Friday, December 21, 2012

ഏതിനാണു വില കൂടുതൽ,ഐ ഫോണിനോ അതോ കിഡ്നിക്കോ?

ആപ്പിള്‍ ഐഫോണിനോ കിഡ്‌നിയ്‌ക്കോ, ഏതിനാണ് വില കൂടുതല്‍? നിങ്ങളുടെ മറുപടി 'കിഡ്‌നി' എന്നായിരിക്കും അല്ലെ? എന്നാല്‍ ചൈനയിലെ യുവാക്കള്‍ തങ്ങളുടെ കിഡ്‌നിയേക്കാള്‍ വിലകല്‍പ്പിക്കുക ഐഫോണിനായിരിക്കും. അവയവവ്യാപാരത്തിന്റെ പുത്തന്‍ പറുദീസയായി മാറിയിരിക്കുന്ന ചൈനയിലെ യുവാക്കള്‍ ആപ്പിള്‍ കമ്പനിയുടെ ഐഫോണിനോ ഐ പാഡിനോ പകരമായി തങ്ങളുടെ കിഡ്‌നി നല്‍കുന്നതാണ് ഈ രംഗത്തെ പുത്തന്‍ പ്രവണത.'നൂറ് പൂക്കള്‍ വിരിയട്ടെ'എന്ന് പാടിയവരുടെ പിന്‍തലമുറയുടെ ഇന്നത്തെ മുദ്രാവാക്യം ' കിഡ്‌നി വില്‍ക്കൂ,ഐപാഡ് കരസ്ഥമാക്കൂ' എന്നതാണ്. ആപ്പിളിന്റെ ഉത്പ്പന്നങ്ങളോട് ഭ്രാന്തമായ ആവേശം പുലര്‍ത്തുന്നു ചൈനീസ് സമൂഹം, സാധനത്തിനാണെങ്കില്‍ പൊള്ളുന്ന വിലയും .

അവയവവ്യാപാരം ആഗോളതലത്തില്‍
  ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു വര്‍ഷം ലോകമൊട്ടാകെ ഏകദേശം 10,000 നിയമവിരുദ്ധ കിഡ്‌നിക്കച്ചവടങ്ങള്‍ നടക്കുന്നുണ്ട്. അതായത് ഒരു മണിക്കൂറില്‍ ഒന്നിലധികം എണ്ണം. ജീവിതശൈലീ രോഗങ്ങളുടെ , പ്രത്യേകിച്ച് പ്രമേഹത്തിന്റെ ആഗോളമായ വര്‍ദ്ധനവ് കിഡ്‌നിയുടെ ആവശ്യകത മുന്‍പത്തേക്കാള്‍ കൂടുതലാക്കിയ സാഹചര്യത്തില്‍ അവയവവ്യാപാരം എന്നത് ഒരു പൊടിപൊടിപ്പന്‍ കച്ചവടമായി മാറിയിരിക്കുന്നു,ലോകമെമ്പാടും. ലോകാരോഗ്യ സംഘടനയുടെ തന്നെ വിവരങ്ങള്‍ അനുസരിച്ച് നിയമവിധേയവും വിരുദ്ധവുമായവ അടക്കം 2010 ല്‍ ആകെ നടന്ന 1,06,879 എണ്ണം അവയവക്കൈമാറ്റം ആകെ ആഗോള ആവശ്യത്തിന്റെ വെറും 10 ശതമാനമേ ആകുന്നുള്ളൂ എന്നത് ഇത് വലിയൊരു മേഖല തന്നെയാണ് എന്ന കാര്യത്തിന് അടിവരയിടുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ആവശ്യക്കാര്‍ക്ക് തങ്ങളുടെ സ്വദേശത്തിലേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് കിഡ്‌നി ലഭിക്കുന്ന സ്ഥലങ്ങളായ ചൈന,ഇന്ത്യ,പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് പറക്കേണ്ടതേയുള്ളൂ. സംഗതി വളരെയെളുപ്പം.ഇടനിലക്കാര്‍ ഉണ്ട് അവിടെയും. വെറും 5000 ഡോളര്‍ മുടക്കി അവര്‍ വാങ്ങുന്ന കിഡ്‌നി ആവശ്യക്കാരന് നല്‍കുന്നതോ 2 ലക്ഷം ഡോളര്‍ വരെ വിലയ്ക്ക്!

ഇവിടെയും ഒന്നാമതാകുന്ന ചൈന
  മേല്‍ കാണിച്ച കച്ചവടരീതിയുടെ ഏറ്റവും വലിയ കേന്ദ്രം ആയിരിക്കുന്നു ചൈന. പ്രതിവര്‍ഷം 1.5 ദശലക്ഷം അവയവം മാറ്റിവെക്കല്‍ ആവശ്യമായ ചൈനയില്‍ നടക്കുന്നത് വെറും പതിനായിരം എണ്ണം മാത്രം. പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഏതൊരു കച്ചവടത്തെയും പോലെ ഇവിടെയും ദാരിദ്യത്തിനെ ചൂഷണം ചെയ്യല്‍ തന്നെയാണ് പ്രധാനഘടകം. ചൈനയിലേക്ക് അവയവമാറ്റത്തിനായി ആവശ്യക്കാര്‍ പ്രധാനമായും എത്തുന്നത് മിഡില്‍ ഈസ്റ്റ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ്. ധനേച്ഛയില്ലാത്ത അവയവദാനം ഒഴികെയുള്ളവ നിയമവിരുദ്ധമായ ചൈനയില്‍ പക്ഷെ വളരെ വ്യാപകമായി ഇത് നടക്കുന്നു എന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഡോക്ടര്‍മാരും ഇടനിലക്കാരും ആശുപത്രികളും ചേര്‍ന്ന ഈ അവയവക്കച്ചവട മാര്‍ക്കറ്റിലേക്ക് ഗ്രാമനഗരങ്ങളില്‍ നിന്ന് ദരിദ്രരും തൊഴില്‍രഹിതരുമായ യുവാക്കളെ കണ്ടെത്തി എത്തിക്കുന്നു , ഇടനിലക്കാര്‍. വിലയുള്ള ഫോണിനോടുള്ള ആഗ്രഹം ഉള്ളിലൊതുക്കിക്കഴിയുന്ന ദരിദ്രന്റെ മനസ്സില്‍ തന്റെ ഒരു കിഡ്‌നിക്ക് പകരം ലഭിക്കാവുന്ന ഐഫോണിന്റെ ചിത്രം കൊണ്ടു വരുന്നതോടെ സംഗതി പകുതി ക്ലിക്കാവുന്നു. പിന്നെല്ലാം വേഗത്തില്‍ . പത്ത് ദിവസത്തിനകം സര്‍ജറി കഴിഞ്ഞ് പുത്തന്‍ ഐഫോണുമായി തിരികെയെത്തുന്നു, നമ്മുടെ തൊഴില്‍ രഹിതന്‍. ആര്‍ഭാടജീവിതം വരുത്തിവെച്ച കടം വീട്ടുന്നതിനും കൂട്ടുകാരിയുടെ അബോര്‍ഷന്‍ നടത്തുന്നതിനുമെല്ലാം അവന്‍ കിഡ്‌നി വില്‍ക്കാന്‍ പ്രേരിതനാകുന്നു. 2 മാസം മുന്‍പ് ഹുനാന്‍ പ്രവിശ്യയില്‍ നടന്നതും നിയമത്തിന്റെ മുന്‍പില്‍ എത്തിയതുമായ ഒരു സംഭവം തെളിയിക്കുന്നത് ചൈനീസ് സമൂഹത്തില്‍ വേരൂന്നി നില്‍ക്കുന്ന ജീര്‍ണത തന്നെയാണ്. സ്വന്തം കിഡ്‌നി 3000 ഡോളറിന് വിറ്റ് ഐപാഡും ഐഫോണും വാങ്ങിയ പതിനേഴുകാരന് മ്യതപ്രായനായതിനാല്‍ വിചാരണയ്ക്കായി കോടതിയിലെത്താന്‍ പോലും സാധിച്ചില്ല. സര്‍ജറി നടത്തിയ ഡോക്ടര്‍ അടക്കം 5 പേരാണ് ഈ കേസില്‍ പിടിയിലായത്. ഒരു ഓണ്‍ലൈന്‍ ചാറ്റിലൂടെയാണ് പയ്യന്‍ തന്റെ കിഡ്‌നി വില്‍ക്കാന്‍ സന്നദ്ധനായതെന്ന് അധിക്യതര്‍ പറയുന്നു. ഇടനിലക്കാര്‍ക്ക് ഈ കച്ചവടത്തില്‍ ലഭിച്ച തുക 35000 ഡോളറാണ്.

സര്‍ക്കാര്‍ ഇടപെടല്‍ 
  2007 ലാണ് ചൈനയിലാദ്യമായി അവയവക്കൈമാറ്റത്തിന് ദേശീയതലത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നത്. തുടര്‍ന്ന് അവയവക്കച്ചവടം നടത്തുന്ന സംഘടനകള്‍ നിരോധിക്കപ്പെട്ടു. കഴിഞ്ഞ ജുലൈയില്‍ 18 പ്രവിശ്യകളില്‍ ഒരേ സമയം നടത്തിയ ഓപ്പറേഷനില്‍ രക്ഷിക്കാനായത് 127 വ്യക്തികളെയാണ് . 28 സംഘങ്ങളാണ് പിടിയിലായത്. 'തൊണ്ണൂറുകള്‍ക്ക് ശേഷം ജനിച്ച തലമുറ ചെറിയ വിഷമതകള്‍ വരുമ്പോള്‍ തന്നെ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നു. തങ്ങളുടെ ശരീരവും ഉപഭോഗ ത്യഷ്ണയും തമ്മിലുള്ള തെരഞ്ഞെടുപ്പില്‍ അവര്‍ രണ്ടാമത്തെത് എടുക്കുന്നു.ഇന്ന് സമൂഹത്തില്‍ ആഗ്രഹങ്ങള്‍ക്ക് ഒടുക്കമില്ല്‌ലാതെയാവുകയും ആവശ്യങ്ങള്‍ക്ക് പരിധിയില്ലാതാവുകയും ചെയ്തിരിക്കുന്നു. അന്യരുമായി അന്ധമായി നടത്തുന്ന മത്സരം സമൂഹത്തെ ക്രമേണ തകര്‍ച്ചയിലെത്തിക്കും ' . യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്രമായ ഗ്വാങ്മിങ് പറയുന്നു.

സര്‍ക്കാരിന്റെ പുത്തന്‍ പദ്ധതി 
 കൂടിവരുന്ന അവയവക്കച്ചവടത്തിന് വിരാമം ഉണ്ടാക്കാനായി ചൈനീസ് സര്‍ക്കാര്‍ 2017 ഓടെ നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച പുത്തന്‍ പദ്ധതി ലോകവ്യാപകമായി പ്രതിഷേധത്തിന് കാരണമാവുകയുണ്ടായി അടുത്തിടെ. വധശിക്ഷയ്ക്ക് വിധേയമാക്കുന്നവരില്‍ നിന്ന് അവയവങ്ങള്‍ എടുക്കുന്ന രീതി ഉള്‍ക്കൊള്ളുന്നു, ഈ പുത്തന്‍ പദ്ധതി. ലോകത്തേറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന ചൈനയില്‍ ഇത്തരത്തില്‍ ലഭിക്കുന്ന അവയവങ്ങള്‍ ഡിമാന്റ് നികത്തും എന്ന് കരുതുന്നു, സര്‍ക്കാര്‍. നിരോധിക്കപ്പെട്ട മതസംഘടനയായ ഫാലന്‍ ഗോങിന്റെ അനുയായികളായ തടവുകാരെ വധിക്കുന്നതിനു മുന്‍പ് അവയവങ്ങള്‍ എടുത്തുമാറ്റുന്നു എന്ന ആരോ പണം ഇപ്പോള്‍ തന്നെ ചൈനയുടെ മേലുണ്ട്. മാറേണ്ട മനോഭാവങ്ങള്‍ ധനേച്ഛയില്ലാത്ത അവയവദാനത്തിന് സമൂഹം കൂടുതലായി തയ്യാറാവുകയും മസ്തിഷ്‌കമരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവം എടുക്കല്‍ കൂടുതല്‍ സുഗമം ആക്കുകയും ചെയ്യുന്നതു വഴി മാത്രമേ ഈ അധാര്‍മ്മികക്കച്ചവടത്തെ ഇല്ലാതാക്കാന്‍ കഴിയൂ എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നു. ഉപഭോഗത്യഷ്ണയുടെ നീരാളിക്കയ്യിലകപ്പെടുന്ന പുതിയ തലമുറ സ്വന്തം ശരീരം പോലും വില്‍ക്കാന്‍ തയ്യാറാകുന്ന അവസ്ഥയിലെത്തുന്ന മുതലാളിത്ത സമൂഹത്തില്‍ നിന്ന് ഇതിലും വലുത് കാത്തിരിക്കണം നമ്മള്‍.

എൻ മലയാളം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്