Friday, January 11, 2013

സംസാരിക്കുന്ന ചിത്രങ്ങൾ

           കൂട്ടുകാരിൽ മിക്കവരും സ്ഥിരമായി പത്രം വായിക്കുന്ന സ്വഭാവം ഉള്ളവരായിരിക്കും അല്ലേ? പലപ്പോഴും വാർത്തകൾക്കൊപ്പം ഫോട്ടോകളും നൽകിയിരിക്കുന്നത് ശ്രദ്ധിച്ചിരിക്കും . വാർത്ത നമുക്ക് നൽകാൻ ശ്രമിക്കുന്ന വിവരത്തെ പൂർണമാക്കാനാണ് ഇത്തരത്തിൽ ചിത്രങ്ങൾ അവയ്ക്കൊപ്പം നൽകുന്നത്. പലപ്പോഴും ഈ ചിത്രങ്ങൾക്ക് ഒറ്റയ്ക്കുള്ള നിലനിൽ‌പ്പ് ഉണ്ടാകാറില്ല. എന്നാൽ ആയിരക്കണക്കിനു വാക്കുകൾക്ക് കഴിയാൻ സാധിക്കാത്തത്ര ഉൾക്കാഴ്ച നൽകുന്ന വാർത്താചിത്രങ്ങൾ ലോകചരിത്രത്തിലുണ്ട്. അവ മിക്കവയും ദുരന്തങ്ങളിലും യുദ്ധങ്ങളിലും അകപ്പെടുന്ന മനുഷ്യരുടെ കഥയാണ് നമുക്ക് പറഞ്ഞ് തരുന്നത്. ഇന്ന് നമുക്ക് അവയിൽ കുറച്ച് ചിത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം .

പാവം പെൺകുട്ടി!

വാർത്താചിത്രം എന്ന് കേൾക്കുമ്പോഴെ മനസ്സിൽ എപ്പോഴും ഓടിയെത്തുന്ന ഒന്നാണ് ഈ പാവം പെൺകുട്ടിയുടെ കരച്ചിലും യാതനയും. വിയറ്റ്നാം യുദ്ധരംഗത്തു നിന്നാണീ ദ്യശ്യം നിക് ഉട്ട് എന്ന ഫോട്ടോഗ്രാഫർക്ക് ലഭിക്കുന്നത്. കിം ഫുക് എന്ന 9 വയസ്സുകാരി 1972 ജൂൺ എട്ടാം തീയതിയിലെ നാപ്പാം ബോംബാക്രമണത്തിൽ ശരീരമാസകലം പൊള്ളലേറ്റ് അലറിക്കരഞ്ഞു കൊണ്ട് നഗ്നയായി തെരുവിലൂടെ ഓടുന്ന ദ്യശ്യം യുദ്ധത്തിന്റെ ഭീകരത ലോകത്തിന് ബോധ്യപ്പെടുത്തിയ ഒന്നാണ്.

ദാരിദ്യത്തിന്റെ മുഖചിത്രം!


1930 കളിൽ അമേരിക്കയെ പിടിച്ചുലച്ച ‘ഗ്രേറ്റ് ഡിപ്രഷൻ’ എന്നറിയപ്പെട്ട സാമ്പത്തിക മാന്ദ്യത്തിന്റെ നേർക്കാഴ്ച്ചയാണീ ചിത്രം നൽകുന്നത്. 1936 ൽ ഡൊറോത്തി ലാംഗ്സ് എടുത്ത ‘മൈഗ്രന്റ് മദർ’ എന്ന് പേരുള്ള ഈ ചിത്രത്തിൽ തെളിഞ്ഞു കാണുന്നത് ദാരിദ്യത്തിന്റെ നിസ്സഹായ അവസ്ഥയാണ്.

       
     തൊഴിലും വീടും നഷ്ടപ്പെട്ട് കാലിഫോർണിയയിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന ഫ്ലോറൻസ് ഓവൻസ് തോംസൺ എന്ന ഏഴു കുട്ടികളുടെ അമ്മയാണീ ചിത്രത്തിലിരുന്ന് നമ്മെ നോക്കി നെടുവീർപ്പിടുന്നത്.






കത്തുന്ന സംന്യാസി!
പ്രതിഷേധത്തിന്റെ ഭാവങ്ങൾ അനാവരണം ചെയ്യുന്ന പ്രസിദ്ധമായ വാർത്താചിത്രങ്ങളിലൊന്നാണ് വിയറ്റ്നാമിലെ തിച് ക്വാങ് ഡുക് എന്ന ബുദ്ധസംന്യാസിയുടേത്. 1963 ജൂൺ 11 നാണ് ഇദ്ദേഹം മതസ്വാതന്ത്ര്യം അനുവദിക്കപ്പെടാത്ത തെക്കൻ വിയറ്റ്നാമിലെ അവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് ജനത്തിരക്കേറിയ സൈഗോൺ നഗരത്തിലെ ഒരു തെരുവിൽ വെച്ച് സ്വയം തീകൊളുത്തിയത്. മാൽക്കം ബ്രൌൺ എന്ന ഫോട്ടോഗ്രാഫർ ആണ് ഈ വിഖ്യാതമായ ഫോട്ടോ എടുത്തത്.

കഴുകനും കുഞ്ഞും

വളരെയൊന്നും പഴക്കമില്ലാത്ത ഒരു സംഭവം ആണീ പ്രസിദ്ധമായ ചിത്രത്തിന് ആസ്പദമായത്. 1993 ൽ ആഫ്രിക്കൻ രാജ്യമായ സുഡാനിലെ കടുത്ത ക്ഷാമം ആണ് പശ്ചാത്തലം. ഒരു കിലോമീറ്റർ അകലെയുള്ള അഭയാർഥിക്യാമ്പിലേക്ക് വിശപ്പ് കൊണ്ട് നടക്കാൻ പോലും കഴിയാത്ത പെൺകുട്ടി ഇഴഞ്ഞ് നീങ്ങുന്നതും നോക്കിയിരിക്കുന്ന കഴുകൻ. അവൾ മരിച്ച് വീഴുന്നതും നോക്കി ഇരിക്കുകയാണാ കഴുകൻ. കെവിൻ കാർട്ടർ എന്ന ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ ആണ് ഈ ഫോട്ടോ ലോകത്തിനു നൽകിയത്. ഫോട്ടോ എടുത്ത ഉടൻ അവിടെ നിന്ന് പോയ കാർട്ടർക്ക് ആ കുഞ്ഞിന് പിന്നെന്ത് സംഭവിച്ചു എന്ന കാര്യം അറിയില്ല;നമുക്കും. മികച്ച വാർത്താചിത്രങ്ങൾക്ക് നൽകപ്പെടുന്ന പുലിറ്റ്സർ സമ്മാനം ഈ ചിത്രത്തിന്റെ പേരിൽ നേടിയ അദ്ദേഹം ചിത്രമെടുത്ത് മൂന്ന് മാസത്തിനകം ആത്മഹത്യ ചെയ്യുകയായിരുന്നു .

മരിക്കുന്നവന്റെ മുഖം
വിയറ്റ്നാം യുദ്ധരംഗത്തു നിന്നു തന്നെയാണ് ഈ ചിത്രവും എടുത്തിട്ടുള്ളത്. തെക്കൻ വിയറ്റ്നാമിലെ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തിയ ‘വിയറ്റ്കോങ് ‘ എന്ന ഗറില്ലാ സംഘടനയുടെ അംഗമായ ഗുയെൻ വാൻ ലെം എന്ന ആളെയാണ് സൈഗോണിലെ തെരുവീഥിയിൽ വെച്ച് 1968 ഫെബ്രുവരി ഒന്നിന് വെടിവെച്ച് കൊല്ലുന്നത്. എഡ്ഡി ആഡംസ് എന്ന ഫോട്ടോജേർണലിസ്റ്റ് ആണ് മരിക്കുന്ന മനുഷ്യന്റെ ദൈന്യത നിറഞ്ഞു നിൽക്കുന്ന ഈ ചിത്രത്തിന്റെ സ്രഷ്ടാവ്. അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനെതിരെ പ്രതിഷേധം രൂക്ഷമാകാൻ ഈ ചിത്രം ഒട്ടേറെ സഹായിച്ചിട്ടുണ്ട്.

വീഴുന്ന മനുഷ്യൻ!

നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ലോകത്ത് നടന്ന ഏറ്റവും നിർണ്ണായകവും പ്രധാനപ്പെട്ടതുമായ സംഭവം ആണല്ലോ 2001 സെപ്തംബർ 11 ലെ വേൾഡ് ട്രേഡ് സെന്ററിലെ തീവ്രവാദി ആക്രമണം. ആ സംഭവത്തിന്റെ ഒട്ടേറെ ഫോട്ടോകൾ നാം കണ്ടിട്ടുണ്ടെങ്കിലും അക്കൂട്ടത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് റിച്ചാർഡ് ഡ്രൂ എന്ന ഫോട്ടോഗ്രാഫറുടെ ഈ ചിത്രം. കത്തിയെരിയുന്ന കെട്ടിടത്തിന്റെ നൂറ്റിയാറാം നിലയിൽ നിന്നാണ് ഇനിയും തിരിച്ചറിയപ്പെടാത്ത ഈ മനുഷ്യൻ കുത്തനെ ചാടുന്നത്. പ്രസിദ്ധ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനു വേണ്ടി ഒരു ഫാഷൻ ഷോയുടെ ഫോട്ടോ എടുക്കാൻ ന്യൂയോർക്കിൽ എത്തിയതായിരുന്നു റിച്ചാർഡ് ഡ്രൂ. മഹത്തായ എല്ലാ ഫോട്ടോകളെയും പോലെ യാദ്യശ്ചികതയുടെ ആ നിമിഷത്തിൽ ഡ്രൂ രംഗം കാണുകയും ലോകത്തിനായി സമർപ്പിക്കുകയും ചെയ്തു.

സാന്ത്വനമേകുന്ന അമ്മ

2011 ലെ ഏറ്റവും മികച്ച വാർത്താചിത്രത്തിനുള്ള ‘വേൾഡ് പ്രസ്സ് ഫോട്ടോ’ അവാർഡ് നേടിയ ചിത്രം ആണിത്. സമകാലികമായ ഒരു സംഭവമാണ് ചിത്രത്തിൽ. ‘മുല്ലപ്പൂ വിപ്ലവം’ എന്ന് വിളിക്കപ്പെടുന്ന, 2011 ൽ അറബ് രാജ്യങ്ങളിൽ അരങ്ങേറിയ പ്രക്ഷോഭങ്ങളുടെ തുടക്കം യെമൻ എന്ന രാജ്യത്തായിരുന്നു. ആയിരങ്ങൾ അണിനിരന്ന മാർച്ചിനു നേരെയുള്ള പോലീസിന്റെ കണ്ണീർ വാതക പ്രയോഗം ഈ യുവാവിനെയും വീഴ്ത്തി. അവനെ സാന്ത്വനിപ്പിക്കുന്ന അമ്മയുടെ ചിത്രം എടുത്ത് സമ്മാനിതനായ ഫോട്ടോഗ്രാഫർ സാമുവേൽ അരാന്റ എന്ന സ്പെയിൻകാരനാണ്.

ദുരന്തത്തിന്റെ പിഞ്ചുമുഖം

1984 ൽ ഇന്ത്യയെ നടുക്കിയ ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് പഠിച്ചിട്ടുണ്ടാകും അല്ലെ? ആ ദുരന്തത്തിന്റെ ഭീകരതയെക്കുറിച്ച് ആയിരക്കണക്കിനു പേജുകളുടെ വായന തരാത്ത നടുക്കം നമുക്ക് നൽകുന്നു ഈ വാർത്താചിത്രം. ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുക്കപ്പെട്ട കുഞ്ഞിന്റെ മ്യതശരീരത്തിന്റെ ചിത്രം ഒരിക്കൽ കണ്ടവരുടെയെല്ലാം മനസ്സിൽ ഒരു നൊമ്പരമായി നിൽക്കും. ഒരു ലക്ഷണമൊത്ത വാർത്താചിത്രം ലക്ഷ്യം വെയ്ക്കുന്നതും അത് തന്നെയാണ്. വിഖ്യാത ഇന്ത്യൻ വാർത്താ ഫോട്ടോഗ്രാഫറായ രഘുറായ് ആണ് ഭോപ്പാൽ ദുരന്തത്തിന്റെ പ്രതീകമായിത്തീർന്ന ഈ ചിത്രം എടുത്തത്.







ആർത്തനാദം


2004 ൽ ലോകത്തെ പിടിച്ചുകുലുക്കിയ ദുരന്തമായ സുനാമിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ആയിരക്കണക്കിനു മനുഷ്യരുടെ വേദനയുടെ നേർചിത്രമാണ് ഇന്ത്യക്കാരനായ പ്രസ്സ് ഫോട്ടോഗ്രാഫർ അർക്കോ ദത്തയുടെ ഈ ഫോട്ടോ നൽകുന്നത്. സുനാമിയിൽ എല്ലാം നശിച്ച തമിഴ്നാട്ടിലെ കൂടല്ലൂർ എന്ന കടലോരഗ്രാമത്തിലെ സ്ത്രീ തന്റെ ഉറ്റബന്ധുവിന്റെ ജഡത്തിനു സമീപം കിടന്ന് വിലപിക്കുന്ന ചിത്രം ആരുടെയും കരളലിയിക്കും. ഒട്ടേറെ ബഹുമതികൾ നേടിയിട്ടുള്ള ഈ ഫോട്ടോ ‘റോയിട്ടേഴ്സ്’ എന്ന വാർത്താ ഏജൻസിയ്ക്ക് വേണ്ടിയാണ് അർക്കോ ദത്ത ഒപ്പിയെടുത്തത്. ജഡത്തിന്റെ ഒരു കയ്യുടെ ചെറിയ ഭാഗം മാത്രമേ ചിത്രത്തിൽ വരുന്നുള്ളൂ എങ്കിലും ദുരന്തത്തിന്റെ വേദന മുഴുവൻ പ്രതിഫലിക്കുന്നുണ്ട് ചിത്രത്തിൽ.

കമ്പിവേലിക്കുള്ളിൽ അച്ഛനും മകനും

യുദ്ധത്തടവുകാരനായ ഈ മനുഷ്യൻ തന്റെ മകനെ മാറോട് ചേർത്തിരിക്കുന്ന പ്രസിദ്ധമായ ചിത്രം അമേരിക്കയുടെ ഇറാഖ് അധിനിവേശവുമായി ബന്ധപ്പെട്ടതാണ്. ചുറ്റും കനത്ത കമ്പിവേലികൾ കൊണ്ട് അതിരിട്ടിരിക്കുന്ന ഇറാഖിലെ അൽ നജഫ് യുദ്ധത്തടങ്കൽ പാളയത്തിലാണ് 2003 മാർച്ച് 31 ന് വികാരതീവ്രമായ ഈ രംഗം നടന്നത്. അസോസിയേറ്റഡ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായ ജീൻ മാർക് ബൌജു ആണ് ഫോട്ടോഗ്രാഫർ. ഈ ചിത്രം അദ്ദേഹത്തിന് 2003 ലെ വേൾഡ് പ്രസ്സ് ഫോട്ടോ അവാർഡ് നേടിക്കൊടുത്തു.

ഷാങ്ഹായിലെ കുഞ്ഞ്

ഈ പ്രസിദ്ധ ചിത്രവും ഒരു യുദ്ധരംഗത്തിൽ നിന്നുള്ളതാണ്. രണ്ടാം ചൈന-ജപ്പാൻ യുദ്ധം നടക്കവെ 1937 ൽ ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ഷാങ്ഹായ് കീഴടക്കിക്കൊണ്ട് മുന്നേറിയ ജപ്പാന്റെ ബോംബാക്രമണത്തിൽ തകർന്ന ഷാങ്ഹായ് റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് കരയുന്ന കുഞ്ഞിന്റെ ചിത്രം ഏത് യുദ്ധത്തിലും ആത്യന്തികമായി ബാധിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയെ കാണിക്കുന്നു. 1937 ഒക്ടോബറിൽ എച്ച്.എസ്.വോങ് എന്ന ന്യൂസ്റീൽ ഫോട്ടോഗ്രാഫർ എടുത്ത ഈ ചിത്രം ജപ്പാനെ പ്രകോപിതമാക്കുകയും അവർ ഫോട്ടോഗ്രാഫറുടെ തലയ്ക്ക് 50000 ഡോളർ വിലയിടുകയും ചെയ്തു. ഈ ചിത്രത്തിൽ ഇല്ലാത്ത ഒന്ന് കുഞ്ഞിനരികിൽ കിടപ്പുണ്ടായിരുന്നു : അതിന്റെ അമ്മയുടെ ജഡം.

മാത്യഭൂമി ‘വിദ്യ’യിൽ പ്രസിദ്ധീകരിച്ചത്

No comments:

Post a Comment