ഇരുപതാം നൂറ്റാണ്ടിന്റെ കലയായ സിനിമയ്ക്ക് മറ്റേതൊരു കലാരൂപത്തെയുംകാള്‍ ഇന്ന് കുട്ടികള്‍ക്കിടയില്‍ സ്വാധീനം ഉണ്ട്.സിനിമ ഒരു കലയായി വികസിച്ചുവന്ന ആദ്യകാലം മുതല്‍ തന്നെ കുട്ടികള്‍ മുഖ്യകഥാപാത്രം ആയുള്ളതോ കുട്ടികളുടെ ലോകം ആവിഷ്കരിക്കുന്നതോ ആയ ഒട്ടേറെ സിനിമകള്‍ ഉണ്ടായിട്ടുണ്ട്.ഇവയില്‍ പല ചിത്രങ്ങളും കുട്ടിയെ ഒരു വ്യക്തി എന്ന നിലയില്‍ കാണുന്നതോ അവരുടെ പ്രശ്‌നങ്ങളെ ശരിയായി ചര്‍ച്ച ചെയ്യുന്നതോ ആയിരുന്നില്ല.നമ്മുടെ കുട്ടികള്‍ ഇന്ന് ഇത്തരം ചിത്രങ്ങളാണ് കുട്ടികളുടേത് എന്ന പേരില്‍ കാണുന്നതും ആസ്വദിക്കുന്നതും.ഹോളിവുഡ്ഡ് പടച്ചു വിടുന്ന ഹാരിപോട്ടര്‍,സൂപ്പര്‍മാന്‍ മാത്യകയിലുള്ള ആത്മാവില്ലാത്ത സിനിമകള്‍ കുട്ടികളില്‍ അക്രമവാസന,സാമൂഹ്യബോധമില്ലായ്മ ,അരാജകസ്വഭാവം എന്നിവ നിറയ്ക്കുന്നു.എന്നാല്‍ ഇത്തരത്തിലല്ലാതെ കുറെ സിനിമകള്‍ ഉണ്ട്. കുട്ടികള്‍ പ്രധാനകഥാപാത്രങ്ങള്‍ ആയതായാലും അല്ലെങ്കിലും ഈ സിനിമകള്‍ അവര്‍ക്ക് വെറും വിനോദം മാത്രമല്ല നല്‍കുന്നത്,പകരം നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള ശരിയായ ധാരണകള്‍ രൂപപ്പെടുത്താനും വ്യക്തികളെന്ന നിലയില്‍ സമൂഹത്തിനു കൂടുതല്‍ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു ഇത്തരം ചില സിനിമകളെ ഇന്ന് പരിചയപ്പെടാം.
ദ കിഡ് (1921)
ചാര്‍ളി ചാപ്ലിന്‍ എന്നും കുട്ടികള്‍ക്ക് പ്രിയങ്കരന്‍ ആണല്ലോ? അദ്ദേഹത്തിന്റെ ആദ്യ മുഴുനീള കഥാചിത്രം ആണ് 'ദ കിഡ്'.ഈ നിശ്ശബ്ദ സിനിമ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആബാലവ്യദ്ധം ആകര്‍ഷിച്ച ഒന്നാണ് .ഇന്നും ഈ സിനിമ കുട്ടികളെ ആകര്‍ഷിക്കുന്നു.അവിവാഹിതയായ ഒരു അമ്മ തന്റെ കുഞ്ഞിനെ ദാരിദ്യം മൂലം ഉപേക്ഷിക്കുന്നു.തെരുവില്‍ വളരുന്ന അവനെ ചാര്‍ളി ചാപ്ലിന്‍ അവതരിപ്പിക്കുന്ന തെണ്ടി-ഇത് അദ്ദേഹത്തിന്റെ സ്ഥിരം കഥാപാത്രമായി മാറി- കാണുകയും ആദ്യം ഇഷ്ടമില്ലാതെയാണെങ്കിലും സംരക്ഷിക്കുകയും ചെയ്യുന്നു.അവന് 'ജോണ്‍' എന്നു പേര് നല്‍കുന്നു.തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ജീവിക്കാന്‍ തുടങ്ങുന്നു.അവര്‍ ഒരു പുതിയ തൊഴില്‍ കണ്ടെത്തുന്നു: കുട്ടി ജനല്‍ ചില്ലുകള്‍ തകര്‍ക്കും,ചാപ്ലിന്‍ അവ നന്നാക്കിക്കൊടുത്ത് പണം സമ്പാദിക്കും.രസകരമായ രംഗങ്ങള്‍ ഇണക്കിച്ചേര്‍ത്താണ് ചാപ്ലിന്‍ സിനിമ പറഞ്ഞു പോകുന്നത്.സര്‍ക്കാര്‍ അധിക്യതര്‍ കുട്ടി തെണ്ടിയുടെ മകനല്ല എന്ന് മനസ്സിലാക്കുന്നതോടെ കഥയില്‍ ദു:ഖകരമായ വഴിത്തിരിവുണ്ടാകുന്നു.അവര്‍ കുട്ടിയെ വളര്‍ത്തച്ഛനില്‍ നിന്ന് വേര്‍പെടുത്തി ഒരു അനാഥാലയത്തില്‍ ഏല്പ്പിക്കാന്‍ ശ്രമിക്കുന്നെങ്കിലും അവര്‍ അവിടെനിന്നും രക്ഷപ്പെടുന്നു.അവര്‍ ഒളിച്ചു താമസിക്കുന്നയിടത്ത് നിന്നും കുട്ടിയെ പോലീസുകാര്‍, അപ്പോഴേക്കും പ്രശസ്തയായ ഓപ്പറ ഗായിക ആയിക്കഴിഞ്ഞിരുന്ന അവന്റെ മാതാവിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നു.ഒടുവില്‍ തെണ്ടി ജോണിനെ അവന്റെ വീട്ടില്‍ വെച്ച് കണ്ടുമുട്ടുന്ന രംഗം വികാരപൂര്‍ണമാണ്.സ്‌നേഹം എന്നത് ഒരിക്കലും രക്തബന്ധത്തില്‍ മാത്രം അധിഷ്ഠിതം അല്ല എന്നും ജീവിതത്തിലെ വിഷമതകള്‍ സമാനരെ സ്‌നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കും എന്നും 'ദ കിഡ്' നമ്മെ പഠിപ്പിക്കുന്നു.സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പോകാന്‍ അമ്മയെ പ്രേരിപ്പിക്കുന്ന ദാരിദ്ര്യവും സിനിമയില്‍ പ്രധാനഘടകമാണ്.സിനിമ ആ പട്ടിണിക്കാലത്തിന്റെ നേര്‍കാഴ്ചയും ആകുന്നു.തന്റെ ഏഴാം വയസ്സില്‍ അമ്മയില്‍ നിന്ന് വേര്‍പെടുത്തപ്പെട്ട് ഒരനാഥാലായത്തില്‍ ചേര്‍ക്കപ്പെടുന്ന ചാപ്ലിന്റെ ജീവിതവുമായി ഈ സിനിമ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു.
ദ റെഡ് ബലൂണ്‍ (1956)
ആല്‍ബര്‍ട്ട് ലാമോറിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ഷോര്‍ട്ട് ഫിലിം ആണ് 'റെഡ് ബലൂണ്‍'.ഒരു ഫാന്റസിയുടെ ഘടനയാണ് സംവിധായകന്‍ 34 മിനിറ്റുമാത്രം ദൈര്‍ഘ്യമുള്ള, ഒട്ടേറേ ബഹുമതികള്‍ കരസ്ഥമാക്കിയ ഈ സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.ഹ്യദയാലു അല്ലാത്ത തന്റെ അമ്മൂമ്മയാല്‍ വളര്‍ത്തപ്പെടുന്ന പാസ്കല്‍ എന്ന കുട്ടിക്കു ഒരു നാള്‍ സ്കൂളിലേക്കുള്ള യാത്രാമധ്യേ ഒരു വലിയ ചുവന്ന ബലൂണ്‍ കിട്ടുന്നു.അത് അവനെ എവിടെപ്പോയാലും പിന്തുടരുന്നു.വീട്ടിലും സ്കൂളിലും തെരുവിലും എല്ലാം.അത് അവന്റെ സുഹ്യത്താകുന്നു.ഒടുവില്‍ ഒരു നാള്‍ ആ ബലൂണ്‍ ഒരു തെമ്മാടിക്കൂട്ടത്താല്‍ പൊട്ടിക്കപ്പെടുന്നു.തന്റെ ബലൂണിന്റെ അവശിഷ്ടം നോക്കി കുട്ടി ദീനമായി കരയവെ പാരീസ് നഗരത്തിലെ എല്ലാ ബലൂണുകളും സ്വതത്ന്രമായി അവന്റെ അരികിലേക്ക് പറന്നുവരുന്നു.ഒടുവില്‍ നാം കാണുന്നത് ആ വലിയ ബലൂണ്‍കൂട്ടത്തില്‍ തൂങ്ങി കുട്ടി ഉയരത്തിലേക്ക് പറന്നു പോകുന്ന ഭ്രമാത്മകദ്യശ്യമാണ്.സിനിമയുടെ ഒടുവില്‍ പറയും പോലെ ബലൂണുകളും കുട്ടികളും എന്നും ചങ്ങാതിമാരായിരിക്കുന്ന ഒരു മാന്ത്രികലോകത്തിലേക്ക്.
ദ ബൈസിക്കിള്‍ തീവ്‌സ്(1948)
വിറ്റോറിയ ഡിസീക്ക 1948 ല്‍ സംവിധാനം ചെയ്ത 'ബൈസിക്കിള്‍ തീവ്‌സ്' ലോകസിനിമയില്‍ വലിയ സ്വാധീനം സ്യഷ്ടിച്ച ഒരു പ്രസ്ഥാനത്തിന്റെ ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു.'നിയോ റിയലിസം' എന്ന ഈ ചലച്ചിത്രരീതി രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ പെട്ടുഴലുന്ന രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ ആണ് തുടങ്ങിയത്.ചലച്ചിത്രനിര്‍മ്മാ ണത്തിനാവശ്യമായ പണമടക്കം ഒന്നും ഉണ്ടായിരുന്നില്ല അവിടെ.ചലച്ചിത്രകാരന്മാര്‍ ഇതിനെ മറികടക്കാന്‍ ലളിതവും പുത്തനും ആയ ആഖ്യാനരീതികള്‍ ആവിഷ്കരിച്ചു.നിരൂപകരുടെയും , സംവിധായകരുടെയും വളരെയധികം പ്രശംസ നേടി ഈ സിനിമ. 1952? സൈറ്റ് & സൗണ്ട്‌സ് മാസിക ചലച്ചിത്ര നി?മ്മാതാക്കളുടെയും,നിരൂപകരുടെ യും ഇടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ എക്കാലത്തെയും മികച്ച ചിത്രമായി 'ദ ബൈസിക്കിള്‍ തീവ്‌സ്' തിരഞ്ഞെടുക്കപ്പെട്ടു.
കളവു പോയ തന്റെ സൈക്കിളിനു വേണ്ടി റോമിന്റെ തെരുവുകളില്‍ അലയുന്ന ആന്റോണിയോ റിച്ചി എന്ന പാവം മനുഷ്യന്റെ കഥയാണ് ഈ സിനിമ പറയുന്നത്. രണ്ടാം ലോക മഹായുദ്ധശേഷമുള്ള ദാരിദ്യം നടമാടുന്ന ഇറ്റലി.തൊഴില്‍ രഹിതനായ അയാള്‍ക്ക് സ്വന്തം സൈക്കിള്‍ ഉള്ളതു കൊണ്ട് മാത്രം ഒരു ജോലി ലഭിക്കുന്നു.എന്നാല്‍ ആ സൈക്കിള്‍ ആരോ മോഷ്ടിക്കുന്നു.അയാളും മകന്‍ ബ്രൂണോയും ആ സൈക്കിളിനായി നഗരം മുഴുവന്‍ തിരഞ്ഞു നടക്കുന്നു.അവര്‍ക്ക് അത് കണ്ടെത്താനാകുന്നില്ല.ദാരിദ്യത് തിന്റെ ഭീഷണമുഖം കണ്ടുകൊണ്ട് നടക്കുന്ന ആ മനുഷ്യന്റെയും കുട്ടിയുടെയും ചിത്രം കാണിയുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത രൂപകമാണ്.ഒരു ദുര്‍ബലനിമിഷത്തില്‍ ദാരിദ്യം ആന്റോണിയോയെക്കൊണ്ട് മറ്റൊരാളുടെ സൈക്കിള്‍ മോഷ്ടിക്കാനുള്ള പ്രേരണ നല്‍കുന്നു.നിര്‍ഭാഗ്യവശാല്‍ അയാള്‍ കയ്യോടെ പിടികൂടപ്പെടുന്നു,തന്റെ മകന്റെ മുന്‍പില്‍ വെച്ചു തന്നെ ശാരീരികമായും മാനസികമായും അപമാനിക്കപ്പെടുകയും ചെയ്യുന്നു.മനസ്സലിഞ്ഞ സൈക്കിള്‍ ഉടമ തനിക്ക് പരാതിയില്ല എന്ന് പറയുന്നതോടെ ആന്റോണിയോ സ്വതന്ത്രനാക്കപ്പെടുന്നു.നിസ് വനും പരാജിതനുമായ തന്റെ അച്ഛന്റെ കയ്യും പിടിച്ച് നടന്നകലുന്ന കുട്ടിയുടെ ചിത്രം അത്യന്തം ഹ്യദയത്തെ സ്പര്‍ശിക്കുന്നതാണ്.അതു തന്നെയാണ് മറ്റേതൊരു മഹത്തായ കലാസ്യഷ്ടിയേയും പോലെ 'സൈക്കിള്‍ മോഷ്ടാക്കളും' പ്രേക്ഷകനു നല്‍കുന്ന അനുഭവവും.
ചില്‍ഡ്രന്‍ ഓഫ് ഹെവന്‍(1997)
സമകാലിക ലോകസിനിമയില്‍ കുട്ടികള്‍ പ്രധാനകഥാപാത്രങ്ങള്‍ ആയ സിനിമകള്‍ കൂടുതലും ഇറങ്ങുന്നത് ഇറാനിയന്‍ സിനിമകളിലാകാന്‍ കാരണം ആ രാജ്യത്തെ കടുത്ത സെന്‍സര്‍ഷിപ്പ് ആണെന്ന് കരുതപ്പെടുന്നു.ഇറാനിയന്‍ സിനിമയെ ഇങ്ങു കേരളത്തിലെ വരെ കുട്ടികള്‍ സ്‌നേഹിക്കാന്‍ തുടങ്ങിയത് മജീദ് മജീദി സംവിധാനം ചെയ്ത ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ കണ്ടതു മുതല്‍ തന്നെയാണ്.സിനിമയുടെ ഇതിവ്യത്തം ഒരു സഹോദരനേയും സഹോദരിയേയും അവര്‍ക്ക് രണ്ടുപേര്‍ക്കും കൂടിയുള്ള ഒരു ജോഡി ഷൂസിനേയും പറ്റിയാണ്. സഹോദരിയുടെ ഷൂസ് സഹോദരനായ അലിയുടെ കയ്യില്‍ നഷ്ടപ്പെടുന്നിടത്ത് സിനിമ ആരംഭിക്കുന്നു. വീട്ടില്‍ നിന്നുള്ള ശിക്ഷ പേടിച്ച് കുട്ടികള്‍ സംഗതി രഹസ്യമാക്കി വെക്കുന്നു.ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂള്‍ എന്നതിനാല്‍ അവര്‍ ഒരു ജോഡി ഷൂസ് മാത്രം ഉപയോഗിച്ച് ഇരുവര്‍ക്കും സ്കൂളില്‍ പോകാം എന്ന് തീരുമാനിക്കുന്നു.ഒരു ദിവസം സ്കൂളില്‍ നടത്താന്‍ പോകുന്ന ദീര്‍ഘദൂര ഓട്ടമത്സരത്തെക്കുറിച്ച് അലി അറിയുന്നു.മൂന്നാം സമ്മാനമായി ഒരു ജോഡി ഷൂസ് ലഭിക്കുന്ന ആ മത്സരത്തില്‍ പങ്കെടുക്കാന്‍ അവന്‍ തീരുമാനിക്കുന്നു. മത്സരത്തില്‍ അവന് ഒന്നാം സമ്മാനമാണ് ലഭിക്കുന്നത്.അതിനുള്ള സമ്മാനം ഷൂസ് അല്ല. തിരികെ വീട്ടിലെത്തുന്ന അലി മനസ്സിലാക്കുന്നു ആകെയുള്ള ഒരു ജോഡി ഷൂസും നാശമായിരിക്കുന്നു എന്ന്.ഇതിനിടയ്ക്ക് കാണിക്കുന്ന ഒരു രംഗത്തില്‍ അവരുടെ പിതാവ് കുട്ടികള്‍ക്ക് രണ്ടിനും പുതിയ ജോഡി ഷൂസ് വാങ്ങിവരുന്ന രംഗം കാണിക്കുന്നുണ്ട്.
ഓടിയതു മൂലം പരിക്കു പറ്റിയ കാല്‍ വീടിനു മുന്‍പിലെ കുളത്തില്‍ ഇട്ട് ഇരിക്കുന്ന അലിയുടെ കാലുകള്‍ക്കു ചുറ്റും സ്വര്‍ണമീനുകള്‍ നീന്തുന്ന ദ്യശ്യത്തോടെ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ 'അവസാനിക്കുന്നു.മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ അടക്കം
ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട് ഈ സിനിമ.ഇത്ര നിഷ്കളങ്കമായി ആവിഷ്കരിച്ചിട്ടുള്ള കുട്ടികളുടെ സിനിമ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല എന്നത് അതിന്റെ ജനപ്രീതി കാണിക്കുന്നു.
സലാം ബോംബേ (1988)
മീരാനായര്‍ സംവിധാനം ചെയ്ത പ്രശസ്ത ഇന്ത്യന്‍ സിനിമ ആയ 'സലാം ബോംബേ' ബോംബേ നഗരത്തിലെ തെരുവുകളില്‍ ജീവിക്കുന്ന കുട്ടികളുടെ കഥ പറയുന്നു.കാന്‍ ഫിലിം ഫെസ്റ്റിവലിലെ 'ഗോള്‍ഡന്‍ ക്യാമറ' അവാര്‍ഡ് അടക്കം ഒട്ടേറെ ബഹുമതികള്‍ ഈ സിനിമയെ തേടിയെത്തിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത് തെരുവിലെ കുട്ടികള്‍ തന്നെയാണ്.ദാരിദ്യം തന്നെയാണ് കുറ്റക്യത്യങ്ങളുടെ മാതാവ് എന്ന ആശയം ഒന്നു കൂടി ഉറപ്പിക്കുന്നു,ഈ ചിത്രം.ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ നേര്‍ചിത്രം എന്ന് പ്രകീര്‍ത്തിക്കപ്പെട്ട 'സലാം ബോംബേ',ക്യഷ്ണ എന്ന പതിനൊന്നു വയസ്സുകാരന്റെ കഥയാണ്.തന്റെ ജ്യേഷ്ഠനുമായി വഴക്കിടുന്ന ക്യഷ്ണ ജ്യേഷ്ഠന്റെ ബൈക്ക് കത്തിച്ചുകളയുന്നു.കോപിഷ്ഠയായ അമ്മ അവനെ അടുത്തുള്ള അപ്പോളോ സര്‍ക്കസില്‍ ജോലിക്കായി വിടുന്നു,കത്തിപ്പോയ ബൈക്കിന്റെ വിലയായി അഞ്ഞൂറ് രൂപയും കൊണ്ടേ തിരികെ വരാവൂ എന്ന വ്യവസ്ഥയില്‍. അവന്‍ സര്‍ക്കസില്‍ കുറച്ചുകാലം പണിയെടുത്തെങ്കിലും അത് നഷ്ടപ്പെടുന്നു.തുടര്‍ന്ന് അമ്മയോട് ചെയ്ത വാഗ്ദാനം പാലിക്കാനായി അവന്‍ ബോംബേ എന്ന വന്‍നഗരത്തിലേക്ക് ചേക്കേറുകയാണ്.ബോംബേ നഗരത്തിലെ എല്ലാ ഇരുണ്ട പാതകളിലൂടെയും സഞ്ചരിക്കുന്ന ക്യഷ്ണ പലരെയും പരിചയപ്പെടുന്നു,ദാരിദ്യം മൂലം കുറ്റവാളികളാക്കപ്പെട്ട മനുഷ്യരെ.സോലാ സാല്‍ എന്ന ബാലലൈംഗികത്തൊഴിലാളിയെ കണ്ടുമുട്ടുന്ന ക്യഷ്ണ അവളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പിടികൂടപ്പെടുകയും മര്‍ദ്ദനം ഏല്‍ക്കുകയും ചെയ്യുന്നു.ഒടുവില്‍ ബോംബേ പോലൊരു നഗത്തില്‍ അഞ്ഞൂറ് രൂപ സമ്പാദിക്കുക എന്നത് തന്നെപ്പോലൊരു കുട്ടിയ്ക്ക് അസാദ്ധ്യമെന്ന് തിരിച്ചറിയുന്ന ക്യഷ്ണ അതിനായി തന്റെ സുഹ്യത്തുക്കളുടെ സഹായത്തോടെ ഒരു പാര്‍സിയുടെ വീട് പട്ടാപ്പകല്‍ കൊള്ളയടിക്കുകയും വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ പോലീസിന്റെ കയ്യിലകപ്പെടുകയും ചെയ്യുന്നു.അവന്‍ ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കപ്പെടുന്നു.അവിടെ നിന്നും രക്ഷപ്പെടുന്ന ക്യഷ്ണ വീണ്ടും മഹാനഗരത്തിലെ മയക്കുമരുന്നു വില്പ്പനക്കാരുടെയും പിമ്പുകളുടെയും ലൈംഗികത്തൊഴിലാളികളുടെയും ഇടയിലേക്ക് എത്തുകയാണ്,തന്റെ അമ്മയുടെ അരികിലേക്ക് എന്നെങ്കിലും തിരികെയെത്താം എന്നാല്‍ സ്വപ്നവും താലോലിച്ചു കൊണ്ട്.
ദ റെയില്‍വേ ചില്‍ഡ്രന്‍(1970)
ഏറ്റവും മികച്ച കുട്ടികളുടെ ചലച്ചിത്രങ്ങളിലൊന്നായി പലപ്പോഴും വിലയിരുത്തപ്പെടാറുള്ള ബ്രിട്ടീഷ് സിനിമ ആയ 'ദ റെയില്‍വേ ചില്‍ഡ്രന്‍' തങ്ങള്‍ക്കജ്ഞാതമായ കാരണങ്ങളാല്‍ സമ്പന്നമായ തങ്ങളുടെ വീട് വിട്ട് അമ്മയോടൊപ്പം ഒരു കുഗ്രാമത്തില്‍ താമസത്തിനെത്തുന്ന മൂന്ന് കുട്ടികളുടെ നന്മയുടെ കഥ പറയുന്നു.തങ്ങളുടെ അച്ഛനെവിടെ എന്ന ചോദ്യത്തിനു അമ്മ പറയുന്ന മറുപടികള്‍ ആദ്യമെല്ലാം വിശ്വസിച്ചെങ്കിലും വിദേശകാര്യ ഓഫീസിലെ ജോലിക്കാരനായ അച്ഛനെ റഷ്യക്കാര്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന ചെയ്യാത്ത കുറ്റത്തിനു ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് സത്യം അവര്‍ മനസ്സിലാക്കുന്നു.അതിനിടെ അവര്‍ തങ്ങളുടെ വീടിനടുത്തു കൂടി പോകുന്ന തീവണ്ടിപ്പാതയിലൂടെ കടന്നുപോകുന്ന തീവണ്ടികളില്‍ ആക്യഷ്ടരായി മാറുകയാണ്.തീവണ്ടികളിലെ യാത്രക്കാരുമായി പരിചിതരാകുന്നു അവര്‍; പ്രത്യേകിച്ച് ഒരു വ്യദ്ധനായ മനുഷ്യനുമായി.ഒരു തീവണ്ടി മണ്ണൊലിപ്പില്‍ പെട്ട് വലിയ അപകടത്തില്‍ പെടുന്നത് കണ്ട് കുട്ടികള്‍ യഥാസമയം അറിയിപ്പ് നല്‍കി ഒട്ടേറെ യാത്രക്കാരെ രക്ഷപ്പെടുത്തുന്നു.അവരുടെ അച്ഛന്റെ കഥ അറിയുന്ന തീവണ്ടി യാത്രക്കാരനായ വ്യദ്ധസുഹ്യത്ത് അദ്ദേഹത്തെ ജയിലില്‍ നിന്ന് രക്ഷിക്കുന്നു.ഒടുക്കം കുടുംബം ഒന്നിക്കുന്നതോടെ 'ദ റെയില്‍വേ ചില്‍ഡ്രന്‍'അവസാനിക്കുന്നു. വളരെ ലളിതവും നിര്‍മ്മലവുമായ ആഖ്യാനം ആണ് ഇതേ പേരിലുള്ള ഇ.നെസ്ബിറ്റിന്റെ ചെറുനോവലിനെ സിനിമാ രൂപത്തിനു സംവിധായകന്‍ ലയണല്‍ ജെഫ്രിസ് നല്‍കിയിരിക്കുന്നത്.'റെയില്‍വേ കുട്ടികളുടെ' അഭിനയം സിനിമ കാണുന്ന പ്രേക്ഷകന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത വിധം മനോഹരവുമാണ്.ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റൂട്ട് ഏറ്റവും മികച്ച ബ്രിട്ടീഷ് സിനിമകളിലൊന്നായി ഇതിനെ വാഴ്ത്തുന്നു.
(മാത്യഭൂമി 'വിദ്യ'യില്‍ ഏപ്രില്‍ 2012 ല്‍ പ്രസിദ്ധീകരിച്ചത് )