന്റെ പുത്തന്‍ ചര്‍മ്മം
വെച്ചുപിടിപ്പിക്കുന്നു.അതിസൂക്ഷ്മവും ആയാസകരവുമായ ശസ്ത്രക്രിയകള്‍ക്കൊടുവില്‍
അയാള്‍ തന്റെ ദൗത്യത്തില്‍ വിജയം വരിക്കുന്നു
:തീപ്പൊള്ളലേല്‍ക്കാത്ത,പ്രാണീദംശനം ഏല്‍ക്കാത്ത അത്ഭുതചര്‍മ്മം.

ബാഹ്യമായി ഒരു പൂര്‍ണസ്ത്രീ ആയി മാറിയിരിക്കുന്ന വേര പക്ഷെ ആന്തരികമായി വിസന്റ
തന്നെ ആയി അവശേഷിക്കുന്നു.അവനിലെ പുരുഷന്‍ തന്റെ ബാഹ്യശരീരത്തിലെ എല്ലാ
പരിണാമങ്ങള്‍ക്കും ശേഷവും പുരുഷനായിത്തന്നെ തുടരുകയാണ്‌.ലിംഗ അവസ്ഥയും
ലൈംഗികസ്വത്വവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 'അവനു' മുന്‍പില്‍ 'അവള്‍'
കീഴടങ്ങുന്നു.ലെഡ്ഗാഡില്‍ നിന്നു രക്ഷ നേടാനും പക വീട്ടാനും 'അവനു '
മുന്‍പില്‍ രണ്ട് മാര്‍ഗങ്ങളെ അവശേഷിക്കുന്നുള്ളൂ : ഒന്ന് സ്വയം ഹത്യ -അതിന്‌
രണ്ട് തവണ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട് വേര-മറ്റൊന്ന് അയാളെ പ്രലോഭിപ്പിച്ച്
കെണിയില്‍ വീഴ്ത്തി രക്ഷപ്പെടുക. രണ്ടാമത്തെ മാര്‍ഗം സുന്ദരിയും ലൈംഗിക
ആകര്‍ഷണം തികഞ്ഞവളുമായ വേരയ്ക്ക് വളരെ എളുപ്പമായിരുന്നു. കഥാന്ത്യത്തില്‍ വേര
ലെഡ്ഗാഡിനെ ലൈംഗികബന്ധത്തിനിടെ വധിക്കുന്നു‌.

അവസാന രംഗത്തില്‍ നാം കാണുന്നത് 'വേര' തന്റെ അമ്മയുടെ കടയില്‍
എത്തുന്നതാണ്‌.താന്‍ ആരാണെന്ന കാര്യം ,തന്റെ യഥാര്‍ഥ സ്വത്വം അവന്‍
വെളിപ്പടുത്തുന്നതോടെ സിനിമ അവസാനിക്കുന്നു.പക്ഷെ ആ അവസാനം നമ്മില്‍
സ്യഷ്ടിക്കുന്നത് തികഞ്ഞ സന്നിഗ്ദാവസ്ഥ തന്നെയാണ്‌.ഇനി ആരാണ്‌ അവശേഷിക്കുക :
സുന്ദരമായ ആ ശരീരത്തിന്റെ ഉടമയായ 'വേര'യോ അതോ ആ ശരീരത്തിനകത്തുള്ള 'വിസന്റ'
എന്ന പുരുഷനോ? ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വ്യാപകം ആകാന്‍ പോകുന്ന ഒരു
അതിവിദൂരമല്ലാത്ത ഭാവികാലത്ത് സ്വത്വപ്രതിസന്ധി എന്ന കാഫ്കിയന്‍ സങ്കല്പം
പുത്തന്‍ രൂപങ്ങള്‍ പ്രാപിക്കും എന്ന് സങ്കല്പ്പിക്കുന്നു,അല്‍മദോവര്‍
ചിത്രാന്ത്യത്തില്‍.

     വേരയായി അഭിനയിച്ചിരിക്കുന്ന എലെന അമായയും ലെഡ്ഗാഡ് ആയി വരുന്ന
അന്റോണിയോ ബന്ദറാസും മികച്ച അഭിനയമാണ്‌ സിനിമയില്‍ കാഴ്ച
വെച്ചിരിക്കുന്നത്.മുന്‍പ് അല്‍മദോവറിന്റെ സിനിമകളിലെ സ്ഥിരസാന്നിദ്ധ്യം
ആയിരുന്ന ബന്ദെറാസ് ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍മദോവറുമായി ചേരുന്നു എന്ന
പ്രത്യേകതയും ഉണ്ട് ;ദ സ്കിന്‍ ഐ ലിവ് ഇന്നി'ന്.‌ അഭിനേതാക്കളില്‍ നിന്ന്
തനിക്ക് വേണ്ടത് എടുക്കാനുള്ള വൈദഗ്ദ്യം ഇവിടെയും
പ്രദര്‍ശിപ്പിക്കുന്നു,സംവിധായകന്‍.

 ചിത്രത്തിന്റെ കഥാന്തരീക്ഷത്തിനും പശ്ചാത്തലത്തിനും തികച്ചും യോജിച്ച
ഛായാഗ്രഹണവും ശബ്ദമിശ്രണവും ആണ്‌ അല്‍മദോവര്‍ ഉപയോഗിച്ചിരിക്കുന്നത്.
വ്യഥാസ്ഥൂലതയോ ദുര്‍മേദസ്സോ സിനിമയെ തൊട്ടുതീണ്ടുന്നതേയില്ല. ലൈംഗികതയും
വയലന്‍സും ഇഴചേരുന്ന ഈ ത്രില്ലറിനെ സമാനമായ ഹോളിവുഡ് ചിത്രങ്ങളില്‍ നിന്ന്
വേര്‍തിരിച്ചു നിര്‍ത്തുന്നത്  തന്റെ പ്രമേയത്തിനു സംവിധായകന്‍ നല്‍കുന്ന
അധികമാനം ആണ്‌. വെറും സാധാരണ ഹൊറര്‍/ത്രില്ലര്‍ സിനിമ ആകുമായിരുന്ന ചിത്രത്തെ
തികച്ചും ഒരു 'അല്‍മദോവര്‍' സിനിമ ആക്കുന്നതും ആ അധികമാനം തന്നെ ആണ്‌.

Friday, June 1, 2012

പാകിസ്ഥാനി ബിയര്‍ ഇന്ത്യന്‍ തൊണ്ടകളിലേക്ക്

         
 
                    ഒരു നാള്‍ അല്ലെങ്കില്‍ ഒരേ പാതിരാവില്‍ പിറന്നു വീണ രണ്ട് രാജ്യങ്ങളാണ്‌ ഇന്ത്യയും പാകിസ്ഥാനും.അവര്‍ക്കിടയിലുള്ള  വ്യത്യാസങ്ങള്‍ തേടാന്‍ ശ്രമിക്കുന്ന ഒരാള്‍ തികച്ചും നിരാശനാകും,കാരണം അവര്‍ തമ്മില്‍ സാജാത്യമേയുള്ളൂ.            വംശം,സംസ്കാരം,ഭാഷ,മതം,ഭക്ഷണം,കല,സാഹിത്യം തുടങ്ങിയവയിലൊക്കെ .  ലതാ മങ്കേഷ്കറെ ആരാധിക്കുന്ന പാകിസ്ഥാനിയുടെ ഗാനാസ്വാദനത്തിനു ലതയുടെ ഇന്ത്യന്‍ പൗരത്വം തടസ്സമാകുന്നില്ല. 'ചുപ്കേ ചുപ്കേ' കേള്‍ക്കുന്ന ഇന്ത്യക്കാരന്‍ ഓര്‍ക്കുന്നുണ്ടോ അത് പാടിയ ഗുലാം അലി പാകിസ്ഥാനിയാണെന്ന് ! അമിതാഭും ഷാരൂഖും പാകിസ്ഥാനി ചെറുപ്പക്കാരുടെയും ഹീറോകളാണ്‌.
        പക്ഷെ ഇന്ത്യാ-പാകിസ്ഥാന്‍ ബന്ധത്തിന്റെ നീണ്ട ആറ് പതിറ്റാണ്ടിനെ പ്രധാനമായും  രേഖപ്പെടുത്തുന്നത് ഇതൊന്നുമല്ല.ആയിരങ്ങളുടെ ചോര ചിന്തിയ  മൂന്ന് പ്രധാനയുദ്ധങ്ങളും ഒരു അപ്രഖ്യാപിത യുദ്ധവും(കാര്‍ഗില്‍) ആണ്. എണ്‍പതുകളിലെ സിയാച്ചിന്‍ സംഘര്‍ഷം,1989 ല്‍ ശക്തിപ്രാപിച്ച കാശ്മീരിലെ വിധ്വംസകപ്രവര്‍ത്തികള്‍,1998 ലെ ഇരു രാജ്യങ്ങളുടെയും ആണവ പരീക്ഷണം,1999 ലെ കാര്‍ഗില്‍ യുദ്ധം ,2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം,2007 ലെ സംജോദാ എക്സ്പ്രസ്സിലെ ബോംബാക്രമണം,ഒടുവില്‍ 2008 ലെ മുംബൈ ഭീകരാക്രമണം.ഇന്ത്യയെയും പാകിസ്ഥാനെയും പറ്റി ചിന്തിക്കുമ്പോള്‍ മാലോകരുടെ മനസ്സിലേക്ക് ഓടിയെത്തുക ഈ യുദ്ധങ്ങളും ഭാവിയില്‍ എന്നെങ്കിലും ഈ രണ്ട് ആണവശക്തികള്‍ തമ്മില്‍ നടന്നേക്കാവുന്ന യുദ്ധത്തെപ്പറ്റിയുള്ള ഭീതിയുമാണ്‌.

           എന്നാല്‍ 2004 മുതല്‍ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക്  കുറവ് അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇരു രാജ്യങ്ങളും അതിര്‍ത്തി മേഖലയില്‍ സേനാ സാന്നിദ്ധ്യം കുറയ്ക്കാന്‍ കരാറിലെത്തി 2004 ല്‍. പരസ്പര വിശ്വാസം വളര്‍ത്തുന്നതിനായി ഇരുവരും ഒട്ടേറെ  കാര്യങ്ങള്‍ ചെയ്തു തുടങ്ങിയിരിക്കുന്നു.വിസ നിബന്ധനകളില്‍ അയവ് വരുത്തല്‍, ക്രിക്കറ്റ് നയതന്ത്രം,  അടുത്ത കാലത്ത് ആരംഭിച്ച ശ്രീനഗര്‍-മുസാഫറാബാദ് ബസ് സര്‍വീസ്,ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ്-റെയില്‍ മാര്‍ഗങ്ങളുടെ തുറക്കല്‍  എന്നിവ അവയില്‍ ചിലതു മാത്രം.അവ മാറി വരുന്ന ബന്ധത്തിന്റെ ചിഹ്നങ്ങളാണ്‌.


കച്ചവടത്തിലൂടെ സമാധാനം

          പക്ഷെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഇതിനെക്കാളെല്ലാം ഗുണകരമായത് വാണിജ്യത്തിന്റെ ബന്ധങ്ങളാണ്‌.മൊത്തം 140 കോടിയോളം ജനങ്ങള്‍ (ഇന്ത്യ =120 ,പാകിസ്ഥാന്‍ =18 കോടി) വസിക്കുന്ന ഉപഭൂഖണ്ഡത്തിലെ രണ്ട് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെന്നത് രണ്ട് ലക്ഷം കോടി ഡോളറാണത്രെ .പക്ഷെ ഈ രണ്ട് രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടന്ന കച്ചവടം കേവലം 260 കോടി ഡോളര്‍ മാത്രം.ഇന്ത്യയുടെ മറ്റൊരു പ്രതിയോഗിയും അയല്‍വാസിയുമായ ചൈനയുമായുള്ള കച്ചവടം ഏതാണ്ട് 10,000 കോടി ഡോളറാണ്‌ ! 2009 ല്‍ ഇന്ത്യയുടെ ആകെ വ്യാപാരത്തിന്റെ വെറും 1 % മാത്രമേ പാകിസ്ഥാനുമായി നടന്നിട്ടുള്ളൂ.
 ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ,ഏതാണ്ട് നിലച്ചിരുന്ന വ്യാപാരം അതിന്റെ ഉച്ചസ്ഥായിയില്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞത് ഈ മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കിക്കഴിഞ്ഞു.

എന്തൊക്കെ കച്ചവടങ്ങളാണ്‌ പരസ്പരം നടക്കുന്നത്,നടക്കാന്‍ പോകുന്നത്?

           നേരിട്ടുള്ള വ്യാപാരത്തിനു പകരം ദുബായ്,കൊളംബോ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കുറെ വര്‍ഷങ്ങളായി വ്യാപാരങ്ങള്‍ നടന്നു വന്നിരുന്നത്.ഏറെ കാലമായി ഉറക്കത്തിലായിരുന്ന ,അവിഭക്ത ഇന്ത്യയിലെ പ്രധാനപട്ടണങ്ങളിലൊന്നായിരുന്ന,    അമ്യത് സര്‍  പതുക്കെ ഉണരാന്‍ തുടങ്ങിയിരിക്കുന്നു .2005 ല്‍ വീണ്ടും തുറന്ന  പ്രധാന അതിര്‍ത്തി കവാടമായ 'വാഗ'  യിലും  ഉണര്‍വ് വന്നു കഴിഞ്ഞു.കടുത്ത വിസ നിയമങ്ങളും ചെക്ക് പോസ്റ്റുകളിലെ വലിയ കാലതാമസവും താരീഫ് ഘടനയും വ്യാപാരികളെ ഇരുഭാഗത്തു നിന്നും വന്ന് കച്ചവടം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്ന പഴയ അവസ്ഥ മാറിത്തുടങ്ങിയിരിക്കുന്നു.പാകിസ്ഥാന്‌ വ്യാപാരകാര്യങ്ങളിലെ 'ഏറ്റവും ഉറ്റ രാജ്യം' എന്ന പദവി ഇന്ത്യ 1996 ലെ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം നവംബറില്‍ മാത്രമാണ്‌ പാകിസ്ഥാന്‍ തിരികെ അതേ പദവി ഇന്ത്യക്ക് നല്‍കി ആശാവഹമായി പ്രതികരിച്ചത്.

          കഴിഞ്ഞ വര്‍ഷം വരെ വെറും 14 ഇനം സാധനങ്ങള്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടു വരാനേ  പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നുള്ളു.ആ സ്ഥാനത്ത് ഈ വര്‍ഷം  അവര്‍  2000 ല്‍ അധികം സാധനങ്ങള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. .അതിര്‍ത്തിയില്‍ ഇനിയും ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട് ഇരു രാജ്യങ്ങളും വ്യാപാരവികസനത്തിനായി എന്നത് വ്യക്തമാണ്‌ .എങ്കിലും ആ ദിശയിലേക്കുള്ള ചുവടുവെപ്പുകള്‍ ഇരു രാജ്യങ്ങളും കൈക്കൊണ്ട് വരികയുമാണ്‌.വ്യാപാരികള്‍ക്കുള്ള വിസ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് നാലായിരത്തിലധികം ലോറികള്‍ തക്കാളിയുമായി മഹാരാഷ്ട്രയില്‍ നിന്ന് അതിര്‍ത്തി കടന്നു കഴിഞ്ഞതായി അനൗദ്യോഗികക്കണക്കുകള്‍ സൂചിപ്പിക്കുന്നു.അത്ര തന്നെ അളവ് സോയാബീനും ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കടന്നുപോയിക്കഴിഞ്ഞു. ദിനം പ്രതി നൂറിലധികം ലോറികളെങ്കിലും പാകിസ്ഥാനില്‍ നിന്ന് സിമന്റും ജിപ്സവും മറ്റ് ധാതുക്കളും കയറ്റി തിരികെ വരുന്നുമുണ്ട്. പഞ്ചാബിലെ ഒരു ഓയില്‍ റിഫൈനറി പാകിസ്ഥാനിലേക്ക് പെട്രോള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ 13 ന്‌ പാകിസ്ഥാനില്‍ നിന്നുള്ള വിദേശനിക്ഷേപം  അനുവദിച്ചു കൊണ്ട് ഇന്ത്യ പ്രഖ്യാപനം നടത്തി .അതേ ദിവസം തന്നെ ഇരു രാജ്യങ്ങള്‍ക്കും തുല്യ നിയന്ത്രണം ഉള്ള ഒരു ചെക്ക് പോസ്റ്റ്  വാഗ-അട്ടാരി അതിര്‍ത്തിയില്‍ തുറക്കപ്പെട്ടു.


ഐ.ടി,വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അടുത്ത സഹകരണം രണ്ട് രാജ്യങ്ങളും സ്യഷ്ടിക്കും എന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നു, പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി . ഒട്ടേറെ പട്ടിണിക്കാര്‍ ജീവിക്കുന്ന , ഇന്ത്യയേക്കാള്‍ ദാരിദ്യം നടമാടുന്ന പാകിസ്ഥാന്‍ എന്ന രാജ്യത്തിനു ഇന്ത്യ പോലൊരു വലിയ അയല്‍ക്കാരന്റെ സഹായം അതിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന സത്യം അവിടത്തെ ഭരണാധികാരികള്‍ തിരിച്ചറിയുന്നത് നല്ല ലക്ഷണമാണ്‌,സമാധാനത്തിലേക്കുള്ള ശരിയായ ചുവടുവെപ്പ് അതാകാന്‍ സാധ്യതയുണ്ട്.ഇരു രാജ്യങ്ങളുടെയും ഭൂതകാലം നമ്മെ പഠിപ്പിക്കുന്നത് പരസ്പരശത്രുത വെടിയുന്നത് പാവപ്പെട്ട ജനങ്ങളുടെ കഷ്ടതകള്‍ കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗം തന്നെയെന്നതാണ്‌.ഇരുവരും  ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനായി പ്രതിവര്‍ഷം  മുടക്കുന്ന തുക ആരുടെ കയ്യില്‍ എത്തേണ്ടതാണ്‌ ,  അത് ആരുടെ കയ്യില്‍ എത്തുന്നു എന്ന് ചിന്തിക്കുമ്പോള്‍ വിശേഷിച്ചും.

     പാകിസ്ഥാനിലൂടെ അഫ്ഘാനിസ്ഥാന്‍ കടന്ന് മധ്യേഷ്യവരെ നീണ്ടു കിടക്കുന്ന വലിയ ഒരു മേഖലയിലേക്കുള്ള കരയിലൂടെയുള്ള കടന്നു കയറ്റം ഇന്ത്യയ്ക്ക് ഭാവിയില്‍ വലിയ ഗുണങ്ങള്‍ ചെയ്യും എന്ന് വിലയിരുത്തപ്പെടുന്നു.

        ഈ ദിശയിലെ ഏറ്റവും ഒടുവിലത്തെ സംഭവം ,ഒരു കൊലക്കേസുമായി ബന്ധപ്പെട്ട്  കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ വീട്ടുതടങ്കലില്‍ ആയിരുന്ന,രോഗിയും അവശനും ആയിരുന്ന പാകിസ്ഥാന്‍ പൗരന്‍  ഡോക്ടര്‍ ഖലീല്‍ ചിസ്തിയെ മനുഷ്യസ്നേഹികളുടെ നിരന്തര ഇടപെടലുകള്‍ക്കൊടുവില്‍ സ്വരാജ്യത്തിലേക്ക് പരോളില്‍ വിട്ടതാണ്‌.ഗാന്ധിജി പറഞ്ഞതു പോലെ അന്താരാഷ്ട്ര വ്യവഹാരങ്ങളില്‍ 'സ്നേഹത്തിന്റെ നിയമം' ഇങ്ങനെയാണ്‌ നടപ്പിലാക്കപ്പെടുക .


ആശകളും ആശങ്കകളും

       ഇന്ത്യയില്‍ ദേശരാഷ്ട്രത്തിന്റെ പുറത്തേക്കും കടന്ന് വ്യാപിക്കാന്‍ വെമ്പുന്ന മൂലധനശക്തികള്‍ക്ക് വലിയ ഒരു വിഹാരരംഗമാണ്‌  ഇത്തരത്തില്‍ വളര്‍ന്നു വരുന്ന ഇന്ത്യ-പാകിസ്ഥാന്‍ കച്ചവട ബന്ധം നല്‍കുക.ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വ്യവസായികള്‍ രാജ്യത്തിനു പുറത്തേക്കും തങ്ങളുടെ കൈകള്‍ നീട്ടിക്കഴിഞ്ഞു.വലിയ സ്വതന്ത്രകമ്പോളമൊന്നും വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത പാകിസ്ഥാന്‍ നല്‍കുന്ന  വലിയ  വിപണി എന്ന ആകര്‍ഷണം ,വന്‍ മൂലധനനിക്ഷേപ സാധ്യത,പ്രക്യതിസ്രോതസ്സുകളുടെ ചൂഷണത്തിനുള്ള സാധ്യത എന്നിവയൊക്കെ ഇന്ത്യന്‍ വ്യവസായികളെ പാക്കിസ്ഥാനിലേക്ക് ആകര്‍ഷിക്കുമ്പോള്‍ മറുവശത്ത് ഇന്ത്യയുടെ കടന്നുവരവ് പാകിസ്ഥാനിലെ ഒട്ടേറെ മേഖലകളില്‍ ആശങ്ക വളര്‍ത്തുന്നു എന്നതും കാണാതിരുന്നു കൂടാ.

     ലാഹോറിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാര്‍ക്കറ്റായ ബദാമിബാഗ് മണ്ഡിയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഏത്തപ്പഴത്തിന്റെയും മാങ്ങയുടെയും മൊത്തക്കച്ചവടം  നടത്തിവരുന്ന ചൗധരി അസ്ഹര്‍ പറയുന്നു : "ഇന്ത്യയുമായുള്ള കച്ചവടക്കരാര്‍ ഞങ്ങളെ ഗുരുതരമായി ബാധിക്കും . ഇന്ത്യ ക്യഷിക്കാര്‍ക്ക് സൗജന്യ വൈദ്യുതി അടക്കമുള്ള ഒട്ടേറെ സബ്സിഡികള്‍ നല്‍കുന്നു.ഞങ്ങളുടെ ക്യഷിക്കാര്‍ക്ക് ഇത് വലിയ നഷ്ടം ചെയ്യും,ഇന്ത്യ ഞങ്ങളില്‍ നിന്ന് വലിയ ലാഭം കൊയ്യുകയും ചെയ്യും.ഞങ്ങള്‍ക്ക് അവരുടെ സബ്സിഡിയോട് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല." ചുരുക്കിപ്പറഞ്ഞാല്‍ പാകിസ്ഥാനിലെ കച്ചവടക്കാര്‍ വില്‍ക്കുന്നതിനേക്കാള്‍ വിലകുറച്ച് ഇന്ത്യക്ക് അവിടെ സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയുമെന്ന്.ഇതേ ആശങ്ക തന്നെയല്ലെ ബഹുരാഷ്ട്ര കുത്തകകളുടെ ഇന്ത്യന്‍ റീട്ടെയില്‍ രംഗത്തേക്കുള്ള കടന്നുവരവിനെ ,അല്ലെങ്കില്‍ 'ആസിയാന്‍' കരാറിനെ എതിര്‍ക്കുമ്പോള്‍ നമ്മളും പറയുന്നത്?

   തങ്ങളുടെ പക്കല്‍ ഇല്ലാത്ത സാധനങ്ങള്‍ മാത്രം ഇറക്കുമതി ചെയ്യുന്നതേ പാകിസ്ഥാന്‌ ഇന്ത്യയുമായി വളര്‍ന്നു വരുന്ന വ്യാപാരബന്ധത്തില്‍ നിന്ന് നല്ല ഫലം കൊയ്യാന്‍ പാകിസ്ഥാനെ സഹായിക്കൂ എന്ന് ഭൂരിഭാഗം വ്യാപാരികളും വിശ്വസിക്കുന്നു.
ബലൂചിസ്ഥാനില്‍ നിന്ന് ഓറഞ്ച്,ആപ്പിള്‍,മുന്തിരി എന്നിവ ലാഹോറില്‍ കൊണ്ട് വന്നു വില്‍ക്കുന്ന  വ്യാപാരിയായ സലീം ഖാന്‍ പറയുന്നു : "പാകിസ്ഥാനില്‍ ധാരാളം ഓറഞ്ച് ഉള്ളപ്പോള്‍ ഇറാനില്‍ നിന്ന് അത് ഇറക്കുമതി ചെയ്തു ഞങ്ങളുടെ രാജ്യം.ഇത് പോലുള്ള ചെയ്തികള്‍ അന്യരാജ്യങ്ങളിലെ കയറ്റുമതിക്കാര്‍ക്ക് ഗുണവും ഈ നാട്ടിലെ പാവപ്പെട്ട കര്‍ഷകന്‌ നാശവും വരുത്തി വെക്കുന്നു."

    ഇന്ത്യയില്‍ നിന്ന് മികച്ച സാധനങ്ങള്‍ കടന്നു വരുന്നത് കച്ചവടത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുമെന്നും ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ വൈവിദ്ധ്യം നല്‍കുന്നത് അതിനെ വളര്‍ത്തുകയേ ഉള്ളൂ എന്ന് ഒരു വിഭാഗം വ്യാപാരികള്‍ കരുതുന്നു.
"നമുക്കിപ്പോള്‍ ഇല്ലാത്തവ മറ്റ് രാജ്യങ്ങളുടെ പക്കല്‍ നിന്ന് വാങ്ങിയില്ലെങ്കില്‍ നമുക്കെന്താണ്‌ ഇവിടെ ഉണ്ടാവുക?" ഇന്ത്യാ-പാക് കച്ചവടത്തിന്റെ കടന്നുവരവിനെ സ്വാഗതം ചെയ്യുന്ന ഒരു വ്യാപാരി ചോദിക്കുന്നു.പാകിസ്ഥാന്റെ ഏറ്റവും വലിയ ആവശ്യമായ വൈദ്യുതി, ഇന്ത്യ നല്‍കിയാല്‍ അത് വേണ്ടെന്ന് വെക്കുന്നത് അബദ്ധം ആവില്ലേ എന്ന് അയാള്‍ തുടര്‍ന്ന് ചോദിക്കുന്നു.ഫൈസാബാദ് പോലെയുള്ള മികച്ച പരുത്തി വസ്ത്രങ്ങളുടെ ഉത്പാദകമേഖലകള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം വലിയ ഗുണം ചെയ്യുമെന്ന് കരുതുന്നു ആ മേഖലയിലെ വ്യാപാരികള്‍.പക്ഷെ സമഗ്രമായി എടുത്താല്‍  ആത്യന്തികമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കച്ചവടത്തില്‍ ഇന്ത്യയ്ക്ക് തന്നെയാവും നേട്ടം എന്ന് ഭൂരിഭാഗവും കരുതുന്നു.

    വിശാലമായ ഒരു കരാറിന്റെ ഭാഗമായുള്ള ഏതൊരു  ഇറക്കുമതിയും ആത്യന്തികമായി ബാധിക്കുന്ന വിഭാഗങ്ങള്‍ ഇല്ലാത്ത ഒരു രാജ്യവുമുണ്ടാകില്ല ഈ ആഗോളീകരണ കാലത്തില്‍.കാര്‍ഷികമേഖല സമ്പദ്ഘടനയുടെ മുഖ്യപങ്ക് വഹിക്കുന്ന പാകിസ്ഥാനില്‍ സ്വാഭാവികമായും ഇത്തരം കരാറുകള്‍ ബാധിക്കുക സാധാരണക്കാരായ കര്‍ഷകരെത്തന്നെയായിരിക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നിലവില്‍ പാകിസ്ഥാന്‍ ചുമത്തുന്ന താരീഫ് 25 ശതമാനത്തില്‍ നിന്ന് കുറച്ചുകൊണ്ടു വരാന്‍ നിര്‍ബന്ധിതമാണ്‌ പാകിസ്ഥാന്‍.കാരണം സൗത്ത് ഏഷ്യന്‍ ഫ്രീ ട്രേഡ് എഗ്രീമെന്റില്‍ (SAFTA)ഒപ്പു വെക്കുക വഴി ഇന്ത്യയും പാകിസ്ഥാനും പരസ്പരം ചുമത്തുന്ന താരീഫ് പൂജ്യത്തിനും അഞ്ചിനും ഇടയില്‍ താഴ്ത്തിക്കൊണ്ട് വരാനുള്ള ബാധ്യത ഇരുവര്‍ക്കുമുണ്ട്. താരീഫ് 25 ശതമാനത്തില്‍ നിന്ന് പെട്ടെന്ന് താഴ്ത്തുന്ന അവസ്ഥയില്‍ പാകിസ്ഥാനിലെ ചെറുകിട ഉത്പാദകരുടെയും ക്യഷിക്കാരുടെയും നില ഗുരുതരമാകും എന്നത് തീര്‍ച്ചയാണ്‌.


അതിര്‍ത്തി കടന്നുവരുന്നത് തക്കാളിയും ഉള്ളിയും മാത്രമെല്ലെങ്കില്‍ ?

    ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി എന്നത് ലോകത്തെ തന്നെ ഏറ്റവും സെന്‍സിറ്റീവ് ആയ ഒരു മേഖല തന്നെയാണ്‌ എന്നിരിക്കെ അവിടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്നത് അപായകരമാകും ഇരു രാജ്യങ്ങള്‍ക്കും എന്ന തരത്തിലുള്ള നിരീക്ഷണങ്ങള്‍ക്കും ഇവിടെ സാംഗത്യം ഉണ്ട്.സിമന്റിനും ജിപ്സത്തിനും ഉള്ളിക്കും പകരം ആ ആവരണത്തിനുള്ളില്‍ ഇന്ത്യയിലേക്ക് കടന്നു വരിക എന്തൊക്കെയാവില്ല എന്നു പറയാനാവില്ല.അതു പോലെ തിരികെയും പോകുന്നവ .പക്ഷെ കഴിഞ്ഞ അറുപത് വര്‍ഷത്തെ അനുഭവങ്ങള്‍ ഇരുവരെയും പഠിപ്പിച്ചത് വെല്ലുവിളികളെ നേരിട്ടു കൊണ്ട് മാത്രമേ  മുന്നേറാന്‍ കഴിയൂ എന്നതാണ്‌.

കച്ചവടം തുറന്നു തരുന്നത്

        പ്രാചീനകാലം മുതല്‍ക്കെ സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പരവ്യാപാരം തന്നെയാണ്‌  സംസ്കാരത്തിന്റെയും സമ്പത്തിന്റെയും വ്യാപനത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള  സഹകരണത്തിനും ഒരു പ്രധാനനിദാനം എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.യൂറോപ്യന്‍ കച്ചവടക്കാര്‍ ഇന്ത്യന്‍,അമേരിക്കന്‍,ആഫ്രിക്കന്‍ തീരങ്ങളില്‍ വന്നണഞ്ഞതും ആധിപത്യം സ്ഥാപിച്ചതും വ്യാപാരത്തിന്റെ മേലങ്കിയില്‍ തന്നെയായത് ചരിത്രത്തിലെ മറ്റൊരു സന്ധിയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും പോലെ നിതാന്തവൈരികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തിനു കച്ചവടം സഹായിച്ചാല്‍  അത് വെറും 'കച്ചകപടം' അല്ലെന്ന് പറയുന്നത് നമ്മുടെ പിന്‍തലമുറയായിരിക്കും. 

"ഹാവ് എ മുറീ വിത്ത് യുവര്‍ കറി"

         അവിഭക്ത ഇന്ത്യയിലെ ഏറ്റവും മികച്ച ബിയര്‍ ബ്രാണ്ട് ആയിരുന്ന 'മുറീ'പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നു.ബ്രിട്ടീഷ് രാജിന്റെ കാലത്ത് 1860 ല്‍ പട്ടാളക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഉണ്ടാക്കിത്തുടങ്ങിയ 'മുറീ'പിന്നീട് പൊതു വിപണിയിലും ലഭിച്ചു തുടങ്ങി. ഇന്ത്യാ വിഭജനത്തിനു ശേഷം പാകിസ്ഥാനില്‍ ഉള്‍പ്പെട്ട കമ്പനി, മുസ്ലിങ്ങള്‍ക്ക് മദ്യനിരോധനം നിലവിലുള്ള പാകിസ്ഥാനിലെ വെറും 3 % വരുന്ന ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് മാത്രമായി നല്‍കാനുള്ള ബിയര്‍ മാത്രം ഉത്പാദിപ്പിച്ച് പോന്നു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ദ്ധിച്ച വ്യാപാരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കും തങ്ങളുടെ വിപണി വിശാലമാക്കാന്‍ തുടങ്ങുകയാണീ പാകിസ്ഥാനി ബിയര്‍.പത്തൊമ്പതാം നൂറ്റാണ്ടില്‍ 'മുറീ' ബിയറിന്റെ മുദ്രാവാക്യം ഇതായിരുന്നു : "തിന്നുക,കുടിക്കുക,പിന്നെ 'മുറീ'യാവുക".അടുത്ത കാലത്ത് 'മുറീ' ബ്രിട്ടനില്‍ കാലെടുത്തു വെച്ചപ്പോള്‍ മുദ്രാവാക്യം പരിഷ്കരിച്ചു : "ഹാവ് എ മുറീ വിത്ത് യുവര്‍ കറി".   ഇന്ത്യാ വിഭജനം മുതല്‍ക്ക് ഇന്ത്യയിലെ ബിയര്‍പ്രേമികള്‍ക്ക് നഷ്ടമായിരുന്ന ആ പുരാതന ബിയര്‍ വലിയ താമസമില്ലാതെ ഇന്ത്യയിലും ലഭിക്കും.വിഭജനം മുറിപ്പെടുത്തിയത് ബിയര്‍ ഉണക്കുമോയെന്ന് കാത്തിരുന്ന് കാണാം.