Friday, February 8, 2013

ഹരിശ്ചന്ദ്ര മുതൽ യന്തിരൻ വരെ : നായകത്വത്തിന്റെ നാനാർത്ഥങ്ങൾ

നൂറ് വർഷത്തെ ന്ത്യൻ സിനിമ : അടയാളങ്ങളിലൂടെ                               ഇന്ത്യൻ സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ച മാധ്യമങ്ങളിൽ ഒന്നാമത്തേതായ ഇന്ത്യൻ സിനിമ ഈ വർഷം100 വർഷം തികയ്ക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾ സർക്കാർ തലത്തിലും വിവിധ സിനിമാ സംഘടനകളുടെ ആഭിമുഖ്യത്തിലും നടന്നു വരികയാണ്. ഈ വേളയിൽ ഇന്ത്യൻ സിനിമയുടെ 100 വർഷ ചരിതത്തിൽ നിന്ന് , തനതായ വ്യക്തിത്വം പുലർത്തുന്ന ദേശീയ സിനിമ എന്ന നിലയിൽ ഇന്ത്യൻ സിനിമയെ രൂപപ്പെടുത്തിയ പ്രധാനഘടകങ്ങളെ കുറിച്ചുള്ള ചിന്തകളാണ് ഈ ലേഖനപരമ്പരയുടെ ഉള്ളടക്കം. ഇന്ത്യൻ കാണിയെ ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും സിനിമ എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നതിന്റെ രേഖാചിത്രങ്ങൾ ഇവിടെ കാണാം. ചലച്ചിത്ര നിരൂപണങ്ങൾ എന്നതിനേക്കാൾ സാംസ്കാരിക രൂപം എന്ന നിലയ്ക്ക് സിനിമ സമൂഹചിന്തയിൽ ചാർത്തിയ അടയാളങ്ങളെ വിശകലനം ചെയ്യാൻ ആണ് ശ്രമിക്കുന്നത്.  ഇന്ത്യൻ സിനിമയിലെ നായകസങ്കല്പം, സ്ത്രീ സങ്കല്പം, സംഗീതം ഇന്ത്യക്കാരന്റെ സിനിമയെ മാറ്റിമറിച്ച രീതി, ധർമ്മാധർമ്മങ്ങളെ കുറിച്ചുള്ള വ്യാകുലതകൾ, ലൈംഗികത,സദാചാരം, നീതി/അനീതി സംഘട്ടനം, സമരസങ്കല്പം, ദാരിദ്യം , മണ്ണിനു വേണ്ടിയുള്ള ദാഹം, ജാതിയുടെ കരാളത, വർഗ്ഗീയത എന്നിങ്ങനെ കടന്നു പോകുന്ന വിഷയങ്ങൾ ഒട്ടേറെയുണ്ട്.     

ഇന്ത്യൻ സിനിമയിലെ  നായകത്വം:  വികാസവും പരിണാമവും

      ഇന്ത്യൻ സിനിമ കാണികളുടെ മേൽ ഉണ്ടാക്കിയ സ്വാധീനങ്ങളിൽ നായകസങ്കല്പത്തേക്കാൾ സങ്കീർണമായവ അധികമുണ്ടാകില്ല. ഇന്ത്യൻ കാണി തനിക്ക് സാധിയ്ക്കാത്തത് ഒരു സ്വപ്നത്തിലെന്നോണം തന്റെ നായകൻ സാധിക്കുന്നത് സിനിമയിൽ കണ്ട് സായൂജ്യമടയുന്നു. അനീതിക്കെതിരെ പടവാളോങ്ങുന്ന ധീരനായകൻ,പല പെണ്ണുങ്ങളെ പ്രണയിക്കുന്ന ഭൈമീ കാമുകൻ ,ദുഷ്ടശിക്ഷകനും ശിഷ്ടപരിപാലകനുമായ ധർമ്മമൂർത്തി എന്നിങ്ങനെ അവന്റെ നായകന്മാരെല്ലാം അവന് തികച്ചും അപ്രാപ്യരായ അതിമാനുഷരാണ് പലപ്പോഴും. സിനിമയുടെ കഥാഗതി മുഴുവനും തന്നെ ‘നായകൻ’ എന്ന പുരുഷനെ അച്ചുതണ്ടാക്കിയാണ് കറങ്ങുന്നത്. അവൻ വ്യക്തിത്വം നിറഞ്ഞവനും ധീരനും അഭിജാതനും ആയിരിക്കും . സിനിമയിലെ നായിക, വില്ലൻ എന്നിവർ അടക്കമുള്ള  മറ്റു കഥാപാത്രങ്ങൾക്ക് നായകന്റെ പ്രകാശത്തെ പൊലിപ്പിക്കുന്ന റോൾ മാത്രം.

        ഇന്ത്യൻ സിനിമയിലെ നായകസങ്കല്പത്തിന് ഇന്നെത്തി നിൽക്കുന്ന പരിണാമം അനേകം ഘട്ടങ്ങളിലൂടെ കടന്നാണ് ഉണ്ടായിരിക്കുന്നത്. ‘രാജാ ഹരിശ്ചന്ദ്ര’യിലെയും ‘ആലം ആര‘യിലെയും നായകനിൽ നിന്ന് ‘ദബാംഗി‘ലും ‘യന്തിരനി’ലും എത്തിനിൽക്കുന്ന നായകസങ്കല്പത്തിന്റെ ഉത്ഭവവും വളർച്ചയും ആണ് ഇവിടെ ചർച്ച ചെയ്യാൻ ശ്രമിക്കുന്നത്. നായകന്റെ  വളർച്ചയുടെ ആദ്യപ്രവണതകൾ ഉണ്ടാകുന്നതും വികസിക്കുന്നതും പലപ്പോഴും ഹിന്ദി സിനിമയിൽ ആയതിനാൽ ഈ വിശകലനത്തിൽ ഹിന്ദി സിനിമയ്ക്ക് പ്രാധാന്യം കൈവരുന്നത് സ്വാഭാവികമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ബോളിവുഡ് നായകത്വത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ എല്ലാ മാനങ്ങളും ഉൾക്കൊള്ളുന്നു.
           
         ഇന്ത്യൻ സിനിമയിലെ നായകത്വത്തിന്റെ രൂപപരിണാമങ്ങൾ അവർ നിറഞ്ഞാടുന്ന  സിനിമകളുടെ പൊതുആശയഘടനയുടെ മുഖമുദ്ര തന്നെയാണ് പ്രദർശിപ്പിക്കുന്നത് എല്ലായ്പ്പോഴും. ഈ ആശയഘടനയാകട്ടെ , ഇന്ത്യൻ സാ‍മൂഹ്യയാഥാർഥ്യങ്ങളുടെ സ്യഷ്ടിയുമാണ്. ചുരുക്കിപ്പറഞ്ഞാൽ സമൂഹത്തിന്റെ പൊതു അവസ്ഥ, അവയോട് സിനിമയുടെ പ്രതികരണം ഇവയൊക്കെ നായകൻ മുഖാന്തിരം ആവിഷ്കരിക്കപ്പെടുന്നു.‘ആവാര’യിലെ തെരുവു തെണ്ടിയായ നായകൻ അമ്പതുകളിലെ ഇന്ത്യൻ നഗരത്തിന്റെ പ്രതിനിധിയാണ്. ആ നഗരത്തിന്റെ യാഥാർഥ്യങ്ങളുമായാണ് അയാൾ എപ്പോഴും പ്രതികരിക്കുന്നത്. അറുപതുകളിലെ റൊമാന്റിക് ജീവിയായ നായകൻ ആ കാലഘട്ടത്തിന്റെ മാത്രം സ്യഷ്ടിയാണ്. പുത്തൻ മുതലാളിത്തം നേടിക്കൊടുത്ത സമ്പത്ത് നന്നായി ചെലവഴിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു അയാൾ . എഴുപതുകളിലെ ധിക്കാരിയായ നായകൻ നിരാശ നിറഞ്ഞ ഒരു സാമൂഹ്യാന്തരീക്ഷത്തിന്റെ സ്യഷ്ടിയാണ്.

നായകത്വത്തിന്റെ ആദിരൂപങ്ങൾ
         ഇന്ത്യൻ സിനിമ അതിന്റെ യാത്ര തുടങ്ങുന്നത് ഇന്ത്യൻ ദേശീയ പ്രസ്ഥാനം ശരിയായ ദിശാബോധത്തിലേക്ക് മാറിത്തുടങ്ങിയ കാലഘട്ടത്തിലാണ്. ഉന്നതവർഗത്തിന്റെ ഇടയിൽ നിന്ന് സാധാരണക്കാരുടെ മനസ്സിലേക്ക് ദേശീയ പ്രസ്ഥാനം വേരൂന്നാൻ തുടങ്ങിയ നിർണ്ണായക ഘട്ടം. ആദ്യ ഇന്ത്യൻ സിനിമ തന്നെ നായകത്വത്തിന്റെ മൂശയായിരുന്നു. ഇതിഹാസകാലം മുതൽക്കേ ജനതയുടെ മന:സാക്ഷിയുടെ ഭാഗമായിരുന്ന ആശയങ്ങളായ നീതി,സമത്വം,ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്ന നായകന്മാരായിരുന്നു ആ കാലത്തിന്റെ സ്യഷ്ടികൾ.‘രാജാ ഹരിശ്ചന്ദ്ര‘യിലെ  നായകൻ തന്റെ വാക്ക് പാലിക്കുന്നതിനായി സകലതു ത്യജിച്ച് ‘ചണ്ഡാള’ സമാനനാകുകയും അവിടെനിന്നു മഹത്വത്തിലേക്കു  മടങ്ങി വരികയുമാണ്. തന്റെ ജീവിതത്തിലൂടെ നായകൻ കാണിച്ചു തരുന്നത് അനുകമ്പയും മനുഷ്യർ തമ്മിലുള്ള ഏകതയുമാണ്. ജാതിയുടെ കരാളതയിൽ എന്നേ അമർന്നിരുന്ന ഒരു ജനതയ്ക്ക് ലഭിക്കേണ്ട മികച്ച ആദ്യ സിനിമ തന്നെയായിരുന്നു ‘രാജാ ഹരിശ്ചന്ദ്ര’ എന്ന് കരുതുന്ന സിനിമാ നിരൂപകർ ഏറെയാണ്. എന്താ‍യാലും ഈ ആദ്യ നായകൻ രാമനും ധർമ്മപുത്രരും നിറഞ്ഞു നിന്നിരുന്ന ഇന്ത്യൻ മനസ്സിലേക്ക് നന്നായി കടന്നു ചെന്നു .

          ശബ്ദത്തിന്റെ കടന്നുവരവ് കാണിക്ക് സ്വന്തം ഭാഷയിൽ തന്നെ സിനിമാസ്വാദനത്തിനു വഴി തെളിച്ചു.         ഹീറോയിസം,ധീരത,പ്രണയം,റൊമാൻസ്,സാഹസികത,ആത്മീയത നാടോടിക്കഥകളിലും പുരാണങ്ങളിലും നിന്ന് അവൻ അറിഞ്ഞവയെല്ലാം അവന്റെ കണ്മുന്നിൽ ജീവനുള്ള ചിത്രങ്ങളായി ഇളകിയാടി. മുപ്പതുകളിൽ ഹിന്ദിയിലും പ്രാദേശികഭാഷകളിലും നിറഞ്ഞു നിന്നത് ആ കോസ്റ്റ്യൂം ഡ്രാമകളിലെ പാട്ട് പാടുന്ന ,ന്യത്തം ചെയ്യുന്ന, പ്രണയിക്കുന്ന , മാതാവിനെ സ്നേഹിക്കുന്ന , ചീത്ത രാജാവിനെ തോൽ‌പ്പിക്കുന്ന നായകനായിരുന്നു. 1931 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘ലാൽ-യെമൻ‘ ആയാലും അതേ വർഷത്തിലെ തമിഴ് ചിത്രം ‘കാളിദാസ’ ആയാലും 1932 ലെ മറാത്തി ചിത്രം ‘അയോദ്യേച രാജ’ ആയാലും ഈ ഫോർമുല പിന്തുടർന്നു.അങ്ങനെ ഒരു പാൻ -ഇന്ത്യൻ നായകൻ രൂപം കൊള്ളുകയായിരുന്നു പതിയെ.

        1935 ലെ ‘ദേവ്ദാസ്’ പി.സി.ബറുവ സംവിധാനം ചെയ്ത ബംഗാളി സിനിമയായിരുന്നു. ഇതേ പേരിലുള്ള ബംഗാളി നോവലിന്റെ ആവിഷ്കാരമായ സിനിമ ഇന്ത്യൻ സിനിമ അന്നേ വരെ കാണാത്ത ദുരന്തനായകനെ അവതരിപ്പിച്ചു.നഷ്ടപ്രണയത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന നായകന്റെ തകർച്ച സ്ക്രീനിൽ അവതരിപ്പിച്ചത് ബംഗാളിയിൽ സംവിധായകൻ തന്നെയായിരുന്നെങ്കിൽ ഹിന്ദി പതിപ്പിൽ ദേവ്ദാസ് ആയി വേഷമിട്ടത് സാക്ഷാൽ സൈഗാൾ ആയിരുന്നു. സൈഗാളിന്റെ ‘ദേവ്ദാസ്‘ ആ കഥാപാത്രത്തെയും അതവതരിപ്പിച്ച സൈഗാളിനെയും ഒരു പ്രതീകമാക്കി മാറ്റി.

       1948 ലെ  ‘ഷഹീദ്’ അക്രമമാർഗത്തിലൂടെ സ്വാതന്ത്യം നേടാൻ ശ്രമിക്കുന്ന നായകന്റെ കഥയാണ്. സ്വാതന്ത്യാനന്തര ഇന്ത്യൻ സിനിമയിൽ ദേശാഭിമാനം എന്ന വികാരത്തെ വിക്യതമായി ചിത്രീകരിച്ച ഒട്ടേറെ സിനിമകളുടെ അഗ്രഗാമിയായി ‘ഷഹീദ്’ മാറി.
             
               നാല്പതുകളിലെ ഇന്ത്യൻ സിനിമ താരപദവിയിലേക്ക് നായകൻ ഉയർത്തപ്പെടുന്ന പ്രതിഭാസത്തിന്റെ ആദ്യപ്രവണതകൾ പ്രദർശിപ്പിച്ചു. കരിസ്മ നിറഞ്ഞ നായകനെ അവതരിപ്പിച്ച് കാണികളുടെ മനം കവർന്ന അശോക് കുമാർ, പാടുന്ന നായകന്റെ പ്രതിരൂപമായി മാറിയ സുരേന്ദ്ര, സ്വാഭാവിക നടനത്തിന്റെ പ്രതിനിധിയായ മോട്ടിലാൽ എന്നിവരാണ് താരപദവി നേടിയ ആദ്യ നടന്മാർ. ഇവർക്കു മുൻപേ പ്യഥ്വിരാജ് കപൂറും കെ.എൽ സൈഗാളും ജനസമ്മതി ആർജ്ജിച്ചിരുന്നു. എങ്കിലും  പ്യഥ്വിരാജ് കപൂർ നാടകത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതിനാലും സൈഗാൾ ഗായകൻ എന്ന നിലയിൽ കൂടുതൽ ശ്രദ്ധേയനായതിനാലും  അവർക്ക് നടന്മാർ എന്ന നിലയിലുള്ള താരപദവി ലഭിച്ചിരുന്നില്ല. കെ.എൽ .സൈഗാൾ തന്റെ ഗാനങ്ങൾ കൊണ്ട് അനശ്വരമാക്കിയ ‘താൻസൻ’,‘ഭക്ത് സൂർദാസ്’,ഷാജഹാൻ എന്നീ സംഗീതപ്രധാന ചരിത്രസിനിമകൾ നാല്പതുകളുടെ പകുതിയിൽ പുറത്തിറങ്ങി. സൈഗാളിന്റെ നായകൻ ഒരു പ്രത്യേകസ്യഷ്ടിയായിരുന്നു.അനുകർത്താക്കളൊക്കെ തോറ്റുമടങ്ങിയ മാത്യക.

അമ്പതുകൾ : പുതിയ  നായകൻ രൂപം കൊള്ളുന്നു
              ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്നെ  ഇന്ത്യൻ സിനിമ രൂപമെടുത്തിരുന്നെങ്കിലും അമ്പതുകളോടെയാണ് അത് ഒരു ദേശീയ സിനിമയെന്ന നിലയിലുള്ള  സ്വത്വം പൂർണമായി പ്രദർശിപ്പിച്ചത്. നായകസങ്കല്പത്തിനും വ്യക്തമായ രൂപം കൈവന്നു തുടങ്ങി ആ കാലഘട്ടത്തിൽ.’ആവാര’യിലെ രാജുവും ‘ബാസി’യിലെ മദനും ചെറുകിട ക്രിമിനലുകളായിരുന്നു,പക്ഷെ മാന്യതയും വിനയവും ഉള്ളവർ. അവർ ഒരിക്കലും മധ്യവർഗത്തെ പ്രതിനിധീകരിച്ചിരുന്നില്ല,പകരം സമൂഹത്തിന്റെ അടിത്തട്ടിൽ നിന്ന് വന്നവരായിരുന്നു.നാല്പതുകളിലെ രാജാപ്പാർട്ട് നായകന്മാരെ അപേക്ഷിച്ച് അവർക്ക് ‘മനുഷ്യത്വം’ കൂടുതലായിരുന്നു.‘ആവാര’യിലെ രാജു ‘ശ്രീ 420‘ ൽ എത്തുമ്പോൾ   ഉന്നതവർഗത്തിലേക്ക് പ്രവേശിക്കുന്നുണ്ട്.

      സ്വാതന്ത്യാനന്തര ഇന്ത്യൻ സിനിമ ഭാവുകത്വപരമായ പരിണാമത്തിനു വിധേയമായി. നെഹ്രുവിയൻ സോഷ്യലിസം മുഖ്യാ‍ദർശമാക്കിയിരുന്ന അമ്പതുകളിലെ സിനിമകൾ ഉന്നതവർഗത്തിലെ അഴിമതിയും അഴുകിത്തുടങ്ങലും എടുത്തുകാട്ടി ,പലപ്പോഴും.     പഴയ ഫോർമുലയിൽ തന്നെയായിരുന്നു മിക്ക സിനിമകളുമെങ്കിലും ചിലതൊക്കെ സമൂഹത്തിലെ അടിസ്ഥാനപ്രശ്നങ്ങൾക്ക് നേർക്ക് കണ്ണയച്ചു. ദേശീയോദ്ഗ്രഥനം അന്നത്തെ സിനിമകളിലെ ഒരു മുഖ്യതീം ആയി മാറി.പുതുതായി കൈവന്ന സ്വാതന്ത്യം നൽകിയ പ്രതീക്ഷകൾ സിനിമകളിലും പ്രതിഫലിച്ചു. ഈ ഘട്ടത്തിൽ  നായകസ്വരൂപത്തിനും മാറ്റം സംഭവിച്ചു.1951 ലെ തമിഴ് ചിത്രം ‘മർമ്മയോഗി’യിലെ നായകൻ സാമൂഹ്യ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന വ്യക്തിയാണെങ്കിൽ ഇറ്റാലിയൻ നിയോറിയലിസത്തിന്റെ സ്വാധീനം നന്നായി പ്രതിഫലിക്കുന്ന ബിമൽ റോയിയുടെ ‘ദോ ബീഗാ സമീൻ’(ഹിന്ദി,1953) ലെ നായകന്റെ ദുരിതം ഫ്യൂഡലിസത്തിന്റെ കരാളതയ്ക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ശാന്താറാമിന്റെ ക്ലാസിക് സ്യഷ്ടിയായ ‘ദോ ആംഖേം ബാരാ ഹാത്തി’ലെ ജയിലറായ നായകൻ നെഹ്രുവിയൻ ഇന്ത്യയുടെ പ്രതീക്ഷകളുടെ പ്രതീകമാണ്. സത്യജിത് റേയുടെ ക്ലാസിക് ‘പഥേർ പാഞ്ചലി’ (1955) യാകട്ടെ അറുപതുകളിൽ വളർന്നു വരേണ്ട നഗരജീവിയായ നായകന്റെ ആദ്യചിഹ്നങ്ങൾ പേറി.

          പുരാണേതിഹാസങ്ങൾ, നാടകങ്ങൾ എന്നിവ വഴി പ്രേക്ഷകന്റെ മനസ്സിൽ മുൻപേ ഇടം പിടിച്ചിരുന്ന  ‘ദുരന്തനായകൻ‘ എന്ന സങ്കല്പം  ഇന്ത്യൻ സിനിമയെ ആവേശിച്ചത് അമ്പതുകളിലായിരുന്നു. ദിലീപ്കുമാർ എന്ന നടൻ സൂപ്പർസ്റ്റാർ പദവിയിൽ എത്തിയതും ദുരന്തനായകനെ അവതരിപ്പിച്ചായിരുന്നു. 1947 ലെ ‘ജുഗ്നു’ വിൽ തുടങ്ങിയ ദിലീപ്കുമാറിന്റെ ദുരന്തനായകൻ 1950 ലെ ‘ജോഗൻ’, ‘51 ലെ ‘ദീദാർ’,’55 ലെ ദുരന്ത ഇതിഹാസം ‘ദേവ്ദാസ്’ എന്നിവയിൽ കൂടി പൂർണത തേടി.

            അമ്പതുകളിൽ തമിഴിൽ എം.ജി.രാമചന്ദ്രനും തെലുങ്കിൽ എൻ.ടി.രാമറാവുവും മലയാളത്തിൽ പ്രേംനസീറും നായകഭാവുകത്വത്തിന്റെ പ്രാദേശിക ഭേദങ്ങളായി കടന്നു വന്നു. ഹിന്ദിയിലാകട്ടെ ദേവാനന്ദും ദിലീപ്കുമാറും രാജ്കപൂറും ഇന്ത്യൻ നായകസങ്കൽ‌പ്പത്തിന്റെ പ്രതീകങ്ങളായി വിലസി.

          ഗുരുദത്തിന്റെ ക്ലാസിക്ക് സ്യഷ്ടി ആയ 1957 ലെ ‘പ്യാസ’ കവിയായ നായകന്റെ പ്രണയത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള ദാ‍ഹത്തിന്റെ കഥയാണ് പറയുന്നത്. അക്കാലത്തെ ഇന്ത്യൻ സിനിമകളുടെ പൊതുധാരയിൽ നിന്ന് മാറി നിൽക്കുന്ന ‘പ്യാസ’ നായകസങ്കല്പത്തിലും കാലങ്ങൾക്ക് മുമ്പേ സഞ്ചരിച്ചു. ഇന്ത്യയിലെ കച്ചവടസിനിമയ്ക്ക് എത്താവുന്ന കലാപരമായ ഉന്നതിക്ക് ഉത്തമ ഉദാഹരണം കൂടിയായ ‘പ്യാസ’യിൽ നായകനെ അവതരിപ്പിക്കുന്നത് സംവിധായകൻ തന്നെയാണ്.

ഹർഷോന്മാദത്തിന്റെ അറുപതുകൾ
        അമ്പതുകളേക്കാൾ രാജ്യത്ത് ദാരിദ്യം ഒട്ടും കുറഞ്ഞില്ലെങ്കിലും ഇന്ത്യക്കാരന്റെ ബ്ലാക് ആന്റ് വൈറ്റ് സ്വപ്നങ്ങൾക്ക് രൂപാന്തരം സംഭവിച്ചു. അവയിലേക്ക് നിറങ്ങൾ കടന്നു വന്നു. സിനിമയുടെ പൊതുഭാവുകത്വത്തിൽ വിനോദത്തിന്റേതായ ഒരലയടിച്ചു. ഹിന്ദി സിനിമയിൽ ഷമ്മി കപൂർ,ദേവാനന്ദ്,ജോയ് മുഖർജി,രാജേന്ദ്രകുമാർ തങ്ങളുടെ കാമുകിമാരൊത്ത് മഞ്ഞുമൂടിയ കാശ്മീരിലോ പാരീസിന്റെ തെരുവുകളിലോ റഫിയുടെയും കിഷോറിന്റെയും ശബ്ദത്തിൽ പാട്ടുപാടി ആനന്ദന്യത്തം ആരംഭിച്ചു. റൊമാൻസ് അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു,ദാരിദ്യമാകട്ടെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് ഒതുങ്ങി.  ദരിദ്രനാരായണന്മാരും തെണ്ടികളുമായ രാജുവും മദനും സിനിമയിൽ നിന്ന് അപ്രത്യക്ഷരായി. പുതിയ നായകന്മാർ ‘ജംഗ്ലി’യിലെ ഷമ്മി കപൂറിനെപ്പോലെ ബിസിനസ് കുടുംബങ്ങളിലെ പുത്രന്മാരോ ‘സൂരജി’ലെ രാജേന്ദ്ര കുമാറിനെപ്പോലെ  രാജകുടുംബാംഗമോ ‘സംഗ’ത്തിലെ രാജ്കപൂറിനെപ്പോലെ ഉയർന്ന പട്ടാള ഉദ്യോഗസ്ഥനോ ആയിരുന്നു. സാമൂഹ്യ യാഥാർഥ്യങ്ങളുമായി ഒരിക്കലും ശണ്ഠ കൂടാൻ തയ്യാറാകാത്തവൻ. അവൻ ദേവാനന്ദിന്റെ രൂപത്തിൽ വിക്യതിയായ കാമുകൻ പയ്യനായി കാമിനിയുടെ പിന്നാലെ കൂടി.

             ഇന്ത്യൻ കച്ചവട സിനിമയെന്നാൽ ബോളിവുഡ് സിനിമ ആയിരുന്ന ആ കാലഘട്ടത്തിൽ നായകന്റെ രൂപഭാവങ്ങൾക്കുണ്ടായ ഈ മാറ്റങ്ങൾ പ്രാദേശിക ഭാഷകളിലെ സിനിമകളിലും സംഭവിച്ചു. അമ്പതുകളിലെ അലഞ്ഞു തിരിയുന്നവനും ദരിദ്രനുമായ നായകന് കുടുംബം എന്നത് നിർണ്ണായകമായ ഒന്നായിരുന്നില്ല,എന്നാൽ അറുപതുകളിൽ കുടുംബത്തിന്റെ സ്ഥാനം പുതിയ രീതിയിൽ സമൂഹത്തിൽ ഉറപ്പിക്കപ്പെട്ടു. ‘ആവാര’യിലെ രാജു ഇപ്പോൾ മദ്യപിക്കാത്ത, പുകവലിക്കാത്ത, എപ്പോഴും ശരിമാത്രം ചെയ്യുന്ന, മാതാപിതാക്കളെ ബഹുമാനിക്കുന്ന മര്യാദാപുരുഷോത്തമനും പൂർണവ്യക്തിയുമായ ‘കുടുംബത്തിൽ പിറന്നവൻ’ ആണ്.പുതിയ നായകൻ കഥയുടെ നിർണ്ണായകഘട്ടത്തിൽ മാതാപിതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തിന്മേൽ വീട് വിട്ടു പോവുകയും കഥാന്ത്യത്തിൽ തിരിച്ചെത്തുകയും ചെയ്യുന്നു. സത്യജിത് റേയുടെ 1966 ലെ ചിത്രമായ ‘നായക്’ പ്രസിദ്ധനായ സിനിമാതാരത്തിന്റെ സ്വത്വപ്രതിസന്ധിയാണ് ആവിഷ്കരിക്കുന്നത്.

രോഷാകുലനായ ചെറുപ്പക്കാരന്റെ എഴുപതുകൾ

      അമ്പതുകളിലെ വിനീതനും അറുപതുകളിലെ റൊമാന്റിക്കും എഴുപതുകളിലെത്തുമ്പോൾ മറ്റൊരു രൂപഭാവം എടുത്തണിയുകയാണ്. നെഹ്രുവിയൻ സോഷ്യലിസം എന്ന ഉട്ടോപ്യ വലിച്ചെറിയപ്പെട്ട  എഴുപതുകളിൽ  സമൂഹഗാത്രത്തെ ബാധിച്ച ഏറ്റവും വലിയ വികാരം ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ ശരിയല്ലാത്ത പോക്കിൽ നിന്നുണ്ടായ നിരാശയായിരുന്നു.അഴിമതി എന്ന അർബുദം രാഷ്ടീയ,ഉദ്യോഗസ്ഥ മണ്ഡലങ്ങളെ ഗ്രസിയ്ക്കാൻ തുടങ്ങുന്നു,ദരിദ്രൻ കൂടുതൽ ദരിദ്രനാകുന്നു. ഇതൊക്കെ സമൂഹത്തിന്റെ ചിന്തയിൽ അശുഭാപ്തി വിശ്വാസം കൂടുതലായി വളർത്തി. ഈ സാമൂഹ്യസാഹചര്യം തന്നെയാണ് ‘ദീവാറി’ലെയും ‘ഷോലെ’യിലെയും രോഷാകുലരായ  നായകരെ സ്യഷ്ടിക്കുന്നത്. ദേശീയ മനസ്സിനെ ബാധിച്ചിരുന്ന അവിശ്വാസവും നിഷേധവും ‘ദീവാറി’ലെ നായകനിൽ പ്രതിഫലിച്ചു.

      ‘ദീവാറി’ലെ നായകനെ അവതരിപ്പിച്ച അമിതാഭ് ബച്ചനിലൂടെ ഒരു പുത്തൻ താരോദയവും കണ്ടു ഇന്ത്യൻ സിനിമ. ബച്ചന്റെ  സംസാരരീതി,ശരീരഭാഷ എന്നിവയെല്ലാം നിഷേധിയും തന്റേടിയുമായ പുതിയ നായകന്റെ സങ്കല്പവുമായി ക്യത്യമായി ഒത്തുപോകുന്നതായിരുന്നു. ഇന്ത്യൻ സിനിമയിലെ നായകസങ്കല്പത്തെ ആകെ ഉടച്ചു വാർത്ത ഈ പുതിയ നായകനെ പ്രാദേശികസിനിമയും നന്നായി ആഘോഷിച്ചു. ബച്ചനേക്കാൾ എത്രയോ സീനിയർ ആയ പ്രാദേശിക ഭാഷാ സിനിമകളിലെ നായകതാരങ്ങൾ പോലും പുതിയ നായകന്റെ രൂപഭാവങ്ങൾ എടുത്തണിയാൻ തുടങ്ങി.

     ‘ദീവാറി‘ലെ നായകൻ കള്ളക്കടത്തുകാരനാണ്.അറുപതുകളിലോ അമ്പതുകളിലോ നായകന്റെ തൊഴിൽ ആയി സങ്കൽ‌പ്പിക്കാൻ പോലുമാകാത്ത കാര്യം. തന്റെ നീതിമാനായ പിതാവിനെ നശിപ്പിക്കുന്ന സാമൂഹ്യസാഹചര്യത്തോട് നായകൻ രൂക്ഷമായി  പ്രതികരിക്കുമ്പോൾ അവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ഈ പുതിയ നായകസങ്കല്പത്തെ നെഞ്ചേറ്റുകയും ചെയ്യുന്നു ഇന്ത്യൻ പ്രേക്ഷകൻ. വെസ്റ്റേൺ സിനിമകളുടെയും ‘സെവൻ സമുറായി‘യുടെയും സ്വാധീനം നന്നായുള്ള ‘ഷോലെ’യിലെ നായകൻ വെല്ലുവിളിയ്ക്കാൻ ശ്രമിക്കുന്നത് അനീതി നിറഞ്ഞ സാമൂഹിക അവസ്ഥയെയാണ്.‘ദീവാറും’ ‘ഷോലെ’യും പുറത്തിറങ്ങിയ 1975 ൽ തന്നെയാണ് ഇന്ത്യയിൽ ജനാധിപത്യത്തിനേറ്റ ആദ്യ ആഘാതമായ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.പുതിയ നായകൻ നിയമവ്യവസ്ഥയുമായുള്ള ഏറ്റുമുട്ടലിന് സദാ സന്നദ്ധനാണ്, അതിനെ ലംഘിക്കാനും അയാൾക്ക് മടിയില്ല. അപ്പോഴും അയാൾക്ക് റൊമാന്റിക്കായ ഒരു മനസ്സുണ്ട്.രോഷാകുലനെങ്കിലും അയാൾ നന്നായി പാടുന്നു,പ്രണയിക്കുന്നു.‘ഷോലെ’യിലെ മൌനിയായ നായകൻ താക്കൂറിന്റെ വിധവയായ മരുമകളുമായി പ്രണയത്തിലാകുന്നു. ‘കറി വെസ്റ്റ്’ സിനിമ എന്ന് വിളിക്കപ്പെട്ട പുതിയ ഒരു ജനുസ്സിനു ഇന്ത്യൻ സിനിമയിൽ ഇടം നേടിക്കൊടുത്തു ‘ഷോലെ’.


      പിന്നീടങ്ങോട്ട് രോഷത്തിന്റെ, പ്രതികാരത്തിന്റെ നാളുകളായിരുന്നു നായകൻ സമ്മാനിച്ചത്.മൻ മോഹൻ ദേശായി-ബച്ചൻ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ ബച്ചന്റെ രോഷാകുലത നിറഞ്ഞ ഇമേജിനെ പൊലിപ്പിച്ചു നിർത്തി.
   
        ‍ക്രോധത്തിൽ മുങ്ങിപ്പോയ നായകന്റെ എഴുപതുകളെ പ്രണയാതുരതയുടെ അറുപതുകളിലേക്ക് തിരിച്ചു വിടാനുള്ള ശ്രമം 1969 ലെ ‘ആരാധന’യിൽ ആണ് ആദ്യമായി നടന്നത്. ‘ആരാധന’ രാജേഷ് ഖന്ന എന്ന റൊമാന്റിക് നായകന്റെ ഉദയം കുറിക്കുകയും ചെയ്തു. 1969 ലെ തന്നെ ‘ഖാമോഷി’, 1970 ലെ ‘ദോ രാസ്തെ’, ‘സഫർ’ എന്നിവ റൊമാന്റിക് നായകൻ ഇന്ത്യൻ സിനിമയിൽ മരിച്ചിട്ടില്ല എന്ന് തെളിയിച്ചു.1970 ലെ ‘ആനന്ദ്’ മരണത്തിലേക്ക് നടന്നടുക്കുന്ന നായകന്റെ ജീവിതത്യഷ്ണയുടെ ആവിഷ്കാരം ആയിരുന്നു.  1973 ൽ ആണ് ഇന്ത്യൻ സിനിമയിലെ ഷോമാനായ രാജ്കപൂർ തന്റെ മകനെ നായകനാക്കി ‘ബോബി’ പുറത്തിറക്കിയത്. ടീനേജ് നായികാനായകന്മാരുടെ
 പുത്തൻ പ്രണയകഥയായ ‘ബോബി’ നായകന്റെ പുതിയ ഒരു വാർപ്പുമാത്യക കൂടി സമ്മാനിച്ചു.

നായകനിലും കുടികൊള്ളുന്ന  പ്രതിനായകത്വം
      സാമ്പ്രദായിക നായകന്റെ എതിർ സ്വത്വം ആയ പ്രതിനായകന്റെ സാന്നിദ്ധ്യം ഇന്ത്യൻ സിനിമയിൽ നാൽ‌പ്പതുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. 1943 ലെ ‘കിസ്മത്’ എന്ന സിനിമയിൽ അശോക് കുമാർ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഇന്ത്യൻ സിനിമയിലെ ആദ്യ വില്ലൻ എന്ന് പറയാം.  എൺപതുകളുടെ ഒടുക്കം വരെ പ്രതിനായകൻ നായകന്റെ അപരദ്വന്ദ്വവും ഒടുക്കം നായകനാൽ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒന്നായി നിലകൊണ്ടു. നീണ്ട നാല്പത് വർഷത്തെ പ്രതിനായകത്വം പുതിയൊരു രൂപം പ്രാപിച്ചു നായകൻ അത് മാത്രമല്ലാതായി മാറി. അവനിൽ പ്രതിനായകനും കുടികൊള്ളാൻ തുടങ്ങി. ഈ പ്രതിനായകത്വം നന്നായി ഉപയോഗിച്ചാണ് ഹിന്ദി സിനിമയിൽ അമിതാഭ് ബച്ചൻ വെന്നിക്കൊടി പാറിച്ചത്. മലയാളസിനിമയിൽ ജയനും മോഹൻലാലും താരങ്ങളായത് ഇതേ അംശം കൊണ്ട് തന്നെ.‘ബാസീഗറി’ൽ ഷാരൂഖ് ഖാനും ‘ധൂം 2’ൽ ഹ്യത്വിക് റോഷനും ‘യുവ’യിൽ അഭിഷേക് ബച്ചനും നായക-പ്രതിനായകദ്വന്ദ്വങ്ങളെ ഒരേ സമയം വഹിക്കുന്നു.
         
      എഴുപതുകളുടെ ഒടുക്കത്തിൽ കടന്നു വന്ന ‘രോഷാകുലനായ ചെറുപ്പക്കാര‘ന്റെ പ്രതാപകാലം എൺപതുകൾ ആയിരുന്നു. പ്രതികാരദാഹിയായ നായകന്റെ അരങ്ങേറ്റം എൺപതുകളിലെ ഇന്ത്യൻ സിനിമയെ വയലൻസിൽ മുക്കി. ഹിന്ദിയിൽ അമിതാഭ് ചെയ്യുന്നത് തമിഴിൽ രജനികാന്തും കമലും മലയാളത്തിൽ ജയനും സുകുമാരനും ആവർത്തിച്ചു. ഇന്ത്യൻ ‘മസാല’ സിനിമ എന്ന പുതിയ ജനുസ്സിന്റെ സ്യഷ്ടിക്ക് കൂടി ജന്മം നൽകി വയലൻസും സെക്സും. 1982 ലെ ‘ശക്തി’ ഈ മസാലജനുസ്സിന്റെ മികച്ച ഉദാഹരണം ആയിരുന്നു. ‘ശക്തി‘യിലെ നായകൻ സദ്ഗുണ സമ്പന്നനേ അല്ല. നീതിമാനായ പോലീസ് ഓഫീസർ പിതാവിന്റെ ക്രിമിനൽ ആയ മകൻ ആണിവിടെ നായകൻ. പിതാവിന്റെ എതിർഗുണങ്ങൾ എല്ലാമുള്ള മകൻ ഒടുവിൽ പിതാവിന്റെ രക്ഷയ്ക്കെത്തുന്നു. ‘ശക്തി’യുടെ പ്രമേയം ഒട്ടെല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും പിന്നീട് കടന്നു വരുന്ന ഒന്നാണ്.ഇന്ത്യൻ സിനിമയിൽ വയലൻസിന്റെ വിത്തുവിതച്ച ‘ഷോലെ’യുടെ അവസാനത്തിൽ വില്ലനെ വധിക്കുന്ന രംഗം വെട്ടിമാറ്റിയ സെൻസർ ബോർഡ് നിർദ്ദേശിച്ചതു പ്രകാരം കഥാന്ത്യത്തിൽ രംഗത്തെത്തുന്ന പോലീസ് വില്ലനെ മരണത്തിൽ നിന്ന് രക്ഷിക്കുന്ന രംഗം  ആണ് സിനിമയിൽ ഉൾപ്പെടുത്തിയത്. എന്നാൽ എൺപതുകളിലെ ഇന്ത്യൻ സിനിമയിൽ വയലൻസ് എല്ലാ അതിരുകളും കടക്കുകയായിരുന്നു.
    
നായകൻ പടിയിറങ്ങിയിട്ടില്ല!

    തൊണ്ണുറുകൾ മുതൽക്കിങ്ങോട്ടുള്ള ഇന്ത്യൻ സിനിമ നാം മുൻപ് വിശകലനം ചെയ്ത രീതിയിലുള്ള നായകഘടനകളെല്ലാം ഉൾക്കൊള്ളുന്നുണ്ട്. സർവശക്തനും സൽഗുണസമ്പന്നനും ആയ നായകന്റെ  സ്വാധീനം ഇന്നും ഇന്ത്യൻ സിനിമയിൽ ശക്തമായിത്തന്നെ നിലനിൽക്കുന്നു. അതു പോലെ തന്നെ അറുപതുകൾ സമ്മാനിച്ച റൊമാന്റിക് ഹീറോയും മരിച്ചിട്ടില്ല.  എൺപതുകളുടെ അവസാനത്തിൽ ഹിന്ദി സിനിമയിൽ പുനരാംഭിച്ച് പ്രാദേശികസിനിമകളെയും സ്വാധീനിച്ച റൊമാന്റിക്/പ്രണയ തരംഗം ഇന്നും കെട്ടടങ്ങിയിട്ടില്ല,പ്രണയസങ്കല്പങ്ങൾക്ക് വലിയ തോതിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും. ചുരുക്കത്തിൽ ഇന്ത്യൻ സിനിമയിൽ ഒരിക്കലും ഉടഞ്ഞുപോകാത്ത നായകർ രണ്ട് തരക്കാരാണ്: സർവശക്തരും റൊമാന്റിക്കുകളും.

      മേൽ പറഞ്ഞ രണ്ട് തരക്കാരുമല്ലാതെ പരമ്പരാഗത നായകത്വത്തെ തകർക്കുന്ന പുതിയ നായകന്മാരും ഇന്ന് സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. അവർ നന്മയുടെ പ്രതിരൂപങ്ങളൊന്നുമല്ല,പലപ്പോഴും അവർ കപടത എടുത്തണിയുന്ന ‘നായകരാ‘ണ്.പണത്തിനു വേണ്ടി എന്തു ചെയ്യാനും മടിയ്ക്കാത്തവരാണ് ഇവരിൽ ചിലർ. ഇവർക്ക് മുൻപിൽ ‘പ്യാസ’യിലെ വിജയ് വെറും വിഡ്ഡിയായി മാറുന്നു. ‘ഗോൽമാൽ’,‘ഹൌസ്ഫുൾ’,എന്നിവയിലെ നായകന്മാർ, മലയാളത്തിലെ ആസ്ഥാന ബഫൂൺ താരമായ ദിലീപിന്റെ നായകന്മാർ, പ്രിയദർശന്റെ കോമാളി നായകന്മാർ എന്നിവരെപ്പോലെയുള്ള മറ്റൊരു കൂട്ടർ ശുദ്ധ ബഫൂണുകളാണ്, എഴുപതുകളിൽ നായകത്വത്തിന്റെ മുദ്രയായി ഒരിക്കലും സങ്കൽ‌പ്പിക്കാനേ കഴിയാത്ത കാര്യം.
      
          ഇങ്ങനെയൊക്കെ ആണെങ്കിലും പരമ്പരാഗത നായകൻ ഇന്നും പടിയിറങ്ങിയിട്ടില്ല, സാധാരണ പ്രേക്ഷകന്റെ മനസ്സിൽ നിന്ന്. തമിഴ്,തെലുങ്ക് ചിത്രങ്ങളിൽ സർവശക്തനും തെറ്റുപറ്റാത്തവനുമായ നായകൻ ഇന്നും അരങ്ങ് വാഴുന്നു.സമകാലിക മലയാളസിനിമയിലും പരമ്പരാഗത നായകസങ്കൽ‌പ്പങ്ങൾക്ക് വലിയ ഇടിവൊന്നും സംഭവിച്ചിട്ടില്ല.
         തൊണ്ണൂറുകളിൽ ആരംഭിച്ച ഉദാരവത്കരണവും ഹിന്ദുത്വ ദേശീയതയുടെ വളർച്ചയും നായകത്വത്തെയും സ്വാധീനിക്കുകയുണ്ടായി.വളർന്നു വരുന്ന മധ്യവർഗ കുടുംബങ്ങളുടെ യാഥാസ്ഥിതിക സ്വഭാവത്തെ തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയായിരുന്നു ചോപ്ര-ജോഹർ ദ്വയം.അവരുടെ നായകന്മാർ ആഗോളവത്കരണകാല നായകരുടെ മികച്ച മാത്യക പ്രദർശിപ്പിക്കുന്നു.അവർ ‘തിളങ്ങുന്ന‘ ഇന്ത്യയുടെ നായകരാണ്.ദാരിദ്യം ഒരു വിഷയമേ അല്ല അവരുടെ ജീവിതത്തിൽ.ഈ പുതിയ നായകൻ ലോകത്തിലെ ഏതു കോണിലും ജീവിയ്ക്കാൻ കഴിവുള്ളവനാണ്. വിലകൂടിയ മദ്യങ്ങൾ,കാറുകൾ,പെണ്ണുങ്ങൾ എല്ലാം അവനും കരഗതം.

       ‘രാജാ ഹരിശ്ചന്ദ്ര’യിലെ നായകൻ നൂറ് വർഷത്തെ പരിണാമങ്ങൾക്ക് വിധേയനായി  ‘യന്തിരനാ’യി തിരശ്ശീലയിലെത്തുമ്പോൾ ആ നായക സങ്കല്പത്തിന്റെ കാലത്തിലൂടെയുള്ള  യാത്ര സംഭവബഹുലത നിറഞ്ഞതാണ്, ആഴത്തിലുള്ള പഠനം ആവശ്യപ്പെടുന്ന ഒന്ന്. നൂറ്റാണ്ടിന്റെ ആഘോഷങ്ങൾ അത്തരത്തിലുള്ള ഗൌരവമേറിയ പഠനങ്ങൾക്ക് വഴിതുറക്കും എന്ന് പ്രത്യാശിക്കാം.

Tuesday, February 5, 2013

എന്തിനാണ് ഖാതാസിലെ മുത്തശ്ശി കഞ്ചാവ് വളർത്തുന്നത്?

                                                                                    

ഖാതാസിലെ മുത്തശ്ശി കഞ്ചാവ് വളർത്തുന്നു
                                                                                                                                       
ഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പിലെ സ്വാസിലാണ്ട് എന്ന ദരിദ്രരാജ്യത്തിലെ ഖാതാസിലെ എന്ന മുത്തശ്ശിയ്ക്ക് മുൻപിൽ വിധി ഒരുക്കിയത് വലിയ ഒരു ബാധ്യതയായിരുന്നു, എയ്ഡ്സ് രോഗബാധിതരായി മരണപ്പെട്ട തന്റെ 3 പെണ്മക്കളുടെ 11 കുഞ്ഞുങ്ങളുടെ സംരക്ഷണം. 
          എച്ച്.ഐ.വി ബാധയുടെ കാര്യത്തിൽ ലോകത്തേറ്റവും കൂടിയ നിരക്കുള്ള സ്വാസിലാണ്ട് ആഫ്രിക്കയിൽ  രാജഭരണം  നടക്കുന്ന ഏകരാഷ്ട്രമാണ്. ആന്റി റെട്രോവൈറൽ മരുന്നുകളുടെ തീവ്രമായ ഉപയോഗം  എയ്ഡ്സ് മൂലമുള്ള മരണനിരക്കിൽ നല്ല കുറവുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇന്നും എച്ച്.ഐ.വി ബാധിതർ ഇല്ലാത്ത ഒറ്റ കുടുംബം പോലുമില്ല സ്വാസിലാണ്ടിൽ എന്നതാണ് വസ്തുത.
        തന്റെ അനാഥക്കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ യാതൊരു മാർഗവും തുറന്നു കിട്ടിയില്ല ഖാതാസിലെയ്ക്ക് , ‘സ്വാസി സ്വർണ‘ത്തെ കണ്ടെത്തുന്നത് വരെ.

പട്ടിണിയകറ്റാൻ ‘സ്വാസി ഗോൾഡ്‘
    ‘സ്വാസി ഗോൾഡ്‘ എന്ന പേരിൽ അറിയപ്പെടുന്നത് ആ രാജ്യത്തിന്റെ പ്രത്യേക കാ‍ലാവസ്ഥയിൽ വളരുന്നതും അയൽരാജ്യമായ ദക്ഷിണാഫ്രിക്കയുടെ മയക്കുമരുന്ന് വിപണിയിലെ വിലയേറിയ മുതലുമായ കഞ്ചാവ് ഇനം ആണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ദക്ഷിണാഫ്രിക്കയിലെ മയക്കുമരുന്നുപയോഗം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. ഈ ആവശ്യം നിറവേറ്റുന്നത് സ്വാസിലാണ്ടിലെ കഞ്ചാവ് ക്യഷിയിൽ നിന്നുമാണ്. 1.4 ദശലക്ഷം ആളുകൾ മാത്രം ജീവിക്കുന്ന കൊച്ചുരാഷ്ട്രമായ സ്വാസിലാണ്ടിൽ അതിനേക്കാൾ 180 മടങ്ങ് വലുപ്പമുള്ള,കഞ്ചാവിന്റെ മറ്റൊരു വലിയ ഉത്പാദകരായ ഇന്ത്യയിലേക്കാൾ കൂടുതൽ സ്ഥലം കഞ്ചാവ് ക്യഷിക്കുപയോഗിക്കുന്നു എന്നത് ആ സ്വാസി ഗോൾഡിന്റെ വ്യാപകമായ ക്യഷിയെ സൂചിപ്പിക്കുന്നു.

      തന്റെ കുഞ്ഞുങ്ങളെപ്പോറ്റാൻ നമ്മുടെ മുത്തശ്ശി തിരഞ്ഞെടുത്ത വഴി സ്വാസിലാണ്ടിലെ പിഗ്സ് പീക്ക് എന്ന പ്രദേശത്തുള്ള ഒട്ടേറെ കുടുംബങ്ങളുടെ ഉപജീവനമാർഗം തന്നെയായിരുന്നു, സ്വാസി ഗോൾഡ് എന്ന കഞ്ചാവിനം ക്യഷി ചെയ്യുക എന്നത്. അങ്ങനെ കൊടുകാടിനകത്തെ ഒരു വിദൂരമായ കുന്നിൻ പുറത്ത് ഖാതാസിലെ മുത്തശ്ശി സ്വാസി ഗോൾഡിന്റെ ആദ്യ വിളവിറക്കി.

       2007 ൽ ആണ് ഖാതാസിലെയുടെ മകൾ തന്റെ ഇരുപത്തിനാലാം വയസ്സിൽ എയ്ഡ്സ് രോഗത്താൽ മരണമടഞ്ഞത്.അവൾ ബാക്കിയാക്കിയിട്ടു പോയത് നാല് കുഞ്ഞുങ്ങളെയായിരുന്നു.രണ്ട് വർഷത്തിനു ശേഷം മറ്റൊരു മകൾ കൂടി യാത്രയായി. അവളുടെ കുഞ്ഞുങ്ങളുടെ എണ്ണം മൂന്ന്. 4 കുഞ്ഞുങ്ങളെ അമ്മയെ ഏൽ‌പ്പിച്ച് മൂന്നാമത്തെ മകളായ നോംസയുടെ മരണം പിന്നെയും രണ്ട് മാസം കഴിഞ്ഞായിരുന്നു. മുത്തശ്ശിയുടെ ഒറ്റമുറിക്കുടിലിൽ അങ്ങനെ 11 പേരും വളരാൻ തുടങ്ങി.പട്ടിണി മാത്രം കൂട്ട്.

വലിയ ചങ്ങലയിലെ ചെറുകണ്ണി
       അഫ്ഘാനിസ്ഥാനിലെ പോപ്പി കർഷകരെപ്പോലെയോ ലാറ്റിൻ അമേരിക്കയിലെ കൊക്ക കർഷകരെപ്പോലെയോ താനും മയക്കുമരുന്ന് ക്യഷി എന്ന വലിയ കച്ചവട ശ്യംഖലയിലെ കണ്ണിയാണ് എന്ന കാര്യം  ഖാതാസിലെയ്ക്കറിയില്ല. തന്റെ കുഞ്ഞുങ്ങളുടെ പട്ടിണിയകറ്റുന്നതിനും അവരെ സ്കൂളിലയയ്ക്കുന്നതിനും അവർ ആ ക്യഷി ചെയ്യുന്നു, അത്രമാത്രം. അഫ്ഘാനിസ്ഥാനിലെന്ന വണ്ണം ഇവിടെയും ദാരിദ്യമാണ് മുഖ്യപ്രതി. സ്വതവേയുള്ള ദാരിദ്യത്തിന്റെ തീയിലേക്ക് കൂടുതൽ ഇന്ധനം പകർന്ന എയ്ഡ്സ് ദുരന്തം കൂടിയായപ്പോൾ അവസ്ഥ കൂടുതൽ പരിതാപകരമാകുകയും ചെയ്തു.
           മറ്റ് വിളകൾ ക്യഷിചെയ്യാനുള്ള സാഹചര്യത്തിന്റെ കുറവ് തന്നെയാണ് പിഗ്സ് പീക്കിലെ ഗ്രാമീണരെ കഞ്ചാവ് ക്യഷിയിലേക്ക് നയിക്കുന്ന ഘടകം എന്ന് പറയുന്നു അവർ. വനപ്രദേശമായതിനാൽ അവർ നടുന്ന ചോളമോ കാബേജോ കുരങ്ങുകൾക്ക് ഭക്ഷണമായിത്തീരുന്നു. കൂടാതെ മഴയെ മാത്രം ആശ്രയിച്ച് ക്യഷിയിറക്കുന്ന  ആ നാട്ടിലെ മണ്ണിൽ നന്നായി വളരുന്ന വിളകളും കുറവാണ്.തൊഴിലില്ലായ്മ രൂക്ഷമായ ഗ്രാമപ്രദേശങ്ങൾ വിട്ട് യുവാക്കൾ രാജ്യത്തിലെ വലിയ നഗരങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു.ഗ്രാമങ്ങളിൽ ശേഷിക്കുന്നത് കുറെ അനാഥക്കുഞ്ഞുങ്ങളും അവരെ സംരക്ഷിക്കാൻ ബാക്കിയായ ഖാതാസിലെയെപ്പോലുള്ള സ്ത്രീകളും മാത്രം. എയ്ഡ്സ് രോഗബാധിതരായ മാതാപിതാക്കളുടെ മരണം അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വ്യദ്ധരായ മുത്തശ്ശിമാരെ നിർബന്ധിതരാക്കുന്ന സാഹചര്യം. തങ്ങളുടെ വാർദ്ധക്യത്തിൽ അവർക്ക് വീണ്ടും ആ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്.

ക്യഷി ദുഷ്കരം
       ഖാതാസിലെയെപ്പോലുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ ക്യഷി അത്ര എളുപ്പമുള്ള സംഗതിയല്ല. അനുയോജ്യമായ ക്യഷിയിടം കണ്ടെത്തൽ ദുഷ്കരം തന്നെയാണ്.ക്യഷിയിടം വിളയ്ക്കായി ഒരുക്കുക എന്നതും വ്യദ്ധരായ ഇവരെ സംബന്ധിച്ച് വിഷമകരം തന്നെ.നട്ട് നനച്ച് കാവൽ നിന്ന് വിളവെടുക്കാനാകുമ്പൊൾ പോലീസും  വന്നെത്തും. വിളവെടുപ്പിനു തൊട്ടുമുമ്പെത്തുന്ന പോലീസ് വിളമുഴുവൻ കത്തിച്ച് സ്ഥലം വിടും. ഖതാസിലയുടെ മാസങ്ങൾ നീണ്ട അധ്വാനം അങ്ങനെ വ്യഥാവിലാകുകയും ചെയ്യും.
     ഇനി പ്രശ്നങ്ങളൊന്നും കൂടാതെ വിള കൊയ്താലോ , ഇടനിലക്കാർ വന്നെത്തും. വിലപേശൽ ശേഷി ഒട്ടുമില്ലാത്ത ഗ്രാമീണർക്ക് അവർ പറയുന്ന വിലയ്ക്ക് സാധനം വിൽക്കേണ്ടിയും വരുന്നു.ഇടനിലക്കാരന് സാധനം വിൽക്കുന്നില്ല എന്ന് വെച്ചാൽ തന്നെ സാധനം കൂടുതൽ സമയം സൂക്ഷിക്കാൻ സാധിക്കില്ല എന്ന പ്രശ്നം വരുന്നു.

          കഞ്ചാവ് ക്യഷിയിൽ നിന്ന് ജീവിക്കാനുള്ള വക കിട്ടുന്നുണ്ടെങ്കിലും അത് അത്ര നല്ല കാര്യമൊന്നുമല്ലെന്ന് ഖാതാസിലെക്കറിയാം.കുഞ്ഞുങ്ങളുടെ അടുത്ത വർഷത്തെ സ്കൂൾ ഫീസ് മാത്രം 400 ഡോളർ വരും. അത് സമ്പാദിക്കാൻ മറ്റൊരു വഴിയും ഇല്ല താനും.അങ്ങനെ മുത്തശ്ശി അടുത്ത വിളയ്ക്കുള്ള സ്ഥലം കണ്ടെത്താൻ കാടുകയറാൻ തുടങ്ങുന്നു.

    “ നിങ്ങൾ എന്നെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ? പട്ടിണി മനുഷ്യനെ എന്തു ചെയ്യാനും പ്രേരിപ്പിക്കും എന്ന് അതനുഭവിക്കുന്നവർക്കറിയാം.” ഖാതാസിലെ മുത്തശ്ശിയുടെ വാക്കുകൾ.



Wednesday, January 30, 2013

ഒരു ദിവസം ആയിരം കുഞ്ഞുങ്ങളെ കൊല്ലുന്ന വില്ലൻ

രണത്തിനു ജീവൻ നൽകുന്ന കാലാവസ്ഥാ വ്യതിയാനം
     കോടിക്കണക്കിന്‌ പാവങ്ങളെ കൂടുതല്‍ നിസ്സഹായരാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനവും അതിൻ ഫലമായുണ്ടാകുന്ന ദാരിദ്യവും  കഴിഞ്ഞ പതിറ്റാണ്ടിലാണ്  അതിന്റെ വിശ്വരൂപം കാട്ടാന്‍ തുടങ്ങിയത്.‌ കാലാവസ്ഥയിലുള്ള കടുത്ത അസ്ഥിരത സ്യഷ്ടിക്കുന്ന ക്യഷി നാശവും, ഉത്പാദനക്കുറവും പട്ടിണിയ്ക്കും അതു വഴിയുള്ള മരണങ്ങൾക്കും ഒരു പ്രധാനകാരണം ആയി മാറിയിട്ടുണ്ട് ഇന്ന്.

കാലാവസ്ഥാ വ്യതിയാനം എന്ന കാലൻ 
സബ് സഹാറൻ ആഫ്രിക്ക, തെക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, പസഫിക്ക് മേഖലയിലെ കൊച്ചു ദ്വീപുകൾ, ലാറ്റിനമേരിക്ക എന്നീ ഭൂവിഭാഗങ്ങളിലുള്ള കോടിക്കണക്കിനു മനുഷ്യരാണ് അസ്ഥിരമായ കാലാവസ്ഥ സ്യഷ്ടിക്കുന്ന വരൾച്ച ,ക്യഷിനാശം,ജലക്ഷാ‍മം,പ്രളയം എന്നിവ മൂലം ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 100 ദശലക്ഷം ആളുകൾക്കാണ് പാകിസ്ഥാനിലെ പ്രളയം മൂലം സ്വന്തം ക്യഷിയിടവും ആവാസവും നഷ്ടപ്പെട്ടത്. 130 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്യം അനുഭവിക്കുന്നു കിഴക്കൻ ആഫ്രിക്കയിൽ. വികസിത രാജ്യങ്ങളും ഈ വിപത്തിൽ നിന്ന് വിമുക്തമല്ല. ഇടയ്ക്കിടെ സന്ദർശിക്കുന്ന കൊടുങ്കാറ്റുകൾ, കാട്ടുതീ, പ്രളയം എന്നിവ ക്യഷി നശിപ്പിക്കുന്നു, മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്നു.

        2011 ജുലൈ മുതൽ കിഴക്കൻ ആഫ്രിക്കയെ ബാധിച്ച വരൾച്ച  കഴിഞ്ഞ 60 വർഷത്തെ ഏറ്റവും കടുത്തതായിരുന്നു. സോമാലിയ, ജിബൂട്ടി,എത്യോപ്യ ,കെനിയ എന്നിവിടങ്ങളിലെ 9.5 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്യത്തിൽ എത്തിച്ചു ഇത്.  തെക്കൻ സോമാലിയയിൽ നിന്ന് അയൽ രാജ്യങ്ങളായ കെനിയയിലേക്കും എത്യോപ്യയിലേക്കും ആളുകൾ പാലായനം ചെയ്തു
. ഈ രാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകളിൽ  അസംഖ്യം ആളുകളാണ് മരണപ്പെട്ടത്. കിഴക്കൻ ആഫ്രിക്കയിലെ തന്നെ സുഡാൻ, തെക്കൻ സുഡാൻ, ഉഗാണ്ട എന്നീ രാജ്യങ്ങളെയും വരൾച്ച മാരകമായി ബാധിച്ചു. കൂടാതെ ഈ രാഷ്ട്രങ്ങളുടെ രാഷ്ട്രീയ ഉറപ്പിനെയും നിലനില്പ്പിനെത്തന്നെയും ഇത് അപകടത്തിലാക്കി.  കൂടാതെ പട്ടിണി കാരണമാകുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ അധ:പതനം,വര്‍ഗീയ കലാപങ്ങള്‍,ഭക്ഷ്യലഹളകള്‍, മനുഷ്യാവകാശധ്വംസനങ്ങള്‍ , സമൂഹത്തില്‍ വളര്‍ന്നു വരുന്ന വൈരുദ്ധ്യങ്ങള്‍ എന്നിവകള്‍ക്കു കൂടിയാണ്‌.

      ഈ കണക്കുകൾ പ്രശ്നത്തിന്റെ ഉപരിതലത്തെ സ്പർശിക്കുന്നേയുള്ളു. ഐക്യരാഷ്ട്ര സഭയുടെ മുൻ തലവൻ കോഫി അന്നന്റെ നേത്യത്വത്തിലുള്ള ‘ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ ഫോറ‘ത്തിന്റെ കണക്കുകൾ പ്രകാരം ഒരു വർഷം 3 ലക്ഷം മരണങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനം കാരണമാകുന്നുണ്ട്. 2030 ഓടെ ഇത് 5 ലക്ഷം ആകും. കൂടാതെ 300 ദശലക്ഷം ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുണ്ട് ഇത്.125000 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ആഗോളമായി കാലാവസ്ഥാ വ്യതിയാനം പ്രതിവർഷം സ്യഷ്ടിക്കുന്നത് എന്ന വസ്തുത പ്രശ്നത്തിന്റെ മാരകമായ ഫലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ഈ സ്ഥിതിയിൽ പോവുകയാണെങ്കിൽ അടുത്ത 20 വർഷത്തിനകം ഈ നഷ്ടം ഇരട്ടിയാകുകയും ചെയ്യും.യു.എൻ .ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച ‘ക്ലൈമറ്റ് വൾനെറബിലിറ്റി മോണിറ്റർ’ എന്ന റിപ്പോർട്ട് പറയുന്നത് ഒരു ദിവസം 1000 കുട്ടികൾ എങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിപത്തുകളിൽ മരണപ്പെടുന്നുണ്ടെന്നാണ്. നിലവിൽ വികസ്വര രാഷ്ട്രങ്ങളിലെ 98 ശതമാനം ആ‍ളുകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷങ്ങൾ അനുഭവിക്കുന്നവരാണ്, 99 ശതമാനം മരണങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ മൂലമാണ്. കൂടാതെ ആകെ ധനനഷ്ടത്തിന്റെ  90 ശതമാനവും കാലാവസ്ഥാ വ്യതിയാനം മൂലമാണ്.

ആഫ്രിക്ക കൂടുതൽ പട്ടിണിയിലേക്ക്
       കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദാരിദ്യവും പട്ടിണിയും ഏറെ ബാധിച്ചിട്ടുള്ളത് ആഫ്രിക്കൻ വൻ കരയെയാണ്. വയറിളക്ക രോഗങ്ങൾ, പോഷകക്കുറവ്, മലേറിയ, ഡെങ്കിപ്പനി എന്നിവ മൂലം ലക്ഷക്കണക്കിനു മനുഷ്യർ മരണത്തിനിരയാവുന്ന ആഫ്രിക്കൻ മേഖലയിൽ കാലാവസ്ഥാ വ്യതിയാനം ഈ വിപത്തുകളെ മൂർച്ഛിപ്പിക്കുന്നു.

    മധ്യകെനിയയിലെ തരാകാ ജില്ലയിലെ അവസ്ഥ പരിശോധിയ്ക്കാം. എഴുപതുകൾ മുതൽ വാർഷിക വർഷപാതം എന്നത് 15 ശതമാനം ആയി കുറഞ്ഞു വന്നു. കൂടാതെ ശരാശരി ഊഷ്മാവ് ഒരു ഡിഗ്രി കൂടുകയും ചെയ്തു. മഴ എന്നത് ക്രമരഹിതമായും പ്രവചനാതീതമായും മാറിയത് മൂലം അതിനെ  മാത്രം ആശ്രയിച്ചുള്ള ക്യഷി ഗുരുതരമായി ബാധിക്കപ്പെട്ടു. ക്യഷിയിടങ്ങൾ തരിശായി ഉപേക്ഷിക്കപ്പെട്ടു, കന്നുകാലികൾ ചത്തൊടുങ്ങി, മനുഷ്യർ പട്ടിണിയിലേക്ക് കൂടുമാറി. 50 വർഷം മുൻപ് ഓരോ കുടുംബത്തിനും 20 കന്നുകാലികളും 50 ആടുകളും ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അവയുടെ എണ്ണം യഥാക്രമം 2, 5 എന്നിങ്ങനെയാണ്. ഇന്ന് 1.5 ലക്ഷത്തോളം ജനസംഖ്യയുള്ള മേഖലയിലെ 65 ശതമാനം ആളുകളും കടുത്ത പട്ടിണിയിലാണ്. മഴയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആഫ്രിക്കയിലെ ഒട്ടു മിക്ക പ്രദേശങ്ങളുടെയും അവസ്ഥ ഇതു തന്നെയാണ്. ആഫ്രിക്കയിൽ മാത്രം 2020 ഓട് കൂടി 75 മുതൽ 250 വരെ ദശലക്ഷം ആളുകളാണ് കടുത്ത ജലക്ഷാമത്തിന് ഇരയാകാൻ പോകുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മിക്ക രാജ്യങ്ങളിലെയും കാർഷികോത്പാദനം  എന്നത് 50 ശതമാനം കുറയും എന്നും പഠനങ്ങൾ പറയുന്നു.

പരിഹ്യതമാകാത്ത വെല്ലുവിളികൾ
    കാലാവസ്ഥാ വ്യതിയാനം എന്നത് മനുഷ്യസ്യഷ്ടിയാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ട് ലോകരാഷ്ട്രങ്ങളെല്ലാം എങ്കിലും ശാശ്വതപരിഹാരം എന്നത് ഇനിയും വിദൂരത്തിലാണ്. ഹരിതഗ്യഹ വാതകങ്ങളുടെ പുറത്തു വിടൽ നിയന്ത്രിക്കൽ, കാലാവസ്ഥാ വ്യതിയാനത്തിൽ പ്രതിസന്ധിയിലായ മനുഷ്യർക്ക് ആശ്വാസം എത്തിക്കൽ എന്നീ രണ്ട് വെല്ലുവിളികളാണ് പ്രധാനമായും അന്താരാഷ്ട്ര ഏജൻസികൾ ഉയർത്തിക്കാണിക്കുന്നത്. ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ ഫോറത്തിന്റെ കണക്കുകൾ പ്രകാരം അടുത്ത 25 വർഷത്തിനകം ഈ അവസ്ഥയിൽ മാറ്റം ഉണ്ടായില്ലെങ്കിൽ 310 ദശലക്ഷം ആളുകൾ അന്തരീക്ഷ താപനില ഉയരുന്നതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കിരയാകും.കൂടാതെ 20 ദശലക്ഷം ആളുകൾ കടുത്ത പട്ടിണിയിലമരും. ആഫ്രിക്ക,ബംഗ്ലാദേശ്,ഈജിപ്ത്, തീരപ്രദേശങ്ങൾ,വനമേഖലയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലെ 75 ദശലക്ഷം ആളുകൾക്ക് വാസസ്ഥലം നഷ്ടപ്പെടുകയും ചെയ്യും. ജലവിതരണം ആണ് മറ്റൊരു വലിയ വെല്ലുവിളി. ജലദൌർലഭ്യം ക്യഷിനാശത്തിലേക്കും വ്യക്തിശുചിത്വം, സാനിറ്റേഷൻ എന്നിവയുടെ ഇല്ലായ്മയിലേക്കും ഇക്കോ സിസ്റ്റത്തിന്റെ തകർച്ചയിലേക്കും വഴി തെളിയ്ക്കും. വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനുമിടയിൽ പെട്ട് യാതനയിലാകും മനുഷ്യർ.

നിഷ്ഫലമാകുന്ന അന്താരാഷ്ട്ര സമ്മേളനങ്ങൾ
   കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഉറച്ച നിലപാടുകൾ കൈക്കൊള്ളുന്നതിനായി അന്താരാഷ്ട്രതലത്തിൽ ഇന്ന് സംവിധാനങ്ങൾ ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ല. 1987 ലെ ‘മോൺട്രിയൽ പ്രോട്ടോക്കോൾ’ , 2008 ഓടെ ഹരിതഗ്യഹ വാതകങ്ങളുടെ പുറത്തു വിടൽ 98 ശതമാനം കുറയ്ക്കണം എന്ന നിബന്ധന വെച്ചുവെങ്കിലും അത് സാധിതമാകുകയുണ്ടായില്ല.  2011 ഡിസംബറിൽ ഡർബനിൽ ‘ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് ‘ചേർന്നത്  2015 ഓടു കൂടി ഈ പ്രശ്നത്തിൽ ക്യത്യമായ ഒരു ഉടമ്പടി ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് .എന്നാൽ എന്നാൽ ആഗോളതാപനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന അമേരിക്ക,ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ എതിർപ്പ് മൂലം ഈ ലക്ഷ്യം സാധ്യമാകുകയുണ്ടായില്ല. അതു പോലെ ഈ പ്രശ്നത്തിലെ ഏറ്റവും വലിയ പ്രതീക്ഷയായ റിയോ ഉച്ചകോടിയും സമാനമായ പ്രശ്നങ്ങൾ മൂലം പ്രതീക്ഷിച്ച ഗുണം നൽകിയില്ല. റിയോ ഉച്ചകോടിയുടെ മുദ്രാവാക്യം ആയ ‘സുസ്ഥിര വികസനം’ എന്നത് സമീപഭാവിയിലൊന്നും എത്തിപ്പിടിയ്ക്കാൻ സാധിക്കുന്ന ലക്ഷ്യമായി കാണുന്നുമില്ല. ആഗോളതാപനത്തിനു പ്രധാന ഉത്തരവാദികളായ വികസിത രാഷ്ട്രങ്ങൾ ഈ കെടുതിയിൽ പെടുന്ന രാജ്യങ്ങൾക്ക് നൽകുന്ന ധനസഹായവും ഇന്നത്തെ നിലയ്ക്ക് വളരെ പരിമിതമാണ്. ഏറ്റവും വികസിതരായ 12 രാഷ്ട്രങ്ങൾ എല്ലാവരും കൂടി 72000 കോടി ഡോളർ തങ്ങളുടെ രാഷ്ട്രങ്ങളിലെ കെടുതികൾ പരിഹരിക്കാൻ വിനിയോഗിക്കുന്നുവെങ്കിൽ തങ്ങൾ മൂലം ദുരിതത്തിലായ ദരിദ്രരാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാൻ വെറും 400 ദശലക്ഷം ഡോളർ മാത്രമേ അവർ വിനിയോഗിക്കുന്നുള്ളൂ. നോബൽ സമ്മാന ജേതാവായ വംഗാരി മാതായിയുടെ വാക്കുകൾ ഈ പ്രശ്നത്തിലേക്കുള്ള ശരിയായ ചൂണ്ടുപലകയാണ് : “കാലാവസ്ഥാ വ്യതിയാനം മരണത്തിനു ജീവൻ നൽകുന്ന ഒന്നാണ്. ഇത് ഒരു പുതിയ ആഗോളയുദ്ധക്കളമാണ് . വികസിതരാഷ്ട്രങ്ങളുടെ പ്രശ്നം എന്ന നിലയിലാണ് ഇത് പലപ്പോഴും അവതരിപ്പിക്കപ്പെടാറ്. എന്നാൽ വികസിതരാഷ്ട്രങ്ങൾ തന്നെയാണ് ആഗോളതാപനത്തിന് പ്രധാനകാരണക്കാർ”.

Monday, January 28, 2013

ഫെയിസ്ബുക്ക്,ഗൂഗിൾ,ആപ്പിൾ,ആമസോൺ : ഇനിയും തുടരണോ ഈ ആധിപത്യങ്ങള്‍?





ഇന്റര്‍നെറ്റ് ഭീമന്മാര്‍ : ഇനിയും തുടരണോ  ഈ ആധിപത്യങ്ങള്‍?

സൈബര്‍ യുഗത്തില്‍ ഇന്റര്‍നെറ്റ് കമ്പനികളുടെ വളര്‍ച്ച പലപ്പോഴും പ്രവചനാതീതമായിരുന്നു. ഇന്റനെറ്റിനെ അടക്കിവാഴുന്ന തമ്പുരാക്കന്മാരായ ഗൂഗിള്‍, ആപ്പിള്‍, ഫെയിസ്ബുക്ക്, ആമസോണ്‍ എന്നിവരുടെ കഥയും വ്യത്യസ്തമല്ല. ഈ ഭീമന്മാരുടെ ഭീഷണമായ വളര്‍ച്ചയ്ക്കും മത്സരത്തിനും സമാനമായ ഒന്ന് മുന്‍പ് ദര്‍ശിച്ചിട്ടില്ല, സാമ്പത്തികലോകം . ഒരു കാലത്ത് വിപണിയില്‍ ആവേശം വാനോളം ഉയര്‍ത്തിയിരുന്ന ഇവയുടെ വളര്‍ച്ച ഇന്ന് വിപണിയ്ക്ക് തന്നെ ഹാനികരമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു, എന്ന ഭയം വ്യാപകമായിരിക്കുന്നു.

ഏതിലൊക്കെ ആധിപത്യം ചെലുത്തുന്നു ഇവര്‍?


ഈ നാലുപേരും അവരവരുടെ മണ്ഡലത്തില്‍ പുലര്‍ത്തുന്ന ആധിപത്യം വലുതാണ്.ആപ്പിളിന്റെ ഇന്റനെറ്റിലെ വിജയപീഠമായ ഐ ട്യൂണ്‍സ് ഇന്ന് 425 ദശലക്ഷം ആളുകളാണ് ഉപയോഗിക്കുന്നത്. അതിന്റെ സൈബര്‍ ഷെല്‍ഫുകളില്‍ നിറഞ്ഞിരിക്കുന്ന സംഗീതവും മറ്റ് ഡിജിറ്റല്‍ കണ്ടന്റുകളും ലക്ഷങ്ങള്‍ ഉപയോഗിക്കുന്നു,ദിനംതോറും. ഗൂഗിളാണെങ്കില്‍ വിശദീകരണം ആവശ്യമില്ലാത്ത വണ്ണം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഓരോ ആളെയും സ്വാധീനിക്കുന്ന ഒന്നാണ്.അവര്‍ ഇന്റര്‍നെറ്റ് തിരച്ചിലിന്റെയും ഓണ്‍ലൈന്‍ പരസ്യത്തിന്റെയും മേഖലകളില്‍ എതിരാളികളേക്കാള്‍ എത്രയോ മുന്‍പിലാണ്. ലോകത്ത് ഒരു വര്‍ഷം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ നാലില്‍ മൂന്നെണ്ണവും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്‌റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ആമസോണ്‍ എന്തു ചെയ്യുന്നു ഇന്റര്‍നെറ്റില്‍ എന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യം ആണല്ലോ ?. അവര്‍ ഓണ്‍ലൈന്‍ റീടെയില്‍ മേഖലയിലും ഇബുക്ക് മേഖലയിലും കിടയറ്റ വമ്പന്മാര്‍ തന്നെ. അത്രയധികമൊന്നും അറിയപ്പെടുന്നില്ലെങ്കിലും ക്ലൌഡ് കമ്പ്യൂട്ടിംഗിന്റെ മേഖലയിലും അവരുടെ ശക്തി വളരെ വലുതാണ്. ഫെയിസ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍ അവര്‍ ലോകത്തിലെ മൂന്നാമത്തേത് ആയിരുന്നേനെ, ജനസംഖ്യയില്‍. നൂറു കോടിയിലധികമാണ് അവരുടെ ഉപയോക്താക്കളുടെ എണ്ണം.
ഈ കമ്പനികള്‍ ഊര്‍ജ്ജം പകര്‍ന്ന ഡിജിറ്റല്‍ വിപ്ലവം വിവിധ മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ ഗുണങ്ങളും ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്. മറ്റെന്തിലുമുപരി സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും ജനാധിപത്യമൂല്യങ്ങളുടെ സൈബര്‍ ഭൂമികയ്ക്കും ശക്തി പകര്‍ന്നിട്ടുണ്ട് ഇവയില്‍ ഗൂഗിളും ഫെയിസ്ബുക്കും.
പിന്നെന്ത് ഭീഷണിയാണ് ഇവര്‍ നല്‍കുന്നത്?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ വമ്പന്മാരുടെ വളര്‍ച്ചയും നിലനില്‍പ്പും അത്ഭുതത്തിനൊപ്പം ഭീതിയും പടര്‍ത്തുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ നമ്മുടെ നെറ്റി ചുളിയാനിടയുണ്ട്.ഇവരുടെ വലുപ്പവും വളര്‍ച്ചയുടെ വേഗതയും ഇന്റര്‍നെറ്റിന്റെ ലോകത്തെ മത്സരത്തെ ഇല്ലായ്മ ചെയ്യുന്നു എന്നതാണ് ഈ ഭീതിയുടെ അടിസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടത്.

ഗൂഗിള്‍ ഏറ്റവും വലിയ വില്ലന്‍ ?


യൂറോപ്യന്‍ കമ്മീഷനും അമേരിക്കയുടെ ഫെഡറല്‍ ട്രേഡ് കമ്മീഷനും ഗൂഗിളിനെതിരെയുള്ള ഒരാരോപണത്തിന്മേല്‍ അന്വേഷണം നടത്തുകയുണ്ടായി.
തങ്ങളുടെ തന്നെ സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും അനുകൂലമാകത്തക്ക രീതിയില്‍ തിരയല്‍ ഫലങ്ങളെ മാനിപ്പുലേറ്റ് ചെയ്തു ഗൂഗിള്‍ എന്നതാണ് ആരോപണത്തിന്റെ പൊരുള്‍. ഗൂഗിളിനെപ്പോലെ ഒരു സെര്‍ച്ച് എഞ്ചിനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്ന്. ഗൂഗിള്‍ ചെയ്തു എന്നാരോപിക്കപ്പെട്ട മറ്റൊരു തെറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിലകുറഞ്ഞ മത്സരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ഇടയാകത്തക്ക വിധത്തില്‍ അവര്‍ തങ്ങളുടെ പേറ്റന്റുകളെ ഉപയോഗിച്ചു എന്നതാണ്. ഈ ആരോപണങ്ങളില്‍ പലതിലും കഴമ്പുണ്ട് എന്ന് മനസ്സിലാക്കി അന്താരാഷ്ട്ര നിയന്ത്രകര്‍, എന്നതിനു തെളിവാണ് ഗൂഗിളിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന അര്‍ഥത്തിലുള്ള നിയന്ത്രകരുടെ നിര്‍ദ്ദേശങ്ങള്‍.
വളര്‍ച്ചയിലെ പ്രത്യേകതകള്‍


ഈ നാല് കമ്പനികളുടെയും വളര്‍ച്ചയില്‍ സമാനമായ കുറെ പ്രത്യേകതകള്‍ കാണാം. ഇവയില്‍ പ്രധാനപ്പെട്ടത്, വിജയി തന്റെ മേഖല മുഴുവനായിത്തന്നെ ആധിപത്യത്തില്‍ ആക്കുന്നു എന്നതാണ്. മൈക്രോസോഫ്റ്റ് തങ്ങളുടെ സ്വന്തം സെര്‍ച്ച് എഞ്ചിനായ 'ബിംഗി'നു വേണ്ടി കോടികള്‍ വാരി വിതറി കടുത്ത മത്സരത്തിനായി ഇറങ്ങിയെങ്കിലും ഇന്നും ഗൂഗിള്‍ തന്നെയാണ് സെര്‍ച്ച് എഞ്ചിന്റെ മുഖം. മൈക്രോസോഫ്റ്റിന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ അമേരിക്കയില്‍ നടത്തുന്ന തിരയലുകളുടെ മൂന്നില്‍ രണ്ടും നടക്കുന്നത് ഗൂഗിളിലൂടെയാണ്.യൂറോപ്യന്‍ വിപണിയുടെ 90 ശതമാനവും കൈവശം വെയ്ക്കുന്നു ഗൂഗിള്‍. ഇത്തരത്തിലുള്ള ആധിപത്യം ആമസോണ്‍ , ആപ്പിള്‍, ഫെയിസ്ബുക്ക് എന്നിവര്‍ തങ്ങളുടെ മേഖലയില്‍ പുലര്‍ത്തുന്ന ആധിപത്യത്തിന്റെ സ്വഭാവവും സമാനം തന്നെ. മത്സരാധിഷ്ഠിത വിപണിയുടെ ആശയങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ് ഇത്തരത്തിലുള്ള ആധിപത്യങ്ങള്‍ എന്നു കരുതുന്നു നിരീക്ഷകര്‍. ഈ നാല് വമ്പന്മാരുടെയും എതിരാളികളുടെ പ്രധാന ഭീതി ഇവര്‍ തങ്ങളുടെ മേഖലകള്‍ക്ക് പുറത്തേക്ക് സ്വാധീനവും ആധിപത്യവും ഇനിയും വ്യാപിപ്പിക്കാന്‍ തുടങ്ങുന്നത് തങ്ങളുടെ നില പരുങ്ങലിലാക്കും എന്നതിലാണ്. ഗൂഗിള്‍ കടന്നു കയറാനിടയില്ലാത്ത ഒരു മേഖലയുമില്ല. ഫെയിസ്ബുക്കും തങ്ങളുടെ തട്ടകം വിപുലപ്പെടുത്താനൊരുങ്ങുന്നു.
     മറ്റൊരു പ്രത്യേകത ഇവര്‍ ഉപഭോക്താക്കളെ തങ്ങളുടെ വരുതിയില്‍ തന്നെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്നതാണ്. ഗൂഗിള്‍ തങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങളെ അതിവിദഗ്ധമായി തങ്ങളുടെ തന്നെ സോഫ്‌റ്റ്വെയറുകളും പ്രോഗ്രാമുകളും ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലെറ്റ് കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുന്നത് വഴി ഉപഭോക്താക്കള്‍ അവരുടെ സ്വാധീനത്തില്‍ നിന്ന് ഒരിക്കലും വിട്ടുപോകാന്‍ ഇടയാകാതെ വരുന്നു. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ലഭിക്കുന്ന ആപ്‌സ് ഒഴിവാക്കാന്‍ സാധിക്കുന്നില്ല. സമാനമായ പ്രവര്‍ത്തന ശൈലിയിലൂടെ ആപ്പിള്‍ അതിന്റെ ഉപഭോക്താക്കളുടെ ജീവിതത്തില്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ പോലെ പ്രവര്‍ത്തിക്കുന്നു. ആപ്പിളിന്റെ ഫോണിലേക്കും അതില്‍ നിന്ന് പുറത്തേക്കുമുള്ള ഫയല്‍ ട്രാന്‍സ്ഫര്‍ പൂര്‍ണമായും കമ്പനി നല്‍കുന്ന സോഫ്‌റ്റ്വെയറിലൂടെ മാത്രമേ നടക്കുകയുള്ളൂ.
         മൂന്നാമത്തെ പ്രധാനപ്പെട്ട പ്രത്യേകത ,തങ്ങള്‍ക്ക് ഭീഷണിയായേക്കാവുന്ന മികച്ച ചെറുകമ്പനികളെ വിഴുങ്ങാനുള്ള ഇവയുടെ ത്വരയാണ്. തങ്ങളുടെ പ്രതിയോഗി ആയേക്കാവുന്ന 'സാപ്പോസ്' എന്ന ഓണ്‍ലൈന്‍ ഷൂ റീട്ടെയിലിംഗ് കമ്പനിയെ ആമസോണ്‍ ഒതുക്കിയത് സമീപകാല ഉദാഹരണം. ഇന്‍സ്റ്റാഗ്രാം, അഡ്‌മൊബ് എന്നീ കമ്പനികളെ ഫെയിസ്ബുക്കും ഗൂഗിളും സ്വന്തമാക്കിയത് അവയില്‍ നിന്നുണ്ടായേക്കാവുന്ന മത്സരത്തെ ഒഴിവാക്കാന്‍ തന്നെയാണ്. ഈ തരത്തിലുള്ള വിഴുങ്ങലുകളും ഈ കമ്പനികള്‍ക്കെതിരെ അന്വേഷണങ്ങള്‍ നടക്കാന്‍ ഇടയാക്കുന്നുണ്ട്. ഒട്ടേറെ ഇ ബുക്ക് പ്രസാധകക്കമ്പനികള്‍ ആപ്പിളില്‍ നിന്നുള്ള മാഫിയാ സദ്യശമായ ഭീഷണികള്‍ നേരിടുന്നുണ്ട് ആ മേഖലയില്‍.
ഒതുക്കണ്ടേ ഈ ഭീമന്മാരെ?

ഈ ഗോലിയാത്തുകളുടെ അനിയന്ത്രിത വളര്‍ച്ചയെ പ്രതിരോധിക്കാനും അതു വഴി സ്വതന്ത്രമായ മത്സരം വിപണിയില്‍ ഉറപ്പു വരുത്താനുമായി ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പോലുള്ളവ വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയെ പല കമ്പനികളായി വിഭജിക്കുക എന്നത് മുതല്‍ വിവിധ മേഖലകളില്‍ ഏതെങ്കിലും ഒന്ന് മാത്രം തിരഞ്ഞെടുക്കാന്‍ ഇവരെ നിര്‍ബന്ധിതമാക്കുക എന്നത് വരെ പലതാണ്. ഗൂഗിളിനെ, സെര്‍ച്ച് എഞ്ചിന്‍ ബിസിനസ് ചെയ്യുന്നതും മറ്റുള്ളവ കൈകാര്യം ചെയ്യുന്നതുമായ രണ്ട് കമ്പനികളായി വിഭജിക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെടുന്നുണ്ട്. ഇത്തരം കീറിമുറിക്കലുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുക എന്ന് കരുതുന്നവരും കുറവല്ല.

പരസ്പരമത്സരവും മുറുകുന്നു

വലിയവ ചെറിയവയെ വിഴുങ്ങി പ്രതിയോഗികളെ ഇല്ലാതാക്കുന്നതിനു പുറമെ വമ്പന്മാര്‍ തമ്മിലുള്ള പൊരിഞ്ഞ മത്സരവും നടക്കുന്നു വിപണിയില്‍.ഐഫോണിനെ നിഷ്പ്രഭമാക്കിക്കൊണ്ടുള്ള ആന്‍ട്രോയിഡിന്റെ കടന്നു വരവും ഐ പാഡിനെ മറികടക്കാനുള്ള ആമസോണ്‍ കിന്റിലിന്റെ വ്യഗ്രതയും ഫെയിസ്ബുക്കിന്റെ ആധിപത്യത്തെ തകര്‍ക്കാനുള്ള ഗൂഗിള്‍ പ്ലസിന്റെ കടന്നു വരവും സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ ഗൂഗിളിന്റെ അപ്രമാദിത്വത്തെ ഇല്ലാതാക്കാനുള്ള ഫെയിസ്ബുക്ക്, മൈക്രോസോഫ്റ്റ്, ആപ്പിള്‍ എന്നിവയുടെ ഉന്നവും എല്ലാം തന്നെ ഈ പോരാട്ടത്തിന്റെ മുഖമുദ്രകളാണ്. ട്വിറ്റര്‍ പോലുള്ള താരതംയേന ചെറിയ കമ്പനികളും തങ്ങളുടെ വമ്പന്‍ പ്രതിയോഗികളുടെ റാങ്കിംഗിന്റെ ഒപ്പമെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു.
ഒടുവില്‍ എന്ത് ശേഷിക്കും?

പ്രധാനപ്പെട്ട മേഖലകളിലൊക്കെ തുടരുന്ന ആരോഗ്യകരമായ മത്സരമില്ലായ്മ വിപണിയ്ക്ക് സ്യഷ്ടിക്കുക വലിയ ദുരന്തങ്ങള്‍ തന്നെയായിരിക്കും എന്ന് കരുതുന്നു സാമ്പത്തിക നിരീക്ഷകര്‍. വന്‍കമ്പനികളുടെ പരസ്പരമുള്ള മത്സരങ്ങള്‍ പലപ്പോഴും വലിയ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. തങ്ങളുടേതു മാത്രമായ സാമ്രാജ്യങ്ങളുമായി വമ്പന്മാര്‍ വിരാജിക്കുന്നത് ഒഴിവാക്കപ്പെടുകയും എല്ലാവര്‍ക്കും എല്ലാം ചെയ്യുന്നതിനുള്ള അവസരങ്ങള്‍ വിപണിയില്‍ സ്യഷ്ടിക്കപ്പെട്ടാല്‍ മാത്രമേ ആരോഗ്യകരമായ മത്സരത്തിലൂടെ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിനെ തേടിവരുകയും തിരഞ്ഞെടുപ്പിനുള്ള സാധ്യതയും സ്വാതന്ത്യവും ആത്യന്തികമായി അവന് നേടിക്കൊടുക്കുകയും ചെയുകയുള്ളു.


Thursday, January 24, 2013

ആണ് ആണിനെ കല്യാണം കഴിച്ചാൽ ലോകത്തിനെന്താ?


സ്വവർഗ വിവാഹം : മാറുന്ന മനോഭാവങ്ങൾ

പന്ത്രണ്ട് വർഷം മുൻപ്  യൂറോപ്യൻ രാജ്യമായ നെതർലണ്ട്സ് സ്വവർഗവിവാഹം നിയമവിധേയമാക്കുമ്പോൾ അത് അവിശ്വസനീയമായ ഒരു സംഭവം ആയിട്ടാണ് ലോകം കണ്ടത്. യാഥാസ്ഥിതികർക്കിടയിൽ നിന്ന് വലിയ എതിർപ്പിനും സ്വവർഗാനുരാഗികളുടെ   അവകാശം സംബന്ധിച്ച ചർച്ചകൾക്കും കാരണമാകുകയും ചെയ്തു  അത്. എന്നാൽ ഒരു വ്യാഴവട്ടത്തിനു ശേഷം കാര്യങ്ങൾ ആകെ മാറിമറിയുകയാണ്.

 നെതർലണ്ട്സിനു പിറകെ  അർജന്റീന,ബെൽജിയം,ഡെന്മാർക്ക്,നോർവേ,പോർട്ടുഗൽ,തെക്കൻ ആഫ്രിക്ക,സ്പെയിൻ,സ്വീഡൻ ,ഐസ് ലണ്ട് ,കാനഡ എന്നീ പത്ത് രാജ്യങ്ങളാണ് സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്. മെക്സിക്കോയിൽ അത് തലസ്ഥാനത്ത് മാത്രമായി അനുവദിച്ചിട്ടുണ്ട്.ഇസ്രായേലിൽ അതിനു പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലെങ്കിലും നിയമപരമായ അംഗീകാരം കിട്ടിക്കഴിഞ്ഞു. ഫ്രാൻസിൽ ഭരിക്കുന്ന സോഷ്യലിസ്റ്റ് സർക്കാർ തങ്ങൾ തിരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയ സ്വവർഗ വിവാഹ നിയമപ്രാബല്യം രാജ്യത്ത് കൊണ്ടുവരാനുള്ള ബില്ലിനു അംഗീകാരം നൽകിക്കഴിഞ്ഞു. ന്യൂസിലണ്ട് അടുത്ത വർഷം സമാനമായ നിയമത്തിനു രൂപം കൊടുക്കും. ഇംഗ്ലണ്ടും സ്കോട്ട്ല്ണ്ടും ഇക്കാര്യത്തിൽ അനുകൂലതീരുമാനം ഉടൻ എടുക്കാനിടയുണ്ട്. ചൈന ഇപ്പോഴും സ്വവർഗവിവാഹത്തെ അനുകൂലിക്കുന്നില്ലെങ്കിലും സ്വവർഗാനുരാഗത്തോടുള്ള ഭരണകൂടത്തിന്റെ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. 2001 ലാണ് ചൈന സ്വവർഗാനുരാഗത്തെ മാനസികരോഗങ്ങളുടെ പട്ടികയിൽ നിന്ന് എടുത്തു കളഞ്ഞത്.

          2013 നുവരിയോടെ 291 ദശലക്ഷം (ലോകജനസംഖ്യയുടെ 4.2 ശതമാനം) ജനങ്ങൾ ജീവിക്കുന്നത് സ്വവർഗവിവാഹം നിയമവിധേയമാക്കിയിട്ടുള്ള പ്രദേശങ്ങളിലായിരിക്കും എന്ന് പഠനങ്ങൾ കാണിക്കുന്നു. മതേതര വികസിത രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ ഇത്തരം കാര്യങ്ങളിൽ എപ്പോഴും പഴഞ്ചൻ സമീപനം സ്വീകരിക്കാറുള്ള അമേരിക്കയിൽ മാത്രമാണ് സ്വവർഗവിവാഹം നിയമവിധേയമാക്കുന്നതിനുള്ള തടസ്സങ്ങൾ മുന്നിലുള്ളത്. അവിടെയും മാറ്റത്തിന്റെ ലക്ഷണങ്ങൾ വന്നു തുടങ്ങിയതായി നിരീക്ഷകർ കരുതുന്നു. കഴിഞ്ഞാഴ്ച അവിടത്തെ മൂന്ന് സംസ്ഥാനങ്ങൾ സ്വവർഗവിവാഹം നിയമവിധേയമാക്കിയതോടെ അത് നടപ്പിൽ വരുത്തിയ സംസ്ഥാനങ്ങളുടെ എണ്ണം 9 ആയിരിക്കുന്നു. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് നേരെ അനുഭാവമുള്ള സമീപനം സ്വീകരിച്ച ചരിത്രത്തിലെ ആദ്യത്തെ പ്രസിഡണ്ടായ ഒബാമയ്ക്ക് വൻ പിന്തുണയാണ് അമേരിക്കയിൽ ലഭിച്ചത്.

വേട്ടയാടപ്പെട്ട സ്വവർഗാനുരാഗികൾ
 സ്വവർഗാനുരാഗികൾക്കെതിരെയുള്ള സമൂഹത്തിന്റെ മനോഭാവം മാറാൻ തുടങ്ങിയിട്ട് വളരെയൊന്നും കാലമായിട്ടില്ല, വികസിതരാജ്യങ്ങളിൽ പോലും. 50 വർഷങ്ങൾക്ക് മുൻപ് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റക്യത്യമായിരുന്നു അത് ഒട്ടെല്ലാ രാജ്യങ്ങളിലും. ബ്രിട്ടൻ അത് നിയമവിരുദ്ധമല്ലാതാക്കിയത് 1967 ൽ മാത്രമാണ്. സ്വവർഗാനുരാഗം കുറ്റക്യത്യമാകുന്ന നിയമം അമേരിക്കയിലെ 14 സംസ്ഥാനങ്ങളിൽ ഒഴിവാക്കിയത് 2003 ൽ മാത്രമാണ്.  മുസ്ലിം ലോകം അന്നും ഇന്നും അതിനെ വെറുക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. വധശിക്ഷ പോലും ലഭിക്കാവുന്ന കുറ്റമാണ് പല ഇസ്ലാമികരാഷ്ട്രങ്ങളിലും സ്വവർഗാനുരാഗം. ആഫ്രിക്കയും ഏഷ്യയിലെ വികസ്വരരാഷ്ട്രങ്ങളും ഇപ്പോഴും സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടില്ല, അവിടങ്ങളിലെല്ലാം സ്വവർഗാനുരാഗികളുടെ പ്രതിഷേധ പ്രസ്ഥാനങ്ങൾ വളർന്നു വന്നിട്ടുള്ള അവസ്ഥയിൽ പോലും. മിക്ക സമൂഹങ്ങളിലും യാഥാസ്ഥിതിക മതങ്ങളാണ് സ്വവർഗാനുരാഗത്തിന് എതിരായുള്ള സമീപനം സ്വീകരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും ഇത്തരം വിവാഹത്തിനു സ്വീകാര്യതയും നിയമപ്രാബല്യവും ലഭിക്കുന്നത് തങ്ങളുടെ ഇപ്പോഴെ ഇല്ലാതായ അടിത്തറയ്ക്ക് കൂടുതൽ കോട്ടം തട്ടിക്കുമെന്ന് ക്രിസ്ത്യൻ സഭകൾ ഭയപ്പെടുന്നുണ്ട്. അവരുടെയും അവർ പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്പാർട്ടികളുടെയും  ഭാഗത്ത് നിന്നാണ് പ്രധാനമായും എതിർപ്പ് വരുന്നത്. എന്നാൽ ബിഷപ്പ് ഡെസ്മണ്ട് ടുട്ടു നേത്യത്വം നൽകുന്ന ആംഗ്ലിക്കൻ സഭ , താൻ ഒരു സ്വവർഗാനുരാഗി ആണെന്ന് പരസ്യമായി സമ്മതിച്ച ജീൻ റോബിൻസൻ എന്ന പുരോഹിതനെ ബിഷപ്പ് ആക്കുന്ന ധീരമായ നിലപാട് സ്വീകരിക്കുന്നു. ഡെസ്മണ്ട് ടുട്ടുവിന്റെ വ്യക്തിപരമായ നിലപാടും സ്വവർഗവിവാഹത്തിന് അനുകൂലമാണ്. എയിഡ്സ് രോഗികളിൽ വലിയൊരളവ് സ്വവർഗാനുരാഗികൾ ആണെന്നതിനാൽ അവരുടെ വിവാഹജീവിതത്തിന് സമൂഹം നൽകുന്ന നിയമപിൻബലം അവരെ മുഖ്യധാരയിൽ എത്തിക്കുകയും രോഗനിർണയവും ചികിത്സയും കൂടുതൽ എളുപ്പമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കരുതുന്നു.

മാറുന്ന ചിന്താഗതികൾ
സ്വവർഗാനുരാഗത്തിനെതിരെയുള്ള സമൂഹത്തിന്റെ ചിന്താഗതിയിലുള്ള  മാറ്റം ത്വരിതഗതിയിലാണ് നടന്നു കൊണ്ടിരിക്കുന്നത് . പാശ്ചാത്യരാജ്യങ്ങളിൽ സ്വവർഗാനുരാഗം സംബന്ധമായി നടത്തപ്പെട്ട സർവേകളിലെല്ലാം അവർക്കനുകൂലമായ നിലപാടുകൾ വർദ്ധിച്ചു വരുന്നതായി കാണാം. അവർക്ക് എല്ലാ കാര്യങ്ങളിലും സമത്വവും കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശവും നൽകണമെന്നാണ് സമൂഹത്തിലെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. 10 വർഷങ്ങൾക്ക് മുൻപ് മൂന്നിൽ രണ്ട് അമേരിക്കക്കാർ സ്വവർഗവിവാഹത്തെ എതിർത്തപ്പോൾ ഇന്ന് പകുതിയിലധികം പേരും അതിനെ അനുകൂലിക്കുന്നു. ഇതിൽ കത്തോലിക്കരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി കാണാം. മനോഭാവങ്ങൾ മാറുമ്പോൾ നിയമങ്ങളും മാറും. അമേരിക്കൻ ആന്ത്രപ്പോളജിക്കൽ അസോസിയേഷൻ പറയുന്നത് സംസ്കാരമോ സാമൂഹ്യ നിയമങ്ങളോ ഒരിക്കലും സ്വവർഗാനുരാഗത്തെ അനുകൂലിക്കാത്തതാണ് എന്ന ആശയം സാമൂഹ്യശാസ്ത്ര ഗവേഷണഫലങ്ങൾക്ക് നിരക്കാത്തതാണ് എന്നാണ്. മാനവചരിത്രത്തിന് ഒരിക്കലും അന്യമല്ല സ്വവർഗാനുരാഗം എന്ന് ചുരുക്കം. 1989 ൽ ഡെന്മാർക്ക് സ്വവർഗാനുരാഗികളുടെ ‘രജിസ്റ്റർ ചെയ്യപ്പെട്ട സഹജീവിതം’ അനുവദിച്ചപ്പോൾ അത് വലിയ വിപ്ലവം ആയിരുന്നു അന്ന്. ഇന്ന് ഒട്ടെല്ലാ പാശ്ചാത്യരാജ്യങ്ങളും സ്വവർഗാനുരാഗികൾ ഒന്നിച്ച് ജീവിക്കുന്നതിനെ അനുകൂലിക്കുന്നു. അവിടെയെല്ലാം സാധാരണ ദമ്പതികൾക്കുള്ള എല്ലാ അവകാശങ്ങളും ഇത്തരം ഇണകൾക്കും നൽകുന്നുണ്ട് ഇന്ന്. കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ് പല ക്രിസ്ത്യൻ സഭകളും സ്വവർഗവിവാഹം ഇപ്പോൾ നടത്തിക്കൊടുക്കുന്നുണ്ട്. ക്വാക്കർമാർ, എപ്പിസ്കോപാലിയൻ സഭ, മെട്രോപ്പൊളിറ്റൻ കംയൂണിറ്റി ചർച്ച്, യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റ്, യുണൈറ്റഡ് ചർച്ച് ഓഫ് കാനഡ എന്നിവ അവയിൽ ചിലത് മാത്രം.

എന്ത് കൊണ്ട് ഈ മാറ്റം?
 തലമുറകളുടെ പരിണാമം തന്നെ പ്രധാന കാരണം. തങ്ങളുടെ മുൻഗാമികളേക്കാൾ കൂടുതൽ സഹിഷ്ണുതയുള്ള സമൂഹത്തിൽ ജനിച്ച് വളരുന്ന പുതിയ തലമുറ തീർച്ചയായും സ്വവർഗാനുരാഗികളോട് അനുഭാവം പ്രകടിപ്പിക്കുന്നു, പാശ്ചാത്യരാജ്യങ്ങളിൽ. നിയമങ്ങൾ പലതും എടുത്തുമാറ്റപ്പെടുമ്പോൾ അതു വരെ രഹസ്യമായി സ്വവർഗാനുരാഗം കൊണ്ടുനടന്നിരുന്നവർ അത് പരസ്യമാക്കാൻ തുടങ്ങുന്നു. തങ്ങളുടെ അയല്പക്കത്തുള്ള ‘ഗേ ദമ്പതിമാർ’ തങ്ങളേക്കാൾ നല്ല കുടുംബജീവിതം നയിക്കുന്നതും കുട്ടികളെ ദത്തെടുത്ത് ഭംഗിയായി വളർത്തുന്നതും കാണുന്നു ഇന്ന് പല യൂറോപ്യൻ കുടുംബങ്ങളും. ഇതൊക്കെ കൊണ്ട് സ്വവർഗാനുരാഗികൾക്ക് ആ സമൂഹങ്ങളിൽ വലിയ സ്ഥാനക്കയറ്റം കിട്ടിക്കഴിഞ്ഞു. സ്വവർഗാനുരാഗികളായ രാഷ്ട്രത്തലവന്മാർ പോലും ഇന്നുണ്ട്. മറ്റൊരു പ്രധാനകാരണം മതത്തിന്റെ നിഷ്ഠൂരമായ പിടി സമൂഹഗാത്രത്തിൽ നിന്ന് വിട്ടതാണ്. അമേരിക്കക്കാരന്റെ മതവിശ്വാസത്തെ സംബന്ധിച്ച് പ്യൂ  റിസർച്ച് സെന്റർ നടത്തിയ സർവേയിൽ പങ്കെടുത്ത അഞ്ചിലൊരു അമേരിക്കാരൻ പറയുന്നത് തങ്ങൾക്കൊരു മതത്തിലും അംഗത്വം ഇല്ലെന്നാണ്. 20 വർഷം മുൻപ് ഇതിന്റെ പകുതിയായിരുന്നു മതനിരാസികളുടെ എണ്ണം. ഈ മതമില്ലാത്തവരുടെ മൂന്നിലൊന്ന് സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നു. മറ്റൊരു പഠനത്തിൽ  42 ശതമാനം ബ്രിട്ടീഷുകാരും തങ്ങൾ നിരീശ്വരന്മാരാണെന്ന് പറയുന്നു, അറുപതുകളിലേക്കാൾ മൂന്നിരട്ടി. ഫ്രാൻസിൽ 7 ശതമാനം കത്തോലിക്കന്മാരേ ക്യത്യമായി പള്ളിയിൽ പോകുന്നവരായിട്ടുള്ളു. 35 വയസ്സിനു താഴെയുള്ളവരിൽ 58 ശതമാനം ഒരിക്കലും പള്ളിയിൽ പോകാത്തവരാണ് അവിടെ. മതത്തിന്റെ സ്വാധീനം ഒട്ടുമില്ല ആ സമൂഹങ്ങളിൽ എന്ന് സാരം. ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും മതവിശ്വാസികളുടെ എണ്ണം സ്വവർഗാനുരാഗികളുടേതിനേക്കാൾ കുറവാണ് എന്ന ദയനീയമായ അവസ്ഥയും സംഘടിത മതം അനുഭവിക്കുന്നു. മതം പോയൊഴിയുമ്പോൾ കടന്നുവരുന്നത് മനുഷ്യാവകാശങ്ങളാണെന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ സമീപകാലചരിത്രം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന യാഥാർഥ്യം.

എൽ.ജി.ബി.ടി ആക്ടിവിസത്തിന്റെ മുന്നേറ്റം
എൽ.ജി.ബി.ടി എന്ന ചുരുക്കരൂപത്തിൽ അറിയപ്പെടുന്ന ആളുകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ അതിദ്രുതമുള്ള വളർച്ചയും സമൂഹത്തിന്റെ മനോഭാവം മാറ്റുന്നതിന് സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലെ സമരതന്ത്രങ്ങൾ മാറ്റി കൂടുതൽ സംഘടിതരായിക്കഴിഞ്ഞ അവർ നന്നായി പണം സ്വരൂപിക്കുകയും സമൂഹത്തെ മൊത്തത്തിൽ ബോധവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു , പാശ്ചാത്യരാജ്യങ്ങളിൽ. ഇക്കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിൽ നാല് അമേരിക്കൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി അവർ സ്വരൂപിച്ചത് 33 ദശലക്ഷം ഡോളറാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനമാണ് അവർ  കാഴ്ച വെച്ചത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ.

വിവാഹത്തിന്റെ ലക്ഷ്യം എന്ത്?

മിക്ക വികസിത രാജ്യങ്ങളിലും ഇപ്പോൾ അനുവദിച്ചിട്ടുള്ള ‘ഒന്നിച്ചുള്ള ജീവിതം’ കൊണ്ട് ത്യപ്തരല്ല എൽ.ജി.ബി.ടി ആക്റ്റിവിസ്റ്റുകൾ. സാധാരണ ദമ്പതിമാർ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും അവർക്ക് വേണം. വിവാഹം കൊണ്ട് ലഭിക്കുന്ന സ്ഥിരതയും, സുരക്ഷിതത്വവും , മാന്യതയും  അവരുടെ കുടുംബങ്ങൾക്കും  വേണം. അമേരിക്കൻ ഗേ എഴുത്തുകാരൻ ജൊനാഥൻ റൌച്ച് പറയുന്നത് പോലെ ‘വിവാഹത്തിന്റെ ലക്ഷ്യം എന്നത് ലൈംഗികതയോ കുട്ടികളെ സ്യഷ്ടിക്കലോ സ്വയം പൂർത്തിയാകലോ പോലുമല്ല, മറിച്ച് അത് രണ്ട് വ്യക്തികൾ തമ്മിൽ സമൂഹത്തിന്റെ അംഗീകാരത്തോടെ  ജീവിതം കാലം മുഴുവൻ തുടരുന്ന പരസ്പര പ്രതിജ്ഞാബദ്ധതയാണ്, നല്ലതിനായാലും ചീത്തയ്ക്കായാലും മരണം വരെ ഒന്നിച്ച് ജീവിയ്ക്കാമെന്ന പ്രതിജ്ഞ‘. നമ്മുടെ സമൂഹത്തിലെ സ്വവർഗാനുരാഗികളും തേടുന്നത് ഈ അവകാശമാണ്, വിവാഹിതരായി ഒന്നിച്ച് ജീവിക്കുന്നതിനുള്ള അവകാശം. കാലം അതിന്റെ കുതിച്ചു പായലിൽ  തട്ടിയുടയ്ക്കുന്ന പഴഞ്ചൻ ധാരണകളും വിശ്വാസങ്ങളും രംഗത്ത് നിന്നും നിഷ്ക്രമിക്കുന്നതോടെ വന്നണയും തങ്ങളുടെ കാലമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു അവർ.






Tuesday, January 22, 2013

സിനിമാക്കച്ചവടവും സിനിമയിലെ കച്ചവടവും


പ്രസിദ്ധ കാര്‍ട്ടൂണ്‍ പുസ്തക നിര്‍മ്മാതാക്കളായ മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച് വാള്‍ട്ട് ഡിസ്‌നി പിക്‌ച്ചേര്‍സ് വിതരണം ചെയ്ത് ഇതിനകം ഒരു ലോകഹിറ്റ് ആയിക്കഴിഞ്ഞ, മാര്‍വല്‍ കോമിക്കുകളിലൂടെ പ്രസിദ്ധര്‍ ആയ സൂപ്പര്‍ ഹീറോകളുടെ സംഗമം കാഴ്ച വെക്കുന്ന 'ദ അവഞ്ചേര്‍സ്'എന്ന സിനിമ പറയുന്നത് മനുഷ്യകുലത്തെ അടിമകളാക്കാന്‍ ശ്രമിക്കുന്ന 'ലോക്കി'യില്‍ നിന്ന് ഭൂമിയെയും
മനുഷ്യരെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന സൂപ്പര്‍ ഹീറോകളായ അയണ്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, ഹള്‍ക്ക്, തോര്‍ എന്നിവരുടെ സാഹസികതകളാണ്. പക്ഷെ 'ദ അവഞ്ചേര്‍സ്' പോലുള്ള സിനിമകളുടെയും അതിന്റെ വിജയത്തില്‍ പങ്ക് പറ്റി തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്ന കച്ചവട ലോകത്തിന്റെയും വലയത്തില്‍ നിന്ന് ഒരാള്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്നില്ല ഇന്ന് അമേരിക്കയിലും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലും. അവയുടെ ആകര്‍ഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സൂപ്പര്‍ ഹീറോയ്ക്കും കഴിയില്ല എന്ന് ചുരുക്കം .


'സ്മിര്‍നോഫ്' ഹീറൊ ആയ വിധം


ജനപ്രിയ സിനിമകളുടെ വന്‍വിജയത്തിന്റെ സ്വാധീനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന 'ഫിലിം ഫ്രാഞ്ചൈസി' എന്ന കച്ചവടരീതി ഹോളിവുഡ് സിനിമയില്‍ പുതിയ കാര്യമല്ല. 60 കളില്‍ അന്നു വരെ ആരും അറിയാതിരുന്ന ബ്രാന്‍ഡ് ആയിരുന്ന 'സ്മിര്‍നോഫ്' വോഡ്ക പ്രസിദ്ധമായത് ജയിംസ് ബോണ്ട് തന്റെ 'സിഗ്‌നേച്ചര്‍ ഡ്രിങ്ക്' ആയി അത് കഴിച്ചു തുടങ്ങിയതോടെയാണ്. ഇത് തുടക്കത്തിന്റെ കഥ. ജയിംസ് ബോണ്ട് സിനിമകളിലൂടെ തുടങ്ങിയ 'ഫിലിം ഫ്രാഞ്ചൈസി' ഇന്ന് മില്യണ്‍ കണക്കിനു ഡോളര്‍ മറിയുന്ന ഒന്നായി മാറിയിരിക്കുന്നു. വേഗമേറിയ കാറുകള്‍, സെക്‌സ് അപ്പീല്‍, ബുദ്ധിയുള്ള വാച്ചുകള്‍, പിന്നെ വോഡ്ക മാര്‍ട്ടിനി ഇവയെല്ലാം ജയിംസ് ബോണ്ട് ഇഷ്ടപ്പെടുക മാത്രമല്ല, അയാള്‍ അവയെല്ലാം വില്‍ക്കുകയും ചെയ്യുന്നു. വലിയ തോതില്‍ പണം മുടക്കി സിനിമ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് അതിന്റെ ഒരു ഭാഗം ഇങ്ങനെ ബ്രാന്റ് നെയിം, ചിത്രങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ നേടാന്‍ കഴിയുന്നു. കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വന്‍ ജനപ്രീതി നേടിയെടുക്കാനും സാധിക്കുന്ന ഒരു പരസ്പര സഹകരണ പരിപാടി.


ക്രോസ്സ്‌പ്രൊമോഷന്‍
                                              ഒരു ഉത്പന്നത്തിന്റെ/സേവനത്തിന്റെ ഉപയോക്താക്കളെ മറ്റൊരു ഉത്പ്പന്നത്തിന്റെ മാര്‍ക്കറ്റിംഗ് പ്രൊമോഷനു വേണ്ടി ലക്ഷ്യം വെയ്ക്കുന്ന 'ക്രോസ്സ്‌പ്രൊമോഷന്‍' രീതിയും സിനിമയെ സംബന്ധിച്ച് വിജയകരമാണ്. ഓപ്ര വിന്‍ഫ്രി തന്റെ ടെലിവിഷന്‍ ഷോയില്‍ തന്റെ മറ്റ് ഉത്പ്പന്നങ്ങളായ പുസ്തകം, മാഗസിനുകള്‍, വെബ്‌സൈറ്റ് എന്നിവയുടെ പ്രൊമോഷന്‍ നടത്തുന്നത് ഒരുദാഹരണം. നായകന്‍ താന്‍ കെട്ടിയ വാച്ച് ഒരു പ്രത്യേകരീതിയില്‍ പ്രേക്ഷകനു ദ്യശ്യമാക്കുന്നു, തികച്ചും സ്വാഭാവികമായി. വാച്ചിന്റെ പേര്‍ നൊടിയിടയില്‍ പ്രേക്ഷകന്റെ (അവന്‍ എപ്പോഴും ഉപഭോക്താവാണ്) മനസ്സിലേക്ക് പതിയുന്നു, അതല്ലെങ്കില്‍ മുന്‍പേ പതിഞ്ഞ ചിഹ്നം ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. വാച്ച് വാങ്ങാന്‍ ഉദ്ദേശിക്കുന്ന അവന്റെ അബോധമനസ്സില്‍ വലിയ സ്‌ക്രീനില്‍ തെളിഞ്ഞ ആ ചിത്രം വീണ്ടും തെളിയാതെ പോകുമോ?

സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസി

പ്രസിദ്ധ മാധ്യമ വിശകലന കമ്പനിയായ ഞഋചഠഞഅഗ ന്റെ വിലയിരുത്തല്‍ 'സൂപ്പര്‍ ഹീറോ ഫ്രാഞ്ചൈസി' ഒരേ സമയം സിനിമകളുടെ ബോക്‌സ് ഓഫീസ് വരുമാനം വര്‍ദ്ധിപ്പിക്കാനും തീയേറ്ററിനപ്പുറത്തു നിന്നും വരുമാനം എത്തിക്കാനും സഹായം നല്‍കുന്നു എന്നാണ്.

സൂപ്പര്‍ ഹീറോ സിനിമകള്‍, ജയിംസ് ബോണ്ടിനെപ്പോലുള്ള നായകന്‍മാര്‍ അണിനിരക്കുന്ന സിനിമകള്‍ എന്നിവയാണ് ഇത്തരം കച്ചവടത്തിന്റെ പ്രധാന വേദി. സൂപ്പര്‍ ഹീറോ പ്രായം, തലമുറ, ലിംഗം, വംശം എന്നിവകള്‍ക്കെല്ലാം അതീതമായ പ്രതിഭാസമാകയാല്‍ അതിന് വന്‍കരകള്‍ ഒരിക്കലും തടസ്സമാകാറില്ല. ആരും അതിന്റെ സ്വാധീനശക്തിയില്‍ നിന്ന് വിടുതല്‍ നേടുന്നുമില്ല.



  2011 ല്‍ വാള്‍ട്ട് ഡിസ്‌നിക്ക് യഥാര്‍ഥ ബിസിനസായ ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ 618 മില്യണ്‍ ഡോളര്‍ കിട്ടിയത് തങ്ങളുടെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളിലൂടെയാണ്. അവയെല്ലാം ഡിസ്‌നി സ്റ്റുഡിയോസിന്റെ സിനിമകളുമായി ബന്ധപ്പെട്ട വില്പനയിലൂടെ നേടാന്‍ കഴിഞ്ഞു എന്നതാണ് ഈ ബിസിനസ് രീതിയുടെ വന്‍ വിജയത്തിലേക്കുള്ള ചൂണ്ടുപലക.






'ദ ബിസിനസ് ഓഫ് ബോണ്ട് : ജയിംസ് ബോണ്ട്'
ഓരോ പുതിയ ജയിംസ് ബോണ്ട് സിനിമയും ഇത്തരത്തില്‍ പുതിയ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നു.2002 ല്‍ പുറത്തിറങ്ങിയ ജയിംസ് ബോണ്ട് ചിത്രമായ 'ഡൈ അനദര്‍ ഡേ'യ്ക്ക് ഇരുപതിലധികം മാര്‍ക്കറ്റിംഗ് പങ്കാളികള്‍ ഉണ്ടായിരുന്നു.
 അവരെല്ലാം കൂടി 12 കോടി ഡോളര്‍ നേടിക്കൊടുത്തു നിര്‍മ്മാതാക്കള്‍ക്ക്. ഫോര്‍ഡ് മോട്ടോര്‍ കമ്പനി, ബോണ്ടിന്റെ നായിക ഓടിക്കുന്ന 'തണ്ടര്‍ ബേര്‍ഡ്' എന്ന കാറിന്റെ മാത്യകയില്‍ വെറും 700 എണ്ണം സ്‌പെഷ്യല്‍ കാറുകള്‍ പുറത്തിറക്കി, ഡാഷ് ബോര്‍ഡില്‍ '007' ലോഗോ മുദ്ര പതിച്ച്. വിലയും സ്‌പെഷ്യല്‍ ആയിരിക്കുമല്ലോ?
       ജയിംസ് ബോണ്ട് അണിയുന്ന 'ഒമേഗ'വാച്ചുകളുടെ വില്പന ആ ഒറ്റക്കാരണം കൊണ്ടു തന്നെ വളരെ വലിയതാണ്. ആളുകള്‍ എപ്പോഴും ബോണ്ടിനെ ഇഷ്ടപ്പെടുന്നു, ബോണ്ടിന്റെ എന്തെങ്കിലും തങ്ങള്‍ക്കും സ്വന്തമാക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു' കമ്പനിയുടെ തിയറി വളരെ സ്പഷ്ടം.1995 മുതല്‍ ആ 'ഒമേഗ സീമാസ്റ്റര്‍' വാച്ച് അപകടകരമായ അവസ്ഥകളില്‍ നിന്ന് ബോണ്ടിനെ രക്ഷിക്കുന്നു,ആരാധകനെ ആ ഉത്പ്പന്നത്തോട് നിരന്തരം അടുപ്പിക്കുകയും ചെയ്യുന്നു.
         കോസ്‌മെറ്റിക് കമ്പനിയായ റെവ് ലോണ്‍ 2002 ല്‍ 'ദ ലുക്‌സ് ഓഫ് ബോണ്ട് ' എന്ന പേരില്‍ നാല് മൈക്ക്അപ്പ് കിറ്റുകള്‍ പുറത്തിറക്കി. ഫ്രം റഷ്യ വിത് ലവ്, ഡയമണ്ട്‌സ് ആര്‍ ഫോറെവര്‍, ദ സ്‌പൈ ഹു ലവ്ഡ് മീ, ഗോള്‍ഡന്‍ ഐ എന്നീ നാല് വ്യത്യസ്ത ബോണ്ട് സിനിമകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വഴി..
        അതു വരെ 'സ്മിര്‍നോഫ്' കഴിച്ചിരുന്ന ബോണ്ട് പൊടുന്നനെ 2002 ല്‍ ബ്രാന്റ്
മാറ്റി. 'ഫിന്‍ലാന്റിയ' എന്ന പുതിയ ബ്രാന്റ്.പിന്നെ ആരാധകരും വെറുതെയിരിക്കണോ? അവരും കഴിക്കും പുത്തന്‍ ബോണ്ട് ബ്രാന്റ് വോഡ്ക.



ദ അവഞ്ചേര്‍സ് : പുതിയ കേന്ദ്രം 

ഈ കച്ചവടത്തിന്റെ ഇപ്പോഴത്തെ കേന്ദ്രബിന്ദു 'ദ അവഞ്ചേര്‍സ്' സിനിമയാണ്.ഇതിനകം സിനിമ കണ്ടവര്‍ കുപിതനായ 'ഹള്‍ക്കി'ന്റെ മണം എങ്ങിനെയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ചന്ദനത്തിന്റെ , കസ്തൂരിയുടെ,അതല്ലെങ്കില്‍ അകിലിന്റെ? അത് ഒരു ഭൗമികഗന്ധത്തെയും പോലല്ലെന്ന് 'അവഞ്ചേര്‍സ്' എന്ന പേരില്‍ പെര്‍ഫ്യൂം വിപണിയിലിറക്കുന്ന ജേഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി പറയുന്നു.'ഹള്‍ക്കി'ന്റെ ഗന്ധം 'അവഞ്ചേര്‍സ്' പെര്‍ഫ്യൂമിന്റെതാണ്.സിനിമ കണ്ടിറങ്ങുന്ന സൂപ്പര്‍ ഹീറോയുടെ ആരാധകന്‍ തീര്‍ച്ചയായും 'അവഞ്ചേര്‍സ്' പെര്‍ഫ്യൂം ഒരിക്കലെങ്കിലും വാങ്ങാതിരിക്കില്ല. 29.99 ഡോളര്‍ വിലയിട്ടിട്ടുള്ള പെര്‍ഫ്യൂം പതിനാറ് വയസ്സിനു
മുകളില്‍ പ്രായമുള്ളവരെയാണ് ലക്ഷ്യമിടുന്നത്.
       ഒട്ടേറെ കമ്പനികള്‍ മാര്‍വല്‍ സ്റ്റുഡിയോസുമായി ഇത്തരത്തിലുള്ള കരാറുകള്‍ ഒപ്പു വെച്ച് ഉത്പ്പന്നങ്ങള്‍ വിപണിയിലിറക്കിക്കഴിഞ്ഞു.
      ഹോണ്ട കമ്പനിയുടെ 'അക്യൂറ'എന്ന ആഡംബരകാര്‍ 'ദ അവഞ്ചേര്‍സ്' സിനിമയിലുണ്ട്.43,000 ഡോളറില്‍ ആരംഭിക്കുന്ന വിലകളില്‍ ഉള്ള ഈ കാറിന്റെ വിവിധ വേര്‍ഷനുകള്‍ ഹോണ്ട പുറത്തിറക്കിക്കഴിഞ്ഞു.കൂടാതെ 'അയണ്‍ മാന്‍' ഓടിക്കുന്ന കണ്‍സപ്റ്റ് കാറും വിപണിയിലിറങ്ങിക്കഴിഞ്ഞു.അവഞ്ചേര്‍സിന്റെ സംഘത്തില്‍ പ്രേക്ഷകനും അംഗമായി കളിക്കാവുന്ന ഒരു ഓണ്‍ലൈന്‍ ഗെയിമും കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.കൂടുതല്‍ സ്‌കോര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ ന്യൂയോര്‍ക്ക് യാത്രയാണ് സമ്മാനം !
         സിനിമയിലെ മറ്റൊരു സൂപ്പര്‍ ഹീറോ ആയ 'ക്യാപ്റ്റന്‍ അമേരിക്ക' കയറിയിരുന്ന് കുതിക്കുന്ന ഹാര്‍ളി ഡേവിഡ്‌സണ്‍ കമ്പനിയുടെ എഫ്.എല്‍.എസ്. സോഫ്റ്റ്‌ടെയില്‍ സ്ലിം ബൈക്കിന്റെ വില്പന കുതിച്ചുയരും എന്നതിനു സംശയം ഉണ്ടോ? സൂപ്പര്‍ ഹീറോകളെ ഇഷ്ടപ്പെടുന്നവര്‍ അധികവും മുപ്പത്തഞ്ചു വയസ്സിനു താഴെയുള്ളവരും തങ്ങളുടെ നായകന്മാര്‍ ചെയ്യുന്നത് അനുകരിക്കാന്‍ പ്രവണതയുള്ളവരുമാണ് എന്നത് ബൈക്ക് കച്ചവടത്തിന്റെ മൈലേജ് കൂട്ടുന്ന ഘടകമാണ്. ഒരു മോട്ടോര്‍ സൈക്കിള്‍ വാങ്ങാനുള്ള സാധ്യത 22 % അധികം ആണ് ഈ പ്രായക്കാരില്‍ എന്ന് കമ്പനി പറയുന്നു.
      ഈ മാര്‍ഗം ഉപയോഗിച്ച് ഉത്പന്നങ്ങള്‍ പുറത്തിറക്കിയാല്‍ കളിപ്പാട്ടക്കച്ചവടവും പൊടിപൊടിക്കും എന്ന് മാര്‍വല്‍ കമ്പനിയുടെ കളിപ്പാട്ട ലൈസന്‍സിയായ ഹാസ്‌ബ്രോയുടെ അനുഭവം കാണിക്കുന്നു.തോറിന്റെ മിന്നല്‍ചുറ്റികയും ഹള്‍ക്കിന്റെ മുഷ്ടിയും വിറ്റ് അവര്‍ ഈ വര്‍ഷം 40 കോടി ഡോളറിന്റെ റിക്കാര്‍ഡ് കച്ചവടം നടത്തിക്കഴിഞ്ഞു.


           വീഡിയോ ഗെയിം ആണ് മറ്റൊരു വലിയ സാധ്യതകളുള്ള മേഖല.സിനിമാ നിര്‍മ്മാതാക്കളില്‍ നിന്ന് ലൈസന്‍സ് വാങ്ങി സൂപ്പര്‍ ഹിറ്റായ സിനിമകളുടെ കഥാപാത്രങ്ങളെയും കഥാപരിസരത്തെയും ആസ്പദമാക്കി ഗെയിമുകള്‍ പുറത്തിറക്കുന്നു, കമ്പനികള്‍. രഹസ്യമായെങ്കിലും സ്വയം ബോണ്ട് ആകാന്‍ ആഗ്രഹിക്കാത്ത ആരാധകര്‍ ഉണ്ടാവില്ല എന്ന ഒറ്റക്കാരണം മതി ജെയിംസ് ബോണ്ട് നായകനായുള്ള വീഡിയോ ഗെയിം നന്നായി വിറ്റഴിയാന്‍. ഇതു വരെ ഒട്ടേറെ വേര്‍ഷനുകള്‍ ഇറങ്ങിക്കഴിഞ്ഞ 'ജെയിംസ് ബോണ്ട് 007: നൈറ്റ്ഫയര്‍' എന്ന ഗെയിമില്‍ ഒരു ബോണ്ട് സിനിമയുടെ എല്ലാ ഘടകങ്ങളും ഒരുക്കിയിട്ടുണ്ട. 
      'ദ അവഞ്ചേര്‍സി'ന്റെ തീം അടിസ്ഥാനമാക്കിയുള്ള ഗെയിമും പുറത്തു വന്നു കഴിഞ്ഞു.പിസ്സാ നിര്‍മ്മാതാക്കളായ 'റെഡ് ബാരണ്‍' അവതരിപ്പിക്കുന്ന ഈ ഓണ്‍ലൈന്‍ ഗെയിം കളിക്കണമെങ്കില്‍ കമ്പനിയുടെ പിസ്സാ ബോക്‌സില്‍ ഉള്ള കോഡ് അടിയ്ക്കണം എന്നു മാത്രം.

 
ഇന്ത്യയിലെ സ്ഥിതിയോ?

            ഇതു വരെ പറഞ്ഞത് സിനിമയുടെ ലോക തലസ്ഥാനമായ ഹോളിവുഡ്ഡിലെ കഥകള്‍.ഇനി ഇന്ത്യയിലെ കാര്യങ്ങള്‍ നോക്കാം .'ഫിലിം ഫ്രാഞ്ചൈസി' പരിപാടി ഇവിടെ ശൈശവ ദശയിലാണെങ്കിലും ആശയ്ക്ക് വകയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.കാരണം ബോളിവുഡ്ഡും വളരുകയാണല്ലോ? എണ്‍പതുകളിലെ സൂപ്പര്‍ ഹിറ്റായ 'മിസ്റ്റര്‍ ഇന്ത്യ' എന്ന സിനിമയില്‍ ഒരു ഉത്പന്നത്തിന്റെ പ്രൊമോഷന്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചിത്രത്തിന്റെ വിജയം ഉത്പന്നത്തെ സഹായിക്കാത്ത സ്ഥിതിയാണുണ്ടായത്. 
       എന്നാല്‍ റിത്വിക് റോഷനെ ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ആയി അവതരിപ്പിച്ച 'ക്രിഷ്' എന്ന സിനിമ ഉപയോഗിച്ചു കൊണ്ടുള്ള 'ഫിലിം ഫ്രാഞ്ചൈസി' കുട്ടികള്‍ക്കുള്ള 'ക്രിഷ്' കളിപ്പാട്ടങ്ങളുടെ വന്‍വില്പനയും അതോടൊപ്പം സിനിമാ നിര്‍മ്മാതാക്കള്‍ക്ക് അധിക വരുമാനവും നല്‍കിയതോടെ ഈ രംഗത്ത് ഉണര്‍വ് വന്നു തുടങ്ങി .
റിത്വിക് റോഷന്റെ തന്നെ വിജയചിത്രം ആയ 'ധൂം : 2' ന്റെ റിലീസിനു ശേഷം Pepe Jeans യുവാക്കള്ക്കായി ജീന്സും ടി-ഷര്ട്ടും പുറത്തിറക്കി.ഇന്ത്യയില് ഇപ്പോഴും ഇത്തരം ചെറു ചലനങ്ങളെ ഉണ്ടാകുന്നുള്ളൂ.ഹോളിവുഡ്ഡിലേതു പോലെ ഒരു മെഗാ സിനിമയും അതിനു അനുബന്ധമായി ഇതര ഉത്പന്നങ്ങളുടെ വില്പനയും എന്ന തരത്തിലേക്ക് സിനിമാ വ്യവസായവും ഇതര ബിസിനസുകളും ഇവിടെ പരിണാമം പ്രാപിച്ചിട്ടില്ല.എന്നും എപ്പോഴും പടിഞ്ഞാറു നോക്കികളായ നമ്മളും അവിടെയെത്തും എന്നത് ഉറപ്പാണെന്ന് രംഗത്തെ വിദഗ്ധര് പ്രവചിക്കുന്നു. മുതലാളിത്തത്തിന്റെ 'കരാളഹസ്തങ്ങള്' വിശ്രമം ഇല്ലാതെ ഭൂമുഖത്തെങ്ങും തന്റെ നീരാളിക്കൈകള് വിരിച്ചു വെച്ചിരിക്കുന്ന ഇക്കാലത്ത് നാമും വലക്കണ്ണികള്ക്കുള്ളില് പെടാതെ പോകുമോ ?