Monday, December 24, 2012

ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍ ഇന്റര്‍നെറ്റ് വഴി ഒരു ഭരണഘടന

ജാഫര്‍ എസ് പുല്‍പ്പള്ളി






         ഐസ്ലണ്ടിലെ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിനു ഒരു പുതിയ ഭരണഘടന ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇതിലെന്താണിത്ര പ്രത്യേകത എന്ന് കരുതുന്നുവോ? ലോകത്താദ്യമായി ഇന്റര്‍നെറ്റ് വഴി സ്യഷ്ടിക്കപ്പെടുന്നതായിരിക്കും എന്നതാണാ ഭരണഘടനയുടെ വിശേഷം. കുറച്ച് അക്കാദമിക് 'നിയമജ്ഞര്‍' ഒരു കമ്മറ്റിയില്‍ കുത്തിയിരുന്ന് 'ജനങ്ങള്‍ക്കായി' എന്ന മട്ടില്‍ എഴുതുന്ന ഭരണക്രമം എന്ന ,ഭരണഘടനയുടെ പരമ്പരാഗത കാഴ്ച്ചപ്പാട് തിരുത്തുകയാണ് അന്നാട്ടുകാര്‍. ഈ പുതിയ ഭരണഘടന എഴുതുന്നത് പൊതുജനം തന്നെയാണ്. ഇന്റര്‍നെറ്റ് ആക്ടിവിസം എന്നത് ജനാധിപത്യത്തിന്റെ പുതിയ മാര്‍ഗങ്ങളിലൊന്നായി മാറുന്ന കാഴ്ച്ചയ്ക്ക് ലോകം സാക്ഷ്യം വഹിച്ച 'മുല്ലപ്പൂ വിപ്ലവ'ത്തിന് ശേഷം അതിന്റെ പ്രസക്തിയും ശക്തിയും ഒരിക്കല്‍ കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ഈ ഭരണഘടനാ നിര്‍മ്മാണം. ഭരണഘടന പോലെ ജനജീവിതത്തെ ,രാഷ്ട്രത്തിന്റെ ഭാവിയെ നന്നായി ബാധിക്കുന്ന ഒരു കാര്യത്തില്‍ അവശ്യം വേണ്ടുന്ന ജനകീയതയും സുതാര്യതയും ഉറപ്പു വരുത്തിയിരിക്കുന്നു ആ രാജ്യം.

പുതുവഴിയുടെ പ്രത്യേകതകള്‍
ഐസ്ലണ്ടിന്റെ നിലവിലെ ഭരണഘടന ആ രാജ്യം 1944 ല്‍ ഡെന്‍ മാര്‍ക്കില്‍ നിന്ന് സ്വാതന്ത്യം നേടിയ ഘട്ടത്തില്‍ എഴുതപ്പെട്ടതാണ്. ഡാനിഷ് ഭരണഘടനയെ അതേപടി പകര്‍ത്തിയ ഒന്നായിരുന്നു അത്. ഡാനിഷ് ഭരണഘടനയില്‍ 'രാജാവ്' എന്ന് വരുന്നിടത്ത് തങ്ങളുടേതില്‍ ' പ്രസിഡണ്ട്' എന്നാക്കി എന്നു മാത്രം. യൂറോപ്പിനെ ഒട്ടാകെ എന്ന പോലെ തങ്ങളെയും ബാധിച്ച കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിസന്ധിയില്‍ നിന്നും കര കേറിക്കൊണ്ടിരിക്കുന്ന ഐസ് ലണ്ട് കരുതുന്നു, തങ്ങളുടെ ഭരണഘടനയില്‍ കാതലായ പരിഷ്‌കാരങ്ങള്‍ ആവശ്യമെന്ന്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ കരട് തയ്യാറാക്കാനായി ഒരു 25 അംഗ സമിതിയ്ക്ക് പാര്‍ലമെന്റ് രൂപം നല്‍കുന്നത്. സാധാരണപൌരന്മാരായ 522 ആളുകളില്‍ നിന്നാണ് ഈ 25 പേരെ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ സംഘത്തില്‍ നിയമജ്ഞര്‍,രാഷ്ട്രമീമാംസാ പ്രൊഫസര്‍മാര്‍,പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അടങ്ങുന്നു. ഇവിടം വരെ കാര്യങ്ങള്‍ പഴയ മട്ടില്‍ തന്നെ. എന്നാല്‍ ഭരണഘടനാ ഡ്രാഫ്റ്റിംഗ് കൌണ്‍സില്‍ തങ്ങളുടെ കരടിലെ ഓരോ ആര്‍ട്ടിക്കുകളും ആഴ്ചതോറും തങ്ങളുടെ വെബ് സൈറ്റില്‍ ഇടുന്നതോടെ കാര്യങ്ങള്‍ ആകെ മാറുന്നു. പൊതുജനങ്ങള്‍ക്ക് ഈ വെബ്‌സൈറ്റില്‍ തന്നെ ഓരോ ആര്‍ട്ടിക്കിളിന്റെയും ചുവട്ടില്‍ തങ്ങളുടെ അഭിപ്രായങ്ങളും വിയോജിപ്പുകളും എഴുതാം, ഒരു തരത്തിലുള്ള സെന്‍സര്‍ഷിപ്പോ എഡിറ്റിംഗോ ഇല്ലാതെ. ഇനിയുമുണ്ട് അഭിപ്രായ പ്രകടനത്തിനുള്ള , ചര്‍ച്ചയ്ക്കുള്ള മാര്‍ഗങ്ങള്‍. അവിടെയാണ് ജനാധിപത്യത്തിന്റെ പുത്തന്‍ രാജവീഥികളായ ഫെയിസ് ബുക്കും ട്വിറ്ററും കടന്നു വരുന്നത്. ഡ്രാഫ്റ്റിംഗ് കൌണ്‍സിലിന്റെ ഫെയിസ് ബുക്ക് പേജിലും അവരുടെ ട്വിറ്റര്‍ അക്കൌണ്ടിലും ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഡ്രാഫ്റ്റിംഗ് കൌണ്‍സിലിന്റെ യോഗങ്ങള്‍ ഒന്നും തന്നെ രഹസ്യമല്ല, അവ തത്സമയം വെബ്‌സൈറ്റിലേക്കും ഫെയിസ്ബുക്ക് പേജിലേക്കും സ്ട്രീമിംഗ് വഴി പ്രക്ഷേപണം ചെയ്യപ്പെട്ടു.അവയുടെ യോഗമിനുട്‌സുകള്‍ പൊതുജനങ്ങള്‍ക്ക് വെബ് സൈറ്റില്‍ നിന്ന് വായിക്കാം. കൂടാതെ 25 കൌണ്‍സില്‍ അംഗങ്ങളുടെയും ഇന്റര്‍വ്യൂകള്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന യൂട്യൂബ് അക്കൌണ്ടിലും കൌണ്‍സിലിന്റെ പ്രവര്‍ത്തനത്തെ കാണിക്കുന്ന ഫോട്ടോകള്‍ ഉള്ള ഫ്‌ലിക്കര്‍ അക്കൌണ്ടിലും ജനങ്ങള്‍ക്ക് ഇടപെടാം. ഇപ്രകാരത്തില്‍ രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങള്‍ ഓരോന്നും തന്നെ ആ സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ജീവവായു ആയ തുറന്ന ചര്‍ച്ച എന്ന ഘട്ടത്തിലൂടെയും കടന്നു പോകുന്നു. ഭരണഘടനാ കൌണ്‍സിലിന്റെ പ്രധാനജോലി ഈ അഭിപ്രായങ്ങളെയും വിയോജിപ്പുകളെയും പുതിയ നിര്‍ദ്ദേശങ്ങളെയും ക്രോഡീകരിച്ച് ഒരു സമ്പൂര്‍ണ ജനകീയ ഭരണഘടനയുടെ കരട് പാര്‍ലമെന്റിന്റെ മുന്‍പാകെ സമര്‍പ്പിക്കുക എന്നതാണ്. അപ്പോഴേക്കും ആ കരടിന്റെ ആദ്യമുള്ള സ്വഭാവത്തെത്തന്നെ ജനങ്ങളുടെ ഇടപെടല്‍ മാറ്റിയിരിക്കും. ആ രാജ്യത്തിലെ ജനങ്ങളുടെ കണ്മുന്നിലാണ് ആ ഭരണഘടന രൂപം കൊണ്ടത്, അതിലെ വകുപ്പുകളെല്ലാം തന്നെ അവരുടെ നിശിതമായ ചര്‍ച്ചയ്ക്കും സംവാദത്തിനും വിധേയമായവ ആണ്. ലോകത്തേറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള രാജ്യങ്ങളിലൊന്നായ , ജനസംഖ്യയുടെ മൂന്നിലൊന്ന് ഫെയിസ് ബുക്കില്‍ അംഗങ്ങളായ ഐസ് ലണ്ടില്‍ ഈ ജനകീയ ഇടപെടല്‍ കൂടുതല്‍ ഫലപ്രദമായി മാറി. ചര്‍ച്ചകളുടെയും അഭിപ്രായങ്ങളുടെയും ആകത്തുകയായ അവസാന ഡ്രാഫ്റ്റിന്മേല്‍, രാജ്യത്തെ പൌരന്മാരില്‍ നിന്ന് റാന്‍ഡം ആയി തിരഞ്ഞെടുക്കപ്പെടുന്ന 950 പേര്‍ അടങ്ങുന്ന നാഷണല്‍ ഫോറം ചര്‍ച്ച നടത്തിയതാണ് അടുത്ത ഘട്ടം. ഈ ചര്‍ച്ചയ്ക്ക് ശേഷം 9 അധ്യായങ്ങളും 114 ആര്‍ട്ടിക്കുകളും അടങ്ങുന്ന അന്തിമ കരട് ഒരു ദേശീയ റഫറണ്ടത്തിനു വിധേയമാക്കി. ഈ റഫറണ്ടവും കടന്നാണ് ഭരണഘടനയ്ക്ക് പാര്‍ലമെന്റ് അന്തിമാംഗീകാരം നല്‍കുക. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 നു ആണ് റഫറണ്ടം നടന്നത്. അതിന്റെ ഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നു.
iceconstfacbuk
 
പുതിയ ഭരണഘടനയുടെ പുതിയ സൂചനകള്‍
റഫറണ്ടത്തില്‍ പങ്കെടുത്ത ജനങ്ങളില്‍ മൂന്നില്‍ രണ്ട് പേര്‍ കരട് ഭരണഘടനയെ അനുകൂലിക്കുന്നു. 2008 ല്‍ തുടങ്ങി തങ്ങളെ തകര്‍ത്തു കളഞ്ഞ സാമ്പത്തിക മാന്ദ്യം, മുതലാളിത്തം അതിന്റെ ഘടനയ്ക്കുള്ളില്‍ ഒളിച്ചു വെച്ചിരിക്കുന്ന ആന്തരിക വൈരുദ്ധ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന, ഇനിയും പഴയ ആ 'തുറന്ന' ഘടന ആശാസ്യമാവില്ല എന്ന തിരിച്ചറിവ് ഐസ് ലണ്ടിലെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നു എന്നാണ് റഫറണ്ടത്തിലെ ഫലങ്ങള്‍ കാണിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. റഫറണ്ടത്തിലെ ഒരു പ്രധാന ചോദ്യമായ ' ഇനിയും സ്വകാര്യവത്കരിക്കാത്ത രാജ്യത്തെ പ്രക്യതി വിഭവങ്ങള്‍ പൊതുമേഖലയില്‍ തന്നെ തുടരേണ്ടതുണ്ടോ' എന്നതിനു 85.2 ശതമാനം ജനങ്ങളുടെയും മറുപടി 'വേണം' എന്നതാണ്. പൊതുമേഖലയുടെ നിലനില്‍പ്പ് സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കും എന്ന ആശയത്തെ ഐസ് ലണ്ടിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന് ചുരുക്കം. കൂടാതെ പാര്‍ലമെന്റിന്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും , ഇനിയൊരു സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യം ഉണ്ടായാല്‍ അതിനെ ചെറുക്കത്തക്ക രീതിയിലുള്ള അധികാരവിഭജനം,പാര്‍ലമെന്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, ജഡ്ജിമാരുടെ നിയമനം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെല്ലാം പുതിയ ഭരണഘടന പുത്തന്‍ വഴികള്‍ തുറക്കും എന്ന് പ്രതീക്ഷിക്കുന്നു ആ രാജ്യത്തിലെ ജനങ്ങള്‍.

നമ്മുടെ അവസ്ഥ
വെറും മൂന്നര ലക്ഷം ജനസംഖ്യ മാത്രമുള്ള, വികസിതമായ ഒരു രാഷ്ട്രം അതിന്റെ ഭരണഘടന എഴുതാന്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ ജനാധിപത്യ സാധ്യത ഇന്ത്യ പോലുള്ള മൂന്നാം ലോകരാഷ്ട്രങ്ങളില്‍ അതേ പടി പ്രസക്തമാണെന്ന് പറയാന്‍ വയ്യെങ്കിലും നമ്മുടെ സാഹചര്യങ്ങളിലെ അവയുടെ ശരിയായ സാധ്യത നാം തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. നാമിപ്പോഴും ഗോസിപ്പുകള്‍ പരത്തുന്നതിനും വര്‍ഗീയ,മത,രാഷ്ട്രീയ പ്രചാരണത്തിനും ആയിട്ടല്ലാതെ ഇവയെ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യം സ്വയം ചോദിക്കേണ്ടതുണ്ട്. പ്രസക്തമായ ഒരു ചര്‍ച്ചയും നടക്കാത്ത സംവാദരഹിതമായ ഭൂമികകളായി മാറുന്നുവോ നമ്മുടെ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ .

No comments:

Post a Comment