Thursday, December 13, 2012

വാടകയ്ക്ക് ഒരു ഗർഭപാത്രം

വാടകയ്ക്ക് ഒരു ഗർഭപാത്രം


ജാഫർ എസ് പുൽ‌പ്പള്ളി




            സാഹസിക കടൽ യാത്രകളിലൂടെ  ഇന്ത്യയെ ‘കണ്ടെത്തിയ‘  യൂറോപ്യന് അന്നാവശ്യം ഇന്ത്യക്കാരൻ തന്റെ മണ്ണിൽ വിളയിച്ച കുരുമുളകും ഏലവും മഞ്ഞളും ആയിരുന്നു. ഇന്ന് ഈ ആഗോളീകരണ കാലഘട്ടത്തിൽ  ഇന്ത്യയുടെ ആധുനികോത്തര തലമുറ താലത്തിൽ വെച്ച് നീട്ടുന്നത് മറ്റൊന്നാണ് : അവന്റെ പെണ്ണിന്റെ ഉർവരമായ ഗർഭപാത്രം !

           വാടകയ്ക്ക് ഗർഭപാത്രം

           വന്ധ്യത എന്ന വളരെയെളുപ്പമൊന്നും പരിഹരിക്കാൻ കഴിയാത്ത ദു:ഖത്തിന് പാശ്ചാത്യർ കണ്ടെത്തിയ വഴിയായ, ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതടക്കമുള്ളവ അടങ്ങുന്ന  അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജിക്ക്  ‘ സറോഗസി’ എന്നതാണ് എളുപ്പപദം. സ്വന്തം രാജ്യത്ത് കടുത്ത നിയമക്കുരുക്കുകളും വലിയ പണച്ചെലവും വരുന്ന ഗർഭപാത്രം വാടകയ്ക്കെടുക്കലിന്റെ പറുദീസയായി പാശ്ചാത്യൻ ഇന്ന് കാണുന്നത് ഇന്ത്യയെയാണ്. ഇന്ത്യൻ നഗരങ്ങളിൽ അതിദ്രുതം വളർന്ന് വരുന്ന ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ‘ചുരുങ്ങിയ ചെലവിൽ’ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു നൽകുന്ന കേന്ദ്രങ്ങളായി മാറുന്നു. അങ്ങനെ  ബിസിനസ് ഔട്ട്സോഴ്സിംഗിന്റെ മറ്റൊരു പുത്തൻ രൂപം ആയി മാറുന്നു ഇന്ത്യയിൽ  ‘കമേഴ്സ്യൽ സറോഗസി’.

എന്താണ് സറോഗസി ?
മറ്റൊരു ദമ്പതിമാരുടെ ഭ്രൂണത്തെ ഗർഭപാത്രത്തിൽ വഹിക്കുകയും പ്രസവത്തിനു ശേഷം കുഞ്ഞിനെ ദമ്പതികൾക്ക് തന്നെ തിരികെ നൽകുന്നതുമാണ് ‘സറോഗസി’ എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. രണ്ട് തരത്തിലുണ്ട് ഇത്. ‘പരമ്പരാഗത സറോഗസി’ യിൽ അണ്ഡം വാടകയ്ക്കെടുക്കപ്പെടുന്ന സ്ത്രീയുടേത് തന്നെയായിരിക്കും.
 ബീജം, കുഞ്ഞ് ആവശ്യമുള്ളയാളുടേതും. ഈ രീതിയ്ക്ക് പ്രാചീന ബാബിലോണിയൻ സംസ്കാരത്തിൽ പ്രചാരമുണ്ടായിരുന്നു എന്നതിനു ചരിത്രപരമായ തെളിവുണ്ട്.  മറ്റൊരു രീതിയായ ‘ഗെസ്റ്റേഷണൽ സറോഗസി’യിൽ ബീജസങ്കലനം നടന്നതിനു ശേഷം ഭ്രൂണം തന്നെ വാടകഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു. രണ്ടാമത്തെ രീതിയാണ് ഇപ്പോൾ വ്യാപകം. ഇന്ത്യയിലും ഇതു തന്നെ സ്ഥിതി.
      
ഇന്ത്യയുടെ മേന്മകൾ

        ഈ മേഖലയിലെ ഇന്ത്യയുടെ പ്ലസ് പോയിന്റുകൾ ഒട്ടേറെയാണെന്ന് നിരീക്ഷകർ കരുതുന്നു. ഏറ്റവും പ്രധാനപ്പെട്ടത് കുറഞ്ഞ പണച്ചെലവ് തന്നെ. അമേരിക്കയിൽ 80000 ഡോളർ വേണ്ടി വരുന്ന ‘സറോഗസി ‘ പ്രക്രിയയ്ക്ക് ഇന്ത്യയിലെ ആകെ ചെലവ് വെറും 5000 ഡോളർ മാത്രം. കൂടാതെ ഇന്ത്യയിൽ ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഇല്ലായ്മ കാലതാമസവും ചുവപ്പുനാടയും ഒഴിവാക്കുന്നു. ‘സറോഗസി’ അനുവദിച്ചിട്ടുള്ള ചൈന പോലുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നിവയെയും അപേക്ഷിച്ച് ഇംഗ്ലീഷ് അറിയാവുന്ന ഡോക്ടർമാരുടെ സാന്നിദ്ധ്യവും ഇതിനായുള്ള ക്ലിനിക്കുകളിലെ ലോകോത്തര സൌകര്യങ്ങളും  ഇന്ത്യയുടെ അനുകൂല ഘടകമാണ്.

വളരുന്ന ഉർവരതാ ടൂറിസം

   മെഡിക്കൽ ടൂറിസത്തിന്റെ വളർച്ചയുടെ ഭാഗമായാണ് ഇന്ത്യയിൽ ഈ ഉർവരതാ ടൂറിസം വേര് പിടിച്ചു തുടങ്ങുന്നത്. സ്വന്തം രാജ്യത്തേക്കാൾ ചുരുങ്ങിയ ചെലവിലുള്ള ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികളുടെ എണ്ണം വർഷം തോറും കൂടിവരികയാണ്. ഉർവരതാ ടൂറിസത്തിന്റെ ചിത്രവും ശോഭനീയമാണ്. പ്രതിവർഷം 7 ശതമാനം വളർച്ചയാണ് ഇന്ത്യയിൽ ഇതിനുള്ളത്. 50 കോടി ഡോളറിന്റെ ബിസിനസാണ് ഈ മേഖലയിൽ നടക്കുന്നതെന്ന് അനൌദ്യോഗിക കണക്കുകൾ പറയുന്നു. ഈ വർഷം 2000 ‘സറോഗസി’ ജനനങ്ങൾ പ്രതീക്ഷിക്കുന്നതായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദർ പറയുന്നു. ‘സറോഗസി‘യുടെ ആഗോള തലസ്ഥാനമായി മാറും ഇന്ത്യ എന്ന് കരുതപ്പെടുന്നു. ഇന്ത്യൻ സമൂഹം ഈ രീതിയോട് ആദ്യമൊക്കെ പുറം തിരിഞ്ഞു നിന്നെങ്കിലും വന്ധ്യത ഏറ്റവും വലിയ ശാപമായി കണക്കാക്കുന്ന ഇന്ത്യക്കാരും ഇപ്പോൾ വാടകയ്ക്ക് ഗർഭപാത്രം തേടി വന്നു തുടങ്ങിയിരിക്കുന്നതും ഈ ബിസിനസിനെ പ്രതീക്ഷയിലേക്കുയർത്തുന്നു.

 നിയമങ്ങളുടെ അഭാവം

        ഏതെങ്കിലുമൊരു പ്രശ്നത്തിൽ ഒരു  നിയമം ഉണ്ടാകുന്നതിനു മുൻപേ അതിന്റെ അസാന്നിദ്ധ്യത്തിൽ അനേകർ അനർഹമായത് നേടാറുണ്ട് ഇന്ത്യയിൽ എന്നതിന്റെ ഒരു ക്ലാസിക് ഉദാഹരണമാണ് ഈ വിഷയം. 2002 മുതൽക്ക് തന്നെ നടക്കുന്നുണ്ടെങ്കിലും  ‘സറോഗസി’ യെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും തന്നെ നിലവിൽ  ഇന്ത്യയിലില്ല. അത് നിയമവിരുദ്ധമോ വിധേയമോ അല്ല ഇവിടെ.  ഇരു കക്ഷികൾ തമ്മിലുള്ള ഒരു സ്വകാര്യ ഉടമ്പടി മാത്രമാണ് എല്ലാ പ്രക്രിയകളുടെയും അടിസ്ഥാനം. ഈ കരാറിന്റെ ലംഘനത്തിന്മേൽ നിയമനടപടി സ്വീകരിക്കാൻ പലപ്പോഴും സാധിക്കുകയുമില്ല. ഇതു പോലൊരു ആശയക്കുഴപ്പം നിറഞ്ഞ മേഖലയിലെ ഏക നിയമപരമായ അനുമതി എന്നത് 2008 ലെ ഒരു കേസിൽ ‘സറോഗസി’ അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയാണ്. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇത് സംബന്ധമായി കുറച്ച് മാർഗനിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ശക്തമായ ഒരു നിയമത്തിന്റെ അഭാവം അവയെ ദുർബലമാക്കുന്നുണ്ട്.  
  ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തൽ, കരാറുകളുടെ ലംഘനത്തെ പ്രതിരോധിക്കൽ, പ്രതിഫലത്തിന്റെ കാര്യത്തിലുള്ള ചൂഷണമില്ലാതാക്കൽ എന്നിവ ഈ രംഗത്ത്  അനിവാര്യമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഒരേ സമയം ഗർഭപാത്രത്തിൽ നിക്ഷേപിക്കാവുന്ന ഭ്രൂണങ്ങളുടെ എണ്ണത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ട് . എന്നാൽ ഇന്ത്യയിൽ നാലെണ്ണം വരെ ഒരേ സമയം നിക്ഷേപിക്കുന്ന കേസുകൾ ഉണ്ടാകാറുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യാദ്യശ്ചികമായി ഒന്നിൽ കൂടുതൽ ഭ്രൂണങ്ങൾ വളർച്ച പ്രാപിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ ഒന്നിനെ നിലനിർത്തി മറ്റുള്ളവയെ അബോർട്ട് ചെയ്യുന്നതും സാധാരണമാണ്. കൂടാതെ ഭ്രൂണത്തിന്റെ ലിംഗനിർണയം നടത്തി അനഭിലഷണീയമായതിനെ വേണ്ടാതാക്കുന്നതും പതിവാണ്. ഇവയെല്ലാം ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നിരിക്കെ അത് തടയാൻ പോലും കഴിയുന്നില്ല നിയമസംവിധാനത്തിന്. കുടുംബാംഗങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ഇതിനു വിധേയരാകുന്ന സ്ത്രീകൾ ഒട്ടേറെയാണ് എന്നത് ഈ മേഖലയിലെ നിയമസാന്നിദ്ധ്യം ഒഴിച്ചു കൂടാത്തതാക്കുന്നു. കൂടാതെ സ്വന്തം ഭർത്താവിന്റേതല്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ ഗർഭത്തിൽ വഹിക്കുന്ന സ്ത്രീയെ തികച്ചും ആചാരബദ്ധമായ ഇന്ത്യൻ ഗ്രാമസമൂഹം എങ്ങനെ കാണും എന്നതു പരിഗണിക്കേണ്ട ഒരു പ്രശ്നമാണെന്ന് ആക്ടിവിസ്റ്റുകൾ കരുതുന്നു. പല തവണ തിരുത്തലിനു വിധേയമാക്കി ഇന്ത്യയിലെ നിയമനിർമ്മാണ രീതിയ്ക്ക് മകുടോദാഹരണമായി മാറിയിരിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജീസ് (റെഗുലേഷൻ) നിയമം ഇനിയും പാ‍സ്സാക്കിയിട്ടില്ല ഇവിടെ.

പെരുകുന്ന ക്ലിനിക്കുകൾ

     അനുദിനം പെരുകി വരുന്ന ക്ലിനിക്കുകൾ വെബ്സൈറ്റിലൂടെ പരസ്യം നൽകി വിദേശ ‘കസ്റ്റമർ‘മാരെ ആകർഷിക്കുന്നു. മിക്ക വലിയ നഗരങ്ങളിലും ‘സറോഗസി’ ക്ലിനിക്കുകൾ ഉണ്ടെങ്കിലും ക്ഷീരവിപ്ലവത്തിലൂടെ പ്രസിദ്ധിയാർജിച്ച ഗുജറാത്തിലെ ‘ആനന്ദ്’ നഗരമാണ് എണ്ണത്തിലും ഗുണത്തിലും മികച്ച് നിൽക്കുന്ന ക്ലിനിക്കുകളുടെ കാര്യത്തിൽ മുൻനിരയിൽ. ലോകോത്തര നിലവാരമുള്ള ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ സൌകര്യങ്ങൾ ഒരുക്കി അവർ കാത്തിരിക്കുകയാണ് വന്ധ്യത പേറുന്ന വിദേശികളെ. ‘ആനന്ദി’ലെ ഏറ്റവും മികച്ച ക്ലിനിക്ക് ആയ ‘ആകാംക്ഷ’ യിൽ എല്ലായ്പ്പോഴും കുറഞ്ഞത് 15 ഗർഭിണികളെങ്കിലും ഉണ്ടാകും. അവർ തങ്ങളുടെ അഞ്ഞൂറാമത്തെ കുഞ്ഞിന്റെ ജനനം ആഘോഷിച്ചു കഴിഞ്ഞു.

ആരാണ് ദാതാക്കൾ ?

          ക്ലിനിക്കുകൾ പ്രവർത്തിക്കുന്ന നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലുള്ള ദരിദ്രകുടുംബങ്ങളിലെ സ്ത്രീകളാണ് തങ്ങളുടെ ഗർഭപാത്രം ഇങ്ങനെ വാടകയ്ക്ക് നൽകാൻ തയ്യാറായി വരുന്നത് എന്ന വസ്തുത , ദാരിദ്യം തന്നെയാണ് ഇന്ത്യയിൽ ‘കമേഴ്സ്യൽ സറോഗസി’യ്ക്ക് വളക്കൂറുള്ള മണ്ണുണ്ടാക്കുന്നത് എന്ന വസ്തുതയെ കാണിച്ചു തരുന്നു. വിവാഹിതരും രണ്ടോ മൂന്നോ കുട്ടികളുടെ മാതാക്കളുമായ ആരോഗ്യവതികളായ യുവതികളെയാണ് ക്ലിനിക്കുകൾ തെരഞ്ഞെടുക്കുക.  
പ്രതിഫലത്തിന് നിശ്ചിതനിരക്കുകൾ ഒന്നും പൊതുവായില്ല ക്ലിനിക്കുകളിൽ. നാല് ലക്ഷം മുതൽ എട്ട് വരെ രൂപയാണ് പ്രതിഫലമായി നൽകപ്പെടുന്നത്. സന്തുഷ്ടരാകുന്ന ദമ്പതികൾ നൽകാനിടയുള്ള 50000 രൂപ വരെ വരാവുന്ന ‘ടിപ്പ്’ ഇതിനു പുറമെയാണ്. ഒരു കുഞ്ഞിനുള്ള നിരക്കാണിത്. ഇരട്ടകളാണ് ഉണ്ടാകുന്നതെങ്കിൽ പ്രതിഫലത്തിൽ 20 ശതമാനം വർദ്ധനവ് നൽകും. ക്ലിനിക്കുകൾ സകലവുമടക്കം 1300000 രൂപ വരെ ദമ്പതികളിൽ നിന്ന് ഈടാക്കുന്നു. ഗർഭപാത്രം കടം നൽകുന്ന സ്ത്രീയ്ക്ക് കിട്ടുന്നത് അവരെ സംബന്ധിച്ച് വലുതെങ്കിലും ചൂഷണം ഇവിടെയും മണക്കുന്നു. ‘കമേഴ്സ്യൽ സറോഗസി‘ യെ എതിർക്കുന്ന വലിയൊരു വിഭാഗം ആക്ടിവിസ്റ്റുകളുടെയും പ്രധാന ഊന്നൽ ഇന്ത്യൻ ഗ്രാമങ്ങളിലെ  ദരിദ്രരായ യുവതികളാണ് ദാതാക്കളാകാൻ തയ്യാറായി വരുന്നത് എന്ന കാര്യത്തിലാണ്. ദാരിദ്യത്തിന്റെ ഈ ചൂഷണത്തിലൂടെ ഇടനിലക്കാർ നല്ല പണക്കൊയ്ത്ത് നടത്തുകയും ചെയ്യുന്നു എന്ന് അവർ നിരീക്ഷിക്കുന്നു. പ്രതിദിന വരുമാനം എന്നത് ഒരു ഡോളറിൽ താഴെ മാത്രമായ ഒരു ഇന്ത്യൻ ദരിദ്ര കുടുംബത്തെ സംബന്ധിച്ച് നാല് ലക്ഷം രൂപ എന്നത് വലിയ ഒരു സംഖ്യയാണെന്നിരിക്കെ  തങ്ങളുടെ ജീവൻ പോലും അപകടത്തിൽ പെടാവുന്ന ഒരു ‘കടം കൊടുപ്പിനു’ അവർ പ്രേരിതരാകുന്നു. ഒന്നിൽ കൂടുതൽ തവണ ഗർഭപാത്രം ഇങ്ങനെ കടം നൽകിയവരും ഉണ്ട്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഗർഭിണികളുടെ മരണനിരക്ക് 19 ശതമാനം ആണ്. സെന്റർ ഫോർ ഹെൽത്ത് എജ്യൂക്കേഷൻ, ട്രൈനിംഗ് ആന്റ് മറ്റേർണൽ ഡെത്ത്  എന്ന എൻ.ജി.ഒ  2011 ൽ നടത്തിയ സർവേ അനുസരിച്ച്   ഓരോ എട്ടു മിനിട്ടിലും ഒരു ഗർഭിണി ഇന്ത്യയിൽ മരണപ്പെടുന്നു .  വലിയ റിസ്കുള്ള ഒരു കൊടുക്കൽ വാങ്ങൽ തന്നെയാണ് ഈ പാവം സ്ത്രീകൾ ചെയ്യുന്നതെന്ന് സാരം. ഗർഭിണിയ്ക്ക് മികച്ച ഭക്ഷണവും മറ്റ് സൌകര്യങ്ങളും നൽകുന്നതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നു കൂടി ക്ലിനിക്കുകൾ നടത്തുന്നുണ്ട് : 9 മാസം താൻ പേറുന്ന കുഞ്ഞിനോട് യാതൊരു ആത്മബന്ധവും ‘അമ്മ‘യിൽ ഉണ്ടാകാതിരിക്കാനുള്ള കൌൺസലിംഗ് ആണത്. മറ്റാരുടെയോ കുഞ്ഞിനെയാണ് താൻ വഹിക്കുന്നതെന്നും അത് തന്റെ ആരുമല്ലെന്നും കരുതാൻ അവരെ ‘പ്രാപ്ത’രാക്കേണ്ടത് ഇവിടെ അനിവാര്യമാണല്ലോ?

പ്രമീള വഗേലയുടെ അനുഭവം

    അഹമ്മദാബാദിലെ പൾസ് വിമെൻസ് ഹോസ്പിറ്റൽ എന്ന ഫെർട്ടിലിറ്റി ക്ലിനിക്കിൽ വെച്ച് എട്ടുമാസമായി  ഒരു അന്യഭ്രൂണത്തെ ഗർഭത്തിൽ പേറുന്ന പ്രമീള വഗേല എന്ന മുപ്പതുകാരിയുടെ മരണം നിയമപരമായ      ചോദ്യങ്ങൾ ഉയർത്തുന്നു. പ്രമീള മരിച്ചെങ്കിലും കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാൻ കഴിഞ്ഞു. പ്രമീളയെപ്പോലെ ഗർഭപാത്രം നൽകുന്ന അനേകം സ്ത്രീകളും അവരുടെ ബന്ധുക്കളും ഒപ്പു വെക്കുന്ന കരാറിലെ പ്രധാനവ്യവസ്ഥ തന്നെ ഏതെങ്കിലും കാരണവശാൽ ഗർഭിണിയ്ക്ക് ഗുരുതരമായ അപായം സംഭവിക്കുന്ന സാഹചര്യം വന്നാൽ കുഞ്ഞിനായിരിക്കും മുൻഗണന നൽകേണ്ടത് എന്നാണ് . ഇത്തരമൊരു സംഭവം നടന്നാൽ അമേരിക്കയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ക്ലിനിക്ക് ഉടമകൾ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും എന്നും ഇന്ത്യയിൽ അതൊന്നും നടക്കാത്തത് ‘സറോഗസി’യെ നിയന്ത്രിക്കാൻ യാതൊരു നിയമങ്ങളും നിലവിലില്ലാത്തതു മൂലമാണെന്നും നിരീക്ഷകർ കരുതുന്നു.

ഉയരുന്ന ചോദ്യങ്ങൾ

         ഒട്ടേറെ നിയമ,ധാർമ്മിക ചോദ്യങ്ങൾ ഉയരുന്നുണ്ട് ഈ വാടകയ്ക്കെടുക്കൽ സംബന്ധമായി സമൂഹത്തിൽ. ഗർഭപാത്രത്തിന്റെ കച്ചവടവത്കരണം , സ്ത്രീ വെറുമൊരു ചരക്കെന്ന നിലയിൽ വ്യവഹരിക്കപ്പെടുന്ന ഒരു സമൂഹത്തിൽ അവളുടെ സ്ഥാനം കൂടുതൽ മോശമാക്കുകയല്ലെ ചെയ്യുക  ? പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള എല്ലാ കച്ചവടത്തിലും അന്തർലീനമായ ചൂഷണം ‘കമേഴ്സ്യൽ സറോഗസി’ യും ഉൾക്കൊള്ളുന്നില്ലേ എന്നതാണ് മറ്റൊരു ചോദ്യം. തന്റെ ശരീരം വാടകയ്ക്ക് നൽകാൻ ഒരാൾക്ക് അനുവാദം നൽകാൻ സമൂഹത്തിനു അവകാശമുണ്ടോ എന്ന മറ്റൊരു ചോദ്യവും ഉയരുന്നു ഈ വിഷയത്തിൽ. അതിനുള്ള ‘മനുഷ്യാവകാശം’ ആ വ്യക്തിക്കു തന്നെയില്ല എന്ന് കരുതുന്നവരുമുണ്ട്. ഗർഭധാരണത്തെയും പ്രസവത്തെയും തൊഴിലുടമ-തൊഴിലാളി ബന്ധം പോലെയോ അടിമജോലിയ്ക്കായുള്ള കരാർ പോലെയോ ആക്കി മാറ്റുക എന്നത് എത്രത്തോളം ആശാസ്യമാണ് ? 

മറുവഴികൾ തിരയാത്ത സമൂഹം

       ‘തന്റെ സ്വന്തം ചോരയിൽ ഒരു കുഞ്ഞ്’ എന്ന ഒട്ടൊക്കെ സ്വാർഥമെന്ന് പറയാവുന്ന വികാരമാണ് മിക്ക ദമ്പതികളെയും ഈ മാർഗങ്ങളിലേക്ക് പലപ്പോഴും നയിക്കുന്നത്. ദത്തെടുപ്പ് സംബന്ധമായി ഇന്ത്യയിലെ നിലവിലുള്ള നിയമനൂലാമാലകൾ ദമ്പതികളെ അവരതിനാഗ്രഹിച്ചാലും പിന്തിരിപ്പിക്കുന്നു. രണ്ടര വർഷം വരെ കാത്തിരിക്കേണ്ടി വരുന്നു പലപ്പോഴും ഉദ്ദേശിച്ച കുഞ്ഞിനെ ദത്തു കിട്ടാൻ നിലവിലെ സ്ഥിതിയിൽ. ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടായാൽ ധാരാളം പേർ ദത്തെടുക്കൽ എന്ന മാർഗം അവലംബിക്കുമെന്നും അതു വഴി ആത്യന്തികമായി സമൂഹത്തിനു തന്നെയാവും നേട്ടം ഉണ്ടാവുകയെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കരുതുന്നു.