Sunday, March 24, 2013

പരാതി കൊടുത്താൽ പണികിട്ടുന്ന നാട്‌ !

ജാഫർ എസ് പുൽ‌പ്പള്ളി

      മനുഷ്യാവകാശലംഘനങ്ങളുടെ ആഗോളതലസ്ഥാനമായ ചൈന അതിന്റെ ‘അനുസരണകെട്ട’ പൌരന്മാരെ നിശ്ശബ്ദരാക്കാനും ജനകീയ മുന്നേറ്റങ്ങളുടെ ലാഞ്ജന പോലും രാജ്യത്ത് മുളയ്ക്കാതിരിക്കാനുമായി അതിസമർഥമായി ഭരണകൂടോപാധികളെ ഉപയോഗിക്കുന്നു എന്നത് രഹസ്യമായ സംഗതിയല്ല. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളായ ആംനെസ്റ്റി ഇന്റർനാഷണൽ,ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയവയും ചൈനയ്ക്കകത്തും പുറത്തും പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും പലപ്പോഴും ഇത്തരത്തിലുള്ള നടപടികളെ തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്. സുരക്ഷാസേനകളുടെ സഹായത്തോടെ സ്ഥാപിക്കപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന ‘കറുത്ത ജയിലുകൾ’ എന്നറിയപ്പെടുന്ന അനധിക്യത തടങ്കൽ പാളയങ്ങൾ ഈ ഉപാധികളിൽ പ്രധാനപ്പെട്ട ഒന്നാണ്.

എന്താണ് ‘കറുത്ത ജയിൽ’?
      പ്രാചീനകാലം മുതൽക്കു തന്നെ ചൈനയിൽ പൌരന്മാർക്ക് സമൂഹത്തിലെ പ്രശ്നങ്ങൾക്കെതിരെ അധികാരികൾക്ക് പരാതി നൽകി പരിഹാരം നേടുന്നതിനുള്ള ‘ഷാങ്ഫാങ്’ എന്ന വ്യവസ്ഥയ്ക്ക് നിലനിൽ‌പ്പുണ്ടായിരുന്നു. പിന്നീട് നിന്നു പോയ ഈ വ്യവസ്ഥ കാതലായ വ്യത്യാസങ്ങളോടെ കംയൂണിസ്റ്റ് യുഗത്തിൽ തിരിച്ചു കൊണ്ടുവരപ്പെട്ടു.പ്രാദേശികതലത്തിൽ  ‘ലെറ്റേർസ് ആന്റ് കോൾസ് ‘   ബ്യൂറോകളും  ആ തലത്തിൽ പരിഹ്യതമാകാത്ത പ്രശ്നങ്ങൾക്കെതിരെ പരാതി നൽകാനായി ബീജിംഗിൽ ‘ലെറ്റേർസ് ആന്റ് കോൾസ് ‘ സെൻട്രൽ ഓഫീസും സ്ഥാപിക്കപ്പെട്ടു. തങ്ങളുടെ പരിഹരിക്കപ്പെടാത്ത പരാതികളുമായി തൽസ്ഥാനനഗരത്തിൽ  എത്തുന്ന പരാതിക്കാരാണ് പ്രധാനമായും ഈ കറുത്ത ജയിലുകളിലേക്ക് മാറ്റപ്പെടുന്നത്. പൌരന്മാരെ തടഞ്ഞു വെയ്ക്കുന്നതിനും വിചാരണയില്ലാതെ തടങ്കലിൽ വെക്കുന്നതിനുമായി  സ്ഥാപിക്കപ്പെട്ട അനധിക്യത ജയിലുകളാണ് ‘കറുത്ത ജയിലുകൾ’ എന്ന് ചുരുക്കം. എന്നാൽ ഈ കറുത്ത ജയിലുകൾക്ക് അവിടെ നിയമപരമോ ഔദ്യോഗികമായോ ആയ യാതൊരു നിലനിൽ‌പ്പുമില്ല എന്നതാണ് വസ്തുത. ഭരണകൂടം എല്ലായ്പ്പോഴും കറുത്ത ജയിലുകളെക്കുറിച്ചുള്ള ആരോപണങ്ങളെ നിഷേധിക്കുന്നു.അവ നിലനിൽക്കുന്നു എന്ന വസ്തുതയും തള്ളിക്കളയപ്പെടുന്നു.

പരാതിക്കാർക്ക് സ്വാഗതം !
         വ്യവസ്ഥയിലെ പ്രശ്നങ്ങൾക്കെതിരെ പരാതികളിലൂടെ പ്രതികരിക്കുന്ന ആളുകൾ ബീജിംഗിൽ മാത്രം ഒരു ലക്ഷത്തിൽ അധികം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ പ്രാദേശിക തലസ്ഥാനങ്ങളിലേതിലെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.1993 മുതൽക്കാണ് പരാതിക്കാരുടെ എണ്ണം വർദ്ധിച്ചു വന്നത്.പരാതികൾ കൈകാര്യം ചെയ്യുന്ന ‘ലെറ്റേർസ് ആന്റ് കോൾസ് ‘ ഓഫീസുകളിൽ 2003 മുതൽ 2007 വരെ മാത്രം ലഭിച്ച പരാതികളുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ചു തന്നെ 10 ദശലക്ഷത്തിലും അധികമാണ്. എന്നാൽ ഇത്രയധികം ജനങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഈ ഓഫീസുകളിൽ എത്തുന്നെങ്കിലും അവയുടെ നേർക്കുള്ള ഭരണകൂടത്തിന്റെ നിലപാട് ഈ വ്യവസ്ഥയുടെ യഥാർഥ ചിത്രത്തെ വെളിവാക്കുന്നു.കാതലായ പ്രശ്നങ്ങൾക്കൊന്നും പരിഹാരം ഇവിടെ നിന്ന് പൌരന്മാർക്ക് ലഭിക്കില്ല. ചൈന പോലൊരു സമഗ്രാധിപത്യ വ്യവസ്ഥയ്ക്കകത്ത് അത് പ്രതീക്ഷിക്കുക തെറ്റാണെങ്കിലും ആളുകൾ തങ്ങളുടെ പരാതികളുമായി ബീജിംഗിൽ എത്തിച്ചേരുന്നു.സത്യത്തിൽ നീതി തേടിയുള്ള ആ പ്രാചീന വഴക്കത്തെ അനുസ്മരിപ്പിക്കുന്ന ഈ യാത്രകൾ തുടക്കത്തിലേ തടയപ്പെടുന്നു. തങ്ങളുടെ അധികാരകേന്ദ്രങ്ങളിൽ നിന്ന് പരിഹ്യതമാകാത്ത പ്രശ്നങ്ങളുടെ അപ്പീലുകളുമായി  ബീജിംഗിലെത്തുന്ന പരാതിക്കാരെ അവിടെ എത്തും   മുമ്പേ തന്നെ ആ പ്രാദേശിക ഭരണകൂടങ്ങൾ വാടകഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി അവരെ സ്വന്തം സ്ഥലങ്ങളിൽ തന്നെ തിരികെ  വിടുന്നു. ഇത് പരാതിക്കാർ നേരിടുന്ന ആദ്യത്തെ വെല്ലുവിളി.  പക്ഷെ പരാതിക്കാരോടുള്ള പ്രാദേശികഭരണകൂടങ്ങളുടെ പ്രതികരണത്തിന്റെ അടുത്ത രൂപം കുറേ കടുത്തതാണ്.’ കറുത്ത ജയിലു‘കളുടെ ആവശ്യകതയും പ്രസക്തിയും ഇവിടെയാണ് കടന്നു വരുന്നത്. തങ്ങൾക്കെതിരെയുള്ള പരാതികളുമായി തലസ്ഥാനത്തെത്തുന്ന പരാതിക്കാരെ തടഞ്ഞു വെക്കുന്നതിനും തടങ്കലിൽ പാർപ്പിക്കുന്നതിനുമായി അവർ ‘കറുത്ത ജയിലുകൾ’ ഒരുക്കിവെയ്ക്കുന്നു.പ്രാദേശിക സർക്കാരുകൾക്കെന്ന പോലെ കേന്ദ്രഭരണകൂടത്തിനും ഈ പരാതിക്കാരെ ഇല്ലായ്മ ചെയ്യേണ്ടത് ആവശ്യമാണ്.പരാതിക്കാർ യഥേഷ്ടം തലസ്ഥാനത്ത് വിഹരിക്കുന്നത് ജനകീയപ്രക്ഷോഭങ്ങൾക്ക് കാരണമായേക്കുമോ എന്ന ഭയമാണ് അവരെ അലട്ടുന്നത്. പ്രാദേശിക രാഷ്ട്രീയക്കാർക്കാകട്ടെ തങ്ങളുടെ രാഷ്ട്രീയ ഭാവിയ്ക്ക് ഈ പരാതിക്കാർ തടസ്സമാകും എന്ന ആശങ്കയും ഉണ്ട്.

ഇത് ഒരു പുത്തൻ ബിസിനസാണ്













സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ,ഹോസ്റ്റലുകൾ,ആശുപത്രികൾ,മാനസികരോഗ കേന്ദ്രങ്ങൾ,പാർപ്പിടസമുച്ചയങ്ങൾ എന്നിവയെ ആണ് പ്രാദേശിക ഭരണകൂടങ്ങൾ ജയിലുകൾ ആക്കിമാറ്റുന്നത്. തടവുപുള്ളിയൊന്നിന് 150 യുവാൻ  വീതം പ്രതിഫലം  നടത്തിപ്പുകാർക്ക് നൽകിയാണ് ഈ ജയിലറകൾ പ്രാദേശികസർക്കാരുകൾ നിലനിർത്തുന്നത് എന്ന് ആരോപിക്കപ്പെടുന്നു.ഏതു വിധേനയും പരാതിക്കാരെ പിടികൂടി തിരിച്ചയയ്ക്കാനോ ജയിലുകളിലെത്തിക്കാനോ ചുമതലപ്പെടുത്തുന്ന ആളുകളുടെ പ്രതിഫലം ഇതിനു പുറമെയാണ്. ഉദ്യോഗസ്ഥന്മാർ, പോലീസ് അധികാരികൾ, ഏജന്റുമാർ എന്നിവർ തമ്മിലുള്ള  കോക്കസ് ആണ് ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. കറുത്ത ജയിലറകൾ പുതിയ ഒരു കച്ചവടത്തിന്റെ കൂടി രംഗഭൂമി ആകുന്നുണ്ട് എന്ന് സാരം. മൂവായിരത്തിലധികം ജോലിക്കാരുള്ളതും കോടിക്കണക്കിനു യുവാൻ വരുമാനം നേടുന്നതുമായ ഒരു കമ്പനിയുടെ വിവരങ്ങൾ 2010 ൽ ചൈനീസ് മാധ്യമങ്ങൾ പുറത്തു വിട്ടത് കോടികളുടെ ബിസിനസ്സാണ് ഈ അന്യായത്തടങ്കൽ മേഖലയിൽ നടക്കുന്നത് എന്ന കാര്യത്തെ കൂടുതൽ സ്പഷ്ടമാക്കുന്നു.


  കറുത്ത ജയിലിലെ മനുഷ്യാവകാ‍ശങ്ങൾ

         ‘ഹ്യൂമൻ റൈറ്റ്സ് വാച്ച്’ എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന 2009 ൽ പുറത്തിറക്കിയ ബ്യഹത്തായ റിപ്പോർട്ടിൽ ഈ കറുത്ത ജയിലുകളുടെ നിലനിൽ‌പ്പും അവിടെ നടമാടുന്ന  ശാരീരിക മാനസിക പീഡനങ്ങളുടെ നേർചിത്രമുണ്ട്.തടവുകാരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു എന്ന് റിപ്പോർട്ട് പറയുന്നു. ഒരു മുറിയ്ക്കുള്ളിൽ 30 വരെ എണ്ണം തടവുകാരെ തിക്കിനിറച്ചിരിക്കുന്ന ജയിലിൽ തടവുപുള്ളികളെ ക്രൂരമർദ്ദനം,പട്ടിണിയ്ക്കിടൽ എന്നിവയ്ക്ക് വിധേയമാക്കുന്നു .മതിയായ ഭക്ഷണം,മരുന്ന്,ഉറക്കം എന്നിവയൊക്കെ നിഷേധിക്കപ്പെടുന്നു തടവുപുള്ളികൾക്ക്.കുടുംബാഗങ്ങളെ കാണുന്നതോ നിയമസഹായം തേടുന്നതോ വിലക്കപ്പെട്ടിരിക്കുന്നു ഇവിടെ. മാസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ പീഡനങ്ങൾക്കൊടുവിൽ ഒരു നാൾ ഇവരെ വിട്ടയയ്ക്കുന്നു,ഇനിയൊരിക്കലും പരാതിയുമായി തലസ്ഥാനത്തേക്ക് വലിഞ്ഞുകയറരുത് എന്ന താക്കീതോടെ.സ്വതന്ത്രരാക്കപ്പെട്ട ഈ തടവുപുള്ളികൾ മനുഷ്യാവകാശഗ്രൂപ്പുകളുമായി നടത്തിയ സംഭാഷണങ്ങളിലാണ് ഇത്തരം ഞെട്ടിക്കുന്ന പീഡനങ്ങളുടെ കഥകൾ കുറച്ചെങ്കിലും പുറത്തുവന്നത്.

കറുത്ത ജയിലുകൾ ഉണ്ടെന്ന് ഭരണകൂടം

         ഐക്യരാഷ്ട്രസഭയുടെ  ഹ്യൂമൻ റൈറ്റ്സ് കൌൺസിലിന്റെ റിപ്പോർട്ടിലടക്കം പല അന്വേഷണങ്ങളിലും വെളിവാക്കപ്പെട്ട ഈ പീഡനകഥകളെല്ലാം നിഷേധിക്കുകയായിരുന്നു ചൈനീസ് സർക്കാർ ചെയ്തത്. എന്നാൽ  അനധിക്യത ജയിൽ നടത്തിപ്പിൽ ഏർപ്പെട്ടിരുന്ന  ‘അന്വാണ്ടിങ് സെക്യൂരിറ്റി സർവീസ് കമ്പനി‘യുടെ  ചെയർമാനും ജനറൽ മാനേജരും 2010 സെപ്തംബറിൽ ബീജിംഗ് നഗരപോലീസിന്റെ പിടിയിലായതോടെ ഇത് സംബന്ധമായ ആദ്യത്തെ കേസ് ചൈനയിലാദ്യമായി പരസ്യമാക്കപ്പെട്ടു.2004 ൽ സ്ഥാപിക്കപ്പെട്ട കമ്പനി , പ്രാദേശികഭരണകൂടങ്ങളുടെ ലയ്സൺ ഓഫീസുകൾ ബീജിംഗിൽ ആരംഭിച്ചാണ് കച്ചവടം തുടങ്ങുന്നത്. പ്രാദേസിക സർക്കാരുകൾ പണം നൽകി ഇവരുടെ ‘സേവനങ്ങൾ’ വാങ്ങുന്നു. കച്ചവടം പച്ചപിടിച്ചതോടെ കമ്പനി അതിന്റെ പ്രതിനിധികളെ വിദൂര ഗ്രാമങ്ങളിലേക്ക് വരെ അയച്ച് അവിടെനിന്നുള്ള പരാതിക്കാരെ ഒതുക്കാനുള്ള കച്ചവടക്കരാറുകൾ നേടുന്നു.  ഒരു വനിതാ പരാതിക്കാരിയെ തടങ്കലിൽ വെച്ച് ബലാത്സംഗം ചെയ്ത കുറ്റത്തിന് ഒരു ഗാർഡിന് 8 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടതും  ആ വർഷം തന്നെയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബീജിംഗിലെ ഒരു കോടതി തടങ്കൽ നടത്തിപ്പുകാരാ‍യ പത്ത് പേർക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചതാണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ സംഭവം. കറുത്ത ജയിലുകൾ ഉണ്ട് എന്ന കാര്യം പരോക്ഷമായെങ്കിലും സമ്മതിക്കുന്നു ഭരണകൂടം ഈ നടപടികളിലൂടെ.

       തന്റെ ഭൂമി അന്യായമായി പിടിച്ചെടുക്കപ്പെട്ടതിനെതിരെയോ തനിക്കേറ്റ പോലീസ് മർദ്ദനത്തിനെതിരെ  നീതി  തേടിയോ തലസ്ഥാനനഗരത്തിൽ എത്തിച്ചേരുന്ന ഓരോ മനുഷ്യനും നീതിയ്ക്ക് പകരം ചൈനയിൽ അവകാശമാക്കുക പീഡനവും അപമാനവുമാണ് എന്ന സത്യം നമ്മെക്കൊണ്ടെത്തിക്കുക ഏതൊരു സമഗ്രാധിപത്യ വ്യവസ്ഥയും ഇങ്ങനെയൊക്കെത്തന്നെയാണ് ‘ശല്യ’ ക്കാരെ ഇല്ലാതാക്കുക എന്ന തിരിച്ചറിവിലാണ്.നഗരകേന്ദ്രത്തിൽ പരസ്യമായി സ്ഥാപിച്ച ചെണ്ടയിൽ കൊട്ടി തന്റെ പരാതി അധികാരികൾക്കും ജനങ്ങൾക്കും മുൻപിൽ സധൈര്യം വെളിപ്പെടുത്താൻ സ്വാതന്ത്യമുണ്ടായിരുന്ന പഴയ ചൈനീസ് പാരമ്പര്യം മരിച്ച് മണ്ണടിഞ്ഞ് പോയിരിക്കുന്നു എന്നും   മഹത്തായ സംസ്കാരത്തിന്റെ ആസ്ഥാനമായിരുന്ന ചൈന ഇന്ന് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായിരിക്കുന്നു എന്ന തിരിച്ചറിവ് പൂർണമാക്കുന്നു ഈ ‘കറുത്ത ജയിലു‘കൾ.